പേരൂര്‍ക്കട: ഐരാണിമുട്ടത്ത് ഹോമിയോ ഡോക്ടര്‍ താമസിക്കുന്ന വാടകവീട്ടിലുണ്ടായ കവര്‍ച്ചയില്‍ അന്വേഷണം നീളുന്നു. പ്രതി മുഖം പൂര്‍ണമായി മറച്ച് എത്തിയതാണ് അന്വേഷണത്തിനു തലവേദന സൃഷ്ടിക്കുന്നത്.
ക്രിസ്മസ് ദിനം പുലര്‍ച്ചെ ഗവ. ഹോമിയോ മെഡിക്കല്‍ കോളജ് ആര്‍എംഒയും അസിസ്റ്റന്റ് പ്രഫസറുമായ ഡോ. ടിനുവിന്റെ കാലടി കുളത്തറ റോഡിലെ വീട്ടിലാണ് കവര്‍ച്ചയുണ്ടായത്. ഇവിടെനിന്നു നഷ്ടപ്പെട്ടത് 10 ലക്ഷം രൂപയുടെ ആഭരണങ്ങളാണ്.
ഇരുനില വീടിന്റെ താഴത്തെ നിലയുടെ വാതില്‍ പൊളിച്ചിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട സമീപവാസികളാണ് വിവരം പോലീസില്‍ അറിയിച്ചത്. ക്രിസ്മസ് അവധി പ്രമാണിച്ച് ഡോക്ടറും കുടുംബവും എറണാകുളത്തെ കുടുംബവീട്ടില്‍ പോയസമയത്തായിരുന്നു മോഷണം. ഡോക്ടര്‍ തിരികെയെത്തി പോലീസില്‍ പരാതി നല്‍കിയിരുന്നു.
വിരലടയാള വിദഗ്ധരും ഡോഗ്സ്ക്വാഡും സ്ഥലത്തു പരിശോധന നടത്തിയെങ്കിലും കാര്യമായ തെളിവുകള്‍ ലഭിച്ചില്ല. വീടിന്റെ വാതിലിനു സമീപത്തുനിന്നു വിരലടയാളങ്ങള്‍ ലഭിക്കാത്തതും അന്വേഷണത്തിനു വെല്ലുവിളിയായിട്ടുണ്ട്.
രാത്രിസമയത്ത് മോഷ്ടാവ് പൂർണമായും മുഖം മറച്ചാണ് കവര്‍ച്ചയ്ക്ക് എത്തിയതെന്നും കണ്ണുകള്‍ മാത്രമാണു സിസിടിവി ദൃശ്യങ്ങളില്‍ കാണാനായതെന്നും ഫോര്‍ട്ട് പോലീസ് അറിയിച്ചു. ഡോക്ടറുടെ വീടിനു സമീപത്തു താമസിക്കുന്നയാളുടെ വീടിന്റെ വാതില്‍ തുറന്നു മോഷണശ്രമം നടത്തിയതായും അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് ലഭിച്ച പരാതിയിലും അന്വേഷണം നടന്നുവരികയാണ്. മോഷണവും മോഷണശ്രമവും ഒരാള്‍തന്നെ നടത്തിയതാണെന്ന നിഗമനത്തിലാണ് പോലീസ്.
Tags : nattu vishesham Irani Muttam robbery