മാവേലിക്കര: മാവേലിക്കരയില്‍ മൂന്നിടങ്ങളിലായി 17 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു.
കൊറ്റാര്‍കാവ് പുതുപ്പറമ്പില്‍ എബിയുടെ വീട്ടില്‍ കഴിഞ്ഞദിവസമാണ് മോഷണം നടന്നത്. എബിയും സഹോദരിയും കഴിഞ്ഞ ദിവസം പുലര്‍ച്ചെ ആശുപത്രിയില്‍ പോയിരുന്നു. രോഗബാധിതയായ അമ്മയും മറ്റൊരു സഹോദരിയും മാത്രമാണു വീട്ടില്‍ ഉണ്ടായിരുന്നത്. ഇരുവരെയും ശല്യപ്പെടുത്തേണ്ടെന്നു കരുതി വീടിന്റെ മുന്‍വശത്തെ കതക് വലിച്ചടച്ച ശേഷമാണു പോയത്.
ആശുപത്രിയില്‍ നിന്നെത്തിയപ്പോള്‍ കിടപ്പുമുറിയിലെ തടി അലമാരയുടെ വാതില്‍ തുറന്നുകിടക്കുന്നതു ശ്രദ്ധയില്‍പ്പെട്ടു. അലമാരയില്‍ രണ്ടു ഡപ്പിയില്‍ സൂക്ഷിച്ചിരുന്ന എബിയുടെയും സഹോദരിയുടെയും ഒരു പവന് വീതം വരുന്ന ലോക്കറ്റ് ഉള്‍പ്പെടെ അഞ്ചു പവന്റെ രണ്ടു മാല, ഒരു പവന്റെ മറ്റൊരു മാല, ഒരു പവന് വീതമുള്ള രണ്ടു സ്വര്‍ണ വളകള്‍, രണ്ടു പവന്റെ പാദസരം, ഒരു ഗ്രാമിന്റെ കുരിശ് ലോക്കറ്റുള്ള ഒന്നര പവന് മാല, ഒരു പവന്റെ കൈച്ചെയിന്‍, രണ്ടര ഗ്രാമിന്റെ രണ്ടു മോതിരം, ഡയമണ്ട്സിന്റെ കമ്മല്‍ എന്നിവ ഉള്‍പ്പെടെയാണു മോഷണം പോയത്. അലമാരയുടെ വാതില്‍ കുത്തിയിളക്കിയാണു സ്വര്‍ണം അപഹരിച്ചത്.
മാവേലിക്കര കണ്ടിയൂരില്‍ പട്ടാപ്പകല്‍ വീട്ടമ്മയുടെ രണ്ടരപ്പവന്റെ മാല യുവാവ് വലിച്ചുപൊട്ടിച്ചു കടന്നുകളഞ്ഞതായി പരാതി. കണ്ടിയൂര്‍ പള്ളിയില്‍ വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന സതിയമ്മയുടെ (73) മാലയാണു പൊട്ടിച്ചെടുത്തത്.
ഇന്നലെ ഉച്ചയോടെയാണു സംഭവം. ബൈക്കിലെത്തിയ ആള് സതിയമ്മയുടെ മാല പൊട്ടിച്ചെടുത്തു. വള ഊരിയെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. സമീപത്തെ കാമറ ദൃശ്യങ്ങള്‍ പരിശോധിച്ചു പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണു പോലീസ്.
കണ്ടിയൂര്‍ തെക്കേനടയിലെ വീട്ടില്‍നിന്നു മൊബൈല്‍ ഫോണ്‍ മോഷണം പോയതായും പരാതിയുണ്ട്.
Tags : Robbery Robbery Mavelikkara 17 lakh stolen