Kerala
കണ്ണൂർ: റിട്ട. ബാങ്ക് മാനേജറെ ഡിജിറ്റൽ അറസ്റ്റ് ചെയ്ത് പണം തട്ടാനുള്ള ശ്രമം പൊളിച്ച് കണ്ണൂർ സിറ്റി സൈബർ പോലീസ്.
തോട്ടട സ്വദേശിയായ പ്രമോദ് മഠത്തിലിനെയാണ് കബളിപ്പിക്കാൻ ശ്രമിച്ചത്. ഡാറ്റ പ്രൊട്ടക്ഷൻ ബോർഡ് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥൻ എന്ന വ്യാജേന വീഡിയോ കോൾ ചെയ്തയാൾ മലയാളത്തിലാണ് സംസാരിച്ചത്. ഞായറാഴ്ചയാണ് സംഭവം.
കാനറ ബാങ്കിന്റെ മുംബൈയിലെ ഒരു ബ്രാഞ്ചിൽ താങ്കളുടെ പേരിൽ അക്കൗണ്ട് എടുത്ത് കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ട്, നിരോധിച്ച പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തകനെ എൻഐഎ അറസ്റ്റ് ചെയ്തപ്പോൾ പിടിച്ചെടുത്ത രേഖകളിൽ താങ്കളുടെ പേരിലുള്ള ക്രെഡിറ്റ് കാർഡും ഉൾപ്പെട്ടിട്ടുണ്ട് -എന്നാണ് തട്ടിപ്പുകാരൻ പറഞ്ഞത്.
ഇത് വിശ്വസിക്കാൻ എഫ്ഐആർ കോപ്പി, ആധാർ വിവരങ്ങൾ, സിം കാർഡ് വിവരങ്ങൾ എന്നിവ അയച്ചു നൽകുകയും ചെയ്തു.
പ്രമോദ് ഉടൻതന്നെ വിവരം കണ്ണൂർ സിറ്റി സൈബർ പോലീസിനെ അറിയിച്ചു. തിങ്കളാഴ്ച രാവിലെ വീഡിയോ കോളിൽ വരാന്‍ തട്ടിപ്പുകാർ ആവശ്യപ്പെട്ട സമയത്ത് സൈബർ പോലീസ് സംഘവും വീട്ടിലെത്തി.
യൂണിഫോം ധരിച്ച മലയാളം സംസാരിക്കുന്ന വ്യാജ എൻഐഎ ഉദ്യോഗസ്ഥനായിരുന്നു വീഡിയോയിൽ വന്നത്. സംസാരം പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ സൈബർ പോലീസ് ഫോൺ വാങ്ങി ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു.
തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. തട്ടിപ്പാണെന്ന സംശയമുണ്ടായ ഉടനെ വിവരം സൈബർ പോലീസിനെ അറിയിച്ച പ്രമോദിനെയും ഭാര്യയെയും പോലീസ് അഭിനന്ദിച്ചു.
സൈബർ പോലീസ് സ്റ്റേഷൻ എസ്ഐ എസ്.വി. മിഥുന്റെ നേതൃത്വത്തിൽ എസ്ഐമാരായ വി. പ്രകാശൻ, എം. ഷമിത്ത്, സിപിഒമാരായ പി.കെ. ദിജിൻ, സുജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് വീട്ടിലെത്തിയത്.
National
ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച് വീണ്ടും കോടികളുടെ സൈബർ തട്ടിപ്പ്. ദക്ഷിണ ഡൽഹിയിലെ ഗ്രേറ്റർ കൈലാഷിലുള്ള വൃദ്ധദന്പതികളായ ഡോ. ഓം തനേജയും ഭാര്യ ഡോ. ഇന്ദിര തനേജയുമാണ് ഇത്തവണ സൈബർ കുറ്റവാളികളുടെ ‘ഡിജിറ്റൽ അറസ്റ്റ്’ എന്ന വലയിൽ കുടുങ്ങിയത്. ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ ഇരുവരെയും രണ്ടാഴ്ച തടഞ്ഞുവച്ച് 14.85 കോടി രൂപയാണു കുറ്റവാളികൾ തട്ടിയെടുത്തത്.
ദന്പതികൾ പോലീസിനു നൽകിയ പരാതിയനുസരിച്ച് ഡിസംബർ 24നും ഈമാസം പത്തിനുമിടയിലാണ് കുറ്റവാളികൾ ഇവരെ ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ ‘വീട്ടുതടങ്കലിലാക്കിയത്’. ഡിസംബർ 24ന് ഡോ. ഇന്ദിരയുടെ ഫോണിലേക്ക് ടെലികോം റഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട് അജ്ഞാതൻ ഫോൺ വിളിച്ചു.
ഇന്ദിരയുടെ ഫോണ്‍ നന്പർ അശ്ലീലവും അധിക്ഷേപകരവുമായ കോളുകൾക്ക് ഉപയോഗിക്കുകയാണെന്നും ഉടൻതന്നെ ബ്ലോക്ക് ചെയ്യപ്പെടുമെന്നും പറഞ്ഞ ഉദ്യോഗസ്ഥൻ പിന്നീട്, ഇന്ദിര കള്ളപ്പണം വെളുപ്പിക്കലിൽ ഏർപ്പെട്ടിട്ടുണ്ടെന്നും മഹാരാഷ്ട്രയിൽ അറസ്റ്റ് വാറന്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ആരോപിച്ചു.
പിന്നീട് പോലീസ് യൂണിഫോം ധരിച്ച ഒരാൾ വീഡിയോ കോൾ ചെയ്തെന്നും തട്ടിപ്പ് വിശ്വാസയോഗ്യമാക്കാൻ വീഡിയോ കോൾ ചെയ്തവരുടെ പിന്നിൽ ‘കൊളാബ പോലീസ്’ എന്ന് ബാനർ തൂക്കിയിരുന്നെന്നും ഇന്ദിര പറഞ്ഞു. തന്റെ പേരിലുള്ള കാനറ ബാങ്ക് അക്കൗണ്ട് രാജ്യസുരക്ഷയെ ബാധിക്കുന്ന വലിയ തട്ടിപ്പിനായി ഉപയോഗിച്ചെന്ന് വീഡിയോ കോൾ ചെയ്തയാൾ ആരോപിച്ചെന്നും ഇന്ദിര പരാതിപ്പെട്ടു. മുംബൈയിലെ കോടതിയിൽ ഹാജരാകണമെന്നും തട്ടിപ്പുകാർ ആവശ്യപ്പെട്ടു.
ഭർത്താവ് ശസ്ത്രക്രിയയ്ക്കു വിധേയനായി വിശ്രമത്തിലായതിനാൽ മുംബൈയിലേക്കു വരാനാകില്ലെന്നു ഡോ. ഇന്ദിര പറഞ്ഞതോടെ ദന്പതികളെ ഡിജിറ്റൽ അറസ്റ്റിനു വിധേയരാക്കുകയാണെന്ന് അറിയിച്ചു. 48 വർഷം അമേരിക്കയിൽ ജീവിച്ച് 2015ൽ വിരമിച്ചതിനുശേഷം ഇന്ത്യയിലേക്കു തിരികെ വന്ന വൃദ്ധദന്പതികൾ രാജ്യസുരക്ഷയെ ബാധിക്കുന്ന കുറ്റങ്ങൾ തങ്ങളുടെ പേരുകളിൽ ചുമത്തപ്പെടുമെന്നു കണ്ടപ്പോഴാണു പരിഭ്രാന്തരായത്.
പിന്നീട് ഈമാസം പത്തിനു രാവിലെ വരെ ദന്പതികളെ ‘ഡിജിറ്റൽ അറസ്റ്റിനു’ വിധേയമാക്കി വീഡിയോ കോളുകളിലൂടെ തട്ടിപ്പുകാർ സദാസമയം നിരീക്ഷിച്ചു. താൻ പുറത്തുപോയപ്പോഴും ഫോണ്‍ കോളുകൾ നടത്താൻ ശ്രമിച്ചപ്പോഴും തട്ടിപ്പുകാർ തന്റെ ഭർത്താവിന്റെ ഫോണിലേക്ക് വീഡിയോ കോൾ വിളിച്ച് തങ്ങളാരെയും വിളിക്കുന്നില്ലെന്ന് ഉറപ്പാക്കിയെന്ന് ഇന്ദിര ചൂണ്ടിക്കാട്ടി.
ഇതിനിടെ തട്ടിപ്പുകാർ പറഞ്ഞ എട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയച്ചു. 2.10 കോടിയും രണ്ടു കോടിയും അയച്ച ദിവസങ്ങളുണ്ട്. തട്ടിപ്പ് അവസാനിച്ചപ്പോഴേക്കും ദന്പതികളുടെ അക്കൗണ്ടുകളിൽനിന്ന് 14.85 കോടി രൂപയാണു നഷ്ടമായത്.
കഴിഞ്ഞ ശനിയാഴ്ചയാണു തട്ടിപ്പിനെക്കുറിച്ച് ദന്പതികൾക്കു ബോധ്യമായത്. അയച്ച പണം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) തിരികെ നൽകുമെന്നും ഇക്കാര്യം പോലീസിനെ അറിയിച്ചിട്ടുണ്ടെന്നും അതിനാൽ ശനിയാഴ്ച ലോക്കൽ പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നും തട്ടിപ്പുകാർ നിർദേശിക്കുകയായിരുന്നു.
ഇതുപ്രകാരം പോലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണു തട്ടിപ്പിന്റെ വ്യാപ്തിയെക്കുറിച്ചും പണം ആർബിഐ റീഫണ്ട് ചെയ്യുമെന്ന തട്ടിപ്പുകാരുടെ വാഗ്ദാനം കളവാണെന്നും ഇന്ദിരയ്ക്കു മനസിലായത്. ദേശീയ സൈബർ ക്രൈം ഹെൽപ് ലൈൻ നന്പറായ 1930ൽ ദന്പതികൾ പരാതിപ്പെട്ടതിനെത്തുടർന്ന് ഡൽഹി പോലീസിന്റെ സൈബർ ക്രൈം വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: ഓണ്‍ലൈൻ, ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ അടക്കം നൂറു കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയ അന്താരാഷ്ട്ര സൈബർ ക്രൈം സംഘം ഡൽഹിയിൽ പോലീസ് പിടിയിലായി.
ഭീകരവിരുദ്ധ നിയമപാലകരായി വേഷം മാറി ഇന്ത്യക്കാരിൽനിന്നു കോടികൾ വെട്ടിച്ച സംഘത്തിന്റെ ഓപ്പറേഷൻ ഏകോപിപ്പിച്ച തായ്വാൻ പൗരനടക്കം ഏഴു പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.
കേരളവും തമിഴ്നാടും ഉൾപ്പെടെ തട്ടിപ്പ് നടത്തിയ സംഘത്തിൽനിന്നു വിദേശ സിം കാർഡുകൾ അടക്കം 120 മൊബൈൽ സിം കാർഡുകൾ, 22 സിം ബോക്സ് ഉപകരണങ്ങൾ, മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, റൂട്ടറുകൾ, സിസിടിവി കാമറകൾ, പാസ്പോർട്ടുകൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. 5,000ത്തിലധികം കോംപൈൽഡ് ഐഎംഇഐ നന്പറുകളും 20,000 സിം കാർഡുകളും തട്ടിപ്പിനുള്ള മൊഡ്യൂളുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. തായ്വാൻ, ചൈന, നേപ്പാൾ, കംബോഡിയ, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ സംഘത്തിനു ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തി.
തട്ടിപ്പ് സിൻഡിക്കറ്റിന്റെ പ്രധാന സാങ്കേതിക ഓപ്പറേറ്ററായ തായ്വാൻ പൗരനായ ഐ സുംഗ് ചെന്നിനെ (30) പിടികൂടിയതോടെയാണ് അന്താരാഷ്ട്ര തട്ടിപ്പുസംഘത്തിന്റെ ചുരുളുകളഴിഞ്ഞത്. ഡിസംബർ 21ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ ഡൽഹിയിലെ ഗോയ്ല ഡയറിയിൽ ആദ്യ ഫിസിക്കൽ സിം ബോക്സ് സജ്ജീകരണം കണ്ടെത്തി.
ഡൽഹിയിലെ ഒന്നിലധികം സ്ഥലങ്ങളിൽ നടത്തിയ റെയ്ഡുകളിൽ പ്രാദേശിക ഓപ്പറേറ്റർമാരായ ശശി പ്രസാദ് (53), പർവീന്ദർ സിംഗ് (38) എന്നിവരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ഉപകരണങ്ങൾ സൂക്ഷിക്കാൻ ശശി പ്രസാദ് മുറി വാടകയ്ക്കെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണു പർമീന്ദർ സിംഗിലേക്ക് പോലീസ് എത്തിയത്. ശശി, പർമിന്ദർ, ചെൻ എന്നിവരെ കൂടാതെ, സിവിൽ എൻജിനിയറിംഗ് ഡിപ്ലോമയുള്ള സരബ്ജിത് സിംഗ്, ജസ്പ്രീത് കൗർ, ദിനേശ്, അബ്ദുൾ സലാഹ് എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. തുടർന്നുള്ള റെയ്ഡുകളിൽ മുംബൈ, മൊഹാലി, കോയന്പത്തൂർ എന്നിവിടങ്ങളിലെ സിം ബോക്സ് മൊഡ്യൂളുകൾ തകർത്തു.
ഡൽഹിയിലെ നിഹാൽ വിഹാറിൽനിന്നും നരേലയിൽനിന്നും സമാന ഉപകരണങ്ങൾ തമിഴ്നാട് പോലീസ് കണ്ടെടുത്തിരുന്നു. ഒന്നിലധികം ഫിസിക്കൽ സിമ്മുകളോ ഇ-സിമ്മുകളോ വിദൂരമായി പ്രവർത്തിപ്പിക്കാൻ അനുവദിക്കുന്ന ഒരു ഉപകരണമാണ് സിം ബോക്സ്, സൈബർ തട്ടിപ്പിന്റെ പ്രാരംഭഘട്ടങ്ങളിൽ കോളുകളുടെ ഉത്ഭവം മറയ്ക്കാൻ ഇതു സാധാരണയായി ഉപയോഗിക്കുന്നു. പ്രതികളിൽ പലരും മുന്‍പ് കംബോഡിയ ആസ്ഥാനമായുള്ള അഴിമതികേന്ദ്രങ്ങളിൽ ജോലി ചെയ്തിട്ടുണ്ടെന്നും പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഒരു ഹാൻഡ്ലർ റിക്രൂട്ട് ചെയ്ത് ധനസഹായം നൽകിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
നേപ്പാൾ ആസ്ഥാനമായുള്ള ഒരു വിഭാഗം വിദൂരനിയന്ത്രിത പ്രവർത്തനങ്ങൾ നടത്തിയതായും സംശയിക്കുന്നു. ഡിജിറ്റൽ അറസ്റ്റ് ഇല്ലെന്നും തട്ടിപ്പാണെന്നും മനസിലാക്കാതെയാണ് ഇരകളിൽ പലരും തട്ടിപ്പുകാർക്ക് വൻ തുക കൈമാറിയത്. തീവ്രവാദ വിരുദ്ധ സ് ക്വാഡിലെയും മറ്റു സുരക്ഷാ ഏജൻസികളിലെയും ഉദ്യോഗസ്ഥർ ചമഞ്ഞാണു തട്ടിപ്പ് നടത്തിയതെന്ന് പോലീസ് വിശദീകരിച്ചു.
പഹൽഗാം ആക്രമണം, ഡൽഹി സ്ഫോടനങ്ങൾ തുടങ്ങിയ ഭീകരാക്രണങ്ങളുമായി ബന്ധമുണ്ടെന്ന് വ്യാജമായി ആരോപിച്ചായിരുന്നു നിരപരാധികളെ കുടുക്കിയത്. ഇരകൾക്കെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുമെന്നും പറഞ്ഞിരുന്നു. പലരെയും ഇല്ലാത്ത ഡിജിറ്റൽ അറസ്റ്റിലാക്കി. പണം കൈമാറിയാൽ വിട്ടയയ്ക്കാമെന്ന ഓഫറിൽ പലരും വൻതുക പലപ്പോഴായി കൈമാറിയെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ്) വിനീത് കുമാർ പറഞ്ഞു.
അനധികൃത സിം ബോക്സ് ഇൻസ്റ്റലേഷനുകൾ ഉപയോഗിച്ച് വിദേശത്തുനിന്നു നടത്തിയ കോളുകളെ ആഭ്യന്തര ഇന്ത്യൻ നന്പറുകളായി ദൃശ്യമാകുന്ന തരത്തിലായിരുന്നു തട്ടിപ്പ്. ഇന്റർനാഷണൽ മൊബൈൽ എക്യുപ്മെന്റ് ഐഡന്റിറ്റി (ഐഎംഇഐ) നന്പറുകൾ ഓവർറൈറ്റ് ചെയ്ത്തിരിക്കുകയായിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ വഴികൾ, ക്രിപ്റ്റോ കറൻസി ഇടപാടുകൾ എന്നിവയടക്കം കണ്ടെത്തുന്നതിന് അന്വേഷണം തുടരുകയാണ്. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), ഐടി, ടെലികമ്യൂണിക്കേഷൻസ് നിയമങ്ങൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Kerala
കോഴിക്കോട്: കോഴിക്കോട് സ്വദേശിയായ വയോധികയുടെ 36 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നാല് മലയാളികള്‍ അറസ്റ്റിൽ. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിൽ കോഴിക്കോട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ആദ്യത്തെ അറസ്റ്റാണിത്.
എഴുപത്തി രണ്ടുകാരിയുടെ ബാങ്ക് അക്കൗണ്ട് - ആധാര്‍ വിവരങ്ങള്‍ ശേഖരിച്ചാണ് തട്ടിപ്പ്. ഇവരുടെ ആധാര്‍ കാര്‍ഡ് തട്ടിയെടുത്ത് ആരോ മുംബൈ കനറാ ബാങ്കില്‍ അക്കൗണ്ട് തുടങ്ങിയെന്ന് വിശ്വസിപ്പിച്ചാണ് ഡിജിറ്റല്‍ അറസ്റ്റ്. ഈ കേസുമായി ബന്ധപ്പെട്ടാണ് ഡിജിറ്റല്‍ അറസ്റ്റെന്ന് മുംബൈ കൊളാബേ പോലീസിന്റെ പേരില്‍ സംഘം പരാതിക്കാരിയെ ഭീഷണിപ്പെടുത്തി.
ഇവരുടെ അക്കൗണ്ട് വഴി നരേഷ് ഗോയല്‍ എന്നയാളുടെ പേരില്‍ നാല് കോടിയുടെ കള്ളപ്പണമിടപാട് നടന്നു. സംഭവത്തിൽ കോഴിക്കോട് പാറോപ്പടി സ്വദേശി ഹരിപ്രസാദ്, കല്ലായിൽ ഫാസില്‍, അത്താണിക്കല്‍ കെ.വി. ഷിഹാബ്, മലാപ്പറമ്പ് സ്വദേശി എ. റബിന് എന്നിവരെയാണ് കോഴിക്കോട് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഉത്തരേന്ത്യയിലോ വിദേശത്തോ ഉള്ള തട്ടിപ്പ് സംഘങ്ങള്‍ക്ക് കേരളത്തില്‍ നിന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ സംഘടിപ്പിച്ച് നല്കി കമ്മീഷന് പറ്റുന്നവരാണ് പിടിയിലായവരെന്ന് പോലീസ് അറിച്ചു. തട്ടിപ്പിന് വിദേശ ബന്ധം ഉണ്ടെന്നാണ് സൈബര്‍ പോലീസിന്റെ നിഗമനം. അതിനാല്‍ വിശദമായ അന്വേഷണം നടത്താനാണ് സൈബര്‍ പോലീസിന്റെ നീക്കം.
National
ഹൈദരാബാദ്: തിരുപ്പതി ക്ഷേത്രത്തില്‍ വീണ്ടും അഴിമതി. സില്‍ക്ക് ഷാളുമായി ബന്ധപ്പെട്ട് 54 കോടി രൂപയുടെ അഴിമതി നടന്നതായാണ് ആഭ്യന്തര വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
2015 മുതല്‍ 2025 വരെയുള്ള ഒരു ദശകത്തിനിടെ സില്‍ക്ക് ഷാള്‍ എന്ന പേരില്‍ പോളിസ്റ്റര്‍ ഷാളുകള്‍ വിതരണം ചെയ്ത് കോടികളുടെ അഴിമതി നടത്തിയതായാണ് കണ്ടെത്തല്‍.
ടെന്‍ഡറില്‍ സില്‍ക്ക് ഉല്പന്നം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കരാറുകാരന് ടെന്‍ഡര്‍ അനുസരിച്ച് സില്‍ക്ക് ഷാള്‍ നല്‍കുന്നതിന് പകരം 100 ശതമാനം പോളിസ്റ്റര്‍ ഷാള്‍ സ്ഥിരമായി വിതരണം ചെയ്ത് കോടികളുടെ അഴിമതി നടത്തി എന്നതാണ് വിജിലന്‍സ് കണ്ടെത്തല്‍.
സില്‍ക്ക് ഷാള്‍ എന്ന പേരില്‍ പോളിസ്റ്റര്‍ ഷാള്‍ ബില്ല് ചെയ്താണ് തട്ടിപ്പ് നടത്തിയത് എന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കരാറില്‍ ക്രമക്കേട് ഉള്ളതായി തിരുമല തിരുപ്പതി ദേവസ്ഥാനം ബോര്‍ഡ് (ടിടിഡി) ചെയര്മാന് ബി.ആര്. നായിഡു സംശയം ഉന്നയിച്ചതിനെ തുടര്‍ന്നാണ് ആഭ്യന്തര അന്വേഷണം ആരംഭിച്ചത്.
ക്ഷേത്ര ആചാരങ്ങളില്‍ നിര്‍ബന്ധമായി ഉപയോഗിക്കേണ്ട സില്‍ക്ക് ഷാളുകള്‍ക്ക് പകരം വിലകുറഞ്ഞ പോളിസ്റ്റര്‍ മെറ്റീരിയല്‍ കരാറുകാരന് വിതരണം ചെയ്തു എന്നാണ് കണ്ടെത്തല്‍. പത്ത് വര്‍ഷം തുടര്‍ന്ന ക്രമക്കേട് വഴി ക്ഷേത്ര ട്രസ്റ്റിന് 54 കോടിയിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് വിജിലന്‍സ് കണ്ടെത്തിയത്.
"ഏകദേശം 350 രൂപ മാത്രം വിലയുള്ള ഷാളിനാണ് 1,300 രൂപ ബില്ല് ഇട്ടിരിക്കുന്നത്. മൊത്തം ക്രമക്കേട് 50 കോടിയിലധികം വരും. ആന്റി കറപ്ഷന്‍ ബ്യൂറോ അന്വേഷണം നടത്തണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.'- ബി.ആര്. നായിഡു പറഞ്ഞു.
ഷാളുകളുടെ സാമ്പിളുകള്‍ സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡിന് (സിഎസ്ബി) കീഴിലുള്ളത് ഉള്‍പ്പെടെ രണ്ട് ലബോറട്ടറികളിലേക്ക് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രണ്ട് പരിശോധനകളിലും മെറ്റീരിയല്‍ പോളിസ്റ്റര്‍ ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
സില്‍ക്ക് ഉല്പന്നങ്ങള് ആധികാരികമാണെന്ന് ഉറപ്പിക്കാന്‍ സില്‍ക്ക് ഹോളോഗ്രാം നിര്‍ബന്ധമാണ്. ഇത് ഷാളുകളില്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ലഡ്ഡു പ്രസാദത്തില്‍ മായം ചേര്‍ത്ത നെയ്യ് ഉപയോഗിച്ചു എന്നതടക്കം സമീപകാലത്ത് തിരുപ്പതി ക്ഷേത്രവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ ഒടുവിലത്തേതാണ് ഈ അഴിമതി കണ്ടെത്തല്‍.
Kerala
കണ്ണൂർ: മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ പേഴ്സൺ സ്റ്റാഫ് ചമഞ്ഞ് പണപ്പിരിവ് നടത്തിയ കേസിലെ പ്രതി പിടിയിൽ. പറശിനിക്കടവ് സ്വദേശി ബോബി എം. സെബാസ്റ്റ്യനെയാണ് കണ്ണൂർ ടൗൺ പോലീസ് പിടികൂടിയത്.
മന്ത്രിയുടെ അഡീഷണനൽ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് പറഞ്ഞ് ചികിത്സാ സഹായത്തിന് 50,000 രൂപ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കണ്ണൂരിലെ ഒരു ഹോട്ടൽ ജീവനക്കാരൻ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി കുടുങ്ങുകയായിരുന്നു. ഇയാൾ സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് അറിയാൻ അന്വേഷണം ആരംഭിച്ചു.
Kerala
കല്‍പ്പറ്റ: ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗ് തട്ടിപ്പ് കേസിൽ ഉത്തര്‍പ്രദേശ് സ്വദേശി വയനാട് സൈബര്‍ പോലീസിന്റെ പിടിയിലായി. വയനാട് ചുണ്ടേല്‍ സ്വദേശിയില്‍ നിന്ന് 77 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് പ്രതി പിടിയിലായത്.
ബാറെലി സ്വദേശിയായ ആകാശ് യാദവ് (25) നെയാണ് സൈബര്‍ പോലീസ് വിശാഖപട്ടണത്തുനിന്ന് കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയാണ് പരാതിക്കാരനെ ഓണ്‍ലൈന്‍ ട്രേഡിംഗിൽ നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ചത്.
യുവതി അയച്ചു നല്കിയ വ്യാജ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ട്രെഡിംഗ് നടത്തുകയും ഇവര്‍ നിര്‍ദേശിച്ച അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കുകയുമാണ് ചെയ്തത്. പിന്നീട് ലാഭം അടങ്ങിയ പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോൾ വീണ്ടും പണം അടയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് ഇത് തട്ടിപ്പാണെന്ന് മനസിലാക്കിയത്. തുടർന്ന് സൈബര്‍ ക്രൈം പോര്‍ട്ടലില്‍ പരാതി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Kerala
തിരുവനന്തപുരം: സ്കൂൾ കായിക മേളയിലെ പ്രായത്തട്ടിപ്പ് വിവാദത്തിൽ രണ്ട് അത്ലറ്റുകളെ ദേശീയ സ്കൂൾ മീറ്റിനുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി കേരളം.
സീനിയർ ആൺകുട്ടികളുടെ റിലേ ടീം അംഗം പ്രേം ഓജ (തിരുനാവായ നാവാമുകുന്ദ സ്കൂൾ), സബ് ജൂനിയർ ആൺ 100 മീറ്റർ താരം സഞ്ജയ് (പുല്ലൂരാംപാറ സെന്റ് ജോസഫ് സ്കൂൾ) എന്നിവരെയാണ് ഒഴിവാക്കിയത്.
സംസ്ഥാന സ്കൂൾ കായികമേളയിൽ ഇരുവരും മെഡൽ നേടിയിരുന്നു. ഇവരുടെ ആധാർ കാർഡ് വ്യാജം എന്ന് കണ്ടെത്തിയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. അതിഥി തൊഴിലാളികളുടെ മക്കളാണ് ഇവർ.
National
പൂന: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മകന് പങ്കുണ്ടെന്നാരോപിക്കുന്ന 300 കോടിയുടെ ഭൂമിയിടപാടിൽ റവന്യു ഉദ്യോഗസ്ഥന് സസ്പെൻഷൻ. സംഭവം അന്വേഷിക്കാൻ സർക്കാർ ഉന്നതതല സമിതി രൂപവത്കരിച്ചു.
അഡീഷണൽ ചീഫ് സെക്രട്ടറി (റവന്യു) വികാസ് ഖാർഗെയാണ് സമിതിയുടെ അധ്യക്ഷൻ. ഭൂമിയിടപാട് പ്രഥമദൃഷ്ട്യാ ഗുരുതരമാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. പൂനയിലെ മുൻധ്വയിലുള്ള 40 ഏക്കർ സർക്കാർ ഭൂമി അജിത് പവാറിന്റെ മകൻ പാർഥ് പവാറിന് പങ്കാളിത്തമുള്ള സ്വകാര്യ കമ്പനിക്ക് 300 കോടി രൂപയ്ക്കു വിറ്റെന്നാണ് ആരോപണം.
സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കിയാണ് ഇടപാടെന്നും ആരോപണമുണ്ട്. സംഭവത്തിൽ തഹസിൽദാർ സൂര്യകാന്ത് യെവാലെയെയാണു സസ്പെൻഡ് ചെയ്തത്. സർക്കാർ ഭൂമി സ്വകാര്യ സ്ഥാപനത്തിന് എങ്ങനെ വിറ്റെന്നും ഇളവ് നൽകിയിട്ടുണ്ടോയെന്നും ഉന്നതതല സമിതി അന്വേഷിക്കുമെന്ന് രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ രവീന്ദ്ര ബിൻവാഡെ പറഞ്ഞു.
സർക്കാർ ഭൂമിയാണെങ്കിൽ സ്വകാര്യ കമ്പനിക്ക് വിൽക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാർക്കറ്റ് നിരക്കിനേക്കാൾ കുറഞ്ഞ വിലയ്ക്കാണ് ഭൂമി കൈമാറ്റം നടന്നിരിക്കുന്നതെന്നും 21 കോടി രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കിയെന്നും വിവരാവകാശ പ്രവർത്തകൻ വിജയ് കുംഭർ പറഞ്ഞു.
സംഭവത്തിൽ കോൺഗ്രസ് ജുഡീഷൽ അന്വേഷണം ആവശ്യപ്പെട്ടു. ഇടപാടുമായി ബന്ധപ്പെട്ട ഫയൽ സർക്കാർ വകുപ്പുകളിലൂടെ റോക്കറ്റ് വേഗത്തിലാണ് നീങ്ങിയതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വിജയ് വഡേട്ടിവാർ പറഞ്ഞു.
അപേക്ഷ ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ, വ്യവസായ ഡയറക്ടറേറ്റ് ഐടി പാർക്കിനും ഡാറ്റാ സെന്ററിനുമായി സ്വകാര്യ കമ്പനിക്ക് ഭൂമി കൈമാറാൻ അനുമതി നൽകുക മാത്രമല്ല, 21 കോടി രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കുകയും ചെയ്തു- അദ്ദേഹം ആരോപിച്ചു.
National
അമരാവതി: ആന്ധ്രാപ്രദേശ് മദ്യഅഴിമതിക്കേസിൽ മുൻമന്ത്രിയും വൈഎസ്ആർ സിപി നേതാവുമായ ജോഗി രമേശ് അറസ്റ്റിൽ. എൻടിആർ ജില്ലയിലെ ഇബ്രാഹിംപട്ടണത്തിലെ വസതിയിൽ വച്ച് എസ്ഐടി(സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം) ആണ് ജോഗി രമേശിനെ അറസ്റ്റ് ചെയ്തത്.
നിരവധി രേഖകളും പിടിച്ചെടുത്തതായി റിപ്പോർട്ടുണ്ട്. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ വസതിയിൽ എസ്ഐടി പരിശോധന നടത്തിയിരുന്നു.
ഏകദേശം രണ്ട് മണിക്കൂറോളം വസതിയിൽ പരിശോധന നടത്തിയ ശേഷമാണ്, ജോഗി രമേശിനെയും അനുയായി അരേപ്പള്ളി രാമുവിനെയും കസ്റ്റഡിയിലെടുത്തത്. തുടർനടപടികൾക്കായി ഇവരെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
കേസിൽ വൈഎസ്ആർ സിപിയിലെ നിരവധി നേതാക്കൾ അറസ്റ്റിലായിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയായ അദ്ദേപ്പള്ളി ജനാർദ്ദന റാവുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തുന്നതും കുറ്റക്കാരെ അറസ്റ്റ് ചെയ്തതും.
Kerala
കൊച്ചി: ക്രിപ്റ്റോ കറൻസിയുടെ മറവിൽ കേരളത്തിലേക്ക് നടത്തിയ 300 കോടിയുടെ ഹവാല ഇടപാട് കണ്ടെത്തി. ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം കൊച്ചി യൂണിറ്റ് മലപ്പുറം, കോഴിക്കോട് കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡിലാണ് ഇക്കാര്യം തിരിച്ചറിഞ്ഞത്.
ഇന്തോനേഷ്യ, സൗദി കേന്ദ്രീകരിച്ചാണ് ക്രിപ്റ്റോ കറൻസികളായി സംസ്ഥാനത്തേക്ക് ഹവാല പണം എത്തിക്കുന്നത്. ഇത് പിന്നീട് വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ പണമാക്കി മാറ്റുകയാണ്.
നൂറുകണക്കിനാളുകളുടെ ബാങ്ക് അക്കൗണ്ടുകൾ അവരറിയാതെ ദുരുപയോഗം ചെയ്താണ് ഹവാല ഇടപാട് നടത്തിയത്. മലപ്പുറം സ്വദേശികളായ മുഹമ്മദാലി മാളിയേക്കൽ, റാഷിദ് എന്നിവരാണ് ഹവാല സംഘത്തെ നിയന്ത്രിക്കുന്നതെന്ന് ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം കണ്ടെത്തി.
ഇവരുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന തുടരുകയാണ്. സ്വന്തം ആവശ്യങ്ങൾക്കല്ലാതെ കെവൈസി വിവരങ്ങൾ പൊതു ജനങ്ങൾ മറ്റാർക്കും കൈമാറരുതെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.
Todays Story
സമൂഹമാധ്യമങ്ങളിലെ നിക്ഷേപ തള്ളുകളില്പെട്ട് പണം നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുന്നു.നിക്ഷേപത്തിന് 30 ശതമാനം മുതൽ 300 ശതമാനം വരെ അധിക തുക നൽകുമെന്ന വാഗ്ദാനത്തിൽ കുടുങ്ങിയാണ് റിട്ട. ഉദ്യോഗസ്ഥരും ഡോക്ടർമാരും ബിസിനസുകാരും അടക്കം വെട്ടിലാകുന്നത്.
കോഴിക്കോട് മാത്രം 102 കേസുകളാണ് ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.സംസ്ഥാനത്തുടനീളം ഇത്തരത്തിലുള്ള നിക്ഷേപ തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്നുണ്ട്.
സമൂഹമാധ്യമങ്ങളിലെ തള്ളല്‍
സൈബർ തട്ടിപ്പുകൾ വ്യാപകമായ സാഹചര്യത്തിൽ പോലീസും സൈബർ വിദഗ്ധരും മുന്നറിയിപ്പു തുടരുമ്പോഴും സമൂഹ മാധ്യമങ്ങളിലെ പ്രചാരണത്തിന്റെ തള്ളുകളിൽപ്പെട്ട് ഒട്ടേറെപ്പേർ ഓൺലൈൻ തട്ടിപ്പുകളിൽ കുടുങ്ങുന്നുണ്ട്.
നിക്ഷേപ-നിധി തട്ടിപ്പിൽ ഉൾപ്പെടുന്നവരേറെയും പ്രാദേശികമായി പരിചയപ്പെട്ടവരുടെയും സുഹൃത്തുക്കളുടെയും പ്രലോഭനങ്ങളിൽ വീണവരാണ്. നിക്ഷേപ സ്ഥാപനങ്ങൾ പെട്ടെന്നൊരു ദിവസം മുങ്ങുന്നതോടെ നിക്ഷേപം സ്വീകരിച്ച സുഹൃത്തുക്കളും കേസുകളിൽ ഉൾപ്പെടുകയാണ്.
കഴിഞ്ഞ ഒരു വർഷത്തിനിടെ കോഴിക്കോട് പാതി വിലയ്ക്കു സ്കൂട്ടർ കിട്ടുമെന്ന ഓഫർ വിശ്വസിച്ച ആയിരത്തോളം പേർക്കായി കോടികളാണ് നഷ്ടപ്പെട്ടത്. സ്വിസ് ബാങ്കിന്റെ പേരിൽ വരെ തട്ടിപ്പു നടന്നു. ഈ കേസിൽ 112 പേരിൽ നിന്നു 30 കോടി രൂപ തട്ടിയാണു പ്രതികൾ മുങ്ങിയത്.
വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോഓപ്പറേറ്റീവ് സൊസൈറ്റി കോടികളുടെ തട്ടിപ്പു നടത്തിയതായി കസബ പോലീസിൽ നിക്ഷേപകർ പരാതി നൽകിയിരുന്നു. മുതലക്കുളത്തു പ്രവർത്തിച്ചിരുന്ന ഓഫിസിനു കീഴിൽത്തന്നെ 30 കോടി രൂപയിലേറെ രൂപ സ്ഥാപനം നിക്ഷേപം സ്വീകരിച്ചു.
കേരളത്തിലാകെ ഈ സ്ഥാപനം 450 കോടി രൂപയോളം നിക്ഷേപം സ്വീകരിച്ചിട്ടുണ്ടാകുമെന്നാണു പറയുന്നത്. റിട്ട. ഉദ്യോഗസ്ഥന്റെയും ഭാര്യയുടെയും അക്കൗണ്ടുകൾ വഴി 45,58,541 രൂപയാണ് സൈബർ തട്ടിപ്പുകാർ കൈക്കലാക്കിയത്.
കക്കോടി കിഴക്കുംമുറി സ്വദേശിയുടെ രണ്ട് അക്കൗണ്ടുകളിൽ നിന്നായി 35,21,079 രൂപ ട്രേഡിംഗിന്റെ പേരിൽ തട്ടിയെടുത്തു. കുന്നമംഗലം സ്വദേശിയുടെ അക്കൗണ്ടിൽ നിന്നു 38,12,882 രൂപ തട്ടിയെടുത്തു. നെല്ലിക്കോട് ഫ്ലാറ്റിൽ താമസിക്കുന്ന ബിസിനസുകാരന്റെ 3 അക്കൗണ്ടുകളിൽ നിന്നായി 29,29,212 രൂപയും സൈബർ തട്ടിപ്പു സംഘം കവർന്നു.
സൗജന്യ ട്രേഡിംഗ് ടിപ്പുകളെന്ന ചതി
ഫേസ് ബുക്ക്, വാട്സാപ്, ടെലിഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സൗജന്യ ട്രേഡിംഗ് ടിപ്സ് ക്ലാസുകൾ, എഫ്ഐഐ മുഖേന ഐപിഒ അലോട്ട്മെന്റ്, ഉയർന്ന ലാഭം എന്നിവ വാഗ്ദാനം ചെയ്തു കൊണ്ടുള്ള പരസ്യങ്ങളാണ് ആദ്യം ലഭിക്കുന്നത്.
പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യുമ്പോൾ അത് വാട്സാപ്പിലെയോ ടെലിഗ്രാമിലെയോ ഗ്രൂപ്പിലേക്ക് റീ ഡയറക്ട് ചെയ്യപ്പെടും. തട്ടിപ്പുകാർ ഇരകളുമായി ഈ ഗ്രൂപ്പുകൾ വഴി ആശയവിനിമയം നടത്തുകയും ഓഹരികൾ വാങ്ങാനും വിൽക്കാനുമുള്ള സൗജന്യ ട്രേഡിംഗ് ടിപ്പുകൾ വാഗ്ദാനം ചെയ്ത് നിക്ഷേപം നടത്താൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യും.
ആദ്യം ഉഷാര്‍ പിന്നെ..
.ചെറിയ തുകകൾ നിക്ഷേപിക്കുന്നതിന് ആനുപാതികമായി ഉയർന്ന റിട്ടേൺ നൽകുകയും അവരുടെ അക്കൗണ്ടിൽ തുക ഡിപ്പോസിറ്റ് ചെയ്യുകയും ചെയ്യുന്നു. കുറച്ചു ദിവസത്തിനു ശേഷം, സ്റ്റോക്കുകൾ ട്രേഡ് ചെയ്യുന്നതിനും വലിയ ലാഭം നേടുന്നതിനുമായി തട്ടിപ്പുകാർ നൽകുന്ന ട്രേഡിംഗ് ആപ്ലിക്കേഷനുകളോ അതിനുള്ള വെബ് പ്ലാറ്റ്ഫോമുകളോ ഇൻസ്റ്റാൾ ചെയ്യാനോ ആക്സസ് ചെയ്യാനോ ഇരകളോട് ആവശ്യപ്പെടുന്നു.
ഡിജിറ്റൽ വാലറ്റിൽ ഉയർന്ന നിരക്കിൽ വ്യാജ ലാഭം പ്രദർശിപ്പിച്ചു കാണിക്കും. നിക്ഷേപകർ ഡിജിറ്റൽ വാലറ്റിൽ നിന്ന് തുക പിൻവലിക്കാൻ ശ്രമിക്കുമ്പോൾ, 50 ലക്ഷം രൂപയോ അതിൽ കൂടുതലോ ലാഭത്തിൽ എത്തിയാൽ മാത്രമേ ഇത് സാധ്യമാകൂ എന്നു പറയുന്നു.
ശ്രദ്ധിക്കുക....
എസ്ഇബിഐ പോലുള്ള റെഗുലേറ്ററി അതോറിറ്റികളിൽ കമ്പനിയോ ബ്രോക്കറോ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. അത്തരം റെഗുലേഷനുകൾ സ്ഥാപനം നിയമം പാലിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തുക.
സാധാരണയിലും ഉയർന്ന റിട്ടേണുകൾ വാഗ്ദാനം ചെയ്യുന്ന ഓൺലൈൻ ട്രേഡിങ് പ്ലാറ്റ്ഫോമുകളിൽ നിക്ഷേപിക്കരുത്.സാധാരണയിലും മികച്ച നേട്ടം നൽകുന്നതായി വാഗ്ദാനം നൽകുന്ന നിക്ഷേപങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കുക.
ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയാകുകയാണെങ്കിൽ 1930 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടുകയോ www.cybercrime.gov.in എന്ന വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യുകയോ വേണം
വിൽപനക്കാരനെ അറിയുക
നിക്ഷേപിക്കുന്നതിന് മുമ്പ് നിക്ഷേപത്തെക്കുറിച്ച് പറയുന്ന വ്യക്തിയെ പരിശോധിക്കുക - നിങ്ങൾക്ക് ആ വ്യക്തിയെ സാമൂഹികമായി ഇതിനകം അറിയാമെങ്കിൽ പോലും. നിങ്ങളെ ബന്ധപ്പെടുന്ന സെക്യൂരിറ്റീസ് വിൽപനക്കാർക്ക് നിങ്ങളുടെ സംസ്ഥാനത്ത് സെക്യൂരിറ്റികൾ വിൽക്കാൻ ലൈസൻസ് ഉണ്ടോ എന്നും അവർക്കോ അവരുടെ സ്ഥാപനങ്ങൾക്കോ റെഗുലേറ്റർമാരുമായോ മറ്റ് നിക്ഷേപകരുമായോ എന്തെങ്കിലും ബന്ധമുണ്ടോ എന്നും എല്ലായ്പ്പോഴും കണ്ടെത്തുക.
SEC-യുടെയും FINRA-യുടെയും ഓൺലൈൻ ഡാറ്റാബേസുകൾ ഉപയോഗിച്ച് നിങ്ങൾക്ക് ബ്രോക്കർമാരുടെയും ഉപദേശകരുടെയും അച്ചടക്ക ചരിത്രം സൗജന്യമായി പരിശോധിക്കാം. നിങ്ങളുടെ സംസ്ഥാന സെക്യൂരിറ്റീസ് റെഗുലേറ്ററിന് അധിക വിവരങ്ങൾ ഉണ്ടായിരിക്കാം
ഓഫറുകളെക്കുറിച്ച് ജാഗ്രത പാലിക്കുക...!
ഒരു കമ്പനിയിൽ നിക്ഷേപിക്കാൻ ആവശ്യപ്പെടാത്ത ഒരു പ്രോത്സാഹനം ലഭിക്കുകയോ ഓൺലൈനിൽ അതിനെ പ്രശംസിക്കുന്നത് കാണുകയോ ചെയ്താൽ പ്രത്യേകിച്ചും ശ്രദ്ധിക്കുക, എന്നാൽ സ്വതന്ത്ര സ്രോതസുകളിൽ നിന്ന് അതിനെക്കുറിച്ചുള്ള നിലവിലെ സാമ്പത്തിക വിവരങ്ങൾ കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ.
ഇത് ഒരു " പമ്പ് ആൻഡ് ഡംപ് " സ്കീം ആകാം. ആരെങ്കിലും വിദേശ അല്ലെങ്കിൽ "ഓഫ്-ഷോർ" നിക്ഷേപങ്ങൾ ശിപാർശ ചെയ്യുന്നുവെങ്കിൽ ജാഗ്രത പാലിക്കുക. എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ, എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താനും വിദേശത്തേക്ക് അയച്ച പണം കണ്ടെത്താനും പ്രയാസമാണ്.
District News
മട്ടാഞ്ചേരി: മണി ലോണ്ടറിംഗ്, ക്രിപ്റ്റോ കറൻസി എന്നിവയുമായി ബന്ധപ്പെട്ട് മും ബൈ തിലക് നഗർ പോലീസ് സ്റ്റേഷനിൽ കേസുണ്ടെന്നും ഇതിൽ വെർച്വൽ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി മട്ടാഞ്ചേരി സ്വദേശിയിൽനി ന്ന് പണം തട്ടിയ മുഖ്യപ്രതി പിടിയിൽ. മഹാരാഷ്ട്ര സ്വദേശി സന്തോഷാണ് (50) പിടി യിലായത്.
മഹാരാഷ്ട്രയിലെ ഗോൺഡ്യയിൽ നിന്ന് മട്ടാഞ്ചേരി എസ്ഐ ജിമ്മി ജോസിന്റെ നേ തൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. മട്ടാ ഞ്ചേരി ആനവാതിൽ സ്വദേശിനിയായ വീട്ടമ്മയിൽനിന്ന് 2.88 കോടി രൂപയാണ് പ്രതി തട്ടിയെടുത്തത്.
കേസിൽനിന്ന് ഒഴിവാക്കി തരാമെന്ന് പറഞ്ഞ് പല തവണകളായി പ്രതികൾ വീട്ടമ്മയി ൽനിന്ന് പണം തട്ടിയെടുക്കുകയായിരുന്നു. സംഭവത്തിൽ മഹാരാഷ്ട്ര നവി മുംബൈ സ്വദേശികളായ സാക്ഷി അഗർവാൾ, സന്തോഷ്, വിജയ ഖന്ന, സഞ്ജയ് ഖാൻ, ശിവ സുബ്രഹ്മണ്യം എന്നിവർക്കെതിരേ മട്ടാഞ്ചേരി പോലീസ് കേസെടുത്തിരുന്നു.
വീട്ടമ്മയുടെ വാട്സാപ്പ് നമ്പറിലേക്ക് പ്രതിയായ സന്തോഷിൻ്റെ നമ്പറിൽനിന്നു വീ ഡിയോ കോൾ ചെയ്താണ് തട്ടിപ്പ് നടത്തിയത്.
Leader Page
ക്ലിക്കിളെ കെണി - 4
സൈബറിടത്തില്‍ കിട്ടാത്തതായി ഒന്നുമില്ലെന്ന അവസ്ഥ വന്നതോടെ നിസാരമെന്നു കരുതുന്ന ഡേറ്റകള്ക്കുപോലും ആവശ്യക്കാരും, പറയുന്ന വിലയുമാണ്. എല്ലാവര്ക്കും വേണ്ടതു ഡേറ്റയാണ്. ഒരാളുടെ ഡേറ്റയ്ക്കു സൈബറിടത്തില്‍ 100 രൂപയേക്കാള്‍ വിലയുണ്ട്. ഈ ഡേറ്റകൊണ്ട് നല്ലതും ചീത്തയുമായ കാര്യങ്ങള്‍ ചെയ്യാം. 100 വച്ചാല്‍ 200 കിട്ടുമെന്നു കേള്‍ക്കുമ്പോഴും ലിങ്കില്‍ കയറിയാല്‍ കോടീശ്വരനാകാം എന്നു കേള്‍ക്കുമ്പോഴുമെല്ലാം എങ്ങാനും കിട്ടിയാലോ എന്നു ചിന്തിക്കുന്നവരാണ് ഏറെപ്പേരും. ആ ആര്‍ത്തിയെയാണ് സൈബര്‍ തട്ടിപ്പുസംഘം ചൂഷണം ചെയ്യുന്നത്.
ഈ തട്ടിപ്പുകള്‍ തിരുത്താൻ ആരും ശ്രമിക്കുന്നില്ല. അതിനെ പിന്തുണയ്ക്കുകയാണു ചെയ്യുന്നത്. ബോധവത്കരണത്തേക്കാളുപരി "ഗോ വിത്ത് ദ ട്രെന്‍ഡ്' ആണ് ഇവിടെ സംഭവിക്കുന്നത്. അതില്‍ മാറ്റം വരണമെങ്കില്‍ ഇതിന്റെയൊക്കെ അടിത്തറയില്നിന്നുതന്നെ തുടങ്ങണം. അല്ലെങ്കില്‍ വലിയ ദുരന്തംതന്നെയാണു മുന്നിലുള്ളത്.
മുന്‍കരുതലെടുക്കാം
മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആപ്പുകള്‍ക്ക് വായിച്ചുനോക്കാതെ കൊടുക്കുന്ന പെര്‍മിഷനുകള്‍ക്ക് ഒരുപക്ഷേ വലിയ വില കൊടുക്കേണ്ടിവന്നേക്കാം. ഒരിക്കല്‍ പെര്മിഷന് കൊടുത്താല്‍ അപ്പോള്‍തന്നെ നിങ്ങളുടെ ഫോണിലേക്ക് ആപ്പിന്റെ നിര്‍മാതാക്കള്‍ക്കു പ്രവേശനം ലഭിക്കും. പിന്നീട് പെര്മിഷന് ഓഫ് ചെയ്താലും നേരത്തേ അവര്‍ കൊണ്ടുപോയ ഡേറ്റ പോയതുതന്നെ. അതിനാല്‍ ഇനി കൂടുതല്‍ വിവരങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ അനാവശ്യ പെര്‍മിഷനുകള്‍ ഒഴിവാക്കുക.
ലോണ്‍ ആപ്പുകളില്‍ നിങ്ങളെടുത്ത പണവും ന്യായമായ പലിശയും തിരിച്ചടച്ചിട്ടുണ്ട് എങ്കില്‍ അനാവശ്യ ഭീഷണികള്‍ക്ക് പോലീസില്‍ പരാതി നല്‍കുക. ഒരിക്കലും ഭീഷണിക്കു വഴങ്ങി അനാവശ്യ ഫീസ് അടയ്ക്കുകയോ ഭയത്തിന് അടിമപ്പെടുകയോ ചെയ്യേണ്ട കാര്യമില്ല. പരിചയക്കാരെ മാത്രം സാമൂഹികമാധ്യമ സുഹൃദ്വലയത്തില് ഉള്‍പ്പെടുത്തുക. സാമൂഹിക മാധ്യമങ്ങള്‍ വഴി സ്വകാര്യ വിവരങ്ങളായ ജനനത്തീയതി, വിലാസം, ഫോണ്‍ നമ്പര്‍ തുടങ്ങിയവ പങ്കുവയ്ക്കാതിരിക്കുക. ആവശ്യമില്ലാത്ത സോഫ്റ്റ്വേറുകള് ഡൗണ്‍ലോഡ് ചെയ്യാതിരിക്കുക. ചില ആപ്പുകള്‍, മൊബൈല്‍ ഗെയിമുകള്‍ തുടങ്ങിയവ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയേക്കാം.
ഉപകരണങ്ങള്‍ സുരക്ഷിതമാക്കാം
മൊബൈല്‍ ഫോണ്‍ അടക്കമുള്ളവയ്ക്കു ശക്തമായ പാസ്വേഡുകള് ഉറപ്പുവരുത്തുക. വലിയ അക്ഷരങ്ങള്‍, ചെറിയ അക്ഷരങ്ങള്‍, അക്കങ്ങള്‍, സ്പെഷല്‍ കാരക്ടറുകള്‍ എന്നിവ ഉള്‍പ്പെടുന്ന സങ്കീര്‍ണമായ പാസ്വേഡുകള് വേണം ഉപയോഗിക്കാന്‍. ജനനത്തീയതിയോ പേരോ പോലെ എളുപ്പത്തില്‍ ഊഹിക്കാവുന്ന വിവരങ്ങള്‍ ഉപയോഗിക്കുന്നതു പൂര്‍ണമായും ഒഴിവാക്കുക.
ഓരോ ഓണ്‍ലൈന്‍ അക്കൗണ്ടിനും വ്യത്യസ്ത പാസ്വേഡ് ഉപയോഗിക്കുന്നത് ഉചിതമാകും. ഗൂഗിള്‍ പ്ലേ സ്റ്റോര്‍ അല്ലെങ്കില്‍ ആപ്പിള്‍ സ്റ്റോര്‍ അംഗീകൃത പാസ്വേഡ് മാനേജര്‍ ആപ്പുകള്‍ ഉപയോഗിക്കാവുന്നതാണ്.
ഓണ്‍ലൈന്‍ അക്കൗണ്ടുകളില്‍ ടു ഫാക്ടര്‍ ഓതന്റിഫിക്കേഷന് (2എഫ്എ) പ്രവര്‍ത്തനക്ഷമമാക്കുക. പാസ്വേഡിനു പുറമേ, മൊബൈലിലേക്ക് അയയ്ക്കുന്ന ഒറ്റത്തവണ കോഡ് പോലുള്ള ഒരു ഓതന്റിക്കേഷന് ആവശ്യപ്പെടുന്നതിലൂടെ അധികസുരക്ഷ അക്കൗണ്ടുകള്‍ക്കു ലഭിക്കും.
ആവശ്യമില്ലാത്ത ഇ-മെയിലുകള്‍, പ്രത്യേകിച്ച് സെന്‍സിറ്റീവ് വിവരങ്ങള്‍ ചോദിച്ചുകൊണ്ടുള്ളതോ സംശയാസ്പദമായ ലിങ്കുകളോ അറ്റാച്ച്മെന്റുകള്‍ ഉള്ളവയോ സൂക്ഷിക്കുക. ഇ-മെയില്‍, ടെക്സ്റ്റ് സന്ദേശങ്ങള്‍ അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ വഴി വ്യക്തിപരമോ സാമ്പത്തികമോ ആയ വിവരങ്ങള്‍ പങ്കിടുന്നത് പൂര്‍ണമായും ഒഴിവാക്കുക. ബാങ്ക് വിവരങ്ങള്‍ ഇടയ്ക്കിടെ പരിശോധിക്കുക. പൊരുത്തക്കേടുകള്‍ ഉണ്ടെങ്കില്‍ അധികൃതരെ അറിയിക്കുക. നിങ്ങളുടെ ഡിവൈസുകള്‍ അപ്ഡേറ്റാക്കുക. ഏറ്റവും പുതിയ സെക്യൂരിറ്റി പാച്ചുകളും ആന്റിവൈറസ് സോഫ്റ്റ്വേറും ഉപയോഗിച്ച് നിങ്ങളുടെ കംപ്യൂട്ടറും സ്മാര്‍ട്ട്ഫോണും മറ്റ് ഉപകരണങ്ങളും അപ്ഡേറ്റഡാക്കുക.
സുരക്ഷിതമായ, അല്ലെങ്കില്‍ പരിചിതമായ വൈഫൈ നെറ്റ്വര്ക്കുകള് മാത്രം ഉപയോഗിക്കുക. ശരിയായി അന്വേഷിക്കാതെ പരിചയമില്ലാത്തവരുമായി ഓണ്‍ലൈനില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തരുത്. സ്വകാര്യ രേഖകള്‍ പങ്കുവയ്ക്കാതിരിക്കുക.
1930 ഈ നമ്പര്‍ ഓര്‍ത്തിരിക്കുക
സൈബര്‍ തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടാല്‍ കേന്ദ്രസര്‍ക്കാരിന്റെ cybercrime. gov.inല്‍ പരാതിപ്പെടാം. സൈബര്‍ ക്രൈം ടോള്‍ ഫ്രീ നമ്പറായ 1930ലും പരാതി അറിയിക്കാം. തട്ടിപ്പിനിരയായാല്‍ എത്രയും പെട്ടെന്നു വിവരം കൈമാറുക. തട്ടിപ്പുകാരില്‍നിന്നു ലഭിച്ച വ്യാജരേഖകളുടെ സ്ക്രീന്‍ ഷോട്ട് പ്രിന്റെടുത്ത് പോലീസില്‍ പരാതി നല്‍കാനും മറക്കരുത്. താമസിക്കുംതോറും നിങ്ങളുടെ പണം മറ്റ് അക്കൗണ്ടുകളിലേക്കും ബിറ്റ്കോയിനിലേക്കും മാറ്റാനുള്ള സാധ്യത കൂടുതലാണ്. ഒരു മണിക്കൂറിനുള്ളില്‍ വിവരമറിയിച്ചാല്‍ പണം നഷ്ടപ്പെടുന്നത് ഏറെക്കുറെ തടയാനാകും.
സൈബര്‍ കുറ്റകൃത്യങ്ങളില്‍ പരാതി നല്‍കേണ്ട വിധം
സൈബര്‍ തട്ടിപ്പിനിരയാകുന്നവര്‍ അവരുടെ താമസസ്ഥലത്തെ പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ക്കാണ് പരാതി നല്‍കേണ്ടത്. കൂടാതെ കേരള പോലീസിന്റെ പോര്‍ട്ടല്‍ ആയ തുണ (https://thuna.keralapolice. gov.in) എന്ന വെബ്സൈറ്റിലും പരാതികള്‍ രജിസ്റ്റര്‍ ചെയ്യാം.സൈബര്‍ ക്രൈം പരാതികള്‍ www.cybercrime.gov.in എന്ന വെബ്സൈറ്റ് മുഖേന കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു നേരിട്ടും സമര്‍പ്പിക്കാം.
നിയമസഹായമുണ്ട്
സൈബറിടത്തെ ചതിക്കുഴികളില്പ്പെടുന്നവര്ക്കു നിയമസഹായം വാഗ്ദാനം ചെയ്യുകയാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ സൈബര്‍ സുരക്ഷാ ഫൗണ്ടേഷന്. ഇരയാക്കപ്പെട്ടവര്‍ക്കു നിയമസഹായം നല്‍കുന്നതിന്റെ ആദ്യപടിയായി പോലീസ് പരാതി കൊടുപ്പിക്കും. ഇത്തരം കേസുകളില്‍ പരാതി സ്വീകരിച്ച് രസീത് നല്‍കുന്നില്ലെന്നതാണ് പോലീസിനെതിരേയുള്ള പ്രധാന ആരോപണം. അതിന് അറുതി വരുത്തിയശേഷം തുടര്‍നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ മറ്റു മാര്‍ഗങ്ങള്‍ മുഖേന നിയമ പരിരക്ഷ ഉറപ്പാക്കുകയാണു ലക്ഷ്യമെന്ന് സൈബര്‍ സുരക്ഷാ ഫൗണ്ടേഷന് സ്ഥാപകന്‍ അഡ്വ. ജിയാസ് ജമാല്‍ പറഞ്ഞു.
സൈബര്‍ തട്ടിപ്പിന്റെ രീതി ഒരോ ദിവസവും മാറിക്കൊണ്ടിരിക്കുകയാണ്. ഇവയെപ്പറ്റി സ്വയം ബോധവാന്മാരാകുക എന്നതാണ് തട്ടിപ്പില്‍ വീഴാതിരിക്കാനുള്ള പ്രധാന മാര്‍ഗമെന്നും ജിയാസ് പറയുന്നു.
അഡ്വ. ജിയാസ് ജമാല്‍ (സൈബര്‍ സുരക്ഷാ ഫൗണ്ടേഷന് സ്ഥാപകന്‍)
(അവസാനിച്ചു)
Leader Page
ക്ലിക്കിലെ കെണി -3
“എന്നെയൊന്നു പറ്റിച്ചോളൂ...” എന്നു പറഞ്ഞുനടക്കുന്ന മട്ടിലാണു കേരളത്തിലെ ചില ആളുകളുടെ നില. ഇതു പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനാണ്. പെരുകുന്ന സൈബര്‍ തട്ടിപ്പുകളുടെ പശ്ചാത്തലത്തില്‍ നിയമസഭയില്‍ ഉയര്‍ന്ന ചോദ്യത്തിനു മറുപടി നല്കവേയായിരുന്നു മുഖ്യമന്ത്രിയുടെ ഈ പ്രതികരണം. മുഖ്യമന്ത്രിയുടെ പരാമര്‍ശം ശരിവയ്ക്കുന്നതാണ് കണക്കുകളും. സൈബര്‍ കെണിയൊരുക്കി കേരളത്തില്‍ വലവിരിച്ച ഒരു തട്ടിപ്പുസംഘവും വെറുതേ മടങ്ങിയിട്ടില്ല. അപൂര്‍വം ചില കേസുകളില്‍ മാത്രം, ഇരകളാക്കാന്‍ നോക്കിയവരുടെ മനക്കരുത്തിന്റെയും സമയോചിത ഇടപെടലിന്റെയും പശ്ചാത്തലത്തിലാണ് തട്ടിപ്പുകാര്‍ തോറ്റു മടങ്ങിയിട്ടുള്ളത്.
കഴിഞ്ഞ എട്ടു മാസത്തിനിടെ 380 കോടിയോളം രൂപ സൈബര്‍ സാമ്പത്തിക തട്ടിപ്പിലൂടെ കേരളത്തില്‍നിന്നു നഷ്ടമായി. ഇതില്‍ ഏഴു മാസത്തിനിടെ തിരിച്ചുപിടിക്കാനായതാകട്ടെ 54.7 കോടി രൂപ മാത്രം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന സ്ഥിരം പല്ലവി തന്നെയാണ് അധികൃതര്‍ക്കു നല്‍കാനുള്ളത്. മുന്നറിയിപ്പുകള്‍ മുഖവിലയ്ക്കെടുത്തു പ്രതിരോധം തീര്‍ക്കേണ്ടതു നാം ഒരോരുത്തരുടെയും ഉത്തരവാദിത്തമാണ്.
151 കോടി കൊണ്ടുപോയത് ട്രേഡിംഗ് വ്യാജന്മാര്
കേരള പോലീസിനു ലഭിച്ച പരാതികളില്‍ അധികവും ട്രേഡിംഗിലൂടെ പണം നഷ്ടമായതു സംബന്ധിച്ചുള്ളതാണ്. 151 കോടി രൂപയാണ് ട്രേഡിംഗിലൂടെ നഷ്ടമായത്. ഉന്നത ഉദ്യോഗത്തില്‍നിന്നു വിരമിച്ചവരും വിദ്യാസമ്പന്നരുമാണ് തട്ടിപ്പിനിരയായവരില്‍ ഏറെയും. ഹൈക്കോടതി ജഡ്ജി, റിട്ട. ഓഫീസര്‍മാര്‍, ഡോക്ടര്‍മാര്‍, സെലിബ്രിറ്റികള്‍ എന്നിവരെല്ലാം ഇക്കൂട്ടത്തിലുണ്ട്. 40 മുതല്‍ 60 വരെ പ്രായപരിധിയിലുള്ളവരാണ് ട്രേഡിംഗ് തട്ടിപ്പിന്റെ ഇരകള്‍.
മാന്യരാണ്, പക്ഷേ മുടിപ്പിക്കും
കൃത്യമായ പ്ലാനോടെയാണ് ഒരോ സമയത്തും തട്ടിപ്പുസംഘത്തിന്റെ രംഗ പ്രവേശം. ഒരോ പ്രാവശ്യവും വ്യത്യസ്ത വഴികളിലൂടെയാണു തട്ടിപ്പ് നടപ്പിലാക്കുന്നത്. മാന്യമായ ഇടപെടലും വിശ്വാസയോഗ്യമായ പ്രവൃത്തികളുമാണ് ഇവരുടെ മുഖമുദ്ര.
വിദേശരാജ്യങ്ങളെപ്പോലെ പ്രോക്സി സംവിധാനം ഉപയോഗിച്ചു സര്‍ക്കാര്‍ മോണിറ്റര്‍ ചെയ്യുന്ന ഇന്റര്‍നെറ്റ് സംവിധാനമല്ല ഇന്ത്യയിലുള്ളത്. അതുകൊണ്ടുതന്നെ സൈബര്‍ കുറ്റകൃത്യങ്ങളുടെ അന്വേഷണങ്ങളില്‍ കാലതാമസം നേരിടുകയും ചെയ്യുന്നു. സംസ്ഥാനത്തടക്കം രജിസ്റ്റര്‍ ചെയ്യപ്പെട്ട കുറ്റകൃത്യങ്ങളില്‍ പലതും വിദേശത്ത് കുറ്റകൃത്യം അല്ലാത്തതിനാല്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ വിദേശകമ്പനികളില്നിന്നു കിട്ടേണ്ട ഡേറ്റ പലപ്പോഴും ലഭിക്കാറുമില്ല.
ഒരു സോഷ്യല്‍ മീഡിയ
ഫ്രണ്ടിന്റെ കഥ സൊല്ലട്ടുമ്മ...
സമൂഹമാധ്യമങ്ങളില്‍ സജീവമായ വീട്ടമ്മയുമായി മുന്‍പരിചയം ഒന്നുമില്ലാത്ത ഒരാള്‍ സംശയങ്ങള്‍ക്കൊന്നും ഇടനല്‍കാതെ അടുപ്പം സ്ഥാപിക്കുന്നു. തുടര്‍ന്നുള്ള ഇവരുടെ സംസാരത്തിനിടയില്‍ വീട്ടമ്മയുടെ പക്കല്‍ പണം ഉണ്ടെന്നു മനസിലാക്കിയ സോഷ്യല്‍ മീഡിയ ഫ്രണ്ട് പിന്നീടങ്ങോട്ട് നീങ്ങിയത് മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ്.
വീട്ടമ്മയുടെ പൂര്‍ണവിശ്വാസം പിടിച്ചുപറ്റിയ ഇയാള്‍ 15 കോടി രൂപ സമ്മാനം ലഭിച്ചിട്ടുണ്ടെന്നും ഇതു ലഭിക്കുന്നതിന് കുറച്ച് പണം നല്‍കണമെന്നും അറിയിച്ചു. 15 കോടി എന്നു കേട്ടതോടെ വീട്ടമ്മ കൊടുത്തത് 11 ലക്ഷം രൂപയാണ്. ഇത്രയും തുക ലഭിച്ചിട്ടും 15 കോടി കിട്ടാന്‍ വീണ്ടും പണം നല്‍കണമെന്ന് അറിഞ്ഞതോടെയാണ് 15 കോടിയോ തന്റെ 11 ലക്ഷമോ ഇനി തിരിച്ചുകിട്ടാന്‍ പോകുന്നില്ലെന്ന് വീട്ടമ്മയ്ക്കു മനസിലായത്.
ഇതിനുശേഷം പാലക്കാട് കടമ്പഴിപ്പുറത്തെ വീട്ടില്‍നിന്നിറങ്ങിയ വീട്ടമ്മ പത്ത് ദിവസത്തെ ആശങ്ക അവസാനിപ്പിച്ച് കഴിഞ്ഞദിവസമാണ് വീട്ടില്‍ തിരിച്ചെത്തിയത്. കടമക്കുടിയില്‍ രണ്ട് കുട്ടികളെ കൊലപ്പെടുത്തി ദമ്പതിമാര്‍ ജീവനൊടുക്കിയ സംഭവത്തിന് പിന്നില്‍ ഓണ്‍ലൈന്‍ വായ്പാക്കെണിയായിരുന്നു.
സൈബര്‍ തട്ടിപ്പ് സംഘത്തിന്റെ ഏറ്റവും പുതിയ തട്ടിപ്പ് രീതികളിലൊന്നാണ് അടുത്തിടെ കൊച്ചിയില്‍ റിപ്പോര്‍ട്ട് ചെയ്ത കേസില്‍ സംഭവിച്ചത്. വെര്‍ച്വല്‍ കോടതിയില്‍ ഹാജരാക്കി വിചാരണ ചെയ്യുകയും പണം ആവശ്യപ്പെടുകയുമായിരുന്നു.
19,927 പരാതികള്‍; നഷ്ടം 380 കോടിയോളം രൂപ
സംസ്ഥാനത്ത് കഴിഞ്ഞ എട്ടു മാസത്തിനിടെ ഓണ്‍ലൈന്‍ സാമ്പത്തികതട്ടിപ്പില്‍ നഷ്ടമായത് 380 കോടിയോളം രൂപ. രാജ്യത്തുതന്നെ ഏറ്റവും വലിയ തട്ടിപ്പ് ഈ കാലയളവില്‍ രജിസ്റ്റര്‍ ചെയ്തതും കേരളത്തില്‍ തന്നെ. തട്ടിപ്പില്‍ നഷ്ടപ്പെട്ട 54.79 കോടി രൂപ ആറു മാസത്തിനിടെ സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗത്തിന് തിരിച്ചുപിടിക്കാനായി.
19,927 പരാതികളാണ് ഈ കാലയളവില്‍ കേരള പോലീസിന്റെ സൈബര്‍ സെക്യൂരിറ്റി വിഭാഗത്തിനു ലഭിച്ചത്. പരാതികളിലേറെയും മലപ്പുറം ജില്ലയില്‍നിന്നാണ്. ഇവിടെനിന്ന് 2,892 പരാതികളാണുണ്ടായത്. തൊട്ടുപിന്നില്‍ എറണാകുളം സിറ്റിയാണ്. 2,268 പരാതികള്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്തു. പാലക്കാട്ട് 2,226 പരാതികള്‍ റിപ്പോര്‍ട്ട് ചെയ്തു. കുറവു പരാതികള്‍ വയനാട് ജില്ലയില്‍നിന്നാണ്. 137 പരാതികള്‍ മാത്രമാണ് ഇവിടെനിന്ന് റിപ്പോര്‍ട്ട് ചെയ്തത്.
(തുടരും)
Movies
നടിയും ടെലിവിഷൻ അവതാരകയുമായ ആര്യയുടെ ഉടമസ്ഥതയിലുള്ള ‘കാഞ്ചീവരം ബുട്ടീക്കി’ന്റെ ഇന്‍സ്റ്റഗ്രാം പേജിന്റെ വ്യാജപതിപ്പുകള്‍ നിര്‍മിച്ചു തട്ടിപ്പ്.
15,000 രൂപയുടെ സാരി 1900 രൂപയ്ക്കു നല്‍കാമെന്ന് വാഗ്ദാനം ചെയ്താണു തട്ടിപ്പ്. ഇതുസംബന്ധിച്ച് നടി സൈബര്‍ പോലീസിനും മെറ്റയ്ക്കും പരാതി നല്കി. തട്ടിപ്പിനു പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമാണെന്നാണ് സംശയിക്കുന്നത്.
‘കാഞ്ചീവരം’ എന്ന പേരിലുള്ള റീട്ടെയില്‍ ഷോപ്പിന്റെ ഇന്‍സ്റ്റഗ്രാം പേജിന്റെ വ്യാജപേജുകള്‍ നിര്‍മിച്ചാണു തട്ടിപ്പ് നടത്തിയത്. പേജിലെ വീഡിയോകളും ചിത്രങ്ങളും എഡിറ്റ് ചെയ്താണു വ്യാജ പേജുകള്‍ നിര്‍മിച്ചിരിക്കുന്നത്. ബന്ധപ്പെടാനായി ഫോണ്നമ്പറുണ്ടാകും.
വസ്ത്രം വാങ്ങാനായി പേജിലെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുമ്പോള്‍ പണം അടയ്ക്കേണ്ട ക്യൂ ആര് കോഡ് അയച്ചുകൊടുക്കും. പണം കിട്ടിയതിനു പിന്നാലെ നമ്പര്‍ ബ്ലോക്ക് ചെയ്യും. പണം നല്കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വസ്ത്രം ലഭിക്കാതെ വരുമ്പോഴാണ് തട്ടിപ്പാണെന്നു മനസിലാകുന്നത്. പണം നഷ്ടപ്പെട്ടയാള്‍ കഴിഞ്ഞദിവസം ആര്യയെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് നടി സൈബര്‍ പോലീസില്‍ പരാതി നല്‍കിയത്.
ഉത്തരേന്ത്യയില്‍നിന്നുള്ള സംഘമാണ് തട്ടിപ്പിനു പിന്നിലെന്നാണ് പോലീസ് പറയുന്നതെന്നും ആര്യ പറഞ്ഞു.
District News
2024-ലെ വയനാട് മണ്ണിടിച്ചിൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച ഭവനനിർമ്മാണ പദ്ധതിയെ ചൊല്ലി വിവാദം കത്തുന്നു. 30 വീടുകൾ നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ച് പൊതുജനങ്ങളിൽ നിന്നും ഫണ്ട് പിരിച്ചെടുത്തെങ്കിലും നിർമ്മാണം എങ്ങുമെത്തിയില്ലെന്നും, ഫണ്ടിൽ തിരിമറി നടന്നുവെന്നും ആരോപിച്ച് പോലീസിൽ പരാതി ലഭിച്ചു. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാണ്.
എന്നാൽ യൂത്ത് കോൺഗ്രസ് നേതൃത്വം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് തള്ളി. പിരിച്ചെടുത്ത ഫണ്ട് കെപിസിസിക്ക് കൈമാറിയെന്നും, സർക്കാർ ഭൂമി ലഭ്യമാക്കിയാൽ ഉടൻ നിർമ്മാണം ആരംഭിക്കുമെന്നും അവർ അറിയിച്ചു. ഡിവൈഎഫ്ഐയും എഐവൈഎഫും ദുരിതാശ്വാസ ഫണ്ട് കൃത്യമായി സർക്കാരിന് കൈമാറിയ സാഹചര്യത്തിൽ യൂത്ത് കോൺഗ്രസ് ഫണ്ട് കൈകാര്യം ചെയ്ത രീതിയിൽ സംശയങ്ങളുയരുന്നുണ്ട്.
ഈ വിഷയത്തിൽ പൊതുസമൂഹത്തിൽ വലിയ ചർച്ചകൾ നടക്കുന്നുണ്ട്. ദുരന്തബാധിതരെ സഹായിക്കാനായി സുമനസ്സുകൾ നൽകിയ പണത്തിന്റെ പേരിൽ നടക്കുന്ന വിവാദങ്ങൾ ഖേദകരമാണെന്നും, ഈ വിഷയത്തിൽ സുതാര്യത ഉറപ്പാക്കണമെന്നും വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്നിട്ടുണ്ട്.
District News
ഓൺലൈൻ ഷെയർ ട്രേഡിങ്ങിൽ ഇരട്ടിത്തുക ലാഭം നൽകാമെന്ന് വാഗ്ദാനം ചെയ്ത് കണ്ണൂരിലെ ഒരു ഡോക്ടർക്ക് 4.43 കോടി രൂപ നഷ്ടമായി. സൈബർ പൊലീസിന് അടുത്തിടെ ലഭിച്ച ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് പരാതിയാണിത്. മട്ടന്നൂർ സ്വദേശിയായ ഡോക്ടറാണ് തട്ടിപ്പിന് ഇരയായത്.
വാട്സാപ്പ് വഴി ലഭിച്ച സന്ദേശത്തിലൂടെയാണ് ഡോക്ടർ വ്യാജ ഷെയർ ട്രേഡിംഗ് പ്ലാറ്റ്ഫോമിൽ നിക്ഷേപം നടത്തിയത്. വൻ ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പുകാർ ഡോക്ടറെ പ്രേരിപ്പിക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ ചെറിയ തുകകൾക്ക് ലാഭം ലഭിച്ചതോടെ ഡോക്ടർ കൂടുതൽ തുക നിക്ഷേപിക്കുകയായിരുന്നു.
തുടർന്ന് തുക പിൻവലിക്കാൻ ശ്രമിച്ചപ്പോൾ സാങ്കേതിക പ്രശ്നങ്ങളും മറ്റ് തടസ്സങ്ങളും പറഞ്ഞ് തട്ടിപ്പുകാർ ഒഴിഞ്ഞുമാറുകയായിരുന്നു. ഇതോടെയാണ് ഡോക്ടർക്ക് താൻ തട്ടിപ്പിന് ഇരയായെന്ന് മനസ്സിലായത്. സംഭവത്തിൽ സൈബർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇത്തരം തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.