National
ഹൈദരാബാദ്: തെലുങ്കാനയിൽ തെരുവ് നായ്ക്കളെ കൂട്ടത്തോടെ വിഷം കുത്തിവച്ചു കൊന്നു. സംഭവത്തിൽ ഹനംകൊണ്ട, കാമറെഡ്ഡി ജില്ലകളിലെ ഏഴ് ഗ്രാമത്തലവന്മാർ ഉൾപ്പെടെ 15പേർക്കെതിരെ നിയമനടപടി ആരംഭിച്ചു.
കുറഞ്ഞത് കുറഞ്ഞത് 500 നായ്ക്കളെ കൊന്നതായാണ് വിവരം. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ സമയത്ത് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ് തെരുവുനായ്ക്കളെ കൊന്നതെന്നാണ് സൂചന.
ഡിസംബര്‍ അവസാനത്തോടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍, തെരുവുനായ്ക്കളുടെയും കുരങ്ങുകളുടെയും ശല്യം ഇല്ലാതാക്കുമെന്നു സ്ഥാനാർഥികളായവര്‍ വാഗ്ദാനം ചെയ്തിരുന്നു. ഇത് പാലിക്കാന്‍ വേണ്ടി നായ്ക്കളെ കൊലപ്പെടുത്തി ഗ്രാമങ്ങളിലെ പ്രാന്ത പ്രദേശങ്ങളില്‍ കുഴിച്ചിടുകയായിരുന്നു.
സംഭവം അറിഞ്ഞു സ്ഥലത്ത് എത്തിയ വെറ്ററിനറി വിദഗ്ധര്‍ ജഡങ്ങൾ തിരിച്ചെടുത്ത് പരിശോധന നടത്തി. മരണത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ സാമ്പിളുകള്‍ ഫോറന്‍സിക് സയന്‍സ് ലാബിലേക്ക് അയച്ചിട്ടുണ്ട്.
200 തെരുവുനായ്ക്കളെ കൊന്നെന്ന വിവരം ലഭിച്ചെന്ന് ആരോപിച്ചു മൃഗക്ഷേമ പ്രവര്ത്തകന് അടുലപുരം ഗൗതം മച്ചാറെഡ്ഡി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഭവാനിപേട്ട് ഗ്രാമത്തില്‍ താന്‍ അന്വേഷിച്ചപ്പോള്‍ തെരുവുനായ്ക്കളുടെ ശരീരങ്ങള്‍ വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് അദ്ദേഹം പരാതിയില്‍ പറയുന്നു. ഈ പരാതിയിലാണ് പോലീസ് ഭാരതീയ ന്യായ സംഹിത പ്രകാരം പോലീസ് കേസെടുത്തത്.
.
Kerala
തിരുവനന്തപുരം: വിഴിഞ്ഞത്ത് ചൊവ്വാഴ്ച ഉണ്ടായ തെരുവുനായ ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. വീട്ടുമുറ്റത്ത് നിന്നവരെയും വഴിയിലൂടെ നടന്നുപോയവരെയുമടക്കമാണ് നായ കടിച്ചത്.
കല്ലുവെവെട്ടാൻകുഴി സ്വദേശികളായ അസിയ (9), ആദിൽ മുഹമ്മദ് (7), വിഴിഞ്ഞം ഹാർബർ റോഡിൽ അസിക (18), മൈദിൻ പീരുമുഹമ്മദ് (37), ഹസനാർ (60), ഇൻസമാം ഹക്ക്(31), അബുഷൗക്കത്ത് (56), വിഴിഞ്ഞം കോസ്റ്റൽ പോലീസിലെ വാർഡൻ സുനിറ്റ് (35) എന്നിവർക്കാണ് കടിയേറ്റത്. പേവിഷബാധയേറ്റ നായയെന്ന് സംശയമുള്ളതായി കടിയേറ്റവർ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ 9.30 ഓടെയാണ് നായയുടെ ആക്രമണമുണ്ടായത്.
കല്ലുവെട്ടാൻകുഴിയിൽ വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന അസിയയുടെ ഇടത് കൈയിലും കാലിലും അതുപോലെ ആദിലിന് വലതുകാലിലെ തുടയിലുമാണ് കടിയേറ്റത്. വിഴിഞ്ഞം കോസ്റ്റൽ പോലീസ് സ്റ്റേഷന് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന കോസ്റ്റൽ വാർഡൻ സുനിറ്റിന് ഇടതുകാലിലാണ് കടിയേറ്റത്.
പിന്നാലെ വീട്ടുമുറ്റത്ത് നിന്ന അസിക, ഷെഡിൽ കിടന്നുറങ്ങിയ ഹസനാർ, ഇൻസമാം ഹക്ക് എന്നിവരെ ഉൾപ്പെടെ ആക്രമിക്കുകയായിരുന്നു. നായയെ പിടികിട്ടിയതോടെ നാട്ടുകാർ അടിച്ചുകൊന്നു.
Kerala
തിരുവനന്തപുരം: പരീക്ഷയ്ക്കു പോകാനാകാതെ അന്ന മരിയ. കഴിഞ്ഞ ദിവസം ശ്രീകാര്യത്ത് വളര്‍ത്തുനായകളുടെ ആക്രമണത്തില്‍ കാലിന് ഗുരുതര പരിക്കേറ്റ വിദ്യാര്‍ഥിനി അന്ന മരിയയ്ക്ക് ഇന്നലെ പ്ലസ്ടു പ്രാക്ടിക്കല്‍ പരീക്ഷ ഉണ്ടായിരുന്നെങ്കിലും പോകാനായില്ല.
പോങ്ങുംമൂട് മേരിനിലയം സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനി മണ്‍വിള സ്വദേശിനി അന്ന മരിയയ്ക്ക് (17) വ്യാഴാഴ്ചയാണ് പരീക്ഷ കഴിഞ്ഞു വരുംവഴി സമീപവാസിയുടെ വളര്‍ത്തുനായ്ക്കളുടെ ക്രൂരമായ കടിയേറ്റത്. സംഭവത്തില്‍ അന്നയുടെ മാതാപിതാക്കള്‍ ശ്രീകാര്യം പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. പോലീസ് വിദ്യാര്‍ഥിനിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അന്ന മരിയ വാക്സിനേഷന് നടപടികള്‍ക്കു ശേഷം രാത്രി വൈകിയാണ് വീട്ടിലേക്കു മടങ്ങിയത്. ആന്റിബയോട്ടിക്കും വാക്സിനേഷനുമല്ലാതെ കൂടുതലൊന്നും ചെയ്യാന്‍ സാധിക്കില്ലെന്ന മറുപടിയാണ് മെഡിക്കല്‍ കോളജ് ഡോക്ടർമാരില്‍ നിന്നും ലഭിച്ചതെന്ന് അന്നയുടെ മാതാപിതാക്കള്‍ പറയുന്നു.
പട്ടികടി മൂലമുള്ള മുറിവായതിനാല്‍ തുന്നിച്ചേര്‍ക്കാനോ കെട്ടി വയ്ക്കാനോ സാധിക്കില്ല. വെള്ളവും സോപ്പും ഉപയോഗിച്ചു കഴുകുക മാത്രമാണ് ചെയ്യാവുന്നത്. ആഴത്തിലുള്ള മുറിവുമൂലമുള്ള വേദനയും നീറ്റലും സഹിക്കാനാകാതെ ബുദ്ധിമുട്ടുകയാണ് അന്ന. ജനറല്‍ ഫിസിഷ്യനു പുറമേ മെഡിക്കല്‍ കോളജില്‍ ഓര്‍ത്തോ സര്‍ജനെയും കണ്ടിരുന്നു.
പട്ടികടിയേറ്റുള്ള ആഴത്തിലുള്ള മുറിവില്‍നിന്നും ഇപ്പോഴും ചോരയൊലിക്കുകയാണെന്ന് അന്നയുടെ മാതാവ് ആശ പറഞ്ഞു. കാല്‍മുട്ടിനു പിന്നിലായുള്ള ആഴത്തിലുള്ള മുറിവു മൂലം നടക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. മുത്തശിയുടെ വാക്കര്‍ ഉപയോഗിച്ചാണ് വീടിനുള്ളില്‍ നടക്കുന്നത്.
ആഴത്തിലുള്ള മുറിവേറ്റ ഭാഗത്തു നിന്നും മാംസവും നഷ്ടപ്പെട്ടിട്ടുണ്ട്. ആദ്യമായാണ് പോലീസ് സ്റ്റേഷനില്‍ ഒരു കേസ് കൊടുക്കുന്നത്. പരാതിയില്‍ നായകളുടെ ഉടമയുടെ കൃത്യമായ അഡ്രസ് നല്‍കിയെങ്കിലും എഫ്ഐആറില്‍ മുഴുവന്‍ വിലാസവും ചേര്‍ത്തിട്ടില്ലെന്നും മാതാപിതാക്കള്‍ പറയുന്നു. മണ്‍വിള സ്വദേശികളായ മനോജ് വി. ലാസര്‍-കെ. ആശ ദമ്പതികളുടെ മകളാണ് അന്ന മരിയ.
Kerala
കൊച്ചി: മട്ടാഞ്ചേരിയില്‍ തെരുവുനായയുടെ കടിയേറ്റ് വിദ്യാര്‍ഥിനിക്ക് പരിക്ക്. സ്കൂളിലേക്ക് പോവുകയായിരുന്ന ഹന ഫാത്തിമ എന്ന 16കാരിയെയാണ് തെരുവുനായ കടിച്ചത്. മട്ടാഞ്ചേരി ജെയ്ന്‍ ക്ഷേത്രത്തിന് സമീപത്തായിരുന്നു സംഭവം.
പെണ്‍കുട്ടിയുടെ കൈയിലും കാലിലും കടിയേറ്റു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് പെണ്‍കുട്ടിക്ക് വാക്സിന് എടുത്തു. മട്ടാഞ്ചേരിയില്‍ തെരുവുനായ ശല്യം രൂക്ഷമാണ് എന്ന പരാതിയുമായി നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു.
Kerala
കണ്ണൂർ: പയ്യാന്പലം കടൽത്തീരം സന്ദർശിക്കാനെത്തിയ വിദേശ ടൂറിസ്റ്റിന് തെരുവുനായയുടെ കടിയേറ്റു. ഇറ്റലിക്കാരിയായ ജസീക്ക ഫറീന അലക്സാണ്ടറെ (26) ആണ് തെരുവുനായ കടിച്ചുപറിച്ചത്.
കാലിനു സാരമായി പരിക്കേറ്റ ജസീക്കയെ പിങ്ക് പോലീസാണ് കണ്ണൂർ ജില്ലാ ആശുപത്രിയിലെത്തിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.
National
ന്യൂഡൽഹി: കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപി പാർലമെന്റിന്റെ പ്രധാന കവാടം വരെ തെരുവുനായയെ കൊണ്ടുവന്ന സംഭവത്തിൽ വിവാദം.
ശൈത്യകാല സമ്മേളനം ആരംഭിച്ച ആദ്യദിനത്തിൽ തെരുവുനായയുമായി പാർലമെന്റിലേക്ക് എത്തിയ രേണുക ചൗധരിക്കെതിരേ നടപടിയെടുക്കണമെന്ന് ബിജെപി എംപി ജഗദംബിക പാൽ ആവശ്യപ്പെട്ടു. പാർലമെന്റ് അംഗങ്ങൾക്ക് ചില സവിശേഷ അധികാരങ്ങൾ ഉണ്ടെങ്കിലും അത് ദുരുപയോഗം ചെയ്യരുതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ, പാർലമെന്റിന്റെ പ്രധാന കവാടം വരെ തന്റെ കാറിൽ കൊണ്ടുവന്ന നായയെ അതേപടി കാറിൽ തിരിച്ചയച്ചതായും അതിൽ എന്തു തെറ്റാണെന്നും രേണുക പ്രതികരിച്ചു.
അതൊരു ചെറിയ നായയാണെന്നും ആരെയും ഉപദ്രവിക്കില്ലെന്നും അവർ പറഞ്ഞു. ശരിക്കും കടിക്കുന്നവർ പാർലമെന്റിന്റെ അകത്താണ്. അവരാണ് സർക്കാർ നടത്തുന്നത്. താനൊരു നിശബ്ദ ജീവിയെ സംരക്ഷിക്കാൻ ശ്രമിച്ചു. അത് വലിയ പ്രശ്നവും ചർച്ച വിഷയവും ആക്കുകയാണ്. നായയെ കൊണ്ടുവരാൻ പാടില്ലെന്ന നിയമമുണ്ടോ എന്നും രേണുക ചോദിച്ചു.
പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ വരുന്ന വഴിയിൽ ഒരു കാറും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചു. അതിനിടയിൽ പെടേണ്ട എന്ന് കരുതിയാണ് താൻ നായയെ കാറിൽ കയറ്റി പാർലമെന്റിന്റെ പ്രധാന കവാടം വരെ എത്തിയത്. തുടർന്ന് അതേ കാറിൽ നായയെ വീട്ടിലേക്ക് തിരിച്ചയച്ചു. ഇത്തരത്തിൽ തെരുവിൽ അലയുന്ന നായ്ക്കളെ താൻ സംരക്ഷിക്കുന്നുണ്ടെന്നും രേണുക വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: കോവളം ബീച്ചിൽതെരുവുനായ ആക്രമണം. പ്രഭാത സവാരിക്കിറങ്ങിയ ഹോട്ടലുടമയ്ക്ക് കഴിഞ്ഞ ദിവസം കടിയേറ്റു.
രാവിലെ ഹവ്വാ ബീച്ചിലൂടെ നടന്നുവന്ന സ്വകാര്യ ഹോട്ടൽ നടത്തുന്ന കണ്ണൂർ സ്വദേശി റോബിന്റെ വലതു കാലിൽ കൂട്ടമായെത്തിയ തെരുവുനായ കടിക്കുകയായിരുന്നു. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനായി റോബിൻ കടലിലേക്ക് ചാടിയെങ്കിലും നായകൾ വിടാതെ പിൻതുടർന്ന് കടിക്കുകയായിരുന്നു.
റോബിൻ പിന്നീട് ആശുപത്രിയിൽ ചികിത്സ തേടി. ശനിയാഴ്ച ലൈറ്റ് ഹൗസ് ബീച്ചിൽ നടപ്പാതയിലൂടെ വരികയായിരുന്ന വിദേശ വനിതയെയും തെരുവു നായ ആക്രമിച്ചിരുന്നു. റഷ്യയിൽ നിന്നുള്ള പൗളിന(32) വലതു കണങ്കാലിൽ മാരകമായി കടിയേറ്റത്.
Editorial
ആയിരങ്ങളെ കൊന്നും ലക്ഷങ്ങളെ കടിച്ചുകുടഞ്ഞും തെരുവുനായകൾ രാജ്യം നിറഞ്ഞിട്ടും അനങ്ങാതിരുന്ന ലോകഗുരുക്കന്മാരും ഒന്നാം നന്പറുകാരും ഇനിയെങ്കിലും പണിയെടുക്കണം. പൊതു ഇടങ്ങളിൽനിന്നെല്ലാം തെരുവുനായകളെ നീക്കാനാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. പേവിഷബാധയിൽ മനുഷ്യൻ പിടയുന്പോഴും നായപ്രേമത്തിന്റെ വേഷം കെട്ടി താണ്ഡവമാടിയ അഭിനവ മേനക, രംഭ, തിലോത്തമമാർക്കും ജനദ്രോഹ നിയമങ്ങൾക്കും മുന്നിൽ വാലാട്ടി നിൽക്കുകയായിരുന്നു കേന്ദ്രവും സംസ്ഥാനവും ഒരുപോലെ. വോട്ടുകാല ക്ഷേമരാഷ്ട്രീയക്കാർ തദ്ദേശ തെരഞ്ഞെടുപ്പ് ഓർത്തെങ്കിലും അലസത വെടിയുമെന്നു കരുതാം.
പൊതു ഇടങ്ങളിൽനിന്നു രണ്ടു മാസത്തിനകം നായകളെ നീക്കണമെന്നു മാത്രമല്ല, വന്ധ്യംകരിച്ച് തെരുവിൽ തിരിച്ചെത്തിക്കരുതെന്നുമാണ് സുപ്രീംകോടതി ഉത്തരവ്. നടപ്പാക്കിയിട്ട് ചീഫ് സെക്രട്ടറിമാർ സുപ്രീംകോടതിയെ അറിയിക്കുകയും വേണം. അലഞ്ഞുനടക്കുന്ന കന്നുകാലികളെയും നീക്കേണ്ടതുണ്ട്. നഗരങ്ങളെയും ഗ്രാമങ്ങളെയും ഒരുപോലെ ഗതാഗതക്കുരുക്കിലാക്കുകയും വൃത്തിഹീനമാക്കുകയും ചെയ്യുന്ന കാലിക്കൂട്ടങ്ങൾ ഉത്തരേന്ത്യയിലെ പതിവു കാഴ്ചയാണ്. സ്ഥാപിത കാഴ്ചപ്പാടുകൾ പരിഷ്കൃതലോകത്തെ എങ്ങനെയാണ് നിശ്ചലമാക്കുന്നതെന്നതിന്റെ ഉദാഹരണമാണ് നമ്മുടെ പൊതു ഇടങ്ങൾ.
ഭരണാധികാരികൾക്കു ലോകം ചുറ്റി കൊതി തീർന്നിട്ടില്ലെങ്കിലും വിദേശങ്ങളിലെ ശുചിത്വവും ജനാധിപത്യ രാജ്യങ്ങളിലെ സമാധാനപൂർണമായ ജീവിതവുമൊന്നും അവരുടെ രാഷ്ട്രീയാന്ധതകളിലേക്കു വെളിച്ചം വീശുന്നില്ല. എന്തായാലും, നിസഹായരായി നിന്ന ജനങ്ങൾക്കുവേണ്ടി സ്വമേധയാ കേസെടുക്കുകയും ആശാവഹമായ വിധി പുറപ്പെടുവിക്കുകയും ചെയ്ത സുപ്രീംകോടതി ഇടപെട്ടാലല്ലാതെ ഈ രാജ്യത്തെ വന്യജീവി ആക്രമണങ്ങൾക്കും അറുതിയാകില്ല.
വിവിധ കണക്കുകൾ പ്രകാരം അഞ്ചു മുതൽ ആറു കോടി നായ്ക്കളെങ്കിലും രാജ്യമൊട്ടാകെ അലയുന്നുണ്ട്. കേന്ദ്ര മൃഗസംരക്ഷണ മന്ത്രി ലോകസ്ഭയിൽ വച്ച കണക്കനുസരിച്ച് കഴിഞ്ഞ വർഷം 37,15,713 പേരെയാണു തെരുവുനായ കടിച്ചത്. ഇക്കൊല്ലം ആദ്യത്തെ നാലു മാസത്തിനിടെ കേരളത്തിൽ ഒന്നര ലക്ഷത്തിലധികം പേരെ നായ കടിച്ചു. കേന്ദ്രം സംസ്ഥാനത്തെയും സംസ്ഥാനം കേന്ദ്രത്തെയും പഴി പറഞ്ഞ് ഈ വിഷയത്തെ പതിറ്റാണ്ടുകളായി രാജ്യത്തിന്റെ ഒഴിയാബാധയാക്കി.
നായ്ക്കളെ നിയന്ത്രിക്കാൻ വന്ധ്യംകരണം മതിയെന്ന അപ്രായോഗിക ചിന്തയുടെ ഫലമായിരുന്നു എബിസി (ആനിമൽ ബർത്ത് കൺട്രോൾ-ഡോഗ്) പദ്ധതി. നിയമം 25 കൊല്ലം പിന്നിട്ടു. കോടികൾ പൊടിച്ചെങ്കിലും പ്രശ്നം കൂടുതൽ ഗുരുതരമായിക്കൊണ്ടിരുന്നു. അനിയന്ത്രിതമായി പെരുകിയ തെരുവുനായകളെ എബിസി പദ്ധതികൊണ്ട് അടുത്തകാലത്തൊന്നും നിയന്ത്രിക്കാനാവില്ലെന്നും നശിപ്പിക്കണമെന്നും ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന് കേരള ഘടകം പറഞ്ഞത് ഇക്കഴിഞ്ഞ മേയിലാണ്. നായകളും കന്നുകാലികളും നിറഞ്ഞ തെരുവുകളെ നിലനിർത്തിക്കൊണ്ട് വൃത്തിയും വെടിപ്പുമുള്ള സ്വച്ഛഭാരതം കെട്ടിപ്പടുക്കാനാണ് പ്രധാനമന്ത്രി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.
ഡൽഹിയിലെ തെരുവുനായകളെ കൂട്ടിലടയ്ക്കാൻ കഴിഞ്ഞ ഓഗസ്റ്റിൽ സുപ്രീംകോടതി ഉത്തരവിട്ടപ്പോൾ, പതിറ്റാണ്ടുകളായി നാം പിന്തുടരുന്ന മാനുഷികവും ശാസ്ത്രീയവുമായ സമീപനങ്ങളിൽനിന്നുള്ള പിന്മാറ്റമായിരിക്കും ഇതെന്നും തെരുവുനായകളെ പിടികൂടി മാറ്റുന്നത് ക്രൂരമാണെന്നുമാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചത്. ഇവരൊക്കെ ഏതു ലോകത്താണ് ജീവിക്കുന്നത്! സന്പന്നരുടെയും പരിസ്ഥിതിവാദം ഫാഷനാക്കിയവരുടെയും നേതാക്കളുടെയുമൊക്കെ ഉറ്റവരൊന്നും പേവിഷബാധ സെല്ലുകളിൽ നരകിക്കില്ല. പക്ഷേ തങ്ങളെപ്പോലെ, സുരക്ഷാ ജീവനക്കാർക്കും അനുചരവൃന്ദങ്ങൾക്കുമൊപ്പമല്ല പാവപ്പെട്ട മനുഷ്യർ ജീവിക്കുന്നത് എന്നെങ്കിലും ഓർത്തിരുന്നെങ്കിൽ!
വികല രാഷ്ട്രീയക്കാർ, പരിസ്ഥിതി-മൃഗസ്നേഹികൾ, ശ്രദ്ധ പിടിച്ചുപറ്റാൻ ഓടിനടക്കുന്നവർ, വാക്സിൻ നിർമാതാക്കൾ... പ്രത്യക്ഷമായും പരോക്ഷമായും കോടതിവിധി തിരുത്താൻ ശ്രമങ്ങളുണ്ടാകും. പക്ഷേ, പ്രാകൃതനിയമങ്ങളിൽനിന്ന് ഈ രാജ്യത്തെ എന്നെങ്കിലും മോചിപ്പിക്കേണ്ടേ? സാധാരണക്കാർക്കും ജീവിക്കണം. രാജ്യം തെരുവുനായമുക്തമായാൽ വാക്സിനുകൾക്കുവേണ്ടി ചെലവഴിക്കുന്ന ശതകോടികൾ മറ്റു നല്ല കാര്യങ്ങൾക്കു വിനിയോഗിക്കാം. നമ്മുടെ വിനോദസഞ്ചാരമേഖല സുരക്ഷിതമാകും.
അമേരിക്കയുൾപ്പെടെ വികസിതരാജ്യങ്ങളിലൊക്കെ തെരുവുനായകളെയും വന്യജീവികളെയും അധികമായാൽ കൊന്നൊടുക്കുകയാണു ചെയ്യുന്നത്. ഇവിടെ മാത്രം മനുഷ്യരെ കൊന്നൊടുക്കിയാലും വന്യജീവികളെയും തെരുവുനായകളെയും തൊടാൻ സമ്മതിക്കില്ല. തെരുവുനായകൾ, കന്നുകാലികൾ, വന്യജീവികൾ... ഒന്നുകിൽ അവയെ മാറ്റുക. അല്ലെങ്കിൽ ജന്തുസ്ഥാന്റെ രാഷ്ട്രീയ മുതലാളിമാരേ, നിങ്ങളീ ജനതയെ സംരക്ഷണ കേന്ദ്രങ്ങളിലടയ്ക്കുക.
Kerala
പാലക്കാട്: സംസ്ഥാനത്തെ മുഴുവൻ തെരുവുനായകളെയും മാറ്റുന്നത് പ്രായോഗികമല്ലെന്ന് മന്ത്രി എം.ബി. രാജേഷ്. എബിസി ഷെൽട്ടർ തുടങ്ങുന്നതിനെതിരെ പോലും പ്രതിഷേധമാണെന്ന് പറഞ്ഞ മന്ത്രി പിന്നെങ്ങനെയാണ് തെരുവുനായകളെ മുഴുവൻ മാറ്റാൻ കഴിയുകയെന്നും ചോദിച്ചു.
സുപ്രീം കോടതിയുടെ വിധി പകർപ്പ് കൈയിൽ കിട്ടിയിട്ടില്ലെന്നും തെരുവുനായകളെ മുഴുവൻ മാറ്റണമെന്ന നിർദേശം വന്നാൽ അപ്പോൾ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. തെരുവുനായകളെ പൊതുസ്ഥലങ്ങളിൽ നിന്ന് നീക്കണമെന്ന സുപ്രീംകോടതി ഉത്തരവ് കേരളത്തിന് വെല്ലുവിളിയാകും. നായകളെ പാർപ്പിക്കാനുള്ള ഷെൽട്ടർ ഹോമുകൾക്ക് സ്ഥലം കണ്ടെത്തുക പ്രയാസകരമാകുമെന്നും മന്ത്രി പറഞ്ഞു.
"കൂടുതൽ ജീവനക്കാരെയും നിയോഗിക്കേണ്ടിവരും. നിലവിലുള്ള എബിസി കേന്ദ്രങ്ങൾ പോലും കേരളത്തിൽ കൃത്യമായി പ്രവർത്തിക്കുന്നില്ല.'-മന്ത്രി പറഞ്ഞു.
"ഏറ്റവും ഒടുവിൽ പ്രസിദ്ധകരിച്ച ലൈവ് സ്റ്റോക്ക് കണക്ക് പ്രകാരം കേരളത്തിൽ 2.80 ലക്ഷത്തിലധികം തെരുവുനായകളുണ്ട് ഒരു വർഷത്തിനിടെ ആകെ 15,825 നായകളെ മാത്രമാണ് വന്ധ്യകരണം ചെയ്തത്. ഈ സാമ്പത്തിക വർഷം 9,737 നായകളെ വന്ധ്യകരണം ചെയ്തു. ആകെ 19 എബിസി കേന്ദ്രങ്ങളാണ് ഉള്ളത്. ഇതിൽ ചിലത് പ്രവർത്തിക്കുന്നുമില്ല. ആനിമൽ ക്യാചർമാരായി ആകെ 595 പേരാണ് ഉള്ളത്.'-എം.ബി. രാജേഷ് പറഞ്ഞു.
പ്രാദേശിക എതിർപ്പുകൾ കാരണം എബിസി കേന്ദ്രങ്ങൾക്ക് സ്ഥലം കണ്ടെത്താൻ കഴിയുന്നില്ലെന്നാണ് സംസ്ഥാന സർക്കാർ ആവർത്തിച്ച് പറയുന്നത്. സ്ഥലപ്രശ്നം കാരണമാണ് പോർട്ടബിൾ എബിസി കേന്ദ്രങ്ങൾ തുറക്കാൻ തീരുമാനിച്ചത്. എബിസി കേന്ദ്രങ്ങൾ പോലും നാട്ടുകാർ സമ്മതിക്കാത്തിടത്ത് ഷെൽട്ടർ ഹോമുകൾ എങ്ങനെ തുറക്കുമെന്നാണ് ആശങ്ക ഉയരുന്നത്.
മന്ത്രിതല യോഗങ്ങൾക്കും ആനിമൽ വെൽഫെയർ ബോർഡ് യോഗത്തിനും ശേഷമായിരിക്കും സുപ്രീംകോടതി നിർദ്ദേശം നടപ്പാക്കുന്നതിൽ കേരളം വഴി കണ്ടെത്തുകയെന്നും മന്ത്രി വ്യക്തമാക്കി.
District News
ആലുവ: തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായവരുടെ സംസ്ഥാന സമ്മേളനം ജനസേവ തെരുവുനായ വിമുക്ത കേരള സംഘത്തിന്റെ ആഭിമുഖ്യത്തിൽ നവംബർ ഒന്നിന് സംഘടിപ്പിക്കും. എറണാകുളം വഞ്ചി സ്ക്വയറിൽ രാവിലെ 11നാണ് സമ്മേളനം.
തെരുവ് നായയുടെ കടിയേറ്റ് പേവിഷബാധ ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ മേയിൽ ജീവൻ നഷ്ടപ്പെട്ട കൊല്ലം സ്വദേശിനിയായ നിയാ ഫൈസലി(ഏഴ്)ന്റെ മാതാവ് എൻ. ഹബീറ ഉദ്ഘാടനം ചെയ്യും.
പത്മശ്രീ ഡോ. ടോണി ഫെർണാണ്ടസ്, തെരുവുനായ വിമുക്ത കേരളസംഘം സംസ്ഥാന ചെയർമാൻ ജോസ് മാവേലി, ജനസേവ ശിശുഭവൻ പ്രസിഡന്റ് അഡ്വ. ചാർളി പോൾ തുടങ്ങിയവർ പ്രസംഗിക്കും. തെരുവ് നായ്ക്കളുടെ ആക്രമണത്തെ തുടർന്ന് പേവിഷബാധയേറ്റ് മരണപ്പെട്ടവരുടെ ബന്ധുക്കളും കടിയേറ്റവരും വാഹനാപകടത്തിലും മറ്റും പരിക്കേറ്റവർ ഉൾപ്പെടെ നിരവധി പേർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സമ്മളനത്തിൽ എത്തിച്ചേരും.
സമ്മേളനത്തിൽ പങ്കെടുക്കുന്ന പട്ടി കടിയേറ്റ ബിപിഎൽ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് യാത്രാ ചെലവായി 500 രൂപ വീതം നൽകുമെന്ന് ജോസ് മാവേലി അറിയിച്ചു. ഫോൺ: 9633361101.
District News
നെടുമങ്ങാട്: അരുവിക്കരയിലും പരിസരപ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായി. വിനോദസഞ്ചാരികൾക്കും സ്കൂൾ കുട്ടികൾക്കും നാട്ടുകാർക്കും കടിയേൽക്കുന്നത് നിത്യസംഭവമാണ്.
അരുവിക്കര ഡാം സന്ദർശിക്കാൻ എത്തുന്ന വിനോദസഞ്ചാരികൾ വാട്ടർ അഥോറിറ്റി, ടൂറിസം അധികൃതർക്ക് നിവേദനം നൽകിയിട്ടുണ്ട്.ഡാമിനു സമീപത്തെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിലും പഴയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലും താവളമുറപ്പിച്ചിരിക്കുന്ന നായ്ക്കൾ കുട്ടികൾ ഉൾപ്പെടെയുള്ളവരെ ആക്രമിക്കുന്നുണ്ട്. പഴയ പൊലീസ് സ്റ്റേഷൻ പരിസരത്ത് തന്പടിച്ചിരിക്കുന്ന നായ്ക്കൾ കാൽനടയാത്രക്കാർക്ക് ഭീഷണിയാണ്.
പഞ്ചായത്ത് ഓഫീസ്, ഹയർ സെക്കൻഡറി സ്കൂൾ, പൊലീസ് സ്റ്റേഷൻ, അക്ഷയ കേന്ദ്രം, കെഎസ്ഇബി ഓഫീസ് എന്നിവ ജംഗ്ഷനിൽ പ്രവർത്തിക്കുന്നുണ്ട്.വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന നൂറുകണക്കിന് ആളുകൾ തെരുവ് നായ ഭീതിയുടെ നടുവിലാണ്. സമീപത്തെ വില്ലേജ് ഓഫീസിലും മൃഗാശുപത്രിയിലും എത്തുന്നവരും നായ്ക്കളുടെ ആക്രമണം മുന്നിൽ കണ്ടാണ് വരുന്നത്.അരുവിക്കരയിലെ ഏക ആതുരാലയമായ കുടുംബാരോഗ്യ കേന്ദ്രത്തിൽ രാപ്പകൽ ഭേദമില്ലാതെ നായ്ക്കൾ ചുറ്റിത്തിരിയുകയാണ്. ചികിത്സതേടി വരുന്നവരെ നായ്ക്കൾ പലവട്ടം ആക്രമിക്കാൻ ശ്രമിച്ചിട്ടുണ്ട്.
ജി.വി.രാജ സ്പോർട്സ് സ്കൂൾ പരിസരത്തെ നായശല്യം കാരണം കായിക വിദ്യാർത്ഥികൾക്ക് ഭയമില്ലാതെ പരിശീലനം ചെയ്യാനാകുന്നില്ലെന്ന പരാതിയും വ്യാപകമാണ്.
കടിയേറ്റ് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുന്നവരുടെ എണ്ണവും വർധിക്കുകയാണ്. ഇവർക്ക് പേവിഷബാധയ്ക്കെതിരെയുള്ള ആദ്യഡോസ് കുത്തിവയ്പ് മാത്രമേ കുടുംബാരോഗ്യ കേന്ദ്രത്തിൽ എടുക്കുകയുള്ളു. തുടർന്നുള്ള കുത്തിവെയ്പുകൾക്ക് നെടുമങ്ങാട്, പേരൂർക്കട എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികളെയോ മറ്റു സ്വകാര്യ ആശുപത്രികളെയോ ആശ്രയിക്കണം.
Kerala
കണ്ണൂര്‍: കാര്യാട്ട് തെരുവുനായ കുറുകെ ചാടിയതിനെതുടര്‍ന്ന് സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. പുറം സ്വദേശി വൈഷ്ണവ്(23) ആണ് മരിച്ചത്.
ഇന്ന് രാവിലെ പത്തോടെയാണ് അപകടം. സ്കൂട്ടറില്‍ പോകുന്നതിനിടെ തെരുവുനായ കുറുകെ ചാടിയതോടെ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.
Kerala
കൊല്ലം: കൊട്ടാരക്കരയില്‍ തെരുവുനായ ആക്രമണത്തില്‍ ആറ് പേര്‍ക്ക് പരിക്ക്. 70-കാരന്റെ മൂക്കിനാണ് കടിയേറ്റത്. ഇയാള്‍ക്ക് സാരമായ പരിക്കുണ്ട്.
പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. രാവിലെ 11ഓടെയാണ് സംഭവം. കൊട്ടാരക്കര ജംഗ്ഷനിലെ വിവിധ ഇടങ്ങളിലായി ഉണ്ടായിരുന്നവരെ നായ ആക്രമിക്കുകയായിരുന്നു.
Kerala
കോഴിക്കോട്: നഗരത്തിലെ അശോകപുരത്ത് 19 പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കണ്ണൂര്‍ റീജണല്‍ ഡിസീസ് ഡയഗ്നോസ്റ്റിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് അശോകപുരത്തെയും പരിസരപ്രദേശങ്ങളിലെയും തെരുവുനായ്ക്കളെ പിടികൂടി പേവിഷ പ്രതിരോധ കുത്തിവയ്പ് ആരംഭിച്ചു. പേവിഷബാധ സ്ഥിരീകരിച്ച നായയുടെ കടിയേറ്റവരെല്ലാം ബീച്ച് ആശുപത്രിയില്‍നിന്നു പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുണ്ട്. ഇവരെല്ലാം നിരീക്ഷണത്തിലാണ്. കാല്‍മുട്ടിനു താഴയാണ് എല്ലാവര്ക്കും കടിയേറ്റത്.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ മുതല്‍ രാത്രി വരെയുള്ള സമയത്താണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 19 പേരെ നായ കടിച്ചത്. പിഞ്ചുകുഞ്ഞിനും സ്കൂള്‍ കുട്ടികള്‍ക്കുമെല്ലാം കടിയേറ്റിരുന്നു. അശോകപുരം, വൈഎംസിഎ തുടങ്ങിയ ഭാഗങ്ങളിലുള്ളവര്ക്കാണു കടിയേറ്റത്. ബുധനാഴ്ച അശോകപുരം ഭാഗത്തുനിന്ന് കോര്‍പറേഷന്റെ കീഴിലുള്ള നായപിടിത്തക്കാര്‍ ഈ നായയെ പിടികൂടി പൂളക്കടവിലെ എബിസി സെന്ററില്‍ എത്തിച്ചിരുന്നു. ഇവിടെ നിരീക്ഷണത്തിലായിരുന്ന നായ വ്യാഴാഴ്ചയാണു ചത്തത്.
District News
കണ്ണൂരിൽ തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പ് ഇന്ന് (ജൂൺ 27, 2025) സംഘടിപ്പിക്കുന്നു. കൂത്തുപറമ്പ് നരവൂർ റോഡിൽ പ്രവർത്തിക്കുന്ന കണ്ണൂർ വെറ്ററിനറി ക്ലിനിക്കും ഹാച്ചിക്കോയും ചേർന്നാണ് സൗജന്യ കുത്തിവയ്പ്പ് ക്യാമ്പ് നടത്തുന്നത്. രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ നരവൂർ റോഡ് പഴശ്ശി ക്വാർട്ടേഴ്സ് പരിസരത്താണ് ക്യാമ്പ് നടക്കുക.
വളർത്തുനായ്ക്കൾക്കും പൂച്ചകൾക്കും സൗജന്യമായി പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് ഈ ക്യാമ്പിൽ ലഭിക്കും. പേവിഷബാധയെക്കുറിച്ചും അതിന്റെ പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും ഡോക്ടർമാർ ക്ലാസുകൾ എടുക്കും. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിരവധി പേർക്ക് തെരുവുനായയുടെ കടിയേറ്റ സാഹചര്യത്തിലാണ് ഈ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ജില്ലാ ഭരണകൂടം തെരുവുനായ ശല്യം നിയന്ത്രിക്കാൻ ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അക്രമകാരികളായ നായകളെ പിടികൂടാനും വന്ധ്യംകരണ പദ്ധതികൾ ഊർജിതമാക്കാനും തീരുമാനിച്ചിട്ടുണ്ട്. പേവിഷബാധ പകരുന്നത് പ്രധാനമായും നായ്ക്കളിലൂടെയാണെന്നും, അതിനാൽ വളർത്തുമൃഗങ്ങൾക്ക് കൃത്യമായി വാക്സിൻ നൽകേണ്ടത് അത്യാവശ്യമാണെന്നും അധികൃതർ അറിയിച്ചു.
District News
കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമായതോടെ ജനജീവിതം ദുസ്സഹമായി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കുട്ടികളും സ്ത്രീകളുമടക്കം നിരവധി പേർക്ക് നായകളുടെ കടിയേറ്റു. സ്കൂളുകളിലേക്കും ജോലിസ്ഥലത്തേക്കും പോകുന്നവർക്ക് ഇത് വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും തെരുവ് നായകളുടെ എണ്ണം വർധിച്ചത് വലിയ ആശങ്കയാണ് ഉയർത്തുന്നത്.
ഈ വിഷയത്തിൽ ജില്ലാ ഭരണകൂടം അടിയന്തര ഇടപെടൽ നടത്തുമെന്ന് അറിയിച്ചു. തെരുവ് നായകളെ പിടികൂടി പാർപ്പിക്കാൻ പുതിയ ഷെൽട്ടറുകൾ ഉടൻ നിർമ്മിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കൂടാതെ, പേവിഷബാധ തടയുന്നതിനായുള്ള വാക്സിനേഷൻ യജ്ഞവും ശക്തിപ്പെടുത്തും. നായകളുടെ വന്ധ്യംകരണം വേഗത്തിലാക്കാനും തീരുമാനിച്ചിട്ടുണ്ട്.
ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുമെന്നും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയായിരിക്കും പദ്ധതികൾ നടപ്പിലാക്കുക എന്നും അധികൃതർ വ്യക്തമാക്കി. ജനങ്ങൾ പരിഭ്രാന്തരാകാതെ, ജാഗ്രത പാലിക്കണമെന്നും നായകളെ പ്രകോപിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
District News
പത്തനംതിട്ട ജില്ലയിൽ തെരുവ് നായ ശല്യം ദിനംപ്രതി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ജനവാസ കേന്ദ്രങ്ങളിലും, പ്രത്യേകിച്ച് സ്കൂൾ പരിസരങ്ങളിലും തെരുവ് നായകളുടെ ആക്രമണം വർധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് വലിയ ആശങ്കയാണ്. സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, തങ്ങളുടെ മക്കളെ ഒറ്റയ്ക്ക് സ്കൂളുകളിലേക്ക് അയയ്ക്കാൻ രക്ഷിതാക്കൾ ഭയപ്പെടുകയാണ്. പലയിടങ്ങളിലും, കുട്ടികൾക്ക് മുറ്റത്ത് കളിക്കാനോ സൈക്കിൾ ഓടിക്കാനോ പോലും സാധിക്കാത്ത അവസ്ഥയാണുള്ളത്. മുതിർന്നവർ കൂടെ നിന്നാൽ മാത്രമേ പുറത്തിറങ്ങാൻ കഴിയൂ.
ഇരുചക്ര വാഹന യാത്രക്കാർക്ക് വലിയ ഭീഷണിയാണ് തെരുവ് നായകൾ. റോഡിന് കുറുകെ പെട്ടെന്ന് ഓടിയെത്തുന്ന നായകളെ തട്ടി അപകടങ്ങൾ ഉണ്ടാകുന്നത് പതിവായിട്ടുണ്ട്. കാൽനടയാത്രക്കാരെ പിന്തുടർന്ന് ആക്രമിക്കുന്നതും, വീടുകളിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിക്കുന്നതും നിത്യസംഭവമായി മാറിയിരിക്കുന്നു. ചില പ്രദേശങ്ങളിൽ നായ്ക്കൾ കൂട്ടമായി തമ്പടിച്ചിരിക്കുന്നത് ഭീതി വർദ്ധിപ്പിക്കുന്നു. ആശുപത്രികളിലും പൊതുസ്ഥലങ്ങളിലും പോലും നായ്ക്കളുടെ ശല്യം വർദ്ധിച്ചിട്ടുണ്ട്.
ഈ പ്രതിസന്ധിക്ക് പ്രധാന കാരണം അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതിയുടെ മുടങ്ങിക്കിടക്കുന്ന പ്രവർത്തനങ്ങളാണ്. കഴിഞ്ഞ രണ്ട് വർഷത്തോളമായി ജില്ലയിൽ വന്ധ്യംകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നില്ലെന്നാണ് ആക്ഷേപം. തെരുവ് നായകളെ പിടികൂടി വന്ധ്യംകരിച്ച് സുരക്ഷിതമായി സംരക്ഷിക്കുക എന്നതാണ് നിയമപരമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ചെയ്യാനുള്ളത്. എന്നാൽ ഇതിനായി ആവശ്യമായ ഫണ്ടോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്തതാണ് പദ്ധതി താറുമാറാകാൻ കാരണം. അഭയകേന്ദ്രങ്ങളുടെ അഭാവവും പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കുന്നു. മാലിന്യ സംസ്കരണത്തിലെ അശാസ്ത്രീയമായ രീതികളും തെരുവ് നായകളുടെ എണ്ണം വർദ്ധിക്കാൻ ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
പേവിഷബാധയെക്കുറിച്ചുള്ള ആശങ്കയും വർദ്ധിച്ചിട്ടുണ്ട്. വാക്സിൻ സ്വീകരിച്ചിട്ടും പേവിഷബാധയേറ്റ് കുട്ടികൾ മരിച്ച സംഭവം ജില്ലയെ ഞെട്ടിച്ചിരുന്നു. തെരുവ് നായ ആക്രമണങ്ങളിൽ പരിക്കേറ്റ് നിരവധി പേരാണ് ദിനംപ്രതി ആശുപത്രികളിൽ ചികിത്സ തേടുന്നത്.
നായ്ക്കളെ നിയന്ത്രിക്കുന്നതിനും പേവിഷബാധ തടയുന്നതിനും പഞ്ചായത്തുകളും നഗരസഭകളും അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. മുടങ്ങിക്കിടക്കുന്ന എ.ബി.സി. പദ്ധതി പുനരാരംഭിക്കണമെന്നും, തെരുവ് നായകൾക്ക് അഭയകേന്ദ്രങ്ങൾ ഒരുക്കണമെന്നും, മാലിന്യ സംസ്കരണം കാര്യക്ഷമമാക്കണമെന്നും പൊതുജനങ്ങൾ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അനാസ്ഥക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങളും ഉയരുന്നുണ്ട്.