Movies
പാലാക്കാട്ട് പെരുവെമ്പ് ക്ഷേത്രത്തിൽ ദർശനത്തിനെത്തി നടൻ അജിത്ത് കുമാർ. താരത്തിന്റെ തന്നെ കുടുംബക്ഷേത്രമായ ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രത്തിലാണ് മകൾ അനൗഷ്കയ്ക്കൊപ്പം അജിത്ത് ദർശനം നടത്തിയത്. ആറുമാസത്തിനിടെ രണ്ടാം തവണയാണ് താരം പാലാക്കാട് എത്തുന്നത്.
എന്നാൽ ഇത്തവണ മകൾ മാത്രമായിരുന്നു താരത്തിനൊപ്പം ഉണ്ടായിരുന്നത്. കഴിഞ്ഞ തവണ ശാലിനിയും മകനും അജിത്തുമായിരുന്നു ക്ഷേത്രദർശനം നടത്തിയത്.
Kerala
പാലക്കാട്: കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആറു വയസുകാരൻ സുഹാന്റെ മൃതദേഹം സംസ്കരിച്ചു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടിനാണ് സഹോദരനുമായി പിണങ്ങിയ സുഹാനെ വീട്ടിൽ നിന്നും കാണാതാകുന്നത്. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഞായറാഴ്ച രാവിലെ വീടിനു സമീപത്തുള്ള കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.
പോസ്റ്റ്മോര്‍ട്ടത്തിനുശേഷം സുഹാൻ പഠിച്ച റോയൽ നഴ്സറി സ്കൂളിൽ മൃതദേഹം പൊതുദര്‍ശനത്തിനുവച്ചു. ആറുവയസുകാരനെ ഒരുനോക്ക് കാണാൻ നൂറുകണക്കിന് പേരാണ് നഴ്സറി സ്കൂളിലെത്തിയത്. തുടർന്ന് വീട്ടിലെ പൊതുദർശനം പൂർത്തിയാക്കി മൃതദേഹം മാട്ടു മന്ത ജുമാ മസ്ജിദിൽ സംസ്കരിച്ചു.
സുഹാന്റേത് മുങ്ങി മരണമാണെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. കാണാതായി 21 മണിക്കൂറിനുശേഷമാണ് സുഹാന്റെ മൃതദേഹം കുളത്തിൽ നിന്നും കണ്ടെത്തിയത്.
Kerala
പാലക്കാട്: നഗരസഭ വൈസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ നിന്ന് യുഡിഎഫ് കൗൺസിലറെ ഒഴിവാക്കി. കൗൺസിൽ ഹാളിൽ വോട്ടെടുപ്പ് നടപടികൾ പുരോഗമിക്കുന്നതിനിടെ വൈകിയെത്തിയെന്ന കാരണത്താലാണ് യുഡിഎഫ് കൗൺസിലർ പ്രശോഭിനെ ഒഴിവാക്കിയത്.
കൗൺസിൽ യോഗം ആരംഭിച്ച് 2.37 നാണ് അദ്ദേഹം ഹാളിലെത്തിയത്. ബിജെപി അംഗങ്ങൾ എതിർപ്പുമായി രംഗത്ത് വന്നതോടെ റിട്ടേണിംഗ് ഓഫീസർ ഇദ്ദേഹത്തോട് പുറത്തുപോകാൻ ആവശ്യപ്പെടുകയായിരുന്നു.
ഗുളിക വാങ്ങാൻ പോയതിനാലാണ് വൈകിയതെന്ന് പ്രശോഭ് വിശദീകരിച്ചെങ്കിലും പ്രതിഷേധക്കാർ വഴങ്ങിയില്ല. ഇതോടെ 17 അംഗങ്ങൾ മാത്രമാണ് യുഡിഎഫിൽ നിന്ന് വോട്ടെടുപ്പിൽ പങ്കെടുത്തത്. .
Kerala
പാലക്കാട്: കാരൾ സംഘത്തിന് നേരെ ആക്രമണം നടത്തിയ കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. ഞായറാഴ്ച രാത്രിയിൽ പാലക്കാട് പുതുശേരിയിലുണ്ടായ സംഭവത്തിൽ ആർഎസ്എസ് പ്രവർത്തകൻ അശ്വിൻ രാജനാണ് അറസ്റ്റിലായത്.
കാരളിന് ഉപയോഗിച്ചിരുന്ന ബാന്റിൽ സിപിഎം എന്ന് എഴുതിയിരുന്നത് ചോദ്യം ചെയ്തായിരുന്നു ആക്രമണം. ആക്രമണത്തിൽ കുട്ടികൾ അടക്കമുള്ളവർക്കു പരിക്കേറ്റിരുന്നു. പ്രതി അശ്വിൻ രാജിനെതിരെ ഉടൻ കോടതിയിൽ ഹാജരാക്കും.
Kerala
പാലക്കാട്: വാളയാറിൽ ഇതര സംസ്ഥാന തൊഴിലാളിയെ ആൾക്കൂട്ടം ആക്രമിച്ചു കൊന്നതിനു പിന്നിൽ ആര്‍എസ്എസ് നേതാക്കളെന്ന് മന്ത്രി എം.ബി.രാജേഷ്. ബംഗ്ലാദേശിയെന്ന് ആക്ഷേപിച്ചാണ് രാം നാരായണനെ ആള്‍ക്കൂട്ടം ആക്രമിച്ചത്.
ആര്‍എസ്എസ് നേതാക്കളാണ് ഇതിന് നേതൃത്വം നൽകിയത്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കും. സംഘപരിവാര്‍ രാജ്യമാകെ പടര്‍ത്തിക്കൊണ്ടിരിക്കുന്ന വര്‍ഗീയ വംശീയ വിഷത്തിന്റെ ഇരയാണ് രാം നാരായണ്‍.
സര്‍ക്കാര്‍ രാം നാരായണന്റെ കുടുംബത്തിനൊപ്പമാണെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ 18 നാണ് ഛത്തീസ്ഗഢ് സ്വദേശിയായ രാം നാരായണനെ മോഷ്ടാവെന്ന് ആരോപിച്ച് ഒരു സംഘം ആളുകൾ മര്‍ദിച്ചത്. നീ ബംഗ്ലാദേശി ആണോടാ എന്നടക്കം ചോദിച്ചായിരുന്നു മര്‍ദനം.
Kerala
പാലക്കാട്: കാറിനു തീപിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച വൈകുന്നേരം നാലിന് മുണ്ടൂർ വേലിക്കാട് റോഡിലുണ്ടായ സംഭവത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. ഈ കാറിൽ വന്നയാൾ സമീപത്തുള്ള പമ്പിൽ നിന്ന് പെട്രോൾ വാങ്ങിയെന്ന് പോലീസിനു വിവരം ലഭിച്ചു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയപ്പോഴേക്കും കാർ പൂർണമായി കത്തിനശിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
കാർ മുണ്ടൂർ വേലിക്കാട് സ്വദേശിയുടേതാണെന്ന് പോലീസിന് വിവരം ലഭിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി.
Kerala
പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുസ്തകം വായിച്ച് ആകൃഷ്ടനായി സിപിഎം നേതാവും പൊൽപുള്ളി പഞ്ചായത്ത് പ്രസിഡന്റുമായ ബാലഗംഗാധരൻ ബിജെപിയിൽ ചേർന്നു. 20 വർഷം സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന ബാലഗംഗാധരൻ നിലവിൽ പൊൽപുള്ളി പഞ്ചായത്ത് പ്രസിഡന്റാണ്.
പാർട്ടി വ്യക്തിയധിഷ്ടിതമായതിനാലാണ് സിപിഎം വിട്ടതെന്ന് ബാലഗംഗാധരൻ പറഞ്ഞു. പാർട്ടി തന്നെ പലപ്പോഴും മാറ്റിനിർത്തി. സത്യം പറഞ്ഞതിനാണ് മാറ്റിനിർത്തിയതെന്നും ബാലഗംഗാധരൻ പറഞ്ഞു.
ബാലഗംഗാധരനെ ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ ബിജെപിയിലേക്ക് സ്വീകരിച്ചു. ബാലഗംഗാധരന്റെെ പാർട്ടി മാറ്റത്തെക്കുറിച്ച് സിപിഎം ഇതുവരെ പ്രതികരിച്ചിട്ടില്ല.
Kerala
പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കണ്ട് നിയുക്ത കൗൺസിലർമാർ. സംഭവത്തിൽ പാലക്കാട് കോൺഗ്രസിൽ അതൃപ്തി പുകയുകയാണ്.
നഗരസഭയിലെ മൂന്നു നിയുക്ത കൗൺസിലർമാരാണ് എംഎൽഎ ഓഫീസിൽ എത്തി രാഹുലിനെ കണ്ടത്. പാർട്ടി വിലക്ക് ലംഘിച്ചെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം.
എന്നാൽ എംഎൽഎയെന്ന നിലയിലാണ് രാഹുൽ മാങ്കൂട്ടത്തിനിലെ കണ്ടതെന്നും പാർട്ടി നടപടിയെടുത്തയാളെ കണ്ടതിൽ എന്താണ് തെറ്റെന്നുമാണ് നിയുക്ത കൗൺസിലർമാരുടെ പ്രതികരണം.
Kerala
പാലക്കാട്: മൂന്നു ദിവസം മുമ്പ് നിരത്തിലിറക്കിയ ഥാർ ജീപ്പ് ഓട്ടത്തിനിടെ കത്തിനശിച്ചു. കോഴിക്കോട് - പാലക്കാട് ദേശീയപാതയിൽ കരിങ്കല്ലത്താണിയിൽ ശനിയാഴ്ച വൈകുന്നേരം 4.30 നായിരുന്നു സംഭവം.
മൂന്ന് ദിവസം മുമ്പാണ് മണ്ണാർക്കാട് സ്വദേശി പുതിയ ഥാർ വാങ്ങിയത്. തീപിടിച്ച സമയത്ത് വാഹനത്തിൽ ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർ ഉണ്ടായിരുന്നു. ഉടൻ തന്നെ ഇരുവരും ചാടിയിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി.
വാഹനം പൂർണമായി കത്തിനശിച്ചു. ഫയർഫോഴ്സ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Kerala
പാലക്കാട്: യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ അന്വേഷണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കോയമ്പത്തൂരിലേക്ക് മുങ്ങിയെന്ന് സൂചന. ഇതോടെ ഒരു സംഘം തമിഴ്നാട് കേന്ദ്രീകരിച്ചും അന്വേഷണം നടത്തുകയാണ്. ഇതുമായി ബന്ധപ്പെട്ട ഇന്റലിജൻസ് വിവരങ്ങളെല്ലാം അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
കോയമ്പത്തൂർ കേന്ദ്രീകരിച്ച് വ്യാപകമായി പരിശോധന നടത്തുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി ക്രൈം ബ്രാഞ്ച് സംഘം പാലക്കാട്ടെ കുന്നത്തൂർ മേട്ടിലെ രാഹുലിന്റെ ഫ്ലാറ്റിൽ പരിശോധന നടത്തി. പരമാവധി തെളിവു ശേഖരിക്കുന്നതിനായാണ് ഇന്നലെ രാത്രി തന്നെ സംഘം പാലക്കാട് എത്തിയത്.
പരിശോധന പൂർത്തീകരിച്ചതിന് ശേഷം ഉദ്യോഗസ്ഥർ പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തിയി. ജില്ലയിലെ ഉദ്യോഗസ്ഥരുമായി കൂടിയാലോചനകൾ നടത്തുകയാണ്. രാഹുലിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം പോലീസ് നിരീക്ഷണത്തിലാണ്.
Kerala
പാലക്കാട്: തൃത്താലയിൽ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന നാലു വയസുകാരനു നേരെ തെരുവുനായകളുടെ ആക്രമണം. തൃത്താല തച്ചറാകുന്നത്ത് കോട്ടയിൽ അഷ്റഫിന്റെ മകൻ ബിലാലിനാണ് (നാല്) ഗുരുതര പരിക്കേറ്റത്.
കുട്ടിയുടെ മുഖം നായക്കൂട്ടം കടിച്ചുകീറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Kerala
പാലക്കാട്: ബിജെപി സ്ഥാനാർഥി പട്ടികയിൽ പരസ്യമായി പ്രതിഷേധമറിയിച്ച് പാലക്കാട് മുന്‍ നഗരസഭാ അധ്യക്ഷ പ്രമീള ശശിധരൻ. സംഘടന പിടിക്കാൻ കൃഷ്ണകുമാർ പക്ഷം ഏകപക്ഷീയമായി പട്ടിക തയാറാക്കി.
സ്വന്തം വാർഡിലെ സ്ഥാനാർഥിയെ അറിഞ്ഞത് ഇന്നലെ വൈകുന്നേരമാണ്. ഇതിൽ സംസ്ഥാന നേതൃത്വത്തോട് അതൃപ്തി അറിയിച്ചിട്ടുണ്ട്. സ്ഥാനാർഥി പ്രഖ്യാപന കൺവെൻഷനിൽ ക്ഷണിച്ചില്ല.
ചെയർപേഴ്സൺ ആയിരുന്ന അവസാന കാലഘട്ടത്തിൽ ഒരു വിഭാഗം ഒറ്റപ്പെടുത്തി ക്രൂശിച്ചു. പല പരിപാടികളിലേക്കും കാണിക്കാറില്ല. ക്ഷണിച്ച പരിപാടികളിലേക്ക് കക്ഷിരാഷ്ട്രീയം നോക്കാതെ പോകാറുണ്ട്.
രാഹുൽ മാങ്കൂട്ടത്തിലിനെപ്പം വേദി പങ്കിട്ടതും അതുകൊണ്ടാണ്. തന്റെ പ്രവർത്തനം കൊണ്ടാണ് പാലക്കാട് നഗരസഭയിലെ പല വാർഡുകളിലും ബിജെപി സ്ഥാനാർഥികൾക്ക് വിജയിക്കാൻ കഴിഞ്ഞതെന്നും പ്രമീള ശശിധരന് പറഞ്ഞു.
Kerala
പാലക്കാട്: കല്പാത്തി രഥോത്സവത്തിന്റെ ഭാഗമായുള്ള ദേവരഥ സംഗമം ഇന്ന് നടക്കും. വിശാലാക്ഷി സമേതവിശ്വനാഥസ്വാമി ക്ഷേത്രത്തിന് സമീപം തേരുമുട്ടിയിലാണ് ഗ്രാമപ്രദക്ഷിണത്തിന് ശേഷം രഥങ്ങള്‍ സംഗമിക്കുക.
വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി, ഗണപതി, വള്ളിദൈവാന സമേത സുബ്രഹ്മണ്യസ്വാമി, മന്തക്കര മഹാഗണപതി തേരുകളാണു പ്രദക്ഷിണ വഴികളിലുള്ളത്. രണ്ടാം തേരുനാളായ ശനിയാഴ്ച പുതിയ കല്പാത്തി മന്തക്കര മഹാഗണപതിയുടെ സ്ഥാനാരോഹണം നടന്നു.
മൂന്നാം തേരുനാളായ ഞായറാഴ്ച രാവിലെ പഴയകല്പാത്തി ലക്ഷ്മീനാരായണ പെരുമാളിന്റെയും ചാത്തപുരം പ്രസന്നമഹാഗണപതിയുടെയും രഥാരോഹണം നടക്കും. ഇന്നലെയും നൂറുകണക്കിനുപേരാണ് കല്‍പാത്തിയിലെത്തിയത്.
Kerala
പാലക്കാട്: പത്താം ക്ലാസ് വിദ്യാർഥിയെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പാലക്കാട് വിളയന്നൂർ പാലാട്ട് വീട്ടിൽ ഗിരീഷ് -റീത്ത ഭമ്പതികളുടെ മകൻ അഭിനവ് ആണ് മരിച്ചത്.
കണ്ണാടി ഹയർസെക്കൻഡറി സ്കൂൾ 10-ാം ക്ലാസ് വിദ്യാർഥിയാണ് അഭിനവ്. വൈകിട്ടാണ് വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളായി അഭിനവ് സ്കൂളിൽ പോയിരുന്നില്ല. കഴിഞ്ഞമാസം കണ്ണാടി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി അർജുൻ ജീവനൊടുക്കിയിരുന്നു.
Kerala
പാലക്കാട്: കളിക്കുന്നതിനിടെ നിർമാണം പൂർത്തിയാകാത്ത വീടിന്റെ ഭിത്തി ഇടിഞ്ഞു വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. പാലക്കാട് അട്ടപ്പാടി കരുവാര ഊരിലുണ്ടായ ദാരുണമായ സംഭവത്തിൽ അജയ് - ദേവി ദമ്പതികളുടെ മക്കളായ ആദി (ഏഴ്), അജ്നേഷ് (നാല്) എന്നിവരാണ് മരിച്ചത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അഭിനയ (ആറ്) എന്ന കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം നടന്ന വീടിന്റെ തൊട്ടടുത്താണ് മരിച്ച കുട്ടികളുടെ വീട്. എട്ടു വർഷമായി ഈ വീട് ഉപയോഗ ശൂന്യമായി കിടക്കുകയായിരുന്നു. വീടിന്റെ സൺഷേഡിൽ കയറി കളിക്കുന്നതിനിടെയായിരുന്നു അപകടം.
കുട്ടികൾ സാധാരണയായി ഈ വീട്ടിൽ കളിക്കാൻ പോകാറുണ്ടായിരുന്നുവെന്നും അപകടം നടന്നതിനു പിന്നാലെ കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ വൈകിയെന്നും നാട്ടുകാർ പറഞ്ഞു. മുക്കാലിയിൽ നിന്ന് നാലു കിലോമീറ്റർ അകലെ ഉൾവനത്തിലാണ് കരുവാര ഉന്നതി.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടികളെ സ്കൂട്ടറിലാണ് വനംവകുപ്പിന്റെ ഓഫീസിലേക്കെത്തിച്ചത്. അവിടെ നിന്ന് വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
മൊബൈൽ സിഗ്നൽ സംവിധാനം ലഭ്യമല്ലാത്ത ഇടമാണ് കരുവാര ഉന്നതി. അതിനാൽ തന്നെ അപകട വിവരം പുറത്തറിയാനും വൈകി. ഗുരുതരമായി പരിക്കേറ്റ അഭിനയെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി.
Kerala
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ ശാസ്ത്രമേളയുടെ ഉദ്ഘാടന ചടങ്ങിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി വേദി പങ്കിട്ടതിൽ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി.
തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയെ ഒഴിവാക്കി നിർത്തുന്നത് ശരിയല്ലെന്നാണ് തങ്ങളുടെ നിലപാട്. രാഹുൽ മാങ്കൂട്ടത്തിൽ സ്ഥലം എംഎൽഎയാണ്. രാഹുലിനെ ശിക്ഷിക്കുകയോ കുറ്റക്കാരനെന്നു കണ്ടെത്തുകയോ ചെയ്തിട്ടില്ലെന്നും ശിവൻകുട്ടി പറഞ്ഞു.
അയാളുടെ മണ്ഡലത്തിലാണ് പരിപാടി നടന്നത്. രാഹുൽ കുറ്റക്കാരൻ ആണെങ്കിൽ വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയുടെ ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാരായ എം.ബി.രാജേഷ്, വി.ശിവൻകുട്ടി എന്നിവർക്കൊപ്പമാണ് രാഹുൽ വേദി പങ്കിട്ടത്.
അതേസമയം രാഹുൽ പരിപാടിയിൽ പങ്കെടുത്തതിൽ പ്രതിഷേധിച്ച് ബിജെപി കൗൺസിലർ വേദി വിട്ടിറങ്ങി. പാലക്കാട് നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി കൃഷ്ണകുമാറാണ് പ്രതിഷേധിച്ച് വേദി വിട്ടത്. സ്ത്രീവിരുദ്ധ പ്രവർത്തികൾ ചെയ്യുന്ന എംഎൽഎയ്ക്കൊപ്പം വേദി പങ്കിടാൻ താത്പര്യമില്ലെന്ന് മിനി കൃഷ്ണകുമാർ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികാതിക്ര പരാതികൾ ഉയർന്നതിന് പിന്നാലെ ഇടത് സംഘടനകൾ അദ്ദേഹത്തെ പരിപാടികളിൽ പങ്കെടുപ്പിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. മണ്ഡലത്തിലെ പരിപാടികളിൽ രാഹുലിനെ പങ്കെടുപ്പിക്കില്ലെന്നും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഡിവൈഎഫ്ഐ പറഞ്ഞിരുന്നു.
Kerala
പാലക്കാട്: സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയുടെ ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാർക്കൊപ്പം വേദി പങ്കിട്ട് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. മന്ത്രിമാരായ എം.ബി.രാജേഷ്, വി.ശിവൻകുട്ടി എന്നിവർക്കൊപ്പമാണ് രാഹുൽ വേദി പങ്കിട്ടത്.
അതേസമയം രാഹുൽ പരിപാടിയിൽ പങ്കെടുത്തതിൽ പ്രതിഷേധിച്ച് ബിജെപി കൗൺസിലർ വേദി വിട്ടിറങ്ങി. പാലക്കാട് നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി കൃഷ്ണകുമാറാണ് പ്രതിഷേധിച്ച് വേദി വിട്ടത്. സ്ത്രീവിരുദ്ധ പ്രവർത്തികൾ ചെയ്യുന്ന എംഎൽഎയ്ക്കൊപ്പം വേദി പങ്കിടാൻ താത്പര്യമില്ലെന്ന് മിനി കൃഷ്ണകുമാർ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികാതിക്ര പരാതികൾ ഉയർന്നതിന് പിന്നാലെ ഇടത് സംഘടനകൾ അദ്ദേഹത്തെ പരിപാടികളിൽ പങ്കെടുപ്പിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. മണ്ഡലത്തിലെ പരിപാടികളിൽ രാഹുലിനെ പങ്കെടുപ്പിക്കില്ലെന്നും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഡിവൈഎഫ്ഐ പറഞ്ഞിരുന്നു.
Kerala
പാലക്കാട്: സംസ്ഥാന സ്കൂൾ ശാസ്ത്രമേളയുടെ ഉദ്ഘാടനം മന്ത്രി വി.ശിവന്‍കുട്ടി നിർവഹിച്ചു. 14 ജില്ലകളിൽ നിന്നായി പതിനായിരത്തോളം ശാസ്ത്ര പ്രതിഭകളാണ് മേളയിൽ പങ്കെടുക്കുന്നത്.
ശാസ്ത്രം, ഗണിതം, ഐടി, പ്രവൃത്തി പരിചയം, സാമൂഹ്യശാസ്ത്രം, വൊക്കേഷണൽ വിഭാഗങ്ങളിലാണ് മത്സരങ്ങൾ. മാനുവൽ പരിഷ്കരിച്ച ശേഷമുള്ള സമ്പൂർണ ശാസ്ത്രമേള ആറ് വേദികളിലായാണ് നടക്കുന്നത്. അടുത്ത വർഷം മുതൽ ശാസ്ത്രമേളയ്ക്ക് സ്വർണക്കപ്പ് ഏർപ്പെടുത്തുമെന്നും സമ്മാനത്തുകയും വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
സ്കൂളുകളിൽ പ്രാർഥനയിലെ ഏകീകരണം നടത്തും. എല്ലാ സ്കൂളിലും ഒരുപോലെയുള്ള പാട്ട് പാടണം. ചില മത സംഘടനകളുടെ സ്കൂളുകളിൽ പ്രത്യേക വിഭാഗത്തിന്റെ പ്രാർഥന നടക്കുന്നു. വിദ്യാർഥിയായതുകൊണ്ട് മാത്രം അത് പാടേണ്ടി വരുകയാണെന്നും മന്ത്രി പറഞ്ഞു.
Kerala
കോഴിക്കോട്: പേരാമ്പ്രയില്‍ ഷാഫി പറമ്പിൽ എംപിക്ക് മര്‍ദനമേറ്റ കേസിൽ രണ്ട് ഡിവൈഎസ്പിമാർക്ക് സ്ഥലംമാറ്റം. വടകര ഡിവൈഎസ്പി ആര്. ഹരിപ്രസാദിനെ കോഴിക്കോട് മെഡിക്കൽ കോളജ് എസിപിയായി നിയമിച്ചു. പേരാമ്പ്ര ഡിവൈഎസ്പി എന്‍. സുനിൽകുമാറിന് ക്രൈംബ്രാഞ്ച് സിറ്റി എസിപിയായി നിയമനം നല്കി. മാര്‍ച്ച് നിയന്ത്രിക്കാന്‍ ചുമതലപ്പെട്ടിരുന്ന രണ്ടു ഉദ്യോഗസ്ഥരായിരുന്നു ഇരുവരും.
സംസ്ഥാനത്ത് 23 ഡിവൈഎസ്പിമാരെയും രണ്ടു പ്രമോഷൻ ഡിവൈഎസ്പിമാരെയും മാറ്റി നിയമിച്ചതിന്റെ ഭാഗമാണ് ഈ സ്ഥലംമാറ്റങ്ങൾ. കോഴിക്കോട് വിജിലൻസ് ഇൻസ്പെക്ടർ എം.പി.രാജേഷിനെ സ്ഥാനക്കയറ്റം നൽകി പേരാമ്പ്രയിലെ ഡിവൈഎസ്പിയായും കോഴിക്കോട് മെഡിക്കൽ കോളജ് ഡിവിഷൻ എസിപി എ. ഉമേഷിനെ വടകര ഡിവൈഎസ്പിയായും നിയമിച്ചു.
പേരാമ്പ്ര സംഘര്‍ഷത്തില്‍ പോലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എംപി നേരത്തെ പരാതി നൽകിയിരുന്നു. രണ്ടു ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള പോലീസ് മർദിച്ചെന്നും റൂറൽ എസ്പി പരസ്യമായി സമ്മതിച്ച സാഹചര്യത്തിൽ പോലീസുകാർക്കെതിരേ അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്.
സംഭവത്തില്‍ ഉത്തരവാദികളായ പോലീസുകാരെ അഞ്ചു ദിവസത്തിനകം കണ്ടെത്തി നടപടി സ്വീകരിച്ചില്ലെങ്കില്‍ കടുത്ത പ്രക്ഷോഭത്തിലേക്ക് പോകുമെന്ന് കോണ്‍ഗ്രസ് മുന്നറിയിപ്പു നല്‍കിയിരുന്നു.
നേരത്തെ ഷാഫി പറമ്പില്‍ എംപിക്ക് നേരെയുള്ള പോലീസ് അതിക്രമത്തില്‍ വടകര റൂറല്‍ എസ്പി കെ.ഇ. ബൈജു വീഴ്ച സമ്മതിച്ചിരുന്നു.
Kerala
പാലക്കാട്: എംഎൽഎ ഫണ്ട് ഉപയോഗിച്ച് പിരായിരിയിൽ നിർമിച്ച റോഡ് ഉദ്ഘാടനത്തിനെത്തിയ രാഹുൽ മാങ്കൂട്ടത്തിലിനെ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഉദ്ഘാടനത്തിനായി വരുന്നതിനിടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ കാര്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു.
തുടർന്ന് കാറിനു മുകളിൽ ഡിവൈഎഫ്ഐയുടെ പതാകയും വച്ചു. ഇതോടെ കാറിനു പുറത്തിറങ്ങിയ രാഹുൽ പ്രദേശത്തെ വീടുകളിൽ കയറി ആളുകളുമായി സംസാരിക്കുകയും പിന്നീട് റോഡ് ഉദ്ഘാടനം ചെയ്യുകയുമായിരുന്നു.
എന്നാൽ കൂക്കി വിളികളും മുദ്രാവാക്യങ്ങളുമായി ഡിവൈഎഫ്ഐ പ്രവർത്തകർ രാഹുലിനെ പിന്തുടർന്നു. ഇതിനിടെ ബിജെപി പ്രവർത്തകരും പ്രതിഷേധവുമായി എത്തി. തുടർന്ന് യൂത്ത്കോൺഗ്രസ് പ്രവർത്തകർ എംഎൽഎയെ തോളിലേറ്റിയാണ് യോഗസ്ഥലത്തേക്ക് എത്തിച്ചത്.
വിവാദങ്ങള്‍ക്കുശേഷം രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലത്തിലെ പരിപാടികളിൽ രഹസ്യമായിട്ടാണ് പങ്കെടുത്തിരുന്നത്. എന്നാൽ പിരായിരിയിലെ റോഡ് എംഎൽഎ ഉദ്ഘാടനം ചെയ്യുമെന്ന് കാണിച്ച് ഫ്ലക്സ് ഉൾപ്പടെ നേരത്തെ സ്ഥാപിച്ചിരുന്നു.
പരിപാടിയിൽ പ്രതിഷേധവുമായി എത്തുമെന്ന് ബിജെപിയും ഡിവൈഎഫ്ഐയും അറിയിച്ചിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.
Kerala
കോഴിക്കോട്: പേരാമ്പ്രയിലെ സംഘര്‍ഷത്തിനിടെ ഷാഫി പറമ്പിൽ എംപിക്ക് പോലീസ് മർദനമേറ്റ സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. കോൺഗ്രസ് കോഴിക്കോട് ജില്ലാ നേതൃത്വമാണ് പരാതി നൽകിയത്.
വടകര ഡിവൈഎസ്പി ഹരിപ്രസാദ്, പേരാമ്പ്ര ഡിവൈഎസ്പി സുനിൽകുമാർ, ഷാഫിയെ ലാത്തി കൊണ്ടടിച്ച സിവിൽ പോലീസ് ഓഫീസർ എന്നിവർക്കെതിരെ നടപടി വേണമെന്നാണ് പരാതിയിലെ ആവശ്യം. നടപടിയില്ലെങ്കിൽ കോഴിക്കോട് റൂറൽ എസ്പിയുടെ ഔദ്യോഗിക വസതി ഉപരോധിക്കുമെന്നും കോൺഗ്രസ് മുന്നറിയിപ്പ് നൽകുന്നു.
അതേസമയം, സംഭവത്തിൽ പാർലമെന്റ് പ്രിവിലേജ് കമ്മിറ്റിക്ക് ഷാഫി പറമ്പിൽ ഉടൻ പരാതി നൽകും.
Kerala
പാലക്കാട്: ഷാഫി പറമ്പിലിനെതിരായ ആരോപണങ്ങളിൽ ഉറച്ചുനില്‍ക്കുന്നുവെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു. അനാവശ്യമായി കോലിട്ടിളക്കാൻ വന്നാൽ അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യക്തിപരമായി ഉയരുന്ന അശ്ലീലങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ സിപിഎമ്മിന് താത്പര്യമില്ല. ആരെങ്കിലും പറയുന്നത് കേട്ട് അഭിപ്രായം പറയുന്നവരല്ല സിപിഎമ്മെന്നും വ്യക്തതയുള്ള കാര്യങ്ങളെ പറയൂവെന്നും സുരേഷ് ബാബു പറഞ്ഞു.
Kerala
പാലക്കാട്: നീണ്ട 38 ദിവസങ്ങൾക്കു ശേഷം 39-ാം നാൾ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാടെത്തി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന സേവ്യറിന്റെ സഹോദരൻ മരിച്ചിരുന്നു. അവരെ കാണാനാണ് രാഹുൽ പാലക്കാട് എത്തിയത്.
രാവിലെ മരണവീട്ടിലെ സന്ദർശനത്തിനു ശേഷം സമീപത്തെ കടകളിലും മറ്റുമെത്തി എല്ലാവരേയും കണ്ട് പരിചയം പുതുക്കി. ഹസ്തദാനം ചെയ്തും കെട്ടിപ്പിടിച്ചും രാഹുൽ സജീവമായി. മാധ്യമപ്രവർത്തകർ ചോദ്യങ്ങളുമായി എത്തിയപ്പോൾ ഞാൻ മാധ്യമങ്ങളെ സ്ഥിരമായി കാണാറുണ്ടല്ലോ എന്നായിരുന്നു രാഹുലിന്റെ മറുപടി.
ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം മണ്ഡലത്തിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ. ലൈംഗിക ആരോപണങ്ങളെ തുടർന്ന് കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാഹുലിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. വിവാദങ്ങൾ രൂക്ഷമായതോടെ രാഹുൽ പാലക്കാട് മണ്ഡലത്തിലേക്ക് വന്നിരുന്നില്ല. ഓഗസ്റ്റ് 17 നാണ് രാഹുൽ പാലക്കാട് നിന്നും പോയത്. 20 നാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം പുറത്ത് വന്നത്.
അതേസമയം, എംഎൽഎ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചിന് സാധ്യതയുള്ളതിനാൽ രാഹുലിന്റെ ഓഫീസിന് പോലീസ് സുരക്ഷ വർധിപ്പിച്ചു. രാഹുലിനെ എംഎൽഎ ഓഫീസിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്നും പൊതുപരിപാടിയിൽ പങ്കെടുത്താൽ തടയുമെന്നും ബിജെപി നേതൃത്വം വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ അനുവാദത്തോടെയാണ് രാഹുൽ പാലക്കാട് മണ്ഡലത്തിലേക്ക് എത്തിയിരിക്കുന്നതെന്നും പ്രതിഷേധിക്കുമെന്നും ഡിവൈഎഫ്ഐ പറഞ്ഞു.
ജനകീയ പ്രതിഷേധമാണ് ഡിവൈഎഫ്ഐ നടത്തുകയെന്നും പാലക്കാട്ടെ നേതാക്കൾ പറഞ്ഞു. രാഹുലിനെ തടഞ്ഞാൽ സംഘർഷസാധ്യതയുള്ളതിനാൽ വളരെ കരുതലോടെ മാത്രമേ പ്രതിഷേധം നടത്തൂവെന്നും ഡിവൈഎഫ്ഐ നേതാക്കൾ വ്യക്തമാക്കി.
District News
പാലക്കാട് ജില്ലയിൽ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. നാട്ടുകൽ സ്വദേശിയായ 38 വയസ്സുകാരിക്ക് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്. യുവതിയുടെ നില ഗുരുതരമാണെന്നാണ് ആരോഗ്യവകുപ്പ് വൃത്തങ്ങൾ അറിയിക്കുന്നത്.
രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിലാണ്. രോഗിയുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കി വരികയാണ്. സമ്പർക്കത്തിൽ വന്നവരെ നിരീക്ഷണത്തിലാക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. പൂനെ വൈറോളജി ലാബിൽ നിന്നുള്ള പരിശോധനാഫലമാണ് നിപ സ്ഥിരീകരിച്ചതിന് ആധാരം.
സംസ്ഥാനത്ത് ഏകദേശം രണ്ട് മാസങ്ങൾക്ക് മുൻപും നിപ വ്യാപനം റിപ്പോർട്ട് ചെയ്തിരുന്നു. മലപ്പുറത്ത് അന്ന് ഗുരുതരാവസ്ഥയിലായ ഒരു രോഗി ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ പാലക്കാടും കോഴിക്കോടും മലപ്പുറത്തും പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.