National
ബംഗുളൂരു: കർണാടകയിൽ കാണാതായ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. പ്രീതം എന്ന കുട്ടിയാണ് മരിച്ചത്.
കനകപുര റോഡിൽ പൈപ്പ്ലൈൻ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിന് സമീപമുള്ള ഓടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ജനുവരി 29 ന് കുട്ടിയെ കാണാനില്ലെന്ന് പ്രീതത്തിന്റെ കുടുംബം പോലീസിൽ പരാതിപ്പെട്ടിരുന്നു.
ജനുവരി 31 ന് ഓടയിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്നാണ് കുട്ടിയുടെ മൃതദേഹം ശ്രദ്ധയിൽപ്പെട്ടത്. തുറന്ന് കിടക്കുന്ന ഓടയിൽ മൃതദേഹം പൊങ്ങിക്കിടക്കുകയായിരുന്നു.
പ്രീതം അബദ്ധത്തിൽ വീണതാണോ എന്നും ഓട തുറന്നതാരാണ് എന്നുമുള്ള അന്വേഷണങ്ങൾ പോലീസ് ആരംഭിച്ചിരിക്കുകയാണ്.
National
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഭജന്പുരയില് ആറ് വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു.
10, 13, 14 വയസുകളുള്ള പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ചികിത്സയിലാണ്.
നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് പെണ്‍കുട്ടിയെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ നോര്‍ത്ത് ഈസ്റ്റ് പോലീസ് കേസെടുത്തു.
പ്രതികളില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തതായും മൂന്നാമത്തെ കുട്ടിയെയും കുടുംബത്തെയും കാണാനില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജനുവരി 18 ന് വൈകുന്നേരം ഏഴിനാണ് സംഭവം നടന്നതെന്ന് പെണ്‍കുട്ടിയുടെ അമ്മ പറയുന്നു. രക്തസ്രാവത്തോടെയാണ് കുട്ടി വീട്ടിലേക്ക് എത്തിയത്.
Kerala
കൊച്ചി: രണ്ടു വയസുകാരനെ ട്രെയിനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ചില മലയാളം വാക്കുകൾ പറയുന്നുണ്ടെങ്കിലും കുട്ടി മലയാളിയാണോയെന്ന് ഉറപ്പിക്കാൻ കഴിയില്ലെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ പതിനേഴിന് പൂനെ - എറണാകുളം എക്സ്പ്രസിലാണ് കുഞ്ഞിനെ ഉപേക്ഷിപ്പിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തൃശൂരിനും ആലുവയ്ക്കും ഇടയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് മാതാപിതാക്കള്‍ കടന്നു കളഞ്ഞിട്ടുണ്ടാകാമെന്നാണ് അനുമാനം.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. കുട്ടിയെ കാണാതായതു സംബന്ധിച്ച് എവിടെയും പരാതി ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ കുട്ടിയെ ആസൂത്രിതമായി ഉപേക്ഷിച്ചതാണെന്നാണ് പോലീസിന്റെ നിഗമനം.
Kerala
ബംഗുളൂരു: കർണാടകയിൽ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന ആൺകുട്ടിയുടെ പരാതിയിൽ പോലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ.
ബംഗളുരുവിലെ ആർടി നഗർ പരിസരത്തുള്ള പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ യമുന നായിക് ആണ് അറസ്റ്റിലായത്. പ്രീ-യൂണിവേഴ്സിറ്റി വിദ്യാർഥിയാണ് ലൈംഗീക പീഡന ആരോപണം ഉന്നയിച്ചത്.
ഇയാൾ ഫ്രീഡം പാർക്കിൽ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം. പോക്സോ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
National
മുംബൈ: പുനെയിൽ കളിക്കുന്നതിനിടെ കാറിടിച്ച് അഞ്ച് വയസുകാരൻ മരിച്ചു. നിഷ്കർഷ് അശ്വത് സ്വാമി എന്ന കുട്ടിയാണ് മരിച്ചത്.
റസിഡൻഷ്യൽ സൊസൈറ്റിയുടെ പരിസരത്ത് കുട്ടി കളിക്കുന്നതിനിടെ പെട്ടെന്നെത്തിയ കാർ ഇടിക്കുകയായിരുന്നു. കാറോടിച്ചയാൾ ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും മരണസംഭവിച്ചു.
അപകടസമയം കുട്ടിക്കൊപ്പം മുത്തശിയുണ്ടായിരുന്നു. കുട്ടിയുടെ പിതാവ് അശ്വത് നാരായൺ സ്വാമിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
Kerala
ആലപ്പുഴ: ചെങ്ങന്നൂർ തൊട്ടിയാട്ട് ബക്കറ്റിൽ വീണ് രണ്ടുവയസുകാരൻ മരിച്ചു. ടോം-ജിൻസി ദമ്പതികളുടെ മകൻ അക്സ്റ്റൺ പി. തോമസ് ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് സംഭവം. കുളിമുറിയിലെ ബക്കറ്റിലാണ് കുട്ടി വീണത്. കുഞ്ഞിനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ബക്കറ്റിൽ വീണ നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഒരുവയസുകാരന്റെ മരണത്തിൽ കുഞ്ഞിന്റെ മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്യുന്നു. കുഞ്ഞിന്റെ വയറ്റിൽ ക്ഷതം ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. ശനിയാഴ്ചയാണ് ദുരൂഹ സാഹചര്യത്തിൽ കുഞ്ഞ് മരിച്ചത്.
മരണകാരണം ആന്തരിക രക്തസ്രാവമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്യുന്നത്. നേരത്തെ, മാതാപിതാക്കളെ അന്വേഷണസംഘം ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ചോദ്യം ചെയ്യലിൽ ദുരൂഹതയൊന്നും കണ്ടത്താനായില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.
കുട്ടിയുടെ മാതാപിതാക്കൾ തമ്മിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് നിലവിലെ കണ്ടത്തൽ. അച്ഛൻ കൊടുത്ത ബിസ്കറ്റ് കഴിച്ച ശേഷമാണ് കുട്ടി കുഴഞ്ഞ് വീണത് എന്നായിരുന്നു ആദ്യത്തെ ആരോപണം. പക്ഷേ പോലീസ് ഇത് ശരിവച്ചിട്ടില്ല.
വെള്ളിയാഴ്ച്ച രാത്രിയാണ് നെയ്യാറ്റിൻകര കവളാകുളം സ്വദേശികളായ ഷിജിന്റെയും കൃഷ്ണപ്രിയയുടെയും മകനായ ഇഹാൻ കുഴഞ്ഞ് വീണത്. പിന്നാലെ കുട്ടിയെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ശനിയാഴ്ച്ച പുലർച്ചെ കുട്ടി മരിക്കുകയായിരുന്നു
Kerala
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്റെ മരണത്തിൽ ദുരൂഹത. സംഭവത്തിൽ കുഞ്ഞിന്റെ പിതാവ് ഷിജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഷിജിൻ നൽകിയ ബിസ്കറ്റ് കഴിച്ച ശേഷം കുഞ്ഞ് മരിച്ചുവെന്നാണ് ആരോപണം.
ശനിയാഴ്ചയാണ് കുട്ടിയുടെ പിതാവിനെ കസ്റ്റഡിയിലെടുത്തത്. രാത്രിയിലും നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഷിജിനെ ചോദ്യം ചെയ്തു. കുട്ടിയുടെ മരണകാരണം ഫോറൻസിക് ഡോക്ടർമാരുമായുളള ചർച്ചക്ക് ശേഷമേ സ്ഥിരീകരിക്കൂ എന്ന് പോലീസ് അറിയിച്ചു.
നെയ്യാറ്റിൻകര കവളാകുളം സ്വദേശിയായ ഷിജിൻ്റെയും കൃഷ്ണപ്രിയയുടേയും മകൻ ഇഖാൻ വെള്ളിയാഴ്ച രാത്രിയാണ് കുഴഞ്ഞുവീണ് മരിച്ചത്. ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
പത്തനംതിട്ട: അടൂരിൽ വീടുപണിക്കു വേണ്ടി സൂക്ഷിച്ചിരുന്ന ജനൽ പാളി ദേഹത്തേയ്ക്ക് വീണ് ഏഴ് വയസുകാരൻ മരിച്ചു. അടൂർ ഏഴംകുളം അറുകാലിക്കൽ വെസ്റ്റ് ചരുവിള പുത്തൻവീട്ടിൽ തനൂജ് കുമാറിന്റേയും ആര്യയുടേയും മകൻ ദ്രുപത് തനൂജ് ആണ് മരിച്ചത്.
ഓമല്ലൂർ കെവിയിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു. ഇന്ന് രാവിലെ 10-നായിരുന്നു സംഭവം. വീടുപണിക്കു വേണ്ടി സൂക്ഷിച്ചിരുന്ന ജനൽ കട്ടളയാണ് അബദ്ധത്തിൽ ദ്രുപതിന്റെ ശരീരത്തിലേയ്ക്ക് വീണത്. തലയ്ക്കാണ് പരിക്കേറ്റത്. ഉടൻ അടൂരിലെ സ്വകാര്യ ആശുപത്രയിൽ എത്തിച്ചെങ്കിലും മരിച്ചു.
കോന്നി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകുന്നേരത്തോടെ മൃതദേഹം വീട്ടിൽ എത്തിച്ചു. അടൂർ ഹോളി ഏഞ്ചൽസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ അദ്വൈതാണ് സഹോദരൻ. ദ്രുപതിന്റെ സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച 11ന് വീട്ടുവളപ്പില്‍ നടക്കും.
Kerala
തിരുവനന്തപുരം: പ്രാവുകളുടെ കൂടുകള്‍ കാണിച്ചുകൊടുക്കാമെന്നു പറഞ്ഞു കൂട്ടിക്കൊണ്ടുപോയി കൗമാരക്കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ ഒളിവിലായിരുന്ന പ്രതികള്‍ പിടിയില്‍.
കുറ്റകൃത്യം ചെയ്ത ശേഷം ഒളിവില്‍പോയ രണ്ടു പേരെ ബെംഗ്ലുരുവില്‍നിന്നു പൂന്തുറ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മാണിക്യവിളാകം സ്വദേശികളായ അഷ്കര്‍ (31), ഇയാളുടെ സുഹ്യത്ത് മുഹമ്മദ് റാസിക്(31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു സംഭവം. പ്രതികളുമായി പരിചയമുളള 17കാരനെ പ്രാവുകളെ വളര്‍ത്തുന്ന കൂടുകള്‍ കാണിച്ചുകൊടുക്കാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ച ശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ഇരുവരും ചേര്‍ന്നു പീഡിപ്പിക്കുകയായിരുന്നു. കുട്ടി വീട്ടുകാരെ അറിയിച്ചതിനെത്തുടര്‍ന്നു പൂന്തുറ പോലീസില്‍ പരാതി നല്കി.
ഇതോടെ പ്രതികള്‍ ആദ്യം ചെന്നൈയിലേക്കും തുടര്‍ന്ന് ബംഗളൂരുവിലേക്കും കടക്കുകയായിരുന്നു. പിടിയിലായവര്‍ ഇതേ പ്രതികള്‍ ബീമാപളളി സ്വദേശിനിയുടെ വീട്ടില്‍ക്കയറി അക്രമം കാണിച്ച കേസിലും പ്രതികളാണെന്നു പൂന്തുറ പോലീസ് പറഞ്ഞു. പൂന്തുറ എസ്എച്ച്ഒ സജീവിന്റെ നേത്യത്വത്തില്‍ എസ്ഐമാരായ വി.സുനില്‍, എസ്.എസ്. ശ്രീജേഷ്, എഎസ്ഐ ഗോഡ്വിന്, സിപിഒമാരായ രാജേഷ്, സനല്‍, അനീഷ് എന്നിവരുള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Kerala
മലപ്പുറം: കളിക്കുന്നതിനിടെ കല്ല് തൊണ്ടയിൽ കുടുങ്ങി ഒരു വയസുകാരന് ദാരുണാന്ത്യം. ചങ്ങരംകുളം പള്ളിക്കര തെക്കുമുറി സ്വദേശി മഹ്റൂഫിന്റെ മകന് അസ്ലം നൂഹാണ് മരിച്ചത്.
ഞായറാഴ്ച രാവിലെ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു കുട്ടി. ഇതിനിടെ മണ്ണ് വാരി വായിലിടുന്നതിനിടെ ചെറിയ കല്ല് തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു.
കുഞ്ഞിനെ ഉടൻ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ മരിച്ചു.
Kerala
പാലക്കാട്: ചിറ്റൂരില്‍ കാണാതായ ആറ് വയസുകാരൻ സുഹാന്റെ മൃതദേഹം കണ്ടെത്തി. 21 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ വീടിന് സമീപത്തെ കുളത്തിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതലാണ് കുട്ടിയെ കാണാതായത്.
അമ്പാട്ടുപാളയം എരുമൻകോട് മുഹമ്മദ് അനസ്– തൗഹിത ദമ്പതികളുടെ ഇളയമകനാണ് സുഹാൻ. കളിക്കുന്നതിനിടെ സഹോദരനോട് പിണങ്ങിയാണ് സുഹാൻ വീട്ടിൽ നിന്നും ഇറങ്ങിയത്.
സാധാരണ കുട്ടികൾ തമ്മിൽ ഉണ്ടാകാറുള്ള പിണക്കം മാത്രമായിരുന്നു അത്. എന്നാൽ കുറച്ചു സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാതിരുന്നതോടെയാണ് തിരച്ചിൽ നടത്തിയത്. സുഹാന്റെ അമ്മ നീലഗിരി പബ്ലിക് സ്കൂൾ അധ്യാപികയാണ്. കുട്ടിയെ കാണാതാകുമ്പോൾ അമ്മ സ്കൂളിലെ ആവശ്യത്തിനായി പോയതായിരുന്നു.
സുഹാനുവേണ്ടി നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും പോലീസിന്റെയും നേതൃത്വത്തിലാണ് തിരച്ചിൽ നടന്നത്. ഡോഗ് സ്ക്വാഡിലെ നായ വന്നു നിന്ന കുളത്തെ കേന്ദ്രീകരിച്ചായിരുന്നു കൂടുതൽ അന്വേഷണം. മൊബൈൽ ടവർ കേന്ദ്രീകരിച്ചും പോലീസ് പരിശോധന നടത്തിയിരുന്നു.
ചിറ്റൂര്‍, അമ്പാട്ടുപാളയം മേഖലകളില്‍ വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല.
ശനിയാഴ്ച രാത്രിവരെ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായിരുന്നില്ല. ഞായറാഴ്ച രാവിലെ തിരച്ചിൽ പുനഃരാരംഭിച്ചിരുന്നു. തുടർന്ന് 8.30 ഓടെയാണ് കുട്ടിയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തിയത്.
Kerala
തൃശൂർ: ചേർപ്പിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് വയസുകാരൻ മരിച്ചു. ചേർപ്പ് ചൊവ്വൂർ ചെറുവത്തേരി ചക്കാലക്കൽ അരുൺ കുമാറിന്റെ കൃഷ്ണപ്രിയയുടെയും മകൻ കൃഷ്ണസ്വരൂപ് (ആറ്) ആണ് മരിച്ചത്.
തൃപ്പൂണിത്തുറ ഭവൻസ് സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥിയായിരുന്നു. ഇന്ന് ഉച്ചയോടെ ചൊവ്വൂർ മോഴിപറമ്പിൽ ഫർണീച്ചർ ഷോറൂമിന് മുന്നിലായിരുന്നു അപകടം.
ചെറുവത്തേരി കീഴ്തൃക്കോവിൽ ക്ഷേത്രം പത്താമുദയം മഹോത്സവം കാണാൻ അരുൺ കുമാറും കൃഷ്ണസ്വരൂപും പോയിരുന്നു. ഉത്സവം കണ്ട് മടങ്ങുമ്പോൾ എതിർദിശയിൽ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കൃഷ്ണസ്വരൂപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പരിക്കേറ്റ അരുൺകുമാർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കൃഷ്ണസ്വരൂപിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
National
അഹമ്മദാബാദ്: ഗുജറാത്തിലെ അമ്രേലി ജില്ലയിൽ അഞ്ച് വയസുകാരനെ പുള്ളിപ്പുലി കടിച്ചുകൊന്നു. ധാരി പട്ടണത്തിലെ ഗോപാൽഗ്രാം ഗ്രാമത്തിലാണ് സംഭവം.
രാവിലെ ഒൻപതോടെ അമ്മയ്ക്കൊപ്പം നടന്നുപോവുകയായിരുന്ന കുട്ടിയെ പുലി വലിച്ചിഴച്ചു കൊണ്ട് പോവുകയായിരുന്നുവെന്ന് ഇൻ ചാർജ് അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (എസിഎഫ്) പ്രതാപ് ചന്തു പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ സാഹിൽ കട്ടാര എന്ന കുട്ടിയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസംഭവിച്ചു.
അതേസമയം, പുലിയെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. മേഖലയിൽ കൂടുകൾ സ്ഥാപിച്ചുവെന്നും പുലിയെ ഉടൻതന്നെ പിടികൂടുമെന്നും അധികൃതർ വ്യക്തമാക്കി.
Kerala
കോഴിക്കോട്: കാക്കൂരിൽ നാടിനെ നടുക്കി ദാരുണ കൊലപാതകം. ആറു വയസുകാരനെ അമ്മ കൊലപ്പെടുത്തി. ആറു വയസുകാരനെ അമ്മ കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയത്.
സംഭവത്തിൽ അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർ മാനസിക പ്രശ്നത്തിന് ചികിത്സയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു. മകനെ കൊലപ്പെടുത്തിയശേഷം അമ്മ തന്നെ പോലീസ് കണ്ട്രോള് റൂമിൽ വിവരം അറിയിക്കുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും. പോലീസ് സംഭവത്തിൽ കേസെടുത്തു.
National
ജയ്പുർ: രാജസ്ഥാനിൽ ഏഴ് വയസുകാരനെ പുലി കൊന്നു. സവായ് മധോപുരിലെ രന്തംബോറിലെ ആറ്റില ബാലാജി ക്ഷേത്രത്തിന് സമീപമാണ് സംഭവം. വിക്രം ബഞ്ചാര ആണ് കൊല്ലപ്പെട്ടത്.
പിതാവിനൊപ്പം നടന്നുപോവുകയായിരുന്ന കുട്ടിയെ പുലി കടിച്ച് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. പിതാവിന്റെ നിലവിളി കേട്ടെത്തിയ ഗ്രാമവാസികൾ നടത്തിയ തിരച്ചിലിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. 25-30 കുടുംബങ്ങൾ താമസിക്കുന്ന ബഞ്ചാര സെറ്റിൽമെന്റിന് സമീപമാണ് സംഭവം നടന്നത്.
"സംഭവം ദാരുണമാണ്. കുടുംബത്തിന് സർക്കാരിൽ നിന്ന് സാധ്യമായ എല്ലാ സഹായവും ലഭിക്കും. ആക്രമണം നടത്തിയത് പുള്ളിപ്പുലിയാണെന്ന് വ്യക്തമാണ്. ക്ഷേത്രത്തിനടുത്തുള്ള ഹാൻഡ് പമ്പിന് സമീപത്തു നിന്നാണ് കുട്ടിയെ കൊണ്ടുപോയത്'.- ഡിഎഫ്ഒ മാനസ് സിംഗ് പറഞ്ഞു.
Kerala
തൃശൂര്‍: തമിഴ്നാട് വാല്‍പ്പാറയില്‍ നാലു വയസുകാരനെ പുലി കടിച്ചു കൊന്നു. ആയിപ്പാടി എസ്റ്റേറ്റിലെ തോട്ടം തൊഴിലാളിയുടെ മകന് സൈബുള്‍ ആണ് മരിച്ചത്.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചുകൊണ്ടുപോവുകയായിരുന്നു. വൈകിട്ട് ഏഴ് മുതല്‍ കുട്ടിയെ കാണാനില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ തേയിലത്തോടത്തില് നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പുലി തന്നെയാണ് ആക്രമിച്ചതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം.
Kerala
തൃശൂര്‍: ഇന്‍സ്റ്റഗ്രാമില്‍ ചീത്ത വിളിച്ചെന്ന് ആരോപിച്ച് ദേശമംഗലത്ത് കൗമാരക്കാരന് ആൾക്കൂട്ട മർദനം. ജസീമിന്(19)ആണ് മർദനമേറ്റത്.
വ്യാഴാഴ്ച ദേശമംഗലം പഞ്ചായത്തിന്റെ സമീപത്തുള്ള റോഡിലൂടെ നടന്നുവരികയായിരുന്നു ജസീം. ഈ സമയം സംഘം ചേര്‍ന്ന് 19കാന്റെ മുഖത്തും ശരീരത്തിലും ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഘം ചവിട്ടുന്നതും 19കാരന് റോഡിലേക്കും വീഴുന്നതും ദൃശ്യങ്ങളിലുണ്ട്.
മര്‍ദനത്തില്‍ പരിക്കേറ്റ ജസീം സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജിലും ചികിത്സ തേടി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിനിയോഗത്തെക്കുറിച്ചുള്ള ആക്ഷേപമാണ് മര്‍ദനത്തിനു കാരണമെന്നാണ് പറയുന്നത്. പള്ളം സ്വദേശികളായ യുവാക്കളാണ് മര്‍ദിച്ചത്. സംഭവത്തിൽ 13പേര്‍ക്കെതിരേ ചെറുതുരുത്തി പോലീസ് കേസെടുത്തിട്ടുണ്ട്.