Kerala
പത്തനംതിട്ട: 2025 സെപ്റ്റംബർ 20നു പന്പയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തിന്റെ ചെലവുകൾ സംബന്ധിച്ച വിവാദങ്ങൾക്കിടെ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്കു പരാതി.
അയ്യപ്പസംഗമത്തിന് നന്ദഗോവിന്ദം ഭജൻസിന്റെ പേരിൽ എട്ടുലക്ഷം രൂപയുടെ ബില്ല് വന്നതാണ് വിവാദമായത്. നന്ദഗോവിന്ദം ഗ്രൂപ്പിനെ പരിപാടിക്കു ക്ഷണിക്കുകയോ അവർ എത്തുകയോ ചെയ്തിട്ടില്ല. എന്നാൽ അവതരിപ്പിക്കാത്ത പരിപാടിയുടെ പേരിൽ നൽകിയ ബില്ലിനെ സംബന്ധിച്ചും സംഗമത്തിന്റെ വർധിത ചെലവിനെക്കുറിച്ചും അന്വേഷിക്കണമെന്നാണ് വിജിലൻസിൽ പരാതി ലഭിച്ചത്.
ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിംഗാണ് സംബന്ധിച്ച് പരാതി വിജിലൻസ് ഡയറക്ടർക്ക് നല്‍കിയത്.
അയ്യപ്പസംഗമത്തിൽ ഗായകൻ ഇഷാൻദേവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഭക്തിഗാന സദസ് അവതരിപ്പിച്ചത്. ഉദ്ഘാടനചടങ്ങിന് ഒരു മണിക്കൂർ മുന്‍പ് അവസാനിക്കത്തക്ക രീതിയിലായിരുന്നു ക്രമീകരണം.
Business
ന്യൂഡൽഹി: കൊച്ചിയിലെ സ്റ്റീൽ അഥോറിറ്റി ഓഫ് ഇന്ത്യ (സെയിൽ) ബ്രാഞ്ച് ഓഫീസും സ്റ്റോക്ക് യാർഡും തരംതാഴ്ത്തി നിർത്തലാക്കാനുള്ള നീക്കത്തിൽനിന്നു പിന്തിരിയണമെന്നാവശ്യപ്പെട്ട് ബെന്നി ബെഹനാൻ എംപി കേന്ദ്ര ഉരുക്ക് മന്ത്രി എച്ച്.ഡി. കുമാരസ്വാമിക്കു നിവേദനം നൽകി. കേരളത്തിന്റെ വ്യാവസായിക, പശ്ചാത്തല വികസന മേഖലകളെ തകർക്കുന്ന നീക്കമാണിതെന്ന് എംപി പറഞ്ഞു
ഐഎൻഎസ് വിക്രാന്ത് ഉൾപ്പെടെയുള്ള പ്രതിരോധപദ്ധതികൾക്കും കൊച്ചി മെട്രോ, കൊച്ചിൻ ഷിപ്പ്യാർഡ്, ബിപിസിഎൽ തുടങ്ങിയ പൊതുമേഖലാസ്ഥാപനങ്ങൾക്കും ആവശ്യമായ ഉരുക്ക് എത്തിക്കുന്നതിൽ കൊച്ചി സെയിൽ യൂണിറ്റ് നിർണായക പങ്ക് വഹിക്കുന്നുണ്ട്.
ഈ സ്ഥാപനത്തിന്റെ പ്രവർത്തനം കോയമ്പത്തൂരിലേക്കു മാറ്റുന്നത് സ്വകാര്യ ഉരുക്ക് മാഫിയകൾക്കു വിപണിയിൽ മേധാവിത്വം നൽകാനും വിലക്കയറ്റത്തിനും കാരണമാകും. ഇത് ചെറുകിട വ്യവസായങ്ങളെയും സാധാരണക്കാരെയും ഒരുപോലെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ 10,000 മെട്രിക് ടൺ ഉരുക്ക് സംഭരിക്കേണ്ട കൊച്ചിയിൽ സ്റ്റോക്ക് 2,000 ടണ്ണായി കുറഞ്ഞത് അടിയന്തരമായി പരിഹരിക്കണമെന്നും കൊച്ചി ശാഖയെ കേരളത്തിന്റെ സ്ഥിരം തന്ത്രപ്രധാന കേന്ദ്രമായി ശക്തിപ്പെടുത്തണമെന്നും എംപി ആവശ്യപ്പെട്ടു. വിഷയം ഗൗരവമായി പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകി.
Kerala
തിരുവനന്തപുരം: 2019ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആന്റോ ആന്റണി രണ്ടു കോടി വാങ്ങിയെന്ന നെടുംപറന്പിൽ ഫിനാൻസ് ഉടമ എൻ.എം. രാജുവിന്റെ വെളിപ്പെടുത്തലിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി സിപിഎം.
വാങ്ങിയത് കള്ളപ്പണമാണോ എന്ന് ആന്റോ ആന്റണി വ്യക്തമാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു. അക്കൗണ്ടിലൂടെയാണോ പണം വാങ്ങിയത്. കള്ളപ്പണമാണോ എന്ന് വ്യക്തമാക്കേണ്ടത് ആന്റോ ആന്റണിയാണെന്നും ഗോവിന്ദൻ പറഞ്ഞു.
അതേസമയം ആന്റോ ആന്റണിക്കെതിരെയും എൻ.എം. രാജുവിനെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷകൻ സുഭാഷ് തീക്കാടൻ വിജിലൻസിനു പരാതി നൽകി.
പണമിടപാടിൽ വ്യക്തത വരാനുണ്ടെന്നും കണക്കിൽ പെടാത്ത പണമാണ് ഇതിനായി ഉപയോഗിച്ചതെന്നുമാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇ മെയിൽ മുഖേനയാണ് പരാതി നൽകിയിരിക്കുന്നത്.
നിക്ഷേപകരുടെ തുകയാണ് യാതൊരു രേഖകളുമില്ലാതെ വിശ്വാസത്തിന്റെ പേരിൽ ആന്റോയ്ക്കു നൽകിയതെന്നായിരുന്നു രാജുവിന്റെ വെളിപ്പെടുത്തൽ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പേരിലാണ് പലിശ വ്യവസ്ഥയിൽ പണം വാങ്ങിയത്.
ഏഴ് വർഷം കഴിയുമ്പോഴും നാളിതുവരെ 20 ലക്ഷം രൂപ മാത്രമാണ് തിരിച്ചു നൽകിയത്. സ്ഥാപനം പ്രതിസന്ധിയിലായ സമയത്ത് തന്റെ മകൾ നേരിട്ട് പോയി അപേക്ഷിച്ചിട്ടും ആന്റോ പണം തിരികെ തന്നില്ല. അക്കാലത്ത് താൻ യുഡിഎഫിന്റെ ഭാഗമായിരുന്നുവെന്നും രാജു പറഞ്ഞു.
രണ്ടു കോടി രൂപ വാങ്ങിയെന്നും 20 ലക്ഷം രൂപ മാത്രമേ മടക്കി നൽകിയുള്ളൂവെന്നുമുള്ള രാജുവിന്റെ ആരോപണം ആന്റോ ആന്റണി തള്ളിയിരുന്നു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് സഹായമെന്ന നിലയിൽ പണം വാങ്ങിയിരുന്നതായി ആന്റോ ആന്റണി പറഞ്ഞു. അദ്ദേഹം അന്ന് യുഡിഎഫിന്റെഭാഗമായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടുമാസത്തിനുശേഷം തുക തിരികെ നൽകുകയും ചെയ്തു.
പലരും അന്ന് സഹായിച്ചിട്ടുണ്ട്. തന്നെ മാത്രമല്ല സിപിഎമ്മിനെയും മറ്റു പാർട്ടികളെയും രാജു സഹായിച്ചിട്ടുണ്ട്. ഇടത് മുന്നണിയുടെ സമ്മർദത്തെ തുടർന്നാണ് രാജു ഇപ്പോൾ ആരോപണം ഉന്നയിക്കുന്നതെന്നും ആന്റോ ആന്റണി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പരാതിയുമായി ആദ്യ പരാതിക്കാരിയുടെ ഭർത്താവ് രംഗത്ത്. രാഹുല്‍ തന്റെ കുടുംബ ജീവിതം തകർത്തെന്ന് കാട്ടിയാണ് പരാതി സമർപ്പിച്ചിരിക്കുന്നത്.
നാട്ടുകല്‍ പോലീസിലാണ് പരാതി നല്‍കിയത്. നേരത്തെ മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇയാള്‍ പരാതി സമർപ്പിച്ചിരുന്നു. പരാതി നല്കി ഒരു മാസമായിട്ടും നടപടി ഉണ്ടായില്ലെന്നും യുവാവ് പറയുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബിഎൻഎസ് 84 പ്രകാരം കേസ് എടുക്കണമെന്നാണ് പരാതിയില്‍ പറയുന്നത്.
അതേസമയം, മൂന്നാം ബലാത്സംഗ കേസില്‍ രാഹുലിന് ഒരാഴ്ച മുമ്പ് ജാമ്യം ലഭിച്ചിരുന്നു. പത്തനംതിട്ട സെഷൻസ് കോടതിയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്.
ബലാത്സംഗ കുറ്റം നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും കോടതി ഉത്തരവിലുണ്ട്. വിവാഹ വാഗ്ദാനം നല്‍കിയുള്ള പീഡനം എന്നാണ് പരാതിക്കാരിയുടെ ആക്ഷേപം. എന്നാല്‍ നിലവിലെ വിവാഹബന്ധം വേർപ്പെടുത്താതെ എങ്ങനെ മറ്റൊരു ബന്ധത്തിലേക്ക് പോകാൻ കഴിയുമെന്ന് കോടതി ചോദിച്ചു.
പീഡനം നടന്നതായി പറയപ്പെടുന്നതിനു ശേഷവും എംഎല്‍എയുമായി സൗഹൃദ സംഭാഷണങ്ങള്‍ ഉണ്ടായിട്ടുണ്ട്. വാട്സ്ആപ്പ് ചാറ്റുകള്‍ അടക്കം തെളിവായി പ്രതിഭാഗം സമർപ്പിച്ചരുന്നു
Kerala
കൊല്ലം: ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചില്ലെന്ന് പരാതി. കൊട്ടാരക്കര നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം.
സ്കൂൾ മാനേജരുടെ നിർദേശപ്രകാരമാണ് അധ്യാപികയെ തടഞ്ഞതെന്നാണ് സെക്യൂരിറ്റി പറയുന്നത്. പിന്നാലെ പ്രധാന അധ്യാപിക ഗേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
പോലീസ് എത്തിയാണ് അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചത്. അതേസമയം, എന്ത് വസ്ത്രം ധരിച്ചും സ്കൂളില്‍ വരാമെന്നും തടയാൻ പറഞ്ഞിട്ടില്ലെന്നുമാണ് സ്കൂൾ മാനേജരുടെ വിശദീകരണം.
Kerala
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിലിനെതിരെ ചെങ്ങന്നൂര്‍ പോലീസില്‍ പരാതി നൽകി മന്ത്രി സജി ചെറിയാൻ. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചത് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്.
ആലപ്പുഴയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് യോഗത്തിലാണ് ബിനു ആരോപണം ഉന്നയിച്ചത്. ഇതിനെ തുടര്‍ന്ന് മന്ത്രി നല്കിയ പരാതിയില്‍ പോലീസ് നിയമ നടപടികള്‍ ആരംഭിച്ചു.
തനിക്കെതിരെ ബിനു നടത്തിയത് അടിസ്ഥാന രഹിതമായ ആരോപണങ്ങളെന്ന് സജി ചെറിയാന് പറഞ്ഞു. വിദ്വേഷം പടര്‍ത്തുന്ന പ്രസംഗത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
ആലപ്പുഴയിലെ സിപിഎം നേതാവിനെതിരെ ഉയര്‍ന്ന ലഹരി കടത്ത് ആരോപണത്തിലായിരുന്നു ബിനുവിന്റെ പരാമര്‍ശം. ലഹരിക്കടത്തില്‍ സജി ചെറിയാനും പങ്കുണ്ടെന്നാണ് ബിനു ചുള്ളിയില്‍ ആരോപിച്ചത്.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് പരാതി നൽകിയ ഡി.കെ. മുരളി എംഎൽഎയെ ഹിയറിംഗ് നടത്താൻ നിയമസഭ പ്രിവിലേജ് ആന്റ് എത്തിക്ക്സ് കമ്മിറ്റി. 23ന് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകാനാണ് മുരളിക്ക് നിർദേശം.
മുരളിയുടെ പരാതിയിൽ സാങ്കേതിക പിഴവുണ്ടെന്ന് എത്തിക്സ് കമ്മിറ്റിയിലെ പ്രതിപക്ഷ അംഗങ്ങൾ ഉന്നയിച്ചു. രാഹുലിന്റെ കേസുകൾ ഉയർത്തി വിഷയം ക്രമപ്രശ്നമായി ഉന്നയിക്കാൻ അവസരം നൽകണമെന്നാണ് ഡി.കെ. മുരളിയുടെ ആവശ്യം. ഇത്തരമൊരു ആവശ്യം എന്തിനാണ് എത്തിക്സ് കമ്മിറ്റി പരിഗണിക്കുന്നതെന്നായിരുന്നു പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യം.
മുരളിക്ക് പിന്നാലെ രാഹുലിനെ കൂടി കേട്ടശേഷമായിരിക്കും കമ്മിറ്റി തീരുമാനം. സാങ്കേതിക നടപടികൾ നീളുന്നതിനാൽ ഈ സമ്മേളന കാലത്ത് അന്തിമ നടപടിയുണ്ടാകില്ല. രാഹുലിനെ പുറത്താക്കിയെങ്കിലും എത്തിക്സ് കമ്മിറ്റി അയോഗ്യനാക്കുന്നതിനോട് കോൺഗ്രസിന് യോജിപ്പില്ല.
Kerala
കൊച്ചി: തൃക്കാക്കര എംഎൽഎ ഉമാ തോമസിനെതിരെ എഐസിസി നേതൃത്വത്തിന് പ്രവർത്തകരുടെ പരാതി.
കഴിഞ്ഞ മൂന്ന് വർഷമായി മണ്ഡലത്തിന്റെ പ്രവർത്തനങ്ങൾ ശ്രദ്ധിക്കുന്നതിൽ ഉമാ തോമസ് പരാജയപ്പെട്ടെന്നും എംഎൽഎ ഫണ്ട് വിനിയോഗിക്കുന്നതിൽ വീഴ്ച സംഭവിച്ചുവെന്നും പ്രവർത്തകർ ആരോപിക്കുന്നു.
എംഎൽഎ എന്ന നിലയിൽ ഉമാ തോമസ് വൻ പരാജയമാണെന്നും പ്രവർത്തകർ പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഉമാ തോമസിനെ വീണ്ടും മത്സരിപ്പിക്കരുതെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. കേരളത്തിന്റെ ചുമതലയുള്ള ദീപാ ദാസ് മുൻഷിക്കടമാണ് അഞ്ച് പരാതികൾ ലഭിച്ചിരിക്കുന്നത്.
Kerala
തൊടുപുഴ: യാത്രക്കാരനെ കെഎസ്ആർടിസി ജീവനക്കാർ മർദിച്ചു. ഇടുക്കി തൊടുപുഴ കെഎസ്ആര്‍ടിസി സ്റ്റാൻഡിൽ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
യാത്രക്കാരൻ മദ്യപിച്ച് ബസിൽ പ്രശ്നം ഉണ്ടാക്കിയെന്നാണ് കെഎസ്ആര്‍ടിസിയുടെ വിശദീകരണം. മൂന്നുജീവനക്കാർ ചേർന്ന് ഒരാളെ മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
യാത്രക്കാരൻ പരാതി നൽകാത്തതിനാൽ പോലീസ് കേസ് എടുത്തിട്ടില്ല. ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും ഇടുക്കി ഡിടിഒ അറിയിച്ചു.
National
ന്യൂഡൽഹി: മലപ്പുറം മുൻ എസ്പി സുജിത് ദാസ് ഉൾപ്പെടെ മൂന്ന് പോലീസുകാർക്കെതിരേ ഉന്നയിച്ച ബലാത്സംഗ പരാതിയിൽ കേസ് എടുക്കുന്നതിനുമുന്‍പ് പോലീസ് റിപ്പോർട്ട് പരിഗണിക്കണോ എന്ന് മജിസ്ട്രേറ്റ് കോടതിക്ക് തീരുമാനിക്കാമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് സുപ്രീംകോടതി ശരിവച്ചു.
പോലീസ് റിപ്പോർട്ട് തേടാതെ കേസ് രജിസ്റ്റർ ചെയ്യാനായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച് പൊന്നാനി മജിസ്ട്രേറ്റ് കോടതിക്കു നൽകിയ നിർദേശം. സിംഗിൾ ബെഞ്ചിന്റെ ഈ ഉത്തരവ് റദ്ദാക്കിയ ഡിവിഷൻ ബെഞ്ച് പോലീസ് റിപ്പോർട്ട് പരിഗണിക്കണോ എന്ന് മജിസ്ട്രേറ്റ് കോടതിക്ക് തീരുമാനിക്കാമെന്ന് വ്യക്തമാക്കിയതോടെയാണ് വിഷയം സുപ്രീംകോടതിയിൽ എത്തുന്നത്. ഹർജി പരിഗണിച്ച ജസ്റ്റീസുമാരായ ദീപാങ്കർ ദത്ത, മൻമോഹൻ എന്നിവരുടെ ബെഞ്ച് ഡിവിഷൻ ബെഞ്ചിന്റെ നിർദേശം ശരിവയ്ക്കുകയായിരുന്നു.
ബലാത്സംഗ കേസിൽ മേലുദ്യോഗസ്ഥരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും മജിസ്ട്രേറ്റ് കോടതിയുടെ തുടർനടപടി. കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരാതിയുമായി സമീപിച്ച പൊന്നാനി സ്വദേശിനിയായ വീട്ടമ്മയെ ബലാത്സംഗം ചെയ്തെന്നാണ് പരാതി.
പൊന്നാനി എസ്എച്ച്ഒ ആയിരുന്ന വിനോദ്, തിരൂർ ഡിവൈഎസ്പിയായിരുന്ന വി.വി.ബെന്നി, മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസ് എന്നിവരടക്കമുള്ളവർക്കെതിരെയായിരുന്നു പരാതി.
National
ന്യൂഡൽഹി: ആൾമാറാട്ടവും സൈബർ തട്ടിപ്പുമായും ബന്ധപ്പെട്ട് തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്കു പരാതി നൽകി സിബിസിഐ അധ്യക്ഷനും തൃശൂർ ആർച്ച്ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത്. തന്റെ ഫോട്ടോ ഉപയോഗിച്ച് ആൾമാറാട്ടം നടത്തി അജ്ഞാതർ പൊതുജനങ്ങളിൽനിന്നു പണം തട്ടാൻ ശ്രമിക്കുന്നുവെന്നാണ് പരാതി.
താനാണെന്ന തെറ്റായ അവകാശവാദം ഉന്നയിച്ച് അജ്ഞാതരായ തട്ടിപ്പുകാർ പുരോഹിതരെയും മത-രാഷ്ട്രീയ നേതാക്കളെയും പൊതുജനങ്ങളെയും സമീപിച്ച് പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്ന് ആർച്ച്ബിഷപ്പിന്റെ പരാതിയിൽ പറയുന്നു.
ചില സന്ദർഭങ്ങളിൽ തന്റെ ഫോട്ടോയുപയോഗിച്ച് വ്യത്യസ്ത പേരുകളാണ് തട്ടിപ്പുകാർ ഉപയോഗിക്കുക. സിബിസിഐയുമായി ബന്ധപ്പെട്ട ഓഫീസുകളുടെ തലവന്മാരാണെന്നോ സിബിസിഐ സെക്രട്ടറി ജനറലാണെന്നോ തെറ്റായി അവകാശപ്പെട്ടും തട്ടിപ്പുകാർ ആൾമാറാട്ടം നടത്തുന്നുണ്ടെന്ന് പരാതിയിൽ പറയുന്നു.
പണം തട്ടാനായി തട്ടിപ്പുകാർ വിവിധ രീതിയിലുള്ള ആശയവിനിമയങ്ങളാണ് നടത്തിയിട്ടുള്ളത്. ചിലയിടങ്ങളിൽ മറുതലയ്ക്കലുള്ളവരുടെ ഫോണുകളിൽ വന്ന ഒടിപി നന്പറുകൾ പങ്കുവയ്ക്കാനാണ് തട്ടിപ്പുകാർ ആവശ്യപ്പെട്ടിട്ടുള്ളത്. മറ്റു ചില സന്ദർഭങ്ങളിൽ സിബിസിഐയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാനെന്ന വ്യാജേന ഓണ്‍ലൈൻ വീഡിയോ കോണ്‍ഫറൻസിൽ പങ്കെടുക്കാനുള്ള ലിങ്കുകൾ തട്ടിപ്പുകാർ പങ്കുവച്ചിട്ടുണ്ട്.
താനോ തന്റെ ഓഫീസോ സിബിസിഐയുടെ അംഗീകൃത ഓഫീസുകളോ ഇത്തരം കോളുകൾ, സന്ദേശങ്ങൾ, വീഡിയോ കോണ്‍ഫറൻസ് ലിങ്കുകൾ, സാന്പത്തികസഹായ അഭ്യർഥനകൾ എന്നിവ പുറപ്പെടുവിച്ചിട്ടില്ലെന്നും അംഗീകാരം നൽകിയിട്ടില്ലെന്നും മാർ ആൻഡ്രൂസ് താഴത്ത് വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: വിളപ്പിൽശാല സർക്കാർ ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ യുവാവ് മരിച്ചതായി പരാതി. വിളപ്പിൽശാല കൊല്ലംകൊണം സ്വദേശി ബിസ്മീർ(37) ആണ് മരിച്ചത്.
ശ്വാസ തടസത്തിന് ചികിത്സയ്ക്കെത്തിയ രോഗി ചികിത്സ ലഭിക്കാതെ മരിച്ചുവെന്നാണ് പരാതി. ഗുരുതരാവസ്ഥയിൽ എത്തിച്ച ബിസ്മീറിന് ജീവനക്കാർ ഗേറ്റ് തുറന്നു നൽകിയില്ലെന്നും സിപിആറും ഓക്സിജനും നൽകാൻ തയാറായില്ലെന്നും കുടുംബം ആരോപിച്ചു.
സ്വിഗ്ഗി ജീവനക്കാരനാണ് മരിച്ച ബിസ്മിർ. സംഭവത്തിൽ കുടുംബം വിളപ്പിൽശാല മെഡിക്കൽ ഓഫീസർക്ക് പരാതി നൽകി.
Kerala
തിരുവനന്തപുരം: വിലക്ക് ലംഘിച്ച് മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്ത് സിനിമാ ചിത്രീകരണമെന്ന് പരാതി. സംവിധായകൻ അനുരാജ് മനോഹറിന്റെ പുതിയ സിനിമയുടെ ഷൂട്ടിംഗ് നടന്നതായി പരാതി കിട്ടിയെന്നു ദേവസ്വം അധ്യക്ഷൻ കെ. ജയകുമാർ പറഞ്ഞു.
മകരവിളക്ക് ഷൂട്ട് ചെയ്യാൻ അനുമതി തേടിയപ്പോൾ നിഷേധിച്ചിരുന്നുവെന്നും ഷൂട്ടിംഗ് നടന്നുവെന്ന് തനിക്ക് പരാതി കിട്ടിയെന്നുമാണ് ജയകുമാർ പറഞ്ഞത്. അന്വേഷിക്കാൻ ദേവസ്വം വിജിലൻസ് എസ്പിക്ക് നിർദേശം നൽകി. റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയെന്നു ജയകുമാർ അറിയിച്ചു.
അതേസമയം ഷൂട്ടിംഗ് നടന്നത് പമ്പയിൽ ആണെന്നാണ് സംവിധായകൻ അനുരാജ് പ്രതികരിച്ചത്. സന്നിധാനത്ത് മാധ്യമ പ്രവർത്തകർ നിൽക്കുന്ന സ്ഥലത്താണ് അനുമതി തേടിയത്. പമ്പ പശ്ചാത്തലമായ സിനിമയാണ്. ദേവസ്വം ബോർഡ് അധ്യക്ഷൻ അനുമതി നിഷേധിച്ചു എന്നത് ശരിയാണെന്നും അനുരാജ് പറഞ്ഞു.
പിന്നീട് എഡിജിപി എസ്. ശ്രീജിത്തിനെ സന്നിധാനത്ത് വച്ച് കണ്ടു. എിജിപിയാണ് പമ്പയിൽ ഷൂട്ട് ചെയ്യാൻ പറഞ്ഞത്. അന്വേഷണം നടക്കട്ടെ എന്നും അനുരാജ് പറഞ്ഞു.
Kerala
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തുന്നുവെന്ന് ആരോപിച്ച് കെ.സി.വേണുഗോപാൽ എംപി ഡിജിപിക്ക് പരാതിനൽകി. തന്റെ പേരും ചിത്രവും ദുരുപയോഗം ചെയ്ത് അപകീർത്തികരമായ പോസ്റ്റുകളിടുന്നു. ഇത്തക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.
ക്ഷേമപെൻഷൻ, ലൈഫ് പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട് ചില സോഷ്യൽ മീഡിയ ഹാൻഡിലുകൾ സത്യവിരുദ്ധമായ കാര്യങ്ങൾ താൻ പറഞ്ഞെന്ന വ്യാജേനയാണ് പ്രചരിപ്പിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ തന്നെ വ്യക്തിഹത്യ നടത്തുന്നതിലൂടെ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയാണ്.
അടിസ്ഥാന രഹിതമായ പ്രചരണം നടത്തിയവർക്കെതിരെ ബിഎൻഎസിലെയും ഐടി ആക്ടിലെയും വിവിധ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നും കെ.സി.വേണുഗോപാൽ പരാതിയിൽ ആവശ്യപ്പെട്ടു. പരാതിയിൽ നടപടി സ്വീകരിക്കുമെന്ന് ഡിജിപി പറഞ്ഞു.
Kerala
കോഴിക്കോട്: സാമൂഹിക മാധ്യമ അധിക്ഷേപത്തെ തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ അറസ്റ്റിലായ ഷിംജിത പയ്യന്നൂർ പോലീസിൽ പരാതി നൽകി. ബസിൽവച്ച് ലൈംഗികാതിക്രമം നേരിട്ടെന്നാണ് പരാതിയിൽ പറയുന്നത്.
ബുധനാഴ്ച രാത്രിയാണ് പയ്യന്നൂർ പോലീസിൽ ഇമെയിൽ മുഖേന പരാതി ലഭിച്ചത്. പരാതിയിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബസിൽ കയറിയെന്നും പയ്യന്നൂർ വരെ ബസിൽ യാത്ര ചെയ്യുമ്പോൾ ഒരു പുരുഷൻ തന്നെ മോശമായി സ്പർശിച്ചുവെന്നും പരാതിയിൽ പറയുന്നു. ഇത് വീഡിയോ ചിത്രീകരിച്ചു എന്നും ആ വീഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തെന്നുമാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. അതേസമയം പരാതിയിൽ വ്യക്തിയുടെ പേര് പറയുന്നില്ല.
ലൈംഗികാതിക്രമം ആരോപിക്കപ്പെടുന്ന വീഡിയോ പ്രചരിക്കപ്പെട്ടതില് മനംനൊന്താണ് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയതെന്നും സ്വകാര്യ ബസില്‍ അസ്വാഭാവികമായി എന്തെങ്കിലും നടന്നതിന് തെളിവ് ലഭിച്ചില്ലെന്നും ഷിംജിതയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.
Kerala
കോട്ടയം: നടൻ കൃഷ്ണപ്രസാദിനും ബിജെപി കൗൺസിലറായ സഹോദരൻ കൃഷ്ണകുമാറിനുമെതിരെ കേസ്.
മലിനജലം പറമ്പിലേക്ക് ഒഴുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് മർദിച്ചെന്ന അയൽവാസിയായ ഡോക്ടറുടെ പരാതിയിൽ ചങ്ങാനാശേരി പോലീസാണ് കേസെടുത്തത്. കോട്ടയം ഭാരത് ആശുപത്രിയിലെ ഡോ. ശ്രീകുമാറിനാണ് മർദനമേറ്റത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഡോക്ടർ ശ്രീകുമാര്‍ പുറത്തു വിട്ടു. അതേസമയം, മർദിച്ചിട്ടില്ലെന്നും നിയമലംഘനം ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നുമാണ് നടൻ കൃഷ്ണപ്രസാദിന്റെ പ്രതികരണം.
District News
നാദാപുരം: എടച്ചേരിയിൽ ബൈക്ക് യാത്രികനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി പണം കവർന്നതായി പരാതി. നടക്ക്താഴെ സ്വദേശി കൊയിലോത്ത് താഴെകുനി ഇബ്രാഹിം (58) ആണ് കവർച്ചക്കിരയായത്.
തിങ്കളാഴ്ച രാവിലെ 10.30ന് വില്യാപ്പള്ളിയിൽ നിന്ന് തലശേരിയിലേക്കുള്ള യാത്രയ്ക്കിടെ എടച്ചേരി -ഇരിങ്ങണ്ണൂർ റോഡിൽ വച്ചാണ് സംഭവം. ബൈക്കിന് മുന്നിൽ കാർ നിർത്തി ഇബ്രാഹിമിനെ ബലമായി കാറിൽ പിടിച്ചുകയറ്റി ഒന്‍പതുലക്ഷം രൂപ കവർന്നെന്നാണ് പരാതി.
മാസ്ക് ധരിച്ച് മുഖം മറച്ച നാലുപേർ അതിക്രമം നടത്തുകയും പണം കവർന്നശേഷം കാർ ഇരിങ്ങണ്ണൂർ ഭാഗത്തേക്ക് ഓടിച്ചുപോയതായും പരാതിക്കാരനെ റോഡിൽ ഇറക്കിവിട്ടതായും പറയുന്നു. സംഭവത്തിൽ എടച്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
തിരുവനന്തപുരം: കേരളത്തിലെ എല്ലാ ആരോഗ്യസ്ഥാപനങ്ങളും രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സേവനങ്ങളിൽ സുതാര്യത ഉറപ്പാക്കുന്നതിനുമായി ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമ വ്യവസ്ഥകൾ പാലിക്കണമെന്ന് ആരോഗ്യവകുപ്പ്.
ഒരു അത്യാഹിതം സംഭവിച്ച് വരുന്ന രോഗിയെ പ്രാഥമിക ചികിത്സ നൽകി അടിയന്തര സാഹചര്യം തരണം ചെയ്യാൻ സഹായിക്കേണ്ടത് സ്ഥാപനത്തിന്റെ ഉത്തരവാദിത്തമാണ്. മുൻകൂർ തുകയടച്ചില്ല, രേഖകളില്ല തുടങ്ങിയ കാരണങ്ങളാൽ ചികിത്സ നിഷേധിക്കരുത്. കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റണമെങ്കിൽ അതിനുള്ള യാത്രാസൗകര്യമൊരുക്കണം. ചികിത്സാ വിവരങ്ങളും കൈമാറണം. ഡിസ്ചാർജ് ചെയ്താലുടൻ എല്ലാ ചികിത്സാ രേഖകളും പരിശോധനാ റിപ്പോർട്ടുകളും രോഗിക്ക് നൽകണം.
രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പൊതുജനങ്ങൾ കാണുന്ന രീതിയിൽ സ്ഥാപനത്തിൽ പ്രദർശിപ്പിക്കണം. ആശുപത്രികൾ, ലബോറട്ടറികൾ, ദന്തചികിത്സാകേന്ദ്രങ്ങൾ, ആയുഷ് ആരോഗ്യകേന്ദ്രങ്ങൾ തുടങ്ങി കിടക്കകളോട് കൂടിയതോ അല്ലാത്തതോ ആയ രോഗനിർണ്ണയം അല്ലെങ്കിൽ പരിചരണം നൽകുന്ന സ്ഥാപനങ്ങളെല്ലാം നിയമപ്രകാരം ക്ലിനിക്കൽ സ്ഥാപനങ്ങളാണ്.
എല്ലാ ക്ലിനിക്കൽ സ്ഥാപനങ്ങളിലും ഒരു പരാതി പരിഹാര ഡസ്ക്/ഹെൽപ്പ് ലൈൻ ഉണ്ടാകേണ്ടതും എല്ലാ പരാതികൾക്കും തനതായ ഒരു റഫറൻസ് നമ്പർ നൽകി രജിസ്റ്റർ ചെയ്യേണ്ടതും പരാതി കക്ഷിക്ക് എസ്എംഎസ്, വാട്ട്സ്ആപ്പ് അല്ലെങ്കിൽ പേപ്പർ മുഖേന ഒരു കൈപറ്റ് രസീത് നൽകേണ്ടതുമാണ്.
ലഭിച്ച പരാതി ഏഴു പ്രവൃത്തി ദിനത്തിനുള്ളിൽ പരിഹരിക്കേണ്ടതും അപ്രകാരം പരിഹരിക്കപ്പെടാത്തതും ഗൗരവതരവുമായ പരാതികൾ ജില്ലാ രജിസ്റ്ററിംഗ് അഥോറിറ്റിക്ക്/ ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറേണ്ടതുമാണ്.
എല്ലാ ക്ലിനിക്കൽ സ്ഥാപനങ്ങളിലും ഒരു പരാതി രജിസ്റ്റർ ബുക്ക് രൂപത്തിലോ ഇലക്ട്രോണിക് രൂപത്തിലോ സൂക്ഷിക്കേണ്ടതും പരിശോധനയ്ക്ക് വിധേയപ്പെടുത്തേണ്ടതുമാണ്. ലഭിച്ച പരാതികളുടേയും അതിൻമേൽ എടുത്ത നടപടികളുടെയും സംക്ഷിപ്തം കോമ്പീറ്റന്റ് അഥോറിറ്റിക്ക് സമർപ്പിക്കുന്ന പ്രതിമാസ റിപ്പോർട്ടിന്റെ ഭാഗമാക്കേണ്ടതാണ്.
Kerala
തിരുവനന്തപുരം: എക്സൈസ് കമ്മീഷണർ എം.ആർ. അജിത് കുമാർക്കെതിരെ എക്സൈസ് മന്ത്രിക്ക് പരാതി നൽകി ഉദ്യോഗസ്ഥ സംഘടന. നയപരമല്ലത്ത നടപടികൾ സ്വീകരിക്കുന്നതായി എക്സൈസ് ഓഫീസേഴ്സ് അസോസിയേഷൻ ആരോപിച്ചു.
ഉദ്യോഗസ്ഥർക്കെതിരെ അകാരണമായി നടപടി സ്വീകരിക്കുന്നുവെന്നും ഇടുക്കിയിൽ ബാർ ലൈസൻസ് ലംഘനം നടത്തിയത് പിടികൂടിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചതും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, എക്സൈസ് മന്ത്രിക്ക് എക്സൈസ് ഉദ്യോഗസ്ഥർ എസ്കോർട്ട് പോകണമെന്ന എം.ആർ. അജിത് കുമാറിന്റെ നിർദേശം നേരത്തെ ചര്‍ച്ചയായിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് എക്സൈസ് കമ്മീഷണർ നിർദേശം നൽകിയത്.
എക്സൈസ് മന്ത്രി ഏത് ജില്ലയിൽ പോയാലും എക്സൈസ് പൈലറ്റ് ഉണ്ടാകണം. മന്ത്രി താമസിക്കുന്ന ഹോട്ടലിലും എക്സൈസ് ഉദ്യോഗസ്ഥരുണ്ടായിരിക്കണമെന്നും നിർദേശമുണ്ട്. സ്വന്തം പണം മുടക്കി എക്സൈസ് ഓഫീസുകൾ ഉദ്യോഗസ്ഥർ വൃത്തിയാക്കണമെന്നും നിർദേശമുണ്ട്.
Kerala
തിരുവനന്തപുരം: ഫ്ളാറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിച്ചെന്ന പരാതിയില്‍ ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയും മുൻമന്ത്രിയുമായ ഷിബു ബേബി ജോണിനെതിരെ കേസ്.
കുമാരപുരം സ്വദേശി അലക്സ് നല്കിയ പരാതിയിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തത്. ഷിബു ബേബി ജോണിന്റെയും കുടുംബത്തിന്റെയും പേരിലുള്ള ഭൂമിയില്‍ ഭൂമിയില്‍ ഫ്ളാറ്റ് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങിയെന്നാണ് പരാതി.
നിര്‍മാണ കമ്പനിയായി ആന്‍ഡ ഷിബു ബേബി ജോണിന്റെ കുടുംബത്തിന്റെ കഴക്കൂട്ടം ചാക്ക ബൈപ്പാസിലെ 40 സെന്റ് ഭൂമിയില്‍ നിര്‍മിക്കാനിരുന്ന ഫ്ളാറ്റുമായി ബന്ധപ്പെട്ടാണ് പരാതി.
ഫ്ളാറ്റ് നിര്‍മിച്ച് വില്‍ക്കുന്നതിന് ആന്‍ഡ നിര്‍മാണ കമ്പനിയുമായി ഷിബു ബേബി ജോണും കുടുംബവും ധാരണാപത്രം തയാറാക്കിയിരുന്നു. ഇത് പ്രകാരം പരാതിക്കാരനായ അലക്സ് ആന്‍ഡ കമ്പനിക്ക് രണ്ട് തവണയായി 15 ലക്ഷം രൂപ അലക്സ് കൈമാറിയിരുന്നു. ഷിബു ബേബി ജോണിന്റെ സാന്നിധ്യത്തിലായിരുന്നു പണം കൈമാറിയത്.
എന്നാല്‍, അഞ്ച് വര്‍ഷം പിന്നിട്ടിട്ടും ഫ്ളാറ്റ് നിര്‍മാണം മുന്നോട്ടുപോയില്ല. തുടര്‍ന്ന് തട്ടിപ്പിനിരയായെന്നും പണംതിരികെ വേണമെന്നും ചൂണ്ടിക്കാട്ടി അലക്സ് മെഡിക്കല്‍ കോളജ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ആദ്യം സിവില്‍ കേസാണെന്ന് ചൂണ്ടിക്കാട്ടി പോലീസ് പരാതി എഴുതി തള്ളിയിരുന്നു. എന്നാല്‍, പരാതിക്കാരന് പോലീസിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയതോടെയാണ് കേസെടുത്തത്.
എന്നാല്‍, താന്‍ പണം വാങ്ങിയിട്ടില്ലെന്നും നിയമവിരുദ്ധമായ കേസാണെന്നുമാണ് ഷിബു ബേബി ജോണിന്റെ നിലപാട്. നിര്‍മാണ കമ്പനിയുമായി ഭൂ ഉടമകള്‍ എന്ന നിലയിലാണ് ധാരണയുണ്ടാക്കിയതെന്നും ഷിബു ബേബി ജോണ്‍ വിശദീകരിക്കുന്നു.
National
ന്യൂഡൽഹി: ബിജെപി എംപി നിഷികാന്ത് ദുബെയ്ക്കെതിരായ അഴിമതി ആരോപണ പരാതി അഴിമതിവിരുദ്ധ ഓംബുഡ്സ്മാനായ ലോക്പാൽ തള്ളി.
അനധികൃതമായി സ്വത്ത് സന്പാദിച്ചെന്നാരോപിച്ച് സാമൂഹ്യപ്രവർത്തകനായ അമിതാബ് ഠാക്കൂർ നൽകിയ പരാതിയിലെ ആരോപണങ്ങൾ നിസാരമാണെന്നും ശല്യപ്പെടുത്തുന്നതാണെന്നും വിശേഷിപ്പിച്ചാണ് സുപ്രീംകോടതി മുൻ ജഡ്ജി എ.എം. ഖാൻവിൽക്കലർ അധ്യക്ഷനായ ലോക്പാൽ ബെഞ്ച് പരാതി തള്ളിയത്. ഠാക്കൂർ രാഷ്ട്രീയപരമോ വ്യക്തിപരമോ ആയ വിദ്വേഷങ്ങൾകൊണ്ടു പ്രവർത്തിക്കുകയാണെന്നും പരാതിയിൽ കഴന്പില്ലെന്നും ഖാൻവിൽക്കലർ ചൂണ്ടിക്കാട്ടി.
ജാർഖണ്ഡിലെ ഗോഡ്ഡ എംപിയായ നിഷികാന്ത് ദുബെ അനധികൃതമായി സ്വത്ത് സന്പാദിച്ചിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ അമിതാബ് ഠാക്കൂർ കഴിഞ്ഞ വർഷം മേയിലാണു ലോക്പാലിന് പരാതി നൽകിയത്.
2009 മുതൽ 2024 വരെയുള്ള ദുബെയുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങൾ ചൂണ്ടിക്കാട്ടി ദുബെയുടെ ഭാര്യയുടെ സ്വത്തുക്കളിൽ വിശദീകരിക്കാനാകാത്ത വർധനയുണ്ടെന്നായിരുന്നു ഠാക്കൂറിന്റെ പരാതി.
Kerala
തിരുവനന്തപുരം: കോൺഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകി രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരി. കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും വർക്കിംഗ് പ്രസിഡന്റുമാർക്കുമാണ് യുവതി പരാതി നൽകിയത്. ജനപ്രതിനിധിയായ ശ്രീനാദേവിയെ നേതൃത്വം നിയന്ത്രിക്കണം എന്നാണ് പരാതിയിലെ ആവശ്യം.
"തന്റെ സ്വഭാവത്തെ സംശയ നിഴലിലാക്കി, നുണ പറയുന്നെന്നും പരാതിയില്‍ ആരോപിക്കുന്നു. തെരഞ്ഞെടുത്ത ജനപ്രതിനിധി പീഡകനൊപ്പം നിൽക്കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. സ്ത്രീകളുടെ ആത്മാഭിമാനത്തേക്കാൾ വലുത് അധികാരമെന്ന തെറ്റായ സന്ദേശമാണ് ഇത് നല്‍കുന്നത്. കോൺഗ്രസ് പിന്തുടരുന്ന ഉന്നത ജനാധിപത്യ മൂല്യങ്ങൾക്കെതിരായ നടപടിയാണിത്.'-പരാതിക്കാരി പറഞ്ഞു.
പരാതിക്കൊപ്പം പോലീസിന് നൽകിയ വിശദമായ പരാതിയുടെ പകർപ്പും പരാതിക്കാരി കോൺഗ്രസ് നേതൃത്വത്തിന് നല്‍കിയിട്ടുണ്ട് ശ്രീനാദേവി കുഞ്ഞമ്മക്കെതിരെ അതിജീവിത നേരത്തെ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ആൾക്കൂട്ടത്തിന്റെ ഭീഷണിക്കും വെറുപ്പിനും എറിഞ്ഞുകൊടുത്തുവെന്നാണ് അതിജീവിതയുടെ പരാതിയിൽ പറയുന്നത്.
രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചും നിലവിലെ പരാതികളിൽ സംശയം പ്രകടിപ്പിച്ചും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. താൻ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പമാണെന്നും അതിജീവിതയ്ക്കൊപ്പം നിൽക്കുമ്പോൾ തന്നെ "അതിജീവിതന്റെ' ഭാഗം കൂടി കേൾക്കണമെന്നുമാണ് ശ്രീനാദേവി വ്യക്തമാക്കിയത്.
ഒന്നാമത്തെ പരാതിയിൽ പീഡന ആരോപണം നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞിട്ടുണ്ടെന്നും രണ്ടാമത്തെ കേസിലും കോടതി സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. പുതിയ പരാതിയിൽ പെൺകുട്ടി ഉപദ്രവിക്കപ്പെട്ടു എന്ന് കേൾക്കുമ്പോൾ വേദനയുണ്ട്. എന്നാൽ, പീഡനത്തിന് ശേഷം പ്രതി ചെരുപ്പ് വാങ്ങി നൽകി, ഫ്ലാറ്റ് വാങ്ങാൻ ശ്രമിച്ചു എന്നൊക്കെയുള്ള മൊഴികൾ കേൾക്കുമ്പോൾ ചില സംശയങ്ങൾ തോന്നുന്നില്ലേ എന്നായിരുന്നു ശ്രീനാദേവിയുടെ ചോദ്യം.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ബലാത്സംഗകേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ച സംഭവത്തിൽ കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ പരാതി. ഒന്നാം കേസിലെ പരാതിക്കാരി തന്നെ ഡിജിപിക്ക് പരാതി നൽകുകയായിരുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചും നിലവിലെ പരാതികളിൽ സംശയം പ്രകടിപ്പിച്ചും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ആൾക്കൂട്ടത്തിന്റെ ഭീഷണിക്കും വെറുപ്പിനും എറിഞ്ഞുകൊടുത്തുവെന്നാണ് പരാതിയിൽ പറയുന്നത്.
താൻ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പമാണെന്നും അതിജീവിതയ്ക്കൊപ്പം നിൽക്കുമ്പോൾ തന്നെ 'അതിജീവിതന്റെ' ഭാഗം കൂടി കേൾക്കണമെന്നുമാണ് ശ്രീനാദേവി വ്യക്തമാക്കിയത്. ഒന്നാമത്തെ പരാതിയിൽ പീഡന ആരോപണം നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞിട്ടുണ്ടെന്നും രണ്ടാമത്തെ കേസിലും കോടതി സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
പുതിയ പരാതിയിൽ പെൺകുട്ടി ഉപദ്രവിക്കപ്പെട്ടു എന്ന് കേൾക്കുമ്പോൾ വേദനയുണ്ട്. എന്നാൽ, പീഡനത്തിന് ശേഷം പ്രതി ചെരുപ്പ് വാങ്ങി നൽകി, ഫ്ലാറ്റ് വാങ്ങാൻ ശ്രമിച്ചു എന്നൊക്കെയുള്ള മൊഴികൾ കേൾക്കുമ്പോൾ ചില സംശയങ്ങൾ തോന്നുന്നില്ലേ എന്നും അവർ ചോദിച്ചിരുന്നു.
Kerala
തിരുവനന്തപുരം: കെസ്ആർടിസി ഡ്രൈവർമാരുടെ അശ്രദ്ധമായ ഡ്രൈവിംഗ് മൂലം അപകടങ്ങൾ പതിവാകുകയാണെന്ന ആക്ഷേപത്തിന്റെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടർമാർ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഉടൻ വിളിച്ചു പരാതി സമഗ്രമായി പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ്‍ ജസ്റ്റീ സ് അലക്സാണ്ടർ തോമസ്.
കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ, ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ, റോഡ് സുരക്ഷാ കമ്മീഷണർ, ജില്ലാ പോലീസ് മേധാവി (സിറ്റി, റൂറൽ) ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണർ എന്നിവർ യോഗത്തിൽ പങ്കെടുക്കണം. അപകടങ്ങൾ വർധിക്കുന്നതിന്റെ കാരണങ്ങൾ പരിശോധിച്ച് അവ ഒഴിവാക്കാനുള്ള പ്രായോഗിക നിർദേശങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ജില്ലാകളക്ടർ നൽകണം.
യോഗത്തിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ കെഎസ്ആർടിസി എംഡി, റോഡ് സുരക്ഷാ കമ്മീഷണർ, ജില്ലാ പോലീസ് മേധാവി (സിറ്റി, റൂറൽ) എന്നിവർ ഒരു മാസത്തിനകം കമ്മീഷനിൽ സമർപ്പിക്കണം. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണു നടപടി.
Kerala
കാസര്‍ഗോഡ്: സിപിഎം പ്രാദേശികനേതാവ് കഴിഞ്ഞ മൂന്നുപതിറ്റാണ്ടായി തന്നെ ലൈംഗികമായി പീഡിപ്പിക്കുന്നെന്ന പരാതിയുമായി വീട്ടമ്മ. എന്മകജെ പെര്‍ളയിലെ എസ്.സുധാകരക്കെതിരേയാണു ഗുരുതര ആരോപണങ്ങളുമായി വീട്ടമ്മ രംഗത്തെത്തിയത്.
സംസ്ഥാന പോലീസ് മേധാവിക്ക് തെളിവുകള്‍ സഹിതം യുവതി പരാതി നല്കി. എന്മകജെ പഞ്ചായത്തിലെ മൂന്നാംവാര്‍ഡായ മല്ലെമൂലയിലെനിന്നുള്ള സിപിഎം മെംബറാണ് സുധാകര. ഒരു കൊലക്കേസില്‍ ജീവപര്യന്തം തടവിനും ശിക്ഷിക്കപ്പെട്ടിരുന്നു. എയ്ഡഡ് പ്രൈമറി സ്കൂള്‍ അധ്യാപകന്‍കൂടിയായ സുധാകര അടുത്തവര്‍ഷം സര്‍വീസില്‍നിന്നു വിരമിക്കാനിരിക്കുകയാണ്.
1995 മുതലാണ് സുധാകര തന്നെ പീഡിപ്പിക്കാന്‍ തുടങ്ങിയതെന്ന് വീട്ടമ്മ ആരോപിച്ചു. അപ്പോള്‍ അദ്ദേഹത്തിന് 24 വയസായിരുന്നു. ‘തുടക്കത്തില്‍, എന്നെ വിവാഹം കഴിക്കുമെന്നു വാഗ്ദാനം ചെയ്ത് അയാള്‍ എന്നെ ഉപയോഗിച്ചു. പിന്നീട്, അയാള്‍ മറ്റൊരാളെ വിവാഹം കഴിച്ചു. എന്റെ വിവാഹവും കഴിഞ്ഞിരുന്നു. പക്ഷേ എന്നെ അപമാനിക്കുമെന്നു ഭീഷണിപ്പെടുത്തി പീഡിപ്പിക്കുന്നതു തുടര്‍ന്നു. സ്വന്തം നഗ്നവീഡിയോകള്‍ എന്റെ ഫോണിലേക്ക് അയച്ചു. ഭര്‍ത്താവിനെ ഉപേക്ഷിച്ച് തന്റെ പക്കലേക്ക് വരണമെന്നും അല്ലാത്തപക്ഷം ഭര്‍ത്താവിനെ ഉപദ്രവിക്കുമെന്നും പറഞ്ഞു. അയാള്‍ പറഞ്ഞതുപോലെ ചെയ്യുമെന്ന് അറിയാവുന്നതുകൊണ്ടാണ് പരാതി നല്‍കിയത്. ’അവര്‍ പറഞ്ഞു.
കൊലക്കേസില്‍ സുധാകര ജയിലില്‍ കഴിഞ്ഞ ആറുവര്‍ഷം മാത്രമാണ് താന്‍ സമാധാനത്തോടെ ജീവിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കുട്ടികളെയും സഹപ്രവര്ത്തകരെയുമടക്കം നിരവധി പേരെ ഇയാള്‍ ലൈംഗികചൂഷണത്തിനിരയാക്കിയിട്ടുണ്ടെന്ന് വീട്ടമ്മ ആരോപിച്ചു. സുധാകരയെ കാട്ടുകുക്കെ ലോക്കല്‍ കമ്മിറ്റിയില്‍നിന്നു പുറത്താക്കിയതായി സിപിഎം കുമ്പള ഏരിയ സെക്രട്ടറി സി.എ.സുബൈര്‍ പറഞ്ഞു.
അബ്ദുള്‍ ജബ്ബാര്‍ വധക്കേസ്
എന്മകജെ പഞ്ചായത്തിലും സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ നടന്നിരുന്ന ചെറുസംഘര്‍ഷങ്ങള്‍ അവസാനിച്ചത് യൂത്ത് കോണ്‍ഗ്രസ് നേതാവ് അബ്ദുള്‍ ജബ്ബാറിന്റെ (26) കൊലപാതകത്തിലാണ്.
കന്നട മേഖലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും നിലവില്‍ ജില്ലാ പഞ്ചായത്തംഗവുമായിരുന്ന ജെ.എസ്. സോമശേഖരയുടെ ഡ്രൈവര്‍ ആയിരുന്നു ജബ്ബാര്‍. സോമശേഖരയുടെ വിവാഹത്തലേന്ന് 2009 നവംബര്‍ മൂന്നിനാണ് ജബ്ബാറിനെ സിപിഎമ്മുകാര്‍ വെട്ടിക്കൊലപ്പെടുത്തുന്നത്. പെര്‍ള ഏരിയ സെക്രട്ടറിയായിരുന്ന സുധാകരയുടെ വീടിനുനേരേ ആക്രമണമുണ്ടായതിനു പിന്നാലെയാണ് ജബ്ബാറിന്റെ കൊലപാതകം.
കേസില്‍ ഗൂഢാലോചന നടത്തിയതിന് 2012 മാര്‍ച്ചില്‍ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി സുധാകരയെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. എന്നാല്‍ 2018 ഏപ്രിലില്‍ ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. ജയിലില്‍ നിന്നിറങ്ങിയ ശേഷം സുധാകര രാഷ്ട്രീയത്തില്‍ സജീവമായിരുന്നില്ല. പക്ഷേ ഇത്തവണത്തെ തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിച്ച സുധാകര വിജയിച്ചു.
സുധാകരയെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരേ സോമശേഖരയും സഹോദരന് രാധാകൃഷ്ണനായിക്കും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ ഡ്രിൽ ബിറ്റ് ഒടിഞ്ഞ് അസ്ഥിയിലേക്ക് കയറിയതായി പരാതി. തിരുവനന്തപുരം ജൂബിലി മെമ്മോറിയൽ ആശുപത്രിക്കെതിരെയാണ് പരാതി.
മലയിൻകീഴ് സ്വദേശി ജിജിൻ ജോസിന്റെ ഇടത് ഇടുപ്പെല്ലിലാണ് ഡ്രിൽ ബിറ്റ് ഒടിഞ്ഞു കയറിയത്. രക്തയോട്ടം കൂട്ടാനുള്ള ശസ്ത്രക്രിയക്കിടെയാണ് സംഭവം.
ജിജിന്റെ പരാതിയിൽ കന്റോൺമെന്റ് പോലീസ് കേസെടുത്തിട്ടുണ്ട്. ലോഹ കഷണം നീക്കം ചെയ്യാനാകില്ലെന്നും ലോഹ കഷണം ഇരിക്കുന്നതിനാൽ പ്രശ്നങ്ങളുണ്ടാകില്ലെന്നും രോഗിയെ അറിയിച്ചതാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
Kerala
കൊച്ചി: പാസ്പോര്‍ട്ട് വെരിഫിക്കേഷനിടെ യുവതിയെ കടന്നുപിടിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. പള്ളുരുത്തി പോലീസ് സ്റ്റേഷനിലെ സിപിഒ വിജേഷിനെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്.
ഹാര്‍ബര്‍ പോലീസാണ് യുവതിയുടെ പരാതിയില്‍ കേസ് എടുത്തത്. തിങ്കളാഴ്ചയാണ് സംഭവം. പാസ്പോര്‍ട്ടിനായി അപേക്ഷിച്ച പള്ളുരുത്തി സ്വദേശിയായ യുവതിയോട് വെരിഫിക്കേഷനായി തന്നെ കാണാനാണ് വിജേഷ് ആവശ്യപ്പെട്ടത്.
തോപ്പുംപടി പാലത്തിന് അടുത്തുള്ള കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് അവന്യുവിന് അടുത്തേക്ക് എത്താനും ഇവിടെ നിര്‍ത്തിയിട്ട വാഹനത്തില്‍ കയറാനും വിജേഷ് ആവശ്യപ്പെട്ടു.
കാറില്‍ കയറിയ യുവതിയോട് വിജേഷ് അപമര്യാദയായി പെരുമാറുകയായിരുന്നു. പിറ്റേന്ന് തന്നെ യുവതി ഹാര്‍ബര്‍ പോലീസില്‍ പരാതി നല്കി. സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പ് ചേര്‍ത്താണ് ഹാര്‍ബര്‍ പോലീസ് കേസ് എടുത്തത്.
വിജേഷിനെതിരെ ആഭ്യന്തര അന്വേഷണം നടക്കുമെന്നും ഇതിന് ശേഷമായിരിക്കും തുടര്‍ നടപടികളെന്നുമാണ് പോലീസ് പറയുന്നത്.
Kerala
ആലുവ: നടിയാക്രമണക്കേസിൽ ജയിലിലായ നടൻ ദിലീപിന് ജയിലിൽ കരിക്കിൻ വെള്ളവും പുതപ്പും നല്കിയ സംഭവത്തിൽ അന്നത്തെ ജയിൽ ഡിജിപി ആർ. ശ്രീലേഖയ്ക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി.
തുല്യനീതി ലംഘനം നടത്തിയ സംഭവത്തിൽ ആർ. ശ്രീലേഖയ്ക്ക് എതിരേ വർഷങ്ങൾ കഴിഞ്ഞിട്ടും കൃത്യമായ അന്വേഷണമില്ലെന്നാണ് പരാതി.
തുടർ നടപടികൾക്കായി ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് പരാതി കൈമാറി. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിംഗ് ആണ് പരാതിക്കാരൻ. 2017ലാണ് സംഭവം നടന്നത്.
District News
മൂവാറ്റുപുഴ : മണ്ണാങ്കടവ് തോടിന്റെ വശങ്ങള് കൈയേറിയ സ്വകാര്യ വ്യക്തികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവ് നടപ്പാക്കാത്ത നഗരസഭാ അധികൃതര്‍ക്കെതിരെ പൊതുപ്രവര്ത്തകന് എം.ജെ. ഷാജി വകുപ്പ് മന്ത്രിമാര്‍ അടക്കമുള്ളവര്‍ക്ക് പരാതി നല്കി.
ആരക്കുഴ റോഡില്‍ നിന്നും പേട്ട അങ്കണവാടിയിലേക്ക് പോകുന്ന വഴിയില്‍ മണ്ണാങ്കടവ് തോടിന്റെ വശങ്ങളിലെ കൈയേറ്റം മൂലം മഴക്കാലമായാല്‍ മലിനജലം കെട്ടിക്കിടക്കുന്നത് സമീപവാസികള്‍ക്ക് ദുരിതമാണ്. അഴുക്കുവെള്ളം സ്ലാബിന് മുകളിലൂടെ ഒഴുകി അങ്കണവാടിയിലും സമീപത്തെ വീടുകളിലും കയറുന്നത് പതിവാണ്.
സ്വകാര്യ വ്യക്തികളുടെ കൈയേറ്റങ്ങള്‍ക്കെതിരെയുള്ള പരാതിയില്‍ നഗരസഭാ സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ താലൂക്ക് സര്‍വേയര്‍ അളന്ന് ബോധ്യപ്പെട്ട് ജില്ലാകളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കിയിട്ടുള്ളതാണ്.
ഇതേ തുടര്‍ന്ന് തോട് കൈയേറ്റം ഒഴിവാക്കാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ് നഗരസഭാ സെക്രട്ടറിക്ക് നല്‍കിയിട്ട് രണ്ട് വര്‍ഷത്തിലേറെയായി.
നാളിതുവരെയായിട്ടും നഗരസഭ അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കാതെ വീഴ്ച വരുത്തിയെന്ന് ചൂണ്ടികാട്ടിയാണ് ഓട്ടോറിക്ഷ തൊഴിലാളികൂടിയായ വാഴപ്പിള്ളി മുണ്ടയ്ക്കല്‍ എം.ജെ. ഷാജി റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിമാര്‍, ജില്ലകളക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.
കൈയേറ്റത്തിലുടെ അനധികൃത നിര്‍മാണങ്ങള്‍ നടത്തിയത് മൂലം തോട് ചുരുങ്ങിയ അവസ്ഥയാണ് നിലവില്‍. അടുത്ത മഴക്കാലത്തിന് മുമ്പേ പുറമ്പോക്ക് സ്ഥലത്തെ നിര്‍മാണം പൊളിച്ച് നീക്കി റോഡ് ഉയര്‍ത്തി അങ്കണവാടിയുടെ മുന്‍വശത്ത് കള്‍വര്‍ട്ട് വീതി കൂട്ടി നിര്‍മിച്ചില്ലെങ്കില്‍ വെള്ളക്കെട്ട് രൂക്ഷമായി പ്രദേശവാസികള്‍ക്ക് ദുരിതമാകുമെന്നും കളക്ടര്‍ നല്കിയ ഉത്തരവ് നടപ്പാക്കാന്‍ നഗരസഭയ്ക്ക് നിര്‍ദേശം നല്‍കണമെന്നുമാണ് പരാതിക്കാരന്റെ ആവശ്
Kerala
കൊച്ചി: ഒരു സ്ഥലത്തു നടത്തിയ നിയമ ലംഘനത്തിന്റെ ചിത്രം ഉപയോഗിച്ചു മറ്റൊരു സ്ഥലത്തും നിയമലംഘനം നടത്തിയെന്നു കാണിച്ചു ട്രാഫിക് പോലീസ് പിഴ ചുമത്തിയെന്നു പാലാരിവട്ടം സ്വദേശിയായ യുവാവ്. സിറ്റി ട്രാഫിക് എസിപിക്ക് നെറ്റോ തെങ്ങുംപള്ളി എന്ന യുവാവ് പരാതി നല്കി.
ഡിസംബര്‍ 31ന് രാവിലെ 10.02ന് കലൂര്‍ ജംഗ്ഷനില്‍ വച്ച് യുവാവിന്റെ കാര്‍ സീബ്ര ലൈന്‍ ലംഘിച്ചു എന്നു കാട്ടിയാണ് ട്രാഫിക് പോലീസിന്റെ ചെലാന്‍ കിട്ടിയത്. പിന്നാലെ ഉച്ചയ്ക്ക് 12.51ന് കച്ചേരിപ്പടിയില്‍ വീണ്ടും നിയമലംഘനം നടത്തിയെന്നു കാണിച്ചു മറ്റൊരു ചെലാനുംകൂടി യുവാവിനു ലഭിക്കുകയായിരുന്നു.
എന്നാല്‍, ഈ സമയത്തു വാഹം സെന്‍ട്രല്‍ സ്ക്വയര്‍ മാളിന്റെ പാര്‍ക്കിംഗില്‍ ആയിരുന്നു ഉണ്ടായിരുന്നത്. കലൂരിലെ നിയമലംഘനത്തിന്റെ അതേ ചിത്രം ഉപയോഗിച്ചു കച്ചേരിപ്പടിയിലും നിയമലംഘനം നടത്തി എന്നു പോലീസ് വരുത്തി തീര്‍ക്കുകയായിരുന്നു എന്നാണ് യുവാവിന്റെ ആരോപണം. തെളിവുകള്‍ അടക്കം വച്ചാണ് ട്രാഫിക് എസിപിക്കു യുവാവ് പരാതി നല്‍കിയത്.
Kerala
കോഴിക്കോട്: സ്കൂളിലെ അവധിക്കാല ക്ലാസിനെ സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രിയെ ഫോണില്‍ വിളിച്ച് പരാതി പറഞ്ഞ് മേപ്പയ്യൂര്‍ പഞ്ചായത്തിലെ ഏഴാം ക്ലാസുകാരന്. മന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു വിദ്യാര്‍ഥി വിളിച്ചത്.
അവധിക്കാലമായിട്ടും സ്കൂളില്‍ ക്ലാസെടുക്കുന്നുവെന്നു പരാതിപ്പെട്ട വിദ്യാര്‍ഥി തന്റെ പേരു വെളിപ്പെടുത്തരുതെന്നു മന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തു.
പേര് വെളിപ്പെടുത്തില്ലെന്നു മന്ത്രി പറഞ്ഞുവെങ്കിലും സോഷ്യല്‍ മീഡിയകളിലൂടെയും ചാനലുകളിലൂടെയും നാട്ടിലെല്ലാം അക്കാര്യം പാട്ടായി. വാര്‍ത്താസമ്മേളനം നടത്തുന്നതിനിടയിലായിരുന്നു ഫോണ്‍ വിളി എന്നതിനാല്‍ വിദ്യാര്‍ഥി പറഞ്ഞ കാര്യങ്ങളെല്ലാം അവിടെയുണ്ടായിരുന്നവര്‍ കേള്‍ക്കുകയും പിന്നീട് മാധ്യമങ്ങളിലൂടെ പുറത്തുവരികയുമായിരുന്നു.
വിദ്യാര്‍ഥിയുടെ സമീപത്ത് അമ്മയും ഉണ്ടായിരുന്നു. അവര്‍ മകന്റെ കൈയില്‍നിന്ന് ഫോണ്‍ വാങ്ങി യുഎസ്എസ് ക്ലാസാണ് നടക്കുന്നതെന്നും കുറച്ചുസമയം മാത്രമേ ക്ലാസ് ഉള്ളൂവെന്നും മന്ത്രിയോടു പറഞ്ഞ് വിഷയത്തിന്റെ ഗൗരവം കുറയ്ക്കാന്‍ ശ്രമിച്ചു.
മകന് പഠിക്കുന്നുണ്ടോ എന്ന് മന്ത്രിയുടെ ചോദ്യത്തിന്, കളിയാണ് കൂടുതലെന്നായിരുന്നു അമ്മയുടെ പ്രതികരണം. ഏഴാം ക്ലാസുകാരന് കളിച്ചുനടക്കേണ്ട പ്രായമാണിതെന്ന് മന്ത്രി അമ്മയോടു പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ഥിയോട് സംസാരിച്ച മന്ത്രി, കളിയോടൊപ്പം പഠനത്തില്‍ക്കൂടി ശ്രദ്ധിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു. അവധിക്കാലത്ത് സ്കൂളില്‍ ക്ലാസ് നടത്തുന്നത് ശരിയല്ലെന്ന് മന്ത്രി പൊതുവായി പ്രതികരിക്കുകയും ചെയ്തു.
Kerala
തിരുവനന്തപുരം: കോർപ്പറേഷൻ കെട്ടിടങ്ങൾ വാടകയ്ക്ക് നൽകിയതിൽ ക്രമക്കേടെന്ന് പരാതി. സംഭവത്തിൽ കോർപ്പറേഷൻ മുൻ കൗൺസിലർ ശ്രീകാര്യം ശ്രീകുമാർ വിജിലൻസിന് പരാതി കൈമാറി.
കുറഞ്ഞ തുകയ്ക്ക് കെട്ടിടങ്ങൾ വാടകയ്ക്ക് നൽകി, വൻതുകയ്ക്ക് അതേ കെട്ടിടങ്ങൾ മറിച്ച് നൽകുന്നുവെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ഓരോ വർഷവും കെട്ടിട വാടക പുതുക്കണമെന്ന വ്യവസ്ഥയും പാലിക്കപ്പെട്ടില്ലെന്ന് പരാതിയിൽ പറയുന്നു. ഓരോ വര്‍ഷവും കെട്ടിടത്തിന് നല്കുന്ന വാടക വര്‍ധിപ്പിക്കണമെന്ന ചട്ടമുണ്ട്. പട്ടികവര്‍ഗ-പട്ടികജാതി വിഭാഗത്തിന് നിശ്ചിത ശതമാനം വാടക മുറികള്‍ മാറ്റിവയ്ക്കണമെന്ന നിര്‍ദേശവും ഉണ്ട്.
എന്നാല്‍ ഇതൊന്നും കഴിഞ്ഞ ഭരണസമിതി പാലിച്ചില്ലെന്നാണ് പരാതിയില്‍ പറയുന്നത്. രേഖകൾ അടക്കമാണ് വിജിലൻസ് ഡയറക്ടർക്ക് പരാതി കൈമാറിയത്. എത്രയും വേഗം പരാതിയിൽ നിയമനടപടി വേണമെന്ന് ശ്രീകാര്യം ശ്രീകുമാറിന്റെ ആവശ്യം.
വാടകയ്ക്ക് നൽകിയിട്ടുള്ള മുഴുവൻ കെട്ടിടങ്ങളുടെയും കണക്കെടുക്കാൻ കോർപ്പറേഷൻ സെക്രട്ടറിക്ക് മേയർ വി.വി. രാജേഷ് നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നു.
കൗൺസിലർ ആർ. ശ്രീലേഖയും വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്തും തമ്മിലുള്ള ഓഫീസ് തർക്കമാണ് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ വാടക സംബന്ധിച്ച ക്രമക്കേടുകളിലേക്ക് എത്തിയത്.
Kerala
കൊച്ചി: മേയര്‍ സ്ഥാനാര്‍ഥിയെ തീരുമാനിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കും പരിഭവങ്ങള്‍ക്കും ഇനി പ്രസക്തിയില്ലെന്ന് ദീപ്തി മേരി വര്‍ഗീസ്. മേയര്‍ തിരഞ്ഞെടുപ്പിനായി കൗണ്‍സില്‍ ബോര്‍ഡില്‍ എത്തുന്നതിന് മുമ്പാണ് ദീപ്തി മാധ്യമങ്ങളോട് പ്രതികരിച്ചത്. താന്‍ ഉന്നയിച്ച പരാതികളില്‍ നിന്നും പിന്നോട്ട് പോയിട്ടില്ല. പക്ഷെ ഇത് യുഡിഎഫിന്റെ വിജയത്തിന്റെ ദിവസമാണ് എന്നാണ് ദീപ്തി പ്രതികരിച്ചത്.
ആര് പറഞ്ഞു പരിഭവമുണ്ടെന്ന്, ഞാന്‍ പറഞ്ഞിട്ടില്ല ഇതുവരെ. പരാതിയെന്നോ പരിഭവമെന്നോ അതിനെ വ്യാഖ്യാനിക്കുന്നതിനോട് എനിക്ക് വിയോജിപ്പുണ്ട്. കെപിസിസിയുടെ മാനദണ്ഡങ്ങളെ കുറിച്ച് മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളു. ആ പരാതികളില്‍ നിന്നും പിന്നോട്ട് പോയിട്ടില്ല. പക്ഷെ ഇന്നത്തെ ദിവസം ഞങ്ങള്‍ക്ക് വിജയത്തിന്റെ ദിവസമാണ്. ജനങ്ങള്‍ തന്ന വലിയ വിജയത്തിന്റെ ദിവസമാണ്. ജനങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ അധികാരമേല്ക്കുകയാണ് - എന്നാണ് ദീപ്തിയുടെ വാക്കുകള്‍.
അതേസമയം, മേയര്‍ സ്ഥാനം കൈവിട്ടു പോയതിന് പിന്നാലെ കടുത്ത അതൃപ്തിയില്‍ ആയിരുന്നു ദീപ്തി മേരി വര്‍ഗീസ്. ദീപ്തിയെ വെട്ടിയതില്‍ ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും പ്രതിഷേധിച്ചിരുന്നു. എന്നാല്‍ ഇനി മേയര്‍ സ്ഥാനത്തേക്ക് ഇല്ല എന്നാണ് ദീപ്തിയുടെ നിലപാട്.
മേയര്‍ സ്ഥാനത്തേക്ക് പാര്‍ട്ടി തീരുമാനിച്ച വികെ മിനിമോള്‍ക്കും ഷൈനി മാത്യുവിനും പിന്തുണ അറിയിച്ച് ദീപ്തി ഫെയ്സ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. കൊച്ചിന് കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ട എന്റെ പ്രിയപ്പെട്ട സഹോദരിമാര്‍ക്ക് ഹൃദയാഭിവാദ്യങ്ങള്‍ എന്നായിരുന്നു ദീപ്തിയുടെ പോസ്റ്റ്.
Kerala
തിരുവനന്തപുരം: ഓട്ടോറിക്ഷാ ഡ്രൈവറെ പോലീസ് മർദിച്ചെന്ന് പരാതി. തിരുവനന്തപുരം നാലാഞ്ചിറ സ്വദേശി ധസ്തക്കീറിനാണ് മർദനമേറ്റത്.
മണ്ണന്തല പോലീസ് മർദിച്ചുവെന്നാണ് പരാതി. ധസ്തക്കീർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾ മദ്യലഹരിയിൽ ഭാര്യയേയും മക്കളെയും ആക്രമിച്ചുവെന്ന് പോലീസിന് പരാതി ലഭിച്ചിരുന്നു.
ഭാര്യയുടെ പരാതിയിലാണ് ഇയാളെ പിടികൂടാൻ പോലീസ് എത്തിയത്. എന്നാൽ പോലീസിനെ ആക്രമിച്ച് ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെന്ന് പോലീസ് പറയുന്നു.
സംഭവത്തിൽ ഇയാൾ കമ്മീഷണർ ഓഫീസിൽ പരാതി നൽകുമെന്നാണ് അറിയിക്കുന്നത്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
Kerala
പത്തനംതിട്ട: പോറ്റിയേ കേറ്റിയേ.... പാരഡി ഗാനത്തിനെതിരേ പരാതി നൽകിയ പ്രസാദ് കുഴിക്കാലയ്ക്ക് തിരുവാഭരണ പാത സംരക്ഷണസമിതിയുമായി യാതൊരു ബന്ധവുമില്ലെന്ന് ചെയർമാൻ കെ. ഹരിദാസ് പത്രസമ്മേളനത്തിൽ അറിയിച്ചു.
പിന്നിൽ അയ്യപ്പഭക്തിയല്ലെന്നാണ് സമിതിയുടെ അഭിപ്രായം. പാട്ടെഴുതിയതാണോ സ്വർണം കട്ടതാണോ മതവികാരം വ്രണപ്പെടുത്തുന്നത്. വിശ്വാസത്തെ സംരക്ഷിക്കാനോ ഭക്തരുടെ വികാരം സംരക്ഷിക്കാനോ ഉള്ള നീക്കമല്ല ഇത്. ശബരിമലയിൽ കൊള്ള നടത്തിയവരെ സംരക്ഷിക്കാനാണ് പരാതിയെന്ന് ഹരിദാസ് പറഞ്ഞു.
പാട്ടിന് ഗുഡ് സർട്ടിഫിക്കറ്റ് നൽകാനല്ല തങ്ങൾ ശ്രമിക്കുന്നത്. എന്നാൽ, ശബരിമലയിലെ സ്വർണക്കൊള്ളയെ ഇതുവരെ അപലപിക്കാൻ തയാറാക്കാത്തവർ ഇപ്പോൾ പാട്ടിനെതിരേ രംഗത്ത് വരുന്നതിനാണ് ഏതിർക്കുന്നത്. ഇവരിൽ ചിലരുമായി പരാതിക്കാരനായ പ്രസാദ് കുഴിക്കാലക്ക് വലിയ ചങ്ങാത്തമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. സംഘടനയിൽനിന്ന് നാലുവർഷം മുമ്പ് പുറത്തുപോയ ആളാണ് പ്രസാദ് കുഴിക്കാല.
തിരുവാഭരണ പാതയെ സംരക്ഷിക്കുന്നതിനായാണ് ഭക്തജനങ്ങളുടെ നേതൃത്വത്തിൽ ശബരിമല തിരുവാഭരണ സംരക്ഷണ സമിതി രൂപീകരിച്ചത്. അല്ലാതെ ആരെയെങ്കിലും സംരക്ഷിക്കാനോ വെള്ളപൂശാനോ വേണ്ടിയല്ല. ശബരിമലയിൽ നടന്ന കൊള്ള തുറന്നു കാട്ടുന്ന ഗാനം കേരളം മുഴുവൻ കേട്ടതാണ്. നിയമപരമായി ഒരു പാരഡി എഴുതാൻ ആർക്കും അവകാശമുണ്ട്. ഇതിനെ എന്തടിസ്ഥാനത്തിൽ നിരോധിക്കുമെന്ന് മനസിലാകുന്നില്ലെന്നും ഹരിദാസ് പറഞ്ഞു.
Kerala
പത്തനംതിട്ട: പോറ്റിയേ കേറ്റിയേ... എന്ന തെരഞ്ഞെടുപ്പു പ്രചാരണ ഗാനത്തിനെതിരേ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി.
ഭക്തിഗാനം വികലമാക്കി ഉപയോഗിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് തിരുവാഭരണപാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രശാന്ത് കുഴിക്കാല പരാതി നല്‍കിയത്. ഗാനം തദ്ദേശ തെരഞ്ഞെടുപ്പില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
അയ്യപ്പഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ് ഗാനമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു ഏബ്രഹാമും പ്രതികരിച്ചു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പാര്‍ലമെന്റിനു മുന്നില്‍ യുഡിഎഫ് എംപിമാര്‍ കഴിഞ്ഞ ദിവസം ഈ ഗാനം പാടി പ്രതിഷേധിച്ചിരുന്നു.
ഖത്തറില്‍ ജോലി ചെയ്യുന്ന നാദാപുരം ചാലപ്പുറം സ്വദേശി ജി.പി. കുഞ്ഞബ്ദുല്ലയാണ് പാട്ടെഴുതിയത്. ഖത്തറില്‍ വച്ചെഴുതിയ പാട്ട് ഡാനിഷ് എന്ന ഗായകന് ഇത് ആലപിക്കുകയായിരുന്നു.
Kerala
ഇടുക്കി: വയോധികയെ കെട്ടിയിട്ട് സ്വര്‍ണവും പണവും മോഷ്ടിച്ചെന്ന് പരാതി. ഇടുക്കി രാജകുമാരി നടുമറ്റം പാലകുന്നേല്‍ ടോമിയുടെ വീട്ടിലാണ് മോഷണം നടന്നത്.
ടോമിയുടെ മാതാവ് മറിയക്കുട്ടി ഒറ്റയ്ക്ക് വീട്ടിലുള്ളപ്പോഴാണ് സ്ത്രീയുള്‍പ്പെടുന്ന മൂന്നംഗ സംഘം മുഖം മൂടി ധരിച്ച് വീട്ടിലെത്തിയത്.
ആക്രമി സംഘം മറിയക്കുട്ടിയെ തുണി ഉപയോഗിച്ച് മേശയുടെ കാലില്‍ കെട്ടിയിട്ട ശേഷം അണിഞ്ഞിരുന്ന ഒന്നരപവന്‍ സ്വര്‍ണാഭരണങ്ങള്‍ ഊരിയെടുക്കുകയും അലമാരയിലുണ്ടായിരുന്ന 5000 രൂപ എടുക്കുകയും ചെയ്തു.
ഇതിനിടെ കെട്ടഴിച്ച് പുറത്തെത്തിയ മറിയക്കുട്ടി തൊട്ടടുത്ത പറമ്പില്‍ പണി ചെയ്യുന്നവരെ വിവരം അറിയിച്ചു. ഇവര്‍ എത്തിയപ്പോഴേക്കും മോഷ്ടാക്കള്‍ രക്ഷപെട്ടു.
സംഭവത്തില്‍ രാജക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു. വീടിനു സമീപത്തു നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു ബൈക്ക് കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
Kerala
കൊച്ചി: തനിക്ക് വധഭീഷണിയുണ്ടെന്ന് നടി റിനി ആൻ ജോർജ്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ തൊട്ടാൽ കൊന്നുകളയുമെന്ന് വീട്ടിൽ ബൈക്കിലെത്തിയവർ ഭീഷണിപ്പെടുത്തി. സംഭവത്തിൽ പോലീസിൽ പരാതി നൽകിയെന്നും റിനി വ്യക്തമാക്കി.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പറവൂരിലെ വീടിന് മുന്നില്‍ ആദ്യം ഇരുചക്രവാഹനത്തില്‍ ഒരാളെത്തുകയും ഗേറ്റ് തകര്‍ത്ത് അകത്തേക്ക് കടക്കാന്‍ ശ്രമിക്കുകയും ചെയ്തു. വീട്ടുകാര്‍ പുറത്തിറങ്ങിയതോടെ പ്രതി കടന്നുകളഞ്ഞു. പിന്നീട് രാത്രി 10 മണിയോടെ മറ്റൊരാള്‍ വീടിന് മുന്നിലേക്ക് എത്തുകയും വധഭീഷണി മുഴക്കുകയുമായിരുന്നുവെന്നും റിനി പരാതിയിൽ പറയുന്നു.
പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാകും അന്വേഷണം.
Kerala
കൊച്ചി: ഐടി വ്യവസായി വേണു ഗോപാലകൃഷ്ണന് പ്രതിയായ ലൈംഗീക പീഡന പരാതിയില്‍ ഉറച്ചു നില്ക്കുന്നതായി പരാതിക്കാരി. കേസ് മധ്യസ്ഥതയിലൂടെ തീര്ത്തുകൂടെയെന്ന സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിച്ചു. ദേശീയ വനിത കമ്മീഷനും എറണാകുളം ജില്ല പോഷ് കമ്മിറ്റിക്കും പരാതി നല്‍കിയിട്ടുണ്ട്. കേസില്‍ നിയമപോരാട്ടം തുടരുമെന്നും പരാതിക്കാരി പറഞ്ഞു.
സാക്ഷികള്‍ അതേ സ്ഥാപനത്തിലായതിനാല്‍ കാര്യങ്ങള്‍ തുറന്നു പറയാന്‍ തയാറല്ല. എന്തു സംഭവിക്കുമെന്ന് അറിയില്ല. മീഡിയേഷനില്‍ പങ്കെടുക്കണോ എന്നത് അഭിഭാഷകരുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കും. പ്രശ്നം പറഞ്ഞു പരിഹരിക്കാന്‍ തയാറാണെന്ന് ഒരു ഘട്ടത്തിലും കോടതിയെ അറിയിച്ചിട്ടില്ല. ദേശീയ വനിത കമ്മീഷന് താന്‍ നല്കിയ പരാതിയില്‍ തുടര്‍നടപടി സ്വീകരിച്ചിട്ടുണ്ട്. ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടിട്ടുണ്ട്. ക്രൈം ബ്രാഞ്ച് അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും പരാതിക്കാരി പറഞ്ഞു.
കേസ് മധ്യസ്ഥതയിലൂടെ തീര്‍ത്തു കൂടെയെന്നു വേണു ഗോപാലകൃഷ്ണന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നുതിനിടെ ഇന്നലെ സുപ്രീംകോടതി ചോദിച്ചിരുന്നു. തുടര്‍ന്ന് ഈ കാര്യം പരിശോധിക്കാന്‍ കേസ് സുപ്രീം കോടതിയുടെ മീഡിയേഷന് സെന്ററിനു വിടുകയായിരുന്നു.
Kerala
കണ്ണൂർ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കുകയും ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തിയ സംഭവത്തിൽ ബിസിനസുകാരൻ അറസ്റ്റിൽ. കോട്ടയം സ്വദേശിനിയുടെ പരാതിയിൽ കണ്ണൂർ കിഴുന്നയിലെ സജിത്തിനെയാണ് (52) എടക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
2015നും 2020നും ഇടയിൽ ദുബായിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദുബായിയിലെ ഉന്നത ഉദ്യോഗസ്ഥയായ 35കാരിയുമായി സജിത്ത് ബന്ധം സ്ഥാപിക്കുകയും തന്റെ കമ്പനിയിൽ യുവതിയെ കൊണ്ട് 16 കോടി നിക്ഷേപിപ്പിക്കുകയും ചെയ്തു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തു.
ഇതിനിടെ യുവതി ഗർഭിണിയാകുകയും ചെയ്തു. ഗർഭിണിയായ യുവതി തന്നെ വിവാഹം കഴിക്കണമെന്ന് സജിത്തിനോട് ആവശ്യപ്പെട്ടു. എന്നാൽ, ഇയാൾ ഗർഭഛിദ്രം നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
സജിത്തിന്റെ നിർദേശപ്രകാരം ഗർഭഛിദ്രം നടത്തിയെങ്കിലും വിവാഹം കഴിക്കാതെയും തന്റെ പണം നൽകാതെയും ദുബായിയിൽ നിന്ന് ഇയാൾ കടന്നുകളയുകയായിരുന്നുവെന്നാണു പരാതി. എടക്കാട് പോലീസ് അറസ്റ്റ് ചെയ്ത സജിത്തിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചൊവ്വാഴ്ച കെപിസിസിക്ക് ലൈംഗിക പീഡന പരാതി നൽകിയ പരാതിക്കാരിയെ വെല്ലുവിളിച്ച് രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാൻ. വ്യാജ പരാതിയെന്ന് ആവര്‍ത്തിച്ച ഫെന്നി പോലീസ് അന്വേഷിച്ച് എന്തെങ്കിലും തെളിവുണ്ടെങ്കിൽ സ്ഥാനാർഥിത്വം പിന്‍വലിക്കാൻ തയ്യാറാണെന്നും വ്യക്തമാക്കി.
അടൂര്‍ നഗരസഭയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയാണ് ഫെന്നി നൈനാൻ. ഹോം സ്റ്റേ പോലൊരു കെട്ടിടത്തിലെത്തിച്ചതും തിരികെ കൊണ്ടുപോയതും ഫെന്നി നൈനാൻ ആണെന്നാണ് യുവതിയുടെ പരാതിയിലുള്ളത്. എന്നാൽ, പരാതി വ്യാജമാണെന്നും തന്റെ ജീവിതത്തിൽ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും ഫെന്നി പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂര്‍ ജാമ്യ ഹര്‍ജി തള്ളിക്കാനുള്ള നീക്കമാണെന്നും പരാതി നൽകിയത് ആണാണോ പെണ്ണാണോ എന്ന് പോലും അറിയില്ലെന്നും ഏതു വാഹനത്തിൽ എവിടേക്കാണ് കൊണ്ടുപോയതെന്ന് വ്യക്തമാക്കണമെന്നും ഫെന്നി നൈനാൻ വെല്ലുവിളിച്ചു. ഏതു ഹോംസ്റ്റേയിലേക്കാണ് കയറ്റി കൊണ്ടുപോയതെന്നും അവരെ എങ്ങോട്ടാണ് കൊണ്ടുപോയതെന്നും വ്യക്തമാക്കണം.
ഒരു സ്ഥാനാർഥിയെ ഏത് വിധേനയും തേജോവധം ചെയ്യാനുള്ള നീക്കമാണ് നടക്കുന്നത്. പോലീസ് അന്വേഷിച്ച് തെളിവ് കണ്ടെത്തിയാൽ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാം. വ്യാജ പരാതി കൊടുത്ത വ്യക്തി ആദ്യം ചോദ്യങ്ങളിൽ മറുപടി പറയട്ടെ. പരാതി നൽകിയ ആളെ താൻ വെല്ലുവിളിക്കുകയാണ്.
ഏതുവാഹനത്തിലാണ് കൊണ്ടുപോയതെന്നും പറയണം. പരാതിക്ക് പിന്നിൽ വലിയ ഗൂഢാലോചനയാണുള്ളത്. സര്‍ക്കാരും പൊതുപ്രവര്‍ത്തകനും ഒരു ചാനലും ഉള്‍പ്പെട്ട ഗൂഢാലോചനയാണിതെന്നും ഫെന്നി ആരോപിച്ചു.
Kerala
കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനിലെ സിപിഎം സ്ഥാനാര്‍ഥിക്ക് ഇരട്ടവോട്ട്. മെഡിക്കല്‍ കോളേജ് 20-ാം വാര്‍ഡ് സ്ഥാനാര്‍ഥി ഷീതു നിവേഷിനാണ് ഒരു വാര്‍ഡില്‍ രണ്ട് ബൂത്തുകളിലായി വോട്ടുകളുള്ളത്.
ഇരട്ടവോട്ട് കണ്ടെത്തിയ സാഹചര്യത്തില്‍ ഷീതുവിന്റെ സ്ഥാനാര്‍ഥിത്വം റദ്ദ് ചെയ്യാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ഡിസിസി തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി അയച്ചു. രണ്ട് തിരിച്ചറിയല്‍ രേഖ നമ്പറുകളിലായാണ് വോട്ടുകളുള്ളതെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ പറഞ്ഞു.
ഒരു ബൂത്തില്‍ 977 നമ്പറിലും രണ്ടാമത്തെ ബൂത്തില്‍ 1425 നമ്പറിലുമാണ് വോട്ടുകളുള്ളത്. ഇതില്‍ 977 നമ്പറിലെ വോട്ട് കാണിച്ചാണു സ്ഥാനാര്‍ഥി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. ജില്ലയില്‍ കോഴിക്കോട് കോര്‍പറേഷനില്‍ മാത്രം 25,000 ഇരട്ടവോട്ടുകളാണ് കണ്ടെത്തിയിരുന്നത്.
16,000 ഇരട്ടവോട്ടില്‍ കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. ഈ പരാതികളില്‍ പരിഹാരമുണ്ടായില്ലെന്നു മാത്രമല്ല എല്ലാ ഇരട്ടവോട്ടും ഇടകലര്‍ത്തി ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണെന്നും പ്രവീണ്‍കുമാര്‍ പറഞ്ഞു.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പീഡന പരാതി നൽകി മറ്റൊരു യുവതി. രാഹുൽ ലൈംഗീകമായി പീഡിപ്പിച്ച ശേഷം ബന്ധത്തിൽ നിന്നും പിന്മാറിയെന്നാണ് പരാതിക്കാരി ആരോപിക്കുന്നത്.
കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും യുവതി പരാതി നൽകി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനും പരാതി നൽകിയതായി പെൺകുട്ടി പറഞ്ഞു. എന്നാൽ നടപടി സ്വീകരിക്കാത്തത് വേദനിപ്പിച്ചെന്നും അവർ വ്യക്തമാക്കി.
രാഹുലുമായി സൗഹൃദമുണ്ടായിരുന്നു. വിവാഹക്കാര്യം വീട്ടിൽ അറിയിച്ചപ്പോൾ രാഹുലിന് ജോലി ഇല്ലാത്തതിനാൽ വീട്ടുകാർ ബന്ധം വേണ്ടന്ന് വച്ചു. എന്നാൽ രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷനായപ്പോൾ വീട്ടുകാർ താൽപര്യം പ്രകടിപ്പിച്ചുവെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു.
രാഹുലും സുഹൃത്ത് ഫെന്നി നൈനാനും ചേർന്ന് കാറിൽ തന്നെ ഹോം സ്റ്റേയിൽ എത്തിച്ചെന്നും ബലംപ്രയോഗിച്ച് പീഡിപ്പിച്ചെന്നും ഗർഭം ധരിക്കാൻ രാഹുൽ നിർബന്ധിച്ചുവെന്നും പെൺകുട്ടി പറയുന്നു.
പിന്നീട് ഇയാൾ വിവാഹത്തിൽ നിന്നും പിന്മാറി. ഇത് തന്നെ മാനസികമായും ശാരീരികമായും തളർത്തി. പോലീസിൽ പരാതി നൽകാത്തത് ഭയം കാരണമെന്നും യുവതി പരാതിയിൽ ആരോപിക്കുന്നു.
Kerala
ഇടുക്കി: അങ്കണവാടിയിൽ ജീവനക്കാരിക്ക് നേരെ അസഭ്യവർഷവുമായി എൽഡിഎഫ് സ്ഥാനാർഥി. ഇടുക്കി വണ്ണപ്പുറം പഞ്ചായത്ത് പതിമൂന്നാം വാർഡിലെ സ്ഥാനാർഥി ലിജോ ജോസഫാണ് ജീവനക്കാരി നബീസയെ അസഭ്യം പറഞ്ഞത്.
കുട്ടികൾ ഉറങ്ങിക്കിടക്കുന്ന സമയത്താണ് സംഭവം. ലിജോക്കെതിരെ നസീബ പോലീസിൽ പരാതി നൽകി.
Kerala
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതിയിൽ പോലീസ് ഉടൻ കേസെടുക്കും. തിരുവനന്തപുരം വലിയമല പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത്. പിന്നീട് നേമം പോലീസ് സ്റ്റേഷനിലേക്ക് കൈമാറുന്ന കേസിൽ തിരുവനന്തപുരം റൂറൽ എസ്പിക്കാണ് അന്വേഷണ ചുമതല.
കേസിൽ പരാതിക്കാരിയായ അതിജീവിതയുടെ മൊഴി ഇന്നലെ രാത്രി രേഖപ്പെടുത്തിയിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് അതിജീവിത മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി പരാതികളും തെളിവുകളും കൈമാറിയത്. അതിജീവിതയുടെ പരാതി ലഭിച്ച മുഖ്യമന്ത്രി ഉടൻ ക്രൈം ബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിനെ ഓഫീസിലേക്ക് വിളിച്ചുവരുത്തി കേസെടുക്കുന്ന കാര്യം ചർച്ച ചെയ്തു.
സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്ത കേസിൽ നേരത്തെ ക്രൈം ബ്രാഞ്ച് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സ്വമേധയാ കേസെടുത്തിരുന്നു. എന്നാൽ അതിജീവിത നേരിട്ട് ലൈംഗിക പീഡന പരാതി നൽകിയ സാഹചര്യത്തിൽ ഈ കേസ് പ്രത്യേക കേസായി എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനാണ് പോലീസിന്റെ തീരുമാനം.
അതേസമയം യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ കൂടിയായ രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യത്തിനായി ശ്രമം തുടങ്ങിയിട്ടുണ്ട്. കുറ്റം ചെയ്തിട്ടില്ലെന്നുളള ബോധ്യമുള്ളടത്തോളം കാലം നിയമപരമായി പോരാടുമെന്നും നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്നും ഇന്നലെ രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ക്കിലൂടെ വ്യക്തമാക്കിയിരുന്നു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയുടെ അനാസ്ഥയിൽ രോഗി മരിച്ചെന്ന് പരാതി. കൊല്ലം പന്മന സ്വദേശി വേണു (48) ആണ് ബുധനാഴ്ച മരിച്ചത്.
വേണുവിന് ആവശ്യമായ ചികിത്സ നൽകിയില്ലെന്ന് കുടുംബം ആരോപിക്കുന്നു. താൻ മരിച്ചാൽ അതിന് കാരണം ആശുപത്രിയുടെ അനാസ്ഥയാണെന്ന് വേണു പറയുന്ന ശബ്ദ സന്ദേശം പുറത്തുവന്നു.
ആൻജിയോഗ്രാമിന് ആശുപത്രിയിൽ എത്തിച്ച വേണുവിന് ആറ് ദിവസമായിട്ടും ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ പരാതി. നായയെ നോക്കുന്ന കണ്ണ് കൊണ്ടുപോലും മെഡിക്കൽ കോളജിൽ രോഗികളെ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് വേണു സുഹൃത്തിനയച്ച ശബ്ദ സന്ദേശത്തിൽ പറയുന്നത്. ഓട്ടോറിക്ഷ ഡ്രൈവറാണ് മരിച്ച വേണു.
Kerala
തിരുവനന്തപുരം: സംസ്കൃതം അറിയാത്ത വിദ്യാർഥിക്ക് സംസ്കൃതത്തിൽ പിഎച്ച്ഡി നൽകാൻ ശുപാർശ ചെയ്ത എസ്എഫ്ഐ നേതാവിനെതിരെ പരാതി. മൂല്യനിർണയ കമ്മിറ്റി ചെയർമാന്റെ ശുപാർശ റദ്ദാക്കണമെന്നാണ് പരാതിയിലുള്ളത്. കാര്യവട്ടം ക്യാമ്പസിലെ എസ്എഫ്ഐ പ്രവർത്തകൻ വിപിൻ വിജയനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. വകുപ്പ് മേധാവി വൈസ് ചാൻസിലർക്ക് പരാതി നൽകി.
വിദ്യാർഥിക്ക് ഓപ്പൺ ഡിഫൻസിൽ ചോദ്യങ്ങൾക്ക് ഉത്തരമുണ്ടായില്ലെന്നും സംസ്കൃതം അറിയില്ലെന്നും വകുപ്പ് മേധാവിയുടെ കത്തിൽ പറയുന്നു. സദ്ഗുരു സർവസ്വം, ഒരു പഠനം എന്ന പേരിൽ ചട്ടമ്പിസ്വാമികളെ കുറിച്ചുള്ളതാണ്. അതേസമയം, പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങിയതായി വിസി അറിയിച്ചു. റജിസ്ട്രാർ, റിസർച്ച് ഡയറക്ടർ എന്നിവർക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
അതിനിടെ, സംഭവത്തിൽ പ്രതികരണവുമായി വിപിൻ വിജയൻ രംഗത്തെത്തി. പരാതിക്ക് പിന്നിൽ അധ്യാപികക്കുള്ള വ്യക്തിവിരോധമാണെന്ന് വിപിൻ വിജയൻ പറഞ്ഞു. കാര്യവട്ടം ക്യാമ്പസിലെ റിസർചേർസ് യൂണിയൻ ഭാരവാഹിയാണ് വിപിൻ വിജയൻ.
വിപിൻ വിജയൻ ആറുവർഷം മുൻപാണ് റിസർച്ചേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്നതെന്നും നിലവിൽ എസ്എഫ്ഐയുമായി ബന്ധമില്ലെന്നും ജില്ലാ ഭാരവാഹികൾ അറിയിച്ചു. കാര്യവട്ടം ക്യാമ്പസിലെ വകുപ്പ് മേധാവിയായ ഡോക്ടർ സി.എൻ. വിജയകുമാരിയാണ് പരാതി നൽകിയത്.
District News
കൊച്ചി: വിദേശജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ ഇടുക്കി സ്വദേശിയ്ക്കെതിരെ കൂടുതല്‍ പരാതികള്‍. എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപം ബഥനി ടൂര്‍സ് എന്ന സ്ഥാപനം നടത്തുന്ന ഇടുക്കി സ്വദേശി കെ.ജെ. ജ്യോതിഷിനെ(43)തിരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസില്‍ ഇരുപതോളം പരാതികള്‍ ലഭിച്ചത്.
ഇതില്‍ ഒരു കുടുംബത്തിലെ അംഗങ്ങളില്‍ നിന്നു മാത്രം ഇയാള്‍ ആറുലക്ഷം വാങ്ങി തട്ടിപ്പ് നടത്തിയതായും പരാതിയുണ്ട്. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ മാത്രം നൂറിലധികം പരാതികള്‍ ഇയാള്‍ക്കെതിരെ മുമ്പ് ലഭിച്ചിരുന്നു.
ഓസ്ടേലിയലിലേയ്ക്കും യൂറോപ്പിലെ വിവിധ രാജ്യങ്ങളിലേയ്ക്കും ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞായിരുന്നു ജ്യോതിഷ് പണം വാങ്ങിയിരുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അഞ്ഞൂറോളംപേരില്നിന്ന് ഇയാള്‍ പണം തട്ടിയതായാണ് പ്രാഥമിക നിഗമനം. സുഹൃത്തിനൊപ്പം കഴിഞ്ഞിരുന്ന ഇയാളെ ബംഗളൂരു ഇന്ദിര നഗറില്‍ നിന്ന് വ്യാഴാഴ്ചയാണ് പോലീസ് പിടികൂടിയത്.
Kerala
കൊയിലാണ്ടി: സ്ത്രീകൾ ശബരിമല കയറിയ സംഭവത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എംപി ബിന്ദു അമ്മിണിക്കും കൂട്ടർക്കും എതിരേ നടത്തിയ പരാമർശത്തിനെതിരേ ബിന്ദു അമ്മിണി കൊയിലാണ്ടി പോലീസിൽ പരാതി നൽകി.
ശബരിമലയിൽ പ്രവേശിച്ചത് ബീഫും പൊറോട്ടയും കഴിച്ചിട്ടാണെന്ന എംപിയുടെ പരാമർശത്തിനെതിരേയാണു പരാതി നൽകിയത്. കൊയിലാണ്ടി പോലീസ് പരാതി സ്വീകരിച്ചു.
Kerala
കൊച്ചി: സിനിമയില്‍ അഭിനയിക്കാനെന്ന പേരില്‍ വിളിച്ചു വരുത്തി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണത്തില്‍ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ദിനില്‍ ബാബുവിനെതിരെ നിയമ നടപടിയുമായി ദുൽഖർ സൽമാന്റെ വേഫറെര്‍ ഫിലിംസ്.
കാസ്റ്റിംഗ് കൗച്ചിന്റെ പേരില്‍ വേഫെറര്‍ ഫിലിംസിനെ അപകീര്‍ത്തിപ്പെടുത്തിയതിനാണ് പരാതി. തേവര പോലീസ് സ്റ്റേഷനിലും മലയാളത്തിലെ സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയിലുമാണ് നിര്‍മാണക്കമ്പനി പരാതി നല്‍കിയത്.
എറണാകുളം സൗത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദിനില്‍ ബാബുവുമായി വേഫെറര്‍ ഫിലിംസിനു യാതൊരു ബന്ധവും ഇല്ലെന്ന് കമ്പനി വ്യക്തമാക്കി. വേഫെററിന്റെ ഒരു ചിത്രത്തിലും ദിനില്‍ ഭാഗമല്ല എന്നും അവര്‍ അറിയിച്ചു.
National
കോൽക്കത്ത: ഡൽഹി-കോൽക്കത്ത ഇൻഡിഗോ വിമാനത്തിലെ ജീവനക്കാരും യാത്രക്കാരനും തമ്മിൽ മതപരമായ മുദ്രാവാക്യത്തെച്ചൊല്ലി രൂക്ഷമായ തർക്കം. ഇതേതുടർന്ന് വിമാനം മൂന്ന് മണിക്കൂറോളം വൈകി.
വിമാനത്തിനുള്ളിൽ ഹർ ഹർ മഹാദേവ മുദ്രാവാക്യം വിളിയ്ക്കുകയും മറ്റുള്ളവരോട് വിളിക്കാൻ ആവശ്യപ്പെടുകയും ചെയ്തതിനെ തുടർന്നാണ് സംഭവം.
മതപരമായ മുദ്രാവാക്യം വിളിച്ചതിനും വിമാനത്തിൽ മദ്യപിച്ചതിനും ഇരുവിഭാഗവും പരസ്പരം പരാതി നൽകി. അഭിഭാഷകനായ യാത്രക്കാരൻ പ്രശ്നമുണ്ടാക്കിയതായി ജീവനക്കാർ ആരോപിച്ചു.
അതേസമയം, എയർലൈൻ ജീവനക്കാർ അടിസ്ഥാന സേവനങ്ങൾ നിഷേധിക്കുകയും ഉപദ്രവിക്കുകയും ചെയ്തുവെന്ന് അഭിഭാഷകനും ആരോപിച്ചു. ഇരുവരുടെയും പരാതികൾ അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.
31D യിൽ ഇരുന്നു വിമാനത്തിൽ കയറിയ യാത്രക്കാരൻ മദ്യപിച്ച നിലയിലായിരുന്നുവെന്നും സഹയാത്രികരെ ഹർ ഹർ മഹാദേവ് എന്ന് വിളിക്കാൻ പ്രേരിപ്പിച്ചതായും എയർ ഹോസ്റ്റസ് പരാതിപ്പെട്ടു.
വിമാനം പുറപ്പെട്ട ശേഷം സോഫ്റ്റ് ഡ്രിങ്കിൽ മദ്യം കലർത്തി കുടിക്കാൻ ശ്രമിക്കുകയും ജീവനക്കാർ ചോദ്യം ചെയ്തപ്പോൾ അയാൾ പെട്ടെന്ന് അത് കുടിച്ചെന്നും ജീവനക്കാർ പറഞ്ഞു. ഇയാളെ കോൽക്കത്തയിലെ സുരക്ഷാ ജീവനക്കാർക്ക് കൈമാറി.
എന്നാൽ, അഭിഭാഷകൻ ആരോപണങ്ങൾ നിഷേധിച്ചു. ക്രൂവിന്റെ മതം അറിയാതെ "ഹർ ഹർ മഹാദേവ്' എന്ന് പറഞ്ഞ് അഭിവാദ്യം ചെയ്തതായി അദ്ദേഹം പറഞ്ഞു. വിമാനത്തിൽ മദ്യപിച്ചിട്ടില്ലെന്നും വിമാനത്തിൽ കയറുന്നതിന് മുമ്പ് ഐജിഐഎയിൽ ഒരു കുപ്പി ബിയർ കുടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.