കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനിലെ സിപിഎം സ്ഥാനാര്‍ഥിക്ക് ഇരട്ടവോട്ട്. മെഡിക്കല്‍ കോളേജ് 20-ാം വാര്‍ഡ് സ്ഥാനാര്‍ഥി ഷീതു നിവേഷിനാണ് ഒരു വാര്‍ഡില്‍ രണ്ട് ബൂത്തുകളിലായി വോട്ടുകളുള്ളത്.
ഇരട്ടവോട്ട് കണ്ടെത്തിയ സാഹചര്യത്തില്‍ ഷീതുവിന്റെ സ്ഥാനാര്‍ഥിത്വം റദ്ദ് ചെയ്യാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ഡിസിസി തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി അയച്ചു. രണ്ട് തിരിച്ചറിയല്‍ രേഖ നമ്പറുകളിലായാണ് വോട്ടുകളുള്ളതെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ പറഞ്ഞു.
ഒരു ബൂത്തില്‍ 977 നമ്പറിലും രണ്ടാമത്തെ ബൂത്തില്‍ 1425 നമ്പറിലുമാണ് വോട്ടുകളുള്ളത്. ഇതില്‍ 977 നമ്പറിലെ വോട്ട് കാണിച്ചാണു സ്ഥാനാര്‍ഥി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. ജില്ലയില്‍ കോഴിക്കോട് കോര്‍പറേഷനില്‍ മാത്രം 25,000 ഇരട്ടവോട്ടുകളാണ് കണ്ടെത്തിയിരുന്നത്.
16,000 ഇരട്ടവോട്ടില്‍ കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. ഈ പരാതികളില്‍ പരിഹാരമുണ്ടായില്ലെന്നു മാത്രമല്ല എല്ലാ ഇരട്ടവോട്ടും ഇടകലര്‍ത്തി ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണെന്നും പ്രവീണ്‍കുമാര്‍ പറഞ്ഞു.
Tags : CPM candidate DCC complaint Double vote