Kerala
ഹരിപ്പാട്: പാപ്പാനെ കുത്തിക്കൊന്നതിനെ തുടർന്ന് നിരീക്ഷണത്തിലായിരുന്ന അനയുടെ അടുത്ത് കൈക്കുഞ്ഞിനെ എത്തിച്ച് അപകടകരമായ സാഹചര്യം സൃഷ്ടിച്ച സംഭവത്തിൽ ഒളിവിലായിരുന്ന രണ്ടാം പാപ്പാനും അറസ്റ്റിലായി.
കുട്ടിയുടെ പിതാവായ കൊട്ടിയം സ്വദേശി അഭിലാഷാണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ഇയാളെ ബുധനാഴ്ച രാത്രി എറണാകുളത്തുള്ള ഭാര്യവീട്ടിൽ നിന്ന് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ആനയുടെ ഒന്നാം പാപ്പാൻ പുനലൂർ കുമരംകുടി കുരിയനയം മാമ്മൂട്ടിൽ വീട്ടിൽ ജിതിൻ രാജിനെ (39) ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പാപ്പാനെ കുത്തിക്കൊന്ന ശേഷം നിരീക്ഷണത്തിലായിരുന്ന ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ സ്കന്ദൻ എന്ന കൊമ്പന്റെ അടുത്തായിരുന്നു കുട്ടിയുമായി പാപ്പാൻമാരുടെ തീക്കളി. കഴിഞ്ഞ ഞായറാഴ്ച ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ചോറൂണ് ചടങ്ങിന് കൊണ്ടുവന്ന കുഞ്ഞിനെ രണ്ടാം പാപ്പാനും കുഞ്ഞിന്റെ പിതാവുമായ അഭിലാഷ് ആനയ്ക്കരികിൽ കൊണ്ടുവരികയായിരുന്നു.
തുടർന്ന് ജിതിൻ രാജും അഭിലാഷും ചേർന്ന് യാതൊരു സുരക്ഷയും ഇല്ലാതെ കുഞ്ഞിനെ ആനയുടെ തുമ്പിക്കൈക്ക് അടിയിലൂടെയും കാലുകൾക്കിടയിലൂടെയും കൊണ്ടുപോകുകയും ഒടുവിൽ കുഞ്ഞ് ആനയുടെ കാൽചുവട്ടിലേക്ക് വഴുതിവീഴുകയും ചെയ്ത സംഭവമാണ് കേസിന് ആധാരം.
സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോ അടിസ്ഥാനത്തിൽ ഹരിപ്പാട് പോലീസ് ഇരുവർക്കുമെതിരെ സ്വമേധയാ കേസെടുക്കുകയായിരുന്നു. ബാലനീതി വകുപ്പും മൃഗങ്ങളെ വളരെ അലക്ഷ്യമായ രീതിയിൽ കൈകാര്യം ചെയ്യുന്നതിനുള്ള വകുപ്പും ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്.
കുട്ടി താഴെ വീണുവെങ്കിലും ആന പ്രകോപിതനാവുകയോ മറ്റും ചെയ്യാതിരുന്നതിനാലാണ് ദുരന്തം ഒഴിവായത്. ഇതിനോടകം നാലു പേരെ കൊലപ്പെടുത്തിയ ആനയാണ് സ്കന്ദൻ. നാലുമാസം മുമ്പാണ് ആന പാപ്പാനെ കുത്തി കൊലപ്പെടുത്തുന്നത്.
കഴിഞ്ഞ ഓണത്തിന് ശേഷം ഈ ആനയെ പുറത്തെഴുന്നള്ളിക്കുകയോ പുറത്തിറക്കുകയോ ചെയ്യാതെ ആനത്തറയിൽ തളച്ചിരിക്കുകയാണ്. ജിതിൻ രാജ് എന്ന പാപ്പാൻ ഈ ആനയുടെ ചുമതല ഏറ്റെടുത്തിട്ട് ഒന്നരമാസമേ ആയിട്ടുള്ളൂ. ഈ ആനയെ നോക്കുന്നതിനായി സ്ഥിരമായി ഒരു പാപ്പാനും തയാറായിരുന്നതല്ല.
കൂടാതെ ഈ ആനയെ പുറത്തെഴുന്നള്ളിക്കുകയോ പൊതുജനങ്ങളുമായി ബന്ധമുള്ള സ്ഥലത്ത് പ്രദർശിപ്പിക്കുകയോ ചെയ്യരുത് എന്ന് കാണിച്ചുകൊണ്ട് ഹരിപ്പാട് പോലീസ് സ്റ്റേഷനിൽ നിന്നും ഹരിപ്പാട് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർക്ക് രേഖാമൂലം കത്ത് നൽകിയിട്ടുള്ളതാണ്. ആനയുടെ അടുത്തേക്ക് പോകുന്നതിനുള്ള സുരക്ഷാ മാനദണ്ഡങ്ങൾ ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്നും ക്ഷേത്ര ഉപദേശക സമിതിയുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് അറിയിച്ചിട്ടുള്ളതാണ്.
പൊതുജനങ്ങൾ ആനയെ തളച്ചിരിക്കുന്ന ഭാഗത്തേക്ക് പോകുകയോ ആനയെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പ്രവൃത്തികളിൽ ഏർപ്പെടുകയോ ചെയ്യരുതെന്ന് പോലീസ് നിർദേശം നൽകിയിട്ടുണ്ട്. കുട്ടി വീഴുന്ന സംഭവത്തിന് തൊട്ടുമുമ്പ് പാപ്പാന്മാർ ആനയെ ക്രൂരമായി മർദ്ദിക്കുന്ന രംഗങ്ങളും ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Kerala
ആലപ്പുഴ: ഹരിപ്പാട്ട് പാപ്പാനെ കുത്തിക്കൊന്ന ആനയുടെ സമീപം ആറുമാസം പ്രായമുള്ള കുഞ്ഞുമായി പാപ്പാന്റെ സാഹസം. കഴിഞ്ഞ ഞായറാഴ്ച ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലാണ് നടുക്കുന്ന സംഭവമുണ്ടായത്.
ആനയുടെ താത്കാലിക പാപ്പാൻ അഭിലാഷിന്റെ കുട്ടിയാണിത്. ഇതിനിടെ കുട്ടി അഭിലാഷിന്റെ കൈയിൽ നിന്നും ആനയുടെ കാൽ ചുവട്ടിലേക്ക് വീഴുകയും ചെയ്തു.
ചോറൂണിന് വേണ്ടിയാണ് കുഞ്ഞിനെ ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നത്. തുടര്‍ന്ന്, ഹരിപ്പാട് സ്കന്ദന് എന്ന ആനയുടെ മുന്നിലേക്ക് എത്തിക്കുകയായിരുന്നു. കുട്ടിയെ ആനയുടെ തുമ്പി കൈയുടെ അടിയിലൂടെ കൊണ്ട് പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.
ആനയുടെ കാലുകള്‍ക്കിടയിലൂടെയും കുഞ്ഞുമായി പോയി. തുടര്‍ന്ന് തുമ്പിക്കൈയില്‍ ഇരുത്താന്‍ ശ്രമിക്കുമ്പോഴാണ് അഭിലാഷിന്റെ കൈയില്‍ നിന്ന് കുട്ടി മറിഞ്ഞ് ആനയുടെ കാല് ചുവട്ടിലേക്ക് വീണത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് ഹരിപ്പാട് സ്കന്ദന് എന്ന ഈ ആന പുറത്തിരുന്ന രണ്ട് പേരെ വലിച്ച് താഴെയിടുകയും ഒന്നാം പാപ്പാനെ ചവിട്ടിയും കുത്തിയും കൊലപ്പെടുത്തുകയും ചെയ്തത്. തുടര്‍ന്ന് കൊല്ലത്ത് നിന്ന് മറ്റൊരു പാപ്പാനെത്തി ആനയെ തളയ്ക്കാന്‍ ശ്രമിച്ചു. ഇയാളെയും ആന ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു.
സംഭവം പുറത്തുവന്നതോടെ താത്കാലിക പാപ്പാൻ അഭിലാഷിനെ ജോലിയിൽ നിന്നും മാറ്റി നിര്‍ത്തി. കുട്ടിയുടെ പേടി മാറാനാണ് ആനയുടെ അടിയിലൂടെ പോയതെന്ന് ഇയാൾ ക്ഷേത്രം ഭാരവാഹികളോടു പറഞ്ഞു.
Kerala
കൊച്ചി: തിരുനെട്ടൂര്‍ മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച ആന ചരിഞ്ഞു. പെരുമ്പാവൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതും തുറുപ്പുഗുലാൻ സിനിമയിലൂടെ ശ്രദ്ധേയനായ നെല്ലിക്കാട്ട് മഹാദേവൻ എന്ന ആനയാണ് ചരിഞ്ഞത്.
ഉത്സവത്തിന് എത്തിയ ആന ലോറിയിൽ നിന്ന് ഇറക്കുന്ന സമയത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ആനയുടെ പോസ്റ്റുമോർട്ടം ഇന്ന് പെരുന്തോട് ഫോറസ്റ്റ് സ്റ്റേഷന് കീഴിലുള്ള സ്ഥലത്ത് നടക്കും.
മമ്മൂട്ടി നായകനായ തുറുപ്പുഗുലാൻ എന്ന സിനിമയിൽ മമ്മൂട്ടിക്കൊപ്പം ഒരു പാട്ടിലും ഏതാനും രംഗങ്ങളിലും നെല്ലിക്കോട്ട് മഹാദേവൻ ഉണ്ടായിരുന്നു.
Kerala
ഇടുക്കി: മൂന്നാറിൽ കാർ യാത്രക്കാരെ വിരട്ടി കാട്ടുകൊമ്പൻ. ഇന്നു രാവിലെ നല്ലതണ്ണി റോഡിലായിരുന്നു സംഭവം. മൂന്നാർ ടൗണിൽനിന്നു രണ്ടര കിലോമീറ്റർ ദൂരെ ഡോക്ടേഴ്സ് ബംഗ്ലാവിലേക്കു പോകുന്ന വഴിയിലാണ് ആനയെക്കണ്ട് വഴിയിൽ ഒതുക്കിയ കാറിനു സമീപത്തുകൂടി ചിന്നംവിളിച്ച് ആന കടന്നുപോയത്.
കഴിഞ്ഞ കുറെ ദിവസമായി പടയപ്പ എന്ന കൊമ്പനും മറ്റു ചില കൊമ്പൻമാരും മൂന്നാറിന്റെ പല ഭാഗത്തും റോഡിൽ ഇറങ്ങുന്നുണ്ട്. പടയപ്പ ഇടയ്ക്കിടെ ആക്രമണങ്ങളും നടത്തുന്നുണ്ട്. സഞ്ചാരികൾ ഏറ്റവും കൂടുതൽ എത്തിക്കൊണ്ടിരിക്കുന്ന സമയത്താണ് ആനകളുടെ നാട്ടിലേക്കുള്ള ഇറക്കം.
ആനകളെ ടൗണിൽനിന്നു തുരത്തണമെന്ന് നാട്ടുകാരും വ്യാപാരികളുമെല്ലാം തുടർച്ചയായി ആവശ്യപ്പെട്ടുവരികയാണ്. പടയപ്പ വീടുകൾക്കു നേരെയും കടകൾക്കു നേരെയും ആക്രമണം നടത്തുന്ന നിരവധി സംഭവങ്ങൾ കഴിഞ്ഞ കാലങ്ങളിലും റിപ്പോർട്ട് ചെയ്തിരുന്നു.
Kerala
കൊച്ചി: പെറ്റ് ഷോയ്ക്ക് സ്കൂളിൽ ആനയെ കൊണ്ടുവന്ന സംഭവത്തിൽ റിപ്പോർട്ട് തേടി വനംവകുപ്പ്. സോഷ്യൽ ഫോറസ്ട്രി വിഭാഗമാണ് സ്കൂളിൽ നിന്നും റിപ്പോർട്ട് തേടിയത്.
ബുധനാഴ്ച കലൂർ ഗ്രീറ്റസ് പബ്ലിക് സ്കൂളിലാണ് സംഭവം. പെറ്റ് ഷോയുടെ ഭാഗമായാണ് കുട്ടികൾ വീട്ടിലെ വളർത്തുമൃഗങ്ങളെ സ്കൂളിലെത്തിച്ചത്. പൂച്ചയേയും നായയേയും കുതിരയേയുമൊക്കെ കുട്ടികൾ കൊണ്ടുവന്നിരുന്നു.
അതിനിടെയാണ് ഒരു കുട്ടി ആനയുമായി സ്കൂളിലെത്തിയത്. ആനപ്പുറത്ത് ഇരിക്കുന്ന കുട്ടികളുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സോഷ്യൽ ഫോറസ്ട്രി വിഭാഗം ഇടപെടുകയായിരുന്നു. ഇടപ്പള്ളി റേഞ്ചിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് സ്കൂൾ അധികൃതരോട് വിശദീകരണം ചോദിച്ചത്.
അനുമതി വാങ്ങിയാണോ ആനയെ സ്കൂളിലെത്തിച്ചതെന്നും കുട്ടികളെ ആനപ്പുറത്ത് കയറ്റിയതിന് അനുമതി വാങ്ങിയിരുന്നോ എന്നും ഉദ്യോഗസ്ഥർ ചോദിച്ചിട്ടുണ്ട്.
എന്നാൽ അനുമതി വാങ്ങിയാണ് ആനയെ സ്കൂളിലെത്തിച്ചതെന്നായിരുന്നു അധികൃതരുടെ മറുപടി. ആനപ്പുറത്ത് കയറിയത് ആനയുടെ ഉടമകളാണെന്നും അധികൃതർ മറുപടി നൽകി. സംഭവത്തിൽ സ്കൂളിനോട് വിശദീകരണം ആവശ്യപ്പെട്ടു.
Kerala
ആലപ്പുഴ: ഗജരാജൻ മുല്ലയ്ക്കൽ ബാലകൃഷ്ണൻ ചരിഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് കീഴിലുള്ള ആലപ്പുഴ മുല്ലയ്ക്കല് രാജരാജേശ്വരിക്ഷേത്രത്തിലെ ആനയായിരുന്നു 62 വയസുള്ള ബാലകൃഷ്ണന്.
42 വർഷം മുമ്പ് പാറമേക്കാവ് ദേവസ്വത്തിൽ നിന്ന് 20-ാം വയസിൽ മുല്ലയ്ക്കല് ക്ഷേത്രത്തിലെ ഭക്തജനങ്ങള്‍ വാങ്ങി നടയ്ക്കിരുത്തിയതാണ് ബാലകൃഷ്ണനെ. തൃശൂർ പൂരം,പാറമേക്കാവ് പൂരം തുടങ്ങിയ വേദികളിൽ ബാലകൃഷ്ണൻ ശ്രദ്ധേയ സാന്നിധ്യമായിരുന്നു. അസുഖ ബാധിതനായി സമീപകാലത്ത് ചികിത്സയിലായിരുന്നു
Kerala
അതിരപ്പിള്ളി: റോഡ് മുറിച്ചുകടക്കുന്ന കാട്ടാനയുടെ മുന്പിൽ അകപ്പെട്ട വിനോദസഞ്ചാരികൾ രക്ഷപ്പെട്ടു. കഴിഞ്ഞദിവസം വെറ്റിലപ്പാറയിലാണ് സംഭവം.
പഞ്ചായത്ത് ഓഫീസിനും വെറ്റിലപ്പാറ സ്കൂളിനും സമീപത്തുകൂടി വന്ന കാട്ടാന റോഡ് മുറിച്ചുകടക്കുമ്പോഴാണ് അതുവഴി വിനോദസഞ്ചാരികളുടെ കാർ വന്നത്. ആനയുടെ മുന്‍പിലൂടെ എത്തിയ കാറിനെ കാട്ടാന ആക്രമിച്ചില്ല. കാർ കടന്നുപോയ ശേഷമാണ് കാട്ടാന കടന്നുപോയത്.
നാട്ടുകാർ ശ്വാസമടക്കിനിന്നാണ് രംഗം കണ്ടത്. കഴിഞ്ഞ ഏതാനും ദിവസമായി കാട്ടാനകൾ പകൽസമയത്തു ജനവാസമേഖലയിൽ ഇറങ്ങി ഭീതി പരത്തുകയാണ്.
Kerala
മറയൂർ: ഇടുക്കി മറയൂർ-ചിന്നാർ റോഡിൽ വാഹനങ്ങൾ തടഞ്ഞ് കാട്ടാന. ഒന്നരക്കൊമ്പൻ എന്ന് വിളി പേരുള്ള കാട്ടാനയാണ് റോഡ് തടഞ്ഞത്. മറയൂർ ചിന്നാർ ഉദുമൽപേട്ട റോഡിൽ അന്തർ സംസ്ഥാന പാതയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു ഒന്നരക്കൊമ്പൻ വഴിമുടക്കിയത്.
രാത്രി എട്ട് മുതൽ പത്ത് വരെയാണ് ഈ പാതയിൽ മറയൂരിന് സമീപം ജെല്ലിമല ഭാഗത്ത് ഒന്നര കൊമ്പൻ കാട്ടാന നാടു റോഡിൽ നിലയുറപ്പിച്ചത്.
ഒൻപത് വരെ ഭാഗികമായും അടുത്ത് ഒരു മണിക്കൂർ പൂർണമായും റോഡിൽനിന്ന് മാറാതെ നിന്നു. ഇതോടെ ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെ നൂറിലധികം വാഹനങ്ങൾ റോഡിൽ കുടുങ്ങി.
ഒന്നരമണിക്കൂറിന് ശേഷം ഒറ്റക്കൊമ്പൻ സ്വമേധയാ വഴിമാറുകയായിരുന്നു.
Kerala
അതിരപ്പിള്ളി: കാലിനു മുറിവേറ്റനിലയിൽ കണ്ടെത്തിയതിനെതുടർന്ന് വനംവകുപ്പ് ചികിത്സനൽകി വിട്ടയച്ചശേഷം ഗുരുതരാവസ്ഥയിലായ കാട്ടാന ചരിഞ്ഞു. വനംവകുപ്പ് രണ്ടു പ്രാവശ്യം പിടികൂടി മയക്കുവെടിവച്ച് ചികിത്സിച്ചശേഷം വിട്ടയച്ച കാട്ടാനയാണ് ഇന്നലെ പുലർച്ചെ ചരിഞ്ഞത്.
ഉദ്ദേശം 12 വയസുള്ള കൊമ്പനാന മുറിവിലൂടെയുണ്ടായ അണുബാധമൂലവും കിടപ്പിലായതുകൊണ്ടുമാണ് ചരിഞ്ഞതെന്നാണ് പ്രാഥമികനിഗമനം.
സെപ്റ്റംബർ അവസാനമാണ് കാലടി പ്ലാന്റേഷൻ എണ്ണപ്പനത്തോട്ടത്തിൽ എരുമത്തടം ഭാഗത്ത് കാലിനു മുറിവേറ്റനിലയിൽ കാട്ടാനയെ കണ്ടത്. തുടർന്നു വനംവകുപ്പ് ആനയെ മയക്കുവെടിവച്ച് ചികിത്സിച്ചു. ആനയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതി കാണാത്തതിനെത്തുടർന്ന് വീണ്ടും മലയാറ്റൂർ ഡിവിഷനിൽവച്ച് മയക്കുവെടിവച്ചു ചികിത്സിച്ചു. തുടർന്നും ആനയെ വനംവകുപ്പ് നിരീക്ഷിച്ചുവരികയായിരുന്നു.
പിന്നീട് കല്ലാല എസ്റ്റേറ്റ് പതിമൂന്നാം ബ്ലോക്കിലെ ജനവാസമേഖലയിൽ തോട്ടിലെ ചെളിയിൽ ആനയെ വീണ്ടും അവശനിലയിൽ കണ്ടിരുന്നു. ആന അവശനിലയിലാകാൻ കാരണം മറ്റേതെങ്കിലും ആനക്കൂട്ടത്തിന്റെ ആക്രമണമാകാം എന്ന സംശയവും ഡോക്ടർമാർ ഉന്നയിച്ചിരുന്നു.
ആനയ്ക്കു മരുന്ന് ഭക്ഷണത്തിൽ വച്ചുകൊടുത്ത് രക്ഷപ്പെടുത്താൻ ശ്രമിച്ചിരുന്നെങ്കിലും കാട്ടാന ചരിയുകയായിരുന്നു.
പ്രോട്ടോകോൾ അനുസരിച്ച് മലയാറ്റൂർ ഡിഎഫ്ഒ പി. കാർത്തിക് ചെയർമാനായ പോസ്റ്റ്മോർട്ടം കമ്മിറ്റിയുടെ മേൽനോട്ടത്തിൽ പോസ്റ്റ്മോർട്ടം നടത്തി ജഡം സംസ്കരിച്ചു.
National
റാഞ്ചി: ജാർഖണ്ഡിലെ സിംദേഗ ജില്ലയിൽ വയോധികയെ ആന ചവിട്ടിക്കൊന്നു. ജമുന പ്രധാൻ (78) ആണ് മരിച്ചത്.
ബോൾബ വനമേഖലയിലെ കൊഡുർമുണ്ട ഭുഖാൻ ടോളി സ്വദേശിയാണ് ജമുന പ്രധാൻ. ആനക്കൂട്ടത്തിൽ നിന്ന് വഴിതെറ്റി വന്ന ഒരു ആന ജമുനയെ ചവിട്ടിക്കൊന്നതായി സിംദേഗ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്ഒ) ശശാങ്ക് ശേഖർ സിംഗ് പറഞ്ഞു.
ഉച്ചഭക്ഷണത്തിന് ശേഷം പുല്ല് വെട്ടാൻ ജമുന പ്രധാൻ വനത്തിലേക്ക് പോയിരുന്നു. ഇതിനിടെയാണ് സംഭവം. വിവരം ലഭിച്ചയുടനെ വനംവകുപ്പ് ഉദ്യോഗസ്ഥർ ബോൾബ പോലീസ് സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് ദേവിദാസ് മുർമുവിനൊപ്പം സ്ഥലത്തെത്തി മൃതദേഹം സിംദേഗയിലെ സദർ ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി അയച്ചു.
നഷ്ടപരിഹാരത്തിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും ജമുന പ്രധാന്റെ കുടുംബത്തിന് നാലുലക്ഷം രൂപ കൈമാറുമെന്നും ഡിഎഫ്ഒ വ്യക്തമാക്കി.
Kerala
മലപ്പുറം: താള്‍ക്കൊല്ലി ഉള്‍വനത്തിനുള്ളില്‍ ഒരു ദിവസം പഴക്കമുള്ള കാട്ടാനയുടെ ജഡം കണ്ടെത്തി. 15 വയസ് പിന്നിട്ട പിടിയാനയെയാണ് ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. താള്‍ക്കൊല്ലി കാരീരിയിലെ 1965 തേക്ക് പ്ലാന്റേഷനടുത്ത് ഞായറാഴ്ച രാവിലെ ഫീല്‍ഡ് പരിശോധനക്ക് പോയ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ജഡം കണ്ടെത്തിയത്.
പോസ്റ്റ്മോർട്ടം നടത്തിയെങ്കിലും ആന ചരിഞ്ഞത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല. കൂടുതല്‍ പരിശോധനക്കായി ആനയുടെ ആന്തരികാവയവങ്ങള്‍ ശേഖരിച്ചു.
അതേ സമയം ആനമറിയില്‍ വീട്ടുമുറ്റത്ത് എത്തിയ കാട്ടാന കൃഷി നശിപ്പിച്ചു. സോളാര്‍ പാനലും തകര്‍ത്തു.
District News
കോതമംഗലം: കോടികൾ മുടക്കി നിർമിച്ച ഫെന്‍സിംഗ് കാട്ടാനകൾ മരങ്ങൾ തള്ളിയിട്ട് തകർത്ത് ജനവാസ മേഖലയിൽ പ്രവേശിക്കുന്നു. കോട്ടപ്പടി, പിണ്ടിമന, വേങ്ങൂര്‍ പഞ്ചായത്തുകളിലെ ജനവാസ മേഖലകളേയും കൃഷിയിടങ്ങളേയും സംരക്ഷിക്കുന്നതിനായി മൂന്നേമുക്കാല്‍ കോടി ചെലവഴിച്ചാണ് ഫെന്‍സിംഗ് സ്ഥാപിക്കുന്നത്.
നിര്‍മാണം പൂര്‍ത്തീകരിച്ച ഭാഗങ്ങളില്‍ ഐനിച്ചാല്‍ മുതല്‍ വാവേലി വരെയാണ് ഫെന്‍സിംഗ് ചാര്‍ജ് ചെയ്തിട്ടുള്ളത്. സമീപത്ത് നില്ക്കുന്ന മരങ്ങള്‍ മറിച്ചിട്ടാണ് ആനക്കൂട്ടം ഇവ തകര്‍ക്കുന്നത്. ഫെന്‍സിംഗ് നിര്‍മിക്കുന്നതിന് മുന്നേ മരങ്ങള്‍ മുറിക്കണമെന്ന ആവശ്യം നാട്ടുകാര്‍ ഉന്നയിച്ചിരുന്നു. പിന്നീട് മുറിക്കാം എന്നായിരുന്നു അധികാരികളുടെ മറുപടി. മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടികള്‍ എങ്ങുമെത്തിയില്ല.
ഒരു കിലോമീറ്റര്‍ ഫെന്‍സിംഗ് സ്ഥാപിക്കാന്‍ 10 ലക്ഷത്തിലധികം രൂപയാണ് മുതൽമുടക്ക്. ഇത്രയും വലിയ തുകയാണ് മരങ്ങള്‍ മുറിക്കാന്‍ വൈകുന്നതുമൂലം നഷ്ടപ്പെടുത്തുന്നത്. ആനകള്‍ നാട്ടിലിറങ്ങി കൃഷിയും മറ്റ് വസ്തുവകകളും നശിപ്പിക്കുന്നതിലുള്ള നഷ്ടം വേറേയും. ഫെന്‍സിംഗിന് 30 മീറ്റര്‍ പരിധിയിലുള്ള മരങ്ങള്‍ മുറിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നത്.
ഇക്കാര്യത്തില്‍ അനുകൂല നടപടിയുണ്ടാകുമെന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് വകുപ്പ് മന്ത്രി നിയമസഭയിലുള്‍പ്പടെ പറഞ്ഞതാണ്. പ്രവൃത്തി ഏറ്റെടുക്കാന്‍ ആളെകിട്ടുന്നില്ലെന്ന കാരണമാണ് തടസമായി അധികാരികള്‍ ചൂണ്ടിക്കാണിക്കുന്നത്. യുദ്ധകാലാടിസ്ഥാനത്തില്‍ പ്രശ്നപരിഹാരത്തിന് ശ്രമിക്കേണ്ട അധികൃതർ ഇപ്പോഴും നടപടിക്രമങ്ങളിലെ സാങ്കേതികയില്‍ മുറുകെപിടിച്ചിരിക്കുന്നുവെന്നാണ് ആക്ഷേപം.
District News
റാന്നി: റാന്നിയിലെ വിവിധയിടങ്ങളില്‍ വര്‍ധിച്ചുവരുന്ന കാട്ടുമൃഗ ശല്യത്തിനെതിരേ കോണ്‍ഗ്രസ് നേതൃത്വത്തില്‍ റാന്നി ഡിഎഫ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. വടശേരിക്കര, കുമ്പളത്താമണ്‍ മേഖലയില്‍ നാട്ടിലിറങ്ങിയ കാട്ടാനയുടെ പിണ്ടവുമായി ഡിഎഫ് ഓഫീസിലേക്ക് കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. പിന്നീട് ഓഫീസ് പടിക്കല്‍ പ്രവര്‍ത്തകര്‍ ധര്‍ണ നടത്തി.
വനത്തിനുള്ളില്‍ പ്ലാന്റേഷന് മേഖല സോളാര്‍ വേലി ഇട്ടു വനം വകുപ്പ് സംരക്ഷിക്കുമ്പോള്‍ കാട്ടു മൃഗങ്ങള്‍ നാട്ടില്‍ ഇറങ്ങി സൈ്വര വിഹാരം നടത്തുകയാണെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത കെപിസിസി ജനറല്‍ സെക്രട്ടറി പി. മോഹന്‍രാജ് പറഞ്ഞു.
വനവും ജനവാസ മേഖലയും അതിര്‍ത്തി പങ്കിടുന്ന മേഖലകളില്‍ സോളാര്‍വേലി സ്ഥാപിക്കുവാന്‍ വനംവകുപ്പിനോ രാഷ്ട്രീയ നേതൃത്വത്തിനോ സാധിക്കാത്തത് വന്‍ വീഴ്ചയാണെന്നും മോഹന്‍രാജ് കുറ്റപ്പെടുത്തി.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സിബി താഴത്തില്ലത്ത് അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ, ടി. കെ. സാജു, ഏബ്രഹാം മാത്യു പനച്ചമൂട്ടിൽ, അഹമ്മദ് ഷാ, മണിയാര്‍ രാധാകൃഷ്ണൻ, തോമസ് അലക്സ്, രാജു മരുതിക്കൽ, പ്രകാശ് തോമസ് എ. കെ. ലാലു, സാംജി ഇടമുറി, ജെസി അലക്സ്, ഷിബു തോണിക്കടവിൽ, സ്വപ്ന സൂസന് ജേക്കബ്, ഗ്രേസി തോമസ്, അന്നമ്മ തോമസ്, ജോയ് കാനാട്ട്, ഭദ്രന് കല്ലക്കല്‍, റൂബി കോശി,
സോണിയ മനോജ്, ടി. കെ. ജയിംസ്, അനിത അനില്‍ കുമാര്‍, വി. പി. രാഘവൻ, അബ്ദുല്‍ റസാക്ക്, പ്രമോദ് മന്ദമരുതി, തോമസ് ഫിലിപ്പ്, ജയിംസ് കക്കാട്ടുകുഴിയില്‍, ഷാജി നെല്ലിമൂട്ടിൽ, കെ. ഇ. തോമസ്, ബിനു വയറന്മരുതിയിൽ, ജോര്‍ജ് ജോസഫ്, ഡി. ഷാജി, ബെന്നി മാടത്തുംപടി, ജി. ബിജു, ജയിംസ് രാമനാട്ട്, രഞ്ജി പതാലിൽ, കെ. കെ. തോമസ്, സുനി എന്നിവര്‍ പ്രസംഗിച്ചു.
Kerala
അതിരപ്പിള്ളി: മലക്കപ്പാറ അമ്പലപ്പാറയിൽ കാട്ടാന കബാലി റോഡിൽ നിലയുറപ്പിച്ചതു മണിക്കൂറുകളോളം ഗതാഗതം മുടക്കി. വിനോദസഞ്ചാരികളുടെ രണ്ടു കാറുകൾക്കുനേരേ കാട്ടാന ആക്രമണവും നടത്തി. സംഭവത്തിൽ ആർക്കും പരിക്കില്ല.
ഇന്ന് ഉച്ചകഴിഞ്ഞു രണ്ടരയോടെ അമ്പലപ്പാറയ്ക്കും വാൽവ് ഹൗസിനും ഇടയിലുള്ള റോഡിൽ മരം മറിച്ചിട്ട് റോഡിൽനിന്നു മാറാൻ തയാറാവാതെ വാഹനങ്ങൾ തടഞ്ഞ് കാട്ടാന നിലയുറപ്പിക്കുകയായിരുന്നു. മണിക്കൂറുകളായി അന്തർസംസ്ഥാനപാതയിൽ ഇതുമൂലം വാഹനഗതാഗതം പൂർണമായും സ്തംഭിച്ചു.
ആനയ്ക്കു സമീപത്തുനിന്ന് ഇരുവശത്തേക്കും ഒരു കിലോമീറ്റർ ദൂരത്തിലേക്കു വാഹനങ്ങൾ മാറ്റിയിടാൻ വനംവകുപ്പ് നിർദേശിച്ചു. ആനയ്ക്കു പോകാൻ സൗകര്യമൊരുക്കിയിരുന്നു. മണിക്കൂറുകൾക്ക് ശേഷമാണ് ആന റോഡിൽനിന്നും മാറിയത്.
Kerala
തിരുവനന്തപുരം: കാട്ടാന ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് ഗുരുതരപരിക്ക്. കഴിഞ്ഞ ദിവസം രാവിലെ 6.30ന് ബ്രൈമൂർ റോഡിൽ മുല്ലച്ചൽ വളവിലുണ്ടായ സംഭവത്തിൽ ഇടിഞ്ഞാർ മങ്കയം സ്വദേശി ജിതേന്ദ്രനെയാണ് പരിക്കേറ്റത്.
ഇരു ചക്രവാഹനത്തിൽ സഞ്ചരിച്ച ജിതേന്ദ്രനെ കാട്ടാന പിന്തുടർന്നെത്തി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സതേടി.
ജിതേന്ദ്രന്റെ ഇടതു വാരിയെല്ലുകൾക്ക് പരിക്കേറ്റെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പാരിപ്പള്ളിയിലെ ജോലി സ്ഥലത്ത് പോകുന്നതിനിടെയാണ് ജിതേന്ദ്രനെ കാട്ടാന ആക്രമിച്ചത്.
Kerala
ഇടുക്കി: പെരുവന്താനത്ത് കാട്ടാന ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളി കൊല്ലപ്പെട്ടു. കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി പുരുഷോത്തമൻ (64) ആണ് മരിച്ചത്.
പെരുവന്താനം മതമ്പയില്‍ ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. പുരുഷോത്തമനും മകനും ചേർന്ന ടാപ്പിംഗ് നടത്തുന്നതിനിടെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. മകൻ ഓടി രക്ഷപ്പെട്ടെങ്കിലും പുരുഷോത്തമൻ ആക്രമണത്തിനിരയായി.
പുരുഷോത്തമനെ ഉടൻ തന്നെ ആശിപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മതമ്പയില്‍ റബർ തോട്ടം പാട്ടത്തിനെടുത്ത് നോക്കിനടത്തുകയായിരുന്നു പുരുഷോത്തമൻ.
Kerala
വയനാട്: മൂടക്കൊല്ലിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ യുവാവിന് സർക്കാർ ആശുപത്രിയിൽ നിന്ന് കൃത്യമായ ചികിത്സ കിട്ടിയില്ലെന്ന് പരാതി. കൈയിൽ തുളച്ചു കയറിയ കല്ല് ബത്തേരി താലൂക്ക് ആശുപത്രിയിൽ നിന്ന് നീക്കം ചെയ്തില്ലെന്നാണ് ആരോപണം.
ചൊവ്വാഴ്ച രാത്രിയാണ് കാട്ടാന ആക്രമണത്തിൽനിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ മുടക്കൊല്ലി സ്വദേശിയായ അഭിലാഷിന് പരിക്കേറ്റത്. വീഴ്ചയിൽ അഭിലാഷിന്റെ കൈയ്ക്കും കാലിനും നടുവിനും പരിക്കേറ്റു.
ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിയെങ്കിലും കൈയിൽ തുളച്ചുകയറിയ കല്ല് നീക്കം ചെയ്യാൻ ആശുപത്രി അധികൃതർ തയാറായില്ല. പിന്നീട് വേദന കൂടിയതിനാൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നു. തുളച്ചു കയറിയ കല്ല് ഇവിടെവച്ച് നീക്കം ചെയ്തെന്നും അഭിലാഷ് പ്രതികരിച്ചു.
District News
വിതുര: തലത്തൂതകാവ് ഗവ. ട്രൈബൽ എൽപി സ്കൂളിന്റെ മതിൽ കാട്ടാനക്കൂട്ടം തകർത്തു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. നിരന്തര പരിശ്രമങ്ങൾക്ക് ഒടുവിലാണ് വന്യമൃഗങ്ങളുടെ ശല്യത്തിൽ നിന്നും കുട്ടികളെ രക്ഷിക്കാനായി മതിൽ നിർമിച്ചത്.
പ്രദേശത്ത് കാട്ടാനക്കൂട്ടത്തിന്റെ ശല്യം രൂക്ഷമാണ്. എന്നാൽ അത്യാവശ്യ സമയങ്ങളിൽ ആർആർറ്റി ടീമിനെ വിളിച്ചാൽ എത്തുന്നില്ലെന്നും ആനക്കിടങ്ങുകളുടെ നിർമാണം പാതിവഴിയിൽ നിലച്ച നിലയിലാണെന്നും സോളാർ പെൻസിംങ്ങ് പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു.
കഴിഞ്ഞ ദിവസം കുളമോട്ട് പാറ രാധയുടെ വീട് കാട്ടാന ആക്രമിച്ചിരുന്നു. തലനാരീഴക്കാണ് രാത്രിയിൽ രാധ ഓടിരക്ഷപ്പെട്ടത് . പ്രദേശങ്ങളിൽ നിരന്തരമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന കാട്ടാന ആക്രമണത്തിൽ നിന്നും സംരക്ഷിക്കാനായി സ്കൂളിന് ചുറ്റും അടിയന്തരമായി ആന കിടങ്ങ് നിർമിക്കണമെന്ന് സിപിഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം. എസ്. റഷീദ് ആവശ്യപ്പെട്ടു.
വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ജി ആനന്ദ്, വിതുര ലോക്കൽ കമ്മിറ്റി സെക്രട്ടറി സന്തോഷ് വിതുര, അഖിലേന്ത്യ ആദിവാസി അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ. മനോഹരൻ കാണി, വിതുര സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം രജേഷ് നെട്ടയം, കെ പ്രദീപ്കുമാർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.