District News
ഗാന്ധിനഗര്‍: കുടുംബശ്രീ സംരംഭമായ ഗ്രാന്‍ഡ് കിച്ചന് റെസ്റ്ററന്റ് മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രി വളപ്പില്‍ പ്രവര്‍ത്തനമാരംഭിച്ചു. മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്തു. ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പാക്കുന്നതിനോടോപ്പം സ്ത്രീകള്‍ക്ക് സംരംഭകത്വത്തിനും തൊഴില്‍സാധ്യതകള്‍ക്കും വഴിയൊരുക്കുന്നതാണ് സംരംഭം.
അതിരമ്പുഴ സിഡിഎസ് അംഗങ്ങളായ ഇന്ദിര ശശീന്ദ്രന്, മഞ്ജു ഡായ്, ലത രാജന് എന്നിവരുടെ നേതൃത്വത്തിലാണ് റെസ്റ്ററന്റ് പ്രവര്‍ത്തിക്കുന്നത്. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ.ടി.കെ. ജയകുമാര്‍, കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ. കെ.പി. ജയപ്രകാശ്, ജില്ലാ പഞ്ചായത്തംഗം ജിം അലക്സ്, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഒ.എ. സജി, പഞ്ചായത്തംഗം ഷൈനി ജോസ്, കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ അഭിലാഷ് കെ. ദിവാകര്‍, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ പ്രശാന്ത് ശിവന്, കെ. കവിത എന്നിവര്‍ പങ്കെടുത്തു.
Business
തിരുവനന്തപുരം: ആറു മാസം മുതൽ മൂന്നു വയസു വരെ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് അങ്കണവാടി വഴി വിതരണം ചെയ്യുന്ന കുടുംബശ്രീയുടെ അമൃതം ന്യൂട്രിമിക്സ് പൂരക പോഷകാഹാരം ലക്ഷദ്വീപിലേക്കും.
ഇവിടെയുള്ള പത്തു ദ്വീപുകളിൽ ഗുരുതരമായ പോഷകാഹാരക്കുറവ് നേരിടുന്ന സ്ത്രീകൾക്കും ഭാരക്കുറവുള്ള കുട്ടികൾക്കും വേണ്ടിയാണ് സന്പുഷ്ടീകരിച്ച ന്യൂട്രിമിക്സ് വാങ്ങുന്നത്.
കിലോയ്ക്ക് നൂറു രൂപ നിരക്കിൽ ആദ്യഘട്ടത്തിൽ 392 കിലോഗ്രാം ന്യൂട്രിമിക്സ് വാങ്ങാമെന്ന് അറിയിച്ചു കൊണ്ട് ലക്ഷദ്വീപ് വനിതാ ശിശുവികസന വകുപ്പ് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർക്ക് കത്തു നൽകിയിട്ടുണ്ട്. ഭാവിയിൽ കൂടുതൽ അളവിൽ ഉത്പന്നം ആവശ്യമാകുമെന്നാണ് കരുതുന്നത്.
സംയോജിത ശിശുവികസന സേവന പദ്ധതി പ്രകാരം വികസിപ്പിച്ചതും ആറ് മാസം മുതൽ മൂന്നു വയസുവരെയുള്ള കുട്ടികൾക്ക് അങ്കണവാടികൾ വഴി വിതരണം ചെയ്യുന്ന പൂരക പോഷകാഹാരമാണ് അമൃതം ന്യൂട്രിമിക്സ്.
കേന്ദ്ര ഗവണ്മെന്റ് പദ്ധതിയായ ‘ടേക്ക് ഹോം റേഷൻ സ്ട്രാറ്റജി (ടിഎച്ച്ആർഎസ് ) പ്രകാരം കേരള സർക്കാരിനു കീഴിൽ വനിതാ ശിശുവികസന വകുപ്പ്, ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ച് കുടുംബശ്രീ നടപ്പാക്കുന്ന പദ്ധതിയാണിത്.
നിലവിൽ സംസ്ഥാനത്താകെ 241 കുടുംബശ്രീ യൂണിറ്റുകൾ വഴി പ്രതിവർഷം ഇരുപതിനായിരത്തിലേറെ ടണ്‍ ഭക്ഷ്യമിശ്രിതം ഉത്പാദിപ്പിക്കുന്നുണ്ട്. ഇതു വഴി ഏകദേശം 150 കോടി രൂപയുടെ വിറ്റുവരവ് യൂണിറ്റ് അംഗങ്ങളായ സ്ത്രീകൾ നേടുന്നുണ്ട്.
District News
തൃക്കരിപ്പൂർ: കുടുംബശ്രീ ജില്ലാ മിഷൻ ബാലസഭയുടെ നേതൃത്വത്തിൽ രണ്ടു ദിവസങ്ങളിലായി നടത്തുന്ന ബാല പാർലമെന്റിന് തൃക്കരിപ്പൂർ ആയിറ്റിയിൽ തുടക്കമായി. ആയിറ്റി കടവ് റിസോർട്ടിൽ കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ രതീഷ് പിലിക്കോട് ബാല പാർലമെന്റ് ഉദ്ഘാടനം ചെയ്തു. അസി. കോ-ഓർഡിനേറ്റർ കിഷോർ കുമാർ അധ്യക്ഷത വഹിച്ചു.
ജനാധിപത്യ സംവിധാനത്തിന്റെ പ്രാധാന്യവും വ്യാപ്തിയും മനസിലാക്കുന്നതിനും കുട്ടികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനുമുള്ള അവസരമൊരുക്കുന്നതിനായാണ് കുടുംബശ്രീ ബാല പാർലമെന്റ് സംഘടിപ്പിക്കുന്നത്.
കുടുംബശ്രീ ബാലസഭ പ്രവർത്തനങ്ങളുടെ ഭാഗമായി ഓരോ പഞ്ചായത്തിലും ബാലപഞ്ചായത്ത് സംഘടിപ്പിച്ച് അവയിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ് ബാല പാർലമെന്റിൽ പങ്കെടുക്കുന്നത്.
ആദ്യ ദിനത്തിൽ ഭരണഘടന, പാർലമെന്റിന്റെ ചരിത്രം, പ്രാധാന്യം, നടപടിക്രമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ലഘുവിവരണം നടന്നു. പരിശീലകൻ പി. മുരളീധരൻ, ബാലസഭ സംസ്ഥാന റിസോഴ്സ് പേഴ്സൺ വിജയകുമാർ പനയാൽ എന്നിവർ നേതൃത്വം നൽകി.
സാമൂഹ്യനീതി, ശിശുക്ഷേമം, പരിസ്ഥിതി സംരക്ഷണം, കല, കായികം, സാംസ്കാരികം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട് അംഗങ്ങൾ ബാല പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിച്ചു. മന്ത്രിമാർ മറുപടി നൽകി. അടിയന്തിര പ്രമേയവും വാക്കൗട്ടും എല്ലാം ചേര്‍ന്ന് യഥാർഥ പാർലമെന്റിന്റെ ഒരു പരിച്ഛേദം തന്നെയാണ് കുട്ടികൾ അവതരിപ്പിച്ചത്.
കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ എസ്. മനു, ബ്ലോക്ക് കോ-ഓർഡിനേറ്റർ പി.പി. അഖിൽ, ഡോ. എം.കെ. രാജശേഖരൻ, എം. മാലതി, ജില്ലാ പ്രോഗ്രാം മാനേജർ പി. രത്നേഷ്, ബ്ലോക്ക് കോ-ഓർഡിനേറ്റർ കെ.ആർ. കാവ്യ എന്നിവർ പ്രസംഗിച്ചു. ടിവി-നാടക നടൻ വിനോദ് ആലന്തട്ടയുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പ് ഫയറോടെ ആദ്യ ദിനത്തിലെ പരിപാടികൾ സമാപിച്ചു.
District News
മലപ്പുറം: ജില്ലയിൽ"കേരള ചിക്കൻ തനി മലയാളി’ മാംസ വിപണനശാലകളുടെ പേരിൽ വ്യാജൻമാർ പ്രവർത്തിക്കുന്നതായി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി കുടുംബശ്രീ. കുടുംബശ്രീ ലോഗോയോടു കൂടിയാണ് അംഗീകൃത സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്.
നിലവിൽ ജില്ലയിൽ കോഡൂർ, പടിഞ്ഞാറ്റുംമുറി, വട്ടംകുളം കിഴിശേരി, പരപ്പനങ്ങാടി മരുപ്പറന്പ്, കാലടി, പൂക്കോട്ടുംചോല, കൊണ്ടോട്ടി, ഒതായി, അമരന്പലം എന്നീ ഏഴ് ഇടങ്ങളിൽ മാത്രമാണ് കുടുംബശ്രീയുടെ അംഗീകൃത കേരള ചിക്കൻ വിപണനശാലകൾ പ്രവർത്തിക്കുന്നത്.
ഈ സ്ഥാപനങ്ങളുടെ പേരിനോട് സാദൃശ്യമുള്ള മറ്റേത് മാംസ വിപണനശാലകൾക്കും കുടുംബശ്രീയുമായി യാതൊരു ബന്ധവുമില്ലെന്നും അതിനാൽ ഉപഭോക്താക്കൾ കബളിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.
District News
പത്തനംതിട്ട: കുടുംബശ്രീ രാജ്യത്തെ ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ പ്രസ്ഥാനമായി മാറിയതായി മന്ത്രി വീണാ ജോര്‍ജ്. പത്തനംതിട്ട നഗരസഭ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ട്രാവലേഴ്സ് ലോഞ്ചിന്റെയും കുടുംബശ്രീ പ്രീമിയം കഫേയുടെയും ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
രോഗി പരിചരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ മിഷന് ആവിഷ്കരിച്ച സ്വാന്തനമിത്രം പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ജില്ലയിലെ കിടപ്പുരോഗികള്‍ക്ക് ആവശ്യമായ പരിചരണം നല്‍കുന്നതിന് വനിതകള്‍ക്ക് ആരോഗ്യവകുപ്പിന്റെ സഹായത്തോടെ പരിശീലനം നല്കി കെയര്‍ ഗീവര്‍, ആശുപത്രി ബൈസ്റ്റാന്‍ഡര്‍, പ്രസവ ശുശ്രൂഷകൾ എന്നിങ്ങനെ പദ്ധതിയിലൂടെ തൊഴില്‍ ലഭ്യമാക്കും.
നഗരസഭയുടെ കീഴില്‍ പ്രവര്‍ത്തനമാരംഭിച്ച പ്രീമിയം കഫെ കെട്ടിടത്തിന് ഒരു വര്‍ഷം വാടകയില്ലാതെ സൗജന്യമായി ഉപയോഗിക്കാമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്സണ്‍ ടി. സക്കീര്‍ ഹുസൈന് പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം ടീ ആന്‍ഡ് സ്നാക്സ് കൗണ്ടര്‍ ഉദ്ഘാടനം ചെയ്തു.
ഇലക്ട്രീഷൻ, പ്ലംബര്‍, പെയിന്റര്‍, ഗാര്‍ഡനിംഗ്, ലാന്‍ഡ് സ്കേപ്പിംഗ് തുടങ്ങി വീടുകളും സ്ഥാപനങ്ങളുമായി റിപ്പയര്‍ ആന്‍ഡ് മെയ്ന്റനന്‍സ് സേവനങ്ങള്‍ നല്‍കുന്നതിനായി ആരംഭിച്ച സ്കില്‍ @കാള്‍ പദ്ധതിയുടെ ഉദ്ഘാടനം വിജ്ഞാനകേരളം സംസ്ഥാന ഉപദേശകന് ടി. എം. തോമസ് ഐസക് നിര്‍വഹിച്ചു. സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം നിലവിലുള്ള 20 ശതമാനത്തില്‍ നിന്ന് 50 ശതമാനത്തിലേക്ക് ഉയര്‍ത്തുകയെന്ന കുടുംബശ്രീ യജ്ഞത്തിന്റെ ഭാഗമായി 2000 വനിതകള്‍ക്ക് കൂടി ജില്ലയില്തൊഴിലുറപ്പാക്കുന്നു. ഐടിഐ, പോളിടെക്നിക് ട്രേഡുകള്‍ പഠിച്ചവരാണ് സ്കില്‍ @കാള്‍ സംരംഭത്തിലുള്‍പ്പെടുന്നത്.
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. പി. മണിയമ്മ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജിജി മാത്യു, ആര്. അജയകുമാർ, നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ആമിന ഹൈദരാലി, പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എസ്. മോഹനന്, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ കെ. ആർ. അജിത് കുമാര്‍, മേഴ്സി വര്‍ഗീസ്, ജെറി അലക്സ്,
അനില അനിൽ, എസ്. ഷമീര്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ പി. കെ. അനീഷ്, സി. കെ. അര്ജുനൻ, ശോഭ കെ. മാത്യു, ജാസിം കുട്ടി, നീനു മോഹൻ, വിമല ശിവൻ, എ. സുരേഷ് കുമാർ, എല്‍. സുമേഷ് ബാബു, സിന്ധു അനിൽ, ജില്ലാ മിഷന് കോഓര്‍ഡിനേറ്റര്‍ എസ്. ആദില, ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. എൽ. അനിതാ കുമാരി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി കെ. പി. ഉദയഭാനു തുടങ്ങിയവര്‍ പ്രസംഗിച്ചു.
District News
മല്ലപ്പള്ളി: മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് മങ്കുഴി ഒന്നാം വാർഡിന്റെ എഡിഎസ് വാർഷികവും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള അനുമോദനവും നടത്തി.
വാർഡ് അംഗം സജി ഡേവിഡ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്. വിദ്യാമോൾ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാം പട്ടേരിൽ, സിഡിഎസ് ചെയർപേഴ്സൺ പി.എസ്. രജനിമോൾ, മേരി സജി , എൻ. സ്മിത, റീന ജോൺ എന്നിവർ പ്രസംഗിച്ചു.
District News
പത്തനംതിട്ട: കുടുംബശ്രീ മിഷന് സംസ്ഥാനത്ത് നടപ്പാക്കുന്ന ഫുഡ്, ന്യൂട്രീഷൻ, ഹെല്‍ത്ത് ആന്‍ഡ് വാഷ് ഘടത്തിന്റെ പഠനത്തിനായി നാഷണല്‍ റിസോഴ്സ് ഓര്ഗനൈസേഷന് ജില്ല സന്ദര്‍ശിച്ചു.10 ദിവസത്തെ ഇമ്മര്‍ഷന്‍ പരിപാടിയുടെ ഭാഗമായി ദ്വി ദിന സന്ദര്‍ശനമാണ് നടത്തിയത്.
പദ്ധതി നടപ്പാക്കലും മികച്ച പ്രാക്ടീസുകളും സംബന്ധിച്ച് ജില്ലാ മിഷന് ടീമുമായി നടത്തിയ പ്രാരംഭ ചര്‍ച്ചകള്‍ക്ക് ശേഷമാണ് സംഘം ജില്ലയുടെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ചത്. ഒന്നാം ദിവസം നാറാണംമൂഴിയില്‍ ഗാര്‍ഹിക മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട് നടത്തിയ മോഡ്യൂള്‍ പരിശീലനം, മാനസികാരോഗ്യ ബോധവത്കരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടി, കമ്യൂണിറ്റി റിസോഴ്സ് പേഴ്സണ്മാരുമായി സംഘടിപ്പിച്ച ചര്‍ച്ചകള്‍ എന്നിവയ്ക്കു ശേഷം സംഘം വടശേരിക്കര മില്ലറ്റ് എന്റര്‍പ്രൈസ്, മൈലപ്ര ഡ്രീം ഫുഡ് പ്രോഡക്റ്റ്സ് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു.
രണ്ടാം ദിവസം മയിലാടുംപാറ സ്പൈസി ഫുഡ് പ്രൊഡക്ട് കണ്‍സോര്‍ഷ്യം ഓഫീസ, മലയാലപ്പുഴ എംഇ യൂണിറ്റ്, കൊടുമണ്‍ ശ്രീധന്യ എംഇ യൂണിറ്റ്, ഏനാദിമംഗലത്ത് സംഘടിപ്പിച്ച പോഷണ്‍ മാ ഫുഡ് ഫെസ്റ്റ് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി.
എന്‍ആര്‍ഒ ഓഫീസ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍മാരായ ശുഭം കുമാര്‍ (ഉത്തര്‍പ്രദേശ്) സുരാജ് കുമാര്‍, ലിങ്ഡ്കിം ഹാങ്ങ്ഷിംഗ് (മഹാരാഷ്ട്ര),സിനു ജോയ, എന്‍ആര്‍ഒ സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ സിമി സൂസന് മോന്‍സി, എന്നിവരടങ്ങുന്ന സംഘമാണ് ജില്ലാ സന്ദര്‍ശിച്ചത്.
ജില്ലാ പ്രോഗ്രാം മാനേജര്‍ പി.ആര്. അനുപ ജില്ലയിലെ പ്രവര്‍ത്തന അവതരണം നടത്തി. സ്നേഹിത സര്‍വീസ് പ്രൊവിഡര്മാരായ റസിയ, എസ്. ഗായത്രിദേവി, ജില്ലാ റിസോഴ്സ് പേഴ്സന്മാരായ ദേവിക ഉണ്ണികൃഷ്ണൻ, ആര്യ രാജഗോപാല്‍, മൈക്രോ എന്റര്‍പ്രൈസ് കോണ്സല്ട്ടന്റ് ശാരിക എന്നിവര്‍ നേതൃത്വം നല്കി.
District News
മലപ്പുറം ജില്ലയിലെ കുടുംബശ്രീ മിഷൻ സ്ത്രീകളുടെ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് പുതിയ വികസന പദ്ധതികൾക്ക് രൂപം നൽകി. കാർഷിക മേഖലയ്ക്കും ചെറുകിട വ്യവസായങ്ങൾക്കും കൂടുതൽ ഊന്നൽ നൽകിക്കൊണ്ടുള്ള പദ്ധതികളാണ് കുടുംബശ്രീ ആവിഷ്കരിച്ചിരിക്കുന്നത്. ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ സാമ്പത്തിക ഉന്നമനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ പദ്ധതികൾക്ക് കീഴിൽ, സ്ത്രീകൾക്ക് വിവിധ മേഖലകളിൽ പരിശീലനം നൽകുകയും, ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യും. ഇതിനായി പ്രാദേശിക തലത്തിൽ മാർക്കറ്റുകൾ സ്ഥാപിക്കാനും ഓൺലൈൻ വിപണന സാധ്യതകൾ പ്രയോജനപ്പെടുത്താനും കുടുംബശ്രീ മിഷൻ തീരുമാനിച്ചിട്ടുണ്ട്. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ തിരൂർ ബ്ലോക്കിൽ 'കുടുംബശ്രീ ഉൽപന്നമേള' സംഘടിപ്പിച്ചു.
ജില്ലാ കളക്ടർ പങ്കെടുത്ത ചടങ്ങിൽ കുടുംബശ്രീ അംഗങ്ങൾക്ക് പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള വായ്പകളും ധനസഹായങ്ങളും വിതരണം ചെയ്തു. ഈ പദ്ധതികൾ ജില്ലയുടെ സാമ്പത്തിക രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കുമെന്നും സ്ത്രീ ശാക്തീകരണത്തിന് കൂടുതൽ കരുത്ത് പകരുമെന്നും കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ അഭിപ്രായപ്പെട്ടു.