തിരുവനന്തപുരം: ആറു മാസം മുതൽ മൂന്നു വയസു വരെ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് അങ്കണവാടി വഴി വിതരണം ചെയ്യുന്ന കുടുംബശ്രീയുടെ അമൃതം ന്യൂട്രിമിക്സ് പൂരക പോഷകാഹാരം ലക്ഷദ്വീപിലേക്കും.
ഇവിടെയുള്ള പത്തു ദ്വീപുകളിൽ ഗുരുതരമായ പോഷകാഹാരക്കുറവ് നേരിടുന്ന സ്ത്രീകൾക്കും ഭാരക്കുറവുള്ള കുട്ടികൾക്കും വേണ്ടിയാണ് സന്പുഷ്ടീകരിച്ച ന്യൂട്രിമിക്സ് വാങ്ങുന്നത്.
കിലോയ്ക്ക് നൂറു രൂപ നിരക്കിൽ ആദ്യഘട്ടത്തിൽ 392 കിലോഗ്രാം ന്യൂട്രിമിക്സ് വാങ്ങാമെന്ന് അറിയിച്ചു കൊണ്ട് ലക്ഷദ്വീപ് വനിതാ ശിശുവികസന വകുപ്പ് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർക്ക് കത്തു നൽകിയിട്ടുണ്ട്. ഭാവിയിൽ കൂടുതൽ അളവിൽ ഉത്പന്നം ആവശ്യമാകുമെന്നാണ് കരുതുന്നത്.
സംയോജിത ശിശുവികസന സേവന പദ്ധതി പ്രകാരം വികസിപ്പിച്ചതും ആറ് മാസം മുതൽ മൂന്നു വയസുവരെയുള്ള കുട്ടികൾക്ക് അങ്കണവാടികൾ വഴി വിതരണം ചെയ്യുന്ന പൂരക പോഷകാഹാരമാണ് അമൃതം ന്യൂട്രിമിക്സ്.
കേന്ദ്ര ഗവണ്മെന്റ് പദ്ധതിയായ ‘ടേക്ക് ഹോം റേഷൻ സ്ട്രാറ്റജി (ടിഎച്ച്ആർഎസ് ) പ്രകാരം കേരള സർക്കാരിനു കീഴിൽ വനിതാ ശിശുവികസന വകുപ്പ്, ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ച് കുടുംബശ്രീ നടപ്പാക്കുന്ന പദ്ധതിയാണിത്.
നിലവിൽ സംസ്ഥാനത്താകെ 241 കുടുംബശ്രീ യൂണിറ്റുകൾ വഴി പ്രതിവർഷം ഇരുപതിനായിരത്തിലേറെ ടണ്‍ ഭക്ഷ്യമിശ്രിതം ഉത്പാദിപ്പിക്കുന്നുണ്ട്. ഇതു വഴി ഏകദേശം 150 കോടി രൂപയുടെ വിറ്റുവരവ് യൂണിറ്റ് അംഗങ്ങളായ സ്ത്രീകൾ നേടുന്നുണ്ട്.
Tags : Kudumbashree Amrutam Nutrimix Lakshadweep