കുടുംബശ്രീ ജില്ലാ മിഷൻ ബാലസഭയുടെ നേതൃത്വത്തിൽ നടത്തുന്ന ബാല പാർലമെന്റ് തൃക്കരിപ്പൂർ ആയിറ്റിയിൽ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ രതീഷ് പിലിക്കോട് ഉദ്ഘാടനം ച
തൃക്കരിപ്പൂർ: കുടുംബശ്രീ ജില്ലാ മിഷൻ ബാലസഭയുടെ നേതൃത്വത്തിൽ രണ്ടു ദിവസങ്ങളിലായി നടത്തുന്ന ബാല പാർലമെന്റിന് തൃക്കരിപ്പൂർ ആയിറ്റിയിൽ തുടക്കമായി. ആയിറ്റി കടവ് റിസോർട്ടിൽ കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ രതീഷ് പിലിക്കോട് ബാല പാർലമെന്റ് ഉദ്ഘാടനം ചെയ്തു. അസി. കോ-ഓർഡിനേറ്റർ കിഷോർ കുമാർ അധ്യക്ഷത വഹിച്ചു.
ജനാധിപത്യ സംവിധാനത്തിന്റെ പ്രാധാന്യവും വ്യാപ്തിയും മനസിലാക്കുന്നതിനും കുട്ടികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനുമുള്ള അവസരമൊരുക്കുന്നതിനായാണ് കുടുംബശ്രീ ബാല പാർലമെന്റ് സംഘടിപ്പിക്കുന്നത്.
കുടുംബശ്രീ ബാലസഭ പ്രവർത്തനങ്ങളുടെ ഭാഗമായി ഓരോ പഞ്ചായത്തിലും ബാലപഞ്ചായത്ത് സംഘടിപ്പിച്ച് അവയിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ് ബാല പാർലമെന്റിൽ പങ്കെടുക്കുന്നത്.
ആദ്യ ദിനത്തിൽ ഭരണഘടന, പാർലമെന്റിന്റെ ചരിത്രം, പ്രാധാന്യം, നടപടിക്രമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ലഘുവിവരണം നടന്നു. പരിശീലകൻ പി. മുരളീധരൻ, ബാലസഭ സംസ്ഥാന റിസോഴ്സ് പേഴ്സൺ വിജയകുമാർ പനയാൽ എന്നിവർ നേതൃത്വം നൽകി.
സാമൂഹ്യനീതി, ശിശുക്ഷേമം, പരിസ്ഥിതി സംരക്ഷണം, കല, കായികം, സാംസ്കാരികം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട് അംഗങ്ങൾ ബാല പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിച്ചു. മന്ത്രിമാർ മറുപടി നൽകി. അടിയന്തിര പ്രമേയവും വാക്കൗട്ടും എല്ലാം ചേര്‍ന്ന് യഥാർഥ പാർലമെന്റിന്റെ ഒരു പരിച്ഛേദം തന്നെയാണ് കുട്ടികൾ അവതരിപ്പിച്ചത്.
കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ എസ്. മനു, ബ്ലോക്ക് കോ-ഓർഡിനേറ്റർ പി.പി. അഖിൽ, ഡോ. എം.കെ. രാജശേഖരൻ, എം. മാലതി, ജില്ലാ പ്രോഗ്രാം മാനേജർ പി. രത്നേഷ്, ബ്ലോക്ക് കോ-ഓർഡിനേറ്റർ കെ.ആർ. കാവ്യ എന്നിവർ പ്രസംഗിച്ചു. ടിവി-നാടക നടൻ വിനോദ് ആലന്തട്ടയുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പ് ഫയറോടെ ആദ്യ ദിനത്തിലെ പരിപാടികൾ സമാപിച്ചു.
Tags : Kudumbashree nattuvisesham local news