International
വത്തിക്കാൻ സിറ്റി: അമേരിക്കയും റഷ്യയും തമ്മിലുള്ള അണ്വായുധ നിയന്ത്രണ കരാറായ ന്യൂ സ്റ്റാർട്ട് പുതുക്കണമെന്ന് ലെയോ പതിനാലാമൻ മാർപാപ്പയുടെ അഭ്യർഥന. ആയുധമത്സരം ഒഴിവാക്കാൻ സാധ്യമായതെല്ലാം ചെയ്യാൻ നിലവിലെ ലോകസാഹചര്യം ആവശ്യപ്പെടുന്നുണ്ടെന്നും മാർപാപ്പ പറഞ്ഞു.
“ഓരോ രാജ്യവും വിന്യസിച്ചിരിക്കുന്ന തന്ത്രപരമായ ആണവായുധങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുന്ന, ആണവായുധ നിയന്ത്രണ ഉടമ്പടിയായ ന്യൂ സ്റ്റാർട്ട് പുതുക്കാൻ റഷ്യയിലെയും അമേരിക്കയിലെയും നേതാക്കൾ സന്നദ്ധമാകണം. ഭയത്തിനും അവിശ്വാസത്തിനും പകരം പൊതുനന്മയ്ക്കായിട്ടുള്ള ധാർമികത സ്ഥാപിക്കേണ്ടത് മുമ്പെന്നത്തേക്കാളും അത്യന്താപേക്ഷിതമാണ്”-മാർപാപ്പ പറഞ്ഞു.
യുദ്ധത്തിന്റെ കെടുതികൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന യുക്രെയ്നിലെ ജനങ്ങൾക്കുവേണ്ടി പ്രാർഥിക്കണമെന്നും മാർപാപ്പ അഭ്യർഥിച്ചു. “ശീതകാലസമയത്തും അവിടുത്തെ ഊർജ അടിസ്ഥാനസൗകര്യങ്ങൾക്കുനേരേ റഷ്യൻ ബോംബാക്രമണങ്ങൾ തുടരുകയാണ്. അതിശൈത്യമായതിനാൽ അതു നേരിടാൻ വൈദ്യുതിയില്ലാതെ അവിടുത്തെ ജനങ്ങൾ, പ്രത്യേകിച്ച് പ്രായമായവരും കുട്ടികളും വലയുകയാണ്. യുക്രെയ്ൻ ജനതയെ സഹായിക്കുന്ന പോളണ്ടിലെ കത്തോലിക്കാ രൂപതകൾക്കും മറ്റു രാജ്യങ്ങൾക്കും നന്ദിയുണ്ട് -”മാർപാപ്പ പറഞ്ഞു.
2010ൽ പ്രേഗിൽ യുഎസും റഷ്യയും ഒപ്പുവച്ച കരാറിന്റെ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. കരാർ പുതുക്കിയില്ലെങ്കിൽ ഇരു രാജ്യങ്ങൾക്കും ആണവായുധങ്ങൾ സംഭരിക്കാൻ നിലവിലുള്ള നിയന്ത്രണങ്ങൾ ഇല്ലാതാകും. ഇത് ആയുധമത്സരം വർധിപ്പിക്കുമെന്ന ആശങ്കയ്ക്കിടെയാണ് മാർപാപ്പയുടെ ആഹ്വാനം.
കരാർ നീട്ടാൻ കൂടിയാലോചന
വാഷിംഗ്ടൺ: ആഗോള രാഷ്ട്രീയ അനിശ്ചിതാവസ്ഥ തുടരുന്നതിനിടെ യുഎസുമായുള്ള റഷ്യയുടെ ആണവായുധ കരാറിന്റെ കാലാവധി അവസാനിച്ചതോടെ ഇരു രാജ്യങ്ങളും കൂടിയാലോചന തുടങ്ങിയതായി റിപ്പോർട്ട്.
കരാർ തുടരാൻ ഇരു രാജ്യങ്ങളും ആശയവിനിമയം ആരംഭിച്ചതായി യുഎസ് മാധ്യമമായ ഓക്സിയോസാണു റിപ്പോർട്ട് ചെയ്തത്. അബുദാബി കേന്ദ്രീകരിച്ച് കഴിഞ്ഞ 24 മണിക്കൂറായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും അടിയന്തരമായി ആറു മാസത്തേക്കെങ്കിലും കരാർ നീട്ടിയേക്കുമെന്നും റിപ്പോർട്ടിലുണ്ട്. 2010ൽ ചെക് റിപ്പബ്ലിക് തലസ്ഥാനമായ പ്രേഗിൽ ഒപ്പുവച്ച ന്യൂ സ്റ്റാർട്ട് (ന്യൂ സ്ട്രാറ്റജിക് ആംസ് റിഡക്ഷൻ ട്രീറ്റി) കരാറാണ് ഇന്നലെ കാലഹരണപ്പെട്ടത്.
ഇരുകക്ഷികൾക്കും വിന്യസിക്കാവുന്ന തന്ത്രപ്രധാനമായ ആണവായുധങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുന്ന കരാറാണിത്. കരാർ നീട്ടിയില്ലെങ്കിൽ നിയന്ത്രണങ്ങളില്ലാതെ ഏത് ആണവായുധവും വിന്യസിക്കാൻ യുഎസിനും റഷ്യക്കും കഴിയും.
കരാർ അനൗപചാരികമായി ഒരു വർഷത്തേക്കുകൂടി നീട്ടാമെന്ന് സെപ്റ്റംബറിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ നിർദേശിച്ചിരുന്നെങ്കിലും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ചൈനയെ ഉൾപ്പെടുത്താതെ ന്യൂ സ്റ്റാർട്ട് കരാർ പുതുക്കാൻ താത്പര്യമില്ലെന്ന് ട്രംപ് ആദ്യമായി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ സൂചന നൽകിയിട്ടുണ്ട്.
2020 തെരഞ്ഞെടുപ്പിൽ ട്രംപിനെ തോൽപ്പിച്ച് പ്രസിഡന്റായ ജോ ബൈഡൻ കരാർ അഞ്ചു വർഷത്തേക്ക് നീട്ടാമെന്ന് സമ്മതിച്ചിരുന്നെങ്കിലും യുക്രെയ്ൻ യുദ്ധത്തോടെ യുഎസ്-റഷ്യ ബന്ധം വഷളാകുകയായിരുന്നു.
ചൈനയുടെ ആണവായുധശേഖരം അതിവേഗം വളരുകയാണെങ്കിലും നിലവിൽ റഷ്യയുടെയും യുഎസിന്റെയും പരിധിക്കു താഴെയാണ്. അതേസമയം, കരാറിന്റെ കാലാവധി അവസാനിച്ചാലും റഷ്യ ജാഗ്രതയോടെ മാത്രമേ പ്രതികരിക്കൂവെന്ന് കഴിഞ്ഞദിവസം ചൈനീസ് പ്രസിഡന്റ് ഷീ ജിംപിംഗുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ പുടിൻ വ്യക്തമാക്കിയിട്ടുണ്ട്.
National
ബംഗളൂരു: ലെയോ പതിനാലാമൻ മാർപാപ്പയെ ഇന്ത്യ സന്ദർശിക്കാൻ നേരിട്ടും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി മുഖേനയും ക്ഷണിച്ചതായും ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്.
സന്ദർശനത്തിന് വിപുലമായ തയാറെടുപ്പുകൾ അനിവാര്യമാണെന്നും സിബിസിഐ വാർഷിക ജനറൽ ബോഡി സമ്മേളന കാര്യങ്ങൾ വിശദീകരിക്കാൻ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി മാർ താഴത്ത് പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്കെതിരേ വർധിക്കുന്ന ആക്രമണങ്ങളിൽ ആശങ്കയുണ്ട്. ഓരോ സംസ്ഥാനത്തും വ്യത്യസ്ത രീതിയിലാണ് ആക്രമണങ്ങൾ. ഇതിലുള്ള ആശങ്ക പ്രധാനമന്ത്രിയെ അടക്കം ധരിപ്പിച്ചിട്ടുണ്ട്. പല സംഭവങ്ങളിലും നീതി നിഷേധിക്കപ്പെടുകയും നീതി വൈകുകയും ചെയ്യുന്നു. പ്രത്യാക്രമണശൈലി ക്രൈസ്തവർക്കു പരിചിതമല്ല. ശത്രുക്കളോടും ക്ഷമിക്കാനാണ് ഈശോമിശിഹാ ഉദ്ബോധിപ്പിച്ചിട്ടുള്ളത്.
സഭയ്ക്ക് ആരോടും വിദ്വേഷമോ പകയോ ഇല്ല. ഇന്ത്യക്കാരായതിൽ രാജ്യത്തെ ക്രൈസ്തവർക്ക് അഭിമാനമുണ്ട്. ദേശീയ ഐക്യത്തിനായാണു സഭ നിലകൊള്ളുന്നത്. ക്രൈസ്തവസഭ രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിരവധി സംഭാവനകൾ ചെയ്തിട്ടുണ്ട്. ഇനിയും അതു തുടരും -മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.
കേരള മുഖ്യമന്ത്രി പിണറായി വിജയന് മാർപാപ്പയെ സന്ദർശിക്കാൻ അനുമതി ലഭിച്ചതിനോടു പ്രതികരിക്കവെ, ഇത്തരത്തിൽ ആർക്കും സന്ദർശനാനുമതി ലഭിക്കുമെന്ന് ആർച്ച്ബിഷപ് പറഞ്ഞു. കത്തോലിക്കാ സഭയ്ക്ക് പ്രത്യേകിച്ചൊരു രാഷ്ട്രീയ പാർട്ടിയോടും മമതയില്ല. വിഷയാധിഷ്ഠിത പിന്തുണയെന്നതാണു സഭയുടെ നിലപാട്. രാജ്യനിർമാണം, ന്യൂനപക്ഷ സംരക്ഷണം, ഭരണഘടനാസംരക്ഷണം എന്നിവ ഉറപ്പുവരുത്തണമെന്നു സഭയ്ക്ക് നിലപാടുണ്ട് -മാർ താഴത്ത് പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്കെതിരേ വർധിക്കുന്ന ആക്രമണങ്ങളെയും ഭരണഘടനാ മൂല്യങ്ങൾക്കെതിരായ വെല്ലുവിളികളെയും വിവിധ സംസ്ഥാനങ്ങൾ പാസാക്കിയ മതപരിവർത്തന നിരോധന നിയമങ്ങളെയുംകുറിച്ചുള്ള ആശങ്കകളും സമ്മേളനം ചർച്ച ചെയ്യുമെന്ന് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.
International
വത്തിക്കാൻ: റോമിലെ പൗരാണികമായ സെന്റ് പോൾസ് ബസിലിക്കയുടെ ചുവരുകളിൽ ഇനി ലെയോ പതിനാലാമൻ മാർപാപ്പയുടെ ചിത്രവും.
ബസിലിക്കയുടെ ആർച്ച്പ്രീസ്റ്റ് കർദിനാൾ ജെയിംസ് മൈക്കൽ ഹാർവിയുടെ അഭ്യർഥനപ്രകാരമാണു മാർപാപ്പയുടെ മൊസെയിക് ഛായാചിത്രം തയാറാക്കിയത്. വിശുദ്ധ പത്രോസ് മുതലുള്ള സഭാ തലവന്മാരുടെ നിരയിൽ ഫ്രാൻസിസ് പാപ്പയ്ക്കു ശേഷമാണ് ഹൈക്കലായുടെ വലത്തേ ഭിത്തിയിൽ ഇതു സ്ഥാപിക്കുക.
കഴിഞ്ഞദിവസം മാർപാപ്പയുടെ സാന്നിധ്യത്തിൽത്തന്നെയാണു വത്തിക്കാൻ മൊസെയിക് സ്റ്റുഡിയോ ഈ കലാസൃഷ്ടി ലോകത്തിനു മുന്നിൽ വെളിപ്പെടുത്തിയത്. 137 സെന്റീമീറ്റർ വ്യാസമുള്ളതാണ് ഈ ചിത്രം. വത്തിക്കാനിലെ ഫാബ്രിക് ഓഫ് സെന്റ് പീറ്റർ സ്റ്റുഡിയോയിലാണ് വൃത്താകൃതിയിലുള്ള ചിത്രം നിർമിച്ചത്.
സ്വർണവും ഗ്ലാസ് ഇനാമലുകളും ചേർത്ത് പുരാതനമായ ‘കട്ട്-മൊസൈക്ക്’ രീതിയിലാണ് ഇതു നിർമിച്ചിരിക്കുന്നത്. മാർപാപ്പയുടെ പെയിന്റ് ചെയ്ത രേഖാചിത്രത്തെ അടിസ്ഥാനമാക്കി മാസ്റ്റർ റോഡോൾഫോയാണ് ഈ ശില്പത്തിനു ജീവൻ നൽകിയത്.
സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ വാതിൽ ഇന്ന് അടയ്ക്കും
നാല് പേപ്പൽ ബസിലിക്കകളുടെയും വിശുദ്ധ വാതിലുകൾ അടച്ച് മുദ്രവയ്ക്കുന്ന സ്വകാര്യ ചടങ്ങുകൾ ഇന്നു പൂർത്തിയാകും. റോമിലെ പരിശുദ്ധ കന്യാമറിയത്തിന്റെ ബസിലിക്കയുടെ വിശുദ്ധ വാതിൽ കഴിഞ്ഞ 13ന് അടച്ച് മുദ്രവച്ചിരുന്നു. സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയുടെ വിശുദ്ധ വാതിൽ 14നും സെന്റ് പോൾ ബസിലിക്കയുടെ വിശുദ്ധ വാതിൽ ഇന്നലെയും മുദ്രവച്ചു. സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ വാതിൽ ഇന്നു വൈകുന്നേരം അടച്ചു മുദ്രവയ്ക്കും.
International
വത്തിക്കാൻ സിറ്റി: രണ്ടാം ക്രിസ്തുവായി അറിയപ്പെടുന്ന വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ 800-ാം മരണവാർഷികത്തോടനുബന്ധിച്ച് ലെയോ പതിനാലാമൻ മാർപാപ്പ വിശുദ്ധ ഫ്രാൻസിസ് അസീസി വർഷം പ്രഖ്യാപിച്ചു. ഈവർഷം ജനുവരി 10 മുതൽ അടുത്ത വർഷം ജനുവരി പത്തുവരെയാണു വർഷാചരണം.
കൃപയുടെ ഈ വർഷത്തിൽ വിശ്വാസികൾക്ക് പൂർണ ദണ്ഡവിമോചനം നേടാനുള്ള അവസരം ലഭിക്കുമെന്ന് ഇതുസംബന്ധിച്ച് വത്തിക്കാനിലെ അപ്പൊസ്തലിക് പെനിറ്റെൻഷ്യറി പുറപ്പെടുവിച്ച കല്പനയിൽ പറയുന്നു.
ലോകത്തിലെവിടെയുമുള്ള ഏതെങ്കിലും ഫ്രാൻസിസ്കൻ കൺവഞ്ച്വെൽ ആശ്രമ പള്ളിയിലോ വിശുദ്ധ ഫ്രാൻസിസിന് സമർപ്പിച്ചിരിക്കുന്ന പള്ളിയിലോ തീർഥാടനം നടത്തി കൂദാശകൾ സ്വീകരിച്ചും മാർപാപ്പയുടെ നിയോഗങ്ങൾക്കായുള്ള പ്രാർഥന നടത്തിയുമാണ് പൂർണ ദണ്ഡവിമോചനം നേടാനാകുക.
വൃദ്ധർക്കും രോഗികൾക്കും വീടിനു പുറത്തേക്കു പോകാൻ കഴിയാത്തവർക്കും ജൂബിലി ആഘോഷങ്ങളിൽ ആത്മീയമായി പങ്കുചേർന്നും ദണ്ഡവിമോചനം നേടാം.
ഫെബ്രുവരി 22 മുതൽ മാർച്ച് 22 വരെ അസീസിയിലെ ബസിലിക്കയിലുള്ള വിശുദ്ധന്റെ ഭൗതികദേഹാവശിഷ്ടങ്ങൾ പൊതുദർശനത്തിനായി പ്രതിഷ്ഠിക്കും. 1226 ഒക്ടോബർ മൂന്നിന് ഇറ്റലിയിലെ അസീസിയിലാണ് ഫ്രാൻസിസ് അന്തരിച്ചത്.
International
വത്തിക്കാൻ സിറ്റി: വെനസ്വേലൻ പ്രതിപക്ഷനേതാവും കഴിഞ്ഞ വർഷത്തെ നൊബേൽ സമാധാന പുരസ്കാര ജേതാവുമായ മരിയ കൊറിന മച്ചാഡോ വത്തിക്കാനിൽ ലെയോ പതിനാലാമൻ മാർപാപ്പയെ സന്ദർശിച്ച് ചർച്ച നടത്തി.
ഇന്നലെ രാവിലെ അപ്പസ്തോലിക കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിനുമായും മരിയ കൂടിക്കാഴ്ച നടത്തി.
മാർപാപ്പയുമായി കൂടിക്കാഴ്ച നടത്താനുള്ള അനുഗ്രഹം ലഭിച്ചെന്നും രാജ്യത്തു സംഭവിക്കുന്ന കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നതിന് മാർപാപ്പയ്ക്കു നന്ദി അറിയിച്ചതായും മരിയ മച്ചാഡോ പറഞ്ഞു.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ഉറച്ചുനിൽക്കുകയും പ്രാർഥനയിൽ തുടരുകയും ചെയ്യുന്ന വെനസ്വേലൻ ജനതയുടെ ശക്തി മാർപാപ്പയെ അറിയിച്ചതായും, തട്ടിക്കൊണ്ടുപോയി കാണാതായ എല്ലാ വെനസ്വേലക്കാർക്കുംവേണ്ടി പ്രാർഥിക്കാൻ അദ്ദേഹത്തോട് അഭ്യർഥിച്ചതായും മരിയ സമൂഹമാധ്യമത്തിൽ കുറിച്ചു.
പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്ലോറെസിനെയും കഴിഞ്ഞ മൂന്നിന് വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിലെ വസതിയിൽനിന്ന് യുഎസ് സൈന്യം പിടികൂടി ന്യൂയോർക്കിലെത്തിക്കുകയും മയക്കുമരുന്ന് കടത്ത് അടക്കമുള്ള വിവിധ കുറ്റകൃത്യങ്ങളുടെ നേരിൽ നിയമനടപടികൾക്കു വിധേയമാക്കിയിരിക്കുകയുമാണ്. മഡുറോയുടെ അഭാവത്തിൽ വൈസ് പ്രസിഡന്റ് ഡെൽസി റൊഡ്രിഗസിനാണ് പ്രസിഡന്റിന്റെ താത്കാലിക ചുമതല സുപ്രീംകോടതി നൽകിയിരിക്കുന്നത്.
മഡുറോയുടെ സർക്കാരിനെ നിരന്തരമായി എതിർക്കുന്നതുമൂലം രാജ്യത്തുനിന്ന് പലായനം ചെയ്യാൻ മരിയ മച്ചാഡോ നിർബന്ധിതയാകുകയായിരുന്നു. നിലവിൽ അമേരിക്കയിൽ പ്രവാസജീവിതം നയിക്കുന്ന മരിയ, താൻ മാതൃരാജ്യത്തേക്കു മടങ്ങാനും താത്കാലികമായി അധികാരമേറ്റെടുക്കാനും തെരഞ്ഞെടുപ്പ് നടത്താനും തയാറാണെന്നു വ്യക്തമാക്കിയിട്ടുണ്ട്.
വെനസ്വേലയിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയുള്ള സർക്കാർ രൂപീകരിക്കാൻ നീക്കം നടക്കുന്നതിനിടെ വിവിധ നേതാക്കളുമായി മരിയ മച്ചാഡോ കൂടിക്കാഴ്ച നടത്തിവരികയാണ്. അടുത്തദിവസം വാഷിംഗ്ടണിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും അവർ സന്ദർശിക്കും.
International
വത്തിക്കാൻ സിറ്റി: വെനസ്വേലയിലെ അമേരിക്കൻ സൈനിക അധിനിവേശത്തെ വിമർശിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. യുദ്ധത്തിനായുള്ള അമിതാവേശം പടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
“രണ്ടാം ലോക യുദ്ധത്തിനു ശേഷം, മറ്റു രാജ്യങ്ങളുടെ അതിർത്തി ലംഘിക്കാൻ രാഷ്ട്രങ്ങൾ ബലപ്രയോഗം നടത്തുന്നതിനെ വിലക്കിയിരുന്നു. ഈ തത്വം പൂർണമായും അട്ടിമറിക്കപ്പെട്ടു. ഇതിനു പകരം സ്വന്തം ആധിപത്യം ഉറപ്പിക്കാൻ ആയുധങ്ങളിലൂടെ സമാധാനം കൊണ്ടുവരാൻ ശ്രമിക്കുകയാണ്.
ഇത് സമാധാനപരമായ സാമൂഹിക സഹവർത്തിത്വത്തിന്റെ അടിത്തറയായ നിയമവാഴ്ചയ്ക്ക് ഗുരുതര ഭീഷണി സൃഷ്ടിക്കും” മാർപാപ്പ പറഞ്ഞു. വിവിധ രാജ്യങ്ങളിൽനിന്നുള്ള അംബാസഡർമാരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ പൊതുനന്മയെ കരുതി വെനസ്വേലയിൽ സമാധാനപരമായ രാഷ്ട്രീയ പരിഹാരത്തിന് മാർപാപ്പ ആഹ്വാനം ചെയ്തു.
യുക്രെയ്നിൽ അടിയന്തര വെടിനിർത്തൽ വേണമെന്ന് അദ്ദേഹം ആവർത്തിച്ചു. ഗാസയിൽ ദ്വിരാഷ്ട്ര പരിഹാരത്തിനായി ആഹ്വാനം ചെയ്ത മാർപാപ്പ സ്വന്തം നാട്ടിൽ ജീവിക്കാനുള്ള പലസ്തീനികളുടെ അവകാശം സംബന്ധിച്ച് ഊന്നിപ്പറയുകയും ചെയ്തു.
International
വത്തിക്കാന്‍ സിറ്റി: സാർവത്രികസഭയിലെ പ്രത്യാശയുടെ ജൂബിലിവർഷാചരണം ഇന്ന് ഔദ്യോഗികമായി സമാപിക്കും.
ഇന്നു രാവിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ വാതില്‍ ലെയോ പതിനാലാമൻ മാർപാപ്പ അടയ്ക്കുന്നതോടെയാണ് 2025 ജൂബിലിവര്‍ഷത്തിന് സമാപനമാകുക. ഈശോമിശിഹായുടെ പ്രത്യക്ഷീകരണ തിരുനാള്‍ ദിനമായ ഇന്ന് മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും.
സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ വാതിൽ തുറന്ന് 2024 ഡിസംബര്‍ 24ന് ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ജൂബിലിവർഷാചരണം ഉദ്ഘാടനം ചെയ്തത്.
ജൂബിലിവര്ഷത്തിൽ 12 മാസത്തിനിടെ ഏകദേശം മൂന്നു കോടി തീര്‍ഥാടകർ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ വാതിലിലൂടെ കടന്നുപോയതായി കണക്കാക്കുന്നു.
ഈശോമിശിഹായുടെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഉത്ഥാനത്തിന്റെയും 2000-ാം വാർഷികാചരണത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച അസാധാരണ ജൂബിലിവർഷമായ 2033ലായിരിക്കും ഇനി വിശുദ്ധ വാതിലുകൾ തുറക്കപ്പെടുക.
സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ തുറക്കപ്പെട്ട വിശുദ്ധ വാതിലിനുപുറമെ ജൂബിലിവർഷത്തിൽ റോമിൽ മറ്റു നാല് വിശുദ്ധ വാതിലുകൾകൂടി തുറക്കപ്പെട്ടിരുന്നു.
സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയിലും മേരി മേജർ ബസിലിക്കയിലും സെന്റ് പോൾ ബസിലിക്കയിലും റോമിലെ റെബിബിയ ജയിലിലുമാണ് വിശുദ്ധ വാതിൽ തുറന്നത്. തടവുകാരെ അവരുടെ ഹൃദയം തുറക്കാൻ ക്ഷണിച്ചുകൊണ്ട്, അവരുടെ മോചനത്തിന്റെയും വീണ്ടെടുപ്പിന്റെയും പ്രത്യാശയുടെയും പ്രതീകമായാണു പരമ്പരാഗത പേപ്പൽ ബസിലിക്കകളുമായി ബന്ധിപ്പിച്ച് ആദ്യമായി റോമിലെ റെബിബിയ ജയിലിൽ വിശുദ്ധ വാതിൽ സ്ഥാപിക്കപ്പെട്ടത്.
ജൂബിലിവര്‍ഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് ആദ്യം അടച്ചത് സെന്റ് മേരി മേജര്‍ ബസിലിക്കയിലെ വിശുദ്ധ വാതിലാണ്. ക്രിസ്മസ് ദിനത്തിലായിരുന്നു ചടങ്ങ്.
രണ്ടു ദിവസത്തിനുശേഷം ഡിസംബര്‍ 27ന് സെന്റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയിലെ വിശുദ്ധ വാതിലും ഡിസംബര്‍ 28ന് സെന്റ് പോള്‍ ബസിലിക്കയുടെ വിശുദ്ധ വാതിലും അടച്ചു.
തിരുക്കുടുംബത്തിന്റെ തിരുനാൾദിനമായിരുന്ന ഡിസംബർ 28ന് ലോകമെങ്ങും ജൂബിലി വർഷാചരണം സമാപിച്ചിരുന്നു.
Kerala
ചങ്ങനാശേരി: മാനേജ്മെന്റ് വിദ്യാഭ്യാസരംഗത്തെ ശ്രേഷ്ഠ വ്യക്തിത്വമായ പ്രഫ. ജെ. ഫിലിപ്പിനെ ലെയോ പതിനാലാമന്‍ മാര്‍പാപ്പ ഷെവലിയര്‍ പദവി നല്കി ആദരിച്ചു.
ചങ്ങനാശേരി അതിരൂപതയിലെ പുളിങ്കുന്ന് ഫൊറോനാ പുന്നക്കുന്നത്തുശേരി ഇടവകാംഗമാണ്. ബാംഗളൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ മുന്‍ ഡയറക്ടര്‍, ഇന്ത്യന്‍ മാനേജ്മെന്റ് അസോസിയേഷന് ദേശീയ സ്ഥാപക പ്രസിഡന്റ് തുടങ്ങിയ പദവികളിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് അദ്ദേഹം.
സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് എന്റർപ്രണര്‍ഷിപ്പ് (സൈം) ബംഗളൂര്, കൊച്ചി, ചെന്നൈ എന്നിവയുടെ സ്ഥാപകനാണ്. ചങ്ങനാശേരി അതിരൂപതയുമായി സഹകരിച്ച് ഏറ്റുമാനൂര്‍ പള്ളിക്കുന്നില്‍ സൈം ഇന്റര്‍നാഷണല്‍ സ്കൂളും ആരംഭിച്ചു.
ക്രൈസ്തവ വിശ്വാസത്തിലും മൂല്യങ്ങളിലും അടിയുറച്ച സമഗ്രമായ വിദ്യാഭ്യാസദര്‍ശനം രൂപപ്പെടുത്തുന്നതിന് സ്ഥാപനങ്ങളെ സഹായിക്കുകയും തലമുറകള്‍ക്കു മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്ത വ്യക്തിയാണ് ഷെവലിയര്‍ ജെ. ഫിലിപ്പ്.
മാനേജ്മെന്റ് വിദ്യാഭ്യാസരംഗത്തു നല്കിയ നിസ്തുല സംഭാവനകള്‍ പരിഗണിച്ച് നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. ചങ്ങനാശേരി അതിരൂപതയുടെ പരമോന്നത ബഹുമതിയായ അതിരൂപത എക്സലന്‍സ് അവാര്‍ഡിന് 2019ല്‍ അര്‍ഹനായി. ഷെവലിയര്‍ പദവി ലഭിച്ച പ്രഫ. ജെ. ഫിലിപ്പിന് അതിരൂപതയുടെ അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നതായി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ അറിയിച്ചു.
International
വത്തിക്കാൻ സിറ്റി: പഴയ വർഷത്തിൽനിന്ന് പുതിയ വർഷത്തിലേക്കു കടക്കുമ്പോൾ നമുക്ക് നമ്മെ ദൈവത്തിനു ഭരമേൽപ്പിക്കാമെന്നു ലെയോ പതിനാലാമൻ മാർപാപ്പ.
ഇന്നലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന 2025ലെ അവസാന പൊതുകൂടിക്കാഴ്ചയിൽ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ.
പോയ വർഷം ചൊരിഞ്ഞ കൃപകൾക്കു ദൈവത്തിനു നന്ദി പറയാനും വീഴ്ചകൾക്കു ക്ഷമ ചോദിക്കാനും മുന്നോട്ടുള്ള യാത്ര ദൈവകരങ്ങളിൽ ഭരമേൽപ്പിക്കാനും മാർപാപ്പ വിശ്വാസികളെ ക്ഷണിച്ചു.
പ്രത്യാശയുടെ ജൂബിലിവർഷത്തിൽ നിരവധി വിശ്വാസികളുടെ തീർഥാടനം പോലുള്ള സന്തോഷകരമായ അനുഭവങ്ങളും പ്രിയപ്പെട്ട ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം, ലോകത്തെ പിടിച്ചുലയ്ക്കുന്ന യുദ്ധസാഹചര്യങ്ങൾ എന്നിവപോലുള്ള വേദനാജനകമായ അനുഭവങ്ങളുമുണ്ടായി. സന്തോഷവും ദുഃഖവുമെല്ലാം ദൈവത്തിനു സമർപ്പിക്കാനും കൃപയുടെയും കരുണയുടെയും അദ്ഭുതങ്ങൾ വർഷിക്കപ്പെടാൻ ദൈവത്തോട് അപേക്ഷിക്കാനും സഭ വിശ്വാസികളെ ആഹ്വാനം ചെയ്യുന്നു.
കർത്താവ് നമുക്കായി കഴിഞ്ഞ വർഷം ചെയ്തുതന്ന കാര്യങ്ങളെക്കുറിച്ച് വിചിന്തനം ചെയ്യണം. ഇതോടൊപ്പം സത്യസന്ധമായി ആത്മപരിശോധന നടത്താനും അവിടുന്ന് നമുക്കു നൽകിയ ദാനങ്ങളോടുള്ള നമ്മുടെ പ്രതികരണം എപ്രകാരമായിരുന്നുവെന്ന് വിലയിരുത്താനും സാധിക്കണം.
അവിടുന്ന് നമുക്കേകിയ പ്രചോദനങ്ങളെ വിലമതിക്കാനും നമ്മിൽ ഭരമേൽപ്പിച്ചിരുന്ന താലന്തുകൾ ഏറ്റവും മെച്ചപ്പെട്ട രീതിയിൽ നിക്ഷേപിക്കാനും സാധിക്കാതിരുന്ന നിമിഷങ്ങളെയോർത്ത് ക്ഷമ യാചിക്കാനും നാം വിളിക്കപ്പെട്ടിരിക്കുന്നു.
ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നും പത്രോസിന്റെ കല്ലറയ്ക്കരികിലെത്തി പ്രാർഥിക്കാനും ക്രിസ്തുവിനോടൊപ്പമായിരിക്കാനുള്ള അവരുടെ തീരുമാനം ഉറപ്പിക്കാനുമായി ഒരുപാട് തീർഥാടകർ ഈ വർഷം ഇവിടെയെത്തി.
നമ്മുടെ ജീവിതംതന്നെ ഒരു യാത്രയാണെന്നും ദൈവവുമായുള്ള കണ്ടുമുട്ടലിലും അവനുമായുള്ള പൂർണവും ശാശ്വതവുമായ കൂട്ടായ്മയിലുമാണ് അതു പൂർത്തീകരിക്കപ്പെടുകയെന്നുമാണ് ജൂബിലി തീർഥാടനം നമ്മെ ഓർമിപ്പിക്കുന്നത് -മാർപാപ്പ പറഞ്ഞു.
International
കീവ്: റഷ്യ നടത്തുന്ന കടുത്ത ബോംബാക്രമണത്തിൽ ദുരിതമനുഭവിക്കുന്ന യുക്രെയ്നിലെ ജനതയ്ക്കു വീണ്ടും സഹായവുമായി ലെയോ പതിനാലാമൻ മാർപാപ്പ. രാജ്യത്തു കൂടുതല്‍ ദുരിതം നേരിടുന്ന മേഖലകളിലേക്ക് മൂന്ന് ട്രക്കുകൾ നിറയെ ഭക്ഷ്യവസ്തുക്കൾ മാർപാപ്പ അയച്ചു.
ദക്ഷിണകൊറിയൻ ഭക്ഷ്യകമ്പനിയായ സാംയാംഗ് ഫുഡ്സ് സംഭാവന ചെയ്ത ഭക്ഷ്യവസ്തുക്കള്‍ നിറച്ച ട്രക്കുകൾ ക്രിസ്മസിന് തൊട്ടുമുമ്പ് വത്തിക്കാനിൽ എത്തിയിരുന്നു. പിന്നാലെ ഉപവിപ്രവര്‍ത്തനങ്ങള്‍ക്കായുള്ള കാര്യാലയം ഇത് യുക്രെയ്നിലെ ദുരിതബാധിത മേഖലകളില്‍ എത്തിക്കുകയായിരുന്നു.
കഴിഞ്ഞ ജൂലൈ മാസത്തില്‍ ലെയോ പതിനാലാമന്‍ മാർപാപ്പയുടെ നിർദേശാനുസരണം ഉപവിപ്രവര്‍ത്തനങ്ങള്‍ക്കായുള്ള കാര്യാലയം യുക്രെയ്നിലെ ഖാർക്കീവിലെ കുടുംബങ്ങൾക്ക് സഹായം എത്തിച്ചിരുന്നു.
യുക്രെയ്നെ നിരവധി തവണ സഹായിച്ചുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ജീവിതമാതൃക പിന്തുടർന്ന് ലെയോ പതിനാലാമൻ മാർപാപ്പയും രാജ്യത്തു ജീവകാരുണ്യപ്രവർത്തനങ്ങൾ തുടരുകയാണ്.
Kerala
കോതമംഗലം: കേരളസഭാ ചരിത്രത്തിൽ ജീവകാരുണ്യ, ആതുരസേവന രംഗങ്ങളിലെ പുരോഹിതമുഖവും മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് (ധർമഗിരി) സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനുമായ ദൈവദാസൻ മോൺ. ജോസഫ് പഞ്ഞിക്കാരൻ ധന്യപദവിയിൽ.
ലെയോ പതിനാലാമൻ മാർപാപ്പ ഇന്നലെയാണ് മോൺ. പഞ്ഞിക്കാരന്റെ ജീവിതവിശുദ്ധി ഔദ്യോഗികമായി അംഗീകരിച്ച് ധന്യനായി പ്രഖ്യാപിച്ചത്.
1949 നവംബർ നാലിന് അന്തരിച്ച മോൺ. പഞ്ഞിക്കാരനെ 2010 ജൂലൈ 18ന് ദൈവദാസനായി പ്രഖ്യാപിച്ചിരുന്നു. 2015 ജൂൺ 23ന് രൂപതാതലപഠനങ്ങൾ പൂർത്തിയാക്കി മുഴുവൻ രേഖകളും വത്തിക്കാനു സമർപ്പിച്ചു.
ചരിത്രകാരന്മാരുടെയും ദൈവശാസ്ത്രജ്ഞരുടെയും സുദീർഘമായ പഠനങ്ങളും കർദിനാൾമാരുടെ സംഘത്തിന്റെ പരിശോധനകളും പൂർത്തിയാക്കിയതിനെത്തുടർന്നാണ് മോൺ. പഞ്ഞിക്കാരനെ ധന്യപദവിയിലേക്കുയർത്തുന്നത്.
ആതുരസേവനരംഗത്തെ വെളിച്ചം
1888 സെപ്റ്റംബർ 10ന് ചേർത്തലയിൽ ഉഴുവയിൽ പഞ്ഞിക്കാരന്‍ ചാക്കോച്ചന്റെയും മറിയത്തിന്റെയും മൂന്നാമത്തെ മകനായാണ് ഫാ. ജോസഫ് പഞ്ഞിക്കാരൻ ജനിച്ചത്. സുറിയാനി കത്തോലിക്കരുടെ ഇടയിൽനിന്ന് ആദ്യമായി എംഎ പാസായ അദ്ദേഹം പ്രേഷിതപ്രവർത്തനത്തിനുള്ള ആഗ്രഹവുമായി എറണാകുളത്തു സെമിനാരിയിൽ ചേർന്നു. കാൻഡി സെമിനാരിയിൽ പഠനം പൂർത്തിയാക്കി 1918 ഡിസംബർ 21 ന് വൈദികനായി അഭിഷിക്തനായി. ആലുവ സെന്റ് മേരീസ് സ്കൂളിൽ അധ്യാപകനായി പൗരോഹിത്യജീവിതം ആരംഭിച്ചു.
പ്രേഷിത പ്രവർത്തനത്തിനുള്ള വിളി തിരിച്ചറിഞ്ഞ് ആർച്ച്ബിഷപ് മാർ അഗസ്റ്റിൻ കണ്ടത്തിലിന്റെ അനുമതിയോടെ അധ്യാപകവൃത്തി വിട്ട് പാവപ്പെട്ടവരുടെയും ദളിതരുടെയും മധ്യത്തിലേക്കിറങ്ങി. ഇന്നത്തെ എറണാകുളം, കോതമംഗലം, ഇടുക്കി രൂപതകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ രോഗികളും അവശരും ആലംബഹീനരുമായ ആളുകൾക്കിടയിലായിരുന്നു പ്രേഷിത പ്രവർത്തനം.
എറണാകുളം അതിരൂപതയുടെ കിഴക്കൻ മലയോരപ്രദേശങ്ങളിൽ കോതമംഗലം കേന്ദ്രീകരിച്ചു പ്രേഷിതപ്രവർത്തനം ശക്തിപ്പെടുത്തിയ ഫാ. പഞ്ഞിക്കാരൻ അവിടെ സ്ഥലം വാങ്ങി ധർമഗിരി എന്ന പേരിൽ ചികിത്സാകേന്ദ്രം ആരംഭിച്ചു.
രോഗികൾ കൂടിയപ്പോൾ ഡോക്ടറുടെ സഹായം തേടി. ഡോക്ടർമാർക്ക് പണം നൽകി രോഗികളെ സൗജന്യമായി ചികിത്സിക്കാൻ സാധിക്കില്ലെന്നറിഞ്ഞ് ഒരു പുതിയ സന്യാസ സമൂഹം സ്ഥാപിക്കാൻ തീരുമാനിച്ചു.
അതാണ് 1944ൽ മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് (ധർമഗിരി) സന്യാസിനീ സമൂഹമായത്. എംഎസ്ജെ സന്യാസിനിമാർ കേരളത്തിലും പുറത്തും വിദേശ രാജ്യങ്ങളിലും ശുശ്രൂഷ ചെയ്യുന്നുണ്ട്. മതസംവാദത്തിനായി ഒരു കേന്ദ്രവും സത്യദീപം വാരികയും അച്ചൻ ആരംഭിച്ചു.
International
വത്തിക്കാൻ സിറ്റി: സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ലെയോ പതിനാലാമന്‍ മാര്‍പാപ്പയുമായി വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി.
സീറോമലബാര്‍ മെത്രാന് സിനഡ് സെക്രട്ടറി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ റോമിലെ പ്രൊക്യുറേറ്റര്‍ ബിഷപ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് എന്നിവരും മേജര്‍ ആര്‍ച്ച്ബിഷപ്പിനൊപ്പം ഉണ്ടായിരുന്നു.
ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ സീറോമലബാര്‍ സഭയ്ക്ക് കേരളത്തിനു പുറത്ത് പുതുതായി നാലു പ്രോവിന്‍സുകളും ഗള്‍ഫ് മേഖലയില്‍ അപ്പസ്തോലിക് വിസിറ്റേഷനും അനുവദിച്ചതിനും 12 രൂപതകളുടെ അതിര്‍ത്തി പുനഃക്രമീകരിക്കുന്നതിനുള്ള സിനഡ് തീരുമാനത്തിന് അംഗീകാരം നൽകിയതിനും മാർപാപ്പയോടുള്ള സഭയുടെ നന്ദി മേജര്‍ ആര്‍ച്ച്ബിഷപ് അറിയിച്ചു.
ഈ തീരുമാനങ്ങള്‍ ആഗോളതലത്തില്‍ സീറോമലബാര്‍ വിശ്വാസികളുടെ ആത്മീയ പരിപാലനത്തിനും സഭയുടെ പ്രേഷിതദൗത്യ നിര്‍വഹണത്തിനും വലിയ ശക്തിയും പ്രതീക്ഷയും നല്‍കുന്നതാണെന്ന് മാര്‍ റാഫേല്‍ തട്ടില്‍ മാര്‍പാപ്പയെ അറിയിച്ചു.
സാര്‍വത്രികസഭയുടെ വിവിധ തലങ്ങളിലും മിഷനറി പ്രവര്‍ത്തനങ്ങളിലും സീറോമലബാര്‍ സഭ നൽകിക്കൊണ്ടിരിക്കുന്ന വിലപ്പെട്ട സംഭാവനകളെ എടുത്തുപറഞ്ഞ മാർപാപ്പ, സീറോമലബാര്‍ സഭയോടുള്ള തന്റെ അടുപ്പവും കേരളത്തില്‍ മുന്‍പ് നടത്തിയിട്ടുള്ള സന്ദര്‍ശനങ്ങളും അനുസ്മരിച്ചു. ഇതോടൊപ്പം, എറണാകുളം- അങ്കമാലി അതിരൂപതയിലെ നിലവിലെ സാഹചര്യം മാർപാപ്പയുടെ ശ്രദ്ധയില്‍പ്പെടുത്തി. സമാധാനവും ഐക്യവും പുനഃസ്ഥാപിക്കുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികളും സംഭാഷണത്തിന്റെയും സഹിഷ്ണുതയുടെയും വഴിയിലൂടെ ഐക്യം സാധ്യമാക്കാനുള്ള ശ്രമങ്ങളും മേജര്‍ ആര്‍ച്ച്ബിഷപ് വിശദീകരിച്ചു.
കൂട്ടായ്മ ഉറപ്പാക്കുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികളോട് അതിരൂപതയിലെ വിശ്വാസികളും വൈദികരും സമര്‍പ്പിതരും പൂര്‍ണമായും സഹകരിക്കേണ്ടതിന്റെ ആവശ്യം മാർപാപ്പ എടുത്തുപറഞ്ഞു.
സന്ദര്‍ശനത്തിന്റെ ഭാഗമായി മേജര്‍ ആര്‍ച്ച്ബിഷപ്പും സിനഡ് സെക്രട്ടറിയും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിനുമായും പൗരസ്ത്യസഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ പ്രീഫെക്ട് കര്‍ദിനാള്‍ ക്ലൗദിയോ ഗുജറോത്തിയുമായും മറ്റ് ഏതാനും വത്തിക്കാന്‍ കാര്യാലയങ്ങളുടെ മേധാവികളുമായും കൂടിക്കാഴ്ച നടത്തി.
Leader Page
മാർപാപ്പയുടെ തുർക്കി, ലബനൻ സന്ദർശനം അതീവ പ്രാധാന്യത്തോടെയാണ് ലോകമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ലോകചരിത്രത്തിലെതന്നെ അതിപ്രധാന സംഭവങ്ങളിൽ ഒന്നായ നിഖ്യ സൂനഹദോസിന്റെ 1700-ാമതു വാർഷികം അനുസ്മരിക്കാനാണ് ലെയോ മാർപാപ്പ തുർക്കി സന്ദർശിച്ചത്. വിവിധ ക്രൈസ്തവ സഭകളുടെ 27 തലവന്മാരുമൊത്ത് അദ്ദേഹം 1700 വർഷങ്ങൾക്കു മുമ്പു നടന്ന സഭാ ചരിത്രത്തിലെ ആദ്യ സൂനഹദോസിന്റെ വേദിയായ നിഖ്യായിൽ (ഇന്നത്തെ ഇസ്നിക്) ഒരു പ്രാർഥനാ ശുശ്രൂഷയിലും പങ്കെടുത്തു. ഫ്രാൻസിസ് മാർപാപ്പ ഈ ജൂബിലി ആഘോഷത്തിൽ പങ്കെടുക്കാൻ വളരെ ആഗ്രഹിച്ചിരുന്നു. 1964ൽ പോൾ ആറാമൻ പാപ്പായും കോൺസ്റ്റാന്റിനോപ്പിളിലെ അത്തനാഗോറസ് പാത്രിയർക്കീസും തമ്മിൽ ജറൂസലെമിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം കത്തോലിക്കാ സഭയും ഓർത്തഡോക്സ് സഭകളും തമ്മിലുള്ള ബന്ധം ഊഷ്മളമായി. അങ്ങനെ ശക്തമായി തീർന്ന എക്യുമെനിക്കൽ ബന്ധങ്ങളുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് ലെയോ മാർപാപ്പയുടെയും ബർത്തലോമിയോ പാത്രിയർക്കീസിന്റെയും നേതൃത്വത്തിൽ നടന്ന പ്രാർഥനാശുശ്രൂഷ.
സമാധാനത്തിന് ആഹ്വാനം
തുർക്കിയുടെ സമ്പന്നമായ ചരിത്രവും ഭൂമിശാസ്ത്രപരമായുള്ള തന്ത്രപരമായ സ്ഥാനവും രാഷ്ട്രതന്ത്രപരമായ പ്രാധാന്യവുമൊക്കെ ഉൾച്ചേർത്തുകൊണ്ടാണ് ലെയോ മാർപാപ്പ പ്രസംഗിച്ചതെല്ലാം. തന്റെ മതമൗലികവാദപരവും ഏകാധിപത്യപരവുമായ നിലപാടുകൾകൊണ്ട് പ്രസിഡന്റ് റെസിപ് എർദോഗൻ പല കോണുകളിൽനിന്ന് വിമർശനം ഏറ്റുവാങ്ങുന്ന സമയമാണിത്. പ്രതിപക്ഷത്തെ അമർച്ച ചെയ്ത് തന്റെ ഭരണം നിലനിർത്താനുള്ള ഗൂഢതന്ത്രങ്ങൾ മെനയാൻ അദ്ദേഹം തത്രപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് നിരീക്ഷകർ കരുതുന്നു. സാമ്പത്തിക കുഴപ്പങ്ങൾ, തൊഴിലില്ലായ്മ, യുവജനങ്ങളുടെ പലായനം, പെരുകുന്ന ദാരിദ്ര്യം, നാണയത്തിന്റെ തകർച്ചയും വിലക്കയറ്റവും, കാർഷികമേഖല നേരിടുന്ന അവഗണന മുതലായ പ്രശ്നങ്ങൾ മറച്ചു വയ്ക്കാൻ ഏകാധിപതികൾ ഉപയോഗിക്കുന്ന തന്ത്രമാണ് മതത്തിന്റെ തിരശീലകൊണ്ട് ജനങ്ങളെ വിഭ്രമിപ്പിക്കുന്നത്. എർദോഗനും പയറ്റുന്നത് മറ്റൊരു തന്ത്രമല്ല. മാർപാപ്പമാർ ഒരിക്കലും ഇതര രാജ്യങ്ങളിലെ ആഭ്യന്തര പ്രശ്നങ്ങൾ പരാമർശിക്കുകയോ ഭരണാധികാരികളുടെ നിലപാടുകളെ വിമർശിക്കുകയോ ചെയ്യാറില്ല. സാർവത്രിക പ്രാധാന്യമുള്ള ആശയാവിഷ്കാരങ്ങൾ നടത്തി ജനതയെ പ്രബുദ്ധരാക്കാനാണ് അവർ ശ്രമിക്കുക.
മാർപാപ്പയെ സ്വാഗതം ചെയ്തുകൊണ്ട് പ്രസിഡന്റ് ചെയ്ത പ്രസംഗത്തിനു മറുപടിയായി മാർപാപ്പ പറഞ്ഞു: “തുർക്കി ആ പ്രദേശത്ത് സ്ഥിരതയുടെയും രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെയും സ്രോതസായും നീതിനിഷ്ഠവും സ്ഥായിയുമായ സമാധാനത്തിന്റെ മാധ്യമമായും പ്രവർത്തിക്കാൻ കഴിയുന്ന രാജ്യമാണ്. ക്രിസ്തുമതത്തിന്റെ ഉത്ഭവത്തോട് അവഗാഢമായി ബന്ധപ്പെട്ടിരിക്കുന്ന രാജ്യമാണ് തുർക്കി. വ്യത്യാസങ്ങളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു നാടാണിത്. നമ്മുടെ പൊതുവായ ഭാവിയുടെ അടിസ്ഥാനങ്ങളായ സമാധാനം, മനുഷ്യമഹത്വം, സാഹോദര്യം മുതലായ മൂല്യങ്ങളെക്കുറിച്ച് ഈ പ്രദേശത്തെ ജനതകൾ ലോകത്തെ ഓർമിപ്പിക്കണം.” മാർപാപ്പയെ സ്വാഗതം ചെയ്തുകൊണ്ടു പറഞ്ഞ പ്രസംഗത്തിൽ ടർക്കീഷ് ജനതയുടെ സാംസ്കാരിക തുറവിയും മതാന്തര സൗഹൃദവും സമാധാനത്തിനും ജീവകാരുണ്യ പ്രവർത്തനത്തിനുമുള്ള പ്രതിബദ്ധതയും സൂചിപ്പിക്കുകയുണ്ടായി.
‘ശക്തിയാണ് ശരി’ എന്ന മനോഭാവം ശരിയല്ലെന്നു പറഞ്ഞ മാർപാപ്പ നിസംഗതയുടെ ആഗോളവത്കരണം നടക്കുന്ന ഈ കാലത്ത് സംഭാഷണത്തിന്റെ ഒരു സംസ്കാരം വളർന്നുവരേണ്ടതുണ്ട് എന്നു പറഞ്ഞു. നീതിയും കാരുണ്യവുമാണ് നമ്മുടെ രാഷ്ട്രീയ, സാമൂഹ്യ ജീവിതത്തെ നയിക്കേണ്ടത്. ഇന്ന് നിലവിലുള്ള അസമത്വങ്ങളെ വർധിപ്പിക്കാൻ കൃത്രിമബുദ്ധി ഇടയാക്കിയേക്കാം എന്ന ഭയം അദ്ദേഹം പങ്കുവച്ചു. മനുഷ്യമഹാകുടുംബത്തിന്റെ ഐക്യത്തിന് ഇതുവരെ വന്നിട്ടുള്ള തകരാറുകൾ പരിഹരിക്കാൻ എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. തുർക്കിയുടെ സജീവത്വം നിലനിൽക്കുന്നത് ബഹുസ്വരതയിലാണെന്നു പറഞ്ഞ മാർപാപ്പ ഐകരൂപ്യം ഒരു ന്യൂനീകരണമാണെന്നും, തീവ്ര നിലപാടുകളുടെ ഫലമായി സമൂഹങ്ങൾ വിഭജിതമാവുകയും ധ്രുവീകരിക്കപ്പെടുകയും ചെയ്യുന്നുവെന്നും ചൂണ്ടിക്കാട്ടി.
എഡി 325ൽ ഒന്നാമത്തെ എക്യുമെനിക്കൽ സൂനഹദോസിന്റെ വേദിയായ ബസിലിക്കയുടെ ചരിത്രശേഷിപ്പുകൾക്കു സമീപം നടന്ന പ്രാർഥനാ ശുശ്രൂഷയിൽ മറ്റ് 27 സഭാ തലവന്മാരോടൊപ്പം ലെയോ മാർപാപ്പ പങ്കെടുത്തു. ക്രൈസ്തവരുടെ ഐക്യം പരമപ്രധാനമാണെന്നു പ്രസ്താവിച്ച അദ്ദേഹം ആദ്യ സൂനഹദോസിന്റെ ചർച്ചാവിഷയമായിരുന്ന “ഈശോമിശിഹാ ആര്” എന്ന ചോദ്യത്തിന് ഉത്തരമേകാൻ ശ്രമിച്ചു. ഈശോമിശിഹായെ ഒരു അതിമാനുഷനോ പ്രതിഭാശാലിയായ നേതാവോ പ്രവാചകനോ ആയി മാത്രം കാണുന്നത് തെറ്റായ കാര്യമാണെന്ന് പ്രസ്താവിച്ചു. ഇത് പുതിയ ആര്യനിസമാണെന്ന് മാർപാപ്പ ചൂണ്ടിക്കാട്ടി. ഈശോ വെറും മനുഷ്യൻ മാത്രമായിരുന്നെങ്കിൽ അവിടത്തെ അമർത്യതയിലും നിത്യജീവനിലും മനുഷ്യർക്ക് പങ്കുപറ്റാനാവില്ല. സർവസമ്മതമായി അംഗീകരിച്ച വിശ്വാസപ്രമാണം സമ്പൂർണമായ ഐക്യത്തിലേക്ക് നടന്നടുക്കുന്ന ക്രൈസ്തവർക്ക് പരമപ്രധാനമാണ്. ഈ വിശ്വാസപ്രമാണം ചൊല്ലുമ്പോൾതന്നെ ക്രൈസ്തവർക്കിടയിൽ അദൃശ്യമായ ഒരു ഐക്യം നിലനിൽക്കുന്നുവെന്ന് അദ്ദേഹം ഓർമപ്പെടുത്തി.
ഫോക്സ്വാഗൻ അരീനയിൽ നടന്ന വിശുദ്ധ കുർബാനയിലും ക്രൈസ്തവരുടെ ഐക്യമാണ് ലെയോ മാർപാപ്പ ഊന്നിപ്പറഞ്ഞത്. ഐക്യം നിലനിൽക്കണമെങ്കിൽ കരുതലും ശ്രദ്ധയും പരിചരണവും ആവശ്യമാണ്. തുർക്കിയിൽ നിലവിലുള്ള നാല് സഭാ പാരമ്പര്യങ്ങളെയും - ലത്തീൻ, അർമേനിയൻ, കൽദായ, സുറിയാനി - പരാമർശിച്ച അദ്ദേഹം എല്ലാറ്റിനെയും കൂട്ടിയിണക്കുന്ന സാർവത്രികതയെക്കുറിച്ച് സംസാരിച്ചു. ഈ നാലു സഭകളിൽനിന്നുമുള്ള 200 പേർ ചേർന്നതായിരുന്നു ഗായകസംഘം. ടർക്കിഷ്, അറമായ, സുറിയാനി, അർമേനിയൻ, അറബിക്, ഇംഗ്ലീഷ് ഭാഷകളിലായിരുന്നു പ്രാർഥനകൾ. വിശ്വാസികൾ സമാധാന സ്ഥാപകരാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. 2033ൽ എല്ലാ വിഭാഗത്തിലും പെട്ട ക്രൈസ്തവ നേതാക്കളോട് ചേർന്ന് ഈശോമിശിഹായുടെ കുരിശുമരണത്തിന്റെ 2000-ാമതു വാർഷികം ജറൂസലെമിൽ ആചരിക്കാനുള്ള ആഗ്രഹവും അദ്ദേഹം പങ്കുവച്ചു. സിറിയൻ ഓർത്തഡോക്സ് സഭയുടെ മാർ എഫ്രേം പള്ളിയിലും ബൈസന്റൈൻ സഭയുടെ സെന്റ് ജോർജ് പത്രിയാർക്കൽ പള്ളിയിലും പ്രാർഥിച്ച അദ്ദേഹം ഇസ്താംബൂളിലെ പ്രശസ്തമായ ബ്ലൂ മോസ്കും സന്ദർശിച്ചു.
മാർപാപ്പ ലബനനിൽ
തുർക്കി സന്ദർശനത്തിനുശേഷം ലബനനിലേക്കു പോയ മാർപാപ്പയ്ക്ക് രാജോചിത സ്വീകരണമാണു ലഭിച്ചത്. നവംബർ 30ന് വൈകുന്നേരം ബെയ്റൂട്ടിൽ എത്തിയ മാർപാപ്പയ്ക്ക് തിരക്കേറിയ പരിപാടികളാണുണ്ടായിരുന്നത്. രാജ്യം മുഴുവനും ആഹ്ലാദപൂർവം അദ്ദേഹത്തെ എതിരേറ്റു. വിമാനം നിലംതൊട്ട നിമിഷം മുതൽ 15 മിനിറ്റ് രാജ്യത്തെ എല്ലാ പള്ളികളിലും മണികൾ മുഴങ്ങി. തിങ്കളും ചൊവ്വയും രാജ്യത്ത് പൊതു അവധിയായിരുന്നു. മാർപാപ്പയെ കാണാൻ നിരത്തുവക്കുകളിൽ വൻ ജനസഞ്ചയം കാത്തുനിന്നിരുന്നു. അദ്ദേഹം പങ്കെടുത്ത ഓരോ പരിപാടിയിലും വൻവിശ്വാസീസമൂഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഡിസംബർ ഒന്നിന് രാവിലെ ബെയ്റൂട്ട് തുറമുഖത്തിന്റെ ചക്രവാളത്തിൽ വിരിഞ്ഞ ഹൃദയഹാരിയായ മഴവില്ല് ജനങ്ങളുടെ ആഹ്ലാദത്തിന്റെയും ശുഭപ്രതീക്ഷയുടെയും പ്രതീകമായി.
പശ്ചിമേഷ്യയിലെ സവിശേഷമായ രാഷ്ട്രീയ സാഹചര്യത്തിന്റെ ദുഷ്ഫലങ്ങൾ ഏറ്റവുമധികം അനുഭവിക്കേണ്ടിവന്ന രാജ്യമാണ് ലബനൻ. രാഷ്ട്രീയമായ അസ്ഥിരത, സാമ്പത്തിക തകർച്ച, അഭയാർഥിപ്രവാഹം, തീവ്രവാദ ഗ്രൂപ്പുകളുടെ സാന്നിധ്യവും അട്ടിമറികളും, ബെയ്റൂട്ട് തുറമുഖത്ത് ഉണ്ടായ സ്ഫോടനത്തിന്റെ പ്രത്യാഘാതങ്ങൾ - ഇവയുടെയെല്ലാം ഫലമായി നിരാശയിലേക്ക് കൂപ്പുകുത്തിയ ജനത. ഞങ്ങളെ ലോകത്തിൽ ആരെങ്കിലും പരിഗണിക്കുന്നുണ്ട് എന്നാണ് മാർപാപ്പയുടെ സന്ദർശനത്തെക്കുറിച്ച് ലബനൻകാർ പറഞ്ഞത്. വാസ്തവത്തിൽ ലോകത്തിന്റെ അഗണ്യമായ കോണുകളിൽ കഴിയുന്ന മനുഷ്യരുടെ നിസഹായാവസ്ഥ ഇതിലും നന്നായി എങ്ങനെ അവതരിപ്പിക്കും.
മാർപാപ്പയുടെ പ്രസംഗങ്ങളിൽ അദ്ദേഹം എടുത്തുപറഞ്ഞ ആശയം പ്രത്യാശയായിരുന്നു. പ്രത്യാശയുടെ ദേശമായി ദേവദാരുക്കളുടെ നാടായ ലബനനെ അദ്ദേഹം വിശേഷിപ്പിച്ചു. യുവജന സമ്മേളനത്തിന്റെ പേരുതന്നെ ‘പ്രത്യാശയുടെ ജീവരസം’ എന്നായിരുന്നു. ഒന്നരലക്ഷം പേർ പങ്കെടുത്ത വിശുദ്ധ കുർബാനയിലും ഭാവിയെ പ്രത്യാശാപൂർവം കരുപ്പിടിപ്പിക്കാൻ അദ്ദേഹം ലബനീസ് ജനതയെ പ്രചോദിപ്പിച്ചു. ജീവിതത്തിലെ ചെറുവെട്ടങ്ങളെ പ്രത്യാശയുടെ ചെറുശിഖരങ്ങളായി പരിഗണിക്കാൻ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ചരിത്രത്തിലെ ഈ കാലഘട്ടത്തിന്റെ ഊഷരമായ ഉദ്യാനങ്ങളിൽ ഉയർന്നുവരുന്ന ചെറുപൊടിപ്പുകൾ ആണവ. കുടുംബങ്ങളിൽ വേരുകളാഴ്ത്തി വളരുന്നതും പള്ളിക്കൂടങ്ങളിലും ഇടവകകളിലും സന്യാസസമൂഹങ്ങളിലും സംഘടനകളിലും പരിപോഷിപ്പിക്കപ്പെടുന്നതുമായ വിശ്വാസം ലളിതവും ആധികാരികവുമാണ്. അത് മനുഷ്യന്റെ ആവശ്യങ്ങളോടും ആഗ്രഹങ്ങളോടും ഭാവാത്മകമായി പ്രതികരിക്കണം - മാർപാപ്പ പറഞ്ഞു. ലബനീസ് ജനതയുടെ വിശ്വാസസ്ഥൈര്യവും പരിശുദ്ധ കന്യകമറിയത്തോടുള്ള ഭക്തിയും തന്നെ ഹഠാദാകർഷിച്ചതായി മാർപാപ്പ പിന്നീട് പറയുകയുണ്ടായി.
ഒരേസമയം അജപാലകനും രാഷ്ട്രതന്ത്രജ്ഞനും ആയിട്ടാണ് ലെയോ മാർപാപ്പ തുർക്കിയും ലബനനും സന്ദർശിച്ചത്. ഈ രാജ്യങ്ങൾക്ക് പശ്ചിമേഷ്യയിലുള്ള ഭൂമിശാസ്ത്രപരവും രാഷ്ട്രീയവുമായ പ്രാധാന്യം ഗ്രഹിച്ചിട്ടുള്ള ഇരുത്തംവന്ന ഒരു ലോകനേതാവിനെയാണ് അദ്ദേഹത്തിൽ കണ്ടത്. ഇരു രാജ്യങ്ങളിലെയും, പ്രത്യേകിച്ച് ലബനനിലെ ജനങ്ങൾ സമാധാനത്തിനായി കാത്തിരിക്കുന്നു എന്ന് അദ്ദേഹം മനസിലാക്കി. ചെറുതാകലിന്റെ യുക്തിയെക്കുറിച്ച് തുർക്കിയിൽ ലെയോ മാർപാപ്പ പ്രസംഗിച്ചത് ശ്രദ്ധേയമായി.100 വർഷങ്ങൾക്കു മുമ്പുപോലും ദശലക്ഷക്കണക്കിന് ക്രൈസ്തവർ ഉണ്ടായിരുന്ന തുർക്കിയിൽ ഇന്ന് ഒരു ലക്ഷത്തിൽ താഴെ മാത്രമാണ് അവരുടെ സംഖ്യ. വിഭവശേഷി, ഘടനാമികവ്, സാമ്പത്തികശക്തി, സാമൂഹ്യസ്വാധീനം മുതലായവകൊണ്ടല്ല ഒരു സമൂഹത്തിന്റെ മൂല്യം അളക്കേണ്ടതെന്നും, സമൂഹത്തിന്റെ ഉപ്പും പുളിമാവും ആയി വർത്തിക്കുന്നതാണ് പ്രധാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വംശഹത്യയെയും വിവേചനങ്ങളെയും അതിജീവിച്ച് ഇന്നും പൊരുതി മുന്നേറിക്കൊണ്ടിരിക്കുന്ന തുർക്കിയിലെ ചെറിയ സഭയെ മാർപാപ്പ അഭിനന്ദിച്ചു. മതപരവും പ്രത്യയശാസ്ത്രപരവുമായ ഭിന്നതകൾ മാറ്റിവച്ച് സമാധാനത്തിനായി പ്രവർത്തിക്കാനുള്ള അദ്ദേഹത്തിന്റെ ആഹ്വാനം ബധിരകർണങ്ങളിലല്ല പതിച്ചത് എന്നു നാം പ്രത്യാശിക്കുക.
International
വത്തിക്കാൻ സിറ്റി: പരിശുദ്ധ കന്യക മറിയത്തിന്റെ അമലോത്ഭവത്തിരുനാൾ ദിനത്തിൽ പാരമ്പര്യമനുസരിച്ച് ലെയോ പതിനാലാമൻ മാർപാപ്പ റോമാ നഗരമധ്യത്തി ലു ള്ള സ്പാനിഷ് പടി കൾ കയറിയെ ത്തു ന്ന പുരാതന ചത്വര ത്തി ലെ മാതാവിന്റെ തിരുസ്വരൂപത്തിൽ പുഷ്പകിരീടം അർപ്പിച്ച് ലോകം മുഴുവനും വേണ്ടി പ്രാർഥിച്ചു.
വളരെ പ്രത്യേകമായി ഈ ജൂബിലി വർഷത്തിൽ ഏവർക്കും പ്രത്യാശയുടെയും സമാധാനത്തിന്റെയും ആനന്ദം അനുഭവിക്കുവാൻ ഇടവരട്ടേയെന്ന വാക്കുകളോടെയായിരുന്നു മാർപാപ്പയുടെ പ്രാർഥന. “വിശ്വാസികളുടെ മാതാവായ പരിശുദ്ധ മറിയമേ, പ്രതീക്ഷ ശമിച്ചിട്ടില്ലാത്ത ആളുകളെ കാണണമേ, ഭൂമിയുടെ എല്ലാ കോണുകളിലും ജൂബിലിയുടെ പ്രത്യാശ തഴച്ചുവളരുവാൻ സഹായിക്കണമേ. അഹിംസയുടെയും അനുരഞ്ജനത്തിന്റെയും പാഠങ്ങൾ പഠിപ്പിക്കണമേ. ഭൗതിക മാറ്റങ്ങളിൽ പൊരുതുന്ന ജനതയ്ക്ക് സഹായമാകണമേ. സമാധാനത്തിന്റെ രാജ്ഞീ ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കണമേ...”എന്ന വാക്കുകളോടെയാണ് പ്രാർഥന അവസാനിപ്പിച്ചത്.
മാർപാപ്പയെ സ്വീകരിക്കാനും മാർപാപ്പയോടൊപ്പം പ്രാർഥനയിൽ പങ്കുകൊള്ളുവാനും ഏകദേശം 30,000ത്തിലേറെപ്പേർ ചത്വരത്തിൽ എത്തിയിരുന്നു. രോഗികളായ നിരവധിയാളുകളും മുൻനിരയിൽ മാർപാപ്പയ്ക്കൊപ്പം പ്രാർഥനയിൽ പങ്കുചേർന്നു. റോം അതിരൂപതയുടെ കർദിനാൾ വികാരി ബാൽദോ റെയ്നയും റോം നഗരത്തിന്റെ മേയർ റോബെർത്തോ ഗ്വാൾത്തിയേരിയും മാർപാപ്പയ്ക്കൊപ്പം പ്രാർഥനയിൽ പങ്കുകൊണ്ടു.
റോം നഗരവും അതിന്റെ മെത്രാനായ മാർപാപ്പയും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് അമലോത്ഭവത്തിരുനാൾ ദിനത്തിൽ നടത്തുന്ന ഈ പ്രാർഥനാപാരമ്പര്യം എടുത്തുകാണിക്കുന്നത്. 1958ൽ ജോൺ 23-ാമൻ മാർപാപ്പയാണ് ഈ പാരമ്പര്യത്തിന് തുടക്കം കുറിച്ചത്.
International
വത്തിക്കാൻ സിറ്റി: സമാധാനം എന്നതു കേവലം സംഘർഷത്തിന്റെ അഭാവം മാത്രമല്ല മറിച്ച് ഹൃദയത്തിനുള്ളിലും ഹൃദയത്തിൽനിന്നും പണിതുയർത്തേണ്ടുന്ന സജീവവും സൂക്ഷ്മശ്രദ്ധ ആവശ്യമുള്ളതുമായ ഒരു ദാനമാണെന്ന് ലെയോ പതിനാലാമൻ മാർപാപ്പ.
ഉസ്ബെക്കിസ്ഥാൻ, മൊൾഡോവ, ബഹറിൻ, ശ്രീലങ്ക, പാക്കിസ്ഥാൻ, ലൈബീരിയ, തായ്ലൻഡ്, ലെസോത്തോ, ദക്ഷിണാഫ്രിക്ക, ഫിജി, മൈക്രോനേഷ്യ, ലാത്വിയ, ഫിൻലൻഡ് എന്നീ രാജ്യങ്ങളിൽനിന്നു പുതുതായി വത്തിക്കാനിലേക്കു നിയമിതരായ സ്ഥാനപതികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു മാർപാപ്പ.
വത്തിക്കാൻ സിറ്റി: സമാധാനം എന്നതു കേവലം സംഘർഷത്തിന്റെ അഭാവം മാത്രമല്ല മറിച്ച് ഹൃദയത്തിനുള്ളിലും ഹൃദയത്തിൽനിന്നും പണിതുയർത്തേണ്ടുന്ന സജീവവും സൂക്ഷ്മശ്രദ്ധ ആവശ്യമുള്ളതുമായ ഒരു ദാനമാണെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. ഉസ്ബെക്കിസ്ഥാൻ, മൊൾഡോവ, ബഹറിൻ, ശ്രീലങ്ക, പാക്കിസ്ഥാൻ, ലൈബീരിയ, തായ്ലൻഡ്, ലെസോത്തോ, ദക്ഷിണാഫ്രിക്ക, ഫിജി, മൈക്രോനേഷ്യ, ലാത്വിയ, ഫിൻലൻഡ് എന്നീ രാജ്യങ്ങളിൽനിന്നു പുതുതായി വത്തിക്കാനിലേക്കു നിയമിതരായ സ്ഥാനപതികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു മാർപാപ്പ.
താൻ സഭാധ്യക്ഷനായുള്ള ശുശ്രൂഷ ഏറ്റെടുത്തനാൾ മുതൽ പറയുന്ന, ‘സമാധാനം നിങ്ങളോടുകൂടെ’ എന്ന ഉത്ഥിതനായ ഈശോമിശിഹായുടെ വാക്കുകൾ വീണ്ടും ഓർമിപ്പിക്കുവാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ മാർപാപ്പ, ആഗോള സമൂഹത്തിലെ ഗുരുതരമായ അസമത്വങ്ങൾ, അനീതികൾ, മൗലികമായ മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവയ്ക്കുനേരേ പരിശുദ്ധ സിംഹാസനത്തിനു നിശബ്ദ കാഴ്ചക്കാരനായിരിക്കുക സാധ്യമല്ലെന്നും വ്യക്തമാക്കി. അഹങ്കാരവും പ്രതികാരവും ഉപേക്ഷിക്കാനും വാക്കുകൾ ആയുധങ്ങളായി ഉപയോഗിക്കാനുള്ള പ്രലോഭനത്തെ ചെറുക്കാനും മാർപാപ്പ അഭ്യർഥിച്ചു.
ഭൗമരാഷ്ട്രീയ പിരിമുറുക്കവും ശിഥിലീകരണവും രാജ്യങ്ങളെ ഭാരപ്പെടുത്തുകയും കുടുംബബന്ധങ്ങൾ വഷളാക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സമാധാനത്തിനുള്ള ആവശ്യം അടിയന്തരമായി പരിണമിച്ചിരിക്കുന്നുവെന്നും മാർപാപ്പ ചൂണ്ടിക്കാട്ടി.ഈ സാഹചര്യങ്ങൾ ഏറ്റവും ദുരിതത്തിലേക്ക് തള്ളിവിടുന്ന ദരിദ്രരും പാർശ്വവത്കരിക്കപ്പെട്ടവരുമായ ആളുകളെ മറന്നുപോകരുത്.
ദ്രുതഗതിയിലുള്ള സാമ്പത്തികവും സാങ്കേതികവുമായ മാറ്റങ്ങളാൽ സമൂഹത്തിൽനിന്ന് അദൃശ്യരാക്കപ്പെടുന്നവരിൽനിന്ന് നമ്മുടെ ദൃഷ്ടികൾ മറയ്ക്കരുത്. രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനായി സ്ഥാപിതമായ അന്താരാഷ്ട്ര സംഘടനകളെ പുനരുജ്ജീവിപ്പിക്കുന്നതിന് സ്ഥാനപതികളുമായുള്ള ബന്ധം സഹായകമാകട്ടേയെന്നും മാർപാപ്പ ആശംസിച്ചു.
International
വത്തിക്കാൻ സിറ്റി: സാർവത്രികസഭയുടെ പരമാധ്യക്ഷനായി താൻ തെരഞ്ഞെടുക്കപ്പെട്ട കോൺക്ലേവിനെക്കുറിച്ച് ഇതാദ്യമായി പ്രതികരിച്ചു ലെയോ പതിനാലാമൻ മാർപാപ്പ. ലബനൻ സന്ദർശനത്തിനുശേഷം വത്തിക്കാനിലേക്കുള്ള മടക്കയാത്രയില്‍ വിമാനത്തിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കവേയാണ് മാർപാപ്പ മനസ് തുറന്നത്.
കോൺക്ലേവിലെ രഹസ്യാത്മകത നിലനിർത്തേണ്ടതുണ്ടെന്ന ആമുഖത്തോടെയാണ് ഇതുസംബന്ധിച്ച ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനു മാർപാപ്പ മറുപടി നൽകിയത്. “ഒരുനാൾ വിരമിക്കുന്നതിനെക്കുറിച്ചാണ് ഒരു വർഷം മുന്‍പോ രണ്ടു വർഷം മുന്‍പോ ഒക്കെ ഞാൻ ചിന്തിച്ചുകൊണ്ടിരുന്നത്.
കോൺക്ലേവിൽ ചില പൊതു അഭിമുഖങ്ങൾ നടന്നിട്ടുണ്ടെന്നും ചില കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ടെന്നും എനിക്കറിയാമായിരുന്നു. ഞാൻ തെരഞ്ഞെടുക്കപ്പെടുന്നതിന് തലേന്ന് ഉച്ചഭക്ഷണം കഴിക്കാനായി റോഡരികിലൂടെ നടന്നുപോകവെ ഒരു മാധ്യമപ്രവർത്തക എന്നെ സമീപിച്ച് താങ്കൾ ഒരു സ്ഥാനാർഥിയല്ലേയെന്ന് ചോദിച്ചു. എല്ലാം ദൈവത്തിന്റെ കരങ്ങളിലാണെന്നും അതിൽ ഞാൻ ഉറച്ചുവിശ്വസിക്കുന്നുവെന്നുമായിരുന്നു മറുപടി നൽകിയത്’’ -മാർപാപ്പ പറഞ്ഞു. തെരഞ്ഞെടുപ്പ് നടന്ന ദിവസം ഒരു മാധ്യമപ്രവർത്തകൻ കർദിനാൾ പ്രെവോസ്റ്റിനെക്കുറിച്ച് കൂടുതൽ അറിയാൻ ഏതെങ്കിലും പുസ്തകം തേടി തന്നെ സമീപിച്ച കാര്യവും മാർപാപ്പ പറഞ്ഞു.
മധ്യപൂര്‍വേഷ്യയില്‍ അക്രമം അവസാനിപ്പിക്കേണ്ടതിന്റെയും പരിഹാരങ്ങൾ തേടേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും സംസാരിക്കുമെന്ന് മാർപാപ്പ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ലബനനില്‍ സുസ്ഥിര സമാധാനം കൈവരിക്കാനാകുമെന്ന് താൻ വിശ്വസിക്കുന്നുവെന്നും മാർപാപ്പ വ്യക്തമാക്കി.
റഷ്യയും നാറ്റോയും തമ്മിലുള്ള സംഘർഷം പരിഹരിക്കാൻ ഇടപെടുമോയെന്ന ചോദ്യത്തിന് നാറ്റോയിൽ അംഗമല്ലാത്തതിനാലും മറ്റേതെങ്കിലും ചർച്ചകളുടെ ഭാഗമല്ലാത്തതിനാലും ഇക്കാര്യത്തിൽ വത്തിക്കാന്‍ നേരിട്ട് ഇടപെടാൻ സാധിക്കില്ലെന്നു മാർപാപ്പ വ്യക്തമാക്കി. സമാധാനത്തിനാണ് സഭ ഊന്നൽ നൽകുന്നത്.
ചർച്ചകളിലൂടെ യുദ്ധങ്ങൾക്കു പരിഹാരം കാണണമെന്ന നിലപാടാണ് സഭയ്ക്കുള്ളത്. യൂറോപ്പിന്റെ സഹകരണമില്ലാതെ സമാധാന പദ്ധതിയുമായി മുന്നോട്ടുപോകാൻ തനിക്കാകുമെന്നാണ് യുഎസ് പ്രസിഡന്റ് ചിന്തിക്കുന്നത്. അത്തരത്തിൽ അദ്ദേഹം നീക്കങ്ങൾ നടത്തുന്നുമുണ്ട്. എന്നിരുന്നാലും ചർച്ചകളിൽ യൂറോപ്പിന്റെ സാന്നിധ്യവും പ്രധാനമാണ്. യുക്രെയ്ൻ, റഷ്യ, അമേരിക്ക തുടങ്ങി വിവിധ കക്ഷികളുമായി മധ്യസ്ഥത വഹിച്ച് സംഘർഷം പരിഹരിക്കാൻ ഇറ്റലിക്കു കഴിയുമെന്നാണ് എന്റെ വിശ്വാസം. ഇത്തരം മധ്യസ്ഥതയെയാണ് പരിശുദ്ധ സിംഹാസനം പ്രോത്സാഹിപ്പിക്കുന്നത്.
അമേരിക്ക- വെനസ്വേല സംഘർഷാവസ്ഥ പരിഹരിക്കാൻ വെനസ്വേലയിലെ മെത്രാൻ സമിതിയും വത്തിക്കാൻ നുൺഷ്യേചറും ശ്രമം നടത്തുന്നുണ്ട്. പെറു, അർജന്റീന, ഉറുഗ്വെ, ആഫ്രിക്കയിലെ അൾജീരിയ എന്നീ രാജ്യങ്ങൾ സന്ദർശിക്കാനുള്ള ആഗ്രഹവും മാർപാപ്പ പ്രകടിപ്പിച്ചു.
Leader Page
ആഗോള കത്തോലിക്കാ സഭയുടെ തലവനായ ലെയോ പതിനാലാമൻ മാർപാപ്പ ഇക്കഴിഞ്ഞ ദിവസം തുർക്കി ഇസ്താംബൂളിലെ ബ്ലൂ മോസ്ക് എന്നറിയപ്പെടുന്ന സുൽത്താൻ അഹമ്മദ് മോസ്ക് സന്ദർശിച്ചപ്പോൾ അവിടെ ഉണ്ടായിരുന്ന മുസ്ലിം പുരോഹിതൻ പ്രാർഥനയ്ക്കായി അദ്ദേഹത്തെ ക്ഷണിച്ചതും അദ്ദേഹം അതു സ്നേഹപൂർവം നിരസിച്ചതും വാർത്തയായിരുന്നല്ലോ. പല മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തത് ഒരു പുതുമയായിട്ടാണ്. എന്നാൽ, കത്തോലിക്കാ സഭയുടെ എക്കാലത്തെയും നിലപാട് ഇതുതന്നെയായിരുന്നു. അതായത്, മറ്റു മതങ്ങളെ ആദരിക്കുന്നതോടൊപ്പംതന്നെ ഈശോമിശിഹായിൽ വെളിവാക്കപ്പെട്ട ദൈവികസത്യത്തെ അഭംഗുരം കാത്തുസൂക്ഷിക്കുക എന്നത്.
പുതിയ നിലപാടല്ല
ലെയോ മാർപാപ്പയുടെ നിലപാട് ഒരു പുതിയ സമീപനമല്ല. 2,000 വർഷങ്ങൾക്കു മുമ്പ് ചരിത്രത്തിലേക്ക് കടന്നുവന്ന ഈശോമിശിഹാ എന്ന ഏകസത്യദൈവത്തെ പ്രഖ്യാപിക്കുകയും “അവിടന്നാണ് ഏക രക്ഷകൻ” എന്ന് പ്രഘോഷിക്കുകയും ചെയ്യുന്നതിൽ സഭ ഇന്നുവരെ വെള്ളം ചേർത്തിട്ടില്ല. അതിനു വിരുദ്ധമായ പ്രബോധനങ്ങൾ സഭയിൽ പ്രത്യക്ഷപ്പെട്ടപ്പോഴെല്ലാം സഭ അത് തിരുത്തിയിട്ടുമുണ്ട്.
രക്ഷയെ സംബന്ധിച്ചിടത്തോളം സഭയും മറ്റു മതങ്ങളും എപ്രകാരം നിലകൊള്ളുന്നുവെന്നതിനെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ഒന്നാണ് 2000 ഓഗസ്റ്റ് ആറിന് വിശ്വാസ തിരുസംഘത്തിന്റെ അധ്യക്ഷനായിരുന്ന കർദിനാൾ ജോസഫ് റാറ്റ്സിംഗർ (ബെനഡിക്ട് പതിനാറാമൻ മാർപാപ്പ) പ്രസിദ്ധീകരിച്ച ‘കർത്താവായ ഈശോ’ എന്ന രേഖ. ഈ രേഖയുടെ ആറാമത്തെ അധ്യായത്തിൽ വളരെ വ്യക്തമായി കത്തോലിക്കാ സഭയുടെ പ്രാധാന്യത്തെക്കുറിച്ചും മറ്റു മതങ്ങളെക്കുറിച്ചും പറയുന്നുണ്ട്. ഈ രേഖ ഒരിക്കലും പുതുതായി സൃഷ്ടിച്ചെടുത്തതല്ല. മറിച്ച്, കാലാകാലങ്ങളായി വിവിധ കൗൺസിലുകളിലൂടെ സഭ പ്രഘോഷിക്കുന്ന വിശ്വാസസത്യങ്ങൾ വ്യക്തവും ശക്തവുമായ ഭാഷയിൽ ഇവിടെ പുനരവതരിപ്പിക്കുകയാണു ചെയ്യുന്നത്.
രണ്ടു സത്യങ്ങളെക്കുറിച്ചാണ് ഈ രേഖ പറയുന്നത്. ഒന്നാമത്തെ സത്യമെന്നത് ഈശോമിശിഹായിൽ മനുഷ്യവംശത്തിന് മുഴുവനും രക്ഷപ്പെടാനുള്ള യഥാർഥ സാധ്യതയെക്കുറിച്ചാണ്. രണ്ടാമത്തെ സത്യമെന്നത്, ഈ രക്ഷയ്ക്ക് സഭയുടെ പ്രാധാന്യം എന്നതിനെക്കുറിച്ചാണ്. ഈ രണ്ടു സത്യങ്ങളും ഒന്നിച്ച് സൂക്ഷിക്കപ്പെടണം എന്ന് രേഖ ഓർമിപ്പിക്കുന്നു (കർത്താവായ ഈശോ, No.20).
സഭാംഗങ്ങളും അല്ലാത്തവരും
സഭയുടെ പ്രാധാന്യത്തെക്കുറിച്ച് ഈ രേഖ ഇപ്രകാരം വ്യക്തമാക്കുന്നു: “ഇപ്പോൾ ഭൂമിയിൽ തീർഥാടകയായിരിക്കുന്ന സഭ രക്ഷയ്ക്ക് അത്യാവശ്യമാണ്. ഏക മിശിഹാ മധ്യസ്ഥനും രക്ഷയുടെ മാർഗവുമാണ്. അവിടന്ന് സഭയാകുന്ന തന്റെ ശരീരത്തിൽ നമുക്ക് സന്നിഹിതനാണ്. ഒരു വാതിലിലൂടെയെന്നപോലെ മാമോദീസയിലൂടെ മനുഷ്യർ പ്രവേശിക്കുന്ന സഭയുടെ ആവശ്യകതയെക്കുറിച്ച് അവിടന്ന് ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്”(No.20).
ഔദ്യോഗികമായും ദൃശ്യമായും സഭയുടെ അംഗങ്ങളല്ലാത്തവർക്ക് മിശിഹായിലുള്ള രക്ഷയെ സമീപിക്കാൻ കഴിയും എന്ന് രേഖ വ്യക്തമാക്കുന്നു. ഒരു കൃപയുടെ സഹായത്താലാണ് അതു സാധിക്കുന്നത്. അവരെ സഭയോട് രഹസ്യാത്മകമായി ബന്ധിപ്പിക്കുകയും, എന്നാൽ സഭയുടെ ഔദ്യോഗിക ഭാഗമാക്കാതിരിക്കുകയും ചെയ്യുന്ന കൃപയാണത്.
എന്നാലും അവരെ അത് പ്രകാശിപ്പിക്കുന്നു. അവരുടെ ആധ്യാത്മികവും ഭൗതികവുമായ സാഹചര്യത്തിനു ചേർന്ന വിധത്തിലാണ് പ്രകാശിപ്പിക്കുന്നത്. ഈ കൃപ മിശിഹായിൽനിന്ന് വരുന്നു. ഈ കൃപ സഭയിൽ അംഗങ്ങളല്ലാത്തവരിലേക്ക് എങ്ങനെ ചെന്നെത്തും എന്നതിനെ സംബന്ധിച്ച് രണ്ടാം വത്തിക്കാൻ കൗൺസിൽ പറയുന്ന കാര്യം രേഖ ഓർമിപ്പിക്കുന്നു: “ദൈവം തനിക്ക് മാത്രം അറിയാവുന്ന വിധത്തിൽ നൽകുന്നു”(No.21).
അതേസമയം, ക്രിസ്തീയ വിശ്വാസത്തിനു വിരുദ്ധമായ ചില സമീപനങ്ങളെ രേഖ തിരുത്തുന്നുണ്ട്. ഉദാഹരണമായി, സഭയെ മറ്റു മതങ്ങളോടൊപ്പം രക്ഷയുടെ ഒരു മാർഗമായി കാണുന്നതും മറ്റു മതങ്ങളെ സഭയുടെ പൂരകങ്ങൾ ആയിട്ടോ സഭയോട് സത്താപരമായി തുല്യതയുള്ളവയായിട്ടോ കാണുന്നതും ക്രിസ്തീയവിശ്വാസത്തിനു വിരുദ്ധമാണെന്ന് രേഖ ചൂണ്ടിക്കാണിക്കുന്നു (No.21).
മറ്റു മതങ്ങളോടുള്ള ആദരവ്
രക്ഷകനായ ഈശോമിശിഹാ സ്ഥാപിച്ച സഭ മനുഷ്യവംശം മുഴുവന്റെയും രക്ഷയ്ക്കുള്ള ഉപകരണമായിരിക്കണമെന്നത് ദൈവം നിശ്ചയിച്ചതാണെന്ന് രേഖ ചൂണ്ടിക്കാണിക്കുന്നു. ലോകത്തിലെ മതങ്ങളോട് സഭയ്ക്ക് ആത്മാർഥമായ ആദരവുണ്ട്. അതേസമയം, സഭയാണ് രക്ഷയുടെ ഉപകരണം എന്ന വിശ്വാസസത്യത്തെ കുറച്ചുകാണാൻ സഭ ഉദ്ദേശിക്കുന്നില്ല. “ഒരു മതം മറ്റ് ഏതു മതത്തെയുംപോലെ നല്ലതാണ്” എന്ന വിശ്വാസത്തിലേക്ക് നയിക്കുന്ന മതപരമായ ആപേക്ഷികവാദത്തെ(Relati vism) സഭ ഒരിക്കലും അനുകൂലിക്കുന്നില്ല. ഇക്കാര്യം പ്രബോധനരേഖ സംശയലേശമെന്യേ പഠിപ്പിക്കുന്നു.
അതേസമയം, സഭയിൽ ആയിരിക്കുകയും രക്ഷയുടെ പൂർണമാർഗം ഉണ്ടായിരിക്കുകയും ചെയ്യുക എന്നത് ശ്രേഷ്ഠമായ അവസ്ഥയാണെങ്കിലും ഈ അനുഗ്രഹത്തോട് വിചാരത്താലും വചനത്താലും പ്രവൃത്തിയാലും സഹകരിക്കാത്തവർ രക്ഷ പ്രാപിക്കുകയില്ലെന്നു മാത്രമല്ല, അവർ കഠിനമായ വിധിക്ക് പാത്രമാവുകകൂടി ചെയ്യുമെന്ന് രേഖ ഓർമിപ്പിക്കുന്നു (No.22).
International
ഇസ്താംബുൾ: ഇസ്രയേൽ- പലസ്തീൻ സംഘർഷം പരിഹരിക്കാൻ ദ്വിരാഷ്ട്ര ഫോർമുലയാണ് ഉചിതമെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. തുർക്കി സന്ദർശനം പൂർത്തിയാക്കി ലബനനിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ദ്വിരാഷ്ട്ര ഫോർമുലയെന്ന വത്തിക്കാൻ നിലപാടിനു തുർക്കി പിന്തുണ നല്‍കുന്നുവെന്നും പ്രശ്നപരിഹാരത്തിന് തുർക്കിക്ക് പല കാര്യങ്ങളും ചെയ്യാനാകുമെന്നും മാർപാപ്പ ചൂണ്ടിക്കാട്ടി. ഗാസ, യുക്രെയ്ൻ യുദ്ധങ്ങൾ സംബന്ധിച്ച് തുർക്കി പ്രസിഡന്റുമായി ചർച്ച നടത്തിയെന്ന് മാർപാപ്പ വെളിപ്പെടുത്തി.
തന്റെ തുർക്കി സന്ദർശനത്തിന്റെ അവസാനദിനമായ ഇന്നലെ രാവിലെ ലെയോ മാർപാപ്പ അർമേനിയൻ അപ്പസ്തോലിക സഭയുടെ പ്രാർഥനാശുശ്രൂഷയിൽ പങ്കെടുത്തു. അർമേനിയൻ ജനതയുടെ വീരോചിതമായ സഹനത്തെ പ്രകീർത്തിച്ച മാർപാപ്പ, വംശഹത്യക്കിരയായ രക്തസാക്ഷികൾക്ക് ആദരമർപ്പിക്കുന്നതായി പ്രസ്താവിച്ചു.
മാർപാപ്പയുടെ സന്ദർശനത്തിനു നന്ദി പറഞ്ഞ പാത്രിയർക്കീസ് സഹാക്ക് രണ്ടാമൻ മസ്ഹാലിയൻ എക്യുമെനിക്കൽ സംരംഭങ്ങളുടെ പ്രാധാന്യം എടുത്തുപറഞ്ഞു. തുടർന്ന് ഇസ്താംബുളിലെ എക്യുമെനിക്കൽ പാത്രിയർക്കീസ് ബർത്തലോമ്യോ ഒന്നാമൻ സെന്റ് ജോർജ് പാത്രിയാർക്കൽ പള്ളിയിൽ അർപ്പിച്ച വിശുദ്ധ കുർബാനയിൽ മാർപാപ്പ സന്നിഹിതനായിരുന്നു. ക്രൈസ്തവരുടെ ഐക്യം എന്നത്തേയുംകാൾ ഇന്നു കൂടുതൽ ആവശ്യമാണെന്നു മാർപാപ്പ ചൂണ്ടിക്കാട്ടി.
മാർപാപ്പയും പാത്രിയർക്കീസും ചേർന്ന് പാത്രിയാർക്കൽ വസതിയുടെ ബാൽക്കണിയിൽ നിന്ന് വിശ്വാസികളെ ആശീർവദിച്ചു. രണ്ടു പേരും ചേർന്ന് എക്യുമെനിക്കൽ രേഖയിൽ ഒപ്പുവയ്ക്കുകയും ചെയ്തു. ഉച്ചയ്ക്ക് ഒന്നരയോടെ ഇസ്താംബുൾ വിമാനത്താവളത്തിൽവച്ച് മാർപാപ്പയ്ക്ക് ഔദ്യോഗിക യാത്രയയപ്പ് നല്കപ്പെട്ടു.
ഇന്നലെ രാവിലെ ബെയ്റൂട്ടിൽ കനത്ത മഴ പെയ്തെങ്കിലും പ്രസന്നമായ അന്തരീക്ഷത്തിലാണ് മാർപാപ്പ വിമാനമിറങ്ങിയത്. ഇറ്റലിയിൽനിന്നു പ്രത്യേകവിമാനത്തിൽ കൊണ്ടുവന്ന സോഫ്റ്റ്വേർ ഇൻസ്റ്റാൾ ചെയ്തതിനുശേഷമാണ് പേപ്പൽവിമാനം ബോയിംഗ് എ 320 ബെയ്റൂട്ടിനു പുറപ്പെട്ടതെന്നു വത്തിക്കാൻ വക്താവ് മത്തെയോ ബ്രൂണി പറഞ്ഞു. പേപ്പൽവിമാനത്തിന് രണ്ടു സൈനികവിമാനങ്ങളുടെ അകന്പടിയുണ്ടായിരുന്നു.
International
വത്തിക്കാൻ സിറ്റി: പ്രഥമ അപ്പസ്തോലിക് സന്ദർശനത്തിനായി ലെയോ പതിനാലാമൻ മാർപാപ്പ ഇന്നു യാത്ര തിരിക്കും. തുർക്കി, ലബനൻ രാജ്യങ്ങളിലേക്കാണു ആറു ദിവസം നീണ്ടുനിൽക്കുന്ന സന്ദർശനം
. ആദ്യ നിഖ്യാ കൗൺസിലിന്റെ 1700-ാം വാർഷികാഘോഷത്തോ ടനുബന്ധിച്ചാണ് തുർക്കി സന്ദർശനം. ഇന്നു രാവിലെ റോമിലെ ലിയൊനാർദോ ദാവിഞ്ചി-ഫ്യൂ മിച്ചീനോ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നു യാത്രതിരിക്കുന്ന മാർപാപ്പ ഉച്ചയോടെ തുർക്കി തലസ്ഥാനമായ അങ്കാറയിൽ എത്തിച്ചേരും.
വിമാനത്താവളത്തിലെ സ്വീകരണത്തിനുശേഷം പ്രസിഡൻഷ്യൽ കൊട്ടാരത്തിലേക്കു പോകുന്ന മാർപാപ്പ പ്രസിഡന്റ് റെസെപ് തയ്യിപ് എർദോഗനുമായും സർക്കാർ പ്രതിനിധികളുമായും നയതന്ത്രപ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തും.
തുടർന്ന് വൈകുന്നേരം തുർക്കിയിലെ ഏറ്റവും വലിയ നഗരമായ ഇസ്താംബൂളിലേക്കു പോകുന്ന മാർപാപ്പ നാളെ അവിടെ വിവിധ പരിപാടികളിൽ പങ്കെടുക്കും. തുടർന്ന് ഹെലികോപ്റ്ററിൽ ഇപ്പോൾ സ്നിക് എന്നറിയപ്പെടുന്ന നിഖ്യായിലേക്ക് പോകും. അവിടെ പുരാതനമായ വിശുദ്ധ നെഫിതോസ് ബസിലിക്കയുടെ അവശിഷ്ടങ്ങൾക്കു സമീപം നടക്കുന്ന എക്യുമെനിക്കൽ പ്രാർഥനയിൽ പങ്കെടുക്കും. തുടർന്ന് ഇസ്താംബൂളിലേക്ക് മടങ്ങുന്ന മാർപാപ്പ അവിടെ ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തും.
29ന് ഇസ്താംബൂളിലെ ഫോക്സ്വാഗൻ അരീനയിൽ വിശുദ്ധ കുർബാന അർപ്പിക്കും. 30ന് ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിലേക്ക് പോകും. അവിടെ മാർപാപ്പയ്ക്കു തിരക്കിട്ട പരിപാടികളാണുള്ളത്.
ഡിസംബർ രണ്ടിന് ഉച്ചകഴിഞ്ഞ് ബെയ്റൂട്ടിൽനിന്ന് റോമിലേക്കു മടങ്ങും. തന്റെ അജപാലക സന്ദർശനത്തിന്റെ വിജയത്തിനായി പ്രാർഥിക്കണമെന്ന് മാർപാപ്പ അഭ്യർഥിച്ചു. കർദിനാൾമാരായ ജോർജ് കൂവക്കാട്ട്, കർട്ട് കോഹ്, ക്ലൗദിയോ ഗുജെറൊത്തി തുടങ്ങിയവർ മാർപാപ്പയ്ക്കൊപ്പമുണ്ടാകും.
International
വത്തിക്കാൻ: ആര്, എപ്പോൾ, എങ്ങനെ ഒരു രാജ്യത്തേക്കു പ്രവേശിക്കണമെന്നു തീരുമാനിക്കാൻ ഒാരോ രാജ്യത്തിനും അവകാശമുണ്ടെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. എന്നാൽ, കുടിയേറ്റക്കാരായി എത്തപ്പെട്ടവരോടു മനുഷ്യത്വപരമായി പെരുമാറാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തന്റെ വേനൽക്കാല വസതിയായ കസ്തേൽ ഗണ്ടോൾഫോയിലെ വില്ലയ്ക്കു പുറത്തു മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയുടെ അതിർത്തികൾ തുറന്നിടണമെന്ന് ആരും ആവശ്യപ്പെടുന്നില്ല. ആളുകളെ എപ്പോൾ എങ്ങനെ രാജ്യത്തേക്കു പ്രവേശിപ്പിക്കണമെന്നത് ആ രാജ്യത്തിന്റെ വിവേചനാധികാരമാണ്. അതേസമയം, ഇക്കാര്യത്തിൽ ചില മനുഷ്യത്വപരമായ കാര്യങ്ങൾ പാലിക്കേണ്ടതുണ്ട്.
അമേരിക്കയിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കുടിയേറ്റ നയങ്ങളെ വിമർശിച്ച് യുഎസ് കോൺഫറൻസ് ഒാഫ് കാത്തലിക് ബിഷപ്സ് പുറപ്പെടുവിച്ച സന്ദേശത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മാർപാപ്പയുടെ പ്രതികരണം. കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുന്നതിനെയും മനുഷ്യത്വരഹിതമായി പെരുമാറുന്നതിനെയും ബിഷപ്പുമാർ ഇടയലേഖനത്തിൽ വിമർശിച്ചിരുന്നു.
ബിഷപ്പുമാരുടെ സന്ദേശം പ്രധാനപ്പെട്ട ഒന്നാണെന്നു ലെയോ പാപ്പാ പറഞ്ഞു. എല്ലാ കത്തോലിക്കരുടെയും സന്മനസുള്ള ആളുകളുടെയും ശ്രദ്ധ അതിലേക്കു ഞാൻ ക്ഷണിക്കുകയാണ്.
കുടിയേറ്റ നയം നടപ്പിലാക്കുമ്പോൾ, ആളുകളോടു മനുഷ്യത്വപരമായി പെരുമാറാനും അവർക്കുള്ള അതേ മാന്യതയോടെ ഇടപെടാനുമുള്ള വഴികൾ നാം തേടണം. ആളുകൾ നിയമവിരുദ്ധമായി അമേരിക്കയിൽ താമസിക്കുന്നുണ്ടെങ്കിൽ, അവരോടു പെരുമാറാൻ വഴികളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോടതികളുണ്ട്. നീതിന്യായ വ്യവസ്ഥയുണ്ട്. ആ വ്യവസ്ഥയിൽ പരിഹരിക്കപ്പെടേണ്ട നിരവധി പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.