ആഗോള കത്തോലിക്കാ സഭയുടെ തലവനായ ലെയോ പതിനാലാമൻ മാർപാപ്പ ഇക്കഴിഞ്ഞ ദിവസം തുർക്കി ഇസ്താംബൂളിലെ ബ്ലൂ മോസ്ക് എന്നറിയപ്പെടുന്ന സുൽത്താൻ അഹമ്മദ് മോസ്ക് സന്ദർശിച്ചപ്പോൾ അവിടെ ഉണ്ടായിരുന്ന മുസ്ലിം പുരോഹിതൻ പ്രാർഥനയ്ക്കായി അദ്ദേഹത്തെ ക്ഷണിച്ചതും അദ്ദേഹം അതു സ്നേഹപൂർവം നിരസിച്ചതും വാർത്തയായിരുന്നല്ലോ. പല മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തത് ഒരു പുതുമയായിട്ടാണ്. എന്നാൽ, കത്തോലിക്കാ സഭയുടെ എക്കാലത്തെയും നിലപാട് ഇതുതന്നെയായിരുന്നു. അതായത്, മറ്റു മതങ്ങളെ ആദരിക്കുന്നതോടൊപ്പംതന്നെ ഈശോമിശിഹായിൽ വെളിവാക്കപ്പെട്ട ദൈവികസത്യത്തെ അഭംഗുരം കാത്തുസൂക്ഷിക്കുക എന്നത്.
പുതിയ നിലപാടല്ല
ലെയോ മാർപാപ്പയുടെ നിലപാട് ഒരു പുതിയ സമീപനമല്ല. 2,000 വർഷങ്ങൾക്കു മുമ്പ് ചരിത്രത്തിലേക്ക് കടന്നുവന്ന ഈശോമിശിഹാ എന്ന ഏകസത്യദൈവത്തെ പ്രഖ്യാപിക്കുകയും “അവിടന്നാണ് ഏക രക്ഷകൻ” എന്ന് പ്രഘോഷിക്കുകയും ചെയ്യുന്നതിൽ സഭ ഇന്നുവരെ വെള്ളം ചേർത്തിട്ടില്ല. അതിനു വിരുദ്ധമായ പ്രബോധനങ്ങൾ സഭയിൽ പ്രത്യക്ഷപ്പെട്ടപ്പോഴെല്ലാം സഭ അത് തിരുത്തിയിട്ടുമുണ്ട്.
രക്ഷയെ സംബന്ധിച്ചിടത്തോളം സഭയും മറ്റു മതങ്ങളും എപ്രകാരം നിലകൊള്ളുന്നുവെന്നതിനെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ഒന്നാണ് 2000 ഓഗസ്റ്റ് ആറിന് വിശ്വാസ തിരുസംഘത്തിന്റെ അധ്യക്ഷനായിരുന്ന കർദിനാൾ ജോസഫ് റാറ്റ്സിംഗർ (ബെനഡിക്ട് പതിനാറാമൻ മാർപാപ്പ) പ്രസിദ്ധീകരിച്ച ‘കർത്താവായ ഈശോ’ എന്ന രേഖ. ഈ രേഖയുടെ ആറാമത്തെ അധ്യായത്തിൽ വളരെ വ്യക്തമായി കത്തോലിക്കാ സഭയുടെ പ്രാധാന്യത്തെക്കുറിച്ചും മറ്റു മതങ്ങളെക്കുറിച്ചും പറയുന്നുണ്ട്. ഈ രേഖ ഒരിക്കലും പുതുതായി സൃഷ്ടിച്ചെടുത്തതല്ല. മറിച്ച്, കാലാകാലങ്ങളായി വിവിധ കൗൺസിലുകളിലൂടെ സഭ പ്രഘോഷിക്കുന്ന വിശ്വാസസത്യങ്ങൾ വ്യക്തവും ശക്തവുമായ ഭാഷയിൽ ഇവിടെ പുനരവതരിപ്പിക്കുകയാണു ചെയ്യുന്നത്.
രണ്ടു സത്യങ്ങളെക്കുറിച്ചാണ് ഈ രേഖ പറയുന്നത്. ഒന്നാമത്തെ സത്യമെന്നത് ഈശോമിശിഹായിൽ മനുഷ്യവംശത്തിന് മുഴുവനും രക്ഷപ്പെടാനുള്ള യഥാർഥ സാധ്യതയെക്കുറിച്ചാണ്. രണ്ടാമത്തെ സത്യമെന്നത്, ഈ രക്ഷയ്ക്ക് സഭയുടെ പ്രാധാന്യം എന്നതിനെക്കുറിച്ചാണ്. ഈ രണ്ടു സത്യങ്ങളും ഒന്നിച്ച് സൂക്ഷിക്കപ്പെടണം എന്ന് രേഖ ഓർമിപ്പിക്കുന്നു (കർത്താവായ ഈശോ, No.20).
സഭാംഗങ്ങളും അല്ലാത്തവരും
സഭയുടെ പ്രാധാന്യത്തെക്കുറിച്ച് ഈ രേഖ ഇപ്രകാരം വ്യക്തമാക്കുന്നു: “ഇപ്പോൾ ഭൂമിയിൽ തീർഥാടകയായിരിക്കുന്ന സഭ രക്ഷയ്ക്ക് അത്യാവശ്യമാണ്. ഏക മിശിഹാ മധ്യസ്ഥനും രക്ഷയുടെ മാർഗവുമാണ്. അവിടന്ന് സഭയാകുന്ന തന്റെ ശരീരത്തിൽ നമുക്ക് സന്നിഹിതനാണ്. ഒരു വാതിലിലൂടെയെന്നപോലെ മാമോദീസയിലൂടെ മനുഷ്യർ പ്രവേശിക്കുന്ന സഭയുടെ ആവശ്യകതയെക്കുറിച്ച് അവിടന്ന് ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്”(No.20).
ഔദ്യോഗികമായും ദൃശ്യമായും സഭയുടെ അംഗങ്ങളല്ലാത്തവർക്ക് മിശിഹായിലുള്ള രക്ഷയെ സമീപിക്കാൻ കഴിയും എന്ന് രേഖ വ്യക്തമാക്കുന്നു. ഒരു കൃപയുടെ സഹായത്താലാണ് അതു സാധിക്കുന്നത്. അവരെ സഭയോട് രഹസ്യാത്മകമായി ബന്ധിപ്പിക്കുകയും, എന്നാൽ സഭയുടെ ഔദ്യോഗിക ഭാഗമാക്കാതിരിക്കുകയും ചെയ്യുന്ന കൃപയാണത്.
എന്നാലും അവരെ അത് പ്രകാശിപ്പിക്കുന്നു. അവരുടെ ആധ്യാത്മികവും ഭൗതികവുമായ സാഹചര്യത്തിനു ചേർന്ന വിധത്തിലാണ് പ്രകാശിപ്പിക്കുന്നത്. ഈ കൃപ മിശിഹായിൽനിന്ന് വരുന്നു. ഈ കൃപ സഭയിൽ അംഗങ്ങളല്ലാത്തവരിലേക്ക് എങ്ങനെ ചെന്നെത്തും എന്നതിനെ സംബന്ധിച്ച് രണ്ടാം വത്തിക്കാൻ കൗൺസിൽ പറയുന്ന കാര്യം രേഖ ഓർമിപ്പിക്കുന്നു: “ദൈവം തനിക്ക് മാത്രം അറിയാവുന്ന വിധത്തിൽ നൽകുന്നു”(No.21).
അതേസമയം, ക്രിസ്തീയ വിശ്വാസത്തിനു വിരുദ്ധമായ ചില സമീപനങ്ങളെ രേഖ തിരുത്തുന്നുണ്ട്. ഉദാഹരണമായി, സഭയെ മറ്റു മതങ്ങളോടൊപ്പം രക്ഷയുടെ ഒരു മാർഗമായി കാണുന്നതും മറ്റു മതങ്ങളെ സഭയുടെ പൂരകങ്ങൾ ആയിട്ടോ സഭയോട് സത്താപരമായി തുല്യതയുള്ളവയായിട്ടോ കാണുന്നതും ക്രിസ്തീയവിശ്വാസത്തിനു വിരുദ്ധമാണെന്ന് രേഖ ചൂണ്ടിക്കാണിക്കുന്നു (No.21).
മറ്റു മതങ്ങളോടുള്ള ആദരവ്
രക്ഷകനായ ഈശോമിശിഹാ സ്ഥാപിച്ച സഭ മനുഷ്യവംശം മുഴുവന്റെയും രക്ഷയ്ക്കുള്ള ഉപകരണമായിരിക്കണമെന്നത് ദൈവം നിശ്ചയിച്ചതാണെന്ന് രേഖ ചൂണ്ടിക്കാണിക്കുന്നു. ലോകത്തിലെ മതങ്ങളോട് സഭയ്ക്ക് ആത്മാർഥമായ ആദരവുണ്ട്. അതേസമയം, സഭയാണ് രക്ഷയുടെ ഉപകരണം എന്ന വിശ്വാസസത്യത്തെ കുറച്ചുകാണാൻ സഭ ഉദ്ദേശിക്കുന്നില്ല. “ഒരു മതം മറ്റ് ഏതു മതത്തെയുംപോലെ നല്ലതാണ്” എന്ന വിശ്വാസത്തിലേക്ക് നയിക്കുന്ന മതപരമായ ആപേക്ഷികവാദത്തെ(Relati vism) സഭ ഒരിക്കലും അനുകൂലിക്കുന്നില്ല. ഇക്കാര്യം പ്രബോധനരേഖ സംശയലേശമെന്യേ പഠിപ്പിക്കുന്നു.
അതേസമയം, സഭയിൽ ആയിരിക്കുകയും രക്ഷയുടെ പൂർണമാർഗം ഉണ്ടായിരിക്കുകയും ചെയ്യുക എന്നത് ശ്രേഷ്ഠമായ അവസ്ഥയാണെങ്കിലും ഈ അനുഗ്രഹത്തോട് വിചാരത്താലും വചനത്താലും പ്രവൃത്തിയാലും സഹകരിക്കാത്തവർ രക്ഷ പ്രാപിക്കുകയില്ലെന്നു മാത്രമല്ല, അവർ കഠിനമായ വിധിക്ക് പാത്രമാവുകകൂടി ചെയ്യുമെന്ന് രേഖ ഓർമിപ്പിക്കുന്നു (No.22).
പ്രേഷിതപ്രവർത്തനവും മതാന്തര സംവാദവും (മതങ്ങൾ തമ്മിലുള്ള സംഭാഷണം) എക്കാലത്തുമെന്നപോലെ ഇന്നും പ്രസക്തമാണെന്ന് ചൂണ്ടിക്കാണിക്കുന്ന രേഖ സത്യത്തെക്കുറിച്ചുള്ള അറിവിലൂടെ ഓരോ വ്യക്തിയും രക്ഷ പ്രാപിക്കണമെന്നതാണ് ദൈവനിശ്ചയമെന്ന് ഓർമിപ്പിക്കുന്നു. സത്യം ഭരമേല്പിക്കപ്പെട്ട സഭ മറ്റുള്ളവരെ സത്യത്തിലേക്ക് നയിക്കാൻ ഇറങ്ങിപ്പുറപ്പെടണം. ഇവിടെയാണ് പ്രേഷിതപ്രവർത്തനത്തിന്റെ പ്രസക്തി നാം മനസിലാക്കേണ്ടത്.
മതാന്തര സംവാദം എന്നത് സഭയുടെ സുവിശേഷവത്കരണ ദൗത്യത്തിന്റെ ഒരു ഭാഗമായി കാണുന്ന രേഖ മറ്റു മതങ്ങളുമായി നടത്തുന്ന സംവാദവുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന ‘സമത്വം’ എന്ന പദത്തെ വിശകലനം ചെയ്യുന്നുണ്ട്. ഇവിടെ സമത്വം എന്നത് സംഭാഷണത്തിൽ ഏർപ്പെടുന്ന ‘വ്യക്തികളുടെ മഹത്വത്തിന്റെ സമത്വത്തെ’യാണ് സൂചിപ്പിക്കുന്നത് എന്ന് രേഖ വ്യക്തമാക്കുന്നു, അല്ലാതെ ‘സിദ്ധാന്തപരമായ ഉള്ളടക്കത്തിന്റെ സമത്വത്തെ’യല്ല. അതായത്, മനുഷ്യനായിത്തീർന്ന ദൈവമായ ഈശോമിശിഹായുടെ സ്ഥാനം മറ്റ് മതസ്ഥാപകരുടെ സ്ഥാനത്തോട് സമത്വമുള്ളതാണെന്ന് ഇവിടെ ഒരിക്കലും ഉദ്ദേശിക്കുന്നില്ല (No.22).
മോസ്ക് സന്ദർശനത്തിൽ മാർപാപ്പ സ്വീകരിച്ച നിലപാടിനെ ഇപ്രകാരം മനസിലാക്കാവുന്നതാണ്. പ്രേഷിത പ്രവർത്തനത്തിന്റെയും മറ്റു മതങ്ങളോടുള്ള സംഭാഷണത്തിന്റെയും പ്രാധാന്യമാണ് അദ്ദേഹം തന്റെ നിലപാടിലൂടെ പ്രഖ്യാപിച്ചത്. അതായത്, ഈശോയാകുന്ന ഏകരക്ഷകനെ സാക്ഷ്യപ്പെടുത്തുകയും അതേസമയംതന്നെ ഭാവാത്മകമായ രീതിയിൽ മറ്റു മതങ്ങളോട് ആദരവ് പുലർത്തുകയും ചെയ്യുന്ന ശൈലിയാണിത്. ഇതുതന്നെയാണ് കത്തോലിക്കാ സഭ പഠിപ്പിക്കുന്നതും.
എന്നാൽ, മാർപാപ്പയുടെ മോസ്ക് സന്ദർശനത്തെ മറ്റു മതങ്ങളെ അധിക്ഷേപിക്കാനും സഭാ നേതൃത്വത്തിലുള്ള ചിലരെ താറടിക്കാനുമുള്ള ഒരു മാർഗമായാണ് ചിലരെങ്കിലും നോക്കിക്കണ്ടത്. മറ്റു മതങ്ങളോട് നടത്തുന്ന ആരോഗ്യകരമായ സംവാദങ്ങൾ ഇത്തരക്കാർ ചോദ്യം ചെയ്യുന്നു. സഭാ പ്രബോധനങ്ങളെ ഭാഗികമായി മാത്രം വീക്ഷിക്കുന്നവരാണ് ഇപ്രകാരം ചെയ്യുന്നത്.
സുവിശേഷ പ്രഘോഷണത്തിന്റെയും മറ്റു മതങ്ങളുമായുള്ള സംഭാഷണത്തിന്റെയും പ്രസക്തി വ്യക്തമാക്കുന്ന ഒന്നാണ് 1991 മേയ് 19ന് മതാന്തര സംവാദത്തിനുള്ള പൊന്തിഫിക്കൽ കൗൺസിൽ പ്രസിദ്ധീകരിച്ച ‘മതാന്തരസംവാദവും സുവിശേഷ പ്രഘോഷണവും’ എന്ന രേഖ. മറ്റു മതങ്ങളുമായുള്ള സംവാദത്തിൽ എല്ലാവരും വെല്ലുവിളിക്കപ്പെടുന്നുണ്ട് എന്ന കാര്യം ഈ രേഖ ചൂണ്ടിക്കാട്ടുന്നു. ക്രൈസ്തവരും തങ്ങളെത്തെന്നെ ചോദ്യം ചെയ്യപ്പെടാൻ അനുവദിക്കണം എന്നാവശ്യപ്പെടുന്ന ഈ രേഖ ഈശോമിശിഹായിൽ ദൈവിക വെളിപാടിന്റെ പൂർണതയുണ്ടെങ്കിലും ക്രൈസ്തവർ ചിലപ്പോൾ തങ്ങളുടെ മതത്തെ മനസിലാക്കുന്ന രീതിയും മതാഭ്യസനവും വിശുദ്ധീകരണം ആവശ്യപ്പെടുന്നവയായിരിക്കാം എന്ന കാര്യവും ഓർമിപ്പിക്കുന്നു (No.32). മറ്റു വിശ്വാസികളെയും അവരുടെ മതപാരമ്പര്യങ്ങളെയും വിലമതിക്കാതെയും ആദരിക്കാതെയുമിരിക്കുന്ന ക്രൈസ്തവർ അവരോട് സുവിശേഷം പ്രഘോഷിക്കാൻ ശരിയായി സജ്ജീകൃതരായിട്ടുള്ളവരല്ല എന്ന കാര്യവും ഈ രേഖ ചൂണ്ടിക്കാണിക്കുന്നുണ്ട് (No.73).
സ്വന്തം വിശ്വാസത്തോടുള്ള മൗലികവാദപരമായ സമീപനവും ഇതര മതവിദ്വേഷവും വ്യാപകമായ സമകാലിക കേരളപശ്ചാത്തലത്തിൽ മുകളിൽ പറഞ്ഞ രേഖയിൽ പറയുന്ന കാര്യങ്ങൾക്ക് ഏറെ പ്രസക്തിയുണ്ട്. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ‘തിരുസഭയ്ക്ക് ഇതര മതങ്ങളോടുള്ള ബന്ധം സംബന്ധിച്ച പ്രഖ്യാപന’ത്തിലെ ശ്രദ്ധേയമായ ഒരു വാക്യം ഇപ്രകാരമാണ്: “ദൈവച്ഛായയിൽ സൃഷ്ടിക്കപ്പെട്ടവരാണ് മനുഷ്യർ. അതുകൊണ്ട് ചില മനുഷ്യരോട് നമുക്ക് സഹോദരപരമായി പെരുമാറാൻ കഴിയുന്നില്ലെങ്കിൽ എല്ലാവരുടെയും പിതാവായ ദൈവത്തെ വിളിച്ചപേക്ഷിക്കാൻ നമുക്കു സാധിക്കുകയില്ല.” മാർപാപ്പ മോസ്ക് സന്ദർശനത്തിൽ സ്വീകരിച്ച നിലപാട് ഇന്നത്തെ കാലഘട്ടത്തിൽ ക്രൈസ്തവർ സ്വന്തം മതവിശ്വാസത്തെയും ഇതര മതവിശ്വാസത്തെയും ആദരവോടെ നോക്കിക്കാണേണ്ടതിന്റെ പ്രസക്തി വ്യക്തമാക്കുന്നു.
Tags : Pope Leo XIV mosque Catholic Church'