National
മുംബൈ:ഓട വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് ഒരാൾ മരിച്ചു. മറ്റൊരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ.
മുംബൈയിലെ മെഗാ മാളിന് സമീപമുള്ള ഓട വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. സലിൽ റസാഖ് ഗാസി (27) എന്ന യുവാവാണ് മരിച്ചത്. സാഹിൽ നൂർ ഇസ്ലാം എന്നയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
പുലർച്ചെ 3:40 ഓടെയാണ് ഇരുവരും ഏകദേശം 25 അടി ആഴവും ആറ് അടി വീതിയുമുള്ള ഓടയിലേക്ക് ഇറങ്ങിയത്. ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച ഇവർക്ക് ശ്വാസ തടസമുണ്ടായി.
ഉടൻ തന്നെ കൂടെ ഉണ്ടായിരുന്ന മറ്റ് തൊഴിലാളികൾ കയർ ഉപയോഗിച്ച് സാഹിലിനെ രക്ഷപ്പെടുത്തി. അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് സലിൽ റസാഖിനെ പുറത്തെടുത്തത്.
ഇരുവരെയും അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സലിൽ റസാഖ് മരിക്കുകയായിരുന്നു. പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
National
മുബൈ: ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ മുബൈ ജുഹുവിലെ വീടിന് മുന്നിൽ വെടിവയ്പ്പ്. നാലു തവണ വെടിയൊച്ച കേട്ടതായി പോലീസ് സ്ഥിരീകരിച്ചു. സംഭവത്തെതുടര്‍ന്ന് വീടിന് പ്രത്യേക പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. സംഭവത്തിൽ മുബൈ പോലീസ് അന്വേഷണം ആരംഭിച്ചു.
ജുഹുവിലെ നടന്റെ വീടും പരിസരവും പോലീസ് നിരീക്ഷണത്തിലാണ്. അന്വേഷണ ഉദ്യോഗസ്ഥരും ഫോറൻസിക് സംഘങ്ങളും സംഭവ സ്ഥലത്ത് പരിശോധന തുടരുകയാണ്. ഇതുവരെ ആർക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
National
മുംബൈ: പോലീസെന്ന വ്യാജേന കെനിയൻ യുവതിയിൽ നിന്നും പണം കവർന്നയാൾ അറസ്റ്റിൽ. മുംബൈയിലെ ഫോർട്ട് ഏരിയയിലാണ് സംഭവം.
സുരേഷ് രംഗനാഥ് ചവാൻ(48) ആണ് അറസ്റ്റിലായത്. ഇയാളെ ബുധനാഴ്ച താനെയിലെ വീട്ടിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ കൂട്ടുപ്രതിയെ പോലീസ് ഇപ്പോഴും തിരഞ്ഞുകൊണ്ടിരിക്കുകയാണ്.
60 സിസിടിവി കാമറകൾ പരിശോധിച്ചതിന് ശേഷമാണ് മാതാ രമാഭായ് അംബേദ്കർ മാർഗ് പോലീസ് സ്റ്റേഷനിലെ അന്വേഷണ സംഘം ചവാനെ കണ്ടെത്തിയത്.
ജനുവരി 21 ന് എംജി റോഡിലെ അലാന സെന്റർ കെട്ടിടത്തിന് സമീപമാണ് സംഭവം നടന്നത്. കെനിയൻ യുവതിയായ സുമയ്യ മുഹമ്മദ് അബ്ദി (26) സഞ്ചരിച്ചിരുന്ന ടാക്സി തടഞ്ഞുനിർത്തിയ ഇരുവരും പോലീസുകാരാണെന്ന് അവകാശപ്പെട്ടു.
തുടർന്ന് ഇവരുടെ സാധനങ്ങൾ പരിശോധിക്കാനെന്ന വ്യാജേന 66.45 ലക്ഷം രൂപ അടങ്ങിയ രണ്ട് ബാഗുകൾ പിടിച്ചെടുക്കുകയായിരുന്നു. തുടർന്ന് അന്വേഷണത്തിനായി ലോക്കൽ പോലീസ് സ്റ്റേഷനിൽ വരാൻ ഇരുവരും യുവതിയോട് ആവശ്യപ്പെടുകയും ബൈക്കിൽ സ്ഥലം വിടുകയും ചെയ്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
പോലീസ് നടത്തിയ പരിശോധനയിൽ ചവാന്റെ പക്കൽ നിന്നും 79.35 ലക്ഷം രൂപ പോലീസ് കണ്ടെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.
National
മുംബൈ: സ്പേസ് എക്സ് സ്ഥാപകൻ ഇലോണ്‍ മസ്കിന്റെ പേരിൽ മുംബൈ സ്വദേശിനിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയതായി പരാതി. സമൂഹ മാധ്യമമായ എക്സിലൂടെ ആയിരുന്നു ഇലോൺ മസ്കിന്റെ പേരിൽ യുവതിയെ വിവാഹ വാഗ്ദാനം നൽകി പണം തട്ടിയത്.
മുംബൈയിലെ ചെമ്പൂരിൽ താമസിക്കുന്ന 40 വയസുകാരിക്കാണ് പണം നഷ്ടമായത്. എക്സിൽ ഇലോൺ മസ്കിന്റെ പേരിൽ യുവതിയുമായി പരിചയം സ്ഥാപിച്ച തട്ടിപ്പ് സംഘം തുടർന്ന് മറ്റൊരു മെസേജിംഗ് ആപ്പിലേക്ക് വരാൻ പറഞ്ഞ് അവിടെയും ചാറ്റ് ചെയ്തു.
വിവാഹം കഴിക്കാമെന്നും അമേരിക്കയിൽ പുതിയ ജീവിതം നൽകാമെന്നും ഉൾപ്പെടെയാണ് യുവതിക്ക് നൽകിയ വാഗ്ദാനങ്ങൾ. തുടർന്ന് വിസ നടപടിക്രമങ്ങൾക്കായി ജെയിംസ് എന്നയാളെ പരിചയപ്പെടുത്തി.
ജെയിംസ് വിസ പ്രോസസിംഗ് ഫീസെന്ന് പറഞ്ഞ് അമസോൺ ഗിഫ്റ്റ് കാർഡുകൾ യുവതിയിൽ നിന്ന് വാങ്ങി. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഈ വർഷം ജനുവരി വരെയുള്ള കാലയളവിൽ 16.34 ലക്ഷം രൂപയുടെ ഗിഫ്റ്റ് കാർഡുകളാണ് യുവതി നൽകിയത്.
ജനുവരി 15ന് അമേരിക്കയിലേക്കുള്ള വിമാന ടിക്കറ്റിനായി യുവതിയിൽ നിന്ന് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടതോടെയാണ് സംശയം തോന്നിയത്. പണം നൽകാനാവില്ലെന്ന് വ്യക്തമാക്കിയതോടെ അമേരിക്ക കാണില്ലെന്ന് മറുപടി നൽകിയ തട്ടിപ്പ് സംഘം പിന്നീട് പ്രതികരിച്ചിട്ടില്ല.
National
ബെംഗളൂരു: ലോകത്തിലെ ഏറ്റവും രൂക്ഷമായ ഗതാഗതക്കുരുക്കുള്ള നഗരങ്ങളെ കണ്ടെത്താനായി തയാറാക്കിയ 'ഗ്ലോബല്‍ കണ്‍ജഷന്‍ ഇന്‍ഡക്സ് 2025' റിപ്പോര്‍ട്ട് പുറത്തുവന്നു. അന്താരാഷ്ട്ര തലത്തില്‍ ഗതാഗത വേഗം ഏറ്റവും കുറഞ്ഞ നഗരങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍നിന്നു ബംഗളൂരു രണ്ടാം സ്ഥാനത്തും പൂന അഞ്ചാം സ്ഥാനത്തും ഇടംപിടിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ബംഗളൂരുവിലെ ഗതാഗതക്കുരുക്ക് വീണ്ടും വര്‍ധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ബംഗളൂരു നഗരത്തില്‍ പത്ത് കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ശരാശരി 30 മിനിറ്റിലധികം സമയം വേണ്ടിവരുന്നു. ലണ്ടന്‍ ആണ് ലോകത്ത് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള നഗരം. മഹാരാഷ്ട്രയിലെ ഐടി ഹബ്ബായ പൂന ലോകത്തെ അഞ്ചാമത്തെ തിരക്കേറിയ നഗരമായി മാറി. പട്ടികയില്‍ മുംബൈ 18-ാം സ്ഥാനത്തും ഡല്‍ഹി 23-ാം സ്ഥാനത്തുമാണ്. കോല്‍ക്കത്ത 29-ാം സ്ഥാനത്തുമുണ്ട്.
ബംഗളൂരുവിലെ ഒരു ശരാശരി യാത്രക്കാരന് പ്രതിവര്‍ഷം 130 മണിക്കൂറിലധികം തിരക്കേറിയ സമയങ്ങളില്‍ അധികമായി ചിലവഴിക്കുന്നതായാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഗതാഗതക്കുരുക്ക് വര്‍ദ്ധിക്കുന്നത് നഗരങ്ങളിലെ കാര്‍ബണ്‍ ഉദ്വമനം വര്‍ധിപ്പിക്കുന്നതായും ഇതു ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളിലേക്കു നയിക്കുന്നതായും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്കുന്നു.
മെച്ചപ്പെട്ട പൊതുഗതാഗത സംവിധാനങ്ങളുടെ അഭാവവും സ്വകാര്യ വാഹനങ്ങളുടെ വര്‍ധനവുമാണ് ഇന്ത്യന്‍ നഗരങ്ങളിലെ ഈ പിന്നോക്കാവസ്ഥയ്ക്കു പ്രധാന കാരണമായി വിദഗ്ധര്‍ വിലയിരുത്തുന്നത്. നഗരാസൂത്രണത്തിലും ഗതാഗത നിയന്ത്രണ സംവിധാനങ്ങളിലും അടിയന്തര മാറ്റങ്ങള്‍ വരുത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നത്.
National
മുംബൈ: ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ വാഹനം അപകടത്തിൽപ്പെട്ടു. തിങ്കളാഴ്ച രാത്രി ഒമ്പതോടെ മുംബൈയിലെ ജുഹുവിൽ വെച്ചായിരുന്നു അപകടം.
അപകടത്തിൽ നിന്ന് താരവും ഭാര്യ ട്വിങ്കിൾ ഖന്നയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അമിതവേഗതയിലെത്തിയ ഒരു മെഴ്സിഡസ് കാർ ആദ്യം ഒരു ഓട്ടോറിക്ഷയിൽ ഇടിക്കുകയും, നിയന്ത്രണം വിട്ട ഓട്ടോ അക്ഷയ് കുമാറിന്റെ വാഹനവ്യൂഹത്തിലുണ്ടായിരുന്ന ഇന്നോവ കാറിൽ വന്നിടിക്കുകയുമായിരുന്നു.
ആ സമയത്ത് അക്ഷയ് കുമാറും ഭാര്യയും തൊട്ടുമുന്നിലുള്ള മറ്റൊരു കാറിലായിരുന്നു സഞ്ചരിച്ചിരുന്നത്. താരത്തിന്റെ കാറിലും ചെറിയ രീതിയിൽ ഉരസലുകൾ ഉണ്ടായെങ്കിലും വലിയ അപകടം ഒഴിവാകുകയായിരുന്നു.
സംഭവസ്ഥലത്തെത്തിയ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിൽ വാഹനങ്ങൾക്ക് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പരിക്കേറ്റ ഓട്ടോ ഡ്രൈവറെയും യാത്രക്കാരനെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
National
മുംബൈ: ബൃഹൻ മുംബൈ മുനിസിപ്പല്‍ കൗണ്‍സിലിന്റെ ഭരണത്തിനായി ബിജെപിയും ശിവസേനയും (ഉദ്ധവ് താക്കറെ) അരയുംതലയും മുറുക്കിയിറങ്ങിയതോടെ വിലപേശലുമായി ചെറുകക്ഷികള്‍. മേയർ പദവി ഉറപ്പായാൽ പിന്തുണയെന്നതാണു മുഖ്യവാഗ്ദാനം.
ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയ്ക്ക് 29 സീറ്റുണ്ട്. ഇരുഭാഗത്തുന്നും സമ്മര്‍ദം ഉയർന്നതോടെ മേയര്സ്ഥാനത്തിനു വിലപേശുകയാണ് ഷിന്‍ഡെ ക്യാമ്പ്. കൗണ്‍സിലര്‍മാരെ ബാന്ദ്രയിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്കു മാറ്റുകയും ചെയ്തു. രാജ്യത്തെ ഏറ്റവും സമ്പന്നമായ തദ്ദേശസ്ഥാപനങ്ങളിലെ ഭരണം അഭിമാനപ്രശ്നമായാണു ബിജെപിയും എതിര്‍പക്ഷത്തുള്ള ഉദ്ദവ് താക്കറെ വിഭാഗവും കാണുന്നത്.
227 അംഗ കൗൺസിലില്‍ കേവല ഭൂരിപക്ഷത്തിന് 114 അംഗങ്ങളുടെ പിന്തുണവേണം. 89 സീറ്റുകളില്‍ വിജയിച്ച ബിജെപിയെ ഷിന്‍ഡെ വിഭാഗം പിന്തുണച്ചാല്‍ അംഗസഖ്യ 118 ലെത്തും. മറ്റൊരു ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസിനും മൂന്നു സീറ്റുകളുണ്ട്.
പ്രതിപക്ഷത്താകട്ടെ ശിവസേനയ്ക്കുള്ളത് (യുബിറ്റി) 65 സീറ്റുകൾ. എംഎന്‍എസിയുടെ ആറ് സീറ്റുകളും എന്‍സിപിയുടെ (എസ്പി) ഒരുസീറ്റും ചേരുന്നതോടെ മൊത്തം അംഗബലം 72 ആകും. ഇതിനു പുറമേയാണ് കോണ്‍ഗ്രസിന്റെ 24 സീറ്റുകള്‍. എഐഎംഐഎം (8)എസ്പി (2) എന്നിങ്ങനെ മറ്റു രണ്ടുകക്ഷികളും അവശേഷിക്കുന്നുണ്ട്.
മുംബൈയുടെ മേയര്‍ ശിവസേനയില്‍ (ഷിൻഡേ) നിന്നുള്ള ഒരാളായിരിക്കണമെന്നുമെന്നു ഷിൻഡേ ക്യാന്പ് പ്രതിരിച്ചു. കാരണം, ഇതു ബാലസാഹെബിന്റെ (ബാല്‍ താക്കറെ) പാരമ്പര്യമാണ്. കൗൺസിലർമാർ മൂന്ന് ദിവസം ബാന്ദ്രയിലെ ഹോട്ടലിൽ കഴിയും. പാര്‍ട്ടിയിലെ ഐക്യം ഉറപ്പിക്കുകയാണ് ലക്ഷ്യം. ഒരുതരത്തിലുള്ള വിലപേശലിനും തയാറില്ല എന്നും അദ്ദേഹം വിശദീകരിക്കുന്നു.
അതേസമയം, തങ്ങള്‍ അഭിമാനമായി കാണുന്ന മുംബൈ കോര്‍പറേഷനില്‍ ഏതുവിധേനയും ഭരണം നിലനിര്‍ത്താന്‍ ഉദ്ധവ് താക്കറെ വിഭാഗവും നീക്കങ്ങള്‍ തുടരുകയാണ്.
മുംബൈ: മഹാരാഷ്ട്രയിലെ 29 മുനിസിപ്പൽ കോർപറേഷനുകളിലെ 2,869 സീറ്റുകളിൽ 1,425 ഉം സ്വന്തമാക്കിയതു ബിജെപി. മൂന്നുദശകങ്ങളായി താക്കറെ കുടുംബം കൈയടക്കിവച്ചിരിക്കുന്ന ബ്രിഹാൻമുംബൈ മുനിസിപ്പൽ കോർപറേഷൻ (ബിഎംസി) ഭരണംകൂടി സ്വന്തമാക്കിയാൽ മഹാരാഷ്ട്ര തദ്ദേശപ്പോരിൽ ബിജെപിക്കു സന്പൂർണ ആധിപത്യമാകും.
227 അംഗ ബിഎംസി കൗൺസിലിൽ ബിജെപിക്ക് 89 പ്രതിനിധികളുണ്ട്. ഷിൻഡെ വിഭാഗം ശിവസേനയ്ക്ക് 29 സീറ്റും. എതിർപക്ഷത്തുള്ള ഉദ്ദവ് താക്കറെ വിഭാഗം 65 സീറ്റുകൾ നേടിയപ്പോൾ എംഎൻഎസ് ആറിടത്ത് ജയിച്ചു.
വിബിഎയുമായി സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിട്ട കോൺഗ്രസ് 24 സീറ്റുകളിൽ വിജയിച്ചു. എഐഎംഐഎം (8), എൻസിപി (3), എസ്പി (2) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ കക്ഷിനില. എൻസിപി-എസ്പിക്ക് ഒരു സീറ്റുകൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. 151 അംഗ നാഗ്പുർ മുനിനിപ്പാലിറ്റിയിൽ ബിജെപി നേടിയത് 102 സീറ്റുകൾ. കോൺഗ്രസിനാകട്ടെ വിജയിക്കാനായത് വെറും 34 സീറ്റുകളിൽ മാത്രം. നാസിക്കിൽ ബിജെപി 72 സീറ്റുകൾ നേടി. ഷിൻഡെ വിഭാഗം ശിവസേനയ്ക്ക് 26 സീറ്റും.
ശിവസേന (യുബിറ്റി) 15 സീറ്റുകളിൽ വിജയിച്ചു. കോൺഗ്രസിനു മൂന്നു സീറ്റുകളും എൻസിപിക്കു നാലു സീറ്റുകളുമാണ് നാസിക്കിൽ.
ഛത്രപതി സംഭാജിനഗറിൽ ബിജെപി 57 സീറ്റുകൾ നേടി. ശിവസേനയ്ക്കു 13 സീറ്റുകൾ ലഭിച്ചു. കോൺഗ്രസിന് ഒരു സീറ്റും ലഭിച്ചു. എഐഎംഐഎം ഉൾപ്പെടെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർചെയ്ത മറ്റുകക്ഷികൾ 33 സീറ്റുകൾ നേടി.
മൊത്തം കണക്കെടുത്താൽ 2,869 സീറ്റുകളിൽ 1,424 എണ്ണം ബിജെപി സ്വന്തമാക്കി. ശിവസേന (399) കോൺഗ്രസ് (324) എൻസിപി (167) ശിവസേന -യുബിറ്റി (155) എൻസിപി -എസ്പി (36) എംഎൻഎസ് (13), ബിഎസ്പി (6), മറ്റ് കക്ഷികൾ 196 എന്നിവർക്കു പുറമേ 19 സ്വതന്ത്രരും ഇത്തവണ വിജയിച്ചു.
Viral
മുംബൈ നഗരത്തെ സ്വപ്നങ്ങളുടെ നഗരം എന്ന് വിളിക്കുന്നത് കേവലം ആലങ്കാരികമായല്ല എന്ന് അടിവരയിടുന്ന കാഴ്ചകളാണ് ഓരോ ദിവസവും അവിടെ നിന്നും പുറത്തുവരുന്നത്.
തിരക്കുപിടിച്ച മുംബൈ തെരുവുകളിൽ അത്ഭുതപ്പെടുത്തുന്നതും ചിരി പടർത്തുന്നതുമായ സംഭവങ്ങൾ നിത്യേന അരങ്ങേറാറുണ്ട്. ലോക്കൽ ട്രെയിനുകളിലെ തിക്കും തിരക്കും മുതൽ തെരുവോരങ്ങളിലെ കാഴ്ചകൾ വരെ ഓരോ മുംബൈ യാത്രക്കാരനും ഓരോ പുതിയ കഥകളാണ് സമ്മാനിക്കുന്നത്.
അത്തരത്തിൽ കൗതുകമുണർത്തുന്ന ഒരു കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. നഗരത്തിലെ തിരക്കേറിയ റോഡിലൂടെ ഓട്ടോറിക്ഷയുടെ മുകളിൽ അതീവ ഗൗരവത്തോടെ ഇരിക്കുന്ന ഒരു നായയാണ് ഈ വൈറൽ വീഡിയോയിലെ പ്രധാന ആകർഷണം.
വാഹനത്തിന് മുകളിൽ ആത്മവിശ്വാസത്തോടെ ഇരിക്കുന്ന ഈ നായയെ കണ്ട് വഴിപോക്കർ പോലും ഒരു നിമിഷം നിന്നുപോയി. വീഴുമെന്ന പേടിയോ റോഡിലെ വാഹനങ്ങളുടെ ബഹളമോ ഒന്നും ഈ നായയെ അലട്ടുന്നില്ല.
രാജകീയ പ്രൗഢിയോടെ ചുറ്റുമുള്ള കാഴ്ചകൾ കണ്ട്, ഇതൊരു സ്ഥിരം ശീലമാണെന്ന ഭാവത്തിലാണ് കക്ഷിയുടെ യാത്ര. ഈ അസാധാരണ ദൃശ്യം ഇന്റർനെറ്റിൽ പങ്കുവെച്ചതോടെ വീഡിയോ നിമിഷനേരം കൊണ്ട് വൈറലായി മാറി.
സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇതിനോടകം തന്നെ ഈ നായയ്ക്ക് 'ഡോഗേഷ് ഭായ്' എന്നൊരു വിളിപ്പേരും നൽകിക്കഴിഞ്ഞു. മുംബൈയിലെ തിരക്കുപിടിച്ച ജീവിതശൈലിയെയും ഇവിടുത്തെ അതിജീവനത്തെയും ഈ ദൃശ്യം പ്രതിനിധീകരിക്കുന്നു എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
ആധുനിക മുംബൈയിൽ ഒന്നും അസാധ്യമല്ലെന്നും, ഓരോരുത്തരും തങ്ങളുടേതായ രീതിയിൽ ജീവിതം ആസ്വദിക്കുകയാണെന്നും സോഷ്യൽ മീഡിയയിലെ കമന്റുകൾ പറയുന്നു.
പായുന്ന ഓട്ടോയുടെ മുകളിൽ വിഐപി പരിവേഷത്തോടെ ഇരിക്കുന്ന ഈ നായയുടെ വീഡിയോ ക്ലിപ്പുകൾ ഇപ്പോൾ വാട്സാപ്പ് സ്റ്റാറ്റസുകളിലും ഇൻസ്റ്റാഗ്രാം റീലുകളിലും നിറഞ്ഞുനിൽക്കുകയാണ്.
സമ്മർദ്ദം നിറഞ്ഞ നഗരജീവിതത്തിനിടയിൽ ഇത്തരം ലളിതമായ കാഴ്ചകൾ ആളുകളിൽ വലിയ സന്തോഷമാണ് പകരുന്നത്.
Viral
മുംബൈ വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയിൽ നിയമവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് അരങ്ങേറിയ കുതിരവണ്ടിപ്പന്തയം നഗരവാസികളെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
വക്കോള ഫ്ലൈ ഓവറിന് മുകളിൽ ഗതാഗത നിയമങ്ങളും മൃഗക്ഷേമ നിബന്ധനകളും കാറ്റിൽ പറത്തിക്കൊണ്ട് നടത്തിയ ഈ സാഹസിക പ്രകടനം, നഗരത്തിലെ സുരക്ഷാ ക്രമീകരണങ്ങളിലെ വീഴ്ചയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
സാധാരണക്കാരായ യാത്രക്കാർക്ക് വലിയ ഭീഷണിയുയർത്തിക്കൊണ്ട് അമിതവേഗത്തിൽ പാഞ്ഞ കുതിരവണ്ടിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
മാധ്യമപ്രവർത്തകനായ ജീത് മഷ്രു സമൂഹമാധ്യമമായ എക്സിലൂടെ പങ്കുവെച്ച വീഡിയോയിൽ, തിരക്കേറിയ റോഡിലൂടെ വാഹനങ്ങൾക്കിടയിലൂടെ കുതിരവണ്ടി തടസങ്ങളില്ലാതെ പായുന്നത് വ്യക്തമാണ്.
നാലുപേർ വണ്ടിയിലിരുന്ന് ക്യാമറയ്ക്ക് പോസ് ചെയ്യുന്നതും മറ്റ് വാഹനങ്ങൾ ഹോൺ അടിക്കുമ്പോഴും അതൊന്നും വകവെക്കാതെ പ്രകോപനപരമായി പെരുമാറുന്നതും ദൃശ്യങ്ങളിൽ കാണാം.
ഫ്ലൈ ഓവറിലെ ഡിവൈഡർ ചാടിക്കടന്ന് വണ്ടി വിപരീത ദിശയിലേക്ക് തിരിച്ചത് വലിയ അപകടസാധ്യതയാണ് സൃഷ്ടിച്ചത്. ഇത്രയും വലിയ സാഹസം നടക്കുമ്പോൾ സംഭവസ്ഥലത്ത് പൊലീസിന്റെ സാന്നിധ്യം ഇല്ലാതിരുന്നത് വലിയ വിമർശനങ്ങൾക്കും വഴിവെച്ചു.
മുംബൈ ട്രാഫിക് പൊലീസ് സംഭവത്തിൽ അന്വേഷണം പ്രഖ്യാപിക്കുകയും വക്കോള ട്രാഫിക് ഡിവിഷനോട് നടപടിയെടുക്കാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും കുറ്റവാളികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരം മത്സരങ്ങൾ പതിവാകുന്നത് അധികൃതർക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.
നേരത്തെയും സമാനമായ നിരവധി പരാതികൾ ഉയർന്നിട്ടുണ്ടെങ്കിലും കർശനമായ ശിക്ഷാനടപടികളുടെ അഭാവം ഇത്തരം സംഘങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നുണ്ടെന്നാണ് പൊതുവെ ഉയരുന്ന ആക്ഷേപം.
തിരക്കേറിയ ഹൈവേകളിൽ ഇത്തരം ക്രൂരതകളും നിയമലംഘനങ്ങളും ആവർത്തിക്കാതിരിക്കാൻ ശക്തമായ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തണമെന്നാണ് നഗരവാസികളുടെ ആവശ്യം.
Kerala
ന്യൂഡൽഹി: മഹാരാഷ്ട്ര നവനിർമാൺ സഭ നേതാവ് രാജ് താക്കറെയ്ക്കെതിരെ വിമർശനവുമായി ബിജെപി നേതാവ് കെ. അണ്ണാമലൈ. മുംബൈയിൽ പ്രവേശിക്കുന്നത് തടയാൻ അണ്ണാമലൈ രാജ് താക്കറെയെ വെല്ലുവിളിക്കുകയും ചെയ്തു.
തന്നെ ഭീഷണിപ്പെടുത്താൻ ആദിത്യ താക്കറെയും രാജ് താക്കറെയും ആരാണെന്ന് ചോദിച്ച മുൻ തമിഴ്നാട് ബിജെപി അധ്യക്ഷൻ ഒരു കർഷകന്റെ മകനായതിൽ താൻ അഭിമാനിക്കുന്നുവെന്നും പറഞ്ഞു. തന്നെ അധിക്ഷേപിക്കാൻ വേണ്ടിയാണ് അവർ യോഗങ്ങൾ സംഘടിപ്പിച്ചതെന്നും അഭിപ്രായപ്പെട്ടു.
താൻ മുംബൈയിൽ എത്തിയാൽ കാലുകൾ വെട്ടുമെന്ന് ചിലർ എഴുതിയിട്ടുണ്ട്. താൻ മുംബൈയിൽ വരും. തന്റെ കാലുകൾ വെട്ടാൻ ശ്രമിക്കൂവെന്ന് വെല്ലുവിളിച്ച അണ്ണാമലൈ അത്തരം ഭീഷണികളെ ഭയപ്പെട്ടിരുന്നെങ്കിൽ താൻ ഗ്രാമത്തിൽ തന്നെ കഴിയുമായിരുന്നെന്നും വ്യക്തമാക്കി.
കാമരാജ് ഇന്ത്യയിലെ ഏറ്റവും വലിയ നേതാക്കളിൽ ഒരാളാണെന്ന് താൻ പറഞ്ഞാൽ അദേഹം തമിഴനല്ല എന്നാണോ അർഥമെന്നും അണ്ണാമലൈ ചോദിച്ചു. മുംബൈ ഒരു ലോകോത്തര നഗരമാണെന്ന് പറഞ്ഞാൽ അതിനർഥം മഹാരാഷ്ട്രക്കാർ അത് നിർമ്മിച്ചില്ലെന്നാണോ എന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു.
National
മുംബൈ: മഹാരാഷ്ട്രയിൽ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മഹായുതി സഖ്യം വൻ വിജയം നേടുമെന്ന് ഉപമുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഏക്നാഥ് ഷിൻഡെ. വികസനം ആയിരിക്കും തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയമെന്നും അതുകൊണ്ട് സർക്കാരിന് അനുകൂലമായ വികാരമുണ്ടാകുമെന്നും ഷിൻഡെ അവകാശപ്പെട്ടു.
"മഹായുതി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. മുംബൈയും പുനയും അടക്കമുള്ള നഗരസഭകളിൽ മഹായുതിയുടെ മേയർ തന്നെയായിരിക്കും എത്തുക. ജനങ്ങൾ സർക്കാരിനൊപ്പമാണ്.'-ഷിൻഡെ പറഞ്ഞു.
പ്രതിപക്ഷം വളരെ ദുർഭലമാണ്. അവർക്ക് ജനങ്ങൾക്കിടയിൽ ഒരു സ്വാധീനവും ഇല്ല. മുംബൈയിൽ പോലും അവർക്ക് ജയിക്കാനാവില്ല. മഹായുതിയുടെ വിജയം തുടരാനുള്ള തെരഞ്ഞെടുപ്പ് മാത്രമാണിതെന്നും ഷിൻഡെ പറഞ്ഞു.
National
മുംബൈ: മുംബൈ മേയർ സ്ഥാനത്തേക്കെത്തുക മറാഠി ഹിന്ദു തന്നെ ആയിരിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. മേയർ സ്ഥാനം മറാഠികൾക്ക് സംവരണം ചെയ്തിട്ടുണ്ടോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഫഡ്നാവിസ്.
മുംബൈ മേയർ മറാഠി ഹിന്ദു തന്നെ ആയിരിക്കുമെന്ന് പറഞ്ഞ മഹാരാഷ്ട്ര മുഖ്യമന്ത്രി, ചെന്നൈയിൽ മുനിസിപ്പൽ തെരഞ്ഞെടുപ്പ് നടന്നാൽ മേയർ തമിഴനായിരിക്കണമെന്ന് ആളുകൾ സ്വാഭാവികമായും ആവശ്യപ്പെടില്ലേയെന്നും ചോദിച്ചു.
അതുപോലെ മുംബൈയിൽ മേയർ മറാഠി ഹിന്ദുവായിരിക്കുമെന്നും ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കി. ബിജെപി "രാജ്യം ആദ്യം" എന്ന പ്രത്യയശാസ്ത്രമാണ് പിന്തുടരുന്നതെന്നും എല്ലാവരും തങ്ങൾക്ക് വോട്ട് ചെയ്യുമെന്നും അഭിപ്രായപ്പെട്ടു.
ബിജെപി വോട്ടർമാരെ പ്രാദേശികവാദത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കാൻ ശ്രമിക്കുന്നുവെന്ന വാദങ്ങൾ തള്ളിക്കളയുന്നുവെന്നും ഫഡ്നാവിസ് പറഞ്ഞു. ബിജെപിയുടെ വോട്ടർമാരിൽ മറാഠി, മറാഠി ഇതര വിഭാഗങ്ങൾ ഉൾപ്പെടുന്നതായും വ്യക്തമാക്കി.
ഉദ്ധവ് താക്കറെയും രാജ് താക്കറെയും വീണ്ടും ഒന്നിച്ചതിനെക്കുറിച്ചും ഫഡ്നാവിസ് പ്രതികരിച്ചു. രണ്ട് സഹോദരൻമാരും ഒരുമിച്ചെത്തിയാലും തങ്ങളുടെ വോട്ട് വിഹിതത്തിൽ കുറവ് സംഭവിക്കില്ലെന്നായിരുന്നു ഫഡ്നാവിസിന്റെ പ്രതികരണം. ജനുവരി 15ന് ആണ് ബൃഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ് നടക്കുക.
Kerala
തിരുവനന്തപുരം: സഹപ്രവർത്തകയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ തിരുവനന്തപുരം വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഉത്തർപ്രദേശ് ബാഗ്പത് സ്വദേശി സുമിത് അമർപാൽ പൻവീർ ആണ് പിടിയിലായത്.
മുംബൈയിൽ നിന്നെത്തിയ പ്രത്യേക അന്വേഷണ സംഘമാണ് സിഐഎസ്എഫ് എസ്ഐ സുമിതിനെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ വർഷമായിരുന്നു കേസിന് ആസ്പദമായ സംഭവം. മുംബൈ വിമാനത്താവളത്തിൽ ജോലിനോക്കുന്ന കാലയളവിൽ സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.
സമീപകാലത്താണ് സുമിത് അമർപാൽ പൻവീർ സ്ഥലംമാറ്റം ലഭിച്ച് തിരുവനന്തപുരത്തെത്തിയത്. ഇതിനിടെ പ്രതി മറ്റൊരു വിവാഹത്തിന് തയാറെടുക്കുന്നതായി പരാതിക്കാരി അറിഞ്ഞു. ഇതേ തുടർന്ന് ഇവർ മുംബൈയിലെ നിർമൽ നഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
മുംബൈയിൽ നിന്നെത്തിയ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത പ്രതിയെ വലിയതുറ പോലീസിലും തുടർന്ന് കോടതിയിലും ഹാജരാക്കിയിരുന്നു. പിന്നാലെ ബുധനാഴ്ച വൈകുന്നേരത്തോടെ ട്രെയിൻ മാർഗം മുംബൈയിലേക്കു കൊണ്ടുപോയി.
Movies
മുംബൈയിലെ ബാന്ദ്ര ഈസ്റ്റ് പ്രദേശത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പടക്കം പൊട്ടിച്ചതിനെത്തുടർന്ന് ഒരു വീട്ടിൽ തീ പടർന്ന സംഭവത്തിൽ പ്രതികരണവുമായി നടി ഡെയ്സി ഷാ.
'ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുമായി എനിക്ക് യാതൊരു ബന്ധവുമില്ല. എന്നാൽ, തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നവർക്ക് സാമാന്യബുദ്ധിയുണ്ടെന്ന് ഉറപ്പാക്കണം. വീടുകൾക്ക് സമീപം പടക്കം പൊട്ടിക്കുകയല്ല വേണ്ടത്. പൗരബോധമില്ലാതെ ആളുകൾ പെരുമാറുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളാണിത്'-ഡെയ്സി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഈ പ്രചാരകർക്ക് വീടുതോറും പോകാൻ അനുമതി നിഷേധിച്ച തന്റെ ബിൽഡിംഗ് കമ്മിറ്റിക്ക് അവർ നന്ദി പറഞ്ഞു. സംഭവത്തിന് ശേഷം തീപിടിത്തമുണ്ടാകാൻ കാരണമായവർ ഓടി രക്ഷപ്പെട്ടതായും ഇതിന്റെ പ്രത്യാഘാതം ഇനി താമസക്കാർ നേരിടേണ്ടിവരുമെന്നും നടി പറഞ്ഞു.
Viral
മുംബൈയിലെ വിനോദസഞ്ചാര കേന്ദ്രമായ ഗേറ്റ്വേ ഓഫ് ഇന്ത്യയ്ക്ക് സമീപം വിദേശ വനിതകൾ നേരിട്ട ദുരനുഭവം ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ തന്നെ ചർച്ചയാവുകയാണ്.
അസർബൈജാനിൽ നിന്നുള്ള ടൂറിസ്റ്റുകൾ പ്രശസ്തമായ താജ്മഹൽ പാലസ് ഹോട്ടലിന് മുൻപിൽ നിന്ന് ഫോട്ടോയെടുക്കുന്നതിനിടെ ഒരു സംഘം പുരുഷന്മാർ ഇവരെ വളയുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
സ്ത്രീകളുടെ സ്വകാര്യതയെപ്പോലും മാനിക്കാതെ അനുവാദമില്ലാതെ ചിത്രങ്ങൾ പകർത്തുകയും അശ്ലീലമായ രീതിയിൽ തുറിച്ചുനോക്കുകയും ചെയ്യുന്ന ആൾക്കൂട്ടത്തെ വീഡിയോയിൽ കാണാം.
ഡെയ്ലി ടർക്കിക് എന്ന എക്സ് ഹാൻഡിലിലൂടെ ഈ ദൃശ്യങ്ങൾ പ്രചരിച്ചതോടെ രാജ്യത്തിന്റെ വിനോദസഞ്ചാര സുരക്ഷയെക്കുറിച്ച് വലിയ ആശങ്കകളാണ് ഉയരുന്നത്.
വിദേശികളായ വെളുത്ത വർഗക്കാരോടുള്ള ഒരു വിഭാഗം ആളുകളുടെ അമിതമായ ഭ്രമമാണ് ഇത്തരം മോശം പെരുമാറ്റത്തിന് പിന്നിലെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.
വെളുത്ത തൊലിനിറത്തോടുള്ള ഈ മനോഭാവം പലപ്പോഴും അതിരുവിടുന്നതായും വിദേശ സഞ്ചാരികൾക്ക് ഇന്ത്യയിൽ പേടിയും അസ്വസ്ഥതയും ഉണ്ടാക്കുന്നുണ്ടെന്നും വിമർശകർ തുറന്നടിക്കുന്നു.
അതേസമയം ഈ സംഭവത്തെ ചൊല്ലി സൈബർ ഇടങ്ങളിൽ വലിയ തർക്കങ്ങളും ഉടലെടുത്തിട്ടുണ്ട്. വീഡിയോയിലുള്ളത് ഇന്ത്യൻ പൗരന്മാരല്ലെന്നും മറിച്ച് മുംബൈയിലും പരിസരപ്രദേശങ്ങളിലും ഉള്ള അനധികൃത കുടിയേറ്റക്കാരാണെന്നും ചിലർ വാദിക്കുന്നു.
വിനോദസഞ്ചാര മേഖലകളിൽ വിദേശികളെ ഉപദ്രവിക്കാൻ വേണ്ടി മാത്രം ചില സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും ഇത്തരക്കാർ രാജ്യത്തിന്റെ പ്രതിച്ഛായ ലോകത്തിന് മുൻപിൽ തകർക്കുകയാണെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആരോപിക്കുന്നുണ്ട്.
പാകിസ്ഥാനുമായി അടുത്ത ബന്ധം പുലർത്തുന്ന അസർബൈജാൻ പോലുള്ള രാജ്യങ്ങളുമായുള്ള ഭൗമരാഷ്ട്രീയ തർക്കങ്ങളും ഈ ചർച്ചകളിൽ കടന്നുവരുന്നുണ്ട്.
എന്തുതന്നെയായാലും വിദേശ സഞ്ചാരികൾക്ക് നേരെയുള്ള ഇത്തരം അതിക്രമങ്ങൾ തടയുന്നതിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ച ഗൗരവകരമായ ചോദ്യങ്ങൾ ഉയർത്തുന്നു.
Kerala
ഇന്‍ഡോര്‍: അണ്ടര്‍ 15 വനിതാ ഏകദിന ടൂര്‍ണമെന്റിൽ കരുത്തരായ മുംബൈയെ തകർത്ത് കേരളം. എട്ട് വിക്കറ്റിനാണ് കേരളം വിജയിച്ചത്.
35 ഓവര്‍ വീതമുള്ള മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ 119 റണ്‍സിന് ഓള് ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 27.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. സ്കോര്‍: മുംബൈ - 31 ഓവറില്‍ 119/10. കേരളം - 27.4 ഓവറില്‍ 125/2.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത മുംബൈയ്ക്ക് രണ്ടാം ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. അഞ്ച് റണ്‍സെടുത്ത വേദിക നികാമിനെ ജൊഹീന ജിക്കുപാല്‍ റണ്ണൗട്ടാക്കുകയായിരുന്നു. തുടര്‍ന്ന് ക്യാപ്റ്റന്‍ റിയ ഥാക്കൂറും സൊനാക്ഷി സോളങ്കിയും ചേര്‍ന്ന് 37 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സൊനാക്ഷി 25റൺസും റിയ 18 റണ്‍സും എടുത്തു.
എന്നാല്‍ ഇരുവരും അടുത്തടുത്ത ഓവറുകളില്‍ പുറത്തായതോടെ മുംബൈയുടെ ബാറ്റിംഗ് തകര്‍ച്ചയ്ക്ക് തുടക്കമായി. തുടര്‍ന്നെത്തിയവരില്‍ 26 റണ്‍സെടുത്ത മുദ്ര മാത്രമാണ് പിടിച്ചു നിന്നത്. കേരളത്തിന് വേണ്ടി വൈഗ അഖിലേഷും ആര്യനന്ദയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മുംബൈ ഉയർത്തിയ 120 റൺസ് പിന്തുടർന്നിറങ്ങിയ കേരളത്തിന് ഓപ്പണര്‍മാരായ വൈഗ അഖിലേഷും ഇവാന ഷാനിയും ചേര്‍ന്ന് മികച്ച തുടക്കം നൽകി. ഇരുവരും ചേര്‍ന്ന് 55 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇവാന 33 റണ്‍സെടുത്ത് പുറത്തായി.
പിന്നീടെത്തിയ ആര്യനന്ദയും വൈഗയും ചേര്‍ന്ന് കേരളത്തിന് അനായാസ വിജയം ഉറപ്പാക്കി. വിജയത്തിന് പത്ത് റണ്‍സകലെ 49 റണ്‍സെടുത്ത വൈഗ പുറത്തായി. ആര്യനന്ദ 34 റണ്‍സുമായി പുറത്താകാതെ നിന്നു. 28-ാം ഓവറിലെ നാലാം പന്തിൽ കേരളം വിജയലക്ഷ്യം മറികടന്നു.
Sports
മുംബൈ: വിജയ് ഹസാരെ ട്രോഫിയിലെ രണ്ടാം റൗണ്ട് മത്സരങ്ങളിൽ വിരാട് കോഹ്ലി മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ രോഹിത് ശർമ നിരാശപ്പെടുത്തി. ഗുജറാത്തിനെതിരായ മത്സരത്തിൽ ഡൽഹിക്ക് വേണ്ടിയിറങ്ങിയ കോഹ്ലി 77 റൺസെടുത്ത് ടീമിന്റെ ടോപ്സ്കോററായി.
മത്സരത്തിൽ ഡൽഹി ഏഴ് റൺസിന് വിജയിച്ചു. ഡൽഹി ഉയർത്തിയ 254 റൺസ് പിന്തുടർന്ന ഗുജറാത്ത് 247 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. ഡൽഹി നായകനും ഇന്ത്യൻ താരവുമായ റിഷഭ് പന്ത് 70 റൺസെടുത്തു. കോഹ്ലിയാണ് മത്സരത്തിലെ താരമായത്.
അതേസമയം ഉത്തരാഖണ്ഡിനെതിരായ മത്സരത്തിൽ മുംബൈയ്ക്ക് വേണ്ടി കളത്തിലിറങ്ങിയ രോഹിത് ശർമയ്ക്ക് റൺസ് ഒന്നും എടുക്കാനായില്ല. നേരിട്ട ആദ്യ പന്തിൽ തന്നെ രോഹിത് പുറത്താവുകയായിരുന്നു.
മത്സരത്തിൽ മുംബൈ 51 റൺസിന് വിജയിച്ചു. മുംബൈ ഉയർത്തിയ 332 റൺസ് പിന്തുടർന്ന ഉത്തരാഖണ്ഡിന് 280 റൺസ് എടുക്കാനെ സാധിച്ചുള്ളു.
Viral
മുംബൈയിലെ സാകി നാക്കയിൽ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്.
വൈകുന്നേരത്തെ കനത്ത തിരക്കിനിടയിൽ ഒരൊറ്റ മോട്ടോർ സൈക്കിളിൽ ഏഴു യുവാക്കൾ ഒരുമിച്ച് യാത്ര ചെയ്യുന്ന അപകടകരമായ കാഴ്ചയാണ് പുറത്തുവന്നത്.
"മുംബൈ ടിവി' എന്ന പ്രാദേശിക മാധ്യമം പുറത്തുവിട്ട വീഡിയോയിൽ ഒരു ഹോണ്ട യൂണികോൺ ബൈക്കിൽ അഭ്യാസപ്രകടനം എന്നോണം തിങ്ങിനിറഞ്ഞു യാത്ര ചെയ്യുന്ന യുവാക്കളെ വ്യക്തമായി കാണാം.
ബൈക്കിന്റെ പിന്നിൽ ഇരുന്ന ഒരാൾക്ക് ഇരിക്കാൻ ഇടമില്ലാത്തതിനാൽ മറ്റുള്ളവരുടെ തോളിൽ തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു.
ഇത്തരത്തിൽ അപകടകരമായ രീതിയിൽ വാഹനങ്ങൾക്കിടയിലൂടെ വെട്ടിച്ചു പാഞ്ഞ യുവാക്കൾ സ്വന്തം ജീവൻ മാത്രമല്ല, മറ്റ് യാത്രക്കാരുടെ സുരക്ഷയെക്കൂടി വെല്ലുവിളിക്കുകയാണ് ചെയ്തത്.
വീഡിയോയുടെ തുടക്കത്തിൽ തന്നെ മോട്ടോർ സൈക്കിളിന്റെ രജിസ്ട്രേഷൻ നമ്പർ (MH 03 EY 3649) തെളിഞ്ഞു കാണുന്നുണ്ട്. ഈ ദൃശ്യങ്ങൾ വൈറലായതോടെ മുംബൈ പോലീസിനും ട്രാഫിക് വിഭാഗത്തിനുമെതിരെ വലിയ രീതിയിലുള്ള വിമർശനമാണ് ഉയരുന്നത്.
ബൈക്കിലുണ്ടായിരുന്നവരിൽ ചിലർ പ്രായപൂർത്തിയാകാത്തവരാണെന്ന സൂചനകൾ കൂടി പുറത്തുവന്നതോടെ സംഭവത്തിന്റെ ഗൗരവം വർധിച്ചു.
കുറ്റക്കാർക്കെതിരെ എത്രയും വേഗം കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകളാണ് മുംബൈ പോലീസ് കമ്മീഷണറെ ടാഗ് ചെയ്തുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
എന്നാൽ ഈ സംഭവത്തിൽ ഔദ്യോഗികമായ സ്ഥിരീകരണമോ നടപടികളോ ഇതുവരെ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
National
മുംബൈ: ഉദ്ദവ് താക്കറെയുടെ ശിവസേന-യുബിടി പാർട്ടി നേതാവ് തേജസ്വി ഖൊസാൽക്കർ ബിജെപിയിൽ ചേർന്നു. ഇന്ന് രാവിലെ മുംബൈയിലെ പാർട്ടി ഓഫീസിലെത്തിയാണ് തേജസ്വി ബിജെപിയിൽ ചേർന്നത്.
ബ്രിഹൻ മുംബൈ മുനിസിപ്പിപ്പൽ കോർപറേഷനിലെ (ബഎംസി) മുൻ കൗൺസിലറാണ് തേജസ്വി. അന്തരിച്ച ശിവസേന-യുബിടി നേതാവ് അഭിഷേക് ഖൊസാൽക്കറുടെ ഭാര്യയാണ് തേജസ്വി.
വടക്കൻ മുംബൈയിൽ സ്വാധീനമുള്ള നേതാവാണ് തേജസ്വി ഖൊസാൽക്കർ. തേജസ്വി പാർട്ടി വിട്ടത് ശിവസേന-യുബിടിക്ക് കനത്ത തിരിച്ചടിയാണ്.
ബിഎംസി തെരഞ്ഞെടുപ്പ് ജനുവരിയിൽ നടക്കാനിരിക്കെയാണ് ഖൊസാൽക്കർ പാർട്ടി വിട്ടത്. ജനുവരി 12നും 18നും ഇടയിൽ തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത.
National
മുംബൈ: മുംബൈയിൽ നിന്നും കാണാതാകുന്ന കുട്ടികളുടെ എണ്ണത്തിൽ ആശങ്കാജനകമായ വർധനവ്. കഴിഞ്ഞ 36 ദിവസത്തിനുള്ളിൽ പ്രായപൂർത്തിയാകാത്ത 82 കുട്ടികളെ കാണാതായതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ജൂൺ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ മുംബൈയിൽ നിന്ന് 93 പെൺകുട്ടികൾ ഉൾപ്പെടെ 145 കുട്ടികളെ കാണാതായതായി പോലീസ് രേഖകൾ വ്യക്തമാക്കുന്നു.
നവംബർ ഒന്നിനും ഡിസംബർ ആറിനും ഇടയിൽ രജിസ്റ്റർ ചെയ്ത 82 കേസുകളിൽ, കാണാതായവരിൽ കൂടുതലും പ്രായപൂർത്തിയാകാത്തവരാണ്. ഇതിൽ 41 പെൺകുട്ടികളും 18 വയസ് വരെ പ്രായമുള്ള 13 ആൺകുട്ടികളും ഉൾപ്പെടുന്നു.
ഈ കാലയളവിൽ കാണാതായവരിൽ അഞ്ച് വയസ് വരെ പ്രായമുള്ള പെൺകുട്ടികളും 11 വയസ് വരെ പ്രായമുള്ള ആൺകുട്ടികളും ഉൾപ്പെടുന്നു.
കുർള വില്ലേജ്, വക്കോള, പവായ്, മാൽവാനി, സക്കിനാക്ക തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലായി പോലീസ് നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തിരോധാനങ്ങൾക്ക് പിന്നിലെ പ്രധാന കാരണം മനുഷ്യക്കടത്താണെന്ന് പോലീസ് സംശയിക്കുന്നു.
കാണാതായവരുടെ കണക്കുകൾ
ജൂൺ: 26 കുട്ടികൾ (എല്ലാവരും പെൺകുട്ടികൾ)
ജൂലൈ: 25 കുട്ടികൾ (15 ആൺകുട്ടികൾ, 10 പെൺകുട്ടികൾ)
ഓഗസ്റ്റ്: 19 കുട്ടികൾ (അഞ്ച് ആൺകുട്ടികൾ, 14 പെൺകുട്ടികൾ)
സെപ്റ്റംബർ: 21 കുട്ടികൾ (ആറ് ആൺകുട്ടികൾ, 15 പെൺകുട്ടികൾ)
ഒക്ടോബർ: 19 കുട്ടികൾ (12 ആൺകുട്ടികൾ, ഏഴ് പെൺകുട്ടികൾ)
നവംബർ: 24 കുട്ടികൾ (ഒൻപത് ആൺകുട്ടികൾ, 15 പെൺകുട്ടികൾ)
ഡിസംബർ (ഇതുവരെ): 11 കുട്ടികൾ (അഞ്ച് ആൺകുട്ടികൾ, ആറ് പെൺകുട്ടികൾ)
National
മുംബൈ: നവി മുംബൈയിൽ കെട്ടിടത്തിൽ നിന്നുവീണ് മരിച്ച സ്വീഡിഷ് യുവാവ് സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയതെന്ന് പോലീസ്. സ്വീഡനിലെ സ്റ്റോക്ക്ഹോം സ്വദേശി ആൽഡെ എഡ്വേർഡ് ജാൻ(25) ആണ് മരിച്ചത്.
ഞായറാഴ്ച വൈകുന്നേരം ആയിരുന്നു സംഭവം. ശനിയാഴ്ച വാഷിയിലെ രഘുലീല മാളിൽ നടന്ന സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു എഡ്വേർഡ് ജാൻ. ഇയാൾ മദ്യലഹരിയിൽ ആയിരുന്നതായി പോലീസ് സംശയിക്കുന്നു.
സിസിടിവി ദൃശ്യങ്ങളിൽ ഇയാൾ കെട്ടിടത്തിന്റെ ഗേറ്റ് ചാടി കടക്കുന്നതും ഇതിനിടെ വീഴുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആൽഡെയുടെ മരണവാർത്ത കുടുംബത്തെ അറിയിക്കാൻ നവി മുംബൈ പോലീസ് സ്വീഡിഷ് എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്.
അപകട മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും സാൻപാഡ പോലീസ് അറിയിച്ചു.
Sports
ലക്നോ: സയിദ് മുഷ്താഖ് അലി ടി20യില്‍ വമ്പൻ താരങ്ങളുമായെത്തിയ മുംബൈയെ 15 റൺസിനു തകർത്ത് കേരളം. ലക്നോയിൽ ആദ്യം ആദ്യം ബാറ്റ് ചെയ്ത കേരളം ഉയർത്തിയ 179 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ 19.4 ഓവറിൽ 163 റൺസിനു പുറത്തായി.
52 റണ്‍സ് നേടിയ സര്‍ഫറാസ് ഖാനാണ് മുംബൈയുടെ ടോപ് സ്കോറര്‍. അജിന്‍ക്യ രഹാനെ (32), സൂര്യകുമാര്‍ യാദവ് (32) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 3.4 ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തിയ കെ.എം. ആസിഫ് ആണ് മുംബൈ നിരയെ എറിഞ്ഞിട്ടത്.
മുംബൈയെ സംബന്ധിച്ച് അനായാസം മറികടക്കാവുന്ന സ്കോറാണ് കേരളം മുന്നോട്ടുവച്ചത്. എന്നാൽ, കേരള ബൗളർമാരുടെ പ്രകടനം മുംബൈയെ തകർത്തു. സ്കോർബോർഡിൽ നാലു റൺസ് മാത്രമുള്ളപ്പോൾ ആയുഷ് മഹാത്രെയെ (മൂന്ന്) ബൗൾഡാക്കി ഷറഫുദ്ദീൻ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു.
തുടര്‍ന്ന് ക്രീസിൽ ഒന്നിച്ച രഹാനെ - സര്‍ഫറാസ് സഖ്യം 80 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാൽ സ്കോർ 84 റൺസിൽ നില്‍ക്കെ രഹാനെയെ പുറത്താക്കി വിഗ്നേഷ് പുത്തൂര്‍ കേരളത്തിനു ബ്രേക്ക്ത്രൂ സമ്മാനിച്ചു. പിന്നാലെ അർധസെഞ്ചുറി പിന്നിട്ട സര്‍ഫറാസിനെ അബ്ദുള്‍ ബാസിതും മടക്കിയതോടെ മൂന്നിന് 99 എന്ന നിലയിലായി മുംബൈ.
പിന്നാലെയെത്തിയ ശിവം ദുബെയെയും (11) വിഗ്നേഷ് പുറത്താക്കി. സ്കോർ 148 റൺസിൽ നില്‍ക്കെ സായ്രാജ് പാട്ടീലിനെ (13) പുറത്താക്കി ആസിഫ് വിക്കറ്റ് വേട്ട ആരംഭിച്ചു. പിന്നീട് സൂര്യകുമാര്‍ (32), ഷാര്‍ദുല്‍ താക്കൂര്‍ (പൂജ്യം), ഷംസ് മുലാനി (ഒന്ന്), ഹാര്‍ദിക് താമോറെ (ഒമ്പത്) എന്നിവരെ മടക്കിയ ആസിഫ് അഞ്ച് വിക്കറ്റ് നേട്ടം ആഘോഷമാക്കി.
നേരത്തെ, 28 പന്തില്‍ 46 റണ്‍സെടുത്ത സഞ്ജു സാംസൺ, വിഷ്ണു വിനോദ് (40 പന്തില്‍ 43), മുഹമ്മദ് അസറുദ്ദീന് (25 പന്തില്‍ 32), ഷറഫുദ്ദീന് (15 പന്തില്‍ 35) എന്നിവരുടെ ഇന്നിംഗ്സുകളാണ് കേരളത്തെ മാന്യമായ സ്കോറിലേക്ക് നയിച്ചത്.
Sports
ലക്നോ: ട്വന്റി-20 ക്രിക്കറ്റില്‍ കന്നി സെഞ്ചുറി കുറിച്ച് മുംബൈയുടെ സര്‍ഫറാസ് ഖാന്. സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20യില്‍ ആസാമിനെതിരേയായിരുന്നു സര്‍ഫറാസിന്റെ ശതകം.
47 പന്തില്‍ ഏഴ് സിക്സും എട്ട് ഫോറും അടക്കം 100 റണ്‍സുമായി സര്‍ഫറാസ് പുറത്താകാതെ നിന്നു. മത്സരത്തില്‍ മുംബൈ 98 റണ്‍സിന്റെ ജയം സ്വന്തമാക്കി. പ്ലെയര്‍ ഓഫ് ദ മാച്ചും സര്‍ഫറാസ് ഖാനാണ്.
23 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഷാര്‍ദുള്‍ ഠാക്കൂറാണ് ആസാമിനെ എറിഞ്ഞു വീഴ്ത്താന്‍ മുന്നില്‍നിന്നത്. സ്കോര്‍: മുംബൈ 20 ഓവറില്‍ 220/4. ആസാം 19.1 ഓവറില്‍ 122.
National
മുംബൈ : മഹാരാഷ്ട്ര തലസ്ഥാനമായ മുംബൈയ്ക്ക് സമീപം വസായ് വെസ്റ്റ് പ്രദേശത്ത് ക്ലോറിൻ വാതക ചോർച്ച. വിഷവാതക ചർച്ചയെ തുടർന്ന് ഒരാൾ മരിച്ചു. സമീപവാസിയായ 59 കാരനാണ് മരിച്ചത്.
18 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ ഒരു ആൺകുട്ടിയും രണ്ട് കൗമാരക്കാരായ പെൺകുട്ടികളും അഞ്ച് സ്ത്രീകളും ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ടുകൾ.
രൂക്ഷമായ മഞ്ഞ-പച്ച നിറത്തിലുള്ള പുക പ്രദേശത്ത് പരന്നിട്ടുണ്ട്. ചൊവ്വാഴ്ച ദിവാൻമാൻ ശ്മശാനത്തിന് സമീപമുള്ള ഒരു വാട്ടർ ടാങ്കിന് സമീപം നടന്നുകൊണ്ടിരിക്കുന്ന അറ്റകുറ്റപ്പണികൾക്കിടെ വൈകുന്നേരം മൂന്നരയോടെയാണ് സംഭവം നടന്നതെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ സിഇഒ കൂടിയായ റസിഡന്റ് ഡെപ്യൂട്ടി കളക്ടർ സുഭാഷ് ബാഗ്ഡെ പറഞ്ഞു.
10 മുതൽ 15 വർഷം വരെ പഴക്കമുള്ള ഒരു ക്ലോറിൻ സിലിണ്ടറിന്റെ വാൽവ് ചോരാൻ തുടങ്ങിയതോടെ ചുറ്റുമുള്ള പ്രദേശത്തേക്ക് വിഷ പുക പടരുകയായിരുന്നു. സൺസിറ്റി ഫയർ സ്റ്റേഷനിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി ചോർച്ച അടയ്ക്കാൻ ശ്രമിക്കുന്നതിനിടെ അവരിൽ പലർക്കും വാതകം ശ്വസിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യമുണ്ടായി.
തുടർന്ന് ഇവരെ ഉൾപ്പടെ 18 പേരെ മൂന്ന് വ്യത്യസ്ത ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു. സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണവിധേയമാണെന്ന് അധികൃതർ അറിയിച്ചു. വാതക ചോർച്ചയിൽ നിന്ന് കൂടുതൽ ഭീഷണിയില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പരിഭ്രാന്തരാകരുതെന്നും മുൻകരുതൽ നടപടിയായി പ്രദേശത്ത് അനാവശ്യമായ സഞ്ചാരം ഒഴിവാക്കണമെന്നും അധികൃതർ ജനങ്ങളോട് അഭ്യർഥിച്ചു.
National
മുംബൈ: ആക്ഷനും പ്രണയവും അഭിനയത്തിലൂടെ തീർത്ത ധർമേന്ദ്ര തന്റെ 90-ാം പിറന്നാളിന് കാത്തുനിൽക്കാതെ മടങ്ങിയിരിക്കുന്നു. ആക്ഷനും പ്രണയവുമെല്ലാം അഭ്രപാളിയിൽ അനശ്വരമാക്കിയ ആ നടന്റെ ജീവിതവും സിനിമയെ വെല്ലുന്നതായിരുന്നു. 19-ാം വയസിൽ കുടുംബസുഹൃത്തിന്റെ മകളെയാണ് ധർമേന്ദ്ര ജീവിതസഖിയാക്കിയത്. ഇതിന് ശേഷമാണ് താരം സിനിമയുടെ വെള്ളിവെളിച്ചത്തിലേയ്ക്ക് പോലും എത്തിയത്. വിവാഹിതനായിരിക്കെ തന്നെ ഹേമമാലിനിയോട് തോന്നിയ പ്രണയവും അവരെ സ്വന്തമാക്കാനുള്ള ശ്രമങ്ങളുമെല്ലാം സിനിമ പോലെ തന്നെയായിരുന്നു.
19-ാം വയസിൽ വിവാഹം കഴിച്ച ധർമേന്ദ്ര ഏറെ സന്തുഷ്ടകരമായ കുടുംബജീവിതമാണ് ഭാര്യയ്ക്കും നാലുമക്കൾക്കുമൊപ്പം നയിച്ചുപോന്നത്. എന്നാൽ 34-ാം വയസിൽ അദ്ദേഹം പോലും അറിയാതെ ഒരു പെൺകുട്ടിയിൽ ധർമേന്ദ്രയുടെ മനസുടക്കി.
22-കാരിയായ ഹേമമാലിനിയിൽ. ബോളിവുഡിലെ ഡ്രീം ഗേള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന താരസുന്ദരി ഹേമമാലിനി ധര്‍മേന്ദ്രയ്ക്കൊപ്പം തും ഹസീന് മേം ജവാന് എന്ന സിനിമയിലാണ് ആദ്യം അഭിനയിക്കാനെത്തുന്നത്. ഒറ്റനോട്ടത്തിൽ തന്നെ ദർമേന്ദ്രയ്ക്ക് അവരോട് അടങ്ങാത്ത ആകർഷണം തോന്നി.
പിന്നീട് 28 ഓളം സിനിമകളില്‍ ഇവര്‍ ഒരുമിച്ച് അഭിനയിച്ചു. ഷോലെ എന്ന എവര്‍ടൈം ഹിറ്റ് ചിത്രത്തിലും ഇവർ ഒന്നിച്ചു. ഹേമമാലിനിയോട് പ്രണയം തുറന്നുപറഞ്ഞെങ്കിലും അവർ അതിന് വിലകൊടുത്തില്ല. വിവാഹിതനും നാലുമക്കളുടെ പിതാവുമാണ് അയാൾ എന്ന് അവർക്ക് ബോധ്യമുണ്ടായിരുന്നു. എങ്കിലും ധർമന്ദ്ര ആ പ്രണയം തുടർന്നു.
ഷോലെയുടെ സെറ്റില്‍ വച്ചായിരുന്നു പ്രണയം അതിന്റെ ഉച്ചസ്ഥായിലെത്തിയത്. ഒരുമിച്ച് അഭിനയിക്കുന്ന സീനുകളിലെ പെര്‍ഫോമന്‍സ് ശരിയായില്ലെന്ന് പറയാന്‍ യൂണിറ്റ് അംഗങ്ങള്‍ക്ക് ധര്‍മേന്ദ്ര പണം കൊടുത്തിരുന്നു. അങ്ങനെ നിരവധി റീടേക്കുകള്‍ എടുത്തുകൊണ്ട് ഹേമയ്ക്കൊപ്പം പരമാവധി അടുത്തിടപഴകാന്‍ അദ്ദേഹം ശ്രമിച്ചു. ഒരു ടേക്കിന് 100 രൂപ വീതം കൈപറ്റിയിരുന്ന ചിലര്‍ക്ക് ഈ വകയില്‍ ദിവസം 2000 രൂപ വരെ നല്‍കിയിരുന്നതായും ധര്‍മേന്ദ്ര പിന്നീട് തമാശയായി പൊതുവേദികളില്‍ പറഞ്ഞു.
പിന്നീട് ഹേമ ഈ പ്രണയത്തിന് സമ്മതം നൽകിയെങ്കിലും അവരുടെ മാതാപിതാക്കൾ ഇതിനെ എതിർത്തു. ഒരിക്കലും ഈ വിവാഹം നടത്തില്ലെന്ന് തറപ്പിച്ചുപറഞ്ഞു. പകരം ജിതേന്ദ്ര എന്ന നടനുമായി ഹേമയുടെ വിവാഹം ഉറപ്പിച്ചു. എന്നാൽ ഇതറിഞ്ഞ് ഹേമയുടെ വീട്ടിലെത്തിയ ധർമേന്ദ്ര ആരോടാണ് സ്നേഹം എന്ന് ഹീറോ സ്റ്റൈലിൽ ചോദിച്ചു. ധർമേന്ദ്രയോടാണ് താൽപര്യമെന്ന് ഹേമ പറഞ്ഞതോടെ ജിതേന്ദ്രയുടെ വീട്ടുകാർ ഈ വിവാഹത്തിൽ നിന്നും പിൻമാറി.
വീട്ടുകാരുടെ എതിർപ്പുകൾ അവഗണിച്ച് ആദ്യബന്ധം വേര്‍പെടുത്താതെ തന്നെ ഹേമയെ വിവാഹം കഴിച്ചു. അഹാന ഡിയോള്‍, ഇഷാ ഡിയോള്‍ എന്നിങ്ങനെ രണ്ട് പെണ്‍കുട്ടികളും ഈ ദാമ്പത്യത്തില്‍ ജനിച്ചു.
ധര്‍മേന്ദ്രയെ വിവാഹം കഴിച്ചെങ്കിലൂം അദ്ദേഹത്തെ ആദ്യഭാര്യയില്‍ നിന്നും കുട്ടികളില്‍ നിന്നും അദ്ദേഹത്തെ അകറ്റാന്‍ ഹേമ ശ്രമിച്ചില്ലെന്ന് മാത്രമല്ല അവരെ കൂടുതല്‍ അടുപ്പിച്ച് നിര്‍ത്താനാണ് ശ്രമിച്ചത്.
ആദ്യഭാര്യയിലെ മക്കളെയും അവര്‍ നന്നായി കെയര്‍ ചെയ്തു. അഹാനയുടെയും ഇഷാ ഡിയോളിന്റെയും വിവാഹച്ചടങ്ങുകളില്‍ ഇരുകുടുംബങ്ങളും സഹകരിക്കുകയും ചെയ്തു.
എന്നാൽ പിന്നീട് ഇരുവരും തമ്മിൽ ഇതുവരെ പുറം ലോകം അറിയാത്ത എന്തോ കാരണത്തിന്റെ പേരിൽ പിരിഞ്ഞാണ് താമസിക്കുന്നത്. ധര്‍മേന്ദ്ര ലോണാവാലയിലുളള തന്റെ ഫാം ഹൗസില്‍ തനിച്ച് കഴിഞ്ഞപ്പോള്‍ ഹേമ മുംബൈ ജുഹുവിലെ വീട്ടില്‍ മക്കള്‍ക്കൊപ്പം ജീവിച്ചു. പരസ്പരം അവർ കുറ്റപ്പെടുത്തിയില്ല. ബഹുമാനത്തോടെ മാത്രം സംസാരിച്ചു. യഥാർഥ പ്രണയമായിരുന്നു അവർ.
ധർമേന്ദ്ര ഒരു ബ്ലോക്ക്ബസ്റ്റർ തന്നെയാണ്..പ്രണയനായകനായ ഹിറ്റുകളുടെ നായകൻ.
National
മുംബൈ: മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ നിർണായക തീരുമാനവുമായി കോൺഗ്രസ്. ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിൽ മഹാവികാസ് അഘാഡി സഖ്യം വേണ്ടെന്നാണ് കോൺഗ്രസ് തീരുമാനം.
തദ്ദേശ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് കോൺഗ്രസ് തീരുമാനം. മഹാവികാസ് അഘാഡി സഖ്യത്തിലെ പ്രധാന സഖ്യകക്ഷിയായ ഉദ്ധവ് താക്കറെ വിഭാഗം ശിവസേന രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാൺ സേനയുമായി തദ്ദേശ തെരഞ്ഞെടുപ്പിൽ സഖ്യത്തിലേർപ്പെടുന്നുണ്ട്.
ഇതേ തുടർന്നാണ് കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കാൻ തയാറായതെന്നാണ് വിവരം. ഉത്തരേന്ത്യൻ കുടിയേറ്റക്കാർക്കെതിരായ നിലപാടാണ് മഹാരാഷ്ട്ര നവനിർമാൺ സേനയുടേത്. ഇതേ തുടർന്നാണ് കോൺഗ്രസ് യുടി വിഭാഗം ശിവസേനയ്ക്കൊപ്പം മത്സരരംഗത്തിറങ്ങാൻ തയാറാകാത്തത്.
National
വസായി: സ്കൂളിലെത്താൻ പത്ത് മിനുട്ട് വൈകിയതിന് 100 സിറ്റ്-അപ് ശിക്ഷയായി ലഭിച്ച ആറാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. മഹാരാഷ്ട്ര വസായിലെ ശ്രീ ഹനുമന്ത് വിദ്യാമന്ദിർ ഹൈസ്കൂളിൽ ശിശുദിനത്തിലായിരുന്നു സംഭവം.
കാജൽ ഗോണ്ട് എന്ന ആറാം ക്ലാസ് വിദ്യാർഥിനിയാണ് കടുത്ത ശിക്ഷയ്ക്ക് പിന്നാലെ ആരോഗ്യനില വഷളായി മരണത്തിന് കീഴടങ്ങിയത്. അധ്യാപിക നൽകിയ ശിക്ഷയ്ക്ക് പിന്നാലെ കുട്ടിയ്ക്ക് പുറം വേദന അനുഭവപ്പെട്ടിരുന്നു.
പിന്നാലെ കാജൽ തളർന്നുവീഴുകയായിരുന്നു. സമീപത്തെ നാലാസോപാരയിലെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആരോഗ്യ സ്ഥിതി കൂടുതൽ മോശമായതോടെ മുംബൈയിലെ ജെജെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
100 സിറ്റ്-അപ് ചെയ്യുന്പോഴും കുട്ടിയുടെ ചുമലിൽ നിന്ന് സ്കൂൾ ബാഗ് മാറ്റാൻ പോലും അധ്യാപിക അനുവദിച്ചില്ലെന്ന് കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ കനത്ത പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്.
Kerala
തൃശൂർ: ഗുരുവായൂരിലെ വ്യാപാരി മുസ്തഫ ആത്മഹത്യ ചെയ്ത കേസിൽ പ്രധാന പ്രതി അറസ്റ്റിൽ. നെന്മിനി തൈവളപ്പിൽ പ്രഗിലേഷാണ് അറസ്റ്റിലായത്. മുംബൈയിൽ നിന്നാണ് പ്രഗിലേഷിനെ പോലീസ് അറസ്റ്റ് ചെയ്തത്.
ഒക്ടോബര്‍ 10നാണ് മുസ്തഫയെ കര്‍ണംകോട് ബസാറിലെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പലിശക്കാരുടെ ഭീഷണി മൂലമാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്നായിരുന്നു മുസ്തഫയുടെ ആത്മഹത്യാ കുറിപ്പിൽ വിശദമാക്കിയിരുന്നത്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പ്രഗിലേഷ്, ദിവേക് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
ഇരുവരുടെയും വീടുകളില്‍ റെയ്ഡ് നടത്തിയിരുന്നെങ്കിലും ഇവരെ കണ്ടെത്താനായിരുന്നില്ല. പ്രഗിലേഷിന്റെ വീട് അടഞ്ഞു കിടന്നിരുന്നതിനാല്‍ കോടതിയുടെ അനുമതി വാങ്ങി പൂട്ട് തകർത്താണ് റെയ്ഡ് നടത്തിയത്. പ്രഗിലേഷും ദിവേകും മുസ്തഫയെ വീട്ടുകാരുടെ മുന്നിലിട്ട് മര്‍ദിച്ചതായും പരാതിയുണ്ടായിരുന്നു.
ആറ് ലക്ഷം കടമെടുത്തതിന് 40 ലക്ഷത്തോളം തിരിച്ചടച്ചുവെന്നും ഭൂമി എഴുതി വാങ്ങിയെന്നും മുസ്തഫ കത്തിൽ ആരോപിച്ചിരുന്നു. ഇതേ തുടർന്നാണ് പ്രഗിലേഷിനെ ഒന്നാം പ്രതിയാക്കി കേസ് എടുത്തത്.
കേസെടുത്തതോടെ പ്രഗിലേഷും കുടുംബവും ഒളിവിൽ പോകുകയായിരുന്നു. മൊബൈൽ ഫോണുകൾ ഓഫ് ചെയ്തത ശേഷം ഇവർ കാറിൽ കയറിപ്പോയതായാണ് അറിയാൻ സാധിച്ചത്. ഇത് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
വിവിധ സംസ്ഥാനങ്ങളിൽ സഞ്ചരിച്ച് മുംബൈയിലെത്തിയപ്പോൾ പിന്തുടർന്നെത്തിയ ടെമ്പിൾ പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി മുംബൈയിലെ കോടതിയിൽ ഹാജരാക്കി. കസ്റ്റഡിയിൽ വാങ്ങിയ പ്രതിയുമായി പോലീസ് ഗുരുവായൂരിലേക്ക് തിരിച്ചിട്ടുണ്ട്.
Kerala
കാസര്‍ഗോഡ്: മൂന്നാറില്‍ മുംബൈ സ്വദേശിനിയെ ടാക്സി ഡ്രൈവര്‍മാര്‍ ഭീഷണിപ്പെടുത്തിയ സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കാസര്‍ഗോട്ട് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വലിയ പ്രതീക്ഷയോടെയാണ് അവര്‍ കേരളത്തിലെത്തിയത്. ഇന്ത്യയില്‍ ഏറ്റവും സുരക്ഷിതമായ ടൂറിസം കേന്ദ്രമാണു കേരളം. മൂന്നാറില്‍ നടന്നത് നെഗറ്റീവ് സംഭവമാണ്. പോസിറ്റീവ് കാര്യങ്ങള്‍കൂടി വാര്‍ത്തയാക്കണം. ഇത്തരം സംഭവങ്ങളിലൂടെ കേരളത്തിലേക്കു വരുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ കുറവ് വരരുത്.
ഏറ്റവും സമാധാനമുള്ള സംസ്ഥാനമാണ് കേരളം. ഇവിടെ ഇങ്ങനെയൊരു അനുഭവം ഒരു ടൂറിസ്റ്റിന് ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
National
മുംബൈ: പവൈയിലെ അഭിനയം പഠിപ്പിക്കുന്ന ആർഎ സ്റ്റുഡിയോയിൽ കുട്ടികളെ ബന്ദികളാക്കി യുവാവ്. 20 കുട്ടികളെയാണ് ബന്ദികളാക്കിയത്. സംഭവത്തിൽ രോഹിത് ആര്യ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇയാൾ വീഡിയോ പുറത്തുവിട്ടിരുന്നു. 'എനിക്ക് ചില വ്യക്തികളുമായി സംസാരിക്കാന്‍ വേണ്ടിയാണ് കുട്ടികളെ ബന്ദികളാക്കിയത്. ഞാന്‍ ഭീകരവാദിയല്ല, പണത്തിന് വേണ്ടി അല്ല കുട്ടികളെ ബന്ദികളാക്കിയത്. താന്‍ ആദ്യം ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങിയതാണ്. അത് കുട്ടികളെ ഭയപ്പെടുത്തുമെന്നതിനാല്‍ അതു ചെയ്തില്ല'- രോഹിത് ആര്യ വീഡിയോയില്‍ പറയുന്നു.
വൻ പോലീസ് സംഘം സ്ഥലത്തെത്തിയാണ് കുട്ടികളെ മോചിപ്പിച്ചത്. രോഹിത് ആര്യ മാനസിക പ്രശ്നമുള്ള ആളാണെന്നാണ് പ്രാഥമിക സൂചനയെന്നും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു.
അറസ്റ്റിലായ രോഹിത് ആര്യ യൂട്യൂബ് ചാനല്‍ നടത്തുന്നയാളാണെന്നും പോലീസ് പറയുന്നു. പോലീസ് സ്ഥലത്തെത്തിയപ്പോള്‍ പൂട്ടിയിട്ട നിലയിലായിരുന്നു കുട്ടികള്‍ ഉണ്ടായിരുന്നത്. വാതില്‍ തകര്‍ത്താണ് പോലീസ് കുട്ടികളെ രക്ഷിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലായി രോഹിത് ഈ സ്റ്റുഡിയോയില്‍ ഓഡിഷനുകള്‍ നടത്തി വരികയായിരുന്നു എന്ന് റിപ്പോര്‍ട്ടുണ്ട്. വ്യാഴാഴ്ച രാവിലെ ഓഡിഷനായി ഏകദേശം 100 കുട്ടികള്‍ എത്തിയപ്പോള്‍, ഇയാള്‍ 80 ഓളം പേരെ പുറത്തുപോകാന്‍ അനുവദിച്ചെങ്കിലും 20 വരെ കുട്ടികളെ അകത്ത് പൂട്ടിയിടുകയായിരുന്നെന്നും പോലീസ് പറയുന്നു.
National
മുംബൈ: നടൻ സഞ്ജയ് ദത്തിനെിരെ പബ്ലിക്ക് പ്രോസിക്യൂട്ടർ ഉജ്വൽ നികം. 1993ൽ നടന്ന സ്ഫോടനത്തിന്റെ ഗൂഢാലോചനയിൽ നേരിട്ട് ബന്ധമില്ലായിരുന്നെങ്കിലും ദുരന്തം ഒഴിവാക്കാനായി പോലീസിനെ സഹായിക്കാൻ അദ്ദേഹത്തിനാകുമായിരുന്നെന്ന് ഉജ്വൽ പറഞ്ഞു.
ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സഞ്ജയ്ക്കെതിരെ ഉജ്വൽ രംഗത്തെത്തിയത്. സഞ്ജയ് ദത്തിന് ആയുധങ്ങളോട് ഭ്രമമാണ്. ആ ഭ്രമമാണ് എകെ-56 റൈഫിൾ കൈവശം വയ്ക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചെന്നും അത് അധോലോക നേതാവ് അബു സലേം നൽകിയതാണെന്നും ഉജ്വൽ പറഞ്ഞു.
‘‘മുംബൈ സ്ഫോടനത്തിന് മുന്‍പ് ഒരു വാഹനം നിറയെ ആയുധങ്ങളുമായി അബു സലേം അദ്ദേഹത്തിന്റെ അടുത്ത് എത്തിയിരുന്നു. സഞ്ജയ് അത് കാണുകയും ചെയ്തു. അതിൽനിന്ന് ഒരു തോക്ക് സഞ്ജയ് എടുത്തതിന് ശേഷം ബാക്കി ആയുധങ്ങളുമായാണ് അബു മടങ്ങിയത്.
സ്ഫോടനം നടക്കാൻ പോകുന്നു എന്ന വിവരം അദ്ദേഹത്തിനറിയില്ലായിരുന്നു. എന്നാൽ ആയുധങ്ങൾ കണ്ടപ്പോൾ അദ്ദേഹത്തിന് പോലീസിനെ വിവരം അറിയിക്കാമായിരുന്നു. ആയുധങ്ങൾ നിറഞ്ഞ ടെമ്പോയെക്കുറിച്ച് അദ്ദേഹം അപ്പോൾ തന്നെ വിവരം നൽകിയിരുന്നെങ്കിൽ പോലീസ് ആ വാഹനം പിന്തുടരുമായിരുന്നു. അവർ പ്രതിയെ പിടികൂടുകയും ചെയ്യുമായിരുന്നു. സ്ഫോടനത്തെ കുറിച്ച് അറിയില്ലെങ്കിലും ആയുധങ്ങളെക്കുറിച്ച് അറിയിച്ചാൽ ദുരന്തം ഒഴിവാക്കാമായിരുന്നു’’– ഉജ്വൽ പറഞ്ഞു.
National
മുംബൈ: ഗണേശോത്സവം ശനിയാഴ്ച സമാപിക്കാനിരിക്കെ മുംബൈ നഗരത്തിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് അജ്ഞാതന്റെ ഭീഷണി സന്ദേശം. മുംബൈ നഗരത്തിൽ 34 വാഹനങ്ങളിൽ ആർഡിഎക്സ് ഉണ്ടെന്നാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. വാട്ട്സ്ആപ്പിലൂടെയാണ് പോലീസിന് ഭീഷണി സന്ദേശം ലഭിച്ചത്
പത്ത് ദിവസത്തെ ഗണേശോത്സവത്തിന്റെ സമാപന ചടങ്ങായ അനന്ത ചതുർഥി ആഘോഷത്തിനായി തയാറെടുക്കവെയാണ് ട്രാഫിക് പോലീസിന്റെ കൺട്രോൾ റൂമിലെ ഹെൽപ്പ്ലൈനിലേക്കു ഭീഷണി സന്ദേശം ലഭിച്ചത്.
‘ലഷ്കർ-ഇ-ജിഹാദി’ എന്നാണ് സന്ദേശം അയച്ചയാൾ സ്വയം പരിചയപ്പെടുത്തിയത്. 14 പാക്കിസ്ഥാനി ഭീകരർ ഇന്ത്യയിൽ പ്രവേശിച്ചതായും 400 കിലോ ആർഡിഎക്സ് സ്ഫോടനത്തിനായി ഉപയോഗിക്കുമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു.
സ്ഫോടനത്തിലൂടെ ‘‘ഒരു കോടി ആളുകളെ കൊല്ലാൻ കഴിയുമെന്നും’’ സന്ദേശത്തിലുണ്ട്. ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ മുംബൈയിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടി. ആന്റി ടെററിസം സ്ക്വാഡിന് വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
എല്ലാ മുൻകരുതലകളും സ്വീകരിച്ചിട്ടുണ്ട്. എല്ലാ സ്ഥലങ്ങളിലും പരിശോധന നടത്തുകയാണെന്നും ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.