മുംബൈ: ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ വാഹനം അപകടത്തിൽപ്പെട്ടു. തിങ്കളാഴ്ച രാത്രി ഒമ്പതോടെ മുംബൈയിലെ ജുഹുവിൽ വെച്ചായിരുന്നു അപകടം.
അപകടത്തിൽ നിന്ന് താരവും ഭാര്യ ട്വിങ്കിൾ ഖന്നയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അമിതവേഗതയിലെത്തിയ ഒരു മെഴ്സിഡസ് കാർ ആദ്യം ഒരു ഓട്ടോറിക്ഷയിൽ ഇടിക്കുകയും, നിയന്ത്രണം വിട്ട ഓട്ടോ അക്ഷയ് കുമാറിന്റെ വാഹനവ്യൂഹത്തിലുണ്ടായിരുന്ന ഇന്നോവ കാറിൽ വന്നിടിക്കുകയുമായിരുന്നു.
ആ സമയത്ത് അക്ഷയ് കുമാറും ഭാര്യയും തൊട്ടുമുന്നിലുള്ള മറ്റൊരു കാറിലായിരുന്നു സഞ്ചരിച്ചിരുന്നത്. താരത്തിന്റെ കാറിലും ചെറിയ രീതിയിൽ ഉരസലുകൾ ഉണ്ടായെങ്കിലും വലിയ അപകടം ഒഴിവാകുകയായിരുന്നു.
സംഭവസ്ഥലത്തെത്തിയ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിൽ വാഹനങ്ങൾക്ക് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പരിക്കേറ്റ ഓട്ടോ ഡ്രൈവറെയും യാത്രക്കാരനെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags : Akshay Kumar car accident Mumbai