National
ന്യൂഡൽഹി: ലോക്സഭയിൽ പ്രതിപക്ഷനേതാവിനെ സംസാരിക്കുന്നതിൽനിന്നു തടഞ്ഞത് പാർലമെന്ററി നടപടിക്രമങ്ങൾക്കും കീഴ്വഴക്കങ്ങൾക്കും വിരുദ്ധമാണെന്നു രാജ്യസഭ മുൻ ഉപാധ്യക്ഷനും പ്രമുഖ പാർലമെന്റേറിയനുമായ പ്രഫ. പി.ജെ. കുര്യൻ.
പാർലമെന്റിൽ എംപിമാർ ഉന്നയിക്കുന്ന ചില ചോദ്യങ്ങൾക്കു മറുപടി നൽകേണ്ടതില്ലെന്ന പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദേശം ഭരണഘടനാവിരുദ്ധവും നിയമനിർമാണ സഭയുടെ അധികാരങ്ങളിലേക്കുള്ള സർക്കാരിന്റെ കടന്നുകയറ്റവുമാണെന്നും എട്ടു തവണ പാർലമെന്റംഗമായിരുന്ന കുര്യൻ വ്യക്തമാക്കി.
പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പ്രസംഗിച്ചുതുടങ്ങിയപ്പോൾ ഉദ്ധരിക്കാൻ ഒരുങ്ങിയത് നിയമപ്രകാരം പബ്ലിഷ് ചെയ്ത ഒരു പ്രസിദ്ധീകരണത്തിലെ ലേഖനത്തിൽനിന്നാണ്. പൊതുസഞ്ചയത്തിലുള്ള (പബ്ലിക് ഡൊമെയ്ൻ) ലേഖനത്തിൽനിന്നുള്ള ഭാഗം പ്രസംഗിക്കുന്നതു തടയാൻ നിയമവും ചട്ടങ്ങളുമില്ല.
പ്രസിദ്ധീകരിക്കാത്ത ബുക്കിന്റെ കാര്യം പറഞ്ഞു പൊതുമധ്യത്തിലുള്ള ഉദ്ധരണി (ക്വോട്ട്) തടയാനും വകുപ്പില്ല. പൊതുസഞ്ചയത്തിലുള്ളത് ഉന്നയിക്കുന്നതിൽനിന്നു പ്രതിപക്ഷനേതാവിനെ തടയാൻ കഴിയുന്ന നിയമമോ കീഴ്വഴക്കമോ രീതിയോ ലോക്സഭയിലില്ല.- പ്രഫ. കുര്യൻ തുറന്നടിച്ചു.
സ്പീക്കർ നീതിമാനാകണം
ഉദ്ധരണിയുടെ സത്യസന്ധതയെക്കുറിച്ച് സ്പീക്കർക്കു സംശയമുണ്ടായിരുന്നെങ്കിൽ അത് ആധികാരികമാക്കാൻ (ഒഥന്റിക്കേറ്റ്) ചെയ്യാൻ ആവശ്യപ്പെടാം. സ്പീക്കർ അതു ചെയ്തില്ല. ഉദ്ധരിച്ചതിൽ സത്യസന്ധമല്ലാത്തതോ അപമാനകരമായതോ എന്തെങ്കിലും ഉണ്ടെങ്കിൽ സ്പീക്കർക്ക് അതു നീക്കംചെയ്യാം. അംഗത്തിനെതിരേ നടപടിയെടുക്കുകയും ചെയ്യാം. പ്രതിപക്ഷനേതാവ് പറഞ്ഞശേഷമുള്ള നിയമാനുസൃതമായ മാർഗം അതായിരുന്നു. അതിനു പകരം സ്പീക്കർ ചെയ്തതു പ്രതിപക്ഷനേതാവിനെ തടയുകയാണ്.
“വീണ്ടും ലോക്സഭാ സ്തംഭനത്തെക്കുറിച്ച്”എന്ന തലക്കെട്ടോടെ സാമൂഹ്യമാധ്യമത്തിൽ ഇതേക്കുറിച്ചെഴുതിയ രണ്ടാമത്തെ കുറിപ്പിൽ കുര്യൻ ചൂണ്ടിക്കാട്ടി.
“മുൻകൂർ നോട്ടീസ് കൊടുത്തിട്ടായാലും കൊടുക്കാതെയായാലും പ്രതിപക്ഷനേതാവിനെ സംസാരിക്കുന്നതിൽ നിന്നു തടയുന്നത് പാർലമെന്ററി കീഴ്വഴക്കങ്ങൾക്കും (കണ്‍വെൻഷൻസ്) നടപടിക്രമങ്ങൾക്കും വിരുദ്ധമാണ്.
എന്റെ ദീർഘകാല പാർലമെന്ററി ചരിത്രത്തിൽ ഒരിക്കൽപോലും അങ്ങനെയൊരു സംഭവം അറിയില്ല. സഭാനേതാവോ പ്രതിപക്ഷനേതാവോ എപ്പോൾ എഴുന്നേറ്റാലും അവർക്ക് അവസരം നൽകുകയാണ് ഇതുവരെയുള്ള കീഴ്വഴക്കം. സ്പീക്കർസ്ഥാനം ഏറ്റവും പ്രധാനപ്പെട്ട ഒരു ഭരണഘടനാപദവിയാണ്. അദ്ദേഹം നീതിമാനായാൽ മാത്രം പോരാ, മറിച്ച് അങ്ങനെയാണെന്നു തോന്നിപ്പിക്കുകയും വേണം. രണ്ടു രീതിയിലും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സംശയാസ്പദമാണ്” - രാജ്യസഭയുടെ മുൻ ഉപാധ്യക്ഷൻ കുറ്റപ്പെടുത്തി.
രാഹുൽഗാന്ധി ഉദ്ധരിക്കാൻ ആസ്പദമാക്കിയ വിഷയം അതീവ ഗൗരവമുള്ളതാണെന്നതാണു മറ്റൊരു കാര്യമെന്ന് പ്രഫ. കുര്യൻ ഓർമിപ്പിച്ചു. ചൈനീസ് പട്ടാളം നമ്മുടെ അതിർത്തിയിലേക്ക് കയറുന്പോഴുണ്ടായ കേന്ദ്രസർക്കാരിന്റെ നിസംഗതയാണു വിഷയം. രാജ്യത്തിന്റെ സുരക്ഷയെക്കുറിച്ചും ചൈനീസ് ആക്രമണസാധ്യതയുള്ള സാഹചര്യത്തിൽ സർക്കാരിന്റെ നിഷ്ക്രിയത്വത്തെക്കുറിച്ചുമാണിത്. രണ്ടര മണിക്കൂറിനുശേഷം തീരുമാനമെടുക്കുവാനുള്ള അധികാരം പട്ടാളത്തിനു വിട്ടുകൊടുക്കുകയും ചെയ്തു.
ഗൗരവതരമായ ഈ വീഴ്ച പാർലമെന്റിലല്ലാതെ എവിടെയാണു ചർച്ച ചെയ്യേണ്ടത്? സൈനികമേധാവിയുടെ ആരോപണം തെറ്റാണെങ്കിൽ സർക്കാരിനതു നിഷേധിക്കുകയും വിശദീകരിക്കുകയും ചെയ്യാം. അത്തരമൊരു ചർച്ച നിഷേധിക്കുന്നതിന്റെ ഉദ്ദേശ്യം എന്താണ്? ഇത്ര വലിയ വീഴ്ച പാർലമെന്റും ജനങ്ങളും അറിയേണ്ടതല്ലേയെന്നും മുതിർന്ന കോണ്‍ഗ്രസ് നേതാവായ കുര്യൻ ചോദിച്ചു.
ലെജിസ്ലേച്ചറിനുമേൽ എക്സിക്യൂട്ടീവിന്റെ കടന്നുകയറ്റം
ചില വിഷയങ്ങളെക്കുറിച്ചുള്ള എംപിമാരുടെ ചോദ്യങ്ങൾ ലിസ്റ്റിൽ ഉൾപ്പെടുത്തുകയോ മറുപടി പറയുകയോ വേണ്ടെന്ന് ലോക്സഭാ സെക്രട്ടറിക്കു പ്രധാനമന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയതിനെയും കുര്യൻ നിശിതമായി വിമർശിച്ചു. ഭരണഘടനപ്രകാരം അങ്ങനെയൊരു നിർദേശം നൽകാൻ പ്രധാനമന്ത്രിക്കോ അദ്ദേഹത്തിന്റെ ഓഫീസിനോ അധികാരമില്ല. ചോദ്യം സ്വീകരിക്കുന്നതിനെക്കുറിച്ചുള്ള തീരുമാനമെടുക്കേണ്ടത് ലോക്സഭാ സെക്രട്ടേറിയറ്റാണ്. സർക്കാരിന് അതിൽ യാതൊരു അധികാരവുമില്ല. ലെജിസ്ലേച്ചറിന്റെ മേൽ എക്സിക്യൂട്ടീവിന്റെ കടന്നുകയറ്റമാണു നടന്നത്. ഭരണഘടനാതത്വങ്ങൾക്കു വിരുദ്ധമാണിതെന്നും പ്രഫ. കുര്യൻ കുറ്റപ്പെടുത്തി.
Kerala
കോട്ടയം: ഭിന്നശേഷി സംവരണ വിഷയത്തില്‍ ക്രൈസ്തവ മാനേജ്മെന്റുകളും സര്‍ക്കാരും തമ്മില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രമുഖ അധ്യാപക സംഘടനകളുടെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും കോട്ടയം ജില്ലയിലെത്തുന്നു. രണ്ടു സംഘടനകളുടെയും യോഗത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഭിന്നശേഷി സംവരണ വിഷയത്തില്‍ എന്തു പ്രഖ്യാപനം നടത്തുമെന്ന ആകാംക്ഷയിലാണ് അധ്യാപക സമൂഹം.
ഇടതുപക്ഷ അധ്യാപക സംഘടനയിലെ പ്രമുഖ സംഘടനയായ കെഎസ്ടിഎയുടെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള അധ്യാപക റാലിയെ തുടര്‍ന്നുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനാണു മുഖ്യമന്ത്രി പിണറായി വിജയന് കോട്ടയത്ത് എത്തുന്നത്. കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡിന്റെ ചങ്ങനാശേരിയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള വിദ്യാഭ്യാസ അവകാശ സംരക്ഷണ റാലിയെ തുടര്‍ന്നുള്ള മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനാണു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് എത്തുന്നത്.
നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടക്കുന്ന സമ്മേളനത്തില്‍ ഭിന്നശേഷി സംവരണ പ്രശ്നവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നയം മുഖ്യമന്ത്രി പ്രഖ്യാപിച്ചേക്കും. അതേസമയം വിഷയത്തില്‍ യുഡിഎഫിന്റെ നിലപാടും യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളേക്കുറിച്ചും പ്രതിപക്ഷ നേതാവും പ്രഖ്യാപനം നടത്താനാണ് സാധ്യത.
ഇന്നും നാളെയുമായി ചങ്ങനാശേരിയിലാണു കാത്തിലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സമ്മേളനം. നാളെ രാവിലെ ചങ്ങനാശേരിയില്‍ അധ്യാപകരുടെ അവകാശ സംരക്ഷണ റാലി നടക്കും. തുടര്‍ന്നു ചേരുന്ന മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനാണു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് എത്തുന്നത്.
കെസിബിസി വിദ്യാഭ്യാസ കമ്മീഷന് ചെയര്മാന് ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി, ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍, കെസിബിസി വിദ്യാഭ്യാസ കമ്മീഷന് വൈസ്ചെയര്‍മാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് തുടങ്ങിയവരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഭിന്നശേഷി സംവരണ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരേയുള്ള പ്രതിഷേധം ടീച്ചേഴ്സ് ഗില്‍ഡ് സമ്മേളനത്തിൽ ചര്‍ച്ച ചെയ്യും.
കോട്ടയത്ത് നടക്കുന്ന കെഎസ്ടിഎയുടെ 35-ാം സംസ്ഥാന സമ്മേളനത്തിനാണ് മഖ്യമന്ത്രി എത്തുന്നത്. 16നു വൈകുന്നേരം തിരുനക്കര മൈതാനത്തെ പൊതുസമ്മേളനമാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. നാളെ പ്രതിനിധി സമ്മേളനം പരകാല പ്രഭാകരനും സാംസ്കാരിക സമ്മേളനം മന്ത്രി വി. ശിവന്‍കുട്ടിയും സെമിനാര്‍ മന്ത്രി കെ.എന്‍. ബാലഗോപാലുമാണ് ഉദ്ഘാടനം ചെയ്യുന്നത്. ഭിന്നശേഷി വിഷയത്തിൽ ടീച്ചേഴ്സ് ഗില്‍ഡിന്റെ നിലപാടുകൾക്കൊപ്പമായിരുന്നു കെഎസ്ടിഎ എന്നതും ശ്രദ്ധേയമാണ്.
ഭിന്നശേഷി പ്രശ്നം മനഃപൂര്‍വം വഷളാക്കിയത് സര്‍ക്കാരാണെന്ന നിലപാടിലാണു കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ്. ഭിന്നശേഷി സംവരണ വിഷയത്തില്‍ സുപ്രീംകോടതി വിശദമായ വാദം കേള്‍ക്കാന്‍ കൂടുതല്‍ സമയമനുവദിച്ച് കേസ് മാറ്റിവച്ചത് സിംഗിള്‍ മാനേജ്മെന്റുകള്‍ക്കുവേണ്ടി മാത്രമായാണ്. സമാന സ്വഭാവമുള്ള സൊസൈറ്റികള്‍ക്കും മറ്റ് ഏജന്‍സികള്‍ക്കും എന്‍എസ്എസിനു നല്കിയ സുപ്രീംകോടതി ഉത്തരവ് ബാധകമായതിനാല്‍ മറ്റ് കോര്‍പറേറ്റ് മാനേജ്മെന്റുകളുടെ സ്കൂളുകളില്‍ അധ്യാപക നിയമനാംഗീകാരം നല്കാന് യാതൊരുതടസവും ഇപ്പോഴില്ല. പകല്‍ പോലെ വ്യക്തമായ ഇക്കാര്യം വിദ്യാഭ്യാസ മന്ത്രി തന്ത്രപൂര്‍വം മറച്ചുവയ്ക്കുകയാണെന്നും മറിച്ചുള്ള രീതിയില്‍ നിയമസഭയില്‍ ഉള്‍പ്പെടെ പ്രസ്താവന നടത്തുകയാണെന്നും ടീച്ചേഴ്സ് ഗില്‍ഡ് കുറ്റപ്പെടുത്തുന്നു.
ഭിന്നശേഷി പ്രശ്നം ശാശ്വതമായി പരിഹരിക്കാന്‍ എല്ലാവിധത്തിലും സഹകരിച്ചിട്ടുള്ള കോര്‍പറേറ്റ് സ്കൂള്‍ മാനേജ്മെന്റ് ഏജന്‍സികളും ബന്ധപ്പെട്ട എല്ലാ അധ്യാപകരും, സര്‍ക്കാരിനൊപ്പം നിന്നില്ല എന്ന മന്ത്രിയുടെ കണ്ടെത്തല്‍ വിരോധാഭാസമാണ്. നിലവില്‍ ശമ്പളം ലഭിക്കാത്ത 22,000 വരുന്ന അധ്യാപരിലാരും കോടതിയില്‍ ഒരു വാദവും ഉയര്‍ത്തിയിട്ടില്ല. ശമ്പളം ലഭിക്കുന്ന അധ്യാപകര്‍ ഹർജിക്കാരും ഭിന്നശേഷിക്കാര്‍ എതിർകക്ഷികളുമായ ഒരു കേസില്‍ ശമ്പളം ലഭിക്കാത്ത 22,000 അധ്യാപകരുടെ വിഷയം അനാവശ്യമായി വലിച്ചിട്ട സര്‍ക്കാര്‍ അധ്യാപക സമൂഹത്തോട് മാപ്പ് പറഞ്ഞു തിരുത്തണമെന്നും ടീച്ചേഴ്സ് ഗില്‍ഡ് ഭാരവാഹികള്‍ ആവശ്യപ്പെട്ടിരുന്നു.
National
ന്യൂഡല്‍ഹി: ബജറ്റ് ചര്‍ച്ചയ്ക്കുമുമ്പ് പ്രതിപക്ഷ നേതാവിന് സംസാരിക്കാന്‍ അനുമതി നല്‍കാതിരുന്നതോടെ ഇന്നലെയും ലോക്സഭ സ്തംഭിച്ചു. പ്രതിപക്ഷ ബഹളമില്ലാതിരുന്നിട്ടും സര്‍ക്കാര്‍ സഭാനടപടികള്‍ നിര്ത്തിവയ്ക്കുന്നതാണു കണ്ടത്.
രാവിലെ 11ന് ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ പ്രതിപക്ഷനേതാവിന് ചില കാര്യങ്ങള്‍ ഉന്നയിക്കാനുണ്ടെന്ന് ആവശ്യപ്പെട്ടപ്പോള്‍, ചോദ്യോത്തരവേളയില്‍ പ്രസംഗം അനുവദിക്കില്ലെന്നും ചര്‍ച്ചയുടെ സമയത്ത് പ്രതിപക്ഷനേതാവിന് ആവശ്യങ്ങള്‍ ഉന്നയിക്കാമെന്നും സ്പീക്കര്‍ അറിയിച്ചു. തുടര്‍ന്ന് പ്രതിപക്ഷം ബഹളം വച്ചതോടെ ഉച്ചവരെ സഭാനടപടികള്‍ നിര്‍ത്തിവച്ചു.
തുടര്‍ന്ന് ബജറ്റ് ചര്‍ച്ചയ്ക്കു മുന്നോടിയായി സ്പീക്കറുടെ ഏകപക്ഷീയ നിലപാടിനെതിരേ പ്രസംഗിക്കാന്‍ രാഹുല്‍ ഗാന്ധിക്കുവേണ്ടി പ്രതിപക്ഷാംഗങ്ങള്‍ അനുമതി തേടിയെങ്കിലും സ്പീക്കറുടെ ചെയറിലുണ്ടായിരുന്ന കൃഷ്ണ പ്രസാദ് ടെന്നട്ടി അനുമതി നല്‍കിയില്ല. ചര്‍ച്ചയ്ക്ക് ശശി തരൂരിനെ ക്ഷണിച്ചെങ്കിലും പ്രതിപക്ഷനേതാവ് സംസാരിച്ചശേഷം താന്‍ പ്രസംഗിക്കാമെന്ന് അദ്ദേഹം പറഞ്ഞതോടെ സഭ രണ്ടാമതും നിര്‍ത്തിവച്ചു.
ഉച്ചകഴിഞ്ഞു രണ്ടിന് വീണ്ടും സമ്മേളിച്ചപ്പോള്‍ ബജറ്റ് ചര്‍ച്ചയ്ക്കുമുമ്പ് രാഹുല്‍ ഗാന്ധിക്ക് ചില കാര്യങ്ങള്‍ ഉന്നയിക്കാന്‍ സ്പീക്കര്‍ ഓം ബിര്‍ളയുമായി പ്രതിപക്ഷാംഗങ്ങള്‍ അദ്ദേഹത്തിന്റെ ചേംബറില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ധാരണയായതായി സ്പീക്കര്‍ ചെയറില്‍ ഉണ്ടായിരുന്ന പാനല്‍ അംഗം സന്ധ്യ റായിയെ അറിയിച്ചു.
എന്നാല്‍ ഇത്തരമൊരു കൂടിക്കാഴ്ചയെപ്പറ്റി തനിക്ക റിയില്ലെന്നും മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ ആരെയും പ്രസംഗിക്കാന്‍ അനുവദിക്കില്ലെന്നും സന്ധ്യ റായ് വ്യക്തമാക്കി. ഈ സമയം പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു ഇടപെട്ട് പ്രതിപക്ഷം ഉന്നയിക്കുന്ന തരത്തിലൊരു ധാരണയില്ലെന്നും ലോക്സഭാ സ്പീക്കറെപ്പറ്റി എന്തെങ്കിലും സംസാരിക്കണമെങ്കില്‍ അദ്ദേഹം സഭയില്‍ ഉള്ളപ്പോള്‍ വേണമെന്നും പറഞ്ഞു.
എന്നാല്‍ പാര്‍ലമെന്റിന് ഒരു പാരമ്പര്യമുണ്ടെന്നും പ്രതിപക്ഷനേതാവ് ഒരു കാര്യം ഉന്നയിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ അതിന് മുന്‍കൂര്‍ നോട്ടീസ് നല്‍കേണ്ടതില്ലെന്നും അദ്ദേഹം പറയുന്നതു കേള്‍ക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പറയാന്‍ പൂര്‍ത്തിയാക്കാതെ തരൂരിന്റെ മൈക്ക് ഓഫാക്കി. തുടര്‍ന്ന് സഭ പിരിഞ്ഞു.
National
ന്യൂഡൽഹി: പ്രതിപക്ഷനേതാവ് സംസാരിച്ച് പൂർത്തീകരിക്കുന്നതിനുമുന്‍പ് കീഴ്വഴക്കം ലംഘിച്ച് മറ്റൊരു അംഗത്തെ പ്രസംഗിക്കാൻ വിളിച്ചതിൽ പ്രതിഷേധിച്ച് ലോക്സഭയിൽ നാടകീയ സംഭവങ്ങൾ. സ്പീക്കറുടെ ചെയറിനു മുന്നിൽ പേപ്പർ കീറി എറിഞ്ഞതിനും ലോക്സഭാ സെക്രട്ടറി ജനറലിന്റെ ഇരിപ്പിടത്തിനു സമീപം കയറി മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചതിനും ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ എന്നിവരുൾപ്പടെ എട്ട് എംപിമാരെ സസ്പെൻഡ് ചെയ്തു.
നടപ്പ് സമ്മേളനം അവസാനിക്കുന്ന ഏപ്രിൽ രണ്ടുവരെയാണ് സസ്പെൻഷൻ. കോണ്‍ഗ്രസ് എംപിമാരായ മാണിക്കം ടാഗോർ, പ്രശാന്ത് പഡോലെ, അമരീന്ദർ സിംഗ് രാജ വാറിംഗ്, സി. കിരണ്‍ കുമാർ റെഡ്ഢി, ഗുർജീത് സിംഗ് ഔജ്ല, സിപിഎമ്മിന്റെ മധുര എംപി എസ്. വെങ്കിടേശൻ തുടങ്ങിയവരാണ് നടപടി നേരിട്ട മറ്റുള്ളവർ. കീഴ്വഴക്കമനുസരിച്ച് പ്രതിപക്ഷനേതാവ് സംസാരിച്ച് പൂർത്തിയാക്കിയശേഷം മാത്രമേ സഭയിലെ മറ്റൊരാളെ സംസാരിക്കാൻ അനുവദിക്കാവൂ. എന്നാൽ, ഇതെല്ലാം ലംഘിക്കപ്പെടുന്നതാണ് ഇന്നലെ ലോക്സഭയിൽ കണ്ടത്.
മുൻ കരസേനാ മേധാവി എം.എം. നരവനെയുടെ, പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിൽ ചൈനീസ് അതിർത്തിയിലെ സംഭവം രാഹുൽ ഗാന്ധി ഇന്നലെയും സഭയിൽ ഉന്നയിക്കാൻ ശ്രമിച്ചപ്പോൾ സ്പീക്കറിന്റെ ചെയറിൽ ഉണ്ടായിരുന്ന കൃഷ്ണപ്രസാദ് ടെന്നറ്റി അനുമതി നിഷേധിച്ചതോടെയാണു ബഹളം കനത്തത്. സമാജ്വാദി പാർട്ടി എംപിമാരുടെ പ്രതിഷേധത്തെത്തുടർന്ന് രാവിലെ പിരിഞ്ഞ ലോക്സഭ ഉച്ചകഴിഞ്ഞു രണ്ടിനു ചേർന്നപ്പോൾ രാഹുൽ പ്രസംഗിക്കാനെത്തി. നരവനെയുടെ ഓർമക്കുറിപ്പിലെ സംഭവം സംബന്ധിച്ച് തിങ്കളാഴ്ച ഉന്നയിച്ച സമാനവിഷയം ഇന്നലെയും രാഹുൽ ഉന്നയിക്കാൻ ശ്രമിച്ചു. ഇതുസംബന്ധിച്ച രേഖകൾ ആധികാരികമാക്കാൻ സ്പീക്കർക്കു കൈമാറി. റൂളിംഗിലൂടെ അനുമതി നിഷേധിച്ച സമാന വിഷയം വീണ്ടും ഉന്നയിക്കാൻ സാധിക്കില്ലെന്നും രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് മറുപടി നൽകാൻ മാത്രമേ സാധിക്കൂവെന്നും വ്യക്തമാക്കി സ്പീക്കർ മറ്റ് അംഗങ്ങളെ പ്രസംഗിക്കാൻ ക്ഷണിച്ചു.
എന്നാൽ പ്രതിപക്ഷത്തുനിന്ന് ആരും പ്രസംഗിക്കാൻ തയാറായില്ല. പ്രതിപക്ഷം ഒറ്റക്കെട്ടായി നടുത്തളത്തിലിറങ്ങി മുദ്രാവാക്യങ്ങൾ മുഴക്കി പ്രതിഷേധിക്കുന്നതാണ് പിന്നീടു കണ്ടത്. നരവനെയുടെ, പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിന്റെ കവർ പേജും എംപിമാരുടെ കൈയിലുണ്ടായിരുന്നു. പ്രതിപക്ഷ എംപിമാർ പ്രസംഗിക്കാൻ വിസമ്മതിച്ചതോടെ ടിഡിപിയുടെ ജി.എം. ഹരീഷ് ബാലയോഗി സംസാരിച്ചുതുടങ്ങിയപ്പോഴേക്കും സസ്പെൻഷൻ ലഭിച്ച എംപിമാർ ലോക്സഭാ സെക്രട്ടറി ജനറലിന്റെ ഇരിപ്പിടത്തിലെത്തി സ്പീക്കർക്കു നേരേ മുദ്യാവാക്യങ്ങൾ മുഴക്കി. മാണിക്കം ടാഗോറാണ് ആദ്യം ഇരിപ്പിടത്തിലേക്കു കയറിയത്. പിന്നാലെ ഹൈബി, ഡീൻ തുടങ്ങിയവരുൾപ്പെടെയുള്ള എംപിമാരും കയറി മുദ്രാവാക്യങ്ങൾ മുഴക്കി. അമരീന്ദർ സിംഗ് വാറിംഗ് പേപ്പർ കീറിയെറിഞ്ഞതോടെ ലോക്സഭ മൂന്നുവരെ നിർത്തിവച്ചു.
സഭ വീണ്ടും സമ്മേളിച്ചപ്പോൾ എംപിമാരെ സസ്പെൻഡ് ചെയ്യണമെന്ന് പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. തുടർന്ന് സസ്പെൻഡ് ചെയ്യുന്നതായി സ്പീക്കർ ചെയറിലുണ്ടായിരുന്ന ദിലീപ് സൈകിയ അറിയിച്ചു. അപ്പോഴും പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടർന്നു. മാണിക്കം ടാഗോർ, പ്രശാന്ത് പഡോലെ, ആർ. സുധ തുടങ്ങി നാല് എംപിമാർ വീണ്ടും സെക്രട്ടറി ജനറലിന്റെ ഇരിപ്പിടത്തിനു സമീപം കയറി മുദ്രാവാക്യം മുഴക്കി. നരവാനെയുടെ പുസ്തകത്തിന്റെ കവർ പേജിന്റെ കോപ്പി കോണ്‍ഗ്രസിന്റെ തമിഴ്നാട്ടിൽനിന്നുള്ള എംപി ആർ. സുധ സ്പീക്കർക്കു നേരേ കീറിയെറിഞ്ഞു. ബഹളം കനത്തതോടെ സഭ പിരിച്ചുവിട്ടു. തുടർന്ന് പാർലമെന്റിനു പുറത്ത് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ എംപിമാർ പ്രതിഷേധിച്ചു.
സ്പീക്കറിന്റെ ചെയറിനു നേരേ രണ്ടാമത് പേപ്പർ കീറിയെറിഞ്ഞ ആർ. സുധയ്ക്കെതിരേ ഇന്ന് നടപടിയുണ്ടായേക്കും. പ്രതിപക്ഷനേതാവിന് സംസാരിക്കാൻ അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ചതിന് ലഭിച്ച സസ്പെൻഷൻ വലിയ അംഗീകാരമാണെന്ന് ഡീനും ഹൈബിയും പ്രതികരിച്ചു.
National
ന്യൂഡൽഹി: ലോക്സഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്പോരും നാടകീയ രംഗങ്ങളും. നന്ദി പ്രമേയ ചർച്ചയ്ക്കിടെയാണ് ഇരുപക്ഷവും തമ്മിൽ വാക്പോരുണ്ടായത്.
ബിജെപി എംപി തേജസ്വി സൂര്യ കോൺഗ്രസിന്റെ രാജ്യസ്നേഹത്തെയും സംസ്കാരത്തെയും ചോദ്യം ചെയ്തതോടെയാണ് തർക്കങ്ങൾക്ക് തുടക്കമായത്. ഇതിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സംസാരിക്കാൻ എഴുന്നേറ്റതോടെ സഭയിലെ അന്തരീക്ഷം കൂടുതൽ കലുഷിതമായി.
മുൻ കരസേന മേധാവി ജനറൽ നരവനെയുടെ പുറത്തിറങ്ങാത്ത പുസ്തകത്തിലെ പരാമർശങ്ങൾ ഉദ്ധരിച്ച് ചൈനയുടെ കടന്നുകയറ്റത്തെക്കുറിച്ച് സംസാരിക്കാൻ രാഹുൽ ശ്രമിച്ചതാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചത്. പ്രകാശിതമാകാത്ത പുസ്തകത്തിലെ കാര്യങ്ങൾ സഭയിൽ ഉന്നയിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് പറഞ്ഞുകൊണ്ട് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇടപെട്ടു.
എന്നാൽ താൻ ഒരു മാഗസിനിൽ വന്ന റിപ്പോർട്ടാണ് വായിക്കുന്നതെന്ന് രാഹുൽ ആവർത്തിച്ചെങ്കിലും സ്പീക്കർ ഇതിന് അനുമതി നൽകിയില്ല. എങ്കിലും രാഹുൽ ഗാന്ധി പ്രസംഗം തുടരാൻ ശ്രമിച്ചു. രാഹുൽ ഗാന്ധിയുടെ മൈക്ക് പലതവണ ഓഫാക്കിയത് സഭയിൽ വൻ പ്രതിഷേധത്തിന് കാരണമായി.
ഇതിനിടെ രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി ആഭ്യന്തര മന്ത്രി അമിത് ഷായും രംഗത്തെത്തി. ഇതോടെ രാഹുൽ ഗാന്ധിയും രാജ്നാഥ് സിംഗും അമിത് ഷായും തമ്മിലുള്ള നേർക്കുനേർ പോരിന് കൂടിയാണ് ലോക്സഭ സാക്ഷ്യം വഹിച്ചത്.
Kerala
തിരുവനന്തപുരം: ക്രിമിനൽ കേസ് പ്രതികൾക്ക് തുടർച്ചയായി പരോൾ അനുവദിക്കുന്ന വിഷയം, അടിയന്തര പ്രമേയമായി അവതരിപ്പിക്കാനുള്ള ആവശ്യം നിഷേധിച്ച സ്പീക്കറുടെ നടപടിയിൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി പ്രതിപക്ഷം.
ഗുരുതരമായ വിഷയമാണ് ഇന്ന് നിയമസഭയിൽ ചർച്ചയ്ക്ക് കൊണ്ടുവന്നതെന്നും. എന്നാൽ റൂൾസ് ഓഫ് പ്രൊസീജിയറിനെ ദുർവ്യാഖ്യാനം ചെയ്ത് സർക്കാരിന്റെ ഇംഗിതങ്ങൾക്ക് വഴങ്ങി സിപിഎം പ്രതിരോധത്തിലാകുന്ന വിഷയങ്ങൾ ചർച്ച ചെയ്യേണ്ട എന്ന നിലപാടിനോട് സ്പീക്കർ കുടപിടിച്ചുകൊടുക്കുകയാണ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
കഴിഞ്ഞ ദിവസം എംഎൽഎയുടെ ഓഫീസിന് മുന്നിൽ പ്രകടനം നടത്തിയവരെ ക്രൂരമായി ലാത്തിചാർജ് ചെയ്ത സംഭവം നിയമസഭയിൽ ചർച്ച ചെയ്യാൻ അനുവദിച്ചില്ല. ജീവാപായം വരുന്ന രീതിയിൽ പോലീസിന് നേരെ സ്റ്റീൽ ബോംബ് എറിഞ്ഞതിന് 20 വർഷം തടവുശിക്ഷ വിധിച്ച പ്രതികൾക്ക് എല്ലാ ചട്ടവും ലംഘിച്ചുകൊണ്ട് പരോൾ നൽകുകയാണ്.
ആദ്യത്തെ പ്രതിക്ക് ആറുദിവസം പരോൾ നൽകി. പിന്നെ പരോൾ നീട്ടി. മൂന്നാമത് സർക്കാരും പരോൾ നീട്ടി. ആൾ ജയിലിൽ പോയ മാസം തന്നെ മൂന്ന് പ്രാവശ്യം പരോൾ നീട്ടി നൽകുന്ന സാഹചര്യമുണ്ടായി. ഇത് തുടർച്ചയായി സംഭവിക്കുന്നു.
ടി.പി കേസിലെ പ്രതികളിൽ 1,000ത്തിലധികം ദിവസം പരോൾ ലഭിച്ച പ്രതികളുണ്ട്. അതായത് മൂന്ന് വർഷത്തിൽ കൂടുതൽ അവർ ജയിലിന് പുറത്തായിരുന്നു. മാത്രമല്ല തെളിവുകൾ പുറത്തുവന്നതിന് ഒരു ഡിഐജിയെ സസ്പെൻഡ് ചെയ്തു. എല്ലാ ജയിലുകളിലും പോയി തടവുകാരുടെ കൈയിൽ നിന്നും പണം വാങ്ങിച്ചിരുന്ന ഒരു ഡിഐജിയാണ് ഈ പിണറായി വിജയന് കീഴിലുണ്ടായിരുന്നത്. ഗുരുതര ക്രമക്കേടുകളാണ് ജയിലുകളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ഏറ്റവും അടുത്ത ബന്ധു മരിക്കുകയോ ഗുരുതരമായ രോഗം ബാധിക്കുകയോ മാത്രം ചെയ്താലേ പരോൾ അനുവദിക്കാൻ പാടുള്ളു. ടി.പി. ചന്ദ്രശേഖരൻ കേസിലെ പ്രതികൾക്ക് എങ്ങനെയാണ് 1,000ലധികം ദിവസം പരോൾ ലഭിച്ചത്. 1,000ത്തിലധികം ദിവസം ഇവരുടെ ബന്ധുക്കൾ മരിച്ചോ, ബന്ധുക്കൾ അസുഖം ബാധിച്ച് കിടന്നോ.
സിപിഎമ്മിനുവേണ്ടി കൊലനടത്തിയ പ്രതികൾക്ക് പരോളാണ്. നിയമത്തെ കാറ്റിൽ പറത്തുകയാണ്. തടവുകാർക്കുള്ള പ്രത്യേകമായ നിയമത്തെ ലംഘിക്കുകയാണ്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി മറുപടി പറയാതെ ഒളിച്ചോടി. കെ.കെ. രമയുടെ ചോദ്യത്തിന് മറുപടി നൽകാതെയാണ് ഒളിച്ചോടിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Kerala
തിരുവനന്തപുരം: ആർആർടിഎസ് പദ്ധതിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ഉമ്മൻ ചാണ്ടിയുടെ കാലത്ത് ഇ. ശ്രീധരനെ കൊച്ചി മെട്രോ ചുമതലയിൽ നിന്ന് മാറ്റാൻ പോകുന്നു എന്ന് പറഞ്ഞ് ബഹളം വച്ചതാണ് സിപിഎമ്മെന്നും ഇപ്പോൾ എല്ലാവരും ചേർന്ന് ശ്രീധരനെ പരിഹസിക്കുകയാണെന്നും വി.ഡി. സതീശൻ പറഞ്ഞു.
പ്രാരംഭ പഠനം നടത്താതെയാണ് പദ്ധതി പ്രഖ്യാപിച്ചത്. പാരിസ്ഥിതിക പരിശോധനകൾ നടത്തിയശേഷം കേരളത്തിന് സാമ്പത്തികമായി താങ്ങാൻ കഴിയുന്ന പദ്ധതി കൊണ്ടുവരണം. കേരളത്തിന് ഗുണകരമായ ഏതു പദ്ധതിയും ആര് കൊണ്ടുവന്നാലും കോൺഗ്രസ് എതിർക്കില്ലെന്ന് വി.ഡി. സതീശൻ പറഞ്ഞു.
അതേസമയം, സ്പ്രിംഗ്ലർ വിവാദവുമായി ബന്ധപ്പെട്ട് താൻ കേസ് കൊടുത്തിട്ടില്ലെന്നും ഇട്ടിട്ട് ഓടിയത് പിണറായി വിജയനാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സി.ജെ. റോയിയുടെ ആത്മഹത്യയിൽ ഗൗരവകരമായ അന്വേഷണം നടത്തണമെന്നും ദുരൂഹത നീക്കണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബഡ്ജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
പൂച്ച പെറ്റുകിടക്കുന്ന ഖജനാവുള്ള കേരളത്തിൽ അവതരിപ്പിച്ച സർക്കാരിന്റെ ബജറ്റ് ജനങ്ങൾ വിശ്വസിക്കരുതെന്ന് വി.ഡി. സതീശൻ പറഞ്ഞു. അനാവശ്യ അവകാശ വാദം കൊണ്ട് പവിത്രത നശിപ്പിച്ചെന്നും ഇത് വെറുമൊരു പൊളിറ്റിക്കൽ ഡോക്യുമെന്റ് മാത്രമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
കേരളത്തിലെ തന്നെ ഏറ്റവും മോശം പ്ലാന്‍ എക്സ്പെന്‍ഡിച്ചര്‍ നടത്തിയ വര്‍ഷമാണ് ഇത്. വിശ്വാസ്യത തീരെ ഇല്ലാത്ത ബജറ്റ് ആണ് അവതരിപ്പിച്ചത്. കേരളത്തിലെ മോശം പദ്ധതി ചെലവ് നടപ്പാക്കിയ വർഷമാണ് കടന്നുപോയത്.
10 വര്‍ഷം ചെയ്യാതിരുന്നത് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നു. പരിതാപകരമായ അവസ്ഥയിലാണ് കേരളത്തിലെ സാമ്പത്തിക രംഗം. ന്യൂ നോര്‍മല്‍ എന്നാല്‍ തോന്നിയതു പോലെ ബജറ്റില്‍ പറയുക അത് നടപ്പാക്കിതിരിക്കുക എന്നതാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിലക്കയറ്റം ഉള്ള ഒന്നാമത്തെ സംസ്ഥാനമാണ് കേരളം എന്നും അദ്ദേഹം പറഞ്ഞു.
10 ലക്ഷം രൂപയിൽ കൂടുതൽ ട്രഷറിയിൽ നിന്ന് മാറിയെടുക്കാൻ കഴിയില്ല. ഇത്തരം ഒരു ഖജനാവ് വെച്ചാണ് ഗീർവാണ പ്രസംഗം നടത്തിയിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
2021 ല്‍ അധികാരത്തില്‍ വന്നതും പെന്ഷന് വര്‍ധിപ്പിക്കുമെന്നു പറഞ്ഞാണ്. ഇപ്പോഴും അതു തന്നെയാണ് പറയുന്നത്. തെരഞ്ഞെടുപ്പിനു മുമ്പെ ജനങ്ങളെ കബളിപ്പിക്കുകയാണ്.
ക്ഷേമ പെന്ഷന് തുടങ്ങിയത് ഏതു സര്‍ക്കാരിന്റെ കാലത്താണെന്ന് ജനങ്ങള്‍ക്കറിയാം. കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ആര്. ശങ്കറിന്റെ കാലത്താണ് പെന്ഷന് പദ്ധതി തുടങ്ങിയത്. സിപിഎം ഗവണ്മെന്റിന്റെ കാലത്തല്ല.
സര്‍ക്കാര്‍ പറയുന്ന കണക്കും പ്രവര്‍ത്തിക്കുന്ന രീതിയും രണ്ടും രണ്ടാണ്. വരാന്‍ പോകുന്ന ഗവണ്മെന്റിന്റെ തലയില്‍ എല്ലാം കെട്ടിവയ്ക്കുന്ന ബജറ്റാണ് നടപ്പാക്കിയിരിക്കുന്നത്. നടപ്പാക്കാന്‍ പോകുന്ന ബജറ്റ് യുഡിഎഫ് അവതിരിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Kerala
കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വർഗീയതക്കെതിരായ നിലപാടിൽ വെള്ളം ചേർക്കില്ലെന്നും വെളളാപ്പള്ളി ഭിന്നിപ്പിനുള്ള പലരുടെയും ഉപകരണമായി മാറുന്നുവെന്നും സതീശൻ പറഞ്ഞു. വർഗീയതയോട് ഏറ്റുമുട്ടി വീരാളിപ്പട്ട് പുതച്ചു കിടക്കുമെന്നും പിന്നിൽ നിന്ന് വെട്ടേറ്റ് മരിക്കില്ലെന്നും സതീശൻ വ്യക്തമാക്കി.
"2016ൽ എന്നെ പറവൂരിൽ തോൽപ്പിക്കാൻ വർഗീയ ശക്തികൾ എല്ലാം ചേർന്ന് ശ്രമിച്ചതാണ്. എന്നാൽ പറവൂരിലെ ജനങ്ങൾ അത് തള്ളിക്കളഞ്ഞു. വൻ ഭൂരിപക്ഷത്തിലാണ് എന്നെ അവർ വിജയിപ്പിച്ചത്. ഇനിയും അവർ തന്നെ വിജയിപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ല.'-സതീശൻ പറഞ്ഞു.
തിരുവനന്തപുരത്ത് സംസാരിച്ചത് മുഖ്യമന്ത്രിക്കെതിരെയാണെന്നും വർഗീയത പറഞ്ഞ വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി പൊന്നാട അണിയിച്ചെന്നും സതീശൻ പറഞ്ഞു. മുസ്ലീം ലിഗാണ് എൻഎസ്എസിനെയും എസ്എൻഡിപിയെയും തമ്മിൽ തെറ്റിച്ചതെന്ന വെള്ളാപ്പള്ളിയുടെ അഭിപ്രായം തെറ്റാണെന്നും സതീശൻ കൂട്ടിച്ചർത്തു.
എൻഎസ്എസ്-എസ്എൻഡിപി ഐക്യ നീക്കത്തെയും സതീശൻ സ്വാഗതം ചെയ്തു. എല്ലാ സമുദായങ്ങളും ഐക്യത്തോടെ ഇരിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നാണ് സതീശൻ പറഞ്ഞത്.
Kerala
ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തന്നെ വർഗീയ വാദിയെന്ന് വിളിച്ച സതീശൻ ഇന്നലെ പൂത്ത തകരയാണെന്നാണ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്. താൻ വർഗീയ വാദിയാണെന്ന് രമേശ് ചെന്നിത്തലയോ വേണുഗോപാലോ എ.കെ. ആന്റണിയോ പറയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കാന്തപുരം ഇരുന്ന വേദിയിൽ അദ്ദേഹം തന്നെ സതീശനെ തിരുത്തി. താൻ കോൺഗ്രസിന് എതിരല്ല. നേതാക്കളുമായി നല്ല ബന്ധമുണ്ട്. തന്നെ വേട്ടയാടുകയാണ്. ഈഴവരെ തകർക്കാനാണ് ശ്രമമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ആദ്യം മുതൽക്കേ എസ്എൻഡിപി ഉയർത്തിയ വാദമാണ് നായാടി മുതൽ നമ്പൂതിരി വരെ എന്നുള്ളത്. നായർ- ഈഴവ ഐക്യം അനിവാര്യമാണ്. മറ്റു സമുദായങ്ങളുടെ അവകാശം പിടിച്ചു പറ്റാനില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
ലീഗ് നേതൃത്വം എസ്എൻഡിപി യോഗത്തെ മുൻനിർത്തി സമരങ്ങൾ നടത്തി. നായർ - ഈഴവ ഐക്യത്തോട് ലീഗിന് യോജിച്ചില്ല. അന്ന് ഉന്നയിച്ച സംവരണകാര്യം മുന്നോട്ട് പോയില്ല. സംവരണം പറഞ്ഞ് എന്നെ മുന്നോട്ട് കൊണ്ടുപോയി. എന്നാൽ താൻ ചതിക്കപ്പെട്ടു. ലീഗ് ആണ് എൻഎസ്എസിനെയും എസ്എൻഡിപിയെയും തെറ്റിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
താൻ മുസ്ലിം വിരോധി അല്ല. മലപ്പുറം പരാമർശം വ്യാഖ്യാനിച്ച് തന്നെ വർഗീയ വാദിയാക്കുകയാണ് ചെയ്തതെന്നും മുസ്ലീം ലീഗിലെ വർഗീയതയാണ് എതിർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ശാഖ സെക്രട്ടറിമാരെയും ഭാരവാഹികളെയും പങ്കെടുപ്പിച്ചുകൊണ്ട് എസ്എൻഡിപിയുടെ യോഗം 21ന് ആലപ്പുഴയിൽ നടക്കുമെന്നും വെള്ളാപ്പള്ളി അറിയിച്ചു.
National
ഭോപ്പാൽ: മധ്യപ്രദേശിലെ ഇൻഡോറിലെത്തി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജലമലിനീകരണത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന രോഗികളെയും അവരുടെ ബന്ധുകളെയും രാഹുൽ സന്ദർശിച്ചു.
ഇൻഡോറിലെ ബോംബെ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന നാല് രോഗികളെ രാഹുൽ കണ്ടു. തുടർന്ന് അവരുടെ ബന്ധുകളെയും കണ്ടതിന് ശേഷമാണ് മടങ്ങിയത്. മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ജിതു പട്വാരിയും പാർട്ടി നേതാവ് ഉമംഗ് സിംഘറും രാഹുലിനൊപ്പമുണ്ടായിരുന്നു.
കഴിഞ്ഞ മാസം രോഗം റിപ്പോർട്ട് ചെയ്ത ഭാഗീരത്പുര എന്ന സ്ഥലവും രാഹുൽ സന്ദർശിച്ചു. മരിച്ചവരുടെ കുടുംബങ്ങളെ കാണുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. രാഹുലിന്റെ സന്ദർശനത്തിനൊടനുബന്ധിച്ച് പ്രദേശത്ത് പോലീസ് വലിയ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു
Kerala
കൊച്ചി: കേരള കോൺഗ്രസ്-എം യുഡിഎഫിലേയ്ക്ക് വരുമെന്ന് തങ്ങളാരും പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ജോസ് വരുന്ന കാര്യമല്ല വിസ്മയമെന്നും തെരഞ്ഞെടുപ്പിന് മുൻപ് അത് കാണാമെന്നും സതീശൻ പറഞ്ഞു.
"യുഡിഎഫിന്റെ അടിത്തറ വിപുലപ്പെടുത്തും. വ്യക്തികളും പാർട്ടികളുമടക്കം വരും. വിസ്മയം എന്താണെന്ന് ഞങ്ങളാണ് പറയേണ്ടത്. ഐഷാ പോറ്റി വരുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിൽ അത് വിസമയം ആകുമായിരുന്നോ. കാത്തിരുന്നാൽ ഇനിയും വിസ്മങ്ങൾ കാണാം.'-സതീശൻ പറഞ്ഞു.
കേരള കോൺഗ്രസ്-എം വരുന്ന കാര്യമാണ് വിസ്മയം എന്നൊക്കെ പ്രചരിപ്പിച്ചത് മാധ്യമങ്ങളാണ്. യുഡിഎഫിന്റെ നേതാക്കളാരും അതിനെ കുറിച്ച് പറഞ്ഞിട്ടില്ല. എല്ലാ ദിവസവും വന്ന് വിസ്മയത്തിന് കുറിച്ച് പറയേണ്ട കാര്യമില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് എന്തായാലും കൂടൂതൽ പേർ യുഡിഎഫിൽ എത്തുമെന്നും സതീശൻ ആവർത്തിച്ചു.
International
വാഷിംഗ്ടൺ ഡിസി: തനിക്ക് ലഭിച്ച സമാധാനത്തിനുള്ള നൊബേൽ സമ്മാനം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കൈമാറി വെനിസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറീന മഷാഡോ. വൈറ്റ്ഹൗസിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെയാണ് ഇവർ പുരസ്കാരം നൽകിയത്.
വെനസ്വേലയിലെ ജനാധിപത്യം പുനഃസ്ഥാപിക്കാൻ ട്രംപ് നൽകിയ പിന്തുണക്ക് നന്ദി സൂചകമായാണ് പുരസ്കാരം സമർപ്പിച്ചതെന്ന് മഷാഡോ പറഞ്ഞു. വെനസ്വേലൻ ഭരണാധികാരിയായിരുന്ന നിക്കോളസ് മഡൂറോയെ പുറത്താക്കിയ അമേരിക്കൻ ഇടപെടലുകൾക്ക് ശേഷമാണ് കൂടിക്കാഴ്ച നടന്നത്. മഷാഡോയുടെ പ്രവൃത്തിയെ വലിയ ബഹുമതിയായി കാണുന്നുവെന്ന് ട്രംപ് പ്രതികരിച്ചു.
എന്നാൽ നൊബേൽ സമ്മാനം മറ്റൊരാൾക്ക് കൈമാറാനോ പങ്കുവയ്ക്കാനോ നിയമപരമായി സാധിക്കില്ലെന്ന് നോർവീജിയൻ നൊബേൽ ഇൻസ്റ്റിറ്റ്യൂട്ട് നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരിക്കൽ പ്രഖ്യാപിച്ച പുരസ്കാരം മാറ്റാൻ കഴിയില്ലെന്നാണ് അവരുടെ ഔദ്യോഗിക വിശദീകരണം.
മെഡൽ ഇപ്പോൾ ട്രംപിന്റെ കൈവശമാണെന്ന് വൈറ്റ്ഹൗസ് ഉദ്യോഗസ്ഥൻ പിന്നീട് സ്ഥിരീകരിച്ചു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപായി കേരളത്തിൽ വിസ്മയങ്ങളുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇടതുമുന്നണിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ഒരു പാർട്ടിയാണ് കേരള കോൺഗ്രസ്-എം. അവരുടെ വിശ്വാസിയതയെ ചോദ്യം ചെയ്യുന്ന ഒന്നും തങ്ങളുടെ ഭാഗത്ത് നിന്നുമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുൻപായി കേരളത്തിൽ വിസ്മയങ്ങളുണ്ടാകുമെന്ന് പറഞ്ഞിരുന്നു. എൽഡിഎഫിലുള്ള കക്ഷികളും എൻഡിഎയിലുള്ള കക്ഷികളും നിഷ്പക്ഷരായ ആളുകളും യുഡിഎഫിന്റെ പ്ലാറ്റ്ഫോമിലേക്കു വരും.
അവര്‍ ആരൊക്കെയാണ് എന്ന് ഇപ്പോള്‍ ദയവായി ചോദിക്കരുത്. കാത്തിരിക്കാനും സതീശന് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണിയെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധി വിളിച്ച് യുഡിഎഫില്‍ ചേരാന്‍ ക്ഷണിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
എന്നാൽ, പാർട്ടി ഇടതുമുന്നണി വിടില്ലെന്നാണ് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കിയത്. മുന്നണിമാറ്റം അഭ്യൂഹം മാത്രമാണെന്നും വിസ്മയം സൃഷ്ടിക്കേണ്ട ആവശ്യമില്ലെന്നും ചര്‍ച്ച നടന്നതായി അറിയില്ലെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് വലതു കൈ നഷ്ടപ്പെട്ട ഒന്‍പതു വയസുകാരി വിനോദിനിക്കു കൃത്രിമ കൈ വയ്ക്കുന്നതിനായി ബന്ധപ്പെട്ട ഏജൻസിക്കു മുഴുവൻ തുകയും കൈമാറി.
കൃത്രിമ കൈ നിർമിച്ചു നൽകാമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് നടപടി.
ശനിയാഴ്ച രാവിലെ വിനോദിനിയെ പാലക്കാടു നിന്ന് കൊച്ചിയിൽ എത്തിച്ചു. അമൃത ആശുപത്രിയിൽ എല്ലാ വിധ പരിശോധനകളും പൂർത്തിയാക്കി. കൃത്രിമ കൈ വയ്ക്കുന്നതിനുള്ള അളവെടുപ്പും നടന്നു.
ഇതിനുള്ള ഉപകരണങ്ങൾ വിദേശത്ത് നിന്ന് ഓർഡർ നൽകി കൊണ്ടു വരേണ്ടതുണ്ട്. രണ്ട് ആഴ്ചയ്ക്കുള്ളിൽ കൃത്രിമ കൈ തയാറാകും. കൃത്രിമ കൈ കുട്ടിക്കു വച്ചതിനു ശേഷമുള്ള പരിശോധനകൾ പരമാവധി മൂന്ന് ആഴ്ചയ്ക്കകം പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിന് തടവ് ശിക്ഷ ലഭിച്ചതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആന്റണി രാജു അറിഞ്ഞ് കൊണ്ട് ഗുരുതരമായ കുറ്റകൃത്യമാണ് നടത്തിയതെന്നും എല്ലാം അറിഞ്ഞിട്ടും മുഖ്യമന്ത്രി പിണറായി വിജയന് ആന്റണി രാജുവിനെ മന്ത്രിയാക്കിയത് തെറ്റെന്നും വിഡി സതീശന് പറഞ്ഞു.
"എല്ലാം അറിഞ്ഞുകൊണ്ടാണ് പിണറായി വിജയന് അദ്ദേഹത്തെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. അദ്ദേഹത്തെ രണ്ടരവര്‍ഷം മന്ത്രിയാക്കി കൊണ്ടുനടന്നു. ഒരിക്കലും ആക്കാന്‍ പാടില്ലായിരുന്നു. നിയമസഭയില്‍ മത്സരിപ്പിക്കാന്‍ പോലും പാടില്ലായിരുന്നു.'-സതീശൻ വിമർശിച്ചു.
കോടതിക്ക് സംശയം തോന്നിയതുകൊണ്ടാണ് കേസില്‍ രണ്ടാമതും തെളിവെടുപ്പ് നടത്തിയത്. ഇതുതന്നെയാണ് ശബരിമലക്കേസിലും നടക്കുന്നത്. സ്വര്‍ണം കൊള്ള ചെയ്ത സിപിഎം നേതാക്കളെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കൊളളകാര്‍ക്ക് കുട പിടിച്ചുകൊടുക്കയാണ്. ആന്റണി രാജു എംഎല്‍എ സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ല' -സതീശന് പറഞ്ഞു.
തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിന് മൂന്ന് വർഷത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചത്. കേസിൽ രണ്ടാം പ്രതിയാണ് ആന്റണി രാജു. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
ഗൂഢാലോചനയ്ക്ക് ആറ് മാസം തടവ്, തെളിവ് നശിപ്പിക്കലിന് മൂന്ന് വർഷം തടവും 10,000 രൂപ പിഴയും, കള്ള തെളിവ് ഉണ്ടാക്കൽ വകുപ്പിന് മൂന്ന് വർഷം തടവ് എന്നിങ്ങനെയാണ് കോടതി ശിക്ഷ വിധിച്ചത്.
കേസെടുത്ത് മൂന്നു പതിറ്റാണ്ടിനു ശേഷമാണ് വിധിവരുന്നത്. തൊണ്ടിമുതലായ അടിവസ്ത്രത്തിൽ തിരിമറി നടത്തി പ്രതിക്ക് ശിക്ഷയിൽനിന്ന് രക്ഷപ്പെടാൻ അവസരമൊരുക്കി എന്ന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്.
Kerala
പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ കൂടി ആഗ്രഹമാണിത്. സംഘടനാ തലത്തിലും തെരഞ്ഞെടുപ്പുകളിലും സ്ത്രീകള്‍ക്കും ചെറുപ്പക്കാര്‍ക്കും നല്ല പ്രാതിനിധ്യം നല്‍കണമെന്ന് രാഹുല്‍ ഗാന്ധി തന്നെ നിര്‍ദേശിച്ചിട്ടുണ്ട്. 50 ശതമാനം വേണമെന്ന് പറയാറുണ്ട്. അതു നടപ്പാക്കേണ്ട ചുമതല ഞങ്ങള്‍ക്കുണ്ടെന്നും വി.ഡി. സതീശന് അടൂരിൽ പറഞ്ഞു.
യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കുക എന്നതിനർഥം പഴയ തലമുറയില്‍പ്പെട്ട എല്ലാവരോടും മാറി നില്‍ക്കണം എന്നല്ലോ പറയുന്നത്. പുതിയ തലമുറയില്‍പ്പെട്ട ആളുകള്‍ക്ക് കൂടി അവസരം ഉണ്ടാകണം. തീര്‍ച്ചയായും അങ്ങനെ ഉണ്ടാകണം.
ഞങ്ങളെല്ലാം അങ്ങനെ കയറി വന്നവരാണ്. ഇനി ഞങ്ങള്‍ക്ക് പിറകേ ആരും വരേണ്ട എന്നു തീരുമാനിക്കാന്‍ പറ്റില്ലല്ലോ. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം ഉണ്ടാകുമെന്ന് ഉറപ്പാണ്.
കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ കൂടി ആഗ്രഹമാണ്. പാര്‍ട്ടിയെ സജീവമായി നിര്‍ത്തുന്നതിനു വേണ്ടി കൂടിയാണിത്. അതിനു വേണ്ടി ഞങ്ങള്‍ പ്രവര്‍ത്തിക്കും. മുതിര്‍ന്നവരെ മാറ്റി നിര്‍ത്തും എന്നൊന്നും പറഞ്ഞിട്ടില്ല. കൂടുതല്‍ യുവാക്കളെയും സ്ത്രീകളെയും കൊണ്ടുവരും എന്നാണ്. പ്രായമുള്ളവരെല്ലാം പിരിഞ്ഞുപോകണം എന്നല്ല ഇതിനര്‍ഥം. മാറ്റം ഉണ്ടാകും. സംഘടനാപരമായും അങ്ങനെ വേണം. അതുകൊണ്ട് മുതിര്‍ന്ന നേതാക്കളൊന്നും പാര്‍ട്ടി വിട്ടു പോയിട്ടില്ലല്ലോ എന്നും വി.ഡി. സതീശന് പറഞ്ഞു.
മുതിര്‍ന്നവരുടെ സഹായവും അവരുടെ ഉപദേശവും തേടും. അവരില്‍ മത്സരിക്കാന്‍ പറ്റുന്നവര്‍ മത്സരിക്കുകയും ചെയ്യും. അവരെ ആരെയും ഒഴിവാക്കില്ലെന്നും വി.ഡി. സതീശന് കൂട്ടിച്ചേര്‍ത്തു.
2026ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാർഥികളില്‍ തലമുറമാറ്റം ഉണ്ടാകുമെന്നും യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും 50 ശതമാനം സീറ്റുകള്‍ നല്‍കുമെന്നും ഒരു ഇംഗ്ലീഷ് ദിനപ്പത്രത്തിന് നല്കിയ അഭിമുഖത്തില്‍ വി.ഡി. സതീശന് വ്യക്തമാക്കിയിരുന്നു.
Kerala
ശ്രീകണ്ഠപുരം: കോളിളക്കം സൃഷ്ടിച്ച പാലത്തായി പീഡനം, കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം എന്നീ കേസുകൾ അന്വേഷിച്ച മുൻ അസി. കമ്മീഷണർ ടി.കെ. രത്നകുമാറിന് ശ്രീകണ്ഠപുരം നഗരസഭയിൽ പ്രതിപക്ഷനേതാവാകാം.
സർവീസിൽനിന്നു വിരമിച്ച ശേഷം തദ്ദേശ തെരഞ്ഞെടുപ്പിൽ ശ്രീകണ്ഠപുരം നഗരസഭയിൽ സിപിഎം ടിക്കറ്റിൽ മത്സരിച്ച ടി.കെ. രത്നകുമാർ, കോൺഗ്രസിലെ എം.കെ. ബാലകൃഷ്ണനെയാണ് പരാജയപ്പെടുത്തിയത്. ശ്രീകണ്ഠപുരം നഗരസഭയിലെ കോട്ടൂര്‍ വാര്‍ഡില്‍ നിന്നുമാണ് രത്നകുമാര്‍ ജനവിധി തേടിയത്. ശ്രീകണ്ഠപുരത്ത് യുഡിഎഫ് ഭരണം നിലനിർത്തി.
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പി.പി. ദിവ്യക്കെതിരായ കേസില്‍ അന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതല രത്നകുമാറിനായിരുന്നു. കേസില്‍ കുറ്റപത്രം നല്‍കിയതിന് പിന്നാലെയാണ് രത്നകുമാര്‍ സര്‍വീസില്‍നിന്ന് വിരമിച്ചത്.
ഭരണം കിട്ടിയാൽ നഗരസഭാ അധ്യക്ഷനാക്കാനാണ് എൽഡിഎഫ് ടി.കെ. രത്നകുമാറിനെ കളത്തിലിറക്കിയത്. അതിനാൽ രത്നകുമാർ പ്രതിപക്ഷനേതാവാകാനാണ് സാധ്യത.
Kerala
പത്തനംതിട്ട: തിരുവനന്തപുരം എംപി ശശി തരൂരിന് സവർക്കർ പുരസ്കാരം നൽകന്നുവെന്ന വാർത്തയോട് പ്രതികരിത്താതെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ശബരിമല ദർശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ പിന്തുണച്ചുകൊണ്ടുള്ള അടൂർ പ്രകാശിന്റെ പ്രതികരണം ചെറിയ നാക്കുപിഴയായി കണ്ടാൽ മതിയെന്നും അദ്ദേഹം ആ നിലപാട് പിന്നീട് തിരുത്തിയെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
ഇരയാക്കപ്പെട്ട പെൺകുട്ടിക്ക് ഒപ്പമാണ് കോൺഗ്രസ് പാർട്ടി. ആ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: ജനങ്ങൾ യുഡിഎഫിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രണ്ട് കാരണങ്ങളാകും യുഡിഎഫിന്റെ വിജയത്തിന് കാരണമാകുക. സർക്കാരിനെതിരായ ശക്തമായ ജനവികാരം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങൾ ആളുകളെ അംബരിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പറവൂരിലെ പോളിംഗ് ബൂത്തിൽ വോട്ട്രേ ഖപ്പെടുത്തിയശേഷമായിരുന്നു സതീശന്റെ പ്രതികരണം.
ശബരിമലയിൽ അയ്യപ്പന്റെ സ്വർണം കട്ടവരിൽ സിപിഎമ്മിന്റെ ഉന്നതരായ നേതാക്കൾ ഉണ്ട്. അവർക്കെതിരെ ഒരു നടപടി പോലും സിപിഎം എടുത്തിട്ടില്ല. അവരെ ഇപ്പോഴും സിപിഎം സംരക്ഷിക്കുകയാണ്. സർക്കാർ അതിന് കുടപിടിക്കുകയാണ്.
അന്വേഷണം സിപിഎം ഉന്നതരിലേക്കും എത്തേണ്ടതായിരുന്നു. എന്നാൽ എസ്ഐടിയുടെ മേൽ പോലും മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നും അതിശക്തമായ സമ്മർദമുണ്ടായി. കുറച്ചുദിവസം കൂടി ഇവരിലേക്കുള്ള അന്വേഷണം നീട്ടിവയ്ക്കുക. ഈ തെരഞ്ഞെടുപ്പിനുശേഷം അവരെയും ചോദ്യം ചെയ്യും. കേരളത്തിലെ ജനങ്ങൾക്ക് ഇതിൽ പ്രതിഷേധം ഉണ്ട്.
യുഡിഎഫ് ഇത്തവണ വലിയ മുന്നോരുക്കം നടത്തി. അതിന്റെ വിജയം കൂടി ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നും സതീശൻ കൂട്ടിച്ചേർത്തു.
Kerala
മലപ്പുറം: അഴിമതിയുടെ നിര്‍മിതികളാണ് ദേശീയപാതയുടെ ഭാഗമായി നിര്‍മിക്കുന്നതെന്നും ഇക്കാര്യത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കൊല്ലം കൊട്ടിയത്ത് നിര്‍മാണത്തിലിരിക്കുന്ന ദേശീയപാത 66 ഇടിഞ്ഞുതാഴ്ന്ന സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാലാരിവട്ടം പാലം ഇതുപോലെ തകര്‍ന്നൊന്നും വീണിട്ടില്ലെന്നും തകര്‍ന്നു വീഴാത്ത പാലാരിവട്ടം പാലം പഞ്ചവടിപ്പാലമെന്ന് പറഞ്ഞ് ഇല്ലാത്ത വിജിലന്‍സ് കേസുണ്ടാക്കിയവരാണ് സംസ്ഥാനം ഭരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പാലാരിവട്ടം പാലത്തിന്റെ പേരില്‍ ആരോപണം ഉന്നയിച്ചവര്‍ ഭരിക്കുമ്പോഴാണ് കേരളം മുഴുവന്‍ ദേശീയപാതയും പാലങ്ങളും തകര്‍ന്ന് വീഴുന്നത്. നൂറ്റി അന്‍പതോളം സ്ഥലത്ത് ദേശീയപാത നിര്‍മാണത്തില്‍ പാളിച്ചകളുണ്ടായിട്ടും സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാരിനോടോ ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയോടോ ഒരു പരാതിയുമില്ല.
റീല്‍സ് എടുക്കാനും ക്രെഡിറ്റ് എടുക്കാനും നടന്നവര്‍ക്ക് ഒരു ഉത്തരവാദിത്വവും ഇല്ലെന്നതാണോ നിലപാട്. അപകടങ്ങളില്‍ മനുഷ്യന്റെ ജീവനാണ് നഷ്ടപ്പെടുന്നത്. ഇന്നലെ 36 കുട്ടികളുടെ ജീവന് ദൈവത്തിന്റെ കൃപകൊണ്ടാണ് രക്ഷപ്പെട്ടത്. അതുവഴി സഞ്ചരിക്കുന്ന എല്ലാവരുടെയും ജീവന് അപകടത്തിലാണ്.
സംസ്ഥാനത്ത് നിര്‍മാണത്തില്‍ ഇരിക്കുന്ന ദേശീയ പാത വ്യാപകമായി തകര്‍ന്ന് വീഴുമ്പോഴും സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാരിനോടോ ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയോടോ ഒരു പരാതിയുമില്ല.
പല വിഷയങ്ങളിലും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഒത്തുചേര്‍ന്നിരിക്കുകയാണ്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി, ബിജെപിയുമായി പിണറായി വിജയനുള്ള ബന്ധത്തിന്റെ പാലമാണ്. ഇപ്പോള്‍ പുതുതായി ഉണ്ടായ ജോണ്‍ ബ്രിട്ടാസ് പാലത്തിനും മുന്‍പെ പിണറായി വിജയന് ഉണ്ടാക്കി വച്ച പാലമാണ് നിതിന്‍ ഗഡ്ക്കരിയെന്ന മന്ത്രിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
Kerala
തിരുവനന്തപുരം: ലൈംഗീകാതിക്രമവുമായി ബന്ധപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ യുവതിയുടെ പുതിയ ഓഡിയോ ക്ലിപ്പുകളും ചാറ്റ് സ്ക്രീൻഷോട്ടുകളും പുറത്തുവന്നതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
പാർട്ടി നേതൃത്വം ഇക്കാര്യത്തിൽ ഏകകണ്ഠമായി തീരുമാനമെടുത്തിട്ടുണ്ടെന്നും ഒരേ കാര്യത്തിൽ രണ്ട് തവണ നടപടിയെടുക്കാൻ പറ്റുമോയെന്നും ആ നടപടി നിലനിൽക്കുകയാണെന്നും വി.ഡി. സതീശൻ പറഞ്ഞു.
ശബരിമല വിഷയത്തിൽ പദ്മകുമാറിനെതിരെ എന്തുകൊണ്ട് സിപിഎം നടപടിയെടുക്കുന്നില്ലെന്നും സിപിഎം ഇക്കാര്യത്തിൽ മൃദുസമീപനം സ്വീകരിക്കുന്നെന്തിനെന്നും ചോദിച്ച പ്രതിപക്ഷ നേതാവ്, നടപടിയെടുക്കാത്തത് സിപിഎം നേതാക്കൾക്കെതിരെ മൊഴി നൽകുമെന്ന് പേടിച്ചിട്ടാണെന്നും വ്യക്തമാക്കി.
പാലക്കാട്ടെ സിപിഎമ്മിലെ അസംതൃപ്തരും സിപിഐയിലെ ഒരു വിഭാഗവുമായി സഹകരിച്ചത് നേതൃത്വത്തിന്റെ അറിവോടെയാണ്. നിയമസഭ തെരഞ്ഞെടുപ്പോടെ യുഡിഎഫ് വിപുലീകരിക്കും. ടീം യുഡിഎഫ് ഒറ്റക്കെട്ടാണ്.
ലീഗിന് പ്രാതിനിധ്യം കുറഞ്ഞെന്ന പരാതി എല്ലാം പരിഹരിക്കും. വെൽഫെയർ പാർട്ടി സഹകരിക്കാമെന്ന് പറഞ്ഞയിടങ്ങളിൽ പിന്തുണ സ്വീകരിച്ചിട്ടുണ്ട്. സുന്നി സംഘടനകൾ പറയുന്നത് അവരുടെ അഭിപ്രായമെന്നും അതിനുള്ള സ്വാതന്ത്ര്യം അവർക്കുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പാലക്കാട് നഗരസഭയിൽ വിസ്മയമുണ്ടാകും. ബിജെപിയെ താഴെയിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷ അംഗത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ ബോഡി ഷെയ്മിംഗ് പരാമര്‍ശം സഭാ രേഖകളില്‍ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സ്പീക്കര്‍ക്ക് കത്ത് നല്കി.
പ്രതിപക്ഷ നിയമസഭാ അംഗത്തിന്റെ ഉയര കുറവിനെയും ശാരീരിക ശേഷിയെയും അപഹസിച്ച മുഖ്യമന്ത്രിയുടെ നടപടി സഭയുടെ അന്തസിനു കളങ്കം വരുത്തുന്നതും പാര്‍ലിമെന്ററി മര്യാദകള്‍ക്ക് നിരക്കാത്തതാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.
പ്രതിപക്ഷാംഗത്തിന്റെ ഉയരക്കുറവിനെ പരിഹസിച്ചായിരുന്നു നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധിക്ഷേപ പരാമര്‍ശം. എട്ടുമുക്കാല്‍ അട്ടിവച്ച പോലെ ഒരാള്‍ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത്രയും ഉയരം മാത്രമുള്ള ഒരാളാണ് നിയമസഭയുടെ പരിരക്ഷ ഉപയോഗിച്ച്, വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിക്കാന്‍ പോയത്. സ്വന്തം ശരീരശേഷി അതിനൊന്നും പറ്റുന്നതല്ല എന്ന് കാണുന്ന എല്ലാവര്ക്കും അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.