തിരുവനന്തപുരം: ക്രിമിനൽ കേസ് പ്രതികൾക്ക് തുടർച്ചയായി പരോൾ അനുവദിക്കുന്ന വിഷയം, അടിയന്തര പ്രമേയമായി അവതരിപ്പിക്കാനുള്ള ആവശ്യം നിഷേധിച്ച സ്പീക്കറുടെ നടപടിയിൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി പ്രതിപക്ഷം.
ഗുരുതരമായ വിഷയമാണ് ഇന്ന് നിയമസഭയിൽ ചർച്ചയ്ക്ക് കൊണ്ടുവന്നതെന്നും. എന്നാൽ റൂൾസ് ഓഫ് പ്രൊസീജിയറിനെ ദുർവ്യാഖ്യാനം ചെയ്ത് സർക്കാരിന്റെ ഇംഗിതങ്ങൾക്ക് വഴങ്ങി സിപിഎം പ്രതിരോധത്തിലാകുന്ന വിഷയങ്ങൾ ചർച്ച ചെയ്യേണ്ട എന്ന നിലപാടിനോട് സ്പീക്കർ കുടപിടിച്ചുകൊടുക്കുകയാണ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
കഴിഞ്ഞ ദിവസം എംഎൽഎയുടെ ഓഫീസിന് മുന്നിൽ പ്രകടനം നടത്തിയവരെ ക്രൂരമായി ലാത്തിചാർജ് ചെയ്ത സംഭവം നിയമസഭയിൽ ചർച്ച ചെയ്യാൻ അനുവദിച്ചില്ല. ജീവാപായം വരുന്ന രീതിയിൽ പോലീസിന് നേരെ സ്റ്റീൽ ബോംബ് എറിഞ്ഞതിന് 20 വർഷം തടവുശിക്ഷ വിധിച്ച പ്രതികൾക്ക് എല്ലാ ചട്ടവും ലംഘിച്ചുകൊണ്ട് പരോൾ നൽകുകയാണ്.
ആദ്യത്തെ പ്രതിക്ക് ആറുദിവസം പരോൾ നൽകി. പിന്നെ പരോൾ നീട്ടി. മൂന്നാമത് സർക്കാരും പരോൾ നീട്ടി. ആൾ ജയിലിൽ പോയ മാസം തന്നെ മൂന്ന് പ്രാവശ്യം പരോൾ നീട്ടി നൽകുന്ന സാഹചര്യമുണ്ടായി. ഇത് തുടർച്ചയായി സംഭവിക്കുന്നു.
ടി.പി കേസിലെ പ്രതികളിൽ 1,000ത്തിലധികം ദിവസം പരോൾ ലഭിച്ച പ്രതികളുണ്ട്. അതായത് മൂന്ന് വർഷത്തിൽ കൂടുതൽ അവർ ജയിലിന് പുറത്തായിരുന്നു. മാത്രമല്ല തെളിവുകൾ പുറത്തുവന്നതിന് ഒരു ഡിഐജിയെ സസ്പെൻഡ് ചെയ്തു. എല്ലാ ജയിലുകളിലും പോയി തടവുകാരുടെ കൈയിൽ നിന്നും പണം വാങ്ങിച്ചിരുന്ന ഒരു ഡിഐജിയാണ് ഈ പിണറായി വിജയന് കീഴിലുണ്ടായിരുന്നത്. ഗുരുതര ക്രമക്കേടുകളാണ് ജയിലുകളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ഏറ്റവും അടുത്ത ബന്ധു മരിക്കുകയോ ഗുരുതരമായ രോഗം ബാധിക്കുകയോ മാത്രം ചെയ്താലേ പരോൾ അനുവദിക്കാൻ പാടുള്ളു. ടി.പി. ചന്ദ്രശേഖരൻ കേസിലെ പ്രതികൾക്ക് എങ്ങനെയാണ് 1,000ലധികം ദിവസം പരോൾ ലഭിച്ചത്. 1,000ത്തിലധികം ദിവസം ഇവരുടെ ബന്ധുക്കൾ മരിച്ചോ, ബന്ധുക്കൾ അസുഖം ബാധിച്ച് കിടന്നോ.
സിപിഎമ്മിനുവേണ്ടി കൊലനടത്തിയ പ്രതികൾക്ക് പരോളാണ്. നിയമത്തെ കാറ്റിൽ പറത്തുകയാണ്. തടവുകാർക്കുള്ള പ്രത്യേകമായ നിയമത്തെ ലംഘിക്കുകയാണ്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി മറുപടി പറയാതെ ഒളിച്ചോടി. കെ.കെ. രമയുടെ ചോദ്യത്തിന് മറുപടി നൽകാതെയാണ് ഒളിച്ചോടിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Tags : Opposition leader V D Sateeshan niyamasabha