District News
പെരിന്തൽമണ്ണ : സ്ഥിരമായി പുലിയുടെ സാന്നിധ്യമുള്ള മണ്ണാർമലക്ക് സമീപം കക്കൂത്ത് ശനിയാഴ്ച പുലിയെ കണ്ടത് നാട്ടുകാരെ ആശങ്കയിലാക്കി. കക്കൂത്ത് സിൽവർ മൗണ്ട് സ്കൂളിന് സമീപത്തായി ശനിയാഴ്ച രാത്രി ഏഴോടെയാണ് പുലിയെ കണ്ടത്.
കക്കൂത്ത് നിവാസിയായ റഷീദ് വീട്ടിൽ നിന്നും ടൗണിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ പുലി റോഡ് മുറിച്ച് കടക്കുന്നതാണ് കണ്ടത്. ഉടൻ മഹല്ല് കമ്മറ്റിയിൽ വിവരം അറിയിച്ചു. മഹല്ല് സെക്രട്ടറി, മഹല്ല് വാട്സ് ആപ് ഗ്രൂപ്പിൽ വിവരം അറിയിച്ച് നാട്ടുകാരോട് ജാഗ്രത പാലിക്കാനും, രാത്രി പുറത്തിറങ്ങരുതെന്ന നിർദ്ദേശവും നൽകി.
തുടർന്ന് നജീബ് കാന്തപുരം എംഎൽഎയെ വിവരം ധരിപ്പിച്ചു. എംഎൽഎ അറിയിച്ചതനുസരിച്ച് ഇന്നലെ രാവിലെ ഫോറസ്റ്റധികൃതർ സ്ഥലത്ത് എത്തി നിരീക്ഷണം നടത്തി. പുലിയുടെ സാന്നിധ്യം ഉറപ്പാക്കാൻ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ തിരുമാനിച്ചു.
കക്കൂത്ത് സിൽവർ മൗണ്ട് സ്കൂളിലേയും, സമീപത്തെ മദ്റസയിലേയും കുട്ടികളെ പഠനത്തിനയക്കാൻ നാട്ടുകാർ പേടിയിലാണ്. കക്കൂത്തിന് സമീപം മണ്ണാർമലയിൽ മൂന്ന് മാസം മുമ്പ് പുലിയെ കുടുക്കാൻ കൂട് സ്ഥാപിച്ച സ്ഥിതിക്ക് വീണ്ടും കൂട് സ്ഥാപിക്കാൻ കഴിയില്ലെന്നാണ് ഫോറസ്റ്റധികൃതരുടെ നിലപാട്. അതേസമയം, പൊന്തക്കാടുകൾ വെട്ടാനും ജാഗ്രത പാലിക്കാനും ഫോറസ്റ്റധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
Kerala
പാലക്കാട്: വേലന്താവളത്ത് പോലീസ് പരിശോധനയിൽ കാറിന്റെ രഹസ്യ അറയിൽ രേഖകളില്ലാതെ സൂക്ഷിച്ചിരുന്ന ഒരു കോടി 31 ലക്ഷം രൂപ പിടിച്ചെടുത്തു. പണം കൊണ്ടുവന്ന പെരിന്തൽമണ്ണ സ്വദേശി എസ്.സുഫിയാനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച രാവിലെ ആറു മണിക്കാണ് സംഭവം. കോയമ്പത്തൂരിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് കൊണ്ടു പോവുകയായിരുന്നു പണം. ഇയാൾ സ്ഥിരമായി ഇത്തരത്തിൽ പണം കടത്തിയിരുന്നതായി പോലീസ് സംശയിക്കുന്നു.
ഇയാൾക്ക് പിന്നിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പോലീസ് പരിശോധിച്ചു വരികയാണ്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
District News
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭ 2.90 കോടി രൂപ ചെലവഴിച്ച് ബി എം ന്ഡ് ബിസി നിലവാരത്തിൽ നവീകരിക്കുന്ന ജൂബിലി റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ പി. ഷാജി നിർവഹിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മുണ്ടുമ്മൽ മുഹമ്മദ് ഹനീഫ സ്വാഗതം പറഞ്ഞു. വൈസ് ചെയർപേഴ്സൺ എ.നസീറ ടീച്ചർ അധ്യക്ഷയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ അമ്പിളി മനോജ്, കെ. ഉണ്ണികൃഷ്ണൻ, കൗൺസിലർമാരായ പത്തത്ത് ജാഫർ,സീനത്ത്. പി, സാറ,അഡ്വ.എ. പ്രവീൺ, നഗരസഭാ സെക്രട്ടറി ജെ.ആർ. ലാൽകുമാർ,മുനിസിപ്പൽ എഞ്ചിനീയർ രാജേഷ്.കെ.ആർ തുടങ്ങിയവർ പങ്കെടുത്തു.കൗൺസിലർ ഷാഹുൽ ഹമീദ് നന്ദി പറഞ്ഞു.
പെരിന്തൽമണ്ണ നഗരത്തിന്റെ ഗതാഗത പ്രയാസങ്ങൾക്ക് പരിഹാരമാകാൻ സഹായകരമാകുന്ന പ്രധാന റോഡ് എന്നതിനാലാണ് ബി എം ആന്ഡ് ബിസി നിലവാരത്തിൽ നിർമ്മാണം നടത്തുന്നത്.വീതി വർധിപ്പിച്ചും ഡ്രൈനേജ് നിർമ്മാണം നടത്തിയും ഏറ്റവും മികച്ച നിലയിൽ കാലാനുസൃതമായ നവീകരണമാണ് നടക്കുന്നത്. അടുത്ത ദിവസങ്ങളിൽ തന്നെ നിർമാണം പൂർത്തിയാക്കി റോഡ് ഗതാഗത യോഗ്യമാകും.
District News
പെരിന്തൽമണ്ണ. സംസ്ഥാന സർക്കാർ അതി ദാരിദ്ര്യമുക്ത കേരളം പ്രഖ്യാപിച്ചതിന് പിന്നാലെ പെരിന്തൽമണ്ണയിലെ 2871 എസ്സി വീടുകൾ കേന്ദ്രീകരിച്ച് നടത്തിയ സാമൂഹിക, സാന്പത്തിക, വിദ്യാഭ്യാസ സർവേ പുറത്തുവിട്ട് നജീബ് കാന്തപുരം എംഎൽഎ.
മൂന്നുമാസങ്ങൾക്കു മുന്പ് നടത്തിയ പഠന റിപ്പോർട്ടാണ് സർക്കാരിന്റെ പൊള്ളത്തരങ്ങൾ തുറന്നു കാട്ടുന്നത്. പെരിന്തൽമണ്ണ- താഴെക്കോട് പഞ്ചായത്തിലെ കുന്നുമ്മൽ സദ്ഗ്രാമത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സർക്കാരിന്റെ പ്രഖ്യാപനത്തിനു ശേഷവും ദയനീയമായ ജീവിത സാഹചര്യത്തിൽ കഴിയുന്ന കുടുംബങ്ങളുടെ ചിത്രങ്ങൾ എംഎൽഎ പുറത്തുവിട്ടു. ടോയ്ലറ്റ്-സാനിറ്റേഷൻ, ഹൗസിംഗ്- ഇൻഫ്രാസ്ട്രക്ചർ, തൊഴിൽ- ഉപജീവനം, ആരോഗ്യം - മെഡിക്കൽ സപ്പോർട്ട് എന്നീ നാലു മാനദണ്ഡങ്ങളാണ് പരിഗണിച്ചത്.
358 സദ്ഗ്രാമങ്ങളിൽ കാലിക്കട്ട് യൂണിവേഴ്സിറ്റിയിലെ ഡെവലപ്മെന്റ് സ്റ്റഡീസ് വിദ്യാർഥികൾ സദ്ഗ്രാമം പ്രൊജക്ടിന് വേണ്ടി നടത്തിയ പഠനം കേരളത്തിലെ അതിദരിദ്രരുടെ ദയനീയ ചിത്രങ്ങളാണ് പുറത്തെത്തിച്ചത്.
വർഷങ്ങളായി വീടില്ലാതെ ടാർപോളിൻ വലിച്ചു കെട്ടിയ ഷെഡിൽ താമസിക്കുന്നവർ, ടോയ്ലറ്റില്ലാത്തവർ, ജീവിത വരുമാനവും സ്ഥിര ജോലിയും ഇല്ലാത്തവർ, എന്നിങ്ങനെ അതിദാരിദ്രരുടെ മാനദണ്ഡമായി പരാമർശിക്കപ്പെട്ട നിരവധി കുടുംബങ്ങൾ നിലനിൽക്കുന്നുണ്ട്. സർവേ നടത്തിയ 2871 കുടുംബങ്ങളിൽ 70 പേർക്ക് ശിചിമുറികളില്ല. മൊത്തം സർവേ ചെയ്ത വീടുകളിലെ 2.4 ശതമാനമാണിത്. സർവേക്ക് വിധേയമാക്കിയ 2871 വീടുകളിൽ 2741 വീടുകളും മതിയായ സൗകര്യമില്ലാത്തവയാണ്. ഇത്95.5 ശതമാനം വരും.
സ്ഥിര വരുമാനമില്ലാത്ത 1574 കുടുംബങ്ങളുണ്ട്. ആരോഗ്യ മേഖലയിൽ കൃത്യമായ ചികിത്സ ലഭ്യമല്ലാത്ത 2574 കുടുംബങ്ങളുണ്ട്. 89.6 ശതമാനമാണിത്. താഴെക്കോട് പഞ്ചായത്തിലെ 89.1 ശതമാനവും എസ്സി കുടുംബങ്ങളും ദാരിദ്ര്യരേഖക്ക് താഴെയാണ്. പുലാമന്തോളിലെ വലിയൊരു ശതമാനം ആളുകളും സ്ഥിരവരുമാനമില്ലാത്തവരാണ്.
മുനിസിപ്പാലിറ്റിയിലെ സ്ഥിതിയും വ്യത്യസ്തമല്ല. സർവേ ചെയ്ത മൊത്തം വീടുകളിൽ 93.7 ശതമാനം ബിപിഎൽ-എഎവൈ കുടുംബങ്ങളാണ്. ഇത് 85 ശതമാനവും കടുത്ത ദാരിദ്യ്രം അനുഭവിക്കുന്നവരുമാണ്. 10 കുടുംബങ്ങൾ അതിദരിദ്രരാണ്. ഇവർക്ക് 200 രൂപ പോലും ദിവസവരുമാനമില്ല. കേരളത്തിന്റെ ശരാശരി വരുമാനത്തിലും താഴെയാണിത്. ഇത് പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ മാത്രം സാഹചര്യമല്ല. കേരളത്തിലെ ഏത് നിയോജക മണ്ഡലത്തിലെ എസ്സി കോളനികൾ പരിശോധിച്ചാലും ലഭിക്കുന്ന വിവരങ്ങൾ ഇതു തന്നെയാണെന്ന് എംഎൽഎ ചൂണ്ടിക്കാട്ടുന്നു.
District News
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ഉപജില്ല സ്കൂൾ കലോത്സവം ആനമങ്ങാട് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ തുടങ്ങി. നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്തു.ആലിപ്പറന്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. അഫ്സൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷീജാ മോൾ, ബ്ലോക്ക് പഞ്ചായത്ത് മെന്പർ ഗിരിജ, പെരിന്തൽമണ്ണ എഇഒ കെ.ടി. കുഞ്ഞുമൊയ്തു, ബിപിസി സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
സ്കൂളിന്റെ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സുവനീർ പ്രകാശനം ചടങ്ങിൽ എംഎൽഎ നിർവഹിച്ചു. എഴുത്തുകാരൻ പി.സി. ബിജു ഏറ്റുവാങ്ങി. പിടിഎ പ്രസിഡന്റ് സൈദ് ആലിക്കൽ, ഫിനാൻസ് കമ്മിറ്റി വൈസ് ചെയർമാൻ വി. കരീം, വാർഡ് മെന്പർ ബാലസുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു.
കലോത്സവ ലോഗോ രൂപകൽപ്പന ചെയ്ത സജി ചെറുകര, സ്ഥലം മാറിപോകുന്ന എൻ.പി. കൃഷ്ണകുമാർ, പിടിഎ പ്രസിഡന്റായി സേവനം അനുഷ്ഠിച്ച സൈദ് ആലിക്കൽ, കലോത്സവ സ്വാഗതഗാനം എഴുതി ചിട്ടപ്പെടുത്തിയ വിജയകുമാരി, മഞ്ജരി എന്നിവരെ മെമന്റോ നൽകി ആദരിച്ചു.
District News
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ 2020-25 കാലഘട്ടത്തിൽ നടപ്പാക്കിയ വികസനക്ഷേമ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന വികസനരേഖ ന്ധമുന്നേറ്റം 2020-25’ സബ് കളക്ടർ, ഉദ്യോഗസ്ഥർക്ക് താലൂക്ക് സഭയിൽ കൈമാറി.
നിലവിലെ ഭരണസമിതിയുടെ 2020 മുതൽ 2025 വരെയുള്ള വികസനക്ഷേമ പദ്ധതികളുടെയും പദ്ധതി പേരുകളും ചെലവഴിച്ച തുകയും രേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ അറിയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള എട്ട് പഞ്ചായത്തുകളിലായി ഉൾകൊള്ളുന്ന പതിനേഴംഗ ഭരണസമിതി ജനങ്ങളുടെ ആവശ്യങ്ങൾ ഭരണ,പ്രതിപക്ഷ ഭേദമന്യേ ഉൾകൊണ്ട് 55 കോടിയിലധികം രൂപ ചെലവഴിച്ച് പദ്ധതികൾ പൂർത്തിയാക്കിയതായി പ്രസിഡന്റ് പറഞ്ഞു.
കേന്ദ്രാവിഷ്കൃത പദ്ധതിയായ പിഎംകഐസ്വൈ, എസ്വിവിഇപി തുടങ്ങിയ പദ്ധതികൾക്കായി ചെലവഴിച്ച തുക കൂടി ചേർത്താൽ നിലവിലെ ഭരണസമിതിയുടെ കാലയളവിൽ മൊത്തത്തിൽ 72 കോടിയോളം രൂപ ചെലവഴിച്ചിട്ടുള്ളതായും അദ്ദേഹം വ്യക്തമാക്കി. മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പരിധിയിലെ എട്ട് പഞ്ചായത്തുകൾ സമർപ്പിച്ച 96.6 കോടി രൂപയുടെ പ്രവൃത്തികൾക്കും അംഗീകാരം നൽകിയതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
District News
പെരിന്തൽമണ്ണ:പെരിന്തൽമണ്ണ നഗരസഭയെ അതിദാരിദ്യ്രമുക്ത നഗരമായി നഗരസഭാ അധ്യക്ഷൻ പി. ഷാജി പ്രഖ്യാപിച്ചു. സർക്കാർ നടപ്പാക്കുന്ന അതിദാരിദ്യ്ര നിർമാർജന പദ്ധതിയുടെ ഭാഗമായി നഗരസഭ പരിധിയിലെ 106 അതിദാരിദ്യ്ര കുടുംബങ്ങളെ കണ്ടെത്തിയിട്ടുണ്ട്.
ഇവരിൽ ഓരോരുത്തരുടെയും പ്രശ്നങ്ങൾ പരിഹരിക്കാനായി നഗരസഭ പ്രത്യേക ഇടപെടലുകൾ ആരംഭിച്ചു. സംസ്ഥാനതല അതിദാരിദ്യ്രമുക്ത പ്രഖ്യാപനം നവംബർ ഒന്നിന് നടക്കും. അതിന് മുന്നോടിയായി നഗരസഭാ തലത്തിൽ നടപ്പാക്കുന്ന പ്രഖ്യാപനം പെരിന്തൽമണ്ണയെ സാമൂഹിക ഉത്തരവാദിത്വത്തിലും മനുഷ്യസൗഹൃദ പ്രവർത്തനങ്ങളിലും മുന്നിൽ നിർത്തുന്നതായി ചെയർമാൻ പറഞ്ഞു.
വീടില്ലാത്തവർക്ക് ഭവനസഹായം, തൊഴിൽരഹിതർക്ക് തൊഴിൽ, വിദ്യാഭ്യാസം നഷ്ടപ്പെട്ട കുട്ടികൾക്ക് പഠനം പുനരാരംഭിക്കാനുള്ള പിന്തുണ, രോഗബാധിതർക്ക് ചികിത്സാസഹായം തുടങ്ങിയ പ്രവർത്തനങ്ങൾ നഗരസഭയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
പ്രഖ്യാപന ചടങ്ങിൽ വൈസ് ചെയർപേഴ്സണ് എ. നസീറ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്മാരായ അന്പിളി മനോജ്, മുണ്ടുമ്മൽ മുഹമ്മദ് ഹനീഫ, അഡ്വ. ഷാൻസി, കെ. ഉണ്ണികൃഷ്ണൻ, മൻസൂർ നെച്ചിയിൽ, കൗണ്സിലർമാർ, നഗരസഭാ സെക്രട്ടറി ജെ.ആർ. ലാൽകുമാർ, ക്ലീൻ സിറ്റി മാനേജർ സി.കെ. വത്സൻ, സിഡിഎസ് ചെയർപേഴ്സണ് പി. സീനത്ത്, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
District News
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ആരോഗ്യവകുപ്പ് എൻഎച്ച്എം മുഖേന 1.8 കോടി രൂപ ചെലവിൽ നിർമിക്കുന്ന സീവേജ് ട്രീറ്റ്മന്റെ് പ്ലാന്റിന്റെ നിർമാണ ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോർജ് ഓണ്ലൈനിൽ നിർവഹിച്ചു. ആശുപത്രികളുടെ വികസനങ്ങളിൽ സർക്കാർ പുലർത്തുന്ന കാഴ്ചപ്പാട് കൂടിയാണ് ഇത്തരം വികസന പദ്ധതികളിൽ മുന്നോട്ടുവയ്ക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ജില്ല പഞ്ചായത്ത് 3.15 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നജീബ് കാന്തപുരം എംഎൽഎ നിർവഹിച്ചു. ലക്ഷ്യവാർഡ് സെറ്റിംഗ്, പിപി യൂണിറ്റ്, പുതിയ ബ്ലോക്കിൽ സ്ഥാപിച്ച ലിഫ്റ്റ്, അഗ്നിരക്ഷാ സംവിധാനം, ആശുപത്രിയുടെ ചുറ്റുമതിൽ എന്നിവയാണ് ജില്ലാ പഞ്ചായത്ത് 3.15 കോടി ചെലവിട്ട് പൂർത്തിയാക്കിയത്.
ചടങ്ങുകളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അധ്യക്ഷയായിരുന്നു.
ജില്ലാ പഞ്ചായത്ത് അംഗം റഹ്മത്തുന്നീസ, എച്ച്എംസി അംഗങ്ങളായ പെരിന്തൽമണ്ണ ബ്ലോക്ക് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ, ഹംസ പാലൂർ, കുറ്റീരി മാനുപ്പ, ആശുപത്രി സൂപ്രണ്ട് ഡോ. ഷീന ലാൽ, ഡിപിഎം ഡോ. അനൂപ്, ആർഎംഒ ഡോ. ദീപക് വ്യാസ് തുടങ്ങിയവർ പങ്കെടുത്തു.