പെരിന്തൽമണ്ണ : സ്ഥിരമായി പുലിയുടെ സാന്നിധ്യമുള്ള മണ്ണാർമലക്ക് സമീപം കക്കൂത്ത് ശനിയാഴ്ച പുലിയെ കണ്ടത് നാട്ടുകാരെ ആശങ്കയിലാക്കി. കക്കൂത്ത് സിൽവർ മൗണ്ട് സ്കൂളിന് സമീപത്തായി ശനിയാഴ്ച രാത്രി ഏഴോടെയാണ് പുലിയെ കണ്ടത്.
കക്കൂത്ത് നിവാസിയായ റഷീദ് വീട്ടിൽ നിന്നും ടൗണിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ പുലി റോഡ് മുറിച്ച് കടക്കുന്നതാണ് കണ്ടത്. ഉടൻ മഹല്ല് കമ്മറ്റിയിൽ വിവരം അറിയിച്ചു. മഹല്ല് സെക്രട്ടറി, മഹല്ല് വാട്സ് ആപ് ഗ്രൂപ്പിൽ വിവരം അറിയിച്ച് നാട്ടുകാരോട് ജാഗ്രത പാലിക്കാനും, രാത്രി പുറത്തിറങ്ങരുതെന്ന നിർദ്ദേശവും നൽകി.
തുടർന്ന് നജീബ് കാന്തപുരം എംഎൽഎയെ വിവരം ധരിപ്പിച്ചു. എംഎൽഎ അറിയിച്ചതനുസരിച്ച് ഇന്നലെ രാവിലെ ഫോറസ്റ്റധികൃതർ സ്ഥലത്ത് എത്തി നിരീക്ഷണം നടത്തി. പുലിയുടെ സാന്നിധ്യം ഉറപ്പാക്കാൻ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ തിരുമാനിച്ചു.
കക്കൂത്ത് സിൽവർ മൗണ്ട് സ്കൂളിലേയും, സമീപത്തെ മദ്റസയിലേയും കുട്ടികളെ പഠനത്തിനയക്കാൻ നാട്ടുകാർ പേടിയിലാണ്. കക്കൂത്തിന് സമീപം മണ്ണാർമലയിൽ മൂന്ന് മാസം മുമ്പ് പുലിയെ കുടുക്കാൻ കൂട് സ്ഥാപിച്ച സ്ഥിതിക്ക് വീണ്ടും കൂട് സ്ഥാപിക്കാൻ കഴിയില്ലെന്നാണ് ഫോറസ്റ്റധികൃതരുടെ നിലപാട്. അതേസമയം, പൊന്തക്കാടുകൾ വെട്ടാനും ജാഗ്രത പാലിക്കാനും ഫോറസ്റ്റധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.