പെരിന്തൽമണ്ണ: പെരിന്തൽമണ്ണ പിടിഎം ഗവണ്മെന്റ് കോളജിന്റെ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സുവർണം എക്സ്പോ നാളെ മുതൽ. വിദ്യാർഥികളുടെ ശാസ്ത്രീയവും സൃഷ്ടിപരവുമായ കഴിവുകൾ പ്രകടിപ്പിക്കുന്ന ദ്വിദിന പ്രദർശനങ്ങൾ വ്യാഴാഴ്ച വരെ ഉണ്ടായിരിക്കും.
പെരിന്തൽമണ്ണ നഗരസഭാ ചെയർപേഴ്സണ് പച്ചീരി സുരയ്യ ഫാറൂഖ് ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ഡോ.അഫ്സൽ ജമാൽ അധ്യക്ഷത വഹിക്കും. പെരിന്തൽമണ്ണയുടെ സമീപ വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും പ്രവേശനം സൗജന്യമാണ്. വിവിധ പഠന വകുപ്പുകളുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പ്രദർശനങ്ങളാണ് സുവർണം എക്സ്പോയുടെ ഭാഗമായി ഒരുക്കിയിട്ടുള്ളത്.
അറബിക് വകുപ്പിന്റെ ഹെറിറ്റേജ് കോർണർ, ഇംഗ്ലീഷ് പഠന വകുപ്പിന്റെ ലാംഗ്വേജ് ലെഗസി ഹബ്ബ്, കൊമേഴസ് ഡിപ്പാർട്ട്മെന്റ് ബിസിനസ് എക്സ്പോ, കെമിസ്ട്രി, ഫിസിക്സ് വകുപ്പുകളുടെ സയൻസ് വണ്ടർ വേൾഡ്, ജനറൽ ഡിപ്പാർട്ട്മെന്റിന്റെ നോളജ് പവലിയൻ എന്നിവ എക്സ്പോയുടെ ഭാഗമാണ്.
എൻഎസ്എസ്, വിമൻസെൽ, കരിയർ ഗൈഡൻസ് സെൽ, ജീവനി, ഇഡി ക്ലബ്, മീഡിയ ക്ലബ് എന്നിവയുടെ പ്രത്യേക സ്റ്റാളുകളും ഉണ്ടാകും. പ്രമുഖ കലാകാരൻമാരുടെ ചിത്രപ്രദർശനം, കരകൗശല പ്രദർശനം, കറൻസി പ്രദർശനം, കലാപ്രദർശനം എന്നിവയും എക്സ്പോയിൽ ഒരുക്കും.
സുവർണ ജൂബിലി ആഘോഷപരിപാടികൾ വിജയിപ്പിക്കാൻ ചേർന്ന സ്വാഗതസംഘയോഗം നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്തു. വി. ബാബുരാജ്, അബ്ദുൾ കരീം, ഡോ. കെ. ഹംസ, ഡോ. നൂറുൽ അമീൻ, ഡോ. സമീറ കുഞ്ഞു, പച്ചീരി ഫാറൂഖ്, മീഡിയ കോ-ഓർഡിനേറ്റർ ഡോ.യഹിയാഖാൻ എന്നിവർ പ്രസംഗിച്ചു.