NRI
റാംസ്ഗേറ്റ്: റാംസ്ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ ഈ മാസം 13 മുതൽ 15 വരെ "ആന്തരിക സൗഖ്യ ധ്യാനം' സംഘടിപ്പിക്കുന്നു.
റാംസ്ഗേറ്റ് വിൻസൻഷ്യൻ ഡിവൈൻ റിട്രീറ്റ് സെന്റർ ഡയറക്ടറും അഭിഷിക്ത വചന പ്രഘോഷകനുമായ ഫാ. ജോസഫ് എടാട്ടും ധ്യാന ഗുരുക്കളായ ഫാ. പോൾ പള്ളിച്ചൻ കുടിയിലും ഫാ. ഡെർബിൻ എട്ടിക്കാട്ടിലും സംയുക്തമായി ത്രിദിന "റെസിഡൻഷ്യൽ ഇന്നർ ഹീലിംഗ് റിട്രീറ്റ്' നയിക്കും.
ധ്യാനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേര് രജിസ്റ്റർ ചെയ്യണമെന്ന് ബന്ധപ്പെട്ടവർ അഭ്യർഥിച്ചു. 13ന് രാവിലെ എട്ട് മുതൽ 15ന് വൈകുന്നേരം നാല് വരെയാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.
ധ്യാനത്തിൽ പങ്കെടുക്കുന്നവർക്ക് റാംസ്ഗേറ്റ് ഡിവൈൻ സെന്ററിൽ ധ്യാനം തുടങ്ങുന്നതിന്റെ തലേദിവസം 12ന് വൈകുന്നേരം മുതൽ തന്നെ താമസസൗകര്യം ഒരുക്കുന്നതാണ്. ധ്യാനാർഥികൾക്ക് ഭക്ഷണത്തിനും താമസത്തിനുമായി 75 പൗണ്ടാണ് രജിസ്ട്രേഷൻ ഫീസ്.
NRI
കെന്റ്: കെന്റിലെ പ്രമുഖ മലയാളി അസോസിയേഷനായ മെയ്ഡ്സ്റ്റോൺ മലയാളി അസോസിയേഷന്റെ (എംഎംഎ) ക്രിസ്മസ് - ന്യൂഇയര്‍ ആഘോഷവും പോതുയോഗവും ഈസ്റ്റ് മോളിംഗ് വില്ലേജ് ഹാളിൽ വച്ച് നടന്നു.
വൈകുന്നേരം മൂന്നിന് എംഎംഎയിലെ കലാകാരൻമാർ അവതരിപ്പിച്ച നേറ്റിവിറ്റി ഷോയോടുകൂടി ആഘോഷങ്ങൾക്ക് തുടക്കമായി. തുടർന്ന് സ്പോർട്സ് മത്സരങ്ങളിൽ വിജയികളായവർക്കും ജിസിഎസ്സി, എ ലെവൽ പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കുമുള്ള സമ്മാനങ്ങളും അവാർഡുകളും വിതരണം ചെയ്തു.
തുടർന്ന് നടന്ന പൊതുയോഗത്തിൽ പ്രസിഡന്റ് ലാലിച്ചൻ ജോസഫ് അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി എഡ്വിൻ മാത്യു ആനുവൽ റിപ്പോർട്ടും ട്രഷറർ ജിൻസി ബിനു ഫിനാൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. കഴിഞ്ഞ ഒരുവർഷത്തെ മികവുറ്റ പ്രവർത്തനങ്ങൾ എംഎംഎയെ കൂടുതൽ ഉയരങ്ങളിൽ എത്തിച്ചതായി അംഗങ്ങൾ അഭിപ്രായപ്പെട്ടു.
തുടർന്ന് നടന്ന ജനറൽ ബോഡിയിൽ 2026 പ്രവർത്തനവർഷത്തേക്കുള്ള എംഎംഎയുടെ എക്സിക്യൂട്ടീവ് കമ്മറ്റിയെ തെരഞ്ഞെടുത്തു. പ്രസിഡന്റ് - ശ്രീജിത്ത് കുറുവൻകാട്ടിൽ, സെക്രട്ടറി - പ്രവീൺ രാമകൃഷ്ണൻ, ട്രഷറർ - സന്തോഷ് വെള്ളടുത്ത്.
സ്പോർട്സ് കോഓർഡിനേറ്റേഴ്സ് - ജോഷി ആനിത്തോട്ടത്തിൽ, അനീഷ് പള്ളിയാലിൽ, മെൻസ് ക്ലബ് കോഓർഡിനേറ്റർ - ജിജോ ചാക്കോ, മീഡിയ - ബിനു ജോർജ്, മൈത്രി വിമൻസ് കോഓർഡിനേറ്റർ - ജിമിത ബെന്നി, പ്രോഗ്രാം കോഓർഡിനേറ്റർസ് - ജിസ്ന മൈക്കിൾ, ഷൈജ ഇടച്ചേരി, യൂത്ത് കോർഡിനേറ്റർ - ബോണി റോസ് ബാബു.
അസോസിയേഷന്റെ പ്രവർത്തനങ്ങൾ മികവുറ്റതാക്കാൻ കൂട്ടായി പ്രവർത്തിക്കുമെന്ന് പുതുതായി ചുമതലയേറ്റ കമ്മിറ്റി അഭിപ്രായപ്പെട്ടു. ജനറൽ ബോഡിക്കുശേഷം കൊച്ചിൻ ഗോൾഡൻ ഹിറ്റ്സ് അവതരിപ്പിച്ച ഗാനമേളയും കോമഡിഷോയും നടന്നു.
ചലച്ചിത്ര പിന്നണിഗായകൻ അഭിജിത് കൊല്ലവും മിമിക്രി കോമഡി താരം ബൈജു ജോസും നേതൃത്വം നൽകിയ സ്റ്റേജ് ഷോയും മ്യൂസിക്കൽ ഫ്യൂഷനും മികവുറ്റതായി. രുചികരമായ ക്രിസ്മസ് ഡിന്നറോടുകൂടി എംഎംഎയുടെ ക്രിസ്മസ്, ന്യൂഇയർ പരിപാടികൾ സമാപിച്ചു.
NRI
ലണ്ടൻ: പ്രശസ്ത ഇന്ത്യൻ-അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞനും കാൽടെക് പ്രഫസറുമായ ശ്രീനിവാസ് കുൽക്കർണിക്ക് റോയൽ അസ്ട്രോണമിക്കൽ സൊസൈറ്റിയുടെ പരമോന്നത ബഹുമതിയായ ഗോൾഡ് മെഡൽ ലഭിച്ചു.
ആൽബർട്ട് ഐൻസ്റ്റീൻ, സ്റ്റീഫൻ ഹോക്കിംഗ് തുടങ്ങിയ വിഖ്യാത ശാസ്ത്രജ്ഞർ മുൻപ് അലങ്കരിച്ചിട്ടുള്ള ഈ പദവിയിലെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് അദ്ദേഹം. സുബ്രഹ്മണ്യൻ ചന്ദ്രശേഖറാണ് ഇതിനുമുൻപ് ഈ മെഡൽ നേടിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ.
പ്രപഞ്ചത്തിലെ മിന്നൽ പ്രതിഭാസങ്ങളെയും സ്ഫോടനങ്ങളെയും കുറിച്ചുള്ള പഠനത്തിന് അദ്ദേഹം നൽകിയ വിപ്ലവകരമായ സംഭാവനകളാണ് അവാർഡിന് അർഹനാക്കിയത്. മില്ലിസെക്കൻഡ് പൾസറുകൾ, ബ്രൗൺ ഡ്വാർഫുകൾ എന്നിവയുടെ കണ്ടെത്തലിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു.
ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ ഭാര്യയും പ്രശസ്ത എഴുത്തുകാരിയുമായ സുധ മൂർത്തിയുടെ സഹോദരനാണ് ശ്രീനിവാസ് കുൽക്കർണി. കർണാടകയിലെ ഹൂബ്ലിയിൽ വളർന്ന അദ്ദേഹം ഐഐടി ഡൽഹിയിൽ നിന്നാണ് ഉന്നത വിദ്യാഭ്യാസം നേടിയത്.
1982-ൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായിരിക്കെയാണ് അദ്ദേഹം ആദ്യത്തെ "മില്ലിസെക്കൻഡ് പൾസർ' കണ്ടെത്തിയത്. പാലോമർ ഒബ്സർവേറ്ററിയിലെ 'സ്വിക്കി ട്രാൻസിയന്റ് ഫെസിലിറ്റി' എന്ന പ്രോജക്റ്റിന് നേതൃത്വം നൽകിയ അദ്ദേഹം പ്രപഞ്ചത്തിലെ മാറ്റങ്ങളെ തത്സമയം നിരീക്ഷിക്കുന്നതിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു.
ഷാ പ്രൈസ്, ഡാൻ ഡേവിഡ് പ്രൈസ് തുടങ്ങി നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ അദ്ദേഹം മുൻപ് നേടിയിട്ടുണ്ട്.
NRI
പത്തനംതിട്ട: യുകെയിലെ സ്റ്റീവനേജിൽ നിന്നും ഭാര്യാമാതാവിന്റെ പ്രഥമ ചരമവാർഷിക പ്രാർഥനയിൽ പങ്കെടുക്കാൻ നാട്ടിലായിരിക്കെ ഹൃദയാഘാതം മൂലം മരിച്ച ജേക്കബ് ജോർജിന് (ഷാജി) ജന്മനാട്ടിൽ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.
റവ. സജി തോമസിന്റെ മുഖ്യ കാർമികത്വത്തിൽ നടത്തിയ അന്ത്യോപചാര കർമങ്ങളിൽ റവ. വി.ടി. ജോൺ, റവ. മഹേഷ് തോമസ് ചെറിയാൻ, റവ. ഡോ. മാത്യു എം. തോമസ്. റവ. മാത്യു സക്കറിയ, റവ. സി.ജി. തോമസ്, റവ. ഡോ. ജോസ് പുന്നമഠം, റവ. ടി.എം. സക്കറിയ, റവ.ജോൺ തോമസ് എന്നീ വൈദികർ സഹകാർമികരായി.
യുകെയിലെ സ്റ്റീവനേജിൽ നിന്നും പാരീഷ് അംഗമായിരുന്ന ലണ്ടൻ ഹോൻസ്ലോയിലെ സെന്റ് ജോൺ മാർത്തോമ്മാ ചർച്ച്, യുക്മ, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രതിനിധികൾ അടക്കം ജേക്കബുമായി സൗഹൃദം പങ്കിട്ടിരുന്ന നാനാതുറകളിൽ നിന്നുമുള്ള ആളുകൾ അന്ത്യോപചാരങ്ങൾ നേരുവാൻ എത്തി.
NRI
ലെസ്റ്റർ: ലെസ്റ്റർ കേരള കമ്യൂണിറ്റിയുടെ (എൽകെസി) 20-ാം വാർഷികാഘോഷം "ട്വന്റി - ട്വന്റി: ഒരുമയുടെ പെരുമയുടെ 20 വർഷങ്ങൾ' മെഹർ സെന്ററിൽ അരങ്ങേറി. ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടിയ ചടങ്ങ് ഉച്ചയ്ക്ക് ഒന്നിന് ഓപ്പണിംഗ് ഷോയോടു കൂടി ആരംഭിച്ച് ആവേശത്തിന്റെ കൊടുമുടി പകർന്ന് അർധരാത്രി വരെ നീണ്ടുനിന്നു.
സിനിമ താരം ശങ്കർ, യുക്മ ദേശീയ പ്രസിഡന്റ് എബി സെബാസ്റ്റ്യൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. യുക്മ ദേശീയ കമ്മിറ്റി അംഗം ഡിക്സ് ജോർജ്, റീജിയണൽ പ്രസിഡന്റ് ജോബി പുതുക്കുളങ്ങര, വിവിധ തമിഴ് കമ്യൂണിറ്റി നേതാക്കൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ലെസ്റ്റർ കേരള കമ്യൂണിറ്റിയുടെ മുൻ വർഷങ്ങളിലെ സാരഥികളെ ചടങ്ങിൽ ആദരിച്ചു.
വിസ്മയമായി "നക്ഷത്ര ഗീതം 2026' മെഗാഷോയും ആർജെ ദ ബാൻഡ് ലൈവ് മ്യൂസിക് ഷോയും
പിന്നണി ഗായകനും കീറ്റാറിസ്റ്റുമായ ഷിനോ പോൾ, മെന്റലിസ്റ്റും മജീഷ്യനുമായ വിൽസൺ ചമ്പക്കുളം, സിനിമാ താരം അനു ജോസഫ് എന്നിവർ ചേർന്നവതരിപ്പിച്ച "നക്ഷത്ര ഗീതം 2026' മെഗാഷോയോടെയാണ് വാർഷിക ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്.
ശേഷം രാത്രി വൈകുവോളം നീണ്ടുനിന്ന ആഘോഷത്തിൽ രഞ്ജിനി ജോസും ശ്രീനാഥ് ശിവശങ്കരനും നയിച്ച അഞ്ചുപേരടങ്ങുന്ന ലൈവ് ബാൻഡ് സംഗീതം കാണികളെ അക്ഷരാർഥത്തിൽ വിസ്മയിപ്പിച്ചു.
ഗാനമേള എന്ന സ്ഥിരം ശൈലിയിൽ നിന്നും ആർജെ ദ ബാൻഡ് എന്ന വേറിട്ട കോൺസെപ്റ്റിലേക്ക് ചുവടുമാറ്റിയ രഞ്ജിനി ജോസ് തന്റെ ബാൻഡുമായി വിദേശത്ത് നടത്തുന്ന ആദ്യ ലൈവ് ഷോ എന്ന സവിശേഷതയും വാർഷികാഘോഷത്തിനുണ്ടായിരുന്നു.
ലെസ്റ്റർ കേരള കമ്യൂണിറ്റിയുടെ ഈ ഒരൊറ്റ പരിപാടിക്ക് വേണ്ടി മാത്രമായി എൽകെസി നേരിട്ട് സ്പോൺസർ ചെയ്താണ് രഞ്ജിനിയുടെ അഞ്ചംഗ ബാൻഡിനെ നാട്ടിൽ നിന്നും യുകെയിൽ എത്തിച്ചത്.
ഫ്ലൂട്ടിസ്റ്റ് സുബിൻ ജേഴ്സൺ, ഡ്രമ്മർ അരുൺരൂപ്, ബാസിസ്റ്റ് ലെസ്ലി റോഡ്രിഗസ്, ലീഡ് ഗിറ്റാറിസ്റ്റ് ബെവൻ കോറയ, ചാൾസ് (കീബോർഡിസ്റ്റ്), സൗണ്ട് എൻജിനീയർ നിജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
തമിഴ് കൂത്ത് പാട്ടുകളും ഫാസ്റ്റ് നമ്പറുകളും ഹൃദ്യമായ മെലഡികളുമായി അവർ മണിക്കൂറുകളോളം കാണികളെ വിസ്മയിപ്പിച്ചു.
NRI
ലണ്ടൻ: ഫെബ്രുവരി 25 മുതൽ യുകെയിലേക്ക് യാത്ര ചെയ്യുന്ന അമേരിക്കൻ പൗരന്മാരടക്കമുള്ള സന്ദർശകർക്ക് ഇലക്ട്രോണിക് ട്രാവൽ അതോറൈസേഷൻ (ഇടിഎ) നിർബന്ധമാകും.
ഈ ഇടിഎ സംവിധാനം അമേരിക്ക, കാനഡ, ഫ്രാൻസ് ഉൾപ്പെടെ 85 വിസാ-രഹിത രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ബാധകമാണ്. യുകെ സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം, ഈ പദ്ധതി ഇമിഗ്രേഷൻ, കസ്റ്റംസ് നടപടികൾ പൂർണമായും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമാണ്.
ഇടിഎ സംവിധാനം രാജ്യത്തിന് ഭീഷണിയാകാവുന്ന വ്യക്തികളെ മുൻകൂട്ടി തടയാൻ തങ്ങൾക്ക് കൂടുതൽ അധികാരം നൽകുന്നു.
അതോടൊപ്പം, യുകെയിലേക്ക് ഓരോ വർഷവും വരുന്ന ലക്ഷക്കണക്കിന് യാത്രക്കാർക്ക് കൂടുതൽ സുഗമമായ യാത്രാനുഭവവും ഇത് ഉറപ്പാക്കുന്നു എന്ന് ഇമിഗ്രേഷൻ ആൻഡ് സിറ്റിസൺഷിപ്പ് മന്ത്രി മൈക്ക് ടാപ്പ് പഞ്ഞു.
പുതിയ യുകെ യാത്രാ നിയമം എങ്ങനെ പ്രവർത്തിക്കും
യാത്രയ്ക്കുമുമ്പ് വിമാന കമ്പനികൾ യാത്രക്കാരെ ഇടിഎ അപേക്ഷിക്കാൻ അറിയിക്കും. ഇടിഎയുടെ ഫീസ് 16 ബ്രിട്ടീഷ് പൗണ്ട് ആണ്. അപേക്ഷ ഓൺലൈനായോ യുകെ ഇടിഎ ആപ്പ് വഴിയോ സമർപ്പിക്കാം.
അപേക്ഷയ്ക്കായി യാത്രക്കാർ നൽകേണ്ട വിവരങ്ങൾ:
യുകെ വിസാസ് ആൻഡ് ഇമിഗ്രേഷൻ വകുപ്പിൽ നിന്ന് സാധാരണയായി ഒരു ദിവസത്തിനകം ഇമെയിൽ വഴി തീരുമാനമറിയിക്കും. ഇടിഎ അനുവദിക്കപ്പെട്ടാൽ, യാത്രക്കാരന് 16 അക്കങ്ങളുള്ള ഒരു ഇടിഎ റഫറൻസ് നമ്പർ ലഭിക്കും.
ഇത് പാസ്പോർട്ടുമായി ബന്ധിപ്പിച്ചിരിക്കുന്നതായിരിക്കും. യുകെ വിമാനത്താവളത്തിൽ പാസ്പോർട്ട് സ്കാൻ ചെയ്യുമ്പോൾ ഇതുവഴി പ്രവേശനം എളുപ്പമാകും.
മൂന്ന് ദിവസത്തിനുള്ളിൽ യുകെവിഐയിൽ നിന്ന് പ്രതികരണം ലഭിക്കാത്ത പക്ഷം, യാത്രക്കാർ സഹായത്തിനായി യുകെവിഐയെ ബന്ധപ്പെടണം.
പ്രധാനമായി ശ്രദ്ധിക്കേണ്ടത്:
ഇടിഎ ഇല്ലാതെ യുകെയിൽ പ്രവേശിക്കാൻ ശ്രമിക്കുന്ന യാത്രക്കാരെ രാജ്യത്ത് പ്രവേശിപ്പിക്കില്ല. ഇടിഎ അനുവദിച്ച തീയതി മുതൽ രണ്ട് വർഷം വരെ (അല്ലെങ്കിൽ പാസ്പോർട്ട് കാലാവധി കഴിയുന്നതുവരെ - ഏതാണോ ആദ്യം സംഭവിക്കുന്നത്) ഇത് സാധുവായിരിക്കും.
ഇടിഎ ലഭിച്ച ശേഷം യാത്രക്കാർക്ക് യുകെയിലേക്ക് പലതവണ യാത്ര ചെയ്യാം. മറ്റൊരു രാജ്യത്തേക്ക് പോകുന്നതിനായി യുകെയിലൂടെ ട്രാൻസിറ്റ് ചെയ്യുന്ന യാത്രക്കാർക്കും ഇടിഎ നിർബന്ധമാണ്.
ഫെബ്രുവരി 25ന് മുമ്പുള്ള യാത്രകൾക്കായും ഇടിഎ അപേക്ഷിക്കാം. 2023 ഒക്ടോബർ മുതൽ യുകെ സർക്കാർ ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയിരുന്നു. ഫെബ്രുവരി 25 മുതൽ ഇത് പൂർണമായും നിർബന്ധമാകും.
Kerala
കോട്ടയം: യുകെയില്‍ കെയര്‍ വര്‍ക്കര്‍ ജോലി വാഗ്ദാനം ചെയ്ത് 88ല്‍പ്പരം ഉദ്യോഗാര്‍ഥികളുടെ പക്കല്‍നിന്നും പണം തട്ടിയതായി പരാതി. ഏഴു ലക്ഷം മുതല്‍ 20 ലക്ഷം രൂപവരെ ഓരോ വ്യക്തിയില്‍നിന്നും കണ്ണൂര്‍ ആലക്കോട് സ്വദേശിയായ സി.കെ. ജോസഫ് (സൂരജ്) തട്ടിയെടുത്തതെന്ന് പണം നഷ്ടപ്പെട്ടവര്‍ ആരോപിച്ചു.
കര്‍ണാടകയിലെ മംഗലാപുരത്ത് യുകെ ഇന്‍ റീഗല്‍ അക്കാദമി എന്ന സ്ഥാപനം മുഖേനെയാണ് ഇയാള്‍ തട്ടിപ്പു നടത്തിയത്. സമൂഹ മാധ്യമങ്ങളില്‍ ‘അഡ്വാന്‍സായി പണം ആവശ്യമില്ലെന്ന്’ വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. തുടര്‍ന്ന് ഒരു വിദേശ വനിതയെക്കൊണ്ട് ഇന്റർവ്യൂ നടത്തി വിജയിച്ചതായി അറിയിപ്പ് നല്‍കും. തുടർന്ന് യുകെയുടെ സര്‍ട്ടിഫിക്കറ്റ് ഓഫ് സ്പോണ്‍സര്‍ഷിപ്പും ഓഫര്‍ ലെറ്ററും നല്കി. ഇതോടെ ഉദ്യോഗാര്‍ഥികള്‍ പണം കൈമാറി. എന്നാല്‍ ഇത് വ്യാജമാണെന്ന് തിരിച്ചറിഞ്ഞ് പണം തിരികെ ചോദിച്ചപ്പോള്‍ സൂരജ് ഒഴിഞ്ഞുമാറി.
ഉദ്യോഗാര്‍ഥികള്‍ എല്ലാവരും ചേര്‍ന്നു പണം ആവശ്യപ്പെട്ടപ്പോള്‍ മൂന്ന് മാസത്തിനു ശേഷമുള്ള കാലാവധി വച്ച് ചെക്ക് നല്കി. ചെക്ക് ബാങ്കില്‍ നല്കിയപ്പോള് മടങ്ങി. ഇതോടെ സൂരജ് വിദേശത്തേക്ക് കടന്നു. പണം നിക്ഷേപിച്ചിട്ടുള്ള വിവിധ പോലീസ് സ്റ്റേഷനുകളില്‍ നല്കിയ പരാതികളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്.
NRI
വാർവിക്ക്ഷയർ: വാർവിക്ക്ഷയർ യൂണിവേഴ്സിറ്റി ഇൻഡോർ സ്പോർട്സ് സെന്ററിൽ നടന്ന ഇംഗ്ലീഷ് നാഷണൽ ബാഡ്മിന്റൺ അണ്ടർ 15 ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡലുകൾ തൂത്തുവാരി മലയാളികൾക്ക് അഭിമാനമായി കുന്നംകുളത്തുകാരൻ നിഖിൽ പുലിക്കോട്ടിൽ.
15 വയസിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ സിംഗൾസിൽ ചാമ്പ്യനാവുകയും ഡബിൾസിൽ യോർക്ഷെയർ, ഹാലിഫാക്സിൽ നിന്നുള്ള ഫിൽ ഡാനിയേലുമായി കൂട്ടുചേർന്ന് സ്വർണം നേടുകയും മിക്സഡ് ഡബിൾസിൽ ഇന്തോനേഷ്യൻ മുൻ നാഷണൽ താരത്തിന്റെ മകളും ലൗഗ്ബോറോ, ലെസ്റ്ററിൽ നിന്നുള്ള മുത്തിയാര മണ്ഡേലയുമായി ചേർന്ന് പ്രസ്തുത ഇനത്തിലും ചാമ്പ്യൻഷിപ്പ് നേടിക്കൊണ്ട് ട്രിപ്പിൾ ഗോൾഡ് മെഡലുകൾ ഉയർത്തി നിഖിൽ ടൂർണമെന്റിലെ സുവർണ താരമാവുകയായിരുന്നു.
2023ൽ നിഖിൽ അണ്ടർ 13 ഇംഗ്ലീഷ് ബാഡ്മിന്റൺ ദേശീയ ചാമ്പ്യൻഷിപ്പിൽ സിംഗിൾസ്, ഡബിൾസ്, മിക്സഡ് ഡബിൾസിൽ ട്രിപ്പിൾ സ്വർണം നേടിക്കൊണ്ടാണ് അന്ന് തന്റെ നാമം ഇംഗ്ലീഷ് നാഷണൽസിൽ എഴുതിച്ചേർത്തത്. നാലുവർഷമായി തുടർച്ചയായി നാഷണൽ ചാമ്പ്യൻഷിപ്പിൽ ശ്രദ്ധേയമായി ഉയർന്നുവരുന്ന നിഖിലിന് ഈ വിജയം തന്റെ കിരീടത്തിൽ മറ്റൊരു പൊൻതൂവൽക്കൂടി ചാർത്തിയിരിക്കുകയാണ്.
സിംഗിൾസ് ഫൈനൽ മത്സരത്തിൽ നിഖിൽ അനായാസേന 21 -14, 21 -16 എന്നീ സ്കോറുകൾക്കു എതിരാളിയായ വാർവിക്ഷയറിൽ നിന്നുള്ള ശുചിർ കൃഷ്ണ അദ്ദഗോണ്ടലയെ നേരിട്ടുള്ള സെറ്റുകളിൽ തളക്കുകയായിരുന്നു.
International
ലണ്ടൻ: പാക്കിസ്ഥാന്റെ സംയുക്ത പ്രതിരോധ സേന മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനെതിരെ ആക്രമണമുണ്ടാകുമെന്ന് ഒരു സ്ത്രീ പരസ്യമായി പറയുന്ന വീഡിയോ പ്രചരിച്ചതിനെ തുടർന്ന് ബ്രിട്ടന്റെ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ മാറ്റ് കാനലിനെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് പാക്കിസ്ഥാൻ. അസിം മുനീർ കാർ ബോംബ് സ്ഫോടനത്തിൽ വധിക്കപ്പെടുമെന്നായിരുന്നു പരാമർശം.
ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് പിന്തുണ പ്രഖ്യാപിച്ച് യുകെയിലെ ബ്രാഡ്ഫോർഡിൽ സംഘടിപ്പിച്ച റാലിയിലാണ് വിവാദ പരാമർശം ഉണ്ടായത്. റാലിയിലെ ഈ പരാമർശം രാഷ്ട്രീയ പ്രസംഗത്തിന്റെ അതിരുകൾ ലംഘിച്ച് വ്യക്തമായ സുരക്ഷാ ഭീഷണിയായി മാറിയെന്ന് ചൂണ്ടിക്കാട്ടി പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി പ്രതിഷേധം രേഖപ്പെടുത്തുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു.
ഇമ്രാൻ ഖാന്റെ പാക്കിസ്ഥാൻ തെഹ്രികെ ഇൻസാഫ് (പിടിഐ) പാർട്ടിയുടെ യുകെ ഘടകം ഈ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചെങ്കിലും പിന്നീട് പിൻവലിച്ചു. കാർ ബോംബ് ആക്രമണത്തെക്കുറിച്ചുള്ള പരാമർശം എല്ലാ അതിരുകളും ലംഘിച്ചെന്നും അതിനെ അഭിപ്രായ സ്വാതന്ത്ര്യമായി ന്യായീകരിക്കാനാവില്ലെന്നും പറഞ്ഞ പാക്ക് ആഭ്യന്തര സഹമന്ത്രി തലാൽ ചൗധരി, സൈന്യത്തിനെതിരെ പിടിഐ ശത്രുത വളർത്തുകയാണെന്നും ആരോപിച്ചു.
NRI
ലണ്ടൻ: യുകെയിലെത്തിയ കേരള കോൺഗ്രസ് എം നേതാവും മന്ത്രിയുമായ റോഷി അഗസ്റ്റിനെ പ്രവാസി കേരള കോൺഗ്രസ് എം പ്രതിനിധികൾ ലണ്ടൻ ഹീത്രു എയർപോർട്ടിൽ സ്വീകരിച്ചു.
പ്രവാസി കേരള കോൺഗ്രസ് എം യുകെ ഘടകം മുൻ പ്രസിഡന്റ് ഷൈമോൻ തോട്ടുങ്കൽ, മുൻ ഓഫീസ് ചാർജ് സെക്രട്ടറി ടോമിച്ചൻ കൊഴുവനാൽ, സീനിയർ നേതാവും സെക്രട്ടറിയുമായ സി.എ. ജോസഫ്, മുൻ നാഷണൽ ട്രഷർ ജെയ്മോൻ വഞ്ചിത്താനം, സീനിയർ നേതാവ് ജോയ് വള്ളുവൻകോട്, യുകെ ഘടകം ഓഫീസ് ചാർജ് സെക്രട്ടറി ജിജോ അരയത്ത്, സൗത്ത് ഈസ്റ്റ് റീജിയൺ പ്രസിഡന്റ് ജോഷി സിറിയക്, നാഷണൽ കമ്മിറ്റി അംഗങ്ങളായ ടോണി സെബാസ്റ്റ്യൻ കാവാലം, ജീത്തു പൂഴിക്കുന്നേൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
പ്രവാസി കേരള കോൺഗ്രസ് എം ഗ്ലോബൽ കമ്മിറ്റിക്കു വേണ്ടി സീനിയർ നേതാവ് സി.എ. ജോസഫും യുകെ നാഷണൽ കമ്മിറ്റിക് വേണ്ടി സെക്ര ട്ടറി ജിജോ അരയത്തും സൗത്ത് ഈസ്റ്റ് റീജിയണൽ കമ്മറ്റിക്ക് വേണ്ടി റീജിയണൽ പ്രസിഡന്റ് ജോഷി സിറിയക്കും ബൊക്കെ നല്കി റോഷി അഗസ്റ്റിനെ സ്വീകരിച്ചു.
പ്രവാസി കേരളാ കോൺഗ്രസ് എമ്മിന്റെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന് ലെസ്റ്ററിലേ കായൽ റസ്റ്റോറന്റ് കോൺഫറൻസ് ഹാളിൽ വച്ച് റോഷി അഗസ്റ്റിന് വമ്പിച്ച സ്വീകരണം നല്‍കും.
പ്രവാസി കേരളാ കോൺഗ്രസ് എം യുകെ മുൻ ട്രെഷർ ജെയ്മോൻ വഞ്ചിത്താനമാണ് പരിപാടികൾക്ക് ചുക്കാൻ പിടിക്കുന്നത്.
പ്രവാസി കേരള കോൺഗ്രസ് എം ഭാരവാഹികളും യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള റോഷി അഗസ്റ്റിന്റെ നിരവധി സുഹൃത്തുക്കളും പ്രസ്തുത പരിപാടിയിൽ പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്ക്: മാനുവൽ മാത്യു - 44 7471 804154, ഷൈമോൻ തോട്ടുങ്കൽ - 07737 171244, ജെയ്മോൻ വഞ്ചിത്താനം - +44 7906 578702.
International
ലണ്ടൻ: സഹപ്രവർത്തകരായ പെൺകുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചതിന് ശേഷം സ്കോട്ലൻഡിൽ നിന്നും ഇന്ത്യയിലേക്ക് മുങ്ങിയ മലയാളി നഴ്സിനെ തിരികയെത്തിച്ച് അറസ്റ്റ് ചെയ്തു.
ഹാമില്ട്ടണ് നിവാസിയായ നൈജില്‍ പോളി(47)നെയാണ് പിടികൂടിയത്. ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യന്‍ വംശജനാണ് നൈജില്‍ പോള്‍. ഇയാളെ കോടതി ഏഴുവർഷവും ഒൻപതുമാസവും കഠിന തടവിന് ശിക്ഷിച്ചു. ജയിൽ മോചിതനായ ശേഷം രണ്ട് വർഷത്തെ നിരീക്ഷണവും ശിക്ഷയുടെ ഭാഗമായി ഏർപ്പെടുത്തിയിട്ടുണ്ട്.
കെയർ ഹോം മാനേജറായ നൈജില്‍ അവിടെ ജോലി ചെയ്തിരുന്ന മൂന്ന് ജീവനക്കാരെയാണ് ലൈംഗീകമായി പീഡിപ്പിച്ചത്. കേസിൽ കുടുങ്ങുമെന്ന് ഉറപ്പായതോടെ സ്കോട്ട്ലാൻഡിൽ നിന്ന് ഇന്ത്യയിലേക്ക് കടന്നു.
എന്നാൽ, ഇന്റര്‍പോള്‍ നിർദേശ പ്രകാരം കൊച്ചിയിൽ വച്ച് അറസ്റ്റിലായ നൈജിലിനെ ഡൽഹി കോടതിയിൽ ഹാജരാക്കുകയായിരുന്നു. 2025 ജൂൺ ഒമ്പതിനാണ് നൈജിലിനെ തിരികെ ബ്രിട്ടനിൽ എത്തിക്കാൻ ബ്രിട്ടൻ ഡൽഹി കോടതിയിലൂടെ അനുമതി വാങ്ങിയത്.
NRI
ലണ്ടൻ: മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ തലവൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയ്ക്ക് യുകെയിൽ ഊഷ്മള സ്വീകരണം.
ഡോ. കുര്യാക്കോസ് മാർ ഒസ്താത്തിയോസ് എപ്പിസ്കോപ്പയുടെ നേതൃത്വത്തിൽ വൈദികർ, നാഷണൽ കൗൺസിൽ അംഗങ്ങൾ, കവൻട്രി സെന്റ് ജൂഡ് മലങ്കര കാത്തലിക് മിഷൻ അംഗങ്ങൾ എന്നിവർ ചേർന്നു വിമാനത്താവളത്തിൽ കാതോലിക്കാ ബാവയെ സ്വീകരിച്ചു.
തുടർന്ന് അദ്ദേഹത്തെ കവൻട്രി മിഷൻ പള്ളിയിലേക്ക് ആനയിച്ചു. സഭയുടെ യൂറോപ്പിലെ അപ്പോസ്തലിക് വിസിറ്റേറ്ററായി നിയമിതനായ ഡോ. കുര്യാക്കോസ് മാർ ഒസ്താത്തിയോസ് എപ്പിസ്കോപ്പയുടെ സ്ഥാനാരോഹണ ശുശ്രൂഷയിൽ കാതോലിക്ക ബാവ മുഖ്യകാർമികത്വം വഹിക്കും.
ശനിയാഴ്ച നടക്കുന്ന സ്ഥാനാരോഹണ ശുശ്രൂഷയുടെയും അനുമോദന സമ്മേളനത്തിന്റെയും ഒരുക്കങ്ങൾക്കായി ജനറൽ കൺവീനർ റവ.ഡോ. ലൂയിസ് ചരുവിള പാപ്പി, ജനറൽ സെക്രട്ടറി റോണി ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ 101 അംഗ കമ്മിറ്റി സജീവമായി പ്രവർത്തിക്കുന്നുണ്ട്.
NRI
കൊളറാഡോ: മക്കളെ കൊലപ്പെടുത്തിയ ശേഷം യുകെയിലേക്ക് കടന്ന കേസിൽ കൊളറാഡോ സ്വദേശിനിയായ കിംബർലീ സിംഗ്ലറെ (36) അമേരിക്കയിലേക്ക് തിരിച്ചയയ്ക്കാൻ ലണ്ടൻ കോടതി ഉത്തരവിട്ടു.
കൊളറാഡോയിൽ വച്ച് രണ്ട് കുട്ടികളെ കൊലപ്പെടുത്തുകയും മൂന്നാമത്തെ കുട്ടിയെ പരിക്കേൽപ്പിക്കുകയും ചെയ്ത ശേഷം യുകെയിലേക്ക് രക്ഷപ്പെട്ട സിംഗ്ലറെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കൊളറാഡോയിലെ ഫസ്റ്റ്-ഡിഗ്രി കൊലപാതക കുറ്റത്തിന് പരോളില്ലാത്ത ജീവപര്യന്തം ശിക്ഷ ലഭിക്കുന്നത് യൂറോപ്യൻ മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനമാകുമെന്ന് സിംഗ്ലർ കോടതിയിൽ വാദിച്ചു.
എന്നാൽ, ഈ വാദം ജഡ്ജി തള്ളി. സമാനമായ കേസുകളിൽ കൈമാറ്റം അനുവദിച്ചിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. 2023 ഡിസംബർ 19ന് കൊളറാഡോ സ്പ്രിംഗ്സിലെ അപ്പാർട്മെന്റിൽ മോഷണശ്രമം നടന്നതായി സിംഗ്ലർ പരാതി നൽകിയിരുന്നു.
ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ ഒമ്പത് വയസുള്ള മകളെയും ഏഴു വയസുള്ള മകനെയും മരിച്ചനിലയിൽ കണ്ടെത്തിയത്. പിന്നീട്, മോഷണശ്രമം നടന്നിട്ടില്ലെന്നും കൊലപാതകം സിംഗ്ലർ നടത്തിയതാണെന്നും അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തു.
ലണ്ടനിലെ കെൻസിംഗ്ടണിൽ ഒളിവിലിരിക്കെയാണ് സിംഗ്ലറെ 2023 ഡിസംബർ 30ന് അറസ്റ്റ് ചെയ്തത്.
NRI
സ്റ്റോക്ക് ഓണ്‍ ട്രെന്റ്: മൂലമറ്റം അറക്കുളം ഇളംതുരുത്തിയിൽ ജോസ് മാത്യു (50) യുകെയിൽ അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച ഒൻപതിന് സ്റ്റോക്ക് ഓണ്‍ ട്രെന്റ് സെന്റ് ജോസഫ് കാത്തലിക് പള്ളിയിൽ. ഭാര്യ ഷീബ (യുകെ) പുറപ്പുഴ പാലയ്ക്കൽ കുടുംബാംഗം. മക്കൾ: കെവിൻ, കാരോൾ, മരിയ.
സഹോദരങ്ങൾ: സിസ്റ്റർ ജിജി മാത്യു (പ്രിൻസിപ്പാൾ സെന്റ് ജെയിംസ് കോളജ് ഓഫ് നഴ്സിംഗ് ചാലക്കുടി), റെജി ചെറിയാൻ, ലിജി ജെയ്സൺ, ബിജു ഇളംതുരുത്തിൽ (പ്രസിഡന്റ് പ്രവാസി കേരള കോൺഗ്രസ് യുകെ).
NRI
ലണ്ടൻ: യുകെയിൽ ഇന്ത്യൻ വിദ്യാർഥി കുത്തേറ്റു മരിച്ചു. ഹരിയാന സ്വദേശിയായ വിജയ് കുമാർ ഷിയോറൻ(30) ആണ് മരിച്ചത്.
നവംബർ 25ന് പുലർച്ചെ 4.15 ഓടെ യുകെയിലെ വോർസെസ്റ്ററിലെ ബാർബോൺ റോഡിൽ ഗുരുതരമായി പരിക്കേറ്റ നിലയിലാണ് വിജയ് കുമാറിനെ വെസ്റ്റ് മെർസിയ പോലീസ് കണ്ടെത്തിയത്.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇവരെ ചോദ്യം ചെയ്തുവരികയാണ്. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താൻ വിപുലമായ അന്വേഷണം തുടരുകയാണെന്ന് ഡിറ്റക്റ്റീവ് ചീഫ് ഇൻസ്പെക്ടർ ലീ ഹോൾഹൗസ് അറിയിച്ചു.
ചാർഖി ദാദ്രിയിലെ ജാഗ്രാംബാസ് ഗ്രാമത്തിൽ നിന്നുള്ള വിജയ് കുമാർ ഇംഗ്ലണ്ടിലെ ബ്രിസ്റ്റലിലുള്ള വെസ്റ്റ് ഓഫ് ഇംഗ്ലണ്ട് യൂണിവേഴ്സിറ്റിയിൽ (UWE) പഠിക്കുകയായിരുന്നു.
മൃതദേഹം നാട്ടിലെത്തിക്കാൻ സഹായം അഭ്യർഥിച്ച് കുടുംബം വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു.
International
ലണ്ടൻ: ക്ലാസ് എ വിഭാഗത്തിൽപ്പെടുന്ന നിരോധിത ലഹരി ഉത്പന്നമായ ഹെറോയിൻ കടത്തിയ ഇന്ത്യൻ വംശജന് യുകെയിൽ 10 വർഷം തടവ്. സ്കോട്ട്ലൻഡിലെ ഈസ്റ്റ് ലോതിയാൻ സ്വദേശി രാജേഷ് ബക്ഷിയെയാണ് (57) കാന്റർബറി കോടതി ശിക്ഷിച്ചത്.
ഇയാളുടെ കൂട്ടാളിയായ ജോൺ പോൾ ക്ലർക്കിനെ (44) ഒൻപത് വർഷം തടവിനും ശിക്ഷിച്ചു. ലഹരി ഉത്പന്നങ്ങളുടെ പൊതിയിൽനിന്ന് രാജേഷ് ബക്ഷിയുടെ വിരലടയാളം അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. 2022 ജൂണിൽ ഡോവറിലെ തുറമുഖത്തുനിന്നാണ് ലഹരി ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. നാലു ദശലക്ഷം പൗണ്ട് വിലവരുന്നതാണ് പിടികൂടിയ ലഹരിവസ്തുക്കൾ.
ബക്ഷിയും ക്ലർക്കും തമ്മിൽ ലഹരി ഇടപാടുകൾ സംബന്ധിച്ചു നടത്തിയ ഫോൺ സംഭാഷണങ്ങളുടെയും മെസേജുകളുടെയും തെളിവുകളും അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. നിയന്ത്രിത മരുന്നുകൾ വിതരണം ചെയ്ത കേസിൽ ജയിൽശിക്ഷ അനുഭവിച്ചയാളാണ് ബക്ഷി.
International
ലണ്ടൻ: ഇന്ത്യക്കാർ യുകെയിൽനിന്ന് താമസം ഉപേക്ഷിച്ച് മടങ്ങുന്നു. 2025 ജൂൺ വരെയുള്ള കണക്കുപ്രകാരം സ്റ്റുഡന്റ് വിസയിലുള്ള 45,000 ഇന്ത്യക്കാരും തൊഴിൽ വിസയിലുള്ള 22,000 പേരും താമസം ഉപേക്ഷിച്ചു മടങ്ങി.
മറ്റു വിസകളിലുണ്ടായിരുന്ന 7,000 പേർ കൂടി ചേരുമ്പോൾ ആകെ 74,000 ഇന്ത്യക്കാരാണു മടങ്ങിയത്. ചൈനയാണു പട്ടികയിൽ രണ്ടാമത്. ഓഫീസ് ഫോർ നാഷനൽ സ്റ്റാറ്റിസ്റ്റിക്സിന്റെ (ഒഎൻഎസ്) റിപ്പോർട്ട് പ്രകാരം യൂറോപ്യൻ യൂണിയനു പുറത്തുനിന്നു യുകെ വിട്ടുപോകുന്ന ഏറ്റവും വലിയ വിഭാഗം ഇന്ത്യക്കാരാണെന്നാണ് വ്യക്തമാക്കുന്നത്.
അതേസമയം യുകെയിലേക്കുള്ള കുടിയേറ്റത്തിൽ ഇന്ത്യക്കാർക്കു തന്നെയാണ് ഒന്നാം സ്ഥാനം. 90,000 പേർ പഠനത്തിനും 46,000 പേർ തൊഴിലിനുമായി എത്തി. ഇന്ത്യ, പാക്കിസ്ഥാൻ, ചൈന, നൈജീരിയ എന്നീ രാജ്യക്കാരാണ് യുകെയിലേക്കു കുടിയേറുന്നവരിൽ മുന്നിൽ.
International
ലണ്ടന്‍: നഗരങ്ങളിലെ ജീവിതം മനുഷ്യന്റെ ആരോഗ്യാവസ്ഥയെ തകര്‍ക്കുമെന്നു ഗവേഷകര്‍. നഗരങ്ങള്‍ അത്യാധുനികവത്കരിക്കുമ്പോള്‍ മനുഷ്യകുലം വലിയ വിപത്തുകള്‍ നേരിടേണ്ടിവരുമെന്നും ഗവേഷകര്‍ മുന്നറിയിപ്പു നല്കുന്നു. നഗരങ്ങളിലെ ജീവിതം, മനുഷ്യന്റെ ആരോഗ്യത്തെയും പ്രത്യുത്പാദന പ്രവര്‍ത്തനങ്ങളെയും ദോഷകരമായി ബാധിക്കും. വര്‍ധിച്ചുവരുന്ന ജനസംഖ്യയും നഗരങ്ങളുടെ വികാസവും മനുഷ്യര്‍ക്കു സ്വാഭാവിക ആവാസ വ്യവസ്ഥകളിലേക്കു മടങ്ങുകയെന്നതു പ്രയാസകരമായി മാറിയെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. മലിനമായ, ശബ്ദായമാനമായ, തിരക്കേറിയ നഗരപരിസരങ്ങള്‍ മനുഷ്യന്റെ ആരോഗ്യാവസ്ഥയെ ദുര്‍ബലപ്പെടുത്തും.
ശീലങ്ങളെ മാറ്റിമറിക്കും
ഇംഗ്ലണ്ടിലെ ലൗബറോ സര്‍വകലാശാലയിലെയും സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ച് സര്‍വകലാശാലയിലെയും ശാസ്ത്രജ്ഞരാണ് മനുഷ്യന്റെ ആധുനിക നഗരജീവിതത്തെയും ആരോഗ്യാവസ്ഥയെയുംകുറിച്ചു പഠനം നടത്തിയത്. 'ദ്രുതഗതിയിലുള്ള വ്യവസായവത്കരണം' മനുഷ്യന്റെ ശീലങ്ങളെ വളരെ വേഗത്തില്‍ മാറ്റിമറിച്ചതിനാല്‍ മനുഷ്യകുലത്തിന്റെ നിലനില്‍പ്പിനുതന്നെ ഭീഷണിയാകുമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. തിരക്കേറിയതും മലിനവുമായ നഗരങ്ങളും അതിജീവനത്തിനും പ്രത്യുത്പാദനത്തിനും ദോഷകരമാണത്രെ!
ഗവേഷകരുടെ അഭിപ്രായത്തില്‍, നഗരവാസം പ്രത്യുത്പാദനത്തെ പ്രതികൂലമായി ബാധിക്കുകയും വന്ധ്യത, ബീജാണുക്കളുടെ എണ്ണം കുറയല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്കു കാരണമാവുകയും ചെയ്യും. ഇതു രോഗപ്രതിരോധ സംവിധാനത്തെ തകര്‍ക്കുകയും വിവിധ അലര്‍ജികള്‍ക്കു കാരണമാകുകയും ശരീരത്തിന്റെ സ്വാഭാവികമായ രോഗപ്രതിരോധശേഷിയെ പ്രതികൂലമായി ബാധിക്കുകയും രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. കൂടാതെ, വൈജ്ഞാനികശേഷി കുറയുകയും മാനസികവികാസം മന്ദഗതിയിലാകുകയും മാനസികവാര്‍ധക്യം വേഗത്തിലാക്കുകയും ചെയ്യും.
പ്രത്യുത്പാദന നിരക്ക് കുറയുന്നു
ലോകമെമ്പാടും പ്രത്യുത്പാദന നിരക്കു കുറയുന്നു. വിട്ടുമാറാത്ത രോഗങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. 2050 ആകുമ്പോഴേക്കും ഏകദേശം 68 ശതമാനം ആളുകളും നഗരങ്ങളില്‍ താമസിക്കുമെന്നു കണക്കാക്കപ്പെടുന്നു. ഇത് ഈ ആഘാതങ്ങളുടെ അനന്തരഫലങ്ങള്‍ ഗുരുതരമാക്കും. മനുഷ്യന്റെ ജൈവശാസ്ത്രഘടന പ്രകൃതിയുമായി ബന്ധപ്പെട്ടാണു നില്‍ക്കുന്നത്. പക്ഷേ, വ്യവസായവത്കരണം നമ്മുടെ ചുറ്റുമുള്ള പരിസ്ഥിതിയെ വളരെ വേഗത്തില്‍ മാറ്റിമറിച്ചതിനാല്‍ നമ്മുടെ ശരീരങ്ങള്‍ക്ക് അതിനോടു പൂര്‍ണമായും പൊരുത്തപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നു ലോഫ്ബറോ സര്‍വകലാശാലയിലെ മനുഷ്യപരിണാമ ഫിസിയോളജിയിലെ സീനിയര്‍ ലക്ചറര്‍ ഡാനി ലോംഗ്മാന്‍ പറഞ്ഞു. അദ്ദേഹം ഇതിനെ 'എന്‍വയോണ്‍മെന്റല്‍ മിസ്മാച്ച് ഹൈപ്പോതിസിസ്' എന്നു വിളിക്കുന്നു. അതായത്, ആധുനിക നഗരജീവിതവുമായി മനുഷ്യര്‍ പൂര്‍ണമായും പൊരുത്തപ്പെടുന്നില്ലത്രെ!
കണ്ടത്തൽ ഇങ്ങനെ
ലബോറട്ടറിപരീക്ഷണങ്ങള്‍, ഫീല്‍ഡ് പഠനങ്ങള്‍, ജനസംഖ്യാ ഗവേഷണം എന്നിവയില്‍നിന്നുള്ള കണ്ടെത്തലുകള്‍ സംയോജിപ്പിച്ചാണ് പഠനം നടത്തിയതെന്നു ലോംഗ്മാന്‍ പറഞ്ഞു. പുതിയ വിവരങ്ങള്‍ ശേഖരിക്കുന്നതിനു പകരം, ആധുനിക പരിസ്ഥിതി മനുഷ്യശരീരത്തെ എങ്ങനെ ബാധിക്കുന്നു എന്നു മനസിലാക്കാന്‍ ഗവേഷകര്‍ നരവംശശാസ്ത്രം, പരിസ്ഥിതിശാസ്ത്രം, ശരീരശാസ്ത്രം, പൊതുജനാരോഗ്യം എന്നിവയില്‍നിന്നുള്ള ഡാറ്റയാണ് അവലോകനം ചെയ്തത്. നഗരങ്ങളിലെ ജീവിതത്തിന്റെ ഹ്രസ്വകാല, ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ അവര്‍ കണ്ടെത്തുകയും ചെയ്തു.
നഗരത്തിലെ ദൈനംദിന ശബ്ദകോലാഹലം, ജനക്കൂട്ടം, ഗതാഗതക്കുരുക്ക്, ഡിജിറ്റല്‍ സാങ്കേതികതയുടെ കുതിപ്പ് തുടങ്ങിയവ ശരീരത്തിന്റെ സമ്മര്‍ദപ്രതികരണ സംവിധാനങ്ങള്‍ നിരന്തരം സജീവമാകുന്നു. ഇത് ഉത്കണ്ഠ വര്‍ധിപ്പിക്കുന്നതിനും ഉറക്കം തടസപ്പെടുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് കുറയാനും കാരണമാകും. കാലക്രമേണ, ഈ നിരന്തരമായ സമ്മര്‍ദം മാനസികാരോഗ്യപ്രശ്നങ്ങള്‍, വൈജ്ഞാനികവൈകല്യം, രോഗപ്രതിരോധ വ്യവസ്ഥയിലെ അസന്തുലിതാവസ്ഥ, പ്രത്യുത്പാദനശേഷി കുറയല്‍ എന്നിവയിലേക്കു നയിച്ചേക്കാമെന്നും ഗവേഷകര്‍ പറയുന്നു.
NRI
കേംബ്രിഡ്ജ്: കാത്തലിക് അഭിഷേകാഗ്നി മിനിസ്ട്രി യുവ ദമ്പതികൾക്കായി "യുവ ദമ്പതികളുടെ സംഗമം' സംഘടിപ്പിക്കുന്നു. 22ന് കേംബ്രിജിലെ ഔർ ലേഡി ഓഫ് ലൂർദ് ദേവാലയത്തിൽ വച്ച് നടക്കുന്ന സംഗമം രാവിലെ രാവിലെ 9.30 കുർബാനയോടെ ആരംഭിക്കും. വൈകിട്ട് നാലിന് സമാപിക്കും.
ആകയാൽ ദൈവം യോജിപ്പിച്ചത് മനുഷ്യൻ വേർപെടുത്താതിരിക്കട്ടെ (മത്തായി 19:6) എന്ന വചനത്തെ ആസ്പദമാക്കി, ദാമ്പത്യബന്ധം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിവാഹിതരായി പത്ത് വർഷം വരെ പൂർത്തിയാക്കിയ ദമ്പതികൾക്ക് പങ്കെടുക്കാം.
നാല് വയസിന് മുകളിലുള്ള കുട്ടികൾക്കായി പ്രത്യേക സർവീസും ഒരുക്കിയിട്ടുണ്ട്. കുർബാന, ആത്മീയ പ്രഭാഷണങ്ങൾ, കുമ്പസാരം, ആരാധന, പ്രെയ്സ് ആൻഡ് വർഷിപ് എന്നീ ശുശ്രൂഷകൾക്ക് പുറമെ ദമ്പതികൾ തമ്മിലുള്ള ആശയവിനിമയത്തിനും സൗകര്യം ക്രമീകരിക്കും.
വിവാഹിതരായി പത്തു വർഷം വരെ പൂർത്തിയാക്കിയ എല്ലാ യുവദമ്പതികൾക്കും ഈ സംഗമത്തിൽ പങ്കെടുക്കാവുന്നതാണ്. കൂട്ടായ്മയിൽ പങ്കുചേരുന്ന ദമ്പതികളുടെ നാലുവയസ് മുതലുള്ള കുട്ടികൾക്കായി പ്രത്യേക സർവീസ് ഒരുക്കുമെന്ന് സംഘാടക മിനിസ്ട്രി അറിയിച്ചു.
ദൈവം ഒരുമിപ്പിച്ച ദാമ്പത്യജീവിതത്തെ ആത്മീയമായും ഭൗതികമായും പരിപോഷിപ്പിക്കുന്നതിനും പരസ്പര ബന്ധവും ബഹുമാനവും ശക്തമാക്കുന്നതിനുമുള്ള അവസരമൊരുക്കുന്ന ഈ ആത്മീയ അനുഭവത്തിലേക്ക് എല്ലാ യുവദമ്പതികളെയും അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി ക്ഷണിക്കുന്നതായി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ജോണി ജോസഫ് - 07845321473, സാജു വർഗീസ് - 07809827074. www.afcmuk.org.
വേദി: Our Lady of Lourdes, 135 High Street, Sawston, Cambridge, CB22 3HJ.
NRI
ലണ്ടൻ: ലണ്ടനിലേക്കു വരുകയായിരുന്ന ട്രെയിനിലുണ്ടായ കത്തിയാക്രമണത്തിൽ പത്തു പേർക്ക് പരിക്ക്. സംഭവത്തിൽ രണ്ടു പേരെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച വൈകുന്നേരം വടക്കൻ ഇംഗ്ലണ്ടിലെ ഡോൺകാസ്റ്ററിൽനിന്ന് ലണ്ടനിലെ കിംഗ്സ് ക്രോസിലേക്കു യാത്രപുറപ്പെട്ട ട്രെയിനിലാണ് കത്തിയാക്രമണമുണ്ടായത്.
ഹണ്ടിംഗ്ടൺ ടൗണിൽ നിർത്തിയ ട്രെയിനിൽ പ്രവേശിച്ച ആയുധധാരികളായ പോലീസ് അക്രമികളെ കീഴടക്കുകയായിരുന്നു. അറസ്റ്റിലായ രണ്ടു പേരും ബ്രിട്ടീഷ് പൗരന്മാരാണ്.
സംഭവത്തിന് തീവ്രവാദബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ ഒമ്പതു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിൽ രണ്ടു പേർ അപകടാവസ്ഥ തരണം ചെയ്തിട്ടില്ല. നാലു പേർ ആശുപത്രി വിട്ടു.
NRI
ലണ്ടൻ: ബ്രിട്ടനിലെ ഇന്ത്യൻ വംശജർക്കെതിരേ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളിൽ ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി ഐഒസി യുകെ കേരള ചാപ്റ്റർ. കുറ്റവാളികൾക്കെതിരേ മാതൃകാപരമായ ശിക്ഷയും അക്രമണങ്ങൾ ഉണ്ടാകാതിരിക്കുന്നതിനുള്ള മുൻകരുതലുകൾക്കുമായി ഭരണ തലത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഇന്ത്യൻ ഹൈക്കമ്മീഷന് ഹർജി സമർപ്പിച്ചു.
ബ്രിട്ടനിലെ വെസ്റ്റ് മിഡ്ലാൻഡ്സ് പ്രദേശത്ത് ഒക്ടോബർ 2025-ൽ നടന്ന വംശീയത പ്രേരിതമായ ആക്രമണങ്ങളും ഇന്ത്യൻ സാംസ്കാരിക പ്രതീകങ്ങളെ ലക്ഷ്യമിട്ട നാശനഷ്ടങ്ങളുമെല്ലാം ഉൾപ്പെടുത്തി ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസിന്റെ നേതൃത്വത്തിലാണ് ഓൺലൈനായി ഹർജി സമർപ്പിച്ചത്.
ഈ സംഭവങ്ങൾ ഇന്ത്യൻ വംശജരുടെ സുരക്ഷയ്ക്കും ആത്മവിശ്വാസത്തിനും നേരിട്ടുള്ള വെല്ലുവിളിയാണെന്നും അവയ്ക്ക് അടിയന്തര നയതന്ത്ര ഇടപെടൽ ആവശ്യമാണെന്നും ഹർജിയിൽ വ്യക്തമാക്കി.
ഒക്ടോബർ 25-ന് ബർമിംഗ്ഹാമിലെ വാൾസാൾ പാർക്ക് ഹാൾ പ്രദേശത്ത് ഒരു ഇന്ത്യൻ യുവതി നേരിട്ട ക്രൂരമായ ആക്രമണത്തെയും അതിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് ഒക്ടോബർ 16ന് ഹെയിൽസൊവൻ നഗരത്തിൽ മറ്റൊരു യുവതിക്കെതിരേയും സമാന സ്വഭാവത്തിലുള്ള ആക്രമണം നടന്നതും ഹർജിയിൽ എടുത്തു പറഞ്ഞിട്ടുണ്ട്.
അതിക്രൂരവും വംശീയാക്ഷേപ ചുവയുള്ളതുമെന്ന് പോലീസ് വിശേഷിപ്പിച്ച അടുത്തടുത്ത ദിവസങ്ങളിൽ നടന്ന ഈ രണ്ട് സംഭവങ്ങളുടെയും സ്വഭാവസാമ്യവും ഇന്ത്യൻ വംശജരായ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചുള്ള ഗൗരവമായ ആശങ്കകൾ ഉയർത്തുന്നതായായി ഹർജിയിൽ സംഘടന ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതോടൊപ്പം, ലണ്ടൻ തവിസ്ക്വയറിൽ മഹാത്മാ ഗാന്ധിജിയുടെ പ്രതിമ വികൃതമാക്കിയ സംഭവവും ഇന്ത്യൻ സമൂഹത്തിനും ഇന്ത്യ - ബ്രിട്ടൻ സൗഹൃദ മൂല്യങ്ങൾക്കും ഗൗരവമായ അപമാനമാണെന്ന് സംഘടന പ്രസ്താവിച്ചു.
യുകെ ഹോം ഓഫീസ്, പോലീസ്, പ്രാദേശിക അധികാരികൾ എന്നിവരുമായി നേരിട്ടുള്ള ഉയർന്നതല നയതന്ത്ര ഇടപെടലുകളും ബന്ധവും ഉറപ്പാക്കുക, വിദ്വേഷപ്രേരിത കുറ്റകൃത്യങ്ങൾ നിരീക്ഷിക്കുന്നതിനായി ഹൈക്കമ്മീഷനിൽ പ്രത്യേക സെല്ല് രൂപീകരിക്കുക, ഇരകൾക്കും കുടുംബങ്ങൾക്കും നിയമസഹായം, മാനസിക പിന്തുണ, അനുയോജ്യമായ കൗൺസലിംഗ് എന്നിവ ലഭ്യമാക്കുക,
ഇന്ത്യൻ പൈതൃക പ്രതീകങ്ങളുടെ നിരീക്ഷണവും സംരക്ഷണം ഉറപ്പാക്കുക, ഇന്ത്യൻ വംശജരുടെ സുരക്ഷയോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത ആവർത്തിച്ചു അധികാരികളെ ബോദ്യപ്പെടുത്തുക, കുറ്റക്കരെ ഒറ്റപ്പെടുത്തുന്നതിനും മാതൃകാപരമായ ശിക്ഷ ലഭിക്കുന്നതിനും സർക്കാരിൽ സമ്മർദം ചെലുത്തുക തുടങ്ങി ഇന്ത്യൻ ഹൈകമ്മീഷൻ അടിയന്തിരമായി പരിഗണിക്കേണ്ടതായി ചില നിർദേശങ്ങളും ഹർജിയിൽ സംഘടന മുന്നോട്ട് വച്ചിട്ടുണ്ട്.
ഇന്ത്യൻ സമൂഹം വർഷങ്ങളായി കഠിനാധ്വാനം, മാന്യത, സാമൂഹിക പങ്കാളിത്തം എന്നിവയുടെ മാതൃകാ സമൂഹമായി യുകെയിൽ നിലകൊള്ളുന്നതായും എന്നാൽ ഒക്ടോബറിലെ ഈ ആക്രമണങ്ങൾ പ്രസ്തുത സഹജീവിതത്തിന്റെ ആത്മാവിനെയും ഐക്യത്തെയും തച്ചു തകർക്കുമെന്നും സമൂഹത്തിൽ വിശ്വാസവും നീതിയിലുള്ള പ്രതീക്ഷയും പുനഃസ്ഥാപിക്കാൻ ഹൈക്കമ്മീഷന്റെ അടിയന്തര ഇടപെടലും പൊതുവായ പ്രതികരണവും അനിവാര്യമാണെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
പ്രശ്നത്തിൽ അടിയന്തിര ഇടപെടൽ അഭ്യർഥിച്ചുകൊണ്ട് ഐഒസി യുകെ കേരള ചാപ്റ്റർ സ്കോട്ട്ലാൻഡ് യൂണിറ്റ് പ്രസിഡന്റ് കെ. മിഥുൻ, ജനറൽ സെക്രട്ടറി സുനിൽ കെ. ബേബി, ചാപ്റ്റർ നിർവാഹക സമിതി അംഗം ഷോബിൻ സാം എന്നിവരുടെ നേതൃത്വത്തിൽ മറ്റൊരു ഹർജിയും ഇന്ത്യൻ ഹൈകമ്മീഷന് സമർപ്പിച്ചിട്ടുണ്ട്.
NRI
നോർവിച്ച്: യുകെയിൽ അന്തരിച്ച സേവ്യർ ഫിലിപ്പോസ് മരങ്ങാട്ടിന്റെ (അപ്പച്ചൻകുട്ടി - 73) സംസ്കാരം ബുധനാഴ്ച നോർവിച്ചിൽ നടക്കും. മക്കളെ സന്ദർശിക്കുവാനും പേരക്കുട്ടികളുടെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണത്തിലും ജ്ഞാനസ്നാനത്തിലും പങ്കുചേരുവാനുമാണ് സേവ്യർ ഫിലിപ്പോസ് യുകെയിലെത്തിയത്.
അന്ത്യോപചാര തിരുക്കർമങ്ങളിലും സംസ്കാര ശുശ്രൂഷകളിലും ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കിയുടെ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യ കാർമികത്വം വഹിക്കും. ചാൻസലർ റവ.ഡോ. മാത്യു പിണക്കാട്ട് സഹ കാർമികത്വം വഹിക്കുന്നതാണ്.
സെന്റ് ജോർജ് കത്തോലിക്കാ ദേവാലയത്തിൽ വച്ചാണ് അന്ത്യോപചാര തിരുക്കർമങ്ങൾ നടക്കുക. തിരുക്കർമങ്ങൾക്കും പൊതുദർശനത്തിനും ശേഷം നോർവിച്ച് സിറ്റി സെമിത്തേരിയിൽ സംസ്കാരം നടക്കും.
സെന്റ് തോമസ് സീറോമലബാർ മിഷൻ നോർവിച്ച് വികാരി ഫാ. ജിനു മുണ്ടുനടക്കൽ അന്ത്യോപചാര - സംസ്കാര ശുശ്രുഷകൾക്കും അനുബന്ധ ചടങ്ങുകൾക്കും അജപാലന നേതൃത്വം വഹിക്കും.
ഫാ. ഡാനി മോളോപ്പറമ്പിൽ, ഫാ.ഫിലിഫ് പന്തമാക്കൽ, ഫാ.ഇമ്മാനുവേൽ ക്രിസ്റ്റോ നെരിയാംപറമ്പിൽ, ഫാ. ജോസ് അഞ്ചാനിക്കൽ തുടങ്ങിയ വൈദികർ സഹ കാർമികത്വം വഹിക്കുന്നതാണ്.
കൂടാതെ സിറോമലബാർ വൈദികരും ക്നാനായ യാക്കോബായ, ഓർത്തഡോക്സ് വൈദികരും വിടവാങ്ങൽ ശുശ്രൂഷകളിൽ സന്നിഹിതരാവും. കോട്ടയം തുരുത്തി സ്വദേശിയായ പരേതൻ, ചങ്ങനാശേരി അതിരൂപതയിലെ മർത്ത് മറിയം ഫൊറോനാ പള്ളി ഇടവകാംഗമാണ്.
ഭാര്യ പരേതയായ ലിസമ്മ സേവ്യർ, തുരുത്തി, കരിങ്ങട കുടുംബാംഗം. അൻസ് സേവ്യർ, നോർവിച്ചിൽ താമസിക്കുന്ന അനിത, അമല, അനൂപ് എന്നിവർ മക്കളും ജിന്റാ മാലത്തുശേരി (ഇഞ്ചിത്താനം), നോർവിച്ചിൽ താമസിക്കുന്ന ജെറീഷ് പീടികപറമ്പിൽ (കുറിച്ചി), സഞ്ജു കൈനിക്കര (വലിയകുളം), സോണിയ നെല്ലിപ്പള്ളി (ളായിക്കാട്) എന്നിവർ മരുമക്കളുമാണ്. പരേതനായ തങ്കച്ചൻ മരങ്ങാട്ട്, ആന്റണി ഫിലിപ്പ് (തുരുത്തി) എന്നിവർ സഹോദരങ്ങളും.
സേവ്യർ ഫിലിപ്പോസിന്റെ വേർപാട് കുടുംബാംഗങ്ങളോടൊപ്പം മലയാളി സമൂഹത്തെയാകെ വേദനിപ്പിച്ചിരിക്കുകയാണ്. പരേതന് അന്ത്യാജ്ഞലി അർപ്പിക്കുന്നതിനും വിടയേകുന്നതിനുമായി ദേവാലയത്തിൽ പൊതുദർശനം ക്രമീകരിക്കുന്നുണ്ട്.
ബുധനാഴ്ച രാവിലെ 11.15ന് അന്ത്യോപചാര തിരുക്കർമങ്ങൾ നോർവിച്ചിൽ ആരംഭിക്കുന്നതും പൊതുദർശനത്തിനു ശേഷം നോർവിച്ച് സിറ്റി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.
പള്ളിയുടെ വിലാസം: St George Catholic Church, Sprowston Road, Norwich, NR3 4HZ.
സെമിത്തേരി: Norwich City (Earlham Cemetery), Farrow Road, NR5 8AH.
NRI
യുകെ ആരോഗ്യമേഖലയിലെ(NHS) ഏറ്റവും സ്വാധീനമുള്ള 50 കറുത്തവർഗ്ഗക്കാർ, ഏഷ്യക്കാർ, ന്യൂനപക്ഷ വിഭാഗക്കാർ (BAME)എന്നിവരുടെ പട്ടികയിൽ മലയാളി നഴ്സായ സജൻ സത്യൻ ഇടം നേടി. ഹെൽത്ത് സർവീസ് ജേണൽ (HSJ) പ്രസിദ്ധീകരിച്ച പട്ടികയിലാണ് എയർഡേൽ ഫൗണ്ടേഷൻ ട്രസ്റ്റിലെ ഡെപ്യൂട്ടി ചീഫ് നഴ്സും ’അലയൻസ് ഓഫ് സീനിയർ കേരള നഴ്സസ്’ (Alliance of Senior Kerala Nurses - ASKeN) സ്ഥാപകനുമായ സജൻ സത്യനെ യുകെ മലയാളികൾക്കാകെ അഭിമാനകരമായ ഈ നേട്ടത്തിന് അർഹനായത്.
യുക്മയുടെ ആരംഭകാലം മുതൽ സഹയാത്രികനായ സാജൻ സത്യന്റെ അഭിമാനകരമായ നേട്ടത്തിൽ യുക്മ കുടുംബമൊന്നാകെ ആഹ്ളാദത്തിലാണ്. 2019-22 കാലഘട്ടത്തിൽ യുക്മ ദേശീയ ജോയിന്റ് സെക്രട്ടറി സ്ഥാനം വഹിച്ച സാജൻ 2022-25 കാലയളവിൽ യോർക്ക്ഷയർ & ഹംബർ റീജണിൽ നിന്നുള്ള ദേശീയ സമിതിയംഗമായും പ്രവർത്തിച്ചു. യുക്മ നഴ്സസ് ഫോറം നാഷണൽ കോർഡിനേറ്റർ, നാഷണൽ അഡ്വൈസർ എന്നീ നിലകളിലും മികവുറ്റ പ്രവർത്തനം കാഴ്ചവച്ച സാജൻ യുകെയിലെ മലയാളി നഴ്സിംഗ് സമൂഹത്തിന് ഒരു മാർഗദർശിയാണ്. യുകെയിലെ നഴ്സിംഗ് സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ നിരന്തരമായ ഇടപെടലുകൾ നടത്തുന്ന സാജൻ അവയ്ക്ക് സാധ്യമായ പരിഹാരങ്ങൾ നിർദേശിക്കുവാനും നടപ്പിലാക്കുവാനും മുൻനിരയിലുണ്ട്.
അലയൻസ് ഓഫ് സീനിയർ കേരള നഴ്സസ് (ASKeN) എന്ന യുകെ നാഷണൽ ഹെൽത്ത് സർവീസിലെ സീനിയർ നഴ്സുമാരുടെ സംഘടനയുടെ സ്ഥാപക നേതാവായ സാജൻ സത്യനോടൊപ്പം യുകെ ഇമിഗ്രേഷൻ മന്ത്രി സീമ മൽഹോത്ര, ലണ്ടൻ മേയർ സാദിഖ് ഖാൻ, റോയൽ കോളജ് ഓഫ് ഫിസിഷ്യൻസ് പ്രസിഡന്റ് മുംതാസ് പട്ടേൽ, പൌളറ്റ് ഹാമിൽട്ടൻ എംപി തുടങ്ങിയ പ്രമുഹരാണ് പട്ടികയിൽ ഇടം നേടിയവർ. യുകെയിലേക്ക് പുതിയതായി എത്തുന്ന നഴ്സുമാർക്ക് പിന്തുണ നൽകുവാനും ഇവിടെയുള്ളവർക്ക് പരസ്പരം ബന്ധപ്പെടാനും സഹകരിക്കുവാനും വേണ്ടിയാണ് സാജൻ സത്യൻ ASKeN സ്ഥാപിച്ചത്. എൻഎച്ച്എസ് അക്കാദമിക, ഗവേഷണ മേഖലകളിലെ ഉയർന്ന തസ്തികകളിൽ ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രാതിനിധ്യം കുറവായതിനാൽ കരിയറിൽ മുന്നോട്ട് വരുന്നവർക്ക് മാതൃകയാക്കാൻ ആളില്ലാത്ത അവസ്ഥ ASKeNന്റെ പ്രധാന ശ്രദ്ധാവിഷയമാണ്.
എൻഎച്ച്എസ്സിൽ 2009 മുതൽ സേവനമനുഷ്ഠിക്കുന്ന സാജൻ അഡ്വാൻസ്ഡ് നഴ്സ് പ്രാക്ടീഷണർ, ലീഡ് അഡ്വാൻസ്ഡ് ക്ലിനിക്കൽ പ്രാക്ടീഷണർ, ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ട് ഉൾപ്പടെ വിവിധ ചുമതലകൾ വഹിച്ച ശേഷമാണ് എയർഡെയ്ൽ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിൽ ഡെപ്യൂട്ടി ചീഫ് നഴ്സായി ചുമതലയേറ്റത്. തിരക്കേറിയ ഔദ്യോഗിക ചുമതലകൾക്കൊപ്പം പഠിക്കുവാനും സമയം കണ്ടെത്തുന്ന സാജൻ പൊതുപ്രവർത്തന രംഗത്തും അഭിമാനാർഹമായ പ്രവർത്തനം കാഴ്ചവയ്ക്കുന്നുവെന്നത് ഏറെ സന്തോഷകരമാണ്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മെഡിക്കൽ എൻട്രസ് പരീക്ഷയിലൂടെ ബിസ് സി നഴ്സിംഗ് 1994 98 ബാച്ചിൽ പൂർത്തിയാക്കിയ സാജൻ തുടർന്ന് മംഗലാപുരം നിറ്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് സയൻസിൽ നഴ്സിംഗ് ട്യൂട്ടറായി സേവനം അനുഷ്ടിച്ചു. തുടർന്ന് 2003ൽ യുകെയിൽ ബുപയിൽ ജോലിയിൽ പ്രവേശിച്ചു. 2005 മുതൽ എൻ എച്ച് സിൽ പ്രവർത്തിയെടുത്ത് വരുന്ന സാജൻ ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ട് ഉൾപ്പടെ വിവിധ മേഖലകളിൽ വിവിധ പദവികളിൽ സേവനമനുഷ്ടിച്ചു. മിഡ്ലാൻഡ് മെട്രോപ്പൊലിറ്റൻ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഡയറക്ടർ ഓഫ് അഡ്വാൻസ് നഴ്സിംഗ് പ്രാക്ടീസ് ആയിരുന്നു.
ഭാര്യ അനൂപ സാജൻ ഡബ്ലിനിൽ രജിസ്റ്റർഡ് നഴ്സാണ്. എ ലെവൽ വിദ്യാർഥിനിയായ നിയാ സാജൻ, ഏഴാം ക്ലാസ് വിദ്യാർഥി മിലൻ സാജൻ എന്നിവരാണ് മക്കൾ. ലീഡ്സിന് സമീപമുള്ള വെഡ്നസ്ഫീൽഡിലാണ് സാജൻ കുടുംബ സമേതം താമസിക്കുന്നത്.
യുക്മയുടെ സഹയാത്രികനും നേതൃനിരയിലെ സജീവ സാന്നിദ്ധ്യവുമായ സാജന്റെ അഭിമാനാർഹമായ നേട്ടത്തിൽ യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗീസ്, വൈസ് പ്രസിഡന്റുമാരായ വർഗീസ് ഡാനിയൽ, സ്മിത തോട്ടം, ജോയിന്റ് സെക്രട്ടറിമാരായ സണ്ണിമോൻ മത്തായി, റെയ്മോൾ നിധീരി, ജോയിന്റ് ട്രഷറർ പീറ്റർ താണോലിൽ, മുൻ പ്രസിഡന്റുമാരായ മനോജ്കുമാർ പിള്ള, ഡോ. ബിജു പെരിങ്ങത്തറ, മുൻ ജനറൽ സെക്രട്ടറിയും ബേസിംഗ്സ്റ്റോക്ക് കൗൺസിലറുമായ സജീഷ് ടോം
മുൻ ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, പിആർഒ കുര്യൻ ജോർജ്, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, യുക്മ യോർക്ക്ഷയർ & ഹംബർ റീജിയണൽ പ്രസിഡന്റ് അമ്പിളി സെബാസ്റ്റ്യൻ, യുഎൻഎഫ് ദേശീയ സമിതിയംഗങ്ങൾ തുടങ്ങിയവർ അഭിനന്ദനങ്ങൾ അറിയിച്ചു.
കൂടുതൽ മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുവാനും കൂടുതൽ ഉയരങ്ങൾ കീഴടക്കുവാനും സാജന് കഴിയട്ടെയെന്ന് യുക്മ നേതൃത്വം ആശംസിച്ചു.
NRI
ലണ്ടൻ: വയനാട് ജില്ലയിൽ നിന്നും ഇംഗ്ലണ്ടിലേയ്ക്ക് കുടിയേറിയവരുടെ കൂട്ടായ്മയായ വോയ്സ് ഓഫ് വയനാട് ഇൻ യുകെയുടെ പതിനഞ്ചാമത് സംഗമം വെസ്റ്റ്മിഡ്ലാൻഡിലെ നനീട്ടണിൽ വിപുലമായ പരിപാടികളോടെ നടന്നു.
നാട്ടിൽ നിന്നും സന്ദർശിക്കാനെത്തിയ മാതാപിതാക്കൾ ഉദ്ഘാടനം ചെയ്തു. ചെയർമാൻ രാജപ്പൻ വർഗീസ് അധ്യക്ഷത വഹിച്ചു. സ്കോട്ലൻഡ് മുതൽ സോമർസെറ്റ് വരെയുള്ള ഇംഗ്ലണ്ടിന്റെ വിവിധ
പ്രദേശങ്ങളിൽ നിന്നും രാവിലെ തന്നെ കുടുംബാംഗങ്ങൾ എത്തിച്ചേർന്നു.
NRI
പൂള്: പാട്ടും ആട്ടവും അരങ്ങുവാണ വേദിയില്‍ കലാമികവിന്റെ ആനന്ദരാവൊരുക്കി നീലാംബരി അഞ്ചാം സീസണ്. ജനപങ്കാളിത്തത്തിലും സംഘാടനമികവിലും അവതരണമികവിലും പുതുചരിത്രം രചിച്ച നീലാംബരി അഞ്ചാം സീസണ് പ്രവാസീ സമൂഹത്തിന് അവിസ്മരണമീയ കലാ നിമിഷങ്ങളാണ് സമ്മാനിച്ചത്.
യുകെയിലെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ ഗായകരും നര്‍ത്തകരും വിസ്മയമൊരുക്കിയ പരിപാടി ശനിയാഴ്ചയാണ് നടന്നത്. വിമ്പോണിലെ അലന്‍ഡെയ്ല്‍ കമ്യൂണിറ്റി സെന്ററായിരുന്നു വേദി. ഉച്ചയോടെ ആരംഭിച്ച പരിപാടിയില്‍ ആയിരക്കണക്കിന് ആളുകളാണെത്തിയത്.
NRI
ചങ്ങനാശേരി: യുകെയില്‍ അന്തരിച്ച കാതറിന് ജോര്‍ജിന്റെ(30) സംസ്കാരം ഞായറാഴ്ച രണ്ടിന് ചാലക്കുടി പിതൃഭവനത്തിലെ കുറ്റിക്കാട് ഫോട്ടോക്കാരന്‍ വീട്ടില്‍ ആരംഭിച്ച് കുറ്റിക്കാട് സെന്റ് മേരീസ് സെബാസ്റ്റിയന് പള്ളിയില്‍ നടക്കും.
ഭര്‍ത്താവ്: സെബിന് തോമസ് ചങ്ങനാശേരി ചങ്ങംങ്കരി കുടുംബാംഗമാണ്. പി.ഡി. ജോർജ്-സുജ ദന്പതികളുടെ മകളാണ്.
NRI
പൂള്: ആലാപന വൈഭവത്തിന്റെയും നൃത്ത ചാരുതയുടെയും വിസ്മയക്കാഴ്ചകളുമായി നീലാംബരി അഞ്ചാം സീസണ് എത്തുകയായി. വിമ്പോണിലെ അലന്‍ഡെയ്ല്‍ കമ്യൂണിറ്റി സെന്ററില്‍ ശനിയാഴ്ചയാണ് നീലാംബരി അരങ്ങേറുന്നത്.
കഴിഞ്ഞ വര്‍ഷം നീലാംബരിക്കു വേദിയായ പൂള് ലൈറ്റ് ഹൗസില്‍ ഇവന്റ് മാനേജ്മെന്റ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് പലര്‍ക്കും പ്രവേശനം ലഭിച്ചിരുന്നില്ല. ഈ സാഹചര്യം ഒഴിവാക്കാനാണ് ഇക്കുറി അലന്‍ഡെയ്ല്‍ കമ്യൂണിറ്റി സെന്ററില്‍ പരിപാടി നടത്തുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
വിവിധ ഘട്ടങ്ങളിലായി നടന്ന സ്ക്രീനിംഗിലൂടെ തെരഞ്ഞെടുക്കപ്പെട്ട നിരവധി ഗായകരാണ് പാട്ടഴകിന്റെ സ്വരലയ വിന്യാസം തീര്‍ക്കുക. ഇതിനു പുറമേ മെയ് വഴക്കത്തിന്റെ പകര്‍ന്നാട്ടങ്ങളുമായി പ്രശസ്ത നര്‍ത്തകരും നീലാംബരിയുടെ മാറ്റുകൂട്ടാനെത്തുന്നു.
2021ല്‍ ഗിരീഷ് പുത്തഞ്ചേരി നൈറ്റ് എന്ന പേരില്‍ നടത്തിയ സ്റ്റേജ് പ്രോഗ്രാമിന് വലിയ സ്വീകാര്യത ലഭിച്ചതോടെയാണ് സംഘാടകര്‍ നീലാംബരി മെഗാഷോ പരമ്പര ആരംഭിക്കുന്നത്.
യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പുതുമുഖഗായകരും കുരുന്നു പ്രതിഭകളും അഞ്ചാം സീസണിൽ പങ്കെടുക്കുമെന്ന് പരിപാടിയുടെ അമരക്കാരനായ മനോജ് മാത്രാടന്‍ പറഞ്ഞു.
യുകെയിലെ സ്റ്റേജ് ഷോകളില്‍ സ്ഥിരം സാന്നിധ്യമായ പ്രശസ്ത ഗായകരും അരങ്ങിലെത്തും. തനി നാടന്‍ കേരള രീതിയിൽ ഭക്ഷണ വിഭവങ്ങളുള്‍പ്പെടുത്തിയിട്ടുള്ള ഫുഡ് കൗണ്ടറും ക്രമീകരിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ടിനാണ് പരിപാടി ആരംഭിക്കുക.
NRI
ലണ്ടൻ: ഇന്ത്യൻ വംശജരായ സഹോദരങ്ങൾക്ക് യുകെ കോടതി തടവുശിക്ഷ വിധിച്ചു. കുട്ടികൾക്കെതിരേ ബലാത്സംഗം ഉൾപ്പെടെയുള്ള ലൈംഗികാതിക്രമങ്ങൾ നടത്തിയതിനാണ് ഇരുവരെയും ശിക്ഷിച്ചത്. വ്രിജ് പട്ടേൽ (26) എന്ന യുവാവിന് 22 വർഷവും സഹോദരൻ കിഷൻ പട്ടേലിന് 15 മാസവുമാണ് തടവുശിക്ഷ വിധിച്ചത്.
2018ലാണ് കേസിനാസ്പദമായ സംഭവങ്ങൾ. കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ ചിത്രീകരിച്ചതിനും കൈവശം വച്ചതിനുമാണ് സഹോദരൻ കിഷൻ പട്ടേലിനെ ശിക്ഷിച്ചത്. ഇയാൾ ദൃശ്യങ്ങൾ സൂക്ഷിച്ചുവച്ച ഉപകരണം കേടായത് നന്നാക്കാനായി കടയിൽ കൊടുത്തപ്പോൾ ദൃശ്യങ്ങൾ കടക്കാരുടെ ശ്രദ്ധയിൽപെടുകയും പോലീസിൽ അറിയിക്കുകയുമായിരുന്നു.
ഈ ദൃശ്യങ്ങളിലുള്ളത് വ്രിജ് പട്ടേലാണെന്നു കണ്ടെത്തുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ കുറ്റകൃത്യങ്ങൾ തെളിഞ്ഞത്.
NRI
എസക്സ്: യുകെയിൽ എസക്സിലെ ബാസിൽഡണിൽ നടന്ന പ്രഥമ സോഷ്യൽ ക്ലബ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ ബാസിൽഡണിലെ ഫയർ ഫാൽക്കൺസ് ടീം കിരീടം നേടി.
വാശിയേറിയ ഫൈനലിൽ ക്ഷത്രിയൻസിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഫാൽക്കൺസ് കിരീടം ചൂടിയത്. ക്യാപ്റ്റൻ അനൂപ് മാത്യു ഫാൽക്കൺസിന് വേണ്ടി സ്റ്റെർലിംഗ് സ്ട്രീറ്റ് മോർട്ടേജ് ഉടമ ജിജോ മടുക്കക്കുഴിയിൽ നിന്നും കിരീടം ഏറ്റുവാങ്ങി.
ടൂർണമെന്റിലെ മികച്ച താരവും ബൗളറുമായി ടിജിത്ത് കെ. ശശിയെയും (ഫയർ ഫാൽക്കൺസ്) ബാറ്ററായി അജിത് കുമാറിനെയും (ക്ഷത്രിയൻസ്) ഫീൽഡറായി അശ്വിൻ അബ്രഹാമിനെയും (ഫയർ ഫാൽക്കൺസ്) തെരഞ്ഞെടുത്തു.
സോഷ്യൽ ക്ലബിന് വേണ്ടി ജിപ്സൺ മറുത്തോസ് നന്ദി പറഞ്ഞു.
NRI
ലണ്ടൻ: തുരുത്തി മരങ്ങാട്ട് സേവ്യര്‍ പീലിപ്പോസ് (അപ്പച്ചന് 74, കോട്ടയം ജില്ലാ ഫുട്ബോള്‍ ടീം മുന്‍ വൈസ് ക്യാപ്റ്റന്‍) യുകെയില്‍ അന്തരിച്ചു. സംസ്കാരം പിന്നീട് യുകെയില്‍.
ഭാര്യ: പരേതയായ ലിസമ്മ സേവ്യര്‍ തുരുത്തി കരിങ്ങട കുടുംബാംഗമാണ്. മക്കള്‍: അന്‍സ് സേവ്യര്‍, അനിത ജെറീഷ്, അമല സഞ്ചു, അനൂപ് സേവ്യര്‍.
മരുമക്കള്‍: ജിന്റാ അന്‍സ് മാലത്തുശേരി ഇത്തിത്താനം, ജെറീഷ് പീടികപറമ്പില്‍ കുറിച്ചി, സഞ്ചു കൈനിക്കര ചീരഞ്ചിറ, സോണിയ നെല്ലിക്കല്‍ ളായിക്കാട്.
NRI
കോട്ടയം: ഡോ. അനിൽ സുകുമാരനെ യുകെ റോയൽ കോളജ് ഓഫ് പതോളജി FRC Path ബിരുദം നൽകി ആദരിച്ചു. ദന്തൽ വിദ്യാഭ്യാസ സേവന മേഖലയിലെ സമഗ്ര സംഭാവന പരിഗണിച്ചാണ് അംഗീകാരം. പതോളജി വിഭാഗത്തിനു മാത്രം നൽകിയിരുന്ന ഈ അംഗീകാരം പെരിയോഡോൺഡിക്സ് വിഭാഗത്തിൽ നിന്ന് ഇന്ത്യയിൽ ആദ്യമായി ഡോ. അനിലിനാണു ലഭിക്കുന്നത്.
തിരുവനന്തപുരം ഗവ. ദന്തൽ കോളജിൽ നിന്ന് 1984 ൽ ബിഡിഎസ് ഒന്നാം റാങ്കും ബസ്റ്റ് ഔട്ട് ഗോയിംഗ് സ്റ്റുഡന്റ് അവാർഡും നേടി.1989 ൽ എംഡിഎസ് ബിരുദം നേടിയശേഷം അധ്യാപനം, റിസേർച്ച് മേഖലകളിൽ വിവിധ ദന്തൽ കോളജുകളിൽ സേവനം അനുഷ്ടിച്ചതിനു ശേഷം 1999-2002 കാലഘട്ടത്തിൽ ഹോങ്കോംഗ് യൂണിവേഴ്സിറ്റിയിൽ നിന്നു പിഎച്ച്ഡിയും നേടി.
ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി നിരവധി അവാർഡുകൾ നേടിയ ഡോ. അനിൽ 2012 ൽ സൗദി അറേബ്യ കിംഗ് സൗദ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഗോൾഡൻ ക്വിൽ ഫോർ റിസേർച്ചിന് അർഹനായി. കോവിഡ് 19നു മോണ രോഗങ്ങളുമായുള്ള ബന്ധം എന്ന വിഷയത്തിലുള്ള പ്രബന്ധവും മങ്കിപോക്സ് ഉളവാക്കുന്ന ആശങ്കകളെക്കുറിച്ചുള്ള പ്രബന്ധവും അന്താരാഷ്ട്ര ശ്രദ്ധ നേടി.
ഖത്തർ ഹമദ് മെഡിക്കൽ കോർപറേഷനിൽ സീനിയർ കൺസൾറ്റന്റായി പ്രവർത്തിക്കുന്ന ഡോ. അനിൽ പുഷ്പഗിരി റിസേർച്ച് സെന്ററിൽ അനുബന്ധ പ്രഫസർ ആയും സേവനം നൽകുന്നു. ഇന്ത്യയിൽ യുവ ഗവേഷകർക്കുള്ള സാധ്യതകൾ മുന്നിൽ കണ്ട് വിവിധ മേഖലകളെ ആരോഗ്യമേഖലയുമായി ബന്ധിപ്പിക്കുന്നിനുള്ള പദ്ധതികൾക്ക് ഡോ. അനിൽ നേതൃത്വം നൽകുന്നു.
NRI
കേംബ്രിജ്: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ "തപസ് ധ്യാനം' ഒക്ടോബർ 10 മുതൽ 12 വരെ സെന്റ് നിയോട്ട്സിൽ വച്ച് സംഘടിപ്പിക്കുന്നു.
ലണ്ടൻ റീജിയണൽ ഇവാഞ്ചലൈസേഷൻ ഡയറക്ടറും ധ്യാനഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട്, ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർ പേഴ്സണും കൗൺസിലറും തിരുവചന പ്രഘോഷകയുമായ സിസ്റ്റര്‍ ആന്‍ മരിയ എന്നിവർ സംയുക്തമായി ത്രിദിന തപസ് ധ്യാനം നയിക്കും.
ഒക്ടോബർ 10ന് രാവിലെ ഒമ്പതിന് ആരംഭിക്കുന്ന തിരുക്കർമങ്ങൾ 12ന് വൈകുന്നേരം നാലിന് സമാപിക്കും. തപസ് ധ്യാനത്തിൽ പങ്കുചേരാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേരുകൾ രജിസ്റ്റർ ചെയ്യണം.
NRI
സ്റ്റീവനേജ്: സ്റ്റീവനേജ് കൊമ്പൻസും ലൂട്ടൻ ഹോക്സ് എലൈറ്റ്സും സംയുക്തമായി സംഘടിപ്പിച്ച ഓൾ യുകെ ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ തണ്ടേഴ്സ് ഫാൽക്കൺസ് കിരീടം നേടി. നോർവിച്ചിൽ നിന്നുള്ള നാം ടീം റണ്ണറപ്പായി.
സ്റ്റീവനേജിൽ ആദ്യമായി നടന്ന ടൂർണമെന്റ് യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണൽ പ്രസിഡന്റ് ജോബിൻ ജോർജ് ഉദ്ഘാടനം ചെയ്തു. കാർഡിഫ് മുതൽ നോർവിച്ച് വരെയുള്ള ടീമുകൾ മാറ്റുരച്ച ടൂർണമെന്റ് കായിക പ്രേമികളുടെ വലിയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
വാശിയേറിയ ഫൈനൽ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത തണ്ടേഴ്സ് ഫാൽക്കൺസ് 10 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 124 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ നാം നോർവിച്ചിനെ മികച്ച ബൗളിംഗിലൂടെ 49 റൺസിന് ഓൾഔട്ടാക്കി തണ്ടേഴ്സ് ഫാൽക്കൺസ് തകർപ്പൻ വിജയം ഉറപ്പിച്ചു.
NRI
ലണ്ടൻ: മലയാളി നഴ്സ് ബ്ലെസി സാംസൺ(48) യുകെയിൽ അന്തരിച്ചു. അനീമിയ രോഗത്തെ തുടർന്നാണ് അന്ത്യം. ലെസ്റ്ററിലെ ഒരു സ്വകാര്യ കെയർ ഹോമിലായിരുന്നു ജോലി.
ഇൻഡോർ മലയാളിയായ സാംസൺ ജോൺ ആണ് ഭർത്താവ്. മക്കൾ: അനന്യ (17), ജൊവാന (12). ഇൻഡോറിലാണ് ബ്ലെസി നാട്ടിൽ താമസിച്ചിരുന്നത്.
പത്തനംതിട്ട തിരുവല്ല സ്വദേശിനിയായ ബ്ലെസി പേഴുംപാറ കുടുംബാംഗമാണ്. തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് പിന്നീട് സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
NRI
എക്സിറ്റർ: 17 വർഷമായി യുകെയിലെ എക്സിറ്ററിൽ പ്രവാസ ജീവിതം നയിച്ച മലയാളി സമൂഹത്തിന്റെ സ്വന്തം രവി(രവിയേട്ടൻ) നാട്ടിലേക്ക് മടങ്ങുന്നു. എക്സിറ്ററിലെ മലയാളികളുടെ സൗഹൃദ വലയത്തിലെ പ്രധാനിയായിരുന്നു അദ്ദേഹം.
രവിയുടെ വീട് എക്സിറ്ററിലെ മലയാളി സൗഹൃദ കൂട്ടായ്മകൾക്ക് എന്നും ഒരു താവളമായിരുന്നു. വാക്കിലും പ്രവർത്തിയിലും സത്യസന്ധതയും ആത്മാർഥതയും പുലർത്തിയ രവി, സാമൂഹിക - സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
അസോസിയേഷൻ തെരഞ്ഞെടുപ്പുകൾ എത്തുമ്പോൾ ചെയർമാൻ സ്ഥാനത്തേക്ക് ആദ്യം പരിഗണിക്കുന്ന പേരായിരുന്നെങ്കിലും ആ പദവി സ്നേഹപൂർവം നിരസിക്കുന്നത് അദ്ദേഹത്തിന്റെ പതിവായിരുന്നു.
ഭാര്യ ശ്യാമളയുടെ ചികിത്സാർഥമാണ് കുടുംബം നാട്ടിലേക്ക് മടങ്ങുന്നത്. ഔദ്യോഗിക രംഗത്തും ജീവിതത്തിലും സത്യസന്ധതയും അർപ്പണബോധവും കാണിച്ചിരുന്ന ശ്യാമള വേഗം പൂർണ ആരോഗ്യത്തോടെ തിരിച്ചുവരട്ടെയെന്ന് എക്സിറ്ററിലെ മലയാളികൾ ആശംസിച്ചു.
വിവാഹജീവിതത്തിലേക്ക് കടക്കുന്ന മകൾ ലച്ചുവിനു ആശംസകൾ നേരുന്നതിനോടൊപ്പം നാട്ടിൽ സന്തോഷകരമായ ജീവിതം ലഭിക്കട്ടെ എന്നും അവർ കൂട്ടിച്ചേർത്തു.
NRI
സ്റ്റീവനേജ്: ഹർട്ട് ഫോർഡ്ഷെയറിലെ സ്റ്റീവനേജിൽ ഓൾ യുകെ ടി10 ക്രിക്കറ്റ് ടൂർണമെന്റ് സ്റ്റീവനേജ് കൊമ്പൻസും ഹോക്സ് എലൈറ്റ്സും സംയുക്തമായി സംഘടിപ്പിക്കുന്നു. ഞായറാഴ്ച രാവിലെ 8.30ന് ആരംഭിക്കുന്ന മത്സരങ്ങൾക്ക് നെബ് വർത്ത് പാർക്ക് ക്രിക്കറ്റ് ക്ലബ് സ്റ്റേഡിയം വേദിയാകും.
നാം, ബിഎംസിസി, കൊമ്പൻസ് - ഹോക്സ്, ഫോർട്ട് സിസി, മേർത്യർ ടൈറ്റൻസ്, ലൂട്ടൻ ടസ്ക്കേഴ്സ്, യുണൈറ്റഡ് സ്ട്രൈക്കേഴ്സ്, ഫാൽക്കൺ തണ്ടേഴ്സ് എന്നീ എട്ടു ടീമുകളാണ് മത്സരത്തിൽ മാറ്റുരയ്ക്കുക.
നെബ് വർത്ത് പാർക്ക് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രണ്ടു വേദികളിലായിട്ടാവും മത്സരം നടക്കുക. എട്ടു ടീമുകൾ നോക്ക്ഔട്ട് അടിസ്ഥാനത്തിലാകും മത്സരിക്കുക. വിജയികൾക്ക് ആകർഷകമായ കാഷ് പ്രൈസും ട്രോഫിയും സമ്മാനിക്കും.
ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് 1001 പൗണ്ടും ട്രോഫിയും റണ്ണറപ്പിന് 501 പൗണ്ടും ട്രോഫിയും സമ്മാനമായി നൽകും. കൂടാതെ ടൂർണമെന്റിലെ മികച്ച ബാറ്റർ, ബൗളർ, പ്ലെയർ ഓഫ് ദ സീരീസ് എന്നിവർക്കായി 100 പൗണ്ട് വീതം കാഷ് പ്രൈസും നൽകും.
ക്രിക്കറ്റ് മത്സരത്തിനുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായെന്നും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും സംഘാടക സമിതി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ലൈജോൺ ഇട്ടീര - 07883226679, മെൽവിൻ അഗസ്റ്റിൻ - 07456281428, അർജുൻ - 07717121991, ശരത് - 07741518558.
NRI
ലണ്ടൻ: വയോധികരുടെ അസ്ഥിരോഗ ചികിത്സയുമായി ബന്ധപ്പെട്ടു നാനോ ടെക്നോളജിയിലെ ഗവേഷണത്തിനു കൊല്ലം സ്വദേശിനിക്ക് 26.38 കോടി രൂപയുടെ യുകെ റിസർച്ച് ആൻഡ് ഇന്നവേഷൻ ഫ്യൂച്ചർ ലീഡേഴ്സ് ഫെലോഷിപ്പ്.
പാരിപ്പള്ളി കിഴക്കനേല സ്വദേശിനി ആരതി രാം ആണ് ഫെലോഷിപ്പിന് അർഹയായിരിക്കുന്നത്. നാല് വർഷത്തേക്ക് ഉള്ള ഗവേഷണത്തിന് 2.2 മില്യൺ പൗണ്ടാണ് (26.38 കോടി രൂപ) ആരതിക്ക് ലഭിക്കുക.
യുകെ ബ്രാഡ്ഫഡ് സർവകലാശാലയിൽ ലൈഫ് സയൻസ് അസിസ്റ്റന്റ് പ്രഫസറായ ആരതി റാം 2020ൽ 2.70 കോടി രൂപയുടെ മേരി ക്യൂറി ഫെലോഷിപ്പ് നേടിയിട്ടുണ്ട്.
കിഴക്കനേല ഗവ. എൽപി സ്കൂൾ, കടമ്പാട്ടുകോണം എസ്കെവി എച്ച്എസ്, പാളയംകുന്ന് എച്ച്എസ്എസ് എന്നിവിടങ്ങളിലായിരുന്നു ആരതി റാമിന്റെ സ്കൂൾ പഠനം.
കേരള സർവകലാശാലയിൽ നിന്ന് എംഎസ്സി ഫിസിക്സ്, കുസാറ്റിൽ നിന്ന് എംഫിൽ, സൗത്ത് കൊറിയയിൽ നിന്നു പിഎച്ച്ഡി എന്നിവ നേടിയ ശേഷമാണ് ആരതി യുകെയിൽ എത്തുന്നത്.
പാരിപ്പള്ളി കിഴക്കനേല അയോധ്യയിൽ റിട്ട. സുബേദാർ മേജർ പരേതനായ രാമചന്ദ്രക്കുറുപ്പിന്റെ യും ശശികലയുടെയും മകളാണ്.
ഭർത്താവ് അഭീഷ് രാജൻ ഉണ്ണിത്താൻ ബ്രാഡ്ഫഡ് സർവകലാശാലയിൽ ലക്ചററാണ്. മകൾ ആരുഷി.
NRI
ലണ്ടൻ: ചെസ്റ്റർഫീൽഡ് മലയാളി കൾച്ചറൽ കമ്യൂണിറ്റിയുടെ ഓണാഘോഷം "നല്ലോണം പൊന്നോണം' സ്പീഡ് വെൽ റൂംസ് സ്റ്റേവലി ഹാളിൽ നടന്നു.
രാവിലെ 11ന് മാവേലി താലത്തിന്റെയും വാദ്യമേളത്തിന്റെയും അകമ്പടിയോടെ കമ്മിറ്റിക്കാരുടെയും സാന്നിധ്യത്തിൽ ഭദ്രദീപം കൊളുത്തി ആഘോഷം ഉദ്ഘാടനം ചെയ്തു.
NRI
ലണ്ടൻ: യുകെയിലെ സൗത്ത് യോർക്ഷയറിലെ വോമ്പ്വെൽ മലയാളി കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷം വർണാഭമായി. ബ്രാംപ്ടൺ ബീയർലോ പാരീഷ് ഹാളിൽ നടന്ന ആഘോഷത്തിൽ കേംബ്രിഡ്ജ് മുൻ മേയർ അഡ്വ. ബൈജു തിട്ടാല മുഖ്യാതിഥിയായി പങ്കെടുത്തു.
വോമ്പ്വെൽ മലയാളി കമ്യൂണിറ്റി ഒരുക്കിയ ഓണാഘോഷ പരിപാടികൾ കൂട്ടായുടെ സംഘടനാപാടവവും യുകെയിലെ മലയാളി സമൂഹത്തിന്റെ ഐക്യവും സജീവതയും വിളിച്ചോതുന്നതായി.
വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള ഘോഷയാത്ര, തിരുവാതിരകളി, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ മത്സരങ്ങൾ, വടംവലി തുടങ്ങിയ പരിപാടികൾ ഓണഘോഷം വർണാഭമാക്കി.
NRI
ലണ്ടൻ: യുകെയിൽ അമ്മയെ കൊലപ്പെടുത്തിയ ഇന്ത്യൻ വംശജന് ജീവപര്യന്തം തടവുശിക്ഷ. ബർമിംഗ്ഹാമിലെ വീട്ടിൽ വച്ചാണ് 76കാരിയായ മൊഹീന്ദർ കൗറിനെ മകൻ സുർജിത് സിംഗ് കൊലപ്പെടുത്തിയത്.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് സംഭവം നടന്നത്. ടിവി റിമോട്ടുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ക്രൂരമായ മർദനത്തെ തുടർന്നുണ്ടായ ഗുരുതര പരിക്കുകളാണ് മരണകാരണം.
സംഭവത്തിന് പിന്നാലെ വീട്ടിൽനിന്നും മടങ്ങിയ പ്രതി ഇതേക്കുറിച്ച് ബന്ധുവിനെ അറിയിച്ചിരുന്നു. പോലീസെത്തി ക്യൂൻ എലിസബത്ത് ആശുപത്രിയിൽ മൊഹീന്ദർ കൗറിനെ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും മരണംസംഭവിച്ചിരുന്നു.
വെള്ളിയാഴ്ച ബർമിംഗ്ഹാം ക്രൗൺ കോടതിയാണ് ശിക്ഷ വിധിച്ചത്. 15 വർഷം തടവ് ശിക്ഷ അനുഭവിച്ചതിന് ശേഷം മാത്രമേ പ്രതിയുടെ പരോൾഅപേക്ഷ സ്വീകരിക്കാവു എന്നും കോടതി നിർദേശിച്ചു.
സംഭവത്തിന് ശേഷം നടത്തിയ വൈദ്യപരിശോധനയിൽ പ്രതിയുടെ രക്തത്തിൽ നിന്നും മദ്യത്തിന്റെയും കൊക്കെയ്ന്റെയും അംശം കണ്ടെത്തി.
NRI
ലണ്ടൻ: യുകെയിൽ സിഖ് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്തതായി പരാതി. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 8.30ന് ഓൾഡ്ബറിയിലെ ടേം റോഡിന് സമീപമാണ് സംഭവം. 20കാരിയാണ് പീഡനത്തിനിരയായത്.
അക്രമികൾ സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകൂ എന്ന് തന്നോട് ആവശ്യപ്പെട്ടെന്നും യുവതി പറയുന്നു. അക്രമികളെ കണ്ടെത്താൻ പോലീസ് പൊതുജനങ്ങളുടെ സഹായം അഭ്യർഥിച്ചിട്ടുണ്ട്. സിസിടിവി, ഫോറൻസിക് അന്വേഷണങ്ങൾ നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.
ആക്രമികൾ വെള്ളക്കാരാണെന്ന് എന്ന് തിരിച്ചറിഞ്ഞു. ഒരാൾ തല മുണ്ഡനം ചെയ്ത് ഇരുണ്ട നിറമുള്ള സ്വെറ്റ് ഷർട്ട് ധരിച്ചിരുന്നുവെന്നും മറ്റേയാൾ ചാരനിറത്തിലുള്ള ടോപ്പ് ധരിച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
പ്രദേശത്ത് പട്രോളിംഗ് വർധിപ്പിക്കുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തെ ബ്രിട്ടീഷ് എംപി പ്രീത് കൗർ ഗിൽ അപലപിച്ചു. സമീപകാലത്ത് വർധിച്ചുവരുന്ന വംശീയത വളരെയധികം ആശങ്കാജനകമാണെന്ന് അവർ അഭിപ്രായപ്പെട്ടു.
NRI
സൗത്താംപ്ടൺ: മലയാളി നഴ്സ് കാൻസർ രോഗത്തെ തുടർന്ന് യുകെയിൽ അന്തരിച്ചു. വിചിത്ര ജോബിഷ്(36) ആണ് മരിച്ചത്.
2021 ഫെബ്രുവരിയിലാണ് വിചിത്ര റോയൽ ഹാംപ്ഷയർ കൗണ്ടി എൻഎച്ച്എസ് ആശുപത്രിയിൽ ജോലിയിൽ പ്രവേശിക്കുന്നത്. നേരത്തെ ബഹറനിലും നഴ്സായി സേവനം അനുഷ്ഠിച്ചിരുന്നു.
വയനാട് പനമരം ചൂരക്കുഴി വീട്ടിൽ ജോബിഷ് ജോർജാണ് ഭർത്താവ്. മക്കൾ: ലിയാൻ (8), ഹെസ (5). സംസ്കാരം പിന്നീട്.
NRI
ലെസ്റ്റർ: കോട്ടയം നട്ടാശേരി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് യുകെയിൽ മരിച്ചു. ലെസ്റ്ററിൽ താമസിക്കുന്ന വർഗീസ് വർക്കി(70) ആണ് മരിച്ചത്.
ഭാര്യ: മേഴ്സി (നഴ്സ്, ലെസ്റ്റർ റോയൽ ഇൻഫേർമറി ഹോസ്പിറ്റൽ). മക്കൾ: മാർട്ടിന, മെർലിൻ. മരുമകൻ: സനൽ.
2009ൽ യുകെയിൽ എത്തിയ വർഗീസ് 2012 മുതൽ ലെസ്റ്ററിലാണ് താമസിക്കുന്നത്. നട്ടാശേരി ഇരുപതിൽ കുടുംബാംഗമാണ്.
സംസ്കാരം പിന്നീട് യുകെയിൽ വച്ച് നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.
NRI
ലണ്ടൻ: ഇത്തിത്താനം പൊൻപുഴ പ്രദീക്ഷ വീട്ടിൽ ജയപ്രകാശ്(60) യുകെയിൽ അന്തരിച്ചു. സംസ്കാരം പിന്നീട് യുകെയിൽ. പരേതൻ കൂനന്താനം നന്ദനം വീട്ടിൽ പരേതരായ കുമാരുകുട്ടൻ നായർ - അമ്മിണിയമ്മ ദന്പതികളുടെ മകനാണ്.
ഭാര്യ ദീപ പൊൻപുഴ അനിൽ ഭവൻ കുടുംബാംഗം. മക്കൾ: അക്ഷയ് പ്രകാശ്, അശ്വിക പ്രകാശ് (ഇരുവരും യുകെ).
NRI
ലണ്ടൻ: ഇംഗ്ലണ്ടിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യക്കാരായ രണ്ട് വിദ്യാർഥികൾ മരിച്ചു. ഹൈദരാബാദിലെ നദർഗുളിൽ സ്വദേശി ചൈതന്യ താരെ (23), ബോഡുപ്പൽ സ്വദേശി റിഷിതേജ റാപോലു (21) എന്നിവരാണ് എന്നിവരാണ് മരിച്ചത്.
ഒൻപത് പേർക്ക് പരിക്കേറ്റു. എസെക്സിൽ ഗണേഷ് വിസർജൻ ആഘോഷങ്ങളിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ വിദ്യാർഥികൾ സഞ്ചരിച്ച വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ചൈതന്യ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ചികിത്സയിൽ കഴിയുന്നതിനിടെയാണ് റിഷിതേജ മരിച്ചത്. അപകടത്തിൽ പരിക്കേറ്റ അഞ്ച് വിദ്യാർഥികളെ റോയൽ ലണ്ടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ സായ് ഗൗതം റാവുല്ല (30) എന്നയാൾ വെന്റിലേറ്ററിലാണ്.
പരിക്കേറ്റ മറ്റ് വിദ്യാർഥികളായ യുവ തേജ റെഡ്ഡി ഗുറം, വംശി ഗൊല്ല, വെങ്കട സുമന്ത് പെന്ത്യാല എന്നിവരും ചികിത്സയിലാണ്. അപകടത്തിൽപ്പെട്ട കാറുകൾ ഓടിച്ചിരുന്ന ഗോപിചന്ദ് ബടമേകല, മനോഹർ സബ്ബാനി എന്നീ രണ്ട് വിദ്യാർഥികളെ യുകെ പോലീസ് കസ്റ്റഡിയിലെടുത്തു.
NRI
ലണ്ടൻ: കോട്ടയം ജില്ലയിലെ അയർക്കുന്നം, മറ്റക്കര സ്വദേശികളായ യുകെ മലയാളി കുടുംബങ്ങളുടെ കൂട്ടായ്മയായ അയർക്കുന്നം മറ്റക്കര സംഗമത്തിന് പുതുനേതൃത്വം. 13 അംഗ കമ്മിറ്റിയെയാണ് ബർമിംഗ്ഹാമിൽ നടന്ന എട്ടാമത് സംഗമത്തിൽ അടുത്ത രണ്ട് വർഷത്തേക്കുള്ള സാരഥികളെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തത്.
2017ൽ നടന്ന ആദ്യ സംഗമത്തിന്റെ ജനറൽ കൺവീനറായിരുന്ന സി.എ ജോസഫ് (പ്രസിഡന്റ്), ബെൻസിലാൽ ചെറിയാൻ (സെക്രട്ടറി), തോമസ് ഫിലിപ്പ് (ട്രഷറർ), ചിത്ര എബ്രഹാം (വൈസ് പ്രസിഡന്റ്), ജിഷ ജിബി (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് ഭാരവാഹികൾ.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ജോമോൻ വള്ളൂർ, ബിജു പാലക്കുളത്തിൽ, ജോഷി കണിച്ചിറയിൽ, ഫെലിക്സ് ജോൺ, ഷിനോയ് തോമസ്, ജോജി ജോസ് എന്നിവരെയും പ്രോഗ്രാം കോഓർഡിനേറ്റർമാരായി റാണി ജോസഫ്, ടെൽസ്മോൻ തടത്തിൽ എന്നിവരെയും തെരഞ്ഞെടുത്തു.
മുൻ പ്രസിഡന്റ് മേഴ്സി ബിജുവിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് നേതൃത്വം കൊടുത്തത്.
NRI
കോട്ടയം: അമേരിക്കയിലുണ്ടായ കാറപകടത്തില്‍ കോട്ടയം സ്വദേശി മരിച്ചു. തോട്ടയ്ക്കാട് പന്തപ്പാട്ട് വര്‍ഗീസിന്റെ മകന് ആല്‍വിനാണ്(27) മരിച്ചത്. റോക്ക്ലാന്‍ഡ് കൗണ്ടിയിലെ സ്റ്റോണി പോയിന്റില്‍ ആല്‍വിന്റെ കാര്‍ അപകടത്തില്‍പെടുകയായിരുന്നു.
ന്യൂജഴ്സി ഓറഞ്ച്ബര്‍ഗിലെ ക്രസ്ട്രോണ്‍ ഇലക്ട്രോണിക്സില് സിസ്റ്റം മാനേജരായിരുന്നു. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വെസ്ലി ഹില്‍സ് ഹോളി ഫാമിലി സീറോമലബാര്‍ ചര്‍ച്ചില്‍ സംസ്കാര ശുശ്രൂഷയും തുടര്‍ന്ന് സെന്റ് ആന്റണീസ് ചര്‍ച്ച് സെമിത്തേരിയില്‍ സംസ്കാരവും നടക്കും.
മാതാവ്: എലിസബത്ത് വര്‍ഗീസ്. സഹോദരങ്ങള്‍: ജോവിന്, മെറിന്. സഹോദരീ ഭര്‍ത്താവ്: ജോബിന് ജോസഫ്.
NRI
ലണ്ടൻ: യുകെയിൽ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം ചിറയിൻകീഴ് ഞാറയിൽകോണം സ്വദേശി വൈഷ്ണവ് വേണുഗോപാൽ(26) ആണ് മരിച്ചത്.
യുകെയിലെ സൗത്ത് യോർക്ക്ഷെയറിന് സമീപമുള്ള റോഥർഹാമിലെ താമസ സ്ഥലത്താണ് കെയർ ഹോം ജീവനക്കാരനായ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് കെയർ ഹോം ജീവനക്കാർ അന്വേഷിച്ച് എത്തിയപ്പോൾ തൂങ്ങി മരിച്ചനിലയിൽ വീടിനുള്ളിൽ കണ്ടെത്തുകയായിരുന്നു.
ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് മെക്സ്ബറോ പോലീസ് ഉടൻ തന്നെ സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു. ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം.
2021 ഭാര്യ അഷ്ടമി സതീഷ് വിദ്യാർഥി വീസയിൽ യുകെയിൽ എത്തിയതിനെ തുടർന്നാണ് വൈഷ്ണവും യുകെയിൽ എത്തുന്നത്. തുടർന്ന് രണ്ട് വർഷം മുൻപാണ് കെയർഹോമിൽ ഹെൽത്ത് കെയർ അസിസ്റ്റന്റ് വീസ ലഭിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് വൈഷ്ണവിനെ മരിച്ചനിലയിൽ കണ്ടെത്തിയതായി മെക്സ്ബറോ പോലീസ് നാട്ടിലുള്ള ബന്ധുക്കളെ വിവരം അറിയിക്കുന്നത്.
NRI
കെറ്ററിംഗ്: ജന്മനാടിന്റെ സ്മരണകൾ പുതുക്കി യുകെയിലേക്ക് കുടിയേറിയ ചങ്ങനാശേരി നിവാസികളുടെ സംഗമം ബ്രിട്ടനിലെ കെറ്ററിംഗിൽ നടന്നു. ചങ്ങനാശേരി എംഎൽഎ അഡ്വ. ജോബ് മൈക്കിൾ സംഗമം ഉദ്ഘാടനം ചെയ്തു.
ജോലിക്കായും പഠനത്തിനായും ബ്രിട്ടനിലേക്ക് കുടിയേറിയ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറു കണക്കിന് ചങ്ങാശേരിക്കാർ പങ്കെടുത്ത സംഗമം ഗൃഹാതുരത്വ സ്മരണകൾ ഉണർത്തുന്നതായി.
ബാല്യ - കൗമാര കാലഘട്ടങ്ങളിലും സ്കൂൾ കോളജ് കാലത്തും സമകാലീരായിരുന്ന സുഹൃത്തുക്കളെ വർഷങ്ങൾക്ക് ശേഷം കുടുംബ സമേതം ഒരുമിച്ചു കാണുവാനും സൗഹൃദം പങ്കുവയ്ക്കുന്നതിനും വേദിയായ സംഗമത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറി.
ചങ്ങനാശേരിയുടെ വികസനത്തനും പുരോഗതിക്കും പ്രവാസികൾ നൽകുന്ന നിസ്തുലമായ പങ്കിന് പ്രത്യേകം നന്ദി അർപ്പിച്ചു സംസാരിച്ച ഉദ്ഘാടകനായ എംഎൽഎ, നാടും വീടും വിട്ടിട്ട് വർഷങ്ങളായിട്ടും ഇപ്പോഴും ചങ്ങനാശേരിയെക്കുറിച്ചുള്ള ഓർമകളും വികസനസ്വപ്നങ്ങളും പങ്കുവയ്ക്കുന്നതിനും പുതിയ നിർദേശങ്ങൾക്കും പ്രത്യേകം നന്ദി പറഞ്ഞു.
NRI
കവന്‍ട്രി: യുകെയിൽ മലയാളി ബാലൻ റൂഫസ് കുര്യന് പനി ബാധിച്ച് മരിച്ചു. ചൊവ്വാഴ്ച സ്കൂളില്‍ പോയി മടങ്ങി വന്ന റൂഫസ് പനിയെ തുടർന്ന് മരുന്ന് കഴിച്ചിരുന്നു.
തുടർന്ന് ശരീരത്തില്‍ തടിപ്പും അസ്വസ്ഥതയും തോന്നിയതോടെ പുലര്‍ച്ചെ 2.30ന് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പത്ത് മിനിറ്റിനകം മരണം സംഭവിക്കുകയായിരുന്നു.
ആലപ്പുഴ സ്വദേശികളായ കുര്യന് വര്‍ഗീസും സിസ്റ്റർ ഷിജി തോമസുമാണ് മാതാപിതാക്കൾ. ഗള്‍ഫില്‍ നിന്നും ഒന്നര വര്‍ഷം മുമ്പാണ് കുര്യനും കുടുംബവും യുകെയിൽ എത്തിയത്. സംസ്കാരം പിന്നീട്.