Kerala
തിരുവനന്തപുരം: ജനങ്ങളുടെ ജീവൻ രക്ഷിക്കേണ്ട പല ആതുരാലയങ്ങളും കൊലക്കളങ്ങളായി മാറുന്നതായി യൂത്ത് കോണ്‍ഗ്രസ്.
സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ അടുത്ത കാലത്തൊന്നും കാണാത്ത രീതിയിലുള്ള പിഴവുകളാണ് സംഭവിക്കുന്നതെന്നു യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീർ പറഞ്ഞു. ആരോഗ്യമന്ത്രിയുടെ വസതിയിലേക്കുള്ള മാർച്ചിൽ പ്രസംഗിക്കുകയായിരുന്നു നേമം ഷജീർ.
ആരോഗ്യ രംഗത്തെ ശോച്യാവസ്ഥയിലാണ് മന്ത്രിയുടെ വസതി മരണവീടായി മാറിയെന്ന് പ്രഖ്യാപിച്ച് റീത്ത് സ്ഥാപിച്ചതെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ പറഞ്ഞു. കോഴിക്കോട് ഹർഷിനയുടെ വയറ്റിൽ അഞ്ച് വർഷത്തോളം കത്രിക കുടുങ്ങിയത് മുതൽ ആലപ്പുഴയിൽ ഒൻപതു വയസുകാരിയുടെ കൈ നഷ്ടപ്പെട്ടതും ഗൈഡ് വയർ കുടുങ്ങിയതും നെടുമങ്ങാട് ആശുപത്രിയിലെ നവജാത ശിശുവിന്റെ മരണവും യൂത്ത് കോണ്‍ഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി.
നിരവധി ചികിത്സാപ്പിഴവുകൾ ഉണ്ടായിട്ടും കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുന്നില്ലെന്നും റിപ്പോർട്ട് തേടുമെന്ന് പറയുന്നതല്ലാതെ യാതൊരു ഫലവുമില്ലെന്നും യൂത്ത് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. പോലീസ് വാഹനമിടിപ്പിച്ച് കൊല്ലാൻ വന്നാലും പിന്മാറില്ലെന്നും ജനാധിപത്യപരമായ അവകാശങ്ങൾ ഉപയോഗിച്ച് സമരം തുടരുമെന്നും പ്രവർത്തകർ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വീട്ടിൽ കയറി റീത്തുവച്ച പ്രതിഷേധം നടത്തിയ 25 യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരേ കേസ്. ജില്ലാ പ്രസിഡന്റ് നേമം ഷജീറാണ് ഒന്നാം പ്രതി.
മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തുവെന്നും മന്ത്രി മന്ദിരത്തിന്റെ ഗേറ്റും പൂട്ടും തകർത്തുവെന്നുമാണ് പോലീസിന്റെ എഫ്ഐആർ.
28,000 രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും എഫ്ഐആറിൽ പറയുന്നു.
Kerala
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിക്ക് മുന്നിലെ പ്രതിഷേധത്തില്‍ 25 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ നേമം ഷെജീര്‍ അടക്കമുള്ളവർക്കെതിരെയാണ് കേസെടുത്തത്.
പൊതുമുതല്‍ നശിപ്പിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, പൊലീസുകാരെ അതിക്രമിക്കുക തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കന്റോൺമെന്റ് പോലീസിന്റേതാണ് നടപടി. അഞ്ച് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്ന് രാവിലെയായിരുന്നു മന്ത്രി വീണാ ജോര്‍ജിന്റെ ഔദ്യോഗിക വസതിയിലേയ്ക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധമാര്‍ച്ച് നടത്തിയത്. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സാ പിഴവ് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.
ഗേറ്റ് തള്ളിത്തുറന്ന് അകത്തേയ്ക്ക് ഇരച്ചുകയറിയ പ്രവര്‍ത്തകര്‍ വീടിന്റെ വാതിലിന് മുന്നില്‍ റീത്ത് വച്ചിരുന്നു. വസതിക്ക് മുന്നില്‍ രണ്ട് പോലീസുകാരായിരുന്നു ഉണ്ടായിരുന്നത്. പ്രതിഷേധം ശക്തമായതോടെ കൂടുതല്‍ പോലീസുകാര്‍ സ്ഥലത്തേയ്ക്ക് എത്തി. ഇതിനിടെ പ്രവര്‍ത്തകര്‍ വീടിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ഗേറ്റില്‍ കരിങ്കൊടി തൂക്കുകയും ചെയ്തു.
അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനിടെ പോലീസുകാരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ പ്രവര്‍ത്തകര്‍ വീട്ടിലേക്ക് വീണ്ടും അതിക്രമിച്ച് കയറാര് ശ്രമിച്ചു. ഇതോടെ പോലീസിന് ബലം പ്രയോഗിക്കേണ്ടിവന്നു. ഇതിനിടെ പ്രവര്‍ത്തകര്‍ വീട്ടിലേക്ക് ചീമുട്ടയെറിഞ്ഞിരുന്നു.
തുടർന്ന് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് പോലീസ് വാഹനത്തില്‍ കയറ്റി. ഈ സമയം നേമം ഷജീര്‍ അടക്കമുള്ള പ്രവര്‍ത്തകര്‍ പോലീസ് വാഹനത്തിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തൈക്കാട്-വഴുതക്കാട് റോഡ് പ്രവര്‍ത്തകര്‍ ഉപരോധിക്കുകയും ചെയ്തിരുന്നു.
Kerala
തിരുവനന്തപുരം: മന്ത്രി വീണാ ജോർജിന്റെ വീട്ടിലേക്ക് യൂത്ത്കോൺഗ്രസ് അതിക്രമിച്ച് കയറിയതിൽ പ്രതികരിച്ച് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ്. യൂത്ത്കോൺഗ്രസ് നടത്തുന്നത് തീക്കളിയാണ്. ആ കളി അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും വസീഫ് പറഞ്ഞു.
വണ്ടാനം മെഡിക്കൽ കോളജിലെ ചികിത്സാപിഴവിനെ തുടർന്ന് മന്ത്രി വീണാ ജോർജിനെതിരെ യൂത്ത്കോൺഗ്രസ് പ്രതിഷേധം കടുപ്പിക്കുകയാണ്. മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് അതിക്രമിച്ച് കയറിയ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകർ വീടിന്റെ വാതിലില്‍ റീത്ത് വെച്ചു.
പിന്നാലെ പത്തനംതിട്ട ടൗൺഹാളിലെ മന്ത്രിയുടെ പരിപാടിയിലും പ്രതിഷേധമുണ്ടായി. കോൺഗ്രസ് ജനപ്രതിനിധികളാണ് ഇവിടെ പ്രതിഷേധിച്ചത്. ഇതോടെ യോഗം നിർത്തിവച്ചു. പിന്നീട് എൽഡിഎഫ് പ്രവർത്തകർ സംഘടിച്ചെത്തിയതോടെ സ്ഥലത്ത് സംഘർഷമുണ്ടായി.
Kerala
പത്തനംതിട്ട: തന്റെ ഔദ്യോഗിക വസതിക്ക് നേരെ യൂത്ത് കോൺഗ്രസ് നടത്തിയ അതിക്രമത്തിന് പിന്നിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സതീശന്റെ നിർദേശ പ്രകാരമാണ് യൂത്ത് കോൺഗ്രസ് ആക്രമണം നടത്തിയതെന്ന് മന്ത്രി പറഞ്ഞു.യൂത്ത് കോൺഗ്രസ് എന്തിനാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമാക്കണമെന്നും വീണാ ജോർജ് പറഞ്ഞു.
ആലപ്പുഴയിലെ സംഭവവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി ചെയ്യേണ്ടതായിട്ടുള്ള കാര്യങ്ങൾ ചെയ്തിട്ടുണ്ട്. മണിക്കൂറുകൾക്കണം നടപടിയെടുത്തു. കൃത്യമായ അന്വേഷണം നടത്താൻ തീരുമാനിച്ചു. എന്നാൽ ചില മാധ്യമങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രചരണം നടത്തി. കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പരാജയഭീതിയാണ് ഇതിനെല്ലാം പിന്നിലെന്നും മന്ത്രി പറഞ്ഞു.
ഒരുതരത്തിലുള്ള ചികിത്സാ പിഴവും അംഗീകരിക്കില്ല. ആരു തെറ്റ് ചെയ്താലും നടപടി സ്വീകരിക്കും. സർക്കാർ സ്വീകരിക്കേണ്ട നടപടി സ്വീകരിച്ചു. എന്നാൽ സർക്കാർ ആശുപത്രികളെല്ലാം മോശമാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഹോസ്പിറ്റൽ മേഖലയിൽ നിക്ഷേപം നടത്തിയ കുത്തകളെ സഹായിക്കുന്ന നിലപാടാണ് വി ഡി സതീശനും കൂട്ടരും നടത്തുന്നതെന്നും വീണാ ജോര്‍ജ് കുറ്റപ്പെടുത്തി.
Kerala
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വസതിക്ക് മുന്നിൽ റീത്ത് വച്ച് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസിനെതിരെ വിമർശനുമായി മന്ത്രി വി. ശിവൻകുട്ടി. എല്ലാവർക്കും പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും എന്നാൽ പ്രതിഷേധം അതിര് കടക്കരുതെന്നും ശിവൻകുട്ടി പറഞ്ഞു.
"യൂത്ത് കോൺഗ്രസ് ആരെയാണ് വിരട്ടാൻ നോക്കുന്നത്. ആരോഗ്യമന്ത്രിയെ ഒറ്റപ്പെടുത്താമെന്ന് വിചാരിക്കണ്ട. യൂത്ത് കോൺഗ്രസ് വിരട്ടാൻ നോക്കിയാൽ പേടിക്കുന്നവരല്ല ഇടതുപക്ഷക്കാർ.'-ശിവൻകുട്ടി കൂട്ടിച്ചേർത്തു.
"ആരോഗ്യമേഖലയിൽ ചില പ്രശ്നങ്ങളുണ്ട്. അത് പരിഹരിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ട്. ദേശീയ തലത്തിൽ പോലും അംഗീകരിച്ചിട്ടുള്ള സംസ്ഥാനത്തെ ആരോഗ്യരംഗത്തെ അപമാനിക്കാനാണ് കോൺഗ്രസും യൂത്ത് കോൺഗ്രസും ഒക്കെ ശ്രമിക്കുന്നത്. സർക്കാർ ഇതിന് മുന്നിലൊന്നും പതറില്ല.'-ശിവൻകുട്ടി പറഞ്ഞു.
Kerala
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ വിവാദത്തെപ്പറ്റി വിശദീകരിക്കാനായി ഡോക്ടർമാർ നടത്തിയ വാർത്താസമ്മേളനത്തിലേക്ക് ഇരച്ചുകയറിയ ഒന്‍പത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ റിമാൻഡിൽ.
യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിൽ, സെക്രട്ടറി വിശാഖ് പത്തിയൂർ, ജില്ലാ പ്രസിഡന്റ് ഡോ. എം.പി. പ്രവീൺ എന്നിവരുടെ നേതൃത്വത്തിൽ ഡോക്ടർമാർ ഇരുന്ന ഡയസിനു മുകളിലിരുന്നായിരുന്നു പ്രതിഷേധം. ഇവരെ ബലം പ്രയോഗിച്ചാണ് പോലീസ് പിടിച്ചുമാറ്റിയത്.
രണ്ടാം നിലയിൽ നിന്ന് വലിച്ചിഴച്ചുകൊണ്ടുപോയ പ്രവർത്തകർ പടിക്കെട്ടിൽ ഇരുന്ന് പ്രതിഷേധം തുടർന്നതോടെ രോഗികൾക്കും ജീവനക്കാർക്കും മുകളിലേക്കോ താഴേക്കോ ഇറങ്ങാൻ പറ്റാത്ത അവസ്ഥയായി. പ്രവർത്തകരെ ഇവിടുന്ന് ബലം പ്രയോഗിച്ച് താഴെ ഇറക്കി വാഹനത്തിൽ കയറ്റാൻ ശ്രമിച്ചെങ്കിലും കെട്ടിടത്തിന് മുന്നിൽ ഇവർ വീണ്ടും കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇവിടുന്ന് ബലം പ്രയോഗിച്ച് ജീപ്പിൽ കയറ്റിയെങ്കിലും പ്രവർത്തകർ ജീപ്പ് തടഞ്ഞുവച്ചു.
വാഹനത്തിന് മുന്നിൽ കയറിനിന്ന യൂത്ത് കോൺഗ്രസ് പുത്തനങ്ങാടി നിയോജകമണ്ഡലം പ്രസിഡന്റ് നീനു, ആലപ്പുഴ നിയോജകമണ്ഡലം സെക്രട്ടറി പ്രതീക്ഷ എന്നിവർക്ക് പോലീസ് ബലം പ്രയോഗിച്ച് മാറ്റുന്നതിനിടെ പരിക്കേറ്റു. വാഹനം തട്ടി യൂത്ത് കോൺഗ്രസ് ആര്യാട് നിയോജക മണ്ഡലം പ്രസിഡന്റ് മനോജിനും നിസാര പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കാലിലും ജീപ്പ് കയറി.
സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിൽ, ജില്ലാ പ്രസിഡന്റ് എം.പി. പ്രവീൺ, സംസ്ഥാന സെക്രട്ടറി വിശാഖ് പത്തിയൂർ, ജില്ലാ വൈസ് പ്രസിഡന്റ് അനന്തനാരായണൻ, ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ഷാഹുൽ പുതിയപറമ്പിൽ, കെഎസ്യു ജില്ലാ പ്രസിഡന്റ് വിഷ്ണു പ്രസാദ്, അമ്പലപ്പുഴ നിയോജക മണ്ഡലം സെക്രട്ടറിമാരായ റിനോ ബൂട്ടോ, ടി. തനീഷ് , അൻസിൽ പുന്നപ്ര എന്നിവരെ റിമാൻഡ് ചെയ്തു. ആശുപത്രി സംരക്ഷണ നിയമപ്രകാരമായിരുന്നു നടപടി.
National
ന്യൂഡൽഹി: 2026 ലെ ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയിൽ അപ്രതീക്ഷിത പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ഡൽഹിയിൽ നടക്കുന്ന എഐ ഉച്ചകോടി വേദിയിലെ ഹാളിലേക്ക് ഇരച്ചുകയറിയ പ്രവർത്തകർ, ഷർഷ് അഴിച്ച് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.
ഇന്ത്യ-യുഎസ് വ്യാപാരക്കരാറിനെതിരെയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്. എഐ സാങ്കേതിക വിദ്യയിലെ വിപ്ലവകരമായ മാറ്റങ്ങളെക്കുറിച്ച് പ്രമുഖ കമ്പനികളുടെ സിഇഒമാര്‍ സംസാരിക്കുന്നതിനിടെയാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധമുയര്‍ന്നത്.
വ്യാപാര കരാറിനെതിരെ മുദ്രാവാക്യം വിളികളോടെ എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകര്ഷര്ട്ടുകള് ഊരിമാറ്റി പ്രതിഷേധം രേഖപ്പെടുത്തുകയായിരുന്നു. ഉച്ചകോടി നടക്കുന്ന സ്ഥലത്തെ എക്സിബിഷന് ഹാളിലേക്ക് അതിക്രമിച്ച് കയറിയ പത്തോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നരേന്ദ്രമോദിക്കെതിരെ മുദ്രാവാക്യം വിളിച്ചു.
മോദിയുടെയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും ചിത്രങ്ങളും 'ഇന്ത്യ-യുഎസ് വ്യാപാര കരാര്‍', എപ്സ്റ്റീന് ഫയല്‍സ് എന്നീ പേരുകള്‍ പതിച്ച വെളള ടീ ഷര്‍ട്ടുകളും പ്രതിഷേധക്കാര്‍ ഉയര്‍ത്തി.
പ്രതിഷേധ മുദ്രാവാക്യങ്ങള്‍ ഉച്ചത്തിലായതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബലമായി പ്രതിഷേധക്കാരെ നീക്കം ചെയ്യുകയായിരുന്നു. ഇവരെ തിലക് മാര്‍ഗ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
പ്രതിഷേധക്കാരിൽ നാല് പേരെ കസ്റ്റഡിയിലെടുത്തതായി വൃത്തങ്ങൾ അറിയിച്ചു. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി കൃഷ്ണ ഹരി, ബിഹാർ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കുന്ദൻ യാദവ്, യുപി യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് അജയ് കുമാർ, യൂത്ത് കോൺഗ്രസ് ദേശീയ കോർഡിനേറ്റർ നരസിംഹ യാദവ് എന്നിവരാണ് അറസ്റ്റിലായത്.
യുഎസുമായി ഒപ്പുവച്ച പുതിയ വ്യാപാര കരാറിൽ ഇന്ത്യക്ക് ന്യായമായ നേട്ടങ്ങൾ ലഭിച്ചില്ലെന്ന് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു.
Kerala
അമ്പലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ വാർത്താ സമ്മേളനത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ഹരികുമാർ, പ്രിൻസിപ്പൽ ഡോ. ബി പത്മകുമാർ എന്നിവരാണ് വാർത്താ സമ്മേളനം നടത്തിയത്. വാർത്താസമ്മേളനം നടക്കുന്നതിനിടെ ഡോക്ടർമാരുടെ മുഖം മറച്ച് മേശപ്പുറത്ത് കയറി ഇരുന്നു മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം.
യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിൽ, ജില്ലാ പ്രസിഡന്റ് പ്രവീൺ കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇവരെ പിന്നീട് പോലീസ് ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. മെഡിക്കൽ കോളജിനു പുറത്തും പ്രതിഷേധം നടക്കുകയാണ്.
അഞ്ചു വർഷം മുൻപ് ശസ്ത്രക്രിയ നടത്തിയ പുന്നപ്ര സ്വദേശി ഉഷാ ജോസഫിന്റെ വയറ്റിലാണ് കത്രിക കണ്ടെത്തിയത്. ഉഷയുടെ ശസ്ത്രക്രിയ നടത്തിയത് ഡോ. ലളിതാംബിക അല്ലെന്നും ഡോ. ഷാഹിദയാണെന്നുമാണ് മെഡി. കോളജ് സൂപ്രണ്ട് ഡോ. ഹരികുമാറും പ്രിൻസിപ്പലും വാർത്ത സമ്മേളനത്തിൽ പറഞ്ഞത്. ഡോ. ഷാഹിദ നിലവിൽ എസ്എടി ആശുപത്രിയിലെ ഗൈനക്കോളജി യൂണിറ്റ് ചീഫാണ്.
പുന്നപ്ര തെക്ക് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് നാല്‍പ്പതില്‍ച്ചിറ ഉഷാ ജോസഫ്(59) ആണ് ഡോക്ടര്‍മാരുടെ അനാസ്ഥയില്‍ ദുരിതം അനുഭവിക്കുന്നത്. ഗര്‍ഭപാത്രം നീക്കം ചെയ്യാനായി 2021 മേയ് 10നാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉഷ ജോസഫിന്റെ ശസ്ത്രക്രിയ നടക്കുന്നത്. അതിനുശേഷം കടുത്ത വേദന അനുഭവപ്പെടുകയും തുടര്‍ച്ചയായി രക്തസ്രാവം ഉണ്ടാകുകയും ചെയ്തു.
വിവിധ ഡോക്ടര്‍മാരുടെ ചികിത്സ തേടിയെങ്കിലും രോഗം ഭേദമായില്ല. കാരണം കണ്ടെത്താനും കഴിഞ്ഞില്ല. തുടര്‍ന്ന് കഴിഞ്ഞ ദിവസം ആലപ്പുഴയിലുള്ള യൂറോളജി വിഭാഗം ഡോക്ടറെ സമീപിച്ചു. തുടര്‍ന്ന് എക്സ്റേ ഉള്‍പ്പെടെയുള്ള പരിശോധനയ്ക്കു കുറിച്ചു നല്കി. സ്വകാര്യ ലാബിൽ എക്സ്റേ എടുത്തപ്പോഴാണ് വയറിനുള്ളില്‍ കത്രിക കുടുങ്ങിയതു ശ്രദ്ധയില്‍പ്പെട്ടത്.
രോഗിയോട് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടാന്‍ നിര്‍ദേശിച്ചു. അടുത്ത ദിവസം ശസ്ത്രക്രിയിലൂടെ കത്രിക നീക്കം ചെയ്യാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി ഉഷ ജോസഫ് പറഞ്ഞു. വീട്ടിലെത്തിയ ശേഷം സംഭവത്തിന്റെ തീവ്രത മനസിലാക്കിയ ബന്ധുക്കള്‍ വിവരം മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് നേതാവും പുന്നപ്ര തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ.എഫ്. തോബിയാസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പുന്നപ്ര പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
Kerala
പത്തനംതിട്ട: ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ. 35 കാരിയുടെ മരണവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരി ഏനാത്തിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ഈ മാസം14നാണ് യുവതിയെ പത്തനംതിട്ട കടമ്പനാടുള്ള ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. താൻ ജീവനൊടുക്കാൻ കാരണം സുഹൈൽ ആണെന്ന് ആത്മഹത്യ കുറിപ്പിൽ യുവതി എഴുതി വച്ചിരുന്നു.
ബന്ധുക്കൾക്ക് പിന്നീട് ലഭിച്ച ആത്മഹത്യകുറിപ്പിലാണ് സുഹൈൽ അൻസാരിയുടെ പേരുണ്ടായിരുന്നത്. തുടർന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊല്ലം പോരുവഴി സ്വദേശിയാണ് സുഹൈൽ.
District News
കൊല്ലം: പിഎസ്സി നിയമനങ്ങളിൽ സർക്കാർ കാണിക്കുന്ന നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചു കൊണ്ടും പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടും യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാപിഎസ് സി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.
പോലീസ് ലാത്തിവീശി പ്രവർത്തകരെ ഓടിക്കാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ വിട്ടുപോയില്ല. ജില്ലാ പ്രസിഡന്റ് റിയാസ് ചിതറക്കും ചൈത്രാ ഡി. തമ്പാനും പരിക്കുപറ്റി. ഇവരെ ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊല്ലം റസ്റ്റ് ഹൗസ് പരിസരത്തു നിന്ന് ആരംഭിച്ച മാർച്ച് പിഎസ് സി ഓഫീസിനു മുന്നിൽ ബാരികേട് സ്ഥാപിച്ചു പോലീസ് തടഞ്ഞു.
തുടർന്ന് ബാരികേട് മറികടന്നു അകത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച സമരക്കാരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടാകുകയായിരുന്നു. ഇതിനിടയിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റിന് ലാത്തിയടിയിൽ തലയ്ക്കും കൈക്കും പരിക്ക് പറ്റിയത്. തുടർന്ന് പ്രവർത്തകരും പോലീസും തമ്മിൽ വാക്കേറ്റവും ശക്തമായ സംഘർഷവുമുണ്ടായി.തുടർന്ന് റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയിതു നീക്കി.
പ്രതിഷേധ സമരത്തിന് സംസ്ഥാന ഭാരവാഹികളായ പവിജ പത്മൻ, അജു ജോർജ്, തൗഫീഖ് തടിക്കാട്, ഹാഷിം സുലൈമാൻ, അസൈൻ പള്ളിമുക്ക്,അൻവർ കരുവാ,അനസ് ഇരവിപുരം,അനന്ത കൃഷ്ണൻ,റിനോഷ,കൃഷ്ണപ്രസാദ്,ഷമീർ മയ്യനാട്, ഷിബു മുണ്ടക്കൽ, കിരൺ എന്നിവർ നേതൃത്വം നൽകി.
Kerala
കോട്ടയം: കോട്ടയത്ത് രണ്ടിടത്ത് മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി പ്രതിഷേധം. കെഎസ്യു, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് പ്രവർത്തകരാണ് പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ചത്.
മെഡിക്കൽ കോളജിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നതിനാണ് പിണറായി കോട്ടയത്ത് എത്തിയത്. ഹെലികോപ്റ്റർ മാർഗം കോട്ടയത്തെത്തിയ മുഖ്യമന്ത്രിയെ മഹിളാ കോൺഗ്രസ് പ്രവർത്തകർ കറുത്ത ബലൂണുകൾ പറത്തി പ്രതിഷേധം അറിയിച്ചു.
തുടർന്ന് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിന് സമീപവും കുടമാളൂരിലുമാണ് മഹിളാ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശി പ്രതിഷേധിച്ചത്. ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
Kerala
തിരുവനന്തപുരം: റാങ്ക് ലിസ്റ്റില്‍ ഒന്നാം റാങ്ക് നേടിയവര്‍ക്കുപോലും നിയമനം നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പിഎസ്സി ആസ്ഥാനത്തേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.
ഇന്നലെ രാവിലെ ജില്ലാ പഞ്ചായത്ത് ഓഫീസിനുമുന്നില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് പിഎസ്സി ആസ്ഥാന മന്ദിരത്തിലെ കവാടത്തിനുമുന്നില് പോലീസ് ബാരിക്കേഡ് സ്ഥാപിച്ച് തടഞ്ഞു.
തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. ബാരിക്കേഡിനു മുകളില്‍ കയറി പ്രവര്‍ത്തകര്‍ കവാടത്തിനുമുന്നിലായി തൂക്കുകയറുകള്‍ സ്ഥാപിച്ചു. തുടർന്ന് പിഎസ്സിയുടെ ഔദ്യോഗിക ചിഹ്നത്തിനു മുകളില്‍ റീത്ത്വച്ചും പ്രതിഷേധിച്ചു. ബാരിക്കേഡ് തകര്‍ത്തു കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കുനേരേ പോലീസ് അഞ്ചുതവണ ജലപീരങ്കി പ്രയോഗിച്ചു.
ജില്ലാ പ്രസിഡന്റ് നേമം ഷജീര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ അനീഷ് ചെമ്പഴന്തി, ആര്.എസ് വിപിന്‍, അഫ്സല് ബാലരാമപുരം തുടങ്ങിയവർ നേതൃത്വം നൽകി.
Kerala
കൊച്ചി: എറണാകുളം പിഎസ്സി ഓഫീസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. പിഎസ്സി റാങ്ക് ലിസ്റ്റിൽ നിയമനം നടക്കാത്തതിലും പിൻവാതിൽ നിയമനങ്ങൾ നടക്കുന്നുവെന്ന ആരോപണങ്ങളിലും പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തുന്നത്.
യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് സിജോയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള പിഎസ്സി ഓഫീസിലാണ് പ്രതിഷേധം നടക്കുന്നത്. 30 ഓളം പ്രവർത്തകരാണ് പ്രതിഷേധിക്കുന്നത്.
ഒന്നാം റാങ്ക് കിട്ടിയവർക്ക് പോലും നിയമനം ലഭിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസങ്ങളിൽ പരാതി ഉയർന്നിരുന്നു. പ്രവർത്തകർ പിഎസ്സി ഓഫീസിനകത്തേക്ക് ഇരച്ചു കയറി, ഉപരോധിച്ചു കൊണ്ടാണ് പ്രതിഷേധിക്കുന്നത്.
District News
മണ്ണാർക്കാട്: യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് കെ.എസ്. ജയഘോഷ് നയിക്കുന്ന ജില്ലാതല യുവജന യാത്ര കുമരംപുത്തൂർ ചുങ്കം ജംഗ്ഷനിൽ നിന്നും ആരംഭിച്ച് തെങ്കര ചെക്പോസ്റ്റില്‍ സമാപിച്ചു. സമാപനസമ്മേളനം മുന്‍ എംപി രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽസെക്രട്ടറി ഇഫ്തികാറുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. നസീർ ബാബു അധ്യക്ഷത വഹിച്ചു. ഒ.കെ. ഫാറൂഖ്, അരുൺകുമാർ പാലാകുറിശി, ജിതേഷ് നാരായണൻ, എം.പി. സുബ്രഹ്മണ്യൻ, എ.കെ. ജാനിബ്, അഹമ്മദ് അഷറഫ്, പി.ആർ. സുരേഷ്, അസീസ് ഭീമനാട്, ഇ.കെ. ജസീൽ, പി.ടി. അജ്മൽ, ശ്യാം ദേവദാസ്, നിഖിൽ കണ്ണാടി, ഗൗജ വിജയകുമാർ, ഗിരീഷ് ഗുപ്ത, ഹാരിസ് തത്തേങ്ങലം, സുമേഷ് പ്രസംഗിച്ചു.
District News
മാനന്തവാടി: യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന ബജറ്റ് കോപ്പികൾ കത്തിച്ചു. ബജറ്റിൽ ജില്ലയിൽ അവഗണിച്ചതിൽ പ്രതിഷേധിച്ചായിരുന്നു പരിപാടി. സംസ്ഥാന സെക്രട്ടറി അജ്മൽ വെള്ളമുണ്ട ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വന്യമൃഗശല്യത്തിന്റെ രൂക്ഷതയും മെഡിക്കൽ കോളജിന്റെ പരിമിതികളും കാർഷിക മേഖലയിലെ പ്രതിസന്ധിയും കണക്കിലെടുക്കാൻ ധനമന്ത്രി തയാറായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
നിയോജകമണ്ഡലം പ്രസിഡന്റ് അസീസ് വാളാട് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ ഒ.ടി. മുഹമ്മദ് ഉനൈസ്, റോബിൻ ഇളവുകൽ, കെഎസ്യു നിയോജകമണ്ഡലം പ്രസിഡന്റ് ആദിൽ മുഹമ്മദ്, യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായ ഷംസീർ അരണപ്പാറ, ജിജോ വരയാൽ, ഷക്കീർ പുനത്തിൽ, പ്രിയേഷ് തോമസ്, അണ്ണൻ ആലക്കൽ, അഡ്വ.സുഹനാസ്, ബിബിൻ ജോണ്സണ്, ഷിനു വടകര, രാജേഷ് ആറുവാൾ, ആസിഫ് സഹീർ, സിറാജ് ഒണ്ടയങ്ങാടി, വൈശാഖ് കാട്ടിക്കുളം, ഫജനാസ്, ജിജോ ജോസ്, ജിജേഷ് ഗോപി, ബഷീർ ചക്ക തുടങ്ങിയവർ നേതൃത്വം നൽകി.
Kerala
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് 10 വർഷമായി കരിങ്കൊടി മാത്രമാണെന്നു പരിഹസിച്ച ആരോഗ്യ മന്ത്രിയുടെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി കരിങ്കൊടി മാർച്ച് നടത്തി. ബിസ്മീറിന്റെ മരണത്തിന് ഉത്തരവാദികളായ ആരോഗ്യ വകുപ്പിലെ ജീവനക്കാർക്കെതിരേ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ആരോഗ്യ മന്ത്രിക്കു നേരേ യൂത്ത് കോൺഗ്രസ് കരിങ്കൊടി ഉയർത്തിയ സാഹചര്യത്തിലാണു വിവാദ പരാമർശമുണ്ടായത്. എന്നാൽ. മാർച്ച് ഉദ്ഘാടനം ചെയ്ത ജില്ലാ പ്രസിഡന്റ് നേമം ഷജീർ മന്ത്രിയുടെ പ്രസ്താവന അഭിമാനമായി ഏറ്റെടുക്കുന്നു എന്നു പറഞ്ഞു.
ആരോഗ്യ വകുപ്പ് ആരാച്ചാരുടെ വകുപ്പായി ആളുകളുടെ ജീവൻ ഇടവേളയില്ലാതെ എടുക്കുമ്പോൾ ഡിവൈഎഫ്ഐക്കും എസ്എഫ്ഐക്കും വിശ്രമിക്കാൻ കഴിയുമായിരിക്കും. എന്നാൽ, യൂത്ത് കോൺഗ്രസിന് കൈയും കെട്ടി നോക്കി നിൽക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 10 വർഷമായി യൂത്ത് കോൺഗ്രസ് കരിങ്കൊടിയുമായി തെരുവിലുണ്ട് എന്ന് മന്ത്രിതന്നെ പറഞ്ഞ സാഹചര്യത്തിൽ ഞങ്ങൾ സന്തോഷത്തോടെ സ്നേഹോപഹരമായി ഒരു പൂച്ചെണ്ട് നൽകുകയാണെന്നും, ഇതിനെ എബിവിപി, ശിവൻകുട്ടിക്ക് പിഎം ശ്രീ നടപ്പാക്കിയപ്പോൾ പാരിതോഷികമായി കൊടുത്ത പൂച്ചെണ്ടുപോലെ സമീകരിക്കരുതെന്നും യൂത്ത് കോൺഗ്രസ് പരിഹസിച്ചു.
മന്ത്രി ശിവൻകുട്ടി എബിവിപിക്കാരെ ഓഫീസിൽവരെ കയറ്റിയാണ് പൂച്ചെണ്ട് സ്വീകരിച്ചത്. എന്നാൽ, മതേതര വാദികളായ യൂത്ത് കോൺഗ്രസിനെ പൂച്ചെണ്ടു നൽകാൻ അനുവദിക്കാതെ വഴിയിൽ തടയുന്നതാണ് കാണുന്നതെന്നും പരിഹസിച്ചു. തുടർന്ന് ബിസ്മീറിന്റെ കുട്ടികളുടെ വിദ്യാഭ്യാസം സർക്കാർ ഏറ്റെടുക്കണമെന്നും ഉത്തരവാദികളായ ജീവനക്കാർക്കെതിരേ നടപടി സ്വീകരിക്കണമെന്നും ജില്ലാ പ്രസിഡന്റ് ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് നേമം ഷജീർ, സംസ്ഥാന സെക്രട്ടറിമാരായ സജിത് മുട്ടപ്പാലം, വീണ എസ്. നായർ, റിഷി എസ്. കൃഷ്ണൻ, നീതു വിജയൻ, അനീഷ് ചെമ്പഴന്തി, അജയ് കുര്യാത്തി, ശ്യാം വെള്ളറട, ജില്ലാ വൈസ് പ്രസിഡന്റ് സൈദാലി കായ്പ്പാടി, ബാഹുൽ കൃഷ്ണ, ഡാനിയൽ പാപ്പനം, ഷജിൻ രാജേന്ദ്രൻ, സജിൻ അരുവിക്കര, രഞ്ജിത് അമ്പലമുക്ക്, താഹിർ നെടുമങ്ങാട് തുടങ്ങിയവർ മാർച്ചിനു നേതൃത്വം നൽകി.
Kerala
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് ദേശീയ വക്താക്കളായി യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ വസന്ത് സിറിയക് തെങ്ങുംപള്ളിയെയും എം.എസ്. അഭിജിത്തിനെയും നിയമിച്ചു.
യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് പുറത്തുവിട്ട പട്ടികയില്‍ മീഡിയ പാനലിസ്റ്റ് വിഭാഗത്തിലാണ് ഇരുവരുടെയും പേരുള്ളത്.
ചാനല്‍ ചര്‍ച്ചകളിലും മാധ്യമ ഇടപെടലുകളിലും സംഘടനയുടെ നിലപാട് വിശദീകരിക്കുകയെന്നതാണ് ഇവരുടെ ഔദ്യോഗിക ദൗത്യം.
കോട്ടയം പൂഞ്ഞാര്‍ സ്വദേശിയായ അഡ്വ. വസന്ത് സിറിയക് ഹൈക്കോടതി അഭിഭാഷകനാണ്. നിലവില്‍ കോണ്‍ഗ്രസ് മീഡിയ പാനലിസ്റ്റ് അംഗമാണ്. തിരുവനന്തപുരം സ്വദേശിയായ എം.എസ്. അഭിജിത്ത് കെഎസ്യു ജില്ലാ പ്രസിഡന്റായിരുന്നു. നിലവില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം ലോ കോളജ് വിദ്യാര്‍ഥിയുമാണ്.
യൂത്ത് കോണ്‍ഗ്രസ് ദേശീയ തലത്തില്‍ സംഘടിപ്പിച്ച ടാലന്റ് ഹണ്ടില്‍ അഡ്വ.വസന്ത് ദേശീയ ജേതാവും അഭിജിത്ത് ഫസ്റ്റ് റണ്ണറപ്പുമായിരുന്നു.
National
ഭുവനേശ്വർ: ഒഡീഷയിലെ ന്യൂനപക്ഷങ്ങൾക്കു നേർക്കുള്ള അതിക്രമത്തിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി മോഹൻ ചരൺ മാജിയുടെ വസതി ഘെരാവോ ചെയ്യാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ സംഘർക്ഷം. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ധെൻകനാൽ ജില്ലയിൽ പാസ്റ്റർ ബിപിൻ നായക്കിനെ മർദിച്ചശേഷം ചാണകം തീറ്റിച്ച സംഭവത്തിലും ബാലസോർ ജില്ലയിൽ കന്നുകാലി മോഷണം ആരോപിച്ച് ഗോസംരക്ഷകർ ന്യൂനപക്ഷ വിഭാഗക്കാരനെ കൊലപ്പെടുത്തിയതിലും ആയിരുന്നു യൂത്ത് കോൺഗ്രസ് പ്രതിഷേധം.
ന്യൂനപക്ഷങ്ങൾക്കെതിരേ അതിക്രമം വർധിച്ചിട്ടും മുഖ്യമന്ത്രി നിശബ്ദനായിരിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രഞ്ജിത് പത്ര കുറ്റപ്പെടുത്തി.
Kerala
പത്തനംതിട്ട: സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. ചെങ്ങന്നൂരിലെ മന്ത്രിയുടെ ഓഫീസിന് അടുത്താണ് പ്രതിഷേധം.
പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് പ്രവര്‍ത്തകരെ തടഞ്ഞു. ഭരണഘടനയോട് മന്ത്രി നീതിപുലര്‍ത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷ് പറഞ്ഞു.
ആദ്യഘട്ടത്തില്‍ മന്ത്രി സജി ചെറിയാന് ചികിത്സ കൊടുത്താല്‍ മതിയായിരുന്നുവെന്നും ഇപ്പോള്‍ ചങ്ങലയ്ക്ക് ഇടണമെന്നും ജനീഷ് പറഞ്ഞു.
മന്ത്രി സജി ചെറിയാന് മാപ്പ് പറഞ്ഞതുകൊണ്ട് കാര്യമില്ല. രാജിവച്ച് പുറത്തു പോകണം. മലബാറില്‍ നിന്നല്ലേ ഇഎംഎസ് കടന്നുവന്നത്. സജി ചെറിയാന്റെ പ്രസ്താവന പാലോളി മുഹമ്മദ് കുട്ടി അംഗീകരിക്കുന്നുണ്ടോ. സജി ചെറിയാന് ആളുകളെ എല്ലാം ഒന്നായി കാണാനുള്ള മനസില്ല. മന്ത്രി സജി ചെറിയാന് ചെങ്ങന്നൂരിന് അപമാനമാണ്. മന്ത്രിയെ യൂത്ത് കോണ്‍ഗ്രസ് തെരുവില്‍ നേരിടും', ജനീഷ് പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് സിപിഎമ്മിന് വലിയ പരാജയമാണ് ഉണ്ടായത്. തൂത്തെറിയുന്ന ജനത്തെ സിപിഎം വര്‍ഗീയമായി ചിത്രീകരിക്കുന്നു. സിപിഎം തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു. കമ്മ്യൂണിസ്റ്റ് പരിവാര്‍ സംഘത്തെ ജനം ചെറുത്തു തോല്‍പ്പിക്കുമെന്നും ജനീഷ് പറഞ്ഞു.
Kerala
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തില്‍ നിയമ നടപടിയുമായി യൂത്ത്കോൺഗ്രസ്. കാസർഗോട്ടെയും മലപ്പുറത്തെയും ജനപ്രതിനിധികളുടെ പേര് പരിശോധിച്ചാൽ വർഗീയ ധ്രുവീകരണം മനസിലാക്കാമെന്ന് മന്ത്രി പറഞ്ഞത് വിവാദമായിരുന്നു.
മന്ത്രിയുടെ വാക്കുകൾ വർഗീയ വിദ്വേഷം ഉണ്ടാക്കുന്നതാണ്. പ്രസ്താവന സത്യപ്രതിജ്ഞാ ലംഘനമാണെന്നും യൂത്ത്കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിൽ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അതേസമയം മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്.
സംഭവത്തിൽ വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയിരുന്നു. താൻ വർഗീയ പരാമർശം നടത്തിയിട്ടില്ലെന്നും രാഷ്ട്രീയ ധ്രുവീകരണം ഉണ്ടാകുമ്പോഴുള്ള അപകടത്തെക്കുറിച്ചാണ് പറഞ്ഞതെന്നും സജി ചെറിയാൻ വ്യക്തമാക്കി.
Kerala
കല്‍പ്പറ്റ: വയനാട്ടിൽ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് വീടൊരുക്കാൻ ഭൂമി വാങ്ങി കോൺഗ്രസ്. മേപ്പാടി പഞ്ചായത്തിലെ കുന്നമ്പറ്റയിൽ മൂന്നേകാൽ ഏക്കർ ഭൂമിയാണ് നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കെപിസിസി പ്രസിഡന്റിന്റെ പേരിലാണ് കോൺഗ്രസ് ഭൂമി വാങ്ങിയിരിക്കുന്നത്. 1,100 സ്ക്വയർ ഫീറ്റുള്ള വീടും എട്ട് സെന്റ് സ്ഥലവുമാണ് കോൺഗ്രസ് ദുരന്തബാധിതർക്ക് നൽകുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
ഇതിനായി വൈകാതെ രണ്ടിടങ്ങളിൽ കൂടി ഭൂമി വാങ്ങുമെന്നും സൂചനയുണ്ട്. 100 വീടുകൾ ദുരന്തബാധിതർക്ക് നിർമിച്ച് നൽകുമെന്നായിരുന്നു കോൺഗ്രസ് വാഗ്ദാനം. തെരഞ്ഞെടുപ്പ് അടുത്തതോടെ കോൺഗ്രസ് വാഗ്ദാനം പാലിച്ചില്ലെന്ന് ഇടതുപക്ഷം വിമർശനം ഉയർത്തിയിരുന്നു.
ഇതേ തുടർന്നാണ് വിഷയത്തിൽ മെല്ലെപ്പോക്ക് അവസാനിപ്പിച്ച് ഭവനപദ്ധതി കോൺഗ്രസ് വേഗത്തിലാക്കാൻ ശ്രമിക്കുന്നത്. 30 വീടുകൾ നിർമിച്ച് നൽകുമെന്ന് പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസ് ഇതിനായി സമാഹരിച്ച 1.05 കോടി രൂപ കെപിസിസിക്ക് കൈമാറിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിനെതിരായ കേസും അറസ്റ്റും പോലീസ് നടപ്പാക്കിയത് നിയമവിരുദ്ധമായെന്നു നിയമവൃത്തങ്ങൾ. രാഹുലിനെതിരെ വിദേശത്തു താമസിക്കുന്ന അതിജീവിതയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് ഭാരതീയ ന്യായ സംഹിത (ബിഎൻഎസ് ) യിലെ 173 (3) വകുപ്പിന്റെ ലംഘനമാണെന്നാണ് മുതിർന്ന ക്രിമിനൽ അഭിഭാഷകരും സർവീസിൽ നിന്നും വിരമിച്ച ഐപിഎസ് ഉദോഗസ്ഥരും പറയുന്നത്.
തിരക്കിട്ട് അറസ്റ്റ്
ഇ-മെയിലിൽ ലഭിക്കുന്ന ബലാൽസംഗ പരാതിയിൽ മൂന്നു ദിവസത്തിനുള്ളിൽ പരാതിക്കാരിയെ പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി മൊഴി വാങ്ങി ഒപ്പിട്ട ശേഷമേ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പാടുള്ളുവെന്നാണ് ബിഎൻഎസ് 173 (3) വകുപ്പിൽ പ്രതിപാദിക്കുന്നത്.
എന്നാൽ, രാഹുൽ മാങ്കൂട്ടത്തിനെതിരെ പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ ഇത്തരം നടപടിക്രമങ്ങൾ പാലിച്ചല്ലെന്നാണ് തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലെ ക്രിമിനൽ അഭിഭാഷകനായ ഡോ. ക്ലാരൻസ് മിരാന്റെ അഭിപ്രായം.
അതിനാൽ രാഹുലിന്റെ അറസ്റ്റും റിമാൻഡും നിയമവിരുദ്ധമാണ്. പ്രതി ജാമ്യത്തിനായി മേൽകോടതിയെ സമീപിക്കുകയും നിയമവിരുദ്ധമായ നടപടി ക്രമങ്ങൾ ബോധിപ്പിക്കുകയും ചെയ്താൽ വിഷയം കോടതി പരിശോധിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേസ് ദുർബലമാകാൻ സാധ്യത
രാഹുലിനെതിരെ കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത മൂന്നാമത്തെ ബലാത്സംഗ കേസിൽ പോലീസ് ശരിയായ നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്ന് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനും പ്രതികരിച്ചു. പരാതിക്കാരിയുടെ നേരിട്ടുള്ള മൊഴി വാങ്ങിയ ശേഷം മാത്രമേ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പാടുള്ളുവെന്നാണ് ക്രിമിനൽ നിയമം വ്യക്തമാക്കുന്നത്.
കൂടാതെ പരാതിക്കാരിയുടെ മൊഴി പോലീസിനു പുറമെ വനിതാ ജഡ്ജി രേഖപ്പെടുത്തണം. പ്രതിക്കെതിരെ വ്യക്തമായ തെളിവുകൾ ശേഖരിച്ച ശേഷമേ അറസ്റ്റ് ചെയ്യാവൂ എന്നാണ് നിയമത്തിൽ പറയുന്നതെന്നും സേനയിൽനിന്നു വിരമിച്ച മുതിർന്ന ഐപിഎസ് ഉദോഗസ്ഥൻ ചൂണ്ടിക്കാട്ടി.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിലവിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് നടപടി കേസ് ദുർബലമാകാൻ മാത്രമേ ഉപകരിക്കുയുള്ളുവെന്നു മുൻ സംസ്ഥാന പോലീസ് മേധാവി ടി.പി. സെൻകുമാർ സോഷ്യൽ മീഡിയയിലൂടെ വിമർശിച്ചിരുന്നു. പരാതിക്കാരിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കുന്നതിനു മുന്‍പേ പ്രതിയെ അറസ്റ്റ് ചെയ്തതിനെയും അദ്ദേഹം വിമർശിച്ചിരുന്നു.
Kerala
കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയുടെ വിഷയത്തില്‍ പാർട്ടിക്ക് ചെയ്യാവുന്നതെല്ലാം പാർട്ടി ചെയ്തിട്ടുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജനീഷ്. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് ധാര്‍മിക ശോഷണം ഉണ്ടായിട്ടില്ലെന്നും ജനീഷ് പറഞ്ഞു.
"സംഘടന എന്ന നിലയില്‍ എല്ലാം കൃത്യമായി നിറവേറ്റുകയും ചെയ്തു. ഇനി പാര്‍ട്ടി പ്രിവിലേജ് രാഹുലിന് ഇല്ല. രാഹുലാണ് എംഎല്‍എ സ്ഥാനം രാജിവയ്ക്കേണ്ടത്.'-ജനീഷ് വ്യക്തമാക്കി.
ആരോപണ വിധേയനായ ഇടത് എംഎല്‍എ മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടുന്നു. എന്നിട്ടാണ് കോണ്‍ഗ്രസിന് സിപിഎം ധാര്‍മികത ക്ലാസെടുക്കുന്നത്. ഇനി ആ ക്ലാസ് കോണ്‍ഗ്രസിന് വേണ്ടെന്നും ജനീഷ് പറഞ്ഞു.
Kerala
കൊച്ചി: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാൻ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി തീരുമാനം. ഇന്ന് കൊച്ചിയിൽ ചേർന്ന സംസ്ഥാന കമ്മിറ്റിയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
എറണാകുളം ഡിസിസി ഓഫീസിലായിരുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വ യോഗം ചേർന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ 16 സീറ്റുകൾ പാർട്ടിയോട് ആവശ്യപ്പെടാനാണ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം.
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജനീഷിനെ കൊടുങ്ങല്ലൂരും, ബിനു ചുള്ളിയിലിനെ ചെങ്ങന്നൂരും, ആറൻമുളയിൽ അബിൻ വർക്കിയെയും മത്സരിപ്പിക്കാൻ ആവശ്യപ്പെടുമ്പോൾ കെ.എം. അഭിജിത്തിനെ നാദാപുരത്തോ കൊയിലാണ്ടിയിലോ മത്സരിപ്പിക്കണമെന്നാണ് നിർദേശം.
ജിൻഷാദ് ജിന്നാസിനായി അരൂർ മണ്ഡലവും ജോമോൻ ജോസിന് തൃക്കരിപ്പൂരും ആവശ്യപ്പെടുമ്പോൾ ജയഘോഷിനെ പാലക്കാട് മണ്ഡലത്തിൽ സ്ഥാനാർഥിയാക്കണമെന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആവശ്യം.
Kerala
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഇന്ന് കൊച്ചിയിൽ നിർണായക യോഗം ചേരും. നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേരുന്ന സംസ്ഥാന കമ്മിറ്റിയിൽ സ്ഥാനാർഥി നിർണയത്തിലെ പ്രാതിനിധ്യം പ്രധാന വിഷയമാകും.
തെരഞ്ഞെടുപ്പ് മത്സരരംഗത്ത് യുവാക്കൾക്ക് പ്രാതിനിധ്യം നൽകുന്നതിൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പ്രമേയം പാസാക്കും. വയനാട് ബത്തേരിയില്‍ പൂര്‍ത്തിയായ ലക്ഷ്യ 2026 ക്യാമ്പിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യും.
വയനാട് പുനരധിവാസത്തിനായി പിരിച്ച ഫണ്ട് കെപിസിസിക്ക് കൈമാറുന്നതിലും ഇന്ന് തീരമാനമെടുക്കും. രാവിലെ ഒൻപത് മണി മുതല്‍ എറണാകുളം ഡിസിസി ഓഫീസിലാണ് കമ്മിറ്റി. വയനാട്ടിൽ ആരംഭിച്ച കോൺഗ്രസ് നേതൃക്യാമ്പിന് ആവേശകരമായ തുടക്കം ലഭിച്ചിരുന്നു.
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. കോൺഗ്രസിന് മുന്നിലുള്ളത് നൂറു സീറ്റിലെ വിജയം എന്ന ഒറ്റ വഴി മാത്രമാണ്. ആരും സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥികളാകാൻ ശ്രമിക്കരുതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞിരുന്നു.
Kerala
കൊച്ചി: സമൂഹത്തെ ഒന്നിപ്പിക്കാനാണ് സമുദായ നേതാക്കള്‍ ശ്രമിക്കേണ്ടതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷ്.
വെള്ളാപ്പള്ളി നടേശനില്നിന്ന് ഇപ്പോഴുണ്ടാകുന്നത് സമൂഹം ആഗ്രഹിക്കുന്ന പ്രതികരണങ്ങളല്ലെന്നും മതമൈത്രി നിലനിര്‍ത്താനാണ് അദ്ദേഹം ശ്രമിക്കേണ്ടതെന്നും ജനീഷ് കൊച്ചിയില്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ തലപ്പത്തിരിക്കുന്ന ഒരാളില്‍നിന്ന് പ്രതീക്ഷിക്കുന്ന പ്രതികരണങ്ങളല്ല വെള്ളാപ്പള്ളിയില്‍ നിന്നുണ്ടാകുന്നത്.
കരണത്തടിക്കുന്നതോ കരി ഓയില്‍ ഒഴിക്കുന്നതോ ആരെയും കായികമായി നേരിടുന്നതോ യൂത്ത് കോണ്‍ഗ്രസ് ശൈലിയല്ല. ഹിംസാത്മകമായ രീതിയിലുള്ള പ്രതികരണങ്ങളോട് യോജിക്കുന്നില്ല.
അതുകൊണ്ടാണ് വെള്ളാപ്പള്ളിയുടെ കരണത്തടിക്കണമെന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവനയെ തള്ളിപ്പറഞ്ഞത്. പ്രസ്താവനകള്‍ ചെന്നുപതിക്കുന്നയിടങ്ങള് കൃത്യമായി പരിശോധിച്ച് വേണം പരസ്യ പ്രതികരണം നടത്തേണ്ടതെന്നും ജനീഷ് പറഞ്ഞു.
Kerala
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിനെ പരിഹസിച്ച് യൂത്ത്കോൺഗ്രസ് ഫ്ലെക്സ്. അടിവസ്ത്രത്തിൽ നിൽക്കുന്ന ചിത്രത്തിനൊപ്പം സെൻട്രൽ ജയിലിലേയ്ക്ക് സ്വാഗതം എന്നെഴുതിയ ഫ്ലെക്സ് ബോർഡ് ആണ് പ്രത്യക്ഷപ്പെട്ടത്. പൂജപ്പുര സെൻട്രൽ ജയിലിനു മുന്നിലാണ് ഫ്ലെക്സ് പ്രക്യക്ഷപ്പെട്ടത്.
തൊണ്ടി മുതൽ തിരിമറി കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിന് മൂന്ന് വർഷമാണ് തടവുശിക്ഷ വിധിച്ചത്. നെടുമങ്ങാട് ജില്ലാ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.
32 വർഷത്തോളം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് കേസിൽ വിധി പറഞ്ഞത്. ഗൂഢാലോചനയ്ക്ക് ആറ് മാസം, തെളിവുനശിപ്പിക്കലിന് മൂന്ന് വർഷം, കള്ള തെളിവുണ്ടാക്കലിന് മൂന്ന് വർഷം, വ്യാജരേഖ ചമയ്ക്കലിന് രണ്ട് വർഷം എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്.
ഒന്നാം പ്രതി കെ.എസ്. ജോസും കേസിൽ കുറ്റക്കാരനെന്ന് തെളിഞ്ഞു. ലഹരി മരുന്ന് കേസിൽ പിടിയിലായ ഓസ്ട്രേലിയൻ പൗരൻ ആന്‍ഡ്രൂ സാല്‍വദോറിനെ രക്ഷിക്കാന്‍ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയെന്നാണ് ആന്റണി രാജുവിനെതിരായ കേസ്.
Kerala
കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡിജിപിക്ക് പരാതി നല്കി. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എസ്. സുനന്ദാണ് വെള്ളാപ്പള്ളിക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയതിന് പരാതി നൽകിയത്.
നിരന്തരമായി വർഗീയ പരാമർശം നടത്തുന്ന വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. പൊതുസമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കി വെള്ളാപ്പള്ളി കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്ന് പരാതിയില്‍ പറയുന്നു. പോലീസ് കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് ചങ്ങരോത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ എസ്. സുനന്ദ് പറഞ്ഞു.
Kerala
കൊട്ടാരക്കര: കെഎസ്യുവിന് പിന്നാലെ കൊടിക്കുന്നിൽ സുരേഷ് എംപിക്കെതിരേ വിമർശനവുമായി യൂത്ത് കോൺഗ്രസും. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജു ജോർജ് ആണ് ഫേസ്ബുക്കിലൂടെ വിമർശിച്ചത്.
‘കൊട്ടാരക്കര നഗരസഭയിലേത് കൊടിക്കുന്നിലിന്റെ വിജയം’ എന്നാണ് പരിഹാസം. കൊട്ടാരക്കര നഗരസഭ എൽഡിഎഫ് നിലനിർത്തി. യുഡിഎഫിന് ഒരു സീറ്റ് നഷ്ടപ്പെട്ടു. എന്തിനാണ് പാർട്ടിയെ ഇങ്ങനെ നശിപ്പിക്കുന്നത്?, ശക്തമായ അടിവേരുകൾ അറുക്കപ്പെട്ട മഹാവൃക്ഷം പോലെ കോൺഗ്രസ് കൊട്ടാരക്കരയിൽ കത്തിത്തീരുകയാണെന്നും, നിങ്ങൾ പാർട്ടിയെ വളഞ്ഞ് പിടിച്ചിരിക്കുന്ന നീരാളിപ്പിടിത്തം വിടുക എന്നും അജു ജോർജ് വിമർശിക്കുന്നു.
"ദേശീയതലത്തിൽ പ്രവർത്തിക്കുന്ന നേതാവ് പിടി മുറുക്കി ശിങ്കടികൾക്ക് വഴങ്ങി AമുതൽZവരെയുള്ള കാര്യങ്ങളിൽ ഇടപെട്ട് എല്ലാം നശിപ്പിക്കുകയാണ്. ശക്തമായ അടിവേരുകൾ അറുക്കപ്പെട്ട മഹാവൃഷം പോലെ കോൺഗ്രസ് കൊട്ടാരക്കരയിൽ കത്തിത്തീരുന്നു. ആർക്ക് വേണ്ടിയാണ് നിങ്ങളൊക്കെ നിലകൊള്ളുന്നത്...? എന്തിനാണ് പാർട്ടിയെ ഇങ്ങനെ നശിപ്പിക്കുന്നത്...? നിങ്ങൾ പാർട്ടിയെ വളഞ്ഞ് പിടിച്ചിരിക്കുന്ന നീരാളിപ്പിടുത്തം വിടുക....പാർട്ടിയെ സ്വതന്ത്രമായി വിടുക' എന്ന് പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.
അതേസമയം, കൊടിക്കുന്നിൽ സുരേഷ് പാര വെച്ചതാണ് കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണമെന്ന് കെഎസ്യു കൊല്ലം ജില്ലാ പ്രസിഡന്റ് അൻവർ സുൽഫികർ ആരോപിച്ചിരുന്നു. സംസ്ഥാനമാകെ വീശിയടിച്ച യുഡിഎഫ് തരംഗം കൊട്ടാരക്കരയിൽ ഇല്ലാതെ പോയതിനു കാരണം ഇതാണെന്നുമായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലെ വിമർശനം.
പാര്‍ട്ടിക്കുവേണ്ടി കഷ്ടപ്പെട്ട ചെറുപ്പക്കാരെ ഇല്ലാതാക്കുന്ന പ്രവൃത്തികളാണ് കൊടിക്കുന്നിലിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും പാര്‍ട്ടിയെ ഇല്ലാതാക്കി ജനങ്ങളെ വഞ്ചിച്ച് സ്വന്തം കാര്യം നോക്കി നടക്കുന്ന ഇങ്ങനൊരു നേതാവിനെ പാര്‍ട്ടിക്കോ ജനങ്ങള്‍ക്കോ ആവശ്യമില്ലെന്നും അന്‍വര്‍ പറയുന്നു. കൊടിക്കുന്നില്‍ സുരേഷ് എംപിയുമായി ബന്ധപ്പെട്ട വിഷയില്‍ പാര്‍ട്ടി നേതൃത്വം കണ്ണുതുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പാര്‍ട്ടി കടുത്ത നടപടി എടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സജന ബി. സാജന്. സ്ത്രീകളുടെ അഭിമാനത്തെ വെല്ലുവിളിക്കരുതെന്നും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും സജന പറഞ്ഞു. ഇനിയും വൈകിയാല്‍ പാര്‍ട്ടി കനത്ത വില നല്‍കേണ്ടിവരുമെന്നും ഇതൊരു സൂചനയായി മാത്രം നേതൃത്വം കാണുക എന്നും സജന കൂട്ടിച്ചേർത്തു.
ഫേസ്ബുക്കിലൂടെയാണ് സജനയുടെ പ്രതികരണം. രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെ.സി .വേണുഗോപാല്‍, സണ്ണി ജോസഫ്, വി.ഡി. സതീശന്, രമേശ് ചെന്നിത്തല, കെ. മുരളീധരന് തുടങ്ങിയ നേതാക്കളെ ടാഗ് ചെയ്താണ് സജനയുടെ ഫേസ്ബുക്ക് പോസ്റ്റ്.
നിരന്തരം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി ഉയർന്ന പശ്ചാത്തലത്തിൽ പാർട്ടി അദ്ദേഹത്തെ പുറത്താക്കുമെന്നാണ് സൂചന. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.മുരളീധരനും രമേശ് ചെന്നിത്തലയും രാഹുലിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കണമെന്ന നിലപാട് ശക്തമാക്കിയതിന് പിന്നാലെയാണ് ഈ നീക്കം. പാർട്ടിക്കുള്ളില്‍ രാഹുലിനെതിരെ അതൃപ്തി പുകയുകയാണ്.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എഐസിസിക്കും പ്രിയങ്ക ഗാന്ധിക്കും പരാതി നൽകി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജ്ന ബി. സജൻ.
വനിതാ നേതാക്കളെ ഉൾപ്പെടുത്തി അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഇരയാക്കപ്പെട്ട പെൺകുട്ടികളെ നേരിൽ കണ്ട് വിഷയം ഗൗരവത്തോടെ ചർച്ച ചെയ്യണം എന്നാണ് സജ്നയുടെ പരാതിയിലെ ആവശ്യം.
പാര്‍ട്ടിതലത്തിൽ അന്വേഷണം ആവശ്യപ്പെട്ടാണ് പരാതി. കഴിഞ്ഞ ദിവസം രാഹുൽ മാങ്കൂട്ടത്തിലിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സജ്ന ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരുന്നു.
മുൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ രാഹുലിനെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയതിനിടെയാണ് വനിതാ നേതാവ് തന്നെ പാര്‍ട്ടിക്ക് പരാതി നൽകിയിരിക്കുന്നത്.
District News
പത്തനംതിട്ട: താൻ ബിജെപിയിൽ ചേർന്നതായ പ്രചാരണം തെറ്റിധാരണാ ജനകമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഖിൽ ഓമനക്കുട്ടൻ. തന്നെ തെറ്റിധരിപ്പിച്ച് ചില സുഹൃത്തുക്കൾ പന്തളത്ത് ബിജെപിയുമായി ബന്ധപ്പെട്ട വേദിയിലെത്തിച്ച് ഷാൾ അണിയിക്കുകയായിരുന്നുവെന്ന് അഖിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
ബിജെപിയുമായി ചേർന്നു പ്രവർത്തിക്കാൻ തനിക്ക് സാധ്യമല്ലെന്നും ഉറച്ച കോൺഗ്രസ് കുടുംബത്തിലെ അംഗമാണ് താനെന്നും ആ നിലയിൽ തന്നെ തുടരുമെന്നും അദ്ദേഹം അറിയിച്ചു. സുഹൃത്തുക്കൾ തമാശരൂപേണയാണ് തനിക്ക് ബിജെപിയുടെ ഷാൾ അണിയിച്ചതെന്നും ജില്ലാ പ്രസിഡന്റ് പങ്കെടുക്കുന്ന ഔദ്യോഗിക ചടങ്ങായി താനിതിനെ കണ്ടിരുന്നില്ലെന്നും അഖിൽ പറഞ്ഞു.
അതിനുശേഷം ഒരുവിഭാഗം തനിക്കെതിരേ മാധ്യമ പ്രചാരണം നടത്തുകയും ചതി പ്രയോഗത്തിലേക്ക് തന്നെ ബിജെപിക്കാരനായി ചിത്രീകരിക്കുകയുമായിരുന്നുവെന്നും ഉണ്ടായ സംഭവങ്ങളിൽ ഖേദമുണ്ടെന്നും അഖിൽ പറഞ്ഞു.
District News
കല്‍പ്പറ്റ: വയനാട് ജില്ലാ പഞ്ചായത്തിലെ കേണിച്ചിറ ഡിവിഷനില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അമല്‍ ജോയി യുഡിഎഫ് സ്ഥാനാര്‍ഥിയായത് നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍. ജില്ലയില്‍ കോണ്‍ഗ്രസിനു വിജയ സാധ്യതയുള്ള ജനറല്‍ സീറ്റുകളില്‍ ഒന്നാണ് കേണിച്ചിറ. പൂതാടി പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും പുല്‍പ്പള്ളി പഞ്ചായത്തിലെ ആറ് വാര്‍ഡുകളും ഉള്‍പ്പെടുന്ന ഈ സീറ്റില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടായിരുന്ന കെപിസിസി ജനറല്‍ സെക്രട്ടറി കെ.എല്‍. പൗലോസിനെ തന്ത്രപൂര്‍വം ഒഴിവാക്കിയാണ് യുവജന വിഭാഗം അമലിന് സീറ്റ് ഉറപ്പിച്ചത്. ഡിസിസി മുന്‍ പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണന് എംഎല്‍എയുടെ പിന്തുണയോടെയായിരുന്നു അമലിനുവേണ്ടി യുവജന വിഭാഗത്തിന്റെ നീക്കങ്ങള്‍.
മാറി മറിഞ്ഞ്
കഴിഞ്ഞ 18ന് ചേര്‍ന്ന കോണ്‍ഗ്രസ് ജില്ലാ കോര്‍ കമ്മിറ്റി യോഗം കേണിച്ചിറയില്‍ സ്ഥാനാര്‍ഥിയായി പൗലോസിനെ തീരുമാനിച്ചതാണ്. ഇതിനുപിന്നാലെ പ്രമുഖ ദൃശ്യമാധ്യമങ്ങളിലടക്കം ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ യുവജനങ്ങളെ കോണ്‍ഗ്രസ് നേതൃത്വം തഴയുന്നുവെന്ന വാര്‍ത്ത വന്നു. മുമ്പ് രണ്ടു തവണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പൗലോസ് അനുകൂല സാഹചര്യം ഉണ്ടായിട്ടും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പൊഴുതന ഡിവിഷനില്‍ തോറ്റതും അദ്ദേഹത്തിന്റെ പ്രായവും ഉള്‍പ്പെടെ പരാമര്‍ശിച്ചായിരുന്നു ചില മാധ്യമങ്ങളില്‍ വാര്‍ത്ത. ഇതിനുശേഷം ഡിവിഷനിലേക്കു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും യുഡിഎഫ് ജില്ലാ മുന്‍ കണ്‍വീനറുമായ കെ.കെ. വിശ്വനാഥന്റെ പേര് ഉയര്‍ന്നുവന്നു. ഈ ഘട്ടത്തില്‍ മത്സരത്തിനില്ലെന്ന നിലപാടിലേക്കു പൗലോസ് നീങ്ങി. കെപിസിസി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ വാശിപിടിച്ചാല്‍ പൗലോസിനു കിട്ടുന്നതായിരുന്നു സീറ്റ്.
പൗലോസിനെ വെട്ടണമെന്ന വ്യഗ്രതയില്‍ യുവജന വിഭാഗം ആസൂത്രണം ചെയ്ത പദ്ധതിയുടെ ഭാഗമായാണ് ഡിവിഷനിലേക്ക് സീനിയര്‍ നേതാവായ വിശ്വനാഥന്റെ പേര് വന്നതെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം പറയുന്നത്. വിശ്വനാഥന് കേണിച്ചിറ ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹം ശക്തമായപ്പോഴായിരുന്നു അമല്‍ ജോയിക്കു അനുകൂലമായി വീണ്ടും ട്വിസ്റ്റ്. കപ്പിനും ചുണ്ടിനും ഇടയില്‍ സീറ്റ് നഷ്ടമായതിന്റെ വ്യഥയിലാണ് കെ.കെ. വിശ്വനാഥനെന്നാണ് വിവരം. കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായിരുന്ന അന്തരിച്ച കെ.കെ. രാമചന്ദ്രന്റെ സഹോദരനാണ് വിശ്വനാഥന്. കാലാവധി പൂര്‍ത്തിയായ ജില്ലാ പഞ്ചായത്ത് ഭരണസമിതിയിലെ ചീരാല്‍ ഡിവഷനില്‍നിന്നുള്ള അംഗാണ് അമല്‍ ജോയി.
യുവജനനീക്കം
കേണിച്ചിറയില്‍ പൗലോസ് സ്ഥാനാര്‍ഥിയാകുന്നത് ഒഴിവാക്കുന്നതിനും അമല്‍ ജോയിക്കു സീറ്റ് ഉറപ്പിക്കുന്നതിനും കോണ്‍ഗ്രസ് യുവജന വിഭാഗത്തിലുള്ള ചിലര്‍ കുതന്ത്രങ്ങളാണ് പയറ്റിയതെന്ന് പാര്‍ട്ടി നേതാക്കളില്‍ ഒരു വിഭാഗം അടക്കം പറയുന്നു. 17 ഡിവിഷനുകളുള്ള ജില്ലാ പഞ്ചായത്തില്‍ തിരുനെല്ലി, എടവക, മീനങ്ങാടി, മേപ്പാടി, തോമാട്ടുചാല്‍, കേണിച്ചിറ എന്നിവയാണ് ജനറല്‍ വിഭാഗത്തില്‍. ഇതില്‍ മേപ്പാടി യുഡിഎഫ് ധാരണയനുസരിച്ച് മുസ്ലിം ലീഗിനു നല്കി. ബാക്കി അഞ്ചെണ്ണത്തില്‍ കോണ്‍ഗ്രസിന് ആഴത്തില്‍ വേരോട്ടമുള്ളതാണ് തോമാട്ടുചാല്‍, കേണിച്ചിറ ഡിവിഷനുകള്‍. ഈ സീറ്റുകളില്‍ കണ്ണിട്ടാണ് യുവജന വിഭാഗത്തിലുള്ളവരടക്കം ചരടുവലി നടത്തിയത്. തോമാട്ടുചാല്‍ മണ്ഡലത്തില്‍ അമല്‍ ജോയിക്കുപുറമേ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജഷീര്‍ പള്ളിവയല്‍, കെഎസ്യു ജില്ലാ പ്രസിഡന്റ് അഡ്വ.ഗൗതം ഗോകുല്‍ദാസ് എന്നിവരും നോട്ടമിട്ടിരുന്നു.
നീക്കുപോക്കുകൾ
കേണിച്ചിറ പാര്‍ട്ടിയിലെ സീനിയേഴ്സ് കൈയടക്കുമെന്ന ചിന്താഗതിയിലായിരുന്നു ഇത്. നീക്കുപോക്കുകള്‍ക്കൊടുവില്‍ മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റും കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റുമായിരുന്ന വി.എന്‍. ശശീന്ദരനാണ് തോമാട്ടുചാലില്‍ നറുക്കുവീണത്. മീനങ്ങാടിയില്‍ സീറ്റ് നല്‍കിയാണ് അഡ്വ.ഗൗതം ഗോകുല്‍ദാസിനെ കോണ്‍ഗ്രസ് നേതൃത്വം തണുപ്പിച്ചത്. സിപിഎമ്മിനു മേല്‍ക്കെയുള്ള ഈ ഡിവിഷനില്‍ കേരള കോണ്‍ഗ്രസ്-ജോസഫിലെ ജിന്റോ കുര്യാക്കോസ് പത്രിക നല്‍കിയിട്ടുണ്ട്. ഇദ്ദേഹം സ്ഥാനാര്‍ഥിത്വം പിന്‍വലിക്കില്ലെന്നാണ് വിവരം.
ജില്ലാ പഞ്ചായത്തിലെ തിരുനെല്ലി, എടവക ഡിവിഷനുകളില്‍ മത്സരിക്കാന്‍ യുവജന വിഭാഗത്തിലുള്ളതടക്കം പാര്‍ട്ടിയിലെ പ്രമുഖര്‍ താത്പര്യം കാട്ടിയിരുന്നില്ല.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎം തൂത്തുവാരിയതാണ് മന്ത്രി ഒ.ആര്. കേളുവിന്റെ പഞ്ചായത്തായ തിരുനെല്ലി. എങ്കിലും തിരുനെല്ലി ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ വിജയക്കൊടി നാട്ടുന്നതിന് സിപിഎം വിയര്‍ക്കേണ്ടിവരും. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ നാലുവീതവും തവിഞ്ഞാല്‍ പഞ്ചായത്തിലെ ഒന്നും വാര്‍ഡുകള്‍ ഉള്‍പ്പെടുന്നതാണ് തിരുനെല്ലി ഡിവിഷന്. ഈ ഒമ്പതു വാര്‍ഡുകളില്‍ കുറഞ്ഞത് 1,750 വോട്ടിന്റെ ലീഡ് യുഡിഎഫിന് ഉണ്ടാകുമെന്നാണ് പ്രദേശത്തെ കോണ്‍ഗ്രസ് നേതാക്കളുടെ അനുമാനം.
Kerala
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഖിൽ ഓമനക്കുട്ടൻ ബിജെപിയിൽ ചേർന്നു. ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റാണ് അഖിൽ ഓമനക്കുട്ടനെ പാർട്ടിയിലേക്ക് സ്വീകരിച്ചത്.
കുറച്ചുനാളുകളായി അഖിൽ കോൺഗ്രസുമായി അകൽച്ചയിലായിരുന്നു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അടക്കം നിരവധി പദവികൾ വഹിച്ചിട്ടുണ്ട്.
അഖിൽ ഓമനക്കുട്ടൻ മൂന്ന് ദിവസങ്ങൾക്ക് മുൻപ് "എന്നും എപ്പോഴും പാര്‍ട്ടിയാണ് വലുത്' എന്ന ടാഗ് ലൈനോടെ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചിരുന്നു.
ബിജെപിയില്‍ ചേരുന്നതിന് ഒന്‍പത് മണിക്കൂര്‍ മുന്‍പ് വരെ അഖില്‍ ഓമനക്കുട്ടന്റെ ഫേസ്ബുക്ക് പേജില്‍ കോണ്‍ഗ്രസ് അനുകൂല പോസ്റ്റുകള്‍ നിറഞ്ഞിരുന്നു. കുന്നന്താനം ഗ്രാമപഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ഥിക്കായി വോട്ടഭ്യര്‍ഥിച്ചുള്ള പോസ്റ്റാണ് അവസാനമായി അഖില്‍ പങ്കുവച്ചത്.
ഞായറാഴ്ചയാണ് "എന്നും എപ്പോഴും പാര്‍ട്ടിയാണ് വലുത്' എന്ന ടാഗ് ലൈനോടെ അഖില്‍ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. കുന്നന്താനം ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി അനു എ.എമ്മിനൊപ്പമുള്ള ഭവന സന്ദര്‍ശനത്തിന്റെ ചിത്രത്തോടൊപ്പമായിരുന്നു പോസ്റ്റ്. ഇതിന് പിന്നാലെ ഏതാനും ദിവസങ്ങള്‍ക്കകമാണ് അഖില്‍ ബിജെപിയില്‍ ചേര്‍ന്നത്.
District News
കുറവിലങ്ങാട്: ഇടവകയുടെ യുവശക്തി വിളിച്ചറിയിച്ച് കുറവിലങ്ങാട് യുവജനമഹാസംഗമം നാളെ നടക്കും. വിപുലമായ ക്രമീകരണങ്ങളാണ് സംഗമത്തിനായി പൂർത്തീകരിച്ചിട്ടുള്ളത്. ഇടവകയിലെ യുവജനങ്ങളൊന്നാകെ പങ്കെടുക്കുന്ന സംഗമം നാളെ മൂന്നിന് വിശുദ്ധ കുർബാനയോടെ ആരംഭിക്കും.
വിശുദ്ധ കുർബാനയെത്തുടർന്ന് മാർത്തോമ്മാ നസ്രാണി ഭവനിൽ നടക്കുന്ന മഹസംഗമം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. എസ്എംവൈഎം യൂണിറ്റ് പ്രസിഡന്റ് സെബാസ്റ്റ്യൻ തോമസ് അധ്യക്ഷത വഹിക്കും. ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി അനുഗ്രഹപ്രഭാഷണവും ഡയറക്ടർ ഫാ. ജോസഫ് ചൂരയ്ക്കൽ ആമുഖപ്രഭാഷണവും നടത്തും. സമുദായശക്തീകരണ പദ്ധതികൾ സീനിയർ അസി. വികാരി ഫാ. ജോസഫ് മണിയഞ്ചിറ വിശദീകരിക്കും. എസ്എംവൈഎം രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, രൂപത പ്രസിഡന്റ് ആൽവിൻ സോണി, ഇടവക കുടുംബകൂട്ടായ്മ ജനറൽ ലീഡർ ബോബിച്ചൻ നിധീരി, എസ്എംവൈഎം യുണിറ്റ് പ്രസിഡന്റ് അമല കോച്ചേരി എന്നിവർ പ്രസംഗിക്കും.
എസ്എംവൈഎം നേതൃത്വത്തിൽ മുൻകൂട്ടി രജിസ്ട്രേഷൻ നടത്തിയവരും സ്പോട്ട് രജിസ്ട്രേഷൻ നടത്തുന്നവരുമായ ഇടവകയിലെ യുവജനങ്ങൾക്കു മാത്രമാണ് സംഗമത്തിൽ പ്രവേശനം നൽകുന്നത്. എസ്എംവൈഎം യൂണിറ്റ് സുവർണജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ചാണ് ഇടവകയിൽ യുവജനനേതൃസംഗമവും യൂണിറ്റുതല യുവജനകൂട്ടായ്മകളും പൂർത്തീകരിച്ച് മഹാസംഗമം നടത്തുന്നത്.
Kerala
ഇടുക്കി : യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ മതിയായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി. 2010ൽ ലഭിച്ച പ്രതിനിധ്യം ഇത്തവണ ഉണ്ടായിട്ടില്ലെന്നും അബിൻ വർക്കി പറഞ്ഞു.
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പരിഗണിച്ചിട്ടുണ്ടെങ്കിലും മുൻവർഷങ്ങളിലുണ്ടായിരുന്ന പ്രാതിനിധ്യം ഇത്തവണയുണ്ടായില്ലെന്ന് അബിൻ വർക്കി വ്യക്തമാക്കി. യൂത്ത് കോൺഗ്രസിന് തെരഞ്ഞെടുപ്പിൽ പകുതിയെങ്കിലും പ്രാതിനിധ്യം വേണമെന്നായിരുന്നു ആവശ്യം.
പ്രഖ്യാപനം പൂർത്തിയായിട്ടില്ലെന്നും പ്രതിനിധ്യം തോൽക്കുന്ന സീറ്റുകളിൽ മാത്രമാകരുതെന്നും യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി ആവശ്യപ്പെട്ടു. ഇക്കാര്യം നേതൃത്വം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അബിൻ വർക്കി പ്രതീക്ഷ പങ്കുവച്ചു.
District News
ഫോർട്ടുകൊച്ചി: കൊച്ചി നഗരസഭാ മേഖലയെ മാലിന്യമുക്തമാക്കിയുള്ള പ്രഖ്യാപനം കാപട്യമെന്ന് യൂത്ത് കോണ്‍ഗ്രസ്. നഗരത്തിലെ പല കേന്ദ്രങ്ങളിലും റോഡുകളിലും മാലിന്യ കൂമ്പാരങ്ങൾ ജനജീവിതം ദുരിതപൂർണമാക്കുമ്പോഴാണ് നഗരസഭ കൊച്ചിയെ മാലിന്യ മുക്തി നഗരിയായി പ്രഖ്യാപിച്ചതെന്നാണ് യൂത്ത് കോൺഗ്രസ് ആരോപണം.
മന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പനയപ്പിള്ളി മണ്ഡലം കമ്മിറ്റി രംഗത്തെത്തി. മോശം വായുവില്‍നിന്ന് രക്ഷനേടാന്‍ പ്രതീകാത്മക മരത്തില്‍നിന്ന് ആളുകള്‍ ശ്വാസമെടുത്തായിരുന്നു പ്രതിഷേധം.
യൂത്ത് കോൺഗ്രസ് പനയപ്പിള്ളി മണ്ഡലം പ്രസിഡന്റ് സനൽ ഈസ, നോർത്ത് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ഷമീർ വളവത്ത്, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ ആർ. ബഷീർ, മൻസൂർ അലി, മുജീബ് കൊച്ചങ്ങാടി, സുജിത്ത് മോഹൻ, സിയാദ് കൊച്ചങ്ങാടി എന്നിവർ പ്രസംഗിച്ചു
Kerala
തിരുവനന്തപുരം: മതേതര കേരളത്തെ തകർത്ത് കേന്ദ്രത്തിന്റെ പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് സെക്രട്ടേറിയറ്റിലേക്ക് സെക്കുലർ ലോംഗ് മാർച്ച് നടത്തുമെന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷ് അറിയിച്ചു.
‘കേരളത്തെ ഒറ്റിയവരെ ഒറ്റപ്പെടുത്തുക’ എന്ന മുദ്രാവാക്യമുയർത്തിയാണ് മാർച്ച്. സംഘപരിവാർ സംഘടനകൾക്കെതിരേ സിപിഐക്ക് നിലപാടുണ്ടെങ്കിൽ ലോംഗ് മാർച്ചിൽ പങ്കെടുക്കാൻ ക്ഷണിച്ചുകൊണ്ട് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് യൂത്ത് കോണ്‍ഗ്രസ് കത്തു നൽകും. മാർച്ചിൽ പങ്കെടുക്കാൻ എഐവൈഎഫിനെയും ക്ഷണിക്കും.
പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവച്ചതോടെ സംസ്ഥാനത്തിന്റെ മതേതരഘടന തകർത്തു. കേരളത്തിന്റെ മതേതര പാരന്പര്യത്തെ ഒറ്റിക്കൊടുക്കുന്നതിന് തുല്യമാണ്. സർക്കാർ ഇപ്പോൾ കാവിവത്കരണത്തിന് കൊടിപിടിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ലാഘവത്തോടെയാണ് മന്ത്രി ശിവൻകുട്ടി ഈ വിഷയത്തിൽ പ്രതികരിക്കുന്നത്. ഇതു കുട്ടിക്കളിയല്ലെന്ന് വിദ്യാഭ്യാസ മന്ത്രി മനസിലാക്കണം.
അധ്യാപകരുടെ പരിശീലനവും കരിക്കുലവും കേന്ദ്ര സർക്കാർ തീരുമാനിക്കുന്ന നിലയിലേക്കാണ് കാര്യങ്ങൾ പോയത്. ഭരണാനുകൂല വിദ്യാർഥി സംഘടനകൾ എതിർത്ത കാര്യമാണ് ഇപ്പോൾ നടപ്പാക്കിയത്.
നവംബർ ഒന്നിന് സർക്കാരിന്റെ അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനത്തെ പിആർ വർക്കിനായി ഉപയോഗിക്കുന്നത് സാധാരണക്കാരന്റെ അവസ്ഥയെ ചൂഷണം ചെയ്യുന്നതാണെന്നും ജനീഷ് ആരോപിച്ചു.
Kerala
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി ഒ.ജെ. ജനീഷും വർക്കിംഗ് പ്രസിഡന്റായി ബിനു ചുള്ളിയിലും ചുമതലയേറ്റു.
കെപിസിസി ആസ്ഥാനത്തു നടന്ന ചടങ്ങിൽ യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ഉദയ് ഭാനു ചിന്പ് മിനിറ്റ്സ് ബുക്ക് ഒ.ജെ. ജനീഷിനു കൈമാറി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു.
ഉദയ് ഭാനു ചിന്പ് മുഖ്യപ്രഭാഷണം നടത്തി. കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരായ എ.പി. അനിൽകുമാർ എംഎൽഎ, പി.സി. വിഷ്ണുനാഥ് എംഎൽഎ, ഷാഫി പറന്പിൽ എംപി, യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ് എംപി, ദേശീയ സെക്രട്ടറിമാരായ അബിൻ വർക്കി, കെ.എം. അഭിജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: ഒ.ജെ. ജനീഷ് പ്രസിഡന്റായി യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ സംസ്ഥാന നേതൃത്വം ഇന്ന് ചുമതലയേൽക്കും. രാവിലെ 11ന് ഇന്ദിരാഭവനിലാണ് ചുമതലയേൽക്കുന്നത്. വര്‍ക്കിംഗ് പ്രസിഡന്റായി ബിനു ചുള്ളിയിലും സ്ഥാനമേൽക്കും.
ലൈംഗിക ആരോപണത്തെതുടര്‍ന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചതിനെതുടർന്നാണ് വൈസ് പ്രസിഡന്റായിരുന്ന ജനീഷിനെ അധ്യക്ഷനാക്കിയത്. അബിൻ വര്‍ക്കിയെ പ്രസിഡന്റാക്കത്തതിൽ ഐ ഗ്രൂപ്പ് കടുത്ത അമര്‍ഷത്തിലാണ്.
കെപിസിസി പ്രസിഡന്റും യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനും ചടങ്ങിനെത്തും. പ്രതിപക്ഷ നേതാവ് പങ്കെടുക്കില്ല. സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗവും ഇന്ന് ചേരും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ്ഭാനു ചിബ് തുടങ്ങിയവര്‍ പങ്കെടുക്കും.
അമ്മയുടെ സഞ്ചയന ചടങ്ങായതിനാൽ രമേശ് ചെന്നിത്തലയും കൊല്ലത്ത് ആര്എസ്പിയുടെയടക്കം പരിപാടികളിലായതിനാൽ പ്രതിപക്ഷ നേതാവും ചടങ്ങിൽ പങ്കെടുക്കില്ല. ഉച്ചയ്ക്ക് ശേഷം ചേരുന്ന സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗത്തിലും യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ പങ്കെടുക്കും. തദ്ദേശ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെക്കുറിച്ച് ആലോചിക്കും.
Kerala
കോഴിക്കോട്: യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് സൂചിപ്പിച്ച് അബിൻ വർക്കി. കേരളത്തിൽ തുടരാൻ അവസരം നൽകണമെന്ന് നേതാക്കളോട് അഭ്യർഥിക്കുകയാണെന്നും പാർട്ടി തീരുമാനം തെറ്റാണെന്ന് താൻ പറയില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ പ്രവർത്തനം തുടരണമെന്നാണ് ആഗ്രഹം. കോൺഗ്രസ് വികാരം മാത്രമാണ് ഉള്ളത്. ആ അഡ്രസ് മാത്രമാണ് ഉള്ളത്. രാഹുൽ ഗാന്ധിയോട് കടപ്പെട്ടിരിക്കുന്നു. കോൺഗ്രസ് എന്ന ടാഗ് വന്നാലേ താൻ ഉള്ളൂ. അതിനെ കളങ്കപ്പെടുത്തുന്ന ഒന്നും ഉണ്ടാകില്ലെന്നും അബിൻ വർക്കി പറഞ്ഞു.
പാർട്ടി തീരുമാനത്തെ മറിച്ചു പറയില്ല. സ്ഥാനമാനമല്ല പ്രധാനം. തന്നെ വെട്ടി തുണ്ടമാക്കിയാലും പാർട്ടി തന്നെയാണ് വലുത്. വെല്ലുവിളിക്കാൻ ഇല്ല. അഭ്യർഥന മുന്നോട്ടു വയ്ക്കുകയാണ്. ജനീഷ് യോഗ്യനാണ്. യൂത്ത് കോൺഗ്രസിൽ ആരും അയോഗ്യരല്ല. മതേതരത്വം മുറുകെ പിടിച്ച് മുന്നോട്ടുപോകുന്നവരാണെന്നും അബിൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: പോലീസ് മർദനങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടന്ന് സെക്രട്ടേറിയറ്റിലേക്ക് കടക്കാൻ ശ്രമിച്ച പ്രവർത്തകരെ നിയന്ത്രിക്കാൻ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
ഇതിനു പിന്നാലെ സ്ഥലത്ത് പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടായി. പ്രവർത്തകരെ ബലംപ്രയോഗിച്ച് നീക്കം ചെയ്യാനാണ് പോലീസിന്റെ ശ്രമം.
പോലീസ് അതിക്രമങ്ങൾക്കതിരെ പാലക്കാട് എസ്പി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. എസ്പി ഓഫീസിനകത്തേക്ക് കടക്കാൻ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ നാലുതവണ ജലപീരങ്കി പ്രയോഗിച്ചു.
കുന്നംകുളത്തെ കസ്റ്റഡി മർദ്ദനത്തില്‍ പ്രതിയായ പോലീസുകാരൻ സന്ദീപിന്റെ ചവറ തെക്കുംഭാഗത്തെ വീട്ടിലേക്കു യൂത്ത് കോൺഗ്രസ് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി.
Kerala
തൃശൂര്‍: കുന്നംകുളത്തെ കസ്റ്റഡി മര്‍ദനത്തില്‍ പ്രതിഷേധിച്ച് തിരുവോണ ദിവസം യൂത്ത് കോൺഗ്രസിന്റെ കൊലച്ചോറ് സമരം. തൃശൂരില്‍ ഡിഐജി ഓഫീസിന് മുന്നിലാണ് പ്രതീകാത്മക സമരം.
മര്‍ദിച്ച പോലീസുകാരുടെ മുഖംമൂടിയണിഞ്ഞ് പോലീസ് വേഷവും ധരിച്ചെത്തിയ സമരക്കാര്‍ ഡിഐജി ഓഫിസിനു മുന്നിലെ ബാരിക്കേഡിന് സമീപം ഇലയിട്ട് പ്രതിഷേധവും നടത്തുകയായിരുന്നു.
പോലീസ് സ്റ്റേഷനുകളില്‍ ആളുകളെ തല്ലിക്കൊല്ലുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
Kerala
മട്ടന്നൂർ: പാർട്ടിക്കായി എന്തെങ്കിലും ചെയ്തെങ്കിൽ പത്തനംതിട്ട ജില്ലയിൽ കോൺഗ്രസ് എംൽഎമാരുടെ എണ്ണം വട്ടപ്പൂജ്യമാകില്ലായിരുന്നുവെന്ന് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ഫർസീൻ മജീദിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
എസ്എഫ്ഐയെ പുകഴ്ത്തിയും യൂത്ത് കോൺഗ്രസിനെ ഇകഴ്ത്തിയുമുള്ള പി.ജെ. കുര്യന്റെ പ്രസ്താവനയ്ക്കാണ് യൂത്ത് കോൺഗ്രസ് നേതാവ് മറുപടി കുറിച്ചത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം: വയസ് 84. പത്തനംതിട്ടയിൽനിന്ന് ഏഴു തവണ ലോക്സഭയിലേക്ക് മത്സരിച്ചു. അതിൽ ആറു തവണ ലോക്സഭാംഗം. ഒരു തവണ രാജ്യസഭാംഗം. 36വർഷം എംപിയായി.
രാജ്യസഭാ ഉപാധ്യക്ഷൻ, ചീഫ് വിപ്പ്, കേന്ദ്രമന്ത്രി തുടങ്ങിയ സ്ഥാനങ്ങളും ഐഐടി ചെയർമാൻ സ്ഥാനവും വഹിച്ചു. കേന്ദ്രത്തിൽ അധികാരം കോൺഗ്രസിന് നഷ്ടമായതിനാൽ മാത്രം പത്തനംതിട്ടയിൽ നിൽക്കാനും യൂത്ത് കോൺഗ്രസ് മോശമാണെന്നു പറയാനും അവസരം വന്നു. പാർട്ടിക്കായി എന്തെങ്കിലും ചെയ്തെങ്കിൽ പത്തനംതിട്ട ജില്ലയിൽ പാർട്ടിക്ക് ഇന്ന് എംഎൽഎമാർ വട്ടപ്പൂജ്യം ആകുമായിരുന്നില്ല.
ഡൽഹിയിലെ കുളിരിൽ ഉല്ലസിക്കുന്ന സമയം നാട്ടിലെ പാർട്ടി പ്രവർത്തകരെ സംരക്ഷിച്ചിരുന്നുവെങ്കിൽ ഒരു പഞ്ചായത്തിൽ 25 അല്ല അതിലധികം യൂത്ത് കോൺഗ്രസുകാരെ ഉണ്ടാക്കാമായിരുന്നു. കുറഞ്ഞത് പത്തു കേസ് ഇല്ലാത്ത ഒരു സാധാരണ യൂത്ത് കോൺഗ്രസ് നേതാവും ഇന്ന് കേരളത്തിൽ ഇല്ല. കേസിന് ഫൈൻ അടയ്ക്കാൻ പണം ഇല്ലാതെ ജയിലിൽ കിടക്കാൻ പോലും താനടക്കമുള്ള പ്രവർത്തകർ പല വട്ടം ആലോചിച്ചിട്ടുണ്ട്. വിമർശനങ്ങൾ ഉൾക്കൊള്ളാമായിരുന്നു, ഒരു അടച്ചിട്ട മുറിയിൽ യൂത്ത് കോൺഗ്രസ് നേതൃത്വത്തെ ഇരുത്തി അവർക്ക് പറ്റുന്ന സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടായിരുന്നുവെങ്കിൽ. മാധ്യമങ്ങളുടെ മുന്നിൽവച്ച് താങ്കൾ പേര് വിളിച്ച് ഉപദേശിച്ചവരൊക്കെ താങ്കളുടെ നാട്ടുകാർ കൂടിയാണെന്ന് ഒരിക്കൽകൂടി ഓർമിപ്പിക്കുന്നു.
പാർട്ടി പ്രതിസന്ധിയിൽനിന്ന് കരകയറാനുള്ള പോരാട്ടത്തിൽ പ്രവർത്തകർ വിയർപ്പൊഴുക്കുമ്പോൾ തോളിൽ തട്ടി അഭിനന്ദിക്കണമെന്ന് പറയുന്നില്ല. ചവിട്ടി താഴ്ത്തരുത്. ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്. ക്ഷുഭിത യുവത്വം പലതും തിരിച്ചും ചോദിക്കും എന്നു പറഞ്ഞാണ് കുറിപ്പ് നിർത്തുന്നത്.
Kerala
പാലക്കാട്: മന്ത്രി വീണാ ജോര്‍ജിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. പാലക്കാട് കാഴ്ചപറമ്പില്‍ വച്ചാണ് സംഭവം.
മന്ത്രിയുടെ വാഹനവ്യൂഹത്തിന് പിന്നാലെ ഓടിയ പ്രവര്‍ത്തകര്‍ കരിങ്കൊടി വീശുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം ഇടിഞ്ഞുവീണ് വീട്ടമ്മ മരിച്ച സംഭവത്തിലാണ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധം ശക്തമാക്കിയത്.
Kerala
പത്തനംതിട്ട: മന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് പത്തനംതിട്ടയിൽ ആടിയുലയുന്ന കപ്പലും കപ്പിത്താനുമായി യൂത്ത് കോൺഗ്രസിന്റെ നഗര പ്രദക്ഷിണം.
2016-21 നിയമസഭയുടെ അവസാനകാലയളവിൽ മുഖ്യമന്ത്രി പിണറായി വിജയനെ കപ്പിത്താനായി പ്രകീർത്തിച്ച് അന്ന് എംഎൽഎയായിരുന്ന വീണാ ജോർജ് നിയമസഭയിൽ നടത്തിയ പ്രസംഗത്തിന്റെ അലയടികൾ ഉയർത്തിയാണ് പ്രതീകാത്മക നഗര പ്രദക്ഷിണം സംഘടിപ്പിച്ചത്.
പത്തനംതിട്ട ഡിസിസിയിൽ നിന്നും ഇന്നലെ വൈകുന്നേരമാണ് പ്രതിഷേധ പരിപാടി ആരംഭിച്ചത് .
കപ്പലിന് ഇരുവശത്തുമായി മുഖ്യമന്ത്രിയുടെയും മന്ത്രി വീണാ ജോർജിന്റെയും മുഖം മൂടി അണിഞ്ഞ രണ്ട് പ്രവർത്തകർ കൈ വീശി നീങ്ങി. നിരവധി പ്രവർത്തകർ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.
പ്രവർത്തകർ സെൻട്രൽ ജംഗ്ഷനിൽ റോഡിൽ മുദ്രാവാക്യം വിളികളോടെ കുത്തിയിരുന്നത് പോലീസ് ഇടപെടലിനു കാരണമായി. ഇത് പോലീസുമായുള്ള ഏറ്റുമുട്ടലിനും ബല പ്രയോഗത്തിനും ഇടയാക്കി. വനിതകൾ ഉൾപ്പെടെയുള്ളവരെ പോലീസ് റോഡിൽ വലിച്ചിഴച്ചതായും പരാതി ഉയർന്നു.
പിന്നീട് പ്രവർത്തകരെ അറസ്റ്റു ചെയ്തുനീക്കി. ഇന്നലെ മന്ത്രിയുടെ അങ്ങാടിക്കലിലെ വീട്ടിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാർച്ചും സംഘർഷത്തിനിടയാക്കി
District News
മഞ്ചേരി: സംസ്ഥാനത്തെ ആരോഗ്യരംഗം തകർത്തെറിയുകയും കോട്ടയം മെഡിക്കൽ കോളജിൽ വീട്ടമ്മയുടെ മരണത്തിനു കാരണമാവുകയും ചെയ്ത ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് മഞ്ചേരി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മറ്റി നഗരമധ്യത്തിൽ വാഴനട്ടു.
തുടർന്ന് നടന്ന പ്രതിഷേധ പ്രകടനത്തിന് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് കൃഷ്ണദാസ് വടക്കെയിൽ, അസംബ്ലി പ്രസിഡന്റ് മഹ്റൂഫ് പട്ടർകുളം, ഷബീർ കുരിക്കൾ, ഹംസ പുല്ലഞ്ചേരി, അമൽ കൃഷ്ണകുമാർ, നസീബ് യാസിൻ, രോഹിത് പയ്യനാട്, ഷാൻ കൊടവണ്ടി, അസീബ് നറുകര, ഹനീഫ ചാടിക്കല്ല്,
കാർത്തിക കോവിലകംകുണ്ട്, മുസമ്മിൽ വീന്പൂർ, ആഷിക് നറുകര, സഹിൻഷ നെല്ലിക്കുത്ത്, മുനവ്വർ പാലായി, ഫജറുൽ ഹഖ്, സയ്യിദ് മുട്ടിപ്പാലം തുടങ്ങിയവർ നേതൃത്വം നൽകി.
Kerala
അങ്കമാലി: മന്ത്രി വാസവന് നേരെ അങ്കമാലിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. മന്ത്രിയുടെ പൈലറ്റ് വാഹനത്തിന് മുന്നില്‍ കിടന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസെത്തി കസ്റ്റഡിയിലെടുത്ത് നീക്കി.
മന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടം തകർന്ന് വീട്ടമ്മ മരിച്ച സംഭവത്തിലാണ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് അടക്കമുള്ള സംഘനകൾ രംഗത്തെത്തിയത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുജനാരോഗ്യരംഗത്തെ ഗുരുതരമായ അനാസ്ഥയില്‍ ആരോഗ്യ മന്ത്രി വീണജോർജിനെതിരേ പ്രതിഷേധം ശക്തമാകുന്നു. പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലുള്ള ഡിഎംഒ ഓഫീസിലേക്ക് മാർച്ച് നടന്നു.
ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം കനത്ത സംഘർഷത്തിൽ കലാശിച്ചു. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് തുടർച്ചയായി ജലപീരങ്കി പ്രയോഗിച്ചു.
എന്നാൽ പ്രവർത്തകർ പിരിഞ്ഞു പോകാതെ ബാരിക്കേഡിന് മുന്നിൽ വീണ്ടും സംഘടിച്ചതോടെ പോലീസ് ലാത്തി വീശി.
ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. കണ്ണൂരില്‍ ഡിഎംഒ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡ് തകര്‍ത്ത് പ്രവർത്തകർ ഡിഎംഒ ഓഫീസിലേക്ക് ചാടിക്കടന്നതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പല നേതാക്കളെയും അറസ്റ്റുചെയ്തു.
അതേസമയം, മന്ത്രി വീണാ ജോര്‍ജിന്റെ പത്തനംതിട്ടയിലെ വീട്ടിലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്തു.