International
ലാഗോസ്: നൈജീരിയയിൽ ആയുധധാരികൾ മൂന്നു പള്ളികളിൽനിന്നായി 166 വിശ്വാസികളെ തട്ടിക്കൊണ്ടുപോയി. ഞായറാഴ്ച ശുശ്രൂഷയ്ക്കിടെ ഉണ്ടായ സംഭവം നൈജീരിയൻ ഭരണകൂടം നേരത്തേ നിഷേധിച്ചിരുന്നു. എന്നാൽ, സംഭവം നടന്നതായി ചൊവ്വാഴ്ച രാത്രി സ്ഥിരീകരിച്ചു.
കഡുന സംസ്ഥാനത്ത് കുർമിൻ വാലി എന്ന പ്രദേശത്തെ മൂന്നു പള്ളികളിൽ ഒരേ സമയത്ത് ആക്രമണം നടന്നുവെന്നാണു റിപ്പോർട്ട്. ചെറുബിം ആൻഡ് സെറാഫിം മൂവ്മെന്റ് എന്ന സഭയിലെ രണ്ടും, ഇവാഞ്ചലിക്കൽ ചർച്ച് വിന്നിംഗ് ഓൾ എന്ന സഭയിലെ ഒരു പള്ളിയിലുമായിരുന്നു സംഭവം. മുന്തിയ തരം ആയുധങ്ങളുമായി എത്തിയ അക്രമികൾ വിശ്വാസികളെ പുറത്തിറക്കി കാട്ടിലേക്കു കൊണ്ടുപോകുകയായിരുന്നു.
177 പേരെയാണു തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്നും 11 പേർ രക്ഷപ്പെട്ടു തിരിച്ചെത്തിയെന്നും പ്രദേശവാസികൾ പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു. തട്ടിക്കൊണ്ടുപോകപ്പെട്ടവരെ കണ്ടെത്താൻ ഊർജിത അന്വേഷണം ആരംഭിച്ചുവെന്നാണു കഡുന സംസ്ഥാന വൃത്തങ്ങൾ അറിയിച്ചത്.
ഇതിനിടെ, സംഭവം നടന്നതായി സ്ഥിരീകരിക്കാൻ ആദ്യം തയാറാകാതിരുന്ന കഡുന സംസ്ഥാന ഭരണകൂടത്തിന്റെ നടപടി വലിയ വിവാദമായിട്ടുണ്ട്. തട്ടിക്കൊണ്ടുപോയ ആരുടെയെങ്കിലും പേരുവിവരങ്ങൾ നല്കാൻ കഡുന സംസ്ഥാന പോലീസ് കമ്മീഷണർ അൽഹാജി മുഹമ്മദ് റാബിയു തിങ്കളാഴ്ച വെല്ലുവിളിച്ചിരുന്നു. 300 പേരെ തട്ടിക്കൊണ്ടുപോയെന്ന റിപ്പോർട്ട് ലഭിച്ചെന്നും ഉദ്യോഗസ്ഥരും പട്ടാളക്കാരും സ്ഥലത്തെത്തി അന്വേഷിച്ചപ്പോൾ തട്ടിക്കൊണ്ടുപോകലിനു തെളിവു ലഭിച്ചില്ലെന്നുമാണു കമ്മീഷണര്‍ പറഞ്ഞത്.
എന്നാൽ, ചൊവ്വാഴ്ച രാത്രി പോലീസ് വക്താവ് ബെഞ്ചമിൻ ഹൺദെയിൻ തട്ടിക്കൊണ്ടുപോകൽ നടന്നതായി സ്ഥിരീകരിച്ചു. കമ്മീഷണർ സംഭവം നിഷേധിച്ചതല്ലെന്നും സംഭവത്തെക്കുറിച്ച് കൃത്യമായ വിവരം ലഭിക്കുന്നതുവരെ സ്ഥിരീകരണം വൈകിച്ചതാണെന്നും പോലീസ് വക്താവ് അവകാശപ്പെട്ടു.
തട്ടിക്കൊണ്ടുപോകൽ നടന്നിട്ടില്ലെന്ന് ഏതുവിധവും വരുത്തിത്തീർക്കാനാണ് നൈജീരിയൻ ഭരണകൂടം ശ്രമിച്ചതെന്ന് ആംനസ്റ്റി ഇന്റർനാഷണൽ ചൂണ്ടിക്കാട്ടി. തട്ടിക്കൊണ്ടുപോകൽ സംഭവങ്ങൾ നൈജീരിയയിൽ പതിവായെന്നും ഇതു തടയാൻ ഉടനടി ഉറച്ച നടപടികൾ സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
കഡുനയുടെ സമീപമുള്ള നൈജർ സംസ്ഥാനത്ത് നവംബറിൽ കത്തോലിക്കാ സ്കൂളിൽനിന്ന് മുന്നൂറിലധികം വിദ്യാർഥികളെയും അധ്യാപകരെയും തട്ടിക്കൊണ്ടുപോയിരുന്നു. ഇവരെ രണ്ടു ഘട്ടങ്ങളിലായി മോചിപ്പിച്ചു.
Sports
റബാത്ത്: ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ഫുട്ബോളിലെ സെമി ഫൈനൽ മത്സരങ്ങൾ ഇന്ന് നടക്കും. ഇന്ത്യൻ സമയം രാത്രി 10.30ന് നടക്കുന്ന ആദ്യ സെമിയിൽ സെനഗൽ ഈജിപ്തിനെ നേരിടും. ടാൻഗയറിലെ ഇബ്ന്‍ബത്തൂത്ത സ്റ്റേഡിയമാണ് വേദി.
രണ്ടാം സെമിയിൽ മൊറോക്കോ നൈജീരിയയെ നേരിടും. ഇന്ത്യൻ സമയം രാത്രി 1.30 നാണ് മത്സരം. റബാത്തിലാണ് സെമി പോരാട്ടം നടക്കുക.
ഞായറാഴ്ചയാണ് ഫൈനൽ മത്സരം നടക്കുക. ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം.
Sports
ഫെസ്: ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ ക്വാർട്ടറിലെത്തി നൈജീരിയ. തിങ്കളാഴ്ച നടന്ന പ്രീക്വാർട്ടറിൽ മൊസാംബിക്കിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് നൈജീരിയ ക്വാർട്ടറിലെത്തിയത്.
നൈജീരിയയ്ക്ക് വേണ്ടി വിക്ടർ ഒസിംഹെൻ രണ്ട് ഗോളുകളും അഡെമൊല ലുക്ക്മാനും അകോർ ആഡംസും ഓരോ ഗോൾ വീതവും നേടി. ഒസിംഹെൻ 25, 47 എന്നീ മിനിറ്റുകളിലും ലുക്ക് മാൻ 20-ാം മിനിറ്റിലും ആഡംസ് 75-ാം മിനിറ്റിലും ആണ് ഗോൾ നേടിയത്.
ശനിയാഴ്ചയാണ് നൈജീരിയയുടെ ക്വാർട്ടർ പോരാട്ടം. അൾജീരിയയും കോംഗോയും തമ്മിലുള്ള പ്രീക്വാർട്ടർ മത്സരത്തിലെ വിജയിയെ ആണ് നൈജീരിയ ക്വാർട്ടറിൽ നേരിടുക.
International
ലാഗോസ്: മയക്കുമരുന്ന് കടത്തിയെന്ന് ആരോപിച്ച് ഇന്ത്യക്കാർ ഉൾപ്പെട്ട ചരക്ക് കപ്പൽ നൈജീരിയയിൽ പിടിയിൽ. 22 ഇന്ത്യക്കാർ കപ്പലിലുണ്ടെന്നാണ് വിവരം. 31.5 കിലോഗ്രാം കൊക്കൈൻ കടത്തിയെന്ന് ആരോപിച്ചാണ് കപ്പൽ പിടിച്ചെടുത്തത്.
ലാഗോസിലെ പ്രധാന തുറമുഖത്ത് എംവി അരുണ ഹുല്യ കപ്പൽ പിടിച്ചെടുത്തതായി നൈജീരിയ ഡ്രഗ് എൻഫോഴ്സ്മെന്റ് ഏജൻസി വക്താവ് ഫെമി ബബഫെമി വ്യക്തമാക്കി. നവംബറിൽ കൊക്കൈനുമായി പിടിയിലായ ഫിലിപ്പീൻ നാവികരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നീക്കം.
യൂറോപ്പിലേക്കും ആഫ്രിക്കൻ രാജ്യങ്ങളിലേക്കും മയക്കുമരുന്ന് ഉത്പാദിപ്പിച്ച് കയറ്റി അയക്കുന്നതിൽ നൈജീരിയ കുപ്രസിദ്ധമാണ്.
International
അബുജ: നൈജീരിയയില്‍ സായുധസംഘം തട്ടിക്കൊണ്ടു പോയ 130 വിദ്യാര്ഥികളെക്കൂടി മോചിപ്പിച്ചു. നൈജറിലെ സെന്റ് മേരീസ് കാത്തലിക് സ്കൂളില്‍നിന്നു തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥികളെയാണ് മോചിപ്പിച്ചത്.
രാജ്യത്ത് അടുത്തിടെയുണ്ടായ ഏറ്റവും വലിയ തട്ടിക്കൊണ്ടുപോകലുകളിലൊന്നായിരുന്നു നവംബര്‍ 21നു നടന്നത്. 303 കുട്ടികളെയും 12 അധ്യാപകരെയുമാണ് തട്ടിക്കൊണ്ടുപോയത്.ഇതില്‍ 50 പേര് രക്ഷപ്പെട്ടിരുന്നു. ഈ മാസം ആദ്യം 100 വിദ്യാര്‍ഥികളെ മോചിപ്പിച്ചിരുന്നു.
നിലവില്‍ വിദ്യാര്‍ഥികള്‍ ആരുംതന്നെ സായുധസംഘത്തിന്റെ പിടിയിലില്ലെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്. ഇതിനോടകം 230 വിദ്യാര്‍ഥികളെ സായുധസംഘത്തിന്റെ പിടിയില്‍നിന്ന് മോചിപ്പിച്ചതായാണ് നൈജീരിയയുടെ പ്രസിഡന്റിന്റെ ഔദ്യോഗിക വക്താവ് ബയോ ഒനാനുഗ വിശദമാക്കിയത്. മോചനദ്രവ്യം നല്കിയാണോ കുട്ടികളെ മോചിപ്പിച്ചതെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല.
International
അബൂജ: നൈജീരിയയിലെ കോഗി സംസ്ഥാനത്ത് പ്രാർഥനയ്ക്കിടെ 13 ക്രൈസ്തവ വിശ്വാസികളെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി. ഇവാഞ്ചലിക്കൽ വിന്നിംഗ് ഓൾ ചർച്ച് സമൂഹത്തിലെ അംഗങ്ങളായ വിശ്വാസികളെയാണു തട്ടിക്കൊണ്ടുപോയത്. ഇതില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.
ഗ്രാമീണമേഖലയായ ആആസ്-കിരിയിലെ ഇവാഞ്ചലിക്കൽ ചർച്ച് വിന്നിംഗ് ഹാളിൽ കഴിഞ്ഞ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.
പ്രാർഥന നടക്കുന്നതിനിടെ അക്രമികൾ ഇരച്ചുകയറി വെടിയുതിർത്തശേഷം വിശ്വാസികളെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് നൈജീരിയന്‍ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. വിവരമറിഞ്ഞു സ്ഥലത്തെത്തിയ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് തോക്കുധാരികൾ കൊല്ലപ്പെട്ടതായി കോഗി സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണർ കിംഗ്ലി ഫാൻവൊ പറഞ്ഞു. നിരവധി തോക്കുധാരികൾക്കു പരിക്കേറ്റെങ്കിലും അവർ രക്ഷപ്പെട്ടതായും ഫാൻവോ കൂട്ടിച്ചേർത്തു.
മോചനദ്രവ്യത്തിനായി ആളുകളെ തട്ടിക്കൊണ്ടുപോകുന്ന സംഘമാണ് അതിക്രമം നടത്തിയതെന്നാണ് അധികൃതരുടെ വിശദീകരണം. രണ്ടാഴ്ചയ്ക്കുള്ളിൽ പ്രദേശത്തെ ഒരു ആരാധനാലയത്തിനുനേരേ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. കഴിഞ്ഞമാസം 30ന് എജിബ നഗരത്തിലെ ഒരു പള്ളിയിൽ തോക്കുധാരികൾ ആക്രമണം നടത്തി പാസ്റ്ററെയും അദ്ദേഹത്തിന്റെ ഭാര്യയെയും നിരവധി വിശ്വാസികളെയും തട്ടിക്കൊണ്ടുപോയിരുന്നു.
ഇവരെ മോചിപ്പിക്കാനുള്ള സുരക്ഷാസേനയുടെ ശ്രമം ഇനിയും വിജയം കണ്ടിട്ടില്ല. ആക്രമണങ്ങൾ, മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നിവമൂലം പൊറുതി മുട്ടിയ രാജ്യമായി മാറിയിരിക്കുകയാണ് നൈജീരിയ. ആക്രമണങ്ങള്‍ക്ക് ഇരയാകുന്നതില്‍ ഏറെയും ക്രൈസ്തവരാണ്.
ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾ തടയാൻ നടപടിയെടുത്തില്ലെങ്കിൽ സൈനികമായി ഇടപെടുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടുത്തിടെ നൈജീരിയൻ സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ക്രൈസ്തവരെ മാത്രമല്ല, എല്ലാ വിഭാഗം ജനങ്ങൾക്കും സായുധസംഘങ്ങളിൽനിന്ന് ഭീഷണിയുണ്ടെന്നും അക്രമിസംഘങ്ങളെ അമർച്ച ചെയ്തു വരികയാണെന്നുമായിരുന്നു സർക്കാരിന്റെ വിശദീകരണം.
International
അബൂജ: നൈജീരിയയിൽ ഒരു മാസം മുന്‍പ് തട്ടിക്കൊണ്ടുപോയ ആംഗ്ലിക്കൻ പുരോഹിതനെ അക്രമികൾ വധിച്ചു.
ഒക്ടോബർ 28ന് കഡുന സംസ്ഥാനത്തുനിന്ന് കുടുംബസമേതം തട്ടിക്കൊണ്ടുപോകപ്പെട്ട എഡ്വിൻ ആച്ചി എന്ന പുരോഹിതനാണു കൊല്ലപ്പെട്ടതെന്ന് നൈജീരിയയിലെ ആംഗ്ലിക്കൻ സഭാ മേധാവി ആർച്ച്ബിഷപ് ഹെന്റി എൻഡാകുബ അറിയിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യയും മകളും അക്രമികളുടെ തടങ്കലിൽ തുടരുകയാണ്.
കഡുന ആംഗ്ലിക്കൻ രൂപതയിൽ ഏറെ ബഹുമാനിതയായിരുന്ന എഡ്വിൻ ആച്ചിയെ തോക്കുധാരികൾ നിസ്സി ഗ്രാമത്തിലെ അദ്ദേഹത്തിന്റെ വസതിയിൽനിന്ന് ഭാര്യക്കും മകൾക്കുമൊപ്പമാണ് തട്ടിക്കൊണ്ടുപോയത്. ഒരു മാസത്തെ യാതനയ്ക്കു ശേഷം അക്രമികൾ പുരോഹിതനെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ആർച്ച്ബിഷപ് ഹെന്റി എൻഡാകുബ വിശദീകരിച്ചു.
പുരോഹിതനെ മോചിപ്പിക്കാൻ 60 കോടി നൈറ (ഏകദേശം 4.16 ലക്ഷം ഡോളർ) നല്‍കണമെന്ന് അക്രമികൾ ആവശ്യപ്പെട്ടിരുന്നു. തുക പിന്നീട് 20 കോടി നൈറയായി കുറച്ചു.
തട്ടിക്കൊണ്ടുപോകപ്പെട്ട പുരോഹിതൻ കൊല്ലപ്പെട്ടെന്ന വാർത്തയോട് പ്രതികരിക്കാൻ കഡുന പോലീസ് വകുപ്പ് തയാറായില്ലെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇതിനിടെ, ഈ മാസം 21ന് നൈജർ സംസ്ഥാനത്തെ സെന്റ് മേരീസ് കാത്തലിക് സ്കൂളിൽനിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട 253 വിദ്യാർഥികൾക്കും 12 സ്കൂൾ ജീവനക്കാർക്കുമായി നൈജീരിയൻ അധികൃതർ തെരച്ചിൽ തുടരുകയാണ്. 303 വിദ്യാർഥികൾ അടക്കം 315 പേരെയാണ് തട്ടിക്കൊണ്ടുപോയതെങ്കിലും ഇതിൽ 50 കുട്ടികൾ രക്ഷപ്പെട്ടു തിരിച്ചെത്തിയിരുന്നു.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രസിഡന്റ് ബോല ടിനുബു നൈജീരിയയിൽ സുരക്ഷാ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
NRI
ടെക്സസ്: നൈജീരിയയിലെ ക്രിസ്ത്യൻ സമൂഹങ്ങൾക്കെതിരേ വർധിച്ചുവരുന്ന ആക്രമണങ്ങളെക്കുറിച്ചും തട്ടിക്കൊണ്ടുപോകലുകളെക്കുറിച്ചും ഡാളസിൽ സേവനം ചെയ്യുന്ന നൈജീരിയൻ കത്തോലിക്ക വൈദികനായ ഫാ. ജോസഫ് ഷെക്കാരിയുടെ വാക്കുകൾ ശ്രദ്ധേയമാകുന്നു.
"ഇത് എന്റെ ഹൃദയം നുറുക്കുന്നു' എന്ന് അദ്ദേഹം വേദനയോടെ പറഞ്ഞു. ഭീഷണികൾക്കിടയിലും നൈജീരിയൻ ക്രിസ്ത്യാനികൾ വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്നുണ്ടെന്നും ആയുധങ്ങൾ കൊണ്ടല്ല പ്രാർഥനയിലൂടെയാണ് സഭ ഇതിനെ നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നൈജീരിയയിൽ ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങൾ വർധിച്ചു വരികയാണ്. ഫാ. ഷെക്കാരിയെ 2022 ഫെബ്രുവരിയിൽ സ്വന്തം ഇടവകയിൽ വച്ച് തട്ടിക്കൊണ്ടുപോയിരുന്നു. മോചനദ്രവ്യം നൽകിയ ശേഷമാണ് അന്ന് അദ്ദേഹത്തെ വിട്ടയച്ചത്.
ഫാ. ഷെക്കാരിയെ രക്ഷിക്കാൻ ശ്രമിച്ച ഒരു പള്ളി ജീവനക്കാരൻ അന്ന് വെടിയേറ്റ് മരിച്ചിരുന്നു. തുടർന്നാണ് അദ്ദേഹം യുഎസിലേക്ക് എത്തിയത്.
ഫാ. ഷെക്കാരിയുടെ മാതാപിതാക്കളും സഹോദരങ്ങളും ഇപ്പോഴും നൈജീരിയയിലാണ് താമസിക്കുന്നത്.
International
അബൂജ: നൈജീരിയയിൽ തോക്കുധാരികൾ കത്തോലിക്കാ സ്കൂൾ ആക്രമിച്ച് ഒട്ടനവധി വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയി. നൈജർ സംസ്ഥാനത്ത് പാപിരി എന്ന സ്ഥലത്തെ സെന്റ് മേരീസ് ബോർഡിംഗ് സ്കൂളിൽ വെള്ളിയാഴ്ച പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം.
തോക്കുധാരികൾ സ്കൂളിൽ അതിക്രമിച്ചു കടന്ന് വിദ്യാർഥികളെയും അധ്യാപകരെയും കടത്തിക്കൊണ്ടുപോയെന്നാണു റിപ്പോർട്ട്.
നൈജീരിയൻ അധികൃതർ അന്വേഷണം ആരംഭിച്ചെങ്കിലും തട്ടിക്കൊണ്ടുപോകപ്പെട്ടവരുടെ എണ്ണത്തിൽ വ്യക്തതയില്ല.
അധ്യാപകരും വിദ്യാർഥികളുമടക്കം നൂറോളം പേരെയെങ്കിലും തട്ടിക്കൊണ്ടുപോയതായി അനുമാനിക്കുന്നു. 52 വിദ്യാർഥികളെയാണു തട്ടിക്കൊണ്ടുപോയതെന്നു ചില റിപ്പോർട്ടുകളിൽ പറയുന്നു.
ഒരാഴ്ചയ്ക്കുള്ളിൽ നൈജീരിയയിൽ നടക്കുന്ന രണ്ടാമത്തെ സമാന സംഭവമാണിത്. തിങ്കളാഴ്ച കെബ്ബി സംസ്ഥാനത്ത് തോക്കുധാരികൾ ബോർഡിംഗ് സ്കൂൾ ആക്രമിച്ച് 25 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയിരുന്നു.
ചൊവ്വാഴ്ച സെൻട്രൽ നൈജീരിയയിലെ ഇറുകു പട്ടണത്തിൽ അക്രമികൾ പള്ളി ആക്രമിച്ച് രണ്ടു വിശ്വാസികളെ വധിക്കുകയും പാസ്റ്റർ അടക്കം ഒട്ടേറെപ്പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു.
നൈജീരിയയിലെ ക്രൈസ്തവപീഡനം അവസാനിപ്പിച്ചില്ലെങ്കിൽ സൈനികനടപടി വേണ്ടിവരുമെന്നു യുഎസ് പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പു നല്കിയ ശേഷമാണ് ഈ സംഭവങ്ങൾ ഉണ്ടായത്.
International
ലാഗോസ്: നൈജീരിയയിൽ തോക്കുധാരികൾ പള്ളി ആക്രമിച്ച് രണ്ടു വിശ്വാസികളെ വധിക്കുകയും ഒട്ടേറെപ്പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. സെൻട്രൽ നൈജീരിയയിലെ ഇറുകു പട്ടണത്തിൽ ചൊവ്വാഴ്ചയായിരുന്നു സംഭവമെന്നു റോയിട്ടേഴ്സ് വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.
ക്രൈസ്റ്റ് അപ്പസ്തോലിക് പള്ളിയിൽ വൈകുന്നേരം ആറിന് ശുശ്രൂഷ നടക്കുന്നതിനിടെ തോക്കുധാരികൾ അതിക്രമിച്ചുകയറി ആക്രമണം നടത്തുകയായിരുന്നു. പാസ്റ്റർ അടക്കമുള്ളവരെയാണു വനത്തിലേക്കു തട്ടിക്കൊണ്ടുപോയത്. സ്ഥലത്തെത്തിയ പോലീസ് രണ്ടു പേരെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മരണസംഖ്യ മൂന്നാണെന്നു ദൃക്സാക്ഷികൾ പറഞ്ഞതായും റിപ്പോർട്ടുണ്ട്.
ആക്രമണത്തിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നു. വെടിയൊച്ചയിൽ ശുശ്രൂഷ തടസപ്പെടുന്നതും വിശ്വാസികൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതും ആയുധധാരികൾ വിശ്വാസികളുടെ സാധനങ്ങൾ അപഹരിക്കുന്നതും വീഡിയോയിൽ കാണാം.
ക്രൈസ്തവർക്കെതിരായ പീഡനങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ നൈജീരിയയിൽ സൈനിക നടപടിക്കു മുതിരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പു നല്‍കിയിരുന്നു. ബൊക്കോ ഹറാം അടക്കമുള്ള തീവ്രവാദ ഗ്രൂപ്പുകളാണ് നൈജീരിയയിലെ ക്രൈസ്തവരെ കൂട്ടക്കൊല ചെയ്യുന്നത്. ക്രൈസ്തവ പീഡനം ഇല്ലെന്നാണ് നൈജീരിയൻ സർക്കാർ അവകാശപ്പെടുന്നത്.
International
അബൂജ: നൈജീരിയയിൽ ഭീകരർ തട്ടിക്കൊണ്ടുപോയ വൈദികവിദ്യാർഥി കൊല്ലപ്പെട്ടു. ഔചി രൂപതയുടെ കീഴിലുള്ള എഡോ സംസ്ഥാനത്തെ ഇവിയാനോക്പൊടിയിലുള്ള അമലോത്ഭവമാതാ സെമിനാരിയിൽനിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട എമ്മാനുവെൽ അലാബി(16) എന്ന വിദ്യാർഥിയാണു കൊല്ലപ്പെട്ടത്.
കഴിഞ്ഞ ജൂലൈ പത്തിനു രാത്രിയാണ് സായുധസംഘം സെമിനാരി ആക്രമിച്ച് വൈദികവിദ്യാർഥികളെ തട്ടികൊണ്ടുപോയത്. അക്രമികളെ നേരിടുന്നതിനിടെ സെമിനാരിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ക്രിസ്റ്റഫർ അവനെഗിയെമെ കൊല്ലപ്പെട്ടിരുന്നു.
എമ്മാനുവലിനൊപ്പം ഭീകരർ തട്ടിക്കൊണ്ടുപോയ ജാഫെറ്റ് ജെസെ എന്ന വൈദികവിദ്യാർഥിയെ ജൂലൈ 18നും ജോഷ്വാ അലെയോബ്വാ എന്ന വൈദിക വിദ്യാർഥിയെ കഴിഞ്ഞ നാലിനും മോചിപ്പിച്ചിരുന്നു.
വൈദികവിദ്യാർഥിയുടെ മരണത്തിൽ ഔചി രൂപത ബിഷപ് ഗബ്രിയേൽ ഗ്യാക്കൊമോ ദുനിയാ ദുഃഖം രേഖപ്പെടുത്തി.
കഴിഞ്ഞ വർഷം ഒക്ടോബറിലും അമലോത്ഭവമാതാ സെമിനാരിക്കുനേരേ ഭീകരാക്രമണം നടന്നിരുന്നു. സെമിനാരിയിലേക്ക് ഇരച്ചുകയറിയ ആയുധധാരികൾ വൈദികവിദ്യാർഥികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയും വിദ്യാർഥികൾക്കുപകരം ബന്ദിയാകാൻ സെമിനാരി റെക്ടർ ഫാ. തോമസ് ഒയോഡെ സന്നദ്ധനാകുകയുമായിരുന്നു. തട്ടിക്കൊണ്ടുപോയി ഒരാഴ്ചയ്ക്കുശേഷം മോചനദ്രവ്യം നൽകി ഇദ്ദേഹത്തെ മോചിപ്പിച്ചിരുന്നു.
നൈജീരിയയിൽ ക്രൈസ്തവരെ ലക്ഷ്യമിട്ട് ആക്രമണവും തട്ടിക്കൊണ്ടുപോകലും നിത്യസംഭവമായിരിക്കുകയാണ്.
നൈജീരിയയിലെ കാത്തലിക് സെക്രട്ടേറിയറ്റിന്റെ റിപ്പോർട്ടനുസരിച്ച് പത്തു വർഷത്തിനിടെ 145 വൈദികരെയാണ് വിവിധ ഭീകരസംഘടനകൾ തട്ടിക്കൊണ്ടുപോയത്. ഇവരിൽ 11 പേർ കൊല്ലപ്പെട്ടു. നാലുപേരെക്കുറിച്ച് ഇനിയും വിവരമൊന്നുമില്ല. ബാക്കിയുള്ളവരെയെല്ലാം പലപ്പോഴായി ഭീകരർ ആവശ്യപ്പെട്ട തുക നൽകി മോചിപ്പിച്ചു. ക്രൈസ്തവവിരുദ്ധ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ നൈജീരിയയിൽ ഭീകരർക്കെതിരേ സൈനികനടപടി ആലോചിക്കുകയാണെന്ന് അടുത്തിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.
International
അബുജ: ഇസ്ലാമിക ഭീകര സംഘടനകളെ ലക്ഷ്യമിട്ട് നൈജീരിയയിൽ ഏകപക്ഷീയ അമേരിക്കൻ സൈനിക നടപടി അംഗീകരിക്കില്ലെന്ന് പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവിന്റെ വക്താവ് ഡാനിയേൽ ബിവാല പറഞ്ഞു.
ക്രൈസ്തവരെ പീഡിപ്പിക്കുന്ന ഭീകരസംഘടനകൾക്കെതിരേ അമേരിക്ക നൈജീരിയയിൽ സൈനിക നടപടിക്കു മുതിരുമെന്നു പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പു നല്‍കിയതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നൈജീരിയൻ സർക്കാരിന്റെ അനുമതിയില്ലാതെ രാജ്യത്ത് വിദേശ സേനയെ വിന്യസിക്കുന്നതു നയതന്ത്രപരമായി അനുചിതമായിരിക്കും. ഭീകരസംഘടനകൾക്കെതിരായ പോരാട്ടത്തിൽ നൈജീരിയയുടെ പരമാധികാരം മാനിക്കുന്നിടത്തോളം അമേരിക്കൻ സഹായത്തെ സ്വാഗതം ചെയ്യുമെന്നും വക്താവ് കൂട്ടിച്ചേർത്തു.
ക്രൈസ്തവ പീഡനം അവസാനിപ്പിക്കാൻ നൈജീരിയൻ ഭരണകൂടം ഉടനടി നടപടികളെടുക്കണമെന്നാണ് ട്രംപ് നിർദേശിച്ചിരിക്കുന്നത്. അല്ലെങ്കിൽ ഭീകരസംഘങ്ങൾക്കെതിരേ അമേരിക്ക സൈനിക നടപടിക്കു മുതിരും. സൈനിക നടപടിക്കു പദ്ധതി തയാറാക്കാൻ യുഎസ് പ്രതിരോധ വകുപ്പിന് നിർദേശം നല്കി. നൈജീരിയയ്ക്കുള്ള അമേരിക്കൻ സഹായം നിർത്തലാക്കുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
ആഫ്രിക്കയിൽ ഏറ്റവും കൂടുതൽ എണ്ണയുത്പാദിപ്പിക്കുന്ന രാജ്യമാണ് നൈജീരിയ.
NRI
വാഷിംഗ്ടണ്‍ ഡിസി: നൈജീരിയയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ നടക്കുന്ന കൂട്ടക്കൊലകള്‍ സര്‍ക്കാരിന്റെ അനുവദത്തോടെയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ "ട്രൂത്ത് സോഷ്യല്‍' വഴിയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
നൈജീരിയന്‍ സര്‍ക്കാര്‍ ക്രിസ്ത്യാനികളെ കൊലപ്പെടുത്തുന്നത് തുടര്‍ന്നും അനുവദിച്ചാല്‍ അമേരിക്ക എല്ലാ സഹായങ്ങളും ഉടന്‍ നിര്‍ത്തലാക്കുമെന്നും ഇസ്ലാമിക തീവ്രവാദികളെ പൂര്‍ണമായും ഇല്ലാതാക്കാന്‍ നൈജീരിയയില്‍ നേരിട്ടുള്ള സൈനിക നടപടി സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാധ്യമായ സൈനിക നടപടികള്‍ക്ക് തയാറാകാന്‍ പ്രതിരോധ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. നൈജീരിയന്‍ സര്‍ക്കാരിനോട് എത്രയും വേഗത്തില്‍ കുറ്റവാളികള്‍ക്കെതിരേ നടപടി സ്വീകരിക്കാനും ട്രംപ് ആവശ്യപ്പെട്ടു.
നൈജീരിയയില്‍ ക്രിസ്തുമതം അസ്തിത്വഭീഷണി നേരിടുന്നുവെന്നും നൈജീരിയയെ പ്രത്യേക ആശങ്കയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ പെടുത്തുകയാണെന്നും വെള്ളിയാഴ്ച ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ പോസ്റ്റ്.
കൂടാതെ നൈജീരിയയിലെ നിലവിലെ സാഹചര്യങ്ങള്‍ നിരീക്ഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോണ്‍ഗ്രസ് അംഗം റിലേ മൂറിനെയും ഹൗസ് അപ്രോപ്രിയേഷന്‍സ് കമ്മിറ്റി ചെയര്മാന് ടോം കോളെയെയും നിയോഗിച്ചതായി ട്രംപ് അറിയിച്ചു. ലോകമെമ്പാടുമുള്ള ക്രിസ്ത്യന്‍ മതവിഭാഗങ്ങളെ സംരക്ഷിക്കാന്‍ തങ്ങള്‍ സജ്ജരാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
മതസ്വാതന്ത്ര്യവും സഹിഷ്ണതയും നൈജീരിയയുടെ അടിസ്ഥാന തത്വമാണ്. നൈജീരിയ മതപീഡനത്തെ എതിര്‍ക്കുന്ന രാജ്യമാണ്, അതിനെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നായിരുന്നു ട്രംപിന്റെ പ്രസ്താവനയോട് നൈജീരിയന്‍ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബു പ്രതികരിച്ചത്.
International
വാഷിംഗ്ടണ്‍ ഡിസി/ അബൂജ: നൈജീരിയയില്‍ ഇസ്ലാമിക തീവ്രവാദികള്‍ നടത്തുന്ന ക്രൈസ്തവ കൂട്ടക്കൊലയെ അപലപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രാജ്യത്തു ക്രൈസ്തവ വിശ്വാസത്തിന്റെ നിലനില്പിനുതന്നെ ഭീഷണി നേരിടുകയാണെന്നും ആയിരക്കണക്കിനു ക്രൈസ്തവർ കൊല്ലപ്പെടുന്നുണ്ടെന്നും ഈ കൂട്ടക്കൊലയ്ക്ക് തീവ്ര ഇസ്ലാമിസ്റ്റുകളാണ് ഉത്തരവാദികളെന്നും ട്രംപ് ചൂണ്ടിക്കാട്ടി. അതിനാൽ നൈജീരിയയെ ‘പ്രത്യേക ആശങ്കയുള്ള രാജ്യ’ങ്ങളുടെ പട്ടികയിൽ പെടുത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസ് അംഗം റൈലി മൂറും ചെയർമാൻ ടോം കോളും ഹൗസ് അപ്രോപ്രിയേഷൻസ് കമ്മിറ്റിയും ചേർന്ന് ഈ വിഷയം ഉടൻ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും നൈജീരിയയിലും മറ്റു നിരവധി രാജ്യങ്ങളിലും ഇത്തരം അതിക്രമങ്ങൾ നടക്കുമ്പോൾ അമേരിക്കയ്ക്ക് നോക്കിനിൽക്കാൻ കഴിയില്ലെന്നും ട്രംപ് കുറിച്ചു. ലോകമെമ്പാടുമുള്ള നമ്മുടെ മഹത്തായ ക്രിസ്ത്യൻ ജനതയെ രക്ഷിക്കാൻ തങ്ങൾ സന്നദ്ധരാണെന്നും അതിനു കഴിവുള്ളവരാണെന്നും അദ്ദേഹം വ്യക്തമാക്കി.
നൈജീരിയയിലെ ക്രൈസ്തവസമൂഹം സമീപവർഷങ്ങളിൽ വലിയ ഭീതിയിലാണു കഴിയുന്നത്. ബൊക്കോ ഹറാം, ഫുലാനി, ഐഎസ് ഭീകരർ നടത്തിയ ആക്രമണങ്ങളില്‍ പതിനായിരക്കണക്കിനു ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. ആഗോളതലത്തിൽ ഏറ്റവുമധികം ക്രൈസ്തവര്‍ കൊല്ലപ്പെടുന്നതും നൈജീരിയയിലാണ്. എന്നാല്‍, ഈ വാദങ്ങളെ നിഷേധിച്ചു കൈയൊഴിയുകയാണ് നൈജീരിയന്‍ സര്‍ക്കാര്‍. ഈ സാഹചര്യത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇടപെടലുണ്ടായിരിക്കുന്നത്.
നൈജീരിയയെ പ്രത്യേക ആശങ്കയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ പെടുത്തുന്നത് ഭാവി ഉപരോധങ്ങള്ക്കിടയാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
Leader Page
ലോകമാധ്യമങ്ങളുടെ മുഴുവൻ ശ്രദ്ധയും ഗാസയ്ക്കു പിന്നാലെയാകുന്പോൾ ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽനിന്നുയരുന്ന നിലവിളികൾ ശ്രദ്ധിക്കപ്പെടാതെ പോകുകയാണ്. ക്രൈസ്തവരായതിന്റെ പേരിൽ ഒരു ജനത അവിടെ നിരന്തരം കൂട്ടക്കൊലയ്ക്കും അതിക്രൂര പീഡനങ്ങൾക്കും ഇരയായിക്കൊണ്ടിരിക്കുന്നു. ഇതാകട്ടെ ഇന്നും ഇന്നലെയുമൊന്നും തുടങ്ങിയതല്ല.
2009ൽ തുടങ്ങി മെല്ലെമെല്ലെ ശക്തിയാർജിച്ചുവരുന്ന ആസൂത്രിത വംശഹത്യയാണ്. ബൊക്കോ ഹറാം പോലുള്ള ഇസ്ലാമിക ഭീകരസംഘടനകൾ ഈ പാവങ്ങളെ ജീവിക്കാൻ അനുവദിക്കുന്നില്ല. കൊലയ്ക്കും കൊള്ളിവയ്പിനും പുറമെ, കഠിനാധ്വാനം ചെയ്തുണ്ടായ ഫലഭുയിഷ്ഠമായ കൃഷിയിടങ്ങളിൽനിന്ന് ആളുകളെ ആട്ടിപ്പായിച്ച് അവയുടെ നിയന്ത്രണവും ഭീകരർ സ്വന്തമാക്കുന്നു. നേരിടാനുള്ള ത്രാണിയില്ലാത്തതിനാൽ മരണവും പീഡനങ്ങളും ഈ ജനത ഏറ്റുവാങ്ങുന്നു. മറ്റുചിലരാകട്ടെ സർവവും ഉപേക്ഷിച്ച് എങ്ങോട്ടെന്നു നിശ്ചയമില്ലാതെ പലായനം ചെയ്യുന്നു.
വിശ്വാസം സംരക്ഷിക്കാൻ ഇവർ അനുഭവിക്കുന്ന പീഡനപർവം വിവരണാതീതമാണ്. സംരക്ഷണം നൽകേണ്ട സർക്കാർ മൗനം തുടരുകയും ചെയ്യുന്പോൾ ഭീകരരുടെ ലക്ഷ്യം നിറവേറപ്പെടുന്നു. രാജ്യത്തെ ക്രൈസ്തവമുക്തമാക്കുകയെന്നതാണ് ഭീകരരുടെ പ്രഖ്യാപിതലക്ഷ്യം. വൈദികരെയടക്കം തട്ടിക്കൊണ്ടുപോകുന്നതും വൻതുക മോചനദ്രവ്യമായി ആവശ്യപ്പെടുന്നതും സഭാ നേതൃത്വത്തെയും പ്രതിസന്ധിയിലാക്കുന്നു.
വൈദികരെയും വൈദികവിദ്യാർഥികളെയും തട്ടിക്കൊണ്ടുപോയി വൻതുക മോചനദ്രവ്യം ആവശ്യപ്പെടുന്നത് പ്രധാന വരുമാനമാർഗമായി ഭീകരസംഘടനകൾ കാണുന്നു. ക്രിസ്ത്യൻ വിശ്വാസത്തിന്റെ കേന്ദ്രങ്ങളായ ആരാധനാലയങ്ങളെ ലക്ഷ്യമിടുന്നതിലൂടെ, വിശ്വാസിസമൂഹത്തിന്റെ മനസിടിച്ച്, അവരുടെ സംഘടിതശക്തി തകർക്കാൻ തീവ്രവാദ ഗ്രൂപ്പുകൾ ശ്രമിക്കുന്നു.
ലക്ഷ്യം സാഹേൽ ഖിലാഫത്ത്
സഹാറ മരുഭൂമിയുടെയും സുഡാനിയൻ സവേന്നയുടെയും മധ്യത്തിലായി അറ്റ്ലാന്റിക് തീരം മുതൽ ചെങ്കടൽ തീരം വരെ സ്ഥിതിചെയ്യുന്ന വിശാലമായ സാഹേൽ എന്ന പേരിലറിയപ്പെടുന്ന നൈജീരിയ ഉൾപ്പെടെയുള്ള 12 രാജ്യങ്ങളെ ഉൾപ്പെടുത്തി ഒരു ഖിലാഫത്ത് സ്ഥാപിക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യവുമായി 2009ലാണ് ബൊക്കോ ഹറാം ഭീകരസംഘടന ക്രൈസ്തവർക്കു നേരേ ആക്രമണം ശക്തമാക്കിയത്.
ഇതിനായി കൊള്ളയും കൊള്ളിവയ്പും തട്ടിക്കൊണ്ടുപോകലും നിർബാധം തുടരുന്നു. ദുർബലമായ സർക്കാരുകളും സൈന്യത്തിലെ ചേരിതിരിവുമെല്ലാം ഭീകരർക്ക് അനുകൂല സാഹചര്യമൊരുക്കുന്നു. നൈജീരിയയിൽ മാത്രം 15 വർഷത്തിനിടെ 18,000ത്തോളം പള്ളികളാണ് ബൊക്കോ ഹറമും ഈ ഭീകരസംഘടനയുടെ പോഷകസംഘടനകളും ചേർന്ന് അഗ്നിക്കിരയാക്കിയത്.
ആഫ്രിക്ക സെന്റർ ഫോർ സ്ട്രാറ്റജിക് സ്റ്റഡീസ് (എസിഎസ്എസ്) നടത്തിയ പഠനമനുസരിച്ച്, ഭീകരവാദ ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകൾ ആഫ്രിക്കയിലാണ് ഇപ്പോൾ തങ്ങളുടെ പ്രവർത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്. 2023 മുതൽ ഈ വർഷം ജൂൺ 30 വരെ പത്തു ഇസ്ലാമിക ഭീകര സംഘടനകൾ ചേർന്ന് 22,307 പേരെയാണു കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവരിൽ പകുതിയും (10,685) സാഹെൽ എന്ന പേരിലറിയപ്പെടുന്ന നൈജീരിയ, കോംഗോ, സൊമാലിയ, സുഡാൻ, എരിത്രിയ, ലിബിയ, ബുർക്കിനാ ഫാസോ, മാലി, മൊസാംബിക്, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, കാമറൂൺ, നൈജർ എന്നീ 12 രാജ്യങ്ങളിലാണ്.
ഒരുകാലത്ത് ക്രിസ്ത്യൻ സ്വാധീനമുണ്ടായിരുന്ന പല രാജ്യങ്ങളിലും ക്രൈസ്തവരെ ഇല്ലാതാക്കിയതുപോലെ നൈജീരിയയിൽനിന്നു ക്രൈസ്തവരെ പൂർണമായും ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് ദ കാത്തലിക് ഇൻസ്പയേഡ് എൻജിഒ എന്ന സന്നദ്ധസംഘടനയുടെ ഡയറക്ടർ എമെക്ക ഉമെഗ്ബാലാസി പറയുന്നു.ആഫ്രിക്കയിലാകെ ഭീകരാക്രമണങ്ങളും ഭീകരരുടെ ഭീഷണിയും മൂലം 1.62 കോടി ക്രൈസ്തവരെങ്കിലും പലായനം ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് ദുരിതാശ്വാസ സംഘടനയായ ഓപ്പൺ ഡോർസിന്റെ റിപ്പോർട്ടിൽ പറയുന്നത്. ഇതിൽ ഭൂരിഭാഗവും നൈജീരിയയിലാണ്.
20 വർഷത്തിനിടെ കൊല്ലപ്പെട്ടത് 1.25 ലക്ഷം പേർ
ഭീകരസംഘടനയായ ബൊക്കോ ഹറാം സാഹേൽ പ്രദേശത്തുടനീളം ഖിലാഫത്ത് സ്ഥാപിക്കാൻ ലക്ഷ്യമിട്ട് 2009ൽ കൊലപാതകപരമ്പര ആരംഭിച്ചതുമുതൽ നൈജീരിയയിൽ ഇതുവരെ 1,25,000 ക്രൈസ്തവർ കൊല്ലപ്പെട്ടതായാണ് വിവിധ റിപ്പോർട്ടുകളിൽ പറയുന്നത്.
രാജ്യത്തു പ്രതിദിനം ശരാശരി 32 ക്രൈസ്തവർ കൊല്ലപ്പെടുന്നതായി കഴിഞ്ഞ ഓഗസ്റ്റിൽ ഇന്റർനാഷണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് റൂൾ ഓഫ് ലോ പുറത്തുവിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഈ വർഷം മാത്രം ജൂലൈ വരെ ഏഴായിരത്തോളം ക്രൈസ്തവർ ഇസ്ലാമിക ഭീകരരാൽ കൊലചെയ്യപ്പെട്ടതായും റിപ്പോർട്ടിലുണ്ട്. എന്നാൽ, സർക്കാരിന്റെ പക്കൽ ഇതിനൊന്നും ഒരു കണക്കുമില്ല.
ലോകമെങ്ങുമുള്ള പീഡിത ക്രൈസ്തവരെ സഹായിക്കുന്ന സംഘടനയായ ഓപ്പൺ ഡോർസിന്റെ 2025ലെ വേൾഡ് വാച്ച് ലിസ്റ്റ് പ്രകാരം ലോകത്ത് ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നാണു നൈജീരിയ. ക്രൈസ്തവനാണെങ്കിൽ ഓരോ നിമിഷവും ഇവിടെ ഭീതിയോടെ മാത്രമേ ജീവിക്കാൻ കഴിയൂവെന്നും റിപ്പോർട്ടിൽ പറയുന്നു.
വിശ്വാസത്തിന്റെ പേരിൽ ലോകത്താകെ ഈ വർഷം 4,476 പേർ കൊല്ലപ്പെട്ടതിൽ 3,100 പേരും (69 ശതമാനം) നൈജീരിയയിലാണെന്നാണു റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. രാജ്യത്ത് ക്രൈസ്തവവിരുദ്ധത എല്ലാ പരിധികളും ലംഘിച്ചിരിക്കുകയാണെന്നും റിപ്പോർട്ടിലുണ്ട്. രാജ്യത്തിന്റെ നോർത്ത്-സെൻട്രൽ സോണിലാണ് ഏറ്റവും വലിയ വംശഹത്യ അരങ്ങേറുന്നത്.
ബൊക്കോ ഹറാം, ഇസ്ലാമിക് സ്റ്റേറ്റ് ഇൻ വെസ്റ്റ് ആഫ്രിക്ക പ്രോവിൻസ് (ഐഎസ്ഡബ്ലുഎപി) തുടങ്ങിയ ജിഹാദി സംഘടനകൾ രാജ്യത്തിന്റെ വടക്കൻ സംസ്ഥാനങ്ങളിൽ സജീവമാണ്. സർക്കാർ നിയന്ത്രണം കുറവായ ഇവിടെ ഭീകരർ അഴിഞ്ഞാടുകയാണ്. മോചനദ്രവ്യത്തിനായുള്ള തട്ടിക്കൊണ്ടുപോകലുകൾ സമീപവർഷങ്ങളിൽ ഗണ്യമായി വർധിച്ചു.
രാജ്യത്തെ ജനസംഖ്യയിൽ 46.5 ശതമാനമാണു ക്രൈസ്തവർ. അതായത്, 10.60 കോടി. അരക്ഷിതാവസ്ഥയും ജീവനു നേരേയുള്ള ഭീഷണിയും കാരണം ഓരോ ദിവസവും ഇവരിൽ നല്ലൊരു ശതമാനം പലായനം ചെയ്തുകൊണ്ടിരിക്കുന്നു.
പത്തു വർഷത്തിനിടെ തട്ടിക്കൊണ്ടുപോയത് 145 വൈദികരെ
റോം ആസ്ഥാനമായ മിഷണറി വാർത്താ ഏജൻസിയായ ഫിഡേസ് ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം 2015നും 2025നുമിടയിൽ നൈജീരിയയിൽ 145 വൈദികരെയാണു ഭീകരർ തട്ടിക്കൊണ്ടുപോയത്. ഇതിൽ 11 പേർ കൊല്ലപ്പെട്ടു. നാലുപേരെക്കുറിച്ച് ഇനിയും വിവരമൊന്നുമില്ല. ഇതേ കാലയളവിൽ ഇതര ക്രൈസ്തവ വിഭാഗങ്ങളിൽപ്പെട്ട 350ഓളം പാസ്റ്റർമാരെയും ഇവർ തട്ടിക്കൊണ്ടുപോയി. ഇതിൽ കുറേപ്പേർ കൊല്ലപ്പെട്ടിട്ടുണ്ട്.
വൈദികരെ മോചിപ്പിക്കാൻ വൻ തുകയാണു ഭീകരർ സഭാധികൃതരോട് ആവശ്യപ്പെടുന്നത്. ഓരോ തവണയും മോചനദ്രവ്യം കുത്തനേ വർധിപ്പിക്കുകയും ചെയ്യുന്നു. പലപ്പോഴും സ്വത്തുവകകൾ വിറ്റാണു മോചനദ്രവ്യത്തിനായി സഭാധികൃതർ പണം കണ്ടെത്തുന്നത്. ഇതൊരു അവസരമായി കണ്ട് ഭീകരസംഘടനകൾ തട്ടിക്കൊണ്ടുപോകൽ നിർബാധം തുടരുന്നു.
ക്രൈസ്തവരെ തട്ടിക്കൊണ്ടുപോകുന്നത് ലക്ഷക്കണക്കിന് ഡോളർ വരുമാനം ലഭിക്കുന്ന ഒരു ‘ക്രിമിനൽ വ്യവസായമായി’ മാറിയെന്നാണു നൈജീരിയയിലെ സോകോതോ രൂപതയുടെ ബിഷപ് മാത്യു കുക്ക പറയുന്നത്. 2023 ജൂലൈക്കും 2024 ജൂണിനുമിടയിൽ തട്ടിക്കൊണ്ടുപോയത് 7,568 പേരെയാണ്.
യുഎന്നിൽ ആശങ്ക അറിയിച്ച് വത്തിക്കാൻ
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് നൈജീരിയയിൽ ക്രൈസ്തവർക്കു നേരേയുണ്ടാകുന്ന ആക്രമണങ്ങൾക്കെതിരേ ഐക്യരാഷ്ട്ര പൊതുസഭയെ വത്തിക്കാൻ ആശങ്കയറിയിച്ചുകഴിഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏതാനും വർഷമായി ക്രൈസ്തവര്‍ക്കു നേരേ ആക്രമണങ്ങൾ വർധിച്ചിരിക്കുകയാണെന്നും എന്നാൽ ഈ വിഷയത്തിൽ അന്താരാഷ്ട്ര സമൂഹം കണ്ണടയ്ക്കുകയാണെന്നും ഇത് അത്യന്തം അപലപനീയമാണെന്നും കഴിഞ്ഞയാഴ്ച ഐക്യരാഷ്ട്ര പൊതുസഭയെ അഭിസംബോധന ചെയ്യവെ വത്തിക്കാന്റെ അന്താരാഷ്ട്ര വിഭാഗം സെക്രട്ടറി ആർച്ച്ബിഷപ് പോൾ റിച്ചാർഡ് ഗല്ലഹർ ചൂണ്ടിക്കാട്ടി.
നൈജീരിയ, ദക്ഷിണ സുഡാൻ, സുഡാൻ എന്നിവയടക്കം നിരവധി ആഫ്രിക്കൻ രാജ്യങ്ങൾ ആശങ്കാജനകമായ മേഖലകളായി മാറിയിരിക്കുകയാണെന്നും ആർച്ച്ബിഷപ് ചൂണ്ടിക്കാട്ടി.
ലോകത്തിന്റെ നിശബ്ദതയെ അപലപിച്ച് ഹോളിവുഡ് താരം
നൈജീരിയയിൽ ക്രൈസ്തവര്‍ക്കു നേരേ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളെ അപലപിച്ച് അമേരിക്കൻ ഹാസ്യനടനും രാഷ്ട്രീയ നിരൂപകനും ടെലിവിഷൻ അവതാരകനുമായ ബിൽ മഹർ രംഗത്തുവന്നതോടെ വിഷയം വീണ്ടും രാജ്യാന്തര ശ്രദ്ധയിൽ എത്തിയിരിക്കുകയാണ്. സെപ്റ്റംബർ 26ന് എച്ച്ബിഒ ചാനലിന്റെ ടോക് ഷോയായ ‘റിയൽ ടൈം വിത്ത് ബിൽ മഹറി’ലാണ് നൈജീരിയയിലെ ക്രൈസ്തവ വംശഹത്യയെ അപലപിച്ച് താരം രംഗത്തുവന്നത്.
ഗാസയിൽ നടക്കുന്നതിനേക്കാൾ വളരെ വലിയ ഒരു വംശഹത്യാശ്രമമാണിതെന്നും ഒരു രാജ്യത്തെ മുഴുവൻ ക്രിസ്ത്യൻ ജനതയെയും ഇല്ലാതാക്കാൻ അവർ അക്ഷരാർഥത്തിൽ ശ്രമിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നൈജീരിയയിലെ ക്രൈസ്തവ കൂട്ടക്കൊലയില്‍ അമേരിക്കയില്‍ പൊതുജന പ്രതിഷേധം ഇല്ലാത്തതിനെയും വിഷയത്തില്‍ മുഖ്യധാരാ മാധ്യമങ്ങളുടെ നിസംഗതയെയും അദ്ദേഹം വിമർശിച്ചു.
സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് അമേരിക്ക
നൈജീരിയയിലെ സംഭവവികാസങ്ങൾ അറിയുന്നുണ്ടെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നുമാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് കഴിഞ്ഞദിവസം പ്രതികരിച്ചത്.
നൈജീരിയയിൽ നടമാടുന്ന ഭീകരവാഴ്ചയ്ക്കെതിരേ നടപടിയെടുക്കണമെന്നും ആ രാജ്യത്തെ പ്രത്യേകം ശ്രദ്ധിക്കേണ്ട രാജ്യങ്ങളുടെ പട്ടികയിൽപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് യുഎസ് കോൺഗ്രസ് അംഗം റിലെ മൂർ, വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയ്ക്ക് കഴിഞ്ഞദിവസം കത്തയച്ചതും ശ്രദ്ധേയമാണ്.
ഭരണകൂടത്തിന്റെ വീഴ്ചയും അന്താരാഷ്ട്ര മൗനവും
നൈജീരിയയിലെ ഭീകരാവസ്ഥ തുടരാൻ കാരണം സർക്കാരിന്റെ ഭാഗത്തുനിന്നുള്ള നിഷ്ക്രിയത്വവും അന്താരാഷ്ട്ര സമൂഹത്തിന്റെ ദുർബലമായ പ്രതികരണവുമാണ്. ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശങ്ങളിൽ സുരക്ഷാസേനയുടെ വിന്യാസം പലപ്പോഴും വൈകുകയോ അല്ലെങ്കിൽ ഫലപ്രദമല്ലാതിരിക്കുകയോ ചെയ്യുന്നു.
ഇതു ഭീകരവാദ ഗ്രൂപ്പുകൾക്ക് കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെടില്ല എന്ന ധാരണ നൽകുന്നു.യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും ഉൾപ്പെടെയുള്ള ലോകശക്തികൾ ഈ പ്രതിസന്ധിയെ ‘മതപരമായ പീഡനമായി’ അംഗീകരിക്കുന്നതിൽ മടി കാണിക്കുന്നു. പ്രശ്നങ്ങളെ, കന്നുകാലി വളർത്തലുകാരും കർഷകരും തമ്മിലുള്ള പ്രാദേശിക തർക്കമായി ചിത്രീകരിച്ച് നൈജീരിയൻ സർക്കാർ നിസാരവത്കരിക്കുകയും ചെയ്യുന്നു.
ഈ സാഹചര്യത്തിൽ, നൈജീരിയയെ പ്രത്യേക ശ്രദ്ധ വേണ്ട രാജ്യമായി പ്രഖ്യാപിക്കുകയും കൂട്ടക്കൊലകളെക്കുറിച്ച് അന്വേഷിക്കാൻ അന്താരാഷ്ട്രതലത്തിൽ സ്വതന്ത്ര അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് ക്രിസ്ത്യൻ സംഘടനകൾ ആവശ്യപ്പെടുന്നു.
നൈജീരിയയിൽ ക്രൈസ്തവർ നേരിടുന്നത് ഒരു സുരക്ഷാപ്രശ്നത്തിനപ്പുറം, വംശീയവും മതപരവുമായ ലക്ഷ്യങ്ങളുള്ള ഒരു വലിയ മാനുഷിക ദുരന്തമാണെന്നും അന്താരാഷ്ട്ര സമൂഹം ഈ വസ്തുത അംഗീകരിച്ച് ശക്തമായി ഇടപെട്ടാൽ മാത്രമേ ഈ കൂട്ടക്കൊലകൾക്ക് അറുതി വരുത്താൻ സാധിക്കുകയുള്ളൂവെന്നും സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
വനത്തിൽ ബന്ദികളായി കഴിയുന്നത് 850 ക്രൈസ്തവർ
നൈജീരിയയിലെ തെക്കൻ കടൂണ സംസ്ഥാനത്തെ കുപ്രസിദ്ധമായ റിജാന വനത്തിൽ 850ഓളം ക്രൈസ്തവര്‍ ബന്ദികളായി കഴിയുന്നുണ്ടെന്നാണു റിപ്പോർട്ട്. നൈജീരിയന്‍ സംഘടനയായ ഇന്റർനാഷണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് ദി റൂൾ ഓഫ് ലോയുടെ റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തലുള്ളത്. ബൊക്കോ ഹറാമിന്റെ പിന്തുണയുള്ള ഫുലാനി ഭീകരരാണു ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയതെന്നും തൊട്ടടുത്ത് സൈനിക ക്യാന്പ് ഉണ്ടായിട്ടും ബന്ദികളെ മോചിപ്പിക്കാനുള്ള യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും സംഘടന ആരോപിച്ചു.
ഭീകരാക്രമണത്തിന് ഇരയായവരിൽനിന്നുള്ള സാക്ഷ്യങ്ങൾ സമാഹരിച്ച് ‘ഇൻസൈഡ് റിജാന: നൈജീരിയാസ് ഹോസ്റ്റേജ് ഫോറസ്റ്റ്’ എന്ന തലക്കെട്ടിൽ ‘ട്രൂത്ത് നൈജീരിയ’ കഴിഞ്ഞ മാസമാദ്യം പ്രസിദ്ധീകരിച്ച റിപ്പോർട്ടിനെ ഉദ്ധരിച്ചാണ് ഇന്റർനാഷണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസിന്റെ കണക്കുകള്‍.
മാസങ്ങളോളം തടവിലാക്കപ്പെട്ട ഇരകൾ താമസിക്കുന്ന 11 വലിയ ക്യാമ്പുകൾ റിജാനയിൽ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഓരോന്നിലും അന്‍പതിലധികം ബന്ദികളുണ്ട്. ഏകദേശം 30 ബന്ദികളുള്ള 10 ചെറിയ ക്യാമ്പുകളുണ്ടെന്നും സൂചനയുണ്ട്. ഓഗസ്റ്റ് വരെ ഗ്രാമത്തിൽ തടവിലാക്കപ്പെട്ട ക്രൈസ്തവരെ എണ്ണം 850 ആണെന്ന് കണക്കാക്കപ്പെടുന്നു.
റിജാന വനത്തിനുള്ളിലും നൈജീരിയൻ സൈനിക താവളത്തിനടുത്തും കടൂണ സംസ്ഥാനത്തിന്റെ തെക്കൻ ഭാഗത്തുള്ള കാച്ചിയ കൗണ്ടിയിലും 850 ക്രൈസ്തവര്‍ ബന്ദികളായി തുടരുകയാണെന്ന് ട്രൂത്ത് നൈജീരിയ വ്യക്തമാക്കുന്നു. റിജാനയിൽ ഇപ്പോഴും ദുരിതമനുഭവിക്കുന്ന ക്രൈസ്തവരുടെ ദുരവസ്ഥയ്ക്കു മുന്നിൽ നൈജീരിയൻ അധികാരികള്‍ നിശബ്ദത പാലിക്കുകയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കടൂണ-അബുജ ഹൈവേയിലാണ് ഈ വനമേഖല സ്ഥിതിചെയ്യുന്നത്. ക്രൈസ്തവര്‍ ഏറ്റവുമധികം പീഡനം ഏറ്റുവാങ്ങുന്ന നൈജീരിയയിലെ ദയനീയ അവസ്ഥ വ്യക്തമാക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട്. കടൂണ സംസ്ഥാനത്താണ് ഏറ്റവുമധികം പേരെ തട്ടിക്കൊണ്ടുപോയിട്ടുള്ളത്.
2024 ഡിസംബർ രണ്ടിനും ഈവർഷം സെപ്റ്റംബർ 28നുമിടയിൽ 1,100 ക്രൈസ്തവരെയാണു തട്ടിക്കൊണ്ടുപോയത്. ക്യാന്പുകളിൽ മതിയായ ഭക്ഷണവും കുടിവെള്ളവും ലഭിക്കാതെ കൈക്കുഞ്ഞുങ്ങളും സ്ത്രീകളുമുൾപ്പെടെയുള്ളവർ നരകയാതന അനുഭവിക്കുകയാണെന്നും റിപ്പോർട്ടുണ്ട്.
ഐഎസ് ഭീകരരുടെ താവളമായി മൊസാംബിക്
നൈജീരിയയ്ക്കു പിന്നാലെ സൊമാലിയയിലാണ് ആഫ്രിക്കയിൽ ക്രൈസ്തവർക്കു നേരേ ഏറ്റവും കൂടുതൽ ഭീകരാക്രമണങ്ങളുണ്ടാകുന്നത്. മൊസാംബിക്, ലിബിയ, എരിത്രിയ, സുഡാൻ, ബുർക്കിനാ ഫാസോ, മാലി, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, അൾജീരിയ, മൗറിത്താനിയ, സൊമാലിയ എന്നീ രാജ്യങ്ങളിലും ക്രൈസ്തവർക്കു നേരേ നിരന്തരം ഭീകരാക്രമണങ്ങളുണ്ടാകുന്നു.
അൽക്വയ്ദയുടെ ഉപവിഭാഗമായ അൽഷബാബിന്റെയും ബൊക്കോ ഹറാമിന്റെയും കീഴിൽ ഈ രാജ്യങ്ങളിലെല്ലാം വ്യത്യസ്ത പേരുകളിൽ ഭീകരസംഘടനകൾ പ്രവർത്തിക്കുന്നു. മൊസാംബിക്കിന്റെ വടക്കൻ മേഖലയിൽ 11 ക്രൈസ്തവരെയാണു കഴിഞ്ഞമാസം ഇവിടത്തെ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് മൊസാംബിക് പ്രോവിന്‍സ് (ഐഎസ്-എം) കഴുത്തറത്ത് കൊലപ്പെടുത്തിയത്. സെപ്റ്റംബർ പകുതി മുതൽ മാസാവസാനം വരെയാണ് ഈ കൊലപാതകങ്ങൾ നടന്നതെന്ന് ടെററിസം റിസർച്ച് ആൻഡ് അനാലിസിസ് കൺസോർഷ്യം റിപ്പോര്‍ട്ട് ചെയ്തു.
മൊസാംബിക്കില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ കൂടുതലായി പ്രവര്‍ത്തിക്കുന്നത് വടക്കൻ കാബോ ഡെൽഗാഡോയിലാണ്. ഈ വർഷം ജൂലൈ മുതൽ 37 ക്രൈസ്തവരെയാണ് ഇവർ കൊലപ്പെടുത്തിയത്. ഭൂരിഭാഗം ക്രൈസ്തവരെയും കഴുത്തറത്താണ് കൊലപ്പെടുത്തിയത്. മൊസാംബിക്കിലെ കാബോ ഡെൽഗാഡോയുടെ ചില ഭാഗങ്ങളിൽ റോഡ് തടസപ്പെടുത്തുന്ന ഭീകരർ ഇതിലൂടെ ക്രൈസ്തവര്‍ക്കു സഞ്ചരിക്കാന്‍ വൻ തുക നികുതി ഈടാക്കുന്നുണ്ടെന്നും അടുത്തിടെ റിപ്പോർട്ട് പുറത്തു വന്നിരുന്നു.
മൊസാംബിക്കിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് ക്രൈസ്തവരാണ്. രാജ്യത്ത് ഇസ്ലാമിക തീവ്രവാദം ഉയര്‍ത്തുന്ന വെല്ലുവിളി എന്നത്തേക്കാളും ഉയര്‍ന്ന അവസ്ഥയിലാണെന്നും പ്രാദേശിക മേഖലകളില്‍നിന്നു ക്രൈസ്തവര്‍ കൂട്ടത്തോടെ പലായനം ചെയ്യുകയാണെന്നും വടക്കൻ മൊസാംബിക്കിലെ മെത്രാന്മാര് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
NRI
അബൂജ: ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളാൽ കുപ്രസിദ്ധമായ നൈജീരിയയിൽ വീണ്ടും കത്തോലിക്കാ വൈദികന് കൊല്ലപ്പെട്ടു. തെക്കുകിഴക്കൻ നൈജീരിയയിലെ എനൊഗു സംസ്ഥാനത്തെ എൻസുക്ക രൂപതാംഗവും ഇഹ-എൻഡിയാഗുവിലെ സെന്റ് ചാൾസ് ഇടവക വികാരിയുമായ ഫാ. മാത്യു ഇയ(35)യാണു വെടിയേറ്റു മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സംസ്ഥാനതലസ്ഥാനമായ എനുഗുവിൽ പോയി തിരികെ തന്റെ ഇടവകയിലേക്ക് മടങ്ങുമ്പോൾ പള്ളിക്കടുത്ത ഇഹ-അലുമോണ-ഇഹ-എൻഡിയാഗു റോഡിൽ ബൈക്കിലെത്തിയ രണ്ട് ആയുധധാരികള്‍ അദ്ദേഹത്തിന്റെ കാർ മറികടന്ന് ടയറുകൾക്കു നേരേ വെടിവച്ചു.
വൈകാതെ കാർ നിർത്താൻ നിർബന്ധിച്ചശേഷം, അടുത്തുനിന്ന് നിരവധി തവണ വെടിവയ്ക്കുകയായിരുന്നു. കൊലയാളികൾക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു. വൈദികന്റെ ഘാതകരെക്കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് പത്തു ദശലക്ഷം നൈറ (ഏകദേശം ആറു ലക്ഷം രൂപ) പാരിതോഷികം പോലീസ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
കത്തോലിക്കാ വൈദികരെയും വിശ്വാസികളെയും ലക്ഷ്യമിട്ടു വലിയ ആക്രമണങ്ങളാണ് നൈജീരിയയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്. ജിഹാദി ആക്രമണത്തിൽ 2000 മുതൽ ഇതുവരെ ഏകദേശം 62,000 ക്രൈസ്തവർ രാജ്യത്തു കൊല്ലപ്പെട്ടതായാണു റിപ്പോർട്ട്.
കഴിഞ്ഞ വർഷം മാത്രം 3,100 ക്രൈസ്തവർ കൊല്ലപ്പെടുകയും 2,830 പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്. ഫുലാനി മുസ്ലിം ഗോത്ര വിഭാഗത്തിൽപ്പെട്ട ഭീകരരാണു രാജ്യത്തെ ക്രിസ്തവവിരുദ്ധ ആക്രമണങ്ങൾക്കു പിന്നിൽ.
Leader Page
NRI
ലാഗോസ്: കോഴിമോഷണത്തിനു വധശിക്ഷ കാത്ത് പത്തുവർഷമായി ജയിലിൽ കഴിയുന്ന നൈജീരിയൻ യുവാവിനെ മോചിപ്പിക്കുന്നു. തെക്കുപടിഞ്ഞാറൻ നൈജീരിയയിലെ ഒസുൻ സംസ്ഥാനവാസിയായ സെഗുൻ ഒലവൂക്കറിനു മാപ്പു നല്കാൻ തീരുമാനിച്ചതായി ഗവർണർ അറിയിച്ചു.
ചെറിയ കുറ്റത്തിനു വലിയ ശിക്ഷ വിധിച്ചതിൽ വ്യാപക വിവർശനം ഉയർന്നിരുന്നു. 2010ൽ പതിനേഴു വയസുള്ള ഒലവൂക്കറും കൂട്ടുകാരനായ മൊരാകിനിയോയും നാടൻ തോക്കും കത്തിയുമായി ഒരു പോലീസുകാരന്റെ വസതി ആക്രമിച്ച് കോഴി മോഷണം നടത്തിയെന്നാണ് കേസ്.
2014ൽ സംസ്ഥാന ഹൈക്കോടതി ഇരുവരെയും തൂക്കിലേറ്റാൻ വധിച്ചു. ഒലവൂക്കറിന്റെ മോചനത്തിനായി മനുഷ്യാവകാശ സംഘടനകൾ ശബ്ദമുയർത്തിയിരുന്നു. അടുത്തവർഷമാദ്യം ഒലവൂക്കർ മോചിതനാകുമെന്നാണു സൂചന.
അതേസമയം, ഇയാളോടൊപ്പം വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മൊരാകിനിയോയെ വിട്ടയയ്ക്കുമോ എന്നതിൽ വ്യക്തതയില്ല. നൈജീരിയയിൽ 3,400ലേറെ തടവുകാർ വധശിക്ഷ കാത്തുകഴിയുന്നുണ്ട്. അതേസമയം, 2012നു ശേഷം രാജ്യത്ത് വധശിക്ഷ നടപ്പാക്കിയിട്ടില്ല.
Leader Page
നൈജീരിയയിലെ ബെന്യൂ സംസ്ഥാനത്ത് കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയുണ്ടായ ഭീകരാക്രമണത്തിൽ ഇരുനൂറിലേറെ പേർ കൊല്ലപ്പെട്ട ദാരുണസംഭവം ലോകം നടുക്കത്തോടെയാണു കേട്ടത്. ഞായറാഴ്ച ലെയോ പതിനാലാമൻ മാർപാപ്പ ഈ സംഭവം പ്രത്യേകമായി പരാമർശിച്ചുകൊണ്ട്, കൊടിയ പീഡനങ്ങളിലൂടെ കടന്നുപോകുന്ന നൈജീരിയ, സുഡാൻ, മ്യാന്മർ, യുക്രെയ്ൻ, പശ്ചിമേഷ്യ തുടങ്ങിയ ഇടങ്ങളിലെ ജനങ്ങൾക്കുവേണ്ടി പ്രാർഥിക്കുകയായിരുന്നു.
നിരന്തരം ആക്രമണങ്ങൾക്കു വിധേയരാകുന്ന നൈജീരിയൻ ഗ്രാമങ്ങളിലെ സാധുക്കളായ സാധാരണ ക്രൈസ്തവർക്ക് സുരക്ഷിതത്വവും നീതിയും ഉറപ്പാക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങൾക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം മാർപാപ്പാ അഭ്യർഥിക്കുകയുണ്ടായി.
ക്രൂരമായി ഇല്ലാതാക്കപ്പെടുന്ന നൈജീരിയൻ ക്രൈസ്തവർ
ഒരു കത്തോലിക്കാ പുനരധിവാസ കേന്ദ്രത്തിൽ അഭയാർഥികളായി കഴിഞ്ഞിരുന്നവരാണ് ശനിയാഴ്ച ബെന്യൂവിൽ കൊല്ലപ്പെട്ടത്. കുടുംബങ്ങളായി അവിടെ കഴിഞ്ഞിരുന്നവരെ പുറത്തുനിന്ന് പൂട്ടി ഭീകരർ തീവച്ചു കൊല്ലുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. മനുഷ്യമനഃസാക്ഷിയെ മരവിപ്പിക്കുന്ന കൊടുംക്രൂരതകളാണ് നൈജീരിയയുടെ വിവിധ ഭാഗങ്ങളിൽ വർഷങ്ങളായി തുടർന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ മാസം മാത്രം 204 അക്രമസംഭവങ്ങൾ നൈജീരിയയിലെ വിവിധ ഭാഗങ്ങളിലായി ഉണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു.
നൈജീരിയയിലെ തീവ്രവാദ അക്രമസംഭവങ്ങൾ നിരന്തരം നിരീക്ഷണവിധേയമാക്കുന്ന ‘ഹ്യൂം ആംഗിൾ’ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ മാസം നൈജീരിയയിൽ കൊല്ലപ്പെട്ടത് 635 പേരാണ്. 182 പേരെ ഭീകരർ തട്ടിക്കൊണ്ടുപോയി. ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള അക്രമസംഭവങ്ങളിൽ കൊല്ലപ്പെട്ടവർ മൂവായിരത്തോളം വരും.
2020 മുതൽ 2023 വരെയുള്ള കാലയളവിൽ മാത്രം നൈജീരിയയിൽ കൊല്ലപ്പെട്ട ക്രൈസ്തവരുടെ എണ്ണം 16,769 ആണെന്ന് കഴിഞ്ഞ ഓഗസ്റ്റിൽ പുറത്തുവന്ന ‘ദ ഒബ്സർവേറ്ററി ഫോർ റിലീജിയസ് ഫ്രീഡം ഇൻ ആഫ്രിക്ക’യുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ആ കാലഘട്ടത്തിൽ തട്ടിക്കൊണ്ടുപോകപ്പെട്ട ക്രൈസ്തവരുടെ എണ്ണം 11,185 ആണ്. വളരെ കിരാതമായ കൂട്ടക്കൊലകളുടെ പരമ്പരയാണ് നൈജീരിയയിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇന്ന് ലോകം കാണുന്ന ഏറ്റവും ഭീകരമായ വംശഹത്യയാണത്.
ആഫ്രിക്കയിൽ വ്യാപിക്കുന്ന അശാന്തി
ബുർക്കിന ഫാസോ, കോംഗോ, സൊമാലിയ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിലും ഭീകരാക്രമണങ്ങൾ പതിവായിരിക്കുകയാണ്. കഴിഞ്ഞ മാർച്ച് 28ന് ബുർക്കിന ഫാസോയിൽ അൽഖ്വയ്ദ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ അറുപതിൽപരം ആളുകൾ കൊല്ലപ്പെട്ടു. ഫെബ്രുവരി 12ന് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള തീവ്രവാദികൾ കോംഗോയിൽ 70 ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തിരുന്നു. മാർച്ചിൽ അൽ ഷബാബ് എന്ന ഭീകരസംഘടന സൊമാലിയയിൽ നടത്തിയ കാർ ബോംബ് ആക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടു.
ഇത്തരത്തിൽ ആഫ്രിക്കൻ ഭൂഖണ്ഡം മുഴുവനോടെ അശാന്തിയുടെ വിളനിലമായി മാറിക്കൊണ്ടിരിക്കുകയാണ്. ബുർക്കിന ഫാസോ, കോംഗോ പോലുള്ള രാജ്യങ്ങളിൽ ഇസ്ലാമിക ഭീകരാക്രമണങ്ങൾ സമീപ കാലങ്ങളിലാണ് കണ്ടുതുടങ്ങിയിരിക്കുന്നത്. 94.5 ശതമാനം ക്രൈസ്തവ ജനസംഖ്യയുള്ള രാജ്യമാണ് കോംഗോ.
മതതീവ്രവാദം ഭീകരതയാകുമ്പോൾ
ബൊക്കോ ഹറാം, അൽഖ്വയ്ദ, ഐസിസ് തുടങ്ങിയ തീവ്ര ഇസ്ലാമിക അടിത്തറയിൽ ഉറപ്പിക്കപ്പെട്ട ഭീകര സംഘടനകൾ കൂടുതൽ ആഫ്രിക്കൻ രാജ്യങ്ങളെ ലക്ഷ്യമാക്കുകയും കൂടുതൽ വലിയ ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിടുകയും ചെയ്യുന്നു എന്നുള്ളതാണ് ഇത്തരം സംഭവങ്ങൾ തെളിയിക്കുന്നത്. ക്രൈസ്തവരെ മാത്രമല്ല, തങ്ങളുടെ തീവ്ര നിലപാടുകളെ പിന്തുണയ്ക്കാത്ത മിതവാദികളായ ഇസ്ലാം മത വിശ്വാസികളെയും കൊലപ്പെടുത്തുന്നതിൽ ഈ ആക്രമണകാരികൾ മടി കാണിക്കുന്നില്ല.
‘ദ ഒബ്സർവേറ്ററി ഫോർ റിലീജിയസ് ഫ്രീഡം ഇൻ ആഫ്രിക്ക’യുടെ റിപ്പോർട്ട് പ്രകാരം 2020-23 കാലയളവിൽ 16,769 ക്രൈസ്തവർ കൊലചെയ്യപ്പെട്ടപ്പോൾ, ഇസ്ലാമിക ഭീകരരുടെ കൈകളാൽ സാധാരണക്കാരായ 6,235 ഇസ്ലാം മത വിശ്വാസികളും കൊല്ലപ്പെട്ടു. ഇക്കാലയളവിൽ തട്ടിക്കൊണ്ടുപോകപ്പെട്ടവരിൽ എണ്ണായിരത്തോളം മുസ്ലിംകളും ഉൾപ്പെടുന്നു. മതപരമായ വിദ്വേഷ ചിന്തകൾക്കപ്പുറം രാജ്യത്തിന്റെ സമ്പൂർണമായ തകർച്ചയും മിതവാദികളായ ഇസ്ലാം മത വിശ്വാസികളുടെ അന്ത്യവും ഇസ്ലാമിക ഭീകരസംഘടനകൾ ലക്ഷ്യംവയ്ക്കുന്നുണ്ട് എന്ന് ഇത്തരം സംഭവങ്ങൾ വ്യക്തമാക്കുന്നു.
തമസ്കരണവും നിസംഗതയും
പതിനായിരക്കണക്കിന് പേർ ദാരുണമായി കൂട്ടക്കൊല ചെയ്യപ്പെടുകയും ജനലക്ഷങ്ങൾ പലായനം ചെയ്യുകയും മരണം മുന്നിൽക്കണ്ടു ജീവിക്കേണ്ട നിസഹായാവസ്ഥയിൽ എത്തിച്ചേരുകയും ചെയ്തിട്ടും വേണ്ടവിധമുള്ള ലോകശ്രദ്ധ ഇത്തരം സംഭവങ്ങൾക്ക് ലഭിക്കുന്നില്ല എന്നതാണ് സത്യം. ശനിയാഴ്ച നൈജീരിയയിൽ കുഞ്ഞുങ്ങൾ ഉൾപ്പെടെ ഇരുനൂറിലേറെ പേർ ഭീകരരുടെ ആക്രമണത്തിൽ വെന്തു മരിച്ച ദാരുണസംഭവം വിരലിലെണ്ണാവുന്ന മലയാള മാധ്യമങ്ങളാണ് പേരിനെങ്കിലും റിപ്പോർട്ട് ചെയ്തത്. ഭൂരിപക്ഷവും അത്തരം സംഭവങ്ങളെ മനഃപൂർവം തമസ്കരിക്കുകയാണ്.
മതതീവ്രവാദ-ഭീകര സംഘടനകളുടെ നേതൃത്വത്തിലുള്ള അക്രമസംഭവങ്ങൾ ലോകമെമ്പാടും കുത്തനെ ഉയരുമ്പോഴും അപകടകരമായ മൗനം പാലിക്കുന്ന ആഗോള മാധ്യമങ്ങളും രാഷ്ട്രനേതൃത്വങ്ങളും ഇസ്ലാമിക ഭീകരവാദത്തിന് വളംവച്ചുകൊടുക്കുകയാണ്. ഭീകരാക്രമണങ്ങൾക്ക് തിരിച്ചടികൾ നേരിടുമ്പോൾ അത്തരം സംഭവങ്ങൾക്കു ലഭിക്കുന്ന മാധ്യമശ്രദ്ധയുടെ ഒരു ശതമാനം പോലും മേൽപ്പറഞ്ഞ വിധമുള്ള നിഷ്ഠുരമായ കൂട്ടക്കുരുതികൾക്ക് ലഭിക്കുന്നില്ല എന്നത് നീചമായ അവഗണന മാത്രമല്ല, മനുഷ്യകുലത്തോട് മുഴുവനുള്ള അപരാധംകൂടിയാണ്.
2023 ഒക്ടോബറിൽ ഹമാസ് ഭീകരർ ഇസ്രയേലിനെതിരേ നടത്തിയ ആക്രമണത്തെത്തുടർന്നുണ്ടായ തിരിച്ചടിയെ ഏകപക്ഷീയമായി വിലയിരുത്തിയ ഒരുകൂട്ടം മാധ്യമങ്ങളും രാഷ്ട്രീയക്കാരും അന്നുമുതൽ കേരളത്തിൽ നടത്തിവരുന്ന പ്രചാരണങ്ങൾക്ക് ഏവരും സാക്ഷികളാണ്. അക്കൂട്ടർ മറ്റുരാജ്യങ്ങളിൽ ക്രൈസ്തവ സമൂഹവും, എന്തിനേറെ മിതവാദികളായ ഇസ്ലാം മതവിശ്വാസികൾപോലും നേരിടുന്ന വെല്ലുവിളികളോട് എക്കാലവും മുഖംതിരിക്കുകയാണ് ഉണ്ടായിട്ടുള്ളത്.
ചെറുതും വലുതുമായ ഒട്ടേറെ ഇസ്ലാമിക ഭീകരസംഘടനകൾ നടത്തിക്കൊണ്ടിരിക്കുന്ന സംഹാരതാണ്ഡവത്തെ തമസ്കരിക്കുക വഴിയായി അവർ പൊതുസമൂഹത്തെ വലിയ രീതിയിൽ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുന്നു. ആധുനിക ലോകം കണ്ടിട്ടുള്ളതിൽ ഏറ്റവും ഭീകരമായ കൂട്ടക്കൊലകൾക്ക് നേതൃത്വം നൽകിയിട്ടുള്ള ഇസ്ലാമിക് സ്റ്റേറ്റിനെ അപലപിക്കാൻപോലും ഇന്നോളവും അത്തരക്കാർ തയാറായിട്ടില്ല എന്നതാണ് വസ്തുത.
ഈ കാലഘട്ടത്തിൽ ലോകം നേരിടുന്ന വലിയ വെല്ലുവിളികളെ നിഷ്പക്ഷമായും സന്തുലിതമായും സമീപിക്കുകയാണ് യഥാർഥ ആവശ്യം. എല്ലാത്തരം തീവ്രവാദ സമീപനങ്ങളും അതിക്രമങ്ങളും ഒരുപോലെ എതിർക്കപ്പെടേണ്ടതുണ്ട്. അന്ധമായി ആരുടെയെങ്കിലും പക്ഷം ചേർന്നുകൊണ്ട് തീവ്രവാദ നീക്കങ്ങളെയും അക്രമപ്രവണതകളെയും പ്രതിരോധിക്കാൻ കഴിയുമെന്ന ചിന്ത മൂഢത്വമാണ്.
സ്വാധീനശക്തികൾക്കതീതമായി മാനവികതയ്ക്കെതിരായ എല്ലാ പ്രവർത്തനങ്ങളെയും ഒരുപോലെ തള്ളിപ്പറയുകയും മത-രാഷ്ട്ര വ്യത്യാസമില്ലാതെ, അക്രമങ്ങൾക്കിരയാവുകയും പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്ന എല്ലാ ജനങ്ങൾക്കുംവേണ്ടി ശബ്ദിക്കാൻ, ലെയോ മാർപാപ്പ ആഹ്വാനം ചെയ്തതുപോലെ, രാഷ്ട്രീയ നേതൃത്വങ്ങളും മാധ്യമങ്ങളും ഇനിയെങ്കിലും തയാറാവുകയും വേണം.