അബൂജ: നൈജീരിയയിൽ ഒരു മാസം മുന്പ് തട്ടിക്കൊണ്ടുപോയ ആംഗ്ലിക്കൻ പുരോഹിതനെ അക്രമികൾ വധിച്ചു.
ഒക്ടോബർ 28ന് കഡുന സംസ്ഥാനത്തുനിന്ന് കുടുംബസമേതം തട്ടിക്കൊണ്ടുപോകപ്പെട്ട എഡ്വിൻ ആച്ചി എന്ന പുരോഹിതനാണു കൊല്ലപ്പെട്ടതെന്ന് നൈജീരിയയിലെ ആംഗ്ലിക്കൻ സഭാ മേധാവി ആർച്ച്ബിഷപ് ഹെന്റി എൻഡാകുബ അറിയിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യയും മകളും അക്രമികളുടെ തടങ്കലിൽ തുടരുകയാണ്.
കഡുന ആംഗ്ലിക്കൻ രൂപതയിൽ ഏറെ ബഹുമാനിതയായിരുന്ന എഡ്വിൻ ആച്ചിയെ തോക്കുധാരികൾ നിസ്സി ഗ്രാമത്തിലെ അദ്ദേഹത്തിന്റെ വസതിയിൽനിന്ന് ഭാര്യക്കും മകൾക്കുമൊപ്പമാണ് തട്ടിക്കൊണ്ടുപോയത്. ഒരു മാസത്തെ യാതനയ്ക്കു ശേഷം അക്രമികൾ പുരോഹിതനെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ആർച്ച്ബിഷപ് ഹെന്റി എൻഡാകുബ വിശദീകരിച്ചു.
പുരോഹിതനെ മോചിപ്പിക്കാൻ 60 കോടി നൈറ (ഏകദേശം 4.16 ലക്ഷം ഡോളർ) നല്കണമെന്ന് അക്രമികൾ ആവശ്യപ്പെട്ടിരുന്നു. തുക പിന്നീട് 20 കോടി നൈറയായി കുറച്ചു.
തട്ടിക്കൊണ്ടുപോകപ്പെട്ട പുരോഹിതൻ കൊല്ലപ്പെട്ടെന്ന വാർത്തയോട് പ്രതികരിക്കാൻ കഡുന പോലീസ് വകുപ്പ് തയാറായില്ലെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇതിനിടെ, ഈ മാസം 21ന് നൈജർ സംസ്ഥാനത്തെ സെന്റ് മേരീസ് കാത്തലിക് സ്കൂളിൽനിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട 253 വിദ്യാർഥികൾക്കും 12 സ്കൂൾ ജീവനക്കാർക്കുമായി നൈജീരിയൻ അധികൃതർ തെരച്ചിൽ തുടരുകയാണ്. 303 വിദ്യാർഥികൾ അടക്കം 315 പേരെയാണ് തട്ടിക്കൊണ്ടുപോയതെങ്കിലും ഇതിൽ 50 കുട്ടികൾ രക്ഷപ്പെട്ടു തിരിച്ചെത്തിയിരുന്നു.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രസിഡന്റ് ബോല ടിനുബു നൈജീരിയയിൽ സുരക്ഷാ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
Tags : Anglican priest executed Nigeria Kidnapped Anglican priest