അബുജ: കൊലപാതകവും തട്ടിക്കൊണ്ടുപോകലും കൊള്ളയും നടത്തി ഭീകരരും ക്രിമിനൽസംഘങ്ങളും അഴിഞ്ഞാടുന്ന സാഹചര്യത്തിൽ ഇവരെ നേരിടുന്നതിന് നൈജീരിയൻ സായുധസേനയെ സഹായിക്കാൻ അമേരിക്ക സൈന്യത്തെ അയയ്ക്കുന്നു.
ഭീകരവിരുദ്ധ പോരാട്ടത്തിൽ നൈജീരിയൻ സൈനികർക്കു പരിശീലനം നൽകാൻ 200 സൈനികരെയാണ് പെന്റഗൺ അയയ്ക്കുന്നത്. ഇതിൽ ആദ്യസംഘം നൈജീരിയയിൽ എത്തിയതായി റിപ്പോർട്ടുണ്ട്. അമേരിക്കൻ സൈനികസംഘം ഭീകരവിരുദ്ധ പോരാട്ടത്തിൽ നേരിട്ടു പങ്കാളികളാകില്ലെന്ന് നൈജീരിയൻ പ്രതിരോധ ആസ്ഥാനത്തിന്റെ വക്താവ് മേജർ ജനറൽ സാമാലിയ ഉബ പറഞ്ഞു. മറിച്ച് അവർ പരിശീലനം നൽകുന്നതിൽ വ്യാപൃതരായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ക്രൈസ്തവരെ ലക്ഷ്യമിട്ടു ഭീകരാക്രമണം പതിവാകുന്ന സാഹചര്യത്തിൽ നൈജീരിയയിൽ അമേരിക്ക ഇടപെടുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പലകുറി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഡിസംബറിൽ അമേരിക്കൻ സേന നൈജീരിയയിലെ സൊകൊതൊ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഐഎസ് കേന്ദ്രങ്ങൾക്കു നേരേ നടത്തിയ വ്യോമാക്രമണത്തിൽ നിരവധി ഭീകരർ കൊല്ലപ്പെട്ടു.
ഈ ആക്രമണം ഒരു സൂചന മാത്രമാണെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. നിരപരാധികളുടെ ജീവനുനേരേയുള്ള തുടർച്ചയായ ആക്രമണങ്ങളും ഭീഷണികളും തടയുന്നതിനായി ഭീകരവിരുദ്ധ സഹകരണ ശ്രമങ്ങൾ വർധിപ്പിക്കുന്നതിന് നൈജീരിയൻ പ്രാദേശിക പങ്കാളികളുമായി ചേർന്നു പ്രവർത്തിക്കുകയാണെന്ന് അമേരിക്കയുടെ ആഫ്രിക്ക കമാൻഡിന്റെ കമാൻഡർ ജനറൽ ദാഗ്വിൻ ആൻഡേഴ്സൻ വ്യക്തമാക്കി.
Tags : US 200 troops Nigeria