National
ന്യൂഡൽഹി: വിവാദ അമേരിക്കൻ ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീനുമായി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി നടത്തിയ കൂടിക്കാഴ്ചകളിൽ ദുരൂഹത ആരോപിച്ച് കോൺഗ്രസ്. 2014-നും 2016-നും ഇടയിൽ സർക്കാർ പദവികളൊന്നും വഹിക്കാതിരുന്ന പുരി, ആരുടെ നിർദ്ദേശപ്രകാരമാണ് എപ്സ്റ്റീനെ കണ്ടതെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര ചോദിച്ചു. വിഷയത്തിൽ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പാർലമെന്റ് നടപടികൾ സ്തംഭിപ്പിച്ചു.
2014 മുതൽ 2016 വരെയുള്ള കാലയളവിൽ ഹർദീപ് സിംഗ് പുരി സർക്കാരിൽ ഒരു പദവിയും വഹിച്ചിരുന്നില്ല. അക്കാലത്ത് എപ്സ്റ്റീനുമായി നടത്തിയ മൂന്നോ നാലോ കൂടിക്കാഴ്ചകൾ ഏത് ഔദ്യോഗിക പദവിയുടെ അടിസ്ഥാനത്തിലായിരുന്നു? രാജ്യത്ത് വിദേശകാര്യ മന്ത്രാലയവും മന്ത്രിയും ഉള്ളപ്പോൾ, ഇത്തരമൊരു കൂടിക്കാഴ്ച നടത്താൻ പുരിക്ക് ആരാണ് അനുമതി നൽകിയത്?
അന്ന് വെറുമൊരു മുൻ ഉദ്യോഗസ്ഥൻ മാത്രമായിരുന്ന പുരി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക പ്രതിനിധിയായാണോ എപ്സ്റ്റീനെ കണ്ടതെന്നും പവൻ ഖേര ചോദിച്ചു.
"ഇന്ത്യയുടെ വികസന മാതൃകയെക്കുറിച്ച് സംസാരിക്കാനാണ് എപ്സ്റ്റീനെ കണ്ടതെന്നാണ് മന്ത്രി പറയുന്നത്. വിദേശകാര്യ മന്ത്രിയും എംബസിയും ചെയ്യേണ്ട കാര്യം ചെയ്യാൻ അന്ന് ഔദ്യോഗിക പദവി പോലുമില്ലാത്ത പുരിയെ ആരാണ് ചുമതലപ്പെടുത്തിയത്?" തുടങ്ങിയ ചോദ്യങ്ങളാണ് ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിൽ പവൻ ഖേര ചോദിച്ചത്.
എപ്സ്റ്റീൻ ഫയൽ വിവാദത്തിൽ കേന്ദ്ര സർക്കാർ മറുപടി നൽകാതെ ഒളിച്ചുകളിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം ലോക്സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാത്തതിലും പ്രതിപക്ഷം അതൃപ്തി രേഖപ്പെടുത്തി. പ്രതിഷേധത്തെത്തുടർന്ന് സഭാ നടപടികൾ തടസപ്പെടുകയും ലോക്സഭ മാർച്ച് ഒൻപതിലേക്ക് പിരിയുകയും ചെയ്തു.
ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിലും ഈ വിഷയം സജീവമായി നിലനിർത്താനാണ് പ്രതിപക്ഷത്തിന്റെ നീക്കം. എപ്സ്റ്റീൻ വിവാദത്തിന് പുറമെ, ഇന്ത്യ-അമേരിക്ക വ്യാപാര കരാറിലെ കർഷക വിരുദ്ധ വ്യവസ്ഥകളും വരും ദിവസങ്ങളിൽ സഭയിൽ ഉന്നയിക്കുമെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.
National
ന്യൂഡൽഹി: ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ അനുമതി നിഷേധിക്കുന്നതിനെച്ചൊല്ലി സഭ ഇന്നും പ്രക്ഷുബ്ധം. രാവിലെ സഭാനടപടികൾ ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. കോൺഗ്രസ് അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനെത്തുടർന്ന് സഭാ നടപടികൾ ഉച്ചയ്ക്ക് രണ്ടുവരെ നിർത്തിവച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവർക്കെതിരായ മുൻ കരസേന മേധാവി ജനറൽ എം.എം. നരവനെയുടെ പുസ്തകത്തിലെ പരാമർശങ്ങൾ ഉദ്ധരിക്കാൻ ശ്രമിച്ചതോടെയാണ് രാഹുൽ ഗാന്ധിക്ക് സ്പീക്കർ വിലക്കേർപ്പെടുത്തിയത്. ബജറ്റിന്മേലുള്ള ചർച്ചകൾ നടക്കുന്നതിനാൽ മറ്റ് വിഷയങ്ങൾ അനുവദിക്കില്ലെന്നാണ് സ്പീക്കറുടെ നിലപാടെങ്കിലും, രാഹുൽ ഗാന്ധിയെ മനഃപൂർവം തടയുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
അതേസമയം, സ്പീക്കറുടെ നിലപാടിൽ പ്രതിഷേധിച്ച് അദ്ദേഹത്തിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കുന്നില്ല, പ്രതിഷേധിച്ച എട്ട് എംപിമാർക്ക് സമ്മേളന കാലം മുഴുവൻ സസ്പെൻഷൻ നൽകി, പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധിച്ച വനിതാ എംപിമാർക്കെതിരെ തെറ്റായ പ്രചാരണം നടത്തി തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്പീക്കറെ നീക്കുന്നതിനുള്ള പ്രമേയം സഭയിൽ കൊണ്ടുവരാൻ പ്രതിപക്ഷം നീക്കം നടത്തുന്നത്.
ലോക്സഭാ സെക്രട്ടറി ജനറലിന് നൽകുന്ന ഈ നോട്ടീസിൽ തൃണമൂൽ കോൺഗ്രസ് ഒപ്പുവയ്ക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. സ്പീക്കറെ നീക്കാനുള്ള നോട്ടീസ് സാധാരണ ഡെപ്യൂട്ടി സ്പീക്കർക്കാണ് നൽകേണ്ടത്. നിലവിൽ സഭയിൽ ഡെപ്യൂട്ടി സ്പീക്കർ ഇല്ലാത്തതിനാലാണ് ഇത് ലോക്സഭാ സെക്രട്ടറി ജനറലിനു നല്‍കുന്നത്.
ഇന്ത്യാ സഖ്യം യോഗം ചേർന്നാണ് സ്പീക്കറെ നീക്കാനുള്ള നോട്ടീസ് നൽകാൻ തീരുമാനിച്ചത്. എന്നാൽ, മമത ബാനർജി കോൺഗ്രസിനോട് ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിലാണ് തൃണമൂൽ ഒപ്പുവയ്ക്കില്ലെന്ന് അറിയിച്ചത്.
National
ന്യൂഡല്‍ഹി: അമേരിക്കയുമായുള്ള ഇന്ത്യയുടെ കരാറിനെ കീഴടങ്ങലെന്ന് വിശേഷിപ്പിച്ചു പ്രതിപക്ഷം. തോക്കിൻമുനയിലെന്നോണം സമ്മര്‍ദത്തിനു വഴങ്ങിയാണ് ഇന്ത്യ കരാറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിതമായതെന്നു കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയപ്പോള്‍ ഇന്ത്യന്‍ കര്‍ഷകര്‍ക്ക് മരണമണി മുഴക്കുന്ന കരാറില്‍ ഒപ്പിട്ടതിലൂടെ അമേരിക്കന്‍ സാമ്രാജ്യത്വത്തിനു മുന്നില്‍ മോദി സര്‍ക്കാര്‍ അടിയറവ് പറഞ്ഞുവെന്ന് സംയുക്ത കിസാന്‍ മോര്‍ച്ചയും അഖിലേന്ത്യാ കിസാന്‍ സഭയും പ്രതികരിച്ചു.
കരാറില്‍ ഇന്ത്യയും യുഎസും നടത്തിയ സംയുക്ത പ്രസ്താവനയില്‍ നിരവധി കാര്യങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്നായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് വിഷയത്തില്‍ പ്രതികരിച്ചത്. സംയുക്ത പ്രസ്താവനയില്‍ “സര്‍പ്ലസ് ഉത്പന്നങ്ങള്‍’’ എന്നൊരു വിഭാഗമുണ്ടെന്നും എന്നാല്‍ ഇത് ഏതൊക്കയെന്ന് വ്യക്തമാക്കുന്നില്ലെന്നും ജയ്റാം പറഞ്ഞു.
യുഎസില്‍നിന്നുള്ള ഭക്ഷ്യ-കാര്‍ഷികോത്പന്നങ്ങളുടെ തടസങ്ങള്‍ നീക്കാന്‍ ഇന്ത്യ സമ്മതിച്ചിട്ടുണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നുണ്ടെന്നും ജനിതകമാറ്റംവരുത്തിയ വിളകളുടെയും (ജിഎം ക്രോപ്സ്) പാലുത്പന്നങ്ങളുടെയും തടസമല്ലെങ്കില്‍ പിന്നെന്താണ് യഥാര്‍ഥത്തില്‍ ഇത് അര്‍ഥമാക്കുന്നതെന്ന് ജയ്റാം ചോദിച്ചു.
കാര്‍ഷികമേഖലയില്‍ ഒരിളവും തുറന്നുകൊടുത്തിട്ടില്ലെന്ന് വാണിജ്യമന്ത്രി പീയുഷ് ഗോയല്‍ അവകാശപ്പെട്ടത് കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാനാണെന്നും യഥാര്‍ഥത്തില്‍ ഉയര്‍ന്ന സബ്സിഡിയുള്ള ഉത്പന്നങ്ങള്‍ ഇന്ത്യന്‍ വ്യാപാരങ്ങളിലേക്ക് കടന്നുവരുന്നതിനും വിലകള്‍ തകരുന്നതിനും കരാര്‍ കാരണമാകുമെന്നും അഖിലേന്ത്യാ കിസാന്‍ സഭ പ്രസ്താവനയിൽ പറഞ്ഞു.
കരാറിലൂടെ ഇന്ത്യക്ക് അമേരിക്ക 18 ശതമാനം തീരുവ ചുമത്തുന്നതും തിരിച്ച് ഇന്ത്യ അമേരിക്കക്ക് പൂജ്യം ശതമാനം തീരുവ ചുമത്തുന്നതും സ്വതന്ത്ര വ്യാപാരമല്ലെന്നായിരുന്നു സംയുക്ത കിസാന്‍ മോര്‍ച്ചയുടെ വിമര്‍ശനം. കരാറിനെതിരേ അഖിലേന്ത്യാ കിസാന്‍ സഭയും സംയുക്ത കിസാന്‍ മോര്‍ച്ചയും ഈ മാസം 12ന് പൊതുസമരം നടത്തുമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്.
National
ന്യൂഡൽഹി: നന്ദി പ്രമേയ ചർച്ചയിൽ പ്രസംഗിക്കാൻ ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്താത്തതിൽ വിശദീകരണവുമായി സ്പീക്കർ ഓംബിർള. പ്രധാനമന്ത്രി എത്തിയാൽ അദ്ദേഹത്തെ ആക്രമിക്കാൻ പ്രതിപക്ഷം പദ്ധതിയിട്ടിരുന്നു.
ഇത് അറിഞ്ഞ് താനാണ് മാറി നില്ക്കാൻ മോദിയോട് നിർദ്ദേശിച്ചതെന്നും സ്പീക്കർ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിന് അടുത്തേക്ക് വനിതാ എംപിമാർ നീങ്ങിയത് കണ്ടപ്പോൾ താനറിഞ്ഞത് സത്യമാണെന്ന് മനസിലായെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി.
എന്നാൽ സ്പീക്കറുടെ പരാമർശത്തിൽ വസ്തുതയില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. നന്ദി പ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രി മറുപടി നൽകുമെന്ന് സർക്കാർ അറിയിച്ചിരുന്നു. അതേസമയം നന്ദിപ്രമേയം മറുപടിയില്ലാതെ ഇന്ന് പാസാക്കി.
നരേന്ദ്ര മോദി അധികാരമേറ്റ ശേഷം ഇതാദ്യമായാണ് നന്ദിപ്രമേയം മറുപടിയില്ലാതെ പാസാക്കേണ്ടി വന്നത്. മോദി സ്പീക്കർക്ക് പിന്നിൽ ഒളിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. രണ്ടു സ്ത്രീകൾ മുന്നിൽ വന്ന് നിന്നതു കൊണ്ട് പ്രധാനമന്ത്രി ഭയന്ന് മാറി നില്‍ക്കുമോയെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു.
എന്നാൽ ഇതിനെക്കുറിച്ച് പ്രതികരിക്കാൻ പ്രധാനമന്ത്രി തയാറായില്ല. ഇന്ദിര ഗാന്ധിയേയും സോണിയ ഗാന്ധിയേയും അപമാനിച്ച നിഷികാന്ത് ദുബെക്കെതിരെയാണ് എംപിമാർ പ്രതിഷേധിച്ചതെന്ന് കോൺഗ്രസ് വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്ന് ഹൈക്കോടതി ശരിവച്ച പശ്ചാത്തലത്തിൽ പ്രതിപക്ഷം ജനങ്ങളോട് മാപ്പു പറയണമെന്ന് മന്ത്രി പി. രാജീവ്.
അന്വേഷണത്തെയടക്കം വിമർശിച്ചാണ് പ്രതിപക്ഷം നിയമസഭ ബജറ്റ് സമ്മേളനം അലങ്കോലപ്പെടുത്തിയത്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെല്ലാം തേഞ്ഞുടഞ്ഞ് തകർന്നു പോയി. ഹൈക്കോടതിയുടെ നിരീക്ഷണം വന്ന പശ്ചാത്തലത്തിൽ പ്രതിപക്ഷം ഇനി എന്തായുധമാണ് പ്രയോഗിക്കാൻ പോകുന്നതെന്നറിയാൻ കാത്തിരിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരള വനം-വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിന്മേൽ ഗവർണർ അനുകൂലമായ സമീപനം സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാടിന്റെ പൊതുവായ താത്പര്യം മുൻനിർത്തിയാണ് സർക്കാർ നിയമത്തിൽ ഭേദഗതി കൊണ്ടുവന്നതെന്നും രാജീവ് വ്യക്തമാക്കി.
National
ന്യൂഡൽഹി: ലോക്സഭയിൽ ഇന്ത്യ-അമേരിക്ക വ്യാപാര കരാർ വിശദീകരിച്ച് കേന്ദ്ര വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി പീയുഷ് ഗോയൽ. പ്രതിപക്ഷ ബഹളത്തിനിടെയാണ് അദ്ദേഹം കരാർ വിശദീകരിച്ചത്.
140 കോടി ജനങ്ങൾക്ക് വേണ്ടി ഊർജ സുരക്ഷ ഉറപ്പാക്കാൻ കരാറിലൂടെ സാധിക്കും. കാർഷിക മേഖലയുടെയും ക്ഷീരമേഖലയുടെയും താൽപര്യങ്ങൾ ഹനിക്കില്ല. രാജ്യത്തിന്റെ ഊർജ സുരക്ഷ ഉറപ്പാക്കലാണ് കരാറിന്റെ പ്രധാന ലക്ഷ്യമെന്നും പീയുഷ് ഗോയൽ പറഞ്ഞു.
കരാർ, രാജ്യത്തിന്റെ കയറ്റുമതി രംഗത്തിന് ഗുണം ചെയ്യും. മെയ്ക്ക് ഇൻ ഇന്ത്യ, ഡിസൈൻ ഇൻ ഇന്ത്യ പോലുള്ള പദ്ധതികളെ ആഗോള തലത്തിൽ പ്രോത്സാഹിപ്പിക്കും. കർഷകർക്കും ചെറുകിട വ്യാപാരികൾക്കും ഗുണകരമാകുന്നതാണ് കരാർ. രണ്ട് സാമ്പത്തിക ശക്തികൾ തമ്മിലുള്ള കരാറാണിതെന്നും പീയുഷ് ഗോയൽ പറഞ്ഞി.
കൂടാതെ, ഇന്ത്യയ്ക്ക് മേലുള്ള യുഎസ് തീരുവ മറ്റ് രാജ്യങ്ങളെക്കാൾ കുറവാണെന്ന് പീയുഷ് ഗോയൽ വ്യക്തമാക്കി.
അതേസമയം, പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. പിഎം കോംപ്രമൈസ്ഡ് എന്നെഴുതിയ പോസ്റ്ററുകളുമായെത്തിയ പ്രതിപക്ഷ അംഗങ്ങൾ സറണ്ടർ മോദിയെന്ന് മുദ്രാവാക്യം വിളിച്ചു.
Kerala
തിരുവനന്തപുരം: നിയമസഭയ്ക്കുള്ളിലും പുറത്തും പ്രതിപക്ഷത്തിനു വ്യത്യസ്ത നിലപാടുകളാണെന്ന് മന്ത്രി പി. രാജീവ്.
ശബരിമല വിഷയത്തിൽ സർക്കാർ ചർച്ച നടത്താൻ തയാറാണെങ്കിലും അടിയന്തര പ്രമേയ നോട്ടീസ് നൽകാൻ പ്രതിപക്ഷം തയാറാകുന്നില്ല.
സഭയിൽ ഉന്നയിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ചർച്ച നടത്താൻ അനുവദിക്കില്ല. പിന്നീടു പുറത്തുവന്ന് അടിസ്ഥാനരഹിതമായ കാര്യങ്ങൾ ആധികാരികമായി അവതരിപ്പിക്കുമെന്നും പി. രാജീവ് വിമര്‍ശിച്ചു.
Kerala
തിരുവനന്തപുരം: ബജറ്റ് കേരളത്തിന്റെ മുഖം തന്നെ മാറ്റി മറിക്കുന്നതിന് പര്യാപ്തമായ വിധത്തിലുള്ളതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എന്നാല്‍ ഇവയൊന്നും ചര്‍ച്ച ചെയ്യാൻപോലും പ്രതിപക്ഷത്തിന് ത്രാണിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.
ബജറ്റിനെ സംബന്ധിച്ച് പ്രായോഗികമല്ല എന്നാണ് പ്രതിപക്ഷം ആകെ പറഞ്ഞ പ്രയോഗം. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബജറ്റിന്റെ ഘട്ടത്തിലും ഇത്തരത്തിലുള്ള പ്രസ്താവന തന്നെയാണ് അന്നത്തെ പ്രതിപക്ഷ നേതാവ് നടത്തിയിട്ടുള്ളത്. ബജറ്റിന്റെ ജനകീയമുഖം പ്രതിപക്ഷത്തിന് മനസിലാക്കാൻ പോലും സാധിക്കുന്നില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി ശ്വാസം മുട്ടിക്കുമ്പോഴും സ്വന്തം വഴിയിലൂടെ കേരളം മുന്നേറുമെന്നതിനുള്ള നേര് സാക്ഷ്യപത്രമാണ് ഈ ബജറ്റ്. പാവപ്പെട്ട ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്ന നിലപാടുകളാണ് ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതെന്നും ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആഗോളവല്‍ക്കരണ നയങ്ങളുടെ ഭാഗമായി കേരളത്തിലെ 30 ശതമാനത്തോളം വരുന്ന ജനതയുടെ ജീവിതം താരതമ്യേന പിറകോട്ട് പോകുന്ന സാഹചര്യത്തിലൂടെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.
ഏറ്റവും പിന്നണിയിൽ നിൽക്കുന്ന ജനതയെ കൈപിടിച്ചുയര്‍ത്തുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്. അതിദാരിദ്ര്യം അവസാനിപ്പിച്ച കേരളം ദാരിദ്യം തന്നെ അവസാനിപ്പിക്കുന്നതിനായി പുതിയ നിലപാടുകൾ സ്വീകരിച്ച് മുന്നോട്ടുപോകുകയാണ്. ഇടതുപക്ഷ ബദൽ എന്താണെന്നതിന്റെ കൃത്യമായ അടയാളപ്പെടുത്തലാണ് ഈ ബജറ്റെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Leader Page
ഈയിടെ പൂർത്തിയായ പഞ്ചായത്ത്-മുനിസിപ്പൽ തെരഞ്ഞെടുപ്പു ഫലം നമ്മുടെ പത്രങ്ങൾ ജനങ്ങളെ അറിയിച്ചത് താഴെക്കൊടുത്തിരിക്കുന്നതുപോലുള്ള തലക്കെട്ടുകളിലൂടെയായിരുന്നു.
തിരുവനന്തപുരം ബിജെപി പിടിച്ചു, 50 കൊല്ലത്തെ ഇടതുഭരണത്തിന് അന്ത്യം
പാലാ നഗരസഭ: കേരള കോൺഗ്രസ്-എം ചരിത്രത്തിലാദ്യമായി പ്രതിപക്ഷത്ത്
തൃപ്പൂണിത്തുറ: ജില്ലയിൽ ബിജെപി ഭരിക്കുന്ന ആദ്യ മുനിസിപ്പാലിറ്റി
പക്ഷേ, ഈ തലക്കെട്ടുകളെല്ലാം നമ്മുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണക്രമത്തെപ്പറ്റി അറിയാൻ പാടില്ലാത്ത സാധാരണ പത്രവായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നവയായിരുന്നു.
നിലവിലുള്ള നിയമമനുസരിച്ച് നമ്മുടെ നഗരസഭകളിലും പഞ്ചായത്തുകളിലും ഭരണപക്ഷവുമില്ല, പ്രതിപക്ഷവുമില്ല. തെരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരും പഞ്ചായത്ത് മെംബർമാരും അവിടെയുണ്ട്. അവരെല്ലാവരും ചേർന്ന് ഭരണം നടത്തുന്നു. എല്ലാ അംഗങ്ങളും തീരുമാനങ്ങളെടുക്കുന്നതിൽ പങ്കാളികളാണ്. അപ്പോൾ എല്ലാ അംഗങ്ങളും ഭരണപക്ഷത്തല്ലേ?
ഈ കാര്യം ഒന്നുകൂടി വിശദീകരിക്കട്ടെ
നമ്മുടെ ഇന്ത്യാ മഹാരാജ്യത്ത് മൂന്നു തലത്തിലാണ് സർക്കാരുകൾ പ്രവർത്തിക്കുന്നത്. ഒന്നാം തലത്തിലുള്ള സർക്കാരാണ് കേന്ദ്രസർക്കാർ. അവിടെ ലോക്സഭയിൽ ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണയുള്ള പാർട്ടിയുടെ നേതാവ് പ്രധാനമന്ത്രിയായി പ്രവർത്തിക്കുന്നു. അദ്ദേഹത്തിന്റെ കൂടെ നിൽക്കുന്ന കക്ഷികളുടെ പ്രധാന നേതാക്കളെ അദ്ദേഹത്തിന്റെ ശിപാർശപ്രകാരം മന്ത്രിമാരായി നിയമിക്കുന്നു. ഓരോ മന്ത്രിക്കും ചില വകുപ്പുകളുടെ ഭരണച്ചുമതല ഏല്പിച്ചുനൽകുന്നു. ഇങ്ങനെ ഭരണച്ചുമതലയുള്ള മന്ത്രിമാരുടെ പാർട്ടിയിലെ എംപിമാരെല്ലാം അവിടെ ഭരണകക്ഷി അംഗങ്ങൾ. അതേസമയം ഭൂരിപക്ഷമില്ലാത്ത കക്ഷികൾക്ക് ഭരണച്ചുമതല, അധികാരം ഒട്ടുമില്ല. അവരെല്ലാം പ്രതിപക്ഷം. ഭരണം നടത്തുന്നവരുടെ നടപടികളും തീരുമാനങ്ങളുമെല്ലാം നിരീക്ഷിച്ച് കുറ്റവും കുറവുകളുമെല്ലാം ഉയർത്തിക്കാട്ടി ഭരണക്കാരുടെ തെറ്റു തിരുത്താൻ ശ്രമിക്കുകയാണ് അവരുടെ ദൗത്യം.
രണ്ടാം തലത്തിലുള്ള സർക്കാരാണ് ഓരോ സംസ്ഥാനവും ഭരിക്കുന്ന സംസ്ഥാന സർക്കാർ. സംസ്ഥാന നിയമസഭയിൽ ഭൂരിപക്ഷമുള്ള കക്ഷിയുടെയോ മുന്നണിയുടെയോ നേതാവ് മുഖ്യമന്ത്രിയാകുന്നു. ആ കക്ഷിക്കാരായ നേതാക്കൾ ചിലരെ വിവിധ വകുപ്പുകളുടെ ചുമതലക്കാരായ മന്ത്രിമാരായി നിയമിക്കുന്നു. ഇങ്ങനെ ഭൂരിപക്ഷമുന്നണിക്കാരെല്ലാം ഭരണപക്ഷത്ത്. തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കിട്ടാതെ പോയ പാർട്ടിയും മുന്നണിയും പ്രതിപക്ഷത്ത്. അവർക്ക് ഭരണത്തിൽ, തീരുമാനം എടുക്കുന്നതിൽ കൈയൊന്നുമില്ല. പക്ഷേ എടുക്കാൻ ഉദ്ദേശിക്കുന്നതും എടുത്തുകഴിഞ്ഞതുമായ തീരുമാനങ്ങളെ എതിർക്കാം. തിരുത്തലുകൾ നിർദേശിക്കാം. വിമർശനങ്ങൾ ഉയർത്താം.
പ്രതിപക്ഷത്ത് ഇരിക്കുന്ന കൂട്ടർക്ക് ബ്രിട്ടീഷ് മാതൃകയിൽ ‘ഷാഡോ കാബിനറ്റ്’ (നിഴൽ മന്ത്രിസഭ) രൂപീകരിക്കാം. ഓരോ വകുപ്പിന്റെയും ‘ഷാഡോ മന്ത്രി’ ആ വകുപ്പുകളുടെ പ്രവർത്തനത്തെ സൂക്ഷ്മമായി നിരീക്ഷിച്ച് വിമർശന ശരങ്ങൾ തൊടുക്കാം. ക്രിയാത്മക നിർദേശങ്ങൾ മുന്‍പോട്ടു വയ്ക്കാം. അപ്പോൾ ആദ്യ രണ്ട് തലങ്ങളിലുള്ള സർക്കാരുകളിൽ, അധികാരത്തിലുള്ളവർ ഭരണപക്ഷമായും അധികാരമില്ലാത്തവർ പ്രതിപക്ഷമായും പ്രവർത്തിക്കുന്നു.
ഇനി മൂന്നാം തലത്തിലെ സർക്കാരുകളായ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും എങ്ങനെയാണ് ഭരണം നടക്കുന്നത് എന്ന് പരിശോധിക്കാം.
ഈ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അംഗങ്ങളുടെ യോഗത്തിൽ അധ്യക്ഷപദവി അലങ്കരിക്കാനായി കോർപറേഷനിൽ ഒരു മേയറെയും മുനിസിപ്പാലിറ്റികളിൽ ഒരു ചെയർമാനെയും പഞ്ചായത്തുകളിൽ ഒരു പ്രസിഡന്റിനെയും തെരഞ്ഞെടുക്കുന്നു. അതോടൊപ്പം ഒരു ഡെപ്യൂട്ടി മേയർ, വൈസ് ചെയർമാൻ, വൈസ് പ്രസിഡന്റ് എന്നിവരെയും അംഗങ്ങൾ ചേർന്ന് വോട്ടെടുപ്പ് നടത്തി തെരഞ്ഞെടുക്കുന്നു. പക്ഷേ ഈ മേയർ, മുനിസിപ്പൽ ചെയർമാൻ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ പ്രധാന ജോലി, തെരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരുടെ (പഞ്ചായത്ത് അംഗങ്ങളുടെ) യോഗത്തിൽ, (നിയമസഭകളിൽ സ്പീക്കർ ചെയ്യുന്നതു പോലെ) അധ്യ ക്ഷത വഹിച്ച്, സഭാ നടപടികൾ നിയന്ത്രിക്കുക എന്നതാണ്. ഒന്നാംതല സർക്കാരിലെ പ്രധാനമന്ത്രിയുടെയോ രണ്ടാംതല സർക്കാരിലെ മുഖ്യമന്ത്രിയുടെയോ അധികാരങ്ങൾ മൂന്നാംതല സർക്കാരിലെ മേയർക്കോ മുനിസിപ്പൽ ചെയർമാനോ പഞ്ചായത്ത് പ്രസിഡന്റിനോ നൽകിയിട്ടില്ല. ഈ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ മന്ത്രിസഭയോ മന്ത്രിമാരോ ഇല്ല. അവിടെ വിവിധ വകുപ്പുകളുടെ ചുമതല വഹിക്കുന്നത് സ്റ്റാൻഡിംഗ് കമ്മിറ്റികൾ, അതത് സ്ഥിരം സമിതികളാണ്.
സ്ഥിരം സമിതികൾ ഫിനാൻസ് (ധനകാര്യം), നികുതി അപ്പീൽ, മരാമത്ത്, ആരോഗ്യം/ മാലിന്യ സംസ്കരണം, വിദ്യാഭ്യാസം, വെൽഫെയൽ, ടൗൺ പ്ലാനിംഗ് എന്നിങ്ങനെ ഓരോ വകുപ്പിന്റെയും ചുമതല വഹിക്കുന്നു. ഓരോ സ്ഥിരം സമിതിയിലും ഏഴോ, എട്ടോ അംഗങ്ങൾ ഉണ്ടായിരിക്കും. ഓരോ കൗൺസിലറും ഓരോ പഞ്ചായത്ത് മെംബറും ഏതെങ്കിലും ഒരു സ്ഥിരം സമിതിയിൽ അംഗമായിരിക്കും. അതേസമയം, ഒരു മെംബറും കൗൺസിലറും ഒന്നിൽക്കൂടുതൽ സ്ഥിരം സമിതികളിൽ അംഗമായിരിക്കാൻ പാടില്ല. അപ്പോൾ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന എല്ലാ കൗൺസിലർമാരും പഞ്ചായത്ത് മെംബർമാരും ഏതെങ്കിലും ഒരു വകുപ്പിന്റെ ഭരണത്തിൽ പങ്കാളിയാകുന്നു. ഇങ്ങനെ ഭരണത്തിൽ പങ്കെടുത്ത് തീരുമാനങ്ങളെടുക്കുന്നവർ എങ്ങനെയാണ് പ്രതിപക്ഷമാകുന്നത്? അപ്പോൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ എല്ലാ അംഗങ്ങളും ചേർന്ന് ഭരണം നടത്തുന്നു. അവിടെ ഭരണപക്ഷവും പ്രതിപക്ഷവും ഇല്ല എന്നതു വ്യക്തമാണല്ലോ.
വോട്ടില്ലാത്ത അംഗങ്ങള്‍
മിക്ക നഗരസഭകളിലും പഞ്ചായത്തുകളിലും ഓരോ സ്ഥിരം സമിതിയിലും മേയറിന്റെ അല്ലെങ്കിൽ പ്രസിഡന്റിന്റെ പാർട്ടിക്കാരും അദ്ദേഹത്തെ എതിർക്കുന്ന പാർട്ടിക്കാരുമായ കൗൺസിലർമാരും പഞ്ചായത്ത് മെംബർമാരും അംഗത്വം വഹിക്കുന്നുണ്ട്. അപ്പോൾ മന്ത്രിയുടെ സ്ഥാനത്തുള്ള സ്ഥിരം സമിതി മിക്കപ്പോഴും ഏകകണ്ഠമായി തീരുമാനങ്ങളെടുക്കുന്നു. മരാമത്ത് പണികളുടെയും മറ്റും കോൺട്രാക്ട് നൽകുന്നു. അവർ അഴിമതിക്കാരാണെങ്കിൽ കോഴപ്പണം പങ്കിട്ടെടുക്കുന്നു. പുറത്ത്, പാവപ്പെട്ട ജനങ്ങളുടെ മുന്പിൽ ഭരണകക്ഷിയും പ്രതിപക്ഷവുമായി നടിക്കുന്നു. മേയർ, മുനിസിപ്പൽ ചെയർമാൻ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ അതത്, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലുള്ള എല്ലാ സ്ഥിരം സമിതികളിലും അംഗമായിരിക്കും. പക്ഷേ, വോട്ടില്ലാത്ത അംഗമായിരിക്കും.
ഫിനാൻസ് സ്ഥിരം സമിതിയുട നേതൃസ്ഥാനം വഹിക്കുന്നത് ഡെപ്യൂട്ടി മേയർ, വൈസ് ചെയർമാൻ, വൈസ് പ്രസിഡന്റ് എന്നിവരാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ എല്ലാ അധികാരങ്ങളും സ്ഥിരം സമിതികളിൽ നിക്ഷിപ്തമല്ല എന്നത് മറ്റൊരു പ്രധാന കാര്യമാണ്. അവിടെ പല വിഷയങ്ങളിലും തീരുമാനം എടുക്കേണ്ടത്, അടിസ്ഥാനതലത്തിൽ, ജനങ്ങളാണ്. ഇതിനുവേണ്ടി മൂന്നു മാസത്തിലൊരിക്കൽ പഞ്ചായത്തുകളിൽ വാർഡ് സഭ കൂടണം. വാർഡ് സഭയിലെ അംഗങ്ങൾ, ആ വാർഡിലുള്ള മുഴുവൻ വോട്ടോർമാരുമാണ്. വാർഡ് സഭ വിളിച്ചുകൂട്ടേണ്ടതും ആ യോഗത്തിൽ അധ്യക്ഷം വഹിക്കേണ്ടതും വാർഡ് മെംബറാണ്.
നഗരസഭകളിൽ ഓരോ വാർഡിലും വളരെക്കൂടുതൽ വോട്ടർമാർ ഉണ്ടായിരിക്കുമല്ലോ. അതുകൊണ്ട് നഗരസഭകളിൽ വാർഡ് സഭയ്ക്കു പകരം വാർഡ് കമ്മിറ്റികളാണ് കൂടേണ്ടത്. വാർഡ് കമ്മിറ്റി രൂപീകരിക്കാനുള്ള ദൗത്യം വാർഡ് കൗൺസിലറെയാണ് ഏല്പിച്ചിരിക്കുന്നത്. ഈ വാർഡ് കമ്മിറ്റിയിൽ ഉൾപ്പെടുത്തേണ്ടത് ആരെയെല്ലാം എന്ന് നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. വാർഡിലെ റെസിഡന്റ്സ് അസോസിയേഷനുകളുടെ പ്രതിനിധികളായ 15 പേർ, വാർഡിലെ അയൽക്കൂട്ടങ്ങളുടെ പ്രതിനിധികളായ 20 പേർ, നഗരസഭയിൽ അംഗത്വമുള്ള രാഷ്ട്രീയപാർട്ടികളുടെ ഓരോ പ്രതിനിധി, വാർഡിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലവന്മാർ, വാർഡിലെ സാംസ്കാരിക സമിതികൾ, വ്യവസായസ്ഥാപനങ്ങൾ, മറ്റ് സന്നദ്ധസേവനാസംഘങ്ങൾ, ഇവരുടെ പ്രതിനിധികളായ പത്തുപേർ.
വ്യക്തമായ വ്യവസ്ഥ
നഗരസഭയിലെ വാർഡ് കമ്മിറ്റികളും പഞ്ചായത്തുകളിലെ വാർഡ് സഭകളും മൂന്നുമാസത്തിലൊരിക്കൽ കൂടുന്പോൾ ചർച്ച ചെയ്തു തീരുമാനിക്കേണ്ട വിഷയങ്ങളും കേരള മുനസിപ്പാലിറ്റി നിയമത്തിലും കേരള പഞ്ചായത്ത് നിയമത്തിലും വ്യക്തമായി വ്യവസ്ഥ ചെയ്തിട്ടുണ്ട്.
വാർഡിലെ നികുതി നിർണയം, നികുതി പിരിവ്, വാർഡിലെ വികസന പദ്ധതികളുടെ നടത്തിപ്പ്, വാർഡിൽ താമസിക്കുന്നവരും സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളുമായ വ്യക്തികളുടെ സാന്പത്തികസ്ഥിതി, പെൻഷൻ, മറ്റാനുകൂല്യങ്ങൾ എന്നിവ ലഭിച്ചുകൊണ്ടിരിക്കുന്നവരുടെ അർഹത, പുതിയ പദ്ധതികൾക്ക് അപേക്ഷ നൽകിയിരിക്കുന്ന വാർഡ് നിവാസികളായവരുടെ അപേക്ഷകൾ പരിശോധിച്ച് അർഹതയുള്ളവരെ തെരഞ്ഞെടുത്ത്, മുൻഗണനാക്രമം നിർണയിച്ച് പട്ടിക തയാറാക്കൽ, വാർഡിൽ നടപ്പാക്കേണ്ട വികസന പദ്ധതികൾ മുൻഗണനയനുസരിച്ച് തയാറാക്കൽ, അവയുടെ എസ്റ്റിമേറ്റ് പരിശോധന, നടത്തിപ്പ് സുതാര്യമായി, കാര്യക്ഷമമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തൽ ഇവയെല്ലാമാണ്.
ഭരണഘടനയുടെ 73, 74 ഭേദഗതികൾവഴി അടിസ്ഥാനതലത്തിലേക്ക് ജനാധിപത്യത്തെ കൊണ്ടുചെന്നെത്തിക്കാൻ പഞ്ചായത്തിലെ വാർഡുസഭയും നഗരസഭകളിലെ വാർഡ് കമ്മിറ്റിയും സജീവമായി പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്. ഈ നിയമവ്യവസ്ഥ ആത്മാർത്ഥമായി നടപ്പാക്കാനുള്ള ചുമതല, നിയമം ഏൽപിച്ചുകൊടുത്തിരിക്കുന്നത് വാർഡ് മെംബർക്കാണ്. 30 കൊല്ലം മുന്‍പ് ഈ ഭരണഘടനാ ഭേദഗതി നടപ്പിലാക്കിയ കാലത്ത് മൂന്ന് മാസത്തിലൊരിക്കൽ വാർഡ് സഭ, വാർഡ് കമ്മിറ്റി വിളിച്ചുകൂട്ടാൻ തയാറാകാത്ത കൗൺസിലർമാരെ പിരിച്ചുവിടാനുള്ള വ്യവസ്ഥ കർശനമായി നടപ്പാക്കിയത് ഓർമിക്കുന്നു. പക്ഷേ, പിന്നീട് കേരള സർക്കാർ, ഈ കുറ്റത്തിന് ലഘുവായ ശിക്ഷകൾ നൽകുന്നതിനായി ഈ നിയമം ഭേദഗതി ചെയ്തു. പലപ്പോഴും നമ്മുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഈ ‘മൂന്നു മാസ വാർഡ് സഭാ യോഗം’ നടത്തിയതായി രേഖകൾ സൃഷ്ടിച്ച് കൗൺസിലർമാരും വാർഡ് മെംബർമാരും ശിക്ഷയിൽനിന്നു രക്ഷപ്പെടുകയും ചെയ്യുന്നു. ഓരോ വാർഡിലുമുള്ള ജനങ്ങൾ അവരുടെ അവകാശം സ്ഥാപിച്ചുകിട്ടാൻ വേണ്ടി, ഉണർന്നു പ്രവർത്തിച്ചാൽ ഈ ക്രമക്കേട് ഒഴിവാക്കാം.
വോട്ടർമാർക്ക് പങ്കാളിത്തം
അപ്പോൾ, നഗരസഭാ നിയമവും പഞ്ചായത്ത് നിയമവും പ്രധാന തീരുമാനങ്ങളെടുക്കുന്പോൾ അടിസ്ഥാനതലത്തിലുള്ള വോട്ടർമാർക്ക് നേരിട്ടു പങ്കെടുക്കാനുള്ള അവസരം നല്കുന്നു. അതുപോലെതന്നെ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും തെരഞ്ഞെടുക്കപ്പെടുന്ന ഓരോ മെംബറും കൗൺസിലറും ഏതെങ്കിലും സ്ഥിരം സമിതിയിൽ അംഗമായി തീരുമാനങ്ങൾ എടുക്കുന്നതിൽ ഭാഗഭാക്കാകുന്നു. ഈ വ്യവസ്ഥകളെല്ലാം കാണുന്പോൾ ഒരു കാര്യം വ്യക്തമായി നമുക്ക് മനസിലാകുന്നു: ഈ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ കക്ഷിരാഷ്ട്രീയത്തിന് ഒരു പ്രസക്തിയുമില്ല. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യം മനസിലാക്കിക്കൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കക്ഷിരാഷ്ട്രീയം ഒഴിവാക്കിക്കൊണ്ടുതന്നെയാണ് നടത്തുന്നത്. ഭരണഘടനയുടെ 73, 74 ഭേദഗതി നിയമത്തിന്റെ ലക്ഷ്യവും അതുതന്നെയായിരുന്നല്ലോ. പക്ഷേ, കേരളത്തിൽ മിടുക്കന്മാരായ നമ്മുടെ രാഷ്ട്രീയ നേതാക്കൾ, കക്ഷിരാഷ്ട്രീയ അടിസ്ഥാനത്തിൽതന്നെ ജനങ്ങളെ ബ്രാൻഡ് ചെയ്ത് ഉറപ്പിച്ച് നിർത്താൻ ഒരു തന്ത്രം പ്രയോഗിച്ചു.
പഞ്ചായത്ത്, മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾക്ക് സംസ്ഥാന ഇലക്ഷൻ കമ്മീഷൻ തയാറാക്കിയിരിക്കുന്ന ലിസ്റ്റിലുള്ള ചിഹ്നങ്ങൾ, അവരുടെ ഇഷ്ടമനുസരിച്ച് നൽകണമെന്ന് നമ്മുടെ കേരള മുനിസിപ്പൽ, പഞ്ചായത്ത് ചട്ടങ്ങളിൽ ഒരു ചെറിയ നിബന്ധന എഴുതിച്ചേർക്കുന്നു. രാഷ്ട്രീയ പാർട്ടികളിലെ അംഗങ്ങളായ സ്ഥാനാർഥികൾ, അതത് രാഷ്ട്രീയ പാർട്ടിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച് നൽകിയിട്ടുള്ള ചിഹ്നം ആവശ്യപ്പെട്ടാൽ അത് അവർക്ക് നൽകേണ്ടതാണ്. അതോടെ നമ്മുടെ തദ്ദേശ തെരഞ്ഞെടുപ്പുകളും രാഷ്ട്രീയ അടിസ്ഥാനത്തിലാക്കിയെടുത്തിരിക്കുന്നു!
International
ഒസ്ലോ: പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്ക പിടികൂടിയതിനു പിന്നാലെ രാജ്യത്തിന്റെ അധികാരം ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചു പ്രതിപക്ഷനേതാവ് മരിയ കൊറിന മച്ചാഡോ.
നോർവെയിലെ ഒസ്ലോയിൽ പ്രവാസജീവിതം നയിക്കുന്ന മരിയ എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിലെ പ്രതിപക്ഷസ്ഥാനാർഥി എഡ്മുണ്ടോ ഗോൺസാലെസ് ഉറുട്ടിയ എത്രയും വേഗം പ്രസിഡന്റായി ഭരണഘടനാപരമായ ചുമതല ഏറ്റെടുക്കണമെന്നു മരിയ ആവശ്യപ്പെട്ടു. വെനസ്വേലക്കാർക്കു സ്വാതന്ത്ര്യത്തിന്റെ മണിക്കൂർ സമാഗതമായിരിക്കുകയാണെന്നും അവർ പ്രഖ്യാപിച്ചു.
മഡുറോ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട 2024 ജൂലൈയിലെ വിവാദമായ തെരഞ്ഞെടുപ്പിനെത്തുടർന്ന് പ്രതിപക്ഷനേതാവ് മരിയ കൊറിന മച്ചാഡോ വിദേശത്തു പ്രവാസജീവിതം നയിക്കുകയാണ്.
ആദ്യം അമേരിക്കയിലായിരുന്ന അവർ പിന്നീട് നോർവേയിൽ എത്തുകയായിരുന്നു. 2024ലെ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം അധികാരത്തിലേറുമെന്ന് പൊതുവെ കരുതപ്പെട്ടെങ്കിലും നാഷണൽ ഇലക്ടറൽ കൗൺസിൽ മഡുറോയെ വിജയിയായി പ്രഖ്യാപിച്ചു.
സൈബർ ആക്രമണം മൂലം പോളിംഗ് സ്റ്റേഷനുകളിൽനിന്നുള്ള കൃത്യമായ കണക്ക് ഇലക്ടറൽ കൗൺസിൽ പ്രസിദ്ധീകരിച്ചില്ല. പ്രതിപക്ഷനേതാവ് മരിയ കൊറിന മച്ചാഡോയെ അയോഗ്യയായി പ്രഖ്യാപിച്ചതിനെത്തുടർന്ന് അവസാന നിമിഷമാണു എഡ്മുണ്ടോ ഗോൺസാലെസ് ഉറുട്ടിയയെ പ്രസിഡന്റ് സ്ഥാനാർഥിയായി പ്രതിപക്ഷം പ്രഖ്യാപിച്ചത്.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കൊർപറേഷനിലുണ്ടായ ഫലത്തെക്കുറിച്ച് പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. നഗരസഭയിലെ ജനങ്ങൾ യുഡിഎഫിനെ ഭരണം എൽപ്പിച്ചിട്ടില്ലെന്നും അതിനാൽ തന്നെ ജനവിധി അട്ടിമറിക്കാൻ തങ്ങൾ ശ്രമിക്കില്ലെന്നും മുരളീധരൻ വ്യക്തമാക്കി.
"തിരുവനന്തപുരം കോർപറേഷനിൽ ക്രിയാത്മകമായ പ്രതിപക്ഷമാകും. എന്നും ജനങ്ങൾക്കൊപ്പമുണ്ടാകും. ജനങ്ങളുടെ പ്രശ്നങ്ങൾ എല്ലാം ഏറ്റെടുക്കും.'-മുരളീധരൻ പറഞ്ഞു.
സുരേഷ് ഗോപി എം.പി ആയതുകൊണ്ടാണ് തൃശൂരിൽ യു.ഡി.എഫിന് അനുകൂലമായ സാഹചര്യം ഉണ്ടായത്. ആറ് മാസം കഴിയുമ്പോൾ ജനങ്ങൾ ബിജെപിയെ തിരിച്ചറിയുമെന്നും എൽഡിഎഫിന് ഏക ബദൽ യുഡിഎഫ് മാത്രമാണെന്നും മുരളീധരൻ അവകാശപ്പെട്ടു.
Kerala
കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിനെ ശക്തമായി നേരിടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യുഡിഎഫ് അടിത്തറ വിപുലീകരിക്കുമെന്നും മുന്നണി വിശാലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമാകുമെന്നും സതീശൻ പറഞ്ഞു.
മുന്നണിയിലേയ്ക്ക് കൂടുതൽ ഘടകകക്ഷികളെ കൊണ്ടുവരുന്ന കാര്യം യുഡിഎഫ് ചർച്ച ചെയ്യുമെന്നും സതീശൻ കൂട്ടിച്ചേർത്തു. മുന്നണി രാഷ്ട്രീയത്തിന് പുതിയ മാനങ്ങൾ നൽകുന്ന വിപുലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമായി യുഡിഎഫ് മാറുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഇതിലും വിപുലമായി ശക്തിയോടെയുഡിഎഫ് നിയമസഭതിരഞ്ഞെടുപ്പിനെ നേരിടുമെന്ന് സതീശൻ വ്യക്തമാക്കി
ഈ തിരഞ്ഞെടുപ്പിൽ വിജയിച്ചതുകൊണ്ട് എല്ലാമായി എന്ന് വിചാരിക്കുന്നില്ല. മുന്നണി വിപുലീകരിക്കും. എൽഡിഎഫിൽ നിന്നും, എൻഡിഎ യിൽ നിന്നും ഇതിലൊന്നും പെടാത്തവരും മുന്നണിയിൽ ഉണ്ടാകുമെന്നും വി.ഡി. സതീശൻ കോട്ടയത്ത് പ്രതികരിച്ചു.
Kerala
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ നല്ല കമ്മ്യൂണിസ്റ്റുകാർ വോട്ട് ചെയ്തത് യുഡിഎഫിനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നല്ല കമ്മ്യൂണിസ്റ്റുകാരെ എവിടെ കണ്ടാലും ചിരിക്കണമെന്നും പ്രതിപക്ഷ നേതാവ് അണികളോട് ആവശ്യപ്പെട്ടു.
എറണാകുളത്ത് പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകിയ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ല കമ്മ്യൂണിസ്റ്റുകാരുടെ ഇനിയുള്ള പ്രതീക്ഷ യുഡിഎഫ് ആണെന്നും അവരെ കൂടി ഉൾക്കൊള്ളുന്ന പൊളിറ്റിക്കൽ പ്ലാറ്റ്ഫോമായി യുഡിഎഫ് മാറിയെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മിഷൻ 25ന്റെ എഴുപത് ശതമാനം ലക്ഷ്യം മാത്രമാണ് പൂർത്തീകരിക്കാനായത്. 100 ശതമാനം ലക്ഷ്യം കൈവരിച്ചിരുന്നെങ്കിൽ ഇതാകുമായിരുന്നില്ല ഫലമെന്നും സതീശൻ പറഞ്ഞു.
National
ന്യൂഡൽഹി: രാജ്യത്തെ മലിനീകരണത്തിനെതിരെ പാർലമെന്റിൽ ശബ്ദമുയർത്തി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മലിനീകരണത്തിനെതിരെ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചു പ്രവർത്തിക്കണമെന്നാണ് രാഹുലിന്റെ നിർദേശം.
മലിനീകരണമെന്നത് പ്രത്യയശാസ്ത്രപ്രശ്നമല്ലെന്നും സർക്കാരിനും പ്രതിപക്ഷത്തിനും ഇക്കാര്യത്തിൽ പൂർണ ഒത്തുതീർപ്പിലെത്താൻ കഴിയുമെന്നും രാഹുൽ ലോക്സഭയുടെ ശൂന്യവേളയിൽ പറഞ്ഞു.
രാജ്യത്തെ പ്രധാന നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ ആവരണത്തിനടിയിലാണെന്നും ലക്ഷക്കണക്കിന് കുട്ടികൾക്ക് ശ്വാസകോശ രോഗങ്ങൾ പിടിപെട്ടെന്നും ഭാവി നശിപ്പിക്കപ്പെട്ടെന്നും ആളുകൾക്ക് അർബുദം പിടിപ്പെടുന്നുവെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
നമ്മുടെ നഗരങ്ങളിൽനിന്ന് മലിനീകരണത്തെ നീക്കം ചെയ്യാൻ സർക്കാർ ഒരു പദ്ധതി തയാറാക്കേണ്ടത് അനിവാര്യമാണെന്നും അത്തരമൊരു പദ്ധതി വികസിപ്പിക്കാനായി സർക്കാരിനോട് സഹകരിക്കാൻ ഞങ്ങൾക്ക് സന്തോഷം മാത്രമേയുള്ളൂവെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
സർക്കാരിനും മുഴുവൻ പ്രതിപക്ഷത്തിനും ധാരണയിലെത്താൻ കഴിയുന്ന അധികം വിഷയങ്ങളില്ലെന്നും പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും ഒരുമിച്ചു പ്രവർത്തിക്കാൻ കഴിയുമെന്ന് രാജ്യത്തെ കാണിക്കാൻ കഴിയുന്ന വിഷയമാണ് മലിനീകരണമെന്നും രാഹുൽ പറഞ്ഞു.
വിഷയത്തിൽ സർക്കാർ പാർലമെന്റിൽ ചർച്ച നടത്തണമെന്നും ഭരണപക്ഷവും പ്രതിപക്ഷവും പരസ്പരം പഴിചാരാതെയുള്ള ഒരു ചർച്ചയാക്കി മാറ്റാൻ ശ്രമിക്കണമെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
ഇതിനു ശേഷം പ്രധാനമന്ത്രി ഓരോ നഗരങ്ങൾക്കും ഒരു പദ്ധതി മുന്നോട്ടുവെക്കണമെന്നും ഇതിലൂടെ മലിനീകരണം പൂർണമായും പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിലും നമ്മുടെ ജനങ്ങളുടെ ജീവിതം കൂടുതൽ സുഗമമാക്കാൻ കഴിയുമെന്ന് രാഹുൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ സംസ്ഥാന സര്‍ക്കാർ എന്നും അതിജീവിതയ്ക്കൊപ്പമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. ഇക്കാര്യം മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
പോലീസ് അന്വേഷണം ആരംഭിച്ചതു മുതല്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണു കേസ് ഓരോ ഘട്ടത്തിലും മുന്നോട്ടുപോയത്. ഇത് ഏതെങ്കിലും വ്യക്തിയോടുള്ള വിരോധം തീര്‍ക്കലല്ല, മറിച്ച് നീതി നടപ്പാക്കലാണ്.
സ്വന്തം തോന്നലുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്ക്കെതിരേ ഗൂഢാലോചന ആരോപിക്കുന്നത് അംഗീകരിക്കാനാവില്ല. ഈ വിഷയത്തില്‍ യുഡിഎഫ് കണ്‍വീനര്‍ നടത്തിയ പ്രസ്താവന അവരുടെ രാഷ്ട്രീയ പാപ്പരത്തമാണു വെളിവാക്കുന്നത്. വിധിയുടെ പകര്‍പ്പു ലഭിച്ചശേഷം നിയമപരമായ പരിശോധനകള്‍ നടത്തി സര്‍ക്കാര്‍ ഉചിതമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
നാടിന്റെ വികസനത്തെയും ജനങ്ങളുടെ ക്ഷേമത്തെയും സംബന്ധിച്ച് മുഖ്യമന്ത്രി ഉന്നയിച്ച 13 സുപ്രധാന ചോദ്യങ്ങള്‍ക്കു മുന്നില്‍ ഉത്തരംമുട്ടി നില്‍ക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെന്നും മന്ത്രി പറഞ്ഞു. വികസന കാര്യങ്ങളില്‍ മറുപടിയില്ലാത്തതുകൊണ്ടാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ വിചിത്രമായ ന്യായങ്ങള്‍ നിരത്തിയും പരമാബദ്ധങ്ങള്‍ പറഞ്ഞും അദ്ദേഹം ജനശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുന്നത്.
കേരളത്തിന്റെ മുഖച്ഛായ മാറ്റിയ വന്‍കിട പദ്ധതികളെ കണ്ണടച്ചെതിര്ത്ത ചരിത്രമാണ് യുഡിഎഫിന്റേതെന്നും മന്ത്രി പറഞ്ഞു.
Kerala
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിച്ച വിഷയങ്ങളിലെല്ലാം പരസ്യ സംവാദത്തിന് താന്‍ തയാറാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്ഥലവും സമയവും മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും സതീശൻ പറഞ്ഞു.
ശബരിമല സ്വർണക്കൊള്ളയിൽ രണ്ട് സിപിഎം നേതാക്കൾ ജയിലിലാണെന്ന് മുഖ്യമന്ത്രിയെ വിനയത്തോടെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് സതീശൻ പ്രസ്താവന തുടങ്ങിയത്. രാഹുൽ മാങ്കൂട്ടത്തിനെതിരായ പീഡന പരാതിയിൽ രാജ്യത്ത് ഒരു പാര്‍ട്ടിയും ഇന്നേവരെ സ്വീകരിച്ചിട്ടില്ലാത്ത നിലപാടെടുത്ത് തല ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് കേരളത്തില്‍ നില്‍ക്കുന്നതെന്നും സതീശൻ പറഞ്ഞു.
ലൈംഗിക ആരോപണ കേസില്‍ ഉള്‍പ്പെട്ട രണ്ടു പേര് ഇപ്പോഴും മുഖ്യമന്ത്രിയോടൊപ്പമില്ലെയെന്നും ആരാണ് കേരള മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെന്നും സതീശൻ ചോദിച്ചു.
"ആരാണ് കേരള മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇരുന്ന് പൊലീസിനെ നിയന്ത്രിക്കുന്നത്? അദ്ദേഹത്തിന്റെ പൂര്‍വകാല ചരിത്രം എന്താണ്? ആ കേസിലെ പരാതിക്കാരന് ആരായിരുന്നു? പാര്‍ട്ടിയില്‍ ഇപ്പോള്‍ പരാതിക്കാരന്റെ അവസ്ഥ എന്താണ്?.'-സതീശൻ ചോദിച്ചു.
അങ്ങയുടെ പാര്‍ട്ടി എംഎല്‍എ സ്ഥാനം ഉള്‍പ്പെടെ നല്കി ആദരിച്ച സഖാവിനെതിരെ കഴിഞ്ഞ ദിവസം സിനിമാ പ്രവര്‍ത്തക മുഖ്യമന്ത്രിക്ക് പരാതി നല്കിയിരുന്നല്ലോ. എത്ര ദിവസമാണ് അത് പൂഴ്ത്തി വച്ചത്? എന്തുകൊണ്ടാണ് അത് പൊലീസിന് കൈമാറാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വൈകിയതെന്നും വി.ഡി. സതീശൻ മുഖ്യമന്ത്രിയോട് ചോദിച്ചു.
സംവാദത്തിന് ഇപ്പോഴെങ്കിലും തയാറായതിന് മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നു. അങ്ങ് ഉന്നയിച്ചിരിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനൊപ്പം ഞാനും ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. അതിനും അങ്ങയുടെ മറുപടി പ്രതീക്ഷിക്കുന്നുവെന്നെന്നും സതീശൻ പറഞ്ഞു.
ലൈഫ് മിഷൻ, വിഴിഞ്ഞം തുറമുഖം, വയനാട് തുരങ്കപാത, തീരദേശ ഹൈവേ, ക്ഷേമ പെന്ഷന്, ദേശീയപാതാ വികസനം, ഗെയില്‍ പൈപ്പ്ലൈന്, കിഫ്ബി, അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി, കേരള ബാങ്ക്, കെ ഫോണ്‍, ചൂരല്‍മല-മുണ്ടക്കൈ ദുരിതാശ്വാസം, കെ-റെയില്‍ എന്നീ വിഷയങ്ങളിൽ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ രൂക്ഷവിമർശനമാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്.
National
ന്യൂഡൽഹി: പാർലമെന്റിൽ നാടകം കളിക്കരുതെന്നും നിഷേധാത്മകതയ്ക്കു പരിധി വേണമെന്നും പ്രതിപക്ഷത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദി.
നാടകം കളിക്കാൻ ആഗ്രഹിക്കുന്ന ആർക്കും അതു ചെയ്യാം. നാടകമല്ല, ക്രിയ്താമക അവതരണമാണു പാർലമെന്റിൽ വേണ്ടത്. മുദ്രാവാക്യങ്ങൾക്കല്ല, നയങ്ങൾക്കാണ് ഊന്നൽ നൽകേണ്ടത്- പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിനു മുന്നോടിയായി പ്രധാനമന്ത്രി മോദി പറഞ്ഞു.
പൊതു പ്രതിനിധികളെന്ന നിലയിൽ, ഭാവിയെക്കുറിച്ച ചിന്തിക്കുന്പോൾ തന്നെ, രാജ്യത്തെ ജനങ്ങളുടെ ഉത്തരവാദിത്വവും പ്രതീക്ഷകളും നാം പരമാവധി സമതുലിതാവസ്ഥയോടെയും ഉത്തരവാദിത്വത്തോടെയും കൈകാര്യം ചെയ്യണമെന്ന് എല്ലാ പാർട്ടികളോടും അഭ്യർഥിക്കുന്നു. ബിഹാറിലെ തോൽവിയുടെ പരിഭ്രാന്തി വേണ്ടെന്നും ക്രമേണ അതുമായി പെരുത്തപ്പെടുമെന്നും മോദി പരിഹസിച്ചു.
രാജ്യത്തെക്കുറിച്ച് ഈ പാർലമെന്റ് എന്താണു ചിന്തിക്കുന്നത്. രാജ്യത്തിനായി അതെന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നത് എന്നതിലാണ് ഈ സമ്മേളനം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. പ്രതിപക്ഷവും അതിന്റെ ഉത്തരവാദിത്വം നിറവേറ്റണം. അത്തരം വിഷയങ്ങൾ, ശക്തമായ വിഷയങ്ങൾ അവർ ഉന്നയിക്കണം. പരാജയത്തിന്റെ നിരാശ അവർ മറികടക്കണം.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രതിപക്ഷ തോൽവിയെക്കുറിച്ചു നേരിട്ടു പരാമർശിക്കാതെ മോദി പരിഹസിച്ചു. രാഷ്ട്രീയത്തിൽ നിഷേധാത്മകത (നെഗറ്റിവിറ്റി) ഉപയോഗപ്രദമായേക്കാം. എന്നാൽ ആത്യന്തികമായി, രാഷ്ട്രനിർമാണത്തിനു ചില പോസിറ്റീവ് ചിന്തകൾ ഉണ്ടായിരിക്കണം.
നിങ്ങൾ (പ്രതിപക്ഷം) നെഗറ്റിവിറ്റി പരിധിക്കുള്ളിൽ നിലനിർത്തുകയും രാഷ്ട്രനിർമാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു. ശൈത്യകാല സമ്മേളനം വെറുമൊരു ആചാരമല്ല. ജനാധിപത്യത്തിലുള്ള വിശ്വാസം കൂടുതൽ ശക്തമായി വളരുന്ന തരത്തിൽ ജനാധിപത്യത്തിന്റെ തീക്ഷ്ണതയും ആവേശവും വീണ്ടും വീണ്ടും പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ട്- പ്രധാനമന്ത്രി പറഞ്ഞു.
ഉപരിസഭയ്ക്കു പുതിയ ചെയർമാൻ മാർഗനിർദേശം നൽകുമെന്നതിനാലും ശൈത്യകാല സമ്മേളനം പ്രധാനണ്. അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു. ജിഎസ്ടി പരിഷ്കാരങ്ങൾ രാജ്യവാസികൾക്കിടയിൽ ഭക്തിയുടെ അന്തരീക്ഷം സൃഷ്ടിച്ചുവെന്നും ഈ സമ്മേളനത്തിലും ആ ദിശയിൽ ധാരാളം പ്രവർത്തനങ്ങൾ നടക്കുമെന്നും മോദി കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: ഇന്ന് ആരംഭിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണവുമായി (എസ്ഐആർ ) ബന്ധപ്പെട്ടു ചർച്ച വേണമെന്ന് പ്രതിപക്ഷ പാർട്ടികൾ.
പാർലമെന്റ് സമ്മേളനത്തിനു മുന്നോടിയായി കേന്ദ്രസർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണ് ആവശ്യമുന്നയിച്ചത്. വർഷകാല സമ്മേളനത്തിലും ബിഹാറിലെ എസ്ഐആർ സംബന്ധിച്ച വിഷയത്തിൽ പ്രതിപക്ഷം ചർച്ച ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്ര സർക്കാർ തയാറായിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തിൽ ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് ചർച്ച നടന്ന രണ്ട് ദിവസം ഒഴികെ ബാക്കി ദിവസങ്ങളിൽ ഇരു സഭകളും പ്രക്ഷുബ്ധമായിരുന്നു.
എസ്ഐആർ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതലയിൽ ഉൾപ്പെട്ട വിഷയമായതിനാൽ അത്തരം കാര്യങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യേണ്ട എന്ന നിലപാടിലായിരുന്നു കേന്ദ്ര സർക്കാർ. സമാന നിലപാട് തന്നെയായിരിക്കും കേന്ദ്രസർക്കാർ ഇത്തവണയും സ്വീകരിക്കുക.
എസ്ഐആറിനു പുറമെ ഡൽഹി ചെങ്കോട്ട സ്ഫോടനം, വർധിച്ചുവരുന്ന വായു മലിനീകരണം, ഇന്ത്യയുടെ വിദേശനയം, കാർഷിക മേഖല നേരിടുന്ന പ്രതിസന്ധി തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതോടൊപ്പം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച ആശങ്കകൾ പരിഹരിക്കണമെന്നും സർവകക്ഷി യോഗത്തിൽ ആവശ്യമുയർന്നു.
പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവിന്റെ അധ്യക്ഷതയിൽ പാർലമെന്റ് ഹൗസ് കോംപ്ലക്സിൽ നടന്ന സർവകക്ഷി യോഗത്തിൽ കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, ജെ.പി. നഡ്ഡ, അർജുൻ റാം മേഘ്വാൾ തുടങ്ങിയവർ പങ്കെടുത്തു. 36 രാഷ്ട്രീയ പാർട്ടികളുടെ 50 നേതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്.
കേരളത്തിൽ നിന്ന് എംപിമാരായ എൻ.കെ. പ്രേമചന്ദ്രൻ, ഇ.ടി. മുഹമ്മദ് ബഷീർ, ഫ്രാൻസിസ് ജോർജ്, ജോസ് കെ. മാണി, ജോണ്‍ ബ്രിട്ടാസ്, സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
പാർലമെന്റ് സമ്മേളനം വെട്ടിക്കുറച്ചത് ജനാധിപത്യം അവസാനിപ്പിക്കുന്നതിനുള്ള ശ്രമമാണെന്ന് ലോക്സഭയിലെ കോണ്‍ഗ്രസ് ഉപനേതാവ് ഗൗരവ് ഗോഗോയ് ആരോപിച്ചു. 19 ദിവസം മാത്രമാണ് സമ്മേളനം. അതിൽ 15 ദിവസം മാത്രമേ പാർലമെന്റ് നടപടികൾ ഉണ്ടാകൂ. ഇതുവരെയുണ്ടായതിൽവച്ച് ഏറ്റവും ചെറിയ ശൈത്യകാല സമ്മേളനമാണ് ഇത്തവണ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാർലമെന്റ് സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിന് പ്രതിപക്ഷവുമായി ചർച്ചയ്ക്ക് തയാറാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയെങ്കിലും പാർലമെന്റിന്റെ രീതിക്ക് അനുസരിച്ചായിരിക്കും അതെന്ന് മന്ത്രി കിരണ്‍ റിജിജു പറഞ്ഞു.