National
ലക്നോ: പുകയില വ്യവസായിയുടെ മകന് ഓടിച്ച ആഡംബരകാറായ ലംബോര്‍ഗിനി ഇടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. അമിത വേഗത്തിലെത്തിയ കാര്‍ നിയന്ത്രണംവിട്ട് വഴിയാത്രികരേയും ഓട്ടോറിക്ഷ, ബൈക്ക് ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് തട്ടിത്തെറിപ്പിച്ചത്.
ശതകോടിശ്വരനും ബംശീധര്‍ ടുബാക്കോ പ്രൈവറ്റ് ലിമിറ്റഡ് ഉടമയുമായ കെ.കെ.മിശ്രയുടെ മകന് ശിവം മിശ്ര ഓടിച്ച 12 കോടി രൂപയോളം വില വരുന്ന ലംബോര്‍ഗിനിയാണ് അപകടമുണ്ടാക്കിയത്.
ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം ഉണ്ടായത്. വാഹനം ഓടിക്കുന്ന സമയത്ത് ശിവത്തിന് അപസ്മാരം ഉണ്ടായതാണ് വാഹനം നിയന്ത്രണം വിടാന്‍ കാരണം.
അതേസമയം, അപകടസമയത്ത് ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നതായും വിവരമുണ്ട്. ലംബോര്‍ഗിനി ആദ്യം ഓട്ടോറിക്ഷയില്‍ ഇടിക്കുകയും അതിന് ശേഷം റോയല്‍ എന്‍ഫീല്‍ഡ് ബൈക്കിലും ഇടിച്ചു. ബൈക്കില്‍ ഇടിച്ച ശേഷം ബൈക്കുമായി വാഹനം 10 മീറ്ററോളം മുന്നോട്ട് പോവുകയും പിന്നീട് ഇലക്ട്രിക് തൂണിലിടിച്ച് വാഹനം നില്‍ക്കുകയുമായിരുന്നു.
അപകടത്തെ തുടര്‍ന്ന് പ്രതിഷേധവുമായി നാട്ടുകാര്‍ തടിച്ചുകൂടുകയും വാഹനം തടഞ്ഞുവെയ്ക്കുകയും ചെയ്തു. ഈ സമയത്ത് സ്വകാര്യ ബൗണ്സര്മാര് സ്ഥലത്തെത്തി ശിവത്തെ രക്ഷിച്ചുകൊണ്ടുപോവുകയായിരുന്നുവെന്നാണ് വിവരം. പിന്നീട് പോലിസ് സ്ഥത്തെത്തി ശിവത്തെയും പരിക്കേറ്റവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
National
ബംഗുളൂരു: 40 ഓളം കേസുകളിൽ പ്രതികളായ കുപ്രസിദ്ധ കുറ്റവാളികളായ മണിക് സിംഗ്, പിതാവ് മനോജ് സിംഗ് എന്നിവർ ബംഗുളൂരുവിൽ പിടിയിൽ. ബംഗുളൂരു സ്റ്റേറ്റ് ഇന്റലിജൻസ് പോലീസിന്റെ സഹായത്തോടെ ബിഹാർ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്) ആണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഇവരിൽ നിന്നും എട്ട് പെൻ ഡ്രൈവുകൾ, ഒമ്പത് ആൻഡ്രോയിഡ് മൊബൈൽ ഫോണുകൾ, മൂന്ന് കീപാഡ് ഫോണുകൾ തുടങ്ങിയവ പോലീസ് കണ്ടെടുത്തു.
ഒന്നിലധികം കൊലക്കേസുകൾ, കവർച്ച, പിടിച്ചുപറി, ആയുധ നിയമ ലംഘനം തുടങ്ങി നിരവധി കേസുകളിൽ പ്രതികളാണ് ഇവർ. പാറ്റ്ന സ്വദേശികളായ ഇവർക്കെതിരെ ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലും കേസുകളുണ്ട്.
ബിഹാർ പോലീസ് ഇവരിൽ ഒരാൾക്ക് മൂന്ന് ലക്ഷം രൂപയും മറ്റേയാൾക്ക് ഒരു ലക്ഷം രൂപയും തലയ്ക്ക് ഇനാം പ്രഖ്യാപച്ചിരുന്നു. കഴിഞ്ഞ ഒരു വർഷമായി മാണിക് ബംഗുളൂരുവിലാണ് താമസം. ഇയാളെ സന്ദർശിക്കാൻ ഇടയ്ക്ക് പിതാവ് മനോജ് സിംഗ് ഇവിടെ വരുമായിരുന്നു.
കഴിഞ്ഞ വർഷം ഇരുവരും പാറ്റ്നയിൽ മനീഷ് കുമാർ എന്നയാളെ കൊലപ്പെടുത്തി. പിന്നാലെ ഇവരെ പിടികൂടാൻ പോലീസ് വലിയ അന്വേഷണം നടത്തിവരികയായിരുന്നു. ഇവർക്ക് അഭയവും മറ്റ് സഹായങ്ങളും നൽകിയ ആളുകളെ ബീഹാർ പോലീസ് തിരയുന്നുണ്ട്.
2015 ൽ ഇരുവരും അറസ്റ്റിലായെങ്കിലും ജാമ്യത്തിൽ പുറത്തിറങ്ങി മുങ്ങിയ ഇവർ ജാർഖണ്ഡിലും പശ്ചിമ ബംഗാളിലുമായി ഒളിവിൽ കഴിഞ്ഞ് കൂടുതൽ കുറ്റകൃത്യങ്ങൾ ചെയ്തുവരികയായിരുന്നു.
കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്നതിനിടെ ഛോട്ടേ സർക്കാർ എന്ന തടവുകാരനെ ഇവർ കൊലപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. ഛോട്ടേ സർക്കാരിനെതിരെ 16 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
International
ട്രിപോളി: ലിബിയൻ മുൻ നേതാവ് മുഅമർ ഗദ്ദാഫിയുടെ മകൻ സെയ്ഫ് അൽ ഇസ്ലാം ഗദ്ദാഫി (53) കൊല്ലപ്പെട്ടു.
ലിബിയയുടെ തലസ്ഥാനമായ ട്രിപ്പോളിയിൽ നിന്ന് 136 കിലോമീറ്റർ തെക്കുപടിഞ്ഞാറുള്ള സിൻടൻ നഗരത്തിലാണ് സെയ്ഫ് കൊല്ലപ്പെട്ടത്. മുഖംമൂടി ധരിച്ച നാല് പേർ ചേർന്നാണ് സെയ്ഫിനെ കൊലപ്പെടുത്തിയത്.
വീട്ടിലെ സുരക്ഷാ കാമറകൾ പ്രവർത്തനരഹിതമാക്കിയ ശേഷം വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ലിബിയൻ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഗദ്ദാഫിയുടെ ഭരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 2011 ൽ നാറ്റോയുടെ പിന്തുണയോടെ നടന്ന പ്രക്ഷോഭം അടിച്ചമർത്തിയതിന് 2015 ൽ സെയ്ഫ് തടവിലായിരുന്നു. 2017 ൽ ജയിൽ ചാടി ഒളിവിൽ കഴിഞ്ഞു.
തുടർന്ന് 2021 ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ശ്രമിച്ചുവെങ്കിലും ലിബിയൻ തെരഞ്ഞടുപ്പ് അധികൃർ സെയ്ഫിനെ അയോഗ്യനാക്കുകയായിരുന്നു.
National
ലക്നോ: ഉത്തർപ്രദേശിലെ ഫിറോസാബാദിൽ സ്വത്തിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ 12 വയസുള്ള മകനെ പിതാവ് കൊലപ്പെടുത്തി. ലഹരി മരുന്നിന് അടിമയായ രാജേഷ് ആണ് മകൻ മായങ്കിനെ കൊന്നത്.
രാജേഷും ഭാര്യ ഊർമ്മിളയും ഏറെ കാലമായി സ്വത്തിനെ ചൊല്ലി തർക്കം നിലനിന്നിരുന്നു. സംഭവം നടക്കുമ്പോൾ രാജേഷും മായങ്കും വീട്ടിൽ തനിച്ചായിരുന്നു. ഒരു സ്വകാര്യ സ്കൂളിലെ അധ്യാപികയായ ഊർമ്മിള ജോലിക്ക് പോയിരുന്നു.
ഉച്ചകഴിഞ്ഞ് തിരിച്ചെത്തിയ ഊർമ്മിള വീടിനുള്ളിൽ രക്തക്കറകൾ കണ്ടെതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് പെട്ടിക്കുള്ളിൽ മായങ്കിന്റെ മൃതദേഹം കണ്ടെത്തിയത്.
ഉടൻ തന്നെ സ്ഥലത്തെത്തിയ പോലീസ് മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് അയച്ചു. മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാണ് മായങ്കിനെ കൊലപ്പെടുത്തിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ നിന്ന് വ്യക്തമായി.
ഊർമ്മിളയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രാജേഷിനെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. ഒളിവിൽ കഴിയുന്ന പ്രതിക്കായി തിരച്ചിൽ നടന്നുവരികയാണ്.
NRI
വെർജീനിയ: ജനനസമയത്ത് മരിച്ചുപോയെന്ന് ആശുപത്രി അധികൃതർ കള്ളം പറഞ്ഞ് വിശ്വസിപ്പിച്ച മകൻ 42 വർഷങ്ങൾക്ക് ശേഷം തന്റെ യഥാർഥ അമ്മയെ കണ്ടെത്തി. ചിലിയിൽ നടന്ന ഈ അത്ഭുതകരമായ പുനസമാഗമം ശാസ്ത്രത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും കഥയാണ്.
ജിമ്മി ലിപ്പർട്ട് തൈഡൻ എന്ന പേരിൽ അമേരിക്കയിൽ വളർന്ന അദ്ദേഹം താനൊരു അനാഥനാണെന്നാണ് വിശ്വസിച്ചിരുന്നത്. നിലവിൽ വെർജീനിയയിൽ അഭിഭാഷകനാണ് ജിമ്മി. ചിലിയിൽ നിന്ന് കുട്ടികളെ മോഷ്ടിച്ച് ദത്തെടുക്കാൻ നൽകുന്നതിനെക്കുറിച്ചുള്ള ഒരു വാർത്ത ശ്രദ്ധയിൽപ്പെട്ടതാണ് ജിമ്മിയുടെ ജീവിതത്തിൽ വഴിത്തിരിവായത്.
നോസ് ബുസ്കാമോസ് എന്ന സന്നദ്ധ സംഘടനയുടെയും ഡിഎൻഎ പരിശോധനയുടെയും സഹായത്തോടെ അദ്ദേഹം തന്റെ വേരുകൾ തിരഞ്ഞു. ഒടുവിൽ തന്റെ അമ്മ ജീവിച്ചിരിപ്പുണ്ടെന്ന് തിരിച്ചറിഞ്ഞ ജിമ്മി ചിലിയിലെ വാൽഡിവിയയിലെത്തി അമ്മയെ നേരിൽ കണ്ടു.
42 വർഷത്തെ കാത്തിരിപ്പിന് ശേഷം "ഹായ് മമ്മീ' എന്ന് വിളിച്ച് അദ്ദേഹം അമ്മയെ കെട്ടിപ്പിടിച്ചപ്പോൾ അത് കണ്ടുനിന്നവർക്കും കണ്ണീരണിയിക്കുന്ന കാഴ്ചയായി. തന്റെ മകൻ മരിച്ചെന്ന് കരുതി പതിറ്റാണ്ടുകളോളം ദുഃഖിച്ചിരുന്ന ആ അമ്മയ്ക്ക് ഇത് ദൈവത്തിന്റെ അദ്ഭുതമാണെന്നാണ് പറയാനുള്ളത്.
തന്നെപ്പോലെ ചതിക്കപ്പെട്ട മറ്റ് കുടുംബങ്ങളെ സഹായിക്കാൻ തന്റെ നിയമപരമായ അറിവ് ഉപയോഗിക്കുമെന്ന് ജിമ്മി ഇപ്പോൾ പ്രതിജ്ഞ ചെയ്തിരിക്കുകയാണ്.
Kerala
തൃശൂർ: അച്ഛൻ ഈണംനൽകിയ ഗസൽവരികൾക്കു കൈയടി നേടി സാൻഗിൻ ബിജേഷ്. ഉറുദു ഗസലിൽ എളയാവൂർ സിഎച്ച്എം എച്ച്എസ്എസിലെ സാൻഗിൻ എ ഗ്രേഡ് നേടിയതു ഗുരു കൂടിയായ അച്ഛന്റെ ശിക്ഷണത്തിലാണ്.
ആഗ ബിസ്മിലിന്റെ വരികൾക്കു സ്കൂളിലെ സംഗീത അധ്യാപകൻകൂടിയായ അച്ഛൻ ടി.പി. വിനയകൃഷ്ണനാണ് സംഗീതം നൽകിയത്.
ഒരുപാടു ശിഷ്യരെ സംസ്ഥാനതലത്തിൽ എത്തിച്ചിട്ടുണ്ടെങ്കിലും മകന്റെ കന്നിയങ്കത്തിലെ നേട്ടം വിനയകൃഷ്ണന്‍ ഇരട്ടിമധുരമായി. ഗായികയായ ചൈതന്യയാണ് അമ്മ.
Kerala
തൃശൂർ: അടാട്ട് അമ്പലക്കാവിൽ അമ്മയെയും കുഞ്ഞിനെയും വീട്ടില്‍ മരിച്ചനിലയിൽ കണ്ടെത്തി. കാനാട്ട് വീട്ടില്‍ മോഹിത്തിന്റെ ഭാര്യ ശില്പ (30), മകന് അക്ഷീജിത്ത് (അഞ്ചര വയസ്) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്വകാര്യ ബാങ്ക് ജീവനക്കാരനായ ഭര്‍ത്താവ് മോഹിത്ത് പനിയും ജലദോഷവും കാരണം മറ്റൊരു മുറിയിലായിരുന്നു രാത്രി കിടന്നുറങ്ങിയിരുന്നത്. മോഹിത്തിന്റെ മാതാപിതാക്കളായ രവീന്ദ്രനും രുഗ്മിണിയും വീട്ടിലുണ്ടായിരുന്നു.
രാവിലെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധനകള്‍ ആരംഭിച്ചു.
അമല മേരി റാണി സ്കൂളിലെ യുകെജി വിദ്യാർഥിയാണ് മരിച്ച അക്ഷീജിത്ത്. കുത്തിനെ കൊന്ന് അമ്മ തൂങ്ങി മരിച്ചതാണെന്നാണ് പോലീസ് സംശയിക്കുന്നത്. യുവതിയുടെ ഫോണ്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
Kerala
മലപ്പുറം: പടിഞ്ഞാറ്റു മുറിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങിമരിച്ചു. ഇന്ന് വൈകുന്നേരമാണ് സംഭവം.
തിരുവനന്തപുരം സ്വദേശിയും പടിഞ്ഞാറ്റു മുറിയിലെ താമസക്കാരിയുമായ സിബിന (32), മകൻ മുഹമ്മദ് സിയാൻ (10) എന്നിവരാണ് മരിച്ചത്. പടിഞ്ഞാറ്റു മുറിയിലെ പനമ്പറ്റക്കടവിലാണ് അപകടമുണ്ടായത്.
ഇവര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ മൂന്നുപേരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. സിബിനയെയും മകനെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
National
ന്യൂഡൽഹി: കോൺഗ്രസ് നേതാവും എംപിയുമായ പ്രിയങ്ക ഗാന്ധിയുടെയും വ്യവസായി റോബർട്ട് വദ്രയുടെയും മകൻ റൈഹാൻ വദ്ര വിവാഹിതനാകുന്നു. കാമുകി അവിവ ബെയ്ഗിനെയാണ് റൈഹാൻ വിവാഹം ചെയ്യുന്നത്.
ഏഴ് വർഷമായി ഇരുവരും പ്രണയത്തിലാണ്. വിവാഹ നിശ്ചയ ചടങ്ങുകൾ ബുധനാഴ്ച രാജസ്ഥാനിലെ രൺതംബോറിൽ നടക്കുമെന്നാണ് റിപ്പോർട്ട്.
അവിവ ബെയ്ഗും കുടുംബവും ഡൽഹി സ്വദേശികളാണ്. അവിവയുടെ പിതാവ് ഇമ്രാൻ ബെയ്ഗ് വ്യവസായിയും മാതാവ് നന്ദിത ബെയ്ഗ് ഇന്റീരിയർ ഡിസൈനറുമാണ്.
പ്രിയങ്ക ഗാന്ധിയും നന്ദിത ബെയ്ഗും സുഹൃത്തുക്കളാണ്. കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാ ഭവന്റെ ഇന്റീരിയർ ഡിസൈൻ ചെയ്തത് നന്ദിത ബെയ്ഗായിരുന്നു.
രാജീവ് ഗാന്ധിയും രാഹുൽ ഗാന്ധിയും പഠിച്ച സ്കൂളായ ഡെറാഡൂണിലെ ഡൂൺ സ്കൂളിലാണ് റൈഹാൻ വാദ്ര പഠിച്ചത്. തുടർന്ന് ലണ്ടനിലെ സ്കൂൾ ഓഫ് ഓറിയന്റൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസിൽ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി.
അവീവ, ഡൽഹിയിലെ പ്രശസ്തമായ മോഡേൺ സ്കൂളിൽ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് ഒപി ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റിയിൽ നിന്ന് മീഡിയ കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദം നേടി.
National
ലക്നോ: ഉത്തർപ്രദേശിൽ മദ്യലഹരിയിൽ ഭാര്യയുമായുണ്ടായ വഴക്കിനെ തുടർന്ന് യുവാവ് നാല് വയസുകാരനായ മകനെ മർദിച്ചു കൊന്നു. സുരിയവാൻ പ്രദേശത്തെ ഗുവാലി ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയിലാണ് സംഭവം.
സംഭവത്തിൽ പ്രതിയായ രാംജി വനവാസിയെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുമായി വഴക്കുണ്ടാക്കിയ ഇയാൾ ഉറങ്ങിക്കിടക്കുകയായിരുന്ന നാല് വയസുകാരനെ നിലത്തേക്ക് എറിയുകയും ഇടിക്കുകയും ചെയ്തു.
സംഭവത്തിന് ശേഷം ഇയാൾ സ്ഥലത്ത് നിന്നും ഓടിപ്പോയി. കുടുംബാംഗങ്ങൾ പ്രഥമശുശ്രൂഷ നൽകിയെങ്കിലും കുട്ടി മരിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മുത്തശി പ്രഭാവതി ദേവിയാണ് പോലീസിൽ പരാതി നൽകിയത്.
തുടർന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു.
Kerala
കോഴിക്കോട്: പിതാവ് മകനെ കുത്തി പരിക്കേൽപ്പിച്ചു. പരിക്കേറ്റ മകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
കോഴിക്കോട് മൂന്നാലിങ്കലിലാണ് സംഭവം. പള്ളിക്കണ്ടി സ്വദേശി യാസിൻ അറാഫത്തിനാണ് കുത്തേറ്റത്. സംഭവത്തിൽ യാസിന്റെ പിതാവ് അബൂബക്കര്‍ സിദ്ദീഖിനെയും മറ്റൊരു മകൻ മുഹമ്മദ് ജാബിറിനെയും പോലീസ് കസറ്റഡിയിലെടുത്തു.
അതേസമയം, മകൻ യാസിൻ ആക്രമിക്കാൻ ശ്രമിച്ചപ്പോള്‍ താനും മകനും ചേര്‍ന്ന് പ്രതിരോധിച്ചതാണെന്നാണ് മൊഴി. മകൻ യാസിൻ നിരന്തരം ആക്രമിക്കാൻ ശ്രമിക്കുന്നതായി കാണിച്ച് പിതാവ് നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നു.
National
ചെന്നൈ: ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നതിനായി മക്കള്‍ പിതാവിനെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി. തമിഴ്നാട്ടിലെ തിരുവള്ളൂരിലാണ് സംഭവം.
സര്‍ക്കാര്‍ സ്കൂളിലെ ലബോറട്ടറി അസിസ്റ്റന്റായ ഇ.പി. ഗണേശ(56)നെ ഒക്ടോബറില്‍ പൊത്താതുര്‍പേട്ട ഗ്രാമത്തിലെ തന്റെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അപകടമരണമാണെന്ന് ആദ്യം കരുതിയ കേസാണ് പിന്നീട് കൊലപാതകമാണെന്ന് തെളിഞ്ഞത്.
ഉറക്കത്തിനിടെ പാമ്പ് കടിയേറ്റ് മരിച്ചതായാണ് കുടുംബം നാട്ടുകാരോടും ബന്ധുക്കളോടും പറഞ്ഞത്. അപകട മരണമായി കണക്കാക്കി പോലീസ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
എന്നാല്‍ ഒരു ഇന്‍ഷുറന്‍സ് കമ്പനി സംശയാസ്പദമായ ചില കാര്യങ്ങള്‍ ഉന്നയിച്ചതോടെയാണ് എസ്ഐടി അന്വേഷണം നടത്തുകയും സംഭവം കൊലപാതകമാണെന്ന് തെളിയുകയും ചെയ്തത്.
സംഭവത്തില്‍ പൊത്താതുര്‍പേട്ട സ്വദേശികളായ മോഹന്‍ രാജ്(26), ഹരിഹരന്(27) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഗണേശന്റെ പേരില്‍ മൂന്ന് കോടി രൂപയുടെ ഇന്‍ഷുറന്‍സ് പോളിസികള്‍ ഉണ്ടായിരുന്നു.
കുടുംബത്തിന്റെ വരുമാനത്തെക്കാള്‍ വലിയ തുക പ്രീമിയമായി അടയ്ക്കുന്ന പോളിസികളായിരുന്നു ഇവയെല്ലാം. ഇത് കമ്പനിയുടെ ശ്രദ്ധയില്‍ പെട്ടതോടെയാണ് പോലീസിനെ വിവരമറിയിച്ചത്.
പിതാവിനെ കൊലപ്പെടുത്താനായി വലിയ ആസൂത്രണമാണ് മക്കള്‍ നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിഷ പാമ്പുകളെ വാങ്ങാന്‍ സഹായിച്ച കൂട്ടാളികളെയും പോലീസ് പിടികൂടി.
മരണത്തിന് ഏകദേശം ഒരാഴ്ച മുമ്പ് ഒരു മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് പിതാവിന്റെ കാലില്‍ കടിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മാരകമല്ലാത്തതിനാല്‍ പദ്ധതി പരാജയപ്പെട്ടു. പിന്നീട് വളരെ വിഷമുള്ള ഒരു ക്രെയ്റ്റ് പാമ്പിനെ(മഞ്ഞവരയൻ) കൊണ്ട് കടിപ്പിക്കുകയായിരുന്നു.
സംശയം ഉണ്ടാവാതിരിക്കാനായി പാമ്പിനെ വീടിനുള്ളില്‍ വച്ച് കൊല്ലുകയും ചെയ്തു. ആറ് പേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
National
അമരാവതി: കെജിഎഫിന്റെ സഹസംവിധായകന് കീര്ത്തന് നാദഗൗഡയുടെ മകന് സോനാര്ഷ് നാദഗൗഡ ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു. നാല് വയസായിരുന്നു. നടനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവന് കല്യാണ്‍ ആണ് വാര്‍ത്ത സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്. തിങ്കളാഴ്ചയാണ് സംഭവം.
തെലുങ്കിലും കന്നഡയിലും സംവിധായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്ന കീർത്തൻ നാദഗൗഡയുടെ കുടുംബത്തിൽ സംഭവിച്ച ഈ ദുരന്തം തന്നെ അഗാധമായി ദുഃഖിപ്പിക്കുന്നു എന്ന് പവൻ കല്യാൺ കുറിച്ചു.
നാലര വയസ്സുകാരനായ സോണാർഷിന്റെ മരണവാർത്തയിൽ താൻ അതീവ ദുഃഖിതനാണെന്നും, ഈ ദുഃഖത്തെ അതിജീവിക്കാൻ ദമ്പതികൾക്ക് ശക്തി നൽകാൻ സർവശക്തനോട് പ്രാർഥിക്കുന്നു എന്നും അദ്ദേഹം അനുശോചിച്ചു.
പ്രശാന്ത് നീലിന്റെ കെജിഎഫ്, സലാർ എന്നിവയുടെ സെക്കൻഡ് യൂണിറ്റ് ഡയറക്ടർ, സഹസംവിധായകൻ എന്നീ നിലകളിൽ പ്രവർത്തിച്ചതിലൂടെയാണ് കീർത്തൻ നാദഗൗഡ ശ്രദ്ധേയനായത്.
മൈത്രി മൂവി മേക്കേഴ്സും പ്രശാന്ത് നീലും ചേർന്ന് നിർമിക്കുന്ന ഒരു ഹൊറർ സിനിമയിലൂടെ തെലുങ്കിൽ സംവിധായകനായി അരങ്ങേറ്റം കുറിക്കാൻ തയാറെടുക്കുകയായിരുന്നു കീർത്തൻ. ഈ ചിത്രം കഴിഞ്ഞ മാസമാണ് ലോഞ്ച് ചെയ്തത്. അതിനിടെയാണ് മകന്റെ മരണം സംഭവിച്ചിരിക്കുന്നത്.
Kerala
കൊച്ചി: സൂരജ് ലാമയെന്ന ബെംഗളൂരു സ്വദേശിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് മകന് സാന്റോണ്‍ ലാമ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
ലാമയെ കുവൈറ്റില്‍ നിന്ന് നാടു കടത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഇന്റലിജന്‍സില്‍ നിന്ന് ലഭിച്ച വിവരങ്ങളെന്തെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇന്ന് നെടുമ്പാശേരി വിമാനത്താവള അഥോറിറ്റി വിശദീകരണം നല്‍കും. ജസ്റ്റീസ് ദേവന് രാമചന്ദ്രന്, ജസ്റ്റീസ് എം.ബി. സ്നേഹലത എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
നാടുകടത്തല്‍ നടപടിക്ക് കേന്ദ്രതലത്തില്‍ പ്രോട്ടോക്കോള്‍ നിലവിലുണ്ട്. സൂരജ് ലാമയുടെ അവശതകളടക്കം വ്യക്തമാക്കി കേന്ദ്ര ഇന്റലിജന്‍സ് കൊച്ചി എയര്‍പോര്‍ട്ട് മാനേജരുമായി ആശയവിനിമയം നടത്തിയതായാണ് ലഭിച്ച വിവരമെന്നും കോടതി വ്യക്തമാക്കി.
ലാമയെ ബെംഗളൂരുവിലേക്കാണ് അയക്കേണ്ടിയിരുന്നത്. ഇക്കാര്യത്തില്‍ സിയാല്‍ വിശദീകരണം നല്‍കണം. കേന്ദ്ര ഇന്റലിജന്‍സില്‍ നിന്ന് വിവരം ലഭിച്ചിരുന്നെങ്കില്‍ തുടര്‍ നടപടി എന്തായിരുന്നുവെന്നും അറിയിക്കണം.
സൂരജിന്റെ പാസ്പോര്‍ട്ട് അടക്കമുള്ള രേഖകള്‍ എവടെപ്പോയെന്നും കോടതി ചോദിച്ചു. നാടുകടത്തിയതിനെ തുടര്‍ന്ന് എത്തുന്നവരുടെ കാര്യത്തില്‍ പാലിക്കേണ്ട പ്രോട്ടോക്കോള്‍ കഴിഞ്ഞദിവസം കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷക ഹാജരാക്കിയിരുന്നു.
National
ഭോപ്പാൽ: മധ്യപ്രദേശിൽ എംഎൽഎയുടെ മകനും മരുമകളും വിവാദത്തിൽ. ഇൻഡോറിലെ പ്രസിദ്ധ ആരാധനാലയമായ ഖജ്രാന ഗണേശ ക്ഷേത്രത്തിലെ ശ്രീകോവിലിൽ ഇരുവരും അനധികൃതമായി പ്രവേശിച്ചുവെന്നാണ് ആരോപണം.
ബിജെപി എംഎൽഎ ഗോലു ശുക്ലയുടെ മകൻ അഞ്ജനേഷ് ശുക്ലയും ഭാര്യ സിമ്രാനുമാണ് വിവാദത്തിലായത്. ഭക്തർക്ക് ശ്രീകോവിലിൽ പ്രവേശിക്കുന്നതിന് വിലക്കുള്ള ക്ഷേത്രമാണ് ഖജ്രാന ഗണേശ ക്ഷേത്രം.
എന്നാൽ എംഎൽഎയുടെ മകനും മരുമകളും ശ്രീകോവിലിൽ കയറി ഗണേശ വിഗ്രഹത്തിന് മുന്നിൽ നിന്ന് മാലയിട്ടു. ഡിസംബർ 12നാണ്, എംഎൽഎയുടെ മകൻ അഞ്ജനേഷ് ശുക്ലയും വ്യവസായിയുടെ മകളായ സിമ്രാനും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിന് പിറ്റേ ദിവസമാണ് ഇരുവരും ക്ഷേത്ര ദർശനത്തിനെത്തിയത്.
കോവിഡ്19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ തിരക്ക് നിയന്ത്രിക്കുന്നതിനും ശ്രീകോവിലിന്റെ പവിത്രത കാത്തുസൂക്ഷിക്കുന്നതിനുമായി ഖജ്രാന ഗണേഷ് ക്ഷേത്രത്തിലെ ശ്രീകോവിലിലേക്ക് ഭക്തർക്ക് പ്രവേശനം നിരോധിച്ചിരുന്നു.
അതേസമയം, മതപരമായ സ്ഥലങ്ങളിൽ എംഎൽഎയുടെ കുടുംബം വിവാദങ്ങൾ സൃഷ്ടിക്കുന്നത് ഇതാദ്യമല്ല. ജൂലൈയിൽ, എംഎൽഎയുടെ ഇളയ മകൻ രുദ്രാക്ഷ് ശുക്ല, ഉജ്ജൈനിലെ മഹാകാൽ ക്ഷേത്രത്തിന്റെ ശ്രീകോവിലിലേക്ക് ബലം പ്രയോഗിച്ച് അതിക്രമിച്ചു കയറിയിരുന്നു.
തടയാൻ ശ്രമിച്ച ക്ഷേത്ര ജീവനക്കാരനായ ആശിഷ് ദുബെയെ, രുദ്രാക്ഷ് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ സമയം എംൽഎയും ക്ഷേത്രത്തിലുണ്ടായിരുന്നു.
ഏപ്രിലിൽ, രുദ്രാക്ഷും സുഹൃത്തുക്കളും ദേവാസിലെ മാതാ ടെക്രി ക്ഷേത്രത്തിൽ രാത്രിയോടെ എത്തുകയും ദർശനത്തിനായി ക്ഷേത്ര വാതിലുകൾ തുറക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ വിസമ്മതിച്ച പൂജാരിയുമായി ഇവർ വാക്കേറ്റമുണ്ടായി.
സംഭവത്തിൽ പൂജാരി പോലീസിൽ പരാതി നൽകിയെങ്കിലും രുദ്രാക്ഷ് പൂജാരിയോട് മാപ്പ് പറഞ്ഞ് തലയൂരുകയായിരുന്നു.
District News
തിരുവനന്തപുരം: ഉളിയാഴത്തറ വട്ടക്കരിക്കകം ജംഗ്ഷനു സമീപം താമസിച്ചിരുന്ന രാജപ്പൻ നായരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മകനു ജീവപര്യന്തം തടവുശിക്ഷയും 50,000 രൂപ പിഴയും ശിക്ഷ. പിഴ ഒടുക്കിയില്ലെങ്കിൽ ആറുമാസം അധിക കഠിനതടവിനും വിധിച്ചു കോടതി ഉത്തരവിട്ടു. പൗഡിക്കോണം വട്ടക്കരയിക്കകം ഇടവിളകത്തുള്ള വീട്ടിൽ താമസക്കാരനായ ജയസൂര്യ എന്നു വിളിക്കുന്ന രാജേഷ് (40) ആണു പ്രതി.
തിരുവനന്തപുരം ഫസ്റ്റ് അഡീഷണൽ സെഷൻസ് ജഡ്ജ് കെ.പി. അനിൽ കുമാർ ആണു ശിക്ഷ വിധിച്ചത്. കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽനിന്നു വായ്പയെടുത്ത തുകയിൽനിന്നു നൽകിയ വിഹിതം കുറഞ്ഞു പോയെന്നു പറഞ്ഞുള്ള മർദനത്തിലാണ് രാജപ്പൻ നായർ മരിച്ചത്.
2015 ഓഗസ്റ്റ് ആറിനായിരുന്നു സംഭവം. തലയ്ക്കേറ്റ ശക്തമായ മുറിവാണു മരണകാരണമായത്. സംഭവത്തിനു ദൃക്സാക്ഷികളായ പ്രതിയുടെ അമ്മ കൂറുമാറുകയും സഹോദരൻ ഭാഗികമായി പ്രോസിക്യൂഷൻ ഭാഗത്തെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഡി.ജി. റെക്സ് ഹാജരായി.
Kerala
തിരുവനന്തപുരം: വർക്കലയിൽ വീട്ടിൽ കയറി അമ്മയേയും മകനെയും ആക്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. വർക്കല തെറ്റിക്കുളം സ്വദേശി അനുശങ്കർ, സഹോദരൻ അഭിലാഷ് എന്നിവരാണ് അറസ്റ്റിലാത്. ഇരുവരും സഹോദരന്മാരാണ്
തെറ്റിക്കുളം സ്വദേശി ശശികലയ്ക്കും മകൻ അമ്പിളിദാസിനുമാണ് മർദ്ദനമേറ്റത്. കഴിഞ്ഞ പതിനൊന്നാം തിയതി ചെറുന്നിയൂർ മാടൻ നട ക്ഷേത്രപറമ്പിൽ പ്രതികൾ ബഹളം ഉണ്ടാക്കിയത് ഇവർ പോലീസിനെ വിളിച്ച് അറിയിച്ചതിന്റെ വൈരാഗ്യത്തിലായിരുന്നു ആക്രമണം.
പ്രതികളുടെ അച്ഛന്റെ സഹോദരിയാണ് ശശികല. അറസ്റ്റ് ചെയ്ത പ്രതികളെ വർക്കല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
District News
പഴയങ്ങാടി: മകനൊപ്പം പ്രഭാതസൈക്കിൾ സവാരിക്കിറിങ്ങിയ ഗൃഹനാഥൻ കണ്ടെയ്നർ ലോറിയിടിച്ചു മരിച്ചു. കൊട്ടപ്പാലം സ്വദേശിയും ഫ്ലോർമിൽ ഉടമയുമായ വെളുത്തേരി തോട്ടത്തിൽ വീട്ടിൽ രഞ്ജിത്ത് (58) ആണ് ഇന്നലെ രാവിലെ കണ്ടെയ്നർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത്.
പഴയങ്ങാടി-പാപ്പിനിശേരി കെഎസ്ടിപി റോഡിൽ ഇരിണാവ് കൊട്ടപ്പാലത്ത് ഇന്നലെ രാവിലെ 7.45 ഓടെയായിരുന്നു അപകടം. ഇളയ മകനും പാപ്പിനിശേരി സ്കൂൾ വിദ്യാർഥിയുമായ ശ്രീരാഗിനൊപ്പം സൈക്കിൾ സവാരി നടത്തുന്നതിനിടെയായിരുന്നു അപകടം.
പാലക്കാട് നിന്നും പയ്യന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കണ്ടെയ്നർ ലോറി ഇടിച്ചുവീഴ്ത്തുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പരേതരായ വി.ടി.കൃഷ്ണൻ-യശോദ ദന്പതികളുടെ മകനാണ്.
ഏറക്കാലം പ്രവാസിയായിരുന്ന രഞ്ജിത്ത് അടുത്തിടെയാണ് നാട്ടിൽ തിരിച്ചെത്തി ഫ്ലോർമിൽ ആരംഭിച്ചത്. പരിയാരം മെഡിക്കൽ കോളജിലെ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കരിക്കൻകുളം സമുദായ ശ്മശാനത്തിൽ നടത്തി. ഭാര്യ: രഞ്ജിനി (പാളിയത്ത് വളപ്പ്). കണ്ണൂർ ഗവ. എൻജിനിയറിംഗ് കോളജ് വിദ്യാർഥിയായ നിവേദ് മറ്റൊരു മകനാണ്.സഹോദരങ്ങൾ: മുരളീധരൻ, ശ്രീജ, ഷൈജ.
Kerala
മാവേലിക്കര: ആലപ്പുഴയിൽ നഗരസഭാ മുന്‍കൗണ്‍സിലറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നഗരസഭ 12-ാം വാര്‍ഡ് കൗണ്‍സിലായിരുന്ന കല്ലുമല ഉമ്പര്‍നാട് ഇട്ടിയപ്പന്‍വിള വൃന്ദാവന്‍ (മുറിമല കിഴക്കതില്‍) കനകമ്മ സോമരാജന് (68)നെയാണ് കിടപ്പു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ ഇവരുടെ ഏകമകന് കൃഷ്ണദാസ് (ഉണ്ണി, 38)നെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. രാവിലെ 8.30 ഓടെ അമ്മയുടെ സിപിഐയിലെ സഹപ്രവര്‍ത്തകനായ ശ്യാംകുമാറിനോട് താന്‍ അമ്മയെ കൊലപ്പെടുത്തിയതായി ഫോണില്‍ വിളിച്ചു പറഞ്ഞു. ശ്യാം ഉടന്‍തന്നെ ഈ വിവരം പോലീസില്‍ അറിയിച്ചു.
പോലീസ് കൃഷ്ണദാസിനെ ബന്ധപ്പെട്ടപ്പോള്‍ കൊലപാതക വിവരം സ്ഥിരീകരിക്കുകയും കീഴടങ്ങാന്‍ എത്തുകയാണെന്ന് അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് എത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
എട്ട് വര്‍ഷത്തിന് മുന്‍പ് കുടുംബ പ്രശ്നത്തെ തുടര്‍ന്ന് ഇയാളുടെ ഭാര്യ വിവാഹമോചനം നേടി പോയിരുന്നു. ഇവരെ തിരികെ കൊണ്ടുവരാനുള്ള ഇയാളുടെ ശ്രമത്തിന് മാതാവ് എതിരു നിന്നതാകാം കൊലപാതകത്തില്‍ കലാശിച്ചതെന്നു പോലീസ് പറഞ്ഞു.
മാവേലിക്കര സിഐ സി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും വിരലടയാള വിദഗ്ധരും ശാസ്ത്രീയ പരിശോധനാ സംഘവും സ്ഥലത്ത് പരിശോധന നടത്തുന്നു. ഇയാള്‍ ലഹരിക്ക് അടിമയായിരുന്നതായും പറയപ്പെടുന്നു.
Kerala
കൊച്ചി: നെടുമ്പാശേരിയിൽ അമ്മയെ മകൻ അടിച്ചുക്കൊന്നു. നെടുമ്പാശേരിയിൽ താമസിക്കുന്ന അനിത (75) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ബിനുവിനെ പോലീസ് അറസ്റ്റ് ചെയ്തു.
സ്വത്ത് തർക്കത്തെ തുടർന്നാണ് കൊലപാതകമെന്നാണ് പോലീസ് പറയുന്നത്. ഞായറാഴ്ചയാണ് അനിതയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. മകൻ തന്നെയാണ് അമ്മയെ ആശുപത്രിയിലെത്തിച്ചത്.
എന്നാൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് പോസ്റ്റ്മോർട്ടത്തിൽ അനിതയുടെ ശരീരത്തിൽ മുറിവുകൾ കണ്ടെത്തുകയായിരുന്നു. അമ്മയും മകനും വാടക വീട്ടിലാണ് താമസിച്ചിരുന്നത്.
സംശയം തോന്നിയ പോലീസ് മകനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവരുന്നത്. വടികൊണ്ടും അമ്മിക്കല്ല് കൊണ്ടും അടിച്ചുകൊണ്ടാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് മകൻ പോലീസിനോട് സമ്മതിച്ചു.
Kerala
തൃശൂര്‍: ഹോണടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ പിതാവിനും മകനും സുഹൃത്തിനും കുത്തേറ്റു. തൃശൂർ പേരാമംഗലത്ത് ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
മുണ്ടൂർ സ്വദേശി ബിനീഷ് (46) , മകൻ അഭിനവ് (19) , സുഹൃത്ത് അഭിജിത്ത് (29) എന്നിവർക്കാണ് കുത്തേറ്റത്. ഇവരെ ആക്രമിച്ച കേച്ചേരി സ്വദേശി കൃഷ്ണ കിഷോർ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.
മുണ്ടൂരിലെ പച്ചക്കറി കടയിലെ ജീവനക്കാരനാണ് അക്രമി. രണ്ടു ബൈക്കുകളിലായാണ് അച്ഛനും മകനും സുഹൃത്തും യാത്ര ചെയ്തിരുന്നത്. ബാഡ്മിന്റണ്‍ കളിച്ചു മടങ്ങുകയായിരുന്നു ഇവർ. ബൈക്കിലാണ് ആക്രമിയും എത്തിയത്.
അഭിനവ് ഹോണടിച്ചതിൽ അക്രമി പ്രകോപിതനാവുകയായിരുന്നു. തുടര്‍ന്ന് ബൈക്ക് തടഞ്ഞുനിര്‍ത്തി വാക്കുതർക്കമുണ്ടായി. തുടര്‍ന്നായിരുന്നു ആക്രമണം. തമിഴ് നാട്ടിലേയ്ക്കു കടന്ന അക്രമിക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Kerala
കൊച്ചി: കോല്‍ക്കത്ത സ്വദേശി സൂരജ് ലാമയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കളമശേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണവുമായി മകന് സാന്റണ്‍ ലാമ. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പിതാവിനെ മെഡിക്കല്‍ കോളജില്‍ നിന്ന് വിട്ടയച്ചതെന്ന് സാന്റണ്‍ ലാമ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
മൊത്തം സിസ്റ്റത്തിന്റെ വീഴ്ചയാണിത്. ഇങ്ങനെയാണോ കേരളത്തിലേക്ക് ഒരാള്‍ വന്നാല്‍ മെഡിക്കല്‍ കോളജും പോലീസും കൈകാര്യം ചെയ്യേണ്ടത്. ഈ വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പിതാവിനെ കാണാതായതിന് പിന്നാലെ ആദ്യം കളമശേരി മെഡിക്കല്‍ കോളജിലെത്തി അന്വേഷണം നടത്തിയപ്പോള്‍ ഇങ്ങനെ ഒരാള്‍ അഡ്മിറ്റായിട്ടില്ലെന്നാണ് അധികൃതര്‍ പറഞ്ഞത്. പിന്നീട് മാധ്യമങ്ങളില്‍ വാര്‍ത്ത വരികയും പോലീസിനൊപ്പം മെഡിക്കല്‍ കോളജിലെത്തി അന്വേഷിച്ചപ്പോഴാണ് പിതാവിനെ അഡ്മിറ്റ് ചെയ്തിരുന്നതായി അധികൃതര്‍ വ്യക്തമാക്കിയത്.
അജ്ഞാതന്‍ എന്നാണ് പേര് രേഖപ്പെടുത്തിയിരുന്നത്. പിന്നീട മാധ്യമവാര്‍ത്ത വന്നതിന് ശേഷം അന്വേഷിച്ചപ്പോഴാണ് സൂരജ് ലാമ എന്ന പേര് രജിസ്റ്ററില്‍ കണ്ടെത്തിയത്. പിതാവിന്റെ അസുഖം ഭേദമായത് കൊണ്ടാണ് പറഞ്ഞുവിട്ടതെന്ന് സൂപ്രണ്ടന്റ് പറഞ്ഞു. വിഷമദ്യ ദുരന്തത്തില്‍പ്പെട്ട് ഓര്‍മശക്തി നഷ്ടപ്പെട്ട ഒരാളിന്റെ അസുഖം എങ്ങനെയാണ് ഭേദമാകുന്നതെന്നും സാന്റണ്‍ ലാമ ചോദിക്കുന്നു.
രാഷ്ട്രപതിയുടെ സന്ദര്‍ശനമായതിനാല്‍ പിതാവിന്റെ തിരോധാനത്തില്‍ കാര്യമായ അന്വേഷണം നടന്നിരുന്നില്ല. ജീവനോടെ തന്നെ പിതാവിനെ കണ്ടെത്തി തരുമെന്ന് കമീഷണര്‍ തനിക്ക് ഉറപ്പ് നല്‍കിയതാണ്. തിരച്ചില്‍ നടത്തിയ എച്ച്എംടി പരിസരത്ത് നിന്നാണ് പിതാവിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയിട്ടുള്ളത്. മൊത്തം സിസ്റ്റത്തിന്റെ വീഴ്ചയാണിതെന്നും അദ്ദേഹം പറഞ്ഞു.
Kerala
കായംകുളം: ആലപ്പുഴ പുല്ലുകുളങ്ങരയില്‍ അഭിഭാഷകനായ മകന്റെ വെട്ടേറ്റ് പിതാവ് മരിച്ചു. മാതാവിനെ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുല്ലുകുളങ്ങര കളരിക്കല്‍ ജംഗ്ഷന് പീടികചിറയില്‍ നടരാജനാണ് (60) മരിച്ചത്. ഭാര്യ സിന്ധുവിനാണ് (56) ഗുരുതര പരിക്കേറ്റത്. ഞായറാഴ്ച രാത്രി 9.30ഓടെയാണ് സംഭവം.
വെട്ടേറ്റ നിലയില്‍ ഇവരെ കായംകുളം ഗവ. ആശുപത്രിയിലും തുടര്‍ന്ന് മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും നടരാജനെ രക്ഷിക്കാനായില്ല. അഭിഭാഷകനായ മകന് നവജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
മാതാപിതാക്കളെ ആക്രമിച്ച ശേഷം വെട്ടുകത്തിയുമായി സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ പോലീസ് എത്തിയാണ് കീഴ്പ്പെടുത്തി കസ്റ്റഡിയലെടുത്തത്. ആക്രമണ കാരണം വ്യക്തമായിട്ടില്ല. പ്രതി ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് സമീപവാസികള്‍ പറഞ്ഞതായി പോലീസ് പറയുന്നു.
National
ഉജ്ജയിൻ: സമൂഹവിവാഹ ചടങ്ങിൽ മകന്റെ വിവാഹവും നടത്തിയ മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ തീരുമാനം ശ്രദ്ധേയമാകുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന്റെ ഇളയ മകൻ അഭിമന്യു യാദവിന്റെ വിവാഹമാണ് ഞായറാഴ്ച ഉജ്ജയിനിലെ ക്ഷിപ്ര നദീതീരത്ത് സമൂഹവിവാഹ ചടങ്ങിൽ നടന്നത്. ഇഷിത പട്ടേലാണ് വധു.
ഇവർക്ക് പുറമെ 21 ദമ്പതിമാർ കൂടി ചടങ്ങിൽ വിവാഹിതരായി. അമിതമായ ധനപ്രദർശനം ഒഴിവാക്കിക്കൊണ്ട് പരമ്പരാഗതമായ ചടങ്ങുകൾക്കാണ് പ്രാധാന്യം നൽകിയത്. വരന്മാർ കുതിരപ്പുറത്തും വധുക്കൾ അലങ്കരിച്ച വണ്ടികളിലുമാണ് എത്തിയത്.
വിവാഹ ക്ഷണക്കത്തിൽ ആഢംബരം ഒഴിവാക്കണമെന്ന് പ്രത്യേകം അഭ്യർഥിച്ചിരുന്നു. ചെലവേറിയ സമ്മാനങ്ങൾക്കോ ആർഭാടത്തിനോ പകരം സാമൂഹിക സൗഹൃദത്തിനും ലളിതമായ ആഘോഷങ്ങൾക്കുമാണ് പരിപാടി പ്രാധാന്യം നൽകിയത്.
സമൂഹവിവാഹത്തിൽ തന്റെ ദാമ്പത്യ ജീവിതം ആരംഭിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അഭിമന്യു പറഞ്ഞു. സന്തോഷകരമായ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആത്മീയ നേതാക്കൾ മുതൽ രാഷ്ട്രീയ പ്രമുഖർ വരെ ഈ ആഘോഷത്തിൽ പങ്കെടുത്തു.
Kerala
കോട്ടയം: ലഹരിവില്പനയുമായി ബന്ധപ്പെട്ട് കോട്ടയം നഗരത്തില്‍ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിന് പിന്നാലെ ലഹരി മാഫിയകൾക്കു പൂട്ടിടാന്‍ പോലീസ്. ജില്ലയിൽ പലയിടത്തും ലഹരി സംഘങ്ങൾ വ്യാപകമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നുവെന്ന് വ്യക്തമായതോടെയാണ് പോലീസ് രംഗത്തിറങ്ങിയത്.
നഗരത്തിലും പരിസര പ്രദേശങ്ങളിലും ലഹരി വില്പനയുമായി കറങ്ങിനടക്കുന്നവരെയും ഇത്തരം സംഘങ്ങള്‍ തമ്പടിക്കുന്ന സ്ഥലങ്ങളിലും പോലീസ് പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്. വില്പന സംഘങ്ങള്‍ക്കു ലഹരി എത്തിച്ചുനല്‍കുന്ന കാരിയര്മാരെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് നഗരത്തിലെ മാണിക്കുന്നം തോട്ടയ്ക്കാട് വാടകയ്ക്കു താമസിക്കുന്ന പുതുപ്പള്ളി മാങ്ങാനം താന്നിക്കല്‍ ആദര്‍ശ് (23) കൊല്ലപ്പെട്ടത്. ലഹരി ഇടപാടുകളിലെ സാന്പത്തിക തര്‍ക്കമാണ് കൊലയിൽ കലാശിച്ചത്.
സംഭവത്തിൽ കോട്ടയം നഗരസഭാ മുന്‍ കൗണ്‍സിലര്‍ വി.കെ. അനില്‍കുമാറിന്റെ (ടിറ്റോ) മകന് അഭിജിത്ത് അറസ്റ്റിലായി റിമാൻഡിലായിരുന്നു. കൊലപാതകത്തിനു പിന്നാലെ അഭിജിത്ത്, അനില്‍കുമാര്‍, ഭാര്യ എന്നിവരെ കോട്ടയം വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും തിങ്കളാഴ്ച വൈകുന്നേരത്തോടെ അനില്‍കുമാറിനെയും ഭാര്യയെയും പോലീസ് വിട്ടയയ്ക്കുകയായിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അനില്‍കുമാറും ഭാര്യയും മരിച്ച ആദര്‍ശിനെയും അഭിജിത്തിനെയും പിടിച്ചുമാറ്റാന്‍ ശ്രമിക്കുകയാണെന്ന് വ്യക്തമായതോടെയാണ് ഇവരെ പോലീസ് വിട്ടയച്ചത്. കൊല്ലപ്പെട്ട ആദര്‍ശും അഭിജിത്തുമായി പണം, ലഹരി ഇടപാടുകളെച്ചൊല്ലി തര്‍ക്കത്തിലായിരുന്നു.
ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് തിങ്കളാഴ്ച പുലര്‍ച്ചെ ആദര്‍ശ് അഭിജിത്തിന്റെ വീട്ടിലെത്തി പ്രശ്നങ്ങൾ സൃഷ്ടിച്ചത്. തുടര്‍ന്നു സംഘര്‍ഷമുണ്ടാവുകയും അഭിജിത്ത് കുത്തികൊലപ്പെടുത്തുകയുമായിരുന്നു. കഴുത്തില്‍ ഒരുതവണയും നെഞ്ചില്‍ രണ്ടു തവണയും കുത്തേറ്റിരുന്നു.
തിങ്കളാഴ്ച തന്നെ പോലീസ് അഭിജിത്തുമായി സംഭവസ്ഥലത്തെത്തി തെളിവെടുപ്പു നടത്തിയിരുന്നു. ആദര്‍ശിന്റെ സംസ്കാരം ഇന്നു ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പില്‍ നടന്നു. പിതാവ് സോമന്, മാതാവ് സുജാത. സംഭവത്തിൽഡ കോട്ടയം വെസ്റ്റ് എസ്എച്ച്ഒ എം.ജെ. അരുണിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നത്.
Kerala
തിരുവനന്തപുരം: 50 ലക്ഷം രൂപയുടെ ബൈക്ക് വാങ്ങി നൽകാത്തതിന് മാതാപിതാക്കളെ സ്ഥിരം ആക്രമിക്കുന്ന മകൻ പിതാവിന്റെ അടിയേറ്റ് ചികിത്സയിലിരിക്കെ മരിച്ചു. വഞ്ചിയൂർ കുന്നുംപുറം തോപ്പിൽ നഗർ പൗർണമിയിൽ ഹൃദ്ദിക്കാണ് (28) മരിച്ചത്.
കഴിഞ്ഞമാസം ഒമ്പതിനായിരുന്നു സംഭവം. നേരത്തെ മകന്റെ വാശിയെ തുടർന്ന് വീട്ടുകാർ വായ്പയെടുത്ത് 12 ലക്ഷം രൂപയുടെ ബൈക്ക് വാങ്ങി നൽകിയിരുന്നു. എന്നാൽ, തന്റെ ജന്മദിനത്തിനുമുമ്പ് 50 ലക്ഷത്തിന്റെ കാർ കൂടി വേണമെന്ന് ആവശ്യപ്പെട്ടാണ് ഹൃദ്ദിക് മാതാപിതാക്കളോട് തർക്കിച്ചത്.
പണം ആവശ്യപ്പെട്ട് ഹൃദ്ദിക് അച്ഛനെ വെട്ടുകത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ഇതോടെ വിനയാനന്ദൻ മകനെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് ഇന്നലെ രാവിലെയാണ് മരിച്ചത്. വഞ്ചിയൂരിൽ കുടുംബം വാടകയ്ക്കാണ് താമസിച്ചിരുന്നത്. പോസ്റ്റ്മോർട്ടത്തിനുശേഷം കാലടിയിലെ കുടുംബവീട്ടിൽ എത്തിച്ച ഹൃദ്ദിക്കിന്റെ മൃതദേഹം സംസ്കരിച്ചു.
വിനയാനന്ദനെ വഞ്ചിയൂർ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടിരുന്നു. വിനയാനന്ദനെതിരെ കൊലക്കുറ്റം ചുമത്തും. കുന്നുംപുറത്ത് കഫെറ്റീരിയ നടത്തുകയാണ് ഇദ്ദേഹം.
ബംഗളൂരുവിൽ കാറ്ററിംഗ് ടെക്നോളജി പഠിച്ചിറങ്ങിയ ഹൃദ്ദിക് ഏക മകനായിരുന്നു. അമ്മ: അനുപമ. ഹൃദ്ദിക് മാതാപിതാക്കളെ ആക്രമിക്കുന്നത് പതിവായിരുന്നുവെന്നും മാനസികപ്രശ്നം ഉണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു. നാണക്കേട് ഭയന്ന് ഇക്കാര്യം വീട്ടുകാർ പുറത്തറിയിക്കുകയോ മതിയായ ചികിത്സ നൽകുകയോ ചെയ്തില്ലെന്നാണ് സൂചന
Kerala
കോഴിക്കോട്: അമ്മ മരിച്ചതിന് പിന്നാലെ ഫേസ്ബുക്കില്‍ കുറിപ്പിട്ട് മകന് ജീവനൊടുക്കി. കോഴിക്കോട് തിക്കോടി പെരുമാള്‍പുരത്ത് താമസിക്കുന്ന സുരേഷ് (55) ആണ് മരിച്ചത്.
"അമ്മയുടെ കൂടെ ഞാനും പോവാ' എന്ന് ഫേസ്ബുക്കില്‍ കുറിപ്പിട്ടതിന് ശേഷം ഹരീഷ് സ്മാരക റോഡിന് സമീപത്തെ റെയില്‍ പാളത്തില്‍ എത്തിയ സുരേഷ്, ട്രെയിനിന് മുന്നില്‍ ചാടുകയായിരുന്നു. ഏഴ് ദിവസങ്ങള്‍ക്ക് മുന്‍പാണ് സുരേഷിന്റെ അമ്മ മരിച്ചത്.
ഫേസ്ബുക്കിൽ പോസ്റ്റിട്ട് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോൾ ഇദ്ദേഹം ട്രെയിനിന് മുന്നില്‍ ചാടി. മൃതദേഹം വടകര ഗവ. ആശുപത്രിയിലേക്ക് മാറ്റി. പരേതനായ നാരായണനാണ് സുരേഷിന്റെ പിതാവ്. മടപ്പള്ളി ഗവ. കോളജിലെ പ്രൊഫസറായ ദിനേശന് സഹോദരനാണ്.
Kerala
കോഴിക്കോട്: കൊയിലാണ്ടിയിൽ അമ്മയെ മകൻ കൊടുവാളുകൊണ്ട് എറിഞ്ഞു പരിക്കേൽപ്പിച്ചു. ഇന്ന് വൈകീട്ട് അഞ്ചിന് മണമ്മലിലാണ് സംഭവം.
പരിക്കേറ്റ മാധവിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. മാധവിയുടെ തലയ്ക്കാണ് മുറിവേറ്റിട്ടുള്ളത്.
അമ്മയും മകനും തമ്മിലുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. ഇയാളെ കൊയിലാണ്ടി പോലീസ് ചോദ്യം ചെയ്യുകയാണ്.
Kerala
തൃശൂർ: അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
തൃശൂർ ശ്രീനാരായണപുരത്തുണ്ടായ സംഭവത്തിൽ ചെന്തെങ്ങ് ബസാർ സ്വദേശികളായ വനജ (61) വിജേഷ് (38) എന്നിവരെയണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടത്തിയത്. വീട്ടിൽ അമ്മയും മകനും മാത്രമായിരുന്നു താമസിച്ചിരുന്നത്.
ഗൃഹനാഥൻ മോഹനൻ നേരത്തെ മരണപ്പെട്ടിരുന്നു.വനജയ്ക്ക് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Kerala
വയനാട്: ഡിസിസി ട്രഷറര്‍ എന്‍.എം. വിജയനും മകനും ജീവനൊടുക്കിയ സംഭവത്തില്‍ പ്രത്യേക അന്വേഷകസംഘം കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. ആത്മഹത്യാ പ്രേരണക്കേസിലാണ് നടപടി.
കേസിൽ ഐ.സി. ബാലകൃഷ്ണന് എംഎല്‍എ ഒന്നാം പ്രതിയാണ്. വയനാട് ഡിസിസി മുന്‍ പ്രസിഡന്റ് എന്‍.ഡി. അപ്പച്ചനും കോണ്‍ഗ്രസ് നേതാവ് കെ.കെ. ഗോപിനാഥനും രണ്ടും മൂന്നും പ്രതികളാണ്. ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയിലാണ് പ്രത്യേക അന്വേഷകസംഘം കുറ്റപത്രം സമര്‍പ്പിച്ചത്.
കേസിൽ നൂറോളം സാക്ഷിമൊഴികളുണ്ട്. ബാങ്ക് ഇടപാട് രേഖകള്‍, വിജയനുമായി നേതാക്കള്‍ നടത്തിയ ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍, ഓഡിയോ ക്ലിപ്പിങ്ങുകള്‍, മറ്റ് ഡിജിറ്റല്‍ തെളിവുകള്‍, വിജയന്റെ ഡയറിയിലെ വിശദാംശങ്ങള്‍ എന്നിവയെല്ലാം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ഒന്നര കോടിയോളം രൂപയുടെ ബാധ്യത വിജയന് ഉണ്ടായിരുന്നതായാണ് അന്വേഷക സംഘത്തിന്റെ കണ്ടെത്തല്‍. കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളും ജാമ്യത്തിലാണ്.
എന്‍.എം. വിജയന്റെയും മകന്റെയും മരണത്തില്‍ ഐ.സി. ബാലകൃഷ്ണന് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കുടുംബം ഗുരുതര ആരോപണങ്ങളായിരുന്നു ഉന്നയിച്ചിരുന്നത്. വിജയന്റെ സാമ്പത്തിക ബാധ്യതയ്ക്ക് പാര്‍ട്ടി തന്നെയാണ് ഉത്തരവാദിയെന്ന് മകന് വിജേഷ് ആരോപിച്ചിരുന്നു.