Kerala
തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) ഭാഗമായുള്ള കരട് വോട്ടർപട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നാളെ പ്രസിദ്ധീകരിക്കും. എസ്ഐആറിന്റെ ഭാഗമായി ഒഴിവാക്കിയ 24.08 ലക്ഷം പേരെ കഴിച്ചുള്ള പട്ടികയാണ് നാളെ പ്രസിദ്ധീകരിക്കുക.
എന്യൂമറേഷൻ ഫോം കൃത്യമായി പൂരിപ്പിച്ചു നൽകിയവരെല്ലാം കരട് വോട്ടർ പട്ടികയിലുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ പറയുന്നു. അതേസമയം, ക്രിസ്മസ് അവധിക്കു നാട്ടിൽ തിരിച്ചെത്തുന്നവർക്കുകൂടി വോട്ടർപട്ടികയിൽ പേരുചേർക്കാൻ അവസരമൊരുക്കണമെന്നാണ് രാഷ്ട്രീയപാർട്ടികളുടെ ആവശ്യം. വിദ്യാഭ്യാസത്തിനും തൊഴിലിനുമായി കേരളത്തിനു പുറത്തുള്ളത് ലക്ഷങ്ങളാണ്.
അവധിക്കെത്തുന്ന ഇവരിൽ നല്ലൊരു ശതമാനവും "കണ്ടെത്താൻ സാധിക്കാത്ത'വർകൂടി ഉൾപ്പെട്ട എഎസ്ഡി പട്ടികയിലാണ്. ഇവരെക്കൂടി വോട്ടർപട്ടികയിൽ ചേർക്കാൻ എസ്ഐആറിന്റെ സമയം നീട്ടണമെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനോട് സർക്കാരിന്റെയും പാർട്ടികളുടെയും ആവശ്യം.
മരണമടഞ്ഞ 6,49,885 പേരുൾപ്പെടെ 24.08 ലക്ഷം പേരാണ് നിലവിൽ എഎസ്ഡി പട്ടികയിലുള്ളത്. ഇതിൽ, കണ്ടെത്താൻ സാധിക്കാത്തവർ 6,45,548 പേരാണ്. കണ്ടെത്താൻ കഴിയാത്തവരെന്ന് കമ്മീഷൻ പറയുന്ന പലരും നാട്ടിൽത്തന്നെയുണ്ടെന്നാണ് രാഷ്ട്രീയ പാർട്ടികൾ പറയുന്നത്.
ഇവർക്ക് പേരുചേർക്കണമെങ്കിൽ പുതിയ വോട്ടറായി അപേക്ഷിക്കണം. ഇവരുടെയും എഎസ്ഡി പട്ടികയിൽ അല്ലാത്ത പുതിയ വോട്ടർമാരുടെയും ഹിയറിംഗിന് ഇപ്പോൾ നൽകുന്ന സമയം തികയില്ല. ഈ സാഹചര്യത്തിൽ എസ്ഐആർ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന നിലപാടാണ് സർക്കാരിന്.
രണ്ടുതവണയായി രണ്ടാഴ്ച കേരളത്തിലെ എസ്ഐആർ നീട്ടിയിരുന്നു. 24.08 ലക്ഷം പേർ പട്ടികയിൽനിന്നു പുറത്താകുമെന്നതിനാൽ കേരളത്തിലടക്കം സമയം നീട്ടുന്നത് പരിഗണിക്കാൻ സുപ്രീംകോടതി തെരഞ്ഞെടുപ്പു കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ തീരുമാനമായിട്ടില്ല.
എന്യൂമറേഷൻ ഫോം പൂരിപ്പിച്ചു നൽകിയിട്ടില്ലാത്തവർക്ക് ഡിസംബർ 23 മുതൽ ജനുവരി 22 വരെ ഫോം ആറിൽ അപേക്ഷിക്കാം. സത്യവാങ്മൂലവും നൽകണം. പുതുതായി പേരുചേർക്കാൻ ഫോം ആറിലും പ്രവാസികൾ ആറ് എയിലുമാണ് അപേക്ഷിക്കേണ്ടത്
കരട് പട്ടികയിലുള്ളയാളുടെ പേര് ഹിയറിംഗിനുശേഷം ഒഴിവാക്കിയാൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറുടെ ഉത്തരവുവന്ന് 15 ദിവസത്തിനകം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ കളക്ടർക്ക് അപ്പീൽ നൽകാം. ഇതിലും പരാതിയുണ്ടെങ്കിൽ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറെ 30 ദിവസത്തിനകം സമീപിക്കണം.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ടു പ്രവാസികളുടെ യോഗം വിളിക്കാൻ നോർക്കയോട് നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടിയില്ല. ഈ സാഹചര്യത്തിൽ പ്രവാസി മലയാളികളുടെ ആശങ്ക പരിഹരിക്കാൻ പ്രവാസി സംഘടനകളുടെ യോഗം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നേരിട്ടു വിളിക്കും.
പ്രവാസികളിൽ ഭൂരിഭാഗവും യുഡിഎഫിനെ അനുകൂലിക്കുന്നവരായതിനാലാണ് പ്രവാസി ക്ഷേമത്തിനുള്ള സർക്കാർ സ്ഥാപനമായ നോർക്ക യോഗം വിളിക്കാൻ തയാറാകാത്തതെന്ന് എസ്ഐആർ സംബന്ധിച്ച് സിഇഒ വിളിച്ച രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗത്തിൽ മുസ്ലിം ലീഗ് ആരോപിച്ചു.
പ്രവാസികളുടെ യോഗം ഓണ്‍ലൈനായി വിളിക്കണമെന്ന് രാഷ്ട്രീയ പാർട്ടികളുടെ നിരന്തര ആവശ്യമായിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ടു സിഇഒ ഡോ. രത്തൻ യു. ഖേൽക്കർ നോർക്കയ്ക്ക് കത്തു നൽകിയിട്ടും നടപടിയുണ്ടായില്ല.
എസ്ഐആർ നടപടിക്കു ശേഷം പുറത്തിറക്കുന്ന വോട്ടർപട്ടികയിൽ പേരില്ലെങ്കിൽ പൗരത്വ പ്രശ്നമുണ്ടാകുമോ എന്ന ആശങ്കയാണ് പ്രവാസികൾക്കുള്ളത്. വോട്ടർപട്ടികയിൽ 90,030 പ്രവാസികളാണുള്ളത്.
ഇതിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത് 2670 പേർ മാത്രമാണെന്ന് സിഇഒ യോഗത്തിൽ പറഞ്ഞു.
പ്രവാസികൾക്കുള്ള കോൾ സെന്ററിലെ 1950 എന്ന നന്പരിലേക്ക് ഒരുമാസത്തിനിടെ വിളിച്ചത് 33,661 പേരാണ്. ഇ മെയിൽവഴി ബന്ധപ്പെട്ടത് 2146 പേരും.
Kerala
തിരുവനന്തപുരം: തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനായി (എസ്ഐആർ) നീട്ടി ലഭിച്ച രണ്ടാഴ്ച സമയം വോട്ടർപട്ടികയിൽനിന്നു കാണാനില്ലാത്തവരെ കണ്ടെത്താനായി ബിഎൽഒമാരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി സംയോജിച്ചു നടത്തുമെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ. ആദ്യഘട്ടം ഒരാഴ്ച കാലാപരിധി ദീർഘിപ്പിച്ചതിനു പിന്നാലെ വെള്ളിയാഴ്ച രാത്രി ഒരാഴ്ചകൂടി സമയം കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ നീട്ടിയിരുന്നു.
ഇതോടെ എന്യൂമറേഷൻ ഫോറം പൂരിപ്പിച്ച് ഡിസംബർ 18 വരെ നൽകാം. ആദ്യം ഡിസംബർ നാലിനും പിന്നീടിത് 11 വരെയുമാക്കി ദീർഘിപ്പിച്ചിരുന്നു. ഇതാണ് 18 വരെയാക്കി നീട്ടിയത്. കരട് വോട്ടർ പട്ടിക 23നു പ്രസിദ്ധീകരിക്കും. അവകാശവാദങ്ങളും എതിർപ്പുകളും അടക്കമുള്ള അപ്പീലുകൾ ജനുവരി 22 വരെ സമർപ്പിക്കാം. അപ്പീലുകൾ പരമാവധി ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്കാണ് (ഇആർഒ) ആദ്യ അപ്പീൽ സമർപ്പിക്കേണ്ടത്. ഇതിൽ പരിഹാരമായില്ലെങ്കിൽ ജില്ലാ കളക്ടർമാർക്ക് തുടർന്നുള്ള 15 ദിവസത്തിനകം അപ്പീൽ നൽകണം. കളക്ടറുടെ അപ്പീലിൽ തീരുമാനമായില്ലെങ്കിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് 30 ദിവസത്തിനകം അപ്പീൽ നൽകണം. അപ്പീൽ കാലാവധി ഫെബ്രുവരി 14നാണ് അവസാനിക്കുന്നത്.
ഫെബ്രുവരി 21ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. അതേസമയം, ഇപ്പോഴത്തെ കണക്ക് അനുസരിച്ച് 35 ലക്ഷം പേരെങ്കിലും പട്ടികയിൽ ഇല്ലാത്ത സാഹചര്യം വരുമെന്നു രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ കോണ്‍ഗ്രസ് പ്രതിനിധി എം.കെ. റഹ്മാൻ ആരോപിച്ചു.
ഇആർഒമാർക്കുള്ള 30 ദിവസത്തെ അപ്പീൽ കാലാവധിയിൽ 50 ലക്ഷം പേരെങ്കിലും പൗരത്വമുണ്ടെന്നു തെളിയിക്കുന്ന രേഖകൾ ഇആർഒമാർ മുൻപാകെ ഹാജരാക്കേണ്ടി വരുമെന്ന് മുസ്ലിംലീഗ് പ്രതിനിധി മുഹമ്മദ് ഷാ പറഞ്ഞു. ഇപ്പോഴത്തെ കണക്കനുസരിച്ച് 13 ലക്ഷം പേരെ കാണാതായെന്ന കണക്ക് ഞെട്ടിക്കുന്നതാണെന്ന് സിപിഎം പ്രതിനിധി എം. വിജയകുമാർ പറഞ്ഞു.
18.82 ലക്ഷം വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശരാജ്യങ്ങളിലേക്കു പോയിരിക്കുകയാണെന്നും ഇവരെയും ഉൾപ്പെടുത്തിയുള്ള പട്ടികയാകണം ഉണ്ടാകേണ്ടതെന്ന് സിപിഐ പ്രതിനിധി സത്യൻ മൊകേരി ആവശ്യപ്പെട്ടു.
ആരോഗ്യ കാരണങ്ങളാൽ ബുദ്ധിമുട്ടുന്ന ബിഎൽഒമാരെ എസ്ഐആറിൽ നിന്ന് ഒഴിവാക്കണമെന്നു കേരള കോണ്‍ദ്രസ് പ്രതിനിധി മാത്യു ജോർജ് ആവശ്യപ്പെട്ടു. കളക്ടർമാർക്ക് അപേക്ഷ നൽകിയാൽ മെഡിക്കൽ കാരണങ്ങളുള്ളവർക്ക് മാറ്റം നൽകാൻ നിർദേശിച്ചിട്ടുണ്ടെന്ന് കളക്ടർ അറിയിച്ചു. ജെ.ആർ. പത്മകുമാർ (ബിജെപി), കെ. ആനന്ദകുമാർ (കേരള കോണ്‍ഗ്രസ്- എം), കെ. ജയകുമാർ (ആർഎസ്പി) തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
21 ലക്ഷം പേർ ഒഴിവാകും
തിരുവനന്തപുരം: എസ്ഐആർ നടപടികൾ അന്തിമഘട്ടത്തിലേക്ക് കടക്കുന്നതോടെ 21 ലക്ഷത്തോളം പേർ വോട്ടർപട്ടികയിൽ നിന്നു പുറത്താകും.
മൊത്തം വോട്ടർമാരുടെ 7.45 ശതമാനം വരുമിത്. ഇതിൽ 6.11 ലക്ഷം പേർ മരണമടഞ്ഞതായാണ് കണക്ക്. കണ്ടെത്താൻ സാധിക്കാത്തവർ- 5.66 ലക്ഷം, സ്ഥിരാമസം മാറിയവർ- 7.39 ലക്ഷം, ഇരട്ട വോട്ടുള്ളവർ- 1.12 ലക്ഷം, മറ്റുള്ളവർ 45,866.
Kerala
തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ബിഎൽഒമാർ മൂന്നു തവണ വീട്ടിലെത്തിയിട്ടും കണ്ടെത്താനാകാത്തവരുടെ (അണ് ട്രെയിസബിൾ) എണ്ണം 11.13 ലക്ഷത്തോളമായി ഉയർന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കർ.
മൊത്തം വോട്ടർ പട്ടികയിൽ ഏകദേശം അഞ്ചു ശതമാനത്തോളം വരുമിത്. കണ്ടെത്താനാകാത്തവർ കൂടുതലും നഗരപരിധിയിലാണ്. ഒരാഴ്ച അധിക സമയം അനുവദിച്ചതോടെ ഇവരിൽ ആരെയെങ്കിലും കണ്ടെത്താൻ കഴിയുമോ എന്ന് വീണ്ടും പരിശോധന നടത്താനാകും.
86 ശതമാനം പേരും ഫോം പൂരിപ്പിച്ചു ബിഎൽഒമാർക്ക് മടക്കി നൽകി. മടക്കി നൽകാത്തവരും നഗരപരിധിയിലാണ് കൂടുതൽ. എത്രയും വേഗം ഫോം പൂരിപ്പിച്ചു മടക്കി നൽകുന്നുവോ അവരെ വേഗത്തിൽ പട്ടികയിൽ ഉൾപ്പെടുത്താനാകും.
അവസാനഘട്ടം വരെ കാത്തുനിൽക്കാതെ ഫോം വേഗത്തിൽ പുരിപ്പിച്ചു മടക്കിനൽകാനാകണം. വേഗത്തിൽ ഡിജിറ്റൈസ് ചെയ്യാൻ ഇതു സഹായിക്കും. പൂരിപ്പിച്ച ഫോമിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്താനും ഇത് ഉപകരിക്കും.
നീട്ടിയില്ലെങ്കിലും ഫോം പൂരിപ്പിച്ചു തിരിച്ചു മേടിക്കുന്നതിന് ബിഎൽഒമാർക്ക് നേരത്തേ സമയപരിധി നൽകിയിരുന്നു. നേരത്തേ അനുവദിച്ചിരുന്ന സമയപരിധിയായ ഡിസംബർ നാലുവരെ കാത്തു നിൽക്കാനല്ല ശ്രമിച്ചത്. ഇന്ന് 95 ശതമാനം പൂർത്തിയാക്കാനായിരുന്നു ലക്ഷ്യം. ഇന്നലെ ഇത് 86 ശതമാനത്തിൽ എത്തിയിരുന്നു. രണ്ടോ മൂന്നോ ദിവസത്തിനകം പരാമവധി പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം.
National
ന്യൂഡൽഹി: രാജ്യവ്യാപകമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന വോട്ടർ പട്ടികയിലെ തീവ്ര പരിഷ്കരണത്തിന്റെ മറവിൽ പാർശ്വവത്കരിക്കപ്പെട്ടവരുടെ വോട്ടുകൾ വെട്ടി മാറ്റി ബിജെപി അവരുടെ ഇഷ്ടാനുസരണം വോട്ടർപട്ടിക തയാറാക്കുന്നുവെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി.
ജനാധിപത്യത്തെ കൊല്ലുന്ന ഈ നടപടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവാദിയാണെന്നും സമൂഹമാധ്യമത്തിൽ കുറിച്ച പോസ്റ്റിൽ രാഹുൽ വിമർശിച്ചു.
പിന്നാക്ക വിഭാഗത്തിൽപ്പെട്ടവരുടെ വോട്ടുകൾ വെട്ടിമാറ്റാൻ ബൂത്ത് ലെവൽ ഓഫീസർമാരിൽ സമ്മർദം ചെലുത്തുന്നു. ജോലി നഷ്ടപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നു. സമ്മർദവും ഭീഷണികളും സഹിക്കാതെ ബിഎൽഒമാർ സ്വയം ജീവനൊടുക്കുന്നുവെന്നും രാഹുൽ ആരോപിച്ചു.
ഉത്തർപ്രദേശിലെ ഗോണ്ടയിലെ ബിഎൽഒ ആയിരുന്ന വിപിൻ യാദവിന്റെ ആത്മഹത്യ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ ആരോപണം. ഒബിസി വിഭാഗത്തിൽപ്പെട്ട വോട്ടർമാരുടെ പേരുകൾ പട്ടികയിൽനിന്നു നീക്കിയില്ലെങ്കിൽ ജോലിയിൽനിന്നു പിരിച്ചുവിടുമെന്നും പോലീസ് നടപടി നേരിടുമെന്നും വിപിൻ യാദവിന് ഭീഷണി ഉണ്ടായിരുന്നുവെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
Kerala
തിരുവനന്തപുരം: തീവ്രവോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ബിഎൽഒ മൂന്നു തവണ വീട്ടിലെത്തിയിട്ടും കണ്ടെത്താനാകാത്തവരെ പട്ടികയിൽ ഉൾപ്പെടുത്തില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ.
കണ്ടെത്താനാകാത്തവരുടെ (അണ് ട്രെയിസബിൾ) പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിലും പ്രദേശികമായി ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസ് തലങ്ങളിലും ബൂത്ത് അടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കും. രാഷ്ട്രീയ പാർട്ടികൾക്കും നൽകും.
പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിനു മുൻപ് ബിഎൽഒമാർ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബൂത്ത് ലെവൽ ഏജന്റുമാരുമായി ചർച്ച ചെയ്താകണം പട്ടികയ്ക്ക് അന്തിമ രൂപം നൽകേണ്ടതെന്ന് ബിഎൽഒമാർക്ക് നിർദേശം നൽകിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കർ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ അറിയിച്ചു.
28 ലക്ഷം പേരുടെ കരട് പട്ടിക ബിഎൽഒമാർ ഡിജിറ്റൈസ് ചെയ്ത് നൽകിയപ്പോൾ 1.20 ലക്ഷം പേരെ കണ്ടെത്തായിട്ടില്ല. മരണമടഞ്ഞവർ, സ്ഥിരമായി താമസം മാറിപ്പോയവർ, മറ്റു കാരണങ്ങളാൽ കണ്ടെത്താൻ കഴിയാത്തവർ തുടങ്ങിയവർ പട്ടികയിലുണ്ട്.
എസ്ഐആറിനുള്ള എന്യുമറേഷൻ ഫോറങ്ങൾ ഡിസംബർ നാലിനകം പൂരിപ്പിച്ചു നൽകണം. ഫോറം ലഭിച്ചവർ എത്രയും വേഗം പൂരിപ്പിച്ചു ബിഎൽഒയ്ക്കു സമർപ്പിക്കുന്നതാണ് നല്ലത്. വിവരങ്ങൾ വേഗത്തിൽ ഡിജിറ്റൈസ് ചെയ്യാൻ ഇത് ഉപകരിക്കും. ബിഎൽഒയുടെ ജോലി ഭാരം കുറയ്ക്കാൻ കൂടിയാണ് വേഗത്തിൽ പൂരിപ്പിച്ചു നൽകണമെന്ന് പറയുന്നത്.
എന്യുമറേഷൻ ഫോറം പൂരിപ്പിച്ചു നൽകുന്നവരെയെല്ലാം ഡിസംബർ ഒൻപതിന് പുറത്തിറക്കുന്ന കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണമെന്നാണ് താഴേയ്ക്കു നൽകിയിട്ടുള്ള നിർദേശം. പിന്നീട് ആവശ്യമുള്ളവരെ മാത്രമാകും രേഖകളുടെ പരിശോധനയ്ക്കായി ഇആർഒമാർ വിളിക്കുക. ഫെബ്രുവരി ഏഴിന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.
ബിഎൽഒമാരുടെ സഹായത്തിനായി ഫെസിലിറ്റേറ്റർമാരെ നിയോഗിക്കും. കെഎസ്ആർടിസി കണ്ടക്ടർമാർ അടക്കമുള്ളവരെ നിയോഗിക്കുന്നത് കൂടുതൽ ഗുണം ചെയ്യുമെന്ന കേരള കോണ്‍ഗ്രസ്- എം പ്രതിനിധി കെ. ആനന്ദകുമാറിന്റെ നിർദേശം അംഗീകരിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി. കൃത്യമായ പരിശീലനം ഇനിയും ലഭിച്ചിട്ടില്ലെന്ന് പരാതി ലഭിക്കുന്ന ബിഎൽഒമാർക്കു വീണ്ടും പരിശീലനം നൽകാൻ സംവിധാനം ഒരുക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ പറഞ്ഞു.
2002 വോട്ടർ പട്ടികയിൽ ഉള്ളവരെ കണ്ടെത്താൻ ബന്ധുക്കളുടെ പേര് രേഖപ്പെടുത്തണമെന്ന കോളത്തിൽ അച്ഛൻ, അമ്മ, മുത്തശൻ, മുത്തശി എന്നിവരെയാണ് ബന്ധുക്കളുടെ കോളത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സഹോദരങ്ങളേയും ബന്ധുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ആവശ്യപ്പെട്ടു.
കണ്ണൂർ പയ്യന്നൂരിൽ ആത്മഹത്യ ചെയ്ത ബിഎൽഒ അനീഷ് ജോർജിന് ആദരാഞ്ജലി അർപ്പിച്ചാണ് യോഗം തുടങ്ങിയത്. എം. വിജയകുമാർ- സിപിഎം, എം.കെ. റഹ്മാൻ- കോണ്‍ഗ്രസ്, ജെ.ആർ. പത്മകുമാർ, ബി. ഗോപാലകൃഷ്ണൻ- ബിജെപി, മുഹമ്മദ് ഷാ- മുസ്ലിംലീഗ്, എൻ. രാജൻ- സിപിഐ, കെ. ജയകുമാർ- ആർഎസ്പി, മാത്യു ജോർജ്- കേരള കോണ്‍ഗ്രസ്, കെ. ആനന്ദകുമാർ- കേരള കോണ്‍ഗ്രസ്- എം എന്നിവർ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: കോർപറേഷൻ മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർഥിയായ വൈഷ്ണ സുരേഷിന്റെ പേര് വോട്ടർപട്ടികയിൽ നിന്നു നിയമവിരുദ്ധമായി നീക്കിയ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു പരാതി.
രണ്ടു ഭാഗവും കേൾക്കാതെ നടപടി സ്വീകരിച്ച കോർപറേഷനിലെ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വീണ എസ്. നായരാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകിയത്.
വൈഷ്ണയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് അനധികൃതമായി നീക്കിയ നടപടിയിൽ തിരുവനന്തപുരം കോർപറേഷൻ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറും ഹിയറിംഗ് ഉദ്യോഗസ്ഥരുമായ ജി.ആർ. പ്രതാപചന്ദ്രൻ, ജി.എം. കാർത്തിക എന്നിവരുടെ ഭാഗത്തു കുറ്റകരമായ വീഴ്ച സംഭവിച്ചു. ഏതൊരു പരാതിയിലും തീർപ്പ് കല്പിക്കുന്പോൾ രണ്ടു ഭാഗവും കേൾക്കേണ്ടതുണ്ട്.
എന്നാൽ, വൈഷ്ണയുടെ ഭാഗം കേൾക്കാതെ പരാതിക്കാരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മാത്രം ഉദ്യോഗസ്ഥർ ഏകപക്ഷീയമായി സ്വീകരിച്ച നടപടി ഗുരുതരമായ നിയമലംഘനമാണ്. ഇത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണോ എന്നു സംശയമുണ്ട്.
വൈഷ്ണയുടെ പേര് നീക്കാനുള്ള ആക്ഷേപയിന്മേൽ ഹിയറിംഗ് ഉദ്യോഗസ്ഥനായ ജി.ആർ. പ്രതാപചന്ദ്രന്റെ ഉത്തരവിൽ നിയമവിരുദ്ധമായ കാര്യങ്ങൾ പ്രതിപാദിക്കുന്നു. വൈഷ്ണ മുട്ടടയിലെ മേൽവിലാസത്തിലെ താമസക്കാരിയാണെന്നു വ്യക്തമായിട്ടും രേഖകൾ മുഖവിലയ്ക്കെടുക്കാതെ സ്വീകരിച്ച നടപടി ഗുരുതരമായ കൃത്യ വിലോപമാണെന്നും പരാതിയിൽ പറയുന്നു.
Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പു കമ്മീഷന്റെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം അതിവേഗം പൂർത്തിയാക്കാനായി ബിഎൽഒമാർക്കു മേൽ സമ്മർദം ചെലുത്തുന്ന നടപടികളിൽ നിന്ന് കളക്ടറേറ്റുകളിലെ ഉദ്യോഗസ്ഥരെ തടയണമെന്ന് ആവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു. കേൽക്കറിന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പരാതി നൽകി.
തെരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദ്ദേശ പ്രകാരം ബിഎൽഒമാർക്ക് എന്യൂമറേഷൻ ഫോറം വോട്ടർമാരിൽ എത്തിക്കാൻ ഒരു മാസത്തെ കാല പരിധി അനുവദിച്ചു. ഇതിനു വിരുദ്ധമായി രണ്ടു ദിവസത്തിനകം എല്ലാവർക്കും ഫോറം നൽകി വിശദാംശം അപ്ലോഡ് ചെയ്യണമെന്ന് ഉദ്യോഗസ്ഥർ അന്ത്യശാസനം നൽകി.കളക്ടറേറ്റുകളിലെ നിർദേശമനുസരിച്ച് വില്ലേജ് ഓഫിസർമാരാണ് ബിഎൽഒമാരോട് ആവശ്യം ഉന്നയിച്ചത്.
ബൂത്തുകളിൽ 1500 വോട്ടർമാരെങ്കിലുമുണ്ടാകും. ഒരു വീട്ടിൽ സംശയനിവാരണം നടത്തി ഫോറം പൂരിപ്പിക്കാൻ അരമണിക്കൂർ എടുക്കും. ദിവസം പരമാവധി 20 വീടുകൾ മാത്രമേ കവർ ചെയ്യാനാകൂ.അധിക സമ്മർദം വന്നതോടെ ബിഎൽഒമാർക്ക് ശരിയായി കൃത്യ നിർവഹണത്തിൽ ഏർപ്പെടാൻ കഴിയാത്ത സാഹചര്യമാണെന്നും സെക്രട്ടേറിയേറ്റ് അസോസിയേഷൻ വ്യക്തമാക്കി . ഇതിനൊപ്പം മൊബൈൽ ആപ്പിൽ വിവരങ്ങൾ അപ് ലോഡ് ചെയ്യുന്നതിന് സമയമെടുക്കും.
750ലധികം വോട്ടർമാരുള്ള ബൂത്തുകളിൽ അധികമായി ബിഎൽഒയെ നിയമിക്കാൻ നടപടി ഉണ്ടാകണം. എന്യൂമറേഷൻ ജോലികൾക്കുള്ള കാലപരിധി നീട്ടാനും ബിഎൽഒമാർക്കു മേൽ സമ്മർദമുണ്ടാകുന്ന നടപടി ഒഴിവാക്കാനും നടപടി സ്വീകരിക്കണമെന്നും സെക്രട്ടേറിയറ്റ് അസോസിയേഷൻ നിവേദനത്തിൽ ആവശ്യപ്പെട്ടു.
Kerala
കൊച്ചി : സംസ്ഥാനത്തെ തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണ നടപടികള്‍ മാറ്റിവയ്ക്കണമെന്ന ഹർജിയില്‍ ഹൈക്കോടതി ഇടപെട്ടില്ല.
സുപ്രീംകോടതിയുടെ പരിഗണനയില്‍ എസ്ഐആര്‍ വിഷയം നിലനില്‍ക്കെ, സംസ്ഥാനത്തിന്റെ ആവശ്യവും സുപ്രീംകോടതിയില്‍ ഉന്നയിക്കാമെന്നു വ്യക്തമാക്കി ജസ്റ്റീസ് വി.ജി. അരുണ്‍ ഹര്‍ജിയിലെ തുടര്‍നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു.
ഹര്‍ജികള്‍ സുപ്രീംകോടതിയിലിരിക്കെ സര്‍ക്കാരിന്റെ ഹര്‍ജി ഇവിടെ പരിഗണിക്കുന്നത് അനുചിതമാകുമെന്നും അവിടത്തെ തീര്‍പ്പിനു വിധേയമായി പിന്നീട് ആവശ്യമെങ്കില്‍ സര്‍ക്കാരിനു ഹൈക്കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി.
12 സംസ്ഥാനങ്ങളില്‍ വോട്ടര്‍പട്ടിക പരിഷ്കരണം നടക്കുന്നുണ്ടെങ്കിലും ഇതേ സമയത്തുതന്നെ തദ്ദേശ തെരഞ്ഞെടുപ്പ് വരുന്ന കേരളത്തിലെ സവിശേഷ സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാരിന്റെ ഹര്‍ജി. തെരഞ്ഞെടുപ്പുനടപടികള്ക്കും വോട്ടര്‍പട്ടിക പുതുക്കുന്നതിനുമായി ഒട്ടേറെ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. അടുത്ത ഘട്ടത്തില്‍ ഇതിന്റെ ഇരട്ടി വേണ്ടിവരുമെന്നതു സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കും.
തെരഞ്ഞെടുപ്പുനടപടികള്‍ ഡിസംബര്‍ 20 നകം പൂര്‍ത്തിയാക്കേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണെന്നും എസ്ഐആര്‍ അടിയന്തര സ്വഭാവമുള്ളതല്ലെന്നുമായിരുന്നു സര്‍ക്കാർ വാദം. എന്നാല്‍, എസ്ഐആര്‍ നടപടികള്‍ മുടക്കാനാണു സര്‍ക്കാര്‍ ശ്രമമെന്നായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആരോപണം.
Leader Page
പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കൽ (സ്പെഷൽ ഇന്റൻസീവ് റിവിഷൻ -എസ്ഐആർ) സംസ്ഥാനത്ത് ആരംഭിച്ചുകഴിഞ്ഞു. 2025 ഒക്ടോബർ 27 വരെ വോട്ടർ പട്ടികയിൽ ഉണ്ടായിരുന്ന എല്ലാവർക്കും ബിഎൽഒ എന്യുമറേഷൻ ഫോമുകൾ വിതരണം ചെയ്യും. ഇതു പൂരിപ്പിച്ച് നൽകണം. വേണമെങ്കിൽ കളർ ഫോട്ടോ ഫോമിൽ പതിപ്പിക്കാം. പൂരിപ്പിച്ച ഫോമുകൾ ബിഎൽഒയ്ക്ക് കൈമാറി രസീത് വാങ്ങണം. ഫോം പൂരിപ്പിക്കുന്നതിന് ബിഎൽഒമാരുടെ സഹായം തേടാം. ഡിസംബർ നാലു വരെ വീടുകൾ കയറി ബിഎൽഒമാർ കണക്കെടുപ്പ് നടത്തും. ഡിസംബർ ഒമ്പതിന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. അന്നു മുതൽ 2026 ജനുവരി എട്ടു വരെ പരാതി സമർപ്പിക്കാം. 2026 ഫെബ്രുവരി എഴിന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും.
എന്താണ് എന്യൂമറേഷൻ ഫോമിന്റെ പ്രത്യേകതകൾ
എന്യുമറേഷൻ ഫോമിന്റെ ആദ്യഭാഗത്തിന്റെ അവസാന കോളത്തിൽ ആണ് പുതിയ ഫോട്ടോ ഒട്ടിക്കേണ്ടത്. അതിന് താഴെയുള്ള കോളങ്ങളിൽ വോട്ടറുടെ നിലവിലെ വിവരങ്ങൾ പൂരിപ്പിക്കണം. അതിന് താഴെ ഇടത് ഭാഗത്ത് ഈ വോട്ടർ 2002ലെ വോട്ടർ പട്ടികയിൽ ഉണ്ടെങ്കിൽ ആ വിവരങ്ങൾ എഴുതണം. 2002ലെ വോട്ടർപട്ടികയിൽ ഉൾപ്പെടാത്ത ആളാണെങ്കിൽ അവരുടെ ബന്ധു ഉൾപ്പെട്ട പട്ടികയുടെ വിവരങ്ങൾ ചേർക്കണം. വോട്ടർ പട്ടികയുടെ വിവരങ്ങൾ ലഭിക്കുന്നതിനായി www.ceo.kerala.gov.in/voter-search എന്ന വെബ്സൈറ്റ് ഉപയോഗിക്കാവുന്നതാണ്. ഇക്കാര്യങ്ങൾ കണ്ടുപിടിക്കാൻ ബിഎൽഒയുടെ സേവനം ലഭിക്കുന്നതാണ്.
ഒരു വീട്ടിൽ താമസിക്കുന്ന ആരുംതന്നെ 2002ലെ മുൻ എസ്ഐആർ സമയത്തെ പട്ടികയിൽ ഉൾപ്പെടുന്നില്ലെങ്കിൽ അവരുടെ മരിച്ചുപോയതോ അല്ലെങ്കിൽ മറ്റ് വീട്ടിൽ താമസിക്കുന്നതോ ആയ ബന്ധുവിന്റെ വിവരങ്ങൾ വലതുവശത്ത് എഴുതണം. മുൻ എസ്ഐആർ വിവരങ്ങൾ ഉൾപ്പെടുന്ന ഭാഗത്തെ വലതു ഭാഗം 2002 ലെ പട്ടികയിൽ പേര് ഇല്ലാത്തവരും ഇടത് 2002 ലെ പട്ടികയിൽ ഉൾപ്പെട്ടവരും പൂരിപ്പിച്ചാൽ മതിയാകും.
മരിച്ചയാളുടെ പേരിൽ ലഭിക്കുന്ന ഫോം
മരിച്ച ആളിന്റെ പേരിലുള്ള ഫോം കുടുംബത്തിലെ ഒരു മുതിർന്ന അഗം ആൾ മരണപ്പെട്ടു എന്ന വിവരം എഴുതി ഒപ്പിട്ട് ബിഎൽഒയ്ക്ക് തിരികെ നല്‍കേണ്ടതാണ്. എന്യുമറേഷൻ ഫോം രണ്ട് പകർപ്പുകൾ വീതമാണ് ഒരാൾക്ക് നല്‍കുന്നത്. ഓരോ വോട്ടറും രണ്ട് പകർപ്പുകളും പൂരിപ്പിക്കണം. ഒരു പകർപ്പ് കൈപ്പറ്റുന്ന ബിഎൽഒ രണ്ടാമത്തെ പകർപ്പ് ഒപ്പുവച്ച് രസീതായി വോട്ടർക്ക് തിരിച്ചു നല്‍കും. ഇത് വോട്ടർ സൂക്ഷിച്ച് വയ്ക്കണം.
ഒരു വോട്ടറുടെ പേര് രണ്ടോ അതിലധികമോ തവണ വോട്ടർപട്ടികയിൽ ഉണ്ടായാൽ
ചിലരുടെ പേര് ഒന്നിലധികം സ്ഥലത്ത് തെറ്റായി ചേർത്തിട്ടുണ്ടാവാം. വോട്ടർ പട്ടികയിലെ ഓരോ എൻട്രിക്കും ഒരു സെറ്റ് എന്യുമറേഷൻ ഫോം പ്രിന്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഒന്നിലധികം സ്ഥലത്ത് ഒരു വോട്ടറുടെ പേര് ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഏത് പട്ടികയിലും മേൽവിലാസത്തിലുമാണോ തുടർന്ന് വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്നത് ആ സ്ഥലത്തെ മേൽവിലാസത്തിൽ ലഭിച്ചിരിക്കുന്ന ഫോം പൂരിപ്പിച്ച് നല്‍കേണ്ടതും മറ്റ് ഫോമുകളിൽ നിലവിൽ തുടരാൻ ആഗ്രഹിക്കുന്ന പട്ടികയിൽ ഉൾപ്പെട്ട തിരിച്ചറിയൽ കാർഡിന്റെ നമ്പർ കൂടി എഴുതി വിവരം രേഖപ്പെടുത്തി അധികമായി വന്ന ഫോം ബിഎൽഒയ്ക്ക് തിരികെ നല്‍കേണ്ടതുമാണ്.
ഒരു വോട്ടറുടെയോ അയാളുടെ ബന്ധുവിന്റെയോ 2002 ലെ എസ്ഐആർ വിവരങ്ങൾ ലഭ്യമല്ല എങ്കിലും ഫോം പൂരിപ്പിച്ച് നൽകാമോ?
നല്‍കാം. ഇങ്ങനെയുള്ള അവസരത്തിൽ വോട്ടറുടേയോ ബന്ധുവിന്റെയോ വിവരങ്ങൾ ലഭ്യമല്ലെങ്കിൽ ആ ഭാഗം ഒഴിവാക്കി ബാക്കി പൂരിപ്പിച്ച് ബിഎൽഒയ്ക്ക് നല്കി കൈപ്പറ്റ് രസീത് വാങ്ങുക.അങ്ങനെയുള്ള വോട്ടർമാർക്ക് ഇആർഒ നോട്ടീസ് നല്കി നേരിട്ട് കേട്ട് യോഗ്യത പരിശോധിച്ച് ഉറപ്പ് വരുത്തി വേണ്ട നടപടി സ്വീകരിക്കും. ഇത് കരട് വോട്ടർപട്ടിക പ്രസിദ്ധികരിച്ചതിന് ശേഷം മാത്രമേ നടത്തുകയുള്ളു.
എന്യുമറേഷൻ ഫോമിൽ വോട്ടർമാരുടെ ഒപ്പ്
വോട്ടറോ വീട്ടിലെ മുതിർന്ന അംഗമോ ഒപ്പിടുകയോ ഇടത് പെരുവിരലിന്റെ അടയാളം പതിപ്പിക്കുകയോ ചെയ്താൽ മതി. വോട്ടർ തന്നെ ഒപ്പിടണം എന്ന് നിർബന്ധമില്ല.
National
ന്യൂഡൽഹി: വോട്ടർപട്ടികയിലെ ഡ്യൂപ്ലിക്കേറ്റ് വോട്ടർമാരെ കണ്ടെത്തി നീക്കംചെയ്യുന്നതിനുള്ള കംപ്യൂട്ടർ സോഫ്റ്റ്വേർ ഉപയോഗിച്ചിരുന്നത് 2022ൽ തെരഞ്ഞെടുപ്പു കമ്മീഷൻ നിർത്തിയത് സംശയകരം. ഒരിക്കൽ പ്രവർത്തിച്ചിരുന്ന വോട്ടർപട്ടിക ശുദ്ധീകരിക്കൽ സാങ്കേതികവിദ്യ തെരഞ്ഞെടുപ്പു കമ്മീഷന്റെ പ്രക്രിയയിൽനിന്നു നിശബ്ദമായി അപ്രത്യക്ഷമായത് രാഹുൽ ഗാന്ധിയുടെ വോട്ടുകൊള്ള ആരോപണം ശരിവയ്ക്കുന്നതായി.
ഹരിയാനയിൽ 25 ലക്ഷം കള്ളവോട്ടുകളിലൂടെ ബിജെപിക്ക് അനുമൂലമായി ജനവിധി അട്ടിമറിച്ചെന്ന വെളിപ്പെടുത്തലിനെ വസ്തുതാപരമായി നിഷേധിക്കാൻ കമ്മീഷനു കഴിഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
നേരത്തേ രണ്ടുതവണ നടത്തിയ വോട്ട് ചോരി ആരോപണങ്ങളെയും പൊതുവെ തള്ളുകയും മറുചോദ്യം ഉന്നയിച്ച് തലയൂരുകയും ചെയ്യുന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടി ദുരൂഹതയും സംശയവും ബലപ്പെടുത്തുന്നു. അതിനിടയിലാണ് വോട്ടിരട്ടിപ്പുകൾ വേഗം തടയാനാകുന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് രഹസ്യമായി നിർത്തിയത്. കമ്മീഷന്റെ വിശ്വാസ്യതയിൽ കരിനിഴൽ വീഴ്ത്തുന്ന മറ്റൊരു നടപടിയാണിതെന്നാണ് ആരോപണം.
ഹരിയാനയിൽ മോഷ്ടിക്കപ്പെട്ട 25,41,144 വോട്ടുകളിൽ 5.21 ലക്ഷം ഡ്യൂപ്ലിക്കേറ്റ് വോട്ടർമാർ ഉണ്ടെന്നു പ്രതിപക്ഷ നേതാവ് പത്രസമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ബ്രസീലിയൻ മോഡലിന്റെ ഫോട്ടോ ഉപയോഗിച്ചു വ്യത്യസ്ത പേരുകളിലും വിലാസങ്ങളിലും 22 വോട്ടുകൾ ചേർത്തതും മറ്റൊരു സ്ത്രീയുടെ ഫോട്ടോ ഉപയോഗിച്ച് 223 വോട്ടുകൾ ചേർത്തതും അടക്കമുള്ളത് ഇതിലുണ്ട്.
വ്യാജവോട്ടുകൾ ചേർക്കുന്നതിന് ബിജെപിക്കാർക്കു കമ്മീഷന്റെ സഹായമുണ്ടെന്നുമായിരുന്നു രാഹുലിന്റെ ആരോപണം. ബിജെപിയെ സഹായിക്കാനല്ലെങ്കിൽ പിന്നെയെന്തുകൊണ്ടാണ് എളുപ്പമുള്ളതും ഉപയോഗിച്ചിരുന്നതുമായ സാങ്കേതികവിദ്യ രഹസ്യമായി നിർത്തിയതെന്ന ചോദ്യത്തിനു കമ്മീഷൻ ഇനിയും വിശദീകരണം നൽകിയിട്ടില്ല.
കാര്യക്ഷമത തെളിയിച്ച സോഫ്റ്റ്വേർ
വോട്ടിരട്ടിപ്പുകളും വ്യാജവോട്ടുകളും തടയാൻ കഴിയുന്ന "ഡ്യൂപ്ലിക്കേഷൻ-ഡീഡ്യൂപ്ലിക്കേഷൻ സോഫ്റ്റ്വേർ' സെന്റർ ഫോർ ഡെവലപ്മെന്റ് ആൻഡ് അഡ്വാൻസ്ഡ് കംപ്യൂട്ടിംഗ് (സിഡിഎസി) ആണു വികസിപ്പിച്ചത്.
2022ലെ വാർഷിക സ്പെഷൽ സമ്മറി റിവിഷൻ (എസ്എസ്ആർ) വേളയിലാണ് ഇത് അവസാനമായി ഉപയോഗിച്ചത്. രാജ്യത്തു മൊത്തം രജിസ്റ്റർ ചെയ്ത വോട്ടർമാരുടെ എണ്ണത്തിൽ ഏകദേശം മൂന്നു കോടി ഡ്യൂപ്ലിക്കേറ്റ് അല്ലെങ്കിൽ അസാധുവായ എൻട്രികൾ നീക്കം ചെയ്യുന്നതിന് അന്ന് ഇതിലൂടെ കാരണമായിരുന്നുവെന്ന് പ്രക്രിയയെക്കുറിച്ചു പരിചയമുള്ള കമ്മീഷനിലെ മുൻ ഉദ്യോഗസ്ഥൻ പറഞ്ഞു.
വീടുകളിൽ ചെന്നുള്ള വോട്ടർമാരുടെ തിരിച്ചറിയൽ പ്രക്രിയയിൽ വോട്ടിരട്ടിപ്പുകളും വ്യാജ വോട്ടർമാരെയും എളുപ്പത്തിൽ കണ്ടെത്താൻ ഉദ്യോഗസ്ഥരെ സാങ്കേതികവിദ്യ സഹായിച്ചിരുന്നു.
എന്നാൽ, വീടുതോറുമുള്ള പരിശോധന നടക്കാത്തപ്പോൾ മാത്രമേ ഡ്യൂപ്ലിക്കേഷൻ സാങ്കേതികവിദ്യ ഉപയോഗിക്കൂവെന്നാണ് കഴിഞ്ഞ ഒക്ടോബർ 27ലെ പത്രസമ്മേളനത്തിൽ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ഗ്യാനേഷ് കുമാർ നൽകിയ വിശദീകരണം. എസ്ഐആർ (സ്പെഷൽ ഇന്റൻസീവ് റിവിഷൻ) പ്രകാരം ഇപ്പോൾ ഈ പ്രക്രിയ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡ്യൂപ്ലിക്കേഷൻ ഒഴിവാക്കാനുള്ള സോഫ്റ്റ്വേറിന്റെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായാണ് ഇക്കാര്യം വിശദീകരിച്ചത്. ഭാവിയിൽ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് തുടരുമോയെന്ന ചോദ്യത്തിന് ഗ്യാനേഷ് ഉത്തരം നൽകാതിരുന്നതും ദുരൂഹത വർധിപ്പിക്കുന്നു.
ഫോട്ടോകളും വിലാസങ്ങളുമടക്കം സമാനമായ ഡ്യൂപ്ലിക്കേറ്റ് എൻട്രികൾ തിരിച്ചറിഞ്ഞ് ഇല്ലാതാക്കാൻ സംസ്ഥാനങ്ങളോടു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ ആവർത്തിച്ചു നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. വാർഷിക സ്പെഷൽ സമ്മറി റിവിഷൻ (എസ്എസ്ആർ) സമയത്താണു വർഷങ്ങളായി അത്തരം വോട്ടിരട്ടിപ്പുകളും വ്യാജവോട്ടുകളും ഡീഡ്യൂപ്ലിക്കേഷൻ സാങ്കേതികവിദ്യയിലൂടെ നീക്കുക.
കേരളത്തിലടക്കം 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും അടുത്തിടെ തുടങ്ങിവച്ച തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിലും (എസ്ഐആർ) വ്യാജ, ഡ്യൂപ്ലിക്കേറ്റ് വോട്ടുകൾ നീക്കണമെന്നു നിർദേശിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: രാജ്യവ്യാപകമായ ജനാധിപത്യ ധ്വംസനത്തിനാണ് വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിലൂടെ കേന്ദ്രസർക്കാർ ഒരുങ്ങുന്നതെന്നും അതിനു തെരഞ്ഞെടുപ്പ് കമ്മീഷനെ ചട്ടുകമാക്കുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്.
ബിഹാർ മോഡലിലുള്ള വോട്ടർപട്ടികയുടെ തീവ്രപരിഷ്കരണം കേരളം ഉൾപ്പടെ രാജ്യമാകെ വ്യാപിപ്പിക്കാനുള്ള ശ്രമമാണ് തിടുക്കത്തിൽ ആരംഭിച്ചിട്ടുള്ളത്. കേരളത്തിൽ എസ്ഐആർ നടപ്പാക്കാനുള്ള നടപടി ക്രമങ്ങളിലേക്കു കമ്മീഷൻ കടന്നുകഴിഞ്ഞു. അതിന്റെ ഭാഗമായി നിലവിലെ വോട്ടർപട്ടിക മരവിപ്പിച്ചു. നവംബർ നാലു മുതൽ ഡിസംബർ നാലു വരെ വിവരശേഖരണം നടത്തി ഡിസംബർ ഒന്പതിനു കരട് വോട്ടർപട്ടിക പുറത്തുവിടാനാണ് കമ്മീഷന്റെ തീരുമാനം.
തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം പരിഗണിക്കാമെന്ന അഭ്യർഥന തെരഞ്ഞെടുപ്പ് കമ്മീഷണർ തള്ളിയിരിക്കുകയാണ്. തികച്ചും ജനാധിപത്യവിരുദ്ധമായ നീക്കമാണ് കമ്മീഷൻ ആരംഭിച്ചിട്ടുള്ളതെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.
കേരളത്തിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയെക്കുറിച്ച് ചോദിച്ചപ്പോൾ വിജ്ഞാപനം ആയില്ലല്ലോ എന്ന മറുപടി ഏറെ ആശങ്ക ഉളവാക്കുന്നതാണ്. തെരഞ്ഞെടുപ്പ് കമ്മീഷനെ നോക്കുകുത്തിയാക്കി രാജ്യത്തെ ജനാധിപത്യ സംവിധാനംതന്നെ അട്ടിമറിക്കാനുള്ള നീക്കത്തിൽനിന്നും കേന്ദ്രസർക്കാർ പിൻമാറണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
എസ്ഐആർ നടപ്പാക്കുമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്ന് എൽഡിഎഫ് കണ്‍വീനർ ടി.പി. രാമകൃഷ്ണൻ പറഞ്ഞു.