Kerala
പത്തനംതിട്ട: തിരുവല്ല സ്പാ പീഡനക്കേസിൽ നിർണായക നീക്കവുമായി പോലീസ്. സ്പാകളിൽ നിന്ന് മാസപ്പടി വാങ്ങുന്ന പോലീസുകാർ തിരുവല്ല സ്റ്റേഷനിലുണ്ടെന്ന സംശയത്തെ തുടർന്ന് പോലീസിൽ ആഭ്യന്തര അന്വേഷണം തുടങ്ങി.
പോലീസ് - ഗുണ്ടാ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്ന സംശയത്തെ തുടർന്ന് ഉന്നത നിർദ്ദേശപ്രകാരമാണ് അന്വേഷണം. പോലീസുകാരിൽ ചിലർ സ്പാകളിൽ നിത്യസന്ദർശകരാണെന്നും വിവരമുണ്ട്. അതേസമയം സ്പാ പീഡനക്കേസിൽ ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് സൂചനയുണ്ട്.
ആറ് പ്രതികളിൽ മരണ സുബിനും ബെർലിൻ ദാസും മാത്രമാണ് ഇതുവരെ അറസ്റ്റിലായത്. ഫെബ്രുവരി ഒന്നിനായിരുന്നു ഗുണ്ടകൾ സ്പായിൽ അതിക്രമിച്ചു കയറി ജീവനക്കാരിയെ പീഡിപ്പിച്ചത്. കൊടുംക്രിമിനലായ സുബിൻ പോലീസുകാരെ സ്റ്റേഷനിൽ കയറി ആക്രമിച്ച കേസിലടക്കം പ്രതിയാണ്.
Kerala
ചേർത്തല: പള്ളിപ്പുറത്ത് അമ്പിളി എന്ന യുവതിയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് രാജേഷിന് ഇരട്ട ജീവപര്യന്തവും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചു. കേസിൽ പ്രതി കുറ്റക്കാരനാണെന്നു കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 2024 മേയ് 18നാണ് കൊലപാതകം നടന്നത്. തിരുനെല്ലൂർ സർവീസ് സഹകരണബാങ്കിലെ കളക്ഷൻ ഏജന്റായിരുന്ന അമ്പിളിയെ കുടുംബവഴക്കിനെത്തുടർന്നു രാജേഷ് നടുറോഡിൽ കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
പള്ളിപ്പുറം പള്ളിച്ചന്ത കവലയ്ക്കു സമീപം കടകളിലെ കളക്ഷൻ എടുക്കുകയായിരുന്ന അമ്പിളിയുമായി ബൈക്കിലെത്തിയ പ്രതി തർക്കമുണ്ടാക്കി. തുടർന്നു കത്തിയെടുത്ത് കഴുത്തിലും മുതുകിലും കുത്തുകയായിരുന്നു. മൂന്നു കുത്തുകളേറ്റു. അമ്പിളിയുടെ കൈയിലുണ്ടായിരുന്ന കളക്ഷൻ തുകയുമായി ഇയാൾ സ്ഥലംവിട്ടു. ജലഗതാഗത വകുപ്പ് ജീവനക്കാരനായ രാജേഷിനെ പിന്നീട് കഞ്ഞിക്കുഴിയിലെ ബാറിൽനിന്നാണ് പിടികൂടിയത്. ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എസ്. ഭാരതിയാണ് ശിക്ഷ വിധിച്ചത്.
Kerala
കൊച്ചി: പെരുമ്പാവൂരിലെ ഭായ് കോളനി മയക്കുമരുന്ന് മുക്തമാക്കാനും അനധികൃത കൈയേറ്റങ്ങളും ഒഴിപ്പിക്കാനുള്ള നടപടി സ്വീകരിക്കുകയാണെന്ന് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ. ഭായ് കോളനിയില്‍ പോലീസ് എയ്ഡ് പോസ്റ്റ് വേണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച മുഖ്യമന്ത്രിക്ക് കത്തു കൊടുത്തിട്ടുണ്ടെന്നും എല്‍ദോസ് കുന്നപ്പിള്ളി ദീപിക ഓണ്‍ലൈനിനോട് പ്രതികരിച്ചു.
മയക്കുമരുന്നിന്റെ വ്യാപനം അവിടെ കൂടുതലാണ്. ഞാന്‍ സന്ദര്‍ശനം നടത്തിയ വേളയില്‍ അവിടെയുള്ളവരെല്ലാം അത് നേരത്തെ തന്നെ അടച്ചുപൂട്ടി പോയി. എല്ലാം അടച്ചിട്ടിരുന്നതിനാല്‍ കൃത്യമായി പരിശോധിക്കാനായില്ല. പോലീസ് ഉദ്യോഗസ്ഥരുടെയും എക്സൈസ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുകയും അവിടെ ലഹരി മുക്തമാക്കുകയും വേണമെന്നും എംഎല്‍എ വ്യക്തമാക്കി.
തൊട്ടടുത്ത പഞ്ചായത്തിലെ കുട്ടികള്‍ പറയുന്നുണ്ട് അവിടെ രാത്രികളില്‍ ആളുകൾ വരുന്നുണ്ട് എന്നൊക്കെ. അതിന്റെ അടിസ്ഥാനത്തില്‍ അവിടെ യുവാക്കള്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ അവിടേക്ക് അവര്‍ ചെല്ലുമ്പോള്‍ അനധികൃതമായി പ്രവേശിച്ചു എന്ന് പറഞ്ഞ് പോലീസ് യുവാക്കള്‍ക്കെതിരെ കേസ് എടുക്കുകയാണ്.
ഇന്ന് കേരളത്തിന്റെ എല്ലാ ഭാഗത്തും മയക്കുമരുന്നും കഞ്ചാവും എംഡിഎംഎയും ഒക്കെ സുലഭമായി കിട്ടികൊണ്ടിരിക്കുകയാണ്. നിയമസഭയില്‍ ഈ വിവരം ഞങ്ങള്‍ പലപ്പോഴായി പറഞ്ഞതാണ്. ഇതിനെ നിയന്ത്രിക്കാന്‍ പറ്റുന്നില്ല. എക്സൈസും പോലീസും മയക്കുമരുന്ന് വില്‍ക്കുന്നത് പിടിക്കുന്നുണ്ട്. കഞ്ചാവ് കേസില്‍ പിടിച്ചു കഴിഞ്ഞാലും അഞ്ചു മിനിറ്റിനുള്ളില്‍ അയാള്‍ ജാമ്യത്തില്‍ വരുന്ന അവസ്ഥയാണ്. കുറഞ്ഞ അളവില്‍ കഞ്ചാവും മയക്കുമരുന്നും കൈവശം വച്ചാല്‍ ജാമ്യം കിട്ടും എന്ന നിയമമുള്ളതു കൊണ്ട് അത് തുടരുകയാണ്.
ഭായ് കോളനി സ്ഥിതി ചെയ്യുന്നത് വാഴക്കുളം പഞ്ചായത്തിന്റെയും വെങ്ങോല പഞ്ചായത്തിന്റെയും മേഖലയില്‍ ആയാണ്. അവിടെ കെട്ടിടങ്ങള്‍ അനധികൃതമായി പണിത് രഹസ്യമായി ആളുകളെ താമസിപ്പിച്ചിരിക്കുകയാണ്. കക്കൂസ് മാലിന്യം പോലും അവിടെ പുറത്തേക്ക് തള്ളുന്ന അവസ്ഥയാണുള്ളത്. അനധികൃതമായി അറവുശാലയും അവിടെയുണ്ട്.
അവിടെ ഇനി ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനായി ഞാനും ശ്രീനിജന് എംഎല്‍എയും കൂടി യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. അടിയന്തരമായി മീറ്റിംഗ് കൂടി മറ്റു നടപടികള്‍ കൈകൊള്ളും. ശനിയാഴ്ച താലൂക്ക് ഓഫീസില്‍ നടക്കുന്ന യോഗത്തില്‍ ജില്ല ഓഫീസര്‍മാരും താലൂക്കിലെ ഉദ്യോഗസ്ഥരും പഞ്ചായത്ത് പ്രസിഡന്റും ഈ മീറ്റിംഗില്‍ പങ്കെടുക്കും. അവിടെ പോലീസ് എയ്ഡ് പോസ്റ്റ് വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തു കൊടുത്തിട്ടുണ്ട്. ബാക്കിയുള്ള തീരുമാനം ശനിയാഴ്ച എടുക്കുമെന്നും എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു.
Kerala
പാലക്കാട്: പോലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത കേസിൽ ഡീൻ കുര്യാക്കോസ് എംപിക്ക് അറസ്റ്റ് വാറന്റ്. പാലക്കാട് ഒറ്റപ്പാലം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
2018ൽ റോഡ് ഉപരോധിക്കുകയും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലാണ് വാറന്റ്. ഷൊർണൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കോടതി മുൻപാകെ ഹാജരാകാത്തതിനെ തുടർന്നാണ് അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതിയുടെ ഉത്തരവ്.
2018ൽ ഷൊർണൂരിലെ അന്നത്തെ എംഎൽഎക്കെതിരായ സ്ത്രീപീഡന കാര്യത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടയിൽ പോലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയായിരുന്നു. ഫെബ്രുവരി രണ്ടിന് കോടതി കേസ് വീണ്ടും പരിഗണിക്കും.
Kerala
കൊച്ചി: തിരുവാങ്കുളം കക്കാട് കിണറ്റിങ്കൽ പറമ്പിൽ മഹേഷിന്റെയും രമ്യയുടെയും മകൾ ആദിത്യ(16)യുടെ മരണത്തിൽ ദുരൂഹത.
കഴിഞ്ഞ ദിവസം രാവിലെ വീട്ടിൽ നിന്ന് സ്കൂളിലേക്കു പോയ വിദ്യാർഥിനിയെ വീടിന് സമീപമുള്ള ഉപയോഗശൂന്യമായ കരിങ്കൽ ക്വാറിയിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കുട്ടിയുടെ ബാഗിലുണ്ടായിരുന്ന നോട്ട്ബുക്കിൽ നിന്നും ഇംഗ്ലീഷിൽ എഴുതിയ മൂന്ന് പേജുള്ള കുറിപ്പ് കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കൊറിയൻ സുഹൃത്തിന്റെ മരണ വാർത്തയെ തുടർന്ന് താൻ വിഷമത്തിലായിരുന്നുവെന്നും അതിനാലാണ് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും കുറിപ്പിലുണ്ട്.
ഒരാഴ്ച മുൻപാണ് സുഹൃത്ത് മരണപ്പെട്ടതെന്ന് പറയുന്നു. തന്നെ ഏറെ സ്നേഹിക്കുന്ന പിതാവിനെയും മാതാവിനെയും ഓർത്ത് വിഷമമുണ്ടെന്നും എന്നാൽ സുഹൃത്തിന്റെ മരണം താങ്ങാനാവുന്നില്ലെന്നും കുറിപ്പിൽ പറയുന്നു. കൊറിയൻ ഭാഷയിലുള്ള കുറിപ്പുകളും പുസ്തകത്തിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം.
കൂടുതൽ വിവരങ്ങൾ ലഭിക്കാൻ കുട്ടിയുടെ ഫോൺ പരിശോധിക്കണം. ഫോൺ ലോക്ക് ചെയ്ത നിലയിലാണ്. ചോറ്റാനിക്കര ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായിരുന്നു ആദിത്യ. മൃതദേഹം സംസ്കരിച്ചു.
Kerala
തിരുവനന്തപുരം: കമലേശ്വരത്ത് യുവതിയും മാതാവും വിഷം കഴിച്ച് ജീവനൊടുക്കിയ സംഭവത്തില്‍ നിര്‍ണായ വെളിപ്പെടുത്തലുമായി പോലീസ്.
പ്രതിയായ ഉണ്ണിക്കൃഷ്ണന് ആണ് സുഹൃത്തുക്കളോട് ഒപ്പം കഴിയാനായിരുന്നു താൽപര്യമെന്നും ഇയാൾ പല ഗേ ഗ്രൂപ്പിലും അംഗമായിരുന്നുവെന്നും പോലീസ് കണ്ടെത്തി. ആണുങ്ങള്‍ക്കൊപ്പം യാത്ര പോകാനും സമയം പങ്കിടാനുമാണ് ഉണ്ണിക്കൃഷ്ണന് താല്പര്യം കാണിച്ചിരുന്നതെന്നും പോലീസ് പറയുന്നു.
ഉണ്ണിക്കൃഷ്ണന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.
ആറു വര്‍ഷത്തിനിടെ ഗ്രീമയുടെ വീട്ടില്‍ ഉണ്ണിക്കൃഷ്ണന് പോയത് ഒരു ദിവസം മാത്രമാണ്. ഇവര്‍ തമ്മില്‍ ഒന്നിച്ച് കഴിഞ്ഞത് 54 ദിവസം മാത്രവുമാണ്. പിഎച്ച്ഡി പരീക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കുടുംബാംഗങ്ങളുമായി ഇടപഴകാത്തതാണ് നല്ലതെന്ന് വിശ്വസിപ്പിച്ച് ബോധപൂര്‍വം അകലം പാലിച്ചിരുന്നു.
കമലേശ്വരം സ്വദേശികളായ എസ്.എല്‍. സജിത (54), മകള്‍ ഗ്രീമ എസ്. രാജ് (30) എന്നിവരെ ബുധനാഴ്ചയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉണ്ണികൃഷ്ണന് തന്നോടുള്ള അവഗണയാണ് മരണ കാരണമെ ഗ്രീമ ആത്മഹത്യ കുറിപ്പില്‍ എഴുതിയിരുന്നു.
Kerala
കൊച്ചി: 14 വര്‍ഷമായി പോലീസ് തന്നെ ഉപദ്രവിക്കുകയാണെന്ന് ഭാര്യയെ കൊന്ന കേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് ഷാജിമോന്‍. 2012ല്‍ ആയിരുന്നു കോതമംഗലം വിളയാല്‍ കണ്ണാടിപ്പാറ ഷോജി കൊല്ലപ്പെട്ടത്.
ഏറെ വിവാദമായ കൊലപാതകം നടന്ന് 11 വര്‍ഷത്തിനുശേഷം 2023 ഡിസംബര്‍ എട്ടിന് ആയിരുന്നു സംഭവത്തില്‍ ഭര്‍ത്താവായ ഷാജിമോനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടായിരുന്ന ഷാജിമോന്‍ ഭാര്യയുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം ചെയ്തത് എന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.
കേസില്‍ 78 ദിവസത്തിന് ശേഷം ഷാജിമോന്‍ ജാമ്യം ലഭിച്ചിരുന്നു. ഈ കേസില്‍ പോലീസ് ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. കുറ്റപത്രം സമര്‍പ്പിച്ച്, കേസ് തെളിയിക്കണമെന്നാണ് ഷാജിമോന്റെ ആവശ്യം. ഇന്ന് കൊച്ചിയില്‍ നടന്ന മനുഷ്യാവകാശ കമ്മീഷന്റെ സിറ്റിംഗില്‍ എത്തിയ ഷാജിമോന്‍ ദീപിക ഓണ്‍ലൈനിനോട് പ്രതികരിച്ചു.
2012 ഓഗസ്റ്റില്‍ എന്റെ ഭാര്യ മരിച്ചു പോയി. അതൊരു കൊലപാതകം ആയിരുന്നു. ആദ്യ മൂന്ന് മാസം ഈ കേസ് ലോക്കല്‍ പോലീസ് അന്വേഷിച്ചു. അവര്‍ക്ക് ഒന്നും കണ്ടെത്താനായില്ല. പിന്നീട് ഈ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. മാറി മാറി ഡിവൈഎസ്പിമാര്‍ വന്നെങ്കിലും ഇവര്‍ക്കൊന്നും കണ്ടെത്താനായില്ല.
അവസാനം റസ്റ്റം എന്നൊരു ഡിവൈഎസ്പി വന്നു. അയാളാണ് പുതിയ തെളിവ് കൊണ്ടുവന്നത്. ഞാനൊരു പവര്‍ ടൂള്‍ കൊണ്ടുവന്ന് എന്റെ ഭാര്യയെ കൊന്നതാണെന്ന്. എനിക്ക് മാനസിക വിഭ്രാന്തിയൊന്നുമില്ല സ്വന്തം ഭാര്യയെ കഴുത്തറുത്ത് കൊല്ലാന്‍. ഞാന്‍ കൊന്നിട്ട് ഭാര്യയുടെ അഞ്ചര പവന്റെ മാല കൊണ്ടുപോയി എന്നാണ് ആ പോലീസ് പറയുന്നത്.
വീട്ടില്‍ 27 പവന്റെ സ്വര്‍ണമുണ്ട്. അത് ചോദിച്ചാല്‍ എനിക്ക് കിട്ടും. അത് എടുത്തു കൊണ്ടു പോകണമെങ്കില്‍ എന്റെ ഭാര്യയെ കൊല്ലേണ്ട ആവശ്യമൊന്നും എനിക്കില്ല. 2012ല്‍ എനിക്ക് മാസം ഒരു ലക്ഷം രൂപ വരുമാനവുമുണ്ട്. പിന്നെ ഞാന്‍ എന്തിന് എന്റെ ഭാര്യയെ കൊല്ലണം. പോലീസ് കുറേ കഥകള്‍ മെനഞ്ഞു. എനിക്ക് വേറെ കാമുകിയുണ്ട്, അവരെ സ്വന്തമാക്കാന്‍ ഞാന്‍ ഭാര്യയെ കൊന്നുവെന്ന് കഥയുണ്ടാക്കി. എനിക്ക് അങ്ങനെ ബന്ധമുണ്ടെങ്കില്‍ ഉപേക്ഷിച്ചാല്‍ മതിയാരുന്നല്ലോ.
2023ല്‍ ഞാനാണ് പ്രതി എന്ന് പറഞ്ഞ് അറസ്റ്റ് ചെയ്തു. 78 ദിവസം ജയിലിലിട്ടു. കോടതി എനിക്ക് ജാമ്യം അനുവദിച്ചു. അതു കഴിഞ്ഞ് രണ്ടു വര്‍ഷവും രണ്ടു മാസവും ആകാറായി. ഇതുവരെ പോലീസ് കുറ്റപത്രം കൊടുത്തിട്ടില്ല. എങ്ങനെ കൊടുക്കും, ഞാന്‍ അല്ലല്ലോ പ്രതി. കുറ്റപത്രം സമപ്പിക്കണം.
കുറ്റപത്രം സമര്‍പ്പിച്ചിട്ട് എത്രയും വേഗം കേസ് തെളിയിക്കണം. ഈ കേസിലേക്ക് എന്നെ കണക്ട് ചെയ്യാന്‍ വേണ്ടി കൊലപാതകശ്രമം എന്ന മറ്റൊരു കേസ് എടുത്തു. ഞാന്‍ വേറൊരാളെ കൊല്ലാന്‍ ശ്രമിച്ചു എന്ന് പറഞ്ഞ് കേസ് എടുത്തു. ഇതില്‍ ആരോപിക്കുന്ന വ്യക്തിയെ ഞാന്‍ കടയില്‍ കയറി തല്ലിയതായി ഒരു കേസ് ഉണ്ടായിരുന്നു.
ആ കേസ് വളച്ചൊടിച്ച് ഞാന്‍ അവനെ കൊല്ലാന്‍ ശ്രമിച്ചു എന്നാക്കി. 2022ല്‍ ഒരു കേസ് അവനെ കൊണ്ട് കൊടുപ്പിച്ചു. അവന് ഈ കേസിനെ കുറിച്ച് അറിയില്ലായിരുന്നു. ഡിവൈഎസ്പി റസ്റ്റം കളിച്ച കളിയാണ്. 307 കേസില്‍ ഹൈക്കോടതി പറഞ്ഞിട്ടുണ്ട് ഈ കേസ് വിശ്വസിക്കാന്‍ പറ്റില്ലെന്ന് എറണാകുളം സെഷന്‍സ് കോടതി എനിക്ക് ജാമ്യം തന്നു.
എന്നെ അസറ്റ് ചെയ്യിക്കാന്‍ വേണ്ടി ക്രൈബ്രാഞ്ചിലെ റസ്റ്റം എന്ന പോലീസുകാരന് കളിച്ച കളിയാണിത്. എന്റെ ഭാര്യയുടെ കൊലപാതക കേസില്‍ എന്നെ പ്രതിയാക്കാന്‍ വേണ്ടിയാണ് ആ കേസ് കൂടി ഉണ്ടാക്കിയത്.
എന്റെ പേരില്‍ കുറ്റപത്രം കൊടുത്തിട്ടില്ല. അത് കൊടുക്കട്ടെ എന്നിട്ട് തീരുമാനിക്കാം. കോടതി ഉണ്ടല്ലോ. ഇതൊന്നും വിശ്വസിക്കാന്‍ കോടതി മണ്ടന്മാരൊന്നുമല്ലല്ലോ. ക്രൈംബ്രാഞ്ച് ആണ് എന്ന അറസ്റ്റ് ചെയ്തത്. അവരുടെ അന്വേഷണം സുതാര്യമായിരിക്കും എന്നാണ് ജനങ്ങള്‍ കരുതുക. പക്ഷെ അത് തെറ്റാണ്. പണത്തിനും കാര്യങ്ങള്‍ക്കും ഇവരും വഴങ്ങും.
കോതമംഗലത്തെ ഒരു രാഷ്ട്രീയക്കാരന് കാരണമാണ് എന്നെ അറസ്റ്റ് ചെയ്തത്. പേരു പറയാന്‍ ബുദ്ധിമുട്ടുണ്ട്. എന്റെ ഭാര്യയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് പറഞ്ഞ് ഇവര്‍ക്കെതിരെയും കേസ് കൊടുത്തിട്ടുണ്ട്. അതിന്റെ വൈരാഗ്യമാണ് തീര്‍ക്കുന്നത്. ഈ കേസിനെ കുറിച്ച് എനിക്ക് ഒന്നും പേടിയില്ല, കാരണം ഞാന്‍ തെറ്റ് ചെയ്തിട്ടില്ല. കോടതിയില്‍ കുറ്റപത്രം കൊടുത്ത് വിചാരണ തീര്‍ത്ത് എനിക്ക് പുറത്തിറങ്ങണം. എന്റെ മക്കള്‍ പഠിച്ചു കൊണ്ടിരിക്കുകയാണ്.
എന്റെ കേസില്‍ ശരിക്കും അഴിമതി നടത്തിയിട്ടുണ്ട്. എനിക്ക് ജീവിക്കണമെന്ന ആഗ്രഹമുണ്ട്. ചെയ്യാത്ത തെറ്റിന് ജയിലില്‍ കിടന്നവനാണ്. ജീവിതത്തില്‍ പരമാവധി അനുഭവിച്ചു കഴിഞ്ഞു. 2012ല്‍ കോതമംഗലം സ്റ്റേഷനിലെ ജോസ് എന്ന ഓഫീസര്‍ യഥാര്‍ഥ പ്രതിയെ രക്ഷപ്പെടുത്തി എന്നാണ് എന്റെ സംശയം. ഭാര്യ മരിച്ചതിന്റെ പിറ്റേന്ന് എന്നെ ചോദ്യം ചെയ്യാന്‍ കൊണ്ടുപോയിട്ട് 19 ദിവസം എന്നെ അവിടെ തന്നെ ഇരുത്തി.
അറസ്റ്റ് ചെയ്യാതെ വെറുതെ ലോക്കപ്പിനടുത്ത് ഒരു ബെഞ്ചില്‍ വെറുതെ ഇരുത്തി എന്നെ ഹിപ്നോട്ടിസം ചെയ്യാന്‍ കൊണ്ടുപോയി. എന്നെ ശരിക്കും ഉപദ്രവിച്ചിട്ടുണ്ട്. ഹൈക്കോടതിയില്‍ എന്റെ അച്ഛന് ഹേബിയസ് കോര്‍പ്പസ് കൊടുത്ത ശേഷമാണ് എന്നെ റിലീസ് ആക്കിയത്. അതിന് ശേഷം തിരുവനന്തപുരത്ത് നുണ പരിശോധനയ്ക്ക് വിധേയനായി.
എന്റെ ജീവിതം തകര്‍ത്തു. 24 വര്‍ഷമായി നടത്തിക്കൊണ്ടു വന്ന എന്റെ സ്ഥാപനം അടക്കേണ്ടി വന്നു. വരുമാന മാര്‍ഗമില്ലാതായി. എന്റെ ബന്ധുക്കളെല്ലാം എന്നെ വെറുത്തു. ഇതിന്റെയെല്ലാം പകരം പോലീസുകാര്‍ക്ക് കിട്ടിയിരിക്കും. എന്റെ വീടിന് അടുത്ത് ഒരു പോലീസുകാരന് ഉണ്ടായിരുന്നു, അവനും ഭാര്യയും കൂടി ഞാനാണ് കൊന്നതെന്ന് പറഞ്ഞു പരത്തി.
അതിര്‍ത്തി തര്‍ക്കങ്ങള്‍ ഉള്ള കാരണം ഞങ്ങളുമായി വൈരാഗ്യത്തില്‍ ഉണ്ടായിരുന്ന പോലീസുകാരനാണത്. ഞാനാ കൊന്നതെന്ന് പോലീസ് പറഞ്ഞപ്പോള്‍ ജനങ്ങള്‍ അത് ഏറ്റുപാടി. ഞാന്‍ മുഖ്യമന്ത്രിക്ക് വരെ പരാതി അയച്ചു. അന്വേഷണം നടക്കുന്നുണ്ടോ എന്നൊന്നും അറിയില്ല. യഥാര്‍ഥ പ്രതിയെ പിടിക്കാനുള്ള കഴിവ് ഇവര്‍ക്കില്ലെന്നും ഷാജിമോന്‍ പറഞ്ഞു.
Kerala
തിരുവനന്തപുരം: ലഹരികച്ചവടവുമായി ബന്ധപ്പെട്ട് രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡു ചെയ്തു. തിരുവനന്തപുരം റൂറല്‍ കണ്ട്രോള് റൂമിലെ അഭിൻജിത്, രാഹുല്‍ എന്നീ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി.
ലഹരി സംഘങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരുടെയും പങ്ക് കണ്ടെത്തിയത്. സംഭവത്തില്‍ ഇരുവര്‍ക്കുമെതിരെ തിരുവനന്തപുരം റൂറല്‍ എസ്പി അന്വേഷണത്തിന് ഉത്തരവിട്ടു. നാര്‍ക്കോടിക് സെല്‍ ഡിവൈഎസ്പി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റൂറൽ എസ്പി ഇരുവർക്കുമെതിരെ നടപടിയെടുത്തത്.
ലഹരി വില്‍പ്പനയും ഉപയോഗവും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നാര്‍ക്കോടിക് സെല്‍ തിരുവനന്തപുരത്ത് വ്യാപക പരിശോധന നടത്തി വരുന്നുണ്ട്. ഇതിന്റെ ഭാഗമായി ലഹരിക്കടത്ത് നടത്തുന്ന ആളുകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ കുടുങ്ങിയത്.
Kerala
കണ്ണൂർ: തയ്യിലിൽ ഒന്നര വയസുള്ള കുഞ്ഞിനെ കടൽ ഭിത്തിയിൽ എറിഞ്ഞു കൊന്ന കേസിൽ തളിപ്പറമ്പ് അഡീ. സെഷൻസ് കോടതി ഇന്ന് വിധി പറയും. തയ്യിൽ സ്വദേശി ശരണ്യയും സുഹൃത്ത് വലിയന്നൂരിലെ നിധിനുമാണ് പ്രതികൾ.
2020 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം. കാമുകനൊപ്പം ജീവിക്കാൻ ഒന്നരവയസുളള മകൻ വിയാനെ കടൽ തീരത്തെ പാറക്കൂട്ടത്തിലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ അകന്നുകഴിഞ്ഞിരുന്ന ഭർത്താവ് പ്രണവിനെ കുടുക്കാനും ശരണ്യ പദ്ധതിയിട്ടു.
വിചാരണയ്ക്കിടെ കോഴിക്കോട് വച്ച് ശരണ്യ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കേസിൽ 47 സാക്ഷികളെ വിസ്തരിച്ചു. മാസങ്ങൾ നീണ്ട വിചാരണക്ക് ശേഷമാണ് തളിപ്പറമ്പ് കോടതി വിധി പറയുന്നത്.
Kerala
കൊച്ചി: നഗരത്തില്‍ മത്സരയോട്ടം നടത്തുന്ന സ്വകാര്യബസുകളുടെ നിയമലംഘനങ്ങള്‍ കണ്ടെത്തി കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സ്വകാര്യ ബസുകളില്‍ ഷാഡോ പോലീസിനെ വിന്യസിപ്പിക്കുന്നതിന്റെ പ്രായോഗികത പരിശോധിച്ച് നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ് ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്കി.
വഴിയടച്ച് വാഹനം നിര്‍ത്തിയും മറ്റ് വാഹനങ്ങള്‍ക്കിടയിലൂടെ കുത്തിക്കയറ്റിയും മണിക്കൂറുകള്‍ നീളുന്ന ഗതാഗതതടസത്തിന് കാരണമാകുന്ന സ്വകാര്യ ബസുകളെക്കുറിച്ചുള്ള പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്. സ്വകാര്യ ബസുകളുടെ മത്സരയോട്ടം കാരണം ടൗണ്‍ഹാള്‍ ജംഗ്ക്ഷനിലും കളമശേരിയിലുമുണ്ടായ അപകടങ്ങളില്‍ ജീവന് നഷ്ടമായ സംഭവത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ കമ്മീഷന്റെ പരിഗണനയിലാണ്. ഇതിനുപുറമേയാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്.
അസി. കമ്മീഷണര്‍ ഓഫ് പോലീസ് (ട്രാഫിക്), ജോയിന്റ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ എന്നിവര്‍ പരാതികളെക്കുറിച്ച് അന്വേഷിക്കണമെന്ന് ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ് ജില്ലാ പോലീസ് മേധാവിക്കും (സിറ്റി) റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ക്കും നിര്‍ദ്ദേശം നല്കി.
റോഡിന്റെ ഇടതുവശം ചേര്‍ന്നല്ലാതെ നിര്‍ത്തി ആളെകയറ്റുക, ലെയിന്‍ ട്രാഫിക് പാലിക്കാതിരിക്കുക, ജംഗ്ക്ഷനുകളില്‍ ഫ്രീ ലെഫ്റ്റ് അനുവദിക്കാതെ വഴി തടഞ്ഞുനിര്‍ത്തുക, സൈലന്‍സ് സോണില്‍ നിരോധിത ഹോണ്‍ ഉപയോഗിക്കുക, ഇടതുവശം ചേര്‍ന്ന് ഓവര്‍ടേക്ക് ചെയ്യുക, ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുക, മറ്റ് വാഹനങ്ങള്‍ ഒടിക്കുന്നവരെ ഭയപ്പെടുത്തുക തുടങ്ങിയ പരാതികള്‍ സ്വകാര്യ ബസ് ജീവനക്കാരെ കുറിച്ച് ഉണ്ടായിട്ടും പോലീസ് നിര്‍ജീവമാണെന്നാണ് ആക്ഷേപം. ഇത്തരം പരാതികള്‍ ഗൗരവമായി പരിശോധിക്കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു.
സ്വകാര്യ ബസുകളുടെ മത്സരയോട്ടം കാരണം വൈറ്റില, ഇടപ്പള്ളി, കലൂര്‍, പാലാരിവട്ടം എന്നിവിടങ്ങളിലുണ്ടാകുന്ന ഗതാഗതകുരുക്കും പരിശോധിക്കണം. സ്വകാര്യബസുകളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ പരമാവധി കുറയ്ക്കുന്നതിന് കര്‍ശനവും ശക്തവുമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിയും ആര്‍ടിഒയും മടിക്കരുതെന്ന് കമ്മീഷന് നിര്‍ദ്ദേശിച്ചു.
റോഡ് സുരക്ഷാ കമ്മീഷണര്‍ മോട്ടോര്‍ വെഹിക്കിള്‍സ്, പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചു. ജില്ലാ പോലീസ് മേധാവി, ആര്‍ടിഒ, റോഡ് സുരക്ഷാ കമ്മീഷണര്‍ എന്നിവര്‍ ഒരുമാസത്തിനകം കമ്മീഷനില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. 22 ന് രാവിലെ 10 ന് പത്തടിപാലം റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ ഇവര്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചു.
Kerala
കൊച്ചി: കാക്കനാട് പടമുകളില്‍ നാലു പേരെ ആക്രമിച്ച് അപകടകാരിയായ പിറ്റ്ബുള്‍ ഇനത്തില്‍പെട്ട വളര്‍ത്തുനായ. പടമുകള്‍ സാറ്റലൈറ്റ് ടൗണ്‍ഷിപ്പ് ഭാഗത്തു വീട്ടില്‍ വളര്‍ത്തുന്ന പിറ്റ്ബുള്‍ ഇനത്തില്‍പെട്ട വളര്‍ത്തു നായയാണ് നാലുപേരെ കടിച്ചത്. ഇന്നലെ രാത്രി 11ന് ആണ് സംഭവം നടന്നത്
പിറ്റ്ബുള്‍ നായയുള്ള വീടിനു മുന്നിലൂടെ നടന്നു പോവുകയായിരുന്ന അമ്മയെയും ഇരുപതും പത്തു വയസായ രണ്ടു മക്കളെയുമാണ് നായ ആക്രമിച്ചത്. 20 വയസുകാരിയെയാണ് നായ ആദ്യം ആക്രമിച്ചത്. പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ ഒക്കെ നായ കടിച്ചു കീറി. ഇതോടെ നായയെ തടയാനായി എത്തിയ അയല്‍വാസിക്കും കടിയേറ്റു.
നാലുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കു ഗുരുതരമല്ല. പടമുകള്‍ സ്വദേശിയായ അനിക് ആണ് നായയുടെ ഉടമസ്ഥന്. ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. നിലവില്‍ ആരും പോലീസ് പരാതി നല്‍കിയിട്ടില്ലെന്നാണ് വിവരം.
അതേസമയം, കഴിഞ്ഞ ദിവസം കൊച്ചി നഗരത്തില്‍ അലഞ്ഞു നടന്ന പിറ്റ്ബുള്‍ ഇനത്തില്‍പെട്ട മറ്റൊരു നായയെ സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ടു അനിമല്‍സ് - എസ്പിസിഎ സംഘം എത്തി പിടികൂടിയിരുന്നു. ഷെല്‍ട്ടര്‍ ഹോമിലേക്കു മാറ്റിയ നായയുടെ ഉടമയെ കണ്ടെത്താനുള്ള നീക്കത്തിലാണ് പോലീസ്.
Kerala
കൊച്ചി: ശബരിമലയിൽ കഴിഞ്ഞ ദിവസമുണ്ടായ അഭൂതപൂർവമായ തിരക്ക് പോലീസ് മനഃപൂർവം ഉണ്ടാക്കിയതാണെന്ന് ഹൈക്കോടതിക്ക് റിപ്പോർട്ട്.
തീർഥാടകരെ വെർച്വൽ ക്യൂവോ സ്പോട് ബുക്കിങ്ങോ ഇല്ലാതെ പോലീസ് മനഃപൂർവം സന്നിധാനത്തേക്ക് കടത്തിവിട്ടതായി ശബരിമല സ്പെഷൽ കമ്മീഷണർ ആർ. ജയകൃഷ്ണനാണ് റിപ്പോർട്ട് നൽകിയത്. ബുക്കിംഗില്ലാതെ തീർഥാടകരെ കടത്തിവിട്ടതിന് ഹൈക്കോടതി പോലീസിനോട് വീശദീകരണം തേടി.
സീസണിലെ 41 ദിവസം കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതെയാണ് കടന്നുപോയത്. മകരവിളക്കിനായി നടതുറന്നതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. വല്ല ദുരന്തവും സംഭവിച്ചാൽ പൂർണ ഉത്തരവാദിത്വം ദേവസ്വംബോർഡിലും പോലീസിനുമായിരിക്കുമെന്നും റിപ്പോർട്ടിലുണ്ട്.
Kerala
പത്തനംതിട്ട: പ്രണയിനിയെ സ്വന്തമാക്കാന്‍ വാഹനാപകടമുണ്ടാക്കി രക്ഷകനായെത്തിയ കാമുകനും സുഹൃത്തും കുടുങ്ങിയത് യുവതിയുടെയും പോലീസിന്റെയും സംശയത്തിൽ.
കോന്നി മാമ്മൂട് സ്വദേശിയായ രാജിഭവനില്‍ രഞ്ജിത്ത് രാജന് (24), കോന്നിതാഴം പയ്യനാമണ്‍ സ്വദേശിയായ താഴത്ത്പറമ്പില്‍ വീട്ടില്‍ അജാസ് (19) എന്നിവരാണ് വധശ്രമക്കേസിൽ അറസ്റ്റിലായത്.
ഒന്നാം പ്രതിയുടെ പ്രണയിനിയായിരുന്ന യുവതിയും യുവാവുമായി ചെറിയ പിണക്കത്തിലായിരുന്നു. ഈ പിണക്കം മാറ്റി യുവതിയുടെ പ്രീതി പിടിച്ചുപറ്റാനാണ് രഞ്ജിത് സുഹൃത്തായ അജാസുമായി കൂടിയാലോചന നടത്തിയത്.
യുവതിയെ വാഹനാപകടത്തിൽപ്പെടുത്തിയ ശേഷം രക്ഷിക്കാൻ ഇടപെടുകയും അതുവഴി യുവതിയുടെ അനുകമ്പ പിടിച്ചുപറ്റുകയുമായിരുന്നു ലക്ഷ്യം. എന്നാൽ, ഇടിച്ച വാഹനം നിർത്താതെ കൊണ്ടുപോയതോടെയാണ് പദ്ധതി പാളിയത്.
കഥ പൊളിഞ്ഞപ്പോൾ
യുവതി നിർത്താതെ പോയ വാഹനത്തിനെതിരേ പരാതി നൽകിയതോടെ കാമുകനും കൂട്ടുകാരനും പെട്ടു. പോലീസിനും തോന്നിയ സംശയത്തിൽ അന്വേഷണം മുറുകി.
വാഹനാപകടത്തില്പെടുത്തിയ ശേഷം അപകടസ്ഥലത്ത് രക്ഷകനായെത്തി യുവതിയുടെ കുടുംബത്തിന്റെ പ്രതീ പിടിച്ചുപറ്റി യുവതിയെ സ്വന്തമാക്കുന്നതിനു വേണ്ടി പ്രതികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കിയ അപകടമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
കഴിഞ്ഞ ഡിസംബര്‍ 23 ന് വൈകുന്നേരം 5.30 ഓടെ കോച്ചിംഗ് ക്ലാസ് കഴിഞ്ഞ് അടൂരില്‍നിന്നു സ്കൂട്ടറില്‍ പോകുകയായിരുന്ന യുവതിയെ രഞ്ജിത്തിന്റെ നിര്‍ദേശപ്രകാരം അജാസ് കാറില്‍ പിന്തുടരുകയും വാഴമുട്ടം ഈസ്റ്റില്‍ സ്കൂട്ടറിന്റെ പിന്നിലിടിച്ചു വീഴ്ത്തിയ ശേഷം വണ്ടി നിര്‍ത്താതെ ഓടിച്ചു പോകുകയായിരുന്നു.
പിന്നാലെ ഇന്നോവ കാറില്‍ സ്ഥലത്തേക്ക് എത്തിയ രഞ്ജിത് യുവതിയുടെ ഭര്‍ത്താവാണെന്ന് അപകടസ്ഥലത്തെത്തിയ ആള്‍ക്കാരെ തെറ്റിദ്ധരിപ്പിച്ച ശേഷം യുവതിയെ കാറില്‍ കയറ്റി കോന്നി ബിലീവേഴ്സ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
നരഹത്യാക്കേസ്
സംഭവത്തില്‍ യുവതിയുടെ വലതുകൈക്കുഴയ്ക്കു സ്ഥാനഭ്രംശവും ചെറുവിരലിനു പൊട്ടലും ശരീരത്തിന്റെ പലഭാഗത്തും ഉരവും മുറിവും പറ്റിയിരുന്നു. യുവതിയുടെ മൊഴി പ്രകാരം സംഭവത്തിനു വാഹനാപകടക്കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് സംഭവത്തിന്റെ ചുരുള്‍ അഴിയുന്നത്.
കൃത്യസമയത്ത് രക്ഷകനായി കാമുകൻ സ്ഥലത്ത് എത്തിയതും പോലീസിനു സംശയത്തിന് ഇട നൽകിയിരുന്നു. സിസിടിവികൾ പരിശോധിച്ച് ഇടിച്ച വാഹനം പോലീസ് കണ്ടെത്തുകയായിരുന്നു.
തുടര്‍ന്നു ചോദ്യം ചെയ്യൽ നടന്നതോടെ കഥ പുറത്തുവന്നു. നരഹത്യാശ്രമത്തിനുള്ള വകുപ്പ് ചേര്‍ക്കുകയായിരുന്നു. യുവതിയുടെയും കുടുംബത്തിന്റെയും സ്നേഹം പിടിച്ചുപറ്റാൻ നടത്തിയ നാടകം ഇപ്പോൾ കാമകനു വൻ നാണക്കേടായി ഭവിച്ചിരിക്കുകയാണ്.
പത്തനംതിട്ട പോലീസ് സബ് ഇന്‍സ്പെക്ടര്‍ അലക്സ്കുട്ടിയാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നത്.
National
ന്യൂഡൽഹി: മാതാവിനെയും സഹോദരിയെയും പ്രായപൂർത്തിയാകാത്ത സഹോദരനെയും കൊലപ്പെടുത്തി യുവാവ് പോലീസിൽ കീഴടങ്ങി. കിഴക്കൻ ഡൽഹിയിലെ ലക്ഷ്മി നഗറിലാണ് സംഭവം.
യഷ്വീർ സിംഗ് എന്നയാളാണ് കൊലപാതകം നടത്തിയതെന്ന് ഡൽഹി ഈസ്റ്റ് ഡിസ്ട്രിക്റ്റിന്റെ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) അഭിഷേക് ധനിയ പറഞ്ഞു.
പ്രതി തന്റെ 12കാരനായ സഹോദരനും, 26കാരിയായ സഹോദരിക്കും, ഏകദേശം 45 വയസുള്ള അമ്മയ്ക്കും ലഹരി വസ്തു നൽകി അബോധാവസ്ഥയിലാക്കിയതിന് ശേഷം മൂന്നുപേരെയും ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു.
കടുത്ത സാമ്പത്തിക സമ്മർദ്ദവും കടബാധ്യതയുമണ് സംഭവത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു.
Kerala
കൊച്ചി: കൊച്ചിയിൽ ബാങ്കുകൾക്കു ബോംബു ഭീഷണി. കൊച്ചിയിലെ സിറ്റി യൂണിയന് ബാങ്കിന്റെ രണ്ടു ശാഖകളിലാണ് വ്യാജ ബോംബ് ഭീഷണി എത്തിയത്. സിപിഐ മാവോയിസ്റ്റ് സംഘടനയുടെ പേരിലാണ് ബാങ്കുകളിലേക്ക് ഈ മെയിലില്‍ ഭീഷണി സന്ദേശം എത്തിയത്. ബാങ്കില്‍ അമോണിയം നൈട്രേറ്റ് അടക്കമുള്ള സ്ഫോടക വസ്തുക്കള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഉച്ചയോടെ സ്ഫോടനം നടക്കുമെന്നുമാണ് സന്ദേശം എത്തിയത്.
എന്നാല്‍, ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും എത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വ്യാജ ഭീഷണി സന്ദേശത്തിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, മറ്റ് ജില്ലകളിലെ ബാങ്കുകളിലും സമാന സന്ദേശം എത്തിയിട്ടുണ്ടെന്നും വിവരവമുണ്ട്. പാലക്കാടും പരിശോധന നടക്കുന്നുണ്ട്.
NRI
ഹൂസ്റ്റൺ: 1940കൾക്ക് ശേഷം ആദ്യമായി അമേരിക്കയിൽ ജോലിക്കിടെ കൊല്ലപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം നൂറിൽ താഴെയാകുന്നു. ക്രമസമാധാന പാലന രംഗത്ത് സുരക്ഷ വർധിപ്പിക്കുന്നതിൽ രാജ്യം കൈവരിച്ച ചരിത്രപരമായ നേട്ടമാണിതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
2025ൽ രാജ്യത്ത് ആകെ കൊല്ലപ്പെട്ടത് 97 ഉദ്യോഗസ്ഥർ മാത്രമാണ്. രാജ്യവ്യാപകമായി കൊലപാതക നിരക്കിൽ വൻ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഹൂസ്റ്റണിൽ മാത്രം കൊലപാതകങ്ങൾ 18 ശതമാനം കുറഞ്ഞു.
ഹൂസ്റ്റൺ പോലീസ് ഡിപ്പാർട്ട്മെന്റിന് 2025ൽ ഒരു ഉദ്യോഗസ്ഥനെ മാത്രമാണ് നഷ്ടപ്പെട്ടത് (വാഹനാപകടത്തിൽ). കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇവിടെ വെടിയേറ്റ് പോലീസുകാർ മരിക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ല.
ഉദ്യോഗസ്ഥർക്ക് നൽകുന്ന ആധുനിക പരിശീലന രീതികൾ, സാങ്കേതിക വിദ്യ, ബോഡി കാമറകളും അത്യാധുനിക ഉപകരണങ്ങളും കൂടുതൽ ഉദ്യോഗസ്ഥരെ നിരത്തിലിറക്കുന്നത് തുടങ്ങിയ കാരണങ്ങളാണ് എണ്ണത്തിൽ കുറവ് വരാൻ കാരണം.
ഓരോ ഉദ്യോഗസ്ഥന്റെയും ജീവൻ വിലപ്പെട്ടതാണെന്നും ജനങ്ങളുടെ സുരക്ഷയ്ക്കായി അവർ നൽകുന്ന ത്യാഗം രാജ്യം എന്നും സ്മരിക്കുമെന്നും അധികൃതർ അറിയിച്ചു.
Kerala
പാലക്കാട്: ചിറ്റൂരിൽ നാലു വയസുകാരനെ കാണാതായ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ഇരവങ്കാട് സ്വദേശി മുഹമ്മദ് അനസിന്റെയും സൗഹിദയുടെയും മകനായ സുഹാനെയാണ് ശനിയാഴ്ച രാവിലെ മുതൽ കാണാതായത്.
അന്വേഷണത്തിന്റെ ഭാഗമായി സ്ഥലത്തെത്തിയ പോലീസ് നായ മണം പിടിച്ച് വീടിന് സമീപത്തെ ഒരു കുളത്തിന് അരികിൽ എത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കുളത്തിലും സമീപപ്രദേശങ്ങളിലും ഫയർഫോഴ്സ് തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
രാത്രി വൈകിയതിനാൽ ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചെന്നും ഞായറാഴ്ച പുലർച്ചെ തെരച്ചിൽ ആരംഭിക്കുമെന്നും ഫയർഫോഴ്സ് അറിയിച്ചു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി സഹോദരനുമായി വഴക്കുണ്ടാക്കി ഇറങ്ങിപ്പോയതാണെന്ന് പോലീസിനു വിവരം ലഭിച്ചു.
കുട്ടിയെ ഉച്ചയ്ക്ക് 12ന് വീടിനടുത്തുള്ള ഇടവഴിയിൽ വച്ച് ഒരാൾ കണ്ടിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. സമീപത്തെ രണ്ട് വീടുകൾ അല്ലാതെ സുഹാന് മറ്റ് വീടുകൾ പരിചയമില്ല.
അധികം ദൂരത്തേക്ക് പോകാൻ സാധ്യതയില്ലെന്നും വീടിന്റെ പരിസരത്തുതന്നെ കുട്ടി ഉണ്ടാകുമെന്നുമാണ് പോലീസിന്റെ നിഗമനം. വീടും സമീപപ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് പോലീസ് പരിശോധന നടത്തുന്നത്.
National
ലക്നോ: വിദ്യാർഥിനിയെ ശല്യപ്പെടുത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളുടെ അമ്മമാരെ അറസ്റ്റ് ചെയ്ത് ഉത്തർപ്രദേശ് പോലീസ്. ബുദാനിലാണ് സംഭവം.
എട്ടാംക്ലാസ് വിദ്യാർഥിനിയെ ശല്യം ചെയ്ത നാല് ആൺകുട്ടികളുടെ അമ്മമാരെയാണ് പോലീസ് അറസ്റ്റ്ചെയ്തത്. മക്കൾക്ക് നല്ല സംസ്കാരവും ധാർമികമൂല്യങ്ങളും പകർന്നുനൽകാത്തതിന് അമ്മമാരും ഉത്തരവാദികളാണെന്നും ഇതിന്റെ ഭാഗമായാണ് അറസ്റ്റെന്നും പോലീസ് പറഞ്ഞു. ഇവരെ പിന്നീട് കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടയച്ചു.
സ്കൂളിലേക്ക് പോകുമ്പോഴും തിരികെവരുമ്പോളും എട്ടാം ക്ലാസ് വിദ്യാർഥിനിയെ നാല് ആൺകുട്ടികൾ സ്ഥിരമായി ശല്യപ്പെടുത്തിയിരുന്നു. അശ്ലീല കമന്റടിയും ശല്യപ്പെടുത്തലും തുടർന്നതോടെ പെൺകുട്ടി പിതാവിനെ വിവരമറിയിച്ചു.
തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി. കുടുംബത്തിന്റെ പരാതിയിൽ ഭാരതീയ ന്യായസംഹിത(ബിഎൻസ്) പ്രകാരവും പോക്സോ നിയമപ്രകാരവും പോലീസ് കേസെടുത്തു.
തുടർന്ന് പോലീസ് അന്വേഷണം നടത്തിയതോടെയാണ് ശല്യപ്പെടുത്തിയ ആൺകുട്ടികളെല്ലാം 13 വയസിൽ താഴെ പ്രായമുള്ളവരാണെന്ന് കണ്ടെത്തിയത്. ഇതോടെ മാതാപിതാക്കൾക്ക് നോട്ടീസ് നൽകുകയും ഇവരെ കേസിൽ അറസ്റ്റ് ചെയ്തെന്നുമാണ് പോലീസിന്റെ വിശദീകരണം.
പ്രതികളായ ആൺകുട്ടികൾ സ്കൂളിൽ പോകാതെ ഗ്രാമത്തിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്നവരാണെന്ന് എസ്എച്ച്ഒ അജയ് പാൽ സിംഗ് പ്രതികരിച്ചു.
പെൺകുട്ടിയും ആൺകുട്ടികളും പരസ്പരം അറിയുന്നവരല്ല. ഒന്നിലധികം തവണ ആൺകുട്ടികൾ പെൺകുട്ടിയെ ശല്യംചെയ്തിട്ടുണ്ട്. പ്രതികൾ പ്രായപൂർത്തിയാകാത്തവരാണെന്ന് കണ്ടെത്തിയതോടെ അവരുടെ മാതാപിതാക്കൾക്ക് നോട്ടീസ് നൽകി.
കുട്ടികളെ നല്ലരീതിയിൽ വളർത്തുന്നത് ഉറപ്പുവരുത്താത്ത മാതാപിതാക്കൾക്ക് കൃത്യമായ സന്ദേശം നൽകാനാണ് ആൺകുട്ടികളുടെ അമ്മമാരെ കസ്റ്റഡിയിലെടുത്തതെന്നും എസ്എച്ച്ഒ അജയ്പാൽ സിംഗ് പറഞ്ഞു.
സംഭവത്തിൽ ആൺകുട്ടികളുടെ പിതാക്കളെയും അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാലുപേരുടെയും പിതാക്കൾ നിലവിൽ ഉത്തർപ്രദേശിന് പുറത്ത് ജോലിചെയ്യുന്നവരാണ്. തിരിച്ചെത്തിയാൽ ഇവരെയും കേസിൽ അറസ്റ്റ് ചെയ്യുമെന്നും മോശമായി പെരുമാറുന്ന മറ്റുകുട്ടികളെ ഇത്തരം പ്രവൃത്തികളിൽനിന്ന് തടയാൻകൂടിയാണ് ഈ നടപടികളെന്നും എസ്എച്ച്ഒ പറഞ്ഞു.
Kerala
പത്തനംതിട്ട: ശബരിമലയിൽ വൻ ഭക്തജന പ്രവാഹം. ശനിയാഴ്ച വൈകുന്നേരം ആറുവരെ 67,000 തീർത്ഥാടകരാണ് ദർശനം നടത്തിയത്. കഴിഞ്ഞ രണ്ട് ദിവസവും ഒരു ലക്ഷത്തോളം പേർ ദർശനത്തിന് എത്തിയിരുന്നു.
കരിമലയും പുല്ലുമേടും അടക്കമുള്ള കാനനപാതകളിലൂടെ എത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിലും വൻ വർധനവാണുണ്ടായത്. പതിനെട്ടാംപടി, സോപാനം, തിരുമുറ്റം, മാളികപ്പുറം എന്നിവിടങ്ങളില്‍ മൊബൈല്‍ ഫോട്ടോഗ്രഫിക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി പോലീസ് അറിയിച്ചു.
ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം. പിടിച്ചു കയറ്റാനുള്ള സൗകര്യത്തിന് മാളികപ്പുറങ്ങളും കുട്ടി അയ്യപ്പന്മാരും പതിനെട്ടാംപടിയുടെ വശങ്ങളിലൂടെ പടി കയറണമെന്നും പോലീസ് നിർദ്ദേശിച്ചു.
NRI
ടെക്സസ്: ക്ലാസ് മുറിക്കുള്ളിലുണ്ടായ തർക്കത്തിനിടെ സഹപാഠിയുടെ കുത്തേറ്റ ഹൈസ്കൂൾ വിദ്യാർഥി മരിച്ചു. ബേടൗണിലെ സ്റ്റെർലിംഗ് സ്കൂളിൽ ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്.
വഴക്കിനെ തുടർന്ന് 18 വയസുള്ള വിദ്യാർഥി പ്രായപൂർത്തിയാകാത്ത സഹപാഠിയെ കത്രിക കൊണ്ട് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ ഉടൻ തന്നെ എയർ ആംബുലൻസ് വഴി ടെക്സസ് മെഡിക്കൽ സെന്ററിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കാലാവസ്ഥാ പ്രശ്നങ്ങൾ കാരണം സ്കൂളിൽ വിമാനം ഇറക്കാൻ കഴിയാത്തതിനാൽ ആദ്യം ആംബുലൻസിൽ വിമാനത്താവളത്തിൽ എത്തിച്ച ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
ആക്രമണം നടത്തിയ 18 വയസുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെത്തുടർന്ന് സ്കൂളിൽ താത്കാലികമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെങ്കിലും പിന്നീട് ഇത് നീക്കി.
കാമ്പസിൽ നിലവിൽ മറ്റ് സുരക്ഷാ ഭീഷണികൾ ഇല്ലെന്ന് അധികൃതർ അറിയിച്ചു. കുട്ടികളുടെ സ്വകാര്യത മാനിച്ച് ഇവരുടെ പേരുവിവരങ്ങൾ സ്കൂൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Kerala
കാഞ്ഞങ്ങാട്: വികസിതരാജ്യങ്ങളിൽ പോലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോമിന്റെ അടിസ്ഥാന ഘടകങ്ങളിലൊന്നാണ് ബോഡി വോൺ കാമറകൾ. സ്റ്റേഷന്റെ അകത്തായാലും പുറത്തായാലും ഡ്യൂട്ടിയുടെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥർ ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കും കൃത്യമായ സുതാര്യത ഉറപ്പുവരുത്തുകയാണു ലക്ഷ്യം.
എല്ലാം കാമറയിൽ പതിയുന്നുണ്ടെന്ന ബോധ്യമുള്ളതുകൊണ്ട് അന്യായമായതോ നിയമം കൈയിലെടുത്തുകൊണ്ടുള്ളതോ ആയ കാര്യങ്ങൾ ചെയ്യാൻ പോലീസുദ്യോഗസ്ഥർ പൊതുവേ മടിക്കും. കാമറയുടെ മുന്നിൽ വച്ചുതന്നെ പൊതുജനങ്ങളെ മർദിക്കുന്ന ഇടിവീരന്മാർക്ക് ഇതൊന്നും ബാധകമല്ലെങ്കിലും ചെയ്യുന്ന കാര്യങ്ങൾക്കു കൂടുതൽ കൃത്യമായ തെളിവുണ്ടാകും.
കോടതിയിൽ തെളിവുകൾ ഹാജരാക്കുന്ന കാര്യത്തിലും ബോഡി വോൺ കാമറകൾ ഏറെ സഹായകമാണ്. കുറ്റകൃത്യം നടന്ന സ്ഥലത്ത് പോലീസ് പരിശോധന നടത്തുമ്പോൾത്തന്നെ പ്രാഥമിക തെളിവുകൾ പോലീസുദ്യോഗസ്ഥരുടെ യൂണിഫോമിലെ കാമറയിൽ പതിയും. വാദിയോ പ്രതിയോ സാക്ഷിയോ ആയ ആളുകൾ ആദ്യംതന്നെ പറയുന്ന കാര്യങ്ങളും കാമറയിൽ പതിയും. പിന്നീട് അവർക്കു കോടതിയിൽ മൊഴി മാറ്റാൻ ബുദ്ധിമുട്ടാകും.
സംസ്ഥാനത്ത് ഒമ്പതു വർഷം മുമ്പ് 2016-17 സാമ്പത്തികവർഷത്തിൽത്തന്നെ സ്മാർട്ട് പോലീസിംഗ് പദ്ധതിയിൽ ഉൾപ്പെടുത്തി പോലീസുദ്യോഗസ്ഥർക്ക് ബോഡി വോൺ കാമറകൾ വാങ്ങാൻ സർക്കാരിന്റെ അനുമതിയായതാണ്. അന്ന് ഇതിനായി 30 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. തുടർന്നുള്ള രണ്ടു സാമ്പത്തികവർഷങ്ങളിലും ഈ പദ്ധതിക്കായി തുക അനുവദിക്കുകയും അങ്ങനെ മൂന്നു വർഷങ്ങളിലായി ആകെ ഒരു കോടി രൂപയോളം ചെലവാക്കി 310 കാമറകൾ വാങ്ങുകയും ചെയ്തിരുന്നു.
ആദ്യവർഷം ബ്രോഡ്കാസ്റ്റ് എൻജിനിയറിംഗ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിയിൽനിന്ന് 50 കാമറകൾ 29,99,560 രൂപയ്ക്കും അടുത്ത വർഷങ്ങളിൽ ആര്യ കമ്യൂണിക്കേഷൻസ് ആൻഡ് ഇലക്ട്രോണിക് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽനിന്ന് ആദ്യം 130 കാമറകൾ 29,95,200 രൂപയ്ക്കും വീണ്ടും 130 കാമറകൾ 39,55,295 രൂപയ്ക്കും വാങ്ങിയതായാണ് സാമൂഹ്യപ്രവർത്തകനായ കാസർഗോഡ് ചീമേനിയിലെ എം.വി. ശില്പരാജിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ പറയുന്നത്.
എന്നാൽ, ഈ കാമറകളെല്ലാം എന്തു ചെയ്തെന്നോ ഏതൊക്കെ റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോമുകളിൽ സ്ഥാപിച്ചുവെന്നോ ഇതിൽ വ്യക്തമായി പറയുന്നില്ല.
പിന്നീട് വർഷങ്ങളോളം ഈ പദ്ധതിയുമായി ബന്ധപ്പെട്ട് യാതൊരു നടപടികളും ഉണ്ടായില്ലെന്നാണ് വിവരാവകാശ രേഖയിൽ പറയുന്നത്. എന്നാൽ ഈ സാമ്പത്തികവർഷം വീണ്ടും മറ്റൊരു പദ്ധതിയിൽ ഉൾപ്പെടുത്തി ബോഡി വോൺ കാമറകൾ വാങ്ങുന്നതിന് 2.7 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായിട്ടുണ്ട്. ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കുന്നതാണെന്നും രേഖയിൽ വ്യക്തമാക്കുന്നു.
സ്ഥിരമായി യാത്ര ചെയ്യേണ്ടിവരുന്ന റെയിൽവേ പോലീസ് ഉദ്യോഗസ്ഥരിൽ ചിലരുടെയെങ്കിലും യൂണിഫോമിൽ വർഷങ്ങൾക്കുമുമ്പ് ബോഡി വോൺ കാമറകൾ സ്ഥാപിച്ചുകണ്ടിരുന്നു. എന്നാൽ, ക്രമസമാധാന ചുമതലയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുമായി ഇടപഴകുന്ന ലോക്കൽ പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർക്ക് എവിടെയെങ്കിലും ഈ കാമറകൾ നൽകിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.
Kerala
പത്തനംതിട്ട: പീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ക്ഷേത്രദർശനത്തിന് പോയതിനു പിന്നാലെ പാഞ്ഞ് പോലീസ് സംഘം. അടൂർ മുണ്ടപ്പള്ളിയിലെ വീട്ടിൽ നിന്ന് സ്കൂട്ടറിൽ രാഹുൽ പുറത്തിറങ്ങിയതോടെ പോലീസ് സംഘം പാഞ്ഞെത്തുകയായിരുന്നു.
ഷാഡോ പോലീസ് സംഘമാണ് രാഹുലിന്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ വീടിന് മുന്നിലുള്ളത്. രാഹുൽ എവിടേക്ക് യാത്ര ചെയ്യുന്നുവെന്ന് നിരീക്ഷിക്കാനുള്ള നിർദേശം ലഭിച്ചതിനാൽ പോലീസ് സംഘം രാഹുലിനു പിന്നാലെ പോവുകയായിരുന്നു.
കുറച്ച് സമയത്തിന് ശേഷം രാഹുൽ തിരിച്ചെത്തുകയും ചെയ്തു. അതേസമയം രാഹുലിനെതിരായ രണ്ട് കേസുകളും ഹൈക്കോടതി ഇന്ന് പരിഗണിക്കും. അതിനാൽ രാഹുലിനെ ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്തേക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്.
കേസിൽ ഹൈക്കോടതി തീരുമാനത്തിന് ശേഷമായിരിക്കും ചോദ്യം ചെയ്യലിൽ തീരുമാനമെടുക്കുക. പത്തനംതിട്ടയിലുണ്ടാകണമെന്നും ജില്ല വിട്ടുപോകരുതെന്നും പ്രത്യേക അന്വേഷണ സംഘം രാഹുലിന് നിർദേശം നൽകി.
Kerala
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് വലിയ ഒരു അറസ്റ്റ് ഉണ്ടാകുമെന്നു തന്നെയാണ് കേരളം പ്രതീക്ഷിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. പത്തനംതിട്ട പ്രസ്ക്ലബില്‍ "തദ്ദേശം 2025 മീറ്റ് ദി ലീഡര്‍' പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശ തെരഞ്ഞെടുപ്പു കാലം ആയതുകൊണ്ടാകാം ആ അറസ്റ്റ് വൈകുന്നത്. അറസ്റ്റ് വൈകിപ്പിക്കാന്‍ ഉദ്യോഗസ്ഥരുടെ മേല്‍ സമ്മര്‍ദമുണ്ടാകാമെന്നും സതീശന് പറഞ്ഞു. ഉണ്ണികൃഷ്ണന് പോറ്റിയെ ദേവസ്വം ബോര്‍ഡിലേക്ക് എത്തിച്ചതിനു പിന്നില്‍ പ്രേരകമായ ഒരാളുണ്ട്. ആ ആളിന്റെ അറസ്റ്റാണ് ഉണ്ടാകേണ്ടതെന്നും സതീശൻ കൂട്ടിച്ചേർത്തു.
എ. പത്മകുമാറിനെ സിപിഎം ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കാതിരുന്നത് അദ്ദേഹത്തെ ഭയപ്പെട്ടിട്ടാണ്. പത്മകുമാറിനെ പ്രകോപിപ്പിച്ചാല്‍ അദ്ദേഹം പലതും വിളിച്ചു പറയുമോയെന്ന ഭയം സിപിഎമ്മിനുണ്ട്. സ്വര്‍ണക്കൊള്ളക്കാരെ സംരക്ഷിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്നത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരേ ശക്തമായ നടപടിയാണ് കോണ്‍ഗ്രസ് എടുത്തത്. പാര്‍ട്ടിയുടെ മുമ്പില്‍ ഒരു പരാതി പോലും വരാതെ സംഘടനാപരമായ നടപടിയെടുത്തു. തെറ്റായ കാര്യങ്ങള്‍ ആരു ചെയ്താലും അവരെ കോണ്‍ഗ്രസ് സംരക്ഷിക്കില്ല. തെരഞ്ഞെടുപ്പു കാലത്ത് ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ നിന്ന് ഒളിച്ചോടാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്നും സതീശൻ ആരോപിച്ചു.
ശബരിമല തീര്‍ഥാടനക ക്രമീകരണങ്ങളിലും ഗുരുതര വീഴ്ചയുണ്ടായി. ശബരിമലയിലെ സ്ഥിതി ഭയാനകമെന്ന് ചുമതലയേറ്റ് രണ്ടാംദിവസം ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനു പറയേണ്ടിവന്നു. തീര്‍ഥാടനകാലം ആരംഭിക്കുന്നതിന് ആറുദിവസം മുമ്പാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നത്. മണ്ഡലകാല ക്രമീകരണങ്ങളില്‍ വീഴ്ചയുണ്ടായത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മൂലമാണെന്ന വാദം വസ്തുകകള്‍ക്കു നിരക്കുന്നതല്ല.
ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് അലയടിക്കുകയാണ്. മസാല ബോണ്ടുമായി ബന്ധപ്പെട്ടുണ്ടായ അഴിമതി കേന്ദ്ര ഏജന്‍സി അന്വേഷിക്കുക തന്നെ വേണം. കോടികളുടെ അഴിമതി ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ ഇഡി ഒന്നും ചെയ്യുകയില്ലെന്നും ഭയപ്പെടുത്തുക മാത്രമാണ് ലക്ഷ്യമെന്നും സതീശന് പറഞ്ഞു.
National
പാറ്റ്ന: ബിഹാറിൽ ബിജെപി നേതാവിന് നേരെ വെടിവയ്പ്പ്. ഖഗാരിയ ജില്ലയിലെ ഗംഗോർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
ദിലീപ് കുമാർ എന്നയാൾക്കാണ് വെടിയേറ്റത്. നെഞ്ചിൽ വെടിയേറ്റ ദിലീപ് കുമാർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രദേശവാസികളാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.
ബിജെപിയുടെ ഖഗരിയ യൂണിറ്റിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവായ ദിലീപ് കുമാർ പാർട്ടിയുടെ മുൻ ജനറൽ സെക്രട്ടറിയും നിലവിൽ മണ്ഡൽ വർക്കിംഗ് കമ്മിറ്റി അംഗവുമാണ്.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
തിരുവനന്തപുരം: ആര്യങ്കോട്ടുനിന്ന് രക്ഷപ്പെട്ട കാപ്പ കേസ് പ്രതി പിടിയിൽ. കാട്ടാക്കടയിൽനിന്നുമാണ് നിരവധി ക്രിമിനല്‍ കേസുകളിൽ പ്രതിയായ കൈലി കിരണിനെ പോലീസ് പിടികൂടിയത്.
അഭിഭാഷകനെ കാണാൻ എത്തിയപ്പോഴാണ് കൈലി കിരൺ പിടിയിലായത്. നേരത്തെ പോലീസ് പിടികൂടാൻ എത്തിയപ്പോൾ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം കൈലി രക്ഷപ്പെട്ടിരുന്നു.
പോലീസിനുനേരെ വെട്ടുകത്തിയുമായി പാഞ്ഞടുത്തു പ്രതിക്കുനേരെ എസ്എച്ച്ഒ വെടിയുതിര്‍ത്തെങ്കിലും ദേഹത്തു കൊണ്ടില്ല. വെട്ടുകത്തിയുമായി പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
കാപ്പ കേസില്‍ നാട് കടത്തിയ പ്രതി വീട്ടില്‍ തിരിച്ചെത്തിയ വിവരം അറിഞ്ഞാണ് എസ്എച്ച്ഒ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയുടെ വീട്ടിലെത്തിയത്. ഈ സമയമാണ് പോലീസിനെ ആക്രമിക്കാന്‍ പ്രതി വെട്ടുകത്തിയുമായി പാഞ്ഞടുത്തത്.
ജീവന് രക്ഷാര്ഥം മറ്റ് മാര്‍ഗമില്ലാതെ വന്നപ്പോഴാണ് വെടിയുതിര്‍ത്തതെന്നാണു പോലീസ് പറയുന്നത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിനെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. വ്യാഴാഴ്ച വൈകുന്നേരം അഞ്ചുവരെയാണ് കോടതി എസ്ഐടിയുടെ കസ്റ്റഡിയില്‍ വിട്ടത്.
വിശദമായ ചോദ്യം ചെയ്യലിന് പത്മകുമാറിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കൊല്ലം വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് കോടതി പത്മകുമാറിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്.
പത്മകുമാറിനെ കൊല്ലം പോലീസ് ക്ലബിലൊ തിരുവനന്തപുരത്തെ എസ്ഐടി ഓഫീസിലൊ വച്ച് ചോദ്യം ചെയ്യും. പത്മകുമാര്‍ പറഞ്ഞ ദൈവതുല്യര്‍ ആരൊക്കെയാണെന്ന് അറിയാനാണ് അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങിയത്.
Kerala
ശബരിമല: ശബരിമലയില്‍ പോലീസിന്റെ പുതിയ ബാച്ച് ചുമതലയേറ്റു. 1543 പേരാണ് രണ്ടാം ബാച്ചില്‍ ഉള്ളത്. അസി. സ്പെഷൽ ഓഫീസറും (എഎസ്ഒ) 10 ഡിവൈഎസ്പിമാരും 34 സിഐമാരും സംഘത്തില്‍ ഉള്‍പ്പെടുന്നു.
സന്നിധാനത്തെ വലിയ നടപ്പന്തലില്‍ നടന്ന ചടങ്ങില്‍ സ്പെഷല്‍ ഓഫീസര്‍ ഉദ്യോഗസ്ഥര്‍ക്ക് വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്കി. എഎസ്ഒ മാരായ ജെ.കെ. ദിനില്‍ കുമാര്‍, എസ്. അജയ് കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. പത്തു ദിവസമാണ് ഒരു ബാച്ചിന്റെ സേവനം.
Kerala
കൊച്ചി: സംസ്ഥാനത്ത് ലഹരിക്കേസുകളിൽ കഴിഞ്ഞ ഒമ്പതു മാസത്തിനിടയിൽ പിടിയിലായത് 108 ഇതര സംസ്ഥാനക്കാർ. 74 കേസുകളിലായാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തത്. ദീർഘദൂര ട്രെയിനുകളിൽ കടത്തി കൊണ്ട് വന്ന മയക്കുമരുന്നുകൾ പോലീസ് പിടിച്ചെടുത്ത് 26 കേസുകൾ രജിസ്റ്റർ ചെയ്തു.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘങ്ങളെ കണ്ടെത്തുന്നതിനായി ഡാൻസാഫ് സംഘം നടത്തിയ ലഹരി വേട്ടയിൽ ഒമ്പതു മാസത്തിനിടെ 149 പേരാണ് അറസ്റ്റിലായത്. 111 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ട്രെയിൻ മാർഗമാണ് കേരളത്തിലേക്ക് ലഹരിമരുന്നുകൾ കൂടുതലായും എത്തുന്നത്.
പോലീസ് പിടികൂടുന്നതിൽ ഏറെയും കഞ്ചാവാണ്. പശ്ചിമ ബംഗാൾ, ഒഡീഷ എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് വൻ തോതിൽ കഞ്ചാവ് എത്തുന്നത്. അവിടെ നിന്ന് നിസാര വിലയ്ക്ക് വാങ്ങുന്ന കഞ്ചാവ് സംസ്ഥാനത്ത് എത്തിച്ച് വൻ തുകയ്ക്കാണ് വിൽപ്പന നടത്തുന്നത്.
ബംഗളൂരു, ആന്ധ്ര എന്നിവിടങ്ങളിൽ നിന്ന് പഴം, പച്ചക്കറി ലോറികളിൽ ലഹരിമരുന്ന് എത്തിക്കുന്ന സംഘങ്ങളും അടുത്തിടെ പോലീസ് പിടിയിലായിരുന്നു. കഴിഞ്ഞ മാർച്ചിൽ കളമശേരി ഗവ. പോളിടെക്നിക് മെൻസ് ഹോസ്റ്റലിൽ നിന്ന് വൻ തോതിൽ കഞ്ചാവ് പിടികൂടിയിരുന്നു.
വിദ്യാർഥികൾക്ക് കഞ്ചാവ് എത്തിച്ചു നൽകിയത് ഇതര സംസ്ഥാനക്കാരായിരുന്നു. ഡാൻസാഫ് സംഘം നടത്തിയ ലഹരി വേട്ടയാണ് നടൻ ഷൈൻ ടോം ചാക്കോ, റാപ്പർ വേടൻ എന്നിവരുടെ അറസ്റ്റിലേക്ക് നയിച്ചതും.
Kerala
പയ്യന്നൂര്‍: ചീമേനി ഏറ്റുകുടുക്കയിലെ ബൂത്ത് ലെവല്‍ ഓഫീസര്‍ തറയില്‍ അനീഷ് ജോര്‍ജിന്റെ (45)ആത്മഹത്യയുമായി ബന്ധപ്പെട്ട് അനീഷിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം.
ഭീഷണികളെ തുടര്‍ന്നാണ് അനീഷ് ആത്മഹത്യ ചെയ്തതെന്നആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിക്കുന്നതെന്ന് പയ്യന്നൂര്‍ ഡിവൈഎസ്പി കെ. വിനോദ് കുമാര്‍ പറഞ്ഞു.
സിപിഎമ്മിന്റെ ഭീഷണിയാണ് അനീഷിന്റെ ആത്മഹത്യയ്ക്കു കാരണമെന്നും അനീഷിന്റെ ഫോണ്‍ പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാകുമെന്നും ബിജെപി ജില്ലാ ഘടകം ഇന്നലെ ആവശ്യപ്പെട്ടിരുന്നു. അനീഷിന് ഭീഷണിയുണ്ടായിരുന്നതായി വോയ്സ് ക്ലിപ്പുകളെ ഉദ്ധരിച്ച് ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജും വാര്‍ത്താ സമ്മേളനത്തിലൂടെ വെളിപ്പെടുത്തിയിരുന്നു.
സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വത്തിലുള്ള ചിലരാണ് ഭീഷണിപ്പെടുത്തിയതെന്ന് മാര്ട്ടിന് ജോര്‍ജ് ആരോപിച്ചിരുന്നു. അനീഷിന് ഭീഷണിയുള്ളതായി ഏറ്റുകുടുക്ക പ്രദേശത്തുനിന്നും ചര്‍ച്ചകളുയര്‍ന്നിരുന്നു. ഇത്തരം ആരോപണങ്ങളുടെ നിജസ്ഥിതി അറിയുന്നതിനായാണ് പോലീസ് അനീഷിന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തത്.
ആരൊക്കെയാണു ഭീഷണിപ്പെടുത്തിയതെന്ന വിവരങ്ങള്‍ പരിശോധനയില്‍ കണ്ടെത്തുന്നത് അന്വേഷണത്തില്‍ നിര്‍ണായകമാവും. അതോടൊപ്പം ബിഎല്‍ഒയുടെ ചുമതലയും ജോലിഭാരവും കനത്ത മാനസിക സംഘര്ഷമുണ്ടാക്കിയതായുള്ള ആരോപണങ്ങളും ശക്തമായിരുന്നു. ഇക്കാര്യം നിഷേധിച്ചുകൊണ്ട് ജില്ലാ വരണാധികാരിയുടെ പ്രസ്താവനയുമുണ്ടായിരുന്നു.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം ആഹ്ലാദപ്രകടനങ്ങൾ പാടില്ലെന്ന് വ്യക്തമാക്കി പാറ്റ്നയിൽ നിരോധനജ്ഞ പ്രഖ്യാപിച്ചു. നിരത്തുകൾ കൈയേറിയുള്ള എല്ലാ ആഘോഷങ്ങൾക്കും നിരോധനം ഏർപ്പെടുത്തി.
16 വരെ പാറ്റ്ന നഗരത്തിൽ നിരോധനജ്ഞ തുടരുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ ബാലറ്റുകളാണ് ആദ്യം എണ്ണുന്നത്. പത്തോടെ ട്രെൻഡ് വ്യക്തമാകും.
പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം വ്യക്തമാക്കുന്നത് സംസ്ഥാനത്ത് മഹാഭൂരിപക്ഷത്തോടെ എൻഡിഎ ഭരണം തുടരുമെന്നാണ്.
Kerala
തൃശൂർ: കുന്നംകുളം കസ്റ്റഡി മർദനത്തിന്റെ ഇര വി.എസ്.സുജിത്ത് ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തിലേക്ക് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നു. 2023 ഏപ്രിലിലാണ് കുന്നംകുളം പോലീസ് സ്റ്റേഷനിൽവച്ച് യൂത്ത് കോൺഗ്രസ് നേതാവായ സുജിത്തിന് മര്‍ദനമേറ്റത്.
തന്റെ സുഹൃത്തുക്കളെ പോലീസ് മർദിച്ചത് സുജിത്ത് ചോദ്യം ചെയ്തിരുന്നു. തുടർന്ന് കസ്റ്റഡിയിലെടുത്ത സുജിത്തിനെ എസ്ഐ നുഹ്മാന്റെ നേതൃത്വത്തിലുള്ള പോലീസുകാർ ക്രൂരമായി മർദിക്കുകയായിരുന്നു. രണ്ട് വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ സുജിത്തിന് കഴിഞ്ഞത്.
സംഭവം വലിയ വാര്‍ത്തയും ചര്‍ച്ചയുമായതിനെ തുടര്‍ന്ന് നാല് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡു ചെയ്തിരുന്നു. ആദ്യമായിട്ടാണ് തെരഞ്ഞെടുപ്പ് രംഗത്തേക്കിറങ്ങുന്നതെന്നും വിജയ പ്രതീക്ഷയുണ്ടെന്നും സുജിത്ത് പറഞ്ഞു.
Kerala
കൊച്ചി: ഡല്‍ഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയിലെ റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും കര്‍ശന പരിശോധന തുടരുന്നു. പോലീസ്, റെയില്‍വേ പോലീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
സൗത്ത് നോര്‍ത്ത് റെയില്‍വേ സ്റ്റേഷനുകളില്‍ ട്രെയിന്‍ കമ്പാര്‍ട്ടുമെന്റുകള്‍, യാത്രക്കാരുടെ ലഗേജുകള്‍, സംശയകരമായ പാഴ്സലുകള്‍ എന്നിവ പരിശോധിച്ചു. പോലീസ് സംഘവും കൊച്ചി നഗരത്തിലും ഹോട്ടലുകളിലും പരിശോധന നടത്തുന്നുണ്ട്. വാഹന പരിശോധനയും തുടരുന്നു.
അതേസമയം, ഗുരുവായൂരിലും പോലീസ് സുരക്ഷ ശക്തമാക്കി. ഏകാദശിവിളക്ക് ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തിൽ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെടുന്നത്. ഭക്തർക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിലാണ് പരിശോധന നടത്തുന്നത്.
ക്ഷേത്രപരിസരത്തെ വ്യാപാരസ്ഥാപനങ്ങളും ഒറ്റപ്പെട്ടുകാണുന്ന ഭക്തരുടെ ബാഗുകളും പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്. ക്ഷേത്രവും പരിസരവും ബോംബ് ഡിറ്റക്ഷൻ സ്ക്വാഡ് പരിശോധന നടത്തി.
Kerala
കൊച്ചി: ശബരിമല സന്നിധാനത്തെ പുതിയ പോലീസ് കൺട്രോളറുടെ നിയമനത്തിൽ നിർദേശവുമായി ഹൈക്കോടതി. ഉദ്യോഗസ്ഥനെപ്പറ്റിയുള്ള സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കണം.
സർവീസ് കാലയളവിലെ മികവ്, സ്വഭാവം, അച്ചടക്ക നടപടി നേരിട്ടിട്ടുണ്ടോ തുടങ്ങിയ വിശദാംശങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തണമെന്ന് കോടതി നിർദേശിച്ചു. പുതിയതായി നിയമിച്ച ആർ. കൃഷ്ണകുമാറിന്റെ വിവരങ്ങളാണ് ദേവസ്വം ബെഞ്ച് ആവശ്യപ്പെട്ടത്.
ശബരിമല ചീഫ് പോലീസ് കോ-ഓർഡിനേറ്ററായ എഡിജിപിക്കാണ് നിർദേശം നൽകിയിരിക്കുന്നത്. കൂടാതെ പമ്പയിലും സന്നിധാനത്തും നിർണായക സ്ഥാനങ്ങൾ വഹിക്കുന്ന മറ്റ് പോലീസ് ഉദ്യോഗസ്ഥരുടെയും വിവരങ്ങളും നൽകണം.
തുടർച്ചയായി രണ്ട് വർഷത്തിലേറെ ഇവിടങ്ങളിൽ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാരുടെ മുഴുവൻ വിവരങ്ങളും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
Kerala
തിരുവനന്തപുരം: പ്രസവത്തിനു പിന്നാലെ യുവതി മരിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. മരിച്ച ശിവപ്രിയയുടെ സഹോദരൻ ശിവപ്രസാദിന്റെ പരാതിയിൽ മെഡിക്കൽ കോളജ് പോലീസാണ് കേസെടുത്തത്.
എസ്എടി ആശുപത്രിയിലെ അധികൃതരുടെയടക്കം മൊഴി രേഖപ്പെടുത്തും. കരിക്കകം സ്വദേശിനിയായ യുവതിയുടെ മരണം എസ്എടി ആശുപത്രിയിലുണ്ടായ ചികിത്സാ പിഴവിനെ തുടർന്നാണെന്ന് കുടുംബം ആരോപിച്ചിരുന്നു.
പ്രസവശേഷം ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയ യുവതിക്ക് മൂന്ന് ദിവസത്തിന് ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് എസ്എടിയിൽ വീണ്ടും അഡ്മിറ്റ് ചെയ്തു. എന്നാൽ ഞായറാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു.
Kerala
കോട്ടയം: ആഭിചാരത്തിന്റെ പേരിൽ യുവതിയെ ക്രൂര പീഡനത്തിനിരയാക്കിയ സംഭവത്തിൽ ഭർത്താവ് ഉൾപ്പടെ മൂന്നുപേർ പിടിയിൽ. കഴിഞ്ഞ രണ്ടിന് നടന്ന സംഭവത്തിൽ യുവതിയുടെ ഭർത്താവും മണർകാട് സ്വദേശിയുമായ അഖിൽദാസ്, പിതാവ് ദാസ്, പത്തനംതിട്ട സ്വദേശി ശിവദാസ് എന്നിവരെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്.
ദുരാത്മാക്കൾ യുവതിയുടെ ദേഹത്ത് കയറിയെന്ന് ആരോപിച്ചായിരുന്നു ആഭിചാരക്രിയ. അഖിൽദാസിന്റെയും യുവതിയുടെയും പ്രണയ വിവാഹമായിരുന്നു. ഇരുവരും വീട്ടിൽ കഴിയവെ അഖിലിന്റെ അമ്മയാണ് യുവതിയുടെ ശരീരത്തിൽ മരിച്ചുപോയ ബന്ധുക്കളുടെ ദുരാത്മാക്കൾ കയറിയിട്ടുണ്ടെന്ന് പറഞ്ഞത്.
പിന്നാലെ യുവാവിന്റെ അമ്മ തന്നെയാണ് ആഭിചാരക്രിയക്കായി ആളെ വിളിച്ചുവരുത്തിയത്. രണ്ടാം തീയതി രാവിലെ 11 മുതൽ രാത്രി ഒമ്പത് വരെയായിരുന്നു പീഡനം. യുവതിക്ക് മദ്യം നൽകുകയും വായിൽ ഭസ്മം കുത്തിനിറയ്ക്കുകയും ദേഹം പൊള്ളിക്കുകയും ചെയ്തു.
പിന്നാലെ യുവതിയുടെ മനോനിലയിൽ വന്ന പ്രശ്നങ്ങൾ ശ്രദ്ധിച്ച പിതാവാണ് പോലീസിൽ പരാതി നൽകിയത്.അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു.
Kerala
കൊച്ചി: അങ്കമാലിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകത്തിൽ അമ്മൂമ്മ റോസിലിയുടെ അറസ്റ്റ് രേഖപ്പെടുത്തി. മാനസിക വിഭ്രാന്തിയെ തുടർന്നാണ് കൊലപാതകമെന്നാണ് നിഗമനം. മറ്റെന്തെങ്കിലും പ്രേരണയുണ്ടോ എന്നും പോലീസ് പരിശോധിക്കും.
അങ്കമാലി കറുകുറ്റിയിൽ ആന്റണി റൂത്ത് ദമ്പതികളുടെ മകളായ ആറുമാസം പ്രായമുള്ള ഡൽന മരിയ സാറയാണ് കൊല്ലപ്പെട്ടത്. കുഞ്ഞിനെ അമ്മൂമ്മ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.
അമ്മൂമ്മ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിനെ കഴുത്തിനു മുറിവേറ്റ നിലയിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
മുറിവിന്റെ സ്വഭാവത്തിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു. വീട്ടിൽ കുട്ടിയുടെ അച്ഛനും അമ്മയും അമ്മൂമ്മയുമാണുള്ളത്.
Kerala
കൊച്ചി: അങ്കമാലി കറുകുറ്റിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ. ആന്റണി- റൂത്ത് ദമ്പതികളുടെ മകളായ ഡൽന മരിയ സാറ ആണ് മരിച്ചത്. കുഞ്ഞിനെ കഴുത്തിനു മുറിവേറ്റ നിലയിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
വീട്ടിൽ കുഞ്ഞിന്റെ മാതാപിതാക്കളും മുത്തശ്ശിയുമാണുള്ളത്. സംഭവസമയം കുഞ്ഞിനെ മുത്തശ്ശിയുടെ അരികിൽ കിടത്തിയിരിക്കുകയായിരുന്നു. അടുക്കളയിലായിരുന്ന അമ്മ തിരിച്ചെത്തിയപ്പോഴാണ് കുഞ്ഞിനെ കഴുത്തിൽ മുറിവേറ്റ നിലയിൽ കണ്ടത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
സംഭവത്തിനു പിന്നാലെ അവശനിലയിലായ മുത്തശ്ശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർ മാനസികാസ്വാസ്ഥ്യം ഉള്ളയാളാണ് എന്ന സ്ഥിരീകരിക്കാത്ത വിവരം പുറത്തുവന്നിട്ടുണ്ട്.
Kerala
തൃശൂര്‍: ഇരിങ്ങാലക്കുട സ്റ്റേഷനു സമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് ടിടിഇയെ തള്ളിയിടാന്‍ ശ്രമിച്ച സംഭവത്തില്‍ അക്രമിക്കെതിരെ പെറ്റിക്കേസ് മാത്രം ചുമത്തി വിട്ടയച്ചു. കസ്റ്റഡിയിലുണ്ടായിരുന്ന പ്രതിയെ പരാതി ലഭിക്കാത്തതിനാലാണ് പോലീസ് വിട്ടയച്ചത്.
മദ്യപിച്ച് ശല്യം ചെയ്തെന്ന നിലയില്‍ പെറ്റിക്കേസ് മാത്രമാണ് പ്രതിയായ പാലക്കാട് സ്വദേശിക്കെതിരെ ചുമത്തിയത്. ട്രെയിനില്‍ ഇത്തരം സംഭവങ്ങളുണ്ടായാല്‍ പതിവുള്ള മെമ്മോ നല്‍കിയിട്ടില്ലെന്നും അതിനാലാണ് പെറ്റിക്കേസില്‍ ഒതുങ്ങാന്‍ കാരണമെന്നുമാണ് റെയില്‍വേ പോലീസിന്റെ വിശദീകരണം.
സംഭവത്തില്‍ മൊഴിയെടുപ്പ് ബുധനാഴ്ച നടന്നേക്കും. എന്നാല്‍ ഓടുന്ന ട്രെയിനില്‍നിന്നു തള്ളിയിടാനുള്ള ശ്രമത്തെത്തുടര്‍ന്ന് കടുത്ത മാനസികാഘാതത്തിലായിരുന്നെന്നും ഇതുമൂലമാണ് രേഖാമൂലം പരാതി നല്‍കാതെ വീട്ടിലേക്ക് മടങ്ങിയതെന്നുമാണ് എറണാകുളത്തെ സ്ക്വാഡ് ഇന്‍സ്പെക്ടറായ എ. സനൂപ് പറയുന്നത്. കൂടുതല്‍ ആരോഗ്യപ്രശ്നങ്ങളില്ലെങ്കില്‍ അടുത്തദിവസം തന്നെ നേരിട്ടെത്തി മൊഴി നല്‍കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും സനൂപ് വ്യക്തമാക്കി.
Kerala
പാലാ: കോട്ടയം പാലായില്‍ ഹൈവേ പോലീസിന്റെ പട്രോളിംഗ് വാഹനം അപകടത്തില്‍പ്പെട്ടു. ഇന്നു പുലര്‍ച്ചെ 4.30ന് പാലാ-തൊടുപുഴ റോഡില്‍ മുണ്ടാങ്കല്‍ ഭാഗത്തായിരുന്നു സംഭവം. നിയന്ത്രണംവിട്ട വാഹനം കലുങ്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
അപകടത്തില്‍ എസ്ഐ നൗഷാദ്, സിപിഒമാരായ സെബിന്, എബിന് എന്നിവര്‍ക്കു പരിക്കേറ്റു. സെബിന്റെ കാലിന് ഒടിവും മുഖത്തു പരിക്കുകളുമുണ്ട്. മറ്റുള്ളവരുടെ പരിക്കുകള്‍ ഗുരുതരമല്ല. ഇവരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
National
ചെന്നൈ: കോയമ്പത്തൂര്‍ കൂട്ടബലാത്സംഗക്കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് തമിഴ്നാട് പോലീസ്. ശിവഗംഗ സ്വദേശികളായ ഗുണ, സതീഷ്, കാർത്തിക്ക് എന്നിവരാണ് പിടിയിലായത്.
കസ്റ്റഡിയിൽ എടുക്കുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളുടെ കാലിൽ പോലീസ് വെടിവച്ചു വീഴ്ത്തുകയായിരുന്നു. പരിക്കേറ്റ പ്രതികളെ കോയമ്പത്തൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
കോൺസ്റ്റബിളിനെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ വെടിവച്ചതാണെന്നാണ് പോലീസ് പറയുന്നത്. കൈക്ക് പരിക്കറ്റ കോൺസ്റ്റബിളും ആശുപത്രിയിൽ ചികിത്സയിലാണ്.
ഞായറാഴ്ച രാത്രിയാണ് എംബിഎ വിദ്യാർഥിനിയായ 19കാരിയെ മൂവര്‍ സംഘം തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയത്. കോയമ്പത്തൂര്‍ വിമാനത്താവളത്തിന് സമീപം വൃന്ദാവന്‍ നഗറില്‍ ആണ്‍സുഹൃത്തുമായി കാറില്‍ സഞ്ചരിക്കുമ്പോഴായിരുന്നു അക്രമം. ബൈക്കിലെത്തിയ അക്രമികള്‍ ആണ് സുഹൃത്തിനെ മര്‍ദിച്ച ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.
National
വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ ശ്രീകാകുളത്ത് ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് പത്തുപേർ മരിച്ച സംഭവത്തിൽ ക്ഷേത്ര ഉടമയ്ക്കെതിരെ പോലീസ് കേസെടുത്തു. കാസിബുഗ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്ര ഉടമ ഹരി മുകുന്ദ പാണ്ഡയ്ക്കെതിരെ നരഹത്യയ്ക്കാണ് പോലീസ് കേസെടുത്തത്.
ക്ഷേത്രം നിര്‍മിച്ചതും ഉത്സവം സംഘടിപ്പിച്ചതും മുൻകൂര്‍ അനുമതിയില്ലാതെയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. സംഭവത്തിൽ ആന്ധ്രാ സര്‍ക്കാരിന്റെ പ്രത്യേക അന്വേഷണവും ഇന്ന് മുതൽ ആരംഭിക്കും. ഉൾക്കൊള്ളാവുന്നതിന്റെ എട്ട് മടങ്ങിലേറെ ആളുകൾ ദർശനത്തിന് എത്തിയതാണ് ദുരന്തത്തിന് വഴിവച്ചത്.
ദുരന്തത്തിൽ പരിക്കേറ്റ രണ്ടുപേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. മരിച്ചവരിൽ സ്ത്രീകളും 12 വയസുള്ള ഒരു കുട്ടിയും ഉൾപ്പെടും.
Kerala
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ വ്യവസായി മുഹമ്മദ് ഷർഷാദ് റിമാൻഡിൽ. എറണാകുളം എസിജെഎം കോടതിയാണ് ഷർഷാദിനെ റിമാൻഡ് ചെയ്തത്.
ഷർഷാദിനെ വീണ്ടും ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം. ഇതിനായി തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ സമർപ്പിക്കും. കൊച്ചി സ്വദേശികളിൽനിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് കൊച്ചി സൗത്ത് ഷർഷാദിനെ അറസ്റ്റു ചെയ്തത്.
പെന്റാ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി വഴി ഉയർന്ന ലാഭവിഹിതവും ഓഹരി പങ്കാളിത്തവും വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
ഓഗസ്റ്റിൽ കൊച്ചി സ്വദേശി നൽകിയ പരാതിയിലാണ് നിലവിൽ അറസ്റ്റ്. കൂടുതൽ പരാതിക്കാരുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. കമ്പനിയുടെ സഹസ്ഥാപകനായ ചെന്നൈ സ്വദേശി ശരവണനായും പോലീസ് അന്വേഷണം ഊർജിതമാക്കി.
National
ന്യൂഡൽഹി: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന് പോലീസിനെ വിളിച്ച് അറിയിച്ചു ഭർത്താവ്. ഭാര്യ സുഷമ ശർമ്മയെ (40) ആണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മുറിയിൽ ആത്മഹത്യ ചെയ്തതായി ഭർത്താവ് പോലീസിനെ അറിയിച്ചത്. ഇവരുടെ 11 വയസുള്ള മകൾ അതേ മുറിയിലെ കട്ടിലിൽ കിടന്നുറങ്ങുന്നുണ്ടായിരുന്നു.
ഡൽഹിയിലെ കേശവ് പുരത്താണ് സംഭവം. സംഭവത്തിൽ പ്രതിയായ ഭർത്താവ് ദിനേശ് ശർമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. സ്ഥലത്തെത്തിയ പോലീസ് സംഘം മുറിയിലെ തറയിൽ സുഷമയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. ചോദ്യം ചെയ്യലിൽ ദിനേശ് ശർമ്മ കുറ്റം സമ്മതിച്ചു.
തൂവാല ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഇയാൾ ഒരു ക്ഷേത്രത്തിൽ പൂജാരിയായി ജോലി ചെയ്യുകയാണ്. തുടർന്ന് പോലീസ് മൃതദേഹം ഏറ്റെടുത്ത് പോസ്റ്റ്മോർട്ടത്തിനായി ബാബു ജഗ്ജീവൻ റാം ആശുപത്രിയിലേക്ക് അയച്ചു.
അതേസമയം പ്രതിയുടെ വിവാഹേതര ബന്ധമാണ് കൊലപാതകത്തിന് കാരണമെന്ന് കാണിച്ച് യുവതിയുടെ ബന്ധുക്കൾ രംഗത്തെത്തി. പോലീസ് വിഷയത്തിൽ കൃത്യമായി ഇടപെടുന്നില്ലെന്നും കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുകയാണെന്നും കുടുംബം ആരോപിച്ചു.
National
മുംബൈ: മഹാരാഷ്ട്രയിൽ ഇരട്ട പെൺകുട്ടികളെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. വാസീം ജില്ലയിലാണ് നാടിനെ നടുക്കിയ കൊലപാതകം. ഭാര്യയുമായി വഴക്കിട്ടതിനെതുടർന്നാണ് രണ്ട് വയസുള്ള കുട്ടികളെ കൊലപ്പെടുത്തിയത്.
32കാരനായ പിതാവ് രാഹുൽ ചവാൻ അറസ്റ്റിലായി. ഇയാൾ കൊലപാതകത്തിനു ശേഷം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. രണ്ട് പെൺമക്കൾക്കുമൊപ്പം യാത്ര ചെയ്യുമ്പോഴാണ് രാഹുൽ ചവാനും ഭാര്യയും തമ്മിൽ വഴക്കിട്ടത്. വഴക്കിനിടെ ഭാര്യ മാതാപിതാക്കളുടെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു.
തുടർന്ന് ചവാൻ മക്കളുമായി ഒറ്റയ്ക്ക് യാത്ര തുടർന്നു. അഞ്ചാർവാഡിയിലെ വനമേഖലയിലേക്ക് ഇരട്ടക്കുട്ടികളെ കൊണ്ടുപോവുകയും അവിടെ വച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ചവാൻ നേരെ വാസീം പോലീസ് സ്റ്റേഷനിലേക്ക് പോവുകയും കുറ്റം സമ്മതിച്ചു കീഴടങ്ങുകയുമായിരുന്നു.
ഉടൻ പോലീസ് സംഘം സംഭവസ്ഥലത്തേക്ക് തിരിക്കുകയും കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തുകയും ചെയ്തു. മൃതദേഹങ്ങൾ ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
National
ബംഗളൂരു: ബംഗളൂരുവിൽ ഏഴ് വയസുകാരിയെ കൊലപ്പെടുത്തി രണ്ടാനച്ഛൻ. കുന്പളഗൗഡ സ്വദേശി ദർശൻ ആണ് കൊലപാതകം നടത്തിയത്. ഒളിവിൽ പോയ ദർശനെ കണ്ടെത്താൻ അന്വേഷണം ശക്തമാക്കിയതായി പോലീസ് അറിയിച്ചു.
ദർശന്റെ ഭാര്യ ശിൽപ്പ നൽകിയ പരാതിയിലാണ് അന്വേഷണം. നാല് മാസങ്ങൾക്ക് മുമ്പാണ് ദർശനും ശിൽപ്പയും തമ്മിൽ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് ദിനസങ്ങൾക്കുള്ളിൽ തന്നെ ശിൽപ്പയും ദർശനും തമ്മിൽ തർക്കങ്ങൾ പതിവായിരുന്നുവെന്നാണ് സമീപവാസികൾ പറയുന്നത്.
കഴിഞ്ഞ ദിവസം രാവിലെയും ഇരുവരും തമ്മിൽ തർക്കമുണ്ടായി. പിന്നീട് ശിൽപ്പ ജോലിക്ക് പോവുകയും ചെയ്തു. ഈ സമയം ദർശൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വൈകിട്ട് ജോലി കഴിഞ്ഞെത്തിയ ശിൽപ്പയാണ് മകൾ സിരിയെ ചോരയിൽ കുളിച്ച് കിടക്കുന്ന നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്.
വീട് പുറത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. ശിൽപ്പയുടെ കരച്ചിൽ കേട്ട് ഓടിയത്തിയവർ വാതിൽ തകർത്ത് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കരിക്കും.
Kerala
ആലപ്പുഴ: സിപിഎം നേതാവ് ജി.സുധാകരനെതിരായ സൈബർ ആക്രമണത്തിൽ പോലീസ് കേസെടുത്തു. പുന്നപ്ര പോലീസാണ് കേസെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന് ജി.സുധാകരൻ അയച്ചതെന്ന പേരിൽ ഒരു വ്യാജ കവിത സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഇതിനെതിരെ ജി.സുധാകരൻ അമ്പലപ്പുഴ ഡിവൈഎസ്പിക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. തന്റെ പേരിൽ വ്യാജ കവിത പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി വേണമെന്ന് ജി.സുധാകരൻ ആവശ്യപ്പെട്ടിരുന്നു.
വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ വ്യാജ കവിത പ്രചരിപ്പിച്ചവരുടെ വിശദമായ മൊഴി എടുക്കും. അന്വേഷണം ആരംഭിച്ചെന്നും നിലവിൽ ആരെയും പ്രതി ചേർത്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.
National
ന്യൂഡൽഹി: ഗായകന് സുബീന്‍ ഗാര്‍ഗിന്റെ മരണവുമായി ബന്ധപ്പെട്ട് സിംഗപ്പൂര്‍ പത്ത് ദിവസത്തിനകം നിർണായക തെളിവുകള്‍ അസം പോലീസിന് കൈമാറും. പ്രത്യേക അന്വേഷണ സംഘം മേധാവിയായ ഡിജിപി മുന്ന പ്രസാദ് ഗുപ്തയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അഞ്ച് ദിവസം മുമ്പ് സിംഗപ്പൂര്‍ സന്ദര്‍ശിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ എഴുപതിലേറെ പേരുടെ മൊഴിയെടുത്തു. അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നത്. സിംഗപ്പൂര്‍ പോലീസ് പൂര്‍ണമായി സഹകരിക്കുന്നുണ്ട്.
സിംഗപ്പൂരിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണർ നിയമസഹായവും മറ്റ് പിന്തുണയും നല്‍കുന്നുണ്ടെന്നും ഡിജിപി പറഞ്ഞു. കഴിഞ്ഞ മാസം 19നാണ് സുബീന്‍ ഗാര്‍ഗ് സിംഗപ്പൂരിൽവച്ച് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.
Kerala
തിരുവനന്തപുരം: പേരാമ്പ്ര സംഘർഷത്തിലെ ഷാഫി പറമ്പിലിന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഷാഫി പറമ്പിലിനെ അടിച്ച സിഐ ഗുണ്ടാ മാഫിയ ബന്ധമുള്ള ആളാണെന്നും ഇയാളെ സർവീസിൽ തുടരാൻ അനുവദിക്കില്ലെന്നും സതീശൻ പറഞ്ഞു. അഴിമതിക്കേസും ഗുണ്ടാ മാഫിയ ബന്ധവും ഈ സിഐക്കെതിരേയുണ്ട്. വഞ്ചിയൂരിലെ പാർട്ടിക്കാരനെ എങ്ങനെ പോലീസിലേക്ക് തിരിച്ചെടുത്തുവെന്നും അദ്ദേഹം ചോദിച്ചു.
2016 മുതൽ 144 പോലീസുകാരെ പിരിച്ചുവിട്ടുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞ കണക്ക്. വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോൾ അങ്ങനെയൊരു കണക്ക് പോലീസ് ആസ്ഥാനത്തില്ല. ആകെ 14 പേരെ ഉള്ളു എന്നാണ് കണക്ക്. സർവീസിൽനിന്ന് പിരിച്ചുവിടപ്പെട്ടുവെന്ന് പറഞ്ഞ ഉദ്യോഗസ്ഥനെ തിരിച്ചെടുത്ത് കോൺഗ്രസുകാർക്കെതിരെ തിരിയിപ്പിക്കുകയാണ്.
ഷാഫിക്കെതിരേ നടന്ന ആക്രമണത്തിലും ഗൂഢാലോചനയുണ്ട്. നിയമസഭയെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രി ഇതിനു കൂടി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശബരിമല സ്വർണക്കൊള്ളക്കേസിലും വി.ഡി. സതീശൻ പ്രതികരിച്ചു. മുരാരി ബാബു ഗൂഢാലോചന നടത്തിയ സംഘത്തിലെ ആളാണ്. അന്നത്തെ ദേവസ്വം മന്ത്രിയെയും പ്രതിച്ചേർക്കണമെന്നും ഗൂഢാലോചനയിൽ എല്ലാവരും പങ്കാളികളാണെന്നും അദ്ദേഹം ആരോപിച്ചു.
Kerala
തിരുവനന്തപുരം: ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകുല്യം നല്‍കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആശ പ്രവര്‍ത്തകര്‍ ഇന്ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് നടത്തി.
രാവിലെ പത്ത് മണിക്ക് പിഎംജി ജംഗ്ഷനില്‍നിന്നു മഹാറാലിയായാണ് മാര്‍ച്ച് തുടങ്ങിയത്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും ആയിരകണക്കിന് ആശപ്രവര്‍ത്തകരും കുടുംബവും സമരത്തില്‍ പങ്കെടുത്തു.
പിഎംജിയില്‍നിന്ന് ആരംഭിച്ച മാര്‍ച്ചിനെ നന്തന്‍കോട് ജംഗ്ഷന് സമീപം പോലീസ് ബാരിക്കേഡ് തീര്‍ത്ത് തടഞ്ഞു. ഇതോടെ ബാരിക്കേഡുകൾക്കു മുകളിൽ കയറി നിന്നുകൊണ്ട് പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ആശ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് നടയില്‍ നടത്തി വരുന്ന സത്യാഗ്രഹ സമരം ഇന്ന് 256-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. തങ്ങളുടെ ആവശ്യത്തില്‍ അനുകുല നിലപാട് സ്വീകരിക്കാന്‍ തയാറാകാത്ത മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും നടപടികളില്‍ പ്രതിഷേധിച്ചാണ് ആശമാരുടെ ക്ലിഫ് ഹൗസ് മാര്‍ച്ച്.
കേന്ദ്രസര്‍ക്കാര്‍ ആശമാരുടെ ഓണറേറിയം വര്‍ധിപ്പിച്ചാല്‍ തങ്ങളും വര്‍ധിപ്പിക്കാമെന്നാണ് മന്ത്രിമാര്‍ വ്യക്തമാക്കിയത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഓണറേറിയം വര്‍ധിപ്പിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ അനുകുല നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് ആശാ സമരസമിതി നേതാക്കള്‍ ആരോപിക്കുന്നു.
പ്രാഥമിക ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ സൗകര്യമില്ലാത്ത സെക്രട്ടറിയേറ്റ് നടയില്‍ കഴിഞ്ഞ 256 ദിവസമായി ആശമാര്‍ നടത്തി വരുന്ന സമരത്തിന് നേരെ മനുഷ്യത്വപരമായ സമീപം സ്വീകരിക്കുക പോലും സര്‍ക്കാര്‍ ചെയ്തിട്ടില്ലെന്നും ഇതിന് ഇന്ന് അറുതി വരുത്തണമെന്നും നേതാക്കള്‍ വ്യക്തമാക്കി. ആശ പ്രവര്‍ത്തകരോട് സര്‍ക്കാര്‍ വിവേചനം കാണിക്കുകയാണ്. കഴിഞ്ഞമാസത്തെ വേതനം ആശമാര്‍ക്ക് ഇന്നലെ വരെ ലഭിച്ചിട്ടില്ലെന്നും ആശ സമരസമിതി നേതാക്കള്‍ ആരോപിച്ചു.
മുടിമുറിക്കല്‍ സമരം ഉള്‍പ്പെടെ നിരവധി സമരമുറകളാണ് ആശ പ്രവര്‍ത്തകര്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് കിട്ടാനായി സെക്രട്ടറിയേറ്റ് നടയില്‍ നടത്തിയത്. പ്രതിപക്ഷ പാര്‍ട്ടികളും നിരവധി സംഘടനകളും ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് നേരത്തെ സമരപന്തലില്‍ എത്തിയിരുന്നു.
Kerala
കോഴിക്കോട്: പേരാമ്പ്രയില്‍ ഷാഫി പറമ്പിൽ എംപിക്ക് മര്‍ദനമേറ്റ കേസിൽ രണ്ട് ഡിവൈഎസ്പിമാർക്ക് സ്ഥലംമാറ്റം. വടകര ഡിവൈഎസ്പി ആര്. ഹരിപ്രസാദിനെ കോഴിക്കോട് മെഡിക്കൽ കോളജ് എസിപിയായി നിയമിച്ചു. പേരാമ്പ്ര ഡിവൈഎസ്പി എന്‍. സുനിൽകുമാറിന് ക്രൈംബ്രാഞ്ച് സിറ്റി എസിപിയായി നിയമനം നല്കി. മാര്‍ച്ച് നിയന്ത്രിക്കാന്‍ ചുമതലപ്പെട്ടിരുന്ന രണ്ടു ഉദ്യോഗസ്ഥരായിരുന്നു ഇരുവരും.
സംസ്ഥാനത്ത് 23 ഡിവൈഎസ്പിമാരെയും രണ്ടു പ്രമോഷൻ ഡിവൈഎസ്പിമാരെയും മാറ്റി നിയമിച്ചതിന്റെ ഭാഗമാണ് ഈ സ്ഥലംമാറ്റങ്ങൾ. കോഴിക്കോട് വിജിലൻസ് ഇൻസ്പെക്ടർ എം.പി.രാജേഷിനെ സ്ഥാനക്കയറ്റം നൽകി പേരാമ്പ്രയിലെ ഡിവൈഎസ്പിയായും കോഴിക്കോട് മെഡിക്കൽ കോളജ് ഡിവിഷൻ എസിപി എ. ഉമേഷിനെ വടകര ഡിവൈഎസ്പിയായും നിയമിച്ചു.
പേരാമ്പ്ര സംഘര്‍ഷത്തില്‍ പോലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എംപി നേരത്തെ പരാതി നൽകിയിരുന്നു. രണ്ടു ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള പോലീസ് മർദിച്ചെന്നും റൂറൽ എസ്പി പരസ്യമായി സമ്മതിച്ച സാഹചര്യത്തിൽ പോലീസുകാർക്കെതിരേ അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്.
സംഭവത്തില്‍ ഉത്തരവാദികളായ പോലീസുകാരെ അഞ്ചു ദിവസത്തിനകം കണ്ടെത്തി നടപടി സ്വീകരിച്ചില്ലെങ്കില്‍ കടുത്ത പ്രക്ഷോഭത്തിലേക്ക് പോകുമെന്ന് കോണ്‍ഗ്രസ് മുന്നറിയിപ്പു നല്‍കിയിരുന്നു.
നേരത്തെ ഷാഫി പറമ്പില്‍ എംപിക്ക് നേരെയുള്ള പോലീസ് അതിക്രമത്തില്‍ വടകര റൂറല്‍ എസ്പി കെ.ഇ. ബൈജു വീഴ്ച സമ്മതിച്ചിരുന്നു.
Kerala
തിരുവനന്തപുരം: ഹോസ്റ്റലിൽ അതിക്രമിച്ച് കയറി ഐടി ജീവനക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ലോറി ഡ്രൈവറായ പ്രതിയെ മധുരയിൽ നിന്നാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് യുവതി കഴക്കൂട്ടത്തെ ഹോസ്റ്റലിൽവച്ച് പീഡനത്തിനിരയായത്. ഹോസ്റ്റലിലെ മുറിയിൽ ഒറ്റക്കാണ് യുവതി താമസിച്ചിരുന്നത്. ഭയന്നുപോയ യുവതി രാവിലെയാണ് ഹോസ്റ്റൽ അധികൃതരെ വിവരമറിയിച്ചത്.
തുടര്‍ന്ന് അവര്‍ പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
National
ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലുണ്ടായ സംഘർഷത്തിൽ 28 പേർ കസ്റ്റഡിയിൽ. എബിവിപി പ്രവർത്തകർ വിദ്യാർഥി യൂണിയൻ ഭാരവാഹികളെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചിനിടെ പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.
എൺപതോളം വരുന്ന വിദ്യാർഥികൾ തങ്ങളെ ആക്രമിച്ചെന്നും ബാരിക്കേഡുകൾ തള്ളിമാറ്റിയെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ആക്രമണത്തിൽ ആറ് പോലീസുകാർക്ക് പരിക്കേറ്റതായും പ്രതിഷേധത്തിന് അനുമതി നൽകിയിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കി.
19 ആൺകുട്ടികളെയും ഒമ്പത് പെൺകുട്ടികളെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ജെഎൻയുവിദ്യാർഥി യൂണിയൻ വൈസ് പ്രസിഡന്റ് മനീഷ, ജനറൽ സെക്രട്ടറി മുൻതിയ ഫാത്തിമ എന്നിവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Kerala
തിരുവനന്തപുരം: പേരാമ്പ്രയിലെ സംഘർഷവുമായി ബന്ധപ്പെട്ടുള്ള അറസ്റ്റിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ.ജനീഷ്. സംഭവ സ്ഥലത്ത് ഇല്ലാതിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്യുകയാണ്.
എല്ലാക്കാലത്തും പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കില്ല. ഇത് പോലീസ് മനസിലാക്കണം. എംപിയെ മർദിക്കുന്ന സാഹചര്യം സംസ്ഥാനത്തുണ്ടായി. പോലീസ് നടത്തുന്നത് പ്രതികാര നടപടിയാണ്. പോലീസ് ദാസ്യപ്പണി അവസാനിപ്പിക്കണമെന്നും ജനീഷ് ആവശ്യപ്പെട്ടു.
സംസ്ഥാന അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘടനയ്ക്കുള്ളിൽ അഭിപ്രായ ഭിന്നതയില്ല. നേതാക്കൾ ഇടപെട്ട് കൂട്ടായ തീരുമാനത്തിലാണ് നിയമനം. അബിൻ പാർട്ടിവിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ല.
അബിൻ പറഞ്ഞത് സംസ്ഥാന ഘടകത്തിൽ പ്രവർത്തിക്കണമെന്നാണ്. അത് വിവാദമാക്കേണ്ട കാര്യമില്ലെന്നും ഒ.ജെ.ജനീഷ് പറഞ്ഞു.
Kerala
കോഴിക്കോട്: പേരാമ്പ്രയിൽ നടന്ന സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിക്ക് മർദനമേറ്റതിൽ വിശദീകരണവുമായി റൂറൽ എസ്പി കെ.ഇ.ബൈജു. എംപിയെ മർദിച്ചത് പോലീസുകാർ തന്നെയാണ്. ചില പോലീസുകാർ മനഃപൂർവം പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചെന്നും എസ്പി പറഞ്ഞു.
എംപിയെ പിന്നിൽ നിന്ന് ലാത്തി കൊണ്ട് ആരോ അടിക്കുകയായിരുന്നു. അത് ആരാണെന്ന് കണ്ടെത്താൻ അന്വേഷണം നടക്കുകയാണ്. വടകരയിൽ നടന്ന ഒരു ചാരിറ്റബിൾ ട്രസ്റ്റിന്റെ പരിപാടിയിലാണ് റൂറൽ എസ്പി ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ ദിവസം പേരാമ്പ്രയിൽ നടന്ന സംഘർഷത്തിൽ ലാത്തി ചാർജ് നടത്തിയിട്ടില്ലെന്ന നിലപാടിലായിരുന്നു പോലീസ്. എന്നാൽ എംപിക്ക് മർദനമേൽക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഈ അടിയിലാണ് ഷാഫി പറമ്പിലിന്റെ മൂക്കിന് ഗുരുതരമായി പരിക്കേറ്റത്.
നേരത്തെ സിപിഎം നേതാക്കളും റൂറല്‍ എസ്പിയടക്കമുള്ള പോലീസുദ്യോഗസ്ഥരും ഷാഫി പറമ്പിലിന് പരിക്കേറ്റത് ഷോ ആണെന്നും പോലീസ് അതിക്രമം ഉണ്ടായിട്ടില്ലെന്നും വാദിച്ചിരുന്നു. സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഡിജിപിക്ക് പരാതി നൽകി.
നടപടിയുണ്ടായില്ലെങ്കില്‍ റൂറല്‍ എസ്പിയുടെ ഔദ്യോഗിക വസതിയടക്കം ഉപരോധിച്ചുകൊണ്ട് പ്രതിഷേധം കടുപ്പിക്കുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. സംഭവത്തിൽ പാർലമെന്റ് പ്രിവിലേജ് കമ്മിറ്റിക്ക് ഷാഫി പറമ്പിൽ ഉടൻ പരാതി നൽകും.
Kerala
കോഴിക്കോട്: പേരാമ്പ്രയിലെ സംഘര്‍ഷത്തിനിടെ ഷാഫി പറമ്പിൽ എംപിക്ക് പോലീസ് മർദനമേറ്റ സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. കോൺഗ്രസ് കോഴിക്കോട് ജില്ലാ നേതൃത്വമാണ് പരാതി നൽകിയത്.
വടകര ഡിവൈഎസ്പി ഹരിപ്രസാദ്, പേരാമ്പ്ര ഡിവൈഎസ്പി സുനിൽകുമാർ, ഷാഫിയെ ലാത്തി കൊണ്ടടിച്ച സിവിൽ പോലീസ് ഓഫീസർ എന്നിവർക്കെതിരെ നടപടി വേണമെന്നാണ് പരാതിയിലെ ആവശ്യം. നടപടിയില്ലെങ്കിൽ കോഴിക്കോട് റൂറൽ എസ്പിയുടെ ഔദ്യോഗിക വസതി ഉപരോധിക്കുമെന്നും കോൺഗ്രസ് മുന്നറിയിപ്പ് നൽകുന്നു.
അതേസമയം, സംഭവത്തിൽ പാർലമെന്റ് പ്രിവിലേജ് കമ്മിറ്റിക്ക് ഷാഫി പറമ്പിൽ ഉടൻ പരാതി നൽകും.
Kerala
തിരുവനന്തപുരം: ഷാഫി പറമ്പിൽ എംപിക്കു നേരെയുണ്ടായ പോലീസ് നടപടിയെ ന്യായീകരിച്ച് മന്ത്രി വി. ശിവന്‍കുട്ടി. സമരങ്ങൾക്കിടയിൽ പരിക്കുകളേല്ക്കും, അത് പുതിയ സംഭവമല്ലെന്നും ലോകത്ത് ആദ്യമായി നടക്കുന്ന കാര്യവുമല്ലെന്നും ശിവൻകുട്ടി പ്രതികരിച്ചു.
സമരം ചെയ്യുന്നവർ ഒരു കാര്യം കൂടി ചെയ്യട്ടെ. ഒരു കൂട്ട പൂവ് പോലീസുകാർക്ക് നൽകട്ടെ. കോൺഗ്രസ് സമരം ചെയ്യുമ്പോൾ പൂവിട്ട് പൂജിച്ചു കൊള്ളണം എന്ന് പറയുന്നത് ശരിയല്ല. പ്രതിപക്ഷ നേതാവിന്റെ വെല്ലുവിളി കേരളത്തിൽ വിലപ്പോവില്ല. വെല്ലുവിളിയെ പുച്ഛത്തോടെ കാണുകയാണ്. നിയമവിരുദ്ധമായി പ്രവർത്തിച്ചാൽ പോലീസ് കൈകാര്യം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
National
ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുമായി വീഡിയോ കോളിൽ സംസാരിച്ച് വിജയ്. ചെന്നൈയിലെ വീട്ടിൽ നിന്നാണ് ഇരുപതോളം കുടുംബങ്ങളുമായി വിജയ് സംസാരിച്ചത്. 15 മിനിറ്റിലധികം ഓരോരുത്തരോടും സംസാരിച്ച വിജയ്, കുടുംബത്തിനൊപ്പം എന്നും ഉണ്ടാകുമെന്നും ഉടൻ നേരിൽ കാണുമെന്നും ഉറപ്പ് നൽകി.
നടക്കാൻ പാടില്ലാത്തത് സംഭവിച്ചെന്നും കുടുംബത്തിന്റെ നഷ്ടം പരിഹരിക്കാനാകില്ലെന്നും വിജയ് പറഞ്ഞു. വിജയ് ഫോണിൽ വിളിക്കുമെന്ന് ടിവികെ പ്രവർത്തകർ കുടുംബാംഗങ്ങളെ നേരത്തെ അറിയിച്ചിരുന്നു.
National
ചെന്നൈ: തമിഴ്നാട്ടിലെ കരൂരിൽ നടനും രാഷ്ട്രീയനേതാവുമായ വിജയ്യുടെ നേതൃത്വത്തിൽ നടന്ന റാലിയിലുണ്ടായ തിക്കിലും തിരക്കിലും പരിക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന 104 പേര് ആശുപത്രി വിട്ടു. ആറ് പേര് ഇപ്പോഴും ചികിത്സയില്‍ തുടരുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
അതേസമയം, ദുരന്തത്തിൽ 41 പേർ മരിച്ചിരുന്നു. അഞ്ചു വീതം ആൺകുട്ടികളും പെൺകുട്ടികളും 18 സ്ത്രീകളും 13 പുരുഷന്മാരുമാണ് ദുരന്തത്തിൽ മരിച്ചത്. ഇവരിൽ ഭൂരിഭാഗം പേരും കരൂര്‍ സ്വദേശികളാണ്.
സംഭവത്തിൽ അനാസ്ഥ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കരൂർ പോലീസ് ടിവികെ ഭാരവാഹികളെ അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം, കരൂര്‍ ദുരന്തത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവും എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയുമായ എടപ്പാടി കെ. പളനിസ്വാമി രംഗത്തെത്തി. ആള്‍ക്കൂട്ട ദുരന്തത്തില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതില്‍ നിന്ന് ഡിഎംകെ പരാജയപ്പെട്ടെന്ന് എടപ്പാടി കെ പളനിസ്വാമി കുറ്റപ്പെടുത്തി. ഇത്രയും വലിയ പരാജയം സര്‍ക്കാര്‍ മറച്ച് വെക്കാന്‍ ശ്രമിക്കുന്നുവെന്നും കുറ്റം മറ്റുള്ളവരിലേക്ക് കെട്ടിവെക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
National
ചെന്നൈ: കരൂർ ദുരന്തത്തിൽ പ്രതികരിച്ച് നടനും ടിവികെ അധ്യക്ഷനുമായ വിജയ്. ജീവിതത്തിൽ ഇത്രയും സങ്കടപ്പെട്ട സാഹചര്യം ഉണ്ടായിട്ടില്ലെന്ന് താരം വികാരാധീനനായി പറഞ്ഞു. ആളുകൾ റാലിക്ക് എത്തിയത് തന്നോടുള്ള സ്നേഹം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
താൻ പ്രസംഗിച്ചത് അനുവദിച്ച സ്ഥലത്തുനിന്നുതന്നെയാണ്. നടക്കാൻ പാടില്ലാത്തത് നടന്നു. ഉടൻ എല്ലാവരെയും കാണും. സത്യം ഉടൻ പുറത്തുവരും. പിന്തുണച്ച എല്ലാവർക്കും നന്ദിയെന്നും താരം വീഡിയോ സന്ദേശത്തിൽ കൂട്ടിച്ചേർത്തു.
അതേസമയം, ദുരന്തത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണവും വിജയം ഉയർത്തുന്നുണ്ട്. അഞ്ച് ജില്ലകളിലും പ്രശ്നമുണ്ടായില്ല, കരൂരിൽ മാത്രം എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും താരം ചോദ്യമുന്നയിച്ചു.
National
ചെന്നൈ: കരൂർ ദുരന്തത്തിൽ വിജയ്യുടെ ടിവികെ നേതാക്കളായ മതിയഴകൻ, പൌൻ രാജ് എന്നിവർ റിമാൻഡിൽ. ഒക്ടോബർ 14 വരെയാണ് കരൂർ ജുഡീഷൽ മജിസ്ട്രേറ്റ് കോടതി ഇവരെ റിമാൻഡ് ചെയ്തത്.
ദുരന്തത്തെ തുടർന്ന് തമിഴക വെട്രി കഴകം കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറിയായ മതിയഴകനും കരൂർ സെൻട്രൽ സിറ്റി സെക്രട്ടറിയായ പൌൻരാജും അറസ്റ്റിലായിരുന്നു. പരിപാടിക്ക് അനുമതി തേടി കത്ത് നൽകിയ മതിയഴകനെ നേരത്തെ കേസിൽ പ്രതി ചേർത്തിരുന്നു. ടിവികെ യോഗത്തിനുള്ള ഫ്ലക്സും കൊടിതോരണങ്ങളും ക്രമീകരിച്ച പൌൻരാജാണ് ഒളിവിൽ പോകാൻ മതിയഴകനെ സഹായിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, കേസിൽ ടിവികെ നേതാക്കളായ ബുസി ആനന്ദും നിർമൽ കുമാറും മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിട്ടുണ്ട്. അപകടത്തിന് ഉത്തരവാദി അല്ലെന്ന് ആനന്ദ് അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു.
പോലീസ് സുരക്ഷ നൽകിയില്ലെന്നും ഇവർ ആരോപിക്കുന്നു. പ്രസംഗം തുടങ്ങി അഞ്ച് മിനിറ്റിനുള്ളിൽ വൈദ്യുതി നിലച്ചു. ആൾക്കൂട്ടത്തിലേക്ക് ചെരിപ്പുകൾ എറിഞ്ഞു. ആംബുലൻസ് വന്നതും പരിഭ്രാന്തിക്കിടയാക്കി എന്നും ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ പറയുന്നു.