പയ്യന്നൂര്‍: ചീമേനി ഏറ്റുകുടുക്കയിലെ ബൂത്ത് ലെവല്‍ ഓഫീസര്‍ തറയില്‍ അനീഷ് ജോര്‍ജിന്റെ (45)ആത്മഹത്യയുമായി ബന്ധപ്പെട്ട് അനീഷിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം.
ഭീഷണികളെ തുടര്‍ന്നാണ് അനീഷ് ആത്മഹത്യ ചെയ്തതെന്നആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിക്കുന്നതെന്ന് പയ്യന്നൂര്‍ ഡിവൈഎസ്പി കെ. വിനോദ് കുമാര്‍ പറഞ്ഞു.
സിപിഎമ്മിന്റെ ഭീഷണിയാണ് അനീഷിന്റെ ആത്മഹത്യയ്ക്കു കാരണമെന്നും അനീഷിന്റെ ഫോണ്‍ പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാകുമെന്നും ബിജെപി ജില്ലാ ഘടകം ഇന്നലെ ആവശ്യപ്പെട്ടിരുന്നു. അനീഷിന് ഭീഷണിയുണ്ടായിരുന്നതായി വോയ്സ് ക്ലിപ്പുകളെ ഉദ്ധരിച്ച് ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജും വാര്‍ത്താ സമ്മേളനത്തിലൂടെ വെളിപ്പെടുത്തിയിരുന്നു.
സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വത്തിലുള്ള ചിലരാണ് ഭീഷണിപ്പെടുത്തിയതെന്ന് മാര്ട്ടിന് ജോര്‍ജ് ആരോപിച്ചിരുന്നു. അനീഷിന് ഭീഷണിയുള്ളതായി ഏറ്റുകുടുക്ക പ്രദേശത്തുനിന്നും ചര്‍ച്ചകളുയര്‍ന്നിരുന്നു. ഇത്തരം ആരോപണങ്ങളുടെ നിജസ്ഥിതി അറിയുന്നതിനായാണ് പോലീസ് അനീഷിന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തത്.
ആരൊക്കെയാണു ഭീഷണിപ്പെടുത്തിയതെന്ന വിവരങ്ങള്‍ പരിശോധനയില്‍ കണ്ടെത്തുന്നത് അന്വേഷണത്തില്‍ നിര്‍ണായകമാവും. അതോടൊപ്പം ബിഎല്‍ഒയുടെ ചുമതലയും ജോലിഭാരവും കനത്ത മാനസിക സംഘര്ഷമുണ്ടാക്കിയതായുള്ള ആരോപണങ്ങളും ശക്തമായിരുന്നു. ഇക്കാര്യം നിഷേധിച്ചുകൊണ്ട് ജില്ലാ വരണാധികാരിയുടെ പ്രസ്താവനയുമുണ്ടായിരുന്നു.
Tags : BLO Death investigation Police