പാലക്കാട്: ചിറ്റൂരിൽ നാലു വയസുകാരനെ കാണാതായ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ഇരവങ്കാട് സ്വദേശി മുഹമ്മദ് അനസിന്റെയും സൗഹിദയുടെയും മകനായ സുഹാനെയാണ് ശനിയാഴ്ച രാവിലെ മുതൽ കാണാതായത്.
അന്വേഷണത്തിന്റെ ഭാഗമായി സ്ഥലത്തെത്തിയ പോലീസ് നായ മണം പിടിച്ച് വീടിന് സമീപത്തെ ഒരു കുളത്തിന് അരികിൽ എത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കുളത്തിലും സമീപപ്രദേശങ്ങളിലും ഫയർഫോഴ്സ് തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
രാത്രി വൈകിയതിനാൽ ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചെന്നും ഞായറാഴ്ച പുലർച്ചെ തെരച്ചിൽ ആരംഭിക്കുമെന്നും ഫയർഫോഴ്സ് അറിയിച്ചു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി സഹോദരനുമായി വഴക്കുണ്ടാക്കി ഇറങ്ങിപ്പോയതാണെന്ന് പോലീസിനു വിവരം ലഭിച്ചു.
കുട്ടിയെ ഉച്ചയ്ക്ക് 12ന് വീടിനടുത്തുള്ള ഇടവഴിയിൽ വച്ച് ഒരാൾ കണ്ടിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. സമീപത്തെ രണ്ട് വീടുകൾ അല്ലാതെ സുഹാന് മറ്റ് വീടുകൾ പരിചയമില്ല.
അധികം ദൂരത്തേക്ക് പോകാൻ സാധ്യതയില്ലെന്നും വീടിന്റെ പരിസരത്തുതന്നെ കുട്ടി ഉണ്ടാകുമെന്നുമാണ് പോലീസിന്റെ നിഗമനം. വീടും സമീപപ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് പോലീസ് പരിശോധന നടത്തുന്നത്.
Tags : child missing chittur police fire force