കോട്ടയം: ആഭിചാരത്തിന്റെ പേരിൽ യുവതിയെ ക്രൂര പീഡനത്തിനിരയാക്കിയ സംഭവത്തിൽ ഭർത്താവ് ഉൾപ്പടെ മൂന്നുപേർ പിടിയിൽ. കഴിഞ്ഞ രണ്ടിന് നടന്ന സംഭവത്തിൽ യുവതിയുടെ ഭർത്താവും മണർകാട് സ്വദേശിയുമായ അഖിൽദാസ്, പിതാവ് ദാസ്, പത്തനംതിട്ട സ്വദേശി ശിവദാസ് എന്നിവരെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്.
ദുരാത്മാക്കൾ യുവതിയുടെ ദേഹത്ത് കയറിയെന്ന് ആരോപിച്ചായിരുന്നു ആഭിചാരക്രിയ. അഖിൽദാസിന്റെയും യുവതിയുടെയും പ്രണയ വിവാഹമായിരുന്നു. ഇരുവരും വീട്ടിൽ കഴിയവെ അഖിലിന്റെ അമ്മയാണ് യുവതിയുടെ ശരീരത്തിൽ മരിച്ചുപോയ ബന്ധുക്കളുടെ ദുരാത്മാക്കൾ കയറിയിട്ടുണ്ടെന്ന് പറഞ്ഞത്.
പിന്നാലെ യുവാവിന്റെ അമ്മ തന്നെയാണ് ആഭിചാരക്രിയക്കായി ആളെ വിളിച്ചുവരുത്തിയത്. രണ്ടാം തീയതി രാവിലെ 11 മുതൽ രാത്രി ഒമ്പത് വരെയായിരുന്നു പീഡനം. യുവതിക്ക് മദ്യം നൽകുകയും വായിൽ ഭസ്മം കുത്തിനിറയ്ക്കുകയും ദേഹം പൊള്ളിക്കുകയും ചെയ്തു.
പിന്നാലെ യുവതിയുടെ മനോനിലയിൽ വന്ന പ്രശ്നങ്ങൾ ശ്രദ്ധിച്ച പിതാവാണ് പോലീസിൽ പരാതി നൽകിയത്.അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു.
Tags : witchcraft case arrest police kottayam manarcad