Kerala
കൊച്ചി: കേരള സ്റ്റേറ്റ് ബെവറേജസ് കോര്‍പ്പറേഷനും (ബെവ്കോ) മലബാര്‍ ഡിസ്റ്റിലറീസും ചേര്‍ന്ന് പുതിയ പ്രീമിയം ബ്രാണ്ടിക്ക് പേരും ലോഗോയും നിര്‍ദ്ദേശിക്കാന്‍ പൊതുജനങ്ങള്‍ക്കായി നടത്തിയ മത്സരത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള പൊതുതാത്പര്യ ഹര്‍ജിയില്‍ കേരള ഹൈക്കോടതി സര്‍ക്കാരിനും ബെവ്കോയ്ക്കും നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് സൗമന്‍ സെന്‍, ജസ്റ്റിസ് ശ്യാം കുമാര്‍ വി.എം എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
വിഷയത്തില്‍ വിശദമായ മറുപടി സത്യവാംഗ്മൂലം സമര്‍പ്പിക്കാന്‍ കോടതി എതിര്‍കക്ഷികളോട് നിര്‍ദ്ദേശിച്ചു. മദ്യത്തിന്റെ നേരിട്ടുള്ളതോ അല്ലാതെയുള്ളതോ ആയ പരസ്യങ്ങള്‍ നല്‍കുന്നത് കേരള അബ്കാരി നിയമപ്രകാരവും ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരവും നിരോധിച്ചിട്ടുള്ളതാണ്. ബെവ്കോയുടെ ഈ മത്സരം ഒരുതരം പരോക്ഷ പരസ്യമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതും സാമാന്യവല്‍ക്കരിക്കുന്നതുമായ ഇത്തരം നടപടികള്‍ ഭരണഘടനയുടെ 47-ാം അനുച്ഛേദത്തിന് വിരുദ്ധമാണെന്നും ഹര്ജിക്കാരന് വാദിക്കുന്നു.പുതിയ മദ്യത്തിന് പേരും ലോഗോയും നിര്‍ദ്ദേശിക്കുന്നവര്‍ക്ക് 10,000 രൂപയാണ് സമ്മാനമായി പ്രഖ്യാപിച്ചിരുന്നത്. പത്രങ്ങളിലും സോഷ്യല്‍ മീഡിയയിലും ഇതിന് വലിയ പ്രചാരണം നല്‍കിയിരുന്നു.
മത്സരം അടിയന്തരമായി റദ്ദാക്കണമെന്നും മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് അധികൃതരെ വിലക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. കേസിലെ തുടര്‍ നടപടികള്‍ വരും ദിവസങ്ങളില്‍ കോടതി പരിഗണിക്കും.
Kerala
കൊച്ചി: മദ്യത്തിനു പേരും ലോഗോയും ക്ഷണിച്ചുള്ള ബെവ്കോയുടെ പത്രക്കുറിപ്പിനെതിരെ ഫയല്‍ ചെയ്ത ഹജിയില്‍ സര്‍ക്കാരിന് നോട്ടീസ് അയച്ചു ഹൈക്കോടതി. സര്‍ക്കാര്‍ സ്ഥാപനമായ മലബാര്‍ ഡിസ്റ്റലറീസ് ലിമിറ്റഡ് പുതുതായി പുറത്തിറക്കുന്ന മദ്യത്തിനു മികച്ച പേരും ലോഗോയും നിര്‍ദ്ദേശിക്കുന്നവര്‍ക്ക് 10,000 രൂപ പ്രതിഫലം നല്‍കുന്നതായി കാണിച്ച് പത്രക്കുറിപ്പ് പുറത്തിറക്കിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
കേരള അബ്കാരി ആക്ട് 55 എച്ച് ഇന്ത്യന്‍ ഭരണഘടന അനുച്ഛേദം 47 ന്റെയും നഗ്നമായ ലംഘനമാണ് ഇതിലൂടെ നടന്നതെന്നും മദ്യത്തിന്റെയും ഇതര ലഹരികളുടെയും പ്രോത്സാഹനം തടയേണ്ട സര്‍ക്കാര്‍ തന്നെ ഇതിന് കൂട്ടുനില്‍ക്കുകയാണെന്നും പ്രോത്സാഹനം നല്‍കുകയാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നു.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കമ്പനി ഇത്തരത്തില്‍ പൊതുജനങ്ങളോട് മദ്യത്തിനു പേരും ലോഗോയും നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ടതിലൂടെ മദ്യത്തിന്റെ ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കുന്ന നിലയാണ് സർക്കാർ സ്വീകരിച്ചതെന്നും ഇത് സംബന്ധിച്ച വിവിധ ചട്ടങ്ങളുടെയും നിയമങ്ങളുടെയും ലംഘനം നടന്നതായും ഹര്ജിക്കാരന് പറയുന്നു.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി വിശദീകരണം ബോധിപ്പിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കോട്ടയം ഡിസിസി വൈസ്പ്രസിഡന്റ് ചിന്തു കുര്യന് ജോയ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടലുണ്ടായത്. ഹര്‍ജിക്കാരനുവേണ്ടി അഭിഭാഷകരായ കെ.എസ്. മുരളീകൃഷ്ണന്, അന്‍സാര്‍ ബഷീര്‍, സൈലജ് രാമചന്ദ്രന്, ആര്. ജയചന്ദ്രന് എന്നിവര്‍ ഹാജരായി.
Movies
ബെവറേജ് കോർപറേഷൻ പുതിയതായി നിർമിക്കാൻ ഉദ്ദേശിക്കുന്ന ബ്രാൻഡിക്ക് പേര് നിർദേശിച്ച് നടി മീനാക്ഷി അനൂപ്.
പാലക്കാട്ടെ മലബാർ ഡിസ്റ്റിലറീസിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന ബ്രാൻഡിക്കു പേരും ലോഗോയും കണ്ടുപിടിക്കാൻ സമൂഹമാധ്യമങ്ങൾ വഴി ആളുകളോടെ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് വ്യത്യസ്തമായ പേരുകളുമായി മീനാക്ഷി എത്തിയത്.
ഒരു ആരാധകന്റെ അപേക്ഷയ്ക്കു മറുപടിയായാണ് മീനാക്ഷിയുടെ പേരിടൽ. മീനൂട്ടി പുതിയ ബവ്കോ മദ്യത്തിന് പേരു പറഞ്ഞുകൊടുക്കാമോ? എന്നായിരുന്നു ആരാധകന്റെ ചോദ്യം.
കിസാൻ ... ബാർ ഫയർ...മജീഷ്യൻ ... മാഗ്നിഫയർ .. അല്ലെങ്കി വേണ്ട മൽപ്പാൻ.. ( സേവിച്ചാ വല്യ മല്ലാ പിന്നെ)... അതു മതി, കിടുക്കും.... (ബവ്കോ ഇതു കണ്ട് പേരിഷ്ടായി വല്ലോം തന്നാ ചേട്ടന് ഒരു കുപ്പിക്കൊള്ളതയയ്ക്കുന്നതായിരിക്കും)എന്നാണ് മീനാക്ഷിയുടെ മറുപടി.
പേരു തെരഞ്ഞെടുക്കപ്പെട്ടാൽ 10,000 രൂപയാണ് ബവ്കോയുടെ സമ്മാനം. പുതിയ ബ്രാൻഡിന്റെ ഉദ്ഘാടനവേളയിൽ സമ്മാനം നൽകും.
[email protected] എന്ന മെയിൽ ഐഡിയിലേക്കു ജനുവരി ഏഴിനു മുൻപ് അയയ്ക്കണം. തിരുവല്ലയിലെ പ്ലാന്റിൽ ഉൽപാദിപ്പിക്കുന്ന ജവാൻ റം ആണു നിലവിൽ ബവ്കോ സ്വന്തം നിലയ്ക്കു വിപണിയിലിറക്കുന്ന മദ്യം. ബ്രാൻഡി നിർമാണം ആദ്യമാണ്. ഫെബ്രുവരിയോടെ പ്ലാന്റ് പൂർത്തിയാകും. മാർച്ചിൽ ഉദ്ഘാടനം ചെയ്യാനായേക്കും.
Kerala
കൊച്ചി: ബെവ്കോ പുതുതായി നിര്‍മിക്കുന്ന മദ്യത്തിനു പേരും ലോഗോയും നിര്‍ദേശിക്കാന്‍ മത്സരം പ്രഖ്യാപിച്ചതിൽ സർക്കാരിനു പങ്കില്ലെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ്.
മന്ത്രിതലത്തിലുള്ള നിലപാടിന്റെ അടിസ്ഥാനത്തിലല്ല മത്സരമെന്നും കോര്പറേഷന് എന്ന നിലയിൽ ബെവ്കോയാണ് അതിൽ തീരുമാനമെടുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിളയുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. വിഷയം പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
എക്സൈസ് വകുപ്പിനു കീഴില്‍ വരുന്ന ബിവറേജസ് കോര്‍പറേഷന്റെ തീരുമാനങ്ങളിൽ മന്ത്രി അടിയന്തര നിലപാട് സ്വീകരിക്കണമെന്നും പ്രസാദ് കുരുവിള ആവശ്യപ്പെട്ടു. സരോഗേറ്റ് അഡ്വര്ടൈസ്മെന്റാണു ബെവ്കോ നടത്തിയിട്ടുള്ളതെന്നും ചട്ടവിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Kerala
മലപ്പുറം: ബെവ്കോ ഷോപ്പിൽ നിന്ന് വില കൂടിയ മദ്യക്കുപ്പികള്‍ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. നമ്പൂരിപ്പൊട്ടി സ്വദേശി വലിയാട്ട് മുഹമ്മദ് ഷെഹിൻ(20) ആണ് അറസ്റ്റിലായത്.
നിലമ്പൂർ ബെവ്കോയിൽ നിന്നാണ് ഇയാൾ മദ്യം മോഷ്ടിച്ചത്. കഴിഞ്ഞ മാസം 30നാണ് സംഭവം. വില കൂടിയ മദ്യക്കുപ്പികള്‍ വില്‍ക്കുന്ന ബെവ്കോയുടെ പ്രീമിയം കൗണ്ടറിലാണ് മോഷണം നടന്നത്.
പ്രതിയും സുഹൃത്തും ഷോപ്പില്‍ പ്രവേശിച്ച് ഒരാള്‍ ജീവനക്കാരന്റെ ശ്രദ്ധ തിരിക്കുകയും രണ്ടാമത്തെയാള്‍ മദ്യക്കുപ്പികള്‍ പ്രത്യേക അറകളുള്ള പാന്റില്‍ ഒളിപ്പിച്ച് കടത്തുകയുമായിരുന്നു.
സ്റ്റോക്ക് പരിശോധനയില്‍ ആകെ 11,630 രൂപ വിലവരുന്ന മൂന്ന് മദ്യകുപ്പികള്‍ മോഷണം പോയത് പിന്നീടാണ് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് സിസിടിവി പരിശോധിച്ച ശേഷം നിലമ്പൂര്‍ പോലീസില്‍ പരാതി നല്കി.
കേസ് അന്വേഷിച്ച പൊലീസ് ഷെഹിനെ കസ്റ്റഡിയില്‍ എടുത്തു. കൂട്ടുകാരുമൊത്ത് മദ്യപിക്കാനാണ് മോഷണം നടത്തിയതെന്നാണ് പ്രതിയുടെ മൊഴി. നമ്പൂരിപ്പൊട്ടി കാഞ്ഞിരപുഴയോരത്ത് ഉപേക്ഷിച്ച മദ്യക്കുപ്പികൾ പോലീസ് കണ്ടെടുത്തു.
ഒട്ടുപാല് മോഷ്ടിച്ചതിന് പ്രതിക്കെതിരെ പോത്തുകല്ല് പോലീസ് സ്റ്റേഷനില്‍ നേരത്തേ കേസുണ്ട്. നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Kerala
കോഴിക്കോട്: നാട്ടിലാകെ മദ്യശാലകള്‍ തുറന്ന് ജനങ്ങളെ കുടിപ്പിച്ചു കിടത്തുന്ന ബിവറേജസ് കോര്പറേഷന് (ബെവ്കോ) റോഡ് സുരക്ഷയ്ക്കായി പോലീസിനു സംഭാവന നല്‍കുന്നത് 10 ലക്ഷം രൂപ. സുരക്ഷാ ബോര്‍ഡുകള്‍ സ്ഥാപിക്കാനുള്ള പോലീസിന്റെ പദ്ധതി നടപ്പാക്കാനാണ് 10 ലക്ഷം നല്‍കുന്നത്.
പോലീസ് മേധാവിയുടെ അഭ്യര്‍ഥന മാനിച്ച് കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി (സിഎസ്ആര്‍) ഫണ്ടില്‍ നിന്നാണു തുക അനുവദിക്കുക. സംസ്ഥാനത്തെ ഇരട്ടവരി പാതകളിലടക്കം അച്ചടക്കം പ്രോത്സാഹിപ്പിക്കുന്നതിനായി അടയാള ബോര്‍ഡുകളും വിവരദായക ബോര്‍ഡുകളുമാണ് പോലീസ് സ്ഥാപിക്കാനുദേശിക്കുന്നത്.
ദേശീയപാതകള്‍, സംസ്ഥാനപാതകള്‍, പ്രധാന ജില്ലാ റോഡുകള്‍ എന്നിവിടങ്ങളിലായി 552 ബോര്‍ഡുകള്‍ സ്ഥാപിക്കാനാണ് സംസ്ഥാന പോലീസ് മേധാവി തയാറാക്കിയ പദ്ധതി.
ഒരു ബോര്‍ഡിന് 15,965 നിരക്കില്‍ മൊത്തം 88.13 ലക്ഷമാണ് പദ്ധതിയുടെ മതിപ്പ് ചെലവ്. ആഭ്യന്തര വകുപ്പിന്റെ അനുമതിയോടെ ബിവറേജസ് കോര്‍പറേഷനുമായി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ട്രാഫിക് ആന്‍ഡ് റോഡ് സുരക്ഷാ മാനേജ്മെന്റ്) നടത്തിയ ചര്‍ച്ചയിലാണ് സിഎസ്ആര്‍ ഫണ്ട് അനുവദിക്കാന്‍ തീരുമാനമായത്.
കെല്‍ട്രോണ്‍ സമര്‍പ്പിച്ച എസ്റ്റിമേറ്റ് പ്രകാരം 9,89,855 രൂപ ചെലവില്‍ 62 ബോര്‍ഡുകള്‍ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ സ്ഥാപിക്കാന്‍ ബെവ്കോ ഫണ്ട് സഹായകരമാകും.
Kerala
തിരുവനന്തപുരം: കല്ലമ്പലം മണമ്പൂർ വലിയവിളയിൽ ജനവാസ മേഖലയിൽ ബിവറേജസ് ഔട്ട്ലെറ്റ് സ്ഥാപിക്കില്ലെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ. മനുഷ്യാവകാശ കമ്മീഷനിൽ വലിയവിള സ്വദേശി നൽകിയ പരാതിയെ തുടർന്നാണ് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ നിലപാട് വ്യക്തമാക്കിയത്.
ഭാവിയിൽ അപേക്ഷ പരിഗണിക്കുകയാണെങ്കിൽ പരാതിക്കാർക്ക് മുൻകൂട്ടി നോട്ടീസ് നൽകി അവരുടെ ആവശ്യങ്ങൾ പരിഗണിച്ച ശേഷം തീരുമാനമെടുക്കണമെന്ന് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് തിരുവനന്തപുരം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി.
കല്ലമ്പലം വിദേശമദ്യഷാപ്പ് വലിയവിളയിൽ മാറ്റി സ്ഥാപിക്കാനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
Kerala
കൊച്ചി: ഉയര്‍ന്ന പിഎഫ് പെന്ഷന് ലഭിക്കാനായി അടച്ച വിഹിതത്തിന്റെ വിശദാംശങ്ങള്‍ ഇപിഎഫ്ഒയ്ക്കു കൈമാറാന്‍ കേരള ബിവറേജസ് കോര്‍പറേഷനു ഹൈക്കോടതി നിര്‍ദേശം.
രണ്ടു മാസത്തിനുള്ളില്‍ വിവരം കൈമാറണം. തുടര്‍ന്ന് രണ്ട് മാസത്തിനുള്ളില്‍ ഹര്‍ജിക്കാര്‍ക്ക് അര്‍ഹമായ ഉയര്‍ന്ന പെന്ഷന് ഇപിഎഫ്ഒ പുനര്‍നിര്‍ണയിക്കണമെന്നും ജസ്റ്റീസ് പി. ഗോപിനാഥ് ഉത്തരവിട്ടു.
ബിവറേജസ് കോര്‍പറേഷനില്‍നിന്ന് വിരമിച്ച 35 ജീവനക്കാരാണ് ഉയര്‍ന്ന പെന്ഷന് നിഷേധിച്ചതിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്.
District News
കൽപ്പറ്റ: ബെവ്കോ എംപ്ലോയീസ് അസോസിയേഷൻ (ഐഎൻടിയുസി)ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബെവ്കോ ഗോഡൗണിന് മുന്പിൽ ധർണ നടത്തി. അഡീഷണൽ അലവൻസ് പുനഃസ്ഥാപിക്കുക, ഡിഎ കുടിശിക അനുവദിക്കുക, ഗാലനേജ് ഫീ ഈടാക്കാനുള്ള തീരുമാനം പിൻവലിക്കുക, ജീവനക്കാരെ അന്യായമായി സ്ഥലംമാറ്റുന്നത് അവസാനിപ്പിക്കുക, ഷിഫ്റ്റ് സന്പ്രദായം പിൻവലിക്കുക, ഒഴിഞ്ഞ മദ്യക്കുപ്പികൾ തിരികെ വാങ്ങുന്നതിന് മറ്റു ഏജൻസികളെ ചുമതലപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു.
ബെവ്കോ എംപ്ലോയീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ആന്റണി ഈനാശു അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ കെ. പ്രഹ്ലാദൻ മുഖ്യപ്രഭാഷണം നടത്തി. ഐഎൻടിയുസി മേഖല പ്രസിഡന്റ് കെ.കെ. രാജേന്ദ്രൻ, അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. സുനിൽ, എം. ടീന ജോണ്‍, ജില്ലാ സെക്രട്ടറി വി.ജി. അനീഷ്,വൈസ് പ്രസിഡന്റ് ജിജോ ജോസഫ് എന്നിവർ പ്രസംഗിച്ചു.
Kerala
പത്തനംതിട്ട: കൊടുമൺ ബെവ്കോ ഔട്ട്ലറ്റിലെ വിജിലൻസ് പരിശോധനയിൽ വ്യാപക ക്രമക്കേട്. മാനേജരുടെ മേശയ്ക്ക് അടിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തി.
കുറഞ്ഞ മദ്യം കൂടിയ വിലയ്ക്ക് വിറ്റു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ബെവ്കോ ഔട്ട്ലറ്റിൽ വിജിലൻസ് പരിശോധന നടത്തിയത്. തട്ടിപ്പ് മറയ്ക്കാൻ ബില്ലുകൾ പൂഴ്ത്തിയെന്നാണ് വിജിലൻസിന്റെ കണ്ടെത്തല്‍.
ഉപഭോക്താക്കൾക്ക് കൊടുക്കാതെ പൂഴ്ത്തിയ ബില്ലുകൾ വിജിലൻസ് കണ്ടെത്തി. ഔട്ട്ലറ്റിലെ സ്റ്റോക്ക് പരിശോധന അടക്കം വിശദമായ പരിശോധന നടത്തുമെന്ന് വിജിലൻസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: എക്സൈസ് കമ്മീഷണര്‍ എം.ആര്. അജിത് കുമാറിനെ ബവ്കോ ചെയര്‍മാനാക്കി. ഹര്‍ഷിത അട്ടല്ലൂരിയായിരുന്നു ബവ്കോ ചെയര്മാന് ആന്‍ഡ് മാനേജിംഗ് ഡയറക്ടറുടെ ചുമതല നിര്‍വഹിച്ചിരുന്നത്.
പുതിയ ഉത്തരവ് പ്രകാരം അജിത് കുമാറിനെ ചെയര്‍മാനായി നിയമിച്ചിരിക്കുകയാണ്. ഹര്‍ഷിത അട്ടല്ലൂരി എംഡിയായി തുടരും.
2021 വരെ എക്സൈസ് കമ്മീഷണര്‍ തന്നെയായിരുന്നു ബവ്കോയുടെ ചെയര്മാന്. പിന്നീട് യോഗേഷ് ഗുപ്ത ബവ്കോ തലപ്പത്ത് എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ സീനിയോറിറ്റി പരിഗണിച്ച് സിഎംഡിയായാണ് നിയമിച്ചത്. പിന്നീട് വന്നവരും സിഎംഡിയായാണ് ചുമതല നിര്‍വഹിച്ചിരുന്നത്.
Kerala
തിരുവനന്തപുരം: ബിവറേജസ് കോർപറേഷൻ ജീവനക്കാർക്ക് ഈ ഓണത്തിന് ബോണസായി ലഭിക്കുക ഒരു ലക്ഷത്തിലധികം രൂപ. സ്ഥിരം ജീവനക്കാർക്ക് എക്സ് ഗ്രേഷ്യ, പെർഫോമൻസ് ഇൻസെന്റീവ് ഇനത്തിൽ പരമാവധി 1,02,500 രൂപ വരെ ലഭിക്കും.
കഴിഞ്ഞ വർഷം 95,000 രൂപയാണ് ലഭിച്ചത്. ബെവ്കോയിലെ വിൽപ്പന 19,700 കോടിയായി വർധിച്ചതോടെയാണ് തുക ഉയർന്നത്. മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ ബോണസുമായി ബന്ധപ്പെട്ട് ബെവ്കോയിലെ യൂണിയനുകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
ഔട്ട്ലെറ്റുകളിലെയും ഹെഡ് ക്വോട്ടേഴ്സിലേയും ശുചീകരണ തൊഴിലാളികൾക്കും എംപ്ലോയ്മെന്റ് സ്റ്റാഫിനും 6,000 രൂപ ബോണസ് നൽകും. കഴിഞ്ഞ വർഷം 5,000 രൂപയായിരുന്നു. ഹെഡ് ഓഫീസിലേയും വെയർ ഹൗസുകളിലേയും സുരക്ഷാ ജീവനക്കാർക്ക് 12,500 രൂപ ബോണസ് നൽകാനും തീരുമാനിച്ചു.
Kerala
തിരുവനന്തപുരം: ബെവ്കോയുടെ ഓണ്‍ലൈന്‍ മദ്യവിതരണ ശിപാര്‍ശയ്ക്ക് ചെക്ക് വച്ച് സര്‍ക്കാര്‍. ബാറുടമകളുടെ എതിര്‍പ്പും തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കുടുതല്‍ വിവാദങ്ങളിലേക്ക് പോകുന്നത് തെരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കുമെന്ന വിലയിരുത്തലിലുമാണ് ബെവ്കോയുടെ ശിപാര്‍ശ സര്‍ക്കാര്‍ തള്ളിയത്.
മൊബൈല്‍ ആപ്പിലൂടെ ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നവര്‍ക്ക് വീടുകളില്‍ മദ്യം എത്തിക്കാനുള്ള അനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണ് ബെവ്കോ സര്‍ക്കാരിന് ശിപാര്‍ശ നല്‍കിയത്. ബെവ്കോ എംഡി. ഹര്‍ഷിത അട്ടല്ലൂരിയാണ് ഇത് സംബന്ധിച്ച് ശിപാര്‍ശ നല്‍കിയത്.
23 വയസ് പൂര്‍ത്തിയായവര്‍ക്ക് മാത്രമായിരിക്കും മദ്യം ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളുവെന്നായിരുന്നു ശിപാര്‍ശ. മദ്യം ബുക്ക് ചെയ്യുന്നതിന് പ്രത്യേക മൊബൈല്‍ ആപ്പും ബെവ്കോ തയാറാക്കിയിരുന്നു. പ്രായം തിരിച്ചറിയാനുള്ള രേഖകള്‍ സഹിതമാണ് ബുക്ക് ചെയ്യേണ്ടതെന്നായിരുന്നു ബെവ്കോയുടെ തീരുമാനം.
ബെവ്കോയുടെ നിലവിലുള്ള ശിപാര്‍ശ സര്‍ക്കാര്‍ നടപ്പിലാക്കിയാല്‍ ബാറുകളിലെ വരുമാനം കുറയുമെന്നും അത് തങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് ബാറുടമകളും സര്‍ക്കാരിനെ ധരിപ്പിച്ചിരുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പും അടുത്തിരിക്കെ പുതിയ വിവാദങ്ങള്‍ വിജയസാധ്യതയെയും തുടര്‍ ഭരണത്തെയും ബാധിക്കുമെന്ന വിലയിരുത്തലിലാണ് ബെവ്കോയുടെ തീരുമാനം തള്ളിയത്.
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബെവ്കോ ഇത്തരത്തില്‍ ഒരു നീക്കം നടത്തിയിരുന്നുവെങ്കിലും പ്രതിപക്ഷത്തിന്റെ ഉള്‍പ്പെടെ എതിര്‍പ്പിനെത്തുടര്‍ന്ന് പിന്മാറുകയായിരുന്നു. ബെവ്കോയുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് വീണ്ടും മദ്യം ഡോര്‍ ഡെലിവറിയായി എത്തിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് വന്നത്. മദ്യ വിതരണത്തിനായി വിവിധ കമ്പനികളുമായി ചര്‍ച്ചകളും ഇതിനോടകം ബെവ്കോ നടത്തിയിരുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈൻ മദ്യവില്പനയുടെ കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ്. എടുത്തുചാടി ഒരു തീരുമാനം സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഓണ്‍ലൈൻ മദ്യവിൽപ്പനയ്ക്കായി അനുമതി തേടികൊണ്ട് ബെവ്കോ എംഡി നൽകിയ ശിപാര്‍ശയുമായി ബന്ധപ്പെട്ട ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ഓൺലൈൻ മദ്യവിൽപനയുടെ കാര്യത്തിൽ പ്രൊപ്പോസൽ നേരത്തെയും എത്തിയിട്ടുണ്ട്. എന്നാൽ തത്കാലം അത് പരിഗണിക്കേണ്ടതില്ല എന്നതായിരുന്നു തീരുമാനം. ചർച്ച ചെയ്താണ് ഒരു നയം ആവിഷ്കരിക്കുന്നത്. മന്ത്രിസഭ അംഗീകരിച്ച മദ്യനയത്തിനകത്ത് നിന്നാണ് സർക്കാർ തീരുമാനമെടുക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വരുമാന വർധനയ്ക്ക് മറ്റുകാര്യങ്ങൾ ആലോചിക്കേണ്ടിവരും. കഴിഞ്ഞ നാലു വർഷത്തിനിടെ മദ്യത്തിന് വില കൂട്ടിയിട്ടില്ല. മറ്റു പല സംസ്ഥാനങ്ങളും വർധിപ്പിച്ചു. മദ്യ വില്പനയുടെ കാര്യത്തിലടക്കം ഒരു യാഥാസ്ഥിതിക മനോഭാവം ഇവിടെ നിലനിൽക്കുന്നുണ്ട്. സമൂഹം പാകപ്പെടാതെ ഒന്നിനെയും അടിച്ചേൽപ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി രാജേഷ് പറഞ്ഞു.
ഓൺലൈൻ മദ്യവില്പനയ്ക്കുള്ള വിശദമായ ശിപാർശ ബെവ്കോ എംഡി ഹർഷിത അട്ടല്ലൂരി സർക്കാരിന് സമർപ്പിച്ചിരുന്നു. 2,000 കോടി രൂപയുടെ വരുമാന വർധനയാണ് ബെവ്കോ പ്രതീക്ഷിക്കുന്നത്. ഓൺലൈൻ മദ്യവില്പനയ്ക്കായി ബെവ്കോ മൊബൈൽ ആപ്ലിക്കേഷനും തയാറാക്കിയിട്ടുണ്ട്.