District News
പയ്യന്നൂർ: കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. മാതമംഗലം പാറത്തോടിലെ വി. ജിഷ്ണു(27)ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം നാലിന് കോറോം കൂര്ക്കരയിലാണ് അപകടം നടന്നത്.
ജിഷ്ണുവും സുഹൃത്ത് നിധിനും സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഇരുവരെയും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലും തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
ഇന്നലെ പുലര്‍ച്ചെയായിരുന്നു ജിഷ്ണുവിന്റെ മരണം. കൂടെയുണ്ടായിരുന്ന സുഹൃത്ത് നിധിന് സുഖം പ്രാപിച്ചുവരുന്നു. നാരായണൻ-സജിത ദമ്പതികളുടെ മകനാണ് ജിഷ്ണു. സഹോദരന് സഞ്ജു നാരായണൻ.
Kerala
തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജുവിന്റെ കാർ ഇടിച്ച് ബൈക്ക് യാത്രികരായ യുവാക്കൾക്ക് പരിക്കേറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അപകടത്തിന് ശേഷം നടൻ ഭാര്യയെയും മകനെയും സുഹൃത്തുക്കളെയും വിളിച്ചതായി പോലീസ് കണ്ടെത്തി.
നടന്റെ ഫോൺ രേഖകൾ പോലീസ് പരിശോധിച്ചിരുന്നു. ഇതിൽ, കോളുകൾക്കു ശേഷം രാത്രി 10.30ന് ഫോൺ സ്വിച്ച്ഓഫ് ചെയ്യുകയും രാവിലെ 5.30 ഓടെ ഓൺ ചെയ്യുകയുമായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.
തിരുവനന്തപുരം ട്രിവാന്‍ഡ്രം ക്ലബിന് മുന്നിലാണ് അപകടം ഉണ്ടായത്. നടന്റെ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രക്കാരായ യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
Kerala
തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജുവിന്റെ കാർ അപകടത്തിൽ ഉദ്യോഗസ്ഥർക്ക് ബോധപൂർവമായ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. അപകടവിവരം അറിഞ്ഞയുടനെ കൺട്രോൾ റൂം വാഹനവും മ്യൂസിയം പൊലീസും സ്ഥലത്തെത്തി. പരിക്കേറ്റവർക്ക് വൈദ്യസഹായം നൽകാനാണ് ആദ്യം ശ്രമിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
രാത്രി രണ്ടുവട്ടം രാജുവിന്റെ വീട്ടിൽ പോലീസ് എത്തിയതിന് ദൃശ്യങ്ങൾ തെളിവുണ്ട്. രാജു പോലീസിനെ വിളിച്ചുവെന്ന് പറയുന്നത് വിശ്വസനീയമല്ലെന്നും കമ്മീഷണർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
തുടക്കം മുതൽ രാജുവിനെ രക്ഷിക്കാൻ പോലീസ് ശ്രമിച്ചെന്നാണ് ആക്ഷേപം. രാത്രിയിൽ വീട്ടിലെത്തിയ പോലീസ് രാജു അവിടെയില്ലെന്ന് പറഞ്ഞ് മടങ്ങി. മൊബൈൽ ഫോണ്‍ സ്വിച്ച്ഡ് ഓഫാണെന്ന് പറഞ്ഞു. രാജുവിനെ കസ്റ്റഡിയിൽ എടുക്കാൻ വൈകിയതു മൂലം വൈദ്യ പരിശോധന സമയത്ത് നടന്നില്ല. പിറ്റേന്ന് രാജു പറഞ്ഞ സമയത്ത് സ്റ്റേഷനിൽ ഹാജരാകാൻ അനുവദിച്ചു എന്നത് ഉള്‍പ്പെടെയുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്.
District News
കുണ്ടറ: എറണാകുളം കടവന്ത്രയിലുണ്ടായ വാഹനാപകടത്തിൽ എഴുകോൺ സ്വദേശിനി മരിച്ചു. മാറനാട് പടിഞ്ഞാറ് ചാമത്തുണ്ടിൽ വീട്ടിൽ ഗോപിക ജയൻ (31) ആണ് മരിച്ചത്.
നടന്നു പോവുകയായിരുന്ന ഗോപികയെ കാറിടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് 11.30 ന് വീട്ടു വളപ്പിൽ. ഭർത്താവ്: പരേതനായ മനുമോഹൻ. മക്കൾ : ശബരിനാഥ്, ആര്യനാഥ്. ജെ. ജയചന്ദ്ര ബാബുവിന്റെയും പി.അംബികയുടെയും മകളാണ്.
Kerala
തിരുവനന്തപുരം: നടന് മണിയന്‍പിള്ള രാജുവിന്റെ വാഹനമിടിച്ച സംഭവത്തില്‍ കേസെടുത്ത് മ്യൂസിയം പോലീസ്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചെന്നതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
പരിക്കേറ്റവർക്ക് പ്രഥമ ശുശ്രൂഷ നൽകാൻ സഹായിച്ചില്ലെന്നും വാഹനം നിർത്താതെ ഓടിച്ചുപോയി എന്നും യഥാസമയം അപകട വിവരം ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ചില്ലെന്നും എഫ്ഐആറിൽ പറയുന്നു.
അതേസമയം, കേസിൽ മണിയന്‍പിള്ള രാജു മ്യൂസിയം പോലീസ് സ്റ്റേഷനില്‍ ഹാജരായി. നിലവിൽ അദ്ദേഹത്തിന്റെ മെഡിക്കൽ പരിശോധന ജനറൽ ആശുപത്രിയിൽ നടക്കുകയാണ്. വൈദ്യപരിശോധനക്ക് ശേഷമായിരിക്കും വകുപ്പുകളിൽ അന്തിമ തീരുമാനം.
വാഹനം ഓടിച്ചത് താൻ തന്നെയാണെന്നും ഭയം കൊണ്ടാണ് നിർത്താതെ പോയതെന്നും താരം നേരത്തെ മാധ്യമങ്ങളോടു പ്രതികരിച്ചിരുന്നു.
വ്യാഴാഴ്ച രാത്രി 10ഓടെ വഴുതക്കാട് ശ്രീമൂലം ക്ലബിന് മുൻപിലായിരുന്നു അപകടം. മണിയൻ പിള്ള രാജു ഓടിച്ച ആഢംബര കാറിടിച്ച് രണ്ട് ബൈക്ക് യാത്രക്കാർക്ക് ഗുരുതര പരിക്കേറ്റിരുന്നു. അപകടത്തിന് ശേഷം മണിയൻ പിള്ള രാജു വാഹനം നിർത്താതെ പോകുകയായിരുന്നു.
നിവേദിത് കൃഷ്ണ, സൂരജ് എന്നീ യുവാക്കൾക്കാണ് അപകടത്തിൽ പരിക്കേറ്റത്. നിവേദിതിന് കാലുകൾക്കും സൂരജിന് നട്ടെല്ലിനും പൊട്ടലുണ്ടെന്നുമാണ് ലഭിക്കുന്ന വിവരം. ഇരുവരും സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
NRI
ചെങ്ങന്നൂർ: പുത്തൻകാവ് മടയ്ക്കൽ പീടികയിൽ തോമസ് എം. കോശി (സണ്ണി - 74) അന്തരിച്ചു. ഹൂസ്റ്റണിലേക്ക് ഈ ആഴ്ച യാത്ര തിരിക്കാനിരിക്കെയാണ് അപകടം.
തൃശൂർ ചാലിശേരി മാർത്തോമ്മാ ഇടവക വികാരി റവ. സുനു ബേബി കോശിയുടെ പിതാവാണ്. സണ്ണിയുടെ ഭാര്യയും മറ്റ് മക്കളും ഹൂസ്റ്റണിലാണ്
ബുധനാഴ്ച പുലർച്ചെ അഞ്ചിന് ചെങ്ങന്നൂർ കൂത്താട്ടുകുളം ആറൂരിന് സമീപം എംസി റോഡിലാണ് അപകടമുണ്ടായത്.
അപകടത്തിൽ പരിക്കേറ്റ മകൻ റവ. സുനു ബേബി കോശിയും ഭാര്യയും ചികിത്സയിലാണ്. രണ്ടു പേരുടെയും പരിക്ക് ഗുരുതരമല്ല.
നിയന്ത്രണം വിട്ട കാർ കലുങ്കിൽ ഇടിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതപ്പെടുന്നു.
അപകടത്തിൽ തകർന്ന കാറിൽ നിന്നും പരിക്കേറ്റവരെ ഉടൻതന്നെ കൂത്താട്ടുകുളം ദേവമാത ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും തോമസ് എം. കോശിയുടെ ജീവൻ രക്ഷിക്കാനായില്ല.
പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ചെങ്ങന്നൂർ മാമ്മൻ മെമ്മോറിയൽ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റും.
സംസ്കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.
District News
ചാവക്കാട്: ദേശീയപാത 66 എടക്കഴിയൂര്‍ കാജാ സ്റ്റോപ്പിനു സമീപം നിര്‍ത്തിയിട്ടിരുന്ന സിമന്റ് മിക്സിംഗ് ലോറിക്കു പിന്നില്‍ കാറിടിച്ച് കാര്‍ യാത്രികന് മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം പനങ്ങാട് ഹൈസ്കൂളിനു പടിഞ്ഞാറ് താണിയത്ത് രാമാനന്ദന്‍ ശാന്തി(65)യാണ് മരിച്ചത്.
ഭാര്യ നിര്‍മല(57), മകന് ശ്രീമോന് (34), ഭാര്യ അഞ്ജു(32) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂന്നു വയസുള്ള പേരക്കുട്ടി നീലകൃഷ്ണയും കാറിലുണ്ടായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം. പരിക്കേറ്റവരെ കെന്‍സ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാമാനന്ദൻ മരിച്ചിരുന്നു.
തിരുനാവായ കുംഭമേളയില്‍ പങ്കെടുത്ത് കുടുംബത്തോടൊപ്പം പൊന്നാനി-ചാവക്കാട് ദേശീയപാത വഴി വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം. കൊടുങ്ങല്ലൂര്‍ വിദ്യാ പ്രകാശിനി സഭ ശ്രീകുമാര സുബ്രഹ്മണ്യ ക്ഷേത്രത്തിലെ മുന്‍ പൂജാരിയാണ് രാമാനന്ദന്‍. മകൾ: ശ്രീതുമോള്‍. മരുമകന്: അശ്വിന്. സംസ്കാരം ഇന്നു രാവിലെ വീട്ടുവളപ്പില്‍.
NRI
അബഹ: സൗദി അറേബ്യയിലെ അബഹക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മലയാളി ഉൾപ്പടെ രണ്ട് ഇന്ത്യക്കാർ മരിച്ചു. കാസർഗോഡ് വലിയപറമ്പ സ്വദേശി എ.ജി. റിയാസ് (35), കർണാടക ഉഡുപ്പി കുന്ദാപുര സ്വദേശി അമ്മാർ അഹമ്മദ് (25) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി പത്തോടെ അബഹയിൽ നിന്നു 80 കിലോമീറ്റർ അകലെ ജീസാൻ റൂട്ടിലെ ദർബിന് സമീപം മർദയിലായിരുന്നു അപകടം. സെൻട്രൽ പോയിന്റ് ജീസാൻ ബ്രാഞ്ചിലെ ജീവനക്കാരായ ഇവർ, അബഹയിലെ റീജിയണൽ ഓഫീസിൽ സ്റ്റാഫ് മീറ്റിംഗിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു.
ഇവർ സഞ്ചരിച്ചിരുന്ന ടൊയോട്ട യാരിസ് കാർ സൗദി പൗരൻ ഓടിച്ചിരുന്ന വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇവരുടെ വാഹനത്തിന് പിറകിൽ സൗദി പൗരന്റെ വാഹനം ഇടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട കാർ മറ്റൊരു വാഹനവുമായും കൂട്ടിയിടിച്ചു.
ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. കാറിലുണ്ടായിരുന്ന സഹയാത്രികരായ മംഗലാപുരം സ്വദേശി തമീം, നേപ്പാൾ സ്വദേശി ബിഷാൽ എന്നിവർക്ക് പരിക്കേറ്റു. ഇവരെ ദർബ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാസർഗോഡ് വലിയപറമ്പ സ്വദേശി മുബറാക് - റംലത്ത് ദമ്പതികളുടെ മകനാണ് റിയാസ്. ഉഡുപ്പി കുന്ദാപുര കോട്ടേശ്വര സ്വദേശികളായ ഇർഷാദ് അഹമ്മദ് - നജീന പർവീൻ ദമ്പതികളുടെ മകനാണ് അമ്മാർ.
District News
നെടുമങ്ങാട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. മന്നൂർകോണം ആർച്ച് ജംഗ്ഷൻ കൊടിപ്പാറ ഹൗസിൽ സജികുമാർ (53) ആണ് മരിച്ചത്.
ഒരു മാസം മുൻപാണ് അപകടം ഉണ്ടായത്. കരുപ്പൂര് വച്ച് സ്കൂട്ടറിൽ നിന്ന് വീണു ഉണ്ടായ അപകടത്തിൽ കാലിനും മുഖത്തും പരുക്കേറ്റിരുന്നു. പ്രമേഹം ഉള്ളതിനെ തുടർന്ന് യഥാസമയം മുറിവുകൾ ഭേദമായില്ല.
ഇന്നലെ പുലർച്ചെ അസുഖം കൂടിയതോടെ നെടുമങ്ങാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ: ലൈജു. മക്കൾ: ജിജോ, ലിജോ.
District News
കാഞ്ഞങ്ങാട്: ദേശീയപാതയില്‍ കാല്നടയാത്രക്കാരന് കാറിടിച്ചു മരിച്ചു. പുല്ലൂര്‍ പൊള്ളക്കടയിലെ വി. ചന്ദ്രശേഖരന് (58) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 7.45ഓടെ പൊള്ളക്കടയിലാണ് അപകടമുണ്ടായത്. കടയില്‍ നിന്നും സാധനങ്ങള്‍ വീട്ടിലേക്കു മടങ്ങവെയാണ് അപകടമുണ്ടായത്.
ഇടിച്ച കാര്‍ നിര്‍ത്താതെ പോയി. ഉടന്‍ തന്നെ നാട്ടുകാര്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്ക് കൊണ്ടുപോകവെ മരണപ്പെടുകയായിരുന്നു. പരേതരായ അത്തിക്കല്‍ ഗോവിന്ദന് മണിയാണി-വി. മാധവി ദമ്പതികളുടെ മകനാണ്.
ഭാര്യ: കാര്‍ത്യായനി. മക്കള്‍:സംഗീത്, കാവ്യ, സജിത് (ഇന്ത്യന്‍ ആര്‍മി). മരുക്കള്: ആരതി, മണികണ്ഠന്. സഹോദരങ്ങള്‍: രാജു (ബാനം), രവീന്ദ്രന് (ഷാര്‍ജ), ചന്ദ്രിക (അടമ്പില്‍), സുനിത, (കാലിച്ചാംപൊതി).
Special News
കോട്ടയം: കുമളിക്കു സമീപം വാഹനത്തിൽ പോകവേ ഏലക്കാട്ടിലേക്കു മറിഞ്ഞ് അപകടത്തിൽ ഗുരുതര പരിക്കേറ്റ കന്യാസ്ത്രീ ആ അപകട നിമിഷങ്ങളിൽ സഹായിച്ചവരെയും പിന്തുണച്ചവരെയും ഒാർമിപ്പിച്ചുകൊണ്ടെഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. കുഴിത്തൊളു സെന്റ് തെരേസാസ് കോൺവന്റിലെ സിസ്റ്റർ സാലി സിഎംസിയാണ് ഒാടിയെത്തി സഹായിച്ചും ആശുപത്രിയിലെത്തിച്ചും പ്രാർഥിച്ചും സന്ദർശിച്ചുമൊക്കെ ആ നിമിഷങ്ങളിൽ ആശ്വാസം പകർന്നവരെ ഒാർമിച്ചുകൊണ്ട് കുറിപ്പെഴുതിയിരിക്കുന്നത്. കുറിപ്പ് ഇങ്ങനെ:
വീട്ടാകടങ്ങളുടെ ബാക്കിതുകയാണ് ജീവിതം. ജീവിതാനുഭവങ്ങൾ പഠിപ്പിക്കുന്ന പാഠങ്ങൾ എത്ര മഹത്തരമാണ്. 2024 ഫെബ്രുവരി എട്ടിന് വള്ളക്കടവ് സ്നേഹസദനത്തിലെ ഔദ്യോഗിക സന്ദർശനത്തിനു ശേഷം തിരിച്ചു പൊടിമറ്റം പ്രൊവിൻഷ്യൽ ഹൗസിലേക്കു പോകും വഴി കുമളി 56-ാം മൈലിൽ വച്ചാണ് വാഹനം അപകടത്തിൽപ്പെടുന്നത്. ഞങ്ങൾ നാലു സന്യാസിനിമാരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. താഴ്ചയിലേക്കു മറിഞ്ഞെങ്കിലും ഭാഗ്യത്തിന് ഏലത്തോട്ടത്തിൽ തങ്ങി നിന്ന കാറിനുള്ളിൽനിന്ന് തോട്ടം തൊഴിലാളികളും മറ്റും ചേർന്നു ഞങ്ങളെ പുറത്തെടുത്തു. തുടർന്ന് ആംബുലൻസ് വിളിച്ചു. ആംബുലൻസ് ഡ്രൈവറുടെ സഹായത്തോടെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രഥമശുശ്രൂഷുകൾക്കു ശേഷം മൂന്നു പേരെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്കു മാറ്റി. മുഖത്തും തലയ്ക്കും പരിക്കുണ്ടായിരുന്നതിനാൽ എന്നെ കോട്ടയം കാരിത്താസ് ആശുപത്രിയിലേക്കും കൊണ്ടുപോയി. കൂടെയുളളവരുടെ സ്ഥിതി എന്തായിരിക്കുമെന്ന ആശങ്ക എന്നെ അലട്ടിക്കൊണ്ടിരുന്നു. ആ ആംബുലൻസ് യാത്ര ഒരു മിനി പീഡാനുഭവയാത്ര പോലെ തോന്നി. മറ്റുള്ളവരുടെ മുഖഭാവങ്ങളിൽനിന്ന് എന്റെ അവസ്ഥയെക്കുറിച്ച് ഏകദേശം മനസിലാക്കാൻ സാധിച്ചു. സന്യാസ സഹോദര്യത്തിന്റെ മഹത്വമാർന്ന ശുശ്രൂഷകൾ കൃത്യമായിത്തന്ന് പ്രാർഥനകൊണ്ടും സേവനംകൊണ്ടും എന്നെ പൊതിഞ്ഞ എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു. ദീപികയുടെ കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറയുടെ അടക്കം വിലപ്പെട്ട പ്രാർഥനകൾക്കു നന്ദി. ഒാടിയെത്തിയ രാഷ്ട്രയക്കാരുടെ സ്നേഹസന്ദർശനങ്ങളും ഇപ്പോഴും ഓർമയിലുണ്ട്.
എന്റെ ആരോഗ്യം വീണ്ടുകിട്ടുന്നതുവരെ സന്ദർശനങ്ങൾക്കു വിലക്കു കൽപിച്ചതിൽ പരിഭവം പറഞ്ഞ
വരുമുണ്ട്. തിരിഞ്ഞുനോക്കുന്പോൾ കടം വീട്ടാൻ ഏറെയുണ്ട്. രക്തം തുടയ്ക്കാൻ തക്കസമയത്ത് തോർത്തുതന്ന തൊഴിലാളി സഹോദരന് അതു തിരിച്ചുകൊടുക്കാൻ സാധിച്ചില്ല. ആരുടെയോക്കെയോ പ്രാർഥനയുടെയും ശുശ്രൂഷകളുടെയും പിൻബലമുണ്ടായിരുന്നു. ഞാനറിയാത്ത നിരവധി നല്ല സമറായന്മാരെ ദൈവം കണ്ടിട്ടുണ്ട്. വീട്ടാകടങ്ങൾ ജീവിത താളുകളിൽ ഒരുപാടുണ്ടെന്നു തിരിച്ചറിയുന്നു. പ്രിയപ്പെട്ടവരെ,
ആ കടം അവിടെ കിടക്കട്ടെ, പലിശ സഹിതം ദൈവം നിങ്ങൾക്കു തക്കസമയത്തു തിരിച്ചുതരും. എല്ലാ കടങ്ങളും കടപ്പാടുകളുടെ ഘോഷയാത്രയായി തുടരട്ടെ. ശാരീരിക മാനസിക ആത്മീയ പിൻബലം പകർന്നവരെയെല്ലാം സ്നേഹത്തോടെ ഓർക്കുന്നു.
District News
വെള്ളറട: റോഡരികിൽ നിൽക്കുകയായിരുന്ന വീട്ടമ്മ കാറിടിച്ച് മരിച്ചു. വെള്ളറട കോവില്ലൂര്‍ വത്സല നിവാസില്‍ വിജയന്റെ ഭാര്യ സുജ (50) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് സുജ മക്കള്‍ക്ക് ഭക്ഷണം നല്കിയ ശേഷം വീട്ടില്‍ നിന്നും സമീപത്തുള്ള കടയിലേക്ക് വരുന്നതിനായി റോഡരികിൽ നില്ക്കുന്പോൾ കുടപ്പനമൂട്ടില്‍ നിന്നും വെള്ളറട ഭാഗത്തേക്ക് വരുകയായിരുന്നു കാര്‍ സുജയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടന്‍തന്നെ സമീപത്തെ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചുവെങ്കിലും മരിച്ചു.
മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റുമോര്‍ട്ടത്തിനുശേഷം സംസ്കരിക്കും. മക്കൾ: ആനന്ദ്, അഭിനവ്, അഭിനന്ദ്. വെള്ളറട പോലീസ് കേസെടുത്തു.
Kerala
പത്തനംതിട്ട: പ്രണയിനിയുടെ അനുകമ്പ പിടിച്ചുപറ്റാൻ മനപൂർവം വാഹനാപകടമുണ്ടാക്കിയ കാമുകനും സുഹൃത്തും പിടിയിൽ. കഴിഞ്ഞ 23ന് പത്തനംതിട്ടയിൽ നടന്ന സംഭവത്തിൽ കോന്നി മാമ്മൂട് സ്വദേശി രഞ്ജിത്ത് രാജനും സുഹൃത്ത് പയ്യനാമൺ സ്വദേശി അജാസുമാണ് പിടിയിലായത്.
സ്കൂട്ടറിൽ വന്ന യുവതിയെ മനപൂർവം ഇവർ അപകടത്തിൽപ്പെടുത്തുകയായിരുന്നു. പിന്നാലെ നാടകീയമായി സ്ഥലത്തെത്തിയ കാമുകൻ കാറിൽ കയറ്റി യുവതിയെ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വമ്പൻ ട്വിസ്റ്റ് പുറത്തായത്.
പ്രണയിനിയുടെ കുടുംബത്തിന്റെ അനുകമ്പ പിടിച്ചുപറ്റി അവരെ സ്വന്തമാക്കാനാണ് തങ്ങൾ അപകടമുണ്ടാക്കിയതെന്ന് യുവാക്കൾ മൊഴി നൽകി. നരഹത്യാശ്രമക്കേസിൽ അറസ്റ്റിലായ പ്രതികളെ പോലീസ് ചോദ്യം ചെയ്തു വരുകയാണ്.
NRI
അബുദാബി: അബുദാബിയിൽ മലയാളികൾ സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് ചികിത്സയിലായിരുന്ന നാലാമത്തെ കുട്ടിയും മരിച്ചു. അസാം ബിൻ അബ്ദുൽ ലത്തീഫ്(7) ആണ് മരിച്ചത്.
നേരത്തെ അസാം ബിന്റെ മൂന്ന് സഹോദരങ്ങൾ ഉൾപ്പെടെ അപകടത്തിൽ നാല് പേർ മരിച്ചിരുന്നു. കൊണ്ടോട്ടി പുളിയക്കോട് സ്വദേശിയും ദുബായിയിൽ വ്യാപാരിയുമായ അബ്ദുൽ ലത്തീഫിന്റെ കുടുംബമാണ് അപകടത്തിൽപെട്ടത്.
അബ്ദുൽ ലത്തീഫിന്റെ മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറയുമാണ് നേരത്തെ മരിച്ചത്.
അപകടത്തില്‍ പരിക്കേറ്റ അബ്ദുൽ ലത്തീഫും ഭാര്യയും അമ്മയും മകൾ ഇസയും നിലവിൽ ചികിത്സയിലാണ്. അബുദാബി - ദുബായി റോഡിൽ ഷഹാമക്കിന് സമീപത്തുവച്ചാണ് അപകടമുണ്ടായത്.
ദുബായിയിൽ താമസിക്കുന്ന കുടുംബം അബുദാബി ലിവ ഫെസ്റ്റിവൽ കണ്ട് മടങ്ങുന്ന വഴിയാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മരിച്ച നാല് കുട്ടികളുടെയും മൃതദേഹം യുഎഇയില്‍ തന്നെ കബറടക്കും. ബുഷ്റയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
International
അബുദാബി: അബുദാബിയിൽ മലയാളികൾ സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് ചികിത്സയിലായിരുന്ന നാലാമത്തെ കുട്ടിയും മരിച്ചു. അസാം ബിൻ അബ്ദുൽ ലത്തീഫ്(7) ആണ് മരിച്ചത്. നേരത്തെ മൂന്ന് കുട്ടികൾ ഉൾപ്പെടെ അപകടത്തിൽ നാല് പേർ മരിച്ചിരുന്നു.
കൊണ്ടോട്ടി പുളിയക്കോട് സ്വദേശിയും ദുബായിയിൽ വ്യാപാരിയായ അബ്ദുൽ ലത്തീഫിന്റെ കുടുംബമാണ് അപകടത്തിൽപെട്ടത്. അബ്ദുൽ ലത്തീഫിന്റെ മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറയുമാണ് മരിച്ചത്.
അപകടത്തില്‍ പരിക്കേറ്റ അബ്ദുൽ ലത്തീഫും ഭാര്യയും അമ്മയും നിലവിൽ ചികിത്സയിലാണ്. ചികിത്സയിലുള്ള ഒരു കുട്ടിയാണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്. അബുദാബി - ദുബായി റോഡിൽ ഷഹാമക്കിന് സമീപത്തുവച്ചാണ് അപകടമുണ്ടായത്.
ദുബായിയിൽ താമസിക്കുന്ന കുടുംബം അബുദാബി ലിവ ഫെസ്റ്റിവൽ കണ്ട് മടങ്ങുന്ന വഴിയാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
District News
വണ്ടിത്താവളം: ചെന്നൈയിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. എഴുത്താണി കേലുക്കുട്ടിയുടെ മകൻ ദിലിപ് കുമാർ(43) ആണ് മരിച്ചത്. സംസ്കാരം ഇന്ന് രാവിലെ ഒന്‍പതിന് പട്ടഞ്ചേരി വൈദ്യുതി ശ്മശാനത്തിൽ. അമ്മ: യശോദ. ഭാര്യ: ബിജുമോൾ. മക്കൾ: മോഹിനിഷ്, നേഹ. അപകടത്തിൽ ദിലീപിനൊപ്പം കാറിൽ സഞ്ചരിച്ച മറ്റൊരാളും മരിച്ചിട്ടുണ്ട്.
Kerala
കൊച്ചി: കളമശേരി പത്തടിപ്പാലത്ത് അമിത വേഗത്തിൽ എത്തിയ ഊബർ കാർ ബൈക്കിലേക്ക് ഇടിച്ചു കയറി വയോധികന് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ കളമശേരി സ്വദേശി സാജു (64) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി 11.30- ഓടെയാണ് അപകടമുണ്ടായത്. സാജുവിന് ഒപ്പമുണ്ടായിരുന്ന ബന്ധുവിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പട്ടാമ്പി സ്വദേശിയായ കാർ ഡ്രൈവർ നവാസിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
അമിത വേഗത്തിൽ എത്തിയ ടാക്സി ബൈക്കിന്റെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഈ ബൈക്ക് മറ്റൊരു കാറിന് അടിയിൽ പെടുകയായിരുന്നു.
District News
ചാലക്കുടി: അതിരപ്പിള്ളിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച കാർ മരത്തിലിടിച്ച് ആറുപേർക്കു പരിക്ക്. കർണാടക സ്വദേശികൾക്കാണു പരിക്കേറ്റത്.
ശബരിമല ദർശനംനടത്തി തിരിച്ചുപോകുംവഴി അതിരപ്പിള്ളി കണാൻ പോകുമ്പോഴാണ് അപകടം ഉണ്ടായത്. അതിരപ്പിള്ളി പഞ്ചായത്ത് ഓഫീസിനുസമീപമാണ് അപകടം. ആരുടെയും പരിക്കുകൾ ഗുരുതരമല്ല.
District News
കാഞ്ഞങ്ങാട്: ഗുഡ്സ് ഓട്ടോയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന അഭിഭാഷകൻ മരിച്ചു. ഹൊസ്ദുർഗ് ബാറിലെ മുതിർന്ന അഭിഭാഷകൻ എൽവി ടെമ്പിളിന് സമീപത്തെ ഇ. ശ്രീധരൻ നായർ (88) ആണ് മരിച്ചത്.
രണ്ടുദിവസം മുമ്പ് വീടിനു സമീപത്തുവച്ച് റോഡ് മുറിച്ചുകടക്കുമ്പോഴായിരുന്നു അപകടം. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഭാര്യ: കൗമുദിയമ്മ. മക്കൾ: ലത (എറണാകുളം), കല ശ്രീധർ (മുഖ്യാധ്യാപിക, നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂൾ), സന്ധ്യ (അധ്യാപിക, കാഞ്ഞങ്ങാട് ദുർഗ എച്ച്എസ്എസ്), ലേഖ (അധ്യാപിക, തോട്ടട ജിഎച്ച്എസ്എസ്). മരുമക്കൾ: ഉത്പൽ വി. നായനാർ (സിനിമാട്ടോഗ്രഫർ, എറണാകുളം), എം.വി. ജയകൃഷ്ണൻ നമ്പ്യാർ (പള്ളിക്കര), കെ. അജയകുമാർ (പ്ലാന്റർ), കെ. മധുസൂദനൻ (അബുദാബി).
NRI
ഹണ്ട് കൗണ്ടി (ടെക്സസ്): ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ നോർത്ത് ടെക്സസ് ഡെപ്യൂട്ടി ഫയർ ചീഫ് തിങ്കളാഴ്ച രാവിലെ നടന്ന വാഹനാപകടത്തിൽ മരിച്ചതായി അധികൃതർ അറിയിച്ചു.
ഓസ്റ്റിൻ കൂളി (27) ആണ് അപകടത്തിൽ മരിച്ചത്. ഗ്രീൻവില്ലിൽ നിന്ന് ഏകദേശം ഒരു മൈൽ തെക്കുമാറി സ്റ്റേറ്റ് ഹൈവേ 34ഉം കൗണ്ടി റോഡ് 2186ഉം ചേരുന്ന കവലയ്ക്കടുത്താണ് അപകടം നടന്നതെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി അറിയിച്ചത്.
ഓസ്റ്റിൻ കൂളിയെ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചുവെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.
Kerala
മണർകാട്: ഓട്ടോ റിക്ഷയിൽ നിന്നു പുക വന്നതിനെ തുടർന്ന് ഓട്ടോറിക്ഷ റോഡരികിൽ നിർത്തി റോഡിൽ ഇരുന്ന് പരിശോധന നടത്തിയ യുവാവിനെ ഇതേ ദിശയിൽ നിന്നു തന്നെ എത്തിയ കാർ ഇടിച്ചു മരിച്ചു.
പാമ്പാടി വെള്ളൂർ പങ്ങട വടക്കേപ്പറമ്പിൽ ജോസിന്റെ മകൻ എമിൽ ജോസാ(20)ണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. മണർകാട് നാലു മണിക്കാറ്റ് ഭാഗത്ത് എത്തിയപ്പോഴാണ് എമിലും സുഹൃത്തുക്കളും സഞ്ചരിച്ച ഓട്ടോറിക്ഷയിൽ നിന്നു പുക വരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ ഇവർ ഓട്ടോറിക്ഷ റോഡരികിൽ ഒതുക്കി.
റോഡിൽ ഇരുന്ന ശേഷം ഓട്ടോയുടെ അടിയിൽ എമിൽ കുനിഞ്ഞു പരിശോധിക്കുന്നതിനിടെ ഏറ്റുമാനൂരിൽ നിന്നു മണർകാട് ഭാഗത്തേക്ക് വരികയായിരുന്ന കാർ എമിലിനെ ഇടിയ്ക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ യുവാവിനെ മണർകാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നു സംശയിക്കുന്നു.സഹോദരൻ - എബിൻ, അമ്മ - സെലിൻ ജോസ്. സംസ്ക്കാരം പിന്നീട് .
Kerala
കോതമംഗലം: ഭൂതത്താന്‍കെട്ട് വടാട്ടുപാറ റോഡില്‍ മീരാന്‍സിറ്റി ഭാഗത്ത് കാര്‍ തോട്ടിലേക്കു മറിഞ്ഞ് വീട്ടമ്മ മരിച്ചു. ഭര്‍ത്താവിനു പരിക്കേറ്റു. രണ്ടും നാലും വയസുള്ള പേരക്കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു.
കോതമംഗലം: ഭൂതത്താന്‍കെട്ട് വടാട്ടുപാറ റോഡില്‍ മീരാന്‍സിറ്റി ഭാഗത്ത് കാര്‍ തോട്ടിലേക്കു മറിഞ്ഞ് വീട്ടമ്മ മരിച്ചു. ഭര്‍ത്താവിനു പരിക്കേറ്റു. രണ്ടും നാലും വയസുള്ള പേരക്കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു.
വടാട്ടുപാറ പനംചുവട് ചെരുവിള കിഴക്കേതില്‍ എന്‍. അനില്‍കുമാറിന്റെ ഭാര്യ രേഖയാ (54)ണു മരിച്ചത്. കാറോടിച്ചിരുന്ന അനില്‍കുമാറിന്റെ (58) ഇടതു കൈയ്ക്ക് പരിക്കേറ്റു. കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അനില്‍കുമാറിനെ പിന്നീട് ആലുവ രാജഗിരി ആശുപത്രിയിലേക്കു മാറ്റി. കോലഞ്ചേരിയില്‍ ബന്ധുവിനെ സന്ദര്‍ശിച്ച് വീട്ടിലേക്കു മടങ്ങുംവഴി ഇന്നലെ വൈകുന്നേരം 4.30 ഓടെയായിരുന്നു അപകടം.
വടാട്ടുപാറ മീരാൻസിറ്റി പുളിമൂടന്‍ചാല്‍ കലുങ്കിന് സമീപം ഇറക്കത്തില്‍ നിയന്ത്രണംവിട്ട കാര്‍ റോഡിന്റെ സംരക്ഷണഭിത്തിയില്‍ ഇടിച്ച് താഴ്ചയിലെ തോട്ടിലേക്ക് തലകീഴായി മറിയുകയായിരുന്നു. അനില്‍കുമാര്‍ വിമുക്ത ഭടനാണ്.
മക്കള്‍: ആതിര (യുകെ), ആരോമല്‍ (ബംഗളൂരു). മരുമകന്: ദീപു നാരായണന് (തൃശൂര്‍). മൃതദേഹം ആശുപത്രി മോര്‍ച്ചറിയിൽ.
Kerala
കോട്ടയം: സ്വകാര്യ ബസ് കാറിലിടിച്ചുണ്ടായ അപകടത്തിൽ മുൻ എംഎൽഎയും കേരള കോൺഗ്രസ് - എം നേതാവുമായ സ്റ്റീഫൻ ജോർജിന് പരിക്ക്. കടുത്തുരുത്തിയിൽ വച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ സ്റ്റീഫൻ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാർ നിർത്തി റോഡിലേക്ക് ഇറങ്ങുമ്പോൾ പിന്നാലെയെത്തിയ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഇടിച്ചശേഷം കാറുമായി ബസ് 200 മീറ്ററോളം മുന്നോട്ടുപോയി. സംഭവത്തിനുശേഷം ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു.
ഓടിക്കൂടിയ നാട്ടുകാരാണ് കാറിനുള്ളിൽ കുടുങ്ങിയ സ്റ്റീഫൻ ജോർജിനെ ആശുപത്രിയിലെത്തിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
District News
തലയോലപ്പറമ്പ്: വാക്കുതർക്കത്തെത്തുടർന്ന് കാർ സ്കൂട്ടറിൽ ഇടിപ്പിച്ച് സ്കൂട്ടർ യാത്രികനു പരിക്ക്. തലപ്പാറ- തലയോലപ്പറമ്പ് റൂട്ടിൽ കാർണിവൽ സിനിമാ തിയറ്ററിനു സമീപം ഞായറാഴ്ച രാത്രി പതിനൊന്നിനായിരുന്നു സംഭവം.
സ്കൂട്ടറിൽനിന്നു തെറിച്ചുവീണു പരിക്കേറ്റ തലയോലപ്പറമ്പ് സ്വദേശി ചെമ്പാലയിൽ ജോമോൻ സി. ജോൺസനെ (30) കോട്ടയം മെഡിക്കൽ കോളജ് ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു. തലയോലപ്പറമ്പ് നാക്കാവീട്ടിൽ പ്രവീൺകുമാർ ഓടിച്ചുവന്ന ഇന്നോവ കാറിനെ ജോമോന്റെ സ്കൂട്ടർ ഓവർടേക്ക് ചെയ്തതാണ് കാരണം.
ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് ഇന്നോവ കാർ സ്കൂട്ടറിൽ ഇടിപ്പിച്ചുവെന്നാണ് പരാതി. താഴെവീണ ജോമോന്റെ ഇടതു കാൽമുട്ടിനുതാഴെ ഒടിവു സംഭവിച്ചു. തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇന്നോവ കാർ കസ്റ്റഡിയിലെടുത്തു.
Kerala
തിരുവനന്തപുരം: കാറും ബൈക്കും കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്ക്. ശനിയാഴ്ച രാവിലെ ആനപ്പാറ സർക്കാർ ആശുപത്രിക്ക് സമീപത്ത് ആയിരുന്നു അപകടം. ബൈക്ക് യാത്രികർക്കൊപ്പമുണ്ടായിരുന്ന കൈക്കുഞ്ഞിന് ഉൾപ്പെടെ അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.
ദിശ മാറി അമിത വേഗതയിലെത്തിയ കാർ ബൈക്ക് യാത്രികരെ ഇടിച്ചുവീഴ്ത്തിയതാണെന്ന് നാട്ടുകാർ ആരോപിച്ചു. അപകടത്തെ തുടർന്ന് നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.
എന്നാൽ കാർ ഡ്രൈവർ പുറത്തിറങ്ങാൻ പോലും തയ്യാറായില്ലെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
District News
പാലോട്: നിയന്ത്രണം വിട്ട കാർ ഇടിച്ചു ബൈക്ക് യാത്രികൻ മരിച്ചു. പാലോട് കരിമൺകോട് ഊരാളിക്കോണം നന്ദനത്തിൽ റയിൽവേയിലെ കരാർ ജീവനക്കാരൻ മുരളി (59) യാണ് മരിച്ചത്. ഇയാൾ ജോലി സ്ഥലത്തേക്ക് പോകവെയായിരുന്നു അപകടം. കാർ അമിത വേഗത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ മൂന്ന് മണിയോടെ പാലോട് നെടുമങ്ങാട് റോഡിൽ ഫോറസ്റ്റ് റേഞ്ച് ഓഫിസിനു സമീപം ആണ് സംഭവം. പാലോട് നിന്ന് നന്ദിയോട് ഭാഗത്തേക്കു പോയ കാർ ആദ്യം മുരളിയുടെ ബൈക്കിനെയും എതിരെ വന്ന ഓട്ടോയിലും ഇടിച്ച ശേഷം റോഡ് വശത്തെ വൈദ്യുതി പോസ്റ്റിനെ ഇടിച്ചു തകർത്തു നിൽക്കുകയായിരുന്നു.
കാറിലുണ്ടായിരുന്ന ഓരാൾക്ക് പരിക്കേറ്റു. കാർ ഓടിച്ച പ്രസാദ് പൊലീസ് കസ്റ്റഡിയിലാണ്. ബിന്ദുവാണ് മുരളിയുടെ ഭാര്യ. മക്കൾ: അദ്വൈത് മിലൻ, അക്ഷയ് മിലൻ.
District News
മെഡിക്കല്‍കോളജ്: കാര്‍ ഡിവൈഡറിലും പോസ്റ്റിലും ഇടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പാളയം നന്ദാവനം മുത്തൂറ്റ് ഫ്ളാറ്റിന് എതിര്‍വശം സമാധി റോഡ് എന്‍ആര്‍എ 133-ല്‍ അബ്ദുല്‍ റഷീദിന്റെ ഭാര്യ എസ്. മുനീറാബീവി (44) ആണ് മരിച്ചത്. ഞായറാഴ്ച അര്‍ധരാത്രിയോടടുത്ത് പാറ്റൂര്‍ ആര്‍ടെക് ഫ്ളാറ്റിനു സമീപമായിരുന്നു അപകടം.
മുനീറാബീവിയുടെ സഹോദരന്റെ മകളുടെ വിവാഹാവശ്യവുമായി ബന്ധപ്പെട്ട് വസ്ത്രങ്ങളെടുക്കുന്നതിന് കരുനാഗപ്പള്ളിയിലേക്കു മാരുതി ബലേനോ കാറില്‍ പോയി മടങ്ങിവരുന്നതിനിടെയായിരുന്നു സംഭവം.
മുനീറാബീവി, ഭര്‍ത്താവ് അബ്ദുള്‍ റഷീദ്, മകള്‍ ഫിത ഫാത്തിമ, മുനീറയുടെ സഹോദരന്റെ മകന് മുഹമ്മദ് സല്മാന് എന്നിവരാണ് കാറിലുണ്ടായിരുന്നത്. മുനീറാബീവി കാറിന്റെ പിന്‍സീറ്റിലായിരുന്നു ഇരുന്നത്.
മടക്കയാത്രയ്ക്കിടെ പാറ്റൂരിലെത്തിയപ്പോള് കാര്‍ നിയന്ത്രണംവിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയും കാറിന്റെ കോ-പാസഞ്ചറുടെ ഭാഗം ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയുമായിരുന്നു. അമിതവേഗമാണോ അതോ വാഹനം ഓടിച്ചയാള്‍ ഉറങ്ങിപ്പോയതാണോ അപകടകാരണമെന്നു വ്യക്തമായിട്ടില്ല. ഭര്‍ത്താവ് അബ്ദുള്‍ റഷീദ് ഇപ്പോഴും അബോധാവസ്ഥയില്‍ കഴിയുകയാണ്. ഫിത ഫാത്തിമ, ഹാഫിസ് മുഹമ്മദ് എന്നിവര്‍ മക്കളാണ്.
Kerala
തിരുവനന്തപുരം: വാമനാപുരത്ത് മന്ത്രി കെ.എൻ. ബാലഗോപാൽ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു. എതിർദിശയിൽ വന്ന കാർ മറ്റൊരു കാറിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ അതേ കാറിൽ കൂട്ടിയിടിക്കുകയും തുടർന്ന് മന്ത്രിയുടെ വാഹനത്തിൽ ഇടിക്കുകയുമായിരുന്നു.
കെ.എൻ.ബാലഗോപാൽ കൊട്ടാരക്കര ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു. മന്ത്രിയ്ക്കും കാറിലുണ്ടായിരുന്നവർക്കും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തുടർന്ന് വെഞ്ഞാറമൂട് പോലീസ് സ്ഥലത്തെത്തി അപകടമുണ്ടാക്കിയ കാർ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.
Kerala
തിരുവനന്തപുരം: നിയന്ത്രണം വിട്ട് കാർ കുഴിയിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ഗുരുതര പരിക്ക്. വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളജ് റോഡിലുണ്ടായ അപകടത്തിൽ കാർ ഡ്രൈവർ കല്ലറ കുറ്റിമൂട് സ്വദേശി നിസാമുദീനാണ് ഗുരുതരമായി പരിക്കേറ്റത്.
നിയന്ത്രണം വിട്ട കാർ വീടിന്റെ മതിൽ തകർത്ത് 20 അടി താഴ്ചയിലേയ്ക്ക് തലകീഴായി മറിയുകയായിരുന്നു. ഗോകുലം മെഡിക്കൽ കോളജിലേക്ക് ഡോക്ടറെ കൊണ്ടു വിട്ട ശേഷം മടങ്ങുമ്പോഴായിരുന്നു കാർ അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റ കാർ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
International
പാരീസ്: ഫ്രാൻസിൽ ജനക്കൂട്ടത്തിലേക്കു കാറോടിച്ചുകയറ്റിയ ആക്രമണത്തിൽ അഞ്ചു പേർക്കു പരിക്ക്. ഒലേറോൺ ദ്വീപിൽ ബുധനാഴ്ചയായിരുന്നു സംഭവം.
അല്ലാഹു അക്ബർ എന്ന് ആവർത്തിച്ചു വിളിച്ചുപറഞ്ഞുകൊണ്ടായിരുന്നു ആക്രമണം. സൈക്കിൾ സഞ്ചാരികളും ആക്രമിക്കപ്പെട്ടു. തുടർന്ന് സ്വന്തം വാഹനത്തിനു തീകൊളുത്തിയ അക്രമിയെ പോലീസ് കീഴടക്കുകയായിരുന്നു.
35 വയസുള്ള ഇയാൾ മുന്‍പ് മയക്കുമരുന്ന് കേസുകളിലും ചെറുകിട കുറ്റകൃത്യങ്ങളിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
District News
മനക്കൊടി: കപ്പേളയ്ക്കു സമീപമുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. മുല്ലശേരി കുറ്റിപ്പുറത്ത് ഗോപിയുടെ മകൻ വിഷ്ണു(33)വാണ് മരിച്ചത്. 16ന് വൈകിട്ടായിരുന്നു അപകടം. കാഞ്ഞാണിയിൽ നിന്നു തൃശൂരിലേക്ക് പോയിരുന്ന കാർ അതേദിശയിൽ മുന്നിൽ പോയിരുന്ന സ്കൂട്ടറിൽ ഇടിക്കുകയും ഈ സ്കൂട്ടർ എതിരേ വന്ന മറ്റൊരു ബൈക്കിൽ ഇടിക്കുകയുമായിരുന്നു. സാരമായി പരിക്കേറ്റ വിഷ്ണു തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ഷിംജ. മക്കൾ: ജാൻവി, ജിബിൻ.
District News
ആലുവ: ടയർ പൊട്ടി നിയന്ത്രണംവിട്ട കാറിടിച്ച് ആലുവ പിഡബ്ല്യുഡി റസ്റ്റ് ഹൗസിന്റെ മതിൽ തകർന്നു. ഇന്നലെ പുലർച്ചെ അഞ്ചോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാറിന്റെ എൻജിൻ ഭാഗം ഉൾപ്പെടെ മുൻവശം പൂർണമായി തകർന്നു.
റോഡരികിലെ ഒരടിയോളം ഉയരമുള്ള നടപ്പാതയും ഇരുമ്പ് കൈവരിയും തകർത്താണ് മതിലിലേക്ക് ഇടിച്ചുകയറിയത്. റസ്റ്റ് ഹൗസിന്റെ പ്രവേശന കവാടത്തോട് ചേർന്നായതിനാൽ മതിലിന്റെ തൂണും തകർന്നു. കാറിന്റെ മുൻ ചക്രമാണ് പൊട്ടിയതെന്ന് ഇടപ്പള്ളി സ്വദേശിയായ ഡ്രൈവർ പറഞ്ഞു. കാൽനട യാത്രക്കാരും വാഹനങ്ങളും റോഡിൽ ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.
Kerala
മലപ്പുറം: കൊഹിന്നൂരിൽ നിർത്തിയിട്ട ലോറിയിൽ കാർ ഇടിച്ച് ഒരാൾ മരിച്ചു. കോഴിക്കോട്ടു നിന്നും തൃശൂരിലേക്ക് വരികയായിരുന്ന സംഘം സഞ്ചരിച്ച കാർ ആണ് അപകടത്തിൽപ്പെട്ടത്.
12 വയസുള്ള കുട്ടി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ദേശീയപാതയിൽ നിർത്തിയിട്ട ലോറിയിലാണ് കാർ ഇടിച്ചത്.