Kerala
തിരുവനന്തപുരം: കേന്ദ്രം ആവശ്യപ്പെട്ടാൽ ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതി സംസ്ഥാനം അംഗീകരിക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അതിവേഗ റെയിൽ ഏതായാലും മതി.
കെ റെയിൽ ആയാലും ആർആർടിഎസ് ആയാലും ശ്രീധരന്റേതായാലും അതിവേഗ റെയിൽപാത വന്നാൽ മതി. കെ റെയിൽ വേണ്ടെന്നു വച്ചതു കേന്ദ്രം സമ്മതിക്കാത്തതുകൊണ്ടാണ്. അതിൽ രാഷ്ട്രീയമുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു.
കെ റെയിൽ വേണ്ട ശ്രീധരന്റെ അതിവേഗ പാത മതിയെന്നാണു സതീശൻ പറയുന്നത്. അച്ഛനെയും അമ്മയേയും കൊന്ന പ്രതിയോട് അവസാനമായി എന്താണ് പറയാനുള്ളതെന്നു കോടതി ചോദിക്കും. തനിക്ക് അച്ഛനും അമ്മയുമില്ല, തന്നെ വെറുതെ വിടണമെന്ന് പ്രതി പറയും.
അതുപോലെയുള്ള അവസ്ഥയാണ് ഇപ്പോൾ സതീശന്റേതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. സ്പ്രിംകഗ്ല്ലർ കേസ് കോടതി തള്ളിയ സാഹചര്യത്തിൽ കേസ് കൊടുത്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും കെ. സുരേന്ദ്രനും മാപ്പു പറയണമെന്നും അദ്ദേഹം പറഞ്ഞു.
National
ന്യൂഡല്‍ഹി: ബംഗ്ലാദേശിലെ സുരക്ഷാ സാഹചര്യം മോശമാകുന്ന സാഹചര്യത്തില്‍ അവിടെ നിയോഗിച്ചിരിക്കുന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെയും ആശ്രിതരെയും ഇന്ത്യയിലേക്ക് തിരിച്ചുവിളിക്കാന്‍ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍. മുന്‍കരുതല്‍ നടപടിയായിട്ടാണ് തീരുമാനമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ധാക്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലും ചട്ടോഗ്രാം, ഖുല്‍ന, രാജ്ഷാഹി, സില്‍ഹെറ്റ് എന്നിവിടങ്ങളിലെ മറ്റ് നയതന്ത്ര പദവികളിലും ജോലി ചെയ്യുന്നവരുടെ കുടുംബങ്ങളെ തിരിച്ചയക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഹൈക്കമ്മീഷന്റെ പ്രവർത്തനം തുടരും.
ബംഗ്ലാദേശില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നതും തീവ്രവാദി-റാഡിക്കല്‍ ഘടകങ്ങളില്‍ നിന്നുള്ള ഭീഷണികളും കണക്കിലെടുത്താണ് ഈ തീരുമാനം. ബംഗ്ലാദേശില്‍ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമാണ് ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തില്‍ പിരിമുറുക്കം വര്‍ധിച്ചത്
ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ബംഗ്ലാദേശിലെ അക്രമങ്ങളില്‍ ഇന്ത്യ ആവര്‍ത്തിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഫെബ്രുവരി 12ന് നടക്കുന്ന ബംഗ്ലാദേശിലെ പാര്‍ലമെന്റ്തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെയാണ് ഇന്ത്യയുടെ നടപടി.
National
ന്യൂഡൽഹി: ദേശീയപാതകളിൽ ടോളുകൾ ഒഴിവാക്കുന്ന വാഹനങ്ങൾക്ക് ഫിറ്റ്നസ് പുതുക്കൽ, ഉടമസ്ഥാവകാശ കൈമാറ്റം, പെർമിറ്റുകൾ എടുക്കുക തുടങ്ങിയ കാര്യങ്ങൾക്ക് ഇനിമുതൽ തടസം നേരിടും.
ദേശീയപാതകളിൽ ടോൾ അടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്നത് തടയാൻ കേന്ദ്രസർക്കാർ മോട്ടോർ വാഹനനിയമത്തിൽ ഭേദഗതി വരുത്തിയതാണ് പുതിയ മാറ്റത്തിനു കാരണം.
നിശ്ചയിച്ചിട്ടുള്ള തുകയടയ്ക്കാതെ ടോൾ ഗേറ്റ് കടക്കുന്ന വാഹങ്ങൾക്ക് ആ തുക അടച്ച് ബാധ്യത ഒഴിവാക്കുന്നതുവരെ ഇനിമുതൽ എൻഒസി ലഭിക്കില്ല.
Kerala
ന്യൂഡൽഹി: മുൻ ഡിജിപി ജേക്കബ് തോമസ് പ്രതിയായ ഡ്രജ്ജർ അഴിമതിക്കേസിൽ തെറ്റായ വിവരം നൽകിയതിന് കേന്ദ്ര സർക്കാരിന് സുപ്രീംകോടതി പിഴയിട്ടു. കോടതിയെ വിഡ്ഢിയാക്കാൻ ശ്രമിക്കുകയാണോയെന്ന് ചോദിച്ച സുപ്രീംകോടതി കേന്ദ്ര സർക്കാരിന് 25,000 രൂപ പിഴ ചുമത്തി.
നെതർലാൻഡിലേക്ക് അന്വേഷണത്തിന് പോകാനുള്ള ഉദ്യോഗസ്ഥരുടെ വിവരങ്ങളും അപേക്ഷയും കേരള സർക്കാർ നൽകിയില്ലെന്ന് കേന്ദ്രത്തിനായി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി.രാജു രാവിലെ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഇത് തെറ്റാണെന്നും വിവരങ്ങൾ ധരിപ്പിച്ചെന്നും സംസ്ഥാനത്തിനായി ഹാജരായ ജയന്ത് മുത്തുരാജ് കോടതിയിൽ വ്യക്തമാക്കി.
തുടർന്ന് ഉച്ചയ്ക്ക് കേസ് വീണ്ടും പരിഗണിച്ചപ്പോൾ കേന്ദ്രം നിലപാട് തിരുത്തി. ഇതോടെ രൂക്ഷമായ വിമർശനം നടത്തിയാണ് സുപ്രീംകോടതി പിഴ ചുമത്തിയത്. 50,000 രൂപ പിഴ ചുമത്തുമെന്ന് ജസ്റ്റീസ് രാജേഷ് ബിന്‍ഡാല്‍ ആദ്യം പറഞ്ഞെങ്കിലും പിന്നീട് പിഴ കുറയ്ക്കുകയായിരുന്നു.
National
ന്യൂഡൽഹി: കഴിഞ്ഞ ഡിസംബറിൽ ഇന്ത്യയുടെ ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള അന്തരം (വ്യാപാരക്കമ്മി) നേരിയ തോതിൽ വർധിച്ചെന്നു കേന്ദ്ര വാണിജ്യമന്ത്രാലയം.
ഡിസംബറിൽ ഇന്ത്യ 3851 കോടി ഡോളറിന്റെ കയറ്റുമതി നടത്തിയപ്പോൾ ഇറക്കുമതി ചെയ്തത് 6355 കോടി ഡോളറിന്റെ ചരക്കുകളാണ്. ഇറക്കുമതി കയറ്റുമതിയെക്കാൾ അധികമാകുന്പോഴുള്ള വ്യാപാരക്കമ്മി കഴിഞ്ഞ മാസം 2504 കോടി ഡോളറാണെന്ന് കേന്ദ്രം പുറത്തുവിട്ട കണക്കിൽ പറയുന്നു.
കഴിഞ്ഞ നവംബറിൽ ഇന്ത്യയുടെ വ്യാപാരക്കമ്മി അഞ്ചുമാസത്തിനിടെ ഏറ്റവും കുറവായ 2453 കോടി ഡോളറിലെത്തിയിരുന്നെങ്കിലും ഡിസംബറിൽ ഇറക്കുമതി നല്ല രീതിയിൽ വർധിച്ചു.
അമേരിക്ക ചുമത്തിയ കനത്ത പിഴത്തീരുവയ്ക്കിടയിലും ഇന്ത്യക്ക് കയറ്റുമതി ചെറിയ രീതിയിലെങ്കിലും ഡിസംബറിൽ വർധിപ്പിക്കാനായതും നവംബറിൽനിന്ന് വ്യപാരക്കമ്മി കഴിഞ്ഞ മാസം നേരിയ തോതിൽ വർധിക്കുന്നതിനു കാരണമായി.
നടപ്പുസാന്പത്തിക വർഷത്തിന്റെ ആദ്യ ഒൻപത് മാസങ്ങളിലെ യുഎസ് കയറ്റുമതി മാസാമാസം വർധിച്ചിട്ടുണ്ടെന്നു ഇന്ത്യയുടെ വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ പറഞ്ഞു. മാർച്ച് 31ന് സാന്പത്തിക വർഷം അവസാനിക്കുന്പോഴേക്കും ഇന്ത്യയുടെ മൊത്തം കയറ്റുമതി വ്യാപാരം 85,000 കോടി ഡോളറിലധികമാകുമെന്നും അഗർവാൾ കൂട്ടിച്ചേർത്തിട്ടുണ്ട്.
National
ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റ് എന്നറിയപ്പെടുന്ന സൈബർ തട്ടിപ്പുകൾ തത്സമയം തടയുന്നതിനായി ഇന്റർ ഡിപ്പാർട്ട്മെന്റൽ സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ.
ആഭ്യന്തര സുരക്ഷയുടെ സ്പെഷൽ സെക്രട്ടറി അധ്യക്ഷനായ സമിതി ഇതിനോടകം നിരവധി തവണ യോഗം ചേർന്നെന്നും ഗൂഗിൾ, വാട്സാപ്, ടെലിഗ്രാം, മൈക്രോസോഫ്റ്റ് എന്നീ ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളുടെ പ്രതിനിധികൾ അവസാനം നടന്ന യോഗത്തിൽ പങ്കെടുത്തെന്നും കേന്ദ്രം സുപ്രീംകോടതിയിൽ സമർപ്പിച്ച സ്റ്റാറ്റസ് റിപ്പോർട്ടിൽ പറയുന്നു.
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ തടയുന്നതിനായി വിവിധ ഏജൻസികളുൾപ്പെട്ട സമിതി രൂപീകരിക്കണമെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചതിനെത്തുടർന്ന് ഡിസംബർ 26നാണ് ഇന്റർ ഡിപ്പാർട്ട്മെന്റൽ സമിതി രൂപീകരിച്ചത്.
ആഭ്യന്തര സുരക്ഷയുടെ സ്പെഷൽ സെക്രട്ടറിയെക്കൂടാതെ ഐടി, വിദേശകാര്യം, നിയമം, ഉപഭോക്ത കാര്യം എന്നീ മന്ത്രാലയങ്ങളിൽനിന്നും സാന്പത്തിക സേവന വകുപ്പ്, റിസർവ് ബാങ്ക്, എൻഐഎ, സിബിഐ, ഡൽഹി പോലീസ്, ഇന്ത്യൻ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്റർ എന്നീ മേഖലകളിൽനിന്നുമുള്ള പ്രതിനിധികൾ സമിതിയിൽ അംഗങ്ങളാണ്.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്ന കേന്ദ്ര വിരുദ്ധ സമരത്തെ പരിഹസിച്ച് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. മുഖ്യമന്ത്രി ഇന്നലെ സത്യഗ്രഹമിരുന്നത് പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിലായിരുന്നെങ്കിലും അത് ഇന്ദിരാഭവനു മുമ്പിലാണെന്നാണ് അദ്ദേഹം കരുതിയിരുതെന്നാണ് തോന്നുന്നതെന്ന് ഷിബു ബേബി ജോൺ പറഞ്ഞു.
കാരണം, സമരം കേന്ദ്രസർക്കാരിനെതിരെ ആയിരുന്നെങ്കിലും അതിൽ കേന്ദ്ര സർക്കാരിനെതിരെ ചെറുവിമർശനങ്ങൾ മാത്രവും, എന്നാൽ യുഡിഎഫിനും കോൺഗ്രസിനുമെതിരെ ആഞ്ഞടിക്കുകയുമായിരുന്നു. ബിജെപി പോലും ഉന്നയിക്കാൻ മടിക്കുന്ന കടുത്ത വർഗീയ പരാമർശങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളുമാണ് ഈ പ്രസംഗത്തിലുടനീളം അദ്ദേഹം വീണ്ടും ആവർത്തിച്ചതെന്നും ഷിബു ബേബി ജോൺ ഫേസ്ബുക്കിൽ കുറിച്ചു.
ഇന്ന് ഇന്ത്യാ രാജ്യത്ത് ബിജെപി മുഖ്യമന്ത്രിമാർക്കു പോലും ഫോൺ എടുത്ത് നേരിട്ട് നരേന്ദ്രമോദിയെ വിളിക്കാനുള്ള സ്വാധീനമില്ല. മറ്റ്, ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് അതേപ്പറ്റി ചിന്തിക്കാൻ പോലുമാകില്ല. അതിനു കഴിയുന്ന ഏക മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമാണ്. ആ സ്വാധീനം ഉപയോഗിക്കാതെ, കേന്ദ്രം സാമ്പത്തികമായി ഞെരിക്കുന്നു എന്നൊക്കെ പറഞ്ഞ് ഇത്തരം പ്രഹസനങ്ങൾ കാണിക്കുന്നത് ആരെ ബോധിപ്പിക്കാനാണെന്നും അദ്ദേഹം ചോദിച്ചു.
കേന്ദ്രത്തിനെതിരെയുള്ള സമരം എന്ന പേരിൽ യുഡിഎഫിനെതിരെ വർഗീയ ചേരിതിരിവ് ലക്ഷ്യം വച്ചുകൊണ്ടുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നതിലെ ഇരട്ടത്താപ്പ് കേരളത്തിലെ ജനങ്ങൾക്ക് മനസിലാകില്ലെന്നു കരുതരുതെന്നും ഷിബു ബേബി ജോൺ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: അനർഹമായത് ഒന്നും കേരളം ആവശ്യപ്പെടുന്നില്ലെന്നും നാടിന് അർഹതപ്പെട്ടത് കേന്ദ്രം നിഷേധിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം വികസനവുമായി മുന്നോട്ട് പോകുമ്പോൾ അത് തടസപ്പെടുത്തുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രത്തിന്റെ ഈ സമീപനത്തിനെതിരെ കേരളത്തോട് താൽപര്യം ഉള്ള എല്ലാവരും ഒന്നിച്ചു നിന്ന് ശബ്ദം ഉയർത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന സംസ്ഥാന സർക്കാരിന്റെ സത്യഗ്രഹ സമരത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
തിക്തമായ അനുഭവം കേന്ദ്ര സർക്കാരിൽ നിന്നും ഉണ്ടായിട്ടുണ്ട്. നിർഭാഗ്യവശാൽ ചില വിഭാഗങ്ങൾ കേരളത്തിന് വേണ്ടി ശബ്ദം ഉയർത്താൻ തയാറാകുന്നില്ല. കേരളത്തോട് ബിജെപിക്കും കേന്ദ്ര സർക്കാരിനും പക പോക്കൽ നടപടിയാണുള്ളത്.
കേന്ദ്രസർക്കാർ പക്ഷപാതപരമായ സമീപനം സ്വീകരിക്കുമ്പോൾ ഇവിടെയുള്ള കേന്ദ്രത്തിലെ ഭരണകക്ഷിയായ ബിജെപി അതിന്റെ കൂടെയാണ് നിൽക്കുന്നത്. സ്വന്തം കൈയിലുള്ള അധികാരം അത് അമിതാധികാരം ആണെന്ന് ധരിക്കുന്നതാണ് കേന്ദ്രത്തിലെ അധികാരികൾ.
കേരളത്തിന്റെ താൽപര്യം ഒരുതരത്തിലും ഉയർത്താൻ പ്രതിപക്ഷം തയാറല്ല. അതിന് അവരുടെതായ കാരണങ്ങൾ കാണും. നാട് മുന്നോട്ട് പോകാൻ പാടില്ല എന്ന കൂർമ ബുദ്ധിയാണ് യുഡിഎഫിനും കോൺഗ്രസിനും ഉള്ളത്.
കേരളത്തെ അവഗണിക്കുമ്പോൾ, അവഗണിക്കുന്ന കേന്ദ്ര സമീപനത്തെയാണ് കോൺഗ്രസ് പിന്താങ്ങുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
National
ന്യൂഡൽഹി: കൗമാരക്കാരുടെ ആത്മാർഥ പ്രണയം പോക്സോ കേസിന്റെ കുരുക്കിൽപ്പെടാതിരിക്കാൻ കേന്ദ്രസർക്കാരിന് നിർദേശവുമായി സുപ്രീംകോടതി.
പോക്സോ നിയമ ദുരുപയോഗം തടയാൻ "റോമിയോ-ജൂലിയറ്റ്’ ചട്ടം അവതരിപ്പിക്കുന്നതു പരിഗണിക്കണമെന്നും ജസ്റ്റീസുമാരായ സഞ്ജയ് കരോൾ, എൻ. കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.
കുട്ടികളെ സംരക്ഷിക്കാനാണു പോക്സോ നിയമമെങ്കിലും കൗമാരക്കാരുടെ പരസ്പരസമ്മതത്തോടെയുള്ള ബന്ധങ്ങളെ ഇല്ലാതാക്കുന്നതിന് നിയമം വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായും ഇതു സംരക്ഷിക്കുന്നതിന് നടപടി ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.
Kerala
തിരുവനന്തപുരം: റബറിന്റെ താങ്ങുവില 250 രൂപയാക്കി ഉയർത്താൻ കേന്ദ്രം നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടാൻ കേരളം. സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇന്നു കേന്ദ്ര ധനമന്ത്രിക്കു സമർപ്പിക്കുന്ന നിവേദനത്തിൽ റബറിന്റെ താങ്ങുവില ഉയർത്തണമെന്ന റബർ കർഷകരുടെ സുപ്രധാന ആവശ്യം ഉന്നയിക്കും. ഇപ്പോൾ, സംസ്ഥാനം 200 രൂപയാണ് നൽകുന്നത്. ഇതിലാണ് കേന്ദ്രം 50 രൂപയുടെ വർധന വരുത്തി റബർ കർഷകരെ സഹായിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത്.
സംസ്ഥാനത്തിന്റെ വെട്ടിക്കുറച്ച കടമെടുക്കൽ പരിധി പുനഃസ്ഥാപിക്കണമെന്ന ആവശ്യമടങ്ങിയ നിവേദനമാണ് സമർപ്പിക്കുക. കേന്ദ്ര ബജറ്റിനു മുന്നോടിയായി കേന്ദ്രമന്ത്രി ഡൽഹിയിൽ ഇന്നു വിളിച്ച സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തിൽ മന്ത്രി കെ.എൻ. ബാലഗോപാൽ പങ്കെടുക്കും. ജനുവരി മുതൽ മാർച്ച് വരെയുള്ള സാന്പത്തിക വർഷത്തിൽ കേരളത്തിന്റെ കടമെടുക്കൽ പരിധി 12,000 കോടി രൂപയായിരുന്നത് പകുതിയോളം വെട്ടിക്കുറച്ചു. സാന്പത്തിക വർഷം മുഴുവൻ 17,000 കോടിയോളം രൂപയാണ് വെട്ടിക്കുറച്ചത്.
ഐജിഎസ്ടിയിൽ മാത്രം 965 കോടി രൂപയുടെ വെട്ടിക്കുറവു വരുത്തി. കേന്ദ്രത്തിന്റെ തെറ്റായ കണക്കുകളുടെ അടിസ്ഥാനത്തിലാണിത്. 31,000 കോടി രൂപയുടെ ഗ്രാന്റ് 6,000 കോടി രൂപയിലേക്ക് ഒതുക്കി. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ കേരളത്തിന് അനുവദിച്ച 1877 കോടി രൂപയും വെട്ടിക്കുറച്ചു.
സിൽവർ ലൈൻ പദ്ധതിക്ക് പകരമുള്ള റെയിൽവേ പദ്ധതി അനുവദിക്കുക, ഗതാഗതത്തിരക്ക് കുറയ്ക്കാൻ കൂടുതൽ റെയിൽവേ സൗകര്യങ്ങൾ അനുവദിക്കുക, വിഴിഞ്ഞം തുറമുഖ വികസനത്തിന് ആവശ്യമായ കേന്ദ്ര സഹായം അനുവദിക്കുക, വിഴിഞ്ഞത്തിന് ബജറ്റിൽ വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിൽ ഉന്നയിക്കും. കേരളത്തെ സാന്പത്തികമായി ബുദ്ധിമുട്ടിക്കുന്ന കേന്ദ്ര സർക്കാർ സമീപനത്തിൽ പ്രതിഷേധിച്ച് 12ന് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സമരം നടത്തുന്നുണ്ട്.
കേരളത്തിന്റെ തനതു നികുതി വരുമാനം ഇരട്ടിയിലധികമായി ഉയർന്നതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. 2015-16ൽ 38,995 കോടി രൂപയായിരുന്ന തനതു നികുതി വരുമാനം 2024-25ൽ 84,884 കോടി രൂപയായി ഉയർന്നു. 117 ശതമാനം വർധന. സംസ്ഥാനത്തിന്റെ മൊത്തം തനത് വരുമാനം ഒരു ലക്ഷം കോടി പിന്നിട്ടു .2015-16 ലെ 47,420 കോടി രൂപയിൽനിന്ന് 2024-25ൽ 1,03,240 കോടി രൂപയായാണ് തനതു വരുമാനം ഉയർന്നത്, 118% വർധന.
Kerala
തിരുവനന്തപുരം: വെട്ടിക്കുറച്ച സംസ്ഥാനത്തിന്റെ കടമെടുക്കല്‍ പരിധി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം നാളെ കേന്ദ്രത്തിന് നിവേദനം സമര്‍പ്പിക്കും. കേന്ദ്ര ബജറ്റിനു മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഡല്‍ഹിയില്‍ വിളിച്ച സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തില്‍ മന്ത്രി കെ.എന്‍. ബാലഗോപാല്‍ പങ്കെടുക്കും. ഇവിടെവച്ചാകും നിവേദനം സമര്‍പ്പിക്കുക.
ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന്റെ കടമെടുക്കല്‍ പരിധി 12,000 കോടി രൂപയായിരുന്നത് പകുതിയോളം കേന്ദ്രം വെട്ടിക്കുറച്ചിരുന്നു. സാമ്പത്തിക വര്‍ഷം മുഴുവന്‍ 17,000 കോടിയോളം രൂപയാണ് വെട്ടിക്കുറച്ചത്.
ഐജിഎസ്ടിയില്‍ മാത്രം 965 കോടി രൂപയുടെ വെട്ടിക്കുറവു വരുത്തി. കേന്ദ്രത്തിന്റെ തെറ്റായ കണക്കുകളുടെ അടിസ്ഥാനത്തിലാണിത്. 31,000 കോടി രൂപയുടെ ഗ്രാന്റ് 6,000 കോടി രൂപയിലേക്ക് ഒതുക്കി. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ കേരളത്തിന് അനുവദിച്ച 1,877 കോടി രൂപയും വെട്ടിക്കുറച്ചു.
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പകരമുള്ള റെയില്‍വേ പദ്ധതി അനുവദിക്കുക, ഗതാഗത്തിരക്ക് കുറയ്ക്കാന്‍ കൂടുതല്‍ റെയില്‍വേ സൗകര്യങ്ങള്‍ അനുവദിക്കുക, വിഴിഞ്ഞം തുറമുഖ വികസനത്തിന് ആവശ്യമായ കേന്ദ്ര സഹായം അനുവദിക്കുക, വിഴിഞ്ഞത്തിന് ബജറ്റില്‍ വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തില്‍ ഉന്നയിക്കും.
കേരളത്തെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സമീപനത്തില്‍ പ്രതിഷേധിച്ച് 12ന് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സമരം നടത്തുന്നുണ്ട്.
National
ചണ്ഡീഗഢ്: പഞ്ചാബിലെ കര്‍ഷക പ്രസ്ഥാനമായ കിസാന്‍ ആന്ദോളന്റെ ഭാഗമായി, ഒരു വര്‍ഷത്തെ ദീര്‍ഘ ഇടവേളയ്ക്ക് ശേഷം കര്‍ഷക പ്രതിനിധികളും കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച ഹൈപവര്‍ഡ് കമ്മിറ്റിയും തമ്മിലുള്ള ചര്‍ച്ചകള്‍ ഇന്ന് പുനരാരംഭിക്കും.
മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) നിയമപരമായ ഗ്യാരന്റി, കടാശ്വാസം, മറ്റ് കാര്‍ഷിക ആശങ്കകള്‍ എന്നിവയില്‍ വ്യക്തത തേടിയാണ് കര്‍ഷകര്‍ ചര്‍ച്ചയ്ക്ക് തയ്യാറായത്
2020-21ല്‍ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടന്ന വന്‍ പ്രക്ഷോഭത്തിന് ശേഷമാണ് കര്‍ഷകരുമായുള്ള ചര്‍ച്ചകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഒരു ഹൈപവേര്‍ഡ് കമ്മിറ്റി രൂപീകരിച്ചത്.
എന്നാല്‍ 2024-25ല്‍ ശംഭു, ഖനൗരി അതിര്‍ത്തികളില്‍ നടന്ന ദീര്‍ഘ പ്രക്ഷോഭങ്ങള്‍ക്ക് ശേഷം ചര്‍ച്ചകള്‍ നിര്‍ത്തിവെച്ച നിലയിലായരുന്നു. എന്നാല്‍ കര്‍ഷകര്‍ വീണ്ടും ഇതേ ആവശ്യങ്ങള്‍ ഉയര്‍ത്തി രംഗത്തെത്തിയതോടെയാണ് ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നത്.
National
ന്യൂഡൽഹി: കീടനാശിനി നിയന്ത്രണ നിയമത്തിന്റെ കരട് ബിൽ തയാറാക്കി കേന്ദ്ര സർക്കാർ. 1968ലെയും 1971ലെയും ഇൻസെക്ടിസൈഡ്സ് നിയമങ്ങളെ പുനഃസ്ഥാപിക്കുന്ന പുതിയ ബിൽ വ്യാജ കീടനാശിനികളെ നിയന്ത്രിക്കുന്നതിനും കർഷകക്ഷേമം ഉറപ്പാക്കുന്നതിനും സഹായിക്കുമെന്ന് കേന്ദ്രം പറയുന്നു.
കീടനാശിനികളുടെ ശാസ്ത്രീയ, സാങ്കേതിക വശങ്ങളിൽ ഉപദേശം നൽകാനായി കേന്ദ്ര കീടനാശിനി ബോർഡിന്റെയും കീടനാശിനികളുടെ രജിസ്ട്രേഷനായി രജിസ്ട്രേഷൻ കമ്മിറ്റിയുടെയും രൂപീകരണവും ബിൽ ശിപാർശ ചെയ്യുന്നുണ്ട്. വ്യാജ കീടനാശിനികളുടെ ഉപയോഗം കർശനമായി നിയന്ത്രിക്കുന്ന ബില്ലിൽ രജിസ്ട്രേഷനില്ലാതെ ഇറക്കുമതി ചെയ്യുന്ന കീടനാശിനികൾക്ക് കർശന ശിക്ഷകളാണ് ചുമത്തുന്നത്.
പുതിയ ബില്ലിൽ നിയമനിർവഹണ അധികാരങ്ങൾ വിപുലീകരിച്ചിട്ടുമുണ്ട്. ബില്ലിനു കീഴിൽ നിയമിക്കപ്പെടുന്ന കീടനാശിനി ഇൻസ്പെക്ടർമാർക്ക് വാഹനമടക്കം പരിശോധിക്കാനും കീടനാശിനിയുമായി ബന്ധപ്പെട്ട ഏതു രേഖകൾ പരിശോധിക്കാനും അവയുടെ പകർപ്പുകൾ സൃഷ്ടിക്കാനും സാംപിളുകൾ ശേഖരിക്കാനും അധികാരമുണ്ട്.
ഗുണനിലവാരമുള്ള കീടനാശിനികൾ മാത്രമാണ് കർഷകരിലേക്കെത്തുന്നതെന്ന് ഉറപ്പാക്കാൻ പരീക്ഷണ ലബോറട്ടറികളുടെ അക്രഡിറ്റേഷനും ബിൽ ഉറപ്പാക്കുന്നുണ്ട്. ഇതിനോടൊപ്പം ആരോഗ്യത്തിനു ഹാനികരമെന്നു കണ്ടാൽ ഏതു സമയത്തും കീടനാശിനിയുടെ ലൈസൻസ് റദ്ദാക്കാമെന്ന വ്യവസ്ഥയും ബില്ലിലുണ്ട്.
ബിൽ നിയമമാകുന്നതോടെ കീടനാശിനികളുടെ ഉത്പാദനം, ഇറക്കുമതി, ലേബലിംഗ്, വിൽപന, ഉപയോഗം തുടങ്ങിയവയെല്ലാം കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലായിരിക്കും. കരടിൽ ഫെബ്രുവരി നാലു വരെ പൊതുജനങ്ങൾക്ക് അഭിപ്രായങ്ങളും നിർദേശങ്ങളുമറിയിക്കാം.
National
ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പദ്ധതിയിൽ ഉൾപ്പെടാനുള്ള വേതനപരിധി ഉയർത്തുന്നത് സംബന്ധിച്ച് നാല് മാസത്തിനുള്ളിൽ തീരുമാനമെടുക്കാൻ കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി.
11 വർഷമായി 15,000 രൂപയെന്ന പരിധി തുടരുകയാണെന്നും ഇത് പരിഷ്കരിക്കണമെന്നുമാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് ജസ്റ്റീസുമാരായ ജെ.കെ.മഹേശ്വരി, അതുൽ എസ്. ചന്ദൂർക്കർ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർദേശം.
Leader Page
കേരളം കേന്ദ്രത്തിൽനിന്നു സാന്പത്തിക ഉപരോധം നേരിടുന്നുവെന്നും കടമെടുപ്പ് പരിധി 5,944 കോടി വെട്ടിയത് പുനഃസ്ഥാപിക്കണമെന്നും മുഖ്യമന്ത്രിയും ധനമന്ത്രിയും ആവശ്യപ്പെടുകയുണ്ടായി. കേന്ദ്രം കേരളത്തെ സാന്പത്തികമായി ശ്വാസം മുട്ടിക്കുകയാണെന്നാണ് ഇവരുടെ ആരോപണം. കേരളത്തിന് ബാധകമായ നെറ്റ് ബോറോയിംഗ് നിരക്ക് 2024-25ൽ കേന്ദ്രം താഴ്ത്തിയതും 2025-26ൽ വീണ്ടും കുറച്ചതും കടുത്ത പ്രകോപനമുണ്ടാക്കിയിരിക്കുന്നു. കേന്ദ്രത്തിന്റെ നടപടി ഏകപക്ഷീയവും രാഷ്ട്രീയപ്രേരിതവുമാണെന്ന് കേരളം ആക്ഷേപിക്കുന്പോൾ കേന്ദ്രം നല്കുന്ന വിശദീകരണം മുൻകാലങ്ങളിലെ ക്രമാതീതമായ അമിത വായ്പകളെ നിയമാനുസൃതം ക്രമപ്പെടുത്തുന്ന നടപടിയെന്നാണ്.
വ്യത്യസ്ത സമീപനങ്ങൾ
കേരള സർക്കാരിന്റെ ലക്ഷ്യങ്ങളിൽ ഉയർന്ന ക്ഷേമവും വർധിത ചെലവാക്കലുകളും പ്രധാനമാണ്. ശന്പളം, പെൻഷൻ, പലിശതിരിച്ചടവ് എന്നീ പ്രതിഛായസംബന്ധമായവ അനുസ്യൂതം തുടരണമെന്ന നയസമീപനം നിർബാധം നടപ്പിലാക്കാൻവേണ്ടി ബജറ്റിന് പുറമേയുള്ള വായ്പാ സാധ്യതകളെ വലിയ തോതിൽ അവലംബിച്ചു പോന്നു. കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്വം സാന്പത്തിക അച്ചടക്കം നിലനിർത്തുകയെന്നതാണ്. ഫിസ്കൽ റസ്പോൺസിബിലിറ്റി ആൻഡ് ബജറ്റ് മാനേജ്മെന്റ് (എഫ്ആർബിഎം) ചട്ടക്കൂട്ടിനുള്ളിൽനിന്ന് നിയമാനുസൃതം പ്രവർത്തിക്കുകയും ദേശീയ തലത്തിൽ സാന്പത്തിക സുസ്ഥിരത ഏർപ്പാടാക്കുകയും ചെയ്യുക എന്നതാണ്. മേൽ രണ്ട് ലക്ഷ്യങ്ങൾ പരസ്പരം ഏറ്റുമുട്ടുന്ന സാഹചര്യങ്ങൾ ഉണ്ടാകുന്നത് സംസ്ഥാനത്തിന്റെ ഓഫ് ബജറ്റ് വായ്പകൾ വലിയതോതിൽ കുമിഞ്ഞുകൂടുന്പോഴാണ്. ഇപ്രകാരം കേരളത്തിൽ സംഭവിക്കുന്നുവെന്നാണ് കേന്ദ്രം സൂചിപ്പിക്കുന്നത്.
വായ്പാ നിയമങ്ങൾ
ഭരണഘടനയുടെ ആർട്ടിക്കിൾ 293(3) പ്രകാരം, സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാരിൽനിന്നുമുള്ള വായ്പയുടെ കുടിശികയുണ്ടെങ്കിൽ അല്ലെങ്കിൽ ഇന്ത്യാ ഗവണ്മെന്റ് ഗ്യാരന്റി നല്‍കിയിട്ടുള്ള ഏതെങ്കിലും വായ്പയുടെ കുടിശികയുണ്ടെങ്കിൽ, ആ സംസ്ഥാനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ വായ്പയെടുക്കാൻ പാടില്ല. ഇത് നടപ്പിലാക്കുന്നത് എഫ്ആർബിഎം ആക്ട് പ്രകാരമുള്ള നെറ്റ് ബോറോവിംഗ് സീലിംഗ് നിരക്ക്, നിലവിൽ ബാധകമായ മൂന്നു ശതമാനം ജിഡിപിയുടെ എന്ന മാനദണ്ഡപ്രകാരമാണ്. ഒരു സംസ്ഥാനം വായ്പാ തിരിച്ചടവിനായി കണ്‍സോളിഡേറ്റഡ് ഫണ്ടിനെ ആശ്രയിച്ചാൽ അത് സംസ്ഥാനത്തിന്റെ കടമായി കരുതപ്പെടും; ഇവ സംസ്ഥാന ബജറ്റിന്റെ ഭാഗമായോ അല്ലാതെ എസ്പിവി ആയോ ആവാം.
തർക്കത്തിന്റെ കാതൽ
കേരളത്തിലെ എൽഡിഎഫ് സർക്കാർ പണനയത്തിന്റെ ഭാഗമായി കിഫ്ബി/എസ്പിവി/ സ്റ്റേറ്റ് ഗ്യാരന്റികൾ എന്നിവയിലൂടെ വലിയ തോതിൽ വായ്പയെടുക്കുകയും ഇവയെ വായ്പാ പരിധിയിൽനിന്നു മാറ്റിനിർത്തുകയും ചെയ്തു. എന്നാൽ, കേന്ദ്രസർക്കാർ ഇവയെ സർക്കാർ, പൊതുവായ്പകളായി പരിഗണിക്കുമെന്ന് വ്യക്തമാക്കി.
ഒന്നാം സർക്കാർ വായ്പകൾ
പിന്നിട്ട ഒന്നാം പിണറായി സർക്കാർ (2016-21) കാലഘട്ടത്തിൽ നേരിട്ടുള്ള ബജറ്റ് ബാധകമായ വായ്പ നിയമാനുസൃതമായി 1,05,000 കോടി രൂപയിലൊതുക്കി എഫ്ആർബിഎം നിബന്ധനകൾ അനുസരിച്ചു. എന്നാൽ, ബജറ്റിന് പുറത്ത്, ഇതര വഴികളിലൂടെ വലിയതോതിൽ വായ്പയെടുക്കൽ പ്രയോഗത്തിൽ വരുത്തിയെന്ന് കാണാം. 2016-21 കാലഘട്ടത്തിൽ കിഫ്ബിയുടെ കടം 20,000 കോടിയിൽനിന്ന് 38,000 കോടി രൂപയായി വർധിച്ചു. പെൻഷൻ എസ്പിവി വായ്പ 8,000 കോടിയിൽനിന്ന് 14,000 കോടിയായി ഉയർന്നു. മറ്റ് സംസ്ഥാന ഗ്യാരന്റികളിലൂടെയുള്ള വായ്പ 6,000 കോടിയിൽനിന്ന് 12,000 കോടി രൂപയായും ഉയർന്നു. ഈ മൂന്ന് ഓഫ് ബജറ്റ് വഴികളിലൂടെ 30,000 കോടിയുടെ അധികവായ്പകൾ സംസ്ഥാനത്തിന് മേൽ ഈ സർക്കാർ അടിച്ചേൽപ്പിച്ചു കഴിഞ്ഞിരുന്നു.
തുടർഭരണത്തിൽ വായ്പകൾ
രണ്ടാമൂഴത്തിൽ ഇടതു സർക്കാരിന്റെ പിന്നിട്ട നാലു വർഷങ്ങളിൽ അനുവദനീയമായിട്ടുള്ള വായ്പാ പരിധി 23,000 കോടി രൂപയിൽനിന്ന് ഉയർന്ന് 27,000 കോടിയായി. എന്നാൽ, ഈ കാലഘട്ടത്തിൽ ക്രമാതീതമായി ഏറ്റെടുത്ത ഓഫ് ബജറ്റ് വായ്പകൾ ക്രമംതെറ്റി സന്പദ്ഘടനയെ താറുമാറാക്കി. മുൻ നാലുവർഷങ്ങളിൽ ഓഫ് ബജറ്റ് വായ്പകൾ ആകെ 28,500 കോടിയിലെത്തി.
തിരിച്ചടവ് ക്രമീകരണം
വായ്പാ കുടിശികയുടെ ക്രമീകരണം ഘട്ടംഘട്ടമായിട്ടാണ് കേന്ദ്ര സർക്കാർ ക്രമീകരിച്ചുവരുന്നത്, ഒറ്റയടിക്കല്ല. 2024-25ൽ 9,200 കോടി വകയിരുത്തി. 2025-26ലേക്ക് 14,000-17,000 കോടി, ഗഡുക്കളായി 3-4 വർഷങ്ങളിൽ തിരിച്ചുപിടിക്കുമത്രേ. ഈ തിരിച്ചുപിടിക്കലുകൾ കണക്കുകളിൽ വകവയ്ക്കുകയാണ്, പുതിയവയല്ല. മുൻകാലങ്ങളിലെ വലിയ വായ്പകളുടെ തിരിച്ചടവ് ഭാരം നിലവിലും തുടരുമല്ലോ.
കഷ്ടനഷ്ടങ്ങൾ ആർക്ക്
വായ്പാ നിബന്ധന നടപടികളുടെ ഗൗരവതരമായ നടത്തിപ്പ് ഹ്രസ്വകാലത്തേക്ക് സംസ്ഥാന സർക്കാരിന് ക്ലേശങ്ങൾ സമ്മാനിക്കുമെങ്കിലും നല്ല നടത്തിപ്പിനായുള്ള അവസരമായി കരുതട്ടെ. ക്രമംവിട്ട വലിയ വായ്പകൾ പണപ്പെരുപ്പം, തൊഴിലില്ലായ്മ, അഴിമതി, കെടുകാര്യസ്ഥത തുടങ്ങിയവ വർധിക്കാനുതകുമെന്ന് ന്യായമായും ജനം കരുതും. ഭാവി ഇരുളിലാകാതിരിക്കട്ടെ.
നിലവിലെ ഇടതു സർക്കാർ ഓഫ്-ബജറ്റ് മാർഗങ്ങളിലൂടെ വലിയതോതിൽ വായ്പകൾ ഏറ്റെടുത്തു. ഫലമോ രൂക്ഷമായ വിലക്കയറ്റം, തൊഴിലില്ലായ്മയുടെ പെരുക്കം, വരുമാന മാന്ദ്യത എന്നിവ.
കേന്ദ്രസർക്കാർ മേൽപ്രകാരമുള്ള വായ്പകളെ ക്രമപ്പെടുത്തുന്നതിനോടൊപ്പം ഭാവിയിൽ ഇവയുടെ വിപുലമായ ദുരുപയോഗത്തെ നിയന്ത്രിക്കുകയാണ് ചെയ്യുന്നത് എന്ന് അനുമാനിക്കാം. നിലവിലെ വിവാദം രാഷ്ട്രീയമല്ല, ധനപരമാണ്. മികച്ച ധനകാര്യ നടത്തിപ്പിന് കേന്ദ്രവും ജനങ്ങളോട് ബാധ്യസ്ഥരാണ്. വലിയ കടഭാരം ഏറ്റെടുത്ത് സാധാരണ ജനത്തിനുമേൽ അമിത തിരിച്ചടവ് ബാധ്യതകൾ അടിച്ചേൽപിക്കാതിരിക്കട്ടെ.
ആരോപണങ്ങൾ നിലനിൽക്കുമോ?
(1) ഒറ്റത്തവണ വലിയ തിരിച്ചടവ് വകയിരുത്തൽ കടന്നുവരുന്നത് പെരുകിയ ബാധ്യതകളുടെ പ്രതിഫലനം മാത്രമാണ്.
(2) ജിആർഎഫ് മാനദണ്ഡങ്ങൾ ശാസ്ത്രീയമല്ലെന്ന വാദഗതി നിലനിൽക്കുന്നതല്ല.
(3) കിഫ്ബി വായ്പകൾ കേന്ദ്രം പരിഗണിക്കരുതെന്ന വാദം ഓഡിറ്റ്/ധനകാര്യ നിയമങ്ങൾ/പ്രിൻസിപ്പിൾസ് അനുസരിച്ച് നിലനില്‍ക്കില്ല.
(4) നാഷണൽ ഹൈവേ സ്ഥലമെടുപ്പിനായിട്ടുള്ള വായ്പകളുടെ തിരിച്ചടവ് ഉത്തരവാദിത്വം സർക്കാരിലാണെങ്കിൽ, ഒഴിവാക്കൽ ബാധകമല്ല.
ഇതുപോലുള്ള ക്രമപ്പെടുത്തലുകൾ സമാനതലങ്ങളിലുള്ള സംസ്ഥാനങ്ങൾക്കും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടുന്നുമുണ്ട്.
(തുടരും)
Business
ന്യൂഡൽഹി: ഇന്ത്യയെ ആഗോള ഇലക്ട്രോണിക്സ് നിർമാണ ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ പുതിയ പദ്ധതികൾക്കു വേഗം കൂട്ടുന്നു. ഇതിന്റെ ഭാഗമായി ഇലക്ട്രോണിക്സ് കംപോണന്റ്സ് മാനുഫാക്ചറിംഗ് സ്കീമിനു (ഇസിഎംഎസ്) കീഴിൽ 22 പുതിയ പദ്ധതികൾക്ക് അംഗീകാരം നൽകി. ഈ പദ്ധതിക്കു കീഴിൽ നല്കുന്ന മൂന്നാമത്തെ അംഗീകരമാണ്. പദ്ധതികളിൽ ടാറ്റാ ഇലക്ട്രോണിക്സ്, ഫോക്സ്കോണ്‍, ഡിക്സണ്‍, സാംസംഗ് എന്നിവ ഉൾപ്പെടുന്നു.
പുതിയ അംഗീകരം വഴി 41,863 കോടി രൂപയുടെ വൻകിട നിക്ഷേപവും 2,58,152 കോടി രൂപ മൂല്യമുള്ള ഇലക്ട്രോണിക്സ് ഘടകങ്ങളുടെ ഉത്പാദനവും പ്രതീക്ഷിക്കുന്നു. ഈ പദ്ധതികൾ 33,791 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ഇലക്ട്രോണിക്സ് ഘടകഭാഗങ്ങൾക്കായി രാജ്യം മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുമെന്നും കരുതുന്നു. വെറും അസംബ്ലിംഗിനു പകരം അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഉത്പന്നങ്ങൾ നിർമിക്കാനുള്ള രാജ്യത്തിന്റെ ശേഷി വികസിപ്പിക്കുന്നതിനും ഇത് പിന്തുണയേകും.
മുന്‍പത്തെ പദ്ധതികളും നിലവിലുള്ള സെമി കണ്ടക്ടർ പദ്ധതികളും പുതിയ അംഗീകാരങ്ങളും ഒത്തുചേരുന്പോൾ ഇലക്ട്രോണിക് വിതരണ ശൃംഖലയിലെ ഒരു പ്രധാന ശക്തിയായി മാറാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിന് ഈ നീക്കം കരുത്തുപകരുന്നു.
ആപ്പിളിന്റെ വിതരണശൃംഖലകൾ നിക്ഷേപം ഉയർത്തും
ഇന്ത്യയിലെ ഇലക്ട്രോണിക്സ് നിർമാണ മേഖലയിൽ ആപ്പിളിന്റെ വിതരണശൃംഖലയിലുള്ള കന്പനികൾ വൻതോതിൽ നിക്ഷേപം നടത്തും. നിക്ഷേപത്തിന്റെയും തൊഴിലവസരങ്ങളുടെയും വലിയൊരു ഭാഗം ഇന്ത്യയിൽ ഉത്പാദനം വ്യാപിപ്പിക്കുന്ന കന്പനികളിലൂടെയായിരിക്കും. ഈ വിതരണക്കാരിൽ പലരും ആപ്പിളിന്റെ ആഗോള വിതരണ ശൃംഖലയുടെ ഭാഗമാകാൻ തയാറെടുക്കുകയാണ്. ഇതിൽ ചില കന്പനികൾ ഘടകഭാഗങ്ങൾ അന്താരാഷ്ട്ര തലത്തിലേക്കു കയറ്റുമതി ചെയ്യുന്നു. മദർസണ്‍ ഇലക്ട്രോണിക് കംപോണന്റ്, ടാറ്റാ ഇലക്ട്രോണിക്സ്, എടിഎൽ ബാറ്ററി ടെക്നോളജി ഇന്ത്യ, ഫോക്സ്കോണ്‍ -യുഷാൻ ടെക് ഇന്ത്യ, ഹിൻഡാൽകോ ഇൻഡസ്ട്രീസ് എന്നിവയാണ് ആപ്പിളിന്റെ ഈ ശൃംഖലയിലെ പ്രമുഖ കന്പനികൾ.
കൂടുതൽ സംസ്ഥാനങ്ങളിലേക്ക്
ഈ അംഗീകരിച്ച പദ്ധതികൾ ആന്ധ്രപ്രദേശ്, കർണാടക, ഹരിയാന, മധ്യപ്രദേശ്, തമിഴ്നാട്, ഉത്തർപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നീ എട്ടു സംസ്ഥാനങ്ങളിലായിട്ടാണ് വ്യാപിക്കുക. ഇലക്ട്രോണിക്സ് ഘടകങ്ങളുടെ നിർമാണം ചില സംസ്ഥാനങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കാതെ മറ്റ് ഭാഗത്തേക്കും വ്യാപിപ്പിക്കുന്നതിനാണ് കൂടുതൽ സംസ്ഥാനങ്ങളിൽ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയതെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ മന്ത്രാലയം വ്യക്തമാക്കി.
അംഗീകാരങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് ഘടനാപരമായ പരിഷ്കാരങ്ങൾ, പിന്തുണ നൽകുന്ന നയങ്ങൾ, അതിവേഗത്തിലുള്ള നടപ്പിലാക്കൽ എന്നിവയിൽ കേന്ദ്രസർക്കാർ വലിയ ശ്രദ്ധയാണ് നൽകുന്നതെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
നിക്ഷേപം ഉയരുക മൊബൈൽ എൻക്ലോസറുകൾക്ക്
ഏറ്റവും പുതിയ ബാച്ചിൽ കൂടുതൽ നിക്ഷേപം വരുന്നത്. മൂന്നു പ്രോജക്ടുകളിലായി 27,166 കോടി രൂപയുടെ ഇതിലേക്ക് ആകർഷിക്കപ്പെടുക. പ്രിന്റഡ് സർക്യൂട്ട് ബോർഡ് (പിസിബി) മേഖലയിൽ ഒന്‍പത് പ്രോജക്ടുകളാണുള്ളത്. ഇതിൽ 7,377 കോടി രൂപയുടെ നിക്ഷേപം ഉൾപ്പെടുന്നു. ലിഥിയം അയണ്‍ സെൽ പദ്ധതിക്കായി 2922 കോടി രൂപ നിക്ഷേപിക്കും.
അംഗീകരിച്ച നിർദേശങ്ങൾ വിവിധ മേഖലകളിൽ ഉപയോഗപ്രദമാകുന്ന 11 ഉത്പന്ന വിഭാഗങ്ങളെ ഉൾക്കൊള്ളുന്നു. അഞ്ചെണ്ണം അടിസ്ഥാന ഘടകങ്ങളാണ് പിസിബികൾ, കപ്പാസിറ്ററുകൾ, കണക്ടറുകൾ, എൻക്ലോസറുകൾ, ലിഥിയം അയണ്‍ സെല്ലുകൾ എന്നിവയാണവ. മൂന്നു സബ്അസംബ്ലികളിൽ കാമറ മൊഡ്യൂഡുകൾ, ഡിസ്പ്ലേ മൊഡ്യൂളുകൾ, ഓപ്ടിക്കൽ ട്രാൻസീവറുകൾ എന്നിവയാണുള്ളത്. മൂന്നു സപ്ലൈ ചെയിൻ ഇനങ്ങളിൽ അലുമിനിയം എക്സ്ട്രൂഷൻ, ആനോഡ് മെറ്റീരിയൽ, ലാമിനേറ്റ് എന്നിവയും.
ഈ ഘടകങ്ങൾ മൊബൈൽ നിർമാണം, ടെലികോം, കണ്‍സ്യൂമർ ഇലക്ട്രോ ണിക്സ്, ഓട്ടോമോട്ടീവ് ഇലക്ട്രോണിക്സ്, സ്ട്രാറ്റെജിക് ഇലക് ട്രോണിക്സ്, ഐടി ഹാർഡ്വേർ എന്നിവിടങ്ങളിൽ ഉപയോഗിക്കുന്നു.
മുൻ ഇസിഎംഎസുകൾ
2025 നവംബറിൽ പ്രഖ്യാപിച്ച മുൻ ഇസിഎംസ് ഘട്ടത്തിൽ 7,172 കോടി രൂപയുടെ നിക്ഷേപവും 65,111 കോടി രൂപയുടെ ഉത്പാദനവും 11,808 നേരിട്ടുള്ള തൊഴിലും ഉൾപ്പെടുള്ള 17 നിർദേശങ്ങൾക്ക് സർക്കാർ അംഗീകാരം നൽകി. ഒക്ടോബറിലെ ആദ്യ ഘട്ടത്തിൽ 5,532 കോടി രൂപയുടെ നിക്ഷേപം ഉൾപ്പെടുന്ന ഏഴു പദ്ധതികളാണ്ടായിരുന്നത്.
വൻ കന്പനികൾ
പുതിയ അംഗീകാരങ്ങളിൽ ഫോക്സ്കോണിന്റെ തമിഴ്നാട് പ്രോജക്ട് മൊബൈൽ ഫോണ്‍ എൻക്ലോസറുകൾ നിർമിക്കും. ഇത് 16200 തൊഴിൽ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. തമിഴ്നാട്ടിലെ ടാറ്റ ഇലക്ട്രോണിക്സിന്റെ എൻക്ലോസർ പ്രോജക്ട് 1500 തൊഴിൽ നല്‍കുമെന്നും പ്രതീക്ഷിക്കുന്നു. ഡിക്സണ്‍ ടെക്നോജീസ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ് എന്നിവയും ഇതിൽപ്പെടുന്നു.
അംഗീകാരം ലഭിച്ച കന്പനികളിൽ എപിടോം കംപോണന്റ്സ്, ഡെക്കി ഇലക്ട്രോണിക്സ്, ഇന്ത്യ സർക്യൂട്സ്, ബിപിഎൽ ലിമിറ്റഡ്, വിപ്രോ ഹൈഡ്രോളിക്സ്, എടിഎൽ ബാറ്ററി ടെക്നോളജി ഇന്ത്യ, മദർസണ്‍ ഇലക്ട്രോണിക് കംപോണന്റ്സ് എന്നിവ ഉൾപ്പെടെ 15 എണ്ണമാണുള്ളത്.
National
ന്യൂഡൽഹി: പ്രതിരോധമേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 79000 കോടി രൂപയുടെ പദ്ധതി കേന്ദ്രസർക്കാർ അംഗീകരിച്ചു.
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ നടന്ന ഡിഫൻസ് അക്വിസിഷൻ കൗണ്‍സിലാണ് (ഡിഎസി) മൂന്നു സേനകൾക്കുമായുള്ള വിവിധ നിർദേശങ്ങൾക്ക് അംഗീകാരം നൽകിയത്.
മൂന്നു സേനകൾക്കും അത്യാധുനിക യുദ്ധോപകരണങ്ങൾ വാങ്ങുന്നതിനും വിവിധ പ്രതിരോധ പദ്ധതികൾ വികസിപ്പിക്കുന്നതിനുമാണ് അനുമതി നൽകിയത്.
ആർട്ടിലറി റെജിമെന്റുകൾക്കുള്ള ലോയിറ്റർ മുനിഷൻ സിസ്റ്റം, ലോ ലെവൽ ലൈറ്റ് വെയ്റ്റ് റഡാറുകൾ, പിനാക്ക മൾട്ടിപ്പിൾ ലോഞ്ച് റോക്കറ്റ് സിസ്റ്റം, കരസേനയ്ക്കായി ഇന്റഗ്രേറ്റഡ് ഡ്രോണ്‍ ഡിറ്റക്ഷൻ ആൻഡ് ഇന്റർഡിക്ഷൻ സിസ്റ്റം എംകെ 2 എന്നിവ വാങ്ങുന്നതിനുള്ള നിർദേശങ്ങൾക്കും ഡിഎസി അംഗീകാരം നൽകി.
Kerala
കോഴിക്കോട്: 1952ല്‍ ഇന്ത്യയില്‍ വംശനാശം സംഭവിച്ച ചീറ്റകളെ വീണ്ടും രാജ്യത്ത് എത്തിക്കുന്നതിനായി 2022 സെപ്റ്റംബറില്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ‘പ്രോജക്ട് ചീറ്റ’യ്ക്കു വേണ്ടി ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ ചെലവഴിച്ചത് 138.08 കോടി രൂപ. നിലവില്‍ ഇന്ത്യയിലാകെ 30 ചീറ്റപ്പുലികളാണുള്ളത്. ഇതില്‍ 27 എണ്ണം മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിലും മൂന്നെണ്ണം ഗാന്ധിസാഗര്‍ വന്യജീവി സങ്കേതത്തിലുമാണുള്ളത്. ഇത്രയും ചീറ്റപ്പുലികള്‍ക്കു വേണ്ടിയാണ് 100 കോടിയിലധികം രൂപ ചെലവഴിച്ചത്.
2022 സെപ്റ്റംബറില്‍ നമീബിയയില്‍നിന്ന് എട്ടു ചീറ്റകളെയും 2023 ഫെബ്രുവരിയില്‍ ദക്ഷിണാഫ്രിക്കയില്‍നിന്ന് 12 ചീറ്റകളെയും ഇന്ത്യയില്‍ എത്തിച്ചിരുന്നു. പ്രോജക്ട് ടൈഗര്‍, നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അഥോറിറ്റി നല്കുന്ന ഗ്രാന്റുകള്‍, കോംപന്‍സേറ്ററി അഫോറസ്റ്റേഷന് ഫണ്ട് മാനേജ്മെന്റ് ആൻഡ് പ്ലാനിംഗ് അഥോറിറ്റി (ക്യാമ്പ്) ഫണ്ട്, വിവിധ സ്ഥാപനങ്ങളുടെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി ഫണ്ടുകള്‍ എന്നിവ മുഖേനെയാണു സര്‍ക്കാര്‍ ചീറ്റകളുടെ പരിപാലനത്തിനായി കോടികള്‍ സമാഹരിച്ചത്.
ചീറ്റകളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി മധ്യപ്രദേശിലെ വനമേഖലകളില്‍ വിപുലമായ സംവിധാനങ്ങളാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ പ്രായപൂര്‍ത്തിയായ ചീറ്റകളുടെ അതിജീവന നിരക്ക് 55 ശതമാനമാണ്. എന്നാല്‍ ചീറ്റക്കുഞ്ഞുങ്ങളുടെ അതിജീവനനിരക്ക് 61.3 ശതമാനമാണ്.
വിദേശങ്ങളില്‍ നിന്നെത്തിച്ച ചീറ്റകളെ ആദ്യം ക്വാറന്റൈനില്‍ പാര്‍പ്പിച്ചു. പിന്നീട് പാര്‍ക്കിനുള്ളിലെ വലിയ ചുറ്റുമതിലുകള്ക്കുള്ളിലേക്കു തുറന്നുവിട്ടു. ചീറ്റകളുടെ ചലനങ്ങളും ആരോഗ്യവും നിരീക്ഷിക്കാന്‍ റേഡിയോ കോളറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ചീറ്റകളുടെ ഗര്‍ഭകാല നിരീക്ഷണം അടക്കമുള്ള കാര്യങ്ങള്‍ക്കായി പ്രത്യേക ഉദ്യോഗസ്ഥരടക്കമുള്ള സംവിധാനങ്ങളാണ് കോടികള്‍ മുടക്കി കേന്ദ്രം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ചീറ്റകളുടെ ആരോഗ്യവും വയറിന്റെ വലിപ്പവും നിരീക്ഷിച്ച് ഗര്‍ഭധാരണം സ്ഥിരീകരിച്ചാല്‍ മതിയായ പോഷകാഹാരവും മാനസിക സമ്മര്‍ദമില്ലാത്ത അന്തരീക്ഷവും ഉറപ്പാക്കും. അമ്മ ചീറ്റക്കുഞ്ഞുങ്ങളെ അവഗണിക്കുകയോ മറ്റ് ആണ് ചീറ്റകളില്നിന്നു ഭീഷണിയുണ്ടാവുകയോ ചെയ്താല്‍ ഉദ്യോഗസ്ഥര്‍ ഇടപെടും. കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായ പ്രതിരോധ കുത്തിവയ്പുകളും സപ്ലിമെന്റുകളും നല്‍കും. അണുബാധ ഒഴിവാക്കാന്‍ പരിസരം വൃത്തിയായി സൂക്ഷിക്കും.
മനുഷ്യസഹായം നല്‍കുന്നതിനൊപ്പം തന്നെ കുഞ്ഞുങ്ങളുടെ സ്വാഭാവികമായ വാസനകള്‍ നഷ്ടപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ ചെലുത്തും. ആഫ്രിക്കയിലെ സാഹചര്യങ്ങളില്‍നിന്നു വ്യത്യസ്തമായ ഇന്ത്യയിലെ കാലാവസ്ഥയും ഭൂപ്രകൃതിയുമായി പൊരുത്തപ്പെടുന്നത് ചീറ്റകള്‍ക്കു സമ്മര്‍ദമുണ്ടാക്കുന്നുണ്ട്. ചീറ്റകള്‍ക്ക് അനുയോജ്യമായ കാലാവസ്ഥാ സംവിധാനങ്ങള്‍ ഒരുക്കാനും നല്ലൊരു തുക ചെലവഴിക്കുന്നുണ്ട്.
National
ന്യൂഡല്‍ഹി: യുണീക് ഐഡന്റിഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഡാറ്റാബേസില്‍നിന്ന് ആധാര്‍ ഉടമകളുടെ വിവരം ഇതുവരെ ചോര്‍ന്നിട്ടില്ലെന്ന് കേന്ദ്രസർക്കാർ. ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് ഐഡന്റിറ്റി സിസ്റ്റത്തിന്റെ സുരക്ഷ ശക്തമാണെന്നും കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സഹമന്ത്രി ജിതിന് പ്രസാദ ലോക്സഭയില്‍ നല്കിയ മറുപടിയില്‍ അറിയിച്ചു.
ഏകദേശം 134 കോടി ആധാര്‍ ഉടമകളുള്ള ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് ഐഡന്റിറ്റി സിസ്റ്റമാണ് ആധാര്‍. സര്‍ക്കാര്‍ ശക്തമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ ആധാര്‍ സുരക്ഷിതമാണ്. സിസ്റ്റത്തില്‍ നിരവധി തലങ്ങളിലുള്ള സംരക്ഷണം ഉള്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷിതമായി തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ മുഴുവന്‍ സിസ്റ്റവും പതിവായി അവലോകനം ചെയ്യുകയും ഓഡിറ്റ് ചെയ്യുകയും ചെയ്യുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആധാര്‍ സംവിധാനം നാഷണല്‍ ക്രിട്ടിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊട്ടക്ഷന്‍ സെന്ററിന്റെ തുടര്‍ച്ചയായ നിരീക്ഷണത്തിനു കീഴിലാണ്. ആധാറിന്റെ സൈബര്‍ സുരക്ഷ ബലപ്പെടുത്തുന്നതിന് സ്വതന്ത്ര ഓഡിറ്റ് ഏജന്‍സിയാണ് സുരക്ഷയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ നല്‍കുന്നത്. പ്രാരംഭഘട്ടത്തില്‍ത്തന്നെ ഡൈനാമിക് സുരക്ഷാപരിശോധന ഉള്‍പ്പെടെയുള്ളവ നടത്തും. തുടര്‍ച്ചയായി സൈബര്‍ ഓഡിറ്റുകള്‍ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
National
ന്യൂഡൽഹി: തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി. ചിദംബരം. പേരുമാറ്റം രാഷ്ട്രപിതാവിനെ രണ്ടാമതും വധിക്കുന്നതിന് തുല്യമാണെന്ന് ചിദംബരം പറഞ്ഞു.
രാഷ്ട്രത്തിന്റെ ഓർമകളിൽ നിന്ന് മഹാത്മഗാന്ധിയെ മായ്ച്ചുകളയാൻ അവർ ശ്രമിക്കുന്നുവെന്ന് പി. ചിദംബരം ആരോപിച്ചു. ഇന്ത്യൻ ജനതയുടെ ഓർമ്മയിൽ നിന്ന് ഗാന്ധിജി മാഞ്ഞുപോകണം. കുട്ടികൾ മഹാത്മഗാന്ധിയെക്കുറിച്ച് അറിയരുതെന്ന് അവർ ആഗ്രഹിക്കുന്നുവെന്നും അദേഹം വ്യക്തമാക്കി.
ജനങ്ങളുടെ അധരത്തിൽ മഹാത്മഗാന്ധിയുടെ പേര് ഉണ്ടാകരുതെന്നാണ് അവരുടെ താത്പര്യമെന്ന് പറഞ്ഞ പി. ചിദംബരം ജവാഹർലാൽ നെഹ്റുവിനെ കാലങ്ങളോളം വിമർശിച്ചശേഷം ഇപ്പോൾ അവർ മഹാത്മാഗാന്ധിയെ ലക്ഷ്യമിടുകയാണെന്നും കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: ആധാർ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ പൂർണമായും സുരക്ഷിതമാണെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര ഡാറ്റാബേസിൽ നിന്ന് ഇതുവരെ യാതൊരുവിധത്തിലുള്ള വിവരചോർച്ചയും ഉണ്ടായിട്ടില്ലെന്നും കേന്ദ്ര സർക്കാർ പാര്‍ലമെന്റിൽ അറിയിച്ചു.
യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ വിവരങ്ങൾ സംരക്ഷിക്കുന്നതിനായി അതീവ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ഇന്ന് പാര്‍ലമെന്റിൽ അറിയിക്കുകയായിരുന്നു.
ചോദ്യങ്ങൾക്ക് മറുപടിയായി കേന്ദ്ര ഐടി സഹമന്ത്രി ജിതിൻ പ്രസാദയാണ് സുരക്ഷാ നടപടികളെക്കുറിച്ചുള്ള വിശദാംശങ്ങൾ സമർപ്പിച്ചത്. ആധാർ വിവരങ്ങൾ കൈമാറ്റം ചെയ്യുമ്പോഴും സംഭരിക്കുമ്പോഴും അത്യാധുനികമായ എൻക്രിപ്ഷൻ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
National
ന്യൂഡൽഹി: പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് ലൈബ്രറിയിൽനിന്ന് (പിഎംഎംഎൽ) പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവുമായി ബന്ധപ്പെട്ട രേഖകളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നു കേന്ദ്രസർക്കാർ പാർലമെന്റിൽ വ്യക്തമാക്കി.
പിഎംഎംഎല്ലിൽ രേഖകളുടെ വാർഷിക ഓഡിറ്റിംഗ് നടക്കാറില്ലെന്നും ഈ വർഷം നടന്ന വാർഷിക പരിശോധനയിൽ നെഹ്റുവുമായി ബന്ധപ്പെട്ട രേഖകളൊന്നും നഷ്ടമായിട്ടില്ലെന്നും കണ്ടെത്തിയെന്നും ബിജെപി എംപി സംബിത് പത്രയുടെ ചോദ്യത്തിനു മറുപടിയായി കേന്ദ്ര സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് അറിയിച്ചു.
ജവഹർലാൽ നെഹ്റുവുമായി ബന്ധപ്പെട്ട രേഖകളൊന്നും നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടില്ലെന്ന് ബിജെപി എംപിയുടെതന്നെ ചോദ്യത്തിനു കേന്ദ്രം ലോക്സഭയിൽ മറുപടി നൽകിയതിനു പിന്നാലെ, സത്യം അവസാനം പുറത്തുവന്നെന്നും ഒരു ക്ഷമാപണം വരാനിരിക്കുന്നുണ്ടോയെന്നും കോണ്‍ഗ്രസ് എംപി ജയ്റാം രമേശ് പ്രതികരിച്ചു.
നെഹ്റുവിന്റെ ചില സ്വകാര്യ കത്തുകൾ വീണ്ടെടുക്കുന്നതിന് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പിഎംഎംഎൽ സൊസൈറ്റി അംഗമായ റിസ്വാൻ കാദ്രി സെപ്റ്റംബറിൽ പറഞ്ഞതിനു കടകവിരുദ്ധമായാണ് കേന്ദ്രത്തിന്റെ ഇന്നലത്തെ വിശദീകരണം.
വിദേശ നേതാക്കൾ, നയതന്ത്ര പ്രതിനിധികൾ, എഴുത്തുകാർ തുടങ്ങിയവർക്ക് നെഹ്റു അയച്ച കത്തുകളുടെ പകർപ്പുകൾ തിരിച്ചുനൽകണമെന്നാവശ്യപ്പെട്ട് പിഎംഎംഎൽ സോണിയയ്ക്കു കത്തെഴുതിയിരുന്നുവെന്ന് കഴിഞ്ഞ വർഷം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ആൽബർട്ട് ഐൻസ്റ്റീൻ, ജയപ്രകാശ് നാരായണ്‍, എഡ്വിന മൗണ്ട് ബാറ്റൻ തുടങ്ങിയവർക്ക് നെഹ്റു അയച്ച കത്തുകളടങ്ങിയ പെട്ടികൾ യുപിഎ സർക്കാരിന്റെ കാലത്തു സോണിയഗാന്ധി മ്യൂസിയത്തിൽനിന്നു നീക്കം ചെയ്തുവെന്നായിരുന്നു ആരോപണം.
National
ന്യൂഡൽഹി: വ്യോമയാന മേഖലയിലുണ്ടാകുന്ന ഡിമാൻഡുകളുടെ ഏറ്റക്കുറച്ചിലുകൾ ചൂണ്ടിക്കാട്ടി വർഷം മുഴുവൻ നിരക്ക് നിയന്ത്രണം ഏർപ്പെടുത്താനാകില്ലെന്നു കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു പാർലമെന്റിൽ അറിയിച്ചു.
ഉയർന്ന വിമാനനിരക്കിനെതിരേ ലോക്സഭയിൽ ഷാഫി പറന്പിൽ അവതരിപ്പിച്ച സ്വകാര്യ പ്രമേയത്തിൽ നടന്ന ചർച്ചയിലെ മറുപടിപ്രസംഗത്തിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. വർഷം മുഴുവൻ നിരക്കുപരിധി നിശ്ചയിക്കാൻ സർക്കാരിനു സാധിക്കില്ല.
ഉത്സവസീസണുൾപ്പെടെ ഡിമാൻഡ് കൂടുന്ന സമയത്തു നിരക്ക് വർധിക്കാറുണ്ട്. തിരക്കേറിയ സമയത്ത് കൂടുതൽ സർവീസുകൾ വിമാനക്കന്പനികളോടു കേന്ദ്രസർക്കാർ ആവശ്യപ്പെടാറുണ്ട്. കുറഞ്ഞ നിരക്ക് നിശ്ചയിക്കുന്നതിനു പകരം വിമാനങ്ങളുടെ സീറ്റുകളുടെ എണ്ണം വർധിപ്പിക്കുകയാണു വേണ്ടത്.
മൂന്നു വിമാനക്കന്പനികൾക്ക് സർവീസിന് എൻഒസി നൽകിയിട്ടുണ്ട്. രണ്ടു കന്പനികൾ കൂടി അപേക്ഷിച്ചിട്ടുണ്ട്. ആഭ്യന്തരമായി വിമാനങ്ങൾ നിർമിക്കാൻ ഇന്ത്യ തയാറെടുക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. തുടർന്ന് പ്രമേയം പിൻവലിക്കാൻ ഷാഫിയോട് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. മന്ത്രിയുടെ വിശദീകരണം കണക്കിലെടുത്ത് ഷാഫി പ്രമേയം പിൻവലിച്ചു.
National
ന്യൂഡൽഹി: ഇൻഡിഗോ വിമാന സർവീസുകൾ തടസപ്പെട്ട സംഭവത്തിൽ കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി. സർവീസുകളുടെ പ്രതിസന്ധി രൂക്ഷമാകും വരെ കേന്ദ്രസർക്കാർ ഇടപെടാൻ വൈകിയതെന്തുകൊണ്ടെന്ന് കോടതി ചോദിച്ചു.
വിമാന സർവീസുകളുടെ പ്രതിസന്ധി രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ ബാധിക്കില്ലേ എന്നും കോടതി ആരാഞ്ഞു. മറ്റ് വിമാന സർവീസുകൾക്ക് 40,000 രൂപ വരെ ടിക്കറ്റ് നിരക്ക് ഈടാക്കിയതെങ്ങനെയെന്നും കോടതി ചോദിച്ചു.
യാത്രക്കാർക്ക് പണം തിരിച്ചു നൽകുന്ന നടപടി കാര്യക്ഷമമാക്കണമെന്നും നഷ്ടപരിഹാരത്തിനായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഇടപെടണമെന്നും കോടതി അറിയിച്ചു. സർവീസുകളുടെ പ്രതിസന്ധിയിൽ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണങ്ങൾ.
National
ന്യൂഡൽഹി: ഇൻഡിഗോയുടെ പത്ത് ശതമാനം സർവീസുകൾ വെട്ടിക്കുറച്ച് വ്യോമയാന മന്ത്രാലയം. മന്ത്രാലയത്തിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കാൻ ഇൻഡിഗോയ്ക്ക് നിർദേശം നൽകിയെന്നും കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു അറിയിച്ചു.
ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സൺ മന്ത്രിയുടെ മുന്നിൽ കൈകൂപ്പുന്ന ചിത്രം അടക്കം കേന്ദ്രമന്ത്രി പങ്കുവച്ചു. സിഇഒയെ ഇന്നും മന്ത്രി വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു.
അമിത നിരക്ക് വർദ്ധന തടയണം എന്നതടക്കമുള്ള നിർദേശങ്ങളില്‍ ഒരിളവും ഇൻഡിഗോയ്ക്ക് നൽകില്ലെന്നും വ്യോമയാന മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സർക്കാരിനെ മുൾമുനയിൽ നിറുത്തി പൈലറ്റുമാരുടെ വിശ്രമ സമയത്തിനുള്ള ചട്ടങ്ങളിൽ അടക്കം ഇളവ് വാങ്ങിയെടുത്ത ഇൻഡിഗോയ്ക്കെതിരെ കർശന നടപടിയാണ് വ്യോമയാനമന്ത്രാലയം എടുക്കുന്നത്.
ഇന്ത്യയ്ക്കകത്തെ അറുപത് ശതമാനം റൂട്ടുകളിൽ ഇൻഡിഗോ മാത്രം സർവ്വീസ് നടത്തുന്ന സാഹചര്യം നിലവിലുണ്ട്. ഇത് മറികടക്കാനാണ് പത്തു ശതമാനം സർവീസുകൾ മറ്റു വിമാനങ്ങൾക്ക് കൈമാറാനുള്ള സർക്കാർ നീക്കം.
മര്യാദയ്ക്ക് സർവീസ് നടത്തികൊണ്ടു പോകാൻ ഇൻഡിഗോയ്ക്ക് കഴിയുന്നില്ലെന്ന് വ്യോമയാനമന്ത്രാലയം നല്കിയ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. നവംബറിൽ സർക്കാർ അംഗീകരിച്ച സർവീസുകൾ മുഴുവൻ നടത്താൻ ഇൻഡിഗോയ്ക്കായില്ലെന്നും ഉത്തരവ് പറയുന്നു. യാത്രക്കാരെ പ്രതിസന്ധിയിലാക്കാൻ ആരെയും അനുവദിക്കില്ലെന്ന് രാം മോഹൻ നായിഡു വ്യക്തമാക്കി.
National
ന്യൂഡൽഹി: പിഎം ശ്രീ പദ്ധതിയിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയിൽ പാലമായത് സിപിഎം എംപി ജോൺ ബ്രിട്ടാസാണെന്ന് വെളിപ്പെടുത്തലുമായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്. അക്കാര്യത്തിൽ ബ്രിട്ടാസിനെ അഭിനന്ദിക്കുന്നുവെന്നും കേന്ദ്ര മന്ത്രി രാജ്യസഭയിൽ പറഞ്ഞു.
സർവസമ്മതത്തോടെയാണ് പിഎം ശ്രീ പദ്ധതിയിൽ കേന്ദ്രവുമായി കേരളം ധാരണാപത്രത്തിൽ ഒപ്പിട്ടതെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തന്നെ കണ്ട് സമ്മതം അറിയിച്ചിരുന്നുവെന്നും ധർമേന്ദ്ര പ്രധാൻ പറഞ്ഞു.
പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയില്ല. സംസ്ഥാന സർക്കാരിലെ ആഭ്യന്തര തർക്കം മൂലം പദ്ധതി നടപ്പാക്കുന്നില്ല എന്നാണ് മനസിലാകുന്നത്. ആശയക്കുഴപ്പം ഉണ്ടാക്കിയത് സംസ്ഥാന സർക്കാർ തന്നെയാണെന്നും ധർമേന്ദ്ര പ്രധാൻ കുറ്റപ്പെടുത്തി.
അതേസമയം, മന്ത്രിയുടെ വാക്കുകൾ തള്ളാതെയായിരുന്നു സഭയിൽ ബ്രിട്ടാസിന്റെ പ്രസംഗം.
Kerala
തിരുവനന്തപുരം: ദേശീയപാത വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിനായി കേരളം കേന്ദ്രത്തിന് 5,580 കോടി രൂപ നൽകിയെന്ന് പിണറായി വിജയൻ. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ദേശീയപാതാ പ്രവർത്തനങ്ങൾക്കായി കേന്ദ്രത്തിന് ഫണ്ട് നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാർ കിഫ്ബി വഴിയാണ് ഈ തുക ദേശീയപാതാ അതോറിറ്റിക്ക് നൽകിയത്. കിഫ്ബിയുടെ കമ്പോള വായ്പ കേരളത്തിന്റെ കടപരിധിയിൽ പെടുത്തുകയാണ് പിന്നീട് കേന്ദ്ര സർക്കാർ ചെയ്തതെന്നും പിണറായി വ്യക്തമാക്കി.
2014ൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ദേശീയപാത അതോറിറ്റി ഉപേക്ഷിച്ചുപോയ പ്രവൃത്തി പിന്നീട് 2016ൽ അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാർ ഏറ്റെടുത്ത് ഇച്ഛാശക്തിയോടെ മുന്നോട്ട് കൊണ്ടുപോയെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇതിനിടെ പല പ്രതിലോമ ശക്തികളും ദേശീയപാതാ വികസനം അട്ടിമറിക്കാൻ ശ്രമങ്ങൾ നടത്തിയെന്നും അതിലൊന്നും പതറാതെ പൊതുജനപിന്തുണയോടെ സർക്കാർ മുന്നോട്ടുപോയതായും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: നാല് ലേബർ കോഡുകൾ പ്രാബല്യത്തിൽ കൊണ്ടുവന്ന പുതിയ തൊഴിൽ നിയമത്തിനെതിരെ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം. ബുധനാഴ്ച രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങുകയാണ് സംയുക്ത തൊഴിലാളി യൂണിയനുകൾ.
ഐഎൻടിയുസി, സിഐടിയു, എഐടിയുസി തുടങ്ങി പത്ത് തൊഴിലാളി യൂണിയനുകൾ സംയുക്തമായാണ് പ്രസ്താവനയിലൂടെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 26 തൊഴിൽ നിയമങ്ങൾ പൊളിച്ചാണ് നാല് ലേബർ കോഡുകൾ പ്രാബല്യത്തിൽ കൊണ്ടുവന്നത്.
ഇതിനെതിരെ പരസ്യ പ്രതിഷധം ശക്തമാക്കാനാണ് പ്രതിപക്ഷ തൊഴിലാളി സംഘടനകളുടെ തീരുമാനം. ചങ്ങാത്ത മുതലാളിത്തത്തിന്റെ താത്പര്യമാണ് കേന്ദ്ര സർക്കാർ പരിഗണിച്ചതെന്നും സംഘടനകൾ പ്രസ്താവനയിലൂടെ ആരോപിക്കുന്നു.
National
ചെന്നൈ: തമിഴ്നാട്ടിൽ രണ്ടിടങ്ങളിൽ കൂടി മെട്രോ റെയിൽ വേണമെന്ന തമിഴ്നാട് സർക്കാരിന്റെ ആവശ്യം തള്ളി കേന്ദ്ര സർക്കാർ. മധുരയിലും കോയന്പത്തൂരിലുമാണ് തമിഴ്നാട് സർക്കാർ മെട്രോ റെയിൽ വേണമെന്ന് ആവശ്യപ്പെട്ടത്.
ഇരുനഗരങ്ങളിലെയും ജനസംഖ്യയും യാത്രക്കാരുടെ എണ്ണവും കണക്കിലെടുത്താൽ മെട്രോ റെയിൽ അനുവദിക്കാനാകില്ലെന്നാണ് കേന്ദ്ര സർക്കാർ നിലപാട്. മെട്രോ റെയിൽ നയം അനുസരിച്ച് കുറഞ്ഞത് 20 ലക്ഷം ജനസംഖ്യ വേണമെന്നും കേന്ദ്രം അയച്ച കത്തിൽ പറയുന്നു.
കോയന്പത്തൂരിൽ 2011 ലെ സെൻസസ് പ്രകാരം മുനിസിപ്പൽ പരിധിയിലെ ജനസംഖ്യ 15.84 ലക്ഷം ആണ്. മധുരയിൽ 15 ലക്ഷം ആണ് ജനസംഖ്യ. 2017 ലെ മെട്രോ റെയിൽ നയം അനുസരിച്ച് 20 ലക്ഷം ജനസംഖ്യ ആവശ്യമാണെന്നാണ് കേന്ദ്ര നിലപാട്.
ഇതുകൂടാതെ തമിഴ്നാട് സമർപ്പിച്ച ഡിപിആറുകൾ പെരുപ്പിച്ച് കാണിക്കുകയും എഞ്ചിനീയറിംഗ് പരിമിതികളെ ലഘൂകരിക്കുകയും ചെയ്യുന്നതാണെന്നും കേന്ദ്രം ആരോപിച്ചു.
National
ന്യൂഡൽഹി: ആശ്രിത പെന്ഷന് വാങ്ങുന്ന മാതാപിതാക്കള്‍ക്ക് പുതിയ നിബന്ധനകൾ ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. സര്‍ക്കാര്‍ ജീവനക്കാരന് അവിവാഹിതനായോ അല്ലെങ്കില്‍ പങ്കാളിയും മക്കളുമില്ലാതെയോ മരണപ്പെട്ടാല്‍ ആശ്രിതരായ മാതാപിതാക്കള്‍ക്ക് ലഭിച്ചിരുന്ന ആശ്രിത പെൻഷനുവേണ്ടിയാണ് പുതിയ നിബന്ധനകൾ.
വര്‍ധിപ്പിച്ച നിരക്കിലുള്ള പെന്ഷന് തുടര്‍ന്നും ലഭിക്കുന്നതിന് ഇനി മുതല്‍ മരിച്ച ജീവനക്കാരന്റെ മാതാപിതാക്കള്‍ ഇരുവരും എല്ലാ വർഷവും ‘ലൈഫ് സര്‍ട്ടിഫിക്കറ്റ്' സമര്‍പ്പിക്കണമെന്നാണ് പെന്ഷന് ആൻഡ് പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ വകുപ്പ് അറിയിച്ചിരിക്കുന്നത്.
ഇരുവരും ജീവിച്ചിരിപ്പുണ്ടെങ്കില്‍ അവസാന ശമ്പളത്തിന്റെ 75 ശതമാനം നിരക്കിലും ഒരാള്‍ മാത്രമാണെങ്കില്‍ 60 ശതമാനം നിരക്കിലുമാണ് പെന്ഷന് ലഭിക്കുക. മാതാപിതാക്കള്‍ ഇരുവരും ജീവിച്ചിരിപ്പുണ്ടെങ്കില്‍ 75 ശതമാനം നിരക്കിലുള്ള പെന്ഷന് തുടര്‍ന്നും ലഭിക്കുന്നതിനായി രക്ഷിതാക്കള്‍ ഇരുവരും ഓരോ വര്‍ഷവും ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
തെറ്റായ പെന്ഷന് വിതരണം ഒഴിവാക്കാനും രേഖകള്‍ കൃത്യമായി പരിപാലിക്കാനും വേണ്ടിയാണ് പുതിയ നിര്‍ദേശം. ഇതില്‍ ഒരാള്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാതെ വന്നാല്‍ പങ്കാളി മരണപ്പെട്ടു എന്ന് കണക്കാക്കുകയും തുടര്‍ന്ന് പെന്ഷന് തുക 60 ശതമാനം നിരക്കിലേക്ക് കുറയുകയും ചെയ്യും. ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനുള്ള സമയപരിധി എല്ലാ വര്‍ഷവും നവംബര്‍ 30 ആണ്.
Business
ന്യൂഡൽഹി: പൊതുമേഖല ബാങ്കുകളിലെ പ്രത്യക്ഷ വിദേശ നിക്ഷേപം (ഫോറിൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ്) ഉയർത്താൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നതായി റിപ്പോർട്ട്.
നിക്ഷേപം 49 ശതമാനം വരെയായി ഉയർത്താനുള്ള ഒരുക്കത്തിലാണ് കേന്ദ്രസർക്കാർ. ഇപ്പോൾ അനുവദനീയമായ പരിധിയുടെ ഇരട്ടിയാണിത്. നിലവിൽ 20 ശതമാനമാണ് നിക്ഷേപ പരിധി. നിക്ഷേപപരിധി ഉയർത്തുന്ന കാര്യം ധനമന്ത്രാലയം റിസർവ് ബാങ്കുമായി ചർച്ച ചെയ്തു വരുകയാണെന്ന് ഇതുമായി ബന്ധപ്പെട്ട ചർച്ചകളിൽ നേരിട്ട് ഉൾപ്പെട്ട വ്യക്തിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈയിടെയായി നിരവധി വിദേശ നിക്ഷേപകർ ഇന്ത്യൻ ബാങ്കുകളിൽ മുതൽ മുടക്കാൻ താത്പര്യം കാണിക്കുന്നുണ്ട്. ആർബിഎൽ ബാങ്കിന്റെ 60 ശതമാനം ഓഹരി 300 കോടി ഡോളറിന് ദുബായി കേന്ദ്രമായുള്ള എൻബിഡി വാങ്ങി.
യെസ് ബാങ്കിന്റെ 20 ശതമാനം ഓഹരി സുമിടോമോ മിത്സുയി ബാങ്കിംഗ് കോർപറേഷൻ 160 കോടി ഡോളറിനു വാങ്ങി. പിന്നീട് മറ്റൊരു 4.99 ശതമാനം ഓഹരി കൂടി വാങ്ങുകയും ചെയ്തു. ഫെഡറൽ ബാങ്കിന്റെ 9.99 ശതമാനം ഓഹരി 6,200 കോടി രൂപയ്ക്ക് യുഎസിലെ നിക്ഷേപക കന്പനിയായ ബ്ലാക്സ്റ്റോണ്‍ വാങ്ങി.
സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കുകളും വിദേശ നിക്ഷേപകരിൽനിന്ന് നിക്ഷേപം നേടാൻ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. വിദേശ ഉടമസ്ഥാവകാശ പരിധി ഉയർത്തുന്നത് വരും വർഷങ്ങളിൽ കൂടുതൽ മൂലധനം നേടാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പൊതുമേഖല, സ്വകാര്യ ബാങ്ക് വ്യവസ്ഥകളിൽ അന്തരം കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നീക്കം. വിദേശ നിക്ഷേപം കൂടുതലെത്തുന്നത് പൊതുമേഖല ബാങ്കുകളിൽക്ക് കൂടുതൽ മൂലധന നേടാൻ സഹായിക്കും.
സ്വകാര്യ ബാങ്കുകളിൽ 74 ശതമാനമാണ് അനുവദനീയമായ പരമാവധി വിദേശ പങ്കാളിത്തം.
പൊതുമേഖല ബാങ്കുകളിൽ വിദേശ നിക്ഷേപ പരിധി 49 ശതമാനത്തിലേക്ക് ഉയർത്തിയാലും 51 ശതമാനം ഓഹരി പങ്കാളിത്തത്തോടെ സർക്കാരിന് ഭൂരിപക്ഷം ഉടമസ്ഥാവകാശം നിലനിൽക്കും. ഇപ്പോൾ പൊതുമേഖല ബാങ്കുകളിലെ വിദേശനിക്ഷേപം പല അനുപാതത്തിലാണ്. കാനറ ബാങ്കിൽ 12 ശതമാനമാണെങ്കിൽ യൂക്കോ ബാങ്കിൽ ഒട്ടുമില്ല.
ഇന്ത്യയിൽ നിലവിൽ 12 പൊതുമേഖല ബാങ്കുകളാണുള്ളത്. 171 ലക്ഷം കോടി രൂപയാണ് ഇവയുടെ സംയുക്ത ആസ്തി. ഇത് ബാങ്കിംഗ് മേഖലയുടെ 55 ശതമാനം വരും.
Kerala
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ പിഎം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പിടാന്‍ തീരുമാനിച്ചത് സംബന്ധിച്ച് ഉയര്‍ന്ന വിവാദങ്ങള്‍ക്ക് മറുപടിയുമായി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. കേന്ദ്രസര്‍ക്കാരിന്റെ ഫണ്ട് രാജ്യത്തെ എല്ലാവര്ക്കും അവകാശപ്പെട്ട ഫണ്ടാണെന്ന് മന്ത്രി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
കുട്ടികള്‍ക്കു കിട്ടേണ്ട ഫണ്ടാണെന്നും കേന്ദ്രസഹായം എല്ലാ വിഭാഗം ജനങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. പിഎം ശ്രീ ഫണ്ട് കേരളത്തിലെ ജനങ്ങള്‍ക്ക് അനുയോജ്യമായ രീതിയിലായിരിക്കും വിനിയോഗിക്കുക.
കേരളത്തിന് ഒരു വിദ്യാഭ്യാസ പാരമ്പര്യമുണ്ട്. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രകടനപത്രികയില്‍ പറയുന്ന കാര്യങ്ങളുണ്ട്. അതില്‍ ഊന്നിനിന്നുകൊണ്ടാകും കാര്യങ്ങള്‍ ചെയ്യുക. കുടിശിക അടക്കം കേന്ദ്രത്തില്‍നിന്ന് 1466 കോടി രൂപ കിട്ടാനുണ്ട്.
എന്തെങ്കിലും ന്യായം പറഞ്ഞ് ഫണ്ട് എങ്ങനെ വെട്ടിക്കുറയ്ക്കാമെന്നാണ് കേന്ദ്രം ആലോചിച്ചുകൊണ്ടിരിക്കുന്നത്. കുട്ടികള്‍ക്ക് ലഭിക്കേണ്ട ഫണ്ട് എന്തെങ്കിലും സാങ്കേതികത്വം പറഞ്ഞ് മാറ്റപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധി വീണ്ടും വെട്ടിക്കുറയ്ക്കുമെന്ന നിരന്തരമായ കേന്ദ്ര സർക്കാർ ഭീഷണിക്കു പിന്നാലെ ഗാരന്റി റിഡംപ്ഷൻ ഫണ്ട് രൂപീകരിച്ച് സർക്കാർ. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ ഗാരന്റി നിൽക്കുന്നതുമൂലം ഉണ്ടാകാവുന്ന അപകടാവസ്ഥ തരണം ചെയ്യുന്നതിനുള്ള ബഫർ ഫണ്ടായി ഗാരന്റി റിഡംപ്ഷൻ ഫണ്ട് രൂപീകരിക്കണമെന്ന് കേന്ദ്ര നിർദേശത്തെ തുടർന്നാണു സംസ്ഥാന സർക്കാർ നടപടി.
600 കോടി രൂപയുടെ ഗാരന്റി റിഡംപ്ഷൻ ഫണ്ട് രൂപീകരിക്കാനുള്ള വിജ്ഞാപനം പുറത്തിറക്കാൻ മന്ത്രിസഭാ യോഗം അനുമതി നൽകി. ഈ ഫണ്ടിലെ നിക്ഷേപം അഞ്ചു വർഷം കൊണ്ട് ഔട്ട് സ്റ്റാന്റിംഗ് ഗാരന്റിയുടെ അഞ്ചു ശതമാനം എന്ന തോതിലേക്ക് ഉയർത്തണം.
2025-26 ലെ കടമെടുപ്പ് സംബന്ധിച്ച് കേന്ദ്ര ധന വകുപ്പ് പുറപ്പെടുവിച്ച മാർഗനിർദേശങ്ങളിൽ റിസർവ് ബാങ്ക് ശിപാർശ ചെയ്ത തരത്തിലുള്ള നിക്ഷേപം ഗാരന്റി റിഡംപ്ഷൻ ഫണ്ടിൽ 2025 ഏപ്രിൽ ഒന്നിന് നടത്തിയില്ലെങ്കിൽ തത്തുല്യമായ തുകയോ അല്ലെങ്കിൽ സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 0.25 ശതമാനമോ ഇതിൽ ഏതാണോ കുറവ് കടമെടുപ്പു പരിധിയിൽ നിന്നു കുറയ്ക്കുമെന്നു കേന്ദ്രം വ്യക്തമാക്കിയിരുന്നു. അതായത് ഏതാണ്ട് 3000 കോടിയോളം രൂപ വെട്ടിക്കുറയ്ക്കുമെന്നായിരുന്നു കേന്ദ്ര ഭീഷണി.
2025-26ലെ സംസ്ഥാനത്തിന്റെ ആകെ കടമെടുപ്പു പരിധിയിൽ നിന്നു കുറയ്ക്കുമെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ അന്ത്യശാസനം. ഗാരന്റി റിഡംപ്ഷൻ ഫണ്ട് രൂപീകരണം സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി നിശ്ചയിക്കാനുള്ള മാനദണ്ഡങ്ങളിൽ ഉൾപ്പെടുത്തുന്നത് ആദ്യമായാണ്. ഇതിനെ മറികടക്കാൻ സംസ്ഥാന സർക്കാർ പലവഴികൾ ആലോചിച്ച് ശിപാർശ ചെയ്തെങ്കിലും കേന്ദ്രം വഴങ്ങാത്ത സാഹചര്യത്തിലാണു മന്ത്രിസഭയിൽ ചർച്ച ചെയ്തു തീരുമാനമെടുത്തത്. റവന്യൂ കമ്മി നേരിടുന്ന സംസ്ഥാനം എന്ന നിലയിൽ, കടമെടുത്ത പണം ഉപയോഗിച്ച് മാത്രമേ ജിആർഎഫിൽ നിക്ഷേപം നടത്താൻ സാധ്യമാകുമായിരുന്നുള്ളു. പുതിയ മാർഗനിർദേശങ്ങൾ അനുസരിച്ച് ഈ സാന്പത്തിക വർഷം സംസ്ഥാനത്തിന്റെ വായ്പാ ലഭ്യതയിൽ കുറവ് വരുന്നത് ഒഴിവാക്കാൻ ഗാരന്റി റിഡംപ്ഷൻ ഫണ്ട് രൂപീകരിക്കാനുള്ള വിജ്ഞാപനം പുറത്തിറക്കാൻ മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു.