കേരളം കേന്ദ്രത്തിൽനിന്നു സാന്പത്തിക ഉപരോധം നേരിടുന്നുവെന്നും കടമെടുപ്പ് പരിധി 5,944 കോടി വെട്ടിയത് പുനഃസ്ഥാപിക്കണമെന്നും മുഖ്യമന്ത്രിയും ധനമന്ത്രിയും ആവശ്യപ്പെടുകയുണ്ടായി. കേന്ദ്രം കേരളത്തെ സാന്പത്തികമായി ശ്വാസം മുട്ടിക്കുകയാണെന്നാണ് ഇവരുടെ ആരോപണം. കേരളത്തിന് ബാധകമായ നെറ്റ് ബോറോയിംഗ് നിരക്ക് 2024-25ൽ കേന്ദ്രം താഴ്ത്തിയതും 2025-26ൽ വീണ്ടും കുറച്ചതും കടുത്ത പ്രകോപനമുണ്ടാക്കിയിരിക്കുന്നു. കേന്ദ്രത്തിന്റെ നടപടി ഏകപക്ഷീയവും രാഷ്ട്രീയപ്രേരിതവുമാണെന്ന് കേരളം ആക്ഷേപിക്കുന്പോൾ കേന്ദ്രം നല്കുന്ന വിശദീകരണം മുൻകാലങ്ങളിലെ ക്രമാതീതമായ അമിത വായ്പകളെ നിയമാനുസൃതം ക്രമപ്പെടുത്തുന്ന നടപടിയെന്നാണ്.
വ്യത്യസ്ത സമീപനങ്ങൾ
കേരള സർക്കാരിന്റെ ലക്ഷ്യങ്ങളിൽ ഉയർന്ന ക്ഷേമവും വർധിത ചെലവാക്കലുകളും പ്രധാനമാണ്. ശന്പളം, പെൻഷൻ, പലിശതിരിച്ചടവ് എന്നീ പ്രതിഛായസംബന്ധമായവ അനുസ്യൂതം തുടരണമെന്ന നയസമീപനം നിർബാധം നടപ്പിലാക്കാൻവേണ്ടി ബജറ്റിന് പുറമേയുള്ള വായ്പാ സാധ്യതകളെ വലിയ തോതിൽ അവലംബിച്ചു പോന്നു. കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്വം സാന്പത്തിക അച്ചടക്കം നിലനിർത്തുകയെന്നതാണ്. ഫിസ്കൽ റസ്പോൺസിബിലിറ്റി ആൻഡ് ബജറ്റ് മാനേജ്മെന്റ് (എഫ്ആർബിഎം) ചട്ടക്കൂട്ടിനുള്ളിൽനിന്ന് നിയമാനുസൃതം പ്രവർത്തിക്കുകയും ദേശീയ തലത്തിൽ സാന്പത്തിക സുസ്ഥിരത ഏർപ്പാടാക്കുകയും ചെയ്യുക എന്നതാണ്. മേൽ രണ്ട് ലക്ഷ്യങ്ങൾ പരസ്പരം ഏറ്റുമുട്ടുന്ന സാഹചര്യങ്ങൾ ഉണ്ടാകുന്നത് സംസ്ഥാനത്തിന്റെ ഓഫ് ബജറ്റ് വായ്പകൾ വലിയതോതിൽ കുമിഞ്ഞുകൂടുന്പോഴാണ്. ഇപ്രകാരം കേരളത്തിൽ സംഭവിക്കുന്നുവെന്നാണ് കേന്ദ്രം സൂചിപ്പിക്കുന്നത്.
വായ്പാ നിയമങ്ങൾ
ഭരണഘടനയുടെ ആർട്ടിക്കിൾ 293(3) പ്രകാരം, സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാരിൽനിന്നുമുള്ള വായ്പയുടെ കുടിശികയുണ്ടെങ്കിൽ അല്ലെങ്കിൽ ഇന്ത്യാ ഗവണ്മെന്റ് ഗ്യാരന്റി നല്കിയിട്ടുള്ള ഏതെങ്കിലും വായ്പയുടെ കുടിശികയുണ്ടെങ്കിൽ, ആ സംസ്ഥാനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ വായ്പയെടുക്കാൻ പാടില്ല. ഇത് നടപ്പിലാക്കുന്നത് എഫ്ആർബിഎം ആക്ട് പ്രകാരമുള്ള നെറ്റ് ബോറോവിംഗ് സീലിംഗ് നിരക്ക്, നിലവിൽ ബാധകമായ മൂന്നു ശതമാനം ജിഡിപിയുടെ എന്ന മാനദണ്ഡപ്രകാരമാണ്. ഒരു സംസ്ഥാനം വായ്പാ തിരിച്ചടവിനായി കണ്സോളിഡേറ്റഡ് ഫണ്ടിനെ ആശ്രയിച്ചാൽ അത് സംസ്ഥാനത്തിന്റെ കടമായി കരുതപ്പെടും; ഇവ സംസ്ഥാന ബജറ്റിന്റെ ഭാഗമായോ അല്ലാതെ എസ്പിവി ആയോ ആവാം.
തർക്കത്തിന്റെ കാതൽ
കേരളത്തിലെ എൽഡിഎഫ് സർക്കാർ പണനയത്തിന്റെ ഭാഗമായി കിഫ്ബി/എസ്പിവി/ സ്റ്റേറ്റ് ഗ്യാരന്റികൾ എന്നിവയിലൂടെ വലിയ തോതിൽ വായ്പയെടുക്കുകയും ഇവയെ വായ്പാ പരിധിയിൽനിന്നു മാറ്റിനിർത്തുകയും ചെയ്തു. എന്നാൽ, കേന്ദ്രസർക്കാർ ഇവയെ സർക്കാർ, പൊതുവായ്പകളായി പരിഗണിക്കുമെന്ന് വ്യക്തമാക്കി.
ഒന്നാം സർക്കാർ വായ്പകൾ
പിന്നിട്ട ഒന്നാം പിണറായി സർക്കാർ (2016-21) കാലഘട്ടത്തിൽ നേരിട്ടുള്ള ബജറ്റ് ബാധകമായ വായ്പ നിയമാനുസൃതമായി 1,05,000 കോടി രൂപയിലൊതുക്കി എഫ്ആർബിഎം നിബന്ധനകൾ അനുസരിച്ചു. എന്നാൽ, ബജറ്റിന് പുറത്ത്, ഇതര വഴികളിലൂടെ വലിയതോതിൽ വായ്പയെടുക്കൽ പ്രയോഗത്തിൽ വരുത്തിയെന്ന് കാണാം. 2016-21 കാലഘട്ടത്തിൽ കിഫ്ബിയുടെ കടം 20,000 കോടിയിൽനിന്ന് 38,000 കോടി രൂപയായി വർധിച്ചു. പെൻഷൻ എസ്പിവി വായ്പ 8,000 കോടിയിൽനിന്ന് 14,000 കോടിയായി ഉയർന്നു. മറ്റ് സംസ്ഥാന ഗ്യാരന്റികളിലൂടെയുള്ള വായ്പ 6,000 കോടിയിൽനിന്ന് 12,000 കോടി രൂപയായും ഉയർന്നു. ഈ മൂന്ന് ഓഫ് ബജറ്റ് വഴികളിലൂടെ 30,000 കോടിയുടെ അധികവായ്പകൾ സംസ്ഥാനത്തിന് മേൽ ഈ സർക്കാർ അടിച്ചേൽപ്പിച്ചു കഴിഞ്ഞിരുന്നു.
തുടർഭരണത്തിൽ വായ്പകൾ
രണ്ടാമൂഴത്തിൽ ഇടതു സർക്കാരിന്റെ പിന്നിട്ട നാലു വർഷങ്ങളിൽ അനുവദനീയമായിട്ടുള്ള വായ്പാ പരിധി 23,000 കോടി രൂപയിൽനിന്ന് ഉയർന്ന് 27,000 കോടിയായി. എന്നാൽ, ഈ കാലഘട്ടത്തിൽ ക്രമാതീതമായി ഏറ്റെടുത്ത ഓഫ് ബജറ്റ് വായ്പകൾ ക്രമംതെറ്റി സന്പദ്ഘടനയെ താറുമാറാക്കി. മുൻ നാലുവർഷങ്ങളിൽ ഓഫ് ബജറ്റ് വായ്പകൾ ആകെ 28,500 കോടിയിലെത്തി.
തിരിച്ചടവ് ക്രമീകരണം
വായ്പാ കുടിശികയുടെ ക്രമീകരണം ഘട്ടംഘട്ടമായിട്ടാണ് കേന്ദ്ര സർക്കാർ ക്രമീകരിച്ചുവരുന്നത്, ഒറ്റയടിക്കല്ല. 2024-25ൽ 9,200 കോടി വകയിരുത്തി. 2025-26ലേക്ക് 14,000-17,000 കോടി, ഗഡുക്കളായി 3-4 വർഷങ്ങളിൽ തിരിച്ചുപിടിക്കുമത്രേ. ഈ തിരിച്ചുപിടിക്കലുകൾ കണക്കുകളിൽ വകവയ്ക്കുകയാണ്, പുതിയവയല്ല. മുൻകാലങ്ങളിലെ വലിയ വായ്പകളുടെ തിരിച്ചടവ് ഭാരം നിലവിലും തുടരുമല്ലോ.
കഷ്ടനഷ്ടങ്ങൾ ആർക്ക്
വായ്പാ നിബന്ധന നടപടികളുടെ ഗൗരവതരമായ നടത്തിപ്പ് ഹ്രസ്വകാലത്തേക്ക് സംസ്ഥാന സർക്കാരിന് ക്ലേശങ്ങൾ സമ്മാനിക്കുമെങ്കിലും നല്ല നടത്തിപ്പിനായുള്ള അവസരമായി കരുതട്ടെ. ക്രമംവിട്ട വലിയ വായ്പകൾ പണപ്പെരുപ്പം, തൊഴിലില്ലായ്മ, അഴിമതി, കെടുകാര്യസ്ഥത തുടങ്ങിയവ വർധിക്കാനുതകുമെന്ന് ന്യായമായും ജനം കരുതും. ഭാവി ഇരുളിലാകാതിരിക്കട്ടെ.
നിലവിലെ ഇടതു സർക്കാർ ഓഫ്-ബജറ്റ് മാർഗങ്ങളിലൂടെ വലിയതോതിൽ വായ്പകൾ ഏറ്റെടുത്തു. ഫലമോ രൂക്ഷമായ വിലക്കയറ്റം, തൊഴിലില്ലായ്മയുടെ പെരുക്കം, വരുമാന മാന്ദ്യത എന്നിവ.
കേന്ദ്രസർക്കാർ മേൽപ്രകാരമുള്ള വായ്പകളെ ക്രമപ്പെടുത്തുന്നതിനോടൊപ്പം ഭാവിയിൽ ഇവയുടെ വിപുലമായ ദുരുപയോഗത്തെ നിയന്ത്രിക്കുകയാണ് ചെയ്യുന്നത് എന്ന് അനുമാനിക്കാം. നിലവിലെ വിവാദം രാഷ്ട്രീയമല്ല, ധനപരമാണ്. മികച്ച ധനകാര്യ നടത്തിപ്പിന് കേന്ദ്രവും ജനങ്ങളോട് ബാധ്യസ്ഥരാണ്. വലിയ കടഭാരം ഏറ്റെടുത്ത് സാധാരണ ജനത്തിനുമേൽ അമിത തിരിച്ചടവ് ബാധ്യതകൾ അടിച്ചേൽപിക്കാതിരിക്കട്ടെ.
ആരോപണങ്ങൾ നിലനിൽക്കുമോ?
(1) ഒറ്റത്തവണ വലിയ തിരിച്ചടവ് വകയിരുത്തൽ കടന്നുവരുന്നത് പെരുകിയ ബാധ്യതകളുടെ പ്രതിഫലനം മാത്രമാണ്.
(2) ജിആർഎഫ് മാനദണ്ഡങ്ങൾ ശാസ്ത്രീയമല്ലെന്ന വാദഗതി നിലനിൽക്കുന്നതല്ല.
(3) കിഫ്ബി വായ്പകൾ കേന്ദ്രം പരിഗണിക്കരുതെന്ന വാദം ഓഡിറ്റ്/ധനകാര്യ നിയമങ്ങൾ/പ്രിൻസിപ്പിൾസ് അനുസരിച്ച് നിലനില്ക്കില്ല.
(4) നാഷണൽ ഹൈവേ സ്ഥലമെടുപ്പിനായിട്ടുള്ള വായ്പകളുടെ തിരിച്ചടവ് ഉത്തരവാദിത്വം സർക്കാരിലാണെങ്കിൽ, ഒഴിവാക്കൽ ബാധകമല്ല.
ഇതുപോലുള്ള ക്രമപ്പെടുത്തലുകൾ സമാനതലങ്ങളിലുള്ള സംസ്ഥാനങ്ങൾക്കും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടുന്നുമുണ്ട്.
(തുടരും)
Tags : Kerala's debt burden blockade Central Government Kerala