ന്യൂഡൽഹി: ആശ്രിത പെന്ഷന് വാങ്ങുന്ന മാതാപിതാക്കള്‍ക്ക് പുതിയ നിബന്ധനകൾ ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. സര്‍ക്കാര്‍ ജീവനക്കാരന് അവിവാഹിതനായോ അല്ലെങ്കില്‍ പങ്കാളിയും മക്കളുമില്ലാതെയോ മരണപ്പെട്ടാല്‍ ആശ്രിതരായ മാതാപിതാക്കള്‍ക്ക് ലഭിച്ചിരുന്ന ആശ്രിത പെൻഷനുവേണ്ടിയാണ് പുതിയ നിബന്ധനകൾ.
വര്‍ധിപ്പിച്ച നിരക്കിലുള്ള പെന്ഷന് തുടര്‍ന്നും ലഭിക്കുന്നതിന് ഇനി മുതല്‍ മരിച്ച ജീവനക്കാരന്റെ മാതാപിതാക്കള്‍ ഇരുവരും എല്ലാ വർഷവും ‘ലൈഫ് സര്‍ട്ടിഫിക്കറ്റ്' സമര്‍പ്പിക്കണമെന്നാണ് പെന്ഷന് ആൻഡ് പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ വകുപ്പ് അറിയിച്ചിരിക്കുന്നത്.
ഇരുവരും ജീവിച്ചിരിപ്പുണ്ടെങ്കില്‍ അവസാന ശമ്പളത്തിന്റെ 75 ശതമാനം നിരക്കിലും ഒരാള്‍ മാത്രമാണെങ്കില്‍ 60 ശതമാനം നിരക്കിലുമാണ് പെന്ഷന് ലഭിക്കുക. മാതാപിതാക്കള്‍ ഇരുവരും ജീവിച്ചിരിപ്പുണ്ടെങ്കില്‍ 75 ശതമാനം നിരക്കിലുള്ള പെന്ഷന് തുടര്‍ന്നും ലഭിക്കുന്നതിനായി രക്ഷിതാക്കള്‍ ഇരുവരും ഓരോ വര്‍ഷവും ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
തെറ്റായ പെന്ഷന് വിതരണം ഒഴിവാക്കാനും രേഖകള്‍ കൃത്യമായി പരിപാലിക്കാനും വേണ്ടിയാണ് പുതിയ നിര്‍ദേശം. ഇതില്‍ ഒരാള്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാതെ വന്നാല്‍ പങ്കാളി മരണപ്പെട്ടു എന്ന് കണക്കാക്കുകയും തുടര്‍ന്ന് പെന്ഷന് തുക 60 ശതമാനം നിരക്കിലേക്ക് കുറയുകയും ചെയ്യും. ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനുള്ള സമയപരിധി എല്ലാ വര്‍ഷവും നവംബര്‍ 30 ആണ്.
Tags : Central government new conditions dependent pension parents