ന്യൂഡൽഹി: പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് ലൈബ്രറിയിൽനിന്ന് (പിഎംഎംഎൽ) പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവുമായി ബന്ധപ്പെട്ട രേഖകളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നു കേന്ദ്രസർക്കാർ പാർലമെന്റിൽ വ്യക്തമാക്കി.
പിഎംഎംഎല്ലിൽ രേഖകളുടെ വാർഷിക ഓഡിറ്റിംഗ് നടക്കാറില്ലെന്നും ഈ വർഷം നടന്ന വാർഷിക പരിശോധനയിൽ നെഹ്റുവുമായി ബന്ധപ്പെട്ട രേഖകളൊന്നും നഷ്ടമായിട്ടില്ലെന്നും കണ്ടെത്തിയെന്നും ബിജെപി എംപി സംബിത് പത്രയുടെ ചോദ്യത്തിനു മറുപടിയായി കേന്ദ്ര സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് അറിയിച്ചു.
ജവഹർലാൽ നെഹ്റുവുമായി ബന്ധപ്പെട്ട രേഖകളൊന്നും നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടില്ലെന്ന് ബിജെപി എംപിയുടെതന്നെ ചോദ്യത്തിനു കേന്ദ്രം ലോക്സഭയിൽ മറുപടി നൽകിയതിനു പിന്നാലെ, സത്യം അവസാനം പുറത്തുവന്നെന്നും ഒരു ക്ഷമാപണം വരാനിരിക്കുന്നുണ്ടോയെന്നും കോണ്ഗ്രസ് എംപി ജയ്റാം രമേശ് പ്രതികരിച്ചു.
നെഹ്റുവിന്റെ ചില സ്വകാര്യ കത്തുകൾ വീണ്ടെടുക്കുന്നതിന് കോണ്ഗ്രസ് നേതാവ് സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പിഎംഎംഎൽ സൊസൈറ്റി അംഗമായ റിസ്വാൻ കാദ്രി സെപ്റ്റംബറിൽ പറഞ്ഞതിനു കടകവിരുദ്ധമായാണ് കേന്ദ്രത്തിന്റെ ഇന്നലത്തെ വിശദീകരണം.
വിദേശ നേതാക്കൾ, നയതന്ത്ര പ്രതിനിധികൾ, എഴുത്തുകാർ തുടങ്ങിയവർക്ക് നെഹ്റു അയച്ച കത്തുകളുടെ പകർപ്പുകൾ തിരിച്ചുനൽകണമെന്നാവശ്യപ്പെട്ട് പിഎംഎംഎൽ സോണിയയ്ക്കു കത്തെഴുതിയിരുന്നുവെന്ന് കഴിഞ്ഞ വർഷം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ആൽബർട്ട് ഐൻസ്റ്റീൻ, ജയപ്രകാശ് നാരായണ്, എഡ്വിന മൗണ്ട് ബാറ്റൻ തുടങ്ങിയവർക്ക് നെഹ്റു അയച്ച കത്തുകളടങ്ങിയ പെട്ടികൾ യുപിഎ സർക്കാരിന്റെ കാലത്തു സോണിയഗാന്ധി മ്യൂസിയത്തിൽനിന്നു നീക്കം ചെയ്തുവെന്നായിരുന്നു ആരോപണം.
Tags : central government Nehru Nehru related documents Prime Minister's Museum and Library