Kerala
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹർജികളിലെ വാദം ഏപ്രിൽ 23ലേക്ക് മാറ്റി ഡൽഹി ഹൈക്കോടതി. കേസിൽ അന്തിമ വാദം ഇന്ന് നടക്കുമെന്നായിരുന്നു വിലയിരുത്തൽ.
സമയക്കുറവ് മൂലമാണ് ഇന്ന് കോടതി ഹർജികൾ പരിഗണിക്കാതെ മാറ്റിയത്. ഹർജി ജസ്റ്റിസ് അനൂപ് ബംബാനിയുടെ ബഞ്ചിന് മുൻപാകെയാണ് ഇന്ന് ലിസ്റ്റ് ചെയ്തിരുന്നത്. കഴിഞ്ഞ ഒക്ടോബറിൽ കേസ് പരിഗണനയ്ക്ക് വന്നിരുന്നു.
എന്നാൽ ഒക്ടോബറിൽ എസ്എഫ്ഐഒയ്ക്കും കേന്ദ്ര സര്‍ക്കാരിനുമായി അഭിഭാഷകര്‍ കോടതിയില്‍ ഹാജരായിരുന്നില്ല. ഇതേ തുടര്‍ന്നാണ് അന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് നീന ബന്‍സാല്‍ കൃഷ്ണ വാദം കേള്‍ക്കല്‍ ഇന്നത്തേക്ക് മാറ്റിയത്.
കേന്ദ്ര സർക്കാർ കേസ് നീട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നുവെന്ന് എസ്എഫ്ഐഒയും സിഎംആര്‍എല്ലും നേരത്തെ ആരോപിച്ചിരുന്നു.
National
ന്യൂഡൽഹി: കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേർ മരിക്കാനിടയായ ദുരന്തത്തിൽ സത്യവാങ്മൂലം സമർപ്പിക്കാത്തതിനു കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ചു ഡൽഹി ഹൈക്കോടതി.
പൊതുതാത്പര്യഹർജിയിൽ പ്രതികരണമറിയിച്ചുകൊണ്ടുള്ള സത്യവാങ്മൂലം കഴിഞ്ഞ വർഷം മാർച്ച് 26നകം സമർപ്പിക്കണമെന്നായിരുന്നു നിർദേശമെങ്കിലും കേന്ദ്ര റെയിൽവേ മന്ത്രാലയം ഈ സമയപരിധി പാലിക്കാത്തതാണ് ഹൈക്കോടതിയെ ചൊടിപ്പിച്ചത്.
ദുരന്തത്തിനുശേഷം എന്തൊക്കെ തീരുമാനങ്ങളും നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രം സത്യവാങ്മൂലത്തിൽ വ്യക്തമാക്കണമായിരുന്നു. അധികാരികൾ എന്തുകൊണ്ടാണ് ഇത്ര അലസത കാണിക്കുന്നതെന്നും, മറ്റൊരു സംഭവുമുണ്ടാകാൻ കാത്തിരിക്കുകയാണോയെന്നും കോടതി ചോദിച്ചു.
National
ന്യൂഡൽഹി: അങ്കിത ഭണ്ഡാരി വധക്കേസുമായി ബിജെപി ദേശീയ സെക്രട്ടറി ദുഷ്യന്ത് ഗൗതമിനെ ബന്ധിപ്പിക്കുന്ന സമൂഹമാധ്യമ പോസ്റ്റുകൾ നീക്കം ചെയ്യാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി. കേസുമായി ദുഷ്യന്തിന് ബന്ധമുണ്ടെന്ന തരത്തിൽ കോണ്‍ഗ്രസും ആം ആദ്മി പാർട്ടിയുമടക്കമുള്ള പ്രതിപക്ഷകക്ഷികളും വിവിധ സമൂഹമാധ്യമ അക്കൗണ്ടുകളും പോസ്റ്റുകൾ പങ്കുവച്ചതിനെത്തുടർന്നാണ് ഉത്തരവ്.
ഉത്തരാഖണ്ഡ് രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ കുപ്രസിദ്ധമായ കൊലപാതകത്തിലെ ‘വിഐപി’ താനാണെന്ന തരത്തിലുള്ള തരത്തിൽ പോസ്റ്റുകൾ പ്രചരിച്ചതിനെതിരെ ദുഷ്യന്ത് നൽകിയ മാനനഷ്ടക്കേസിലാണ് ഡൽഹി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഉത്തരാഖണ്ഡിലെ ഋഷികേശിൽ ഒരു ഹോട്ടലിലെ റിസപ്ഷനിസ്റ്റായിരുന്ന 19കാരിയായ അങ്കിത ഭണ്ഡാരി 2022ലാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ റിസോർട്ട് ഉടമയ്ക്കും രണ്ട് ജീവനക്കാർക്കും ജീവപര്യന്തം ശിക്ഷ വിധിച്ചിട്ടുണ്ട്. എന്നാൽ അങ്കിതയുടെ കൊലപാതകത്തിന്റെ സമയത്ത് റിസോർട്ടിൽ ഒരു ‘വിഐപി’ ഉണ്ടായിരുന്നുവെന്നും ഇയാളുടെ ഇംഗിതത്തിന് വഴങ്ങാത്തതു മൂലമാണ് അങ്കിത കൊല്ലപ്പെട്ടതെന്നും ആരോപണങ്ങളുണ്ട്. കുറ്റകൃത്യവുമായി ബന്ധപ്പെട്ട ശക്തർ സംരക്ഷിക്കപ്പെടുകയാണെന്ന് ആരോപിക്കപ്പെടുന്ന കേസിൽ സിബിഐ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷകക്ഷികളുടെ ആവശ്യം.
National
ന്യൂഡൽഹി: റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷനിലെ (ഐആർസിടിസി) ഹോട്ടലുകൾ ലീസിന് നൽകിയതുമായി ബന്ധപ്പെട്ട സാന്പത്തിക ക്രമക്കേടുകളിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനെതിരായ വിചാരണനടപടികൾ സ്റ്റേ ചെയ്യാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു.
കേസിന്റെ അന്വേഷണം ഈ നിലയിൽ എത്തിനിൽക്കുന്പോൾ അന്വേഷണ ഏജൻസിയുടെ പ്രതികരണം ആരായാതെ വിചാരണനടപടികൾ സ്റ്റേ ചെയ്യാൻ കഴിയില്ലെന്നു കോടതി വ്യക്തമാക്കി. ലാലുവിന്റെ ഹർജിയിൽ പ്രതികരണം അറിയിക്കാനായി അന്വേഷണ ഏജൻസിയായ സിബിഐക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തു.
ഐആർസിടിസി അഴിമതിക്കേസിൽ മുൻ റെയിൽവേ മന്ത്രികൂടിയായ ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്രി ദേവി, മകനും ബിഹാർ മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് തുടങ്ങിയവർക്കെതിരേ കഴിഞ്ഞ വർഷം ഒക്ടോബർ 13നാണ് വിചാരണക്കോടതി കുറ്റങ്ങൾ ചുമത്തിയത്. ഈ ഉത്തരവ് ചോദ്യം ചെയ്താണ് ലാലു പ്രസാദ് ഹൈക്കോടതിയെ സമീപിച്ചത്.
National
ന്യൂഡൽഹി: ഉന്നാവോ ബലാത്സംഗക്കേസിലെ കുറ്റവാളിയായ മുൻ ബിജെപി എംഎൽഎ കുൽദീപ് സെൻഗാറിന്റെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ചതിൽ ഡൽഹി ഹൈക്കോടതിക്കു പുറത്തു പ്രതിഷേധം.
ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി വിധിക്കെതിരേ അതിജീവിതയുടെ മാതാവ് ഉൾപ്പെടെയുള്ള വനിതാ പ്രവർത്തകർ ചേർന്നാണ് മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചത്.
തന്റെ മകൾ ഒരുപാട് കഷ്ടപ്പാടുകൾ അഭിമുഖീകരിച്ചതിനാലാണ് താനിവിടെ പ്രതിഷേധിക്കാനെത്തിയതെന്ന് അതിജീവിതയുടെ അമ്മ വാർത്താ ഏജൻസിയായ പിടിഐയോട് പ്രതികരിച്ചു. വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്നും അതിജീവിതയുടെ അമ്മ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയുമടക്കമുള്ള എതിർകക്ഷികൾക്ക് ഡൽഹി ഹൈക്കോടതി നോട്ടീസയച്ചു. സ്റ്റേ ആവശ്യത്തിൽ ഉൾപ്പെടെ മറുപടി സമർപ്പിക്കാനാണ് ഹൈക്കോടതി നിർദ്ദേശം.
സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരായ കുറ്റപത്രം അംഗീകരിക്കാത്ത വിചാരണക്കോടതി നടപടിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച അപ്പീലിലാണ് ഡൽഹി ഹൈക്കോടതിയുടെ നടപടി.
വിചാരണക്കോടതി നടപടി തെറ്റെന്നാണ് ഇഡി വാദിച്ചത്. മറ്റ് കേസുകളെയും ഇത് ബാധിക്കുമെന്നും ഇഡി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്വകാര്യ അന്യായത്തിന്റെ അടിസ്ഥാനത്തിൽ ഇഡി സമർപ്പിച്ച കുറ്റപത്രം നിലനിൽക്കില്ലെന്നായിരുന്നു ഡൽഹി റോസ് അവന്യു കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടത്. ഇതിന്മേലാണ് അപ്പിലൂമായി ഇഡി ഹൈക്കോടതിയെ സമീപിച്ചത്.
നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയും രാഹുൽഗാന്ധിയും ഉൾപ്പെടെ ആറു പേർക്കെതിരെയാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചത്. 2000 കോടിയുടെ തട്ടിപ്പെന്നായിരുന്നു കുറ്റപത്രത്തിൽ ആരോപണം.
National
ന്യൂഡൽഹി: ചോദ്യത്തിനു പണം നൽകിയെന്ന കേസിൽ തൃണമൂൽ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രക്കെതിരേ കുറ്റപത്രം സമർപ്പിക്കാൻ സിബിഐക്ക് അനുമതി നൽകിയ ലോക്പാൽ ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി. ലോക്പാൽ നിയമത്തിലെ വ്യവസ്ഥകൾ മനസിലാക്കുന്നതിൽ ലോക്പാലിനു പിഴവ് സംഭവിച്ചെന്ന് കോടതി ചൂണ്ടിക്കാട്ടി.
ലോക്പാൽ, ലോകായുക്ത നിയമത്തിലെ സെക്ഷൻ 20 അനുസരിച്ച് പ്രസക്തമായ വ്യവസ്ഥകൾക്കനുസൃതമായി അനുമതി നൽകുന്ന വശങ്ങൾ ഒരുമാസത്തിനകം പരിഗണനയ്ക്കെടുത്ത് പരിശോധിക്കാൻ കോടതി ലോക്പാലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കാൻ മഹുവ ഒരു വ്യാപാരിയുടെ പക്കൽനിന്ന് പണവും സമ്മാനങ്ങളും കൈപ്പറ്റിയെന്നതാണ് 2023ലെ കേസിനാധാരം. കേസിൽ കുറ്റപത്രം സമർപ്പിക്കാൻ സിബിഐക്ക് അനുമതി നൽകി കഴിഞ്ഞ നവംബർ 12ന് ലോക്പാൽ ഉത്തരവിട്ടിരുന്നു. ഇതു ചോദ്യം ചെയ്താണ് മഹുവ ഹൈക്കോടതിയെ സമീപിച്ചത്.
ലോക്പാൽ അനുമതി തെറ്റാണെന്നും ലോക്പാൽ നിയമത്തിന്റെ വ്യവസ്ഥകൾക്കെതിരാണെന്നും സ്വാഭാവികനീതി തത്വങ്ങളുടെ കടുത്ത ലംഘനമാണെന്നും അതിനാൽത്തന്നെ അനുമതി റദ്ദാക്കണമെന്നും മഹുവ ഹർജിയിൽ ആവശ്യപ്പെട്ടു.
ലോക്പാൽ, ലോകായുക്ത നിയമത്തിന്റെ സെക്ഷൻ 20 (7) പ്രകാരം പൊതുസേവകരുടെ പ്രതികരണങ്ങൾ അനുമതി നൽകുന്നതിനുമുന്പ് ശേഖരിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും തന്റെ വാദങ്ങൾ പൂർണമായി തള്ളിയാണു ലോക്പാൽ സിബിഐക്ക് അനുമതി നൽകിയതെന്ന് മഹുവ കോടതിയെ അറിയിച്ചു. ഇതു പരിഗണിച്ചാണ് കോടതി ലോക്പാൽ അനുമതി റദ്ദാക്കിയത്.
ഒരു മാസത്തിനുള്ളിൽ വിഷയം പുനഃപരിശോധിക്കാനും യുക്തിസഹമായ ഒരു തീരുമാനത്തിലെത്താനുമാണ് ലോക്പാലിനുള്ള കോടതിയുടെ നിർദേശം.
National
ന്യൂഡൽഹി: പുതിയ തൊഴിൽ ട്രൈബ്യൂണലുകൾ രൂപീകരിക്കുന്നതുവരെ നിലവിലുള്ള തൊഴിൽ കോടതികൾക്കും ഇൻഡസ്ട്രിയൽ ട്രൈബ്യൂണലുകൾക്കും ദേശീയ ഇൻഡസ്ട്രിയൽ ട്രൈബ്യൂണലുകൾക്കും പ്രവർത്തനം തുടരാമെന്ന് ഡൽഹി ഹൈക്കോടതിയെ കേന്ദ്രസർക്കാർ അറിയിച്ചു.
പുതിയ തൊഴിൽ കോഡ് പ്രാബല്യത്തിൽ കൊണ്ടുവന്ന സർക്കാർ വിജ്ഞാപനത്തിനെതിരായ പൊതുതാത്പര്യഹർജി പരിഗണിക്കവേയാണു കേന്ദ്രം കോടതിയിൽ നിലപാട് വ്യക്തമാക്കിയത്.
1947ലെ വ്യാവസായിക തർക്കനിയമത്തിനു കീഴിൽ ലേബർ കോടതികളും ഇൻസ്ട്രിയൽ ട്രൈബ്യൂണലുകളും പരിഗണിച്ചുവന്നിരുന്ന എല്ലാ കേസുകളും കൈമാറ്റം ചെയ്യപ്പെടാൻ കാരണമാകുന്ന പുതിയ നാല് തൊഴിൽ കോഡുകളിലൊന്നായ ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് രാജ്യത്തിന്റെ തൊഴിൽ തർക്ക പരിഹാര സംവിധാനത്തെ സ്തംഭിപ്പിച്ചിരിക്കുകയാണെന്ന് ഹർജിയിൽ പറയുന്നു.
എന്നാൽ പുതിയ നിയമങ്ങൾക്കു കീഴിൽ ട്രൈബ്യൂണലുകൾ രൂപീകരിക്കുന്നതുവരെ വ്യാവസായിക തർക്ക നിയമത്തിനു കീഴിലുള്ള കോടതികൾക്കും ട്രൈബ്യൂണലുകൾക്കും നിലവിലുള്ളതും പുതിയതുമായ കേസുകൾ പരിഗണിക്കുന്നത് തുടരാമെന്ന് അറിയിച്ചു ഈ മാസം എട്ടിന് സർക്കാർ വിജ്ഞാപനമിറക്കിയതായി കേന്ദ്രം കോടതിയെ അറിയിച്ചു.
അതേസമയം, മുന്‍പ് നിലവിലുണ്ടായിരുന്ന നിയമങ്ങൾ പൂർണമായും പിൻവലിക്കാതെയാണ് പുതിയ ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് പ്രാബല്യത്തിൽ കൊണ്ടുവന്നതെന്ന് ഡൽഹി ഹൈക്കോടതി ചൂണ്ടിക്കാട്ടി.
National
ന്യൂഡൽഹി: റെജിമെന്റിന്റെ ആഴ്ചതോറുമുള്ള മതപരമായ പരേഡിന്റെ ഭാഗമായി സിക്ക് ഗുരുദ്വാരയിൽ കയറാൻ വിസമ്മതിച്ച ക്രിസ്ത്യൻ ആർമി ഓഫീസറെ സൈന്യത്തിൽനിന്നു പിരിച്ചുവിട്ട നടപടി സുപ്രീംകോടതി ശരിവച്ചു.
പിരിച്ചുവിട്ട കരസേനയുടെ നടപടി ഡൽഹി ഹൈക്കോടതി ശരിവച്ചതിനെതിരേ സാമുവൽ കമലേശൻ എന്നയാളാണു സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ഹർജി പരിഗണിക്കാൻ വിസമ്മതിച്ച ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് സൈനിക അച്ചടക്കത്തിനു നിരക്കാത്ത പെരുമാറ്റം നടത്തിയതിനു സാമുവലിനെ വിമർശിക്കുകയും ചെയ്തു.
സാമുവലിന് പോസ്റ്റിംഗ് ലഭിച്ചിരുന്ന റെജിമെന്റിലെ നിർബന്ധിത പരേഡിന്റെ ഭാഗമായി ഗുരുദ്വാരയുടെയും അടുത്തുള്ള ക്ഷേത്രത്തിലെയും ശ്രീകോവിലുകളിൽ പ്രവേശിക്കണമെന്നുള്ള മേലുദ്യോഗസ്ഥന്റെ നിർദേശം ഇയാൾ നിരസിച്ചതാണ് സൈനികനടപടിക്കു വഴിവച്ചത്.
ഏകദൈവ മതമായ ക്രിസ്തുമതത്തിലാണു താൻ വിശ്വസിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് സാമുവൽ നിർദേശം നിരസിച്ചത്. ഇതിനെതിരേയുള്ള സൈനികനടപടി ശരിവച്ച സുപ്രീംകോടതി ഇത്തരമൊരു തീരുമാനത്തിലൂടെ എന്തു സന്ദേശമാണ് ഇയാൾ നൽകുന്നതെന്നും ഒരു സൈനിക ഉദ്യോഗസ്ഥന്റെ ഏറ്റവും വലിയ അച്ചടക്കലംഘനമാണിതെന്നും പറഞ്ഞു.
ബഹുമത ഇടങ്ങളിലും റെജിമെന്റൽ പരിപാടികളിലും താൻ പങ്കെടുത്തിരുന്നെന്നും ഒരൊറ്റ പ്രവൃത്തിയിലൂടെയാണു സൈന്യത്തിൽനിന്നു പിരിച്ചുവിട്ടതെന്നും സാമുവൽ വാദിച്ചെങ്കിലും സൈനികരുടെ മതപരമായ വിശ്വാസത്തിനു സേനയുടെ കൂട്ടായ ധാർമികതയെ മറികടക്കാൻ കഴിയില്ലെന്നും ഇയാൾ സൈന്യത്തിനു അനുയോജ്യനല്ലെന്നും വ്യക്തമാക്കി ഹർജിയിൽ ഇടപെടാൻ കോടതി വിസമ്മതിക്കുകയായിരുന്നു.
National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിഗ്രി സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ സമർപ്പിച്ച ഹർജികളിലെ കാലതാമസം ചൂണ്ടിക്കാട്ടി ഡൽഹി ഹൈക്കോടതി.
ഹർജികൾക്കു മറുപടി സമർപ്പിക്കാൻ ഹൈക്കോടതി ചീഫ് ജസ്റ്റീസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റീസ് തുഷാർ റാവു ഗെഡേല എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഡൽഹി സർവകലാശാലയ്ക്ക് മൂന്നാഴ്ചത്തെ സമയം അനുവദിച്ചു.
സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരേ അപ്പീലുകൾ സമർപ്പിക്കാൻ കാലതാമസം നേരിട്ടതായി സർവകലാശാലയ്ക്കുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു.
നരേന്ദ്ര മോദിയുടെ ബിരുദവിവരങ്ങൾ വെളിപ്പെടുത്തണമെന്ന് 2016 ലെ കേന്ദ്ര വിവരാവകാശ കമ്മീഷന്റെ നിർദേശം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ വിവരാവകാശ പ്രവർത്തകൻ നീരജ് ശർമ, ആംആദ്മി നേതാവ് സഞ്ജയ് സിംഗ് എന്നിവരാണു ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
പ്രധാനമന്ത്രി പൊതുപദവി വഹിക്കുന്നു എന്നതുകൊണ്ട് അദ്ദേഹത്തിന്റെ എല്ലാ വിവരങ്ങളും വെളിപ്പെടുത്തണമെന്ന് അർഥമാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്.
മോദി ബിരുദം നേടി എന്നു പറയപ്പെടുന്ന വർഷത്തിൽ ബിഎ പാസായ വിദ്യാർഥികളുടെ വിവരങ്ങൾ പുറത്തുവിടാനായിരുന്നു കേന്ദ്ര വിവരാവകാശ കമ്മീഷൻ ഡൽഹി സർവകലാശാലയ്ക്കു നൽകിയ നിർദേശം,
National
ന്യൂഡൽഹി: ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ അധ്യക്ഷപദവിയിലേക്ക് സിക്ക്, മുസ്ലിം സമുദായങ്ങൾക്കു പുറത്തുള്ളവരെ നിയമിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി.
1978ൽ ന്യൂനപക്ഷ കമ്മീഷൻ രൂപീകരിച്ചതിനുശേഷം 16 അധ്യക്ഷന്മാരെ ഇതിനോടകം നിയമിച്ചിട്ടുണ്ടെന്നും ഇതിൽ 14 പേർ മുസ്ലിംകളും രണ്ടുപേർ സിക്കുകാരാണെന്നും ചൂണ്ടിക്കാട്ടിയാണ് മറ്റ് അംഗീകൃത ന്യൂനപക്ഷ സമുദായങ്ങളിൽനിന്നും പ്രാതിനിധ്യം ഉറപ്പാക്കാൻ വേണ്ട നടപടികൾ കേന്ദ്രം കൈക്കൊള്ളണമെന്നാവശ്യപ്പെട്ടു സലേക് ചന്ദ് ജെയിൻ എന്നയാൾ ഹർജി നൽകിയിരിക്കുന്നത്.
എന്നാൽ 1992ലെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിയമം ന്യൂനപക്ഷ സമുദായങ്ങളിൽനിന്നുള്ള പ്രാതിനിധ്യം വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും ഏതെങ്കിലുമൊരു പ്രത്യേക സമുദായത്തിൽനിന്ന് അധ്യക്ഷനെ നിയമിക്കണമെന്നു നിർബന്ധിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റീസ് ദേവേന്ദ്ര കുമാർ ഉപാധ്യായ ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. എങ്കിലും ഹർജിക്കാരന് തന്റെ പരാതിയുമായി കേന്ദ്രസർക്കാരിനെ സമീപിക്കാമെന്നു പരാമർശിച്ചാണ് ഹൈക്കോടതി ഹർജി തള്ളിയത്.