ന്യൂഡൽഹി: റെജിമെന്റിന്റെ ആഴ്ചതോറുമുള്ള മതപരമായ പരേഡിന്റെ ഭാഗമായി സിക്ക് ഗുരുദ്വാരയിൽ കയറാൻ വിസമ്മതിച്ച ക്രിസ്ത്യൻ ആർമി ഓഫീസറെ സൈന്യത്തിൽനിന്നു പിരിച്ചുവിട്ട നടപടി സുപ്രീംകോടതി ശരിവച്ചു.
പിരിച്ചുവിട്ട കരസേനയുടെ നടപടി ഡൽഹി ഹൈക്കോടതി ശരിവച്ചതിനെതിരേ സാമുവൽ കമലേശൻ എന്നയാളാണു സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ഹർജി പരിഗണിക്കാൻ വിസമ്മതിച്ച ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് സൈനിക അച്ചടക്കത്തിനു നിരക്കാത്ത പെരുമാറ്റം നടത്തിയതിനു സാമുവലിനെ വിമർശിക്കുകയും ചെയ്തു.
സാമുവലിന് പോസ്റ്റിംഗ് ലഭിച്ചിരുന്ന റെജിമെന്റിലെ നിർബന്ധിത പരേഡിന്റെ ഭാഗമായി ഗുരുദ്വാരയുടെയും അടുത്തുള്ള ക്ഷേത്രത്തിലെയും ശ്രീകോവിലുകളിൽ പ്രവേശിക്കണമെന്നുള്ള മേലുദ്യോഗസ്ഥന്റെ നിർദേശം ഇയാൾ നിരസിച്ചതാണ് സൈനികനടപടിക്കു വഴിവച്ചത്.
ഏകദൈവ മതമായ ക്രിസ്തുമതത്തിലാണു താൻ വിശ്വസിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് സാമുവൽ നിർദേശം നിരസിച്ചത്. ഇതിനെതിരേയുള്ള സൈനികനടപടി ശരിവച്ച സുപ്രീംകോടതി ഇത്തരമൊരു തീരുമാനത്തിലൂടെ എന്തു സന്ദേശമാണ് ഇയാൾ നൽകുന്നതെന്നും ഒരു സൈനിക ഉദ്യോഗസ്ഥന്റെ ഏറ്റവും വലിയ അച്ചടക്കലംഘനമാണിതെന്നും പറഞ്ഞു.
ബഹുമത ഇടങ്ങളിലും റെജിമെന്റൽ പരിപാടികളിലും താൻ പങ്കെടുത്തിരുന്നെന്നും ഒരൊറ്റ പ്രവൃത്തിയിലൂടെയാണു സൈന്യത്തിൽനിന്നു പിരിച്ചുവിട്ടതെന്നും സാമുവൽ വാദിച്ചെങ്കിലും സൈനികരുടെ മതപരമായ വിശ്വാസത്തിനു സേനയുടെ കൂട്ടായ ധാർമികതയെ മറികടക്കാൻ കഴിയില്ലെന്നും ഇയാൾ സൈന്യത്തിനു അനുയോജ്യനല്ലെന്നും വ്യക്തമാക്കി ഹർജിയിൽ ഇടപെടാൻ കോടതി വിസമ്മതിക്കുകയായിരുന്നു.
Tags : Christian military officer gurdwara Suprem Court Delhi High Court