ന്യൂഡല്‍ഹി: പൈലറ്റുമാരുടെ ക്ഷീണവും വിശ്രമമില്ലായ്മയും പരിഹരിക്കുന്നതിനായി കൊണ്ടുവന്ന പുതിയ പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നത് വൈകിപ്പിക്കുന്നതില്‍ വ്യോമയാന നിയന്ത്രണ ഏജന്‍സിയായ ഡിജിസിഎയോട് വിശദീകരണം തേടി ഡല്‍ഹി ഹൈക്കോടതി. പൈലറ്റുമാരുടെ ജോലി സമയം സംബന്ധിച്ച പുതിയ നിയമങ്ങള്‍ അനിശ്ചിതമായി നീട്ടിവെച്ചതിനെതിരെയുള്ള ഹര്‍ജിയിലാണ് കോടതി ഇടപെടല്‍.
പൈലറ്റുമാരുടെ ക്ഷീണം കുറയ്ക്കുന്നതിനായി രാത്രികാല ജോലി സമയം കുറയ്ക്കാനും ആഴ്ചയിലെ വിശ്രമ സമയം 36 മണിക്കൂറില്‍ നിന്ന് 48 മണിക്കൂറായി വര്‍ദ്ധിപ്പിക്കാനും വ്യവസ്ഥ ചെയ്യുന്ന നിയമങ്ങള്‍ 2024 ജനുവരിയിലാണ് ഡിജിസിഎ പ്രഖ്യാപിച്ചത്. ജൂണ്‍ ഒന്നിനകം ഈ നിയമങ്ങള്‍ നടപ്പിലാക്കണമെന്നായിരുന്നു ആദ്യ നിര്‍ദ്ദേശം. എന്നാല്‍ എയര്‍ലൈന്‍ കമ്പനികളുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഡിജിസിഎ ഈ കാലാവധി അനിശ്ചിതമായി നീട്ടിവെക്കുകയായിരുന്നു.
വിമാനയാത്രക്കാരുടെയും പൈലറ്റുമാരുടെയും സുരക്ഷ കണക്കിലെടുത്ത് ഈ നിയമങ്ങള്‍ അനിവാര്യമാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. പൈലറ്റുമാരുടെ ക്ഷീണം വിമാനാപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിഷയത്തില്‍ ഡിജിസിഎയുടെ മറുപടി ആവശ്യപ്പെട്ട കോടതി, കേസ് വീണ്ടും പരിഗണിക്കുന്നതിനായി മാറ്റി.
Tags : DGCA Pilot Delhi High Court