ന്യൂഡൽഹി: പുതിയ തൊഴിൽ ട്രൈബ്യൂണലുകൾ രൂപീകരിക്കുന്നതുവരെ നിലവിലുള്ള തൊഴിൽ കോടതികൾക്കും ഇൻഡസ്ട്രിയൽ ട്രൈബ്യൂണലുകൾക്കും ദേശീയ ഇൻഡസ്ട്രിയൽ ട്രൈബ്യൂണലുകൾക്കും പ്രവർത്തനം തുടരാമെന്ന് ഡൽഹി ഹൈക്കോടതിയെ കേന്ദ്രസർക്കാർ അറിയിച്ചു.
പുതിയ തൊഴിൽ കോഡ് പ്രാബല്യത്തിൽ കൊണ്ടുവന്ന സർക്കാർ വിജ്ഞാപനത്തിനെതിരായ പൊതുതാത്പര്യഹർജി പരിഗണിക്കവേയാണു കേന്ദ്രം കോടതിയിൽ നിലപാട് വ്യക്തമാക്കിയത്.
1947ലെ വ്യാവസായിക തർക്കനിയമത്തിനു കീഴിൽ ലേബർ കോടതികളും ഇൻസ്ട്രിയൽ ട്രൈബ്യൂണലുകളും പരിഗണിച്ചുവന്നിരുന്ന എല്ലാ കേസുകളും കൈമാറ്റം ചെയ്യപ്പെടാൻ കാരണമാകുന്ന പുതിയ നാല് തൊഴിൽ കോഡുകളിലൊന്നായ ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് രാജ്യത്തിന്റെ തൊഴിൽ തർക്ക പരിഹാര സംവിധാനത്തെ സ്തംഭിപ്പിച്ചിരിക്കുകയാണെന്ന് ഹർജിയിൽ പറയുന്നു.
എന്നാൽ പുതിയ നിയമങ്ങൾക്കു കീഴിൽ ട്രൈബ്യൂണലുകൾ രൂപീകരിക്കുന്നതുവരെ വ്യാവസായിക തർക്ക നിയമത്തിനു കീഴിലുള്ള കോടതികൾക്കും ട്രൈബ്യൂണലുകൾക്കും നിലവിലുള്ളതും പുതിയതുമായ കേസുകൾ പരിഗണിക്കുന്നത് തുടരാമെന്ന് അറിയിച്ചു ഈ മാസം എട്ടിന് സർക്കാർ വിജ്ഞാപനമിറക്കിയതായി കേന്ദ്രം കോടതിയെ അറിയിച്ചു.
അതേസമയം, മുന്പ് നിലവിലുണ്ടായിരുന്ന നിയമങ്ങൾ പൂർണമായും പിൻവലിക്കാതെയാണ് പുതിയ ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് പ്രാബല്യത്തിൽ കൊണ്ടുവന്നതെന്ന് ഡൽഹി ഹൈക്കോടതി ചൂണ്ടിക്കാട്ടി.
Tags : labour tribunals Labour code new ones are formed continue Delhi High court Industrial tribunel