ന്യൂഡൽഹി: അങ്കിത ഭണ്ഡാരി വധക്കേസുമായി ബിജെപി ദേശീയ സെക്രട്ടറി ദുഷ്യന്ത് ഗൗതമിനെ ബന്ധിപ്പിക്കുന്ന സമൂഹമാധ്യമ പോസ്റ്റുകൾ നീക്കം ചെയ്യാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി. കേസുമായി ദുഷ്യന്തിന് ബന്ധമുണ്ടെന്ന തരത്തിൽ കോണ്‍ഗ്രസും ആം ആദ്മി പാർട്ടിയുമടക്കമുള്ള പ്രതിപക്ഷകക്ഷികളും വിവിധ സമൂഹമാധ്യമ അക്കൗണ്ടുകളും പോസ്റ്റുകൾ പങ്കുവച്ചതിനെത്തുടർന്നാണ് ഉത്തരവ്.
ഉത്തരാഖണ്ഡ് രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ കുപ്രസിദ്ധമായ കൊലപാതകത്തിലെ ‘വിഐപി’ താനാണെന്ന തരത്തിലുള്ള തരത്തിൽ പോസ്റ്റുകൾ പ്രചരിച്ചതിനെതിരെ ദുഷ്യന്ത് നൽകിയ മാനനഷ്ടക്കേസിലാണ് ഡൽഹി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഉത്തരാഖണ്ഡിലെ ഋഷികേശിൽ ഒരു ഹോട്ടലിലെ റിസപ്ഷനിസ്റ്റായിരുന്ന 19കാരിയായ അങ്കിത ഭണ്ഡാരി 2022ലാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ റിസോർട്ട് ഉടമയ്ക്കും രണ്ട് ജീവനക്കാർക്കും ജീവപര്യന്തം ശിക്ഷ വിധിച്ചിട്ടുണ്ട്. എന്നാൽ അങ്കിതയുടെ കൊലപാതകത്തിന്റെ സമയത്ത് റിസോർട്ടിൽ ഒരു ‘വിഐപി’ ഉണ്ടായിരുന്നുവെന്നും ഇയാളുടെ ഇംഗിതത്തിന് വഴങ്ങാത്തതു മൂലമാണ് അങ്കിത കൊല്ലപ്പെട്ടതെന്നും ആരോപണങ്ങളുണ്ട്. കുറ്റകൃത്യവുമായി ബന്ധപ്പെട്ട ശക്തർ സംരക്ഷിക്കപ്പെടുകയാണെന്ന് ആരോപിക്കപ്പെടുന്ന കേസിൽ സിബിഐ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷകക്ഷികളുടെ ആവശ്യം.
Tags : Ankita Bhandari murder case Delhi High Court removal of posts implicating BJP leader