Kerala
കൊച്ചി: വൈപ്പിനില്‍ ഡോക്ടറുടെ വീട്ടില്‍ മോഷണം. വീട്ടിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന രണ്ടര പവന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി പരാതി. എളങ്കുന്നപ്പുഴ ദേവേശ്വരത്ത് മനയില്‍ നിന്നാണ് ആഭരണങ്ങള്‍ മോഷണം പോയത്.
ഡയമണ്ട് പതിച്ച ഒരു സ്വര്‍ണ മോതിരം, ഡയമണ്ട് പതിച്ച ഒരു കടുക്കന്‍, ഒരു ജോഡി ജിമിക്കി കമ്മല്‍ എന്നിവയാണ് മോഷണം പോയിട്ടുള്ളത്. മൊത്തം 3,96,300 രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമയായ ഡോ. ലക്ഷ്മി ഞാറക്കല്‍ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കോട്ടയം: നടൻ കൃഷ്ണപ്രസാദിനും ബിജെപി കൗൺസിലറായ സഹോദരൻ കൃഷ്ണകുമാറിനുമെതിരെ കേസ്.
മലിനജലം പറമ്പിലേക്ക് ഒഴുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് മർദിച്ചെന്ന അയൽവാസിയായ ഡോക്ടറുടെ പരാതിയിൽ ചങ്ങാനാശേരി പോലീസാണ് കേസെടുത്തത്. കോട്ടയം ഭാരത് ആശുപത്രിയിലെ ഡോ. ശ്രീകുമാറിനാണ് മർദനമേറ്റത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഡോക്ടർ ശ്രീകുമാര്‍ പുറത്തു വിട്ടു. അതേസമയം, മർദിച്ചിട്ടില്ലെന്നും നിയമലംഘനം ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നുമാണ് നടൻ കൃഷ്ണപ്രസാദിന്റെ പ്രതികരണം.
Business
കണ്ണൂർ: കാൻസർ ചികിത്സയിൽ ഏറ്റവും പ്രാധാന്യമേറിയ ട്യൂമർ ബോർഡ് സേവനങ്ങൾ ഓൺ ലൈനായി നൽകുന്നതിനുള്ള ആപ്ലിക്കേഷൻ പുറത്തിറക്കി.
പ്രശസ്ത കാൻസർ സർജനും ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ ഡോക്ടറും ഓൺക്യുർ പ്രിവന്റീവ് ഹെൽത്ത് കെയർ എംഡിയുമായ ഡോ. കെ.പി. അബ്ദുള്ളയാണ് ‘പ്ലാൻ മൈ ഓങ്കോ’ എന്ന പേരിലുള്ള ആപ്ലിക്കേഷൻ തയാറാക്കിയത്.
ഓൺക്യുർ പ്രിവന്റീവ് ഹെൽത്ത് കെയർ സർവീസസ് നിർമിച്ച ആപ്പിന്റെ ലോഞ്ചിംഗ് തിരുവനന്തപുരം ഹയാത്ത് റിജൻസിയിൽ നടന്ന ഗ്ലോബൽ പ്രിവന്റീവ് ഓങ്കോളജി സമ്മിറ്റിൽ ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിച്ചു. ഈ ആപ്പ് ഉടൻ തന്നെ പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവിടങ്ങളിൽ ലഭ്യമാകും.
കാൻസർ ചികിത്സയ്ക്ക് വിവിധ ഡിപ്പാർട്ട്മെന്റുകളുടെഏകോപനം അനിവാര്യമായതിനാൽ രോഗികൾ പലയിടങ്ങളിലായി യാത്രപോകേണ്ട അവസ്ഥയുണ്ട്. ഇതു പരിഹരിച്ച് ഡോക്ടർമാരുടെ ഏകോപനവും വിദഗ്ധ നിർദേശങ്ങളും ആപ്പിലൂടെ സാധ്യമാക്കും.
പ്ലാൻ മൈ ഓങ്കോ ആപ്പ് വിർച്വൽ ട്യൂമർ ബോർഡാണ്. ഡോക്ടർമാർ മുന്‍പത്തെ അഭിപ്രായങ്ങൾ അറിയാതെ പുതിയ കേസ് പരിശോധിക്കും. ഇത് കൂടുതൽ നിഷ്പക്ഷവും കൃത്യവുമാകും. ഓൺലൈനായതിനാൽ വേഗം റിപ്പോർട്ടും ലഭിക്കും. രോഗികൾക്കു മാത്രമല്ല, ചെറിയ ടൗണുകളിലെ ഡോക്ടർമാർക്കു വിദഗ്ധ ഉപദേശവും ഇതിലൂടെ ലഭിക്കും.
ഇതുവഴി എല്ലാ കാൻസർ ചികിത്സയ്ക്കും വലിയ ആശുപത്രികളിലേക്ക് രോഗികളെ അയയ്ക്കാതെതന്നെ ചെറിയ ആശുപത്രികളിൽ ഇതിലൂടെ ചികിത്സ നൽകാനാകുമെന്നതിനാൽ ചികിത്സാചെലവും കുറയും. കാൻസർ സെന്ററുകളിലെ അനാവശ്യമായ തിരക്ക് കുറയ്ക്കാനും ഇതിലൂടെ സാധ്യമാകും.
രോഗികൾക്ക് ഇതിൽ മെഡിക്കൽ വിവരങ്ങൾ അപ്ലോഡ് ചെയ്യാനാകും. വിദഗ്ധ ടീം വെർച്വൽ മീറ്റിംഗിൽ പരിശോധിച്ച് ചികിത്സാ നിർദേശങ്ങൾ നൽകും. ചികിത്സയെക്കുറിച്ച് വളരെ എളുപ്പത്തിൽ രണ്ടാമത് ഒരു അഭിപ്രായം തേടാനും ഇതിലൂടെ സാധ്യമാകുമെന്ന നേട്ടവുമുണ്ട്.
Kerala
തൃപ്പൂണിത്തുറ: റോഡിൽ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ ജീവൻ രക്ഷിക്കാൻ ശ്രമിച്ച യുവാവ് മരിച്ചു. കൊല്ലം പുന്നല ചാച്ച്പുന്ന ഇഞ്ചൂർ ലക്ഷംവീട് ലിനീഷ് ഭവനിൽ ഡെന്നിസ് ജോസഫിന്റെ മകൻ വി.ഡി. ലിനു (40) ആണ് വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഉദയംപേരൂർ വലിയകുളത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചാണ് യുവാവിന് ഗുരുതര പരിക്കേറ്റത്.
കഴിഞ്ഞ ഞായറാഴ്ച രാത്രി 8.30 ഓടെ തൃപ്പൂണിത്തുറ വൈക്കം റോഡിലായിയിരുന്നു അപകടം. ലിനു സഞ്ചരിച്ച സ്കൂട്ടറും മുളന്തുരുത്തി ചെങ്ങോലപ്പാടം സ്വദേശി വിപിൻ, വേഴപ്പറമ്പ് സ്വദേശി മനു എന്നിവർ സഞ്ചരിച്ച ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഇരുവർക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ് ശ്വാസമെടുക്കാൻ കഴിയാത്ത നിലയിൽ റോഡിൽ കിടന്ന ലിനുവിന്റെ ജീവൻ രക്ഷിക്കാനായി അതുവഴി കടന്നുവന്ന മൂന്ന് യുവ ഡോക്ടർമാർ റോഡരിക് ശസ്ത്രകിയാ ടേബിളാക്കുകയായിരുന്നു.
കോട്ടയം മെഡിക്കൽ കോളജിലെ കാർഡിയാക് ശസ്ത്രക്രിയാ വിഭാഗം അസി. പ്രഫസർ ഡോ. ബി. മനൂപ്, അപകടം കണ്ട് വാഹനം നിർത്തിയിറങ്ങിയ കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഡോ. തോമസ് പീറ്റർ, ഭാര്യ ഡോ. ദിദിയ കെ. തോമസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അടിയന്തര നടപടി ആവശ്യമാണെന്ന് മനസിലാക്കിയ ഡോക്ടർമാർ ആശുപത്രിയിലെത്തിക്കാൻ കാത്തുനിൽക്കാതെ നടുറോഡിൽ ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു. ഉദയംപേരൂർ പോലീസിനോടു കാര്യങ്ങൾ പറഞ്ഞതിന് ശേഷമായിരുന്നു ശസ്ത്രക്രിയ.
നാട്ടുകാർ സംഘടിപ്പിച്ചു നൽകിയ ബ്ലേഡ് കൊണ്ട് ഡോ. മനൂപ്, ലിനുവിന്റെ കഴുത്തിൽ ഒരു മുറിവുണ്ടാക്കി. ശ്വാസനാളത്തിലേക്ക് ശീതളപാനീയത്തിന്റെ സ്ട്രോ കടത്തിവിട്ട് ശ്വാസഗതി തിരിച്ചുപിടിച്ചു. ആദ്യം പേപ്പർ സ്ട്രോയാണ് കിട്ടിയത്. പിന്നീട് പ്ലാസ്റ്റിക്കിന്റെ സ്ട്രോ ഉപയോഗിക്കുകയായിരുന്നു.സഹായിക്കാൻ ഡോ. തോമസ് പീറ്ററും ഡോ. ദിദിയ കെ. തോമസും ഒപ്പം നിന്നു.
ശസ്ത്രക്രിയയ്ക്ക് ആവശ്യമായ വെളിച്ചം നൽകിയത് അവിടെയുണ്ടായിരുന്ന നാട്ടുകാരുടെയും പോലീസുകാരുടെയും മൊബൈൽ ഫോണുകളായിരുന്നു. നാലു മിനിറ്റ് കൊണ്ടായിരുന്നു ശസ്ത്രക്രിയ. തുടർന്ന് ആംബുലൻസിൽ വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കും വരെ ഡോ. മനൂപ് ജീവൻ നിലനിർത്താനായി കൂടെ നിന്നു. ഈ ഇടപെടലിലൂടെ യുവാവ് ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് ഡോക്ടർമാർക്ക് പ്രതീക്ഷയണ്ടായിരുന്നെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭത്തെ തുടർന്ന് ഒട്ടേറെയാളുകൾ ഡോക്ടർമാരെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
National
ഷിംല: ആശുപത്രിയിൽ രോഗിയെ അതിക്രൂരമായി മര്‍ദിച്ച് ഡോക്ടർ. ഹിമാചല്‍പ്രദേശിലെ ഷിംലയിലുള്ള ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജിലാണ് സംഭവം.
വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിയ അര്ജുന് പന്‍വാര്‍ എന്ന രോഗിയെയാണ് ഡോക്ടര്‍ ആക്രമിച്ചത്.
ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അര്ജുന് പന്‍വാര്‍ വാര്‍ഡിലെ കട്ടിലില്‍ കിടന്നിരുന്നു. എന്നാൽ, യാതൊരു പ്രകോപനവുമില്ലാതെ ഡോക്ടര്‍ തന്നോട് മോശമായി പെരുമാറിയെന്നാണ് രോഗി പറയുന്നത്. തുടര്‍ന്ന് തര്‍ക്കമുണ്ടായെന്നും ഡോക്ടര്‍ അടിക്കാന്‍ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
'എനിക്ക് ഒരു ബ്രോങ്കോസ്കോപ്പി നടത്തിയിരുന്നു. ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. ഞാന്‍ ഓക്സിജന്‍ ആവശ്യപ്പെട്ടപ്പോള്‍, ഡോക്ടര്‍ എന്റെ അപ്പോയിന്റ്മെന്റ് സ്റ്റാറ്റസ് ചോദ്യം ചെയ്തു. എന്നോട് ബഹുമാനത്തോടെ സംസാരിക്കണമെന്ന് ഞാന്‍ അഭ്യർഥിച്ചു, പക്ഷേ അദ്ദേഹം കേട്ടില്ല. നീ വെറുമൊരു രോഗിയാണെന്ന മട്ടിലാണ് അദ്ദേഹം മറുപടി പറഞ്ഞത്. കുടുംബത്തോട് ഇങ്ങനെയാണോ സംസാരിക്കാറുള്ളതെന്ന് ഞാന്‍ ചോദിച്ചു. ഞാന്‍ വ്യക്തിപരമായി എടുക്കുകയാണെന്ന് പറഞ്ഞ് ഡോക്ടര്‍ എന്നെ അടിക്കാന്‍ തുടങ്ങി', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വലിയ ജനാവലി ആശുപത്രിയില്‍ തടിച്ചുകൂടി.
സംഭവം അന്വേഷിക്കാന്‍ ഷിംല ഐജിഎംസി ആശുപത്രി അധികൃതര്‍ മൂന്നംഗ അന്വേഷണ സമിതി രൂപീകരിച്ചു. വിഷയം അന്വേഷിച്ചു വരികയാണെന്നും ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഡോക്ടര്‍ക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും ഷിംല ഐജിഎംസി മെഡിക്കല്‍ സൂപ്രണ്ട് (എംഎസ്) ഡോ. രാഹുല്‍ റാവു പറഞ്ഞു.
Kerala
കൊച്ചി: എറണാകുളം കോലഞ്ചേരിയില്‍ കിണറ്റില്‍ വീണ് ഡോക്ടര്‍ മരിച്ചു. എറണാകുളം റിനൈ മെഡിസിറ്റിയിലെ ഡോക്ടറായ കാട്ടുമറ്റത്തില്‍ ഡോ. കെ.സി. ജോയ് (75) ആണ് മരിച്ചത്. വൈകിട്ട് ആറോടെയാണ് സംഭവം.
തമ്മാനിമറ്റത്തുള്ള തറവാട് വീടിനോട് ചേര്‍ന്നുള്ള സ്ഥലത്തെ കിണര്‍ വൃത്തിയാക്കുന്നതിനായി എത്തിയതായിരുന്നു ജോയ്. ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് കിണര്‍ ശുചീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനിടെ അബദ്ധത്തില്‍ കാല് വഴുതി കിണറ്റിലേക്ക് വീഴുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ആള്‍മറയില്ലാത്ത കിണറായിരുന്നു.
ഉടന്‍ തന്നെ നാട്ടുകാരും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി കിണറ്റില്‍ നിന്നും ഇദ്ദേഹത്തെ പുറത്തെടുത്തു. ഗുരുതരാവസ്ഥയിലായിരുന്ന ഡോക്ടറെ ഉടന്‍ തന്നെ കോലഞ്ചേരി എംഒഎസ്സി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
റിനൈ മെഡിസിറ്റിയിലെ ചീഫ് ഫിസിഷ്യനായ ജോയ് എറണാകുളത്തായിരുന്ന താമസം. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Kerala
പാലാ: യുവ വനിതാ ഡോക്ടര്‍ കുഴഞ്ഞുവീണു മരിച്ചു. പാലാ മീനച്ചില്‍ മൂലെത്തുണ്ടി ഭാഗത്ത് താമസിക്കുന്ന തോണക്കര സക്കറിയ ജോസഫിന്റെ മകള്‍ നീനു (29) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരമാണ് കുഴഞ്ഞു വീണത്. വീട്ടുകാര്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു.
ഇന്നു കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. സംസ്കാരം പിന്നീട് മീനച്ചില്‍ സെന്റ് ആന്റണീസ് പള്ളിയില്‍.
പഠനത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായി ജോലി ചെയ്തു വരികയായിരുന്നു നീനു. മാതാവ് ലൈസമ്മ സക്കറിയാസ്. സഹോദരങ്ങള്‍ നിമ്മി, നീതു.
National
ബംഗുളൂരു: വിമാനയാത്രക്കിടെ സഹയാത്രികയുടെ ജീവൻ രക്ഷിച്ച് കർണാടക മുൻ എംഎൽഎയും ഡോക്ടറുമായ അഞ്ജലി നിംബാൽക്കർ.
അമേരിക്കൻ യുവതിയുടെ ജീവനാണ് അഞ്ജലി രക്ഷിച്ചത്. ഞായറാഴ്ച ഗോവ-ന്യൂഡൽഹി വിമാനത്തിലായിരുന്നു സംഭവമെന്ന് ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു.
ഗോവയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി കൂടിയാണ് നിംബാൽക്കർ. ഡൽഹിയിൽ വോട്ട് ചോരിയുമായി ബന്ധപ്പെട്ട് രാംലീല മൈതാനത്ത് നടന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായാണ് അവർ ഗോവയിൽ നിന്നും ഡൽഹിയിലേക്ക് യാത്രതിരിച്ചത്.
ഇതിനിടെ വിമാനത്തിലുണ്ടായിരുന്ന യുവതിക്ക് ദേഹാസ്വസ്ഥ്യം ഉണ്ടാവുകയായിരുന്നു. വിഷയത്തിൽ ഇടപെട്ട അഞ്ജലി നിംബാൽക്കർ കടുത്ത വിറയലും ക്ഷീണവും അനുഭവപ്പെട്ട രോഗിക്ക് സിപിആർ നൽകി. പിന്നീട് യാത്രയിലുടനീളം അവർക്ക് വേണ്ട സഹായം നൽകി ഡോക്ടറും ഒപ്പമുണ്ടായിരുന്നു.
ഡൽഹിയിൽ വിമാനമിറങ്ങിയ ഉടനെ രോഗിയെ ആശുപത്രിയിലേക്ക് മാറ്റി. നിംബോൽക്കറിന്റെ സമയോചിതമായ ഇടപാടാണ് രോഗിയുടെ ജീവൻരക്ഷിച്ചതെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, നിംബാൽക്കറിനെ അഭിനന്ദിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തി. നിംബാൽക്കറിന്റെ നടപടിയെ അഭിനന്ദിക്കുകയാണ്. സഹയാത്രികരിൽ ഒരാൾക്ക് വൈദ്യസഹായം ആവശ്യം വന്നപ്പോൾ അത് നൽകി അവരുടെ ജീവൻ രക്ഷിക്കുകയാണ് നിംബാൽക്കർ ചെയ്തതെന്നും സിദ്ധരാമയ്യ എക്സിലെ പോസ്റ്റിൽ കുറിച്ചു.
Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് മദ്യലഹരിയിലെത്തിയെന്ന രോഗികളുടെ പരാതിയിൽ ഡ്യൂട്ടി ഡോക്ടർ അറസ്റ്റിൽ. വെള്ളറട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്.ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ജിത്തുവിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ഡ്യൂട്ടിക്കെത്തിയ ഡോക്ടർ മദ്യലഹരിയിലാണെന്ന് മനസിലായതോടെ രോഗികൾ ഇത് ചോദ്യം ചെയ്തു. തുടർന്ന് ജിത്തു രോഗികളുമായി തർക്കത്തിലേർപ്പെട്ടതോടെ നാട്ടുകാർ വിവരം വെള്ളറട പോലീസിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ജിത്തുവിനെ കസ്റ്റഡിയിലെടുത്ത് പാറശാല സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി. പിന്നാലെ സ്റ്റേഷനിലെത്തിച്ച് കേസെടുത്ത ശേഷം ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു.
നേരത്തെയും ഡോക്ടർ ജിത്തു ഇത്തരത്തിൽ മദ്യപിച്ചെത്തിയിരുന്നതായും ഇതേ തുടർന്ന് രോഗികളുമായി തർക്കത്തിലേർപ്പെട്ടതായും നാട്ടുകാർ പറയുന്നു. രക്തത്തിലെ മദ്യത്തിന്റെ അളവ് സ്ഥിരീകരിച്ചാൽ വകുപ്പ്തല നടപടിയടക്കം ഉണ്ടായേക്കും.
National
ന്യൂഡൽഹി: ചെങ്കോട്ടയിലെ കാർ ബോംബ് സ്ഫോടനക്കേസിൽ ഒരു ഡോക്ടറെക്കൂടി എൻഐഎ അറസ്റ്റ് ചെയ്തു. ഡോ. ബിലാൽ നസീർ മല്ലയാണ് അറസ്റ്റിലായത്. ചാവേർ സ്ഫോടനം നടത്തിയ ഡോ. ഉമർ ഉൻ നബിക്ക് ഒളിയിടമൊരുക്കിയതും തെളിവു നശിപ്പിച്ചതുമാണ് ബിലാലിനെതിരേയുള്ള കുറ്റം.
വടക്കൻ കാഷ്മീരിലെ ബാരാമുള്ള സ്വദേശിയാണ് ഡോ. ബിലാൽ. കേസിൽ അറസ്റ്റിലാകുന്ന എട്ടാമനാണ് ഇയാൾ. കോടതിയിൽ ഹജാരാക്കിയ ബിലാലിനെ ഏഴു ദിവസം എൻഐഎ കസ്റ്റഡിയിൽ വിട്ടു.
ഭീകരാക്രമണത്തിനുള്ള ഗൂഢാലോചനയിൽ ബിലാൽ പങ്കാളിയായിരുന്നുവെന്ന് എൻഐഎ അറിയിച്ചു. നവംബർ പത്തിനു രാജ്യത്തെ നടുക്കിയ സ്ഫോടനത്തിൽ 15 പേരാണു കൊല്ലപ്പെട്ടത്. ഒട്ടേറെ പേർക്കു പരിക്കേറ്റു.
National
ന്യൂഡൽഹി: ഡൽഹി സ്ഫോടനക്കേസിലെ മുഖ്യപ്രതികളിലൊരാളും ജെയ്ഷെ മുഹമ്മദിന്റെ വനിതാ വിഭാഗമായ ജമാഅത്ത് ഉൽ-മോമിനാത്ത് ഇന്ത്യൻ ഘടകത്തിന്റെ പ്രധാനിയും വിവാദ സർവകലാശായിലെ ഡോക്ടറുമായി ഷഹീൻ സയിദ് പദ്ധതിയിട്ടിരുന്നത് വൻ ആക്രമണങ്ങൾ. ഒരു വനിതാ ഡോക്ടർ, രണ്ടു പരാജയപ്പെട്ട വിവാഹങ്ങൾ, പുതുതായി കണ്ടെത്തിയ പ്രണയം, പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരരുമായി ബന്ധം, ഇന്ത്യയിൽ തീവ്രവാദത്തിനായി പദ്ധതികൾ തയാറാക്കി, ഒടുവിൽ പിടിയിൽ... ഷഹീൻ സയിദ് എന്ന 46കാരി നയിച്ചത് നിഗൂഢതകൾ നിറഞ്ഞ ജീവിതം.
അൽ ഫലാഹ് സർവകലാശാലയിലെ ഡോക്ടർമാരായ ഷഹീൻ സയിദും മുസമ്മിൽ ഷക്കീലും കമിതാക്കളായിരുന്നു. രണ്ടു വിവാഹത്തിലും സന്തോഷം കണ്ടെത്താനാകാതെ ഷഹീൻ മുസമ്മിലുമായി അടുപ്പത്തിലാകുകയും പിന്നീട് വിവാഹത്തിലേക്ക് എത്തുകയുമായിരുന്നു. 2023ൽ ഇരുവരും വിവാഹിതരായി. പാക്കിസ്ഥാനോടു മാനസികമായി കൂറുപുലർത്തിയിരുന്ന ഷഹീൻ, വിവിധ തീവ്രവാദസംഘടനകളുടെ പ്രവർത്തനങ്ങളിൽ താത്പര്യം പ്രകടിപ്പിച്ച സ്ത്രീയുമായിരുന്നു. ഇരുവരുടെയും ബന്ധം തുടങ്ങിയതുതന്നെ ഒരേ തൂവൽപ്പക്ഷികൾ എന്ന തിരിച്ചറിവിൽനിന്നാണ്.
വളർന്നത് ലക്നൗവിൽ
ലക്നൗവിലെ ജനസാന്ദ്രതയുള്ള ഡാലിഗഞ്ച് പ്രദേശത്ത് വളർന്ന ഷഹീൻ മിടുക്കിയായ വിദ്യാർഥിനിയായിരുന്നു. അലഹബാദിൽനിന്ന് എംബിബിഎസ് ബിരുദം നേടിയ അവർ പിന്നീട് ഫാർമക്കോളജിയിൽ സ്പെഷലൈസ് ചെയ്തു. ഷഹീനിന്റെ പിതാവ് സയിദ് അഹമ്മദ് അൻസാരി സർക്കാർ ജീവനക്കാരനായിരുന്നു. ഇവരുടെ കുടംബാംഗങ്ങളെക്കുറിച്ചു കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
10 വർഷം മാത്രം
2003ൽ ഷഹീൻ നേത്രരോഗവിദഗ്ധനായ ഡോ. സഫർ ഹയാത്തിനെ വിവാഹം കഴിച്ചു. അവർക്കു രണ്ട് കുട്ടികളുണ്ട്. എന്നാൽ, ആ ബന്ധം അധികകാലം നീണ്ടുനിന്നില്ല. "ഞങ്ങൾ 2003 നവംബറിൽ വിവാഹിതരായി. ഞാൻ ഷഹീനിന്റെ സീനിയറായിരുന്നു. 2012 അവസാനത്തോടെയാണ് ഞങ്ങളുടെ വിവാഹമോചനം നടന്നത്. അതിലേക്ക് നയിച്ചത് എന്താണെന്നോ, അവളുടെ മനസിലുണ്ടായിരുന്നത് എന്താണെന്നോ എനിക്കറിയില്ല. ഞങ്ങൾക്കിടയിൽ ഒരിക്കലും ഒരു തർക്കമോ വഴക്കോ ഉണ്ടായിരുന്നില്ല. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുമെന്ന് ഒരിക്കലും ഒരു സൂചന ഉണ്ടായിരുന്നില്ല...' ഒരു ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സഫർ പറഞ്ഞു. മികച്ച ശമ്പളത്തിനും ജീവിതനിലവാരത്തിനും വേണ്ടി ഓസ്ട്രേലിയയിലോ യൂറോപ്പിലോ സ്ഥിരതാമസമാക്കാമെന്ന് അവൾ ഒരിക്കൽ നിർദേശിച്ചു. ഇവിടെ ബന്ധുക്കളെല്ലാവരുമുണ്ട്. അവിടെ തങ്ങൾ ഒറ്റപ്പെടുമെന്നും പറഞ്ഞതായും സഫർ കൂട്ടിച്ചേർത്തു.
രണ്ടാം വിവാഹം
വിവാഹമോചനം ഷഹീന് ആഘാതമായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. പിന്നീട് ജോലി ഉപേക്ഷിച്ച് ഒറ്റയ്ക്കു താമസിച്ചു. ഈ സമയത്ത് ഇവർ എന്തെല്ലാം കാര്യങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു. എന്നതിനെക്കുറിച്ച് അറിവില്ല. എട്ടു വർഷത്തോളം ഇവർ ഒറ്റയ്ക്കു താമസിച്ചുവെന്നാണ് റിപ്പോർട്ട്. ഇക്കാലത്തെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. പിന്നീട് ഗാസിയാബാദിൽ ടെക്സ്റ്റൈൽ ബിസിനസ് നടത്തുന്ന ഒരാളെ അവർ പുനർവിവാഹം കഴിച്ചു. എന്നാൽ, ഈ വിവാഹവും അധികകാലം നീണ്ടുനിന്നില്ല.
മുസമ്മിൽ-ഷഹീൻ ബന്ധം
ഹരിയാനയിലെ ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയിൽ തന്റെ ജൂണിയറും കാഷ്മീരി ഡോക്ടറുമായ മുസമ്മിൽ ഷക്കീലുമായി ഷഹീൻ അടുക്കുന്നു. തന്നെക്കാൾ പ്രായം കുറഞ്ഞ മുസമ്മിലിനോട് ഷഹീനിന് കടുത്ത അഭിനിവേശമാണുണ്ടായിരുന്നത്. തീവ്രവാദത്തോട് ആഭിമുഖ്യമുണ്ടായിരുന്ന ഇരുവരുടെയും ബന്ധം പെട്ടെന്നു വളർന്നു. 2023 സെപ്റ്റംബറിൽ അൽ-ഫലാഹ് യൂണിവേഴ്സിറ്റിക്കു സമീപമുള്ള പള്ളിയിൽവച്ചാണ് ഇരുവരും വിവാഹിതരായത്. അവർ ഒരുമിച്ചു താമസം തുടങ്ങി. അവിടെനിന്നു തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഇരുവരും ഒന്നിച്ചുനീങ്ങുകയായിരുന്നു. ഷഹീനിനെ കൊടും തീവ്രവാദിയായി മാറ്റിയെടുത്തത് മുസമ്മിൽ ആണെന്നും റിപ്പോർട്ടുണ്ട്.
നേതൃത്വത്തിലേക്ക്
ജെയ്ഷെ മുഹമ്മദിന്റെ വനിതാ വിഭാഗമായ ജമാഅത്ത് ഉൽ-മോമിനാത്തിലെ അംഗങ്ങളുമായി ചേർന്നു പ്രവർത്തനം ആരംഭിച്ച ഷഹീൻ ഇന്ത്യയിൽ വൻ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട സംഘത്തിലെ അംഗമായിരുന്നു. പാക്കിസ്ഥാനിൽനിന്നുള്ള നിർദേശപ്രകാരം ദന്പതികൾക്ക് പരിശീലനവും ക്ലാസുകളും നൽകി. ജെയ്ഷെ സ്ഥാപകനും ആഗോളഭീകരനുമായ മസൂദ് അസ്ഹറിന്റെ സഹോദരി സാദിയ അസ്ഹറിന്റെ നേതൃത്വത്തിലുള്ള ജമാഅത്ത് ഉൾ മൊമിനാത്തിന്റെ ഇന്ത്യൻ ബ്രാഞ്ചിന്റെ ചുമതലയാണ് സയീദിന് ലഭിച്ചത്. ജമ്മു കാഷ്മീർ, ഡൽഹി-എൻസിആർ, ഹരിയാന എന്നിവിടങ്ങളിലുള്ള സംഘാംഗങ്ങൾക്ക് ഫണ്ട് കൈമാറാനും സന്ദേശങ്ങൾ കൈമാറാനും തുടങ്ങി. ഡോക്ടർ എന്ന തങ്ങളുടെ ജോലിയുടെ മറവിലായിരുന്നു ഇതെല്ലാം. ഡോക്ടർമാരുടെ ഭീകരസംഘത്തെ രൂപീകരിക്കുന്നതിന്റെ ചുമതല ഷഹീനിനായിരുന്നുവെന്നാണ് റിപ്പോർട്ട്.
National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ ഒരു ഡോക്ടർ കൂടി പിടിയിൽ. റയീസ് അഹമ്മദ് എന്ന സർജനാണ് പിടിയിലായത്. പത്താൻകോട്ടിൽ നിന്നാണ് സർജനെ പിടികൂടിയത്. ഇയാൾ പലതവണ അൽഫല യൂണിവേഴ്സിറ്റിയിലേക്ക് വിളിച്ചതായാണ് വിവരം പുറത്തുവരുന്നത്.
ഹരിയാനയിൽ നൂഹിലടക്കം വിവിധയിടങ്ങളിൽ പോലീസ് പരിശോധന നടത്തുകയാണ്. ചെങ്കോട്ട സ്ഫോടനത്തിൽ ഒരു കേസ് കൂടി പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ക്രിമിനൽ
ഗൂഢാലോചനയിലാണ് കേസെടുത്തിരിക്കുന്നത്. എൻഐഎ കേസിന് പുറമേയാണിത്. അറസ്റ്റിലായ പ്രതികളെ ഇന്ന് ചോദ്യം ചെയ്യും.
ചെങ്കോട്ട സ്ഫോടനത്തിൽ കസ്റ്റഡിയിലായ മൂന്നു പ്രതികളെ ഹരിയാന പോലീസ് എൻഐഎക്ക് കൈമാറി. ഇവരെ ഡൽഹിയിലെ എൻഐഎ ആസ്ഥാനത്ത് എത്തിച്ചെന്നാണ് വിവരം. ഡോക്ടർമാരായ മുസമ്മിൽ ,ആദിൽ, ഷഹീദ എന്നിവരെയാണ് ഏജൻസി കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യംചെയ്യും.
കഴിഞ്ഞ ദിവസം ഇവരുമായി ബന്ധമുള്ള മറ്റൊരു ഡോക്ടറെ യുപിയിൽ നിന്ന് പിടികൂടിയിരുന്നു. ഇവർ ജോലി ചെയ്തിരുന്ന അൽഫലാഹ് സർവകലാശാലയിൽ നിന്ന് നാലു പേരെ കൂടി ഹരിയാന പോലീസ് കസ്റ്റഡിയിലെടുത്തു.
Kerala
കൊച്ചി: സിബിഐ ഉദ്യോഗസ്ഥന് ചമഞ്ഞ് കൊച്ചിയില്‍ 81കാരനായ ഡോക്ടറില്‍നിന്നു വ്യാജ വെര്‍ച്വല്‍ അറസ്റ്റിലൂടെ 1.30 കോടി രൂപ തട്ടിയെടുത്തു. പരാതി ലഭിച്ച് മണിക്കൂറുകള്‍ക്കകം 1.06 കോടി രൂപയുടെ തുടര്‍കൈമാറ്റം സൈബര്‍ പോലീസ് മരവിപ്പിച്ചു.
എറണാകുളം ചാത്ത്യാത്ത് റോഡിലെ ഫ്ലാറ്റില്‍ താമസിക്കുന്ന വി.ജെ. സെബാസ്റ്റ്യനാണു തട്ടിപ്പിനിരയായത്. ഈ മാസം ഒന്നുമുതല്‍ ഇന്നലെ വരെയുള്ള ദിവസങ്ങളിലായിരുന്നു തട്ടിപ്പ്. സംഭവത്തില്‍ ദിവാലി സിംഗ്, പ്രണവ് ദയാല്‍, മറ്റൊരു ഉത്തരേന്ത്യക്കാരന് എന്നിവരെ പ്രതിചേര്‍ത്താണു സൈബര്‍ പോലീസ് കേസെടുത്തിട്ടുള്ളത്.
ടെലികോമില്നിന്നാണെന്നു പറഞ്ഞാണ് ഡോക്ടറെ തട്ടിപ്പുകാര്‍ ആദ്യം ഫോണില്‍ ബന്ധപ്പെട്ടത്. മൊബൈല്‍ നമ്പര്‍ കുറ്റകൃത്യത്തിനായി ഉപയോഗിച്ചിട്ടുണ്ടെന്നും സിബിഐ കേസെടുത്തിട്ടുണ്ടെന്നും തട്ടിപ്പുസംഘം ഡോക്ടറെ വിശ്വസിപ്പിച്ചു. പിന്നീട് സിബിഐ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വാട്സാപ്പില്‍ വീഡിയോ കോളിലൂടെ പ്രത്യക്ഷപ്പെട്ട് 48 മണിക്കൂറോളം വെര്‍ച്വല്‍ അറസ്റ്റിലാക്കി.
പണത്തിന്റെ ഉറവിടം വ്യക്തമാക്കുന്നതിന്റെ ഭാഗമായി തട്ടിപ്പുസംഘം കൈമാറിയ അക്കൗണ്ടിലേക്ക് പണം അയയ്ക്കാനും പരിശോധനയ്ക്കുശേഷം ഇതു തിരികെ നല്‍കുമെന്നും തട്ടിപ്പുസംഘം ഡോക്ടറെ അറിയിച്ചു. ഇതുപ്രകാരം പണം കൈമാറിയെങ്കിലും തിരികെ ലഭിക്കാതെ വന്നതോടെയാണു ഡോക്ടർ ഹെൽപ്പ് ലൈന്‍ നമ്പറായ 1930ല്‍ പരാതിപ്പെട്ടത്.
വിവരം പുറത്തുപറഞ്ഞാല്‍ ഫോട്ടോയും വിവരങ്ങളും സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്നും തട്ടിപ്പുസംഘം ഭീഷണിപ്പെടുത്തിയിരുന്നു. പരാതിക്കുപിന്നാലെ പോലീസ് നടത്തിയ തുടര്‍നടപടികളിലാണ് 1.06 കോടി മരവിപ്പിക്കാനായത്. പണം വൈകാതെ ഡോക്ടര്‍ക്കു തിരികെ ലഭിക്കുമെന്ന് പോലീസ് പറഞ്ഞു.
District News
കൊച്ചി: യുവ ഡോക്ടറെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന കേസിലും റാപ് ഗായകന് വേടന് ജാമ്യവ്യവസ്ഥയില്‍ ഇളവ്. കോടതിയുടെ അനുമതിയില്ലാതെ ഇന്ത്യ വിടരുതെന്ന വ്യവസ്ഥയാണ് ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് ഒഴിവാക്കിയത്.
നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ വിദേശങ്ങളിലടക്കം കേരളത്തിന് പുറത്ത് സ്റ്റേജ് പരിപാടികളുള്ളതിനാല്‍ ഈ വ്യവസ്ഥകള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വേടന് നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. അതേസമയം, വിദേശ പര്യടനത്തിന്റെ എല്ലാ വിശദാംശങ്ങളും ഹര്ജിക്കാരന് പോലീസിന് കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു. ഗവേഷണ വിദ്യാര്‍ഥിയെ കടന്നുപിടിച്ചെന്ന കേസിലും ഈ ജാമ്യവ്യവസ്ഥ കോടതി ഒഴിവാക്കിയിരുന്നു.
യുവഡോക്ടര്‍ നല്കിയ പരാതിയില്‍ തൃക്കാക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കാക്കനാട് കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തില്‍ ഇന്ത്യ വിടുന്നതിനുള്ള നിയന്ത്രണങ്ങള്‍ തുടരേണ്ടതില്ലെന്ന് കോടതി വിലയിരുത്തി.
Kerala
പാലക്കാട്: ചികിത്സാ പിഴവിനെ തുടർന്ന് എട്ടുവയസുകാരിയുടെ കൈ മുറിച്ചുമാറ്റിയെന്ന പരാതിയിൽ ഡോക്ടർമാരുടെ ഭാഗത്ത് പിഴവ് സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്.
കുട്ടിക്ക് കൃത്യമായ ചികിത്സ ലഭിച്ചുവെന്നാണ് റിപ്പോർട്ടിലുള്ളത്. വിഷയത്തിൽ ഡോക്ടർമാരെ പിന്തുണച്ച് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷനും (കെജിഎംഒഎ) രംഗത്തെത്തി. കുട്ടിക്ക് പരമാവധി ചികിത്സ നൽകിയെന്നാണ് കെജിഎംഒഎ പറയുന്നത്.
സെപ്തംബർ 30ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ കൈയിലെ രക്തയോട്ടം നിലച്ചിരുന്നു. പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയതിനുശേഷം കുട്ടിയെ കോഴിക്കോട്ടെ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നുവെന്നുമാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.
പാലക്കാട് ഡിഎംഒ നിയോഗിച്ച രണ്ട് ഡോക്ടർമാരാണ് പരാതിയിൽ അന്വേഷണം നടത്തിയത്. ഡ്യൂട്ടി ഡോക്ടറുടെയും വകുപ്പ് മേധാവിയുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്. റിപ്പോർട്ട് ഡിഎംഒയ്ക്ക് കൈമാറി.
പല്ലശന സ്വദേശികളായ വിനോദ്-പ്രസീദ ദമ്പതികളുടെ മകളും ഒഴിവ്പാറ എഎൽപി സ്കൂൾ വിദ്യാർഥിനിയുമായ വിനോദിനിയുടെ കൈയാണ് മുറിച്ചു മാറ്റിയത്. കൊഴിഞ്ഞാമ്പാറ വേലന്താവളത്തിന് സമീപത്താണ് കുടുംബം താമസിക്കുന്നത്.
സെപ്റ്റംബർ 24ന് കളിക്കുന്നതിനിടെ വീണു പരിക്കേറ്റതിനെ തുടർന്ന് കുട്ടിയെ ആദ്യം ചിറ്റൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലും പ്രവേശിപ്പിച്ചു. വലതു കൈത്തണ്ടയിലെ രണ്ട് എല്ലുകൾക്ക് പൊട്ടലുള്ളതായി കണ്ടെത്തിയതിനെ തുടർന്ന് പ്ലാസ്റ്ററിട്ടു.
വീട്ടിലെത്തിയെങ്കിലും വേദന സഹിക്കാൻ പറ്റാത്തതിനെ തുടർന്ന് 25ന് വീണ്ടും ഡോക്ടറെ കണ്ടു. തൊലി പൊട്ടിയതിനാൽ വേദനയുണ്ടാകുമെന്ന് പറഞ്ഞ് പ്രാഥമിക ചികിത്സ നൽകി മടക്കി അയച്ചു. പ്ലാസ്റ്റർ ഇട്ട ഭാഗത്തു നിന്ന് പഴുപ്പും ദുർഗന്ധവും വമിച്ചതോടെ 28ന് വീണ്ടും ആശുപത്രിയിലെത്തി. എന്നാൽ ഇവിടെ കൂടുതൽ ചികിത്സ നൽകാനാകില്ലെന്നു പറഞ്ഞ് മടക്കി അയച്ചതായി കുട്ടിയുടെ അമ്മ പറഞ്ഞു.
30ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചു. പഴുപ്പ് പടർന്നതിനെ തുടർന്ന് ഇവിടെ വച്ചാണ് കൈ മുറിച്ചു മാറ്റിയത്. പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർക്കോ ജീവനക്കാർക്കോ സംഭവിച്ച പിഴയാണ് കൈ മുറിക്കാൻ കാരണമായതെന്നാണ് കുടുംബം ആരോപിക്കുന്നത്.
എന്നാൽ, കുട്ടിക്ക് പരിക്കേറ്റ ദിവസം തന്നെ ജില്ലാ ആശുപത്രിയിലെ ഓർത്തോ വിഭാഗം ഡോക്ടർമാരുടെ സേവനം അത്യാഹിത വിഭാഗത്തിൽ ലഭ്യമാക്കിയിരുന്നുവെന്നാണ് ആശുപത്രി ഡിഎംഒയുടെ പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയത്. പൊട്ടിയ എല്ലുകൾക്ക് ഉചിതമായ ചികിത്സ നൽകി കൈയിലേക്ക് രക്തയോട്ടം ഉറപ്പ് വരുത്തിയിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. പിറ്റേ ദിവസവും പരിശോധിച്ചു. സെപ്തംബർ 30ന് എത്തുമ്പോഴേക്കും കൈയിൽ രക്തയോട്ടമില്ലാത്ത നിലയിലായിരുന്നുവെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
National
ഭോപ്പാൽ: മധ്യപ്രദേശിലെ ചിന്ദ്വാരയിൽ വിഷചുമമരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ ഡോക്ടർ അറസ്റ്റിൽ. കുട്ടികൾക്ക് മരുന്ന് നിർദേശിച്ച പ്രവീൺ സോണി ആണ് അറസ്റ്റിലായത്.
കോൾഡ്രിഫ് ചുമമരുന്നാണ് ഡോക്ടർ നിർദേശിച്ചത്. ഈ മരുന്ന് കഴിച്ച 14 കുട്ടികൾ മരിച്ചിരുന്നു. സംഭവത്തിൽ കേസെടുത്തതിന് പിന്നാലെയാണ് പരേഷ്യയിലെ ശിശുരോഗവിദഗ്ദ്ധനായ ഡോക്ടറെയും പോലീസ് അറസ്റ്റ് ചെയ്തത്.
കോൾഡ്രിഫ് സിറപ്പ് നിർമിച്ച തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിലുള്ള ശ്രീസാൻ ഫാർമസ്യൂട്ടിക്കൽസ് കമ്പനിക്കെതിരെയും മധ്യപ്രദേശ് സർക്കാർ കേസെടുത്തു. നേരത്തെ, കോൾഡ്രിഫിന്റെ വിൽപന സർക്കാർ നിരോധിച്ചിരുന്നു. മരുന്നിന്റെ സാമ്പിളുകളിൽ 48.6% ഡൈഎത്തിലീൻ ഗ്ലൈക്കോൾ എന്ന ഉയർന്ന വിഷാംശം അടങ്ങിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Kerala
കാഞ്ഞങ്ങാട്: കൗണ്‍സലിംഗിനെത്തിയ പതിനാലുകാരിക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ഡോക്ടര്‍ പോക്സോ നിയമപ്രകാരം അറസ്റ്റില്‍. കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ ആശുപത്രിയിൽ സൂപ്രണ്ട് തസ്തികയില്‍നിന്നു വിരമിച്ച സൈക്യാട്രിസ്റ്റ് കൂടിയായ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിയും കാഞ്ഞങ്ങാട് കുശാല്‍നഗര്‍ റെയില്‍വേ ഗേറ്റിനു സമീപം താമസക്കാരനുമായ ഡോ. വിശാഖ് കുമാറിനെയാണ് (61) ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്.
2023 ഡിസംബറിലാണു കേസിനാസ്പദമായ സംഭവം. ചന്തേര പോലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ വീട്ടുകാര്‍ നാലുതവണ ഡോക്ടറുടെ വീട്ടില്‍ കൗണ്‍സലിംഗിനായി എത്തിച്ചിരുന്നു. മൂന്നുതവണയും നല്ല രീതിയില്‍ കൗണ്‍സലിംഗ് നല്‍കിയെങ്കിലും നാലാംതവണ ഡോക്ടര്‍ തന്റെ നേര്‍ക്കു ലൈംഗികാതിക്രമം നടത്തിയെന്നു പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞു. ഇക്കാര്യം അന്നു രക്ഷിതാക്കളോട് പറഞ്ഞിരുന്നില്ല. ഈ അധ്യയനവര്‍ഷം സ്കൂള്‍ തുറന്നപ്പോള്‍ സ്കൂളില്‍ നടന്ന കൗണ്‍സലിംഗിലാണ് പെണ്‍കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. നിലവില്‍ പെണ്‍കുട്ടിക്ക് 16 വയസുണ്ട്. ഡോ. വിശാഖ് കുമാറിനെ ഹൊസ്ദുര്‍ഗ് ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.