x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാൻസറിനെ വിളിച്ചുവരുത്തുന്ന ഈ ശീലങ്ങൾ നിങ്ങൾക്കുണ്ടോ?

ഡോ. ദിലീപ് ഹരീന്ദ്രൻ വള്ളത്തോൾ
Published: February 12, 2026 03:29 PM IST | Updated: February 12, 2026 03:29 PM IST

നമ്മുടെ ദൈനംദിന ജീവിതത്തിലെ പല ശീലങ്ങളും അറിയാതെയാണെങ്കിലും മാരകമായ കാൻസർ രോഗത്തിലേക്ക് നമ്മെ നയിച്ചേക്കാം. ചർമം, ശ്വാസകോശം, വായ, കുടൽ, കരൾ, രക്തം, സ്തനം, ഗർഭപാത്രം, തലച്ചോർ തുടങ്ങി ശരീരത്തിന്‍റെ ഏതു ഭാഗത്തെയും ഈ രോഗം ബാധിക്കാം. ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, കാൻസറിനു കാരണമാകുന്ന ഘടകങ്ങളെ പ്രധാനമായും രണ്ടായി തിരിക്കാം: നമുക്കു നിയന്ത്രിക്കാൻ കഴിയുന്നവയും അല്ലാത്തവയും.

നിയന്ത്രിക്കാൻ കഴിയുന്ന കാര്യങ്ങൾ

പുക

കാൻസർ സാധ്യതകളെക്കുറിച്ചു ചിന്തിക്കുമ്പോൾ ഏറ്റവും ഭയാനകമായ വില്ലൻ പുക തന്നെയാണ്, പുകവലി, പുകയില ഉൽപ്പന്നങ്ങൾ ഇവയിൽ പെടും. സിഗരറ്റിൽ അടങ്ങിയിരിക്കുന്ന കെമിക്കലുകൾ മിക്കവയും കാൻസറിനു കാരണമാകുന്നവയാണ്. ഇവ ഓരോ തവണ ശ്വസിക്കുമ്പോഴും ശരീരകോശങ്ങൾക്കു നാശം സംഭവിക്കുന്നു. പുകവലിക്കുന്നവർ മാത്രമല്ല, ആ പുക ശ്വസിക്കുന്നവരും തുല്യമായ അപകടസാധ്യത നേരിടുന്നുണ്ട്. കുട്ടികളെയും ഗർഭിണികളെയും ഇതു ഗുരുതരമായി ബാധിക്കാം. അമിതമായി പ്ലാസ്റ്റിക് കത്തിക്കുമ്പോൾ ഉണ്ടാകുന്ന പുക ശ്വസിക്കുന്നതും കാൻസറിനു കാരണമാകുന്നു.

മദ്യപാനം

അർബുദത്തിനു കാരണമാകുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് മദ്യപാനം. മദ്യപാനശീലം കേവലം കരളിലെ കാൻസറിൽ മാത്രം ഒതുങ്ങുന്നതല്ല. വായ, തൊണ്ട, അന്നനാളം, സ്തനം, കുടൽ തുടങ്ങിയ ശരീരഭാഗങ്ങളെയും ഇതു ബാധിക്കാം.

 

K-Rail Survey

ഭക്ഷണശീലങ്ങൾ

നമ്മുടെ ഭക്ഷണരീതിയിൽ അറിഞ്ഞോ അറിയാതെയോ വരുത്തുന്ന ചില തെറ്റായ ശീലങ്ങൾ കാൻസർ സാധ്യത വർധിപ്പിക്കുന്നുണ്ട്. മാംസം കരിച്ചെടുത്ത് കഴിക്കുന്നതു നേരിട്ട് കാൻസറിനെ ക്ഷണിച്ചുവരുത്തുന്നതിനു തുല്യമാണ്. മീനോ മാംസമോ പൊരിക്കുമ്പോൾ എണ്ണയിൽ കരിഞ്ഞു വീഴുന്ന കറുത്ത പൊടികൾ രുചിക്കായി ചോറിൽ ചേർത്തു കഴിക്കുന്നതും ഒഴിവാക്കേണ്ട ശീലമാണ്.

ഭക്ഷണം ശരിയായി സൂക്ഷിക്കാത്തതു മൂലം ഉണ്ടാകുന്ന ഫംഗസ് ബാധയാണ് മറ്റൊരു പ്രധാന കാരണം. ബ്രെഡ്, ബൺ, കേക്ക്, ധാന്യങ്ങൾ, അച്ചാറുകൾ എന്നിവയിൽ പൂപ്പൽ ബാധിക്കുന്നത് നാം കാണാറുണ്ട്. ഇത്തരം ഫംഗസുകളിൽ അടങ്ങിയിരിക്കുന്ന അഫ്ലാടോക്സിൻ എന്ന വിഷാംശം കാൻസറിനു കാരണമാകുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ഭക്ഷണത്തിൽ നേരിയ തോതിൽ പോലും ഫംഗസ് ശ്രദ്ധയിൽപ്പെട്ടാൽ ആ ഭാഗം മുറിച്ചുമാറ്റി ബാക്കി കഴിക്കുന്നതിനു പകരം ആ ഭക്ഷണം പൂർണമായും ഉപേക്ഷിക്കുന്നതാണ് സുരക്ഷിതം.

ഇതോടൊപ്പംതന്നെ ഭക്ഷണത്തിന് ആകർഷണീയത നൽകാൻ ചേർക്കുന്ന കൃത്രിമ നിറങ്ങളും വില്ലനാകുന്നുണ്ട്. അനുവദനീയമായ നിറങ്ങൾ പോലും നിശ്ചിത അളവിൽ കൂടുതൽ ഉപയോഗിക്കുന്നതും നിയമവിരുദ്ധമായ കൃത്രിമ നിറങ്ങൾ ഭക്ഷണത്തിൽ ചേർക്കുന്നതും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. ഇത്തരം രാസവസ്തുക്കൾ അടങ്ങിയ ഭക്ഷണങ്ങൾ നിരന്തരം കഴിക്കുന്നതു കാൻസറിനെ ക്ഷണിച്ചുവരുത്തും. അമിതമായ റെഡ് മീറ്റ് ഉപയോഗവും ചില കാൻസറുകൾക്ക് (സ്തനം, കുടൽ,) കാരണമാണെന്നു പഠനങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. വലിയ തോതിൽ ഉപ്പടങ്ങുന്ന ഭക്ഷണം വയറിലെ കാൻസറിനു കാരണമാകുന്നു.

രാസപദാർത്ഥങ്ങൾ, അണുബാധകൾ

എച്ച്. പൈലോറി, ഹ്യൂമൻ പാപ്പിലോമാ വൈറസ് (HPV), ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, എയ്ഡ്സ് എന്നീ അണുബാധകൾ അർബുദത്തിനു കാരണമാകാം. ഇതിൽ മിക്കവയും പ്രതിരോധിക്കാൻ കഴിയും.

നമ്മുടെ ചുറ്റുപാടുകളിലുള്ള രാസപദാർഥങ്ങളും റേഡിയേഷനും തൊഴിലിടങ്ങളിലെ സാഹചര്യങ്ങളും അറിഞ്ഞോ അറിയാതെയോ കാൻസർ സാധ്യത കൂട്ടുന്നുണ്ട്. വീടുകളിലോ തൊഴിലിടങ്ങളിലോ ഇത്തരം കെമിക്കലുകൾ ഉണ്ടെങ്കിൽ അവ കൈകാര്യം ചെയ്യുന്നതിൽ അതീവ ജാഗ്രത പാലിക്കണം.

സ്കാനിംഗ് കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്നവർ റേഡിയേഷൻ ഏൽക്കാതിരിക്കാനുള്ള മുൻകരുതലുകൾ കർശനമായി പാലിക്കേണ്ടതുണ്ട്. അതുപോലെതന്നെ ലോഹങ്ങൾ ഇളക്കി ചേർക്കുമ്പോൾ ഉയരുന്ന പുക ശ്വസിക്കുന്നത് ശ്വാസകോശ സംബന്ധമായ കാൻസറുകൾക്കു നിമിത്തമായേക്കാം. വെൽഡിംഗ് പോലുള്ള ജോലികളിൽ ഏർപ്പെടുന്നവർ ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ ധരിക്കാനും പുക നേരിട്ട് ശ്വസിക്കുന്നത് ഒഴിവാക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികൾ അപകടകാരിയാണ്. ദിവസവും മണിക്കൂറുകളോളം നട്ടുച്ചസമയത്തെ കഠിനമായ വെയിൽ കൊള്ളുന്നതു ചർമത്തിലെ അർബുദത്തിനു കാരണമായേക്കാം.

നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങൾ

നമ്മുടെ ജീവിതശൈലിയിലോ ഭക്ഷണരീതിയിലോ മാറ്റം വരുത്തിയാൽ മാത്രം നിയന്ത്രിക്കാൻ കഴിയാത്ത ചില ഘടകങ്ങളും കാൻസർ സാധ്യതയെ സ്വാധീനിക്കാറുണ്ട്. നമ്മുടെ പൂർണമായ നിയന്ത്രണത്തിലല്ലാത്ത ഇത്തരം കാരണങ്ങളെക്കുറിച്ചു കൃത്യമായ ധാരണയുണ്ടെങ്കിൽ, കൃത്യസമയത്തുള്ള പരിശോധനകളിലൂടെ അപകടസാധ്യത കുറയ്ക്കാൻ സാധിക്കും.

പ്രായം

പ്രായം കൂടുന്നതു കാൻസർ സാധ്യത വർധിപ്പിക്കുന്ന ഒരു പ്രധാന ഘടകമാണ്. പ്രായമാകുന്തോറും നമ്മുടെ ശരീരത്തിലെ കോശങ്ങൾ നിരന്തരം വിഭജിക്കപ്പെടുകയും അവയിൽ സ്വാഭാവികമായ മാറ്റങ്ങൾ സംഭവിക്കുകയും ചെയ്യുന്നു. ദീർഘകാലത്തെ ഇത്തരം കോശമാറ്റങ്ങളും ശരീരത്തിന്‍റെ പ്രതിരോധശേഷിയിലുണ്ടാകുന്ന കുറവും പ്രായമായവരിൽ കാൻസർ വരാനുള്ള സാധ്യത കൂട്ടുന്നു. അതിനാൽ പ്രായം കൂടുന്തോറും കൃത്യമായ ഇടവേളകളിൽ ശാരീരിക പരിശോധനകൾ നടത്തേണ്ടത് അനിവാര്യമാണ്.

ജനിതക കാരണങ്ങൾ

ജനിതക കാരണങ്ങളാണ് മറ്റൊരു പ്രധാന ഘടകം. കുടുംബത്തിൽ മാതാപിതാക്കൾക്കോ സഹോദരങ്ങൾക്കോ കാൻസർ ബാധിച്ചിട്ടുണ്ടെങ്കിൽ, ആ കുടുംബത്തിലെ അടുത്ത തലമുറയിലുള്ളവർക്കു രോഗം വരാൻ നേരിയ സാധ്യതയുണ്ട്. പാരമ്പര്യമായി ലഭിക്കുന്ന ചില ജീനുകളിലെ തകരാറുകളാണ് ഇതിനു കാരണം. ഇത്തരം പാരമ്പര്യ പശ്ചാത്തലമുള്ളവർ ജനിതക പരിശോധനകൾക്കോ ഡോക്ടർ നിർദേശിക്കുന്ന പ്രത്യേക സ്ക്രീനിംഗുകൾക്കോ വിധേയരാകുന്നത് മുൻകരുതൽ എടുക്കാൻ സഹായിക്കും.

പരിസ്ഥിതി മലിനീകരണം

പരിസ്ഥിതി മലിനീകരണമാണ് നമ്മുടെ നിയന്ത്രണത്തിലല്ലാത്ത മറ്റൊരു വെല്ലുവിളി. നാം ശ്വസിക്കുന്ന വായുവിലെ വിഷാംശങ്ങൾ, ഫാക്ടറികളിൽനിന്നും വാഹനങ്ങളിൽനിന്നും പുറംതള്ളുന്ന പുക, ജലസ്രോതസുകളിലെ രാസമാലിന്യങ്ങൾ എന്നിവ ദീർഘകാലാടിസ്ഥാനത്തിൽ ശരീരത്തെ ദോഷകരമായി ബാധിക്കും. വ്യക്തിപരമായി നമുക്ക് ഇവ പൂർണമായും തടയാൻ കഴിയില്ലെങ്കിലും മലിനീകരണം കുറഞ്ഞ സാഹചര്യങ്ങളിൽ ജീവിക്കാൻ ശ്രമിക്കുന്നതും മാസ്ക് പോലുള്ള സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കുന്നതും ഒരു പരിധിവരെ ഗുണകരമാണ്.

(ലേഖകൻ കൊച്ചി ആസ്റ്റർ മെഡ്സിറ്റി മെഡിക്കൽ ഓങ്കോളജി കൺസൾട്ടന്‍റാണ്).

Tags : cancer Cancer awareness cancer treatment precautions habits doctor Aster Med City oncology kochi

Recent News

Up