ന്യൂഡൽഹി: ഡൽഹി സ്ഫോടനക്കേസിലെ മുഖ്യപ്രതികളിലൊരാളും ജെയ്ഷെ മുഹമ്മദിന്റെ വനിതാ വിഭാഗമായ ജമാഅത്ത് ഉൽ-മോമിനാത്ത് ഇന്ത്യൻ ഘടകത്തിന്റെ പ്രധാനിയും വിവാദ സർവകലാശായിലെ ഡോക്ടറുമായി ഷഹീൻ സയിദ് പദ്ധതിയിട്ടിരുന്നത് വൻ ആക്രമണങ്ങൾ. ഒരു വനിതാ ഡോക്ടർ, രണ്ടു പരാജയപ്പെട്ട വിവാഹങ്ങൾ, പുതുതായി കണ്ടെത്തിയ പ്രണയം, പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരരുമായി ബന്ധം, ഇന്ത്യയിൽ തീവ്രവാദത്തിനായി പദ്ധതികൾ തയാറാക്കി, ഒടുവിൽ പിടിയിൽ... ഷഹീൻ സയിദ് എന്ന 46കാരി നയിച്ചത് നിഗൂഢതകൾ നിറഞ്ഞ ജീവിതം.
അൽ ഫലാഹ് സർവകലാശാലയിലെ ഡോക്ടർമാരായ ഷഹീൻ സയിദും മുസമ്മിൽ ഷക്കീലും കമിതാക്കളായിരുന്നു. രണ്ടു വിവാഹത്തിലും സന്തോഷം കണ്ടെത്താനാകാതെ ഷഹീൻ മുസമ്മിലുമായി അടുപ്പത്തിലാകുകയും പിന്നീട് വിവാഹത്തിലേക്ക് എത്തുകയുമായിരുന്നു. 2023ൽ ഇരുവരും വിവാഹിതരായി. പാക്കിസ്ഥാനോടു മാനസികമായി കൂറുപുലർത്തിയിരുന്ന ഷഹീൻ, വിവിധ തീവ്രവാദസംഘടനകളുടെ പ്രവർത്തനങ്ങളിൽ താത്പര്യം പ്രകടിപ്പിച്ച സ്ത്രീയുമായിരുന്നു. ഇരുവരുടെയും ബന്ധം തുടങ്ങിയതുതന്നെ ഒരേ തൂവൽപ്പക്ഷികൾ എന്ന തിരിച്ചറിവിൽനിന്നാണ്.
വളർന്നത് ലക്നൗവിൽ
ലക്നൗവിലെ ജനസാന്ദ്രതയുള്ള ഡാലിഗഞ്ച് പ്രദേശത്ത് വളർന്ന ഷഹീൻ മിടുക്കിയായ വിദ്യാർഥിനിയായിരുന്നു. അലഹബാദിൽനിന്ന് എംബിബിഎസ് ബിരുദം നേടിയ അവർ പിന്നീട് ഫാർമക്കോളജിയിൽ സ്പെഷലൈസ് ചെയ്തു. ഷഹീനിന്റെ പിതാവ് സയിദ് അഹമ്മദ് അൻസാരി സർക്കാർ ജീവനക്കാരനായിരുന്നു. ഇവരുടെ കുടംബാംഗങ്ങളെക്കുറിച്ചു കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
10 വർഷം മാത്രം
2003ൽ ഷഹീൻ നേത്രരോഗവിദഗ്ധനായ ഡോ. സഫർ ഹയാത്തിനെ വിവാഹം കഴിച്ചു. അവർക്കു രണ്ട് കുട്ടികളുണ്ട്. എന്നാൽ, ആ ബന്ധം അധികകാലം നീണ്ടുനിന്നില്ല. "ഞങ്ങൾ 2003 നവംബറിൽ വിവാഹിതരായി. ഞാൻ ഷഹീനിന്റെ സീനിയറായിരുന്നു. 2012 അവസാനത്തോടെയാണ് ഞങ്ങളുടെ വിവാഹമോചനം നടന്നത്. അതിലേക്ക് നയിച്ചത് എന്താണെന്നോ, അവളുടെ മനസിലുണ്ടായിരുന്നത് എന്താണെന്നോ എനിക്കറിയില്ല. ഞങ്ങൾക്കിടയിൽ ഒരിക്കലും ഒരു തർക്കമോ വഴക്കോ ഉണ്ടായിരുന്നില്ല. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുമെന്ന് ഒരിക്കലും ഒരു സൂചന ഉണ്ടായിരുന്നില്ല...' ഒരു ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സഫർ പറഞ്ഞു. മികച്ച ശമ്പളത്തിനും ജീവിതനിലവാരത്തിനും വേണ്ടി ഓസ്ട്രേലിയയിലോ യൂറോപ്പിലോ സ്ഥിരതാമസമാക്കാമെന്ന് അവൾ ഒരിക്കൽ നിർദേശിച്ചു. ഇവിടെ ബന്ധുക്കളെല്ലാവരുമുണ്ട്. അവിടെ തങ്ങൾ ഒറ്റപ്പെടുമെന്നും പറഞ്ഞതായും സഫർ കൂട്ടിച്ചേർത്തു.
രണ്ടാം വിവാഹം
വിവാഹമോചനം ഷഹീന് ആഘാതമായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. പിന്നീട് ജോലി ഉപേക്ഷിച്ച് ഒറ്റയ്ക്കു താമസിച്ചു. ഈ സമയത്ത് ഇവർ എന്തെല്ലാം കാര്യങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു. എന്നതിനെക്കുറിച്ച് അറിവില്ല. എട്ടു വർഷത്തോളം ഇവർ ഒറ്റയ്ക്കു താമസിച്ചുവെന്നാണ് റിപ്പോർട്ട്. ഇക്കാലത്തെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. പിന്നീട് ഗാസിയാബാദിൽ ടെക്സ്റ്റൈൽ ബിസിനസ് നടത്തുന്ന ഒരാളെ അവർ പുനർവിവാഹം കഴിച്ചു. എന്നാൽ, ഈ വിവാഹവും അധികകാലം നീണ്ടുനിന്നില്ല.
മുസമ്മിൽ-ഷഹീൻ ബന്ധം
ഹരിയാനയിലെ ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയിൽ തന്റെ ജൂണിയറും കാഷ്മീരി ഡോക്ടറുമായ മുസമ്മിൽ ഷക്കീലുമായി ഷഹീൻ അടുക്കുന്നു. തന്നെക്കാൾ പ്രായം കുറഞ്ഞ മുസമ്മിലിനോട് ഷഹീനിന് കടുത്ത അഭിനിവേശമാണുണ്ടായിരുന്നത്. തീവ്രവാദത്തോട് ആഭിമുഖ്യമുണ്ടായിരുന്ന ഇരുവരുടെയും ബന്ധം പെട്ടെന്നു വളർന്നു. 2023 സെപ്റ്റംബറിൽ അൽ-ഫലാഹ് യൂണിവേഴ്സിറ്റിക്കു സമീപമുള്ള പള്ളിയിൽവച്ചാണ് ഇരുവരും വിവാഹിതരായത്. അവർ ഒരുമിച്ചു താമസം തുടങ്ങി. അവിടെനിന്നു തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഇരുവരും ഒന്നിച്ചുനീങ്ങുകയായിരുന്നു. ഷഹീനിനെ കൊടും തീവ്രവാദിയായി മാറ്റിയെടുത്തത് മുസമ്മിൽ ആണെന്നും റിപ്പോർട്ടുണ്ട്.
നേതൃത്വത്തിലേക്ക്
ജെയ്ഷെ മുഹമ്മദിന്റെ വനിതാ വിഭാഗമായ ജമാഅത്ത് ഉൽ-മോമിനാത്തിലെ അംഗങ്ങളുമായി ചേർന്നു പ്രവർത്തനം ആരംഭിച്ച ഷഹീൻ ഇന്ത്യയിൽ വൻ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട സംഘത്തിലെ അംഗമായിരുന്നു. പാക്കിസ്ഥാനിൽനിന്നുള്ള നിർദേശപ്രകാരം ദന്പതികൾക്ക് പരിശീലനവും ക്ലാസുകളും നൽകി. ജെയ്ഷെ സ്ഥാപകനും ആഗോളഭീകരനുമായ മസൂദ് അസ്ഹറിന്റെ സഹോദരി സാദിയ അസ്ഹറിന്റെ നേതൃത്വത്തിലുള്ള ജമാഅത്ത് ഉൾ മൊമിനാത്തിന്റെ ഇന്ത്യൻ ബ്രാഞ്ചിന്റെ ചുമതലയാണ് സയീദിന് ലഭിച്ചത്. ജമ്മു കാഷ്മീർ, ഡൽഹി-എൻസിആർ, ഹരിയാന എന്നിവിടങ്ങളിലുള്ള സംഘാംഗങ്ങൾക്ക് ഫണ്ട് കൈമാറാനും സന്ദേശങ്ങൾ കൈമാറാനും തുടങ്ങി. ഡോക്ടർ എന്ന തങ്ങളുടെ ജോലിയുടെ മറവിലായിരുന്നു ഇതെല്ലാം. ഡോക്ടർമാരുടെ ഭീകരസംഘത്തെ രൂപീകരിക്കുന്നതിന്റെ ചുമതല ഷഹീനിനായിരുന്നുവെന്നാണ് റിപ്പോർട്ട്.
Tags : Terrorist attack Shaheen Saeed and Muzammil Shakeel doctor falling in love love story chenkotta attack delhi blast younger