തിരുവനന്തപുരം: തലസ്ഥാനത്ത് മദ്യലഹരിയിലെത്തിയെന്ന രോഗികളുടെ പരാതിയിൽ ഡ്യൂട്ടി ഡോക്ടർ അറസ്റ്റിൽ. വെള്ളറട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്.ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ജിത്തുവിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ഡ്യൂട്ടിക്കെത്തിയ ഡോക്ടർ മദ്യലഹരിയിലാണെന്ന് മനസിലായതോടെ രോഗികൾ ഇത് ചോദ്യം ചെയ്തു. തുടർന്ന് ജിത്തു രോഗികളുമായി തർക്കത്തിലേർപ്പെട്ടതോടെ നാട്ടുകാർ വിവരം വെള്ളറട പോലീസിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ജിത്തുവിനെ കസ്റ്റഡിയിലെടുത്ത് പാറശാല സര്ക്കാര് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി. പിന്നാലെ സ്റ്റേഷനിലെത്തിച്ച് കേസെടുത്ത ശേഷം ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു.
നേരത്തെയും ഡോക്ടർ ജിത്തു ഇത്തരത്തിൽ മദ്യപിച്ചെത്തിയിരുന്നതായും ഇതേ തുടർന്ന് രോഗികളുമായി തർക്കത്തിലേർപ്പെട്ടതായും നാട്ടുകാർ പറയുന്നു. രക്തത്തിലെ മദ്യത്തിന്റെ അളവ് സ്ഥിരീകരിച്ചാൽ വകുപ്പ്തല നടപടിയടക്കം ഉണ്ടായേക്കും.
Tags : kerala police trivandrum vellarada parassala doctor