National
കാൺപുർ: കാൺപുർ ടൗണിലെ വിഐപി റോഡിൽ കഴിഞ്ഞദിവസം ലംബോർഗിനി കാർ ഇടിച്ച് നിരവധി പേർക്ക് പരിക്കേറ്റ സംഭവത്തിൽ കാറുടമയും വ്യവസായിയുമായ ശിവം മിശ്രയ്ക്ക് കോടതി ജാമ്യം അനുവദിച്ചു.
മിശ്രയെ അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി 14 ദിവസം ജുഡീഷൽ കസ്റ്റഡിയിൽ വിട്ടിരുന്നു. 20,000 രൂപയുടെ ആൾജാമ്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്.
Kerala
കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി യു. ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഷിംജിത മുസ്തഫയ്ക്ക് ജാമ്യം. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
അമ്പതിനായിരം രൂപയുടെ രണ്ട് ആൾ ജാമ്യത്തിലാണ് പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചത്. മാസത്തിൽ രണ്ടാമത്തെയും നാലാമത്തെയും വെള്ളിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല, സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ പാടില്ല തുടങ്ങിയ ഉപാധികളുമുണ്ട്.
നേരത്തേ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് ഷിംജിത പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചത്. ഷിംജിതയുടെ ലാപ്ടോപ്, ഫോൺ എന്നിവയുടെ ഫോറൻസിക് പരിശോധനാഫലം വരുന്നതുവരെ ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നത്. എന്നാൽ, 21 ദിവസമായി ജയിലിലാണെന്നും ഫോറൻസിക് ഫലം വരുന്നതുവരെ റിമാൻഡിൽ കഴിയേണ്ടതില്ലെന്നും പ്രതിഭാഗവും കോടതിയിൽ പറഞ്ഞു.
ദീപക്കിന്റെ രക്ഷിതാക്കളുടെ പരാതിയിലാണ് ഷിംജിതയെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് അറസ്റ്റുചെയ്തത്. ദീപക് ജീവനൊടുക്കാൻകാരണം ഷിംജിത ഇൻസ്റ്റഗ്രാമിൽ ദൃശ്യങ്ങൾസഹിതം ഉന്നയിച്ച ആരോപണങ്ങളാണെന്നാണ് കുടുംബത്തിന്റെ പരാതി. പ്രോസിക്യൂഷനുവേണ്ടി ഗവ. പ്ലീഡർ അഡ്വ. ശ്രീജയും പ്രതിക്കുവേണ്ടി അഡ്വ. എം. സുഷമയും ഹാജരായി.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം മുൻ കമ്മീഷണറും പ്രസിഡന്റുമായ എൻ. വാസുവിന് ജാമ്യം. കൊല്ലം വിജിലന്‍സ് കോടതിയാണ് ഉപാധികളോടെ സ്വാഭാവിക ജാമ്യം അനുവദിച്ചത്. ഇതോടെ, കട്ടിളപ്പാളി കേസിലെ മൂന്നാംപ്രതിയായ വാസു ജയിൽമോചിതനാകും.
എസ്ഐടി കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് എൻ. വാസുവും ജാമ്യം നേടുന്നത്. പ്രതി സമർപ്പിച്ച സ്വാഭാവിക ജാമ്യ ഹർജിയിൽ വാദം പൂര്‍ത്തിയായശേഷമാണ് ഇന്ന് ജാമ്യം അനുവദിച്ചുകൊണ്ട് വിധി പറഞ്ഞത്. റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെയാണ് സ്വഭാവിക ജാമ്യം ലഭിച്ചത്.
ഇതോടെ ഇതുവരെ അഞ്ചു പ്രതികൾ ജാമ്യം നേടി പുറത്തിറങ്ങി. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പടെ മൂന്ന് പ്രതികൾക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്.
അതേസമയം, കേസിലെ പ്രതികളായ പങ്കജ് ഭണ്ഡാരി, ഗോവർധൻ, കെ.എസ്. ബൈജു എന്നിവരുടെ റിമാൻഡ് 14 ദിവസത്തേക്ക് കൂടി നീട്ടി.
Kerala
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ റിമാന്‍ഡില്‍ കഴിയുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ കമ്മീഷണറും പ്രസിഡന്റുമായ എന്‍. വാസുവിന്റെ ജാമ്യ ഹർജിയില്‍ ഇന്ന് കൊല്ലം വിജിലന്‍സ് കോടതി വിധി പറയും.
റിമാന്‍ഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെയാണ് സ്വാഭാവിക ജാമ്യം തേടി കേസിലെ മൂന്നാം പ്രതിയായ വാസു കൊല്ലം വിജിലന്‍സ് കോടതിയെ സമീപിച്ചത്. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ സ്വഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ജാമ്യ ഹർജി നല്‍കിയത്.
എസ്ഐടി കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതും പ്രതിഭാഗം ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ ചൂണ്ടിക്കാട്ടി. ഇന്നലെ തന്നെ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. തുടര്‍ന്ന് ഇക്കാര്യത്തില്‍ വിവേചനം കാണിക്കാന്‍ പറ്റില്ലെന്നും ഇന്നു ജാമ്യഹര്‍ജിയില്‍ വിധി പറയുമെന്നും കൊല്ലം വിജിലന്‍സ് കോടതി ജഡ്ജി ഡോ. സി.എസ്. മോഹിത് വ്യക്തമാക്കി. എന്നാല്‍ ജാമ്യം അനുവദിക്കുകയാണെങ്കില്‍ മറ്റു പ്രതികള്‍ക്കു സ്വാഭാവിക ജാമ്യം നല്കിയ കര്‍ശന ഉപാധികള്‍ വേണമെന്ന് പ്രോസിക്യൂഷനും ആവശ്യപ്പെട്ടു.
അതേസമയം, കേസില്‍ ദേവസ്വം മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ എ.പത്മകുമാറിനെ വീണ്ടും റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് കോടതി റിമാന്‍ഡ് ചെയ്തത്. അതിനിടെ തന്ത്രി കട്ടിളപ്പാളി, ദ്വാരപാലക കേസുകളില്‍ പ്രതിയായി റിമാന്‍ഡില്‍ കഴിയുന്ന കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷയില്‍ ഇന്നലെ പ്രോസിക്യൂഷന്റെ വാദം നടന്നു. കഴിഞ്ഞ ദിവസം പ്രതിഭാഗത്തിന്റെ വാദം പൂര്‍ത്തിയായിരുന്നു. ജാമ്യ ഹർജിയില്‍ വിധി 18ലേക്കു മാറ്റി.
കണ്ഠര് രാജീവര്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും തന്ത്രിക്ക് ഇപ്പോള്‍ ജാമ്യം നല്കിയാല് തെളിവുകള്‍ നശിപ്പിക്കുമെന്നും അത് അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷന് വാദിച്ചു. ആചാരപരമായ കാര്യങ്ങളില്‍ മാത്രം ഇടപെടുന്നയാളാണ് തന്ത്രിയെന്നും സ്വര്‍ണക്കൊള്ളയില്‍ പങ്കില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. വാദങ്ങള്‍ കേട്ട കോടതി എസ്ഐടി റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാകും വിധി പറയുക.
Kerala
കൊച്ചി: എറണാകുളം ചേന്ദമംഗലം കൂട്ടക്കൊലക്കേസിലെ പ്രതി ഋതു ജയന് ജാമ്യം. അയല്‍ വാസികളായ വേണു, ഭാര്യ ഉഷ, മകളായ വിനിഷ എന്നിവരെ വീട്ടില്‍ കയറി ഇരുമ്പ് വടികൊണ്ട് അടിച്ചു കൊന്ന സംഭവത്തിലെ പ്രതിയാണ് ഋതു ജയന്. ഹൈക്കോടതിയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്.
2025 ജനുവരി 16നാണ് ചേന്ദമംഗലം പേരേപ്പാടം കാട്ടിപ്പറമ്പില്‍ വേണു (69), ഭാര്യ ഉഷ (62), മകള്‍ വിനീഷ (32) എന്നിവരെ എന്നിവരെ ഋതു ജയന് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്. വിനിഷയുടെ ഭര്‍ത്താവ് ജിതിനെ ലക്ഷ്യമിട്ടാണ് പ്രതി ഇവരുടെ വീട്ടിലെത്തിയത്.
ആദ്യം പുറത്തുവന്ന വിനീഷയെ അടിച്ച് വീഴ്ത്തുകയായിരുന്നു. പിന്നാലെ വന്ന ജിതിനെ തലയ്ക്കടിച്ച ശേഷം കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. ശബ്ദം കേട്ട് വന്ന വേണുവിനെയും ഉഷയെയും തലയ്ക്കടിച്ചുവീഴ്ത്തി. 11ന്നും ആറും വയസുള്ള മക്കളുടെ മുന്നില്‍ വച്ചായിരുന്നു വിനിഷയുടെ കൊലപാതകം. ജിതിന് മാത്രമാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്.
തന്റെ കുടുംബത്തെ നിരന്തരം ആക്ഷേപിച്ചതും സഹോദരിയെപ്പറ്റി ജിതിന് മോശമായി സംസാരിച്ചതുമാണ് കൂട്ടക്കൊല നടത്താനുള്ള കാരണമെന്നായിരുന്നു ഋതു ജയന്റെ വാദം. എന്നാല്‍ ലഹരിക്കടിമായായ ഋതു ജയന് പരസ്യമായി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നു. ഇതടക്കം ചോദ്യം ചെയ്തതാണ് കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് രണ്ടാമത്തെ കേസിലും ജാമ്യം.
ശ്രീകോവിലിനു മുന്നിലെ കട്ടിളപ്പാളി കേസിലാണ് ജാമ്യം ലഭിച്ചത്. കേസില്‍ പോറ്റിയുടെ ജാമ്യ ഹർജിയിലെ വാദം ബുധനാഴ്ച പൂർത്തിയായിരുന്നു.
അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്ന് കോടതി സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു.
നേരത്തെ, ദ്വാരപാലക പാളി കേസിലും ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം ലഭിച്ചിരുന്നു. രണ്ട് കേസിലും ജാമ്യം ലഭിച്ച പോറ്റി പുറത്തിറങ്ങും.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണകൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കട്ടിളപ്പാളി കേസിൽ പോറ്റിയുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും.
കൊല്ലം വിജിലൻസ് കോടതിയാണ് കേസിൽ വിധി പറയുക. 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായ സാഹചര്യത്തിൽ പോറ്റിക്ക് കോടതി ജാമ്യം നൽകുമെന്നാണ് വിലയിരുത്തലുകൾ. എന്നാൽ ജാമ്യം നേടി പോറ്റി പുറത്തിറങ്ങിയാൽ ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലാണ് ഇഡി.
കേസിൽ എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിക്കാനുള്ള സാധ്യതയേറുന്നത്. എന്നാൽ ഇന്ന് പോറ്റിക്ക് ജാമ്യം ലഭിച്ചാൽ ഇന്ന് തന്നെ ഇഡി സമൻസ് അയയ്ക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യലിന് വിളിച്ചു വരുത്താനുള്ള സമൻസ് ഇഡി ഉദ്യോഗസ്ഥർ തയാറാക്കി വച്ചിരിക്കുന്നതായാണ് പുറത്തുവരുന്ന വിവരം. ദ്വാരപാലക കേസിൽ പോറ്റി നേരത്തെ സ്വാഭാവിക ജാമ്യം നേടിയിരുന്നു.
ശബരിമല സ്വർണക്കൊള്ള കേസിൽ മൂന്ന് പ്രതികൾ ഇതോടകം ജാമ്യം നേടിയിട്ടുണ്ട്. മുൻ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനും മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിനും സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്.
അതേസമയം ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്.ശ്രീകുമാറിന് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി 43ാം ദിവസം കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: അതിജീവിതയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസിൽ സമൂഹ മാധ്യമ ഇൻഫ്ളുവൻസറായ രാഹുൽ ഈശ്വറിനു നൽകിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടു പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നത് കോടതി ഫെബ്രുവരി ഒന്‍പതിലേക്കു മാറ്റി.
പ്രതിഭാഗത്തിനു പ്രോസിക്യൂഷൻ മുഴുവൻ രേഖകളും കൈമാറിയില്ല എന്ന കാരണം ചൂണ്ടിക്കാട്ടി വാദം പറയുന്നതു രണ്ടു തവണ മാറ്റിച്ചുവെങ്കിൽ ഇത്തവണ പ്രോസിക്യൂഷൻ വിചാരണ നടക്കുന്ന ഒരു കേസ് ഉള്ളതിനാൽ സമയമില്ല എന്ന കാരണത്താലാണ് ഹർജി മാറ്റിവച്ചത്.
ജാമ്യ വ്യവസ്ഥകൾ ലംഘിക്കുന്നതു വളരെ ഗൗരവമുള്ള കാര്യമാണെന്നു നേരത്തെ കോടതി വാക്കാൽ പരാമർശിച്ചിരുന്നു. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ പ്രതിയായ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിന് ജാമ്യം. 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്ന് രണ്ട് കേസുകളിലും സ്വാഭാവിക ജാമ്യം ലഭിച്ചതോടെ സുധീഷ് കുമാറിന് ജാമ്യം ലഭിക്കുകയായിരുന്നു.
അതേസമയം, കേസിലെ മറ്റൊരു പ്രതിയായ ദേവസ്വം മുൻ കമ്മീഷ്ണർ എൻ. വാസുവിനെ 14 ദിവസത്തേക്ക് വീണ്ടും റിമാൻഡ് ചെയ്തു. റിമാൻഡ് കാലാവധി അവസാനിച്ചതോടെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു.
National
ഗോഹട്ടി: ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിൽ ആരോപണവിധേയരായ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി.
കേസിൽ കാംരൂപ് മെട്രോപോളിറ്റൻ കോടതി അടുത്ത 13ന് വാദംകേൾക്കുമെന്ന് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ വ്യക്തമാക്കി.
സുബിൻ ഗാർഗിന്റെ ഗായകസംഘത്തിലെ മൂന്നുപേർ ഉൾപ്പെടെ ഏഴുപേരാണ് കേസിൽ അന്വേഷണം നേരിടുന്നത്.
Kerala
പത്തനംതിട്ട: ബലാത്സംഗ കേസിൽ ജയിലിൽ തുടരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ആശ്വാസം. മൂന്നാം ബലാത്സംഗക്കേസിൽ രാഹുലിന് പത്തനംതിട്ട സെഷൻസ് കോടതി ജാമ്യം അനുവദിച്ചു.
ബലാത്സംഗ കേസിൽ ഡിജിറ്റൽ തെളിവുകളുടെ ആധികാരികത സംബന്ധിച്ച് പ്രോസിക്യൂഷൻ സംശയം പ്രകടിപ്പിച്ചതോടെയാണ് വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിവച്ചത്. ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്ന് സ്ഥാപിക്കാനായിരുന്നു പ്രതിഭാഗത്തിന്റെ ശ്രമം.
നിലവില്‍ രണ്ടാഴ്ചയില്‍ അധികമായി ജയിലില്‍ കഴിയുകയാണ് രാഹുല്‍. കേസിൽ അറസ്റ്റിലായി 18-ാം ദിവസമാണ് ജാമ്യം ലഭിക്കുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി രാഹുൽ ഇന്നുതന്നെ പുറത്തിറങ്ങിയേക്കും.
വിവാഹവാഗ്ദാനം നൽകി ഹോട്ടലിൽ വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന മൂന്നാം ബലാത്സംഗ പരാതിയിൽ ജനുവരി 14നാണ് രാഹുലിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പിന്നാലെ രാഹുലിനെ റിമാൻഡിൽ വിടുകയും ശേഷം പോലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തിരുന്നു.
ദേഹോപദ്രവം, സാമ്പത്തിക ചൂഷണം, നിർബന്ധിത ഗർഭച്ഛിദ്രം അടക്കമുള്ള ആരോപണങ്ങളാണ് രാഹുലിനെതിരായ പരാതിയിലുള്ളത്. എന്നാൽ, ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് യുവതിയുമായി ഉണ്ടായതെന്നായിരുന്നു രാഹുൽ ചോദ്യം ചെയ്യലിൽ ആവർത്തിച്ചത്.
മറ്റ് രണ്ട് പീഡനക്കേസുകളിലും അറസ്റ്റിൽനിന്ന് രക്ഷപ്പെടാൻ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ പോയിരുന്നു. പിന്നാലെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. ഇതേ തുടർന്ന് മൂന്നാമത്തെ കേസിൽ പോലീസ് അതീവ രഹസ്യ നീക്കത്തിലൂടെ പാലക്കാട്ടെ ഹോട്ടൽ മുറിയിൽവെച്ച് അർധരാത്രിയിലായിരുന്നു രാഹുലിനെ അറസ്റ്റ് ചെയ്തത്.
Kerala
തിരുവനന്തപുരം: അതിജീവിതയെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസിൽ സമൂഹമാധ്യമ ഇൻഫ്ളുവൻസറായ രാഹുൽ ഈശ്വറിനു കോടതി നൽകിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നതു കോടതി മാറ്റി.
പരാതിക്കാരി പോലീസിനു നൽകിയ രണ്ടാമത്തെ പരാതിയുടെ പകർപ്പു പ്രതിഭാഗത്തിന് നൽകിയില്ലെന്നു പ്രതിഭാഗം ചൂണ്ടിക്കാട്ടിയതിനെത്തുടർന്നാണു വാദം പറയുന്നതു കോടതി മാറ്റിയത്.
അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ വീണ്ടും അധിക്ഷേപിക്കാൻ ശ്രമിച്ചു എന്നും ഇത് അതിജീവിതയെ ഭയപ്പെടുത്തതിനു തുല്യമാണെന്നുമാണ് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിൽ പറയുന്നത്.
Kerala
കോഴിക്കോട്: സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്.
കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക. പ്രതി ഷിംജിതയെ ഉടൻ കസ്റ്റഡിയിൽ വാങ്ങേണ്ടതില്ലെന്നാണ് പോലീസിന്റെ തീരുമാനം.
പ്രതിയ്ക്ക് ജാമ്യം നൽകരുതെന്നാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ബസ് യാത്രക്കിടെ ലൈംഗികാതിക്രമം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഷിംജിത ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നത്.
പ്രതിയ്ക്ക് സമൂഹത്തിൽ പ്രശസ്തിയും പോസ്റ്റുകൾക്ക് കൂടുതൽ റീച്ച് ലഭിക്കുന്നതിന് വേണ്ടി കുറ്റം ചെയ്തു എന്നാണ് പോലീസ് റിപ്പോർട്ട്. സംഭവം നടന്നത് പരാതിപ്പെടാതെ വീഡിയോ പ്രചരിപ്പിച്ചത് ദുരുദ്ദേശത്തോടെയെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.
Kerala
പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസില്‍ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യഹര്‍ജിയില്‍ പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി ജനുവരി 28ന് വിധി പറയും. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ റിമാന്‍ഡ് നീട്ടണമെന്ന് പ്രത്യേക അന്വേഷണ സംഘം തിരുവല്ല ജില്ലാ മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. പ്രതിഭാഗം ഹാജരാക്കിയ ശബ്ദരേഖ ശാസ്ത്രീയമായി പരിശോധിക്കണമെന്ന് പ്രോസിക്യൂഷനും അപേക്ഷ നല്‍കിയതിനെ തുടര്‍ന്നാണ് കോടതി കേസില്‍ വിധി പറയുന്നത് 28ലേക്ക് നീട്ടിയത്.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ആദ്യ റിമാന്‍ഡ് കാലാവധി നാളെ അവസാനിക്കുന്ന സാഹചര്യത്തിലാണ് റിമാന്‍ഡ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് എസ്ഐടി അപേക്ഷ നല്‍കിയത്. ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണമെന്ന പ്രോസിക്യൂഷന്റെ വാദത്തില്‍ കഴമ്പില്ലെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടിയെങ്കിലും കോടതി അംഗീകരിച്ചില്ല. ഈ സാഹചര്യത്തില്‍ റിമാന്‍ഡ് കാലാധി നീട്ടിയാല്‍ രാഹുല്‍ വീണ്ടും മാവേലിക്കര ജയിലില്‍ തുടരേണ്ടി വരും. 14 ദിവസത്തേക്കായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ആദ്യ റിമാന്‍ഡ് കാലാവധി.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം.
ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റിലായി 90 ദിവസങ്ങൾക്ക് ശേഷമാണ് കൊല്ലം വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്.
രണ്ട് കേസുകളിലും മുരാരി ബാബു സ്വാഭാവിക ജാമ്യം തേടിയിരുന്നു. ജാമ്യാപേക്ഷകളിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു.
സ്വർണക്കൊള്ള കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങുന്ന ആദ്യ പ്രതിയാണ് മുരാരി ബാബു. നേരത്തെ ഒന്നാം പ്രതി ഉണ്ണി കൃഷ്ണൻ പോറ്റിക്ക് ദ്വാരപാലക കേസിൽ സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, കട്ടിളപ്പാളി കേസിൽ 90 ദിവസം പൂർത്തിയാകാത്തതിനാൽ റിമാൻഡിൽ തുടരുകയാണ്.
കേസിലെ മറ്റൊരു പ്രതിയായ തന്ത്രി കണ്ഠര് രാജീവരുടെ 14 ദിവസ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. പ്രതിയുടെ റിമാൻഡ് നീട്ടി വാങ്ങും. ജനുവരി 28 നാണ് തന്ത്രിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
Kerala
പത്തനംതിട്ട: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ മൂന്നാമത്തെ പീഡനക്കേസിലെ ജാമ്യാപേക്ഷയില്‍ പത്തനംതിട്ട പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ വാദം പൂര്‍ത്തിയായി. കേസില്‍ വിധി പറയുന്നത് കോടതി ശനിയാഴ്ചത്തേക്ക് മാറ്റി.
തിരുവല്ല മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് രാഹുല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്. സെഷന്‍സ് ജഡ്ജി എന്‍. ഹരികുമാര്‍ വ്യാഴാഴ്ച വിശദമായ വാദം കേട്ടു. പ്രതിഭാഗത്തിന് വേണ്ടി അഡ്വ. ശേഖര്‍ ജി. തമ്പിയും അഡ്വ. അഭിലാഷ് ചന്ദ്രനും ഹാജരായി.
പരാതിക്കാരിയുമായുള്ള ബന്ധം പരസ്പര സമ്മതപ്രകാരമുള്ളതായിരുന്നുവെന്നും രാഷ്ട്രീയ പ്രേരിതമായ കേസാണിതെന്നുമാണ് രാഹുലിന്റെ വാദം. പരാതിക്കാരി വിവാഹിതയാണെന്ന കാര്യം അറിയില്ലായിരുന്നുവെന്നും ഹോട്ടല്‍ മുറി ബുക്ക് ചെയ്തത് അവര്‍ തന്നെയാണെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു.
സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷന് ആരോപിക്കുന്നത്. പീഡനത്തെത്തുടര്‍ന്ന് യുവതി ഗര്‍ഭിണിയായെന്നും പിന്നീട് ഗര്‍ഭഛിദ്രം നടന്നുവെന്നും ആരോപണമുണ്ട്. പ്രതി തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന് ശക്തമായി വാദിച്ചു.
ജനുവരി 11ന് പാലക്കാട്ടെ ഹോട്ടലില്‍ നിന്നാണ് ക്രൈം ബ്രാഞ്ച് രാഹുലിനെ അറസ്റ്റ് ചെയ്തത്. നിലവില്‍ അദ്ദേഹം റിമാന്‍ഡില്‍ കഴിയുകയാണ്. മറ്റു രണ്ട് പീഡനക്കേസുകള്‍ കൂടി ഇദ്ദേഹത്തിനെതിരെ നിലവിലുണ്ട്. ഈ കേസില്‍ ശനിയാഴ്ച വരുന്ന വിധി രാഹുല്‍ മാങ്കൂട്ടത്തിലിന് നിര്‍ണ്ണായകമാകും. ജാമ്യം ലഭിച്ചില്ലെങ്കില്‍ രാഹുിലിന് ജയിലില്‍ തന്നെ തുടരേണ്ടി വരും
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍ ഉള്‍പ്പടെ മൂന്ന് പ്രതികളുടെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി.
എ. പത്മകുമാര്‍, മുരാരി ബാബു, ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരി ഗോവര്ധന് എന്നിവരുടെ ജാമ്യഹര്‍ജികളാണ് ജസ്റ്റീസ് എ. ബദറൂദ്ദീന്റെ ബെഞ്ച് തള്ളിയത്.
പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷനും അന്വേഷണ സംഘവും എതിര്‍ത്തു. പ്രതികള്‍ക്കെതിരെ ഗൗരവമായ തെളിവുകളുണ്ടെന്നും അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നുമാണ് സര്‍ക്കാരിന്റെ വാദം.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ എ. പത്മകുമാറിനെ നവംബര്‍ 20 നാണ് എസ്ഐടി അറസ്റ്റ് ചെയ്തത്. കട്ടിളപ്പാളിയിലെ സ്വര്‍ണം ഉണ്ണിക്കൃഷ്ണന് പോറ്റിക്ക് കൈമാറിയതില്‍ പത്മകുമാര്‍ അടങ്ങുന്ന ബോര്‍ഡിന് വീഴ്ചയുണ്ടായെന്ന കണ്ടെത്തലിന് പിന്നാലെയായിരുന്നു അറസ്റ്റ്.
അതേസമയം, ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപാളികൾ മോഷ്ടിച്ച കേസിൽ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൊല്ലം വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു.
അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണിത്. എന്നാൽ സ്വർണക്കട്ടിളപാളി കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് നിലവിൽ ജയിൽ മോചിതനാകാൻ കഴിയില്ല
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം. ദ്വാരപാലക ശിൽപ്പപാളികളുടെ കേസിലാണ് കോടതി ജാമ്യം അനുവദിച്ചത്.
അറസ്റ്റ് ചെയ്ത് 90 ദിവസത്തിനു ശേഷവും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പുറത്തിറങ്ങാൻ കഴിയില്ല. കട്ടിളപ്പാളി കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി ജയിലിൽ തുടരും.
Kerala
പത്തനംതിട്ട: ബലാത്സംഗക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് തിരിച്ചടി. രാഹുൽ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
ഇതോടെ രാഹുൽ ജയിലിൽ തുടരും. പ്രോസിക്യൂഷന്റെ വാദങ്ങൾ അംഗീകരിക്കുകയായിരുന്നു കോടതി. രാഹുലിനെതിരായ മൂന്നാമത്തെ കേസിലാണ് ജാമ്യം നിഷേധിച്ചിരിക്കുന്നത്.
ജാമ്യത്തിനായി സെഷൻസ് കോടതിയെ സമീപിക്കുമെന്ന് രാഹുൽ അറിയിച്ചു. തിങ്കളാഴ്ച ഹർജി നൽകും. രണ്ടു മണിക്കൂർ നീണ്ട ശക്തമായ വാദപ്രതിവാദങ്ങളാണ് പ്രോസിക്യൂഷനും പ്രതിഭാഗവും വെള്ളിയാഴ്ച നടത്തിയത്.
എംഎൽഎയ്ക്കെതിരെ നിരന്തരം പരാതികൾ ആണെന്നും ജാമ്യം നൽകരുതെന്നും ആയിരുന്നു എസ്ഐടിയുടെ വാദം. പരാതിക്കാരിയുടെ ചാറ്റ് വിവരങ്ങൾ പ്രതിഭാഗം കോടതിയിൽ ഹാജരാക്കി. എല്ലാം പരസ്പര സമ്മതത്തോടെ എന്ന വാദിച്ച പ്രതിഭാഗം, ചട്ടവിരുദ്ധമായാണ് അറസ്റ്റ് ചെയ്തതെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
Kerala
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ വീണ്ടും മാവേലിക്കര സ്പെഷൽ സബ് ജയിലിലേക്ക് മാറ്റി.
മൂന്നു ദിവസത്തെ കസ്റ്റഡിക്കുശേഷം പ്രത്യേക അന്വേഷണ സംഘം ഇന്നലെ രാഹുലിനെ പത്തനംതിട്ട ജുഡീഷൽ മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കി. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പരിശോധനയ്ക്കുശേഷമാണ് രാഹുലിനെ മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കിയത്.
ലൈംഗിക പീഡനക്കേസിൽ കഴിഞ്ഞ ഞായറാഴ്ച അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനുവേണ്ടി തിരുവല്ല ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുന്‍പാകെ സമർപ്പിച്ചിട്ടുള്ള ജാമ്യ ഹർജി ഇന്ന് കോടതി പരിഗണിക്കും.
ഇതിനിടെ രാഹുലിന്റെ പക്കൽ നിന്ന് എസ്ഐടി പിടികൂടിയ മൊബൈൽ ഫോണുകളുടെ പാസ് വേഡ് ലഭിക്കാത്ത സാഹര്യത്തിൽ ഇതിലെ വിവരങ്ങൾ കണ്ടെത്താനുള്ള നടപടികളിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. കട്ടിളപ്പാളി കേസിലെയും ദ്വാരപാലക കേസിലെയും ജാമ്യാപേക്ഷകളിലായിരുന്നു വിധി.
മൂന്ന് മാസമാകുന്നു അറസ്റ്റ് നടന്നിട്ടെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പോറ്റിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടത്. ഇപ്പോഴും തെളിവുകൾ ശേഖരിക്കുന്നതിനാൽ ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷൻ ആവശ്യം അംഗീകരിച്ചായിരുന്നു കോടതിയുടെ നടപടി.
അതേസമയം, സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കർദാസിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിശദമായ വാദം കേൾക്കും. ശങ്കർദാസ് അബോധാവസ്ഥയിൽ ആശുപത്രിയിൽ കിടക്കുകയാണെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ് അഭിഭാഷകൻ കോടതിയിൽ അറിയിച്ചത്.
ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന ഫോട്ടോയും സമർപ്പിച്ചിരുന്നു. എസ്ഐടി ശേഖരിച്ച മെഡിക്കൽ റിപ്പോർട്ടുകൾ ഇന്ന് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ശങ്കർദാസിനെ അറസ്റ്റ് ചെയ്യാത്തതിൽ എസ്ഐടിക്കെതിരെ ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു
Kerala
പത്തനംതിട്ട: മൂന്നാമത്തെ ലൈംഗീക പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം നിഷേധിച്ചു. രാഹുലിനെ മാവേലിക്കര ജയിലിലേക്ക് മാറ്റും. കേസ് അടുത്ത ദിവസം തിരുവല്ലയിലെ ഓപ്പൺ കോടതിയിൽ പരിഗണിക്കും.
ബലാത്സംഗം, ഭീഷണിപ്പെടുത്തൽ എന്നീ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. രാഹുൽ ഒരു സ്ഥിരം കുറ്റവാളി (ഹാബിച്ചൽ ഒഫൻഡർ) ആണെന്നടക്കമുള്ള ഗുരുതര പരാമർശമടക്കം അറസ്റ്റ് റിപ്പോർട്ടിലുണ്ട്.
കേസ് എടുക്കുന്നതിന് മുൻപുതന്നെ പ്രതി പരാതിക്കാരിയെ നേരിട്ട് ഭീഷണിപ്പെടുത്തിയെന്നും, എംഎൽഎ എന്ന അധികാരം ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാനും പരാതിക്കാരിയെ സൈബർ ആക്രമണങ്ങളിലൂടെ മാനസിക സമ്മർദ്ദത്തിലാക്കാനും സാധ്യതയുണ്ടെന്നും പോലീസ് റിപ്പോർട്ടിലുണ്ട്.
നേരത്തയുള്ള കേസിൽ പത്ത് ദിവസത്തോളം ഒളിവിൽ പോയി നിയമത്തെ വെല്ലുവിളിച്ചയാളാണ് പ്രതി. നിലവിൽ പരാതിക്കാരിയുടെ ജീവന് തന്നെ രാഹുൽ ഭീഷണിയാണെന്നും അവരുടെ സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തി മാനസിക സമ്മർദ്ദത്തിലാക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
അതേസമയം, വൈദ്യപരിശോധനയ്ക്കെത്തിച്ച രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം കനത്തതോടെ ആശുപത്രിയിൽ നിന്ന് പുറത്തിറക്കാനാവാത്ത സ്ഥിതിയിലായിരുന്നു പോലീസ്. എന്നാൽ കൂടുതൽ പോലീസെത്തി രാഹുലിനെ കൊണ്ടുപോവുകയായിരുന്നു.
വൈദ്യപരിശോധനയ്ക്ക് ശേഷം കഴിഞ്ഞ ഒരു മണിക്കൂറായി ആശുപത്രിയിൽ തുടരുകയായിരുന്നു രാഹുലും പോലീസും. ആശുപത്രിയുടെ രണ്ടു ഗേറ്റുകളിലൂടെയും രാഹുലിനെ പുറത്തിറക്കാൻ പോലീസ് ശ്രമിച്ചെങ്കിലും നടന്നില്ല. ആശുപത്രി വളപ്പിൽ ഡിവൈഎഫ്ഐ, യുവമോർച്ച പ്രവർത്തകർ തമ്പടിച്ചുനിന്നതാണ് പോലീസിനെ പ്രതിസന്ധിയിലാക്കിയത്.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന് നൽകിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചു. പരാതിക്കാരിയെ യൂട്യൂബ് ചാനലിലൂടെ വീണ്ടും അധിക്ഷേപിച്ചുവെന്നും ഇത് ജാമ്യവ്യവസ്ഥകളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് പോലീസിന്റെ നടപടി.
കേസിൽൃജാമ്യം അനുവദിച്ചപ്പോൾ, പരാതിക്കാരിക്കെതിരെ മോശം പരാമർശങ്ങൾ നടത്തരുതെന്ന് കോടതി കർശന നിർദേശം നൽകിയിരുന്നു. എന്നാൽ ഈ വ്യവസ്ഥ ലംഘിക്കപ്പെട്ടുവെന്നാണ് പോലീസ് കോടതിയെ അറിയിച്ചത്.
യൂട്യൂബ് ചാനലിലൂടെ നടത്തിയ വീഡിയോ പരാമർശങ്ങൾ അതിജീവിതയുടെ അന്തസിനെ ബാധിക്കുന്നതാണെന്നും അന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയുള്ളതാണെന്നും പോലീസ് അപേക്ഷയിൽ പറയുന്നു. ജാമ്യം നൽകിയ കോടതിയിലാണ് പോലീസ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
Kerala
തിരുവനന്തപുരം: തൊണ്ടി മുതൽ കേസിലെ രണ്ടാം പ്രതി ആന്റണി രാജുവിനും ഒന്നാം പ്രതി കെ.എസ്. ജോസിനും കോടതി ജാമ്യം അനുവദിച്ചു. കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെ അഭിഭാഷകൻ ജാമ്യാപേക്ഷ നൽകുകയായിരുന്നു.
എന്നാൽ ജാമ്യം ലഭിച്ചശേഷം കോടതിക്ക് പുറത്തിറങ്ങിയ ആന്റണി രാജുവിനെതിരെ കെഎസ്യു, യൂത്ത്കോൺഗ്രസ് പ്രവർത്തകർ വലിയ പ്രതിഷേധമായി രംഗത്തെത്തി. അടിവസ്ത്രം ഉയർത്തിയാണ് പ്രവർത്തകർ പ്രതിഷേധിച്ചത്.
ആന്റണി രാജുവിന്റെ വാഹനം തടഞ്ഞ പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ചാണ് നീക്കിയത്. ഇവർ പോലീസുമായി വാക്കുതർക്കമുണ്ടായി.
അതേസമയം, ആന്റണി രാജുവിന് നിയമസഭാംഗത്വം നഷ്ടമാകും. അയോഗ്യനാക്കി കൊണ്ടുള്ള നിയമസഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം കോടതി ഉത്തരവിന്റെ പകർപ്പ് ലഭിച്ചാൽ ഉടൻതന്നെ പുറത്തിറക്കും.
മൂന്ന് വർഷമാണ് ആന്റണി രാജുവിന് തടവുശിക്ഷ വിധിച്ചിരിക്കുന്നത്. ഇനിയുള്ള ആറ് വർഷത്തേയ്ക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. തിരുവനന്തപുരം നെടുമങ്ങാട് ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.
Kerala
ജയ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ക്രിക്കറ്റ് താരം യാഷ് ദയാലിന് തിരിച്ചടി. യാഷ് ദയാൽ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച ജയപുരിലെ പ്രത്യേക പോക്സോ കോടതി തള്ളി.
ഇരയുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോപണങ്ങളാണ് കേസില്‍ ഉള്ളതെന്നും ഈ ഘട്ടത്തില്‍ മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് ഉചിതമല്ലെന്നും കോടതി വിധിച്ചു. ഇരയുടെ മൊഴി, ലഭ്യമായ തെളിവുകള്‍, കേസിന്റെ സാഹചര്യം എന്നിവ കണക്കിലെടുക്കുമ്പോള്‍ അന്വേഷണത്തിന് മുമ്പ് പ്രതിക്ക് സംരക്ഷണം നല്കാന് കഴിയില്ലെന്ന് പ്രത്യേക പോക്സോ കോടതി ജഡ്ജി അല്‍ക്ക ബന്‍സാല്‍ ഉത്തരവില്‍ പറഞ്ഞു.
ക്രിക്കറ്റ് കരിയര്‍ കെട്ടിപ്പടുക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് ദയാല്‍ വളരെക്കാലം തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നായിരുന്നു ജയ്പൂര്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ പരാതി. ദയാല്‍ തന്നെ വലിയ സ്വാധീനമുള്ള ഒരു ക്രിക്കറ്റ് കളിക്കാരനായി അവതരിപ്പിച്ചുവെന്നും തുടര്‍ന്ന് സ്വാധീനിക്കുകയും ചെയ്തുവെന്ന് പരാതിയിലുണ്ട്. ക്രിക്കറ്റുമായി ബന്ധപ്പെട്ട അവസരങ്ങളും ഭാവി പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തുവെന്ന് പരാതിക്കാരി ആരോപിച്ചു.
പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്ത സമയത്താണ് കുറ്റകൃത്യങ്ങള്‍ നടന്നതെന്ന് പരാതിയില്‍ പറയുന്നു. പിന്നീട് പ്രതിയെ നേരിട്ടപ്പോള്‍ ഭീഷണിപ്പെടുത്തുകയും ബന്ധം വിച്ഛേദിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് പരാതിയിലുണ്ട്. ഇതിനെത്തുടര്‍ന്ന്, പോലീസിനെ സമീപിച്ച് ഔദ്യോഗികമായി പരാതി നല്കി.
ആരോപണങ്ങള്‍ തെറ്റാണെന്നും ബന്ധം പരസ്പര സമ്മതത്തോടെയുള്ളതാണെന്നും വാദം കേള്‍ക്കുന്നതിനിടെ പ്രതിഭാഗം വാദിച്ചു. ദയാല്‍ പ്രശസ്തിയുള്ള ക്രിക്കറ്ററാണെന്നും അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കാന്‍ തയ്യാറാണെന്നും പ്രതിഭാഗം വ്യക്തമാക്കി.
National
ന്യൂഡൽഹി: കോളിളക്കം സൃഷ്ടിച്ച യുപി ഉന്നാവോ കൂട്ടബലാത്സംഗക്കേസിലെ പ്രതിയും മുൻ ബിജെപി നേതാവുമായ കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ ജീവപര്യന്തം തടവുശിക്ഷ ഡൽഹി ഹൈക്കോടതി മരവിപ്പിച്ചു. 2017 മുതൽ തടവിൽക്കഴിയുന്ന സെൻഗാറിനു കോടതി കർക്കശ ഉപാധികളോടെ ജാമ്യം അനുവദിക്കുകയും ചെയ്തു.
ജീവപര്യന്തം തടവു വിധിച്ച വിചാരണ കോടതി തീരുമാനത്തിനെതിരേ അദ്ദേഹം നൽകിയ അപ്പീൽ തീർപ്പാക്കുംവരെയാണു ജാമ്യം. ഇരയായ പെൺകുട്ടിയുടെ വസതിക്ക് അഞ്ചുകിലോമീറ്റർ ചുറ്റളവിൽ എത്തുന്നതിനു വിലക്ക് ഉൾപ്പെടെ നിർദേശങ്ങളാണ് ജസ്റ്റീസ് സുബ്രഹ്മണ്യം പ്രസാദും ജസ്റ്റീസ് ഹരിഷ് വൈദ്യനാഥനും അടങ്ങുന്ന ബഞ്ച് ജാമ്യത്തിനായി നൽകിയിട്ടുള്ളത്.
പെൺകുട്ടിയെയും അമ്മയെയും ഭീഷണിപ്പെടുത്താൻ പാടില്ല. 15 ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടും തത്തുല്യതുകയ്ക്കുള്ള മൂന്ന് ആൾജാമ്യവും നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
2017 ജൂണിലായിരുന്നു ഉന്നാവോ ബലാത്സംഗം. ഉന്നാവോ എംഎൽഎയായിരുന്ന കുല്‍ദീപ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നു.
Kerala
പനാജി: നിശാ ക്ലബിലുണ്ടായ തീപിടിത്തത്തിൽ ജാമ്യം തേടി ഉടമകളായ ലുത്ര സഹോദരങ്ങള്‍ കോടതിയെ സമീപിച്ചു. തീപിടിത്തത്തിൽ പങ്കില്ലെന്ന വാദം ഉയർത്തിയാണ് ഗൗരവ് ലുത്രയും സൗരഭ് ലുത്രയും കോടതിയെ സമീപിച്ചിരിക്കുന്നത്.
നിശാ ക്ലബിലുണ്ടായ തീപിടിത്തത്തിൽ 25 പേർ മരിക്കുകയും 6 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കേസിലെ പ്രതികളും ക്ലബുടമകളുമായ സഹോദരങ്ങൾ തീപിടിത്തത്തിന് പിന്നാലെ തായ്ലൻഡിലേക്ക് കടന്നിരുന്നു.
തുടർന്ന് ഇരുവരെയും തായ്ലൻഡിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഡിസംബര്‍ 6ന് രാത്രി 11ന് ഗോവ പനാജിക്ക് സമീപം അർപോറ ഗ്രാമത്തിലെ നിശാ ക്ലബിന് തീപിടിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ലെന്ന് കണ്ടെത്തിയിരുന്നു.
അപകടം നടന്ന് ഒന്നര മണിക്കൂറിനുള്ളിലാണ് ഗൗരവ് ലുത്രയും സൗരഭ് ലുത്രയും ടിക്കറ്റെടുത്ത് തായ്ലൻഡിലേക്ക് കടന്നത്.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ചങ്ങനാശേരി സ്വദേശി ബി. മുരാരി ബാബുവിന്റെ ജാമ്യഹര്‍ജികള്‍ ഹൈക്കോടതി ഇന്നു പരിഗണിക്കാന്‍ മാറ്റി.
ദ്വാരപാരക ശില്പങ്ങളുടെ സ്വര്‍ണപ്പാളി നീക്കിയ കേസിലും കട്ടിളപ്പാളികള്‍ കൈമാറിയ കേസിലും യഥാക്രമം രണ്ടും ആറും പ്രതിയായ മുരാരി ബാബു രണ്ടു കേസുകളിലും പ്രത്യേകം നല്കിയ ജാമ്യഹര്‍ജികളാണ് ജസ്റ്റീസ് എ. ബദറുദ്ദീന്റെ പരിഗണനയിലുള്ളത്.
ഇന്നലെ ഹര്‍ജികള്‍ പരിഗണനയ്ക്കെടുത്തെങ്കിലും രണ്ടാം കേസ് സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ തേടിയ കോടതി ഇതു ലഭ്യമാക്കാനായി ഹര്‍ജികള്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
Kerala
കോട്ടയം: രണ്ടാമത്തെ ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം കിട്ടിയതോടെ ഒളിവിലായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കു പുറത്തേക്കു വരാൻ വഴി തെളിഞ്ഞപ്പോഴും രാഹുലിനെ പിന്തുണയ്ക്കാൻ രംഗത്തിറങ്ങിയ രാഹുൽ ഈശ്വർ അകത്തുതന്നെ.
ആദ്യത്തെ ബലാത്സംഗക്കേസിൽ കേസ് പരിഗണിക്കുന്ന തിങ്കളാഴ്ച വരെ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടയുകയും രണ്ടാം കേസിൽ മുൻകൂർ ജാമ്യം കിട്ടുകയും ചെയ്തതോടെയാണ് രാഹുൽ മാങ്കൂട്ടത്തിലിനു പുറത്തിറങ്ങാൻ സാധ്യത തെളിഞ്ഞത്.
വ്യാഴാഴ്ച നടക്കുന്ന രണ്ടാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പിൽ പാലക്കാട് കുന്നത്തൂർമേട്ടിലുള്ള ബൂത്തിൽ രാഹുൽ വോട്ട് രേഖപ്പെടുത്തുമെന്നാണ് സൂചന.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരേ പീഡന ആരോപണം ഉയർന്നപ്പോൾതന്നെ ശക്തമായ പിന്തുണയുമായി സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും നിറഞ്ഞ വ്യക്തിയാണ് രാഹുൽ ഈശ്വർ. ഇതിനായി നിരവധി വീഡിയോകളും ചെയ്തു. ഇതു കള്ളക്കേസ് ആണെന്ന വാദവും രാഹുൽ ഈശ്വർ ഉയർത്തിയിരുന്നു.
എന്നാൽ, ആരോപണമുന്നയിച്ച യുവതി മാങ്കൂട്ടത്തിലിനെതിരേ പീഡന കേസ് നൽകിയതോടെ കാര്യങ്ങൾ മറ്റൊരു ദിശയിലേക്കു തിരഞ്ഞു. പരാതിക്കാരിയെ അധിക്ഷേപിക്കുകയും അവരെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൽ രാഹുൽ ഈശ്വറിനെതിരേയും പോലീസ് കേസെടുത്തു. ചോദ്യം ചെയ്യാൻ വിളിച്ച് ഒടുവിൽ അറസ്റ്റ് ചെയ്തു.
ജാമ്യം നിഷേധിക്കപ്പെട്ടതോടെ പോലീസ് അനീതി കാണിച്ചെന്നാരോപിച്ച് ജയിലിൽ നിരാഹാരം തുടങ്ങി. ഇതിനു കോടതിയുടെ കടുത്ത വിമർശനവും ഏറ്റുവാങ്ങേണ്ടിവന്നു. ഇതോടെ നിരാഹാരം നിർത്തി. നിരാഹാരം തുടങ്ങിയതിനു പിന്നാലെ രാഹുലിനെ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ആരോഗ്യം മെച്ചപ്പെട്ടതോടെ ഇന്നു കോടതി രാഹുലിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതി രാഹുൽ പുറത്തിറങ്ങിയാലും പിന്തുണക്കാരൻ രാഹുൽ അകത്തു തന്നെ കിടക്കുമെന്നതാണ് സ്ഥിതി.
കേസിലെ തുടർ തെളിവെടുപ്പ് പൂർത്തിയാകാനായിട്ടാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്. അതേസമയം, വ്യാഴാഴ്ച തന്നെ രാഹുൽ ജാമ്യാപേക്ഷയുമായി കോടതിയെ വീണ്ടും സമീപിക്കുമെന്നാണ് വിവരം.
അന്വേഷണവുമായി രാഹുൽ സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം തിരുവനന്തപുരം അഡീഷണൽ സിജെഎം കോടതിയിയെ അറിയിച്ചു. പിടിച്ചെടുത്ത ലാപ്ടോപ്പിന്റെ പാസ്വേഡ് നൽകുന്നില്ലെന്നും മൊബൈൽ ഫോണും കൈമാറാൻ വിസമ്മതിക്കുകയാണെന്നും അന്വേഷണത്തിനു കസ്റ്റഡി അനിവാര്യമാണെന്നും പോലീസ് അറിയിച്ചു. ഈ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
എന്നാൽ, 11 ദിവസം കൊണ്ട് 11 കിലോ കുറഞ്ഞെന്നും നാലു ദിവസം വെള്ളം കുടിക്കാതെ ജയിലിൽ കഴിഞ്ഞെന്നും ഇതു തുടർന്നാൽ കിഡ്നിക്കു പ്രശ്നമാകുമെന്ന് ഡോക്ടർ പറഞ്ഞതുകൊണ്ടാണ് നിരാഹാരം അവസാനിപ്പിച്ചതെന്നും രാഹുൽ ഈശ്വർ പ്രതികരിച്ചു. നടിയെ ആക്രമിച്ച കേസിൽ ദിലീപിനു നീതി കിട്ടിയതിൽ സന്തോഷമുണ്ടെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
കസ്റ്റഡിയില്‍ വാങ്ങുന്നതിനായി കോടതിയില്‍ ഹാജരാക്കുന്നതിനു മുമ്പ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു പ്രതികരണം. രാഹുൽ മാങ്കൂട്ടത്തിലെ പിന്തുണച്ചതിൽ കുറ്റബോധം ഇല്ല അതിജീവിതയുടെ പേര് വെളിപ്പെടുത്തുകയോ ഫോട്ടോയോ പോസ്റ്റോ ഇട്ടിട്ടില്ലെന്നും രാഹുൽ പറഞ്ഞു.
അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസിൽ ആദ്യം അറസ്റ്റിലാകുന്നത് രാഹുൽ ഈശ്വറാണ്. കേസിലെ അഞ്ചാം പ്രതിയാണ് രാഹുൽ. രണ്ടുതവണ മുൻകൂർജാമ്യാഅപേക്ഷയുമായി കോടതിയെ സമീപിച്ചെങ്കിലും നിരസിക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിന് അറസ്റ്റിലായ രാഹുൽ ഈശ്വറിന് കോടതി ജാമ്യം നിഷേധിച്ചു. തിരുവനന്തപുരം ചീഫ് അഡീഷ്ണൽ മജിസ്ട്രേറ്റ് കോടതി നാല് ആണ് ജാമ്യം തള്ളിയത്.
യുവതിയെ അപമാനിക്കുന്ന തരത്തില്‍ പ്രതികരിച്ചിട്ടില്ല. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ വിവരങ്ങള്‍ വായിക്കുക മാത്രമാണ് ചെയ്തത്. ഇതില്‍ യുവതിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന വിവരങ്ങളില്ല എന്നാണ് രാഹുല്‍ ഈശ്വര്‍ കോടതിയില്‍ അറിയിച്ചത്.
എഫ്ഐആര്‍ വായിച്ചതില്‍ തെറ്റുപറ്റിപ്പോയി, പോസ്റ്റ് ചെയ്ത വിഡിയോ പിന്‍വലിക്കാന്‍ തയാറാണെന്നും രാഹുല്‍ ഈശ്വര്‍ കോടതിയില്‍ ബോധിപ്പിച്ചു.
അതേസമയം അന്വേഷണവുമായി രാഹുൽ സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. നിരാഹാരമിരിക്കുന്നതിനാൽ ചോദ്യം ചെയ്യാൻ കഴിഞ്ഞില്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിക്കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസിൽ രാഹുൽ ഈശ്വർ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യാപേക്ഷ പിൻവലിച്ചു. അഡീഷണൽ മജിസ്ട്രേറ്റ് കോടതി ജാമ്യ ഹർജി പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ് ഹർജി പിൻവലിച്ചത്.
ഒരേ സമയം രണ്ട് ഹർജി ഫയൽ ചെയ്തത് പ്രോസിക്യൂഷൻ എതിർത്തിരുന്നു. നിയമത്തെ അവഹേളിക്കുന്നതാണ് പ്രതിയുടെ പ്രവൃത്തിയെന്ന് പ്രോസിക്യൂഷൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഹർജി പിൻവലിച്ചത്.
അതേസമയം നിരാഹാരം തുടരുന്ന രാഹുലിന്റെ ആരോഗ്യനില വഷളായതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
Kerala
തിരുവനന്തപുരം: ആദ്യ കേസിലെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞതിന് പിന്നാലെ അതിവേഗ നീക്കവുമായി രാഹുൽ മാങ്കുട്ടത്തിൽ എംഎല്‍എ. രണ്ടാമത്തെ പീഡനക്കേസിലും രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യഹർജി നൽകി.
തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് ഹര്‍ജി നൽകിയിരിക്കുന്നത്. ഇന്ന് ഹര്‍ജി പരിഗണിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ആദ്യ കേസിലെ മാത്രം അറസ്റ്റാണ് ഹൈക്കോടതി തടഞ്ഞിരിക്കുന്നത്.
രണ്ടാം കേസിൽ പോലീസിന് അറസ്റ്റിന് തടസമില്ലാത്ത സാഹചര്യത്തിലാണ് രാഹുൽ വീണ്ടും ജാമ്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. രണ്ടാം കേസിൽ പരാതിക്കാരി ആരെന്ന് പോലും ഇതുവരെ തനിക്കോ അഭിഭാഷകര്‍ക്കോ വ്യക്തമല്ലെന്ന് രാഹുൽ ഹര്‍ജിയിൽ ചൂണ്ടിക്കാട്ടുന്നു. അവരുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് രാഹുൽ ഉന്നയിക്കുന്ന പ്രധാന വിഷയം.
Kerala
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നല്കിയ യുവതിയെ സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വര്‍ നല്കിയ ജാമ്യഹര്‍ജിയിൽ ഇന്നും വാദം തുടരും. ഇരുവിഭാഗത്തിന്റെയും വാദം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് തിരുവനന്തപുരം അഡീഷണല്‍ സിജെഎം കോടതി ഇന്നും വാദം കേൾക്കുന്നത്.
കേസിലെ എഫ്ഐആർ വായിക്കുക മാത്രമാണ് വീഡിയോയിൽ ചെയ്തതെന്നും പരാതിക്കാരെ അവഹേളിക്കുന്ന ഒന്നും ഇതില്‍ ഇല്ലെന്നും രാഹുൽ ഈശ്വറിന്റെ അഭിഭാഷകന് വാദിച്ചു. രാഹുല്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വീണ്ടും കസ്റ്റിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടെന്നും പ്രോസിക്യൂഷന് വാദിച്ചു.
ശാരീരിക അസ്വസ്ഥകളെ തുടർന്ന് രാഹുലിനെ വെള്ളിയാഴ്ച വൈകുന്നേരം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
National
മുംബൈ: കുപ്രസിദ്ധ എൽഗാർ പരിഷത് കേസിൽ മുൻ ഡൽഹി സർവകലാശാല അസോസിയറ്റ് പ്രഫസർ ഹാനി ബാബുവിനു ജാമ്യം. വിചാരണ കൂടാതെ അഞ്ചു വർഷത്തിലധികം നീണ്ട തടവിനൊടുവിലാണ് ഹാനി ബാബു ജയിൽമോചിതനാകുന്നത്.
ബോംബെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹാനി ബാബുവിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് എൻഐഎ ആവശ്യപ്പെട്ടെങ്കിലും ജയിലിൽ കഴിഞ്ഞ കാലദൈർഘ്യവും ഉടനെ വിചാരണ കഴിയില്ലെന്നതും പരിഗണിച്ചാണ് കോടതി ജാമ്യം നൽകിയത്. 2020 ജൂലൈയിലാണ് ഹാനി ബാബുവിനെ എൻഐഎ അറസ്റ്റ് ചെയ്യുന്നത്. അന്‍പത്തിയൊന്‍പതുകാരനായ സർവകലാശാല ഇംഗ്ലീഷ് വിഭാഗം അധ്യാപകനെ തലോല ജയിലിൽ അടച്ചു.
ഇഫ്ലുവിലും ജർമനിയിലെ കോൺസ്റ്റാൻസ് സർവകലാശാലയിലും ഉപരിപഠനം നടത്തിയ ഭാഷാശാസ്ത്ര വിദഗ്ധനും വിദ്യാഭ്യാസ-സാമൂഹിക പ്രവർത്തകനുമാണ് അദ്ദേഹം.
National
ന്യൂഡൽഹി: ഭീമ കൊറേഗാവ് കേസിൽ ഡൽഹി യൂണിവേഴ്സിറ്റി മുൻ പ്രഫസർ ഹാനി ബാബുവിന് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.
ജസ്റ്റീസുമാരായ എ.എസ്. ഗഡ്കരി, രഞ്ജിത് സിൻഹ രാജ ഭോൺസാലെ എന്നിവരുടെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. 2020 ജൂലൈ 28 നാണ് എൻഐഎ ഹാനി ബാബുവിനെ അറസ്റ്റ് ചെയ്തത്.
മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു നടപടി. നേരത്തെ ജാമ്യം തേടി ഹാനി ബാബു സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ ബോംബെ ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിച്ചതിനെ തുടർന്ന് ഹർജി പിൻവലിക്കുകയായിരുന്നു.
കേസിലെ മറ്റുള്ളവർക്ക് ജാമ്യം കിട്ടിയതോടെയാണ് ഹാനി ബാബു ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ വിചാരണ പോലും തുടങ്ങിയിട്ടില്ലെന്നും അഞ്ച് വർഷവും രണ്ട് മാസവുമായി ജയിലിലാണെന്നും അദ്ദേഹം വാദിച്ചു.
കേസിലെ മറ്റു പ്രതികളായ റോണാ വിൽസൺ, സുധീർ ധവാലെ എന്നിവർ കിടന്ന അത്രയും കാലം ഹാനി ബാബു ജയിലിൽ കഴിഞ്ഞിട്ടില്ലെന്നും ജാമ്യം അനുവദിക്കരുതെന്നും എൻഐഎ വാദിച്ചു. ഇത് തള്ളിയാണ് ഹൈക്കോടതി ഉത്തരവ്.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് അടച്ചിട്ട കോടതിമുറിയിൽ വേണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനും പ്രതിയും അപേക്ഷ നൽകി.
ഇന്ന് ജാമ്യ ഹർജിയിൽ വാദം കേൾക്കുന്നതിനു മുന്‍പ് ഈ ഹർജി കോടതി പരിഗണിക്കും ഈ ഹർജി അനുവദിച്ചാൽ ജാമ്യ ഹർജിയുടെ വിവരങ്ങൾ മാധ്യമങ്ങളിൽ വരുന്നതിൽ നിയന്ത്രണംവരും.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ പീഡന പരാതി നൽകിയ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിനെ ഇന്നു സൈബർ പോലീസ് കസ്റ്റഡിയിൽ വാങ്ങും.
National
ന്യൂഡൽഹി: കൂത്തുപറമ്പിൽ ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട 10 സിപിഎം പ്രവർത്തകർക്ക് ജാമ്യം. സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്.
കുമ്പളപ്രവന്‍ പ്രമോദിനെ വെട്ടിക്കൊന്ന കേസിൽ ശിക്ഷിക്കപ്പെട്ട കുന്നപ്പാടി മനോഹരന്, നാനോത്ത് പവിത്രന്, പാറക്കാട്ടില് അണ്ണേരി പവിത്രന്, പാട്ടാരി ദിനേശന്, കുളത്തുംകണ്ടി ധനേഷ്, കേളോത്ത് ഷാജി, അണ്ണേരി വിപിന്‍, പാട്ടാരി സുരേഷ് ബാബു, പാലേരി റിജേഷ്, വാളോത്ത് ശശി എന്നിവർക്കാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റീസുമാരായ എം.എം. സുന്ദരേഷ്, സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ചാണ് പ്രതികള്‍ക്ക് ജാമ്യം നൽകിയത്.
കേസിലെ എട്ടാം പ്രതിയായ അണ്ണേരി വിപിന്‍ നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഒന്നാം പ്രതിയായ സിപിഎം ലോക്കൽ സെക്രട്ടറി താറ്റ്യോട്ട് ബാലകൃഷ്ണൻ വിചാരണക്കിടെ മരിച്ചിരുന്നു.
രണ്ടുമുതൽ 11 വരെ പ്രതിയാക്കപ്പെട്ടവരെ ജീവപര്യന്തം കഠിന തടവിന് തലശേരി അഡീ. ജില്ല സെഷന്‍സ് കോടതി ശിക്ഷിച്ചിരുന്നുവെങ്കിലും ദീർഘകാലം ജയിലിൽ കഴിഞ്ഞത് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഇപ്പോള്‍ ജാമ്യം അനുവദിച്ചത്.
2007 ഓഗസ്റ്റ് 16ന് മാനന്തേരി മൂര്യാട് ചുള്ളിക്കുന്ന്നിരയിൽ വച്ചാണ് ആർഎസ്എസ് പ്രവർത്തകനും നിരവധി ക്രിമിനൽ കേസിലെ പ്രതിയുമായ പ്രമോദ് വെട്ടേറ്റുമരിച്ചത്. പ്രമോദ് കൊല്ലപ്പെടുകയും സുഹൃത്തായ പ്രകാശന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
കോൺക്രീറ്റ് പണിക്കാരായ പ്രമോദും പ്രകാശനും ജോലിക്ക് പോകുന്നതിനിടയിൽ മാനന്തേരി മൂര്യാട് ചുള്ളിക്കുന്ന് നിരയിലെ കശുമാവിൻ തോട്ടത്തിൽ വച്ച് പ്രതികൾ വാൾ, കത്തിവാൾ എന്നിവ കൊണ്ട് ആക്രമിക്കുകയായിരുന്നു എന്നാണ് കേസ്.
Kerala
തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ എന്ന ദേവീന്ദര്‍ സിംഗിന് ജാമ്യം അനുവദിച്ച് കോടതി. ബുധനാഴ്ച തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബണ്ടി ചോറിനെ കസ്റ്റഡിയിലെടുത്തത്.
അഭിഭാഷകനെ കാണാനെത്തിയതെന്നാണ് ബണ്ടിചോര്‍ പോലീസിനോടു പറഞ്ഞിരുന്നു. എന്നാൽ പരസ്പര വിരുദ്ധമായി സംസാരിച്ചതോടെ ബണ്ടി ചോറിന്റെ മാനസികനില പരിശോധിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ജാമ്യത്തില്‍ വിടാന്‍ കോടതി തീരുമാനിക്കുകയായിരുന്നു. സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. മാനസിക നിലയിൽ പ്രശ്നമില്ലെന്ന് കണ്ടെത്തിയതോടെയാണ് ജാമ്യം അനുവദിച്ചത്. പരിശോധനാ ഫലത്തിൽ പ്രശ്നങ്ങൾ കാണുന്നില്ലെന്നും ചികിത്സയ്ക്ക് വിടേണ്ട ഒരാവശ്യവുമില്ലെന്നും കോടതി വ്യക്തമാക്കി.
പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലായിരുന്നു പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്നുളള ട്രെയിനില്‍ എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ എത്തിയ ബണ്ടിചോറിനെ കസ്റ്റഡിയിൽ എടുത്തതിന് ശേഷം വിട്ടയച്ചിരുന്നു.
Kerala
ഭോപ്പാൽ: മധ്യപ്രദേശിൽ അറസ്റ്റിലായ മലയാളി വൈദികൻ ഫാ.ഗോഡ്വിന് ജാമ്യം. രാത്ലം ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്.
നിർബന്ധിത പരിവർത്തനം ആരോപിച്ച് കഴിഞ്ഞമാസം 25നാണ് തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയായ സിഎസ്ഐ വൈദികനെ റാത്ലം പോലീസ് അറസ്റ്റ് ചെയ്തത്. സംഭവം വലിയ വിവാദമായിരുന്നു.
12 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്. കേസ് ഡയറി കോടതിയിൽ ഹാജരാക്കാതെ പോലീസ് നടപടികൾ വൈകിപ്പിക്കുകയാണെന്ന് സഹപ്രവർത്തകർ ആരോപിച്ചിരുന്നു. 25 വർഷമായി ഉത്തരേന്ത്യയിലും 12 വർഷമായി മധ്യപ്രദേശിലെ ജബുവയിലും പ്രവർത്തിക്കുന്നയാളാണ് വൈദികൻ ഗോഡ്വിൻ.
Kerala
കൊച്ചി: വിദേശത്ത് നടക്കുന്ന സംഗീത പരിപാടികളില്‍ പങ്കെടുക്കാനായി ഇളവ് വേണമെന്നാവശ്യപ്പെട്ട് റാപ്പര്‍ വേടന് എന്ന ഹിരണ്‍ദാസ് മുരളി ഹൈക്കോടതിയെ സമീപിച്ചു. ലൈംഗികാതിക്രമ കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് സെഷന്‍സ് കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകളില്‍ ചിലത് ഒഴിവാക്കണമെന്നാണ് വേടന്റെ ആവശ്യം. ഇക്കാര്യത്തില്‍ ജസ്റ്റിസ് സി.പ്രതീപ് കുമാര്‍ സര്‍ക്കാരില്‍നിന്നു വിശദീകരണം തേടി.
ഈ മാസം 25ന് കൊളംബോ, നവംബര്‍ 11ന് ദുബായി, നവംബര്‍ 28ന് ഖത്തര്‍, ഡിസംബര്‍ 13ന് ഫ്രാന്‍സ്, ഡിസംബര്‍ 20ന് ജര്‍മനി എന്നിവിടങ്ങളിലാണ് തന്റെ സംഗീത പരിപാടികള്‍ എന്ന് ഹര്‍ജിയില്‍ പറയുന്നു.
എന്നാല്‍ കോടതിയുടെ ഉത്തരവോടു കൂടി മാത്രമേ കേരളത്തിനു പുറത്തേക്കു പോകാന്‍ പാടുള്ളൂ എന്നാണ് ജാമ്യവ്യവസ്ഥയിലുള്ളത്. ഇതിനൊപ്പം എല്ലാ ഞായറാഴ്ചയും രാവിലെ 10നും 11നും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നും ജാമ്യവ്യവസ്ഥയിലുണ്ട്.
ഇത്തരത്തിലുള്ള വ്യവസ്ഥയിലൂടെ, സ്റ്റേജ് ഷോകള്‍ നടത്തുന്ന തനിക്ക് ജോലി ചെയ്തു ജീവിക്കാനുള്ള അവകാശം നിഷേധിക്കുകയാണ്. ഈ രണ്ടു വ്യവസ്ഥകളും റദ്ദാക്കിയാലും കേസിന്റെ അന്വേഷണത്തെ അത് ഒരു വിധത്തിലും ബാധിക്കില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
ജാമ്യവ്യവസ്ഥയില്‍ ഇളവു തേടി സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവ് ലഭിക്കാത്തതിനാലാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.
യുവതിക്ക് നല്കിയ നോട്ടീസ് പിന്‍വലിക്കുമെന്ന് പോലീസ്
റാപ്പര്‍ വേടനെതിരെ ലൈംഗികാതിക്രമ പരാതി നല്കിയ യുവതിക്ക് നല്കിയ നോട്ടീസ് പിന്‍വലിക്കുമെന്ന് പോലിസ് ഹൈക്കോടതിയെ അറിയിച്ചു. മുഖ്യമന്ത്രിക്ക് നല്കിയ പരാതിയെ തുടര്‍ന്ന് എടുത്ത കേസില്‍ മൊഴി നല്കാന് എറണാകുളം സെന്‍ട്രല്‍ പോലീസ് നല്കിയ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവതി നല്കിയ ഹര്‍ജിയിലാണ് ഇക്കാര്യം അറിയിച്ചത്.
മൊഴി നല്കാന് നേരിട്ടെത്തുന്നത് തന്നെക്കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങള്‍ പുറത്ത് പോകാന്‍ ഇടയാക്കുമെന്നായിരുന്നു ഹര്‍ജിക്കാരിയുടെ ആരോപണം. ഇക്കാര്യത്തില്‍ സ്ത്രീകള്‍ക്ക് അനുകൂലമായ നിയമങ്ങള്‍ നിലവിലുണ്ടെന്നും നേരിട്ടെത്തി മൊഴി നല്‍കാനാവില്ലെന്നുമുള്ള പരാതിക്കാരിയുടെ വാദം കോടതി അംഗീകരിച്ചു. ജസ്റ്റീസ് സി. പ്രതീപ് കുമാര്‍ പോലിസിന്റെ വിശദീകരണം രേഖപ്പെടുത്തി ഹര്‍ജി തീര്‍പ്പാക്കി.
2020 ഡിസംബറില്‍ ദളിത് സംഗീതത്തെക്കുറിച്ചുള്ള പഠനവുമായി ബന്ധപ്പെട്ട് വേടനെ സമീപിച്ചപ്പോള്‍ ലൈംഗികാതിക്രമം കാണിച്ചെന്നായിരുന്നു യുവതി മുഖ്യമന്ത്രിക്കു നല്കിയ പരാതിയിലുള്ളത്. ഈ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് വേടനെതിരെ രജിസ്റ്റര്‍ ചെയ്ത കേസാണ് ഇത്.
വിവാഹ വാഗ്ദാനം നല്കി ബലാത്സംഗം ചെയ്തു എന്ന യുവ ഡോക്ടറുടെ പരാതിയില്‍ തൃക്കാക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നിലവില്‍ ജാമ്യത്തിലാണ് ഇയാള്‍.
Kerala
ന്യൂഡൽഹി: ആലപ്പുഴ ഷാൻ കൊലക്കേസിൽ നാല് ആർഎസ്എസ് പ്രവർത്തകർക്ക് ജാമ്യം നൽകി സുപ്രീംകോടതി. ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയാണ് സുപ്രീംകോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.
അഭിമന്യു, അതുൽ, സനന്ദ്, വിഷ്ണു എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. നേരത്തെ, കേസുമായി ബന്ധപ്പെട്ട് ഒൻപത് പ്രതികൾക്ക് സെഷൻസ് കോടതി ജാമ്യം നൽകിയിരുന്നു.
എന്നാൽ ഇതിൽ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുള്ള നാലുപേരുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. ഇതിനെ ചോദ്യം ചെയ്താണ് നാലുപ്രതികളും സുപ്രീംകോടതിയെ സമീപിച്ചത്. ഇവര്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരാണ് സുപ്രീംകോടതിയില്‍ സത്യവാഗ്മൂലം ഫയല്‍ ചെയ്തത്.
സാക്ഷികളുടെ സുരക്ഷഉറപ്പാക്കണം എന്ന കർശന നിർദേശം സംസ്ഥാന പോലീസിന് നൽകിക്കൊണ്ടാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.
ആലപ്പുഴയിലെ മണ്ണഞ്ചേരിയില്‍ 2021 ഡിസംബര്‍ 18ന് വൈകിട്ടാണ് എസ്ഡിപിഐ നേതാവായിരുന്ന കെ.എസ്. ഷാന്‍ കൊല്ലപ്പെട്ടത്. പിറ്റേന്ന് രാവിലെ ബിജെപി നേതാവായ രണ്‍ജീത് ശ്രീനിവാസന് ആലപ്പുഴയിലെ വീട്ടിലും കൊല്ലപ്പെട്ടു.
ഇതിലെ 15 പ്രതികള്‍ക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നു. ആലപ്പുഴയിലും പാലക്കാടും ആണ് കേരളത്തത്തില്‍ അവസാനമായി വര്‍ഗീയ കൊലപാതകകങ്ങള്‍ നടന്നതെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ ഹര്‍ഷദ് വി. ഹമീദ് ഫയല്‍ ചെയ്ത സത്യവാഗ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
National
ന്യൂഡൽഹി: ജയാ ഷെട്ടി കൊലക്കേസിൽ അധോലോക നായകൻ ചോട്ടാ രാജന് ബോംബെ ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീംകോടതി റദ്ദാക്കി. ഛോട്ടാ രാജന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് വിധി പറഞ്ഞത്.
രണ്ട് കൊലപാതകങ്ങൾ ഉൾപ്പെടെ നാല് കേസുകളിൽ രാജൻ കുറ്റക്കാരനാണെന്ന് സിബിഐയ്ക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ (എഎസ്ജി) എസ്.വി. രാജു കോടതിയെ അറിയച്ചു.
എന്നാൽ, കേസിൽ ചോട്ടാ രാജനെതിരെ തെളിവുകളില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
പ്രതിയായ രാജനെതിരെ ഒന്നിലധികം കേസുകൾ ഉള്ളതിനാൽ അദ്ദേഹത്തിന് ഇളവ് നൽകാൻ സാധിക്കില്ലെന്നും നിരീക്ഷിച്ചാണ് കോടതി ജാമ്യം റദ്ദാക്കിയത്.