Sports
പനാജി: രഞ്ജി ട്രോഫിയിൽ ഗോവയ്ക്കെതിരായ മത്സരത്തിൽ കേരളത്തിന് 29 റൺസ് വിജയലക്ഷ്യം. ഗോവയുടെ രണ്ടാം ഇന്നിംഗ്സ് 199 റൺസിൽ അവസാനിച്ചതോടെയാണിത്. നിലവിൽ രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗ് ആരംഭിച്ച കേരളം ഒരു വിക്കറ്റ് നഷ്ടത്തിൽ 19 റൺസെടുത്തിട്ടുണ്ട്. 10 റൺസുമായി അഭിഷേക് നായരും എട്ട് റൺസുമായി സൽമാൻ നിസാറുമാണ് ക്രീസിലുള്ളത്.
ആദ്യ ഇന്നിംഗ്സിൽ ഗോവ 355 റൺസാണെടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം ആദ്യ ഇന്നിംഗ്സിൽ 526 റൺസാണ് പടുത്തുയർത്തിയത്. 171 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് കേരളത്തിന് ലഭിച്ചത്.
വിക്കറ്റ് നഷ്ടമില്ലാതെ 18 റൺസ് എന്ന നിലയിൽ നാലാം ദിനം ബാറ്റിംഗ് ആരംഭിച്ച ഗോവയ്ക്ക് 181 റൺസ് മാത്രമാണ് കൂട്ടിച്ചേർക്കാനായത്. 55 റൺസെടുത്ത ദർശൻ മിശലിനും 32 റൺസെടുത്ത അമൂല്യ പാണ്ഡ്റെക്കറിനും മാത്രമാണ് ഗോവയ്ക്ക് വേണ്ടി തിളങ്ങാനായത്.
കേരളത്തിന് വേണ്ടി എം.ഡി. നിതീഷ് അഞ്ച് വിക്കറ്റ് വീഴ്ത്തി. അങ്കിത് ശർമ മൂന്ന് വിക്കറ്റും എൻ.പി. ബേസിലും അഹമ്മദ് ഇംമ്രാനും ഓരോ വിക്കറ്റ് വീതമെടുത്തു.
Sports
തിരുവനന്തപുരം: 23 വയസിൽ താഴെയുള്ളവരുടെ സി.കെ. നായിഡു ട്രോഫി ക്രിക്കറ്റിൽ ജമ്മു കാഷ്മീരിനെതിരെ കേരളത്തിന് ജയം. 88 റൺസിനാണ് കേരളം ജയിച്ചത്. വിജയലക്ഷ്യമായ 260 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ജമ്മു കാഷ്മീർ 171 റണ്‍സിന് ഓള് ഔട്ടാവുകയായിരുന്നു.
ആദ്യ ഇന്നിങ്സില്‍ ലീഡ് വഴങ്ങിയ ശേഷം ശക്തമായി തിരിച്ചുവന്നാണ് കേരളം വിജയം സ്വന്തമാക്കിയത്. സ്കോര്‍: കേരളം: ഒന്നാം ഇന്നിംഗ്സ് - 165, രണ്ടാം ഇന്നിംഗ്സ് - 268. ജമ്മു കാഷ്മീർ: ഒന്നാം ഇന്നിംഗ്സ് - 174, രണ്ടാം ഇന്നിംഗ്സ് - 171.
ഒന്‍പത് വിക്കറ്റിന് 142 റണ്‍സ് എന്ന നിലയില്‍ അവസാന ദിവസം കളി തുടങ്ങിയ ജമ്മു കാഷ്മീരിന് 29 റൺസ് മാത്രമെ കൂട്ടിച്ചേർക്കാനായുള്ളു. ജമ്മു കാഷ്മീരിന്റെ മധ്യനിര ബാറ്റര്‍ റൈദ്ദാമിന്റെ പ്രകടനമാണ് കേരളത്തിന്റെ വിജയം വൈകിപ്പിച്ചത്.
63 റണ്‍സെടുത്ത റൈദ്ദാമിനെ പവന് രാജ് റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കിയതോടെ ജമ്മു കാഷ്മീരിന്റെ ഇന്നിംഗ്സ് 171 റണ്‍സില്‍ അവസാനിച്ചു. റൈദ്ദാം തന്നെയാണ് ടീമിന്റെ ടോപ് സ്കോറര്‍. കേരളത്തിന് വേണ്ടി ജെ.എസ്. അനുരാജ് നാലും പവന് രാജ് മൂന്നും ഷോണ്‍ റോജര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
സി.കെ. നായിഡു ട്രോഫിയില്‍ ഈ സീസണില്‍ കേരളത്തിന്റെ ആദ്യ വിജയമാണിത്. വിജയത്തോടെ 21 പോയിന്റുമായി കേരളം എ ഗ്രൂപ്പില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇനിയുള്ള മത്സരങ്ങളില്‍ മേഘാലയയും ഗോവയും ജാർഖണ്ഡുമാണ് കേരളത്തിന്റെ എതിരാളികള്‍.
Sports
കോതമംഗലം: മാർ അത്തനേഷ്യസ് ട്രോഫി ഫുട്ബോൾ കിരീടം മലപ്പുറം മൂർക്കനാട് സുബുലുസലാം ഹയർ സെക്കൻഡി സ്കൂളിന്.
ഫൈനലിൽ ബംഗളൂരു ആർമി സ്പോർട്സ് സ്കൂളിനെ മറുപടിയില്ലാത്ത ഒരു ഗോളിനു കീഴടക്കിയാണ് സുബുലുസലാം ചാന്പ്യന്മാരായത്.
ടൂർണമെന്റിലെ മികച്ച താരമായി സുബുലുസലാം സ്കൂളിന്റെ ഹാദിൽ മൻഷാദിനെയും മികച്ച ഗോൾ കീപ്പറായി ബംഗളൂരു ആർമി സ്പോർട്സ് സ്കൂളിലെ മുഹമ്മദ് അൻവറിനെയും തെരഞ്ഞെടുത്തു.
Sports
കോതമംഗലം: മാര്‍ അത്തനേഷ്യസ് ട്രോഫി ഫുട്ബോളിന്റെ ഫൈനല്‍ ചിത്രം തെളിഞ്ഞു. മലപ്പുറം മൂര്‍ക്കനാട് സുബുലു സ്കൂളും ബംഗളൂരു ആര്‍മി സ്പോര്‍ട്സ് സ്കൂളും തമ്മില്‍ ഫൈനലില്‍ ഏറ്റുമുട്ടും.
രണ്ടാം സെമിയില്‍ ആര്‍മി സ്കൂള്‍ 3-2ന് മലപ്പുറം എംഎസ്പി ഹയര്‍ സെക്കന്‍ഡറിയെ കീഴടക്കി. തിരുവനന്തപുരം ജിവി രാജയെ മറുപടിയില്ലാത്ത 3-0നു കീഴടക്കിയായിരുന്നു സുബുലു ഫൈനലില്‍ പ്രവേശിച്ചത്.
Sports
ബംഗളൂരു: വിജയ് ഹസാരെ ട്രോഫി ഫൈനലിൽ വിദർഭയ്ക്കെതിരെ ടോസ് നേടിയ സൗരാഷ്ട്ര ബൗളിംഗ് തെരഞ്ഞെടുത്തു. ഒന്നര മുതൽ ബംഗളൂരുവിലാണ് മത്സരം.
സെമിഫൈനലിൽ കർണാടകയെ പരാജയപ്പെടുത്തിയാണ് വിദർഭ ഫൈനലിലെത്തിയത്. ആറ് വിക്കറ്റിനാണ് വിദർഭ സെമിയിൽ വിജയിച്ചത്.
പഞ്ചാബിനെ സെമിയിൽ തകർത്താണ് സൗരാഷ്ട്ര ഫൈനലിൽ കടന്നത്. ഒമ്പത് വിക്കറ്റിനാണ് സൗരാഷ്ട്ര വിജയിച്ചത്.
ടീം വിദർഭ: അഥർവ ടായ്ഡെ, അമാൻ മോഖഡെ, ഫായിസ് മുഹമ്മദ് ഷെയ്ഖ്, രവികുമാർ സമർത്ത്, രോഹിത്ത് ബിൻകർ (വിക്കറ്റ് കീപ്പർ), യഷ് റാത്തോഡ്, നചികേത് ഭൂട്ടെ, ഹർഷ് ദുബെ (ക്യാപ്റ്റൻ), പർത് രേഖഡെ, യഷ് ഠാക്കൂർ, ദർശൻ നൽകണ്ഡെ.
ടീം സൗരാഷ്ട്ര: ഹർവിക്ക് ദേശായ് (ക്യാപ്റ്റൻ & വിക്കറ്റ് കീപ്പർ), വിശ്വരാജ് ജഡേജ, പ്രേരക് മങ്കഡ്, സമ്മർ ഗജ്ജർ, ചിരാഗ് ജെനി, രുചിത് അഹിർ, പാർശ്വരാജ് റാണ, ദർമേന്ദ്രസിൻഹ് ജഡേജ, അൻഗുർ പൻവർ, ജയ്ദേവ് ഉനദ്കട്ട്, ചേതൻ സക്കാരിയ.
Sports
ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ വിദര്‍ഭ ഫൈനലില്‍. ബംഗളൂരുവില്‍ നടന്ന മത്സരത്തില്‍ കര്‍ണാടകയെ തോല്‍പ്പിച്ച് ആറ് വിക്കറ്റിനായിരുന്നു വിദര്‍ഭയുടെ ജയം. ടോസ് നേടി ബാറ്റിംഗിനെത്തിയ കര്‍ണാടക 281 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്.
കരുണ്‍ നായര്‍ (76), കൃഷ്ണന് ശ്രീജിത്ത് (54) മികച്ച പ്രകടനം പുറത്തെടുത്തു. വിദര്‍ഭയ്ക്കായി ദര്ശന് നാല്‍കണ്ഡെ അഞ്ച് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ വിദര്‍ഭ 46.2 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. അമന് മൊഖാതെയുടെ (138) സെഞ്ചുറിയാണ് വിദര്‍ഭയെ വിജയത്തിലേക്ക് നയിച്ചത്. രവികുമാര്‍ സമര്‍ത്ഥ് 76 റണ്‍സുമായി പുറത്താവാതെ നിന്നു.
Sports
ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയിൽ സെമിയിൽ കടന്ന് വിദർഭ. ഇന്ന് നടന്ന ക്വാർട്ടറിൽ ഡൽഹിയെ 76 റൺസിന് തോൽപ്പിച്ചാണ് വിദർഭ സെമിയിലെത്തിയത്.
വിദർഭ ഉയർത്തിയ 301 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി 45.1 ഓവറിൽ 224 റൺസിൽ ഓൾഔട്ടായി. 66 റൺസെടുത്ത വിക്കറ്റ്കീപ്പർ അനുജ് റാവത്തിന് മാത്രമാണ് ഡൽഹി നിരയിൽ തിളങ്ങാനായത്. വൈഭവ് കണ്ഡ്പാലും പ്രിയാൻഷ് ആര്യയും 28 റൺസ് വീതം എടുത്തു.
വിദർഭയ്ക്ക് വേണ്ടി നച്ചികേത് ഭൂട്ടെ നാല് വിക്കറ്റെടുത്തു. നായകൻ ഹർഷ് ദുബെ മൂന്ന് വിക്കറ്റും പ്രഫുൽ ഹിൻജെ രണ്ട് വിക്കറ്റും യഷ് കദം ഒരു വിക്കറ്റും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത വിദർഭ 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 300 റൺസെടുത്തത്. യഷ് റാത്തോഡിന്റെയും അഥർവ ടായ്ഡെയുടെയും അർധ സെഞ്ചുറികളുടെയും ധ്രുവ് ഷോറെയുടെ മികച്ച ഇന്നിംഗ്സിന്റെയും മികവിലാണ് വിദർഭ മികച്ച സ്കോർ പടുത്തുയർത്തിയത്.
86 റൺസെടുത്ത യഷ് റാത്തോഡാണ് വിദർഭയുടെ ടോപ്സ്കോറർ. അഥർവ 62 റൺസും ഷോറെ 49 റൺസും എടുത്തു. ഡൽഹിക്ക് വേണ്ടി ഇഷാന്ത് ശർമ, നവ്ദീപ് സെയ്നി, പ്രിൻസ് യാദവ്, നിതീഷ് റാണ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Sports
ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയിൽ സെമിയിൽ കടന്ന് പഞ്ചാബ്. ഇന്ന് നടന്ന മത്സരത്തിൽ മധ്യപ്രദേശിനെ 183 റൺസിന് തകർത്താണ് പഞ്ചാബ് സെമിയിലെത്തിയത്.
പഞ്ചാബ് ഉയർത്തിയ 346 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മധ്യപ്രദേശ് 31.2 ഓവറിൽ 162 റൺസിൽ ഓൾഓട്ടായി. 38 റൺസുമായി രജത്ത് പാട്ടീദാറും 31 റൺസുമായി ത്രിപുരേഷ് സിംഗും പൊരുതിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല. ശുഭം ശർമ 24 റൺസെടുത്തു.
പഞ്ചാബിന് വേണ്ടി സൻവീർ സിംഗ് മൂന്ന് വിക്കറ്റെടുത്തു. ക്രിഷ് ഭഗത്തും രമൺദീപ് സിംഗും ഗുർണൂർ ബ്രാറും രണ്ട് വിക്കറ്റ് വീതവും മായങ്ക് മർകൻഡെ ഒരു വിക്കറ്റും വീഴ്ത്തി.
ആദ്യ ബാറ്റ് ചെയ്ത പഞ്ചാബ് 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 345 റൺസെടുത്തത്. പ്രഭ്സിമ്രാൻ സിംഗ്,അൻമോൽപ്രീത് സിംഗ്, ഹർനൂർ സിംഗ്, നെഹാൽ വദേര എന്നിവരുടെ അർധ സെഞ്ചുറികളുടെ മികവിലാണ് കൂറ്റർ സ്കോർ പടുത്തുയർത്തിയത്.
88 റൺസെടുത്ത പ്രഭ്സിമ്രാനാണ് പഞ്ചാബിന്റെ ടോപ്സ്കോറർ. അൻമോൽപ്രീത് സിംഗ് 70 റൺസെടുത്തു. നെഹാൽ വദേര 56 റൺസും ഹർനൂർ സിംഗ് 51 റൺസും സ്കോർ ചെയ്തു.
മധ്യപ്രദേശിന് വേണ്ടി ത്രിപുരേഷ് സിംഗും വെങ്കടേഷ് അയ്യരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. കുൽദീപ് സെനും ആര്യൻ പാണ്ഡെയും ഓരോ വിക്കറ്റ് വീതമെടുത്തു. പ്രഭ്സിമ്രാൻ സിംഗാണ് മത്സരത്തിലെ താരം.
Sports
ന്യൂഡൽഹി: ഫിഫ ഫുട്ബോൾ ലോകകപ്പ് 2026നു ആറ് മാസം ശേഷിക്കേ ലോക പര്യടനത്തിന്റെ ഭാഗമായി ട്രോഫി ഇന്ത്യയിലെത്തി.
മൂന്നു ദിവസത്തെ പര്യടനത്തിൽ രണ്ടു ദിവസം ന്യൂഡൽഹിയിലും അവസാന ദിവസം അസമിലെ ഗുവാഹത്തിയിലും ട്രോഫി പ്രദർശിപ്പിക്കും. 12 വർഷത്തിനു ശേഷമാണ് ഫിഫ ലോകകപ്പ് ട്രോഫി ടൂറിന്റെ ഭാഗമായി ഇന്ത്യയിൽ എത്തുന്നത്.
ന്യൂഡൽഹിയിൽ എത്തിച്ച ട്രോഫി കായികമന്ത്രി മൻസുഖ് മാണ്ഡവ്യയും മുൻ ബ്രസീലിയൻ താരം ഗിൽബർട്ടോ ഡിസിൽവയും ചേർന്ന് അനാവരണം ചെയ്തു. 150 ദിവസം നീണ്ടുനിൽക്കുന്ന ട്രോഫി ടൂറിന്റെ ഭാഗമായി ഫിഫയിൽ അംഗമായ 30 രാജ്യങ്ങളിൽ ലോകകപ്പ് പ്രദർശിപ്പിക്കും.
Sports
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ പുതുച്ചേരിക്കെതിരായ മത്സരത്തിൽ കേരളത്തിന് തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിനാണ് കേരളം വിജയിച്ചത്.
പുതുച്ചേരി ഉയർത്തിയ 248 റൺസ് വിജയലക്ഷ്യം കേരളം 29 ഓവറിൽ മറികടന്നു. സെഞ്ചുറി നേടിയ വിഷ്ണു വിനോദിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെയും അർധ സെഞ്ചുറി നേടിയ ബാബാ അപരാജിതിന്റെയും മികവിലാണ് കേരളം അനായാസമായി വിജയലക്ഷ്യം മറികടന്നത്.
വിഷ്ണു വിനോദ് 162 റൺസാണ് എടുത്തത്. 84 പന്തിൽ 13 ബൗണ്ടറിയും 14 സിക്സും അടങ്ങുന്നതായിരുന്നു വിഷ്ണുവിന്റെ ഇന്നിംഗ്സ്. ബാബാ അപരാജിത് 63 റൺസെടുത്തു.
സഞ്ജു സാംസൺ 11 റൺസും നായകൻ രോഹൻ കുന്നുമ്മൽ എട്ട് റൺസും എടുത്ത് പുറത്തായി. പുതുച്ചേരിക്ക് വേണ്ടി ഭൂപേന്ദർ ചൗഹാനും പാർത്ത് വൈഘാനിയും ഓരോ വിക്കറ്റ് വീതമെടുത്തു.
ആദ്യം ബാറ്റ് ചെയ്ത പുതുച്ചേരി 47.4 ഓവറിൽ 247 റൺസെടുത്ത് പുറത്തായിരുന്നു. ജസ്വന്ത് ശ്രീരാമിന്റെയും അജയ് രൊഹെരയുടെയും അർധ സെഞ്ചുറികളുടെ മികവിലാണ് പുതുച്ചേരി ഭേദപ്പെട്ട സ്കോറിലേക്കെത്തിയത്. 57 റൺസെടുത്ത ശ്രീരാമാണ് പുതുച്ചേരിയുടെ ടോപ്സ്കോറർ.
അജയ് 53 റൺസാണ് എടുത്തത്. നായകൻ അമാൻ ഹക്കീം ഖാൻ 27 റൺസും വിഖ്നേശ്വരൻ മാരിമുത്തു 26 റൺസും എടുത്തു.
കേരളത്തിന് വേണ്ടി എം.ഡി. നിതീഷ് നാല് വിക്കറ്റെടുത്തു. ഏദൻ ആപ്പിൾ ടോമും അങ്കിത് ശർമയും രണ്ട് വിക്കറ്റ് വീതവും ബിജു നാരായണനും ബാബാ അപരാജിതും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Sports
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ ജാർഖണ്ഡിനെതിരെ കേരളത്തിന് ജയം. ഇന്ന് നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിനാണ് കേരളം വിജയിച്ചത്.
ജാർഖണ്ഡ് ഉയർത്തിയ 312 റൺസ് വിജയലക്ഷ്യം 42.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ കേരളം മറികടന്നു. ഓപ്പണര്‍മാരായ സഞ്ജു സാംസണിന്റെയും ക്യാപ്റ്റന്‍ രോഹന് കുന്നുമ്മലിന്റെയും വെടിക്കെട്ട് സെഞ്ചുറികളുടെ മികവിലാണ് കേരളം കൂറ്റൻ സ്കോർ മറികടന്നത്.
78 പന്തില്‍ 124 റണ്‍സെടുത്ത രോഹന് കുന്നുമ്മലാണ് കേരളത്തിന്റെ ടോപ് സ്കോറര്‍. സഞ്ജു സാംസണ് 95 പന്തില്‍ 101 റണ്‍സെടുത്തു. ഇരുവരും പുറത്തായശേഷം ബാബാ അപരാജിതും വിഷ്ണു വിനോദും ചേര്‍ന്ന് കേരളത്തെ ലക്ഷ്യത്തിലെത്തിച്ചു. സ്കോര്‍ ജാര്‍ഖണ്ഡ് 50 ഓവറില്‍ 311-7, കേരളം 42.3 ഓവറില്‍ 313-2.
ജാർഖണ്ഡിന് വേണ്ടി വികാശ് സിംഗും ശുഭം കുമാർ സിംഗും ഓരോ വിക്കറ്റ് വീതം എടുത്തു. ആദ്യം ബാറ്റ് ചെയ്ത ജാര്‍ഖണ്ഡ് ഏഴുവിക്കറ്റ് നഷ്ടത്തിലാണ് 311 റണ്‍സെടുത്തത്. കുമാര്‍ കുഷാഗ്രയുടെ സെഞ്ചുറിയാണ് (143) ജാര്‍ഖണ്ഡിനെ തുണച്ചത്.
ക്യാപ്റ്റൻ ഇഷാന് കിഷന് 21 റണ്‍സെടുത്ത് പുറത്തായപ്പോള്‍ അനുകൂല്‍ റോയ് 72 റണ്‍സെടുത്തു. 111-4 എന്ന സ്കോറില്‍ പതറിയ ജാര്‍ഖണ്ഡിനെ കുമാര്‍ കുഷാഗ്രയും അനുകൂല്‍ റോയിയും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 176 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് കരകയറ്റിയത്.
കേരളത്തിനായി എം.ഡി. നിധീഷ് നാലും ബാബാ അപരാജിത് രണ്ടും ഏദന്‍ ആപ്പിള്‍ ടോം ഒരു വിക്കറ്റും വീഴ്ത്തി.
Sports
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ രാജസ്ഥാനെതിരായ മത്സരത്തിൽ കേരളത്തിന് ജയം. അവസാന പന്ത് വരെ നീണ്ട ആവേശപ്പോരാട്ടത്തിൽ രണ്ട് വിക്കറ്റിനാണ് കേരളം വിജയിച്ചത്.
രാജസ്ഥാൻ ഉയർത്തിയ 344 റൺസ് വിജലക്ഷ്യം അവസാന പന്തിലാണ് കേരളം മറികടന്നത്. സെഞ്ചുറി നേടിയ ബാബാ അപരാജിതിന്റെയും അർധ സെഞ്ചുറി നേടിയ കൃഷ്ണ പ്രസാദിന്റെയും അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ഏദൻ ആപ്പിൾ ടോമിന്റെയും മികവിലാണ് കേരളം കൂറ്റൻ സ്കോർ പിന്തുർന്ന് വിജയിച്ചത്.
ബാബാ അപരാജിത് 126 റൺസാണ് എടുത്തത്. 116 പന്തിൽ 12 ഫോറും നാല് സിക്സും അടങ്ങുന്നതായിരുന്നു ബാബയുടെ ഇന്നിംഗ്സ്. കൃഷ്ണ പ്രസാദ് 53 റൺസെടുത്തു. 18 പന്തിൽ നിന്ന് 40 റൺസാണ് ഏദൻ എടുത്തത്. ഒരു ഫോറും അഞ്ച് സിക്സും താരം അടിച്ചെടുത്തു.
രാജസ്ഥാന് വേണ്ടി എ. വി. ചൗധരി നാല് വിക്കറ്റെടുത്തു. എം.ജെ. സത്താർ രണ്ട് വിക്കറ്റും എ. ശർമ ഒരു വിക്കറ്റും വീഴ്ത്തി.
Sports
മുംബൈ: വിജയ് ഹസാരെ ട്രോഫിയിലെ രണ്ടാം റൗണ്ട് മത്സരങ്ങളിൽ വിരാട് കോഹ്ലി മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ രോഹിത് ശർമ നിരാശപ്പെടുത്തി. ഗുജറാത്തിനെതിരായ മത്സരത്തിൽ ഡൽഹിക്ക് വേണ്ടിയിറങ്ങിയ കോഹ്ലി 77 റൺസെടുത്ത് ടീമിന്റെ ടോപ്സ്കോററായി.
മത്സരത്തിൽ ഡൽഹി ഏഴ് റൺസിന് വിജയിച്ചു. ഡൽഹി ഉയർത്തിയ 254 റൺസ് പിന്തുടർന്ന ഗുജറാത്ത് 247 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. ഡൽഹി നായകനും ഇന്ത്യൻ താരവുമായ റിഷഭ് പന്ത് 70 റൺസെടുത്തു. കോഹ്ലിയാണ് മത്സരത്തിലെ താരമായത്.
അതേസമയം ഉത്തരാഖണ്ഡിനെതിരായ മത്സരത്തിൽ മുംബൈയ്ക്ക് വേണ്ടി കളത്തിലിറങ്ങിയ രോഹിത് ശർമയ്ക്ക് റൺസ് ഒന്നും എടുക്കാനായില്ല. നേരിട്ട ആദ്യ പന്തിൽ തന്നെ രോഹിത് പുറത്താവുകയായിരുന്നു.
മത്സരത്തിൽ മുംബൈ 51 റൺസിന് വിജയിച്ചു. മുംബൈ ഉയർത്തിയ 332 റൺസ് പിന്തുടർന്ന ഉത്തരാഖണ്ഡിന് 280 റൺസ് എടുക്കാനെ സാധിച്ചുള്ളു.
Sports
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ ത്രിപുരയെ തകർത്ത് കേരളം. ഇന്ന് നടന്ന മത്സരത്തിൽ 145 റൺസിനാണ് കേരളം വിജയിച്ചത്.
കേരളം ഉയർത്തിയ 349 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ത്രിപുര 36.5 ഓവറിൽ 203 റൺസിൽ ഓൾഔട്ടായി. 67 റൺസെടുത്ത ശ്രീധം പോളും 40 റൺസെടുത്ത തേജസ്വി ജയ്സ്വാളും തിളങ്ങിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. ഉഡിയൻ ബോസ് 29 റൺസെടുത്തു.
കേരളത്തിന് വേണ്ടി ബാബാ അപരാജിത് അഞ്ച് വിക്കറ്റ് വീഴ്ത്തി. അങ്കിത്ത് ശർമ രണ്ട് വിക്കറ്റും എം. ഡി. നിതീഷ്, കെ.എം. ആസിഫ്, വിഘ്നേഷ് പുതൂർ എന്നിവർ ഓരോ വിക്കറ്റ് വീതവും എടുത്തു.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 348 റണ്‍സെടുത്തത്. വിഷ്ണു വിനോദിന്റെ സെഞ്ചുറിയുടെയും ക്യാപ്റ്റൻ രോഹന് കുന്നുമ്മല്‍, ബാബാ അപരാജിത് എന്നിവരുടെ അര്‍ധസെഞ്ചുറികളുടെയും കരുത്തിലാണ് കേരളം മികച്ച സ്കോർ സ്വന്തമാക്കിയത്.
62 പന്തില്‍ 102 റണ്‍സുമായി പുറത്താകാതെ നിന്ന വിഷ്ണു വിനോദാണ് കേരളത്തിന്റെ ടോപ് സ്കോറര്‍. രോഹന് കുന്നുമ്മല്‍ 94 റണ്‍സെടുത്തപ്പോള്‍ ബാബാ അപരാജിത് 64 റണ്‍സെടുത്തു.
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പര കളിച്ചെത്തിയ സഞ്ജു സാംസണ് ആദ്യ മത്സരത്തില്‍ കളിക്കാനിറങ്ങിയില്ല.
ത്രിപുരയ്ക്കു വേണ്ടി മണിശങ്കർ മുറാസിംഗ് മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോൾ അഭിജിത് സർക്കാർ, വിജയ് ശങ്കർ എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.
Sports
കണ്ണൂർ: സൂപ്പർ ലീഗ് കേരള ഫുട്ബോൾ രണ്ടാം സീസണിൽ കിരീടം സ്വന്തമാക്കി കണ്ണൂർ വാരിയേഴ്സ്. ഫൈനലിൽ തൃശൂർ മാജിക് എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് കണ്ണബർ വാരിയേഴ്സ് കിരീടത്തിൽ മുത്തമിട്ടത്.
കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും ആക്രമണ ശൈലിയിലാണ് പന്തുതട്ടിയത്. മികച്ച മുന്നേറ്റങ്ങളുമായി ഇരു ടീമുകളും കളം നിറഞ്ഞ് കളിച്ചു.
18-ാം മിനിറ്റിൽ കണ്ണൂർ മുന്നിലെത്തി. പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് അസിയർ ഗോമസാണ് കണ്ണൂരിനെ മുന്നിലെത്തിച്ചത്. തിരിച്ചടിക്കാൻ തൃശൂർ ശ്രമിച്ചെങ്കിലും നടന്നില്ല.
ആദ്യ പകുതി മുന്നിട്ടുനിന്ന കണ്ണൂർ രണ്ടാം പകുതിയിൽ പ്രതിരോധം കടുപ്പിച്ചു. ചുവപ്പ് കാർഡ് കിട്ടി പത്ത് പേരായി കളിച്ചാണ് കണ്ണൂർ രണ്ടാം പകുതിയിൽ പ്രതിരോധിച്ചത്. തൃശൂർ കിണഞ്ഞ് ശ്രമിച്ചിട്ടും കണ്ണൂരിന്റെ പ്രതിരോധം ഭേദിക്കാനായില്ല.
ആദ്യ സീസണിലെ ചാമ്പ്യന്മാരും ഇത്തവണ പോയിന്റ് നിലയിൽ ഒന്നാംസ്ഥാനക്കാരുമായ കാലിക്കറ്റ് എഫ്സിയെ സെമിഫൈനലിൽ എതിരില്ലാത്ത ഒരുഗോളിന് തോൽപ്പിച്ചാണ് കണ്ണൂർ ഫൈനലിലെത്തിയത്. ഹോം ഗ്രൗണ്ട് എന്ന മുൻതൂക്കവും കണ്ണൂരിന് അനുകൂലമായി.
Sports
ലക്നോ: സയിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിനെതിരെ ആന്ധ്ര പ്രദേശിന് അനായാസ ജയം. ലക്നോവിൽ നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ആന്ധ്ര വിജയിച്ചത്.
കേരളം ഉയർത്തിയ 120 റൺസ് വിജയലക്ഷ്യം എട്ട് ഓവർ ബാക്കി നിൽക്കെ ആന്ധ്ര മറികടന്നു. ശ്രികർ ഭരതിന്റെ അർധ സെഞ്ചുറിയുടെയും അശ്വിൻ ഹെബാറിന്റെയും പൈല അവിനാശിന്റെയും ഇന്നിംഗ്സുകളുടെയും മികവിലാണ് ആന്ധ്ര അനായാസമായി വിജയിച്ചത്.
ശ്രീകർ 53 റൺസാണ് എടുത്തത്. 28 പന്തിൽ ആറ് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ശ്രീകറിന്റെ ഇന്നിംഗ്സ്. അശ്വിൻ 27 റൺസും അവിനാശ് 20 റൺസും സ്കോർ ചെയ്തു. കേരളത്തിന് വേണ്ടി ബിജു നാരായൺ, വിഘ്നേഷ് പുത്തൂർ, അബ്ദുൾ ബാസിത് എന്നിവർ ഓരോ വിക്കറ്റ് വീതം എടുത്തു.
ആദ്യം ബാറ്റ് ചെയ്ത കേരളം 20 വിക്കറ്റ് നഷ്ടത്തിലാണ് 119 റൺസെടുത്തത്. അർധ സെഞ്ചുറി നേടിയ നായകൻ സഞ്ജു സാംസണിന്റെ മികവിലാണ് കേരളം ഭേദപ്പെട്ട സ്കോർ എടുത്തത്. 119 റൺസിൽ 73 റൺസും സഞ്ജുവിന്റെ വകയായിരുന്നു. 56 പന്തിൽ എട്ടു ബൗണ്ടറികളും മൂന്നു സിക്സറും പറത്തിയ താരം പുറത്താകാതെ നിന്നു.
അതേസമയം, സഞ്ജുവിനെ കുടാതെ 13 റൺസെടുത്ത എം.ഡി. നിതീഷിനു മാത്രമാണ് രണ്ടക്കമെങ്കിലും കാണാനായത്. രോഹൻ കുന്നുമ്മൽ (രണ്ട്), മുഹമ്മദ് അസ്ഹറുദ്ദീൻ (ആറ്), കൃഷ്ണ പ്രസാദ് (അഞ്ച്), പി.എ. അബ്ദുൾ ബാസിത് (രണ്ട്), സൽമാൻ നിസാർ (അഞ്ച്), എൻ.എം. ഷറഫുദ്ദീൻ (മൂന്ന്) എന്നിവർ നിരാശപ്പെടുത്തിയപ്പോൾ ഏഴു റൺസുമായി എൻ. ബിജു നാരായണൻ പുറത്താകാതെ നിന്നു.
ആന്ധ്രയ്ക്കു വേണ്ടി സത്യനാരായണ രാജു, സൗരഭ് കുമാർ എന്നിവർ രണ്ടുവിക്കറ്റ് വീതവും കെ.വി. ശശികാന്ത്, പൃഥ്വിരാജ് യാര, ബി. യശ്വന്ത് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Sports
ലക്നോ: സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയില്‍ വിദർഭയ്ക്കെതിരെ കേരളത്തിന് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത കേരളം 19.2 ഓവറില്‍ 164 റണ്‍സിന് ഓൾ ഔട്ടായി.
അര്‍ധ സെഞ്ചുറികള്‍ നേടിയ വിഷ്ണു വിനോദും രോഹന് കുന്നുമ്മലും മാത്രമാണ് കേരളത്തിന് വേണ്ടി തിളങ്ങിയത്. രോഹന് കുന്നുമ്മല്‍ 35 പന്തില്‍ 58 റണ്‍സടിച്ചപ്പോള്‍ വിഷ്ണു വിനോദ് 37 പന്തില്‍ 65 റണ്‍സെടുത്തു.
16 റണ്‍സെടുത്ത അബ്ദുള്‍ ബാസിത് മാത്രമാണ് കേരള നിരയില്‍ രണ്ടക്കം കടന്ന മറ്റൊരു ബാറ്റര്‍. ഓപ്പണറായി ഇറങ്ങിയ നായകൻ സഞ്ജു സാംസണ് നാലു പന്തില്‍ ഒരു റണ്‍സെടുത്ത് പുറത്തായി.
വിദര്‍ഭയ്ക്കായി യാഷ് താക്കൂര്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. അദ്യായൻ ഡഗ മൂന്ന് വിക്കറ്റും നചികേത് ഭൂട്ടെ രണ്ട് വിക്കറ്റും എടുത്തു.
Sports
കോൽക്കത്ത: സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയിൽ ബിഹാറിനെതിരെ മഹാരാഷ്ട്രയ്ക്ക് ജയം. കോല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തിൽ മൂന്ന് വിക്കറ്റിനാണ് മഹാരാഷ്ട്ര വിജയിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബിഹാർ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 176 റൺസാണ് എടുത്തത്. വെടിക്കെട്ട് സെഞ്ചുറി നേടിയ യുവതാരം വൈഭവ് സൂര്യവൻഷിയുടെ മികവിലാണ് ബിഹാർ മികച്ച സ്കോർ പടുത്തുയർത്തിയത്. വൈഭവ് 61 പന്തില്‍ പുറത്താവാതെ 108 റണ്‍സാണ് നേടിയത്.
മുഷ്താഖ് അലിയില്‍ സെഞ്ചുറി പൂര്‍ത്തിയാക്കുന്ന പ്രായം കുറഞ്ഞ താരമാണ് വൈഭവ്. 14 കാരന്റെ ഇന്നിംഗ്സില്‍ ഏഴ് വീതം സിക്സും ഫോറുമുണ്ടായിരുന്നു. മുഷ്താഖ് അലി ട്രോഫിയില്‍ വൈഭവിന്റെ ആദ്യ സെഞ്ചുറിയാണിത്. കളിക്കുന്ന അഞ്ചാം മത്സരത്തില്‍ തന്നെ വൈഭവിന് സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ സാധിച്ചു.
അടുത്തിടെ അവസാനിച്ച റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിരുന്നു വൈഭവ്. നാല് മത്സരം മാത്രം കളിച്ച താരം റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തായിരുന്നു. 239 റണ്‍സാണ് വൈഭവ് നേടിയത്. 22 സിക്സുകളും 20 ഫോറുകളും വൈഭവിന്റെ ബാറ്റില്‍ നിന്ന് പറന്നു. ഒരു സെഞ്ചുറിയും വൈഭവ് നേടിയിരുന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ മഹാരാഷ്ട്ര അഞ്ച് പന്ത് ബാക്കി നിൽക്കെ വിജയലക്ഷ്യം മറികടന്നു. നായകൻ പൃഥ്വി ഷായുടെ അർധ സെഞ്ചുറിയുടെയും നിരജ് ജോഷിയുടെയും രഞ്ജീത്ത് നിക്കാമിന്റെയും നിഖിൽ നായക്കിന്റെയും മികച്ച ഇന്നിംഗ്സുകളുടെയും മികവിലാണ് ബിഹാർ വിജയലക്ഷ്യം മറികടന്നത്.
പൃഥ്വി ഷാ 66 റൺസാണ് എടുത്തത്. നിരജ് 30 റൺസും രഞ്ജീത്ത് 27 റൺസും നിഖിൽ 22 റൺസുമാണ് സ്കോർ ചെയ്തത്. ബിഹാറിന് വേണ്ടി സക്കിബുൾ ഗനിയും മുഹമ്മദ് സലാഹുദിൻ ഇസാറും രണ്ട് വിക്കറ്റ് വീതവും സക്കീബ് ഹസൻ, സൂരജ് കശ്യപ്, ഖാലിദ് അലാം എന്നിവർ ഓരോ വിക്കറ്റ് വീതവും എടുത്തു.
Sports
തിരുവനന്തപുരം: മുഷ്താഖ് അലി ടി20 ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണ് നയിക്കും. അഹമ്മദ് ഇമ്രാനെ വൈസ് ക്യാപ്റ്റനായും നിയമിച്ചു. സഞ്ജുവിന്റെ സഹോദരന് സലി സാംസണ്, ഐപിഎല്‍ താരങ്ങളായ വിഗ്നേഷ് പുത്തൂര്‍, വിഷ്ണു വിനോദ് എന്നിവരും ടീമിലുണ്ട്.
കേരള ക്രിക്കറ്റില്‍ ലീഗില്‍ തിളങ്ങിയ താരങ്ങള്‍ക്ക് അവസരം ഒരുക്കിയിട്ടുണ്ട്. മധ്യപ്രദേശിനെതിരായ പരിശീലന മത്സരത്തില്‍ കളിച്ചതിനാലാണ് വിഘ്നേഷിനെ സ്ക്വാഡില്‍ ഉള്‍പെടുത്തിയതെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന് വ്യക്തമാക്കി.
ഐപിഎല്‍ താരലേലത്തിന് മുമ്പ് വിഘ്നേഷിനെ മുംബൈ ഇന്ത്യന്‍സ് ടീമില്‍ നിന്നൊഴിവാക്കിയിരുന്നു. രഞ്ജി ട്രോഫി മത്സരത്തിനിടെ പരിക്കേറ്റ സല്മാന് നിസാറിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കേരള ടീം: സഞ്ജു സാംസണ് (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), രോഹന് കുന്നുമ്മല്‍, മുഹമ്മദ് അസ്ഹറുദ്ദീന്, അഹമ്മദ് ഇമ്രാന് (വൈസ് ക്യാപ്റ്റന്‍), വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പര്‍), കൃഷ്ണ ദേവന്, അബ്ദുള്‍ ബാസിത്ത്, സാലി സാംസണ്, സല്മാന് നിസാര്‍, കൃഷ്ണ പ്രസാദ്, സിബിന് പി ഗിരീഷ്, അങ്കിത് ശര്‍മ്മ, അഖില്‍ സ്കറിയ, ബിജു നാരായണന്, കെ.എം. ആസിഫ് , എം.ഡി. നിധീഷ് , വിഘ്നേഷ് പുത്തൂര്‍, ഷറഫുദ്ദീന്.
ഈ മാസം 26നാണ് മുഷ്താഖ് അലി ടൂര്‍ണമെന്റ് തുടങ്ങുന്നത്. എലൈറ്റ് ഗൂപ്പ് എയില്‍ ഒഡീഷ, റെയില്‍വേസ്, ഛത്തീസ്ഗഡ്, വിദര്‍ഭ, മുംബൈ, ആന്ധ്ര പ്രദേശ്, അസം എന്നിവര്‍ക്കെതിരെയാണ് കേരളത്തിന് കളിക്കേണ്ടത്.
ഒഡീഷയാണ് കേരളത്തിന്റെ ആദ്യ എതിരാളി. വെള്ളിയാഴ്ച്ച റെയില്‍വേസിനേയും കേരളം നേരിടും.